ഡോ. സി. കെ കരീമിന്റെ ചരിത്ര സംഭാവനകള്‍

അബ്ദുല്‍ ബാരി കടിയങ്ങാട്‌  

കേരളത്തിലെ പ്രമുഖ ചരിത്രകാരന്‍, അധ്യാപകന്‍, ഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. സി.കെ. കരീം. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സര്‍വകലാശാലകളിലെല്ലാം അംഗീകൃത ഗവേഷണ മാര്‍ഗദര്‍ശിയായിരുന്ന അദ്ദേഹം കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറിയും കേരള ഗസറ്റിയര്‍, സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റ് എന്നിവയില്‍ ഉപദേശക സമിതിയംഗവുമായിരുന്നു. ചരിത്രം എന്ന പേരില്‍ ഒരു ത്രൈമാസികയും പ്രസാധനാലയവും അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങി.
1929 മെയ് അഞ്ചിന് എറണാകുളം ജില്ലയിലെ എടവനക്കാടാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് സി.കെ. കൊച്ചു ഖാദര്‍. മാതാവ് കൊച്ചലീമ. 1953 ല്‍ പാലക്കാട് വിക്‌ടോറിയ കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. 1957 ല്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് മൂന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അലിഗഢില്‍ നിന്നു തന്നെ എല്‍. എല്‍. ബിയും നേടി. 1958 ല്‍ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ലക്ചററായി ചേര്‍ന്നു. ഇതിനിടയില്‍ അലിഗഢ് സര്‍വകലാശാലയില്‍ നിന്ന് ഡോ. നൂറുല്‍ ഹസന്റെ മേല്‍നോട്ടത്തില്‍ 'കേരളം ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും കീഴില്‍' എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം നേടി. ചരിത്രത്തെ അതിന്റെ പ്രഥമ സ്രോതസ്സില്‍ നിന്ന് കണ്ടെത്താനായി ദല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി. പ്രശസ്ത ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്, ഡോ. സതീഷ് ചന്ദ്ര, ഡോ. മുഹിബ്ബുല്‍ ഹസന്‍ ഖാന്‍ എന്നിവര്‍ കരീമിന്റെ അധ്യാപകരായിരുന്നു. ചരിത്രത്തിന്റെ പ്രാഥമിക സ്രോതസ്സുകളില്‍ നിന്ന് നേരിട്ട് വിവരം ശേഖരിക്കുന്നതിനും സ്വതന്ത്രമായ ശൈലി രൂപപ്പെടുത്തിയെടുക്കുന്നതിനും അലീഗഢിലെ പഠനം  അദ്ദേഹത്തെ സഹായിച്ചു. 1

ഗവേഷണ രംഗം
കേരള ചരിത്ര ഗവേഷണത്തിലെ വേറിട്ട ശബ്ദമായിരുന്നു കരീമിന്റേത്. അക്കാദമിക തലങ്ങളില്‍ പോലും ചരിത്രത്തെ കുറിച്ച കേരളീയ കാഴ്ചപ്പാട് വികലവും അശാസ്ത്രീയവുമാണെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. പരമ്പരാഗതമായ പല ചരിത്ര നിരീക്ഷണങ്ങളും അദ്ദേഹം ശക്തമായി ഖണ്ഡിച്ചു. കേരളത്തിന്റെ ചരിത്ര രചനയില്‍ സവര്‍ണ പക്ഷം ഉണ്ടെന്ന വാദക്കാരനായിരുന്നു അദ്ദേഹം. പരമ്പരാഗത ചരിത്രകാരന്മാരുടെ പല നിരീക്ഷണങ്ങളെയും കരീം തിരുത്തി. ഇത് ധാരാളം എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുകയും മുഖ്യധാരാ ചരിത്രകാരന്മാരില്‍ നിന്ന് അദ്ദേഹത്തെ അകറ്റിനിര്‍ത്താന്‍ കാരണമാവുകയും ചെയ്തു. വക്രീകരിക്കപ്പെട്ടതും തമസ്‌കരിക്കപ്പെട്ടതുമായ, ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും മുസ്‌ലിംകളുടെ ചരിത്രത്തിന് പുനര്‍രചന നിര്‍വഹിക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. വേര്‍തിരിച്ചുള്ള പഠനം ഇന്ന് അക്കാദമിക തലത്തില്‍ അംഗീകാരം നേടിയ ഒന്നാണ്. ഇന്ത്യയിലെ എല്ലാ യൂനിവേഴ്‌സിറ്റികളിലും ദളിത് സ്റ്റഡീസ്, ഇസ്‌ലാമിക് സ്റ്റഡീസ്, മാര്‍ക്‌സിയന്‍ സ്റ്റഡീസ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ കാണാവുന്നതാണ്.
അലിഗഡ് യൂനിവേഴ്‌സിറ്റിയില്‍ ഡോ. നൂറുല്‍ഹസന്റെ നേതൃത്വത്തിലെ ഗവേഷണം ഡോ. സി കെ കരീമിന്റെ ചരിത്ര രചനയുടെ ഗതി നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. സ്വാതന്ത്ര്യാനന്തരം അബുല്‍ കലാം ആസാദിനെ പോലുള്ളവരുടെ ദാര്‍ശനികവും പ്രൗഢോജ്വലമായ പ്രഭാഷണങ്ങള്‍ ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികളില്‍ ഒരേ സമയം വലിയ ആവേശവും ചരിത്ര പഠനത്തിനുള്ള വലിയ പ്രചോദനവുമേകുകയുണ്ടായി.‘കേരളത്തില്‍ ടിപ്പുസുല്‍ത്താന്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ദാനമായി നല്‍കിയ ഭൂമിയുടെ കണക്ക് ഇന്ന സ്ഥലത്തുണ്ടെന്നും അതിനെ കുറിച്ച് ആധികാരികമായ പഠനം നടത്തണമെന്നുമായിരുന്നു സി കെ കരീമിനോട് ഗൈഡായ ഡോ. നൂറുല്‍ ഹസന്‍ നിര്‍ദേശിച്ചത്. അതാണ് ഹൈദരലിയെയും ടിപ്പുവിനെയും കുറിച്ച് ബ്രിട്ടീഷുകാരും സവര്‍ണരും വികലമാക്കിയ യാഥാര്‍ഥ്യങ്ങളെ അന്വേഷണ വിധേയമാക്കി യഥാര്‍ഥ ചരിത്രം രചിക്കാന്‍ ഡോ. സി കെ കരീമിന് വഴിയൊരുക്കിയത്.
ചേരമാന്‍ പെരുമാക്കന്മാരുടെ ഇസ്‌ലാം സ്വീകരണം, കണ്ണൂരിലെ അറക്കല്‍ ആലി രാജവംശം, പറങ്കി - മാപ്പിള യുദ്ധം, ഹൈദരാലി ടിപ്പുസുല്‍ത്താന്‍മാരുടെ കേരളവാഴ്ച, മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളില്‍ പരമ്പരാഗത ധാരണകള്‍ക്കെതിരായ വീക്ഷണമായിരുന്നു കരീമിന്റേത്. ചേരമാന്‍ പെരുമാക്കന്മാരുടെ മത പരിവര്‍ത്തനങ്ങളെ കുറിച്ച വിവാദങ്ങള്‍ ചരിത്ര രചനയുടെ നേര്‍ദിശ തെറ്റിക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 1961-1962 ല്‍ ചരിത്രകാരനായ പി.എ. സൈദ് മുഹമ്മദ് നടത്തിയ ചരിത്രപഠനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കരീമിന്റെ പഠനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അത്യന്തം ബുദ്ധിപൂര്‍വകമായ ഉത്സാഹം എന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ശൂരനാട് കുഞ്ഞന്‍പിള്ള വിശേഷിപ്പിച്ചത്.

ബ്രിട്ടീഷ്-ദേശീയ-സവര്‍ണ ചരിത്രം
ഇന്ത്യാ ചരിത്രത്തിന്റെ ക്രോഡീകരണം നടന്നത് ബ്രിട്ടീഷ് കാലത്താണ്. അത് ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണവും പരസ്പരം അരിശവുമുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിം രാജാക്കന്മാര്‍ ആറ് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ചിട്ടും സാമുദായിക ലഹളയുടെ ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 150 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലൂടെ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ ഒരിക്കലും അടുക്കാത്തവരാക്കി അകറ്റിനിര്‍ത്തുകയാണുണ്ടായത്. ഇന്നും നമ്മുടെ രാജ്യത്ത് കാണുന്ന ഹിന്ദു മുസ്‌ലിം വിയോജിപ്പിന്റെ വേരുകള്‍ ബ്രിട്ടീഷുകാരുടെ ഇന്ത്യാ ചരിത്ര രചനയിലാണ് കിടക്കുന്നത്. അതിനാല്‍ ചരിത്രത്തിന്റെ പൊളിച്ചെഴുത്തിന് ധീരമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സി കെ കരീം സ്വതന്ത്രമായ ചരിത്ര രചനയ്ക്ക് മുതിരുന്നത്.
അമ്പലങ്ങള്‍ തകര്‍ത്തു, നിര്‍ബന്ധ മത പരിവര്‍ത്തനം നടത്തി, ജിസ്‌യ എന്ന മതനികുതി ഏര്‍പ്പെടുത്തി, ഹിന്ദുക്കളെ തരം താഴ്ത്തി എന്നിവയാണ് ബ്രിട്ടീഷുകാര്‍  മുസ്‌ലിം ഭരണത്തെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിച്ചത്. ഈ ദുഷ്പ്രചരണത്തെ വസ്തുതകള്‍ നിരത്തിക്കൊണ്ട് സി കെ കരീം സമഗ്രമായി വിശകലന വിധേയമാക്കുന്നുണ്ട്. ദേശീയ ചരിത്രകാരന്മാരും സവര്‍ണ ചരിത്രകാരന്മാരും ബ്രിട്ടീഷുകാരെ അന്ധമായി അനുകരിച്ചതിനെയും തെളിവുകള്‍ നിരത്തി അദ്ദേഹം നിരൂപണ വിധേയമാക്കുന്നത് കാണാം.

ഹെദരലിയും ടിപ്പുവും കേരളത്തില്‍
ഹൈദരലിയും ടിപ്പുസുല്‍ത്താനും കേരളത്തില്‍ എന്നതായിരുന്നു ഡോ. സി കെ കരീമിന്റെ ഗവേഷണ പ്രബന്ധം. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പടച്ചുവിട്ട ക്ഷേത്ര ധ്വംസനത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും വിഷലിപ്തമായ കഥകളില്‍ തേന്‍പുരട്ടി അവതരിപ്പിച്ച വികൃത ചരിത്രമായിരുന്നു അതുവരെ കേരളത്തില്‍ ആധികാരിക ചരിത്രമായി നിലകൊണ്ടിരുന്നത്. ഒരു പരിധിവരെ ഇന്നും അതുതന്നെയാണ് മുഖ്യധാരാ ചരിത്രം. ഹൈദരലിയുടെയും ടിപ്പുവിന്റെയും വികലമാക്കപ്പെട്ട ചരിത്രത്തെ ചരിത്ര ഗവേഷണത്തിന്റെ എല്ലാ ഉപകരണങ്ങളുമുപയോഗിച്ച് സത്യസന്ധമായി ആവിഷ്‌കരിച്ചതോടൊപ്പംതന്നെ ഹൈദരലിയുടെയും ടിപ്പുവിന്റെയും ‘ഭരണപരിഷ്‌കാരങ്ങള്‍ കേരളത്തെ എപ്രകാരം സമ്പന്നമാക്കി എന്ന് വസ്തുനിഷ്ടമായി അദ്ദേഹം പുറത്ത് കൊണ്ടുവരികയും ചെയ്തു.
 മൈസൂര്‍ ഭരണം വരെ കേരളം ജാതിയുടെയും ഫ്യൂഡല്‍ പ്രഭുത്വത്തിന്റെയും അടിസ്ഥാനത്തില്‍ നിരവധി ചെറുനാടുകളായിരുന്നു. ഓരോ ദേശത്തെയും ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്നു. ബ്രാഹ്മണര്‍ ഗ്രാമങ്ങളിലും നായന്മാര്‍ തറകളിലും താഴ്ന്ന ജാതിക്കാര്‍ ചേരികളിലുമായിരുന്നു ജീവിച്ചിരുന്നത്. ഈ മലബാര്‍ മുഴുവന്‍ സുസംഘടിതമായ ഒരു രാഷ്ട്രത്തിന്‍ കീഴില്‍ വരുത്തി എന്നതാണ് മൈസൂര്‍ ‘ഭരണത്തിന്റെ ഏറ്റവും പ്രധാന പരിഷ്‌കാരം. മൈസൂര്‍ ആധിപത്യത്തോടെ മലബാറില്‍ നടമാടിയിരുന്ന രാഷ്ട്രീയ അനിശ്ചിതത്വവും ജന്മി പ്രഭുത്വവും ഏറെകുറേ നിഷ്‌കാസനം ചെയ്യപ്പെട്ടു. ഏതാനും ചതുരശ്ര മൈല്‍ വിസ്തീര്‍ണത്തില്‍ ചുരുങ്ങിക്കിടക്കുന്ന ഒരു സ്ഥലത്തെ ഇന്നത്തെ നിലയിലുള്ള തിരുവിതാംകൂര്‍ സ്റ്റേറ്റ് ആക്കി മാറ്റിയതായിരുന്നു ഒരായുഷ്‌കാലത്തിനിടയില്‍ മാര്‍ത്താണ്ഡവര്‍മ ചെയ്ത പ്രധാന നേട്ടം. അതിന്റെ പേരില്‍ അദ്ദേഹം ആധുനിക തിരുവിതാംകൂറിന്റെ നിര്‍മാതാവ് എന്ന് ചരിത്രത്തില്‍ അറിയപ്പെടുമ്പോള്‍, ഈ പ്രക്രിയ മലബാറില്‍ ശാസ്ത്രീയമായി നടപ്പാക്കിയ ഹൈദരലിയും ടിപ്പുസുല്‍ത്താനും പ്രശംസിക്കപ്പെടുന്നതിന് പകരം ചരിത്രകാരന്മാരുടെ വിമര്‍ശനത്തിനിരയാവുകയാണ് ചെയ്തത് എന്ന് അദ്ദേഹം വിലയിരുത്തുന്നു.  ഭൂപരിഷ്‌കരണം, ഗതാഗത രംഗത്തെ പുരോഗതി, സാമൂഹിക - സാമ്പത്തിക മുന്നേറ്റം എന്നിവയെല്ലാം മലബാറില്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കിയത് ടിപ്പുസുല്‍ത്താനാണെന്ന് തെളിവുകള്‍ സഹിതം ഡോ. കരീം സമര്‍ഥിച്ചു. ടിപ്പുവിന്റെ കാലം മത ഭ്രാന്തിന്റെയും രക്തച്ചൊരിച്ചലിന്റെയും കാലമായി ആദ്യം രേഖപ്പെടുത്തിയത് ബ്രിട്ടീഷുകാരായിരുന്നു. ശ്രീരംഗപട്ടണം കീഴടക്കിയപ്പോള്‍ കേണല്‍മാരായ കിര്‍ക്ക് പാട്രിക്കും ബീറ്റ്‌സണും ടിപ്പുവിന്റെ എഴുത്തുകളുടെ സമാഹാരങ്ങള്‍ മുഴുക്കെ കൈവശപ്പെടുത്തി. ഇതിനു ശേഷം കടുത്ത മൈസൂര്‍ വിരോധികളായ ഇവര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി കൂട്ടിച്ചേര്‍ക്കലുകളും വെട്ടിത്തിരുത്തലുകളും വരുത്തുകയുണ്ടായി. കിര്‍ക്ക് പാട്രിക്ക് ടിപ്പുവിന്റെ തെരഞ്ഞെടുത്ത കത്തുകള്‍, എന്ന പുസ്തകവും ബീറ്റ്‌സണ്‍ ടിപ്പുവുമായുള്ള യുദ്ധത്തിന്റെ ഉത്ഭവവും നടത്തിപ്പും’എന്ന പുസ്തകവും പുറത്തിറക്കി. കൂടാതെ ടിപ്പുവിന്റേതായ ഒരാത്മകഥയും ഇവര്‍ പടച്ചുണ്ടാക്കി. ഈ നൂറ്റാണ്ടിന്റെ അര്‍ദ്ധഭാഗം വരെ ചോദ്യം ചെയ്യപ്പെടാത്ത പ്രാമാണിക രേഖകളായിരുന്നു ഇവയത്രയും. ടിപ്പുവിന്റെ യഥാര്‍ഥ ചരിത്രം ശേഖരിക്കാനുള്ള ശ്രമങ്ങളും പിന്നീടുണ്ടായി. എം എച്ച് ഖാന്റെ ‘ടിപ്പുസുല്‍ത്താന്റെ ചരിത്രം, സുരേന്ദ്രനാഥ സെന്നിന്റെ ഇന്ത്യാ ചരിത്രപഠനം, ഡോറലിന്റെ ടിപ്പു സുല്‍ത്താന്‍ എന്ന അധ്യായം, കണ്ഠറാവുവിന്റെ ഹൈദരലി എന്നിവ ഇതില്‍ പ്രധാനമാണ്. മൈസൂര്‍ പുരാവസ്തു വകുപ്പ് പ്രസിദ്ധീകരിച്ച ‘രേഖാ സമുച്ചയം പുറത്തുവന്നതോടെ മൈസൂരിലും ആന്ധ്രയിലും ടിപ്പുവിന്റെ ചിത്രം ദേശാഭിമാനിയായ വീര ജേതാവിന്റേതായി മാറി. പക്ഷേ, കേരളത്തിലെ സവര്‍ണ ചരിത്രബോധത്തില്‍ അദ്ദേഹം ഇപ്പോഴും മതഭ്രാന്തനും വര്‍ഗീയവാദിയുമാണ്. യഥാര്‍ഥത്തില്‍ ഏതെങ്കിലും പള്ളിയോ അമ്പലമോ മൈസൂര്‍ ഭരണാധികാരികള്‍ നശിപ്പിച്ചു എന്നതിന് ചരിത്രവസ്തുതകള്‍ നിരത്തി ചൂണ്ടിക്കാണിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ടിപ്പു മറ്റു സംസ്ഥാനങ്ങളില്‍ പിന്തുടര്‍ന്ന മതനയം തന്നെയാണ് കേരളത്തിലും അനുവര്‍ത്തിച്ചിരുന്നത്. മൈസൂര്‍ സംസ്ഥാനത്തിലുണ്ടായിരുന്ന ധര്‍മസ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവക്കൊക്കെ നിര്‍ലോഭം സഹായം നല്‍കിയിരുന്ന ടിപ്പുസുല്‍ത്താന്‍ മലബാറിലും കൊച്ചിയിലും അതേ നടപടികള്‍ സ്വീകരിച്ചിരുന്നതായി രേഖകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇപ്പോള്‍ കോഴിക്കോട് റീജ്യനല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിട്ടുള്ള വലിയ വോള്യങ്ങള്‍ ടിപ്പുവിന്റെ കേരളത്തിലെ മതനയം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന അലംഘനീയ പ്രമാണങ്ങളാണ്. ഈസ്റ്റ് ഇന്ത്യാകമ്പനി ഭരണം തുടങ്ങിയപ്പോള്‍ റവന്യൂ സെറ്റില്‍മെന്റ് നടത്തിയ കാലത്തെ ഇനാം രെജിസ്റ്ററുകളാണിവ. മലബാറിന്റെ ഒരോ താലൂക്കും വേര്‍തിരിച്ചുള്ള ഈ രെജിസ്റ്ററുകളില്‍ ടിപ്പുസുല്‍ത്താന്‍ കൊച്ചിയിലെയും മലബാറിലെയും ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും നമ്പൂതിരി ശ്രേഷ്ഠന്മാര്‍ക്കും പള്ളികള്‍ക്കും മുസ്‌ലിം വൈദിക പ്രമാണിമാര്‍ക്കും കരമൊഴിവാക്കി ഇനാമായി നല്‍കിയ സ്ഥലങ്ങളുടെ വിശദമായ വിവരണം കാണാവുന്നതാണ്. ഓരോ പറമ്പിന്റെയും നിലത്തിന്റെയും തരിശ്ഭൂമിയുടെയും പേരും വിസ്തീര്‍ണവും അവ സ്ഥിതി ചെയ്യുന്ന അംശം, താലൂക്ക് തുടങ്ങിയവയുടെ വിവരണവും ഇതിലുണ്ട്. എന്താവശ്യത്തിന് വേണ്ടി, ആര് ആര്‍ക്ക് എപ്പോള്‍ കൊടുത്തുവെന്നും ഇതില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഇന്നുവരെയുള്ള ധാരണകളെ സംശയലേശമന്യേ തിരുത്തുവാന്‍ പര്യാപ്തമായ ഈ ആധികാരികരേഖ അമൂല്യമായ അടിസ്ഥാന പ്രമാണമാണ്. വടക്കെ മലബാറിലൊഴിച്ചുള്ള സ്ഥലങ്ങളില്‍ അന്നുണ്ടായിരുന്ന സ്ഥാപനങ്ങള്‍ക്ക് ടിപ്പുസുല്‍ത്താന്‍ നല്‍കിയ ഇനാമുകളുടെ വിവരണമാണിത്. ഇതില്‍ നിന്നും ദക്ഷിണ മലബാറില്‍ 60 സ്ഥാപനങ്ങള്‍ക്ക് ടിപ്പു ദാനങ്ങള്‍ നല്‍കിയപ്പോള്‍ നാല് മുസ്‌ലിം പള്ളികള്‍ക്കും മുസ്‌ലിം വൈദികനായ കൊണ്ടോട്ടി തങ്ങള്‍ക്കും മാത്രമാണ് മുസ്‌ലിംകള്‍ക്കായി ദാനം നല്‍കിയത്. ബാക്കിവരുന്ന 55 എണ്ണവും ക്ഷേത്രങ്ങളോ ഹൈന്ദവ സ്ഥാപനങ്ങളോ വ്യക്തികളോ ആയിരുന്നു. ഈ മതഭ്രാന്തിന്റെ കഥകള്‍ എത്രമാത്രം ശരിയാണെന്നറിയുവാന്‍ ഡോ. സികെ കരീം നടത്തിയ ശ്രമത്തില്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. മത ധ്വംസനം എന്നത് ഇവിടെ പ്രചരിക്കാന്‍ കാരണം മതഭ്രാന്തോ പീഡനമോ അല്ല, പ്രത്യുത കാര്‍ഷിക പരിഷ്‌കാരങ്ങള്‍, രാഷ്ട്രീയ ഏകീകരണം, സാമൂഹ്യ വൈകല്യങ്ങള്‍ക്കെതിരായ നടപടികള്‍ തുടങ്ങിയവയാണ്.

കേരള മുസ്‌ലിം ചരിത്രം  
സ്ഥിതിവിവരക്കണക്ക് ഡയറക്ടറി

ഡോ. സി. കെ കരീമിന്റെ മാസ്റ്റര്‍പീസായി അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ ബൃഹത്തായ 'കേരള മുസ്‌ലിം ചരിത്രം -സ്ഥിതിവിവരക്കണക്ക്-ഡയറക്ടറി'യാണ്. മൂന്ന് വാല്യങ്ങളിലായി ക്രോഡീകരിച്ച പ്രസ്തുത ഗ്രന്ഥം കേരള മുസ്‌ലിംകളുടെ സമഗ്രമായ സംഭാവനകള്‍ ഉള്‍ക്കൊള്ളിച്ച ഒരപൂര്‍വ ശേഖരമാണ്. 1991-ല്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ചരിത്രം പബ്ലിക്കേഷന്‍സാണ് ഇത് പ്രസിദ്ധീകരിച്ചത്. കേരള മുസ്‌ലിം ചരിത്രം, സ്ഥിതിവിവരക്കണക്ക്, ഡയറക്ടറി എന്നിവ പരമാവധി കുറ്റമറ്റതാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉപദേശക സമിതി, പത്രാധിപ സമിതി, പ്രൊജക്ട് ഓഫീസര്‍മാര്‍, ഓഫീസ്സ്റ്റാഫ് എന്നിവ രൂപപ്പെടുത്താന്‍ ഡോ. സി. കെ കരീമിന് സാധിച്ചിട്ടുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ഉപദേശക സമിതിയില്‍ വൈക്കം മുഹമ്മദ് ബഷീര്‍, ഇ മൊയ്തു മൗലവി, പ്രൊഫ, കെ എ ജലീല്‍, പി പി ഉമ്മര്‍ കോയ, യു എ ബീരാന്‍, ടി ഒ ബാവ തുടങ്ങിയ പ്രമുഖര്‍ അംഗങ്ങളായിരുന്നു. പത്രാധിപ സമിതിയില്‍ എ എ കൊച്ചുണ്ണി മാസ്റ്റര്‍, പികെ ബഹദൂര്‍ (എഡിറ്റര്‍), കെ കെ മുഹമ്മദ് അബ്ദുല്‍ കരീം (ചീഫ് പ്രോജക്ട് ഓഫീസര്‍) എ നിസാമുദ്ദീന്‍ (ചീഫ് കോ ഓഡിനേറ്റര്‍) തുടങ്ങിയ പ്രമുഖരാണ് ഉണ്ടായിരുന്നത്. പ്രോജക്ട് ഓഫീസര്‍മാരും സഹായികളുമായി 25 പേരും ഒമ്പതോളം ഓഫീസ് സ്റ്റാഫും സേവനമനുഷ്ഠിച്ചിരുന്നു. കേരളീയ മുസ്‌ലിം ചരിത്രത്തെ അടയാളപ്പെടുത്തിയ പ്രഥമസംരംഭം ഇതായിരുന്നു. ഇന്നു കാണുന്ന ഇസ്‌ലാമിക വിജ്ഞാനകോശം പോലുള്ള ബൃഹദ്‌ സംരംഭങ്ങള്‍ക്കുള്ള പ്രേരകമായും ഇതിനെ അടയാളപ്പെടുത്താവുന്നതാണ്.
കേരള മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് ഡയറക്ടറിയുടെ ഒന്നാം ഭാഗത്തില്‍ കേരളത്തിലെ മുസ്‌ലിംകളുടെ ചരിത്രമാണ് സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നത്. പ്രാചീന കേരളം മുതല്‍ കേരള മുസ്‌ലിംകളുടെ നിലവിലെ അവസ്ഥവരെയുള്ള ചരിത്രമാണ് 675 പേജുകളില്‍ വിവിധ അധ്യായങ്ങളിലായി സമാഹരിച്ചിട്ടുള്ളത്. കേരള മുസ്‌ലിം ചരിത്രത്തെപറ്റി ഒരു പുരുഷായുസ്സ് ചിലവഴിച്ച അദ്ദേഹം നടത്തിയ ശാസ്ത്രീയ പഠനം തന്നെയാണ് ഇതിന്റെ പ്രധാന അവലംബം. പ്രാചീനകേരളം, കേരളപ്പഴമ, ഇസ്‌ലാമിന്റെ ആഗമനം, ചരിത്ര പശ്ചാത്തലം, പ്രചാരണം, പെരുമാക്കന്മാരുടെ മതപരിവര്‍ത്തനം, പേര്‍ച്ചുഗീസ് ആഗമനം, കുഞ്ഞാലിമരക്കാരുടെ പോരാട്ടം, മൈസൂര്‍ ഭരണം, ഹൈദരലിയും ടിപ്പുസുല്‍ത്താനും, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍, ആത്മീയ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ നവോത്ഥാന നായകന്മാര്‍, കേരളത്തിലെ മുസ്‌ലിം സംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവ ഇതില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.
ധാരാളം മനുഷ്യ പ്രയത്‌നവും അര്‍ഥവും നല്‍കിയാണ് ഈ സ്ഥിതിവിവരക്കണക്ക്  അദ്ദേഹം ശേഖരിച്ചത്. ഓരോ ജില്ലയിലും പ്രതിമാസം 2000 രൂപ വീതം നല്‍കി ഒന്നില്‍കൂടുതല്‍ പ്രൊജക്ട് ഓഫീസര്‍മാരെ നിയമിച്ചു മൂന്ന് വര്‍ഷമെടുത്താണ് ഇവ ശേഖരിച്ചത്. കേരളത്തിലെ പള്ളികളെ കുറിച്ചുള്ള സ്ഥിതിവിവരം ഇതില്‍ പ്രധാനമാണ്. ജുമാ മസ്ജിദുകള്‍, നമസ്‌കാര പള്ളികള്‍, അവയിലെ ജീവനക്കാര്‍, അവര്‍ക്കു ലഭിക്കുന്ന ശമ്പളം, ചെലവ്, സ്ഥാപന കാലം, ചരിത്രം എന്നിവ ഇതില്‍ വിശദമാക്കുന്നുണ്ട്. അതുപോലെ, മദ്രസകള്‍, പഠിക്കുന്ന കുട്ടികള്‍, പെണ്‍കുട്ടികളുടെ ശതമാനം, അധ്യാപകര്‍, അവരുടെ ശമ്പളം, ചെലവ്, ശരാശരി വരുമാനം എന്നിവയും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം ജില്ലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മദ്രസകള്‍ എവിടെയാണ്, ഏറ്റവും കുറവ് എവിടെയാണ് എന്നിവയെല്ലാം ഇതില്‍ സമഗ്രമായി പ്രതിപാദിച്ചിരുന്നു. കേരളത്തിലെ അറബിക് കോളേജുകളെയും അനാഥശാലകളെയും പറ്റിയുള്ള സ്ഥിതിവിവരക്കണക്കും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക-സാമൂഹിക- വിദ്യാഭ്യാസ അവസ്ഥയുടെ ഏകദേശ രൂപം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നായി 2371 കുടുംബങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിമിതികളുള്ളതോടൊപ്പം തന്നെ ഈ രംഗത്തെ ശ്രദ്ധേയവും പ്രഥമവുമായ കാല്‍വെപ്പാണിത്. മുസ്‌ലിം കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ നിലവാരം പരിശോധനയ്ക്ക് വിധേയമാക്കുക, ഈ നിലവാരത്തെ മറ്റു സമുദായങ്ങളുടെ നിലവാരവുമായി താരതമ്യം ചെയ്ത് വിലയിരുത്തുക, ഏതെല്ലാം രംഗങ്ങളിലാണ് മുസ്‌ലിംകള്‍ പിന്നോക്കം നില്‍ക്കുന്നതെന്ന് നിര്‍ണ്ണയിച്ചെടുക്കുക, ഇത്തരം പിന്നോക്കാവസ്ഥയെ കുറിച്ച് ഏകദേശധാരണ സ്വരൂപിക്കുക, കൂടുതല്‍ ശ്രദ്ധയും പരിശ്രമവും ആവശ്യമാകുന്ന രംഗങ്ങള്‍ തീരുമാനിക്കുക, കൂടുതല്‍ ഗഹനവും സമഗ്രവും ശാസ്ത്രീയവുമായ പഠനങ്ങള്‍ക്ക് വഴിയൊരുക്കുകയും അടിത്തറയിടുകയും ചെയ്യുക തുടങ്ങിയ ബൃഹത്തായ ലക്ഷ്യങ്ങളാണ് ഈ സര്‍വെയുടെ പിന്നിലുള്ളത്. മുസ്‌ലിംകളോടൊപ്പം താരതമ്യ പഠനത്തിനായി ക്രിസ്ത്യന്‍, ഹിന്ദു, പട്ടിക ജാതി-പട്ടിക വര്‍ഗത്തില്‍ പെട്ട കുടുംബങ്ങളെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലുള്ള ജീവനക്കാരുടെ എണ്ണവും അതിലുള്ള മുസ്‌ലിം ജീവനക്കാരുടെ പ്രാതിനിധ്യവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അന്നത്തെ, മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയുടെ ആഴവും ഇതില്‍നിന്ന് വായിച്ചെടുക്കാം. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥിതിഗതികള്‍ അറിയാനുള്ള വസ്തുനിഷ്ഠമായ ഒരു പഠനമാണിത്. എല്‍ പി, യു പി, ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിലുമായി എത്ര വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അധ്യാപകേതര ജീവനക്കാര്‍ എന്നിവ സമഗ്രമായി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരളത്തിന് പുറത്ത് ഗള്‍ഫ് രാഷ്ട്രങ്ങളിലടക്കം മലയാളി മുസ്‌ലിംകള്‍ നടത്തുന്ന സ്‌കൂളുകളുടെയും ഇംഗ്ലീഷ് മീഡിയങ്ങളുടെയും കണക്കുകള്‍ ഇതില്‍ സമാഹരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രാതിനിധ്യവും അനുപാതവുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകള്‍ നടത്തിയിരുന്നതും നടത്തുന്നതുമായ പത്ര മാസികകളുടെ കണക്കും ഇതില്‍ ശേഖരിച്ചിട്ടുണ്ട്. 1878-ല്‍ കൊച്ചിയിലെ ഖാദര്‍ ഷാ ഹാജി ആരംഭിച്ച കേരള ദീപകം എന്ന മാസിക മുതല്‍ അന്നുവരെയുള്ള എല്ലാ പത്ര മാസികകളുടെയും പേരുകള്‍ ഇതിലുണ്ട്.
ഈ ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്തില്‍, രാഷ്ട്രത്തിനു വേണ്ടി ജീവാര്‍പ്പണം നടത്തിയ മുസ്‌ലിംകളായ സ്വാതന്ത്ര്യസമര സേനാനികള്‍, സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സധൈര്യം നിലകൊണ്ടവരുടെ ത്യാഗോജ്വലവും സേവനോന്മുഖവുമായ ജീവിതകഥകള്‍, വിജ്ഞാനത്തെ ഊട്ടിയുറപ്പിക്കാനും മാനവികതയെ മങ്ങാതെ സൂക്ഷിക്കാനും അഹോരാത്രം പരിശ്രമിച്ച പണ്ഡിതന്മാര്‍, കലാകാരന്മാര്‍, കാവ്യപ്രതിഭകള്‍, ഉദ്യോഗസ്ഥന്മാര്‍, രാജ്യത്തിനും സമൂഹത്തിനും അനല്‍പമായ സേവനങ്ങളര്‍പിച്ച സമ്പന്നര്‍ തുടങ്ങിയവരെ 'മണ്‍മറഞ്ഞ പ്രതിഭാധനന്മാര്‍' എന്ന ശീര്‍ഷകത്തില്‍ ഇതില്‍ പകര്‍ത്തിയിട്ടുണ്ട്. അന്ന് ജീവിച്ചിരിക്കുന്ന പ്രതിഭകളില്‍ വിശദാംശങ്ങള്‍ നല്‍കാനവശ്യപ്പെട്ട് സഹകരിച്ച പ്രമുഖ സമുദായ സ്‌നേഹികളുടെയും ജീവചരിത്രക്കുറിപ്പും കൂടെയുണ്ട്.

ഇന്ത്യാചരിത്രത്തിന് ഒരാമുഖം
ഇന്ത്യാ ചരിത്രത്തിലുടനീളമുണ്ടായ അപ്രിയ സത്യങ്ങള്‍ പുറത്ത്‌ കൊണ്ടുവരുന്നതിനുള്ള ധീരമായ കാല്‍വെപ്പാണ് ഡോ. സികെ കരീമിന്റെ ‘ഇന്ത്യാ ചരിത്രത്തിന് ഒരു മുഖവുര എന്ന ഗ്രന്ഥം. മാത്രമല്ല, തമസ്‌കരിക്കപ്പെടുകയും വര്‍ഗീയവല്‍കരിക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആറു നൂറ്റാണ്ട് കാലത്തെ മുസ്‌ലിം ഭരണത്തിന്റെ ഒരു നഖ ചിത്രവും തികഞ്ഞ അക്കാദമിക സ്വഭാവത്തില്‍ ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നു. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ വിട്ടേച്ചുപോയ മുറിവില്‍ ഉപ്പുപുരട്ടിയ ദേശീയ ചരിത്രകാരന്മാര്‍ രാഷ്ട്രത്തിന് വരുത്തിയ ദുരന്തവും അവ മറികടക്കാനുള്ള ധീരമായ ചരിത്രാന്വേഷണവുമാണ് യഥാര്‍ഥത്തില്‍ ചരിത്ര ഗവേഷണ പണ്ഡിതനായ ഡോ. സികെ കരീം ഈ പഠനത്തിലൂടെ നിര്‍വഹിക്കുന്നത്. നൈലിന്റെയും യൂഫ്രട്ടീസിന്റെയും സംഭാവനകള്‍ പോലെ വിശ്വോത്തര സംസ്‌കാരങ്ങളുടെ താരാപഥത്തിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയ സിന്ധുനദീതട സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന നാം എന്തുകൊണ്ട് നമ്മെ അവിടെ നിന്നു പുറത്താക്കിയ ആര്യന്മാരെയും പ്രകീര്‍ത്തിക്കുന്നു എന്ന ചോദ്യത്തോടെയാണ് ഡോ. സി കെ കരീം ഇന്ത്യാ ചരിത്രത്തിനേറ്റ തിരിച്ചടികളെ കുറിച്ച് അന്വേഷണമാരംഭിക്കുന്നത്. ഇംഗ്ലണ്ടിനെ ആക്രമിച്ച ആംഗ്ലോ നസാക്‌സണ്‍കാരെ അപരിഷ്‌കൃതര്‍ എന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. പശ്ചിമ റോമ സാമ്രാജ്യത്തെ തകര്‍ത്ത ഗോള്‍ ആക്രമണവും ഇതേ സംജ്ഞകൊണ്ടാണ് വിശേഷിപ്പിക്കപ്പെട്ടത്. മധ്യപൗരസ്ത്യദേശത്തെ സാംസ്‌കാരിക സമ്പത്ത് തകര്‍ത്ത് നഗരങ്ങളെയും വിജ്ഞാനങ്ങളെയും ചുട്ടുകരിച്ച ചെങ്കിസ്ഖാനെ ചരിത്രം ജേതാവായി കണക്കാക്കുന്നില്ല. പക്ഷെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മാറിടത്തില്‍ ഇന്നും ഉണങ്ങിയിട്ടില്ലാത്ത ആഘാതമേല്‍പിച്ച ആര്യനാക്രമണം ദേശീയ ചരിത്രകാരന്മാരുടെയും മറ്റും വിമര്‍ശനത്തിന് വിധേയമാകാത്തതിലെ കൗതുകമാണ് അദ്ദേഹമിവിടെ മനോഹരമായി അവതരിപ്പിക്കുന്നത്.
ബൗദ്ധ സന്ദേശങ്ങളില്‍ അഭിമാനം കൊളളുന്ന നാം അതിനെ നശിപ്പിച്ച ശക്തിയെയും വാഴ്ത്തുകയാണ്. ബുദ്ധമതം ഇന്ത്യയില്‍ പ്രചുര പ്രചാരം നേടിയതോടെ അതിനെ നേരിട്ട് തകര്‍ക്കാന്‍ കഴിയാതെ വന്ന ആര്യന്മാര്‍ ബുദ്ധ മതത്തിലേക്ക് ചേക്കേറുകയും അതിന്റെ പരിശുദ്ധമായ ആചാരാനുഷ്ഠാനങ്ങളെ ക്രമപ്രവൃദ്ധമായി മാറ്റിമറിച്ച് ബുദ്ധമതത്തിന്റെ ജീവസ്സായ മൂല്യങ്ങളെ ആഹൂതി ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ബുദ്ധമതത്തിന്റെ തകര്‍ച്ചയോടെ ജാതിവ്യവസ്ഥയും അയിത്തവും വീണ്ടും അതിന്റെ മൂര്‍ധന്യതയിലെത്തി. തന്റെ നാടോ വീടോ ആക്രമിക്കാന്‍ വരുന്നവര്‍ക്കെതിരെ വാളെടുക്കാന്‍ ജാതിയുടെ പേരില്‍ അവകാശമില്ലാതിരുന്ന ജനത, രാഷ്ട്രത്തെ ആക്രമിക്കാന്‍ വന്നവരുടെ മുമ്പില്‍ അപകര്‍ഷതീ ബോധത്തോടുകൂടി പഞ്ചപുഛമടക്കുകയും അടിയറവ് പറയുകയും ചെയ്ത ദുരന്തകഥകളാണ് ഇന്ത്യാചരിത്രത്തിലുടനീളമുള്ളത്. ഈ വിന വിതച്ച വ്യവസ്ഥിതിയെയോ തുടക്കം കുറിച്ചവരെയോ പഴിക്കുന്നതിനു പകരം ഗുപ്തകാലത്തെ ചരിത്രത്തിന്റെ സുവര്‍ണ കാലഘട്ടമായി അവതരിപ്പിച്ച് വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന ചരിത്ര രചനയാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇന്ത്യാചരിത്രത്തിലുടനീളം കാണുന്ന വൈരുദ്ധ്യങ്ങളെ പല അധ്യായങ്ങളിലും വസ്തുനിഷ്ടമായി ഡോ. സി കെ കരീം വിലയിരുത്തുന്നുണ്ട്. ആര്‍ഷ - ബൗദ്ധ സംസ്‌കാരങ്ങളെ വിവരിക്കുമ്പോള്‍ വേദോപനിഷത്തുക്കളുടെ സാംസ്‌കാരികധാര പിന്‍പറ്റിയ വള്ളത്തോളിന് ദേശീയകവിയായി അംഗീകാരവും മലയാളത്തിലെ സര്‍വബഹുമതികളും ലഭിച്ചപ്പോള്‍ ബൗദ്ധദര്‍ശനത്തിന്റെ ദിവ്യവും വിശ്വസ്‌നേഹവുമായ മാര്‍ഗത്തെ പിന്‍പറ്റിയ കുമാരനാശാന്‍ ദേശീയ കവിയാകാത്തതും പല മേഖലകളില്‍ നിന്നും തമസ്‌കരിക്കപ്പട്ടതും എന്തുകൊണ്ട് എന്നും അദ്ദേഹം അന്വേഷിക്കുന്നുണ്ട്. 6

ഇബ്‌നു ബത്തൂത്തയുടെ കള്ളക്കഥകള്‍
ഇബ്‌നു ബത്തൂത്ത പറഞ്ഞതില്‍ ഏറ്റവും വലിയ നുണ, സുല്‍ത്താന്‍ മുഹമ്മദ് തന്റെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് മാറ്റിയെന്നതും ഡല്‍ഹിയിലെ ജനങ്ങളെ മുഴുക്കെയും പുതിയ തലസ്ഥാനത്തേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചു എന്നതുമാണ്. ഈ കഥക്ക് ഭാരതീയ ചരിത്രത്തില്‍ സാര്‍വത്രികമായ അംഗീകാരം ലഭിച്ചുവെന്നതുതന്നെ എത്രമാത്രം ഇത് ജനങ്ങളുടെ മനസ്സിലേക്ക് കടത്തിവിട്ടിരിക്കുന്നുവെന്നതിന് മതിയായ തെളിവാണ്. ഇതിന്റെ ഫലമായി, അഗാധജ്ഞരല്ലാത്ത ആധുനികരായ ചരിത്രകാരന്മാരൊക്കെയും സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഭ്രാന്തനായിരുന്നുവെന്ന എല്‍ഫിന്‍ സ്‌റ്റോണിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. പ്രമാദമായ ഈ ചരിത്രവങ്കത്തം യാദൃശ്ചികമായി കടന്നുകൂടിയതല്ല. ഇന്ത്യയെ വിഭജിച്ചുഭരിക്കുക എന്ന തന്ത്രത്തിന് ഇന്ധനം പകരുന്നതിനായി ഇംഗ്ലീഷ് ചരിത്രകാരന്മാര്‍ ഇബ്‌നു ബത്തൂത്തയുടെ കിതാബുര്‍റാഹില എന്ന കെട്ടുകഥകളില്‍നിന്ന് മുതലെടുത്തതിന്റെ ഫലമാണിത്. സിന്ധുബാദിന്റെ യാത്രകളിലെ അയഥാര്‍ത്ഥമായ കഥാഖ്യാനങ്ങളേക്കാള്‍ ഒട്ടും വാസ്തവമല്ല ഇബ്‌നു ബത്തൂത്തയുടെ കൃതിയിലെ പല പരാമര്‍ശങ്ങളുമെന്ന് ചരിത്രവസ്തുതകളുടെ വെള്ളിവെളിച്ചത്തില്‍ ഡോ. സി കെ കരീം തെളിയിക്കുന്നു. മഹാനായ അക്ബറും മഹാനായ അശോകനും എപ്രകാരമാണ് ചരിത്രത്തില്‍ മഹാന്മാരായിത്തീര്‍ന്നതെന്നും അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം അധികാരം നിലനിര്‍ത്താനുള്ള കുറുക്കു വഴികള്‍ മാത്രമായിരുന്നുവെന്നും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. രാജ്യത്ത് ഭക്തിപ്രസ്ഥാനങ്ങള്‍ നീണ്ടകാലത്തെ അധ്വാനപരിശ്രമങ്ങളിലൂടെ ഒരുക്കിയ ആത്മീയഭൂമികയെ അക്ബര്‍ സമര്‍ഥമായി ഹൈജാക്ക് ചെയ്യുകയും ദീന്‍ ഇലാഹിയിലൂടെ ഒരേസമയം പോപ്പും സീസറുമായി തന്റെ ഭരണം അരക്കിട്ടുറപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. സമാനമായി, ബുദ്ധമതം വിതച്ച സാമൂഹികാന്തരീക്ഷത്തില്‍ തന്ത്രപൂര്‍വം അഹിംസയുടെ വക്താവായി അശോകന്‍ കയറിപ്പറ്റുകയും എന്നിട്ട് രാഷ്ട്രത്തിന്റെ പോപ്പും സീസറുമായി അധികാരം നിലനിര്‍ത്തുകയുമാണ് ചെയ്തതെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യാചരിത്രം രേഖപ്പെടുത്തിയവരുടെ കൂട്ടമറവിക്കെതിരെ തികവാര്‍ന്ന അക്കാദമിക മികവോടെ ഓര്‍മകളുടെ കലാപം തീര്‍ക്കുകയായിരുന്നു, ഡോ. സി കെ കരീം.

ചരിത്രം പബ്ലിക്കേഷന്‍സ്
പാരമ്പര്യ സവര്‍ണ ചരിത്ര ബോധത്തെ തിരുത്തിക്കുറിച്ചുകൊണ്ട് ന്യൂനപക്ഷത്തിന്റെ യഥാര്‍ഥ ചരിത്രം വീണ്ടെടുക്കുക എന്ന സാഹസിക യത്‌നമായിരുന്നു ഡോ. സി കെ കരീം ഏറ്റെടുത്തത്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും വ്യക്തിത്വങ്ങളും ഇതിനെ അവഗണിക്കുമെന്ന് തികഞ്ഞ ബോധ്യമുള്ളതിനാലും തന്റെ അന്വേഷണങ്ങള്‍ ആരുടെ മുമ്പിലും അടിയറവ് വെക്കാന്‍ സന്നദ്ധമല്ലാത്തതിനാലും സികെ കരീം സ്വന്തമായി ചരിത്രം എന്ന പേരില്‍ ഒരു മാസികയും പ്രസാധനാലയവും ആരംഭിച്ചു. സ്വന്തം ചരിത്രാന്വേഷണ ഗ്രന്ഥങ്ങളോടൊപ്പം മുഖ്യധാരയില്‍ ഇടം ലഭിക്കാത്തതും സത്യസന്ധവുമായ ചരിത്ര കൃതികളും ഇതിലൂടെ പ്രകാശിതമായി. കേരള മുസ്‌ലിം സ്ഥിതിവിവരക്കണക്ക് ഡയറക്ടറി എന്ന ബൃഹത്തായ ഗ്രന്ഥമടക്കം ഇരുപത്തഞ്ചോളം വരുന്ന ഗ്രന്ഥങ്ങള്‍ക്കു പുറമെ ഇംഗ്ലീഷിലും മലയാളത്തിലുമായി മറ്റു ചരിത്ര പഠനങ്ങളും ഇതിലൂടെ വെളിച്ചംകണ്ടിട്ടുണ്ട്. ചരിത്രം പബ്ലിക്കേഷന്‍സില്‍ നിന്നു പുറത്തിറങ്ങിയ അദ്ദേഹത്തിന്റേതല്ലാത്ത പഠനങ്ങളില്‍ ചിലത് ഇവയാണ്. Institutions and Movements in kerala History- Dr T K Ravindran, Extremist Movement in Kerala  -Dr K K Usman, Making of History  - Prof K V Krishnan Iyyer & prof Mary Samuel David, നാടന്‍കലകള്‍ - ഡോ. ചുമ്മാര്‍ ചൂണ്ടല്‍, പുള്ളുവര്‍ - ഡോ. ചുമ്മാര്‍ ചൂണ്ടല്‍, വേണാട് വിശേഷങ്ങള്‍ - വി ഭാസ്‌കരന്‍ നായര്‍, ചില കേരള ചരിത്രവിവരങ്ങള്‍ - അടൂര്‍ രാമചന്ദ്രന്‍ നായര്‍, കോണ്‍ഗ്രസും കേരളവും ബാരിസ്റ്റര്‍ ഏ കെ പിള്ള.

സി കെ കരീമിന്റെ കൃതികള്‍
ഇംഗ്ലീഷിലും മലയാളത്തിലുമായി 25 കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
What happened in Indian History?,
Kerala Under Hyderali and Tipusulthan
Kerala and her culture – An Itnroduction
Indian History Part I
Indian History Part II
Gazetters of kerala Palakkad District
Gazetters of Malappuram District
കേരളമുസ്‌ലിം സ്ഥിതിവിവരണക്കണക്ക് (മൂന്ന് വാല്യം)
ഇന്ത്യാ ചരിത്രത്തിലേക്കൊരു മുഖവുര
മുഹമ്മദ് തുഗ്ലക്ക് ഒരു പഠനം
ഇബ്‌നുബത്തൂത്തയുടെ കള്ളക്കഥകള്‍
കേരള ചരിത്രവിചാരം
ചരിത്ര സംവേദനം
ചരിത്രത്തിലെ ഗുണപാഠങ്ങള്‍
ചരിത്ര കഥകള്‍
ഫ്രാന്‍സ്: ലോകരാഷ്ട്രങ്ങള്‍ ഒരു പരമ്പര
പി.എ. സൈദ് മുഹമ്മദ് സ്മാരക ഗ്രന്ഥം
ഒ. ആബു സ്മാരകഗ്രന്ഥം
സീതിസാഹിബ് നവകേരളശില്പികള്‍ പരമ്പര,
ഡോ. സി.കെ. കരീമിന്റെ ചരിത്രപഠനങ്ങള്‍
പ്രാചീന കേരളവും മുസ്‌ലിം ആവിര്‍ഭാവവും
മനോരമയുടെ ചരിത്രം
തിരുവിതാംകൂര്‍ ചരിത്രം (തര്‍ജമ)
ബുക്കാനന്റെ കേരളം (തര്‍ജമ)
മുഗളന്മാരുടെ പ്രവിശ്യാ ഭരണം (തര്‍ജമ)
Reference

1. ഇസ്‌ലാമിക വിജ്ഞാനകോശം, ഐ.പി.എച്ച് 7/458
2. ഡോ. സി കെ കരീമിന്റെ ചരിത്ര പഠനങ്ങള്‍. ചരിത്രം പബ്ലിക്കേഷന്‍സ്
3. കേരള മുസ്‌ലിം ചരിത്രം സ്ഥിതിവിവരണക്കണക്ക്-ഡയറക്ടറി ഭാഗം -1
4. കേരള മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക്-ഡയറക്ടറി ഭാഗം -2
5. കേരള മുസ്‌ലിം ചരിത്രം സ്ഥിതിവിവരക്കണക്ക് -ഡയറക്ടറി ഭാഗം-3
6. ഇന്ത്യാ ചരിത്രത്തിലേക്കൊരു മുഖവുര-ഡോ. സി കെ കരീം
7. ഇബ്‌നു ബ്ത്തൂത്തയുടെ കള്ളക്കഥകള്‍ - ഡോ. സി കെ കരീം. ചരിത്രം പബ്ലിക്കേഷന്‍സ്
8. മുസ്‌ലിം സമുദായവും സംസ്‌കാരവും -ഡോ. സി കെ കരീം

RELATED ARTICLES