നാം സ്വൈര്യവിഹാരം ചെയ്യുന്ന ഈ കര്‍മ്മ ഭൂമിയുടെ ഉഴവുചാലിലൂടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉറച്ച കാല്‍വെപ്പുകളോടെ ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍ നടന്നു പോയിരുന്നു. തേച്ച് മിനുക്കാത്ത മുറിക്കയ്യന്‍ ഷര്‍ട്ടും അതിനിണങ്ങുന്ന ഒരു ഖദര്‍ മുണ്ടും നരകയറിയ തലയില്‍ ഒരു ജിന്നാ കേപ്പുമായി മുന്നില്‍ നടന്ന ആ മഹാ തേജസ്വി ചെന്നേടങ്ങളിലെല്ലാം ചരിത്രം സൃഷ്ടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ശതകങ്ങളില്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വിഹായസ്സില്‍ അതുല്യ കാന്തിയോടെ കത്തിജ്വലിച്ച് നിന്നിരുന്നു കോട്ടപ്പുറത്ത് മുഹമ്മദ് സീതി എന്ന കെ.എം സീതി സാഹിബ്. അരനൂറ്റാണ്ടു കാലം കേരളീയ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ അദ്ദേഹമുണ്ടായിരുന്നു.
കേരളത്തിലെ നവോത്ഥാന - നവീകരണ പ്രസ്ഥാനങ്ങളെല്ലാം ചെറുപ്പത്തില്‍ തന്നെ സീതി സാഹിബിന്റെ ദൃഷ്ടിയില്‍ പതിഞ്ഞിരുന്നു. അക്ഷരം പഠിച്ച കാലം മുതല്‍ പത്രം വായിക്കുകയും ലോക കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്തിരുന്ന സീതി സാഹിബിന്റെ വ്യക്തിത്വ വികാസത്തില്‍ മേല്‍ചൊന്ന പ്രസ്ഥാന നായകന്മാര്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് തീര്‍ച്ച. ആ പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി വേണം സീതി സാഹിബിന്റെ പ്രവര്‍ത്തനങ്ങളെ നാം നോക്കിക്കാണേണ്ടത്. എങ്കിലേ ആ ചിത്രത്തിന് മിഴിവ് കൂടുകയുള്ളൂ.
സീതി സാഹിബിന്റെ ജന്മ നഗരത്തിനുമുണ്ട് ചരിത്രപ്രാധാന്യം. പ്രാചീന കേരളത്തിന്റെ തലസ്ഥാന നഗരിയായിരുന്ന ഒരു കാലത്ത് തിരുവഞ്ചിക്കുളം എന്ന് പുകള്‍പെറ്റ കൊടുങ്ങല്ലൂരിലെ രണ്ട് പൗരാണിക കുടുംബങ്ങളായ പടിയത്ത് തറവാടിന്റെയും കൊട്ടപ്പുറത്ത് തറവാടിന്റെയും സംഗമത്തിലൂടെ ജനിച്ച സന്തതിയാണ് സീതി സാഹിബ്. കൊടുങ്ങല്ലൂരിന്റെ സാമൂഹിക ജീവിതത്തിന് സാരമായ സംഭാവനകള്‍ അര്‍പ്പിച്ച രണ്ട് പ്രശസ്ത കുടുംബങ്ങളാണവ. അതിനാല്‍ പാരമ്പര്യമായിത്തന്നെ പൊതുപ്രവര്‍ത്തന മനസ്‌കത സീതിസാഹിബിന്റെ ജൈവഘടനയിലുണ്ട്. തന്റെ പിതാവുകൂടി മുന്‍കൈയെടുത്ത് രൂപീകരിച്ച കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പിറവിയും പ്രവര്‍ത്തനങ്ങളും ചെറുപ്രായത്തില്‍ തന്നെ നേരില്‍ കണ്ടാണ് അദ്ദേഹം വളര്‍ന്നത്. ഐക്യ സംഘത്തില്‍ നിന്ന് സീതിസാഹിബ് ദേശീയ പ്രസ്ഥാനത്തിലേക്കാണ് എത്തിച്ചേര്‍ന്നത്. പിന്നീട് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കാനും സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ കര്‍മഭടനായി മാറാനുമുള്ള അദ്ദേഹത്തിന്റെ തീരുമാനം പ്രത്യേക പഠനമര്‍ഹിക്കുന്നു. കോണ്‍ഗ്രസില്‍ തനിക്കുണ്ടായിരുന്ന ഉന്നതപദവികള്‍ ഉപേക്ഷിച്ചുകൊണ്ടാണ് അന്ന് അത്രയൊന്നും ആകര്‍ഷകമല്ലാത്ത മുസ്‌ലിം ലീഗില്‍ അദ്ദേഹം ചേരുന്നത്. കൊടുങ്ങല്ലൂരില്‍ വിപ്രവാസ ജീവിതം നയിച്ചുവന്ന കെ.എം. മൗലവി സാഹിബുമായുള്ള നിരന്തര സമ്പര്‍ക്കവും തലശ്ശേരിയിലേക്കുള്ള മാറിത്താമസവും ഈ രാഷ്ട്രീയ മാറ്റത്തിനുള്ള പ്രേരണകളാണെന്ന ധാരണ ഉപരിതല സ്പര്‍ശിയായ വിശദീകരണം മാത്രം.
1928 ല്‍ പുറത്ത് വന്ന മോത്തിലാല്‍ നെഹ്റു കമ്മിറ്റി റിപ്പോര്‍ട്ടാണ് മുസ്‌ലിം നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസുമായി അകലാന്‍ കാരണമായത്. അലി സഹോദന്മാര്‍ മുതലായ അത്യുന്നത നേതാക്കളെല്ലാം കോണ്‍ഗ്രസ് വിട്ടുപോന്നത് അക്കാലത്താണ്. മുസ്‌ലിം താല്‍പര്യങ്ങളോട് എന്നും പ്രതിബദ്ധത പുലര്‍ത്തിയിരുന്ന സീതി സാഹിബിന് നെഹ്‌റു റിപ്പോര്‍ട്ടിനെ ഒരിക്കലും അംഗീകരിക്കാനാവുമായിരുന്നില്ല. മാത്രമല്ല, മൗലാനാ മുഹമ്മദലിയുടെ രാഷ്ട്രീയ നിലപാട് സീതി സാഹിബില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുമുണ്ടാവണം. സീതി സാഹിബിന്റെ റോള്‍ മോഡലാണ് മൗലാനാ മുഹമ്മദലി (മൗലാനാ മുഹമ്മദലിയുടെ സമഗ്രമായ ജീവചരിത്രം സീതി സാഹിബ് രചിച്ചിട്ടുണ്ട്) 1935 ല്‍ മലബാറില്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം ആരംഭിച്ചത് മുതല്‍ അതിന്റെ അമരത്ത് ചുക്കാനുമായി സീതി സാഹിബ് ഉണ്ടായിരുന്നു. അവിടം മുതലാണ് അനുസ്യൂതമായ ഒരു വിജയ ഘോഷയാത്ര ആരംഭിക്കുന്നത്. മുസ്‌ലിം ലീഗില്‍ ചേര്‍ന്നാല്‍ ഒരു ഗ്രാമപഞ്ചായത്ത് മെമ്പറാകാന്‍ പോലും കഴിയില്ല എന്ന് പരിഹാസം ചൊരിഞ്ഞ മുഖങ്ങളില്‍ വിസ്മയം വിരിയിച്ച് കൊണ്ട് ഉന്നതമായ കേരള നിയമസഭയുടെ അദ്ധ്യക്ഷ വേദിയില്‍ മുസ്‌ലിം ലീഗുകാരനായിക്കൊണ്ട് തന്നെ അദ്ദേഹം കയറിയിരുന്നു. ആ പദവിയിലിരുന്നുകൊണ്ട് തന്നെ അദ്ദേഹം അന്ത്യശ്വാസം വലിക്കുകയും ചെയ്തു.
കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ വേദികളില്‍ നിന്നാണ് സീതി സാഹിബ് പൊതു പ്രവര്‍ത്തനരംഗത്തെത്തുന്നത്. ഐക്യ സംഘം കേരളത്തിലെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിച്ച വാര്‍ഷികസമ്മേളനങ്ങള്‍ ലോക മുസ്‌ലിം നേതാക്കളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ബ്രിട്ടീഷ് മുസ്‌ലിം ചിന്തകനും വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷകനുമായ മുഹമ്മദ് മര്‍ദ്യൂക് പിക്താളായിരുന്നു തലശ്ശേരി സമ്മേളനത്തിന്റെ മുഖ്യാതിഥി. പിക്താളിന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് സീതി സാഹിബായിരുന്നു. പിക്താള്‍ കേരളത്തിലെ പല മുസ്ലിം കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. കൂടെ സീതി സാഹിബുമുണ്ടായിരുന്നു. 1935 ല്‍ മുസ്‌ലിം ഐക്യസംഘം പ്രവര്‍ത്തനമവസാനിപ്പിക്കുകയും മതപരമായ കാര്യങ്ങള്‍ക്ക് കേരള ജംഇയ്യത്തുല്‍ ഉലമയും രാഷ്ട്രീയ കാര്യങ്ങള്‍ക്കായി കേരള മുസ്‌ലിം മജ്‌ലിസും രൂപീകൃതമാവുകയും ചെയ്തു. ഐക്യ സംഘത്തില്‍ നിന്ന് പൊട്ടിമുളച്ചതാണ് ഈ രണ്ട് സംഘടനകള്‍. കേരള മുസ്‌ലിം മജ് ലിസ് പിന്നീട് മുസ്‌ലിം ലീഗായി രൂപാന്തരപ്പെട്ടു. ഈ പ്രക്രിയകളിലെല്ലാം സീതി സാഹിബിന്റെ മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ പ്രകടമായിരുന്നു.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍തന്നെ അല്‍ഭുതാവഹമായ ധിഷണാവൈഭവവും കലാസാഹിത്യ വിഷയങ്ങളിലുള്ള അഭിരുചിയും സീതി സാഹിബിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. ഹൈസ്‌കൂളില്‍ നടക്കുന്ന ഇംഗ്ലീഷ് മലയാള പ്രബന്ധ മത്സരങ്ങളിലെല്ലാം സീതി സാഹിബിന്നായിരുന്നു ഒന്നാം സ്ഥാനം. 1917 ല്‍ തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ സീതി സാഹിബ് അഴീക്കോട് ഹൈസ്‌കൂളിലെ സ്‌കൂള്‍ ഫൈനല്‍ വിദ്യാര്‍ഥിയായിരുന്നു. തന്റെ പിതാവ് സ്ഥാപിച്ചതും അഴീക്കോട്ടെ മുസ്‌ലിം സാമൂഹിക പുരോഗതിക്ക് അടിത്തറ പാകിയതുമായ ലജ്‌നത്തുല്‍ ഹമദാനിയ എന്ന സംഘത്തിന്റെയും കൊച്ചിയില്‍ വിദ്യാഭ്യാസ ബോര്‍ഡ് പരിഷ്‌കരണ സമിതിയുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്ക് വഹിച്ചപ്പോഴും സീതി സാഹിബ് വിദ്യാര്‍ത്ഥിയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ് സീതി സാഹിബ് ഇന്റര്‍ മീഡിയറ്റ് പരീക്ഷ പാസ്സാവുന്നത്. തിരുവന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. പാസ്സായി. 1925 ല്‍ തിരുവനന്തപുരം ലോ കോളേജില്‍നിന്ന് നിയമബിരുദവും നേടി. യൂണിവേഴ്‌സിറ്റി കോളേജില്‍ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിക്കുള്ള മഹാദേവ അയ്യര്‍ സ്വര്‍ണ്ണ മെഡലിന് സീതി സാഹിബ് അര്‍ഹനായി. തിരുവനന്തപുരത്തെ പഠനകാലത്ത് തിരുവതാംകൂറിലെ സാമൂഹിക ജീവിതവുമായി അടുത്തിടപെടാന്‍ അദ്ദേഹത്തിന് സാധിച്ചു. വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുമായി പരിചയപ്പെടുന്നത് ഇവിടെ വെച്ചാണ്. തന്റെ ആത്മസുഹൃത്തുക്കളായ പ്രശസ്ത സാഹിത്യകാരന്‍ ഇ. വി. കൃഷ്ണ പിള്ളയുമായുള്ള ചങ്ങാത്തം ആരംഭിക്കുന്നതും ഇവിടെ വെച്ചാണ്. കോളേജ് പഠന കാലത്ത് നീന്തല്‍ മത്സരത്തിലും ഫുട്‌ബോള്‍ കളിയിലും സീതി സാഹിബ് കേമനായിരുന്നുവത്രെ.
മതപരമായ അനുഷ്ഠാനങ്ങളില്‍ അദ്ദേഹം കൃത്യത പാലിച്ചു. തിരുവനന്തപുരത്തെ എല്ലാ ഗ്രന്ഥാലയങ്ങളും സീതി സാഹിബിന്റെ ഇഷ്ട മന്ദിരങ്ങളായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മിക്ക പുസ്തങ്ങളും അദ്ദേഹം വായിച്ച് തീര്‍ത്തു. വായിച്ചതെല്ലാം കൃത്യമായി ഓര്‍ത്ത് വെക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. വിശ്വസാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ അദ്ദേഹം വായിച്ചു. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി. നിരവധി ഖുര്‍ആന്‍ വ്യഖ്യാനങ്ങള്‍ വായിച്ച് പഠിച്ചു. മൗലാനാ മുഹമ്മദലിയുടെ ഇംഗ്ലീഷിലുള്ള ഖുര്‍ആന്‍ പരിഭാഷ അദ്ദേഹം കൂടെ കൊണ്ടുനടന്നു. ഇമാം ഗസ്സാലിയുടെ കീമിയ സആദയും അതിന് വക്കം അബ്ദുല്‍ ഖാദര്‍ മൗലവി എഴുതിയ വ്യഖ്യാനവും സീതി സാഹിബിനെ ഹഠാദാകര്‍ഷിച്ചു. അല്ലാമാ ശിബിലി നുഅ്മാനിയുടെ സീറത്തുന്നബിയുടെ എല്ലാ വാല്യങ്ങളും അദ്ദേഹം വായിച്ച് തീര്‍ത്തു.
നിയമ വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് മഹാത്മാഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനും സീതിസാഹിബിന് അവസരമുണ്ടായി. ഉത്തരേന്ത്യയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഗൗരീശങ്കര്‍ മിശ്ര തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം തര്‍ജമ ചെയ്തതും സീതി സാഹിബായിരുന്നു. ശ്രോതാക്കള്‍ക്ക് മാത്രമല്ല, ഗാന്ധിജിക്കും പരിഭാഷകനെ വളരെ ഇഷ്ടപ്പെട്ടു. സന്തുഷ്ടനായ ഗാന്ധിജി തന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിലുടനീളം പരിഭാഷകനായി സീതിസാഹിബിനെ കൂടെ കൊണ്ടുപോകുകയും ചെയ്തു. ഗാന്ധിജിയുടെ ആഹ്വാന പ്രകാരം കോളേജ് ബഹിഷ്‌കരണ സമരത്തില്‍ പങ്കെടുത്തതിന് ബിരുദ പഠന കാലത്ത് അദ്ദേഹത്തിന് നഷ്ടപ്പെട്ടത് ഒരു വര്‍ഷം. സീതി സാഹിബ് തിരുവനന്തപുരത്ത് കഴിയുന്ന കാലത്താണ് കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യം പ്രസിദ്ധീകൃതമാവുന്നത്. മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്ന ഏതാനും വരികള്‍ ആ കവിതയിലുണ്ടായിരുന്നു. ഈ കാവ്യകൃതിയെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് ഇതെന്തൊരവസ്ഥ എന്ന പേരില്‍ സീതി സാഹിബ് ഒരു ലേഖനമെഴുതി. ഈ വിമര്‍ശനം സൂചിമുനപോലെ ആശാന്റെ ഹൃദയത്തില്‍ തറച്ചു. അദ്ദേഹം വക്കം മൗലവിയോടൊന്നിച്ച് മുസ്‌ലിം ഹോസ്റ്റലില്‍ ചെന്ന് സാഹിബിനെ കണ്ട് ക്ഷമാപണം ചെയ്തു. അദ്ദേഹം തന്റെ തെറ്റിദ്ധാരണകള്‍ തിരുത്തുകയും ചെയ്തു.
സമുദായ നവീകരണ പ്രവര്‍ത്തനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, രാഷ്ട്രീയ പ്രവര്‍ത്തനം എന്നീ മൂന്ന് മുഖങ്ങളിലും ഒരേ സമയം സീതി സാഹിബ് നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ചു. സമുദായത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് ഈ മൂന്ന് രംഗങ്ങളില്‍ കൂടിയുള്ള സംയുക്ത മുന്നേറ്റം ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. മുസ്‌ലിംകളുടെ സാമ്പത്തിക ഉന്നമനത്തിനായി കെ.എം മൗലവി, അബ്ദുസത്താര്‍ സേട്ട് സാഹിബ് എന്നീ മഹാരഥന്മാരുമായി സഹകരിച്ച് ആധുനിക രീതിയിലുള്ള ഒരു ബാങ്കിംഗ് സ്ഥാപനം ആരംഭിക്കാനും അദ്ദേഹം ആലോചിച്ചിരുന്നു.
ഇന്ത്യന്‍ നാഷണനല്‍ കോണ്‍ഗ്രസിന്റെ കൊച്ചി പതിപ്പായ കൊച്ചി പ്രജാമണ്ഡലമായിരുന്നു രാഷ്ട്രീയത്തില്‍ സീതി സാഹിബിന്റെ ആദ്യത്തെ തട്ടകം. ഈ സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം രണ്ടുതവണ കൊച്ചിന്‍ അസംബ്ലിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1929 ല്‍ ലാഹോറില്‍ നടന്ന കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തില്‍ സീതി സാഹിബ് കൊച്ചിയില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു. നിലക്കാത്ത സാഹിത്യ പ്രവര്‍ത്തനവും അദ്ദേഹം നടത്തി. പ്രമുഖ ആനുകാലികങ്ങളില്‍ ശക്തമായ ലേഖനങ്ങള്‍ എഴുതുകയും കേരളത്തിലെ എഴുത്തുകാരുടെ മുന്‍നിരയില്‍ എത്തിച്ചേരുകയും ചെയ്തു.
സീതി സാഹിബിന്റെ പരിശ്രമഫലമായി കേരളത്തിലുടനീളം പുതിയ വിദ്യാഭ്യാസ സംഘങ്ങള്‍ ഉയര്‍ന്ന് വരികയും നേരത്തെ ഉണ്ടായിരുന്നവ പുഷ്ടിപ്പെടുകയും ചെയ്തു. കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം സഭ (1889) മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭ (1898) ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ (1915) പൊന്നാനിയിലെ മൗനത്തുല്‍ ഇസ്‌ലാം സഭ (1900) വടകര മനാറുല്‍ ഇസ്‌ലാം സഭ (1925) അല്‍ മദ്‌റസത്തുല്‍ മുബാറക് ഹയര്‍സെക്കന്ററി സ്‌കൂള്‍ തലശ്ശേരി (1936) എന്നിങ്ങനെ എത്രയോ മഹല്‍ സ്ഥാപനങ്ങള്‍ സീതി സാഹിബിന്റെ പരിലാളനയേറ്റ് വളര്‍ന്നവയാണ്. ഫാറൂഖ് കോളേജിന്റെ ഉത്ഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയും സീതി സാഹിബ് തന്നെ. 1948 ല്‍ ഫാറൂഖ് കോളേജ് ആരംഭിച്ചത് മുതല്‍ അതിന്റെ മാനേജിംഗ് കമ്മിറ്റിയുടെ സിക്രട്ടറി സ്ഥാനം വഹിച്ചത് സീതി സാഹിബായിരുന്നു. മരിക്കുന്നതു വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. ഫാറൂഖ് കോളേജിന് ആ പേര് നല്‍കിയത് പോലും സീതി സാഹിബ് ആയിരുന്നു.
മധ്യമലബാറിനെ അക്ഷരമുറ്റത്തെത്തിച്ച മലപ്പുറം ഹൈസ്‌കൂളിന്റെ പിറവിക്ക് പിന്നിലും സീതി സാഹിബിനെ കാണാവുന്നതാണ്. മുസ്‌ലിം വനിതാ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം കുറിച്ച വെട്ടത്ത് പുതിയങ്ങാടിയില്‍ ഒരു ഗേള്‍സ് ഹൈസ്‌കൂള്‍ വരാനും സീതി സാഹിബ് തന്നെ കാരണം. കോഴിക്കോട് ഗേള്‍സ് ഹൈസ്‌കൂള്‍, ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍, തലശ്ശേരി മുബാറക് ഹൈസ്‌കൂള്‍, വടകരയിലെ എം.യു. എം. ഹൈസ്‌കൂള്‍ തുടങ്ങിയ എത്രയോ വിിദ്യാഭ്യാസ സ്വപനങ്ങള്‍ സീതി സാഹിബിന്റെ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു. വ
സീതി സാഹിബിന്റെ വിദ്യാഭ്യാസ പ്രചരണ തൃഷ്ണയിലധിഷ്ഠിതമായ സമുദായ സേവന സന്നദ്ധത അക്കാലത്ത് ഇന്ത്യയിണ്ടായിരുന്ന മുസ്‌ലിം നേതാക്കളില്‍ പലര്‍ക്കുമിടയിലും പ്രഖ്യാതമായിരുന്നു. ബ്രിട്ടീഷ് സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവില്‍ അന്ന് ഹോം മെമ്പറായിരുന്ന സര്‍ സഫറുല്ലാ ഖാന്‍ ഒരിക്കല്‍ കൊച്ചി സന്ദര്‍ശിച്ച അവസരത്തില്‍ അന്നത്തെ ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടിയോട് 'നിങ്ങളിവിടെ എന്റെ സമുദായത്തില്‍ പെട്ടവര്‍ക്ക് വല്ല നന്മയും ചെയ്യുകയുണ്ടായോ' എന്ന് ചോദിക്കുകയുണ്ടായി. കൊച്ചിയില്‍ ഉദ്യോഗ ലബ്ധിക്ക് അര്‍ഹരായി മുസ്ലിംകളില്‍ ഞാനാരെയും കാണുന്നില്ല എന്നാണ് ചെട്ടി അതിന് മറുപടി പറഞ്ഞത്. ഇത് കേട്ട സഫറുല്ല ഖാന്‍, സീതി സാഹിബ് ഈ സ്റ്റേറ്റ് കാരനല്ലേ എന്ന് ചോദിച്ചു. അദ്ദേഹം ഈ സ്‌റ്റേറ്റ് വിട്ട് സമുദായ സേവനവുമായി മലബാറിലേക്ക് പോയി എന്ന് മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹത്തെ സമാധാനിപ്പിക്കുകയാണുണ്ടായത്.
1932 ല്‍ തലശ്ശേരിയില്‍ സ്ഥിരതാമസമാക്കിയത് സീതി സാഹിബിന്റെ ജീവിതത്തിലും മലബാറിലെ മുസ്‌ലിം രാഷ്ട്രീയത്തിലും വഴിത്തിരിവായി. സര്‍വേന്ത്യാ മുസ്‌ലിം ലീഗുമായി സീതി സാഹിബ് ഔപചാരികമായി ബന്ധപ്പെടുന്നത് തലശ്ശേരിയില്‍ വെച്ചാണ്. അതിനുമുമ്പുതന്നെ ആ പ്രസ്ഥാനത്തിന്റെ അഭികാമ്യത അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. 1937 ഡിസംബര്‍ 20 ാം തിയ്യതി തലശ്ശേരി ടൗണ്‍ഹാളില്‍ ചേര്‍ന്ന മുസ്‌ലിം പൗരയോഗത്തില്‍ വെച്ചാണ് മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചത്. ഇതിന്നാവശ്യമായ പശ്ചാത്തല പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത് സീതി സാഹിബാണ്. കമ്മിറ്റിയുടെ സഹകാര്യ ദര്‍ശിയായി സീതി സാഹിബ് തിരഞ്ഞെടുക്കപ്പെട്ടു. അന്നുമുതല്‍ ആ ജീവിതം മുസ്‌ലിം ലീഗിന്റെ പര്യായപദമായി മാറി.
തലശ്ശേരിയിലെ പ്രസിദ്ധ മുസ്‌ലിം ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു സീതി സാഹിബ്. സമുദായത്തിലെ നൂതന സംരഭങ്ങള്‍ക്കെല്ലാം ആശയാരംഭം കുറിച്ചത് ഈ ക്ലബ്ബില്‍ വെച്ചാണ്. ഇത് കേവലമൊരു ടോക്കിംഗ് ക്ലബ്ബല്ല. മുസ്‌ലിം ലീഗുണ്ടായത് പോലും മുസ്‌ലിം ക്ലബ്ബിലെ ചര്‍ച്ചക്ക് ശേഷമാണ്. അഭിവന്ദ്യരായ സത്താര്‍ സേട്ട് സാഹിബ്, സി. പി. മമ്മുക്കേയി സാഹിബ് മുതലായ അതികായരായിരുന്നു മുസ്‌ലിം ക്ലബ്ബിന്റെ ശില്‍പ്പികള്‍. 1934 ല്‍ ചന്ദ്രിക ദിനപത്രം ആരംഭിക്കാന്‍ തീരുമാനിക്കപ്പെട്ടതും മുസ്‌ലിം ക്ലബ്ബിലെ ചര്‍ച്ചകളെത്തുടര്‍ന്നാണ്.
ചന്ദ്രിക ദിനപത്രം ആരംഭിച്ചപ്പോള്‍ അതിന്റെ മുഴുവന്‍ ചുമതലകളും സീതിസാഹിബിന്റെ ചുമലുകളില്‍ അര്‍പ്പിക്കപ്പെട്ടു. തിരുവനന്തപുരത്തെ തന്റെ വീട്ടിന്റെ ഒരു മൂലയായിരുന്നു ചന്ദ്രികയുടെ ഓഫീസ്. അവിടെ വെച്ച് പത്രത്തിന്റെ പ്രൂഫ് വായന മുതല്‍ മുഖപ്രസംഗമെഴുത്തുവരെ സീതി സാഹിബ് ഒറ്റക്കു ചെയ്തു. പിന്നീട് ചന്ദ്രികക്കുണ്ടായ എല്ലാ വളര്‍ച്ചയിലും സീതിസാഹിബിന്റെ മുഖവുമുണ്ടായിരുന്നു.
മലബാര്‍ കലാപത്തില്‍ അനാഥരായിത്തീര്‍ന്ന അനാഥക്കുട്ടികളെ സംരക്ഷിക്കാന്‍ ഉത്തര മധ്യ മലബാറില്‍ അനേകം അനാഥ മന്ദിരങ്ങള്‍ ഉയര്‍ന്നുവന്നു. അതില്‍ ഏറ്റവും പ്രധാനമായതാണ് തിരൂരങ്ങാടി യതീംഖാന. അബ്ദുസ്സത്താര്‍ സേട്ടു സാഹിബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സയ്യിദ് അബ്ദുറഹിമാന്‍ ബാഖഫി തങ്ങളാണ് ഈ അനാഥശാല ഉദ്ഘാടനം ചെയ്തത്. സി. എച്ച് മുഹമ്മദ് കോയ നിരീക്ഷിച്ചതുപോലെ കെ.എം മൗലവി സാഹിബിന്റെ ഈമാനും എം.കെ. ഹാജിസാഹിബിന്റെ സമുദായ സ്‌നേഹവും സത്താര്‍ സേട്ടുസാഹിബിന്റെ ഉപദേശവും സീതി സാഹിബിന്റെ മാര്‍ഗദര്‍ശനവും മൂലധനമാക്കി എം.കെ. ഹാജി നല്‍കിയ ഒരു വീട്ടില്‍ ആരംഭിച്ച തിരൂരങ്ങാടി യതീംഖാന കേരളത്തിലെ ഏറ്റവും വലിയ അനാഥമന്ദിരമായി ഉയര്‍ന്നു. തലശ്ശേരിയിലെ പ്രശസ്തമായ ദാറുസ്സലാം യത്തീംഖാനയുടെ രൂപകല്‍പ്പനയിലും സീതി സാഹിബിന്റെ മുഖ്യ പങ്കാളിത്തമുണ്ട്.
പ്രശസ്തനായ ഒരു അഭിഭാഷകന്‍ കൂടിയായിരുന്നു സീതി സാഹിബ്. ന്യായാധിപന്മാരുടെ ആദരവുകള്‍ പിടിച്ചുപറ്റിയ അഭിഭാഷകന്‍, തിരക്കേറിയ പൊതു പ്രവര്‍ത്തനത്തിനിടയില്‍ കോടതികളില്‍ ഹാജരാവാന്‍ അദ്ദേഹത്തിന് കുറച്ചേ സമയം കിട്ടിയിരുന്നുള്ളൂ. പ്രഗല്‍ഭനായ സാഹിത്യകാരന്‍ എന്ന കീര്‍ത്തിയുമുണ്ട് സീതി സാഹിബിന്. മലയാളത്തിലെ മിക്ക കവികളും സീതി സാഹിബിന്റെ മിത്രങ്ങളായിരുന്നു. 1934 ല്‍ തലശ്ശേരിയില്‍ ചേര്‍ന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 9 ാം വാര്‍ഷിക സമ്മേളനത്തില്‍ സീതി സാഹിബായിരുന്നു അധ്യക്ഷന്‍. ഒരു മുസ്‌ലിം സാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നത് അതാദ്യമായാണ്. രണ്ട് ജീവചരിത്രങ്ങള്‍ സീതി സാഹിബിന്റെ തൂലികയില്‍ നിന്നും കൈരളിക്ക് കൈവന്നിട്ടുണ്ട്. 'മൗലാനാ മുഹമ്മദലി'യാണ് ഏറ്റവും പ്രധാനം. മുഹമ്മദലി ജിന്നയാണ് അദ്ദേഹത്തിന്റെ മറ്റൊരു ജീവചരിത്ര ഗ്രന്ഥം.
1946 ലെ തിരഞ്ഞെടുപ്പില്‍ സീതി സാഹിബ് മദിരാശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തി ഒമ്പതംഗങ്ങളുള്ള മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടിയിലെ പ്രമുഖാംഗമെന്ന നിലയില്‍ അദ്ദേഹം സഭയുടെ പ്രശംസ പിടിച്ചുപറ്റി. മലബാറില്‍ കല്‍ക്കത്താ തീസീസ് കലാപങ്ങളെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടപ്പോള്‍ നിയമസഭയില്‍ അവര്‍ക്കു വേണ്ടി ഉയര്‍ന്ന ശബ്ദം സീതി സാഹിബിന്റേതായിരുന്നു. കമ്യൂണിസ്റ്റ് തത്ത്വ സംഹിതയോട് കഠിനമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടു തന്നെ കമ്യൂണിസ്റ്റുകാര്‍ക്ക് കേവല നീതി നിഷേധിക്കുന്നതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചു. സീതി സാഹിബ് മദ്രാസ് നിയമ സഭയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ വിഭജനം സംഭവിച്ചത്.
സ്വതന്ത്ര ഭാരതത്തില്‍ മുസ്‌ലിം ലീഗ് പുനസ്ഥാപിക്കുന്നതിനെപ്പറ്റി അഭിപ്രായ വ്യത്യാസമുണ്ടായി. ബംഗാളിലെ മുന്‍ പ്രധാനമന്ത്രിയും മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവുമായ എച്ച്. എസ്. സുഹര്‍വര്‍ദി ലീഗ് പുനസ്ഥാപിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരനായിരുന്നു. ഈ അഭിപ്രായം മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനായി അദ്ദേഹം 1947 നവംബര്‍ 9,10 തിയ്യതികളില്‍ കല്‍ക്കത്തയില്‍ ഒരു ലീഗ് കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി. ദക്ഷിണേന്ത്യയില്‍ നിന്ന് രണ്ടുപേരാണ് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും സീതി സാഹിബും. മുസ്‌ലിം ലീഗ് പിരിച്ചുവിടണം എന്ന പ്രമേയത്തിന് പിന്തുണ തേടിക്കൊണ്ട് സുഹര്‍വര്‍ദി പ്രസംഗിക്കുകയും അംഗങ്ങള്‍ ഏറെക്കുറെ അതിന് അനുകൂലമായി പ്രതികരിച്ച് തുടങ്ങുകയും ചെയ്യുമ്പോഴാണ് ഖാഇദെ മില്ലത്തും സീതി സാഹിബും ഹാളിലേക്ക് കടന്നു ചെല്ലുന്നത്. പ്രമേയത്തെ എതിര്‍ത്തു കൊണ്ട് മുസ്‌ലിം ലീഗ് ഇന്ത്യയില്‍ പുനസ്ഥാപിക്കണമെന്ന് സമര്‍ഥിച്ചു കൊണ്ട് സീതി സാഹിബ് ചെയ്ത ഉജ്ജ്വല പ്രസംഗം കണ്‍വെന്‍ഷന്റെ ഗതിയാകെ മാറ്റിക്കളഞ്ഞു. പ്രമേയം പാസ്സായില്ല. സുഹര്‍വര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പുറത്ത് കാത്ത് നിന്ന പത്രക്കാരോട് സുഹര്‍വര്‍ദി പറഞ്ഞത് തെക്കുനിന്ന് വന്ന രണ്ട് ദ്രാവിഡന്‍മാര്‍ എന്റെ കണ്‍വെന്‍ഷന്‍ പൊളിച്ചുകളഞ്ഞു എന്നാണ്. അതിലൊരു ദ്രാവിഡന്‍ സീതി സാഹിബായിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് 1948 മാര്‍ച്ച് 10 ാം തിയ്യതി ചെന്നൈ നഗരത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് രൂപം കൊള്ളുന്നത്. കല്‍ക്കത്താ കണ്‍വെന്‍ഷനില്‍ സീതി സാഹിബ് അങ്ങനെ പ്രസംഗിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഇന്ത്യയില്‍ മുസ്‌ലിം ലീഗ് ഉണ്ടാവുമായിരുന്നില്ല.
മുസ്‌ലിം ലീഗ് രൂപീകരണ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകരിച്ച ബൃഹത്തായ നയരേഖ തയ്യാറാക്കിയത് സീതി സാഹിബായിരുന്നു. കൃഷി, വ്യവസായം, ഖനനം മുതല്‍ പരിസ്ഥിതി വരെയുള്ള എല്ലാ വിഷയങ്ങളിലും മുസ്‌ലിം ലീഗ് അനുവര്‍ത്തിക്കേണ്ടുന്ന അടിസ്ഥാന നയമെന്തായിരിക്കണമെന്ന് ആ രേഖ വ്യക്തമാക്കുന്നു. സ്ഥാപക ജനറല്‍ സെക്രട്ടറിയായ മെഹബൂബലി ബേഗ് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം സീതി സാഹിബിനെ തേടിയെത്തി. 1952 ലെ ഒന്നാം പൊതു തിരഞ്ഞെടുപ്പില്‍ മലപ്പുറം നിയോജക മണ്ഡലത്തില്‍നിന്ന് സീതി സാഹിബ് മദിരാശി നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ നിയമസഭയില്‍ മുസ്‌ലിം ലീഗിന് അഞ്ച് എം.എല്‍.എ മാരാണുണ്ടായിരുന്നത്. നിയമസഭാ പാര്‍ട്ടിയുടെ സിക്രട്ടറിയായിരുന്നു സീതി സാഹിബ്. ഈ അഞ്ച് ലീഗ് എം.എല്‍.എ മാരുടെ പിന്തുണ കൊണ്ടാണ് മദിരാശി സംസ്ഥാനത്ത് രാജാജി മന്ത്രിസഭ അഞ്ചുകൊല്ലവും നിലനിന്നത്. ഐക്യകേരള സംസ്ഥാനം ആരംഭിച്ച കാലം മുതല്‍ അതിന്റെ മുന്‍നിരയില്‍ സീതി സാഹിബുമുണ്ടായിരുന്നു. സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ മുമ്പില്‍ സീതിസാഹിബ് നിരത്തിവെച്ച വാദങ്ങള്‍ അപ്രതിരോധ്യങ്ങളായിരുന്നു. അദ്ദേഹത്തിന്റെ മിക്ക നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ സ്വീകരിച്ചു.
1956 ല്‍ കേരള സംസ്ഥാനം നിലവില്‍ വരികയും 1957 ല്‍ നിയമസഭയിലേക്ക് രണ്ടാം പൊതു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു. പ്രജാ സോഷ്യിലസ്റ്റ് പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടു. ഈ തിരഞ്ഞെടുപ്പ് സഖ്യം മുസ്‌ലിം രാഷ്ട്രീയ ചരിത്രത്തില്‍ വലിയ മാനം കൈവരിച്ചു. വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടിയെന്ന് ആക്ഷേപിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുസ്‌ലിം ലീഗിനെ അകറ്റി നിര്‍ത്തിയപ്പോള്‍ ലീഗിന് വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള കവാടം തുറന്ന് കിട്ടിയത് പി.എസ്.പിയുമായുള്ള സഖ്യത്തിലൂടെയാണ്. സീതി സാഹിബും ഡോ. കെ.ബി മേനോനുമായിരുന്നു ഈ രാഷ്ട്രീയ സഖ്യത്തിന്റെ മുഖ്യശില്‍പ്പികള്‍. മുസ്ലിം ലീഗിനുവേണ്ടി സഖ്യകരാറില്‍ ഒപ്പ് വെച്ചതും സീതി സാഹിബാണ്. ആ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് സീതി സാഹിബ് മത്സരിച്ചു. കോണ്‍ഗ്രസിലെ കെ.പി. കുട്ടികൃഷ്ണന്‍ നായരോട് അദ്ദേഹം പരാജയപ്പെട്ടു.
1959 ലെ വിമോചന സമര വിജയത്തെത്തുടര്‍ന്ന് കേരള നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. നേരത്തെയുണ്ടായിരുന്ന പി. എസ്.പി - ലീഗ് സഖ്യത്തില്‍ കോണ്‍ഗ്രസും കൂടിച്ചേര്‍ന്ന് ഇപ്പോഴത്തെ ഐക്യ ജനാധിപത്യ മുന്നണിയുടെ ന്യൂക്ലിയസ് ജനിച്ചു. ത്രികക്ഷി സഖ്യത്തിന് നല്ല ഭൂരിപക്ഷം ലഭിച്ചുവെങ്കിലും മുസ്ലിം ലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു. ആഴ്ചകളോളം നീണ്ടുനിന്ന രാഷ്ട്രീയ ചര്‍ച്ചകള്‍കള്‍ക്കൊടുവില്‍ പി.എസ്. പി നേതാവ് മുഖ്യമന്ത്രിയായിക്കൊണ്ട് ഒരു മന്ത്രിസഭ ഉണ്ടാക്കാനും നിയമസഭാ സ്പീക്കര്‍ സ്ഥാനം മുസ്‌ലിം ലീഗിന് നല്‍കാനും ധാരണയായി. 1960 മാര്‍ച്ച് 12-ാം തിയ്യതി സീതി സാഹിബ് കേരള നിയമസഭയുടെ സ്പീക്കറായി ഐക്യ കണേ്ഠന തിരഞ്ഞെടുക്കപ്പെട്ടു. ഒരു പുതിയ ചരിത്രഘട്ടത്തിന്റെ പിറവിയാണ് അതോടെ കുറിക്കപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മുസ്‌ലിം ലീഗുകാരന്‍ അധികാരത്തിന്റെ ഉന്നത ശ്രേണിയിലെത്തിയ ആദ്യത്തെ അനുഭവം
സ്പീക്കര്‍ സ്ഥാനത്ത് ഗംഭീര വിജയമായിരുന്നു സീതി സാഹിബ്. അദ്ദേഹം സ്പീക്കറായ കാലം കേരള നിയമസഭയുടെ സുവര്‍ണ്ണ കാലമായിരുന്നു. ഇന്തയിലെ ഏറ്റവും പ്രഗല്‍ഭനായ നിയമസഭാ സ്പീക്കറാണ് സീതി സാഹിബെന്ന് നിയമസഭാ നടപടികള്‍ അവലോകനം ചെയ്ത പ്രമുഖ ദേശീയ പത്രങ്ങളെല്ലാം വിലയിരുത്തുകയുണ്ടായി. മുസ്‌ലിം ലീഗിന് വേണ്ടിയാണ് സീതിസാഹിബ് സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തതെങ്കിലും ആ സ്ഥാനമേറ്റെടുക്കാന്‍ പറ്റിയ മറ്റൊരാള്‍ കേരളത്തിലെ മറ്റൊരു പാര്‍ട്ടിയിലുമുണ്ടായിരുന്നില്ല എന്ന സഹോദന്‍ അയ്യപ്പന്റെ നിരീക്ഷണം എത്രയും ശരിയാണ്.
1961 ഏപ്രില്‍ 17-ാം തീയ്യതി ആ അപൂര്‍വ ജ്യോതിസ്സ് അസ്തമിച്ചു. തന്റെ ജന്മനഗരമായ കൊടുങ്ങല്ലൂരിലെ അഴീക്കോട് പള്ളി ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ ജനാസ പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കരിച്ചു. പള്ളിമുറ്റത്ത് ചേര്‍ന്ന വമ്പിച്ച അനുശോചന യോഗത്തില്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയായിരുന്നു അധ്യക്ഷന്‍.
മയ്യിത്ത് സംസ്‌കരിച്ചതിന് ശേഷം ബന്ധുക്കളും ലീഗ് നേതാക്കളും തിരുവനന്തപുരത്ത് മടങ്ങിയെത്തി. സ്പീക്കറുടെ വസതിയില്‍ ചെന്ന് സീതി സാഹിബിന്റെ സമ്പാദ്യപ്പെട്ടി തുറന്നു നോക്കി. അവര്‍ ഞെട്ടിപ്പോയി. പതിമൂന്ന് ഉറുപ്പികയും രണ്ട് വസ്ത്രങ്ങളുമാണ് അതിലുണ്ടായിരുന്നത്.