കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കാരണവരായാണ് കെ.എം മൗലവി അറിയപ്പെടുന്നത്. മലബാര്‍ സമരത്തില്‍ അദ്ദേഹത്തിന്റ പങ്കിനെക്കുറിച്ചുള്ള ചെറിയ ഒരു വിശകലനമാണ് ഈ കുറിപ്പ്.
കെ.എം. മൗലവി: ജീവിതരേഖ
പിതാവ്: തയ്യില്‍ കുഞ്ഞിമൊയ്തീന്‍ സാഹിബ്
മാതാവ്: പാലമടത്തില്‍ കണ്ണാട്ടില്‍ ആയിശ
ജനനം: ഹിജ്‌റ 1303 ശവ്വാല്‍ 2 (എ.ഡി. 1886 ജൂലൈ 6)
പ്രഥാന ഗുരുനാഥന്മാര്‍
1. കൂരാടന്‍ അഹമ്മദ് കുട്ടി മൊല്ല (കക്കാട് എഴുത്ത് പള്ളി)
2. കോടഞ്ചേരി കരുവാട്ട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ (തിരൂരങ്ങാടി നടുവിലെ പള്ളി ദര്‍സ്)
3. പാലശ്ശേരി കമ്മുണ്ണി മുസ്‌ല്യാര്‍-കുറ്റൂര്‍ (തിരൂര്‍ തലക്കടത്തൂര്‍ ജുമുഅത്ത് പള്ളി ദര്‍സ്)
4. പാലമടത്തില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍-ചേരൂര്‍(പറവണ്ണ ജുമുഅത്ത് പള്ളി ദര്‍സ്)
5. ഫലക്കി പോക്കര്‍ മുസ്‌ലിയാര്‍
കേരളത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫത്‌വകളും മറ്റും നല്ല കൈപ്പടയില്‍ എഴുതിയിരുന്ന കെ.എം മൗലവി കാത്തിബ് (എഴുത്തുകാരന്‍) എന്ന പേരിലും അറിയപ്പെടുന്നു.
കെ.എം. മൗലവി:
അതുല്യനായ സ്വദേശാഭിമാനി
കേരള മുസ്‌ലിംകള്‍ക്കിടയില്‍ സ്വാതന്ത്ര്യ സന്ദേശം പ്രചരിപ്പിച്ച അതുല്യനായ സ്വദേശാഭിമാനിയും അതോടൊപ്പം സമുദായ സ്‌നേഹിയുമായിരുന്ന കെ.എം മൗലവി 1920 ഖിലാഫത്ത്-കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാക്കളില്‍ പ്രസിദ്ധനായിരുന്നു. മഹാത്മാ ഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതോടു കൂടി വിദേശ വസ്ത്ര ബഹിഷ്‌കരണം, ഖാദി പ്രചരണം എന്നിവയില്‍ മുന്നില്‍ നിന്ന് കെ.എം മൗലവി സാധാരണക്കാര്‍ക്ക് ഖിലാഫത്ത് കോണ്‍ഗ്രസ് സന്ദേശങ്ങള്‍ ലളിതമായ ഭാഷയില്‍ വിവരിച്ചുകൊടുക്കുക കൂടി ചെയ്തു.
ഖിലാഫത്ത് പ്രവര്‍ത്തനങ്ങളും
പ്രസംഗങ്ങളും
£ 1920 നവംബര്‍ 2 ന് കൊണ്ടോട്ടിയില്‍ പ്രമുഖ പണ്ഡിതനായ അഹമ്മദ് കുട്ടി മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഖിലാഫത്ത് സമ്മേളനത്തില്‍ അതിശക്തമായ പ്രസംഗം നടത്തി.
£ 1921 ജനുവരി 15 ന് കോഴിക്കോട് വെച്ച് നടന്ന ഖിലാഫത്ത് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അനിവാര്യതയെക്കുറിച്ച് പ്രസംഗം നടത്തി.
£ 1921 ഏപ്രില്‍ 2,3 തിയ്യതികളില്‍ ഈറോഡില്‍ വെച്ച് നടന്ന മജ്‌ലിസുല്‍ ഉലമ പ്രതിനിധി സമ്മേളനത്തില്‍ ഖിലാഫത്ത് ആദര്‍ശങ്ങളെക്കുറിച്ചു പ്രസംഗിച്ചു.
£ 1921 ഏപ്രില്‍ 23,24,25,26 തിയ്യതികളില്‍ നടന്ന ഖിലാഫത്ത്-കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ സ്വാഗത സംഘം കമ്മിറ്റി അംഗമായിരുന്ന മൗലവി ശക്തമായ പ്രഭാഷണം നടത്തി.
£ 1921 ജൂലൈ 22 ന് തിരൂരങ്ങാടിയില്‍ വെച്ച് നടന്ന ഖിലാഫത്തിന്റെ അഞ്ചാം സമ്മേളനത്തില്‍ കനത്ത മഴയെ അവഗണിച്ചു കൊണ്ട് നാല് മണിക്കൂര്‍ തുടര്‍ച്ചയായി പ്രഭാഷണം നടത്തി
£ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ എടുത്തുചാടി പ്രവര്‍ത്തിക്കരുത് തുടങ്ങി വിവിധ നിസ്സഹകരണ രീതികളെക്കുറിച്ച് 1921 ഓഗസ്റ്റ് 13 ന് പൊടിയാട്ട് ജുമാ മസ്ജിദില്‍ മഗ്‌രിബ് നമസ്‌കാരനാന്തരം നടന്ന പ്രഭാഷണത്തിലൂടെ ജനങ്ങളെ ഉണര്‍ത്തി.
£ 1921 ഓഗസ്റ്റ് 20 ന് ബ്രിട്ടീഷുകാര്‍ തിരൂരങ്ങാടിയില്‍ എത്തുകയും ഖിലാഫത്ത് ഓഫീസ് കയ്യേറുകയും ലഘുലേഖകള്‍, ഫര്‍ണ്ണീച്ചറുകള്‍ എന്നിവ അഗ്നിക്കിരയാക്കുകയും അകാരണമായി നാലുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു. എല്ലാറ്റിനുമുപരി പള്ളിയില്‍ കയറി പരിശോധന നടത്തി. ഇത് മുസ്‌ലിംകള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പള്ളിയെ അപമാനിച്ചതിനു പകരം ചോദിക്കാന്‍ തക്ബീര്‍ മുഴക്കിക്കൊണ്ട് വടിയും കഠാരയുമായി വരുന്ന ജനാവലിയെ കണ്ട മൗലവി അവരെ തടയുകയും സമാധാനം പാലിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് വാചാലനാവുകയും ചെയ്തു.
£ സ്വന്തം അനുയായികളില്‍ നിന്ന് ഖിലാഫത്തിന്നെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ ദഅ്‌വത്തുല്‍ ഹഖ് എന്ന പേരില്‍ ലഘുലേഖ ഇറക്കി.
£ അകാരണമായി ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്ന നിവേദനമായി ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ അന്നത്തെ കളക്റ്ററായിരുന്ന തോമസിന്റെ അടുത്തേക്ക് പോയവരെ ബ്രിട്ടീഷ് പട്ടാളം പീരങ്കികൊണ്ടാണ് നേരിട്ടത്. ഇരുപതോളം മാപ്പിള മക്കള്‍ ആസംഭവത്തില്‍ രക്തസാക്ഷികളായി. ഇതിന് ശേഷം നടന്ന സുപ്രധാനമായ യോഗത്തില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മൗലവി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സംഭവങ്ങള്‍ വിവരിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തി.
അന്നത്തെ കലക്ടറായിരുന്ന തോമസ്, ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ യോഗങ്ങള്‍ നിരോധിക്കുകയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ കെ.എം. മൗലവി എന്നിവരുടെ പ്രസംഗ സ്വാതന്ത്ര്യം തടയുകയും ചെയ്തു.
ഇനിയും ഒരു രക്തച്ചൊരിച്ചില്‍ ഇല്ലാതിരിക്കാനായി സഹനത്തിന്റെ മാര്‍ഗമല്ലാതെ വേറെ മാര്‍ഗമില്ല എന്ന് ഉപദേശിച്ചുകൊണ്ട് മലബാറില്‍ വിതരണം ചെയ്യാനായി ഇറക്കിയ വിജ്ഞാപനത്തില്‍ കെ.പി. കേശവമേനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവര്‍ക്കൊപ്പം കെ.എം. മൗലവിയും ഒപ്പിട്ടു. ഈ പ്രമുഖ നേതാക്കന്മാര്‍ തിരൂരങ്ങാടിയിലേക്കുള്ള യാത്രാമധ്യേ മേല്‍പറഞ്ഞ ലഘുലേഖ വിതരണം ചെയ്തു. എന്നാല്‍ നേതാക്കന്മാര്‍ തിരിച്ചുപോയി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആലി മുസ്‌ലിയാരും ഖിലാഫത്ത് നേതാക്കന്മാരും താമസിച്ചിരുന്ന തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി പട്ടാളം വളഞ്ഞു. അതിശക്തമായ യുദ്ധത്തില്‍ മുസ്‌ലിംകളില്‍ പലരും ശഹീദായി. പള്ളിയുടെ മുകളില്‍ കയറിയ പട്ടാളം ആലിമുസ്‌ലിയാരെയും ഇരുപത്തിരണ്ട് അനുയായികളെയും അറസ്റ്റ് ചെയ്യുകയും പിന്നീട് മരണശിക്ഷക്ക് വിധിക്കുകയും ചെയ്തു. ഇതോടു കൂടി മലബാര്‍ ലഹളയുടെ വ്യാപ്തി കൂടി. വെള്ളക്കാരെ സ്തംഭിപ്പിച്ചുകൊണ്ട് ആറു മാസക്കാലം മാപ്പിളമക്കള്‍ തങ്ങളുടെ രാജ്യത്തിന് വേണ്ടി പടപൊരുതി.
കലാപങ്ങള്‍ക്ക് ശേഷം കെ.എം മൗലവി കൊടുവായൂര്‍, കോട്ടപ്പുറം, പുളിക്കല്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു. കൊടുങ്ങല്ലൂരിലെ താമസത്തിനിടക്ക് നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ഒതുക്കി. 1964 സെപ്റ്റംബര്‍ 10ന് കെ.എം. മൗലവി ഇഹലോക വാസം വെടിഞ്ഞു.
1. കെ.എം മൗലവി സാഹിബ്: രചയിതാവ്: കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം. അല്‍-കാത്തിബ് പബ്ലിക്കേഷന്‍സ്, തിരൂരങ്ങാടി, 1985 മാര്‍ച്ച് 30
2. മലബാര്‍ സമരം. എം.പി. നാരായണ മേനോനും സഹപ്രവര്‍ത്തകരും. രചയിതാവ്: പ്രൊഫ. എം.പി. എസ് മേനോന്‍. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്. ജൂണ്‍ 2005
3. മലബാര്‍ ദേശീയതയുടെ ഇടപാടുകള്‍. പഠനം എം.ടി അന്‍സാരി, ഡി.സി ബുക്‌സ്, കോട്ടയം. ഏപ്രില്‍ 2008.