വരക്കല്‍ മുല്ലക്കോയ തങ്ങള്‍

ഹബീബുറഹ്മാന്‍ ഇ എം   (കെ.കെ.എച്ച്.എം. ഇസ്‌ലാം ആര്‍ട്‌സ് കേളെജ്, മര്‍കസ് വളാഞ്ചേരി)

മനിലെ ഹളര്‍മൗതില്‍ നിന്ന് ഇസ്‌ലാമിക പ്രചരണത്തിനായി വന്ന പണ്ഡിതനും സ്വൂഫിവര്യനുമായ സയ്യിദ് ഹാമിദ് അലിക്ക് ശേഷം മൂന്നാം തലമുറയിലെ സയ്യിദ് മുഹമ്മദ് ബാ അലവിയുടെയും മരക്കാരകത്ത് ശരീഫ ചെറിയ ബീവിയുടെയും പുത്രനായി സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ അലവി മുല്ലക്കോയ തങ്ങള്‍ 1840 ല്‍ പുതിയങ്ങാടി വലിയ മാളിയക്കല്‍ ജനിച്ചു. സയ്യിദ് മുഹമ്മദ് കുഞ്ഞി സീതിക്കോയ ബാ അലവി, ശരീഫ മുല്ലബീവി എന്നിവര്‍ സഹോദരങ്ങളാണ്. 1858ല്‍ വിവാഹിതരായി. ആദ്യഭാര്യ കോയമ്മ ബീവി. രണ്ടാം ഭാര്യ ഫാതിമ ബീവി. രണ്ടു ഭാര്യമാരിലും സന്താനങ്ങളുണ്ടായിരുന്നില്ല. പ്രസിദ്ധനായ മുസ്‌ലിം സാമൂഹ്യ പരിഷ്‌കര്‍ത്താവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, വരക്കല്‍ തങ്ങളുടെ സഹോദരീ പുത്രനായിരുന്നു.

കോഴിക്കോട് പുതിയങ്ങാടിയിലെ മുല്ലക്കോയ തങ്ങളുടെ വീട്ടിലേക്ക് കേരളത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ എത്തിച്ചേര്‍ന്നത് ട്രെയിന്‍ മാര്‍ഗമായിരുന്നു. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന്റെ പഴയ പേര് വരക്കല്‍ എന്നായിരുന്നു. വരക്കല്‍ സ്റ്റേഷനില്‍ ഇറങ്ങിക്കൊണ്ടായിരുന്നു പുതിയങ്ങാടിയിലെത്തിയിരുന്നത്. അതുകാരണം ദൂരെനിന്ന് വരുന്നവര്‍ വരക്കല്‍ തങ്ങള്‍ എന്നു പറയാന്‍ തുടങ്ങി. ഹിജ്‌റ വര്‍ഷം 1352 (എ.ഡി.1932) ശഅബാന്‍ 17 ന് തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ പുതിയങ്ങാടിയില്‍ വെച്ച് ആ മഹാനുഭാവന്‍ ഇഹലോകവാസം വെടിഞ്ഞു.

പഠനം, പ്രവര്‍ത്തനമണ്ഡലം
നിരവധി അമൂല്യ ഗ്രന്ഥങ്ങളാല്‍ പ്രൗഢമായ പുതയങ്ങാടിയിലെ തന്റെ വീടും പള്ളിയും വിട്ട് പ്രാഥമിക പഠനത്തിന് വേറെ ഇടം തേടേണ്ടി വന്ന ജനങ്ങള്‍ക്ക് പ്രമുഖ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ കിന്‍സിങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞിഖാസി, സയ്യിദ് അലി അത്താസ്, (മദീന) അബുദുല്ലാഹില്‍ മഗ്‌രിബി (യെമന്‍) തുടങ്ങിയവര്‍ തങ്ങളുടെ ഗുരുക്കന്മാരില്‍ പ്രമുഖരായിരുന്നു.
ഭാഷാപഠനത്തിന് തങ്ങള്‍ക്കുള്ള കഴിവ് അപാരമാണ്. അറബി ഗുരുക്കന്‍മാര്‍ ഉണ്ടായതിനാല്‍ തന്നെ അവരില്‍ നിന്ന് അറബി ഭാഷാ സ്വായത്തമാക്കി. അറബിയില്‍ അനായാസം സംസാരിക്കാനും രചനകള്‍ നിര്‍വഹിക്കനുമുള്ള കഴിവ് അദ്ദേഹം നേടിയെടുത്തു.  ഉര്‍ദു, പേര്‍ഷ്യന്‍, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രയാസം കൂടാതെ എഴുതാനും സംസാരിക്കാനുമുള്ള കഴിവ് തങ്ങള്‍ക്കുണ്ടായിരുന്നു. തങ്ങളുടെ ഈ ഭാഷാ നിപുണത ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞിരുന്നു. മലബാര്‍ മാന്വലിന്റെ കര്‍ത്താവായ മലബാര്‍ കളക്ടര്‍ വില്യം ലോഗന്‍ അദ്ദേഹവുമായി സൗഹൃദത്തിലായി. മലബാര്‍ മാന്വലില്‍ മുസ്‌ലിംകളെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മുല്ലക്കോയ തങ്ങളുടെ സേവനം ലോഗനു വളരെയധികം സഹായകമായിത്തീര്‍ന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്‍ മുതലായ അറബ് ചരിത്ര ഗ്രന്ഥങ്ങളുടെ ഉള്ളടക്കം മനസ്സിലായത് മുല്ലക്കോയ തങ്ങളില്‍ നിന്നാണ്. സായിപ്പുമാരുമായുള്ള ബന്ധം ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ തങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു. അങ്ങനെ, അവരില്‍ നിന്ന് തന്നെ ആംഗലേയ ഭാഷയും തങ്ങള്‍ സ്വായത്തമാക്കി.
ബഹുഭാഷാ പണ്ഡിതനായിരുന്ന തങ്ങളുടെ കൈവശം ഈ ഭാഷകളിലുള്ള നിരവധി ഗ്രന്ഥങ്ങളുമുണ്ടായിരുന്നു. കേരളത്തിലെ ഏക രാജവംശമായ അറക്കല്‍ രാജവംശത്തിലെ രാജാവായിരുന്ന അറക്കല്‍ ആലി രാജാവും തങ്ങളും നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന് അറക്കല്‍ കൊട്ടാരത്തില്‍ ചില പ്രധാന ജോലികള്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകള്‍ തയ്യാറാക്കുക. അവിടങ്ങളില്‍നിന്ന് വന്ന കത്തുകള്‍ പരിഭാഷപ്പെടുത്തുക, മറുപടി തയ്യാറാക്കുക തുടങ്ങി തികച്ചും ഔപചാരികമായ ജോലികള്‍. കൂടാതെ ഭരണകാര്യങ്ങളില്‍ വരെ അറക്കല്‍ രാജാവ് തങ്ങളോട് അഭിപ്രായം ചോദിച്ചിരുന്നു. അതിനാല്‍, തന്നെ ഇ്‌സ്ലാമിക ശരീഅത്തിനനുസൃതമായിതന്നെ ഭരണം നടത്താന്‍ അറക്കല്‍ രാജാവിന് കഴിഞ്ഞു.
ചരിത്രത്തില്‍ പ്രമുഖരായിത്തീര്‍ന്ന പലരും വിദ്യതേടി പുതിയങ്ങാടിയിലെത്തിയിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പുതിയാപ്ല അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ അങ്ങനെ നിരവധി പേര്‍ അക്കൂട്ടത്തിലുണ്ട്. അറിവും നേതൃപാടവവും കൊണ്ട് സമൂഹത്തിലെ നാനാതുറകളിലുള്ളവരെയും ആകര്‍ഷിക്കാന്‍ വരക്കല്‍ തങ്ങള്‍ക്ക് സാധിച്ചു. നാടിനെ നശിപ്പിക്കാന്‍ വന്ന ബ്രിട്ടീഷുകാര്‍ക്ക് പോലും തങ്ങളുടെ വ്യക്തിത്വത്തെ അംഗീകരിക്കേണ്ടി വന്നു.

എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ക്ക്
ബഹുമാന്യനായി?

കേരള മുസ്‌ലിംകളുടെ ചരിത്രത്തില്‍, പ്രത്യേകിച്ച് മലബാര്‍ മുസ്‌ലിംകളുടെ ചരിത്രത്തില്‍ സുപ്രധാനമായൊരു കാലമാണ് എ.ഡി. 1792 മുതല്‍ 1900 വരെയുള്ള 108 വര്‍ഷം. അഞ്ചു തലമുറകള്‍ എന്നുപറയാം. ഈ തലമുറകളിലൂടെ നടന്ന വൃദ്ധി-ക്ഷയങ്ങളുടെ മൊത്തം ലാഭനഷ്ടം കണക്കാക്കിയാല്‍ ഏറ്റവും ഒടുവിലത്തെ തലമുറ അതിദയനീയമായ പരാജയത്തില്‍ ആപതിക്കുകയായിരുന്നു. ബോധപൂര്‍വവും ആസൂത്രിതവും ആദര്‍ശപരവുമായി വളര്‍ന്ന ഒരു സമൂഹത്തിന് ക്രമേണ പലതും സംഭവിക്കുകയും ചെയ്തു. കേന്ദ്രീകൃത നേതൃത്വത്തിന്റെ അഭാവമായിരുന്നു ഇതില്‍ പ്രധാനമെന്ന് നമുക്ക് അനുമാനിക്കാം. ഇക്കാലത്ത് തങ്ങള്‍ നേടിയെടുത്ത ആധിപത്യത്തിന് വിഘ്‌നം നില്‍ക്കുന്നവരെ തന്ത്രപരമായി വശത്താക്കാന്‍ ബ്രിട്ടീഷ് കൊളോണിയല്‍ വര്‍ഗം ശ്രമിക്കുകയുണ്ടായി. 1865 കളില്‍ മാപ്പിളമാരോടുള്ള കര്‍ശന നിലപാടില്‍  ബ്രിട്ടീഷ് ഗവണ്‍മെന്റ് മാറ്റം വരുത്തി. ഈ മാറ്റത്തിന്റെ ഭാഗമായി മാപ്പിള പ്രമാണിമാരെ ഖാന്‍ ബഹദൂര്‍ പട്ടം നല്‍കി ആദരിക്കുകയും മതപണ്ഡിതരെ അര്‍ഹമാം വിധം പരിഗണിക്കുകയും ചെയ്തു. സ്വാഭാവികമായി അന്നത്തെ മുസ്‌ലിം കൈരളിയുടെ അധ്യാത്മിക നേതാവും ഹതാശരുടെ ആലംബവുമായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങല്‍ക്ക് മുമ്പില്‍ ബ്രിട്ടഷുകാര്‍ നമ്രശിരസ്‌കരായി നില്‍ക്കേണ്ടി വന്നു.
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ആത്മീയ രംഗത്ത് ഉന്നത സ്ഥാനത്തായതു പോലെ ഭൗതികരംഗത്തും ഉന്നതസ്ഥാനീയനായിരുന്നു. കളക്ടര്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ തങ്ങളെ സന്ദര്‍ശിച്ച് മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും തങ്ങളുടെ അഭിപ്രായമനുസരിച്ച് പരിഹാരമുണ്ടാക്കുകയും ചെയ്തിരുന്നു. അറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലെ മതപരമായ എല്ലാ ചടങ്ങുകളുടെയും മേല്‍നോട്ടം തങ്ങള്‍ക്കായിരുന്നു. അറക്കല്‍ കൊട്ടാരത്തില്‍ നിന്ന് അയച്ചുകൊടുക്കാറുള്ള കുതിരവണ്ടിയിലായിരുന്നു തങ്ങള്‍ കണ്ണൂരിലേക്ക് പോകാറ്. വഴി നീളെ ദാഹം തീര്‍ക്കാന്‍ ഓരോ തെങ്ങ് അതാതിടങ്ങളില്‍ തങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുസ്ലിം ലോകത്തിന്റെ ഖലീഫയുടെ പേരില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രകടമായ പ്രതിഷേധമാണ് ഖിലാഫത്ത് വിപ്ലവം.  വിശ്വാസപരമായ ഒരു തക്‌ലീഫ് എന്നതിന് പുറമെ അതിന്റെ കാരണക്കാരും തങ്ങളുടെ ഭരണാധികാരികളുമായ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമായിരുന്നു ഭാരതത്തിന് ഖിലാഫത്ത്. 1919 ജനുവരി 26 ന് ലഖ്‌നോവില്‍ അബ്ദുല്‍ ബാരി സ്ഥാപിച്ച നാഷണല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അനുരണനങ്ങല്‍ കേരളത്തിലുമെത്താന്‍ അധികം താമസമുണ്ടായില്ല. 1920 ജൂലൈ 18 ന് കോഴിക്കോട് ജൂബിലി ഹാളില്‍ (ഇന്നത്തെ ടൗണ്‍ ഹാള്‍) വെച്ച് മലബാര്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

എന്നാല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ എതിരാളിയായിട്ടാണ് മുല്ലക്കോയ തങ്ങള്‍ അറിയപ്പെട്ടിരുന്നത്. മുുഹമ്മദ് നബി (സ) ക്കും അവിടുത്തെ കുടുംബപരമ്പരക്കും മാത്രമെ ഖിലാഫത്ത് നടത്താന്‍ അധികാരമുള്ളൂ എന്നായിരുന്നു മുല്ലക്കോയ തങ്ങളുടെ വാദം. ഇത് ഖിലാഫത്തിന് എിതാരയ ബ്രിട്ടീഷ് സര്‍ക്കാരിന് അദ്ദേഹത്തെപോലുള്ള ഒരു ആത്മീയ നേതാവില്‍ ബഹുമാനം വര്‍ധിപ്പിക്കാനിടയായി. ഈ എതിര്‍പ്പ് അധികകാലം നീണ്ടുനിന്നില്ല. രാഷ്ട്രീയകാര്യങ്ങള്‍ കയ്യാളുന്നതോടൊപ്പം ഇസ്‌ലാം മതാഭിവൃദ്ധിക്കു വേണ്ടിയും ഖിലാഫത്ത് പ്രസ്ഥാനം പ്രവര്‍ത്തിക്കണമെന്ന് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഉപാധിവെച്ചു. മതപരവും രാഷ്ട്രീയപരവുമായ സംരംഭങ്ങള്‍ക്കും ആത്മീയ ബോധനത്തിനും ശക്തമായ നേതൃത്വം നല്‍കിയെന്നു മാത്രമല്ല, 1920 നവംബര്‍ 3ാം തിയ്യതി സഭാടൗണ്‍ ഹാളില്‍ വിളിച്ചുകൂട്ടിയ ലോക്കല്‍ ഖിലാഫത്ത് കമ്മിറ്റിയുടെ പൊതുയോഗത്തില്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്തു.

പണ്ഡിതന്മാര്‍ ഒന്നിക്കുന്നു
മുസ്‌ലിം പൊതു സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന രീതികളെ പൊളിച്ചെഴുതി, വിശ്വാസപരവും അനുഷ്ഠാനപരവുമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വന്ന ചിലര്‍ കേരളത്തിന്റെ പലഭാഗത്തും തലപൊക്കിയപ്പോള്‍ അവ നിയന്ത്രിക്കേണ്ടതാണെന്ന് 1922 മുതല്‍ കേരളത്തിലെ പ്രബലമായ പണ്ഡിത സമൂഹത്തിന് തോന്നുകയുണ്ടായി. സ്വഹാബികളുടെ കാലം മുതല്‍ കേരളത്തിലുണ്ടായിരുന്ന ഇസ്‌ലാമിന്റെ പരമ്പരാഗത രൂപം തന്നെയാണ് കേരളത്തില്‍ വേണ്ടതെന്ന് അവര്‍ ശഠിച്ചു. അഹ്മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അച്ചിപ്ര കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുരം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിത നേതാക്കള്‍ അവരില്‍ പ്രമുഖരായിരുന്നു.
കോഴിക്കോട് ആസ്ഥാനമാക്കി ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് പണ്ഡിതര്‍ മഹാനായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ വസതിയിലെത്തി അദ്ദേഹവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇസ്‌ലാമിക പാരമ്പര്യത്തില്‍ അടിയുറച്ച രീതികളാണ് മുസ്‌ലിം കേരളത്തിന് അഭികാമ്യമെന്നും മറു വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ചെറുത്തു തോല്‍പ്പിക്കണമെന്നും തങ്ങളുടെ നേതൃത്വത്തില്‍ അവര്‍ തീരുമാനിച്ചു. ഇതിനൊരു താല്‍ക്കാലിക സംഘടനാ സംവിധാനം വേണമെന്ന ആശയത്തില്‍ നിന്നാണ് 1925 ന് അവര്‍ കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ യോഗം ചേരുകയും ഒരു പണ്ഡിത സംഘടനക്ക് രൂപം നല്‍കുകയും ചെയ്തത്. കെ.പി മുഹമ്മദ് മീറാന്‍ മൗലവി പ്രസിഡന്റും പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയുമായിട്ടായിരുന്നു ആ കമ്മിറ്റി.

തുടര്‍ന്ന് 1926 ജൂണ്‍ 26 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെ ഒരു ബൃഹത്തായ കണ്‍വെന്‍ഷനിലാണ്, വരക്കല്‍ മുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് എന്ന സംഘടന രൂപം കൊള്ളുന്നത്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ പ്രസിഡന്റും, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വാഴക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെഎം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ മങ്കട, പി.കെ മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും, പിവി മുഹമ്മദ് മുസ്‌ലിയാര്‍ വി.കെ. മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സെക്രട്ടറിമാരായും ഈ കമ്മിറ്റി നിലവില്‍ വന്നു. ഇന്ന് സി. കോയക്കുട്ടി മുസ്‌ലിയാര്‍ ആനക്കരയും, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുമാണ് ഈ സംഘടനക്ക് നേതൃത്വം നല്‍കുന്നത്.

1952 ല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു ബോര്‍ഡ് രൂപീകരിക്കുകയും തുടര്‍ന്ന് മുസ് ലിം കേരളത്തിന്റെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ചുവടുകള്‍ക്ക് തുടക്കം കുറിക്കുറിച്ചുകൊണ്ട് സമൂഹത്തിന് നേതൃത്വം നല്‍കുന്ന ഒരു മഹനീയ പ്രസ്ഥാനമാണ് സമസ്ത.

author image
AUTHOR: ഹബീബുറഹ്മാന്‍ ഇ എം
   (കെ.കെ.എച്ച്.എം. ഇസ്‌ലാം ആര്‍ട്‌സ് കേളെജ്, മര്‍കസ് വളാഞ്ചേരി)

RELATED ARTICLES