About Us
ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ മുസ്‌ലിംകളില്‍ നിന്ന് പലത് കൊണ്ടും വ്യത്യസ്തമാണ് കേരളത്തിലെ മുസ്‌ലിംകള്‍. കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു ന്യൂനപക്ഷമാണെന്നതോടൊപ്പം തന്നെ സമ്പന്നമായ ഒരു ചരിത്രവും സംസ്‌കാരവും പാരമ്പ്യര്യവും അവര്‍ക്കുണ്ട്. ബഹുസ്വരമായ കേരളത്തിന്റെ ചരിത്രത്തേയും സംസ്‌കാരത്തേയും രൂപപെടുത്തുന്നതിലും വളര്‍ത്തി വികസിപ്പിക്കുന്നതിലും അവ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഭാഷ, സാഹിത്യം, സംസ്‌കാരം, കല, ജീവിത രീതി, ഭക്ഷണം, പാര്‍പ്പിടം, ആചാരങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും മുസ്‌ലിം സംസ്‌കാരത്തിന്റെ സ്വാധീനം മുദ്രിതമാണ്. പക്ഷേ, കേരളത്തിന്റെ പൊതുമണ്ഡത്തില്‍ ഇപ്പോഴും മുസ്‌ലിംകള്‍ അസന്നിഹിതമാക്കപ്പെടുകയോ അപരവല്‍ക്കരിക്കപ്പെടുകയോ ചെയ്ത ജനവിഭാഗമായി തുടരുകയാണ്. ഇതിനു കാരണം കേരളീയ പൊതുമണ്ഡത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ബോധപൂര്‍വം ഉല്‍പാദിപ്പിക്കപ്പെട്ട മുന്‍ വിധികളാണെന്നതോടൊപ്പം തന്നെ കേരള മുസ്‌ലിംകളുടെ ചരിത്രപരവും സാംസ്‌കാരികവുമായ ഈടുവെപ്പുകളില്‍ പലതും ഇപ്പോഴും ക്രോഡീകരിക്കപ്പടാതെ കിടക്കുന്നതും കൂടിയാണ്. ഇത് മൂലം മുസ്‌ലിംകള്‍ക്കെതിരെ ബോധപൂര്‍വം മുന്‍വിധികള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് സഹായകരമാകും വിധം പൊതു സമൂഹത്തില്‍ അവരെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുകയും മുസ്‌ലിംകള്‍ക്ക് തന്നെയും സ്വന്തം ചരിത്രത്തേയും സംസ്‌കാരത്തെയും കുറിച്ച് വേണ്ട വിധം ധാരണയില്ലാത്ത അവസ്ഥയുണ്ടാകുകയും ചെയ്തിരിക്കുന്നു. പരസ്പരം അറിയുകയെന്നത് ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിനുള്ള പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നാണ്.
അതിനാല്‍ കേരള മുസ്‌ലിംകളുടെ ചരിത്രവും വര്‍ത്തമാനവും ആഴത്തില്‍ അന്വേഷണ വിധേയമാക്കുന്ന ഒരു വേദിക്ക് കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ തുടക്കം കുറിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി 2013 ഡിസംബറില്‍ കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് നടത്തുകയുണ്ടായി. കേരളം ദേശം നിര്‍മിതി, കേരള രൂപീകരണവും മുസ്‌ലിംകളും, ചെറുത്ത് നില്‍പുകളും പോരാട്ടങ്ങളും, കേരള മുസ്‌ലിംകളും കൊളോണിയല്‍ ആധുനികതയും, കേരളീയ വികസനവും മുസ്‌ലിംകളും, കേരളീയ പൊതുമണ്ഡലവും മുസ്‌ലിംകളും എന്നീ അഞ്ച് മുഖ്യ തലക്കെട്ടുകളില്‍ കേരള മുസ്‌ലിംകളുടെ ചരിത്രവും സംസ്‌കാരവും സമഗ്രമായി വിശകലനം ചെയ്ത ഇരുനൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ട കോണ്‍ഫറന്‍സായിരുന്നു അത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരന്‍മാര്‍, എഴുത്തുകാര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ വിചക്ഷര്‍, രാഷ്ട്രീയ, സാമൂഹിക, മതനേതാക്കള്‍ തുടങ്ങിയവര്‍ അതില്‍ സംബന്ധിച്ചു. ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ സമാഹരിച്ച് പുറത്തിറക്കി. എണ്ണൂറില്‍ അധികം പേജുകളുള്ള പ്രബന്ധസമാഹാരം കേരള ചരിത്രത്തിന് ലിഖിതമായ ഒരു കരുതിവെപ്പായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ ഓണ്‍ലൈന്‍ എഡിഷനാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. D4 മീഡിയയാണ് ഓണ്‍ലൈന്‍ എഡിഷന്‍ തയ്യാറാക്കിയിരിക്കുന്നത്.