കെ കെ മുഹമ്മദ് അബ്ദുല്‍ കരീം ചരിത്രത്തിന്റെ സൂക്ഷിപ്പുകാരന്‍

റസാഖ് പയമ്പ്രോട്ട്   (എഡിറ്റര്‍, വര്‍ത്തമാനം)

രു മഹത്തായ പാരമ്പര്യത്തെ അടയാളപ്പെടുത്തിയ ചരിത്രകാരന്‍ എന്നതോടൊപ്പം ചരിത്രത്തിന്റെ സൂക്ഷിപ്പുകാരന്‍ കൂടിയായ ചരിത്രകാരനാണ് കെ കെ മുഹമ്മദ് അബ്ദുല്‍കരീം (1932-2005). വ്യക്തി, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശാസ്ത്രം, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ മുതലായവയുടെ ഉത്പത്തി, വികാസം, പരിണാമം എന്നിവയുടെ വസ്തുനിഷ്ഠവും കാലാനുക്രമവുമായ വിവരണ വിജ്ഞാന ശാഖ എന്നാണല്ലോ ചരിത്രം എന്നതിന്റെ വിവക്ഷ. ചരിത്രത്തിലൂടെ വ്യക്തമാകുന്ന സത്യം സംശയങ്ങള്‍ക്കതീതമായ തരത്തില്‍ ബോധ്യപ്പെടുത്തുന്നത് ചരിത്ര നിര്‍മിതിക്കുതകുന്ന പ്രമാണങ്ങളുടെയും ശാസനങ്ങളുടെയും അടിസ്ഥാനത്തിലാണ്. ചരിത്ര രേഖ എന്ന് ഇതിനെ ചുരുക്കിപ്പറയാം.
ചരിത്ര രേഖകളുടെ സൂക്ഷിപ്പാണ് ചരിത്രത്തിന്റെ സൂക്ഷിപ്പ്. സൂക്ഷിക്കുക എന്നത് സകര്‍മക ക്രിയയില്‍ കാത്തുരക്ഷിക്കലും പോറ്റലും ശ്രദ്ധിക്കലും കരുതിയിരിക്കലും ആ അര്‍ഥത്തില്‍ കാവലിരിക്കലുമാണ്. ചരിത്രത്തിന് കാവലിരിക്കുക എന്നത് പ്രയോഗത്തില്‍ ബാലിശമാണെന്ന് തോന്നുന്നു. അതിനാല്‍ ചരിത്രത്തെ നഷ്ടപ്പെടലുകളില്‍ നിന്നും കാത്തുരക്ഷിക്കലായിരുന്നു കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ ദൗത്യം. തന്റെ പിതാമഹന്മാരുടേത് തനിക്കു മുതല്‍കൂട്ടായതുപോലെ വരാനിരിക്കുന്ന തലമുറകള്‍ക്കായി ചരിത്ര രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മനസ്സ് പോലെ താമസിക്കുന്ന ഇടവും ചരിത്ര രേഖകളാല്‍ സമ്പന്നമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
കെ കെ മുഹമ്മദ് അബ്ദുല്‍ കരീം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭവനം ഇപ്പോഴും 'മുഹമ്മദ് അബ്ദുല്‍ കരീം സെന്റര്‍ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്' ആയി നിലകൊള്ളുന്നു. ചരിത്രാധ്യാപകനായ ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍സത്താര്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകരായ കെ കെ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, കെ കെ റഷീദ എന്നീ മക്കളും കൂടി ഉള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ കുടംബം ഈ ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരായി ആ ഓര്‍മ്മകളെ നിലനിര്‍ത്തുന്നു എന്നതില്‍ അഭിമാനിച്ചുകൊണ്ട് എല്ലാ ചരിത്ര സ്‌നേഹികളുടെയും പേരില്‍ ആ കുടംബത്തെ അഭിനന്ദിക്കാം. ചരിത്രാന്വേഷികള്‍ക്കു മുന്നില്‍ ഏതു സമയത്തും തുറക്കപ്പെടുന്ന ആ ചരിത്ര ശേഖരത്തെ കേരളത്തിന്റെ പൊതു വികാരമായി നിലനിര്‍ത്തുവാന്‍ കൈത്താങ്ങ് നല്‍കേണ്ടതും നമ്മളാണ് എന്നും ആമുഖമായി പറയട്ടെ.
സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിനു കീഴില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ അറബി മലയാളം ഗവേഷണ  ഗ്രന്ഥാലയത്തിലെ ശേഖരത്തിന്റെ മുക്കാല്‍ പങ്കും ഈ ചരിത്രസൂക്ഷിപ്പുകാരന്റെ സംഭാവനകളാണെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ചരിത്ര ശേഖരത്തിന്റെ ആഴം വ്യക്തമാകുന്നത്.
1607 ല്‍ കോഴിക്കോട്ടുകാരനായ ഖാളി മുഹമ്മദ് രചിച്ച 'മുഹ്‌യിദ്ദീന്‍ മാല' എന്ന കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ടു കൃതിയുടെ കയ്യെഴുത്തു കോപ്പി അറക്കല്‍ കൊട്ടാരത്തില്‍ നിന്നും ശേഖരിച്ചതുള്‍പ്പടെ അമൂല്യമായ ഒട്ടനവധി അപൂര്‍വ്വരേഖകള്‍ ഇക്കൂട്ടത്തില്‍ കാണാം.
പതിനാറാം വയസ്സില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങിയ അദ്ദേഹം ഇബ്‌നു മീരാന്‍കുട്ടി, അബൂ അബ്ദു റഷീദ്, അബൂ നശീദ, കീടക്കാടന്‍ എന്നീ തുലികാ നാമങ്ങളും സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓരോ കൃതിയും മാപ്പിളമാരുടെ സാംസ്‌കാരിക പൈതൃകം അന്വേഷിക്കുന്നതായിരുന്നു. മലബാറും കൊച്ചിയും തിരുവിതാംകൂറും ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ ചരിത്രപരമായ വികാസത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയായിരുന്നു അത്.
1932 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് അന്നത്തെ കണ്ണങ്കോട്ടുപാറ എന്നറിയപ്പെട്ടിരുന്ന കരിപ്പൂര്‍ എന്ന പ്രദേശത്ത് (കോഴിക്കോട് വിമാനത്താവളം സ്ഥാപിതമായതോടെ കരിപ്പൂര്‍ പ്രസിദ്ധമായി)  കീടക്കാട്ട് കാവുങ്ങലക്കണ്ടിയില്‍ ബീരാന്‍കുട്ടി മുസ്‌ല്യാരുടെയും കീടക്കാട്ട് തെക്കുവീട്ടില്‍ ഫാത്തിമക്കുട്ടിയുടെയും മകനായി ജനിച്ച കെ കെ മുഹമ്മദ് അബ്ദുല്‍ കരീം  1948 ല്‍ എഴുത്തിന്റെ ലോകത്ത് ചിരപ്രതിഷ്ഠനേടിയിട്ടും 28 വര്‍ഷത്തിനുശേഷം 1976 ല്‍ റോളണ്ട് ഇ മില്ലറെ പോലുള്ള പാശ്ചാത്യ പണ്ഡിതര്‍ തങ്ങളുടെ കൃതികളില്‍ മലയാളിയായ കെ കെ മുഹമ്മദ് അബ്ദുല്‍കരീമിന്റെ ഉദ്ധരണികള്‍ എടുത്തുപയോഗിച്ചപ്പോഴാണ് കേരളത്തിലെ അക്കാദമിക പണ്ഡിതര്‍ ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നത്!
അംഗീകൃത ഗവേഷണ ബിരുദങ്ങളില്ലാതെ ഒരു നാട്ടിന്‍പുറത്തെ ലോവര്‍ പ്രൈമറി സ്‌കൂളില്‍ വാദ്ധ്യാരായ ഒരാള്‍ എന്നുമാത്രമേ അന്നത്തെ ഈ കണ്ണങ്കോട്ടുപാറക്കാരനെ ഇവിടുത്തുകാര്‍ കണ്ടുള്ളു. കൊണ്ടോട്ടിക്കാരനായ മഹാകവി മോയിന്‍കുട്ടി വൈദ്യരെ ഫോസറ്റ് എന്ന സായ്പ് പരിചയപ്പെടുത്തിയതുപോലെയാണ് മറ്റൊരു കൊണ്ടോട്ടിക്കാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം മലയാള ചരിത്ര ലോകത്തിന് പരിചിതനാകുന്നതും എന്ന സമാനതയുണ്ട്.
ജപ്പാനിലെ തോഷിയ അവായയും 'മാപ്പിള മുസ്‌ലിംസ് ഓഫ് കേരള' എന്ന കൃതി രചിച്ച റോളണ്ട് ഇ മില്ലറും 'ദ മാപ്പിളാസ് ഓഫ് മലബാര്‍ 1498-1922' എഴുതിയ സ്റ്റീഫന്‍ ഫെഡറിക് ഡൈലും സ്വന്തം കൃതികളുടെ അടിക്കുറിപ്പിലും റഫറന്‍സിലും ആവര്‍ത്തിച്ചിരിക്കുന്ന നാമമാണ്  കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റേത്.
ഒരു ജനതയുടെ പാരമ്പര്യവും പൈതൃകവും തേടിയുള്ള അന്വേഷണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. മാപ്പിളസാഹിത്യത്തിനും ചരിത്രത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അക്കാദമിക രംഗത്ത് പ്രഗത്ഭരായ ഒട്ടനവധി ഗവേഷകരെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന ഗുരുസ്ഥാനവും അദ്ദേഹത്തിനുണ്ട്. സര്‍വ്വകലാശാലകള്‍ നല്‍കുന്ന അക്കാദമിക യോഗ്യതയേക്കാള്‍ എത്രയോ ഇരട്ടി മുകളില്‍ വരുന്നതാണ് അദ്ദേഹത്തിന്റെ അന്വേഷണങ്ങളും പഠനങ്ങളും മുമ്പേ സൂചിപ്പിച്ച അപൂര്‍വശേഖരം.
ചരിത്രത്തോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങളും അന്വേഷണ തൃഷ്ണയുമെല്ലാം പൈതൃകമായി തന്നെ ലഭിച്ചതാണ്. പ്രവാചകന്‍, മഹത്തുക്കള്‍ എന്നിവരുടെ ജീവചരിത്രവും കീര്‍ത്തന പദ്യങ്ങളുമുള്‍ക്കൊള്ളുന്ന മൂന്ന്  മൗലീദുകളുടെയും ഏതാനും ചരമ ഗീതങ്ങളുടെയും കര്‍ത്താവായ ആലിക്കുട്ടി മുസ്‌ലിയാര്‍, അദ്ദേഹത്തിന്റെ പിതാമഹന്മാരില്‍ ഒരാളായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഗുരുനാഥനും തബൂക്ക് ഖിസ്സപ്പാട്ടിന്റെ രചയിതാവുമായ ചുള്ളിയന്‍ ബീരാന്‍കുട്ടി അബ്ദുല്‍കരീമിന്റെ പിതാമഹനാണ്. ഫലക്കി മുഹമ്മദ് മുസ്‌ലിയാര്‍, കെ സി കോമുക്കുട്ടി മൗലവി തുടങ്ങിയവര്‍ പിതാവിന്റെ സുഹൃത്തുക്കളും വീട്ടിലെ നിത്യ സന്ദര്‍ശകരുമായിരുന്നതിനാല്‍ അവരില്‍ നിന്നെല്ലാം പലതും പഠിക്കുവാനും ബാല്യകാലത്തുതന്നെ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതല്‍ക്കേ താന്‍ വായിച്ചുപോന്ന ചരിത്രകഥകളും ക്ലാസിക് മാപ്പിളപ്പാട്ടുകളും പിതാവിന്റെ ശേഖരത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റെ ബോധ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയതായി കാണാം.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്കു (1852-1892) മുമ്പും ശേഷവും ഒട്ടനവധി കവികള്‍ ജീവിച്ചിരുന്ന പ്രദേശമായിരുന്നു കൊണ്ടോട്ടിയും പരിസരപ്രദേശങ്ങളും എന്ന നിലയില്‍ കാവ്യങ്ങളെ കരളിലേക്കാവാഹിച്ച് അവയുടെ വ്യാഖ്യാതാവാകുവാന്‍ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിനു കഴിഞ്ഞു. വൈദ്യരുടെ പ്രമുഖ കൃതികള്‍ വ്യാഖ്യാനിച്ചതും വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍ സമാഹരിച്ചതും കെ കെ മുഹമ്മദ് അബ്ദുല്‍ കരീമാണ്. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി 2005 ല്‍ മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണ കൃതികള്‍ സമാഹരിച്ചു രണ്ടു വാള്യങ്ങളായി പ്രസിദ്ധീകരിച്ചപ്പോള്‍ കണ്ടെടുക്കപ്പെട്ട രചനകളൊക്കെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊണ്ടോട്ടിയെ ചരിത്രത്തില്‍ പ്രസിദ്ധമാക്കിയ മുഹമ്മദ് ഷാ തങ്ങളുടെ പിന്മുറക്കാരെ അക്കമിട്ടു പരിചയപ്പെടുത്തുന്ന വൈദ്യരുടെ കൃതിയായ 'കറാമത്ത് മാല' എന്തുകൊണ്ട് സമ്പൂര്‍ണകൃതികളില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. 'കറാമത്ത് മാല'യുടെ വ്യാഖ്യാനമോ ഭാഷാന്തരമോ അദ്ദേഹം നിര്‍വ്വഹിച്ചതായി അറിവില്ല.
 വലുതും ചെറുതമായ ഒട്ടനവധി രചനകള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. മൗലിക രചനകള്‍ക്കു പുറമേ അറബി, ഉര്‍ദു ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങളും അദ്ദേഹം നിര്‍വ്വഹിച്ചു. ജീവചരിത്രമെഴുതാന്‍ വ്യക്തികളെ തെരഞ്ഞെടുക്കുന്നതില്‍ പോലും അദ്ദേഹം സൂക്ഷ്മത പാലിച്ചു. അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ജീവചരിത്രമാണ് അബ്ദുല്‍ കരീമിനെ ശ്രദ്ധേയനാക്കിയ ആദ്യത്തെ ജീവചരിത്ര കൃതി.  ജനിച്ച മണ്ണില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പൊരുതി മരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, 1921 ലെ ഖിലാഫത്ത് ലഹളയും ആലിമുസ്‌ലിയാരും,  ഖിലാഫത്ത് സമരനേതാക്കള്‍ തുടങ്ങിയ ജീവചരിത്ര കൃതികള്‍ക്ക് ഏറെ പതിപ്പുകള്‍ തന്നെയുണ്ടായി.
മൂന്നു പതിറ്റാണ്ടുകാലത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം, സമുദായപരിഷ്‌കര്‍ത്താവും നവോത്ഥാനനായകനുമായ മക്തിതങ്ങളുടെ സമ്പൂര്‍ണകൃതികള്‍ സമാഹരിച്ചത്. പ്രസ്തുത സമാഹാരത്തിന്റെ മൂന്നാം പതിപ്പാണിപ്പോള്‍ വില്പനയിലുള്ളത്. സ്വയം സമര്‍പ്പിതമായ ജീവിതശൈലി തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ സപര്യ.
മാപ്പിളസാഹിത്യ ഗവേഷണരംഗത്ത് സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ആസ്വാദനവും നിരൂപണവും ഒരു പോലെ വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ഉര്‍ദു, പാര്‍സി, സംസ്‌കൃതം, തമിഴ് തുടങ്ങിയ സങ്കര ഭാഷകളുടെ സമന്വയമായിരുന്നു വൈദ്യര്‍ കൃതികള്‍. അത് അര്‍ഥം ചോരാതെ വ്യാഖ്യാനിക്കാന്‍ അദ്ദേഹത്തിന്നായി. വൈദ്യരുടെ ഹുസ്‌നുല്‍ ജമാല്‍ ബദ്‌റുല്‍ മുനീര്‍, ഗസ്‌വത് ബദറുല്‍ കുബ്‌റാ എന്ന ബദര്‍ പടപ്പാട്ട്, മദിനിദി മാല എന്ന മലപ്പുറം പടപ്പാട്ട്, കുഞ്ഞായിന്‍ മുസ്‌ല്യാരുടെ കപ്പപ്പാട്ട്, നൂല്‍മദ്ഹ് എന്നിവയ്ക്കും അദ്ദേഹം വ്യാഖ്യാനങ്ങളെഴുതി. വൈദ്യരുടെ ജീവചരിത്രവും മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്‌ലിയാരും എന്ന ഫലിത കഥകളുടെ സമാഹാരവും കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിനെ ശ്രദ്ധേയനാക്കി. മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്‌ലിയാരും എന്ന ഫലിത സമാഹാരത്തിന് അദ്ദേഹത്തിന്റെ ജീവിത കാലത്തു തന്നെ 40 പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെ 1976 ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച അറബികളുടെ കപ്പലോട്ടം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് അച്ചടിയിലാണ്. രണ്ടു വാള്യങ്ങളിലായി നബി ചരിതവും ഈസ ബ്‌നു മര്‍യം എന്ന ജീവചരിത്ര കൃതിയും അറബി മലയാളത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
അല്‍ ഇത്തിഹാദ്, അല്‍ മുര്‍ശിദ്, അല്‍ബുര്‍ഹാന്‍ തുടങ്ങിയ അറബി മലയാളം മാസികകളിലും അദ്ദേഹം സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. സി എന്‍ അഹമ്മദ് മൗലവിയുമായി ചേര്‍ന്നെഴുതിയ 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' എന്ന കൃതിയെ സമ്പന്നമാക്കിയതും അറബി മലയാളത്തിലുള്ള അദ്ദേഹത്തിന്റെ അഗാധജ്ഞാനമായിരുന്നു. പഴയ തലമുറയിലെ സാഹിത്യാസ്വാദകരെ അന്വേഷിച്ച് വീടുകള്‍തോറും കയറിയിറങ്ങിയും എടത്തോള ഭവനം പോലെയുള്ള ഗ്രന്ഥപ്പുരകളില്‍ താമസിച്ചുമാണ് മാപ്പിളസാഹിത്യത്തിന്റെ അനര്‍ഘ ശേഖരം സ്വരൂപിക്കപ്പെട്ടത്.
കേരള സാഹിത്യ ചരിത്ര രചനയിലൂടെ മഹാകവി ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ ഭാഷയ്ക്ക് സമ്മാനിച്ച സേവനത്തിനു സമാനമായതാണ് 'മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം' എന്ന കൃതിയിലൂടെ ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമും നിര്‍വ്വഹിച്ചത്. കേരള സര്‍വകലാശാലയടക്കം 'കേരള സാഹിത്യചരിത്രത്തിന്' പല പതിപ്പുകള്‍ പ്രസിദ്ധികരിച്ചപ്പോഴും 'മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം' എന്ന റഫറന്‍സ് ഗ്രന്ഥം ഒരൊറ്റപതിപ്പിലൊതുങ്ങി. സി എന്‍ അഹമ്മദ് മൗലവി, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്നീ എഴുത്തുകാര്‍ തന്നെ 1978 ല്‍ പ്രസിദ്ധീകരിച്ച് കോഴിക്കോട്ടെ ആസാദ് ബുക്സ്റ്റാള്‍ വിതരണം ചെയ്തിരുന്ന ഈ കൃതിയെ അവലംബിച്ചെഴുതിയ ഗ്രന്ഥങ്ങള്‍ നിരവധിയാണ്. അത്തരം പുസ്തകങ്ങള്‍ക്കും ഒന്നിലധികം പതിപ്പുകളുണ്ടായി.
അറബി ഗ്രന്ഥങ്ങളില്‍ ഉള്ള കേരള പരാമര്‍ശങ്ങളെപ്പറ്റി പല ചോദ്യങ്ങളും ഞാന്‍ അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നെന്ന് ചരിത്രകാരനായ പ്രഫ. എം ജി എസ് നാരായണന്‍ എഴുതുകയുണ്ടായി. ''ഒരു നാട്യവുമില്ലാതെ തന്റെ അഭിപ്രായങ്ങള്‍ കാര്യകാരണ സഹിതം ആര്‍ജ്ജവത്തോടെ തുറന്നു പറയുന്ന സ്വഭാവമാണ് അദ്ദേഹത്തില്‍ കണ്ടിരുന്നത്. മറ്റു പല പണ്ഡിതന്മാരിലും കാണാത്ത ഈ നാടന്‍ വിനയം എനിക്കിഷ്ടപ്പെട്ടു. തന്റെ വാദങ്ങള്‍ തര്‍ക്ക വിഷയമാണെങ്കിലും ഉറക്കെ പറയാന്‍ അദ്ദേഹം മടിച്ചില്ല.''
അറുപതുകള്‍ക്കവസാനം ആരംഭിച്ച മലബാര്‍ കാര്‍ഷിക കലാപത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരിമുമായി ബന്ധപ്പെടുന്നതെന്ന് പ്രഫ. കെ എന്‍ പണിക്കരും ഓര്‍മിക്കുന്നു. '' ഗവേഷണത്തിന്റെ ആവശ്യാര്‍ഥം പലതവണ മലബാറില്‍ വന്നപ്പോള്‍ ആ ബന്ധം തുടര്‍ന്നു. അക്കാലത്ത് ഞാന്‍ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ ജോലി നോക്കുകയായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ മാസ്റ്ററെ കാണും. ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം വളരെ ആഴത്തിലുള്ളതായിരുന്നു. അതെന്നെ വളരെ ആകര്‍ഷിച്ചു. മലബാര്‍ കലാപത്തെക്കുറിച്ചും മറ്റുള്ള പല രേഖകളെക്കുറിച്ചും സംസാരിച്ചു. അവസാനകാലത്ത് ഒരു രേഖ പകര്‍ത്തി അയച്ചുതരികയയുണ്ടായി. അന്തമാനില്‍ നിന്ന് അക്കാലത്തെഴുതിയ ഒരു കത്തിന്റെ കോപ്പിയായിരുന്നു അത്.''
മറ്റാരും കൈവെക്കാത്ത ഒരു മേഖലയിലായിരുന്നു കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ പരിശ്രമങ്ങളെന്നാണ് ഡോ.എം ഗംഗാധരന്റെ അഭിപ്രായം. '' മാപ്പിള സാഹിത്യ പാരമ്പര്യത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം ഒറ്റയാള്‍ പ്രവര്‍ത്തനമാണ് നടത്തിയത്. കൈവിട്ടുപോകുമായിരുന്ന അറബിയിലും അറബിമലയാളത്തിലുമുള്ള അറിവുകള്‍ രേഖപ്പെടുത്തുകയെന്ന ചരിത്രപരമായ ദൗത്യമാണ് അബ്ദുല്‍കരീം നിര്‍വ്വഹിച്ചത്. മാപ്പിള ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കാല്‍നടയായി ഒട്ടേറെ ദൂരം സഞ്ചരിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. അതിന്റെയെല്ലാം ഫലമാണ് 1978 ല്‍ സി എന്‍ അഹമ്മദ് മൗലവിക്കൊപ്പം അദ്ദേഹം രചിച്ച മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം എന്ന ഗ്രന്ഥം. 624 പേജുള്ള ഈ ഗ്രന്ഥത്തിന്റെ അന്വേഷണപരമായ ദൗത്യം നിര്‍വഹിച്ചത് കരീം ആയിരുന്നു. അറിയപ്പെടാതെ കിടന്ന ഒട്ടനവധി മാപ്പിള കവികളെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഈ മേഖലയിലെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകരാനും ഇതുവഴി സാധിച്ചു. ഡോ. എം ജി എസ് നാരായണന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ സി എച്ച് ആര്‍) അധ്യക്ഷനായ സമയത്ത് ഞാന്‍ കരീമിനെ കണ്ടപ്പോള്‍ ഈ ഗ്രന്ഥം ഐ സി എച്ച് ആര്‍ സഹായത്തോടെ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അനാരോഗ്യം അദ്ദേഹത്തെ അതില്‍ നിന്നെല്ലാം തടയുകയായിരുന്നു.''
കേരളത്തിലെ ഇസ്‌ലാമിക പൈതൃകം അതിന്റെ ആധികാരികമായ ചരിത്രരചനയ്ക്കുവേണ്ടി കണ്ടെത്തിയ പ്രതിഭാധനനായ ചരിത്രകാരനാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്ന് ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു.''അക്കാദമികമായ ശാസ്ത്രീയ രചനയില്‍ നിന്ന് വ്യത്യസ്തമായി അനൗപചാരികമായി ഇസ്‌ലാമിക കേരളത്തിന്റെ ചരിത്രവും സാഹിത്യവും അര്‍പ്പണബോധത്തോടെ കണ്ടെത്തുകയും അത് നിരന്തരം പ്രചരിപ്പിക്കുകയും അക്കാദമിക ചരിത്രകാരന്മാര്‍ക്ക് അമൂല്യമായ സ്രോതസ്സായി പ്രവര്‍ത്തിക്കുകയും ചെയ്ത കരീം മാസ്റ്റര്‍ സ്വയം ഒരു ചരിത്ര പൈതൃകത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു'' ഏകാന്ത പഥികനായ ഒരു ചരിത്ര സംസ്‌കാരാന്വേഷകന്‍ എന്നാണ് ഡോ. എന്‍ എം നമ്പൂതിരി കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിനെ വിശേഷിപ്പിച്ചത്.
പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം 36 വര്‍ഷത്തെ സേവനത്തിനു ശേഷം  1987 ജൂണ്‍ 30ന് വിരമിച്ചു. അതേസമയം, ഏഴേകാല്‍ പതിറ്റാണ്ടുപിന്നിട്ട അദ്ദേഹത്തിന്റെ ജീവിതം കര്‍മനിരതമായിരുന്നു. തന്റേതായ തൊണ്ണൂറോളം ഗ്രന്ഥങ്ങളും തലമുറകള്‍ക്ക് ഗവേഷണം തുടരുന്നതിനുള്ള അപൂര്‍വ വിവരശേഖരവും അമൂല്യ ഗ്രന്ഥങ്ങളും രേഖകളും കൈരളിക്ക് സമര്‍പ്പിച്ചാണ് 2005 ഏപ്രില്‍ ഏഴിന് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

കെ കെ മുഹമ്മദ് അബ്ദുല്‍ കരീം - കൃതികള്‍
1 . ഖാജാ മുഈനുദ്ദീന്‍ ചിശ്തീ
2. ശൈഖ് മുഹ്‌യിദ്ദീന്‍  അബ്ദുല്‍ ഖാദിര്‍ ജീലാനി
3. ഗാസി  അന്‍വര്‍ പാഷ
4. ഹ. ശാഹുല്‍ ഹമീദ്  മീറാന്‍ സാഹിബ്
5. വിശുദ്ധനബിയുടെ രണ്ട് പിതൃവ്യന്മാര്‍ (ഹ:ഹംസ, ഹ:അബ്ബാസ്(റ) എന്നിവരുടെ  ചരിത്രം)
6. ഹ. ഇബ്‌റാഹീം ബ്‌നു അദ്ഹം
7. ലൈലാ-മജ്‌നു (നോവല്‍)
(ഈ ഏഴ് പുസ്തകങ്ങളും 1956 മുതല്‍ 1960 വരെയുള്ള വര്‍ഷങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്)
8. ഇസ്‌ലാമിക  നമസ്‌കാര ക്രമങ്ങള്‍ (വലുത്)
9. കൈഫിയ്യത്തു സ്വലാത്ത് - നമസ്‌കാരക്രമം(ചെറിയത്)
10.  ഹനഫീ നമസ്‌കാരക്രമം
(1957, 1958 )
11. ഹസ്രത്ത്  മമ്പുറം സയ്യിദ് അലവി തങ്ങള്‍-ചരിത്രം. (1960 )
12.  മങ്ങാട്ടച്ചനും കുഞ്ഞായിന്‍  മുസ്‌ലിയാരും-ഫലിത കഥകള്‍
(1958)
13. ചേരമാന്‍ പെരുമാള്‍-ചരിത്രം (1960)
14.  നൗശര്‍വാന്റെ  കാമുകി-ചരിത്ര നാടകം. (1961)
15 സിന്‍ദ്ബാദിന്റെ കപ്പല്‍യാത്ര-അറബിക്കഥകള്‍.(1961 )
16. മാപ്പിളകവി സാമ്രാട്ട്  മോയിന്‍കുട്ടി വൈദ്യര്‍-ചരിത്രം (1961 )
17. പ്രവാചക സൂക്തികള്‍ (1962)
18. ലോകോദ്ധാരകന്‍ (1960)
19. ഇസ്‌ലാം ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങള്‍-ചരിത്രക്കഥകള്‍. (1963 )
20.  ഇസ്‌ലാമിന്റെ സന്ദേശം (1964)
21.  ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചതെങ്ങനെ (1966)
22. ഹസ്രത്ത് മുഹമ്മദ് ശാഹ് തങ്ങള്‍ (1966)
23. രാജ്ഞി നൂര്‍ജഹാന്‍-ചരിത്ര നോവല്‍. (1965 )
24. ഹസ്രത്ത് ആയിശ: (റ)-ചരിത്രനോവല്‍ (1965)
25.ഹസ്രത്ത് നൂഅ്മാനും അബുനുവാസും-ഫലിതം (1966)
26. കോഴിക്കോട് ചരിത്രം (1962)
27. ഹസ്രത്ത് മുഹമ്മദ് നബി (സ)-ചരിത്രം
28. വിശുദ്ധ ഹജ്ജും  ഉംറയും (1966)
29.ഗസ്‌വത് ബദ്‌റുല്‍  കുബ്‌റാ -വ്യാഖ്യാനം
30. ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ - വ്യാഖ്യാനം
31. മലപ്പുറം പടപ്പാട്ട്-വ്യാഖ്യാനം
(മഹാകവി  മോയിന്‍കുട്ടി വൈദ്യരുടെ  ഈ മൂന്നു മഹാകാവ്യങ്ങള്‍ക്കും  1964 -65 വര്‍ഷങ്ങളിലാണ്  ആസ്വാദനാത്മകമായ  വ്യാഖ്യാനങ്ങള്‍  എഴുതി പ്രസിദ്ധീകരിച്ചത്)
32. ഹസ്രത്ത് മാലിക് ബ്‌നു ദീനാര്‍-ചരിത്രം (1967)
33. ഹാറുല്‍ റശീദ്-ചരിത്രം (1963 )
34.ആശിഖ് -മഅ്ശൂഖ് കത്ത് പാട്ടുകള്‍ -രണ്ട് ഭാഗം  (സമ്പാദകന്‍ മാത്രം)
35. ശഹീദെ മില്ലത്ത് ടിപ്പു സുല്‍ത്താന്‍-ചരിത്രം (1961 )
36.തംരീനുല്‍  ഖുത്തുബാത്ത് -അറബി മലയാളം (1961 ല്‍  അച്ചടിച്ചു)
37. പ്രസംഗ പരിശീലനം -മലയാളം (1962 ല്‍ മുദ്രണം )
38. മുഗള്‍ സുല്‍ത്താന്മാര്‍- ലഘു ചരിത്രം (1970 ല്‍  അച്ചടിച്ചു.)
39. മനുഷ്യന്റെ  യാഥാര്‍ഥ്യം-തത്വജ്ഞാനം (1963)
40. ഇസ്‌ലാമിലെ  ആരാധനാ ക്രമങ്ങള്‍  (1963)
41. ഹസ്രത്ത് മൂസ നബി - ചരിത്രം (1965)
42. മരുഭൂമിയിലെ  സുന്ദരികള്‍ (ജമാഅത്ത് ടൈംസില്‍  തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച നോവല്‍)
43. മൗലീദുന്നബി-നബിയുടെ ലഘു ചരിത്രം- ബാലസാഹിത്യം (1962)
44. 1921-ലെ  ഖിലാഫത്ത്  ലഹളയും  ആലി മുസ്‌ലിയാരും
(1965)
45. അറബികളുടെ  കപ്പലോട്ടം-ചരിത്രം
46.ഫത്ഹുല്‍ ബയാന്‍  ഫീസീറത്തിന്നബിയ്യില്‍  അമീന്‍ - അറബിമലയാളം-രണ്ടുഭാഗം.
(1960ല്‍ അച്ചടിച്ചു.)
47. ഹ. ഈസബ്‌നു മര്‍യം -ചരിത്രം - അറബി മലയാള കൃതി (1965-ല്‍ എഴുതിയത്)
48. ശേറെ കേരള സീതി  സാഹിബ് (1962-ല്‍ മുദ്രണം)
49 മരിക്കാത്ത മനുഷ്യന്‍ -മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബിന്റെ  ചരിത്രവും  മത-രാഷ്ട്രീയ -സാമൂഹിക സേവനങ്ങളും  വിശദീകരിക്കുന്ന  ജീവചരിത്രം. (1958)
50. കപ്പപ്പാട്ടും നൂല്‍ മദ്ഹും -ഒരു വിശകലന പഠനം. (1984-ല്‍  ഒന്നാം പതിപ്പ്)
51. ഹ. മുഹമ്മദ് നബി പൂര്‍വ വേദങ്ങളില്‍
52.ഖുര്‍ ആനും  ആര്‍ഷ സംസ്‌കാരവും-ഒരു താരതമ്യ പഠനം (1963 ല്‍  ഒന്നാം പതിപ്പ്)
54. ഫത്ഹുല്‍ മുബീന്‍  പ്രത്യക്ഷ സമരം- പറങ്കികളു മായി നടന്ന ചാലിയം യുദ്ധ ചരിത്രം.
(1985)
55. അഇമ്മത്തുല്‍ അര്‍ബഅ : നാല് ഇമാമുകള്‍-ചരിത്രം (1972 )
56. വാരിയന്‍ കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജി-ചരിത്രം (1991 )
57. സയ്യിദ് സനാഉല്ല മക്തി തങ്ങള്‍
58. മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ (സമ്പാദനം)
59.  ക്രിസ്തു ദൈവമോ  ദൈവ പുത്രനോ  അല്ല. (1992 ല്‍ ഒന്നാം പതിപ്പ്)
60.  മാപ്പിള സാഹിത്യ പാരമ്പര്യം ( സിഎന്‍ മൗലവിയോട്  ചേര്‍ന്നു രചിച്ചു.  1978 )
61.  സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി-ജീവചരിത്രം  (1990)
62.കെ.എം. മൗലവി സാഹിബ് (1982)
63.ഹ.ഫാത്തിമ (റ)-ജീവചരിത്രം (1962)
64. വിശുദ്ധനബിയുടെ  പത്‌നിമാര്‍-ജീവചരിത്രം (1974)
65. ഹസ്രത്ത് അബൂബക്കര്‍
66. ഹസ്രത്ത് ഉമര്‍
67ഹസ്രത്ത് ഉസ്മാന്‍
68.ഹസ്രത്ത് അലി
(ഈ നാല് പുസ്തകവും 1962,1963ഒന്നാം പതിപ്പ്)
69. വിശുദ്ധ നബിയുടെ സന്താനങ്ങള്‍ (1981)
70. ശിപായി ലഹളയുടെ രഹസ്യങ്ങള്‍ (1965)
71.  പത്ത് സ്വര്‍ഗനിവാസികള്‍ -അശ്‌റത്തുല്‍ മുബശ്ശിറ:യുടെ  ചരിത്രം (1967)
72.  ഹസ്രത്ത് ദുല്‍ഖര്‍ നൈന്‍-ജീവചരിത്രം (1981)
73. ഇരുട്ടറയും വാഗണ്‍ ട്രാജഡിയും
74. ഖിലാഫത്ത് സമരനേതാക്കള്‍
75.മമ്പുറം തങ്ങള്‍
76. ഖിലാഫത്ത് സമരപ്പാട്ടുകള്‍
77. തിരുനബി മാഹാത്മ്യം (സമാഹരണം)
78. മരുഭൂമിയിലെ ചന്ദ്രോദയം (സമാഹരണം)
79. മലബാറിലെ രത്‌നങ്ങള്‍
80. ക്രിസ്തുമതം മാറ്റിമറിക്കപ്പെട്ടതെങ്ങനെ?
81. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍
82. മുഹമ്മദ് നബി(സ) പൂര്‍വവേദങ്ങളില്‍

 

കെ കെ മുഹമ്മദ് അബ്ദുല്‍ കരീം : ലഭിച്ച അംഗീകാരങ്ങളില്‍ ചിലത്
പി എ സെയ്തുമുഹമ്മദ് പുരസ്‌ക്കാരം
തിരൂര്‍ സര്‍ഗശാല അവാര്‍ഡ്
കാസര്‍കോട് കലാസാഹിത്യവേദി അവാര്‍ഡ്
ഇന്‍ഡോ -അറബ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്
റിയാദ് ബ്രദേഴ്‌സ് ഇന്ത്യാ ഫൗണ്ടേഷന്‍ അവാര്‍ഡ്
Reference

1. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. സി എന്‍ അഹമ്മദ് മൗലവി, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം. വിതരണം: ആസാദ് ബുക്ക് സ്റ്റാള്‍, കോഴിക്കോട് (1978)
2. ധീരാത്മാക്കള്‍യ പി പി ഉമ്മര്‍കോയ
പ്രസാധകര്‍: മുഹമ്മദ് അബ്ദുറഹിമാന്‍ തത്ത്വപ്രചാര സമിതി, കോഴിക്കോട് (1984)
3. കെ കെ മുഹമ്മദ് അബ്ദുല്‍ കരീം:
ചരിത്രം വര്‍ത്തമാനമാക്കിയ ഒരാള്‍ എഡിറ്റര്‍ : റസാഖ് പയമ്പ്രോട്ട്. പ്രസാധനം: മുഹമ്മദ് അബ്ദുല്‍ കരീം സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, കൊണ്ടോട്ടി (2012)

author image
AUTHOR: റസാഖ് പയമ്പ്രോട്ട്
   (എഡിറ്റര്‍, വര്‍ത്തമാനം)

RELATED ARTICLES