സാമൂതിരിയുടെ കാലം തൊട്ടേ സമ്പന്ന പ്രദേശമായിരുന്നു ഏറനാട്. പുറംനാടുമായി റോഡുബന്ധം ആരംഭിച്ചതോടെ കിഴക്കനേറനാട് കച്ചവടത്തിലും വിദ്യാഭ്യാസത്തിലും മികച്ചുനിന്നു. മാപ്പിളമാര്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്നു നിന്ന കാലം മുതലേ അറിയപ്പെടുന്നവരാണ് ചക്കിപ്പറമ്പന്‍, എരിക്കുന്നന്‍ കുടുംബങ്ങള്‍. ഏറനാട്, കച്ചവടം, കൃഷി എന്നിവകളാല്‍ സമ്പന്നവും സാക്ഷരതയുടെ കാര്യത്തില്‍ അറബി മലയാളത്തിലൂടെ നൂറുശതമാനവുമായിരുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ എല്ലാം തലകീഴായി മറിഞ്ഞു. സാമ്പത്തിക - വിദ്യാഭ്യാസ രംഗങ്ങള്‍ തകര്‍ന്നെങ്കിലും ചില കുടുംബങ്ങള്‍ കഷ്ടപ്പെട്ടും ഒഴുക്കിനെതിരെ നീന്തിയും പിടിച്ചുനിന്നു. നെല്ലിക്കുത്തിലെ പ്രമുഖരായ ചക്കിപ്പറമ്പന്മാരുടെ തട്ടകത്തിലെ പ്രഥമ വിദ്യാലയം കാരക്കാടന്‍ കുഞ്ഞിക്കമ്മു മൊല്ല അധ്യാപകനായ ഓത്തുപള്ളിയായിരുന്നു. ഇദ്ദേഹം 1895 ല്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴിലുള്ള ഡയറക്ടര്‍ ഓഫ് പബ്ലിക്ക് ഇന്‍സ്ട്രക്ഷന്‍ നടത്തുന്ന എജ്യുക്കേഷന്‍ ടെസ്റ്റ് പാസായിരുന്നു. ആലി മുസ്‌ലിയാര്‍ ഇവിടെ നിന്ന് ഓത്തുപഠിച്ചു. പൊന്നാനിയിലും അറേബ്യയിലുമായി ഉപരിപഠനത്തിനായി അദ്ദേഹം നാടുവിട്ടു. ആലി മുസ്‌ലിയാര്‍ പോയ ശേഷമാണ് കുഞ്ഞഹമ്മദ് ഹാജി ഓത്തുപള്ളിയില്‍ പഠിക്കാനെത്തുന്നത്.
മഞ്ചേരിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ കിഴക്കുള്ള നെല്ലിക്കുത്ത് സ്വദേശിയായിരുന്നു ചക്കിപ്പറമ്പന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ചക്കിപ്പറമ്പന്മാരും, എരികുന്നന്മാരും പൂര്‍വകാലം മുതല്‍ തന്നെ ദേശസ്‌നേഹികളും കടുത്ത ബ്രിട്ടീഷ് വിരോധികളുമായിരുന്നു. കുട്ടിക്കാലത്ത് നെല്ലിക്കുത്തുള്ള ഓത്തുപള്ളിയില്‍ നിന്ന് ഖുര്‍ആന്‍ പാരായണം പരിശീലിച്ചു. ഗുരുനാഥന്‍ കുന്നുമ്മല്‍ കുഞ്ഞിക്കമ്മു മൊല്ലയായിരുന്നു. പിന്നീട് വള്ളുവനാട് മാപ്പിള പ്രൈമറി സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനം നേടി. മാതാവിന്റെ വീട്ടില്‍ ചെറുപ്പകാലം കഴിച്ചുകൂട്ടിയ കുഞ്ഞഹമ്മദ് ഹാജി ബാലകൃഷ്ണനെഴുത്തച്ഛനില്‍ നിന്ന് മലയാളവും ഇംഗ്ലീഷും പഠിച്ചു. ഇംഗ്ലീഷ് നരകത്തിലെ ഭാഷയായി കണക്കാക്കിയിരുന്ന അക്കാലത്തുതന്നെ വീട്ടില്‍ വെച്ച് മലയാളവും ഇംഗ്ലീഷുമൊക്കെ പഠിപ്പിക്കുന്നതിനാണ് മാഷിനെ നിയമിച്ചിരുന്നത്. തുടര്‍ന്ന് ആലി മുസ്‌ലിയാരുടെ ജ്യേഷ്ഠ സഹോദരനായിരുന്ന മമ്മദ് കുട്ടി മുസ്‌ലിയാരുടെ സന്നിധിയില്‍നിന്ന് പത്തു കിത്താബ്, സര്‍ഫ്, നഹ്‌വ് മുതലായവ പഠിച്ചു. ബാല്യം മുതല്‍ അദ്ദേഹം കാര്‍ഷിക വ്യാപാര രംഗങ്ങളില്‍ പിതാവിനെ സഹായിച്ചിരുന്നു. ബദര്‍ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട് മുതലായ മാപ്പിള പദ്യ കൃതികളില്‍ അദ്ദേഹം അതീവ തല്‍പരനായിരുന്നു. 1872 ല്‍ കുഞ്ഞിക്കമ്മു മൊല്ലയുടെ ഓത്തുപള്ളി, മൊല്ല മാസ്റ്ററാല്‍ മലയാളം പഠിപ്പിക്കുന്ന എഴുത്തുപള്ളിക്കൂടമാക്കി മാറിയിരുന്നു. എ.എം.എല്‍.പി സ്‌കൂള്‍ വള്ളുവങ്ങാട് എന്ന പേരില്‍ ഈ സ്‌കൂള്‍ ഇന്നും പ്രവര്‍ത്തിക്കുന്നു. മലയാള പാഠങ്ങള്‍ ഇവിടെ നിന്ന് തന്നെ കുഞ്ഞഹമ്മദ് ഹാജി കരസ്ഥമാക്കി.
പിതാവ് മൊയ്തീന്‍കുട്ടി ഹാജിയുടെ അന്യാധീനപ്പെട്ട സ്വത്ത് വീണ്ടെടുക്കാനുള്ള മോഹവും ആ സ്വത്ത് തട്ടിയെടുക്കാന്‍ ബ്രിട്ടീഷ് പോലീസിന്റെ സഹായത്തോടെ ഗൂഢാലോചന നടത്തിയവരോടുള്ള നീരസവും കുഞ്ഞഹമ്മദിനെ പലപ്പോഴും അലട്ടി. മലഞ്ചരക്ക് വാങ്ങി വില്‍ക്കാനും അവിടെ നിന്ന് പലചരക്കുകള്‍ വാങ്ങി നെല്ലിക്കുത്തും പാണ്ടിക്കാടും ചെമ്പ്രശ്ശേരിയിലുമൊക്കെ എത്തിക്കാനും അതിനാവശ്യമായ പോത്ത്, കാള എന്നിവ വലിക്കുന്ന വണ്ടികളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇങ്ങനെ സമ്പാദിക്കുന്ന പണം പൊതുരംഗത്ത് ചിലവഴിക്കാനും സാധുക്കളെ സഹായിക്കാനും അദ്ദേഹം ഉപയോഗപ്പെടുത്തി.
സമര നേതൃത്വത്തിലേക്ക്
കുഞ്ഞഹമ്മദ് ഹാജിയുടെ ദേശീയ ബോധവും ബ്രിട്ടീഷ് വിരോധവും 20-ാമത്തെ വയസ്സില്‍ തന്നെ മലബാര്‍ മാപ്പിള സമരത്തിന്റെ നേതൃനിരയില്‍ അദ്ദേഹത്തെ എത്തിച്ചു. വിസ്മയകരമായ യുദ്ധ നൈപുണ്യവും അനിതര സാധാരണമായ ഭരണപാടവവും കൊണ്ട് ഖിലാഫത്തു പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. ആലി മുസ്‌ലിയാരുടെ ഭരണം 10 ദിവസമായിരുന്നെങ്കില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണം ആറുമാസം നീണ്ടുനില്‍ക്കുകയുണ്ടായി. ഈ ആറുമാസവും നിലക്കാത്ത പോരാട്ടങ്ങളിലൂടെ കൊളോണിയല്‍ ഭരണകൂടത്തെ വിറകൊള്ളിച്ചു. ഇന്ത്യ ജന്മം നല്‍കിയ പ്രമുഖ വിപ്ലവകാരികളില്‍ ഒരാളാണ് കുഞ്ഞഹമ്മദ് ഹാജി.
കുഞ്ഞഹമ്മദ് ഹാജിയുടെ ഈ നിലപാട് നെല്ലിക്കുത്ത് അംശം അധികാരി അഹമ്മദ് കുരിക്കള്‍ക്കും ജ്യേഷ്ഠന്‍ അബ്ദുല്ലക്കുരിക്കള്‍ക്കും പ്രയാസമുണ്ടാക്കി. കുരിക്കള്‍ കുടുംബവും കുഞ്ഞഹമ്മദ് ഹാജിയുടെ മറ്റു കുടുംബാഗംങ്ങളും ഇടപെട്ട് അദ്ദേഹത്തെ മക്കയിലേക്ക് ഹജ്ജിന് പറഞ്ഞയച്ചു. ഹജ്ജ് യാത്രക്കിടെ ബോംബെയിലെത്തിയ കുഞ്ഞഹമ്മദ് ഹാജി ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ പഠിച്ചു. ബോംബെയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കി. ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍ വാളെടുത്ത് പ്രതികരിക്കുന്നതിനേക്കാള്‍ ഗാന്ധിജിയുടെ മാര്‍ഗ്ഗമാണ് അഭികാമ്യമെന്ന് അദ്ദേഹത്തിന് ബോധ്യമായി.
1894 ലെ മണ്ണാര്‍ക്കാട് കര്‍ഷക ലഹള അദ്ദേഹത്തിന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. പിതാവിന്റെ വേര്‍പാടും നാടുകടത്തലും ജന്മനാ അദ്ദേഹത്തിനുണ്ടായിരുന്ന സാമ്രാജ്യത്വ വിരോധം ഇരട്ടിപ്പിക്കാനും പരസ്യമായി സാമ്രാജ്യത്വവിരുദ്ധ പ്രചരണവുമായി രംഗത്തിറങ്ങാനും വലിയ പ്രചോദനമായിത്തീര്‍ന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചില പണ്ഡിതന്മാര്‍ക്ക് എഴുതിയ കത്തുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായി. ഇതേ തുടര്‍ന്ന് അദ്ദേഹം വീണ്ടും മക്കയിലേക്ക് ഹജ്ജിന് യാത്രയായി. മൂന്ന് വര്‍ഷത്തോളം അവിടെ താമസിച്ചു തിരികെ നാട്ടിലെത്തി. ഇതിനിടെ അറബി ഭാഷയില്‍ നല്ല പരിജ്ഞാനവും നേടി.
1905 ല്‍ നെല്ലിക്കുത്ത് തിരിച്ചെത്തിയ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പോലീസ് അവിടെ താമസിക്കാന്‍ സമ്മതിച്ചില്ല. അപ്പോള്‍ ഉപ്പയുടെ നാടായ നെടിയിരുപ്പില്‍ താമസമാക്കി. കുഞ്ഞഹമ്മദ് ഹാജി കടലൂരല്‍ ഉണ്ണി മമ്മദിന്റെ മകള്‍ ഉമ്മാക്കിയുമ്മയെ വിവാഹം കഴിച്ചു. രണ്ടു ആണ്‍മക്കളും ഒരു പെണ്‍കുട്ടിയും ഇവരില്‍ ജനിച്ചു. അടുത്ത കൊല്ലം വീണ്ടും കുഞ്ഞഹമ്മദ് ഹാജി മക്കയിലേക്ക് പോയി. ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം ചെറിയ കച്ചവടവും മറ്റുമായി അഞ്ച് കൊല്ലം അവിടെ താമസിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്ന മലയാളി കുടുംബത്തില്‍ നിന്ന് അദ്ദേഹം, സൈനബിനെ വിവാഹം കഴിക്കുകയും ഈ ബന്ധത്തില്‍ ഒരു പുത്രനുണ്ടാവുകയും ചെയ്തു.
മലബാര്‍ സമരത്തിന്റെ ആറുവര്‍ഷം മുമ്പാണ് അദ്ദേഹം മടങ്ങിയെത്തിയത്. ജന്മനാട്ടില്‍ താമസിക്കാന്‍ ഗവണ്‍മെന്റ് അനുവദിക്കാതിരുന്നതിനാല്‍ മൊറയൂര്‍ അംശത്തിലെ പോത്തുവെട്ടിപാറയിലാണ് ആദ്യം താമസിച്ചത്. മലബാര്‍ കലക്ടര്‍ ഇന്നിസിനെ 1916 ല്‍ കരുവാരകുണ്ടില്‍ വെച്ച് പതിയിരുന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുഞ്ഞഹമ്മദ് ഹാജി പ്രതിയാണെന്ന് ബ്രിട്ടീഷ് രേഖപ്പെടുത്തിയതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയച്ചു. കുറച്ചുകാലം പോത്തുവെട്ടിപ്പാറയില്‍ താമസിച്ച ശേഷം ജന്മനാട്ടിലേക്ക് പോകാന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് അനുവാദം നല്‍കി.
അക്കാലത്ത് പത്ത് കാളവണ്ടികളുണ്ടായിരുന്ന അതിസമ്പന്നനായിരുന്നു ഹാജി. ഏറനാട്ടിലേക്കും തിരിച്ചും ചരക്കുകള്‍ കൈമാറി ഏറനാട്ടിലെ അറിയപ്പെടുന്ന പണക്കാരനായതിനാലും ബോംബെയില്‍ നിന്നും ലഭിച്ച ലോകപരിചയവും ഭാഷാ പരിജ്ഞാനവും സ്വതസിദ്ധമായ സംസാര ചാതുരിയും ഹാജിയെ സമൂഹത്തിലെ നേതാവായി വളര്‍ത്തി. ജനങ്ങള്‍ക്കിടയില്‍ ഹാജിക്ക് ലഭിച്ചുകൊണ്ടിരുന്ന സ്വാധീനം പോലീസ് മേധാവികളെ അസ്വസ്ഥമാക്കി. അദ്ദേഹത്തിന് സ്ഥാനമാനങ്ങളും കൂടുതല്‍ ധനാഗമന മാര്‍ഗ്ഗങ്ങളും നല്‍കി പാട്ടിലാക്കാനുള്ള ശ്രമം നടത്തുകയും ധാരാളം ഭൂസ്വത്ത് നല്‍കാമെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും തന്റെ മുന്നില്‍ ഈ നാടിന്റെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നുമില്ലെന്ന് പ്രഖ്യാപിച്ച് സമര രംഗത്ത് ഉറച്ചുനിന്നപ്പോള്‍ ബ്രിട്ടീഷ് ഭരണകൂടം അത്ഭുതപ്പെട്ടു. കാരണം സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അവര്‍ക്കുമുമ്പില്‍ പല നാടുവാഴികളും തടസ്സമായിരുന്നില്ല.
കെണിയൊരുക്കുന്നു.
വള്ളുവങ്ങാട് ചക്കിപ്പറമ്പന്‍ കാരക്കുറിശ്ശി ജുമുഅത്തു പള്ളിയില്‍ ഒത്തുകൂടി പ്രാര്‍ത്ഥനയോടെ മാത്രമേ മൊയ്തീന്‍ കുട്ടി ഹാജിയും പിന്നീട് കുഞ്ഞിമുഹമ്മദ് ഹാജിയും യുദ്ധത്തിന് പുറപ്പെട്ടിരുന്നുള്ളൂ. ആലിമുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഈ പള്ളിയില്‍ വെച്ചായിരന്നു. വള്ളുവങ്ങാട് ചക്കിപ്പറമ്പന്‍ കാരക്കുറിശ്ശി ജുമുഅത്തു പള്ളിയില്‍ വുദു എടുക്കുന്നതിനായി വലിയൊരു കുളമുണ്ട്. ഈ കുളത്തിനുള്ളില്‍ മണ്ണാത്തിപ്പുഴയിലേക്കുള്ള ഒരു തുരങ്കം ഉണ്ടായിരുന്നു. ഏകദേശം ഒരു കിലോമീറ്ററിലധികമുള്ള തുരങ്കത്തിലൂടെ യുദ്ധസമയത്ത് യാത്ര ചെയ്തിരുന്നു എന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ യുദ്ധതന്ത്രത്തിനും ബുദ്ധി സാമര്‍ഥ്യത്തിനും മതിയായ തെളിവാണ്. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങള്‍ ഇന്നും കാണാം.
ബ്രിട്ടീഷുകാര്‍ വള്ളുവങ്ങാട്ടേക്കു കടക്കാതിരിക്കുന്നതിന് കാരക്കത്തോട് പാലം കുഞ്ഞഹമ്മദ് ഹാജി തകര്‍ത്തിരുന്നു. അക്കാലത്തെ പ്രധാന പാതയിതായിരുന്നതിനാല്‍ ബ്രിട്ടീഷുകാര്‍ പാലം പുതുക്കി പണിയുകയും ചെയ്തിരുന്നു. കാക്കത്തോട് വഴി കടലുണ്ടി പുഴയിലൂടെയായിരുന്നു ഹാജിയും കൂട്ടരും സഞ്ചരിച്ചിരുന്നത്.
കുഞ്ഞഹമ്മദ് ഹാജിക്ക് ചുറ്റും ഒരു ചാരവലയം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കി. അവര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കുഞ്ഞഹമ്മദ് ഹാജിക്കെതിരായി വളര്‍ത്തിയവരാണ്, വടക്കാങ്ങര കഞ്ഞിമുഹമ്മദും തൊണ്ടിയില്‍ ഐദ്രുഹാജിയും. മൊയ്തീന്‍ കുട്ടി ഹാജിയുടെ സ്വത്ത് ലേലം ചെയ്തപ്പോള്‍ വിളിക്കാന്‍ ആളുകളില്ലാതെ രണ്ട് തവണ ലേലം മാറ്റിവെച്ചു. വാരിയന്‍കുന്നന്മാരെ ഇടിച്ചുതാഴ്ത്തി ജനങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷനുകൂലികളെ പ്രതിഷ്ഠിക്കാനുള്ള ശ്രമം ജനങ്ങള്‍ തള്ളിക്കളയുകയും ബ്രിട്ടീഷ് തന്ത്രം പാളുകയും ചെയ്തു. ഇതോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രശസ്തി വര്‍ധിക്കുകയും കുഞ്ഞഹമ്മദ് ഹാജി ജനമനസ്സില്‍ പ്രതിഷ്ഠ നേടുകയും ചെയ്തു. സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ടിപ്പു സുല്‍ത്താന് ശേഷം ബ്രിട്ടീഷുകാരുടെ യഥാര്‍ഥ വിരോധി എന്ന നിലക്ക് തന്നെയായിരുന്നു ഈ സ്ഥാനപ്പേര് അദ്ദേഹത്തിന് നാട്ടുകാര്‍ നല്‍കിയത്.
ഹജ്ജ്‌യാത്ര കഴിഞ്ഞ് ഹാജി 1914 ലാണ് നെല്ലിക്കുത്ത് തിരിച്ചെത്തിയതെന്ന് ഹിച്ച്‌കോക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ യാത്ര കഴിഞ്ഞ് 1905 ല്‍ തിരിച്ചെത്തി. അതിന് ശേഷം ഹാജി മൂന്നു തവണ ഹജ്ജുയാത്ര നടത്തി. അവസാന യാത്ര നടത്തി തിരിച്ചെത്തിയത് 1914 ലായിരുന്നു. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെയും സഹോദരീ ഭര്‍ത്താക്കന്മാരുടെയും കുടുംബങ്ങള്‍ വിപ്ലവകാരികളായിരുന്നെന്ന് ഹിച്ച്‌ക്കോക്ക് തന്നെ അഭിപ്രായപ്പെടുന്നുണ്ട്. 1908 ല്‍ കുഞ്ഞഹമ്മദ് ഹാജി മഞ്ചേരി രാമയ്യര്‍ മുഖേന കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പെടുത്തിരുന്നു. ഈ സമരം വൈദേശിക ഭരണകൂടത്തിന് എതിരായി മാത്രമേ ആകാന്‍ പാടുള്ളൂവെന്നും കഴിയുന്നതും സമാധാനപരമായി നടത്തണമെന്നും സമരനേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരും പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. 1921-22 ലെ ഖിലാഫത്ത് സമരനേതാക്കളില്‍ അതുല്യനായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അടി പതറാത്ത ആത്മസ്ഥൈര്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും അദ്ദേഹം ബ്രിട്ടീഷു സാമ്രാജ്യത്വത്തിനെതിരായി പോരാടാന്‍ മാപ്പിളമാര്‍ക്ക് നേതൃത്വം നല്‍കി. ഒരു നിയന്ത്രണവുമില്ലാതെ കൊള്ളയും കൊലയും നടത്തിയിരുന്ന മാപ്പിളമാരെ അദ്ദേഹം അച്ചടക്കമുള്ളവരാക്കി. ഹിന്ദുക്കള്‍ക്കെതിരെ ആയിരുന്നില്ല അദ്ദേഹത്തിന്റെ പോരാട്ടം. മറിച്ച് ബ്രിട്ടീഷ് പട്ടാളത്തിനും അവരെ സഹായിക്കുന്ന ഹിന്ദു മുസ്‌ലിം ജന്മിമാര്‍ക്കുമെതിരെയായിരുന്നു. ചേക്കുട്ടിയെ വധിച്ചതിന്റെയും കൊണ്ടോട്ടി തങ്ങന്മാരെ ആക്രമിച്ചതിന്റെയും കാരണവും മറ്റൊന്നുമല്ല. ഹിന്ദു മുസ്‌ലിം സൗഹാര്‍ദ്ദമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.
1921 ആഗസ്റ്റ് 20 ന് തിരൂരങ്ങാടിയില്‍ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വന്ന മാപ്പിള നിവേദക സംഘത്തിനു നേരെ പട്ടാളം വെടിവെച്ചു. ഈ വാര്‍ത്ത മാപ്പിള നാട്ടില്‍ ആകെ പരന്നു. തിരൂരങ്ങാടി ജുമുഅത്ത് പള്ളിയും മമ്പുറം മഖാമും വെടി മൂലം തകര്‍ന്നിട്ടുണ്ടെന്ന ശ്രുതിയുമുണ്ടായിരുന്നതിനാല്‍ മാപ്പിളമാര്‍ ക്ഷുഭിതരായി 1921 ആഗസ്റ്റ് 21 ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്തില്‍ പാണ്ടിക്കാട് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടു. സ്റ്റേഷനിലെ പോലീസുകാര്‍ ഒളിച്ചോടി. ഹാജിയും കൂട്ടരും സ്‌റ്റേഷനിലെ തോക്കുകളും മറ്റും കൈവശപ്പെടുത്തി.
നീതിമാനായ ഭരണാധികാരി
നീതിമാനായ ജനനേതാവായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 1921-ലെ വിമോചന സമരം നിമിത്തം ബ്രിട്ടീഷ് സാമ്രാജ്യം വിയര്‍ത്തു. ഒമ്പത് മാസക്കാലത്തോളം മാപ്പിള നാട്ടില്‍ ഭരണസ്തംഭനം നിലനിന്നു. അക്കാലത്ത് ലഹള ബാധിത പ്രദേശങ്ങളിലെ ഹിന്ദുക്കളും മുസ്‌ലിംകളും കുഞ്ഞഹമ്മദ് ഹാജിയുടെ പാസ്‌പോര്‍ട്ടോടുകൂടി മാത്രമേ സഞ്ചരിച്ചിരുന്നുള്ളൂ. സാമ്രാജ്യത്തിനനുകൂലമായിരുന്ന ഹിന്ദുക്കളെയും മുസ്‌ലിംകളെയും ശിക്ഷിക്കാനും അവരുടെ നേരെ വിട്ടുവീഴ്ചയില്ലാത്ത അസഹിഷ്ണുത പ്രകടിപ്പിക്കാനും അദ്ദേഹം ഉത്തരവ് നല്‍കി. കൊള്ള, കവര്‍ച്ച, മോഷണം മുതലായ അപരാധങ്ങള്‍ക്ക് അദ്ദേഹം കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഹാജിയുടെ കോടതിയില്‍ മൂന്നുപേരെ വധശിക്ഷക്കുവിധിച്ചിരുന്നു. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു അവര്‍ക്കെതിരെയുണ്ടായിരുന്ന കുറ്റം.
മലബാര്‍ സമരത്തില്‍ വര്‍ഗ്ഗീയത ദര്‍ശിച്ചവര്‍ പോലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മേല്‍ വര്‍ഗീയത ആരോപിക്കാന്‍ ധൈര്യപ്പെടുകയില്ലെന്നത്, സമരത്തിലും ഭരണത്തിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഹിന്ദു മുസ്‌ലിം സമഭാവനക്കുള്ള മികച്ച ദൃഷ്ടാന്തമാണ്. പ്രവാചകന്റെ കാലത്ത് വാള് കൊണ്ടാണ് യുദ്ധം ചെയ്തതെന്നും ഇപ്പോഴും യുദ്ധത്തിന് വാള്‍ ഉപയോഗിച്ചെങ്കില്‍ മാത്രമേ ശഹീദ് (രക്തസാക്ഷിത്വം) ലഭിക്കൂ എന്നുമുള്ള പൂക്കോട്ടൂര്‍ ഖാസിയുടെ അഭിപ്രായത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പരിഹസിച്ചു. മതത്തില്‍ നിര്‍ബന്ധമില്ല എന്ന ഖുര്‍ആന്‍ വചനം ഉയര്‍ത്തിക്കാട്ടിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിപ്ലവഘട്ടത്തില്‍ മതം മാറ്റാന്‍ ഇറങ്ങിത്തിരിച്ച അല്‍പ ബുദ്ധികളായ അരാജകവാദികളേയും ധീരമായിത്തന്നെ നേരിടുകയും ശിക്ഷിക്കുകയും ചെയ്തു.
സ്വമനസ്സാലെ ഇസ്‌ലാമിലേക്ക് പ്രവേശിച്ചാലേ യഥാര്‍ഥ മുസ്‌ലിമാവൂ എന്ന് ഹാജി ഉല്‍ഘോഷിച്ചു. ദീനിലേക്ക് ആളെച്ചേര്‍ക്കുക എന്നൊരു ചടങ്ങില്ലെന്ന് ഹാജി കരുതിയിരുന്നു. ഒരു വ്യക്തി അയാളുടെ ബുദ്ധിയും വിവേകവും അറിവുമനുസരിച്ച് സ്വയം ഇസ്‌ലാമായി മാറിയാല്‍ ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങളും ആചാര മര്യദകളും അനുഷ്ഠാനമുറകളും അയാളെ പഠിപ്പിക്കുക എന്ന കൃത്യം മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെയ്യാനുള്ളത് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള അനേകായിരം പ്രവാചകന്മാരാല്‍ പ്രബോധനം ചെയ്യപ്പെട്ടതുമായ ഇസ്‌ലാമില്‍ പ്രബോധനത്തിനപ്പുറം ചേര്‍ക്കലും, കൂട്ടലുമൊന്നുമുണ്ടായിരുന്നില്ലെന്ന് മതപണ്ഡിതനായ വാരിയംകുന്നത്ത് മൊയ്തീന്‍ കുട്ടി ഹാജിയുടെ ധീരനായ പുത്രന് നല്ലവണ്ണമറിയാമായിരുന്നു.
ഹാജിയുടെ നീതിനിഷ്ഠ പ്രകടമാക്കുന്ന ഒരു സംഭവം മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് പറയുന്നു. ''ഒരു മാപ്പിള താനെഴുതിക്കൊടുത്ത പണയാധാരം ഒരു ഹിന്ദുവിന്റെ കയ്യില്‍ നിന്നും ബലം പ്രയോഗിച്ച് തിരികെ വാങ്ങി. ആ ഹിന്ദു ഹാജിയുടെ അടുക്കല്‍ പരാതിപ്പെട്ടു. ഹാജി പ്രതിയുടെ കൈ വെട്ടുവാന്‍ കല്‍പ്പിച്ചു. മാപ്പിള പേടിച്ചു പണയാധാരം ഹിന്ദു സഹോദരനു മടക്കിക്കൊടുത്തു. അതിനാല്‍ ശിക്ഷ നടപ്പാക്കിയില്ല. മഞ്ചേരിയില്‍ കൊള്ള നടക്കുന്നുവെന്നും കേട്ടപ്പോള്‍ അതുതടയുവാനായി ഹാജിയും കൂട്ടരും അങ്ങോട്ടുപോയി വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയും കൊള്ള തടയുകയും ചെയ്തു.
അതിശയകരമായ നേതൃഗുണങ്ങളും ഓരോ സന്ദര്‍ഭങ്ങളെയും സംഘട്ടനങ്ങളെയും സൂക്ഷ്മമായി കൈകാര്യം ചെയ്യാനുള്ള സാമര്‍ത്ഥ്യവും വേണ്ടത്ര പ്രദര്‍ശിപ്പിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരേ സമയം രാജാവും പടനായകനുമായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ശക്തിയെക്കുറിച്ചും മാപ്പിളമാരുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചും നല്ലപോലെ ബോധവാനായിരുന്നു ഹാജി. ആയുധവും ശക്തിയും സാമൂഹ്യ വൈരങ്ങള്‍ക്കായി ഉപയോഗിച്ച് നശിപ്പിക്കരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ഹിന്ദുക്കളും മാപ്പിളമാരും തമ്മില്‍ കലഹമുണ്ടാക്കരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു.
മാപ്പിളമാരെയും ഹിന്ദുക്കളെയും പ്രകോപിപ്പിച്ച് തമ്മിലടിപ്പിക്കുന്നതിന് വെള്ളക്കാര്‍ ആവുന്നതെല്ലാം ചെയ്തു. അമ്പലത്തിനുമുമ്പില്‍ പശുവിന്റെ ജഡവും പള്ളിക്കുമുമ്പില്‍ പന്നിയുടെ ജഡവും ഇട്ടിരുന്നു. ഈ കുതന്ത്രമെല്ലാം കുഞ്ഞഹമ്മദ് ഹാജി തിരിച്ചറിയുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുവന്നു. നിലമ്പൂര്‍ കോവിലകത്തിന് കുഞ്ഞഹമ്മദ് ഹാജി കാവലേര്‍പ്പെടുത്തി. വെള്ളക്കാര്‍ക്കെതിരെ ഭാരതീയരെല്ലാവരുമൊന്നാണെന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിദേശികള്‍ക്ക് കാണിച്ചുകൊടുത്തു. സ്ത്രീകളെ മാനഭംഗം ചെയ്യുന്ന മാപ്പിളമാര്‍ക്കു വധശിക്ഷ നല്‍കാനും ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കവര്‍ന്നവരുടെ കൈ വെട്ടിക്കളയാനും അദ്ദേഹം ഉത്തരവിട്ടു. ബ്രിട്ടീഷ് ഗവണ്‍മെന്റുമായുള്ള ഈ യുദ്ധത്തില്‍ മാപ്പിളമാര്‍ക്ക് തങ്ങളുടെ ഹിന്ദു സഹോദരന്മാരുടെ സഹായവും അനുഭാവവും അത്യാവശ്യമാണെന്ന് ഹാജി മനസ്സിലാക്കി.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും മഞ്ചേരിയില്‍ താമസിച്ചുവരവേ ഏതാനും കൊള്ളക്കാര്‍ പുല്ലൂര്‍ നമ്പൂതിരിപ്പാട് നടത്തിവരുന്ന ബാങ്ക് കൊള്ള ചെയ്യാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ് കുഞ്ഞഹമ്മദ് ഹാജി അന്നു മഞ്ചേരിയില്‍ താമസിച്ചു. അദ്ദേഹമവിടെ താമസിക്കുന്നത് കൊള്ളക്കു ശ്രമിച്ച മാപ്പിളമാരില്‍ പലര്‍ക്കും ഇഷ്ടമായില്ല. ഹാജി വിവരമറിഞ്ഞു. ബാങ്ക് കാക്കുവാന്‍ തന്റെ സ്വന്തം ഭടന്മാരെ കാവല്‍ക്കാരായി നിര്‍ത്തി. പണയ സ്വര്‍ണ്ണം ഉടമസ്ഥന്മാര്‍ തെളിവോടെ വന്നു ചോദിക്കുന്ന പക്ഷം മടക്കിക്കൊടുക്കുന്നതാണെന്നു വിളംബരം ചെയ്തു. പല ഹിന്ദുക്കളും മാപ്പിളമാരും അവിടെ ചെന്ന് അവ മടക്കി വാങ്ങി. ബാങ്കിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുഞ്ഞഹമ്മദ് ഹാജിയുടെ സ്വന്തം മേല്‍ നോട്ടത്തിലാണ് ഇതെല്ലാം ചെയ്തത്. പുല്ലൂര്‍ നമ്പൂതിരിക്ക് വന്ന നഷ്ടം ഖജനാവ് പൊളിച്ചപ്പോള്‍ പരിഹരിച്ചുകൊടുത്തു. കുഞ്ഞഹമ്മദ് ഹാജി ഇംഗ്ലീഷുകാരുടെ ഓഫീസുകള്‍ക്ക് തീവെക്കുവാന്‍ കല്‍പ്പിച്ചു. മഞ്ചേരിയിലെ പോലീസ് സ്‌റ്റേഷനും രജിസ്ട്രാഫീസുമെല്ലാം കൊള്ളിവെച്ചു നശിപ്പിച്ചു. അന്ന് ലോക്കപ്പില്‍ കിടന്നിരുന്ന അബ്ദുല്ലക്കുട്ടി ഖജനാവ് അടിച്ചുപൊളിച്ചു. കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും ഒരു പൈസപോലും അതില്‍ നിന്നെടുക്കാതെ നോട്ടുകളും നാണയങ്ങളും ജനമധ്യത്തിലേക്ക് എറിഞ്ഞു. ഒമ്പതര ലക്ഷത്തോളം രൂപയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഇങ്ങിനെ പറയുന്നു. ''മഞ്ചേരിയില്‍ അടുത്ത ദിവസം ചില അനിഷ്ടസംഭവങ്ങളൊക്കെ നടന്നു. പുല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ ബാങ്കിലുള്ള സ്വര്‍ണ്ണപ്പണ്ടങ്ങള്‍ ആളുകള്‍ കൊണ്ടുപോയി. കുഞ്ഞഹമ്മദ് ഹാജി അതെല്ലാം മടക്കിക്കൊടുപ്പിച്ചു. ഖജനാവില്‍ നിന്ന് കിട്ടിയ സംഖ്യയില്‍ നിന്ന് പുല്ലൂര്‍ നമ്പൂതിരിപ്പാടിന് നഷ്ടപരിഹാരം കൊടുക്കുകയുണ്ടായി''.
കുഞ്ഞഹമ്മദ് ഹാജി ലഹളക്കാരുടെ നേതൃത്വം സ്വീകരിച്ചതോടുകൂടി ലഹളയുടെ ലക്ഷ്യം കുറേകൂടി വിപുലമായി തീര്‍ന്നു. അരാജകത്വസ്ഥിതി കഴിയുന്നതും വരാതെ എല്ലാം ക്രമമായും ചില മുറകള്‍ അനുസരിച്ചും പോകണമെന്ന് ഹാജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ അനുയായികളുടെ ഇടയില്‍ ചില നിയമങ്ങളെല്ലാം നടപ്പിലാക്കി. തെറ്റി നടക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. അദ്ദേഹത്തിന്റെ കല്‍പ്പനകളില്‍ ഒന്ന് ഹിന്ദുക്കളെ ഉപദ്രവിച്ചുപോകരുതെന്നും തന്റെ അനുമതിയോടു കൂടിയല്ലാതെ എതിര്‍പക്ഷത്തു നിന്ന് തടവുകാരായി പിടിക്കുന്ന യാതൊരാളെയും വധിച്ചുപോകരുതെന്നുമുള്ളതായിരുന്നു. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ, വീടുകളോ, പീടികയോ കൊള്ളചെയ്യുകയോ ചെയ്യുന്നവരെ ഹാജിയുടെ വരുതിയില്‍ വിചാരണ ചെയ്ത് തക്കതായ ശിക്ഷ നല്‍കി വന്നു.
വിപ്ലവ പ്രവര്‍ത്തനങ്ങളെ ഏകീകരിച്ച് ഭരണ സമ്പ്രദായത്തിന് രൂപരേഖ നിര്‍മിക്കാന്‍ ഹാജി ശ്രമിച്ചു. ഈ ഉദ്ദേശാര്‍ത്ഥം എല്ലാ നേതാക്കന്മാരും ചേര്‍ന്ന ഒരു സമ്മേളനം ആഗസ്റ്റ് 22 ന് പാണ്ടിക്കാട് വിളിച്ചുകൂട്ടി. വിപ്ലവ പ്രദേശത്തെ നാലു മേഖലകളായി തിരിച്ച് ഓരോന്നിന്റെയും ചുമതല ഓരോ നേതാവിന് നല്‍കി. നിലമ്പൂര്‍, പന്തല്ലൂര്‍, പാണ്ടിക്കാട്, തുവ്വൂര്‍ എന്നീ പ്രദേശങ്ങള്‍ തന്റെ കീഴില്‍ നിറുത്തി. ചെമ്പ്രശ്ശേരി തങ്ങള്‍ മണ്ണാര്‍ക്കാടിന്റെ അധിപനായി. ആലി മുസ്‌ലിയാര്‍ തിരൂരങ്ങാടിയിലെ ഖിലാഫത്ത് രാജാവായി. വള്ളുവനാടിന്റെ ബാക്കി പ്രദേശങ്ങള്‍ സീതിക്കോയ തങ്ങള്‍ക്കായി വിട്ടുകൊടുത്തു. ചെറിയ നേതാക്കന്മാരോട് ഈ നാലു രാജാക്കന്മാരുടെ കീഴിലായി പ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ടു. കുഞ്ഞഹമ്മദ് ഹാജിയുടെ ഈ പരിശ്രമം വിജയകരമായി ഏറെക്കാലം നടന്നില്ല (മലബാര്‍ സമരം. എം.പി നാരായണ മേനോനും സഹപ്രവര്‍ത്തകരും).
പട്ടാളം നാടുനീളെ നടന്ന് കൊള്ളയും കൊള്ളിവെയ്പ്പും നടത്തി. ലഹളക്കാര്‍ പ്രതികാരമെടുത്തു തുടങ്ങി. അങ്ങനെ സമരത്തിന്റെ രണ്ടാം ഘട്ടം ത്രികോണ മത്സരമായി മാറി. ബ്രിട്ടീഷ് പട്ടാളത്തിനും പോലീസിനും ലഹള അമര്‍ത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ഗൂര്‍ക്കകളെ വരുത്തി. അവര്‍ കുക്രിയുപയോഗിച്ച് കാണുന്ന മാപ്പിളമാരെയെല്ലാം അരിഞ്ഞുവീഴ്ത്തി. കലാപകാരികള്‍ ഗൂര്‍ക്കകളെയും ശക്തിയുക്തം എതിര്‍ത്തു. അങ്ങിനെ ആറുമാസക്കാലം കലാപം തുടര്‍ന്നു. ചെമ്പ്രശ്ശേരി തങ്ങള്‍ മുതലായ വിപ്ലവ നായകന്മാരെ മക്കത്തേക്കയക്കാമെന്ന് പറഞ്ഞ് വശീകരിച്ചു പിടിച്ച് പിന്നീട് വെടിവെച്ചുകൊല്ലുകയും ചെയ്തു. ഈ സമരത്തില്‍ പതിനായിരക്കണക്കിന് മാപ്പിളമാര്‍ മരിച്ചു. അത്രയും പേരെ കാണാതായി. അടച്ചുപൂട്ടിയ വാഗണില്‍ കൊണ്ടുപോകുമ്പോള്‍ ശ്വാസം മുട്ടിയും ദാഹം സഹിക്കാതെയും അനേകം പേര്‍ മരിച്ചു. ബല്ലാരി, വെല്ലൂര്‍, രാജമന്ദിര്‍, കോയമ്പത്തൂര്‍, കണ്ണൂര്‍ എന്നീ ജയിലുകളില്‍ കിടന്ന് നരകയാതനകള്‍ അനുഭവിച്ച മാപ്പിളമാര്‍ക്ക് കണക്കില്ല. ചുരുങ്ങിയത് 50000 പേരെങ്കിലും ഈ സ്വതന്ത്ര്യ സമരത്തിന്റെ പേരില്‍ മരിച്ചിരിക്കുമെന്ന് തീര്‍ച്ചയാണ്. അതിലേറെ പേര്‍ അംഗവൈകല്യം സംഭവിച്ചവരും ഉണ്ടായിട്ടുണ്ട്.
ഹിന്ദു മുസ്‌ലിം സൗഹൃദം
ഹിന്ദു മുസ്‌ലിം സൗഹാര്‍ദത്തിനു വേണ്ടി മഞ്ചേരിയിലും മറ്റു പ്രദേശങ്ങളിലും കുഞ്ഞഹമ്മദ് ഹാജി ആഹ്വാനം ചെയ്തത് അധികാരികളെ നിരാശരാക്കി. അവര്‍ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. മഞ്ചേരിയില്‍ വെച്ച് കുഞ്ഞഹമ്മദ് ഹാജി ചെയ്ത ഹൃദയസ്പൃക്കായ ഉദ്‌ബോധന പ്രസംഗം ഹിന്ദു സഹോദരന്മാരെ ആവേശം കൊള്ളിച്ചു. പ്രസ്തുത യോഗത്തില്‍ ഏറനാട് താലൂക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി എം.പി. നാരായണ മേനോന്‍ പങ്കെടുക്കുകയുണ്ടായി.
മറ്റു നേതാക്കളോടൊപ്പം കുഞ്ഞഹമ്മദ് ഹാജിയും ഏറനാട്ടിലെവിടെയും യോഗങ്ങള്‍ സംഘടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ട് കലക്ടര്‍ തോമസ് 1921 ഫെബ്രുവരി ഇരുപത്തിയഞ്ചിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1920 മേയ് ഒന്നാം തിയ്യതിയിലെ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച മഞ്ചേരി സമ്മേളനം അവലോകനം ചെയ്തുകൊണ്ടുള്ള ദീര്‍ഘമായൊരു റിപ്പോര്‍ട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പേര് പറയുന്നുണ്ട്. 'മാപ്പിള കര്‍ഷക നേതാവ് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ മൗലാനാ ആസാദിന്റെ 'തര്‍ക്കെമുഖാവലത്ത്' എന്ന ലഘുലേഖയുടെ മലയാള പരിഭാഷ വിതരണം ചെയ്തിരുന്നതിനെയും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. ഈ മാപ്പിള കര്‍ഷക നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഈ ദേശത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി എത്രത്തോളം പ്രവര്‍ത്തിച്ചുവെന്നത് വെള്ളക്കാര്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.'
വെള്ളക്കാരുടെ ഔദാര്യം പറ്റി, അവര്‍ക്കുവേണ്ടി വക്കാലത്ത് പറയുന്നവരാരായാലും കുഞ്ഞഹമ്മദ് ഹാജിയുടെ കണ്ണില്‍ ശത്രുക്കളായിരുന്നു. അത് കൊണ്ടോട്ടി തങ്ങളോ കോന്തുനായരോ ആരാണെങ്കിലും. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹാജി മറന്നില്ല.
1919 ഒക്ടോബര്‍ 17 ന് രാജ്യത്തൊട്ടാകെ ഖിലാഫത്ത് ദിനമായി ആചരിക്കാന്‍ അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു. 1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളില്‍ നടന്ന മലബാര്‍ ജില്ലയിലെ മുസ്‌ലിംകളുടെ ഒരു യോഗത്തില്‍ വെച്ച് മലബാര്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ കെ. മാധവന്‍ നായര്‍, കെ. കേശവന്‍ നായര്‍ തുടങ്ങിയവരുമായി കുഞ്ഞഹമ്മദ് ഹാജി സംഭാഷണം നടത്തിയിരുന്നു.
1920 മാര്‍ച്ച് 19 ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ വൈസ്രോയിക്ക് ഒരപേക്ഷ സമര്‍പ്പിച്ചു. ചരിത്ര പ്രസിദ്ധമായ ഈ രേഖ മുസ്‌ലിം ലോകത്തിന്റെ ഹൃദയസ്പൃക്കായ ഒരപേക്ഷയായിരുന്നു. ഈ ഹരജിയില്‍ മൗലാനാ അബ്ദുല്‍ ബാരി, മൗലാനാ ആസാദ്, മൗലാനാ മുഹമ്മദലി തുടങ്ങി 10 മുസ്‌ലിം നേതാക്കള്‍ ഒപ്പിട്ടിരുന്നു. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് വിശദീകരിക്കാനും ഫണ്ട് ശേഖരിക്കാനുമായി ഇന്ത്യയിലാകെ പര്യടനം നടത്തിയിരുന്ന മഹാത്മജി, മൗലാനാ ഷൗക്കത്തലിയോടൊപ്പം 1920 ആഗസ്റ്റ് കോഴിക്കോട്ടെത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന വന്‍ സ്വീകരണ യോഗത്തില്‍ അരലക്ഷം പേര്‍ പങ്കെടുത്തതായാണ് ഖിലാഫത്ത് കമ്മിറ്റി രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ യോഗത്തില്‍ സംബന്ധിച്ച് ഗാന്ധിജി, ഷൗക്കത്തലി എന്നിവരുടെ പ്രസംഗങ്ങള്‍ നന്നായി ശ്രവിച്ചിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ എന്നിവര്‍ക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു. കൊന്നാര മുഹമ്മദ് കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സദസ്സിന്റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി യുദ്ധം ചെയ്യണം, ഗാന്ധിജിയുമായും ഹിന്ദുക്കളുമായും സഹകരിച്ച് ബ്രിട്ടനെതിരെ പോരാടണം എന്ന് ഷൗക്കത്തലിയും, മുസല്‍മാന്‍മാര്‍ മതപരമായി സന്ദിഗ്ധഘട്ടത്തെ തരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ അവരുമായി സഹകരിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിനെ എതിര്‍ക്കേണ്ടതാണെന്ന് ഗാന്ധിജിയും കോഴിക്കോട്ട് പറഞ്ഞതായി എം.പി നാരായണമേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു ദിനപത്രത്തിലെ പ്രസ്താവന
ഹിന്ദുക്കളിലും മുസ്‌ലിംകളിലും പെട്ട ചിലര്‍ ബ്രിട്ടീഷ് പട്ടാളക്കാരെ സഹായിച്ചിരുന്നു. വിപ്ലവകാരികളെ ഒറ്റിക്കൊടുക്കാനും സമരത്തെ അടിച്ചമര്‍ത്താനും ബ്രിട്ടീഷുകാരോടൊപ്പം അവര്‍ നിന്നു. അതുകൊണ്ടാണ് മാപ്പിളമാര്‍ അത്തരം ഹിന്ദുക്കളേയും മുസ്‌ലിംകളെയും ആക്രമിച്ചതെന്ന് മലബാറില്‍ നിന്നും എത്രയോ അകലെയുള്ളവര്‍ക്ക് പോലും അറിവുള്ളതായിരുന്നു. വിപ്ലവ നേതാക്കളോ വക്താക്കളോ ഇതിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ പട്ടാക്കാരെ സഹായിക്കുക മാത്രമല്ല പട്ടാളക്കാരോടൊപ്പം നടന്ന് മാപ്പിള വീടുകള്‍ കൊള്ള ചെയ്യുകയും വിപ്ലവകാരികളുടെ സങ്കേതം ഒറ്റിക്കൊടുക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിലും ഹിന്ദുക്കള്‍ മാത്രമല്ല മാപ്പിളമാരുമുണ്ടായിരുന്നുവെന്ന സത്യം വിപ്ലവകാരികള്‍ മറച്ച് വെച്ചിട്ടില്ല. പട്ടാളത്തിന്റെ സഹായികളേയും ഒറ്റുകാരേയും വിപ്ലവകാരികള്‍ മുഖം നോക്കാതെ ശിക്ഷിച്ചിട്ടുണ്ട്. വിപ്ലവ നേതാവ് കുഞ്ഞഹമ്മദ് ഹാജിയുടെ 21 ഒക്ടോബര്‍ 18 ന് ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന ഈ സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്.
'' എന്റെ ആള്‍ക്കാര്‍ ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ട് അസത്യമാണ്. പോലീസ് ചാരന്മാര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ നടത്തി ഞങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് വാസ്തവം. ഗവണ്‍മെന്റിനെ സഹായിക്കുന്ന ചില ഹിന്ദുക്കളെ എന്റെ ആള്‍ക്കാര്‍ ഉപദ്രവിച്ചിരിക്കാം. ഗവണ്‍മെന്റിനെ സഹായിക്കുന്ന മാപ്പിളമാരെയും ഞാന്‍ ശിക്ഷിക്കും. നിലമ്പൂര്‍ തമ്പുരാനും നമ്പൂതിരിയുമാണ് ഈ കലാപത്തിന്റെ തുടക്കത്തിന് കാരണക്കാര്‍. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് പട്ടാളത്തില്‍ ചേര്‍ക്കുകയാണ് അവര്‍. ഇതില്‍നിന്ന് ഒഴിയാനായി വളരെയേറെ ഹിന്ദുക്കള്‍ എന്റെയടുത്ത് വന്ന് അഭയം തേടിയിരിക്കുകയാണ്. നിര്‍ദോഷികളായ മനുഷ്യരെ ദ്രോഹിക്കുക എന്നതില്‍ കവിഞ്ഞ് ഗവണ്‍മെന്റിന് ഇവിടെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മലബാറിലെ ജനങ്ങളെ വേട്ടയാടുകയാണവര്‍. ഇക്കാര്യം ലോകത്തിലുള്ള എല്ലാവരും അറിയട്ടെ. മഹാത്മജിയും മൗലാനയും അറിയട്ടെ.'' എന്ന് കുഞ്ഞഹമ്മദ് ഹാജി പ്രസ്താവിച്ചു. ആംഗ്ലോ മാപ്പിളയുദ്ധത്തില്‍ നടന്നതെന്തൊക്കെയെന്ന് ഈ പ്രസ്താവന ലോകത്തോട് വ്യക്തമാക്കുന്നു.
1921 ലെ സമരം 830-ാമത്തെയും അതിപ്രധാനവുമായിരുന്നു. 1768 മുതല്‍ 1921 വരെയുള്ള കാലങ്ങളിലാണ് പ്രധാനപ്പെട്ട ഈ ലഹളകളെല്ലാം നടന്നിട്ടുള്ളത്. 1921ല്‍ ആഗസ്റ്റ് 19 വരെ സമരം സമാധാനപരമായിരുന്നു. യാതൊരു അനിഷ്ട സംഭവവും എവിടെയും റിപ്പോര്‍ട്ടുചെയ്തിരുന്നില്ല.
1921 ലെ യുദ്ധങ്ങള്‍ അതിന്റെ ശരിയായ രൂപത്തില്‍ തുടക്കമിടുന്നത് മലയാളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശൂരിലാണ്. രണ്ടായിരത്തോളം മാപ്പിളമാര്‍ 1921 മാര്‍ച്ച് രണ്ടിന് തീവണ്ടിമാര്‍ഗം തൃശൂരിലെത്തി. ഓരോ വണ്ടിക്കും എത്തിക്കൊണ്ടിരുന്ന മാപ്പിളമാരെ സ്വീകരിക്കാന്‍ ഡോ. എ.ആര്‍. മേനോന്റെയും മാറായി കൃഷ്ണമേനോന്റെയും നേതൃത്വത്തില്‍ തൃശൂര്‍ സ്വദേശികളായ ആയിരത്തിലധികം ഹിന്ദു-മുസ്‌ലിം ബഹുജനങ്ങള്‍ തൃശൂര്‍ സ്‌റ്റേഷനില്‍ കാത്തുനിന്നിരുന്നു. ഉച്ചവണ്ടിക്കിറങ്ങിയ ആയിരത്തിഎണ്ണൂറോളം മാപ്പിളമാര്‍ ഉച്ചത്തില്‍ പാട്ടുപാടി തക്ബീര്‍ മുഴക്കിക്കൊണ്ട് കൊക്കാലെ നിന്ന് തിരുവമ്പാടി സത്രത്തില്‍ പടിഞ്ഞാറെ നടക്കാവില്‍ കൂടി ഒരു പ്രകടനം നടത്തി. അതിന്റെ മുഴക്കത്തില്‍ തൃശൂര്‍ പട്ടണം ഇളകിമറിഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു. മാപ്പിളമാര്‍ തിരിച്ച് പോന്നത് തൃശൂരില്‍ നിന്ന് ഒന്നിച്ച് ടിക്കറ്റെടുത്താണ്. അന്ന് തിരൂരില്‍ നിന്ന് തൃശൂരിലേക്ക് മൂന്ന് അണയായിരുന്നു ചാര്‍ജ്. അവര്‍ മടങ്ങുന്നതിന് തൊട്ട് മുമ്പ് ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്നൊരു ജൈത്രയാത്ര നടത്തിയിരുന്നു. അന്നത്തെ തൃശൂരിലെ അഡീഷണല്‍ ഡിസ്‌ക്രിക്റ്റ് മജിസ്‌ട്രേറ്റ് വൈദ്യനാഥയ്യര്‍, രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ഗോവിന്ദന്‍ നായര്‍, വടക്കെ വീട്ടില്‍ മമ്മുതു, കാരാട്ട് മൊയ്തീന്‍കുട്ടി ഹാജി(പൂക്കോട്ടൂര്‍) കള്ളാടി യൂസുഫ്(പൊടിയോട്) ഡോ. എ.ആര്‍. മേനോന്‍, മാറായി കൃഷ്ണമേനോന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. തൃശൂര്‍ സംഭവങ്ങള്‍ 1921 ലെ മുഴുവന്‍ സംഭവങ്ങളുടെയും തുടക്കമാണ്.
സമര പ്രഖ്യാപനം
മലഞ്ചരക്കുകള്‍ വണ്ടികളില്‍ കയറ്റി കുഞ്ഞഹമ്മദ് ഹാജി രാവിലെ നെല്ലിക്കുത്ത് വീട്ടില്‍ തിരിച്ചെത്തി. പുലര്‍ച്ചെ തിരൂരങ്ങാടിയില്‍ ഉണ്ടായ റെയ്ഡും മറ്റും അവിടെ എന്തെങ്കിലും കുഴപ്പമുണ്ടായേക്കുമെന്ന് ഹാജി ചിന്തിച്ചു. കുഞ്ഞഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും അന്ന് കുതിരപ്പുറത്താണ് യാത്ര ചെയ്തിരുന്നത്. പയ്യനാട്ടെ പ്രമുഖ ജന്മിയായ ചേന്ദു പണിക്കര്‍ വളരാട് നമ്പീശന്മാര്‍ തുടങ്ങിയവര്‍ കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം വിപ്ലവപക്ഷത്തായിരുന്നു. ആലി മുസ്‌ലിയാര്‍ പിടിക്കപ്പെട്ടതറിഞ്ഞ് കുഞ്ഞഹമ്മദ് ഹാജിക്ക് ഉല്‍കണ്ഠയായി. ആനക്കയത്തു നിന്ന് പതിനായിരത്തോളം ആയുധധാരികളായ അനുയായികളുമായി അദ്ദേഹം ആഗസ്റ്റ് 22 ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലായ ആലി മുസ്‌ലിയാരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. അദ്ദേഹത്തിന്റെ സൈന്യത്തില്‍ അഞ്ഞൂറിലധികം ആയുധധാരികളായ ഹിന്ദുക്കളും ഉണ്ടായിരുന്നതായി സര്‍ദാര്‍ ചന്ദ്രോത്ത് ആത്മകഥയില്‍ വിവരിക്കുന്നുണ്ട്.
വെള്ള ഷര്‍ട്ടും കോട്ടും ധരിച്ച് രോമത്തൊപ്പിയിട്ട് അതിന് ചുറ്റും വെള്ള ഉറുമാല്‍ കെട്ടി, കാലില്‍ ചെരുപ്പും കൈയില്‍ വാളുമായി മുമ്പില്‍ നില്‍ക്കുന്ന ധീര നേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന ജനഹൃദയം പടപടാ ഇടിച്ചുവെന്നാണ് പറയുന്നത്. അതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. (ദേശാഭിമാനി. 1946 ആഗസ്റ്റ് 26 ഉദ്ധരണം - കേരളാ മുസ്‌ലിം ഡയറക്ടറി) അപകടത്തില്‍പെട്ട ആലിമുസ്‌ലിയാരെ രക്ഷിക്കാന്‍ ഇനി ഇംഗ്ലീഷുകാര്‍ക്കെതിരില്‍ തുറന്ന സമരം ചെയ്‌തേ തീരൂ എന്ന് ഹാജിക്കറിയാമായിരുന്നു. ഉടനെ അദ്ദേഹം ഒരന്നദാനവും പ്രാര്‍ത്ഥനയും നടത്താന്‍ തീരുമാനിച്ചു. മൂന്ന് മണിയായപ്പോഴേക്ക് പ്രവാചകന്റെ പേരിലുള്ള പ്രകീര്‍ത്തനം ചൊല്ലി എല്ലാവരും പ്രാര്‍ത്ഥിച്ചു. അന്നദാനം നടക്കുമ്പോള്‍ തിരൂരങ്ങാടിയില്‍ നിന്ന് രണ്ടുപേര്‍ വന്ന് നടന്ന സംഭവം വിശദമായി ഹാജിക്ക് പറഞ്ഞു കൊടുത്തു. അന്നദാനച്ചടങ്ങില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. അന്നദാന ശേഷം കുഞ്ഞഹമ്മദ് ഹാജി അവിടെ സമ്മേളിച്ച് ജനങ്ങളോട് പറഞ്ഞു. 'സഹോദന്മാരേ, ഉസ്താദ് ആലി മുസ്‌ലിയാര്‍ കുടുക്കിലകപ്പെട്ടിരിക്കുന്നു. തിരൂരങ്ങാടിയില്‍ പട്ടാളം വെടിവെച്ച് 20 ഓളം ഖിലാഫത്ത് വളണ്ടിയര്‍മാരെ കൊന്നിരിക്കുന്നു. ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ നമ്മുടെ കാരണവന്മാര്‍ ഒരുപാട് ശ്രമിച്ചു. ആയുധ ശക്തിയില്‍ മുന്തിനില്‍ക്കുന്ന സാമ്രാജ്യത്വ ശക്തിയെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ നമ്മള്‍ മഹാത്മാ ഗാന്ധിയുടെ കൂടെ ചേര്‍ന്ന് സഹന-നിസ്സഹകരണ സമരത്തിലാണ്. നമ്മുടെ നാട്ടിലെ ജന്മിമാരും, നാട്ടുപ്രമാണിമാരും സ്വയംഭരണം ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് എന്നും ജന്മിമാരും മുതലാളിമാരുമാകാന്‍ പറ്റുന്ന ഭരണമാണാവശ്യം. ബ്രിട്ടീഷുകാരാണെങ്കില്‍ കഴിഞ്ഞ നാലുമാസമായി മാപ്പിളമാരെ തിരഞ്ഞുപിടിച്ച് റോഡിലിട്ട് മര്‍ദ്ദിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത വിധം കള്ളക്കേസ്സുകളാണവരുടെ പേരില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇത് നമ്മുടെ നേതാക്കന്മാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവരങ്ങോട്ട് ശ്രദ്ധിക്കുന്നേയില്ല'.
'ഇന്നലെ ഈ സമരം ഒന്ന് മാറ്റിവെക്കാന്‍ ഞങ്ങള്‍ നേതാക്കളോടപേക്ഷിച്ചു. എന്നാല്‍ സ്വയംഭരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് പത്തിരുപത് പേരെ വെടിവെച്ച് കൊന്നുവെന്നാണ് തിരൂരങ്ങാടിയില്‍ നിന്ന് കിട്ടിയ വിവരം. ഇത് ആലി മുസ്‌ലിയാര്‍ ഉസ്താദിനെ അറസ്റ്റ് ചെയ്യാനുണ്ടാക്കിയ കാരണമാണ്. അദ്ദേഹത്തെ നമുക്ക് രക്ഷിക്കണം. ഇനിയും സഹിച്ച് കാത്തിരിക്കാനാവില്ല. ബ്രിട്ടീഷുകാരുടെ ഖിലാഫത്ത് അവസാനിപ്പിച്ച് ഗാന്ധി മഹാന്റെയും മൗലാനയുടെയും ഭരണം സ്ഥാപിക്കണം. അതിനുവേണ്ടി എല്ലാം അല്ലാഹുവിലര്‍പ്പിച്ച് മുന്നോട്ട് വരാന്‍ തയ്യാറുള്ളവര്‍ എന്റെ പിന്നില്‍ വരണമെന്ന് പറഞ്ഞ് ഹാജി മുന്നോട്ട് നിന്നു. അതിന് പിന്നില്‍ ഖിലാഫത്ത് പതാകയേന്തി ആയിരത്തോളമാളുകള്‍ അണിചേര്‍ന്നു. അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം മുഴക്കി ബ്രിട്ടീഷ് ഭരണത്തെ പുച്ഛിച്ച് മറ്റ് പല മുദ്രാവാക്യങ്ങളും ഏറ്റുവിളിച്ച് അവര്‍ പാണ്ടിക്കാട്ടേക്ക് നീങ്ങി. ഇവരില്‍ കൂടുതലും ഹിന്ദുക്കളും മുസ്‌ലിംകളുമായ മുന്‍ പട്ടാളക്കാരായിരുന്നു. രണ്ട് വരിയായി നീങ്ങിയ ഘോഷയാത്ര കണ്ട് പാണ്ടിക്കാട് ഇന്‍സ്‌പെക്ടര്‍ അഹമ്മദ് കുട്ടിയടക്കം പോലീസുകാരെല്ലാം ഒളിച്ചോടി. സ്‌റ്റേഷനില്‍ കടന്ന് അവിടെയുള്ള തോക്കുകളും മറ്റായുധങ്ങളുമെല്ലാം പിടിച്ചെടുത്തു. സ്റ്റേഷനു മുന്നില്‍ നിന്ന് ഹാജി ഇങ്ങിനെ പറഞ്ഞു. 'അല്‍ഹംദുലില്ലാഹ്... ഞാന്‍ ഹജ്ജിന് പോയപ്പോഴൊക്കെ ഹറമില്‍ വെച്ച് വെള്ളക്കാരുടെ ഭരണം അവസാനിപ്പിച്ച് ഞങ്ങളുടെ കഷ്ടപ്പാട് തീര്‍ത്ത് തരണമെന്ന് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥന അല്ലാഹു ഖബൂല്‍ (സ്വീകരിച്ചു) ചെയ്തിരിക്കുന്നു. ബ്രിട്ടീഷ് ഭരണമിതാ തകര്‍ന്ന് കിടക്കുന്നു. അവരുടെ പോലീസ് ഓടിപ്പോയി.' അദ്ദേഹം ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി. ആയുധങ്ങളുമായി ഹാജിയും കൂട്ടരും ജാഥയായി നെല്ലിക്കുത്തിലേക്ക് മടങ്ങി. 21 ന് ഏറനാടിന്റെ പല ഭാഗങ്ങില്‍ നിന്നുമുള്ള പ്രാദേശിക ഖിലാഫത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ നെല്ലിക്കുത്തിലേക്ക് ഒഴുകി. ജനങ്ങള്‍ സന്തോഷിച്ചു.
ബ്രിട്ടനെതിരെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചുനില്‍ക്കണമെന്ന് നാഗ്പൂര്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളന തീരുമാനം നടപ്പാക്കുന്നതിനും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി, ഫണ്ട് ശേഖരിക്കുന്നതിനും കുഞ്ഞഹമ്മദ് ഹാജി, പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്‍, ചെമ്പ്രശ്ശേരി തങ്ങള്‍, ആലിഹാജി എന്നിവരെ ചുമതലപ്പെടുത്തി. അന്ന് പാണ്ടിക്കാട് ചേര്‍ന്ന യോഗത്തില്‍ നാലായിരം പേര്‍ പങ്കെടുത്തു. കുഞ്ഞഹമ്മദ് ഹാജിയും വലിയ ഖാദി പൂക്കുന്നുമ്മല്‍ ആലി ഹാജിയും പ്രസംഗിച്ചു. കുഞ്ഞഹമ്മദ് ഹാജി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നില്ലെന്ന് സ്ഥാപിക്കാന്‍ മലബാര്‍ കലാപം എഴുതിയ കെ. മാധവന്‍ നായരെപ്പോലുള്ളവര്‍ ശ്രമിച്ചതുകൊണ്ടാണ് എം.പി.എസ് മേനോന്‍ ഇതെടുത്തുപറഞ്ഞത്. (കടപ്പാട്)
ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ അദ്ദേഹം അതിലൊരു പ്രധാന പ്രവര്‍ത്തകനായി ചേര്‍ന്നുവെന്നും ഏറനാട്ടില്‍ പല കമ്മിറ്റികളും സ്ഥാപിച്ചുവെന്നും ദിവാന്‍ ബഹദൂര്‍ ഗോപാലന്‍ നായര്‍ എഴുതിയ 'മാപ്പിള ലഹള' എന്ന പുസ്തകം പ്രസ്താവിച്ചതായി മാധവന്‍ നായര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദു മുസ്‌ലിയാര്‍, എം.പി നാരായണമേനോന്‍ തുടങ്ങിയവരായിരുന്നു ഖിലാഫത്തു പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ബന്ധുവും പണ്ഡിതനുമായിരുന്ന ആലി മുസ്‌ലിയാരെയാണ് അദ്ദേഹം നേതാവായി അംഗീകരിച്ചത്. നാട്ടില്‍ ഹിന്ദു മുസ്‌ലിം മൈത്രി വളര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം നിന്ന പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്‍ വിദ്യാസമ്പന്നനും റബ്ബര്‍ എസ്റ്റേറ്റ് ഉടമയും മോട്ടോര്‍ കാറുമുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളുമായിരുന്നു. അന്ന് നായര്‍ സ്ത്രീയെ നിയമാനുസൃതം വിവാഹം കഴിച്ച് ഭാര്യയാക്കാന്‍ തന്റേടം കാണിച്ച ബ്രാഹ്മണ വിപ്ലവകാരിയായിരുന്നു അദ്ദേഹം.
തെക്കേകുളം യോഗം
ആഗസ്റ്റ് 21 ന് തെക്കേ കുളത്തില്‍ അതിപ്രധാനമായ യോഗം ചേര്‍ന്നു. യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എഴുതി തയ്യാറാക്കിയത് കാപ്പാട് കൃഷ്ണന്‍ നായരാണ്. അത് ഇപ്രകാരമായിരുന്നു.
1. ഹിന്ദുക്കളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന യാതൊരു പ്രവര്‍ത്തിയും ഖിലാഫത്ത് പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല.
2. അസ്വസ്ഥതയും ഭയവും നിലനില്‍ക്കുന്ന കാലമാകയാല്‍ ആരെയും ദീനില്‍ (മതത്തില്‍) ചേര്‍ക്കാന്‍ പാടില്ല.
3. ഈ യോഗം ഉത്തരവാദപ്പെടുത്തിയിട്ടുള്ള 5 പേര്‍ക്ക് മാത്രമേ പണമായി യുദ്ധഫണ്ടിലേക്ക് സംഭാവന വാങ്ങാനും ചോദിക്കാനും അധികാരമുള്ളൂ. സൈനിക പരിശീലകര്‍ക്ക് ആ പ്രദേശത്തെ ഖിലാഫത്ത് കമ്മിറ്റി ഭാരവാഹികള്‍ ചെലവ് (ഭക്ഷണം) നല്‍കണം. പരിശീലനം നേടുന്ന സൈനികര്‍ക്ക് ഭക്ഷണാവശ്യത്തിനുള്ള അരി, ഇറച്ചി, പച്ചക്കറികള്‍ തുടങ്ങിയവ ആ പ്രദേശത്തെ ഇത്തരം സാധനങ്ങള്‍ ഉള്ളവരില്‍ നിന്ന് വാങ്ങണം. ആയുധങ്ങളും യൂണിഫോറങ്ങളും പണവും മേല്‍പറഞ്ഞ 5 പേര്‍ക്ക് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, ആലി മുസ്‌ലിയാര്‍, സീീതിക്കോയ തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ എന്നിവര്‍ എത്തിച്ചുകൊടുക്കുന്നതാണ്.
4. സര്‍ക്കാരില്‍ നിന്നും ജന്മി-നാടുവാഴികളില്‍ നിന്നും കിട്ടാവുന്നത്ര എല്ലാ വിധ ആയുധങ്ങളും ഉടന്‍ ശേഖരിക്കണം.
5. സ്ത്രീകളെ (ജാതിമതഭേദമന്യേ) യും പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെയും സമരത്തിന് വേണ്ടി ഉപയോഗിക്കരുത്. സ്ത്രീകളെ (ഏതു ജാതിയോ ഏതു മതവിശ്വാസിയോ ആവട്ടെ) മാനഭംഗപ്പെടുത്തുന്നതും സാമ്രാജ്യത്വത്തിന് വേണ്ടി ചാരപ്പണിയെടുക്കുകയോ ഒറ്റുകാരാവുകയോ ചെയ്യുന്നതും വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളായി കണക്കാക്കുന്നതാണ്.
6. ഇത്തരം കേസുകള്‍ നോക്കുന്നതിന് ഖിലാഫത്ത് കോടതികള്‍ സ്ഥാപിക്കുന്നതാണ്. ചരക്കുകള്‍ കൈമാറുന്നതിനും നീക്കുന്നതിനും പാസ്സുകളും ദൂര യാത്രക്ക് ഖിലാഫത്ത് ഗവണ്‍മെന്റിന്റെ പാസ്സ്‌പോര്‍ട്ടുകളും ഏര്‍പ്പെടുത്തുന്നതാണ്.
7. കളവ് നടത്തുന്നവരുടെ കൈവിരലും, കൊള്ള ചെയ്യുന്നവരുടെ വലതു കൈയും മുറിക്കുന്നതാണ്.
8. ഖിലാഫത്ത് സര്‍ക്കാരിനോട് കൂറു പ്രഖ്യാപിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ എല്ലാ ഉദ്യോഗസ്ഥന്മാര്‍ക്കും മാപ്പു നല്‍കുന്നതും ഖിലാഫത്ത് സര്‍ക്കാരിന് വേണ്ടിസേവനം ചെയ്താല്‍ ആദ്യത്തെ രണ്ടുമാസം പകുതി ശമ്പളവും പിന്നീട് മുഴുവന്‍ ശമ്പളവും നല്‍കുന്നതായിരിക്കും.
9. ഈ വര്‍ഷം ആരും നികുതി അടക്കേണ്ടതില്ലാ എന്ന് തീരുമാനിച്ചിരിക്കുന്നു.
10. ജന്മിമാര്‍ക്ക് നല്‍കേണ്ട എല്ലാ പാട്ട കുടിശ്ശികകളും റദ്ദാക്കിയിരിക്കുന്നു.
11. അടുത്ത കൊല്ലം പുതിയ ഭൂവുടമ വ്യവസ്ഥ കൊണ്ടുവരുന്നതാണ്.
12. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ സ്ഥാനപ്പേരുകളും അധികാര പരിധികളും നിലവിലുള്ളതുപോലെ തുടരുന്നതാണ്.
13. ഇക്കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധികാരപ്പെടുത്തിയിരിക്കുന്നു.
ഭരണകേന്ദ്രങ്ങള്‍
സമരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും ഇവരുടെ നേതൃത്വത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനും നേതാക്കള്‍ ശ്രമിച്ചിരുന്നു. ഇവരോരോരുത്തരും ചില സ്ഥലങ്ങളെ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തുവെങ്കിലും ശത്രുവിനെ നേരിടുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കുന്നതും പരസ്പര സഹായം നല്‍കുന്നതും ഇല്ലാതാക്കിയില്ല. ഉദാഹരണമായി പൂക്കോട്ടൂരും പാണ്ടിക്കാട്ടും ഉണ്ടായ ഏറ്റുമുട്ടലുകള്‍ക്ക് ഒന്നിലധികം കലാപ സംഘങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു. ആദ്യം നേരിട്ട തിരിച്ചടികള്‍ക്കു ശേഷം നേതാക്കള്‍ ഒന്നിച്ചിരുന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും, ഗറില്ലാ മുറയില്‍ പോരു നടത്താനും തീരുമാനിക്കുകയുണ്ടായി. നേതാക്കള്‍ നേരിട്ട പട്ടാളവേട്ടയുടെ ഫലമായി തുടര്‍ന്നും ഇത്തരം മീറ്റിങ്ങുകള്‍ നടത്തുന്നതും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതും അസാധ്യമായി. പരസ്പരം ആശയവിനിമയം നടത്തുന്നതിനുള്ള ശ്രമം ഇവര്‍ ഉപേക്ഷിച്ചില്ല. ഒരുമിച്ചിരുന്ന് പട്ടാള സംഘങ്ങളെ ഒളിഞ്ഞാക്രമിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ സമരക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നു.
ആദ്യം നെല്ലിക്കുത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിലും പിന്നീട് കരുവാരക്കുണ്ടിലെ കടമ്പഴിഞ്ഞിയിലും, ഊരകം മലയിലും തിരൂരങ്ങാടി കിഴക്കെ പള്ളിയിലുമെല്ലാം ഭരണാധികാരികളുടെ ക്യാമ്പുകളോടനുബന്ധിച്ചായിരുന്നു ഭരണ കേന്ദ്രങ്ങള്‍. ഒടുവില്‍ പശ്ചിമഘട്ടത്തിലെ കല്ലാമൂല വീട്ടിക്കുന്നിലായിരുന്നു വിപ്ലവ ഗവര്‍മെന്റിന്റെ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്.
കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയും നെല്ലിക്കുത്തിലുള്ള വീടുകള്‍ ചുട്ടുകരിച്ചതോടെ പ്രധാന രേഖകളെല്ലാം നശിച്ചുപോയി. പട്ടാളക്കാര്‍ മാപ്പിള വീടുകള്‍ കത്തിച്ചപ്പോള്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ മുഴുവന്‍ പുസ്തകങ്ങളും രേഖകളുമെല്ലാം സൂക്ഷ്മമായി തേടിപ്പിടിച്ച് കത്തിച്ചിരുന്നു. പുല്‍വെട്ട-വെട്ടിക്കാട്ടിരി ക്യാമ്പുകള്‍ വളരെ സുപ്രധാനങ്ങളായിരുന്നു എന്നും കരുവാരകുണ്ട്, മണ്ണാര്‍ക്കാട്, നിലമ്പൂര്‍, പൂക്കോട്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, വെള്ളിനേഴി, തൂത, നാട്ടുകല്‍, കുമരംപുത്തൂര്‍, ഭീമനാട്, അലനല്ലൂര്‍, തിരുവിഴാംകുന്ന്, അരക്കുപറമ്പ്, മേലാറ്റൂര്‍, വെട്ടത്തൂര്‍, കാപ്പാട്, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, വേങ്ങര, ചേറൂര്‍, കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകള്‍ (ചാലിയാറിനക്കരെ ഏറനാടിനോട് ചേര്‍ന്നിരിക്കുന്ന പ്രദേശങ്ങള്‍) എന്നിവിടങ്ങളില്‍ ആറുമാസം ഖിലാഫത്ത് ഭരണത്തിലായിരുന്നുവെന്നും ഹിച്ച്‌ക്കോക്ക് മലബാര്‍ റബല്യനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1921 ആഗസ്റ്റ് മാസത്തില്‍ പാലങ്ങള്‍ പൊളിക്കുകയും ടെലിഗ്രാഫ് കമ്പികള്‍ മുറിക്കുകയും മരങ്ങള്‍ മുറിച്ച് തള്ളി റോഡ് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും റെയില്‍ പാളങ്ങള്‍ തകര്‍ക്കുകയും മറ്റും ചെയ്തത് അതാത് പ്രദേശത്തെ കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രവര്‍ത്തകര്‍ ഹിന്ദു - മുസ്‌ലിം വ്യത്യസമില്ലാതെ ഒത്തുചേര്‍ന്നാണ്. പോലീസ് സ്‌റ്റേഷനുകള്‍, രജിട്രാപ്പീസുകള്‍, മറ്റ് സര്‍ക്കാരാപ്പീസുകള്‍ എന്നിവ തകര്‍ത്തതും എല്ലാവരും ഒത്തൊരുമിച്ചാണ്. ആഗസ്റ്റ് 21 ന് ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷന്‍ തകര്‍ത്ത കേസിലെ ഒന്നാം പ്രതി ആമയങ്ങോട് കുര്‍ശ്ശിക്കളത്തില്‍ കേശവന്‍ നായരായിരുന്നു.
പൂക്കോട്ടൂര്‍ യുദ്ധം
1921 ആഗസ്റ്റ് 25 നാണ് പ്രസിദ്ധമായ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്. ഈ വാര്‍ത്ത കേട്ടയുടനെ ഹാജിയും അനുയായികളും മഞ്ചേരിയില്‍ നിന്ന് പൂക്കോട്ടൂരിലേക്ക് തിരിച്ചുപോയിരുന്നു. അവര്‍ എത്തിയപ്പോഴേക്കും യുദ്ധം കഴിഞ്ഞ് പട്ടാളക്കാര്‍ തിരിച്ചുപോയിരുന്നു. ഹാജിയും കൂട്ടരും നാട്ടുകാരെയാശ്വസിപ്പിച്ച് കുറച്ചുകാലം അവിടെത്താമസിച്ചു.
പൂക്കോട്ടൂരില്‍ തമ്പടിച്ച ഹാജിയും കൂട്ടരും തന്നെ ആക്രമിക്കുമോ എന്ന് ഭയന്ന ഇംഗ്ലീഷ് പക്ഷപാതിയായ കൊണ്ടോട്ടി തങ്ങള്‍ അവരില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇംഗ്ലീഷ് കമാന്‍ഡര്‍ക്ക് കത്തയച്ചിരുന്നു. വിവരമറിഞ്ഞ ഹാജിയും സംഘവും പൂക്കോട്ടൂരില്‍ നിന്നും മഞ്ചേരിയിലേക്കും അവിടെ നിന്ന് നിലമ്പൂര്‍ വഴി അരീക്കോട്ടും എത്തിച്ചേര്‍ന്നു. അരീക്കോട്ട് നിന്ന് 1921 ഒക്ടോബര്‍ 28 ന് സായുധരായ യോദ്ധാക്കളോടൊപ്പം അദ്ദേഹം കൊണ്ടോട്ടിയിലേക്ക് തിരിച്ചു. വഴിയില്‍ വെച്ച് ഒട്ടേറെ മതപണ്ഡിതന്മാരും യുവാക്കളും സംഘത്തോടൊപ്പം ചേര്‍ന്നു. കൊണ്ടോട്ടിയിലെത്തിയ സംഘം പോലീസ്സേഷന്‍ അടിച്ചുതകര്‍ത്തു. രജിസ്ട്രാര്‍ ഓഫീസ് കത്തിച്ചു. ഹാജിയും സംഘവും കൊണ്ടോട്ടി ഖുബ്ബ ലക്ഷ്യമാക്കി നീങ്ങി. ഖുബ്ബയിലുണ്ടായിരുന്ന ഹസ്സന്‍ കുട്ടി മൊല്ല നഗാറ അടിക്കാന്‍ തുടങ്ങി. സഹായത്തിനായി ആളുകളെ കൂട്ടാനായിരുന്നു നഗാറ. നഗാറ അടിക്കരുതെന്ന കല്‍പ്പന തെറ്റിച്ച മൊല്ലയെ ആരോ വെടിവച്ചുകൊന്നു.
ഹാജിയും കൂട്ടരും ഖുബ്ബയിലേക്ക് വരുന്നതുകണ്ടപ്പോള്‍ നസ്‌റുദ്ദീന്‍ തങ്ങള്‍, അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ ചേലമ്പ്ര കോയ ഹസന്‍കോയ അധികാരി, അത്തറുകാട്ട് കുട്ടി ഹസന്‍ തുടങ്ങിയവര്‍ ഇരട്ടക്കുഴല്‍ തോക്കെടുത്ത് അലക്ഷ്യമായി വെടിവെക്കാന്‍ തുടങ്ങി. ഈ വെടികളിലൊന്ന് കൊണ്ട് ഹാജിയുടെ സംഘത്തിലെ കമ്മു കൊല്ലപ്പെട്ടു. നിരന്തരമായി വെടിയൊച്ച കേട്ടപ്പോള്‍ വെള്ളപ്പട്ടാളം ഒഴിഞ്ഞുനിന്ന് വെടിവെക്കുകയാണെന്ന് ഹാജിയും സംഘവും തെറ്റിദ്ധരിച്ചു. അതോടെ അവര്‍ അവിടെ നിന്ന് അരീക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.
കൊണ്ടോട്ടി തങ്ങളുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത് കോഴിക്കോട്ട് ഹജൂര്‍ കീഴ്‌പെടുത്തുകയായിരുന്നു ഹാജിയുടെ ലക്ഷ്യമെന്ന് ചിലര്‍ കരുതുന്നു. കൊണ്ടോട്ടിയില്‍ നിന്ന് തിരിച്ച ഹാജിയും കൂട്ടരും അരീക്കോട് തിരിച്ചെത്തി. പിന്നീട് നിലമ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ ഖിലാഫത്ത് ഭരണകേന്ദ്രം.
തന്റെ അധീനതയിലുള്ള പ്രദേശങ്ങള്‍ അദ്ദേഹം ഭരണസൗകര്യാര്‍ത്ഥം വീണ്ടും വിഭജിച്ചു നല്‍കിയിരുന്നു. നിലമ്പൂര്‍ പുഴയുടെ വടക്കുഭാഗങ്ങളുടെ ഭരണച്ചുമതല കിട്ടിയത് സഹോദരന്‍ മൊയ്തീന്‍കുട്ടി ഹാജിക്കാണ്. ചുങ്കത്തറയും ചുറ്റുമുള്ള സ്ഥലങ്ങളും പിതൃവ്യപുത്രനായ വാരിയന്‍കുന്നത്ത് കുഞ്ഞൂട്ടി ഹാജി ഭരിച്ചു. എടക്കരയും പരിസരപ്രദേശങ്ങളും ചക്കുമ്പുറത്ത് ആലിക്കുട്ടിയുടെ ഭരണത്തിലായിരുന്നു. കൂറ്റന്‍ പാറയും പരിസരപ്രദേശങ്ങളും ഉണ്ണിത്തറി ഭരിച്ചു. കരുവാരകുണ്ട്, കാളികാവ് പ്രദേശങ്ങള്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മാതുലന്‍ കോയാമുഹാജിയുടെ നിയന്ത്രണത്തിലായിരുന്നു. നീതി നിര്‍വഹണത്തില്‍ അവര്‍ ഹാജിയുടെ കല്‍പ്പനകള്‍ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തി. സെപ്റ്റംബര്‍ 20 ന് വെള്ളിനേഴിക്കടുത്തുവെച്ച് അദ്ദേഹം മാപ്പിളനേതാക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. അതിലെടുത്ത തീരുമാനങ്ങള്‍ ഇവയാണ്.
1. പതിനാറു വയസ്സിന് താഴെയുള്ളവരെ സംഘങ്ങളില്‍ നിന്ന് പിരിച്ചുവിടണം. അനാവശ്യമായി വെടിയുണ്ടകള്‍ നശിപ്പിക്കരുത്. ഓരോ സ്ഥലവും സംരക്ഷിക്കാനായി സ്‌കൗട്ടുകള്‍ ഏര്‍പ്പാടു ചെയ്യണം. എല്ലാ പ്രധാന റോഡുകളിലും പാറാവ് നടപ്പാക്കണം.
2. സമരഭടന്മാരുടെ ആവശ്യത്തിനായി ധാന്യം, മറ്റു ഭക്ഷണ സാമഗ്രികള്‍ എന്നിവ സംഭരിക്കണം. ഇതിനായി പണക്കാരായ ജന്മികളെ സമീപിക്കണം.
ഒളിപ്പോര് യുദ്ധം
പൂക്കോട്ടൂര്‍ യുദ്ധത്തില്‍ മാപ്പിളമാര്‍ക്കുള്ള കനത്ത തിരിച്ചടിയില്‍ പാഠം ഉള്‍ക്കൊണ്ട കുഞ്ഞഹമ്മദ് ഹാജി കിഴക്കനേറനാട്ടില്‍ ഒളിപ്പോര് യുദ്ധമുറയിലൂടെ വെള്ളപ്പട്ടാളത്തെ അക്ഷരാര്‍ത്ഥത്തില്‍ കിടിലം കൊള്ളിച്ചു. വെള്ളപ്പട്ടാളക്കാരേയും സാമ്രാജ്യത്വ ദാസ്യപ്പണിക്കാരെയും ജന്മികളേയും ചെറുത്ത് കിഴക്കന്‍ മലനിരകളില്‍ സമരാഗ്നിപടര്‍ത്തി. ബ്രിട്ടീഷ് എസ്റ്റേറ്റുടമകളെ വരുതിയില്‍ നിറുത്തി ഏറനാടന്‍ മലനിരകളില്‍ നാട്ടുകാരെ സംഘടിപ്പിച്ച് കുഞ്ഞഹമ്മദ് ഹാജി നടത്തിയ ഒളിപ്പോര് ചെറുക്കാന്‍ ബ്രിട്ടീഷ് പട്ടാളം ഗൂര്‍ക്കകളെ ഇറക്കി. അവര്‍ തലങ്ങും വിലങ്ങും മാപ്പിളമാരെ കൊന്നൊടുക്കി.
വിപ്ലവത്തിന്റെ രണ്ടാംഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ കൊള്ളയും അടിച്ചമര്‍ത്തലും അക്രമണവും ശക്തമാക്കിയപ്പോള്‍ ഹാജിയുടെ സംഘം വീണ്ടും ഗറില്ലാ യുദ്ധം പരീക്ഷിച്ചു. ഇത് ബ്രിട്ടീഷുകാര്‍ക്ക് വമ്പിച്ച പ്രയാസമുണ്ടാക്കി. ഹാജിയുടെ 400 പേരടങ്ങുന്ന ഒരു സംഘം പാണ്ടിക്കാട്ടെ ഒരു ഗൂര്‍ക്കാ ക്യാമ്പ് ആക്രമിച്ച് ഒരൊറ്റ ദിനം തന്നെ 75 ഗൂര്‍ക്കകളെ കൊന്നൊടുക്കി. ഇതിനു പ്രതികാരമായി ഗൂര്‍ക്കകളും പട്ടാളവും ചേര്‍ന്ന് മാപ്പിളമാരുടെ വീടുകള്‍ കയ്യേറി. നിരപരാധികളായ പുരുഷന്മാരെ ബയനറ്റുകൊണ്ട് കുത്തിക്കൊന്നു. മാപ്പിള സ്ത്രീകളെ അപമാനിച്ച ശേഷം വെട്ടിക്കൊന്നു. ആലിമുസ്‌ലിയാരുടെയും ഹാജിയാരുടെയും നെല്ലിക്കുത്തുള്ള വീടുകള്‍ കൈ ബോംബുകള്‍ വെച്ച് തകര്‍ത്തു. പട്ടിക്കാട്ടെ പട്ടാള ക്യാമ്പ് ആക്രമിക്കാന്‍ ചെമ്പ്രശ്ശേരി തങ്ങളുമായി ആസൂത്രണം ചെയ്തത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. ഈ സംഘട്ടനത്തില്‍ 230 മാപ്പിളമാരും അനേകം പട്ടാളക്കാരും കൊല്ലപ്പെട്ടു. തൂടര്‍ന്ന് കല്ലാമൂലയില്‍ വെച്ച് അടുത്ത ഏറ്റുമുട്ടലില്‍ ഹാജിയുടെ സൈന്യത്തിലെ 35 പേര്‍ കൊല്ലപ്പെട്ടു. ഈ പരാജയത്തിന് ശേഷവും ഹാജിയും കൂട്ടരും പോലീസ് ട്രെയ്‌നിംഗ് ക്യാമ്പ് ആക്രമിച്ച് ഒട്ടേറെ പോലീസുകാരെ വകവരുത്തി. തുടര്‍ന്ന് സര്‍വ്വേ ഓഫീസ്, പോലീസ് സ്‌റ്റേഷന്‍, പോസ്റ്റ് ഓഫീസ് എന്നിവയും പിടിച്ചടക്കി. പട്ടാളം രംഗത്തെത്തിയതോടെ അദ്ദേഹം തന്റെ സ്ഥിരം ആസ്ഥാനമായ കല്ലാമൂലയിലേക്ക് പോയി. ഇതിനിടയില്‍ ചെമ്പ്രശ്ശേരി തങ്ങളും സംഘവും പോലീസിന് കീഴടങ്ങിയ വിവരം അദ്ദേഹം അറിഞ്ഞു.
മഞ്ചേരി പ്രഖ്യാപനം
മഞ്ചേരി ഘോഷയാത്രയില്‍ കയ്യില്‍ വാളുമായി മുമ്പില്‍ നടക്കുന്ന ധീരനായ കുഞ്ഞഹമ്മദ് ഹാജിയെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന ജനങ്ങളുടെ ഹൃദയം ആവേശത്താല്‍ തുടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക് കാന്തശക്തിയുണ്ടായിരുന്നു. അതാണ്, സൂൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ, സോവിയറ്റ് റഷ്യ ആദരവോടെ നോക്കിക്കണ്ട ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെ മൂത്ത പുത്രന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി.
അല്ലാഹു അക്ബര്‍ എന്ന വിളി ആകാശത്തേക്കുയര്‍ന്നു. ഹാജിയുടെ തൊട്ടുപ്പിന്നില്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞുവന്ന നായിക്ക് ഹൈദര്‍ നീളമുള്ള ഒരു കുന്തം പിടിച്ചുനിന്നിരുന്നു. കുഞ്ഞഹമ്മദ് ഹാജി തിരിഞ്ഞ് നിന്ന് കയ്യുയര്‍ത്തി ഏറനാടിന്റെ നാനാഭാഗത്ത് നിന്നും എത്തിച്ചേര്‍ന്ന ഏഴായിരത്തി അഞ്ഞൂറോളം ജനങ്ങളെ അഭിവാദ്യം ചെയ്തു. റോഡരികില്‍ കിടന്ന കൂടില്ലാത്ത ഒരു പോത്തുവണ്ടിയില്‍കയറിനിന്ന് കൊണ്ട് ഇങ്ങിനെ പറഞ്ഞു.
'ഏറനാട്ടുകാരെ അസ്സലാമു അലൈക്കും. നമ്മള്‍ കഷ്ടപ്പെട്ടിരിക്കുന്നു. നമ്മള്‍ അന്യരുടെ ചൊല്‍പടിക്ക് നടക്കേണ്ടവരായിരിക്കുന്നു. ബ്രിട്ടീഷ് ഭരണമാണിതിന് കാരണം. അത് മാറ്റണം. ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു.' വധശിക്ഷ നടപ്പിലാക്കപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടറുടെ തല ചൂണ്ടിക്കൊണ്ട് ഹാജി പറഞ്ഞു. ' ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവര്‍ ഭീഷണി മുഴക്കുകയായിരുന്നു. ജനങ്ങളുടെ സ്വതന്ത്ര്യത്തിനെതിരായി പ്രവര്‍ത്തിക്കുമെന്ന് ശപഥം ചെയ്ത ആളാണിവന്‍. നിങ്ങള്‍ എന്തുപറയുന്നു എന്നെനിക്കറിയണം. ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ നിങ്ങളെന്നെ ഇവിടെയിട്ട് കൊല്ലണം.' (അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍....ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. നിങ്ങള്‍ ചെയ്തത് ശരിയാണ്, ശരിയാണ്.) 'ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറഞ്ഞുപരത്തുന്നവരുണ്ട്. ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേര്‍ന്നാണ് ഇങ്ങിനെ പറഞ്ഞു പരത്തുന്നത്. അവര്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഫലം അവര്‍ക്കും അവരുടെ കുടുംബത്തിനും ലഭിക്കണം' (ചരിത്ര പ്രസിദ്ധമായ മഞ്ചേരി പ്രഖ്യാപനത്തില്‍ നിന്ന്)
കുഞ്ഞഹമ്മദ്ഹാജി ഈ പ്രസംഗത്തില്‍ മാപ്പിള സര്‍ക്കാരിന്റെ മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചതായി പറയുന്നു. ഗവണ്‍മെന്റുദ്യോഗസ്ഥന്മാര്‍ക്ക് യാതൊരു അഭയവും നല്‍കുന്നതല്ലെന്നും മാപ്പിള രാജ്യത്ത് കാണഭൂമി എന്നൊന്നില്ലെന്നും വസ്തു കൈവശമുള്ളവരെല്ലാം ജന്മിമാരാണെന്നും (ഫലത്തില്‍ ജന്മിത്വം അവസാനിപ്പിച്ചു എന്നര്‍ത്ഥം) ഇക്കൊല്ലം ആരും നികുതി അടക്കേണ്ടതില്ലെന്നും വരുംകൊല്ലം നികുതി മുറപോലെ അടക്കേണ്ടി വരുമെന്നും ഹാജി പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് സര്‍ക്കാരില്‍ നികുതി അടച്ചിരുന്ന ജന്മിമാരോട് അവര്‍ അടച്ചിരുന്ന തുക ഖിലാഫത്ത് സര്‍ക്കാരിലേക്ക് അടക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഗവണ്‍മെന്റ് ആഫീസുകളില്‍ നിന്ന് നികുതി റിക്കാര്‍ഡുകളും അദ്ദേഹം കൈവശപ്പെടുത്തിയിരുന്നു.
തടവുകാരായി പിടിച്ചവരെ വിചാരണ ചെയ്യാനായി പട്ടാള നിയമ കോടതികള്‍ ഹാജി സ്ഥാപിച്ചു. ജനങ്ങളുടെ പരാതികള്‍ ഈ കോടതികള്‍ കൈകാര്യം ചെയ്തു. പല ഹിന്ദുക്കളും നീതി ലഭിക്കാനായി ഈ കോടതിയെ സമീപിച്ചിരുന്നു. ഹാജിയുടെ സംഘത്തിലെ മൂന്ന് പേരെ ഈ കോടതി വധശിക്ഷക്ക് വിധിച്ചതായി രേഖകളുണ്ട്. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നതായിരുന്നു കുറ്റം. വയനാട്ടില്‍ നിന്ന് കാപ്പി, കുരുമുളക് എന്നിവ തമിഴ്‌നാട്ടിലേക്ക് അയയ്ക്കണമെങ്കില്‍ ചുങ്കം കൊടുക്കണം എന്ന നിയമവും കൊണ്ടുവന്നു.
മാപ്പിളമാരോടൊപ്പം ഹിന്ദുക്കളും സമരത്തില്‍ പങ്കെടുത്തു. കരുവാന്‍മാരോട് വാളുകള്‍, കുന്തങ്ങള്‍ എന്നിവയുണ്ടാക്കാന്‍ ഉത്തരവിട്ടു. സമരഭടന്മാരുടെ രജിസ്റ്ററുകള്‍ ഉണ്ടാക്കി. അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പറ്റി റിക്കാര്‍ഡുകള്‍ സൂക്ഷിക്കുകയും ചെയ്തു. ആയുധങ്ങള്‍ നല്‍കുമ്പോഴും തിരിച്ചു വാങ്ങുമ്പോഴും രസീത് കൊടുക്കുന്ന സമ്പ്രദായം നടപ്പിലാക്കി. ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് പകര്‍ത്തിയ സിഗ്നല്‍ സിസ്റ്റം ഉപയോഗിച്ച് പട്ടാളക്കാരെ സൂക്ഷ്മ നിരീക്ഷണം ചെയ്തു. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞ മാപ്പിളമാരെ ഇതിനായി ഉപയോഗപ്പെടുത്തി. ബ്രിട്ടീഷുകാരുടെ അധികാര ചിഹ്നങ്ങള്‍ തന്നെയാണ് ഹാജിയും ഉപയോഗപ്പെടുത്തിയത്. കലക്ടര്‍, ഗവര്‍ണര്‍, വൈസ്രോയി, രാജാവ് എന്നിങ്ങനെയായിരുന്നു സ്ഥാനപ്പേരുകള്‍, വാര്‍ത്താവിനിമയരീതിയും കാലാള്‍പടയുടെ പ്രവര്‍ത്തന രീതിയും അവരില്‍ നിന്ന് മനസ്സിലാക്കിയതാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മഞ്ചേരി പ്രഖ്യാപനം നടക്കുമ്പോള്‍ 1921 ലെ സംഭവങ്ങളിലെ സുപ്രധാനമായ രണ്ട് കാര്യങ്ങള്‍ കൂടി നടക്കുകയായിരുന്നു. തിരൂരങ്ങാടിയിലേക്ക് ഷൊര്‍ണ്ണൂര്‍ കുറ്റിപ്പുറം ഭാഗത്ത് നിന്നും പരപ്പനങ്ങാടിയില്‍ നിന്നും മലപ്പുറത്ത് നിന്നും പടിഞ്ഞാറോട്ടു പട്ടാളനീക്കത്തിന് തയ്യാറെടുപ്പ് നടക്കുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജ്യം ശത്രുക്കള്‍ക്കെതിരെ നടത്തിയ സാമാന്യം വലിയ നീക്കമായിരുന്നു തിരൂരങ്ങാടിയിലേത്.
ഹാജി പിടിക്കപ്പെടുന്നു
വിപ്ലവത്തിന്റെ തുടക്കത്തില്‍ അനുഭാവിയും സഹായിയുമായിരുന്ന കരുവാരകുണ്ടിലെ മുന്‍ അധികാരി അച്ചുതൊടിക മൊയ്തീന്‍ ഹാജിയെ ഉപയോഗിച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അറസ്റ്റ് ചെയ്യാനുള്ള സാമ്രാജ്യത്വ തന്ത്രം പാളിപ്പോയി. ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയവരെ പിടിക്കാന്‍ ഇടനിലക്കാരെ ഉപയോഗിച്ച് വിജയിച്ച ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യര്‍-ആമു ടീമിന് ഹാജിയോട് ഇവിടെയും തോല്‍ക്കേണ്ടിവന്നു. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കല്ലാമൂലയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അനുയായികളും സുരക്ഷിതമായി തുടര്‍ന്നു.
കുഞ്ഞഹമ്മദ് ഹാജിയെ കല്ലാമൂലയില്‍ തളച്ചിട്ട് ഗൂര്‍ക്കാസും കച്ചിന്‍സും എം.എസ്.പിയും ചേര്‍ന്ന് വളഞ്ഞു പിടുത്തത്തിന് തയ്യാറായി നില്‍ക്കുമ്പോഴും ഹാജിയും കൂട്ടരും അവരുടെ കണ്ണുവെട്ടിച്ച് ആവശ്യമുള്ളിടത്തൊക്കെ പോയിക്കൊണ്ടിരുന്നു. ചെമ്പ്രശ്ശേരിയിലെ മമ്പാടന്‍ കുഞ്ഞഹമ്മദിന്റെ വീട്ടില്‍ പട്ടാളം ഉപരോധിച്ച ഘട്ടങ്ങളില്‍ ഹാജിയും അനുയായികളും പോയിരുന്നു. 1919 ല്‍ നെന്‍മിനിയില്‍ പട്ടാളവുമായി ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച പാറപ്പുറത്ത് വലിയ ചേക്കു ഹാജിയുടെ മകള്‍ പാത്തുമ്മക്കുട്ടി നെന്മിനിയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന വീട് കാണാന്‍ ഡിസംബര്‍ 28 ന് ഹാജിയും 80 അനുയായികളും ചെല്ലുകയും വിവരം കിട്ടിയ പട്ടാളം അവിടെ എത്തിയ ഉടന്‍ ഹാജിയും കൂട്ടരും രഹസ്യ വഴിക്ക് സ്ഥലം വിടുകയും ചെയ്തു.
ചെറുത്തുനില്‍പ്പ് അസാധ്യമാണെന്നറിഞ്ഞതുകൊണ്ട് അവസാനം വരെ പൊതുതി മരിക്കണമെന്നായിരുന്നു ഹാജിയുടെ മോഹം. പക്ഷേ പട്ടാളം അദ്ദേഹത്തെ ചതിയില്‍ കീഴ്‌പെടുത്തുകയായിരുന്നു. ആയുധം വെച്ചു കീഴടങ്ങിയാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന് ദൂതന്മാര്‍ മുഖേന അധികാരികള്‍ അദ്ദേഹത്തെ അറിയിക്കാന്‍ തീരുമാനിച്ചു. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇന്‍സ്പക്ടര്‍ രാമനാഥ അയ്യരും, സുബേദാര്‍ കൃഷ്ണപണിക്കരും കോണ്‍സ്റ്റബിള്‍ ഗോപാലമേനോനും അദ്ദേഹത്തിന് സുരക്ഷിതത്വം വാഗ്ദാനം ചെയ്തിരുന്നു. മക്കയിലേക്ക് നാടുകടത്താനാണ് തീരുമാനമെന്നും മറ്റൊരു ശിക്ഷയും നല്‍കുകയില്ലെന്നും അറിയിച്ചു.(കേരള മുസ്‌ലിംകള്‍: അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം.)
ഹാജിയെ ജീവനോടെ പിടിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ മുപ്പതിന് മാര്‍ഷല്‍ ലോ കമാണ്ടന്റ് കേണല്‍ ഹംഫ്രിയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള വിഭാഗം കമാണ്ടര്‍മാരുടെയും ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ഒരു യോഗം മലപ്പുറത്ത് ചേര്‍ന്ന് ഓരോ പട്ടാള വിഭാഗത്തില്‍ നിന്നും എം.എസ്.പി ലോക്കല്‍ രൂപീകരിച്ചു. ബേറ്ററി എന്നായിരുന്നു ഈ സെല്ലിന്റെ പേര്. കുഞ്ഞഹമ്മദാജിയുമായി നേരിട്ട് സംസാരിക്കാനൊരാളെ തേടി നടന്ന രാമനാഥയ്യരോട് മലബാറിലെ പുരാതന മാപ്പിള വിപ്ലവ കുടുംബാംഗവും ഹാജിയുടെ സുഹൃത്തുമായിരുന്ന എടപ്പറ്റയിലെ പൊറ്റയില്‍ ഉണ്യാലി മുസ്‌ലിയാരെ ആരോ പറഞ്ഞു കൊടുത്തു. കുഞ്ഞഹമ്മദ് ഹാജി കീഴടങ്ങിയാല്‍ അദ്ദേഹത്തിന് മാപ്പ് നല്‍കി മക്കത്തേക്കയക്കാന്‍ കലക്ടര്‍ വേണ്ട ഏര്‍പ്പാട് ചെയ്ത് കൊടുക്കുമെന്നും കുഞ്ഞഹമ്മദ് ഹാജിയെ കണ്ട് പറയാന്‍ രാമനാഥയ്യര്‍ ഉണ്യാലി മുസ്‌ലിയാരോട് പറയുകയും പിറ്റേന്ന് തന്നെ അദ്ദേഹം കല്ലാമൂലക്ക് പോവുകയും ചെയ്തു.
ഉണ്യാലി മുസ്‌ലിയാര്‍ അവിടെ ഹാജിയുമായി സന്ധിച്ചു. അവര്‍ രാത്രി മുഴുവന്‍ സംസാരിച്ചു. ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് മാപ്പ് കൊടുത്ത് മക്കത്തേക്കയച്ചതായി രാമനാഥയ്യര്‍ പറഞ്ഞ വിവരം മുസ്‌ലിയാര്‍ കുഞ്ഞഹമ്മദ് ഹാജിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചു. ഉണ്യാലി മുസ്‌ലിയാര്‍ ഹാജിയുടെ ചിരി കണ്ട് അമ്പരന്നു. വളരെക്കാലത്തിന് ശേഷം ഉണ്യാലി മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് ക്യാമ്പില്‍ അന്നത്തെ ഇശാ നമസ്‌കാരം നടന്നത്.
രാവിലെ സുബ്ഹി നമസ്‌കാരത്തിനും മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. അതിന് ശേഷം വീണ്ടുമവര്‍ പല വിഷയങ്ങളും സംസാരിച്ചു. പോരുമ്പോള്‍ ക്യാമ്പില്‍ നിന്നൊരാളെ അയച്ച് കൊടുക്കാന്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. അയാളെ പോലീസ് അറസ്റ്റ് ചെയ്യാതെ ഇങ്ങോട്ട് തിരിച്ചയക്കുന്ന കാര്യം മുസ്‌ലിയാര്‍ ഏറ്റു. കുഞ്ഞഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരനായ മാപ്പിള ഭടനെ മുസ്‌ലിയാരോടൊപ്പം ഹാജി അയച്ച് കൊടുത്തു. അന്ന് രാത്രി മുഴുവന്‍ കാളികാവ് സ്റ്റേഷനില്‍ കുഞ്ഞഹമ്മദ് കുട്ടിയെ ചോദ്യം ചെയ്ത് വീട്ടിക്കുന്ന് ക്യാമ്പിന്റെ ഏകദേശ രൂപം രാമനാഥയ്യരും മറ്റ് ഇന്റലിജന്‍സുകളും മനസ്സിലാക്കി. ഏത് ഭാഗത്ത് നിന്നും ആളുകള്‍ കയറുന്നത് കാണാന്‍ പറ്റുന്ന പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന കുന്നുകളിലൊന്നാണ് വീട്ടിക്കുന്ന്.
ജനുവരി അഞ്ചിന് ഉണ്യാലി മുസ്‌ലിയാരെ വീണ്ടും വീട്ടിക്കുന്നിലേക്കയച്ചു. അദ്ദേഹത്തോടൊപ്പം ഹാജിയുമായി നേരിട്ട് സംസാരിക്കാനെന്ന വണ്ണം ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യരും തിരിച്ചു. മലപ്പുറം സ്‌പെഷല്‍ ഫോഴ്‌സിലെ 10 ഭടന്മാര്‍ സുബേദാര്‍ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ മാപ്പിള കര്‍ഷകരുടെ വേഷത്തില്‍ ഇവരെ പിന്തുടര്‍ന്ന് വീട്ടിക്കുന്നിലേക്ക് നീങ്ങി. ഉണ്യാലി മുസ്‌ലിയാരോടൊപ്പം കുഞ്ഞഹമ്മദ് കുട്ടി കര്‍ഷക വേഷക്കാരോടൊപ്പമായിരുന്നു. ഉച്ചയോടെ ഉണ്യാലി മുസ്‌ലിയാര്‍ ക്യാമ്പിലെത്തി. പുറത്ത് കാത്തുനിന്ന ഇന്‍സ്‌പെക്ടറെ ഹാജി സ്വാഗതം ചെയ്യുകയും കവാടത്തിലെ കാവല്‍ പരിശോധനക്ക് ശേഷം കടത്തിവിടുകയും ചെയ്തു. ക്യാമ്പില്‍ ഹാജിയും അയ്യരും മുസ്‌ലിയാരും സംസാരിച്ച് കൊണ്ടിരിക്കെ പിന്‍ഭാഗത്ത് കൂടെ കയറിയ കര്‍ഷക വേഷക്കാര്‍ ക്യാമ്പിന് ചുറ്റും നിലയുറപ്പിച്ചു. ഇവര്‍ കുഞ്ഞഹമ്മദ് കുട്ടിയെ പിന്നില്‍ മാര്‍ച്ച് ചെയ്ത് ബാറ്ററിയെ ഏല്‍പ്പിച്ചിരുന്നു. ബേറ്ററി ഭടന്മാര്‍ ക്യാമ്പിന്റെ കാട് നിറഞ്ഞ ഭാഗങ്ങളില്‍ സന്നദ്ധരായി നിന്നു.
ദുരെ നിന്ന് അസര്‍ ബാങ്ക് വിളിക്കുന്നത് കേട്ടപ്പോള്‍ മുസ്‌ലിയാരും ഹാജിയും രാമനാഥയ്യരോട് സ്വല്‍പ്പനേരം ഇരിക്കാന്‍ പറഞ്ഞ് നമസ്‌കാരത്തിലേക്കുള്ള ചിട്ടവട്ടങ്ങള്‍ തുടങ്ങി. ക്യാമ്പങ്ങളെല്ലാം വുദു (അംഗ ശുദ്ധി) എടുക്കുന്ന തിരക്കിലായി. മണ്‍കൂജയില്‍ വെള്ളമെടുത്ത് ക്യാമ്പിലൊരു ഭാഗത്ത് വുദു എടുക്കാനായി തുടങ്ങിയ കുഞ്ഞഹമ്മദ് ഹാജി തന്റെ റിവോള്‍വറെടുത്ത് ഒരു പാറപ്പുറത്ത് വെച്ചു. പുറത്ത് നിന്ന് പൊന്തക്കുള്ളിലൂടെ കുഞ്ഞഹമ്മദ് ഹാജിയെ നിരീക്ഷിച്ച് നിന്ന കൃഷ്ണപ്പണിക്കര്‍ പെട്ടെന്ന് പൊന്തക്കിടയിലൂടെ ചാടി ഹാജിയെ പിടിച്ചു. ഗോപാലമേനോനും സഹായിച്ചു. രാമനാഥയ്യര്‍ വിസിലടിച്ചു. അതിനിടക്ക് തന്നെ കര്‍ഷക വേഷക്കാര്‍ ക്യാമ്പിനകത്തെത്തിയിരുന്നു.
ബാറ്ററി ഭാടന്മാര്‍ നാല് ഭാഗത്ത് കൂടെയും ക്യാമ്പിലേക്ക് പാഞ്ഞ് കയറി. വുദു എടുക്കുന്ന തിരക്കിലായ മാപ്പിള ഭാടന്മാര്‍ തയ്യാറാകും മുമ്പ് തന്നെ കര്‍ഷക വേഷക്കാര്‍ ക്യാമ്പിലെ തോക്കുകളെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ചുകൊണ്ടിരുന്നു. കൃഷ്ണപ്പണിക്കരും ഗോപാലമേനോനും ചേര്‍ന്ന് കുഞ്ഞഹമ്മദ് ഹാജിയെ ബന്ധിക്കുകയും അദ്ദേഹത്തിന്റെ കയ്യിലെ മോതിരം ഊരി മാറ്റുകയും ചെയ്തു. അരമണിക്കൂര്‍ നീണ്ടുനിന്ന ദ്വന്ദ യുദ്ധത്തില്‍ രണ്ട് എം.എസ്.പിക്കാരും നാല് മാപ്പിള ഭടന്മാരും കുത്തേറ്റ് മരിച്ചു. ബാറ്ററിയെ ഏല്‍പ്പിച്ചിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെ കുഴപ്പം തുടങ്ങുമ്പോള്‍ തന്നെ അവര്‍ വെടിവെച്ച് കൊന്നിരുന്നു.
1757 ല്‍ ബംഗാളില്‍ സിറാജുദ്ദീന്‍ ദൗലയോട് തുടങ്ങിവെച്ച വഞ്ചനാ നാടകം വീട്ടിക്കുന്ന് ക്യാമ്പില്‍ അവസാനിക്കുകയായിരുന്നോ?
കുഞ്ഞഹമ്മദ് ഹാജിയേയും സംഘത്തേയും അഞ്ചിനു രാത്രി കാളികാവില്‍ താമസിപ്പിച്ചു. കുഞ്ഞഹമ്മദ് ഹാജിയെ അറസ്റ്റ് ചെയ്ത വിവരം പ്രധാന നഗരങ്ങളിലും വില്ലേജുകളിലും ചെണ്ടകൊട്ടി അറിയിച്ചു. പിറ്റേന്ന് 10 മണിയോടെ പട്ടാളക്കാരുടെയും പോലീസിന്റെയും പരിഹാസ്യമായ പേക്കൂത്തുകളോടെ വണ്ടൂര്‍ വള്ളുവങ്ങാട് വഴി മഞ്ചേരിക്കും അവിടെ നിന്ന് മലപ്പുറത്തേക്കും കൊണ്ടുവന്നു. പട്ടാളക്കാരും എം.എസ്.പിക്കാരും ഹാജിയുടെ മീശ പറിച്ചും അടിച്ചും ചവിട്ടിയും മറ്റും വിജയഭേരി ഉയര്‍ത്തി. ഇത് കണ്ട് നാനാ ജാതി സ്ത്രീകള്‍ മാറത്തടിച്ച് നിലവിളിച്ചു.
ഉച്ചകഴിഞ്ഞ് 3.20 ന് മലപ്പുറത്ത് ഹെയിഗ് ബാരക്‌സിനോടനുബന്ധിച്ചുണ്ടായിരുന്ന മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ഓഫീസില്‍ കുഞ്ഞഹമ്മദ് ഹാജിയെയും കാത്തിരുന്ന അന്നത്തെ കലക്ടര്‍ ആര്‍. ഗേലി. ഡി.എസ്.പി. ഹിച്ച്‌ക്കോക്ക്, പട്ടാള ഭരണത്തലവന്‍ ഹെല്‍ബര്‍ട്ട് ഹംഫ്രി, ഡി.വൈ.എസ്.പി ആമു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നാരായണ മേനോന്‍ എന്നിവരുടെ മുമ്പിലേക്ക് കുഞ്ഞഹമ്മദ് ഹാജിയെ സുബേദാര്‍ കൃഷ്ണപ്പണിക്കര്‍ തള്ളുകയായിരുന്നു. ചെരിഞ്ഞുകൈകുത്തി വീണ ഹാജി പെട്ടെന്നെഴുന്നേറ്റ് സദസ്സിനെ വീക്ഷിച്ചു.
ഹിച്ച്‌കോക്ക് അര്‍ത്ഥഗര്‍ഭമായ കള്ളച്ചിരിയോടെ ചോദിച്ചു. എങ്ങിനെയുണ്ട് ഹാജിയാരെ!! ചോദ്യം മലയാളത്തില്‍ തന്നെയായിരുന്നു. ഹാജി ചെറുതായൊന്ന് പൊട്ടിച്ചിരിച്ചു. എന്നിട്ടൊരു മറുചോദ്യം അത് പറയേണ്ടത് നിങ്ങളല്ലേ. ആറ് മാസത്തെ എന്റെ ഭരണം നിങ്ങള്‍ ശല്യപ്പെടുത്തിയിരുന്നില്ലെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു ഇല്ലേ? പൊതുവെ ശാന്തപ്രകൃതനായ ഹിച്ച്‌കോക്കിന്റെ മുഖം പെട്ടെന്ന് ചുവന്നുതുടുത്തു. ഹൗ, എന്തൊരു ധിക്കാരം!! ഹിച്ച് കോക്ക് പിറുപിറുത്തു. ഹാജി തുടര്‍ന്നു. ' വഞ്ചനയിലും കാപട്യത്തിലും നിങ്ങളുടെ മിടുക്ക് സമ്മതിച്ചിരിക്കുന്നു. ഇന്‍സ്‌പെക്ടര്‍ രാമനാഥയ്യര്‍ വശം കൊടുത്തയച്ച മാപ്പുതന്ന് മക്കയിലേക്കയക്കാമെന്ന് വാഗ്ദാനം ചെയ്ത് താങ്കളെഴുതിയ കത്ത് എന്നെ അത്ഭുതപ്പെടുത്തി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര് താങ്കളുച്ചരിച്ചതിലെ സ്വാര്‍ത്ഥത.
നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഒരുപാട് തവണ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത എന്നെയും കുടുംബത്തെയും ചരിത്രപരമായിത്തന്നെ പഠിച്ചറിഞ്ഞ ബ്രിട്ടീഷുകാരനെന്ന നിലക്ക് താങ്കള്‍ എന്നെ പ്രലോഭിപ്പിക്കാന്‍ വേണ്ടി മക്കയുടെ പേരുപയോഗിച്ചത് വളരെ തരംതാണതായിപ്പോയി. ഞാന്‍ മക്കയെ ഇഷ്ടപ്പെടുന്നു. എന്നുകരുതി മക്കയിലല്ല ഞാന്‍ പിറന്നത്. ഇവിടെ വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഈ ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇതാണെന്റെ നാട്. ഈ ദേശത്തേയാണ് ഞാന്‍ സ്‌നേഹിക്കുന്നത്. ഇവിടെത്തന്നെ മരിക്കുകയും ഈ മണ്ണില്‍ ലയിച്ച് ചേരണമെന്ന് അഭിലഷിക്കുകയും ചെയ്യുന്നവനാണ് ഞാന്‍. നിങ്ങളുടെ അടിമത്തത്തില്‍ നിന്ന് ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ച് വീഴാന്‍ എനിക്കിപ്പോള്‍ സന്തോഷമുണ്ട്. ഞാന്‍ പോരാടിയതും നേടിയതും സ്വതന്ത്രഭരണമാണ്, സ്വാതന്ത്ര്യമാണ്. ജില്ലാ ഉദ്യോഗസ്ഥന്മാര്‍ കൊല്ലപ്പെടുകയും കലക്ടറും ബ്രിട്ടീഷ് പട്ടാളവും തോറ്റോടുകയും ജനങ്ങള്‍ സ്വയം ഭരണ സമരത്തില്‍ ആവേശഭരിതരാവുകയും ചെയ്തപ്പോള്‍ ഞാന്‍ നേതൃത്വം ഏറ്റെടുത്തുവെന്നത് ശരിയാണ്.
1922 ജനുവരി 20 ന് കുഞ്ഞഹമ്മദ് ഹാജിയുടെ കേസ്സ് വിസ്തരിച്ച ജഡ്ജി ബ്രിട്ടീഷ് പട്ടാള കമാണ്ടര്‍ കേണല്‍ ഹംഫ്രിയായിരുന്നു. കുഞ്ഞഹമ്മദ് ഹാജി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത് ഇംഗ്ലീഷിലായിരുന്നു. വിസ്താര ശേഷം അവസാനമായി വല്ലതും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. തികച്ചും സമാധാനത്തോടെ ഹാജി ചോദിച്ചു. എനിക്കുള്ള ശിക്ഷ എന്തെന്ന് പറഞ്ഞില്ല. തൂക്കിക്കൊല്ലുകയാണോ വെടിവെച്ച് കൊല്ലുകയാണോ. എന്തായാലും എനിക്ക് സന്തോഷമാണ്. കാരണം സ്വതന്ത്ര മണ്ണിലാണ് ഞാന്‍ മരിച്ചുവീഴുന്നത്. ഞാന്‍ പൊരുതിനേടിയെടുത്തത് സ്വാതന്ത്ര്യമാണ്. കൊല്ലുന്നതിന് മുമ്പായി എനിക്ക് രണ്ടു റക്കഅത്ത് നമസ്‌കരിക്കാന്‍ അനുവാദം തരണം. ഈ രാജ്യത്തിന്റെ മോചനത്തിന് വേണ്ടി പൊരുതാനും ജീവന്‍ ത്യജിക്കാനും ഈ എളിയവന് അവസരം തന്ന അല്ലാഹുവിനോട് നന്ദി പറയണം. ഈ ഒരൊറ്റ ആഗ്രഹം മാത്രമേ എനിക്കുള്ളൂ. ഇത് ഹിച്ച് കോക്ക് എതിര്‍ത്തു. എന്നാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന ബ്രിട്ടീഷ് നിയമമനുസരിച്ച് മഹാനായ ചക്കിപ്പറമ്പന്‍ കുഞ്ഞഹമ്മമദ് ഹാജിയുടെ ആഗ്രഹം കേണല്‍ ഹംഫ്രി സാധിച്ചുകൊടുത്തതായി ബ്രിട്ടീഷ് രേഖകളില്‍ കാണാം.
അടുത്ത ദിവസം ജനുവരി 22 ന് രാവിലെ കോട്ടക്കുന്നിലെ വടക്കെ ചെരിവില്‍ മലപ്പുറം മഞ്ചേരി റോഡിനോട് ചേര്‍ന്ന് ഇന്നത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ഓഡിറ്റോറിയത്തിനടുത്തായിരുന്നു വധശിക്ഷക്ക് തെരഞ്ഞെടുത്ത സ്ഥലം. വെടിവെക്കുന്നതിന് മുമ്പ് അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന ചോദ്യത്തിന്, ആ ധീരദേശാഭിമാനിയുടെ മറുപടി ഇതായിരുന്നു. ഞങ്ങള്‍ മരണവും അന്തസ്സോടെ വേണമാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ കണ്ണ് കെട്ടി പുറകില്‍ നിന്ന് വെടിവെച്ച് കൊല്ലുകയാണ് പതിവെന്ന് കേട്ടു. ഈയുള്ളവനെ കണ്ണ് കെട്ടാതെ മുമ്പില്‍ നിന്ന് നെഞ്ചിലേക്ക് വെടിവെക്കാനുള്ള സന്മനസ്സ് കാണിക്കണം. എനിക്ക് ഈ മണ്ണ് കണ്ടുകൊണ്ട് മരിക്കണമെന്ന് മാത്രമാണ് പറയാനുള്ളത്. കമാണ്ടര്‍ കേണല്‍ ഹംഫ്രി അത് സ്വീകരിക്കുകയും രാവിലെ 10 മണിക്ക് കോട്ടക്കുന്നിലെ വടക്കെ ചെരിവില്‍ വെച്ച് ആ മഹാ ഇതിഹാസത്തെ വെടിവെച്ച് കൊല്ലുകയും ചെയ്തു.
അല്ലാഹു അക്ബര്‍............തക്ബീര്‍ ധ്വനിയോടെ വെടിയുണ്ടക്ക് വിരിമാറ് കാട്ടിയ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വം ഇന്നാട്ടിലെ മുഴുവന്‍ ദേശാഭിമാനികളെയും ആവേശഭരിതരാക്കിയെന്നതിന് യാതൊരു സംശയവുമില്ല.
മൃതദേഹത്തോടൊപ്പം വിപ്ലവ ഗവണ്‍മെന്റിന്റെ റിക്കാര്‍ഡുകള്‍ നിറച്ച മരപ്പെട്ടിയും രേഖകളും മലപ്പുറം അംശം അധികാരി കളപ്പാടന്‍ ആലിയുടെ മേല്‍നോട്ടത്തില്‍ പെട്രോളൊഴിച്ച് തീവെച്ചു നശിപ്പിച്ചു. മൂന്ന് മണിക്കൂര്‍ നേരത്തെ ആളിക്കത്തലിന് ശേഷം അവശേഷിച്ച എല്ലുകള്‍ പെറുക്കിയെടുത്ത് ബാഗിലാക്കി പട്ടാളബാരക്കിലേക്കു പോയി. പിന്നയവിടെ ആഘോഷമായിരുന്നു. മദ്യവും നൃത്തവും ആറാടി. സംഘത്തിലെ എല്ലാവര്‍ക്കും 150 രൂപ പാരിതോഷികം ലഭിച്ചു.
1921 ആഗസ്റ്റ് മുതല്‍ 1922 മാര്‍ച്ചുവരെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലായി ഇരുന്നൂറോളം വില്ലേജുകളില്‍ നിലനിന്നിരുന്ന ഒരു വിപ്ലവസര്‍ക്കാരിന്റെ എല്ലാ രേഖകളും ബ്രിട്ടീഷുകാര്‍ തീയ്യിട്ട് ചുട്ടും മണ്ണില്‍ കുഴിച്ചിട്ടും നശിപ്പിച്ചു. അങ്ങിനെ ഒന്ന് നിലനിന്നിരുന്നതായി പില്‍ക്കാലത്തെ ജനത അറിയാതിരിക്കുകയും മാപ്പിളമാര്‍ ബുദ്ധിശൂന്യരും ക്രിമിനലുകളുമായിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്നതുമായിരുന്നു അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. വിപ്ലവഗവണ്‍മെന്റിന്റെ സീലുകള്‍, ഇഷ്യൂ ചെയ്യാന്‍ തയ്യാറാക്കിയ പാസ്‌പോര്‍ട്ടുകള്‍, ഉത്തരവുകള്‍, വൈസ്രോയ്, മദ്രാസ് ഗവര്‍ണ്ണര്‍, ഗാന്ധിജി, ഷൗക്കത്തലി എന്നിവര്‍ക്കയച്ച കത്തിന്റെ കോപ്പികള്‍, വിപ്ലവ ഗവണ്‍മെന്റിന്റെ തലവനെന്ന നിലക്ക് കുഞ്ഞഹമ്മദ് ഹാജി ഇംഗ്ലീഷ് - മലയാളം പത്രങ്ങള്‍ക്ക് തയ്യാറാക്കി അയച്ച പ്രസ്താവനകളുടെ കോപ്പികള്‍, റൈഫിളുകളടക്കം 12 തോക്കുകള്‍, ബൈനോക്കുലറുകള്‍ എന്നിവയെല്ലാം കോടതിയില്‍ ഹാജരാക്കിയിരുന്നു. കുഞ്ഞഹമ്മദ് ഹാജിയെ വീട്ടിക്കുന്ന് ക്യാമ്പില്‍ വെച്ച് കീഴടക്കിയ ബേറ്ററി എന്ന പേരിലറിയപ്പെടുന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് തലവന്‍ മഞ്ചേരിക്കാരന്‍ കൃഷ്ണപ്പണിക്കര്‍ പട്ടാള കോടതിയാക്കി മാറ്റിയത് സബ് ഡിവിഷന്‍ മജിസ്‌ടേറ്റ് കോടതിയായിരുന്നു.
കുഞ്ഞഹമ്മദ് ഹാജിയെ സന്ധി സംഭാഷണത്തിനെന്ന വ്യാജേന ബന്ധനസ്ഥനാക്കി 1922 ജനുവരി 21-ാം തിയ്യതി മലപ്പുറത്ത് വെച്ച് വെടിവെച്ചുകൊല്ലുകയാണുണ്ടായത്. തക്ബീര്‍ വിളിയോടെ വെടിയുണ്ടക്ക് വിരിമാറുകാട്ടിയ കുഞ്ഞഹമ്മദ്ഹാജിയുടെ രക്ത സാക്ഷിത്വം മലബാര്‍ മാപ്പിളമാരെ ഞെട്ടിച്ചു. നാഥനില്ലാത്ത അവസ്ഥയിലേക്ക് മാപ്പിളമാര്‍ നീങ്ങി. കുഞ്ഞഹമ്മദ് ഹാജിയുടെ മരണം ദേശീയ പ്രസ്ഥാനത്തിന് തീരാ നഷ്ടമായിരുന്നു.(കേരള മുസ്‌ലിം ചരിത്രം, പി.എ സെയ്തു മുഹമ്മദ്)
1700 കളുടെ അവസാന പകുതിയില്‍ ഹൈദരലി, ടിപ്പു സുല്‍ത്താന്‍ എന്നീ ധീര ദേശാഭിമാനികളായ ഇന്ത്യന്‍ ഭരണാധികാരികളോട് കാണിച്ച ക്രൂരതകള്‍ 1921 ലും ആവര്‍ത്തിച്ചു. ടിപ്പുവിനെതിരെ തെറ്റിദ്ധാരണകള്‍ പരത്തിയാണ് നാടുവാഴി - ജന്മി കൂട്ടായ്മ ലഹളക്കെതിരെ നിന്ന് ബ്രിട്ടീഷിനെ സഹായിച്ചത്. ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ത്ത് വൈദേശിക ഭരണം സ്ഥാപിക്കുന്നതിലാണ് ഈ സഹായം അവസാനിപ്പിച്ചത്. ഒന്നര നൂറ്റാണ്ടിന് ശേഷം ഇന്ത്യന്‍ ജനത മഹാത്മജിയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വത്തിനെതിരെ സ്വാതന്ത്ര്യത്തിന്റെ കാഹളമുയര്‍ത്തിയപ്പോള്‍ തങ്ങളുടെ പഴയ ആയുധം പൊടി തുടച്ച് കയ്യിലെടുക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തത്.