പൊന്‍കുന്നം സെയ്ദ് മുഹമ്മദ്

കെ.എം. അജീര്‍കുട്ടി  

ഹാകവി പൊന്‍കുന്നം സെയ്ദു മുഹമ്മദ് (1909-1995) ദിവംഗതനായിട്ട് രണ്ടു ദശാബ്ദത്തോളമാകുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന്  വയസ്സ് 87. ജീവിതത്തിന്റെ വലിയൊരു ഭാഗം കാവ്യോപാസന ചെയ്തും താന്‍ പരിചയിച്ച് പരിശീലിച്ച രീതിയില്‍ കാവ്യരചന നടത്തിയും ജീവിച്ച ആ മഹാകവിക്ക് അര്‍ഹമായ അംഗീകാരമോ ആദരവോ പരിഗണനയോ ലഭിച്ചിരുന്നില്ലെന്നുള്ളത് അദ്ദേഹത്തെ അറിയുന്നവരെ ഇന്നും വിഷാദ മൂകരാക്കുന്ന വസ്തുതയാണ്. പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ ജീവിതത്തിലേയ്ക്കും സാഹിത്യ പരിശ്രമങ്ങളിലേയ്ക്കും ഒന്നു തിരിഞ്ഞ് നോക്കാനുള്ള ഈ സന്ദര്‍ഭം, അപ്പോള്‍ അസംഗതമല്ല. വലുതും ചെറുതുമായ എട്ടുപത്തു കാവ്യഗ്രന്ഥങ്ങളും ഒരു നാടകവും രചിക്കുകയും കേരളത്തിലെ പ്രമുഖമായ പത്ര മാസികകള്‍ക്ക് സാഹിത്യ സംഭാവനകള്‍ ചെയ്തും സമസ്ത കേരള സാഹിത്യ പരിഷത്‌പോലുള്ള പ്രസ്ഥാനങ്ങളുമായി സഹകരിച്ചും മുന്‍നിര സാഹിത്യകാരന്മാരോടൊപ്പം നടന്നും ജീവിച്ച അധ്യാപകനായിരുന്ന ഒരു കവിയെപ്പറ്റി നമ്മുടെ എണ്ണപ്പെട്ട സാഹിത്യ/ചരിത്ര റഫറന്‍സ് ഗ്രന്ഥങ്ങളില്‍ അനവധാനതയോടെയാണ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എന്നത് ഖേദകരം തന്നെ.
    കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യകാര ഡയറക്ടറികളിലും ഡോ.സി.കെ. കരീമിന്റെ കേരള മുസ്ലിം ചരിത്രം സ്ഥിതി വിവരകണക്ക് ഡയറക്ടറിയിലുമൊക്കെ കവി പൊന്‍കുന്നത്തിന്റെ ജനനസ്ഥലവും തീയതിയുമെല്ലാം ഒന്നിനൊന്ന് ചേരാത്ത നിലയിലാണ് കൊടുത്തിട്ടുള്ളത്. മുസ്ലിം ഡയറക്ടറിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത് കവികളുടെയും സാഹിത്യകാരന്മാരുടെയും കൂട്ടത്തിലല്ല, മറിച്ച് കോട്ടയം ജില്ലയിലെ ചില വ്യക്തികളുടെ ഇടയിലാണ്. കവി മരിക്കുമ്പോള്‍ 87 വയസ്സായിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍, അദ്ദേഹത്തിന്റെ ജന്മവര്‍ഷമായി ഏറെ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള 1909-ല്‍ തന്നെയായിരിക്കണം സെയ്ദ് മുഹമ്മദ് ജനിച്ചിട്ടുള്ളതെന്ന് തീരുമാനിക്കുന്നതില്‍ അപാകതയില്ല. പൊന്‍കുന്നത്തെ പുതുപ്പറമ്പില്‍ തറവാട്ടില്‍ നാഗൂര്‍ മീരാ റാവുത്തരുടെ മകനായിട്ടാണ് സെയ്ദു മുഹമ്മദ് ജനിച്ചത്.
കവിയുടെ ഔപചാരിക വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ അദ്ദേഹത്തിന് തമിഴും ഇംഗ്ലീഷും അറിയാമായിരുന്നു എന്നുള്ള ഒരു വെടിപ്പന്‍ പ്രസ്താവന മാത്രമാണ് റഫറന്‍സ് ഗ്രന്ഥങ്ങളില്‍ കാണുന്നത്. മലയാളത്തില്‍ ഛന്ദോബദ്ധമായ കാവ്യരചന നടത്തിയിരുന്ന ഒരു കവിയ്ക്കു മലയാളത്തിലും സംസ്‌കൃതത്തിലും ഉണ്ടായിരുന്ന പ്രാവീണ്യം എടുത്തുപറയേണ്ടതില്ലെന്ന് കരുതിയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ഇതര ഭാഷാ പാണ്ഡിത്യത്തെക്കുറിച്ച് മാത്രം സൂചിപ്പിച്ചത്. ഏതായാലും താന്‍ വിദ്യ അഭ്യസിച്ച് കാവ്യ രചനയിലേര്‍പ്പെടാനിടയായ സാഹചര്യങ്ങളും പശ്ചാത്തലവും മാഹമ്മദം മഹാകാവ്യത്തിന് കവി തന്നെ എഴുതിയ മുഖവുരയില്‍ വിവരിച്ചിട്ടുള്ളത് കൗതുകരമാണ്. അത് ഏതാണ്ടിപ്രകാരം സംക്ഷേപിക്കാം:
ലൗകിക വിദ്യാഭ്യാസം നിഷിദ്ധമെന്ന് ദുഷ്പ്രചരണം നടത്തിയ ചില 'ചുമ്മാ മുസ്‌ല്യാര്‍മാരും മൗലവിമാരും' കേരള മുസ്ലിം സമുദായത്തെ ഭാഷാപരമായി അധഃപതിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍, പൊന്‍കുന്നത്ത് ബഹുഭൂരിപക്ഷം അമുസ്ലിംകള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന മുസ്ലിം ന്യൂനപക്ഷ സമുദായാംഗമായിരുന്ന സെയ്ദ് മുഹമ്മദിന് 'മറ്റു കുട്ടികളെപ്പോലെ പള്ളിക്കൂടങ്ങളില്‍ പോയി പഠിക്കുക' എന്നതു താരതമ്യേന എളുപ്പമായി. അക്കാലത്തെ പാഠപുസ്തകങ്ങളില്‍ പദ്യ ഗ്രന്ഥങ്ങള്‍ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ടായിരുന്നു. കുട്ടിയായിരുന്ന സെയ്ദു മുഹമ്മദിന്റെ കവിതാവാസനയെ പരിപോഷിപ്പിച്ചത് അന്നത്തെ പദ്യ ഗ്രന്ഥാവലികളായിരുന്നു. 'രാമായണാദി കാവ്യങ്ങള്‍ വായിക്കുമ്പോള്‍ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് പാത്രമാകാത്തവണ്ണം ആ ഭാഗങ്ങള്‍ അനായാസേന മറിച്ചുകടന്ന് മറ്റ് ഭാഗങ്ങളിലെത്തിച്ചേരുമെന്ന്' പൊന്‍കുന്നം തുറന്നെഴുതുന്നു. എന്നാലും കൂടുതല്‍ പദ്യഗ്രന്ഥങ്ങള്‍ വായിക്കാനുള്ള അദമ്യമായ ഉത്സാഹത്താല്‍ രാമായണം, ഭാരതം, ഭാഗവതം, കൃഷ്ണപ്പാട്ട്, തുള്ളല്‍ക്കഥകള്‍, ചമ്പുക്കള്‍ എല്ലാംതന്നെ പലപ്രാവശ്യം വായിച്ച് ഹൃദിസ്ഥമാക്കുന്നതിന് സെയ്ദു മുഹമ്മദിന് സാധിച്ചു.
അങ്ങനെ വിവിധ കാവ്യരൂപങ്ങളും രീതികളുമായി ഗാഢബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ സെയ്ദ് അന്നത്തെ സമ്പ്രദായമനുസരിച്ച് പദ്യ പ്രബന്ധരചനയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി.അചിരേണ അതു കാവ്യരചനയിലേക്കു നീങ്ങി. അതിനോടകംതന്നെ 'വൃത്ത ശാസ്ത്രാലങ്കാരാദികള്‍ ആവുന്നത്ര' അഭ്യസിക്കുന്നതിനും ആനുകാലികങ്ങളില്‍ പ്രസിദ്ധംചെയ്യുന്ന ലേഖനങ്ങള്‍ പാരായണം ചെയ്തു അറിവു സമ്പാദിക്കുന്നതിനും പൊന്‍കുന്നത്തിന് സാധിച്ചു. പ്രാസ വാദക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളും യുവാവായ കവിയില്‍ അനുരണനങ്ങള്‍ ഉണ്ടാക്കി.
പഴയതിരുവിതാംകൂറില്‍ കൊല്ലത്തിനടുത്തുള്ള ഇടവാ (ഇപ്പോള്‍ തിരുവനന്തപുരം ജില്ലയില്‍)യില്‍ നിന്നും പുറത്തിറങ്ങിയിരുന്ന ഇസ്ലാം ദൂതന്‍ എന്ന മാസികയില്‍ ആയിരുന്നു പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ  ഒരു ശ്ലോകം ആദ്യമായി അച്ചടിച്ചത്. അന്ന് പ്രസിദ്ധീകരണങ്ങള്‍ക്ക് മംഗള ശ്ലോകം ഉണ്ടാവുക പതിവായിരുന്നു. ഇസ്ലാം ദൂതനില്‍ അങ്ങനെയൊന്നില്ലെന്നുകണ്ട് അദ്ദേഹം എഴുതിക്കൊടുത്ത ശ്ലോകമായിരുന്നു ഇത്:

മട്ടോലും കേരളത്തില്‍ മരുവിടുമൊരു വര്‍-
ഗ്ഗീയരാം മുസ്ലിമീങ്ങള്‍-
ക്കൊട്ടും വിജ്ഞാനമില്ലെന്നവരുടെയിടയില്‍
ചൊല്ലീടുന്നല്ലലോടെ
കഷ്ടം താനീയുദന്തം കഴുകിയകലെയായ്
പോക്കുവാന്‍ ജാതമായോ-
'രിസ്ലാം ദൂതാ''ഖ്യയാകും ഗുണഗുണനിധിയാം
മാസികേ! നീ ജയിക്ക!!

പൊന്‍കുന്നത്ത് അക്കാലത്തു നിലവിലുണ്ടായിരുന്ന അക്ഷരശ്ലോക സമിതിയും സെയ്ദു മുഹമ്മദിലെ കവിയെ കാര്യമായി പ്രോത്സാഹിപ്പിച്ചുപോന്നു.
1926 മുതല്‍ തുടര്‍ച്ചയായി അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടുവന്നിരുന്ന പൊന്‍കുന്നം സെയ്ദു മുഹമ്മദ് ഇടയ്ക്ക് ഏഴുവര്‍ഷക്കാലം   മണിമല കരിക്കാട്ടൂര്‍ സ്‌കൂളില്‍ കഴിഞ്ഞുകൂടാനിടയായി. അന്ന് അവിടെ ഉണ്ടായിരുന്ന സഹാധ്യാപകന്‍ എം.എം.ഫിലിപ്പ് തമിഴ്, മലയാളം, സംസ്‌കൃതം  ഭാഷാ സാഹിത്യങ്ങളില്‍ അസാമാന്യ പണ്ഡിതനായിരുന്നു. ദിവസവും ഒരു സംസ്‌കൃത ശ്ലോകം പരിഭാഷ ചെയ്യിച്ച് സെയ്ദ്മുഹമ്മദിന്റെ കാവ്യ രചനാപാടവത്തെ കുറ്റമറ്റമാക്കിയത് എം.എം.ഫിലിപ്പായിരുന്നു. അദ്ദേഹം ഉത്സാഹിപ്പിച്ചതിന്റെ ഫലമായിട്ടായിരുന്നു മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍, മഹാകവി കെ.വി.സൈമണ്‍, പഴയ മീനച്ചില്‍ എം.എല്‍.എ. എ.സി.കുര്യാക്കോസ് എന്നിവരോടൊപ്പം സെയ്ദു മുഹമ്മദ് തിരുവനന്തപുരം സാഹിത്യ പരിഷത്തില്‍ സംബന്ധിച്ചത്. സാഹിത്യ പരിഷത്തിന്റെ മുഖ്യകാര്യ ദര്‍ശിയായിരുന്ന മഹാകവി ഉള്ളൂരിനെ പരിചയപ്പെടാനും അദ്ദേഹവുമായി ബന്ധം സ്ഥാപിക്കാനും കഴിഞ്ഞത് സെയ്ദു മുഹമ്മദിന്റെ കാവ്യജീവിതത്തിന് ഒരു മുതല്‍ക്കൂട്ടായി. 

കരിക്കാട്ടൂര്‍ സ്‌കൂളില്‍ നിന്നും ചെറുവള്ളി സ്‌കൂളിലേക്ക് സ്ഥലംമാറ്റപ്പെട്ട സെയ്ദു മുഹമ്മദിനെ തിരുവല്ല വി.എച്ച്.സ്‌കൂളിലേക്ക് ട്രെയിനിംഗിനെടുത്തു. തിരുവല്ല മണിപ്പുഴ സംസ്‌കൃത സ്‌കൂള്‍ ഹെഡ്മാസ്റ്ററും സംസ്‌കൃത പണ്ഡിതനുമായിരുന്ന വിദ്വാന്‍ ഗോപാലഗണകനുമായി അങ്ങനെ സൗഹൃദത്തിലാവുകയും അത് പൊന്‍കുന്നത്തിന്റെ കാവ്യരചനാ പരിശീലനത്തിന് ഏറെ ഗുണകരമായി ഭവിക്കയും ചെയ്തു.
പൊന്‍കുന്നത്ത് പ്രൈവറ്റ്‌സ്‌കൂള്‍ അധ്യാപകനായിരുന്ന സാഹിത്യകാരന്‍ വിദ്വാന്‍ കുറുമുള്ളൂര്‍ നാരായണ പിള്ളയുമായുള്ള അടുപ്പവും സാഹിത്യത്തില്‍ മുന്നേറാന്‍ സെയ്ദു മുഹമ്മദിന് തുണയായി. സെയ്ദു മുഹമ്മദിനെയും ഒരു വിദ്വാന്‍ ആക്കുവാന്‍ കുറുമുള്ളൂര്‍ ശ്രമിച്ചെങ്കിലും വിദ്വാന്‍ പരീക്ഷപാസാകുന്നതുകൊണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂള്‍ അധ്യാപകനായ തനിക്ക് ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കണ്ട് സെയ്ദ് മുഹമ്മദ് അതിന് തുനിഞ്ഞില്ല.
1937-ല്‍ കോട്ടയത്ത് മനോരമക്കാരുടെ മേല്‍നോട്ടത്തില്‍ സമസ്ത കേരള സാഹിത്യപരിഷത് സമ്മേളിച്ചപ്പോള്‍ മനോരമയിലെ പ്രിയംകരരായ എഴുത്തുകാര്‍ എന്ന നിലയ്ക്ക് പൊന്‍കുന്നം വര്‍ക്കി (1910-2004) യ്ക്കു പുറമെ പൊന്‍കുന്നം സെയ്ദ് മുഹമ്മദിനും ക്ഷണം കിട്ടി. (പേരിനോടൊപ്പം സ്ഥലനാമം കൂടെ ചേര്‍ത്ത് അറിയപ്പെടുന്ന പൊന്‍കുന്നത്തുകാരനായ ആദ്യത്തെ എഴുത്തുകാരന്‍ സെയ്ദ് മുഹമ്മദായിരുന്നു.) മഹാകവി ഉള്ളൂര്‍, മഹാകവി പള്ളത്ത്, മഹാകവി ജി.ശങ്കരക്കുറുപ്പ്, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, മള്ളൂര്‍ ഗോവിന്ദപ്പിള്ള എന്നിവരോടൊപ്പമായിരുന്നു അന്നവര്‍ സാഹിത്യപരിഷത്തില്‍ സംബന്ധിച്ചത്.
ഇ.വി. കൃഷ്ണപിള്ള (1895-1938) പത്രാധിപരായുള്ള മലയാള മനോരമ, സി.വി. കുഞ്ഞുരാമന്റെ (1871-1949) നവജീവന്‍, കൊച്ചിയില്‍ നിന്നും മുഹമ്മദ് ഷാഫിയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയിരുന്ന സാരസന്‍ ആഴ്ചപ്പതിപ്പ്, എ.പി. മറിയാമ്മയുടെ പത്രാധിപത്യത്തിലുണ്ടായിരുന്ന ജയഭേരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായിരുന്നു പൊന്‍കുന്നം സെയ്ദ് മുഹമ്മദിന്റെ കാവ്യങ്ങള്‍ ഏറെയും പ്രസിദ്ധീകരിക്കപ്പെട്ടത്.
സ്വാതന്ത്ര്യ സമര കാലത്തും സ്വാതന്ത്ര്യത്തിനുശേഷം കുറച്ചു കാലവുമായിട്ട് 23 വര്‍ഷം അധ്യാപകനായി ജോലി ചെയ്ത സെയ്ദ് മുഹമ്മദ് പലപ്പോഴും അവകാശ സമര രംഗത്തുമുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലും അവകാശ സമരങ്ങള്‍ ചെയ്തതിന്റെ പേരിലും പല തവണ ഡിപ്പാര്‍ട്ടമെന്റില്‍ നിന്നും പുറത്തു നിര്‍ത്തപ്പെട്ടിരന്നു. മുറിഞ്ഞും കൂടിയുമുള്ള 23 വര്‍ഷത്തെ സര്‍വ്വീസ് കാലയളവിനൊടുവില്‍ സെയ്ദ് മുഹമ്മദിന് പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒടുവില്‍ സി.അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെ.റ്റി ജോര്‍ജാണ് അദ്ദേഹത്തിന് പെന്‍ഷന്‍ അനുവദിച്ച് നല്‍കിയത്. ആദ്യഭാര്യ മരണപ്പെട്ടപ്പോള്‍ കാഞ്ഞിരപ്പള്ളി സ്വദേശിനിയും അധ്യാപികയും സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരിയും പത്രപ്രവര്‍ത്തകയുമായിരുന്ന എ.പി. മറിയാമ്മയെ (മരണം. 2005) സെയ്ദ് മുഹമ്മദ് വിവാഹം ചെയ്തു. രണ്ടു വിവാഹത്തിലുമായി സെയ്ദ് മുഹമ്മദിന് ഒന്‍പത് മക്കള്‍ ജനിച്ചു.

കൃതികള്‍
അജ്ഞാത ഭര്‍ത്താവ് എന്ന പേരില്‍ പൊന്‍കുന്നം സെയ്ദ് മുഹമ്മദ് ഒരു നാടകം എഴുതിയിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. (ഇന്നത്തെ സാഹിത്യകാരന്മാര്‍). ശേഷിക്കുന്ന കൃതികള്‍ മുഴുവന്‍ കാവ്യ വിഭാഗത്തില്‍പ്പെടുന്നു. അവ എത്ര എണ്ണം വരുമെന്ന് സുനിശ്ചിതമായി പറയാന്‍ ആവാത്ത സ്ഥിതിയുണ്ട്. ലവണകിരണങ്ങള്‍, സാറയുടെ സിദ്ധി, കരളിന്റെ ഗാനങ്ങള്‍ എന്നീ കവിതാ സമാഹാരങ്ങളും ആദ്യം സൂചിപ്പിച്ച നാടകവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്നു തീര്‍ച്ചയില്ല. 1978-ല്‍ മാഹമ്മദം മഹാകാവ്യം ഇറക്കുമ്പോള്‍ പൊന്‍കുന്നത്തിന്റേതായി പ്രസാധകര്‍ പരിചയപ്പെടുത്തിയ മറ്റ് ഏഴ് കൃതികള്‍ ഇവയായിരുന്നു. 1. ഭര്‍തൃപരിത്യക്തയായ ശകുന്തള (ഖണ്ഡകാവ്യം) 2. സ്‌നേഹോപഹാരം (ഖണ്ഡകാവ്യം) 3. ഹൃദയപൂജ (കവിതകള്‍) 4. ഗായിക (കവിതകള്‍) 5. ശുഭോദയം (കവിതകള്‍) 6. ഭാഗ്യാങ്കുരം (കവിതകള്‍) 7. മധുരിക്കുന്ന കവിതകള്‍ (കവിതകള്‍). ഇവയില്‍ സ്‌നേഹോപഹാരം, ഹൃദയപൂജ, ഗായിക, ശുഭോദയം എന്നിവയുടെ പ്രസിദ്ധീകരണവര്‍ഷം യഥാക്രമം 1934, 1939, 1945, 1946 എന്നിങ്ങനെയാണ് മലയാള ഗ്രന്ഥസൂചിയില്‍ നല്കിയിട്ടുള്ളത്. ഇവയ്ക്കു പുറമെ വിജയപതാക (1937) എന്ന ഒരു കവിതാ സമാഹാരത്തെക്കുറിച്ചുകൂടി മലയാളഗ്രന്ഥസൂചി വിവരം നല്‍കുന്നുണ്ട്. വിജയ പതാകയ്ക്കു അവതാരിക എഴുതിയത് എ.കെ. കൃഷ്ണപിള്ളയായിരുന്നു. 'പൊന്നിന്‍കുടത്തിന് പൊട്ടുവേണ്ട, ആനയ്ക്കു മണികെട്ടണ്ട, പുലരിയ്ക്കു പൂ ചൂടണ്ട, പൊന്‍കുന്നം പരത്തുന്ന പരിമളത്തിനു പരസ്യവും വേണ്ട', എന്നു തുടങ്ങുന്ന ഡോ. ചേലനാട്ട് അച്യുതമേനോന്റെ പ്രസിദ്ധമായ അവതാരികയോടുകൂടിയാണ് ശുഭോദയം പുറത്തിറങ്ങിയത്. 'പരിമളം' എന്ന പേരിലായിരുന്നു അവതാരിക.
നൂറ് ശ്ലോകങ്ങള്‍ അടങ്ങിയ ഒരു ഖണ്ഡകാവ്യമാണ് (ശതകം) ഭര്‍തൃപരിത്യക്തയായ ശകുന്തള. പുരാണകഥകള്‍ക്കും കെട്ടുകഥകള്‍ക്കുമെല്ലാം സ്വന്തമായ തിരിവും കൂട്ടിച്ചേര്‍ക്കലും മറ്റും നല്കി പുനരവതരിപ്പിച്ചുകൊണ്ട് നിരൂപക ശ്രദ്ധ പിടിച്ചുപറ്റുന്ന എത്രയോ എഴുത്തുകാര്‍ ഇന്നു നമുക്കുണ്ടല്ലോ? ഭര്‍തൃപരിത്യക്തയായ ശകുന്തളയെക്കുറിച്ച് കവി തന്നെ പറയുന്നത് ശ്രദ്ധിക്കാം: 'അതിന്റെ അടുക്കില്‍ ശകുന്തളയും ദുഷ്യന്തനുമായുള്ള പുനഃസമാഗമാവസരത്തില്‍ മൂലഗ്രന്ഥവുമായി അനുകൂലിക്കാത്ത ഒരു നിലപാടായിരുന്നു ഞാന്‍ സ്വീകരിച്ചിരുന്നത്.  ആ സ്വതന്ത്ര ചിന്തയെ ബഹുമാനിച്ച് പലരും എനിയ്ക്കു അനുമോദനങ്ങള്‍ അയച്ചു മാനിച്ചിരുന്നു. അതു മുഴുവന്‍ വായിച്ച് തൃപ്തിപ്പെട്ട സാഹിത്യരത്‌നം വിദ്വാന്‍ കുറുമുള്ളൂര്‍ കെ. നാരായണപിള്ള ആ കാവ്യത്തിന്റെ മധുരിമയെ പ്രത്യേകം പ്രശംസിച്ച് എന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് മംഗളം ആശംസിക്കുകയുണ്ടായിട്ടുണ്ട്.'
സ്‌നേഹോപഹാരം എന്ന ഖണ്ഡകാവ്യത്തിന്റെ രചനാ പശ്ചാത്തലം കവി തന്നെ വിവരിച്ചിട്ടുള്ളത് അപ്പടി ഉദ്ധരിക്കാം: ''എന്റെ ചങ്ങനാശ്ശേരി താമസക്കാലത്താണ് തിരുവിതാംകൂറില്‍ മത പരിവര്‍ത്തനവാദം ഉയിരെടുത്തത്. അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പ്രവേശനം കിട്ടിയില്ലെങ്കില്‍ മുസ്ലിമോ ക്രിസ്ത്യാനിയോ  ആകുമെന്നുള്ള പരസ്യ പ്രസ്താവന ഈഴവരിലുണ്ടായി. ഏതാനും ഈഴവ പ്രമുഖന്മാര്‍ ഇസ്ലാംമതം വിശ്വസിച്ചു. അതില്‍ ഒരാളാണ് അമീര്‍ അലി എന്ന ഇസ്ലാം നാമം അംഗീകരിച്ച രാജ്യാഭിമാനി പത്രാധിപര്‍  പത്മനാഭനാശാന്‍. വേറെ പലരും ഇസ്ലാമായി. ഇക്കാലത്താണ് മഹാത്മജിയുടെ മൂത്ത മകന്‍ കൊച്ചിയില്‍ വന്ന് അബ്ദുല്ലാ ഗാന്ധിയായത്. കൊച്ചിയിലെ ഒരു പ്രമുഖ വ്യക്തിയായ ഡോക്ടര്‍ കെ.പി. തയ്യില്‍ കമാല്‍ പാഷാ തയ്യിലായി. ഈ സാഹചര്യത്തില്‍ ഇസ്ലാമിന്റെ ചില മഹത്വങ്ങള്‍ കേരളീയരെ അറിയിക്കുന്നതിനുവേണ്ടി ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചില സംഭവകഥകള്‍ മലയാളത്തില്‍ മറ്റുള്ളവരെ വശീകരിക്കുന്നതിനുവേണ്ടി പ്രചരിപ്പിച്ചു. അക്കൂട്ടത്തില്‍ കൊച്ചിയില്‍ നിന്നും ഷാഫി സാഹിബ് വന്ന് എന്നെകണ്ട് നബിയുടെ ജീവിതത്തില്‍ ഒരു രാത്രിയിലെ സംഭവം കവിതയാക്കണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് അന്നെഴുതിയ രണ്ടാമത്തെ ഖണ്ഡകാവ്യമാണ് സ്‌നേഹോപഹാരം. സ്‌നേഹോപഹാരം മുഴുവന്‍ എന്റെ സ്‌നേഹിതനായ ഡോക്ടര്‍ ചെമ്പില്‍ എന്‍. ചെല്ലപ്പന്‍ നായര്‍ വായിച്ചശേഷം അദ്ദേഹമാണ് പുസ്തകത്തിന് സ്‌നേഹോപഹാരം എന്നു നാമകരണം ചെയ്തത്. ആ കൃതി 1109 ല്‍ (ക്രി.വ 1934) ആണ് പ്രസിദ്ധപ്പെടുത്തിയത്. പലരുടെയും മുക്തകണ്ഠമായ പ്രശംസ കിട്ടിയ ആ ഖണ്ഡകാവ്യം അന്നു ചങ്ങനാശ്ശേരിയില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന എന്‍.എസ്.എസ് കാരുടെ വക സര്‍വ്വീസ് വാരികയ്ക്ക് അഭിപ്രായത്തിനു കൊടുത്തപ്പോള്‍ അതും മഹാകവി വള്ളത്തോളിന്റെ മഗ്ദനലമറിയവും തമ്മില്‍ ഒരു താരതമ്യപഠനം നടത്തി എന്നെ ബഹുമാനിച്ചു''
സ്‌നേഹോപഹാരത്തിന്റെ പ്രസിദ്ധീകരണ വര്‍ഷമായ 1934-ന് ശേഷം ഭാഷാസാഹിത്യത്തില്‍ ഗീതകം, ആത്മാലാപം എന്നിങ്ങനെ ചില കാവ്യ രൂപങ്ങള്‍ നാമ്പെടുത്തുവെങ്കിലും അവയ്ക്ക് അല്പായുസ്സായിരുന്നുവെന്നും സെയ്ദ് മുഹമ്മദ് പ്രസ്താവിക്കുന്നു. ഗ്രഹണിയും തളര്‍വാതവും പിടിപെട്ടതുപോലെയായി മലയാളം. അപ്പോഴായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള (1911-1948) യും ഇടപ്പള്ളി രാഘവന്‍ പിള്ള (1909-1936)യും അരങ്ങത്തെത്തുന്നത്. 1930 കളില്‍ മലയാള കവിതയ്ക്ക് പുതിയ ജീവവായു പകര്‍ന്ന ഇടപ്പള്ളിക്കവികളെപ്പറ്റി പൊന്‍കുന്നം സെയ്ദ് മുഹമ്മദിന്റെ നിരീക്ഷണം ഇപ്രകാരമാണ്: ‘ഒരു അലൗകിക സാമ്രാജ്യത്തില്‍ എത്തിച്ചേര്‍ന്നാലുള്ള ഒരു പ്രതീതി കൈരളിയ്ക്കനുഭവപ്പെട്ടു. ഇതില്‍പരം കൈരളിയെ സംതൃപ്തയാക്കിയ കവികള്‍ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് അന്വേഷണ വിധേയമാണ്. അതേ വരെ കണ്ഠമുയര്‍ത്തിയ കവികളെല്ലാംതന്നെ നിശബ്ദരായിയെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല.’ അങ്ങനെ ചങ്ങമ്പുഴയും, പൊന്‍കുന്നവും സമകാലികമായ സാഹിത്യ പ്രവര്‍ത്തനത്തില്‍ എത്തിച്ചേര്‍ന്നു. ഇ.വി. കൃഷ്ണപിള്ള എഴുതിയ മുഖക്കുറിപ്പോടുകൂടി ചങ്ങമ്പുഴയുടെ ബാഷ്പാഞ്ജലി പുറത്തു വന്നപ്പോള്‍ കഥാകാരനും സരസ കവിയും പത്ര പ്രവര്‍ത്തകനുമായിരുന്ന പി.സി. കോരുതി (1910-1967) ന്റെ മുഖക്കുറിപ്പോടുകൂടി സെയ്ദ് മുഹമ്മദ് അദ്ദേഹത്തിന്റെ ഹൃദയപൂജയും പ്രസിദ്ധപ്പെടുത്തി. ആസ്വാദക ദൃഷ്ടിയില്‍ ഹൃദയപൂജ ബാഷ്പാഞ്ജലിയുടെ പിന്‍പന്തിയിലായിരുന്നില്ല. 'ചങ്ങമ്പുഴയോടൊപ്പം കവിതയെഴുതിത്തുടങ്ങിയ സെയ്ദു മുഹമ്മദ് ഒരു കാലത്ത് ആ ഗ്രൂപ്പില്‍ ഉന്നത ശീര്‍ഷനായ കവിയായിരുന്നുവെന്നും, ഗാനാത്മകമായ രചന, ലളിതമായ ഭാഷ, അയത്‌നപദപ്രവാഹം-- ഇതൊക്കെക്കൊണ്ടനുഗ്രഹിക്കപ്പെട്ട കവിതയായിരുന്നു സെയ്ദു മുഹമ്മദിന്റേതെന്നു'മുള്ള ഡോ. എം. ലീലാവതിയുടെ അഭിപ്രായം ശ്രദ്ധേയമാണ്.
പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ കാവ്യകലയെ ഒരു സ്‌കാനറിന് താഴെ വച്ച് നോക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും കവിതാ സമാഹാരങ്ങളായ ഗായികയും ഭാഗ്യാങ്കുരവും പ്രാതിനിധ്യസ്വഭാവത്തോടെ പരിഗണിക്കുകയാണ്.
മഹാകവി ഉള്ളൂര്‍ (1877-1949) എഴുതിയ അവതാരികയോടുകൂടി 1945 ല്‍ ആണ് ഗായികയുടെ ഒന്നാം പതിപ്പ് പ്രസിദ്ധീകൃതമാകുന്നത്. 'ആസ്വാദ്യത തുളുമ്പുന്ന സുന്ദരങ്ങളായ ഈരടികളു'ള്ള ഗായികയുടെ പല ഭാഗങ്ങളും തന്നെ കോള്‍മയിര്‍ കൊള്ളിച്ചുവെന്ന് ഉള്ളൂര്‍ പ്രസ്താവിക്കുന്നു. അതേസമയം 'വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ശബ്ദാര്‍ത്ഥങ്ങള്‍ കൊണ്ട് കൈകാര്യം ചെയ്യുന്നതിലും വിവിധത്വം ദീക്ഷിക്കേണ്ടതാണെന്നും പട്ടിണിയും സ്വാര്‍ത്ഥതയും മാത്രമല്ല സാഹിത്യത്തിന് വിഷയമാക്കേണ്ടതെന്നും വേണ്ടതിലധികം ചൊല്ലിയാടിക്കഴിഞ്ഞ പദങ്ങളും പ്രയോഗങ്ങളും ശൈലികളും മറ്റും-ക്ലീഷേകള്‍-ഉപേക്ഷിക്കേണ്ടതാണെ'ന്നുംകൂടി അദ്ദേഹം കവിയെ ഉപദേശിക്കുകയും ചെയ്യുന്നു. മഹാകവി ഡോക്ടര്‍ മുഹമ്മദ് ഇക്ബാലിന്റെ (1876-1938) പാവന സ്മരണയ്ക്ക് സമര്‍പ്പിക്കപ്പെട്ട ഒരു കാവ്യഗ്രന്ഥം അവതരിപ്പിക്കുവാന്‍, ഇക്ബാല്‍ കവിതകളുടെ ആരാധകന്‍ കൂടിയായിരുന്ന ഉള്ളൂരിന് അതിയായ സന്തോഷമായിരുന്നു. മുസ്ലിം സമുദായത്തില്‍ നിന്നും ഭാഷാപോഷണ തല്പരനായി സുശിക്ഷിതനായ ഒരു കവി ഉയര്‍ന്നുവന്നതിനെ പ്രത്യേകം അഭിനന്ദിക്കുവാനും മഹാകവി ശ്രദ്ധിച്ചു.
'സമര്‍പ്പണം' മുതല്‍ 'മൂകഗാനം' വരെ പതിനെട്ടു കവിതകളാണ് ഗായികയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ചെറുപ്രായത്തിലേ ഉള്ളൂരിന്റെ പ്രഭാവലയത്തില്‍ ചെന്നുവീണ പൊന്‍കുന്നം സെയ്ദു മുഹമ്മദിനെ മഹാകവിയുടെ 'ഉല്ലേഖന ചാതുരി' ഒട്ടൊന്നു വിസ്മയിപ്പിച്ചിട്ടുണ്ടാകണം. 'ഓരോ വരിയിലും അലങ്കാര നിവേശനം ചെയ്യുന്ന സമ്പ്രദായത്തോട് അദ്ദേഹത്തിന് അതിരുവിട്ട ചായ്‌വ് ഉണ്ടാകാനും കാരണം മറ്റൊന്നായിരിക്കയില്ല. പൊന്‍കുന്നത്തിന്റെ ഈ വരികള്‍ നോക്കുക.

പലതും പാടും ഞാന്‍ പഴുതേ ഗായിക
പരമാര്‍ത്ഥത്തിന്റെ മുരളിയില്‍
പരമാര്‍ത്ഥം കേട്ടാല്‍ പരിഭവിക്കയായ്
പതിതബുദ്ധികള്‍; പരിതാപം (ഗായിക)

കല കലയ്ക്കുവേണ്ടി എന്ന വിമര്‍ശക സമീപനത്തിന്റെ വക്താവും പ്രയോക്താവും ഉദ്‌ഘോഷകനുമായിരുന്നു പൊന്‍കുന്നം സെയ്ദു മുഹമ്മദ് എന്നു പറയുന്നതില്‍ തെറ്റില്ല. സത്യത്തിന്റെ സൗന്ദര്യാത്മക ദര്‍ശനം തരുന്നവയായിരുന്നു അദ്ദേഹത്തിന്റെ ഒട്ടുമിക്ക കവിതകളും. 'ഉദ്ഘാടനം' എന്ന കവിതയില്‍ കവി പ്രസ്താവിക്കുന്നു.

കല കലയ്‌ക്കെങ്കിലമലേ! ഗീതമേ!
വിലയിച്ചോട്ടെനിന്നഴകില്‍ ഞാന്‍.

'ബാപ്പുജി' എന്ന പേരില്‍ ഒരു കവിത ചേര്‍ത്തിട്ടുണ്ട് ഗായികയില്‍. 1948 ല്‍ മഹാത്മജി വെടിയേറ്റു മരിച്ച ദാരുണ സംഭവത്തില്‍ നൊന്തെഴുതിയതാണിത്; 1948-ല്‍ ഗായികയുടെ രണ്ടാം പതിപ്പ് ഇറങ്ങുമ്പോള്‍ ബാപ്പുജിയെക്കൂടി ഉള്‍പ്പെടുത്തി പുസ്തകം പരിഷ്‌ക്കരിച്ചുവെന്ന പ്രസ്താവനയൊന്നും ഗ്രന്ഥത്തില്‍ ഇല്ലെങ്കിലും.
    പണിക്കാരുടെയും പതിതരുടെയും പ്രശ്‌നങ്ങളെ അധികരിച്ച് കവിത രചിക്കുന്നതില്‍ സെയ്ദു മുഹമ്മദിന് താല്പര്യമുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തെ അതിന്റെ പേരില്‍ മുദ്രാവാക്യ കവി എന്നു വിളിക്കുവാന്‍ കഴിയുകയുമില്ല. പതിതരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പാടുന്ന കവിതകളില്‍ നീതിവാക്യങ്ങള്‍ പോലെ ചിലതുണ്ടാവുക സ്വാഭാവികമാണ്. പൊന്‍കുന്നത്തിന്റെ ‘പണിക്കാരന്‍’ എന്ന കവിതയില്‍ നിന്നും ഉദ്ധരിക്കട്ടെ:

ഇന്നത്തെപ്പണക്കാരന്‍
നാളത്തെപ്പണിക്കാരന്‍
ഇന്നത്തെപ്പണിക്കാരന്‍
നാളത്തെപ്പണക്കാരന്‍.

ഇതിലെ പണിക്കാരന്‍ ദരിദ്രനായ കൂലിവേലക്കാരന്‍ ആണെന്നത് വ്യക്തമാണ്. 'നിയതിയുടെ തുലാസ് പൊങ്ങുകയും താനെ താണുപോവുക'യും ചെയ്യുമ്പോള്‍ പണിക്കാരന്‍ പണക്കാരനായി മാറാമെന്നുണ്ടെങ്കിലും കവിയുടെ അനുതാപം എപ്പോഴും പണിക്കാരനോടൊപ്പമാണ് എന്നതും നിസ്തര്‍ക്കമത്രെ.
സ്വന്തമായി ഒരു രൂപകം സൃഷ്ടിക്കാന്‍ കഴിയാത്തവന്‍ കവിയല്ല എന്ന് ഒരു പറച്ചിലുണ്ട്. കാവ്യങ്ങളിലെ രൂപകങ്ങളും ബിംബങ്ങളും പലപ്പോഴും അവയെ വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ മായ്ച്ച് കളഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്നതു കാണാം. ഒരു വിറകുവില്പനക്കാരിയുടെ കഥ പറയുന്ന 'പാതിരാപ്പക്ഷി' എന്ന കവിതയില്‍ പൊന്‍കുന്നം സെയ്ദു മുഹമ്മദ് അവളുടെ കുടിലിനെ പരിചയപ്പെടുത്തുന്നതിപ്രകാരമാണ്,

അകലത്തിരുട്ടിന്റെ കൂമ്പാരം
പോലെ കാണാമവള്‍തന്‍ മാടം കഷ്ടം!

ഇത്തരത്തിലുള്ള കാവ്യബിംബങ്ങളെ പൊന്‍കുന്നം കവിതകളില്‍ പലേടത്തും കണ്ടുമുട്ടാന്‍ കഴിയും.
കാവ്യവൃത്തങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലും അതീവ ശ്രദ്ധാലുവും അപൂര്‍വ്വ വൃത്തങ്ങള്‍ ഉപയോഗിക്കുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്ന കവിയായിരന്നു പൊന്‍കുന്നം സെയ്ദുമുഹമ്മദ്. നാടന്‍ പദങ്ങളും സംസാര ശൈലിയും കവിതകളില്‍ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് അശേഷം മടിയുണ്ടായിരുന്നില്ല. സ്വാര്‍ത്ഥനും ലുബ്ധനുമായ ഒരു ധനികന്റെ കാപട്യത്തെ പിച്ചിച്ചീന്തുന്ന കവിതയാണ് 'അന്തിപ്പിച്ച'. അന്തിപ്പിച്ച ചോദിച്ച് വന്ന ഒരു യാചകനെ തന്റെ വളര്‍ത്തുനായയെ വിളിച്ച് അയാള്‍ ആട്ടിയോടിക്കുന്നതിങ്ങനെയാണ്,

ആരെടാ ! പോകാന്‍ പറ
കൈസര്‍! കൈസര്‍ !

അന്തിപ്പിച്ച ചോദിച്ചു വന്നയാളെ ആട്ടിപ്പായിച്ച മുതലാളി 'നഗരാധിപന്നൊരു നാണയക്കിഴിവേണം' എന്നു പറഞ്ഞു വരുന്ന 'പൗരപ്രമുഖര്‍ക്ക്' അതു നല്‍കുകയും ചെയ്യുന്നു.
1929 മുതല്‍ 1967 വരെ നാല് ദശാബ്ദത്തോളമായി കാവ്യരചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊന്‍കുന്നം സെയ്ദു മുഹമ്മദിനെയാണ് ഭാഗ്യാങ്കുരത്തിന്റെ അവതാരികയില്‍ എന്‍.വി. കൃഷ്ണവാരിയര്‍ പരിചയപ്പെടുത്തുന്നത്. പെരുമ്പാവൂരിലെ ഇ.എ.കെ. അഹമ്മദ് പ്രസാധനം ചെയ്ത ഭാഗ്യാങ്കുരം, പക്ഷേ , 1972 ല്‍ ആണ് പുറത്തുവരുന്നത്. വിഷയ സ്വീകാരത്തിലും അവതരണത്തിലും ഗായികയില്‍ നിന്നും തുലോം ഭിന്നമാണ് ഭാഗ്യാങ്കുരം എന്നു പറയുക വയ്യ. 'നബി, ഗാന്ധി, നെഹ്‌റു തുടങ്ങിയ മഹാപുരുഷന്മാരെപ്പറ്റി പാടുക, നിത്യ കല്യാണിയായ പ്രകൃതിയുടെ മനോഹാരിതയില്‍ ലയിക്കുക, ആശകള്‍, നിരാശകള്‍, പ്രേമം, പ്രേമഭംഗം തുടങ്ങിയവ കാവ്യവിഷയങ്ങളാക്കുക, ഏതു പ്രതിബന്ധങ്ങളേയും മല്ലിട്ട് മുന്നേറുവാനുള്ള പ്രതിജ്ഞ കവിതകളിലൂടെ പ്രകടിപ്പിക്കുക' എന്നിങ്ങനെ എന്‍.വി. കൃഷ്ണവാരിയര്‍ ചൂണ്ടിക്കാണിക്കുന്ന പൊന്‍കുന്നം കവിതകളുടെ വൈചിത്ര്യം ഗായികയിലും കാണാം. രണ്ടു കൃതികളിലും ഗാനാത്മകതയ്ക്ക് പേരുകേട്ട ഭാഷാവൃത്തങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതും.
ഭാഗ്യാങ്കുരം എന്ന ശീര്‍ഷക കവിത നബിതിരുമേനിയെക്കുറിച്ചുള്ളതാണ്. 'അഴകൊഴുകു മാമിനാബീവി തന്നോമന/ പ്രണയസുരവല്ലി പൂത്തുള്ള സൗഭാഗ്യ'മായ തിരുനബിയെ സംബന്ധിച്ച് കവി മനസ്സില്‍ നിധിപോലെ സൂക്ഷിക്കുന്ന ആഗ്രഹമിതാണ്:

കനിവൊടുസമസ്തവും കാത്തുരക്ഷിച്ചീടും
തിറമുടയതമ്പുരാന്‍ തന്‍ തിരുദൂതരേ!
കവനലഹരിയ്‌ക്കെഴും ചൂടിനാല്‍ വിപ്ലവ-
ദ്ധ്വനികളുയരുന്നൊരീ നാട്ടിലെല്ലായ്‌പ്പൊഴും
മമ ഹൃദയവേദനയ്ക്കങ്ങൊരാശ്വാസമി-
ങ്ങരുളുകി ലതൊന്നു താനെന്റെ 'ഭാഗ്യാങ്കുരം'.

ഭാഗ്യാങ്കുരത്തിലെ ശ്രദ്ധേയമായ മറ്റൊരു കവിതയാണ് 'വയലാര്‍'. കവിയും ഗാനരചയിതാവുമായിരുന്ന വയലാര്‍ രാമവര്‍മ്മ (1928-1975) യോടൊപ്പം വയലാര്‍ വിപ്ലവം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം പൊന്‍കുന്നം സെയ്ദ് മുഹമ്മദ് എഴുതിയ കവിത 'നിത്യസത്യം' എന്ന പേരില്‍ 1948 ല്‍ മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. വയലാര്‍ എന്ന പേര് കവിതയ്ക്കു നല്കിയിരുന്നുവെങ്കില്‍ മനോരമ അതു പ്രസിദ്ധപ്പെടുത്തുമായിരുന്നില്ലെന്ന് കവി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കവിതയുടെ യഥാര്‍ത്ഥ പേരായ 'വയലാര്‍' ചേര്‍ത്ത് പിന്നീടത് ഭാഗ്യാങ്കുരത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മനുഷ്യരുടെ വിപ്ലവ വീര്യം അദമ്യമാണ് എന്ന നിത്യസത്യത്തെക്കുറിച്ചാണ് കവി പാടുന്നത്.
മാഹമ്മദം മഹാകാവ്യം
പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ പ്രകൃഷ്ട രചനയായി പ്രകീര്‍ത്തിക്കപ്പെട്ട കാവ്യമാണ് മാഹമ്മദം. മുഹമ്മദിനെ സംബന്ധിച്ചത് എന്നാണ് പദാര്‍ത്ഥം. 'ആദര്‍ശ സുന്ദരമായ ഒരാശയത്തിന്റെ പ്രകാശനം മലയാളത്തില്‍ പ്രതിഫലിപ്പിക്കാമെന്ന' ഏക ലക്ഷ്യത്തോടെയായിരുന്നു മഹാകാവ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടതെന്ന് കവി മുഖവുരയില്‍ പ്രസ്താവിക്കുന്നുണ്ട്.
''മനുഷ്യന്റെ ജീവിത പുരോഗതിയുടെ പശ്ചാത്തല ചരിത്രമാണ് ഇസ്ലാമിക ഇതിഹാസം. അത് വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസം കൂടാതെ വരച്ചു കാട്ടിയെങ്കില്‍ മാത്രമേ ഇസ്ലാമിനെ അംഗീകരിക്കാന്‍ സാധിക്കുകയുള്ളു.

ഇസ്ലാമൊരു വര്‍ഗ്ഗത്തിന്നോ
വ്യക്തിയ്‌ക്കോ വേണ്ടിയല്ല താന്‍
നിലകൊള്ളുന്നു; മണ്ണിന്റെ
മക്കള്‍ക്കൊക്കെ പ്രിയംകരം. (മാഹമ്മദം)

ഖുര്‍ ആന്‍ ഉദ്‌ഘോഷിക്കുന്നു. ഇസ്ലാമിക വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടുന്ന മനുഷ്യ ചരിത്രത്തിന്റെ ആദ്യഘട്ടമായ അടിത്തറ മാത്രമാണ് മാഹമ്മദം മഹാകാവ്യം ഒന്നാം വാല്യം കൊണ്ട് ഞാന്‍ സാധിക്കുന്നത്.'' അത്തരമൊരു ഗ്രന്ഥം രചിക്കുവാന്‍ അപാരമായ തയ്യാറെടുപ്പുകള്‍ വേണ്ടി വരുമല്ലോ. അതു പിന്നെ അച്ചടിച്ചിറക്കാന്‍ വേണ്ട പണം കണ്ടെത്താന്‍ പെടാപ്പാട് പെടുകയും വേണം. ഇസ്ലാമിനെക്കുറിച്ചും ഇസ്ലാമിക ചരിത്രത്തെക്കുറിച്ചുമെല്ലാം ആവുന്നത്ര വായിച്ചു പഠിച്ച് കടുത്ത സാമ്പത്തിക പ്രയാസങ്ങളും അവമതിയും സഹിച്ച് പത്തു വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് 1978-ല്‍ മാഹമ്മദം വെളിച്ചം കാണുന്നത്.
ഒരു മഹാകാവ്യം രചിക്കുന്നതിന് ശ്രമിക്കണമെന്നും ശ്രമിച്ചാല്‍ വിജയിക്കുമെന്നും മഹാകവി ഉള്ളൂര്‍ സെയ്ദു മുഹമ്മദിനോട് പറഞ്ഞു പ്രോത്സാഹിപ്പിച്ചിരുന്നു. ആ പ്രോത്സാഹനത്തിന്റെ കാലം കൂടി പരിഗണിച്ചാല്‍ ദശാബ്ദങ്ങളുടെ തയ്യാറെടുപ്പിന്റെ ഫലമാണ് മാഹമ്മദം മഹാകാവ്യം എന്നു പറയുന്നതില്‍ തെറ്റില്ല. നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന കെ.പി.എസ്. മേനോന്‍ മാഹമ്മദത്തെക്കുറിച്ച് ഇംഗ്ലീഷില്‍ ഒരഭിപ്രായം എഴുതിക്കൊടുത്തിരുന്നു. അത് ഇപ്രകാരമാണ്: 'മാഹമ്മദം മലയാളത്തില്‍ അത്തരത്തിലൊരാദ്യ ഗ്രന്ഥമാണ്. പ്രമേയപരമായും ശൈലീപരമായും അതിനെ ഒരു മഹാകാവ്യം എന്നു വിളിക്കാം. വിഷയത്തിന്റെ ഗാംഭീര്യവും പ്രൗഢിയും അതു പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഇസ്ലാം ഉദിച്ചുയര്‍ന്നതിന്റെ ചലനാത്മകമായ കഥ കേരളത്തില്‍ ഇനിയും അറിയേണ്ട വിധം അറിഞ്ഞിട്ടില്ലെന്നതു കഷ്ടമാണ്. മലയാള സാഹിത്യത്തിനു മാത്രമല്ല കേരളത്തിന്റെ സമ്മിശ്ര സംസ്‌കാരത്തിനും ഈ ഗ്രന്ഥം അര്‍ത്ഥവത്തായ ഒരു സംഭാവനയാണ്. അത് അര്‍ഹിക്കുന്ന വിജയം അതിനുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' 1983 -84 കാലത്ത് മാഹമ്മദം മഹാകാവ്യത്തിന്റെ ഏതാനും ഭാഗങ്ങള്‍ കേരള സര്‍വ്വകലാശാല ബി.എ. മലയാളം പാഠ്യപുസ്തകമായി അംഗീകരിച്ചിരുന്നു.
ആചാര്യ ദണ്ഡി (എ.ഡി. 600-750) യുടെ മഹാകാവ്യ ലക്ഷണ നിര്‍വ്വചനത്തിന് അനുരോധമായിട്ടാണ് മലയാളത്തിലെ ഒട്ടുമിക്ക മഹാകാവ്യങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. ദണ്ഡിയുടെ സമ്പ്രദായത്തിലാണ് മാഹമ്മദവും രചിക്കപ്പെട്ടിട്ടുള്ളതെന്ന് സാമാന്യേന പറയാം. അവതാരികയില്‍ കൊടുപ്പുന്ന ഗോവിന്ദ ഗണകന്‍ (1924-1988) പ്രസ്താവിക്കുന്നു: 'കണ്ടിടത്തോളം പണ്ടത്തെ മഹാകാവ്യ ലക്ഷണത്തെ താങ്ങിനിര്‍ത്താന്‍ വേണ്ടിയല്ല ഈ മഹാകാവ്യം രചിച്ചതെന്ന് വിചാരിക്കാം. നൂതനമായ ഒരു സങ്കല്പം ശ്രീ. സെയ്ദു മുഹമ്മദ് തന്റെ മഹാകാവ്യ രചനയ്ക്ക് മുമ്പിലും പിമ്പിലും പടുത്തുയര്‍ത്തിയിട്ടുണ്ട്. ആ കെട്ടിയുയര്‍ത്തലില്‍ സംസ്‌കൃത വൃത്തങ്ങള്‍ സ്വീകരിപ്പാന്‍ അദ്ദേഹം മറന്നില്ലതാനും. ഒന്നാം സര്‍ഗത്തിലും രണ്ടാം സര്‍ഗത്തിലും മൂന്നാം സര്‍ഗത്തിലും ഉള്ളവകള്‍ക്ക് പുറമെ ഉദ്ഘാടനാദികളിലും സാധാരണങ്ങളായ മഹാകാവ്യങ്ങളിലുള്ളതിനേക്കാള്‍  കൂടുതലാണ് സര്‍ഗ പദ്യ സംഖ്യ എന്നതില്‍ സംശയം ഇല്ല'.
    മൂന്ന് സര്‍ഗങ്ങളായാണ് മാഹമ്മദം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഒന്നാം സര്‍ഗത്തില്‍ ഇസ്ലാമിനെയും നബിയെയും ഖുര്‍ആനെയും അല്ലാഹുവിനെയും സംബന്ധിച്ച പൊതു നിരീക്ഷണങ്ങള്‍ക്ക് പുറമെ ആദം, ഹവ്വ എന്നിവരുടെ സൃഷ്ടിയെയും മനുഷ്യ കുലത്തിന്റെ ഉദയത്തെയും വ്യാപനത്തെയും കുറിച്ചും ഇദ്‌രീസ്, നൂഹ് പ്രവാചകന്മാരെയും നൂഹിന്റെ കാലത്തെ പ്രളയത്തെക്കുറിച്ചും ചിത്രീകരിച്ചിരിക്കുന്നു. സര്‍ഗാരംഭത്തില്‍ കവി നിരവധി ശ്ലോകങ്ങളില്‍ ഖുര്‍ആനെ പ്രകീര്‍ത്തിക്കുന്നത് നോക്കുക:

നിത്യസത്യങ്ങളുള്‍ക്കൊള്ളും
നിര്‍മ്മലാനന്ദ സൂക്തമേ!
നിതരാം നിന്‍ നിഴല്‍പ്പാട്ടി-
ലെന്റെ പൂവല്ലി പൂക്കണേ.
        *****
യുക്തി സത്യങ്ങളൊക്കെയും
മുക്തി നല്‍കാന്‍ സുശക്തമായ
കെട്ടുറപ്പാര്‍ന്നുനില്ക്കുന്നു
ണ്ടിസ്ലാമിന്‍ തത്വസംഹിത.
        ****
അതിനുള്ളിലടങ്ങാത്ത
തീട്ടൂരം വേറെയില്ല താന്‍,
ആഹാരനീഹാരങ്ങള്‍ക്കു-
മുണ്ടതില്‍ വേണ്ട സൂചന.

പൗരോഹിത്യത്തെ കവി വിമര്‍ശിക്കുന്നത് ഇങ്ങനെയാണ്:

നബി പുംഗവന്‍ കല്‍പിച്ചു
നീതിയായ് വിദ്യ നേടുവാന്‍
നികൃതന്‍- പുരോഹിതന്‍ നി-
ന്നലറുന്നരുതെന്നഹോ!

 രണ്ടാം സ്വര്‍ഗത്തില്‍ പ്രവാചക കുലപതിയായ ഹസ്രത് ഇബ്രാഹിമിന്റെ ചരിത്രം സവിസ്തരം പ്രതിപാദിക്കുന്നു. ഇബ്രാഹിമും സാറയും ഹാജറയും ശാമില്‍ ഒരു കുടില്‍കെട്ടി താമസിക്കുന്നതോടെയാണ് മൂന്നാംസര്‍ഗം ആരംഭിക്കുന്നത്. തുടര്‍ന്ന് അതില്‍ ഹാജറയും പുത്രന്‍ ഇസ്മാഈലും മക്കയില്‍ ഉപേക്ഷിക്കപ്പെടുന്നതും സംസം പൊട്ടിയൊഴുകുന്നത് മഹത്തായ ഒരു സംസ്‌കാരത്തിന് നാന്ദിയാകുന്നതും വിശുദ്ധ കഅബ പടുത്തുയര്‍ത്തപ്പെടുന്നതും വിവരിക്കുന്നു. മൂന്ന് സര്‍ഗങ്ങളിലുമായി ആകെ 1269 ശ്ലോകങ്ങള്‍ ഉണ്ട്.
    ഒന്നും രണ്ടും സര്‍ഗങ്ങളില്‍ അനുഷ്ടുപ്പും മൂന്നാം സര്‍ഗത്തില്‍ കല്യാണിയുമാണ് വൃത്തങ്ങള്‍. ചരിത്രവും സംഭവങ്ങളും ആദര്‍ശങ്ങളുമെല്ലാം വൃത്തങ്ങളില്‍ എഴുതി അവതരിപ്പിച്ചാല്‍ അതു കവിതയാകുമോ എന്ന് മാഹമ്മദത്തെ മുന്‍നിര്‍ത്തി ആരെങ്കിലും ചോദിച്ചാല്‍ അത് അസംബന്ധമാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ കാവ്യ രചനാ സങ്കേതങ്ങളുടെ സമര്‍ത്ഥമായ ഉപയോഗം കൊണ്ടും ഭാവനാ ബലത്താല്‍ ആശയാദര്‍ശങ്ങളെ കാവ്യാത്മകമാക്കിയും പൊന്‍കുന്നം സെയ്ദു മുഹമ്മദ് തന്റെ കാവ്യം വെറും പദ്യവല്‍ക്കരണം (versification) ആയി താണുപോകാതെ രക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. ഇത്തരമൊരു കാവ്യം  രസകരമായ ഒരു പ്രശ്‌നം അനുവാചകര്‍ക്ക് മുമ്പില്‍ ഉയര്‍ത്തുന്നു. മറ്റേതോ കാലത്തും മറ്റേതോ ദേശങ്ങളിലും നടന്ന സംഭവങ്ങള്‍ കേരളത്തിലെ ഒരു ഗ്രാമത്തിലിരുന്ന് ചിത്രീകരിക്കുന്ന കവിക്ക് താന്‍ കണ്ട് പരിചയിച്ചനുഭവിച്ച ശബ്ദങ്ങളും  നിറങ്ങളും മറ്റും അതിനു കൊടുക്കേണ്ടിവരുന്നു എന്നതാണത്. ഇബ്രാഹിമും സാറായും ഹാജറയും ശാമില്‍ ഒരു കുടില്‍കെട്ടി താമസിക്കുന്നു. നിര്‍ധനരായ അവരുടെ കുടിലിലേയ്ക്ക് ഇളംവെയില്‍ വന്നുകേറുന്നത് കവി ചിത്രീകരിക്കുന്നതു കാണുക:

മിണ്ടാതെ കാലൊച്ച കേള്‍പ്പിച്ചിടാതെ
വീട്ടിന്‍ തളത്തില്‍ കഴല്‍ കുത്തിമെല്ലെ
കൈയിട്ടകത്തേയ്ക്കു തപ്പുന്ന കൊച്ചു-
കള്ളന്റെ മട്ടില്‍ വെയില്‍ വന്നുകേറി.

ഒരു കേരള ഗ്രാമത്തിലെ ഇളം വെയിലിനെയല്ലേ നമുക്കിവിടെ കാണാന്‍ കഴിയുന്നത്? ഇബ്രാഹിമും സാറയും രാത്രി ശയ്യയില്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഞാറക്കിടാങ്ങള്‍ക്ക് നിദ്രാഭംഗം വരുത്തിയെന്നാണ് കവി പറയുന്നത്. അതേക്കുറിച്ച് കൊടുപ്പുന്നയുടെ നിരീക്ഷണം ശ്രദ്ധിക്കാം: 'അറബിനാട്ടിലെ കഥയ്ക്കു കേരളീയ പക്ഷികളെ (ഞാറപ്പക്ഷികളെ) കൊണ്ടുവന്ന കവി കേരളീയതയിലേയ്ക്ക് വായനക്കാരെ പിടിച്ചെടുത്ത് രസനിഷ്യന്ദിയായ രംഗം സൃഷ്ടിക്കുന്നു'. അന്യദേശത്തെ കഥയാണെങ്കിലും ഭാഷയും വായനയും മലയാളികള്‍ക്കുള്ളതാണല്ലോ?! ശൈലീപരമായ മേന്മകള്‍ കൊണ്ടും സമ്പന്നമാണ് മാഹമ്മദം. 'വൈദര്‍ഭീരീതിയില്‍  ആദ്യവസാനം അലങ്കാരത്തിന് മേന്മ നല്കുന്ന ഈ മഹാകാവ്യം സാഹിത്യത്തില്‍  നവീനതയുടെ ഒരു പ്രത്യേക ലോകം സൃഷ്ടിക്കുന്നുണ്ടെ'ന്ന കൊടുപ്പുന്നയുടെ അഭിപ്രായം എടുത്തുപറയേണ്ടതാണ്. പദസംഗീതത്തിനു പുറമെ Versonification, transferred epithet തുടങ്ങി നിരവധി പ്രയോഗ വൈശിഷ്ട്യങ്ങള്‍ക്ക് മാഹമ്മദം ധാരാളം സന്ദര്‍ഭങ്ങളൊരുക്കുന്നുണ്ട്.
    ഇസ്ലാമിക വിഷയങ്ങള്‍ കാവ്യമോ കഥയോ ആക്കുമ്പോള്‍ ഭാവനയുടെ സ്വൈര സഞ്ചാരം സാധ്യമല്ല എന്ന ഒരു ആക്ഷേപം ചില നിരൂപകര്‍ ഉയര്‍ത്തുന്നുണ്ട്. അതിന് അവരെ കുറ്റം പറയാനും കഴിയില്ല. ഖുര്‍ആനില്‍ തന്നെ കഥകള്‍ കഥകള്‍ക്കു വേണ്ടിയല്ലല്ലോ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. കഥകള്‍ നല്കുന്ന പാഠങ്ങള്‍ക്കു വേണ്ടിയാണ് അവ ഖുര്‍ആനില്‍ നിലനില്ക്കുന്നത്. അതുകൊണ്ടാണ് ഖുര്‍ ആനിലെ കഥകള്‍ ദൃഷ്ടാന്ത കഥകളായി പരിണമിച്ചിരിക്കുന്നത്. താന്‍ ഏറ്റെടുത്തിരിക്കുന്ന വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് തീര്‍ത്തും ബോധവാനായിരുന്നു കവി പൊന്‍കുന്നം സെയ്ദു മുഹമ്മദ്. മാഹമ്മദത്തില്‍ ഭാവനയെ കയറൂരിവിടുന്നത് താനറിയാത്ത ചില അപകടങ്ങളില്‍ ചെന്നു ചാടുന്നതിന് വഴിയൊരുക്കും എന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. സര്‍വ്വശക്തന്റെ കാരുണ്യം കൊണ്ട് കാവ്യത്തിന്റെ ഒന്നാം ഭാഗം പൂര്‍ത്തിയാക്കിയതില്‍ അദ്ദേഹത്തിന് ആശ്വാസമുണ്ടായി എങ്കിലും കല്പനയുടെ ചിറകില്‍ കാവ്യസഞ്ചാരം നടത്തിയതിനാല്‍ ചില പിഴ കടന്നുകൂടിയിട്ടുണ്ടോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം കാവ്യാന്ത്യത്തില്‍ പൊറുക്കല്‍ തേടുന്നു:

കല്പനാപ്പടവേറിത്താന്‍
കടന്നാവഴിയൊക്കെ ഞാന്‍
കയ്പിഴക്കാടുകണ്ടെന്നാല്‍
കല്പിച്ചങ്ങുപൊറുക്കണേ!

ഇതില്‍ കല്പിച്ചങ്ങു പൊറുക്കണേ! എന്ന് അപേക്ഷിക്കുന്നതു മുഖ്യമായും പടച്ചവനോടാണ് എന്ന് പറയേണ്ടതില്ലല്ലോ.
മാഹമ്മദം മൂന്ന് വാല്യങ്ങളായി പൂര്‍ത്തീകരിക്കേണ്ട മഹാകാവ്യമായിട്ടാണ് കവി ആസൂത്രണം ചെയ്തത്. രണ്ടാം വാല്യത്തില്‍  മൂസ മുതല്‍ ഈസ വരെയുള്ള പ്രവാചകന്മാരുടെ ജീവിതകഥയും മൂന്നാം വാല്യത്തില്‍ പ്രവാചക കഥയും ചിത്രീകരിക്കുവാനായിരുന്നു കവി ഉദ്ദേശിച്ചിരുന്നത്. ഏതായാലും അതു പൂവണിയാതെപോയി. ഒന്നാം വാല്യത്തിനുവേണ്ടി അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളോര്‍ത്തും പുസ്തകം തല്‍സമയം തന്നെ വ്യാപകമായി സ്വീകരിക്കപ്പെടാതിരുന്നതിന്റെ വൈഷമ്യം മുന്‍നിര്‍ത്തിയും കവി അങ്ങനെയൊരു ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ!!
മലയാള കവിതാ സാഹിത്യ ചരിത്രത്തില്‍ കാല്പനിക യുഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ഡോ.എം. ലീലാവതി പൊന്‍കുന്നം സെയ്ദു മുഹമ്മദിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ  (1900-1978) വരവോടെയാണ് കാല്പനികയുഗം രണ്ടാം ഘട്ടം സജീവമാകുന്നത്. ജി യും പൊന്‍കുന്നത്തെപ്പോലെ ഉള്ളൂരിന്റെ സ്വാധീനശക്തിയ്ക്ക് അടിപ്പെട്ട കവിയായിരുന്നു. അങ്ങനെയാണ് 'ഓരോ വരിയിലും അലങ്കാര നിവേശനം ചെയ്യുന്ന സമ്പ്രദായം അസ്ഖലത്താണ്' എന്ന് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാണിച്ച ഒരു വിശ്വാസം അദ്ദേഹത്തില്‍ ഉണ്ടായത്. എന്നാല്‍ ജി. ആ വിശ്വാസം അധികകാലം ചെല്ലും മുമ്പ്തന്നെ ഉപേക്ഷിച്ച് ഉജ്ജ്വലമായ സ്വന്തം കാവ്യശൈലിയ്ക്കുടമയായി. അതേസമയം പൊന്‍കുന്നം സെയ്ദു മുഹമ്മദിനെപ്പോലുള്ള കവികള്‍ക്ക് രൂപശില്പത്തിന്റെ സൗഭഗത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ട് കാവ്യരചന തുടരുന്നതിലായിരുന്നു താല്പര്യം. അത് അവരുടെ കവിതകളെ ചിലയിടങ്ങളിലെങ്കിലും ദുര്‍ബ്ബലപ്പെടുത്തിയെന്ന് പറയാതെ തരമില്ല. കാരണം വൃത്തത്തില്‍ എഴുതുന്നതു മാത്രമായിരുന്നു അവര്‍ക്കു കവിത. അപ്പോള്‍ പഴകിത്തേഞ്ഞ ശൈലികളും സ്ഥാനത്തും അസ്ഥാനത്തും വ്യാക്ഷേപകങ്ങളും പ്രചാര ലോപം വന്ന പദങ്ങളും (archaism) എല്ലാം ധാരാളമായി ഉപയോഗിക്കേണ്ടിവരികയും ചെയ്യും. വാസ്തവത്തില്‍ കവിതയ്ക്ക് ചേരാത്ത വിഷയമോ കവിതയ്ക്ക് സ്വീകരിക്കാനാവാത്ത രൂപമോ ഇല്ല. എന്തായാലും അതു കവിതയായിരിക്കണമെന്നു മാത്രം. ഈ നിലപാടിനെ സാധൂകരിക്കുന്ന സൃഷ്ടികള്‍ മലയാള കാവ്യ പാരമ്പര്യത്തിന്റെ വാമൊഴി വഴക്കങ്ങളില്‍തന്നെ വേണ്ടുവോളമുണ്ട്.
    കാവ്യ ഗുണത്തില്‍ ഒട്ടും പിന്നിലല്ലാത്ത കുറെയേറെ കാവ്യങ്ങള്‍ രചിച്ചിട്ടുള്ള പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ നാമം മലയാള സാഹിത്യചരിത്രത്തില്‍ മുദ്രിതമാകുന്നത് പ്രധാനമായും മാഹമ്മദത്തിന്റെ രചയിതാവ് എന്ന നിലയിലായിരിക്കും. വിഷയ സ്വീകാരത്തിലും നിര്‍വ്വഹണത്തിലും വൈപുല്യത്തിന്റെയും പ്രൗഢിയുടെയും കൊടുമുടികള്‍ കയറിയ മാഹമ്മദം മലയാള മഹാകാവ്യങ്ങളില്‍ ഒറ്റപ്പട്ടുനില്‍ക്കുന്നു. എന്നാല്‍ അതിലുപരി പല നിലകളിലും പിന്നാക്കം നിന്നിരുന്ന മുസ്ലിം സമുദായാംഗമായിരുന്നിട്ടും മലയാള കാവ്യകല ശാസ്ത്രീയമായി അഭ്യസിക്കുവാനും പ്രയോഗിക്കാനും അദ്ദേഹം കാണിച്ച താല്പര്യമാണ് അദ്ദേഹത്തെ മറ്റു മലയാള കവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ആ വ്യത്യസ്തത മലയാളമുള്ള കാലം  ഭാഷയ്ക്കും പൊന്‍കുന്നം സെയ്ദു മുഹമ്മദിനും അലങ്കാരമായി പ്രശോഭിക്കുകയും ചെയ്യും.

Reference

1. കരീം സി കെ (ഡോ.): 1991: കേരള മുസ്ലിം ചരിത്രം സ്ഥിതി വിവരക്കണക്ക് ഡയറക്ടറി, ചരിത്രം പബ്‌ളിക്കേഷന്‍സ്, ഇടപ്പള്ളി.
2. ഗോവി കെ എം., എ കെ പണിക്കര്‍ (എഡി.): 1973: മലയാള ഗ്രന്ഥസൂചി, കേരള സാഹിത്യഅക്കാദമി, തൃശൂര്‍.
3. ശ്രീധരന്‍ സി പി: 1969: ഇന്നത്തെ സാഹിത്യകാരന്മാര്‍, സാഹിത്യവേദി പബ്‌ളിക്കേഷന്‍സ്, കോട്ടയം.
4. ലീലാവതി എം. (ഡോ.) : 2002: മലയാള കവിതാ സാഹിത്യ ചരിത്രം, കേരള സാഹിത്യഅക്കാദമി, തൃശൂര്‍.
5. സെയ്ദുമുഹമ്മദ്, പൊന്‍കുന്നം: 1 948: ഗായിക (കവിതാ സമാഹാരം), കമലാലയം ബുക്ക് ഡിപ്പോ, തിരുവനന്തപുരം.
6.സെയ്ദുമുഹമ്മദ്, പൊന്‍കുന്നം:1972:ഭാഗ്യാങ്കുരം (കവിതാ സമാഹാരം), പ്രസാധകന്‍. ഇ എ കെ അഹമ്മദ്, പെരുമ്പാവൂര്‍.
7.സെയ്ദുമുഹമ്മദ്, പൊന്‍കുന്നം: 1978: മാഹമ്മദം മഹാകാവ്യം, സുനി പബ്‌ളിക്കേഷന്‍സ്, ആലുവ
8. സെയ്ദുമുഹമ്മദ്, പൊന്‍കുന്നം: 1984: മാഹമ്മദം മഹാകാവ്യം (പ്രളയകാണ്ഡം), സുനി പബ്‌ളിക്കേഷന്‍സ്, ആലുവ
9.മാധവന്‍കുട്ടി ടി ജി (ഡോ.): 2000: മഹാകാവ്യ പ്രസ്ഥാനം, കേരള ഭാഷാ ഇന്‍സ്‌ററിറ്റിയൂട്ട്, തിരുവനന്തപുരം.
10. Ayyappa Paniker K (Dr.):2007: A Short History of Malayalam Literature, I&PRD, Thiruvananthapuram.
ഇതര പ്രസിദ്ധീകരണങ്ങള്‍/ആനുകാലികങ്ങള്‍:
1. കൗമുദി എം കൃഷ്ണന്‍ നായര്‍ പതിപ്പ്: 2013 ജൂലൈ സെപ്തംബര്‍, തിരുവനന്തപുരം.
2. സാഹിത്യകാര ഡയറക്ടറി: 1976: കേരള സാഹിത്യഅക്കാദമി, തൃശൂര്‍.
3. സാഹിത്യകാര ഡയറക്ടറി: 2004: കേരള സാഹിത്യഅക്കാദമി, തൃശൂര്‍.

RELATED ARTICLES