കെ.സി. അബ്ദുല്ലാ മൗലവിയുടെ വിദ്യാഭ്യാസ വീക്ഷണത്തിന്റെ പരിമിതനായ ഒരു ഗുണഭോക്താവിന്റെ സന്നിഗ്ധമായ വിലയിരുത്തലാണീ പ്രബന്ധം. ഇസ്‌ലാമിക ദര്‍ശനത്തിലും കര്‍മശാസ്ത്രത്തിലും ആഴത്തില്‍ അസ്ഥിവാരമിട്ട ഒരു പരിഷ്‌കര്‍ത്താവിന്റെ ബോധന-വൈജ്ഞാനിക രീതികളുടെ ആധികാരികാവലോകനത്തിന് വേണ്ട പശ്ചാത്തല ജ്ഞാനം ഈ ലേഖകന് അവകാശപ്പെടാനാവില്ല.
കെ.സിയുടെ കാര്‍മികത്വത്തില്‍ ഉല്‍ഭവം കൊണ്ട വിദ്യാഭ്യാസ രീതിയെ ഒരാക്കഡമിക് ഡിറ്റാച്ച്‌മെന്റോടെ വിലയിരുത്തുമ്പോള്‍ തെളിയുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന്, കെ.സി. അബ്ദുല്ലാ മൗലവി ഒരു കാലഘട്ടത്തിന്റെ ഉത്തരമായിരുന്നു. ഒരു പ്രത്യേക ദശാസന്ധിയില്‍ മുസ്‌ലിം സമുദായം അനുഭവിച്ച ബൗദ്ധികവും സ്വത്വപരവുമായ പ്രശ്‌നങ്ങള്‍ക്ക് ലഭിച്ച ഉത്തരം. രണ്ട്, കെ.സിയിലെ വിദ്യാഭ്യാസ വിചക്ഷണന്‍ വേറിട്ട ഒരു ഏകകമായിരുന്നില്ല. മത പണ്ഡിതന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, നവോത്ഥാന നായകന്‍ തുടങ്ങി വിവിധങ്ങളായ തലങ്ങളില്‍ സ്വകീയ മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസ വീക്ഷണം ഇവയോടൊപ്പം പൂരകമായി നിന്ന ഒരു സങ്കല്‍പമായിരുന്നു. കാലത്തിനനുസരിച്ച് ഏറെ വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും വിധേയമായതും ഏറെ വിശകലനങ്ങളിലൂടെയും പങ്കുവെക്കലുകളിലൂടെയും പരീക്ഷണങ്ങളിലൂടെയും വികസിച്ച ഒരു വീക്ഷണമായിരുന്നു അത്.
താന്‍ പ്രവര്‍ത്തിക്കുകയും പലപ്പോഴും നേതൃസ്ഥാനമലങ്കരിക്കുകയും ചെയ്ത സംഘടനയുടെ നയങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കുമനുരൂപമായാണ് കെ.സി തന്റെ വൈജ്ഞാനിക കാഴ്ച്ചപ്പാടുകളെ രൂപപ്പെടുത്തിയതെങ്കിലും കാലത്തിന് മുമ്പേ സഞ്ചരിക്കാനുള്ള മനസ്സും വ്യഗ്രതയും അദ്ദേഹത്തെ സംഘടനയിലെ സഹജീവികളുടെ പരിമിതികള്‍ക്കപ്പുറം കടക്കാന്‍ പ്രാപ്തനാക്കി. 50 കളില്‍ ആലിയാ അറബിക് കോളേജില്‍ അധ്യാപകനായിരിക്കേ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വോളിബോള്‍ മത്സരമേര്‍പ്പെടുത്തിയ നടപടി തന്നെ വിപ്ലവകരമായ ഒരു വീക്ഷണത്തിന്റെ ആദ്യ ബീജങ്ങളെ അടയാളപ്പെടുത്തുന്നു.1 കായികമായും ആരോഗ്യപരമായും സജ്ജമായ ഒരു ശരീരത്തിലേ ബൗദ്ധികവൃത്തി പുഷ്ടിപ്പെടൂ എന്ന തിരിച്ചറിവ് കളിയും വിനോദവും 'ഹറാമായി' കണ്ടിരുന്ന അന്നത്തെ മതപരിസരത്ത് വിപ്ലവകരമായിരുന്നു.
1955 ല്‍ ചേന്ദമംഗല്ലൂര്‍ കേന്ദ്രമായ അല്‍മദ്രസത്തുല്‍ ഇസ്‌ലാമിയാ കമ്മിറ്റിയുടേതായി പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ തലമുറകളുടെ ബഹുമുഖമായ വികാസത്തിന് കെ.സി ആവിഷ്‌കരിച്ച പദ്ധതിയെ കുറിച്ച വ്യക്തമായ ചിത്രമുണ്ട്.2 മത ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയത്തെ കുറിച്ചുള്ള പ്രാഗ്ചിന്തകള്‍ ഇതില്‍ വായിച്ചെടുക്കാം. പാഠ്യപദ്ധതിയെയും ബോധനരീതികളെയും കുറിച്ച് മാത്രമല്ല, അധ്യാപകര്‍ക്ക് മാന്യമായ വേതനം നല്‍കേണ്ടതിന്റെ പ്രാധാന്യവും കെട്ടിടങ്ങളുടെ രൂപഭംഗിയെ കുറിച്ച പരാമര്‍ശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. കെ.സിയിലെ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌കര്‍ത്താവിനെ വ്യക്തമായി കാണാന്‍ കഴിയുന്ന ഒരു മേഖലയാണിത്. ആരോഗ്യകരമായ ഒരു തലമുറയുടെ ബീജാവാപത്തില്‍ സ്ത്രീസമൂഹം വഹിക്കേണ്ട ദൗത്യം തിരിച്ചറിഞ്ഞ അദ്ദേഹം 1960 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരു മുഴുസമയ മദ്‌റസത്തുല്‍ ബനാത്ത് ആരംഭിച്ചു. 2013 ന്റെ ഉച്ചിയില്‍ നിന്ന് നോക്കുമ്പോള്‍ തിരിച്ചറിയാനാകുന്നതിലും ഏറെ വിപ്ലവകരമായിരുന്നു ഈ നടപടി. അന്ധവിശ്വാസം ജഢിലമായിരുന്ന അന്നത്തെ സമൂഹം ഏറെക്കുറെ സ്ത്രീവിദ്യാഭ്യാസത്തെ ഹറാമായാണ് ഗണിച്ചത്. അജ്ഞതയുടെ ഘനാന്ധകാരത്തില്‍ സ്ത്രീസമൂഹത്തെ നിത്യമായി തളച്ചിട്ട്; അവരുടെ അജ്ഞതയെ തങ്ങളുടെ ചൂഷണത്തിനുതകുന്ന അസംസ്‌കൃത പദാര്‍ഥങ്ങളാക്കി നിലനിര്‍ത്തുന്നതിലായിരുന്നു അന്നത്തെ പൗരോഹിത്യത്തിന് താല്‍പര്യം. സ്ത്രീകള്‍ കഷ്ടിമുഷ്ടി അറബി മലയാളവും അര്‍ഥമറിയാതെ ഖുര്‍ആന്‍ ഓതാനും പഠിച്ചാല്‍ പോരെന്ന് തിരിച്ചറിഞ്ഞ കെ.സി മദ്രസത്തുല്‍ ബനാത്തില്‍ ഖുര്‍ആന്‍ അര്‍ഥവും മലയാളവും ബെയ്‌സിക് ഇംഗ്ലീഷും പഠിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. 1960 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരടക്കാപുര വാടകക്കെടുത്ത് പെണ്‍കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനായി ഒരു ഹോസ്റ്റല്‍ തുടങ്ങിയത് ഈ ദിശയില്‍ സാഹസികമായ ഒരു കാല്‍വെപ്പായിരുന്നു.
മത-ഭൗതിക വിദ്യാഭ്യാസങ്ങളെ സമന്വയിച്ച് കൊണ്ടുള്ള എ.ഐ.സി പദ്ധതി വിപ്ലവകരമായ ഇത്തരം പരീക്ഷണങ്ങളുടെ പരിപൂര്‍ത്തിയായിരുന്നു. വിജ്ഞാനത്തിന്റെ ഇസ്‌ലാമികവല്‍കരണത്തെ കുറിച്ച് ഇസ്മായീല്‍ ഹാജി ഫാറൂഖിയെപ്പോലുള്ളവര്‍ ആധികാരികമായി ഉപന്യസിക്കുന്നതിന് എത്രയോ മുമ്പ് കെ.സി അത്തരം സ്വപ്‌നങ്ങള്‍ താലോലിച്ചുവെന്നതിന് ഒരിസ്‌ലാമിക സര്‍വകലാശാലയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷി. എ.ഐ.സി കോഴ്‌സുകളില്‍ ശാസ്ത്രവിഷയങ്ങള്‍ ഉള്‍പ്പെടുത്താനാകാത്തത് കെ.സിക്ക് ഏറെ വിഷമമുണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കുക കൂടിയായിരുന്നു ഇസ്‌ലാമിക സര്‍വകലാശാലയിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത്. പ്രശസ്ത എഞ്ചിനീയറും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ടി.പി കുട്ടിയമ്മു സാഹിബിന്റെ നേതൃത്വത്തില്‍ 1980 ല്‍ സര്‍വകലാശാല കെട്ടിടത്തിന് വേണ്ട പ്ലാനും എസ്റ്റിമേറ്ററും അദ്ദേഹം തയ്യാറാക്കിച്ചു.3
ആധുനിക സാഹചര്യത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കാനുതകുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു കെ.സിയുടെ വിദ്യാഭ്യാസ പരീക്ഷണങ്ങളുടെ ആത്യന്തിക ലക്ഷ്യം. എ.ഐ.സി കോഴ്‌സുകള്‍ ഈ ലക്ഷ്യത്തിന് പൂര്‍ണമായുതകുന്നില്ലെന്ന തോന്നലാണ് ദഅ്‌വാ കോഴ്‌സ് എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഭൗതിക സരണിയില്‍ ബിരുദ വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ മുഴുസമയ ദീനി അധ്യയനത്തോടൊപ്പം ഇംഗ്ലീഷ് പരിശീലനവും ഇതില്‍ നടപ്പാക്കിയിരുന്നു.
1955 ലെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന ഒരു കാര്യം അധ്യാപകരുടെ ബൗദ്ധിക നിലവാരത്തിന് കെ.സി നല്‍കിയ പ്രാധാന്യമാണ്. മികച്ച അധ്യാപകരുടെ ആവശ്യത്തെ കുറിച്ച് വിവരിക്കാന്‍ ഹ്രസ്വമായ റിപ്പോര്‍ട്ടിന്റെ മൂന്നോളം പേജുകള്‍ നീക്കി വെച്ചിരിക്കുന്നു. അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ പിന്നീട് ഇസ്‌ലാമിയാ കോളേജായുയര്‍ത്തിയപ്പോഴും അദ്ദേഹം വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത ഒരു മേഖലയായിരുന്നു ഇത്. പിന്നീട് ഇസ്‌ലാഹിയാ കോളേജെന്ന് നാമകരണം ചെയ്യപ്പെട്ട സ്ഥാപനത്തിലെ അധ്യാപകരുടെ പട്ടിക പരിശോധിച്ചാലറിയാം ഇക്കാര്യത്തില്‍ പുലര്‍ത്തിയ നിഷ്‌കര്‍ഷത. പ്രൊഫ. പി. കോയ, എ. പി. കുഞ്ഞാമു, ജമാല്‍ മലപ്പുറം, ഡോക്ടര്‍ എ. ഐ. റഹ്മത്തുല്ലാ, ഒ. അബ്ദുര്‍റഹ്മാന്‍, ഒ. അബ്ദുല്ല, ഇ. എന്‍. ഇബ്രാഹീം തുടങ്ങിയവരടങ്ങുന്ന ഈ നീണ്ട നിര മുസ്‌ലിം ബുദ്ധിജീവികളുടെ ഒരു പരിഛേദം തന്നെയാണ്.
പ്രസ്ഥാനത്തോടുള്ള കൂറും കടപ്പാടുമെന്നതിനേക്കാള്‍ യോഗ്യതയാണ് അധ്യാപക നിയോഗത്തില്‍ പ്രാധാന്യമെന്ന് അദ്ദേഹം വിശ്വസിച്ചു. ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ ഈ ആത്മവിശ്വാസത്തിന്റെ വിജയസാക്ഷ്യമായിരുന്നു. മുസ്‌ലിം സ്‌കൂളുകള്‍ എസ്.എസ്.എല്‍.സി പരീക്ഷകളില്‍ തുടര്‍ച്ചയായി സംപൂജ്യകരുടെ പട്ടിക തികച്ചപ്പോള്‍ കെ.സി നേതൃത്വം നല്‍കിയ വിദ്യാലയം വിജയത്തിന്റെ പുതിയ നാള്‍വഴികള്‍ കണ്ടെത്തി.
ഉള്‍ക്കൊള്ളലിന്റെയും സ്വാംശീകരണത്തിന്റെയും രീതി പിന്തുടര്‍ന്ന കെ.സി സിദ്ധാന്ത ജഢിലതയുടെ ഇരുമ്പ് മറകളിലേക്ക് ഉള്‍വലിയാന്‍ തിടുക്കം കാട്ടിയില്ല. കെ.സി അടക്കമുള്ളവര്‍ മുന്‍കൈയെടുത്ത് തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് പില്‍ക്കാലത്തുണ്ടായ അപചയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ഉള്‍വലിയലായിരുന്നു.
സ്വപ്‌നം കാണാനും അത് പ്രാവര്‍ത്തികമാക്കാനും കാണിച്ച ആവേശമാണ് കെ.സിയെ സാമ്പ്രദായിക മതപണ്ഡിതരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. പ്രധാനമായും സ്വദേശമായ ചേന്ദമംഗല്ലൂരിനെ കേന്ദ്രീകരിച്ച് വികസിച്ച ആ സ്വപ്‌നങ്ങള്‍ ഒരു ചെറു ഗ്രാമത്തിന്റെ ചിന്താപരവും ഭൂമിശാസ്ത്രപരവുമായ വിസ്തീര്‍ണത്തെ കവച്ച് വെക്കുന്നതായിരുന്നു. അതിനാല്‍ തന്നെ ഇസ്‌ലാമിക സര്‍വകലാശാല പോലുള്ള സങ്കല്‍പങ്ങള്‍ പലതും തുടക്കത്തിലേ കൂമ്പടഞ്ഞു.
പക്ഷെ, ആ സ്വപ്‌നങ്ങള്‍ പുതിയ ഭാവങ്ങളില്‍ മറ്റ് മേല്‍വിലാസങ്ങളില്‍ പുനര്‍ജനിച്ചതിന് വര്‍ത്തമാന ചരിത്രം സാക്ഷിയാണ്. ഒരു പക്ഷെ, കെ.സിയുടെ സ്വന്തം പ്രസ്ഥാന പരിസരത്തിലുള്ളവരേക്കാള്‍ എതിര്‍ പാളയങ്ങളിലുള്ളവരാണ് ഇവയുടെ പകര്‍പ്പവകാശം പിടിച്ച് പറ്റിയത്. ആത്മീയ-ഭൗതിക ധാരകളെ സംയോജിപ്പിച്ച് അദ്ദേഹം നടത്തിയ എ.ഐ.സി പരീക്ഷണങ്ങളുടെ പരോക്ഷ സ്വാധീനം സമുദായത്തിന് ഇന്നഭിമാനമായ ദാറുല്‍ ഹുദാ-ഇമാം ഗസ്സാലി അക്കാഡമികളുടെ പിറവിക്ക് പിന്നിലുണ്ടെന്ന് ന്യായമായും അനുമാനിക്കാം.
ആധുനിക വിജ്ഞാനീയങ്ങളുമായി ക്രിയാത്മകമായി സംവദിക്കുന്നതോടൊപ്പം ഇസ്‌ലാമിന്റെ മൗലികതയിലും ആദര്‍ശങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കെ.സി സ്വീകരിച്ചത്. ഒരുന്നത വിദ്യാഭ്യാസ സ്ഥാപനം കേവലം അറിവ് പകരുന്ന ഗേഹമെന്നതിലുപരി വിജ്ഞാനമുല്‍പാദിപ്പിക്കുന്ന കേന്ദ്രമായിരിക്കണമെന്ന് കെ.സി ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. 'പരലോകം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ ആദ്യഗ്രന്ഥത്തിന്റെ പ്രസാധനം ഇസ്‌ലാഹിയാ അസോസിയേഷന്റെ കാര്‍മികത്വത്തിലാണ് നടന്നത്. എന്നാല്‍ സര്‍വകലാശാല സ്വപ്‌നം പോലെ അസോസിയേഷന്‍ അനുബന്ധമായുള്ള പ്രസാധനസംരംഭവും ഏറെ താമസിയാതെ കൂമ്പടയുകയാണുണ്ടായത്.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, എം.സി.സി സഹോദരങ്ങള്‍ തുടങ്ങി മലയാള മുസ്‌ലിം മത വിദ്യാഭ്യാസത്തിന് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയവരുടെ നിരയില്‍ കെ.സിക്ക് സ്ഥാനമുണ്ട്. പക്ഷെ, അദ്ദേഹം അമരത്തിരുന്ന സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ ആ പരിഷ്‌കര്‍ത്താവിന്റെ സ്വപ്നങ്ങളോട് നീതി പുലര്‍ത്തുന്നുവോ എന്നത് ഗൗരവമായി വിചാരണ ചെയ്യപ്പെടേണ്ടതാണ്. ആംഗല ബോധന വിദ്യാലയങ്ങളുടെയും സ്വാശ്രയ സ്ഥാപനങ്ങളുടെയും കൂലം കൊത്തിയൊഴുക്കില്‍, ഭാവനാ സമ്പന്നരായ പിന്‍മുറക്കാരുടെ അഭാവത്തില്‍ ഈ സ്ഥാപനങ്ങള്‍ പഴയ ഗരിമയുടെയും കീര്‍ത്തിയുടെയും നിഴല്‍ രൂപങ്ങളായി മാറിയിരിക്കുന്നു. കാലത്തിന്റെ ഗതിവേഗം അളന്ന് യോജിച്ച പ്രതികരണത്തിന്റെയും പരിഷ്‌കരണത്തിന്റെയും രീതികളവലംബിച്ചില്ലെങ്കില്‍ ഒരു കാലഘട്ടത്തിന്റെ ചോദ്യങ്ങള്‍ക്ക് പ്രൗഢമായ ഉത്തരം അരുളിയ ഈ സ്ഥാപനങ്ങള്‍ വരും കാലത്തിന്റെ വെറും ചോദ്യങ്ങളായി മാറുമോ എന്ന ആശങ്ക ഇവിടെ തീര്‍ത്തും ന്യായയുക്തമാണ്.