കേരള മുസ്‌ലിം നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്നു സയ്യിദ് സനാഉല്ല മക്തി തങ്ങള്‍. വെളിയങ്കോട് അഹ്മദ് തങ്ങളുടെയും പത്‌നി ഹമദാനി വംശജയായ ശരീഫാ ബീവിയുടെയും ഓമനപുത്രനായി 1847-ല്‍ സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ ജനിച്ചു. തങ്ങളുടെ പൂര്‍വ്വികര്‍, അറേബ്യയിലെ സഖാഫ് ഗോത്രക്കാരാണ്. സഖാഫ് ഗോത്രം പ്രവാചകവര്യന്‍ മുഹമ്മദ് നബി(സ)യുടെ പിത്യവ്യനായ ഹസ്രത് അബ്ബാസ്(റ) വിന്റെ സന്താനപരമ്പരയില്‍ പെടുന്നു.
പിതാവില്‍ നിന്ന് പ്രാഥമിക മത വിജ്ഞാനം കരസ്ഥമാക്കിയ മക്തി തങ്ങള്‍ ചാവക്കാട് ഹയര്‍ എലമെന്ററി സ്‌കൂളില്‍ നിന്ന് ലൗകികവിദ്യാഭ്യാസം നേടി. തുടര്‍ന്ന് പല പള്ളി ദര്‍സുകളിലും ചേര്‍ന്ന് ഉന്നത മത വിദ്യാഭ്യാസം സമ്പാദിച്ചു. മാതൃഭാഷക്കുപുറമെ അറബി, ഉറുദു, ഇംഗ്ലീഷ്, പാര്‍സി, തമിഴ് എന്നീ ഭാഷകളും വശമാക്കി. കുറച്ചുകാലം എക്‌സൈസ് ഇന്‍സ്‌പെക്ടറായി ഗവണ്‍മെന്റുദ്യോഗം വഹിച്ചു. ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറായിട്ടാണ് മക്തിതങ്ങള്‍ ജീവിതമാരംഭിച്ചത്. പക്ഷേ അധികം വൈകാതെ ജീവിതപ്പാതയില്‍ സാരമായ വ്യതിയാനങ്ങളുണ്ടായി. അന്ന് കേരളത്തില്‍ നടമാടിക്കൊണ്ടിരുന്ന മുസ്‌ലിംകള്‍ക്കെതിരെയുള്ള ക്രിസ്ത്യന്‍ മിഷണറിമാരുടെ അവഹേളനത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കേണ്ടത് തന്റെ വ്യക്തിപരമായ ബാധ്യതയാണെന്ന ചിന്ത ഒരു വെളിപാടുപോലെ അദ്ദേഹത്തെ ഇളക്കിമറിച്ചു. ഒടുവില്‍ സര്‍ക്കാരുദ്യോഗം വലിച്ചെറിഞ്ഞ് ഇസ്‌ലാമിക് മിഷണറിയുടെ കുപ്പായം സ്വയം എടുത്തണിഞ്ഞു. ഇസ്‌ലാമിന്റെ രക്ഷക്കുവേണ്ടി ക്രിസ്ത്യന്‍ മിഷണറിമാരോടുള്ള സംവാദങ്ങളും ബഹുജനങ്ങളോടുള്ള ഉദ്‌ബോധനങ്ങളുമായി ആ യുവപണ്ഡിതന്‍ ജീവിതം സജീവമാക്കി.
ഇസ്‌ലാമിക സമൂഹത്തിന്റെ അഭിമാനകരമായ മുന്നേറ്റത്തിന് തടസ്സം നില്‍ക്കുന്നത് യാഥാസ്ഥിതികരായ പുരോഹിത വര്‍ഗ്ഗവും അജ്ഞതയില്‍ പുളയുന്ന ജനസാമാന്യവുമാണെന്ന് അദ്ദേഹം അനുഭവിച്ചറിഞ്ഞു. ദൗത്യനിര്‍വ്വഹണത്തില്‍ ബാഹ്യശക്തികളേക്കാള്‍ തന്നെ വേദനിപ്പിച്ചതും മുറിപ്പെടുത്തിയതും സമുദായ ശക്തികള്‍ തന്നെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇസ്‌ലാമിന്റെ പ്രചാരണത്തിനുവേണ്ടി ആശയ സമരം നടത്തുന്ന ഒരു പണ്ഡിതനായി ജീവിതം തുടങ്ങിയ മക്തി തങ്ങള്‍ സമുദായത്തെ ബാധിച്ച അന്ധതയോട് ഏറ്റുമുട്ടിയാണ് ചരിത്രത്തില്‍ വ്യക്തിത്വം സ്ഥാപിച്ചത്. പക്ഷേ സമുദായ പരിഷ്‌കര്‍ത്താവായിരുന്ന മക്തിതങ്ങള്‍ വേണ്ടവിധം തിരിച്ചറിയപ്പെട്ടില്ല. പാതിരിമാരോട് വാദ പ്രതിവാദം നടത്തിയിരുന്ന ഒരു മൗലവിയായി അദ്ദേഹത്തെ സമുദായ വളപ്പില്‍ തളച്ചിടാനായിരുന്നു പലര്‍ക്കും താല്‍പര്യം. അങ്ങനെ എല്ലാം തരണം ചെയ്തുകൊണ്ട് മരണം വരെ ഇസ്‌ലാമിന് വേണ്ടി പേനകൊണ്ടും നാവുകൊണ്ടും പോരാടിയ അത്ഭുത വ്യക്തിത്വമാണ് സയ്യിദ് സനാഉല്ല മക്തിതങ്ങള്‍.
സുഹ്‌റ എന്ന മുത്തുബീവിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. രണ്ടുമക്കള്‍, ശരീഫയും അബ്ദുറഷീദും. മരിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കുമുമ്പ് തന്റെ പേന പ്രിയശിഷ്യന്‍ ഹൈദ്രോസിന് നല്‍കി മക്തിതങ്ങള്‍ പറഞ്ഞു. ''ഞാന്‍ എന്റെ റബ്ബിങ്കലേക്ക് പോവുകയാണ്. നീ ഈ പേനകൊണ്ട് ഇസ്‌ലാമിന് വേണ്ടി ജിഹാദ് ചെയ്യുക. എന്റെ കുട്ടികളെ ശ്രദ്ധിക്കണം.'' ഈ വസിയ്യത്തോടെ മക്തിതങ്ങള്‍ കലിമതുശ്ശഹാദ സ്ഫുടമായി ഉച്ചരിച്ച് കണ്ണടച്ചു.
കാലഘട്ടത്തിന്റെ പ്രത്യേകത
19-ാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആധിപത്യം മുറുകിവരികയും അവര്‍ ക്രിസ്തീയ മത പ്രചാരണത്തിന് ലക്ഷ്യം വെക്കുകയും ചെയ്തു. അങ്ങനെ ക്രൈസ്തവമത പ്രചാരണാര്‍ത്ഥം ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ നാട്ടില്‍ ഒരുപാട് പാശ്ചാത്യ മിഷണറിമാരെ ഇറക്കുമതിചെയ്തു. ഇവര്‍ ഇസ്‌ലാമിന്റെയും റസൂല്‍ തിരുമേനിയുടെയും നേരെ നെറികെട്ട കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട കാലമായിരുന്നു അത്. അവയെ ഫലപ്രദമായി നേരിടുവാന്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ പ്രഗല്‍ഭരായ ചിലവ്യക്തികളുണ്ടായി. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം സ്ഥിതി മോശമായിരുന്നു. ഇതിനെതിരെ ശബ്ദിക്കുവാനോ എഴുതുവാനോ മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഒരു പണ്ഡിതനും ഉയര്‍ന്നു വന്നില്ല. ഈ പരിതസ്ഥിതിയിലാണ് തന്റെ 35-ാം വയസ്സില്‍ ഗവണ്‍മെന്റുദ്യോഗം രാജിവെച്ച് മക്തിതങ്ങള്‍ ഇസ്‌ലാമിക സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് രംഗപ്രവേശനം ചെയ്തത്.
മുസ്‌ലിം സമുദായം സ്വയം ഇല്ലാതായിപ്പോകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. അറിവുനേടാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നുവെന്ന് വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന സമുദായം പക്ഷേ കടുത്ത അന്ധവിശ്വാസത്തിന്റെ പിടിയിലായിരുന്ന കാലഘട്ടമായിരുന്നു അത്. എത്രത്തോളമെന്നാല്‍ ഓത്തുപള്ളികളില്‍ എഴുത്തുപഠിക്കാന്‍ അക്കാലത്ത് ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നില്ല. വിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ ബോര്‍ഡിലെഴുതിയാല്‍ എഴുത്തിന്റെ ചോക്ക് പൊടികള്‍ നിലത്തുവീഴുമെന്നും അത് ഖുര്‍ആനെ നിന്ദിക്കുന്നതിന് തുല്യമാണെന്നുമുള്ള ധാരണ, അതുകൂടാതെ ഇംഗ്ലീഷ് നരക ഭാഷയാണെന്നും സ്വന്തം ഭാഷയായ മലയാളം ഹിന്ദു ശാസ്ത്രഭാഷയും ആകയാല്‍ അത് രണ്ടും പഠിക്കുന്നതില്‍ മത വിരോധം ഉണ്ടെന്നുമാണ് പരമ്പരാഗത പണ്ഡിതന്മാര്‍ ജനങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്നത്. വിദ്യാഭ്യാസത്തോടുള്ള പിന്തിരിപ്പന്‍ നയങ്ങളും മുസ്‌ലിം സമൂഹത്തെ എല്ലാത്തില്‍നിന്നും അകറ്റിനിര്‍ത്തി. അങ്ങനെ ഈ കാലഘട്ടമെന്ന് പറയുന്നത് മുസ്‌ലിം കളുടെ നിലവാരത്തകര്‍ച്ചയും ഇസ്‌ലാമിനെ മനസ്സിലാക്കുന്നതില്‍ വരുത്തിയ വീഴ്ചയും അവരെ ഒന്നുമില്ലാത്തവരാക്കുകയും മത ഭ്രാന്തന്മാരാക്കുകയും ചെയ്തു.
അന്ന് ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയിലും വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്നു. ഈ സമ്പ്രദായത്തെ നിരോധിക്കാനോ മറ്റും ഒന്നും അന്നത്തെ പണ്ഡിതന്മാര്‍ മുതിര്‍ന്നില്ല. അതുകൊണ്ട്തന്നെ മുസ്‌ലിംകള്‍ ധാര്‍മികമായും സാംസ്‌കാരികമായും വളരെ പിന്നിലായിരുന്നു. ഈ കാലഘട്ടത്തിലാണ് സര്‍ക്കാരുദ്യോഗം പോലും രാജിവെച്ചുകൊണ്ട് നവോത്ഥാന ശില്‍പി സയ്യിദ് സനാഉല്ല മക്തിതങ്ങള്‍. ഇസ്ലാമിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഈ കാലഘട്ടത്തെക്കുറിച്ച് പഠിക്കുമ്പോള്‍ തങ്ങളെ നവോത്ഥാന ശില്‍പി എന്നു വിളിക്കുന്നതില്‍ യാതൊരു സംശയവും ജനിക്കുന്നില്ല.
ക്രിസ്ത്യന്‍ മിഷനറികളോടുള്ള പ്രതിരോധം
19-ാം നൂറ്റാണ്ടില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍ ഇസ്‌ലാമിനെയും അന്ത്യപ്രവാചകനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് നിരവധി പുസ്തകങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിരുന്നു. അന്ന് മുസ്‌ലിം കളില്‍ പരക്കെ പ്രചാരം നേടിയിരുന്ന അറബി മലയാള ലിപിയില്‍ പോലും അവര്‍ ലഘുലേഖകളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ട് മുസ്‌ലീം സാധാരണക്കാര്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്തു. ചന്തകളിലും കവലകളിലും പട്ടണങ്ങളിലുമെല്ലാം ക്രൈസ്തവ മിഷനറിമാരുടെ പ്രഭാഷണങ്ങളും പ്രചാരങ്ങളും മുറക്കുനടന്നു. ക്രിസ്തീയ പത്ര മാസികകള്‍ ഇസ്‌ലാമിനെയും തിരുദൂതരെയും കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ജനിപ്പിക്കുന്നതില്‍ സാരമായ പങ്കുവഹിച്ചു.
ക്രൈസ്തവ മിഷനറിമാര്‍ ഇംഗ്ലീഷുകാരുടെ പരോക്ഷമായ സഹായ സഹകരണങ്ങളോട് കൂടി ഇസ്ലാമിനെയും പ്രവാചകനെയും ആക്ഷേപിക്കാനും അവഹേളിക്കാനും ആവുന്നതെല്ലാം ചെയ്തു. ക്രൈസ്തവരുടെ ഇസ്ലാംമത വിരുദ്ധ ഗ്രന്ഥങ്ങളെ സാഹിത്യരചന മുഖേനയും മിഷനറി പ്രസംഗങ്ങളെ ഖണ്ഡന പ്രസംഗങ്ങള്‍ മൂലവും നേരിടാന്‍ ധീരമായി മുന്നോട്ടുവന്നു, മക്തിതങ്ങള്‍ എന്ന മുജ്തഹിദ്. ക്രൈസ്തവ മിഷനറി പ്രവര്‍ത്തകര്‍ തങ്ങളെ നേരിടാന്‍ ആരുമില്ലെന്ന അഹന്ത നടിച്ച് വിജയം മുന്‍കൂര്‍ ഉറപ്പിച്ച് ദുഷ്പ്രചരണങ്ങള്‍ തുടരുകയായിരുന്നു.
മുസ്‌ലിം സമുദായത്തിന്റെ ദീനരോദനം കേട്ട് അടര്‍ക്കളത്തിലിറങ്ങാന്‍ തങ്ങള്‍ തീരുമാനിച്ചു. 1882ല്‍ അദ്ദേഹം ഗവണ്‍മെന്റ് ഉദ്യോഗം രാജിവെച്ചു. അക്കാലത്ത് കര്‍മ ധീരനായ ആ പ്രബോധകനു മുപ്പത്തിയഞ്ചു വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. സര്‍വ്വവും സര്‍വശക്തനായ അല്ലാഹുവില്‍ സമര്‍പ്പിച്ചു ആശയ സമരത്തിനായി രംഗത്തിറങ്ങി. പ്രകൃതി സുന്ദരമായ വെളിയങ്കോട് പ്രദേശത്ത് നിന്നു അദ്ദേഹത്തിന്റെ ത്യാഗസേവനങ്ങളുടെ അടങ്ങാത്ത അലയടികള്‍ മുഴങ്ങി. അതു കന്യാകുമാരി മുതല്‍ മംഗലാപുരം വരെയുള്ള മുസ്‌ലിംകള്‍ക്കിടയില്‍ അഭൂതപൂര്‍വ്വമായ നവചൈതന്യവും അചഞ്ചലമായ ആദര്‍ശബോധവും അങ്കുരിപ്പിച്ചു. അദ്ദേഹത്തിന്റെ ആകര്‍ഷണീയവും അനുപമവുമായ വാക്‌ധോരണിയും, അനുഗൃഹീതവും കരുത്തുറ്റതുമായ തൂലികയില്‍ നിന്നുതിര്‍ന്ന ലേഖനങ്ങളും യുക്തിപൂര്‍വ്വമായ മത പ്രബോധനങ്ങളും ക്രൈസ്തവ മിഷനറിയുടെ വികലതകളെ അനാവരണം ചെയ്യുന്നതില്‍ അനല്പമായ പങ്കുവഹിച്ചു.
കഠോരകുഠാരം
തങ്ങള്‍ 1884-ല്‍ തന്റെ പ്രസിദ്ധമായ 'കഠോരകുഠാരം' എന്ന മഹദ്ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. യുക്തിക്കും വിശ്വാസത്തിനും അന്നും ഇന്നും എന്നും ദഹനക്കേടുണ്ടാകുന്ന ക്രൈസ്തവരുടെ ത്രിയേക സങ്കല്‍പത്തെ യുക്തിപൂര്‍വ്വം വിമര്‍ശിച്ചിച്ചുണ്ട് ആ ഗ്രന്ഥത്തില്‍. മത പ്രബോധനരംഗത്ത് വമ്പിച്ച കോളിളക്കം സൃഷ്ടിച്ച ഒരു നിസ്തുല കൃതിയാണിത്. അതിലെ ന്യായ വാദങ്ങള്‍ക്ക് യുക്തിപൂര്‍വ്വം മറുപടി നല്‍കാന്‍ ക്രൈസ്തവ പണ്ഡിതന്മാര്‍ക്ക് സാധിച്ചില്ല. കഠോരകുഠാരത്തിനു നാമമാത്രമായ ഒരു ലഘുഖണ്ഡനം എഴുതിയത് വിദ്വാന്‍കുട്ടി എന്ന ക്രിസ്ത്യന്‍ പണ്ഡിതനാണ്. വിമര്‍ശന കൃതിയിലെ ബാലിശ വാദങ്ങള്‍ക്ക് തങ്ങള്‍ കുഠോരവജ്രം എന്ന പേരില്‍ ഒരു പ്രത്യാഖ്യാനം എഴുതി. അതിനെ എതിര്‍ക്കാന്‍ വിദ്വാന്‍കുട്ടിക്ക് സാധിച്ചില്ല. തങ്ങളുടെ ശക്തവും മൂര്‍ച്ചയുള്ളതുമായ തൂലികക്കുമുമ്പില്‍ ക്രൈസ്തവമിഷനറി പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു.' (മക്തിതങ്ങളുടെ ജീവചരിത്രം, കെ.കെ.മുഹമ്മദ് അബ്ദുല്‍കരീം, പേജ് 11)
അതിനുപുറമെ കഠോരകുഠാരത്തില്‍ ക്രിസ്തുമതത്തെ എതിര്‍ക്കുകയും ഇസ്‌ലാം മതത്തെ പുകഴ്ത്തുകയുമല്ല തങ്ങള്‍ ചെയ്യുന്നത്. ദരിദ്രരുടെ അജ്ഞതയെ മുതലെടുത്ത് മതപരിവര്‍ത്തനം നടത്തുന്നതിന്റെ അര്‍ത്ഥശൂന്യത തങ്ങള്‍ എടുത്തു പറയുന്നു. ഇസ്‌ലാമിനെതിരായ പ്രചാരങ്ങളെ മാത്രമല്ല ഹിന്ദുമതത്തെ പുകഴ്ത്തിപ്പറയുന്നതിനേയും തങ്ങള്‍ ചെറുക്കുന്നുണ്ട്. ക്രിസ്തുമതത്തേയും ഇസ്‌ലാമിനെയും ഹിന്ദുമതത്തേയും കുറിച്ച് തങ്ങള്‍ക്കുള്ള അഗാധമായ അറിവ് ഇവിടെ തെളിയുന്നു. ''നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കവെ, ഹിന്ദുക്കളുടെ കണ്ണിലെ കരടിനെ തെരഞ്ഞുശാസ്ത്രങ്ങളേയും ശാസ്ത്രകര്‍ത്താക്കളേയും വചനംകൊണ്ടും ലേഖനം കൊണ്ടും ആക്ഷേപിച്ചും നിന്ദിച്ചും വരുന്നതു അന്യായവും അധികാരവും അധിക പ്രസംഗവും ആകുന്നു.'' എന്നെഴുതി ക്രിസ്തുമതത്തേയും ഹിന്ദുമതത്തെയും താരതമ്യപ്പെടുത്തുന്ന ഒരു പട്ടിക അവതരിപ്പിച്ച ശേഷം 'സത്യസ്വരൂപനായ പരമാര്‍ത്ഥദൈവം.' ''ആദിമധ്യാന്തവിഹീനനും, അഖണ്ഡനും, സംഭവ്യസ്ഥാനം ഇല്ലാത്തവനും, അപ്രത്യക്ഷനും, നിരാധാരനും, സര്‍വ്വാധാരനും, സര്‍വ്വ ശക്തനും, സര്‍വ്വ വ്യാപിയും, വിശുദ്ധ ബ്രഹ്മവും, സ്വയംഭൂവും ആകുന്നു'' എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് തങ്ങള്‍ പുസ്തകം അവസാനിപ്പിക്കുന്നത്.
'കഠോരകുഠാരം' പ്രസിദ്ധപ്പെടുത്തിയപ്പോള്‍ മത പ്രചാരണത്തിന്റെ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. അജ്ഞാനികളും അപരിഷ്‌കൃതരുമായ നാട്ടുകാരെ എളുപ്പത്തില്‍ പിടിച്ചെടുക്കാം എന്ന ക്രിസ്തുമത പ്രചാരകരുടെ ധിക്കാരത്തിന് അന്തസ്സോടുകൂടിയ വെല്ലുവിളിയായിരുന്നു മക്തി തങ്ങളുടെ ഈ ഗ്രന്ഥം.
പാര്‍ക്കലീത്താ പോര്‍ക്കളം
എ.ഡി. 1892 തിരുവനന്തപുരത്ത് നിന്നു 'ക്രിസ്തീയ അജ്ഞേയ വിജയം, അഥവാ പാര്‍ക്കലീത്താ പോര്‍ക്കളം' എന്ന അത്യനര്‍ഘ ഗ്രന്ഥം തങ്ങള്‍ പ്രസിദ്ധീകരിച്ചു. ജൂത, ക്രൈസ്തവ വേദങ്ങളുടെ ആഗമന യാഥാര്‍ത്ഥ്യം ബൈബിള്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ ഖണ്ഡിതമായി സ്ഥാപിച്ചിട്ടുള്ള വിലപ്പെട്ടതും അപൂര്‍വ്വവുമായൊരു പുസ്തകമാണിത്. പാര്‍ക്കലീത്താ പോര്‍ക്കളത്തിന് ഖണ്ഡനമെഴുതുന്നവര്‍ക്ക് അക്കാലത്ത് ഇരുനൂറ് രൂപ സമ്മാനം നല്‍കുന്നതാണെന്നും തങ്ങള്‍ ഒരു പ്രത്യേക വിജ്ഞാപനം മുഖേന ചെയ്തിരുന്നു. ആ വിജ്ഞാപനം ഇപ്രകാരമാണ്.
''ഇസ്ലാം മത പ്രസംഗി സയ്യിദ് സനാഉല്ല മക്തിതങ്ങള്‍ അറീക്കുന്നത്.
ക്രിസ്ത്യന്‍ സഹോദരന്മാര്‍ വിശുദ്ധ വേദങ്ങളായി കരുതി വിശ്വസിച്ചുറപ്പിച്ചുവരുന്നതും കൈവശം വെച്ചിരിക്കുന്നതുമായ പഴയതും പുതിയതുമായ നിയമങ്ങളില്‍ ഒരു പ്രവാചകന്റെ ആവിര്‍ഭാവത്തെ സൂര്യവെളിച്ചം പോലെ വ്യക്തമാക്കുന്ന പല വാചകങ്ങളും കാണാം. ക്രിസ്ത്യന്മാര്‍ വെട്ടിച്ചുരുക്കിയതുമായ ബൈബിള്‍ വാക്യങ്ങള്‍ മുഖേന യഥാര്‍ത്ഥ തോട്ടാവകാശിയും പതിനായിരത്തില്‍ പരിശുദ്ധനും മോശയോടു തുല്യതയുള്ളവരും പാറാനിലെ പരിശുദ്ധ പ്രവാചക നാണയമാണെന്നു ഞാന്‍ എന്റെ ക്രിസ്തീയ അജ്ഞേയ വിജയം പാര്‍ക്കലീത്താ പോര്‍ക്കളത്തില്‍ ഇതാ സാക്ഷികരിച്ചിരിക്കുന്നു. ഇതിനെ ക്രിസ്ത്യന്‍ വേദ പ്രമാണങ്ങളുടെ അകമ്പടിയോടെ ഖണ്ഡിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഈ സാധു 200 രൂപ ഇനാം കൊടുക്കുന്നതാണെന്നു ദൈവനാമത്തില്‍ ഉറപ്പ് നല്‍കികൊള്ളുന്നു.''
തങ്ങളുടെ ഈ വെല്ലുവിളി നേരിടുവാന്‍ ക്രൈസ്തവ മിഷനറിമാര്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ക്രിസ്തീയ പാതിരിമാരും മറ്റും പവന്‍ കണക്കിനു സ്വര്‍ണം വില നല്‍കി ആ പുസ്തകത്തിന്റെ പ്രതികള്‍ വാങ്ങി നശിപ്പിച്ചിരുന്നുവെന്ന് 'കഠോരകുഠാരം' രണ്ടാം പതിപ്പിന്റെ പുറം ചട്ടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാം വിരുദ്ധ ലോബി സ്വീകരിക്കുന്ന ബുദ്ധിപരമായ ഒരു തന്ത്രമാണിത്. 'ദ ഹണ്‍ഡ്രഡ്' എന്ന കൃതിയുടെ പ്രസാധനാധികാരം ജൂത കമ്പനി വിലക്കെടുത്തത് ഇനി ഒരിക്കലും ആ കൃതി പ്രസിദ്ധീകരിക്കാതിരിക്കാന്‍ വേണ്ടിയാണ്. ആ അമൂല്യ ഗ്രന്ഥത്തിന്റെ ഒരുപ്രതി ലഭിക്കുന്നതിനായി തങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചു. അവസാനം തിരുവനന്തപുരം 'ശ്രീചിത്തിര' ലൈബ്രറിയില്‍ നിന്നാണ് ലഭിച്ചത്.
ഉദ്യോഗം രാജിവെച്ചതിന് ശേഷം മക്തിതങ്ങളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം കൊച്ചിയായിരുന്നു. തങ്ങളും ക്രൈസ്തവ മിഷനറിമാരും തമ്മില്‍ നടന്നിരുന്ന അസംഖ്യം ഖണ്ഡന മണ്ഡനങ്ങളില്‍ ക്രിസ്തീയ മത പ്രചാരകന്മാര്‍ ദയനീയമാം വിധം പരാജിതരായി. തൃശൂരിലെ ഫാദര്‍ സി.ഡി. ദാവേദ്, വിദ്വാന്‍കുട്ടി, റവ. ഫ്രോണ്‍മയര്‍ മുതലായവര്‍ മക്തിതങ്ങളുമായുള്ള മത സംവാദ രംഗത്ത് നിന്നു പിന്മാറുകയാണുണ്ടായത്. ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്ന കൃതികളാണ് ക്രൈസ്തവ വായടപ്പ്, തൃശിവപേരൂര്‍ ദൈവപുത്രര്‍ക്കുള്ള സമ്മാനക്കുറിപ്പ്, തൃശിവപേരൂര്‍ ക്രിസ്തീയ മതമതിപ്പ്, കുഠോരവജ്രം, തണ്ടാന്‍കണ്ഠമാല, തണ്ടാന്‍ കൊണ്ടാട്ടച്ചെണ്ട മുതലായവ. ഇവയുടെ പേരില്‍ സമര്‍ഥമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആക്ഷേപ ഹാസ്യ വിമര്‍ശന ശൈലി ഏറെ ശ്രദ്ധേയമാണ്.
തുടര്‍ന്ന്, ക്രിസ്ത്യന്‍ മിഷനറിമാരുടെ ദുഷ്പ്രചാരങ്ങളെ ചെറുക്കുന്നതും ഇസ്ലാമിന്റെ ശരിയായ തത്വങ്ങള്‍ വിവരിക്കുന്നതുമായ പല പുസ്തകങ്ങളും തങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ക്രിസ്തീയ അജ്ഞാന വിജയം, സത്യദര്‍ശിനി, നബിനാണയം, മക്തി സംവാദജയം മുക്തിവിളംബരം, ജയാനന്ദഘോഷം സുവിശേഷനാമം, മക്തിതങ്ങള്‍ ആഘോഷം മശീഹാ മതമൂലനാശം തുടങ്ങി ധാരാളം കൃതികള്‍ ഇസ്ലാം വിരുദ്ധമായ ക്രിസ്തുമത പ്രചാരണത്തെ നേരിടുന്നുണ്ട്. അന്ന് ഇത്രയേറെ ക്രിസ്തുമത ഖണ്ഡനത്തിന് പ്രസക്തിയുണ്ടോ എന്ന് ഇതെല്ലാം പരിശോധിക്കുന്നവര്‍ക്ക് തോന്നാം. ചരിത്രപരമായ പ്രാധാന്യമാണ് അവയ്ക്കുള്ളതെങ്കിലും ഇസ്ലാം മതത്തോട് ഒരുതരം കുരിശുയുദ്ധ സമീപനം നമ്മുടെ നാട്ടിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് മറക്കേണ്ടതില്ല. പ്രവാചകനെ കാര്‍ട്ടൂണിലവതരിപ്പിക്കുന്നതും മറ്റും ആവിഷ്‌കാര സ്വാതന്ത്യം ഉറപ്പിക്കുന്നതിന് മാത്രമാണെന്ന് കരുതേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ അക്കാലത്തെ പത്രങ്ങളില്‍ ഇതിനെ പറ്റി തങ്ങള്‍ നിരവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്. ലേഖനങ്ങളില്‍ ഭൂരിഭാഗവും ക്രിസ്തുമത ഖണ്ഡനങ്ങളായിരുന്നു.
ആശയ രംഗത്തും പ്രത്യാക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്നറിയാമായിരുന്ന മക്തി തങ്ങള്‍ പ്രതിരോധ ശൈലിവിട്ട് ആക്രമണ ശൈലിയിലാണ് ഇസ്ലാം വിമര്‍ശകരെ നേരിട്ടത്. തൃശൂരിലെ ഫാദര്‍ ദാവീദ് തുടങ്ങിയ ക്രിസ്ത്യന്‍ വൈദിക പണ്ഡിതന്മാര്‍ മക്തിതങ്ങളുമായി സംവാദത്തിലേര്‍പ്പെട്ട് ഒടുവില്‍ പരാജയം സമ്മതിച്ച് പിന്മാറി. കേരളത്തില്‍ മത പ്രബോധന രംഗത്ത് സംവാദത്തിന് തുടക്കം കുറിച്ചത് മക്തി തങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല.
മക്തി തങ്ങളുടെ സമുദായ പരിഷ്‌കരണ പരിശ്രമങ്ങള്‍ ഇന്നും വളരെയേറെ പ്രസക്തിയുള്ളതാണെന്നുമാത്രമല്ല, അതിനുപിന്നില്‍ പ്രവര്‍ത്തിച്ച മനോഭാവം ആദരണീയവും അനുകരണീയവുമാണ്. ക്രിസ്തുമത പ്രചാരകര്‍ ഇസ്‌ലാമിനെ വികൃതമായവതരിപ്പിക്കുന്നതിനെ ചെറുക്കാന്‍ സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചധ്വാനിച്ച തങ്ങള്‍ക്ക് ക്രിസ്ത്യാനികളോട് പൊതുവേ എതിര്‍പ്പോ വിരോധമോ ഇല്ലായിരുന്നു. ഇംഗ്ലീഷുകാരുടെ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് ക്രിസ്തുമത പ്രചാരകര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അറിഞ്ഞിട്ടും സര്‍ക്കാരിനെ മൊത്തത്തില്‍ എതിര്‍ക്കാനോ സര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ പ്രജകള്‍ക്കവകാശമുള്ള ഗുണങ്ങളെ (ഇംഗ്ലീഷ് വിദ്യാഭ്യാസം, ഗവണ്‍മെന്റ് ജോലി തുടങ്ങിയവ) സ്വീകരിക്കാതിരിക്കാനോ തങ്ങള്‍ ഒരുങ്ങിയില്ല.
മക്തി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം എഡി. (വചനംബുക്‌സ്)
മുസ്‌ലിം നവോത്ഥാനം ചില കേരളീയ ചിത്രങ്ങള്‍, എ. പി. അഹമ്മദ് (കൈരളി ബുക്‌സ്)
മൂന്ന് മുസ്‌ലിം പരിഷ്‌കര്‍ത്താക്കള്‍, കെ. കെ. അലി (ഐ.പി.എച്ച്)
കേരള മുസ്‌ലിം അധിനിവേശവിശുദ്ധ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം, കെ.ടി ഹുസൈന്‍ (ഐ.പി.എച്ച്)
ഇസ്‌ലാം ചരിത്രവും വികാസവും, (യുവത ബുക്‌സ്)
മക്തി തങ്ങള്‍ ജീവചരിത്രം, കെ. കെ. മുഹമ്മദ് അബ്ദുല്‍ കരീം (യുവത ബുക്‌സ്)
കേരള നവോത്ഥാനം, പ്രബോധനം വിശേഷാല്‍ പതിപ്പ് (1998)
പ്രബോധനം അറുപതാം വാര്‍ഷികപ്പതിപ്പ്, 2009
ഇസ്‌ലാമിക വിജ്ഞാനകോശം, വാല്യം 8, (ഐ.പി.എച്ച്)
ബോധനം ദൈ്വമാസിക, 2004. മാര്‍ച്ച്