കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍

ബേബി ജയ്ഷ എ   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)

ന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ കേരളീയ മുസ്‌ലിംകളുടെ പങ്കും പങ്കാളിത്തവും ശ്രദ്ധേയമാണ്. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്ത ധീര പോരാളികള്‍ ഒട്ടനവധിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളില്‍ തിളങ്ങുന്ന അധ്യായങ്ങളായ ഖിലാഫത്ത് പ്രസ്ഥാനത്തിന്റേയും കാര്‍ഷിക പ്രസ്ഥാനത്തിന്റേയും വള്ളുവനാട്ടിലെ നേതാക്കളില്‍ പ്രമുഖനാണ് കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍. ഭാവനാ സമ്പന്നനായ കവിവര്യന്‍, സദസിനെ പിടിച്ചിരുത്തുന്ന പ്രാസംഗികന്‍, സമുദായോത്തേജകന്‍, ചിന്തകനായ മതപണ്ഡിതന്‍, ആദര്‍ശധീരനായ ദേശാഭിമാനി തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ മുസ്‌ലിയാര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 1879-ല്‍ മലബാറിലെ പഴയ വള്ളുവനാട് താലൂക്കില്‍ പെട്ട പെരിന്തല്‍മണ്ണയ്ക്കടുത്ത പുഴക്കാട്ടിരി പഞ്ചായത്തിലെ കരിഞ്ചാപ്പാടിയില്‍ ജനിച്ചു. വലിയ പണ്ഡിതനും സൂഫിവര്യനുമായിരുന്ന കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെയും ആയിശുമ്മബീവിയുടേയും സീമന്ത പുത്രനായിരുന്നു ഈ ധീരപുരുഷന്‍. പിതാവ് തന്നെയായിരുന്നു പ്രഥമ ഗുരുനാഥന്‍. പിതാവിന്റെ സന്നിധിയില്‍ വെച്ച് തന്നെ ധാരാളം അറബി ഭാഷാഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ചു. കൂടാതെ ചെറുപ്പത്തില്‍ തന്നെ ഹദീസുകളും ഖുര്‍ആനും നന്നായി വശമാക്കുകയും ചെയ്തു. തുടര്‍ന്ന് ഏതാനും വര്‍ഷം തിരൂരങ്ങാടി, പൊന്നാനി പള്ളി ദര്‍സുകളില്‍ നിന്ന് ഉപരിപഠനം നടത്തി തിരൂരിലെ 'ബാഖിയാത്തു സ്സാലിഹാത്തില്‍' തുടര്‍ന്ന് പഠിച്ചു.
    ചെറുപ്പത്തില്‍തന്നെ മതവിഷയങ്ങളില്‍ പ്രാവീണ്യം നേടിയ മുസ്‌ലിയാര്‍ പിതാവിന്റെ കാലടി പിന്തുടര്‍ന്ന്, കുട്ടികളെ സൗജന്യമായി പഠിപ്പിച്ച് കൊണ്ടാണ് സാമൂഹ്യപരിഷ്‌കരണ രംഗത്തേക്ക് കടന്ന്  വന്നത്. ഇതിനായി പുണര്‍പ്പയില്‍ കട്ടിലശ്ശേരി സ്ഥാപിച്ച മദ്രസയാണ് 'മക്തബതുല്ലൂ സൂരിയ'.
അറബി, മലയാളം, ഉറുദു, ഫ്രഞ്ച്, തമിഴ് തുടങ്ങിയ ഭാഷകളില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന മുസ്‌ലിയാര്‍ക്ക് മലബാര്‍ രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട മുസ്‌ലിയാര്‍ 1916 മുതല്‍ 'ആനിബസന്റ്' സ്ഥാപിച്ച 'ഹോംറൂള്‍ ലീഗിന്റെ' പ്രവര്‍ത്തകനായി. അധികം താമസിയാതെ കോണ്‍ഗ്രസിലും ചേര്‍ന്നു. 1916-ല്‍ പാലക്കാട് ചേര്‍ന്ന ഒന്നാം മലബാര്‍ രാഷ്ട്രീയ സമ്മേളനം മുതല്‍ തുടര്‍ന്നുള്ള എല്ലാ മലബാര്‍ സമ്മേളനങ്ങളിലും നിറ സാന്നിധ്യമായി, അതിന്റെയെല്ലാം വിജയത്തിനായി പ്രയത്‌നിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് പോന്നു. മലബാറിലെ കൃഷിക്കാരനുഭവിക്കുന്ന ജന്മിത്വ മേല്‍ക്കോയ്മക്കെതിരെ സജീവമായി രംഗത്തിറങ്ങി. സമാന ചിന്താഗതിക്കാരനും, സുഹൃത്തും നാട്ടുകാരനുമായിരുന്ന എം.പി. നാരായണ മേനോനുമായി കൂട്ടുചേര്‍ന്ന് കൃഷിക്കാരെ സംഘടിപ്പിക്കാനും കുടിയായ്മ പരിഷ്‌കരണം ഒരടിയന്തര പ്രശ്‌നമായി ഉയര്‍ത്തികൊണ്ട് വരുവാനും അവരിരുവരും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. 1914 മുതല്‍ മലബാറിലെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളില്‍ ശ്രദ്ധേയനായ വ്യക്തി എന്ന നിലയില്‍ മുസ്‌ലിയാരെ ജനങ്ങള്‍ ആദരിച്ചിരുന്നു.
ചരിത്രത്താളുകളില്‍ കുറിച്ചിട്ട, 1920 ഏപ്രിലില്‍ മഞ്ചേരിയില്‍ നടന്ന മലബാര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കുടിയായ്മ പരിഷ്‌കരണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസംഗങ്ങളില്‍ ഏറ്റവും ഹൃദ്യമായതും ഉജ്ജ്വലമായതും മുസ്‌ലിയാരുടേതായിരുന്നു. ആയത്തുകളുടേയും ഹദീസുകളുടേയും പിന്‍ബലത്തോടെ മണിക്കൂറുകളോളം ദേശീയതയുടെ ആവേശം പകര്‍ന്ന് കൊണ്ട് സദസിനെ ഒന്നടങ്കം പിടിച്ചിരുത്തിയിരുന്ന അദ്ദേഹത്തിന്റെ ചടുലമായ പ്രസംഗ പാടവവും സംഘടനാ പ്രാപ്തിയും അക്കാലത്ത് മാപ്പിളനാട്ടില്‍ നല്ല ചലനമുണ്ടാക്കി. അതിനാല്‍ തന്നെ ഹിന്ദു-മുസ്‌ലിം മൈത്രിയുടെയും, വിട്ടുവീഴ്ചയില്ലാത്ത ദേശീയതയുടെയും പ്രബലനായ ഈ വക്താവിനെ ബ്രിട്ടീഷ് മേധാവികള്‍ ഭയപ്പെടുകയും വലിയ അപകടകാരികളില്‍ ഒരാളായിട്ട് കണക്കാക്കുകയും ചെയ്തു.
കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ പ്രാസംഗികന്‍ എന്നതിലുപരി നല്ലൊരു കവിയും ഗാനരചയിതാവും ആയിരുന്നു. ചെറുപ്പം മുതലെ മാപ്പിള കവിതകളോടും കാവ്യങ്ങളോടും അടങ്ങാത്ത താല്‍പര്യം ഉണ്ടായിരുന്ന അദ്ദേഹം മാപ്പിളക്കവി ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബുമായി അടുത്ത സൗഹൃദ ബന്ധം പുലര്‍ത്തിയിരുന്നു. മുസ്‌ലിയാര്‍ രചിച്ച മാപ്പിളപ്പാട്ടുകള്‍ ഒരു കാലത്ത് മലബാറിലെ ജനലക്ഷങ്ങളെ ഹരം പിടിപ്പിച്ചിരുന്നു. മാപ്പിളപ്പാട്ട് രചയിതാക്കളെ പ്രോത്സാഹിപ്പിക്കുവാനും അവരുടെ കലാസൃഷ്ടികള്‍ക്ക് പ്രചാരണം നല്‍കുവാനും മുസ്‌ലിയാര്‍ മറന്നില്ല.
ഒന്നിനേയും പേടിക്കാതെ ആരുടെയും മുഖം നോക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുവാന്‍ മുസ്‌ലിയാര്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. ഭീരുത്വത്തിന്റേയോ സ്വാര്‍ഥ ചിന്തയുടേയോ ചെറുകണിക പോലും അദ്ദേഹത്തില്‍ ഉണ്ടായിരുന്നില്ല. അഖിലേന്ത്യ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മലബാര്‍ ഘടകം രൂപീകൃതമായപ്പോള്‍ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത് മുസ്‌ലിയാരെയായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ തന്നെ മുസ്‌ലിയാര്‍ അധികാരികളുടെ നോട്ടപ്പുള്ളിയായിരുന്നു. 1921 ആഗസ്റ്റ് 16 ന് അന്നത്തെ മലബാര്‍ ജില്ലാ കലക്ടറായിരുന്ന തോമസ് മദ്രാസ് ഗവര്‍ണര്‍ അയച്ച ഒരു ഡി.ഒ.ലെറ്റര്‍ അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടേണ്ട 24 പേരുള്ള ലിസ്റ്റില്‍ പത്താമന്‍ മുസ്‌ലിയാരും പതിനൊന്നാമന്‍ എം.പി.നാരായണ മേനോനും ആയിരുന്നു.
1921-ലെ മലബാര്‍ കലാപത്തിന്റെ തുടക്കം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലായിരുന്നു. ഇക്കാലത്ത് കള്ളക്കേസുകളുടെയും പോലീസ് അതിക്രമങ്ങളുടെയും നിരോധനാജ്ഞകളുടെയും ഫലമായി ഖിലാഫത്ത് പ്രസ്ഥാന പ്രവര്‍ത്തകരില്‍ അക്രമരഹിത സമര മുറകളിലുള്ള വിശ്വാസം ക്രമേണ കുറഞ്ഞ് വരുവാന്‍ തുടങ്ങി. ആയുധ, അക്രമബലം കൊണ്ടുതന്നെ നേരിടലാണ് ധീരതയും ഫലപ്രദവുമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അടിയുറച്ച് വിശ്വസിച്ചു. തിരൂരങ്ങാടിയിലെ ആലി മുസ്‌ലിയാരുടെ അനുയായികള്‍ ഇക്കൂട്ടത്തില്‍പെട്ടവരായിരുന്നു. അവരതിനായി ആയുധങ്ങള്‍ ശേഖരിക്കുവാനും വാളണ്ടിയര്‍ പരിശീലനം നല്‍കുവാനും തുടങ്ങി. ജൂണ്‍ മാസത്തില്‍ തന്നെ ഇത്തരം മാറ്റം മനസ്സിലാക്കിയ മുസ്‌ലിയാര്‍ എം.പി.നാരായണ മേനോനുമായി, ആലിമുസ്‌ലിയാരെയും അനുയായികളെയും ചെന്നുകാണുകയും അവരുടെ ഈ ചിന്താഗതിയില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. 1921-ലെ കലാപം തങ്ങളുടെ താലൂക്കായ വള്ളുവനാട്ടിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാനാണ് മുസ്‌ലിയാരും എം.പി.നാരയണ മേനോനും ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഏറനാട്ടുകാരെ പോലെ അവിവേകം പ്രവര്‍ത്തിക്കരുതെന്ന ഒരു പ്രസ്താവന അച്ചടിപ്പിച്ച് അവരിരുവരും വ്യാപകമായി പ്രചരിപ്പിച്ചു. ഏങ്കിലും ലഹളത്തലവന്മാര്‍ എന്ന് ബ്രിട്ടീഷുകാര്‍ അവരെ മുദ്രകുത്തി.
ആരെയും വകവെക്കാതെയുള്ള മുസ്‌ലിയാരുടെ പെരുമാറ്റരീതി കലക്ടര്‍ തോമസില്‍ അദ്ദേഹത്തോട് വ്യക്തിപരമായ വൈരാഗ്യം വളര്‍ത്തി. 1921-ലെ വിപ്ലവം പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെ എം.പിയെ അറസ്റ്റ് ചെയ്തു. മുസ്‌ലിയാരെ അറസ്റ്റ് ചെയ്യുവാനുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരുന്നു. എന്നാല്‍ ധീരനും ബുദ്ധിമാനുമായ കട്ടിലശ്ശേരി മുസ്‌ലിയാര്‍ ബ്രിട്ടീഷ്‌ക്കാരെ വെട്ടിച്ച് വെല്ലൂരിലേക്ക് പോയി. എന്നാല്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തിരക്കി അവിടെയുമെത്തി. അവിടെയും പിടികൊടുക്കാതെ അദ്ദേഹം നേരെ മദ്രാസിലേക്ക് പോയി. അപ്രതീക്ഷിതമായ ഈ അവസരത്തിലാണ് പ്രസിദ്ധമായ ജമാലിയ്യ അറബികോളേജില്‍ അധ്യാപകനായി അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. എന്നാല്‍ അധികനാള്‍ അവിടെയും തങ്ങുവാനായില്ല. ഒരു ചായക്കടക്കാരനില്‍ നിന്നും ജമാലിയ്യ കോളേജില്‍ മുസ്‌ലിയാര്‍ ഉണ്ടെന്ന് അറിവ് കിട്ടിയ മൂസകുട്ടിയും പോലീസ് സൂപ്രണ്ട് ആമുവും കൂടി മദ്രാസിലെത്തുകയും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുവാന്‍ കഠിനശ്രമം നടത്തുകയും ചെയ്തു. അവിടെ നിന്നും സാഹസികമായി രക്ഷപ്പെട്ട മുസ്‌ലിയാര്‍ തന്റെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്രഞ്ച് പ്രദേശമായ കാരക്കലിലേക്ക് പോയി. രാജകീയമായ സൗകര്യങ്ങളാണ് അവിടുത്തുക്കാര്‍ മുസ്‌ലിയാര്‍ക്ക് ചെയ്ത് കൊടുത്തത്. വലിയൊരു വീട് ഈ ദേശസ്‌നേഹിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുവാന്‍ പോലും അവര്‍ തയ്യാറായിരുന്നു. എങ്കിലും നാടും നാടിന്റെ സ്വാതന്ത്ര്യവും മാത്രം സ്മരിച്ചിരുന്ന ഈ ആദര്‍ശ പുരുഷന്‍ 1921-ലെ കലാപത്തിന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം പിന്‍വലിച്ച ശേഷം നാട്ടിലേക്ക് മടങ്ങി. കാരക്കലിലായിരുന്നപ്പോഴും ഒരു വിശ്രമവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അവിടെയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു. അദ്ദേഹം കഴിച്ച് കൂട്ടിയിരുന്ന സ്ഥലങ്ങളിലെല്ലാം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സാമൂഹിക സംഘടനകളോ, സ്ഥാപനങ്ങളോ ഉയര്‍ന്നുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രമ ഫലമായി, അറബി, ഫ്രഞ്ച്, തമിഴ് എന്നീ ഭാഷകള്‍ പഠിപ്പിക്കുവാന്‍ അദ്ദേഹം സ്ഥാപിച്ച സ്‌കൂള്‍ ഇന്ന് നല്ല നിലയില്‍ നടക്കുന്ന ഹൈസ്‌കൂളായി വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു.
കലാപത്തിന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം പിന്‍വലിച്ചശേഷം 1933-ല്‍ സ്വദേശത്തേക്ക് തിരിച്ചെത്തിയ മുസ്‌ലിയാര്‍ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വീണ്ടും നിറസാന്നിധ്യമായി മാറി. നാട്ടുകാരുടെ നിരക്ഷരതയില്‍ വേദനിച്ച അദ്ദേഹം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ മുന്‍ഗണന നല്‍കിയിരുന്നു. മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു മുസ്‌ലിയാര്‍. അത് സഫലീകരിക്കുവാന്‍ പ്രാഥമിക വിദ്യാഭ്യാസ രംഗത്തുനിന്നും തുടങ്ങണമെന്ന ഉറച്ച കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു. 1938-ല്‍ 'മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ്' വൈസ് പ്രസിഡന്റായിരുന്ന മുസ്‌ലിയാര്‍ കെ.പി.സി.സി അംഗവുമായിരുന്നു. 'ആന്‍ഡമാന്‍ സ്‌കീമിനെതിരായും', മാപ്പിള ഔട്ടറെയ്ജ് ആക്ട് റദ്ദാക്കുന്നതിനു വേണ്ടിയും മുസ്‌ലിയാര്‍ നടത്തിയിരുന്ന സാഹസിക പോരാട്ടങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയിരുന്നു.
ജീവിതം മുഴുവന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നിട്ട ഈ സ്മര്യപുരുഷന്‍ കുടുംബത്തോടൊപ്പം കുറഞ്ഞ സമയം മാത്രമെ ചിലവഴിച്ചിട്ടുള്ളു. മുസ്‌ലിയാര്‍ക്കും ഭാര്യ പാത്തുമ്മയ്ക്കും പത്തുമക്കളായിരുന്നു. അതില്‍ തന്നെ നാലുമക്കള്‍ മരിക്കുകയും ചെയ്തു. മക്കളുടെ മരണസമയത്ത് അവസാനമായി ഒരു നോക്കു കാണുവാനോ സംസ്‌കരണ ചടങ്ങുകളില്‍ പങ്കെടുക്കുവാനോ മുസ്‌ലിയാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാരണം ആ അവസരം നോക്കി പോലീസുകാര്‍ അവിടെയെത്തും. എങ്കിലും മക്കളുടെ മരണം പോലുള്ള ദുരന്തങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ സമരാവേശത്തെ തകര്‍ത്തില്ല. പോലീസിന് കീഴ്‌പെടുവാനും മാപ്പ് എഴുതികൊടുക്കാനും ഉപദേശിക്കുന്നവരോട് 'പ്രവാചകനായ മുഹമ്മദ് നബി(സ) ശത്രുക്കള്‍ക്ക് കീഴ്‌പ്പെട്ടിട്ടില്ല വിശ്വാസ കാര്യത്തില്‍ ഒത്തുതീര്‍പ്പും ഉണ്ടാക്കിയിട്ടില്ല. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ നാട്ടില്‍ നിന്നും പാലായനം ചെയ്തിട്ടേ ഉള്ളു. ഞാന്‍ ആ പ്രവാചകനെയാണ് പിന്തുടരുന്നത്'. എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ പോലീസുകാര്‍ നിത്യസന്ദര്‍ശകരായിരുന്നു. ആ സമയത്തെല്ലാം തന്നെ ഒട്ടും മടികൂടാതെ നാട്ടുകാര്‍ അദ്ദേഹത്തിന്റെ വീടിന് കാവല്‍ നിന്നിരുന്നു.
ഒരു പുരുഷായുസ്സു മുഴുവന്‍ നാടിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി സമര്‍പ്പിച്ച ഈ പ്രതിഭാധനന് ഇന്ത്യ സ്വതന്ത്രമാവുന്നത് കണ്‍കുളിര്‍ക്കെ കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ദേശ നന്മയ്ക്കായ് പോരാടിയ ഈ പ്രതിഭാശാലി ഏവര്‍ക്കും ഒരു മാതൃക തന്നെയാണ്. ത്യാഗപൂര്‍ണമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 1942-ല്‍ ക്വിറ്റിന്ത്യാ സമരം നടക്കുമ്പോള്‍ മുസ്‌ലിയാര്‍ രോഗശയ്യയിലായിരുന്നു. എന്നിട്ടും ആ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിനുള്ള പല സഹായങ്ങളും അദ്ദേഹത്തില്‍ നിന്നും ലഭിച്ചു. മുസ്‌ലിയാര്‍ക്ക് ചക്ക വലിയ ഇഷ്ടമായിരുന്നു. ഒരു ദിവസം നല്ല ചക്ക കിട്ടിയപ്പോള്‍ കുറെ തിന്നു. പതിവില്ലാതെ അടുത്ത ദിവസം വയറിനു വേദനയും സ്തംഭനവും വന്നു. ഡോക്ടര്‍മാര്‍ നട്ത്തിയ ശ്രമങ്ങളൊന്നും ഫലിച്ചില്ല. അധികദിവസം കഴിയും മുമ്പേ 1943 ആഗസ്റ്റ് 22 ന് ഈ ചരിത്ര പുരുഷന്‍ ഇഹലോകവാസം വെടിഞ്ഞു. മരിക്കുമ്പോള്‍ മുസ്‌ലിയാര്‍ക്ക് 64 വയസ്സായിരുന്നു.

Reference

* സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം നായകര്‍
* കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ദേശീയ പ്രസ്ഥാനവും
* കേരള മുസ്‌ലിം ചരിത്ര സ്ഥിതി വിവരകണക്ക്

author image
AUTHOR: ബേബി ജയ്ഷ എ
   (അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം)

RELATED ARTICLES