ബാഫഖി തങ്ങളും എം.കെ ഹാജിയും മുസ്‌ലിം രാഷ്ട്രീയവും

പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി  

യ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഭൂജാതനായത് മുസ്‌ലിം ലീഗ് രൂപീകൃതമായ 1906 ലാണ്. ഏഴു പതിറ്റാണ്ടില്‍ താഴെ മാത്രം ജീവിച്ച തങ്ങള്‍ തന്റെ ആയുസ്സിന്റെ പകുതി കാലം- ചുരുങ്ങിയത് മൂന്നര ദശകം- കോഴിക്കോട് സിറ്റി മുസ്‌ലിം ലീഗ് പ്രസിഡണ്ടായും പിന്നീട് മലബാര്‍ ജില്ലാ ലീഗ് പ്രസിഡണ്ടായും കേരളപ്പിറവിക്ക് ശേഷം കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡണ്ടായും ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. തങ്ങളവര്‍കള്‍ രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല. മറിച്ച് മത- സാമൂഹ്യ - വിദ്യാഭ്യാസ മേഖലകളില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച ഉജ്വലമായ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു. ദീനീനിഷ്ഠയും വിശാലവീക്ഷണവും തങ്ങളവര്‍കളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. ഈ സവിശേഷതകളില്‍ നിന്നുയിര്‍കൊണ്ട അസാധാരണമായ ഉള്‍ക്കാഴ്ചയും ഉള്‍ക്കരുത്തും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത തങ്ങളവര്‍കളുടെ ബഹുമുഖ പ്രവര്‍ത്തനങ്ങളെ ഉജ്ജ്വലമാക്കി.
ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. ഈ പ്രസവത്തില്‍ ഒരുപാട് രക്തം വാര്‍ന്നു പോയിരുന്നു. പണ്ടുകാലത്ത് നിരവധി കൊച്ചുകൊച്ചു നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന നമ്മുടെ ഇന്ത്യ വിഭക്തമായാണ് സ്വതന്ത്രയായത്. പക്ഷേ, ഇന്ത്യാ വിഭജനത്തിന്റെ പാപക്കുരിശ് ഏകപക്ഷീയമായി മുസ്‌ലിം ലീഗിന്റെ പിരടിയില്‍ കെട്ടിയേല്‍പിക്കാനുള്ള ശ്രമങ്ങളാണ് അക്കാലത്ത് വളരെ സജീവമായി നടന്നത്. സത്യത്തില്‍ വികലാംഗ ശിശു പിറന്നതിന് ദമ്പതിമാര്‍ പരസ്പരം പഴി ചാരുന്നതുപോലുള്ള വര്‍ത്തമാനമാണിത്. വിഭജനം ഒരു തെറ്റായിരുന്നുവെങ്കില്‍ അതില്‍ ത്രികക്ഷി പങ്കാളിത്തമുണ്ടെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. (1) ഭിന്നിപ്പിച്ച് ഭരിക്കല്‍ (Divide and rule) എന്ന രീതി അടിസ്ഥാനമാക്കി അന്നിവിടെ നാട് ഭരിച്ച ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റ്. (2) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. (3) സര്‍വേന്ത്യാ മുസ്‌ലിം ലീഗ്.
എന്നാല്‍ വിഭജനത്തിനുത്തരവാദി മുസ്‌ലിം ലീഗും അതുവഴി പരോക്ഷമായി മുസ്‌ലിംകളുമാണെന്ന പ്രചണ്ഡ പ്രചാരവേല മുസ്‌ലിംകളില്‍ അപകര്‍ഷതാ ബോധം വളര്‍ത്താനും മറ്റുള്ളവര്‍ക്ക് മുസ്‌ലിംകളുടെ നേരെ കടുത്ത വെറുപ്പുണ്ടാക്കാനും ഇടയാക്കി. ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളില്‍ മുസ്‌ലിം വിരുദ്ധ കലാപങ്ങളുണ്ടായതിനും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും മുഖ്യഹേതു മേല്‍ചൊന്ന തെറ്റായ പ്രചരണമാണ്. പാവപ്പെട്ട പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ മതപരിത്യാഗികളായിത്തീരാന്‍ വരെ ഇത് ഇടയാക്കി.
ഉത്തരേന്ത്യയിലെ ഇതേ സാമൂഹ്യാവസ്ഥ കേരളത്തിലുണ്ടായിരുന്നില്ലെങ്കിലും അതിന്റെ സ്വാധീനം ഇവിടെയുമുണ്ടായിരുന്നു. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യ വിഭജനത്തിന്റെ പ്രശ്‌ന സങ്കീര്‍ണതകള്‍ വളരെയൊന്നും അനുഭവിച്ചിട്ടില്ലെങ്കിലും തീവ്രമായ കുപ്രചാരണങ്ങള്‍ ഇവിടെയുമുണ്ടായിരുന്നു.
കേരളത്തിന്ന്, വിശിഷ്യാ മലബാറിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. അറബികളുമായി അവര്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന വ്യാപാര സമ്പര്‍ക്കങ്ങളായിരുന്നു അത്. അറേബ്യയില്‍ നിന്ന് നേരിട്ട് വളരെ നേരത്തെ ഇസ്‌ലാം ഇവിടെയെത്തിയതും പ്രചരിച്ചതും അങ്ങനെയായിരുന്നു. ളാദ് എന്ന ഉച്ഛാരണം പ്രയാസകരമായ അറബി അക്ഷരം ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് സ്ഫുടമായി ഉച്ഛരിക്കാന്‍ മലയാളി മുസ്‌ലിംകള്‍ക്ക് സാധിക്കുന്നത് ഈ അറബ് ബന്ധത്തിന്റെ സ്വാധീനം കുറിക്കുന്നു. മലയാള ഭാഷയിലും മലയാള സംസ്‌കാരത്തിലുമുള്ള അറബ്‌സ്വാധീനവും ഇതിന്റെ നിദര്‍ശനമാണ്. ഈ അറേബ്യന്‍ പാരമ്പര്യത്തിന്റെയും സ്വാധീനത്തിന്റെയും തുടര്‍ച്ചയാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ലോകത്തിലെ വിവിധ ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ അറേബ്യന്‍ മുസ്‌ലിം വ്യാപാരികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
ഇതേ പാരമ്പര്യമനുസരിച്ച് മികവാര്‍ന്നതും മാതൃകാപരവുമായ ഒരു കച്ചവടപാരമ്പര്യവും സംസ്‌കാരവുമാണ് ബാഫഖി തങ്ങളുടേതും. മികച്ച കച്ചവടക്കാര്‍ ആദാന പ്രദാന പ്രക്രിയകളിലും ആളുകളുമായി ഇണങ്ങുന്നതിലും മറ്റാരേക്കാളും കേമന്മാരായിരിക്കും. വിശിഷ്യാ ഇസ്‌ലാമിന്റെ കച്ചവട തത്ത്വങ്ങള്‍ (Business ethics) സ്വാംശീകരിച്ചവര്‍ ഇതില്‍ കുറേകൂടി ഉന്നത നിലവാരം പുലര്‍ത്തും. മര്‍ഹൂം സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളില്‍ ഇത് തികച്ചും പുലര്‍ന്നിരുന്നു. കെ.എം സീതി സാഹിബിന്റെ പ്രേരണയും പ്രോല്‍സാഹനവും ഇതിനെ ത്വരിതപ്പെടുത്തി. 1942-ല്‍  കോഴിക്കോട് നഗരസഭക്ക് ഒരു നോമിനേറ്റഡ് കൗണ്‍സില്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കൊയിലാണ്ടിക്കാരനായ ബാഫഖി തങ്ങളും അതിലൊരംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. എം.വി ഹൈദ്രോസ് വക്കീല്‍, പി.പി ഹസ്സന്‍കോയ, കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി, പി.ഐ അഹമ്മദ് കോയ ഹാജി മുതലായവരായിരുന്നു മറ്റ് കൗണ്‍സിലര്‍മാരില്‍ ചിലര്‍. കെ.വി സൂര്യനാരായണയ്യര്‍ ചെയര്‍മാനും. ഇതേ വര്‍ഷത്തില്‍ മലബാര്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ, കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ, ഹിമായത്തുല്‍ ഇസ്‌ലാം സഭ തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പിലും അദ്ദേഹം വ്യാപൃതനായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ജീവനാഡിയായും അദ്ദേഹം വര്‍ത്തിച്ചു. മുസ്‌ലിംകളുടെ വിഷയങ്ങളും വാര്‍ത്തകളും പരമാവധി തമസ്‌കരിക്കുകയും വക്രീകരിക്കുകയും ചെയ്ത ആ നാളുകളില്‍ ചന്ദ്രിക മാത്രമായിരുന്നു മുസ്‌ലിംകളുടെ വിഷയങ്ങള്‍ ഒരളവോളമെങ്കിലും പ്രകാശനം ചെയ്തത്. ആകയാല്‍ ചന്ദ്രികയുടെ കാര്യത്തില്‍ തങ്ങള്‍ പുലര്‍ത്തിയ വലിയ താല്‍പര്യം വളരെ പ്രസക്തമായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം 1948-ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗായി പരിണമിച്ചു. പക്ഷേ വിഭജനത്തിന് ഉത്തരവാദികളെന്നും വര്‍ഗീയവാദികളെന്നും മറ്റും ആക്ഷേപിച്ച് മുസ്‌ലിം ലീഗിനെ രാഷ്ട്രീയ രംഗത്തുനിന്ന് അകറ്റാനും ഒറ്റപ്പെടുത്താനുമായിരുന്നു എല്ലാവരുടെയും ശ്രമം. കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ വളരെയേറെ തീവ്രത പുലര്‍ത്തുകയും ചെയ്തു. ദേശീയ മുസ്‌ലിംകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള കോണ്‍ഗ്രസ്സിലെ മുസ്‌ലിം നേതാക്കള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയോടെ ലീഗ് വിരോധം പ്രസരിപ്പിച്ചുകൊണ്ടേയിരുന്നു. മുസ്‌ലിം ലീഗിനേയും മറ്റു ഇസ്‌ലാമിക കൂട്ടായ്മകളെയും രൂക്ഷമായി എതിര്‍ത്താലേ അവര്‍ക്ക് കോണ്‍ഗ്രസ്സിനുള്ളില്‍ അല്‍പമെങ്കിലും പരിഗണന ലഭിക്കുമായിരുന്നുള്ളൂ. പോരെങ്കില്‍ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ലയിക്കുന്നതിനെച്ചൊല്ലി നൈസാമും ഇന്ത്യാ ഗവര്‍ണ്‍മെന്റും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് ഒടുവില്‍ ഇന്ത്യന്‍ പട്ടാളം ഹൈദരാബാദിലേക്ക് കടക്കാനും  ഹൈദരാബാദിനെ ഇന്ത്യയില്‍ ലയിപ്പിക്കാനും നൈസാമിനെ നിര്‍ബന്ധിതനാക്കി. ഈ ഘട്ടത്തില്‍ കാര്യകാരണ ബന്ധമൊന്നുമില്ലാതെ മലബാറിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. മുസ്‌ലിംകളെ അകാരണമായി സംശയ ദൃഷ്ട്യാ നിരീക്ഷിക്കാനാണ് കോണ്‍ഗ്രസ്സ് ഗവര്‍ണ്‍മെന്റ് പിന്നീട് പലപ്പോഴുമെന്ന പോലെ അന്നും തുനിഞ്ഞത്. ബാഫഖി തങ്ങളുടെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറും കോണ്‍ഗ്രസ്സ് നേതാക്കളും മുസ്‌ലിം ലീഗിനോട് വളരെയേറെ ശത്രുതാപരമായാണ് പെരുമാറിയതെന്ന് പഴയകാല ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധപൂര്‍വം പറയാറുണ്ട്. ഇന്ത്യാ വിഭജനത്തോടെ ഭീരുത്വംകൊണ്ടും പ്രചണ്ഡ പ്രചാരവേലയാല്‍ ഉണ്ടായിത്തീര്‍ന്ന അപകര്‍ഷതാ ബോധത്താലും പലരും ലീഗ് വിട്ടിരുന്നു. പ്രമുഖനായ പി.പി ഹസ്സന്‍ കോയയെ പോലെ പലരും മുസ്‌ലിം ലീഗില്‍ നിന്ന് രാജി വെച്ചു. മദ്രാസ് അസംബ്ലിയിലെ 9 ലീഗ് എം.എല്‍.എ മാര്‍ ഒറ്റയടിക്ക് രാജിവെച്ചു. ദര്‍ഗകളിലെ ഹരിതവര്‍ണ കൊടിപോലും കാണുന്ന മാത്രയില്‍ കലി തുള്ളുന്നവരായിരുന്നു ഇവിടം ഭരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍. ഈ സന്നിഗ്ദ ഘട്ടത്തിലാണ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ അനിതര സാധാരണമായ നേതൃശേഷിയും ആര്‍ജവവും വെളിവായത്.
സ്വാതന്ത്ര്യാനന്തരം 1952-ല്‍ നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പില്‍ ബാഫഖി തങ്ങളുടെ പക്വതയാര്‍ന്ന നേതൃത്വത്തിന്‍ കീഴില്‍ സാഹചര്യം തികച്ചും പ്രതികൂലമായിരുന്നു. സൗകര്യം വളരെ കുറവായിരുന്നിട്ടും മുസ്‌ലിം ലീഗ് ഏതാനും സീറ്റുകളില്‍ മത്സരിച്ചത് തങ്ങളുടെ നേതൃപാടവത്തിന്റെ ഉരക്കല്ല് തന്നെയായിരുന്നു. കഷ്ടനഷ്ടങ്ങള്‍ ഏറെ സഹിച്ചിട്ടാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായി പങ്കെടുക്കണമെന്നായിരുന്നു ബാഫഖി തങ്ങളുടെ ഉറച്ച അഭിപ്രായം. ഏതാനും നിയോജക മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തി മത്സരിക്കാനും മറ്റിടങ്ങളില്‍ അനുയോജ്യരായ കക്ഷിരഹിതര്‍ക്ക് പിന്തുണ നല്‍കാനും തീരുമാനിച്ചു. ഭരണം കൈയാളുന്ന ഭരണകൂടത്തിന്റെ സകല സൗകര്യങ്ങളുമുള്ള കോണ്‍ഗ്രസ്സിനെ ശക്തമായിട്ടെതിര്‍ക്കുക എന്നതായിരുന്നു ഈ തീരുമാനത്തിന്റെ ആകസാരം. വടകരയില്‍ കോണ്‍ഗ്രസ്സിനെതിരെ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥിയായ കേളോത്ത് മൊയ്തുഹാജിയെ ലീഗ് പിന്തുണച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ്സിന്റെ കോഴിപ്പുറത്ത് മാധവമേനോനെതിരെ പ്രമുഖ അഭിഭാഷകനായ ടി.സി കരുണാകരന്‍ എന്ന സ്വതന്ത്രനെയാണ് ലീഗ് വളരെ സജീവമായി പിന്തുണച്ചത്. രണ്ടിടത്തും ബാഫഖി തങ്ങളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഫലമായി കോണ്‍ഗ്രസ്സ് തോറ്റു. മുസ്‌ലിം ലീഗിന്റെ ഒരു എം.പി യും അഞ്ച് എം.എല്‍.എ മാരും മലബാറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മദിരാശി അസംബ്ലിയില്‍ കോണ്‍ഗ്രസ്സിന് ഒറ്റക്ക് ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ സി. രാജഗോപാലാചാരി ലീഗിന്റെ പിന്തുണ തേടി. ലീഗ് നിരുപാധിക പിന്തുണ രാജാജി സര്‍ക്കാറിന് നല്‍കുകയും ചെയ്തുകൊണ്ട് ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനോട് മധുരമായ പ്രതികാരം (Noble revenge) നിര്‍വഹിക്കുകയായിരുന്നു. കേരള സംസ്ഥാന പിറവിക്ക് ശേഷം വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ലീഗിനെ അടുപ്പിച്ചില്ല. ലീഗ് സോഷ്യലിസ്റ്റ് നേതാവ് കെ.ബി മേനോനുമായി ചര്‍ച്ച നടത്തി. ലീഗും പി.എസ്.പി യും തമ്മില്‍ ധാരണയായി. ഈ തെരഞ്ഞെടുപ്പ് സഖ്യത്തിനെതിരെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു വരെ ശക്തമായി രംഗത്ത് വന്നു. ഒടുവില്‍ കോണ്‍ഗ്രസ് കനത്ത വില കൊടുക്കേണ്ടിവന്നു. തിരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ് ഗവര്‍ണ്‍മെന്റ് ഉണ്ടാവുകയെന്ന ലോകത്തിലെ ആദ്യ സംഭവം നടന്നു.
1959 ല്‍ ഇ.എം.എസ് മന്ത്രിസഭക്കെതിരെ പ്രക്ഷോഭ സമരങ്ങള്‍ ഉണ്ടായി. പി.എസ്.പി - ലീഗ്- കോണ്‍ഗ്രസ്സ് കക്ഷികളുടെ നേതൃത്വത്തില്‍, നേരിയ ഭൂരിപക്ഷത്തില്‍ തുടരുന്ന ഇ.എം.എസ് മന്ത്രിസഭക്കെതിരായ വിമോചന സമരം കാരണമായി ഒടുവില്‍ ഭരണ ഘടനയിലെ 356 ാം വകുപ്പ് പ്രയോഗിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവം ഉണ്ടായി. വിമോചന സമരം ലീഗ് കോണ്‍ഗ്രസ്സ് സഹകരണത്തിന് വേദിയൊരുക്കി. കോണ്‍ഗ്രസ്സിനുള്ളില്‍ പലരും കടുത്ത ലീഗ് വിരോധികളാണെങ്കിലും രാഷ്ട്രീയ കാലാവസ്ഥയും ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ലീഗെടുത്ത പക്വവും ചടുലവുമായ നയനിലപാടുകളും കോണ്‍ഗ്രസ്സിനെ അത്തരമൊരവസ്ഥയിലെത്തിക്കുകയായിരുന്നു. ബാഫഖി തങ്ങളുടെ മാസ്മരിക വ്യക്തിത്വത്തിന്‍ കീഴില്‍ മുസ്‌ലിം ലീഗ് എല്ലാ കടമ്പകളെയും അതിജീവിച്ച് മുന്നേറുകയായിരുന്നു.
1960 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.എസ്.പി ലീഗ്- കോണ്‍ഗ്രസ്സ് മുക്കൂട്ട് മുന്നണി 94 സീറ്റ് നേടി. മുസ്‌ലിംലീഗ് മത്സരിച്ച 12 സീറ്റുകളില്‍ പതിനൊന്നും വിജയിച്ചു. നേരത്തെ 43 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 63 സീറ്റ് കിട്ടി. മുസ്‌ലിംലീഗിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു ഇതിന്ന് സഹായകമായത്. കോണ്‍ഗ്രസ്സില്‍ ഇപ്പോഴെന്നപോലെ അന്നും പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍.എസ്.എസുമായി അകത്ത് കത്തിയും പുറത്ത് പത്തിയുമായി കഴിയുന്ന പലരും ലീഗിനെ ഉള്ളഴിഞ്ഞ് പിന്തുണക്കാറില്ല. തക്കം കിട്ടുമ്പോള്‍ ലീഗിനെ ഭര്‍ത്സിക്കാനും തകര്‍ക്കാനും ശ്രമിക്കാറുമുണ്ട്. പക്ഷേ, ബാഫഖി തങ്ങള്‍ ഇതിനെ തന്ത്രപൂര്‍വം നേരിട്ടുകൊണ്ട് കോണ്‍ഗ്രസ്സിലെ നല്ലൊരു വിഭാഗത്തിന്റെ മനം കവരുന്നതിലും അത് മുസ്‌ലിം രാഷ്ട്രീയത്തിന്നനുഗുണമാക്കുന്നതിലുമാണ് ശ്രദ്ധിച്ചത്. പകയുടെയും ചതിയുടെയും രാഷ്ട്രീയം അദ്ദേഹത്തിനന്യമായിരുന്നു. തങ്ങള്‍ അന്ന് അനുവര്‍ത്തിച്ച രാഷ്ട്രീയ സത്യസന്ധതയാണ് മുന്നണി രാഷ്ട്രീയത്തില്‍ ഇന്നും മുസ്‌ലിം ലീഗിന് സ്വീകാര്യത നിലനിര്‍ത്തുന്നത്. ''മുസ്‌ലിം ലീഗ് മല്‍സരിക്കുന്നത് 126 മണ്ഡലങ്ങളിലാണ്. അഥവാ കേരളത്തിലെ 126 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന ത്രികക്ഷി സഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ഥികളാണ്. ആ അര്‍ഥം മനസ്സില്‍ വെച്ചുകൊണ്ട് സഖ്യകക്ഷി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.'' ഇതായിരുന്നു ബാഫഖി തങ്ങളുടെ ആഹ്വാനം. മുസ്‌ലിം ലീഗിന്ന് അയിത്തം കല്‍പിച്ചവര്‍ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരാകും വിധം ലീഗിനെ വിവേകപൂര്‍വം നയിച്ച ബാഫഖി തങ്ങളുടെ നേതൃത്വം മുസ്‌ലിംകളിലും ആവേശമുണ്ടാക്കി. നേരത്തെ ലീഗിനെ എതിര്‍ത്തിരുന്നവരും ഭീരുത്വം കാരണം അകന്ന് കഴിഞ്ഞവരും ലീഗിലേക്ക് കടന്നുവരാന്‍ തുടങ്ങി. ബാഫഖി തങ്ങള്‍ വളര്‍ത്തിയെടുത്ത സി.എച്ച് മുഹമ്മദ് കോയയുടെയും മറ്റും പ്രഭാഷണങ്ങള്‍ കേരള മുസ്‌ലിംകളെ അപകര്‍ഷതാ ബോധത്തില്‍ നിന്നും വിമുക്തരാക്കി. എത്രത്തോളമെന്നാല്‍  കോണ്‍ഗ്രസ്സ് അനുകൂല പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസും  ടൈംസ് ഓഫ് ഇന്ത്യയും ന്യൂഡല്‍ഹിയില്‍ നിന്നിറങ്ങുന്ന  സ്റ്റേറ്റ്‌സ്മാന്‍ പത്രവും മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തി അടയാളപ്പെടുത്തിക്കൊണ്ട് മുഖ പ്രസംഗമെഴുതി. മുസ്‌ലിം ലീഗിനെ എതിര്‍ക്കുന്നതില്‍ ഒരു പിശുക്കും കാണിക്കാത്ത മാതൃഭൂമി തങ്ങളുടെ മുഖ പ്രസംഗത്തില്‍ ഇങ്ങനെയെഴുതി:
''കോണ്‍ഗ്രസ്സിനോടും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയോടും ആത്മാര്‍ഥമായ ഒരു ഒത്തുതീര്‍പ്പിലൂടെ ഒന്നിച്ച് നിന്ന് കമ്മ്യൂണിസത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിടിയില്‍നിന്ന് കേരളത്തെയും അതുവഴി ഭാരതത്തെയും സംരക്ഷിച്ചുകൊണ്ടു നടന്ന വിമോചന സമരത്തിലും അതിന്റെ വിജയകരമായ പര്യവസാനത്തിലും ഇടക്കാല തെരഞ്ഞെടുപ്പിലും മുസ്‌ലിംകള്‍ വഹിച്ച മഹത്തായ പങ്കിന്ന് കമ്മ്യൂണിസ്റ്റേതര വൃത്തങ്ങളില്‍ പരക്കെ അംഗീകാരം ലഭിച്ചു കാണുന്നുണ്ട്. മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ സംഘടനയാണെന്നുള്ള പഴയ വാദഗതി ആവര്‍ത്തിക്കുന്നത് കേരളത്തിലെ വലിയ ഒരു വിഭാഗം ജനങ്ങളെ അവഹേളിക്കലാകും. ആരെന്തു പറഞ്ഞാലും ആയിരക്കണക്കിന് മുസ്‌ലിംകള്‍ മുസ്‌ലിം ലീഗ് തങ്ങളുടെ സമുദായ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന കക്ഷിയാണെന്ന് ഹൃദയപൂര്‍വം വിശ്വസിക്കുന്നു.'' (മാതൃഭൂമി 10.2.1960) (സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ എം.സി വടകര- പേജ് 126)
മുസ്‌ലിം ലീഗിനെ പരമ പുഛത്തോടെ ''ചത്തകുതിര''യെന്നും മറ്റും വിശേഷിപ്പിച്ച നെഹ്‌റുവിന്റെ കോണ്‍ഗ്രസ്സ് വീണ്ടും അതിന്റെ തനിനിറം കാണിച്ചു. ഒന്നിച്ച് മത്സരിച്ച ലീഗിനെ മന്ത്രിസഭയിലെടുക്കില്ലെന്നതായിരുന്നു കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിലപാട്. വിഭജനത്തിന്റെ നാളുകളില്‍ നിലനിന്ന ഹിന്ദു മുസ്‌ലിം ഭിന്നതയെ ചെറുക്കാന്‍ ഹിന്ദു- മുസ്‌ലിം ഐക്യമാണ് വേണ്ടതെന്നായിരുന്നു ബാഫഖി തങ്ങളുടെ സുചിന്തിത വീക്ഷണം. പക്ഷേ വിശാലമായ ഹിന്ദു മുസ്‌ലിം ഐക്യം അസാധ്യമാക്കുന്നതായിരുന്നു കോണ്‍: ഹൈക്കമാന്റ് നിലപാട്. മുന്നണി മര്യാദക്ക് ഒട്ടും ചേരാത്ത കോണ്‍ഗ്രസ്സ് നിലപാടിനെ ഘടക കക്ഷിയായ പി.എസ്.പി അങ്ങേയറ്റം എതിര്‍ത്തിരുന്നു. ഒടുവില്‍ ബാഫഖി തങ്ങളുടെ ഉപദേശ പ്രകാരം മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി പി.എസ്.പി യുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനും അതിനെ പിന്തുണക്കാനും  തീരുമാനിച്ചു. പി.എസ്.പി യുടെ കൂടി നിര്‍ദേശപ്രകാരം ലീഗ് സ്പീക്കര്‍ പദവി സ്വീകരിച്ചു. ഈ ഘട്ടത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച വിട്ടു വീഴ്ച പ്രത്യക്ഷത്തില്‍ അപമാനകരമായിരുന്നുവെങ്കിലും ഒരര്‍ഥത്തില്‍ അതൊരു 'ഹുദൈബിയാ സന്ധി'യായിരുന്നു. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം വലിയ വിജയത്തിന്റെ ഒരു തുടക്കമായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിക്കു മുമ്പില്‍ അനുയായികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ച ഇതര കക്ഷികളും പത്രങ്ങളും ഇത്തിരി അമ്പരപ്പോടെയാണ് വീക്ഷിച്ചത്. ഈ ഘട്ടത്തില്‍ കര്‍ണാടകയിലെയും മദ്രാസിലെയും പല മുസ്‌ലിം നേതാക്കളും ബാഫഖി തങ്ങളെ സന്ദര്‍ശിച്ചു. ബാഫഖി തങ്ങളുടെ പക്വതയും ദീര്‍ഘ വീക്ഷണവും സമുദായ സ്‌നേഹവും അവരില്‍ മതിപ്പുളവാക്കി. തമിഴ്‌നാട്ടില്‍ തങ്ങള്‍ ഒരു പര്യടനവും നടത്തി.
1961 ഏപ്രിലില്‍ സീതി സാഹിബ് നിര്യാതനായി. തുടര്‍ന്ന് സ്പീക്കറായി സി.എച്ച് മുഹമ്മദ് കോയ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ മുസ്‌ലിം ലീഗ് അംഗത്വം മുന്‍കൂട്ടി രാജിവെക്കണമെന്ന അസാധാരണ നിര്‍ദേശം കോണ്‍ഗ്രസ്സ് മുന്നോട്ട് വെച്ചു. ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും ചേര്‍ന്ന് ആ വിട്ടുവീഴ്ചയും ചെയ്തു. ജനാധിപത്യ സംരക്ഷണവും ഉറച്ച ഭരണവും സുസാധ്യമാക്കാനായിരുന്നു ഈ തീരുമാനം. മറുവശത്ത് കോണ്‍ഗ്രസ്സിന്റെ മര്യാദയില്ലായ്മ ബഹുജനങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമാകാനും ലീഗിന്റെ മുന്നണി മര്യാദയും വിട്ടുവീഴ്ചയും രാജ്യസ്‌നേഹവും ജനാധിപത്യ വിശ്വാസികള്‍ക്ക് ബോധ്യമാകാനും ഇത് ഇടയാക്കി. ഒരടി പിന്മാറിക്കൊണ്ട് നാലടി മുന്നേറുക എന്ന തന്ത്രവും ഇതിലുണ്ടായിരുന്നു. ബാഫഖി തങ്ങളുടെ ആജ്ഞാ ശക്തിയും വിവേകവും പക്വതയുമൊക്കെ ഉള്‍ചേര്‍ന്ന നേതൃത്വം അണികളെ അച്ചടക്കപൂര്‍വം ഒതുക്കി നിര്‍ത്താന്‍ ഏറെ തുണച്ചു. തങ്ങളുടെ നിര്‍ദേശോപദേശങ്ങള്‍ അന്തിമ വിശകലനത്തില്‍ വളരെ വിജയകരമാകുമെന്ന ബോധ്യം ലീഗണികള്‍ക്കുണ്ടായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഇങ്ങനെ ഒരു നേതൃത്വമോ അനുയായി വൃന്ദമോ അന്ന് മറ്റാര്‍ക്കുമുണ്ടായിരുന്നില്ല.
''തൊപ്പി ഊരിയെറിഞ്ഞിട്ടും ലുങ്കി മാറിയുടുത്തിട്ടും കിട്ടിയതെന്തേ സ്പീക്കര്‍ സ്ഥാനം, റാഹത്തായില്ലേ?'' എന്ന് ലീഗ് വിരോധികളും മാര്‍ക്‌സിസ്റ്റുകളും നാടെങ്ങും പരിഹസിച്ചപ്പോഴും അണികള്‍ ചിതറാതെ, പതറാതെ തങ്ങള്‍ക്കു പിന്നില്‍ അച്ചടക്കപൂര്‍വം ഉറച്ചു നിന്നത് പ്രതിയോഗികളെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുകയുണ്ടായി.
കോണ്‍ഗ്രസ്സിന്റെ നന്ദികെട്ട പ്രകൃതം പിന്നെയും പുറത്തു വന്നു. 1962 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ലീഗിനെ ഒറ്റപ്പെടുത്തുകയും ചെയ്തു. ബാഫഖി തങ്ങളും ഖാഇദെ മില്ലത്തും സന്നിഹിതരായ ലീഗ് നേതൃയോഗം ത്രികക്ഷി സഖ്യം അവസാനിപ്പിക്കാനും സ്പീക്കര്‍ സ്ഥാനം രാജിവെക്കാനും തീരുമാനിച്ചു. തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. ബാഫഖി തങ്ങളാണ് ഇതിന്നുള്ള കരുനീക്കങ്ങള്‍ നടത്തിയത്. ലീഗ് സ്വന്തത്തില്‍ മൂന്ന് സീറ്റുകളില്‍ മല്‍സരിച്ചു. (കോഴിക്കോട്, മഞ്ചേരി, പൊന്നാനി) വടകര, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നാല് സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്തു. സഖ്യമില്ലാതെ ഒറ്റക്ക് മല്‍സരിച്ചപ്പോള്‍ ലീഗിന്റെ പാര്‍ലമെന്റ് സീറ്റ് ഒന്നില്‍ നിന്ന് രണ്ടായി ഉയര്‍ന്നു. ലീഗ് പിന്തുണച്ച രണ്ട് സ്വതന്ത്രന്മാര്‍ വടകരയിലും തലശ്ശേരിയിലും ജയിക്കുകയും ചെയ്തു. എസ്.കെ പൊറ്റക്കാട് ഈ വിഷയത്തില്‍ ബാഫഖി തങ്ങളുടെ ദീര്‍ഘദൃഷ്ടിയും ആര്‍ജവവും പ്രശംസനീയമായിരുന്നുവെന്ന് പ്രത്യേകം എടുത്തോതിയിട്ടുണ്ട്.
ബാഫഖി തങ്ങള്‍ കോണ്‍ഗ്രസ്സിനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. 1965-ല്‍ കമ്മ്യൂണിസ്റ്റുകളുമായും സോഷ്യലിസ്റ്റുകളുമായും നീക്കുപോക്കുകളുണ്ടാക്കി. കോണ്‍ഗ്രസ്സിന്റെ സീറ്റ് 63-ല്‍ നിന്ന് മുപ്പത്തിയഞ്ചായി ചുരുങ്ങി. കോണ്‍ഗ്രസ്സ് ഇതര കക്ഷികള്‍ക്ക് 97 സീറ്റുകള്‍ കിട്ടിയെങ്കിലും നിയമസഭ ചേരുകയോ മന്ത്രിസഭ രൂപീകരിക്കുകയോ ഉണ്ടായില്ല. മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, സി.പി.ഐ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങി 7 കക്ഷികളുടെ മുന്നണി 1967-ല്‍ മല്‍സരിച്ചു. മുന്നണിക്ക് ആകെ 117 സീറ്റ് കിട്ടി. ലീഗിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. ആകെ മല്‍സരിച്ച 15 ല്‍ 14 സീറ്റും ലഭിച്ചു. ആദ്യമായി ലീഗിന്ന് രണ്ട് മന്ത്രിമാരുണ്ടായി. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും. കോണ്‍ഗ്രസ്സ് കേവലം 9 സീറ്റില്‍ ഒതുങ്ങി. ബാഫഖി തങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അവരെ പാഠം പഠിപ്പിച്ചു.
പക്ഷേ, ഇ.എം.എസ് മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയില്ല. മുന്നണി മര്യാദയുടെ ഭാഗമായ വാഗ്ദത്തപാലനം  നടത്താതെ, ഘടക കക്ഷികളെ വെറുപ്പിക്കുന്ന പണിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയത്. മുന്നണിയെ നില നിര്‍ത്താന്‍ ചില അനുരഞ്ജന ശ്രമങ്ങള്‍ തങ്ങള്‍ നടത്തി. കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായി തങ്ങള്‍ മാറിയ നാളുകളായിരുന്നു അത്. 32 മാസം പ്രായമായ മന്ത്രിസഭ നിലംപൊത്തി.
തുടര്‍ന്ന് 1969 നവംബര്‍ ഒന്നാം തിയ്യതി സി. അച്ചുതമേനോന്റെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ നിലവില്‍ വരുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പന്ത്രണ്ട് വര്‍ഷക്കാലം അധികാരത്തിലേറാന്‍ പറ്റിയില്ല. ഇ.എം.എസ് പിന്നെ മുഖ്യമന്ത്രിയായതുമില്ല. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക റോള്‍ വഹിച്ച തങ്ങള്‍ 1970-ലെ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിലും സജീവ പങ്ക് വഹിച്ചു.
ഖാഇദെ മില്ലത്തിന്റെ വിയോഗത്തോടെ 1972-ല്‍ തങ്ങള്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ പ്രസിഡണ്ടായി ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിനെ അഖിലേന്ത്യാ തലത്തില്‍ ശക്തിപ്പെടുത്താന്‍ വേണ്ടി സി.എച്ച് മുഹമ്മദ് കോയയെ പാര്‍ലമെന്റിലേക്ക് ഖാഇദെ മില്ലത്തിന്റെ ഒഴിവില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി അച്ചുതമേനോന്‍, കെ.കരുണാകരന്‍, ബേബി ജോണ്‍ തുടങ്ങി പലരും ബഹു: തങ്ങളില്‍ പല മാര്‍ഗേണ സമ്മര്‍ദം ചെലുത്തി. തങ്ങള്‍ വഴങ്ങിയില്ല. തങ്ങളുടെ ഇഛാശക്തിയുടെ ദാര്‍ഢ്യത പലര്‍ക്കും ബോധ്യം വന്ന നാളുകളായിരുന്നു അത്. മന്ത്രി സ്ഥാനത്തേക്കാളും വലുത് സമുദായത്തിന്റെയും പാര്‍ട്ടിയുടെയും വളര്‍ച്ചയുമാണെന്ന നിലപാടില്‍ തങ്ങള്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ഹജ്ജിന്ന് പോയ തങ്ങള്‍ ഹജ്ജിന്ന് ശേഷം 1973 ജനു: 19 ന് മരണപ്പെട്ടു.
കേരള മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ സാമൂഹ്യരംഗത്ത് അഭിമാനകരമായ സ്ഥാനം നേടിക്കൊടുക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു. ലീഗിന്റെ നേരെ പുലര്‍ത്തിയ അയിത്തം തന്ത്രപരമായി ഭേദിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. പി.എസ്.പിയുമായും കോണ്‍ഗ്രസ്സുമായും കമ്മ്യൂണിസ്റ്റുകാരുമായുമെല്ലാം മാറിമാറി സഖ്യത്തിലേര്‍പ്പെടുക വഴി ലീഗിനെതിരെ വര്‍ഗീയതയാരോപിക്കാനുള്ള പഴുതടക്കുകയും ലീഗിനെ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നതില്‍ വിജയിക്കുകയും ചെയ്തു. മുസ്‌ലിംലീഗിന്ന് ചില അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാമെങ്കിലും മുസ്‌ലിം പ്രശ്‌നങ്ങള്‍ ഒരളവോളം ഉയര്‍ത്തിക്കൊണ്ടുവരാനും സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ അധികൃത കേന്ദ്രങ്ങളില്‍ മുസ്‌ലിം ശബ്ദം പരിഗണിക്കപ്പെടാനും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് രാഷ്ട്രീയം സഹായിച്ചിട്ടുണ്ട്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കും ബാഫഖി തങ്ങളുടെ നേതൃത്വത്തിലുളള ലീഗ് രാഷ്ട്രീയം ഏറെ തുണച്ചുവെന്നതും അനിഷേധ്യ വസ്തുതയാണ്. ബഹുസ്വര സമൂഹത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രായോഗിക രാഷ്ട്രീയം കൈയാളുന്നതില്‍ തങ്ങള്‍ കാണിച്ച പ്രാഗത്ഭ്യം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് പഠന വിധേയമാക്കാവുന്നതാണ്. കച്ചവടക്കാരനായിക്കൊണ്ടു തന്നെ രാഷ്ട്രീയം കൈകാര്യം ചെയ്ത തങ്ങള്‍ രാഷ്ട്രീയത്തെ ഉപജീവനോപാധിയാക്കിയില്ലെന്ന് മാത്രമല്ല, അധികാരത്തിന്റെ ശീതളഛായ അനുഭവിക്കാനോ ഭരണ സ്വാധീനം സ്വാര്‍ഥമായി ദുരുപയോഗം ചെയ്യാനോ മിനക്കെടാതെ വളരെ ഉയര്‍ന്നു നിന്നുവെന്നതും സംസാരങ്ങളിലും സമീപനങ്ങളിലും നിലപാടുകളിലും സന്തുലിതത്വവും മിതത്വവും പാലിച്ചുവെന്നതും നമുക്ക് മാതൃകയാവേണ്ടതാണ്. ബാഫഖി തങ്ങള്‍ക്ക് ശേഷം അങ്ങനെയൊരു പക്വവും പ്രഗത്ഭവുമായ നേതൃത്വം ലീഗിന്നുണ്ടായിട്ടില്ലെന്ന നിഷ്പക്ഷമതികളുടെ നിരീക്ഷണം എളുപ്പം തള്ളിക്കളയാവുന്നതല്ല. തങ്ങള്‍ക്ക് ശേഷം ലീഗ് ആകെ ഒന്ന് ഉലഞ്ഞുവെന്നതും ലീഗിന്റെ ആദ്യകാല വിശുദ്ധിക്ക് ഗ്ലാനി സംഭവിച്ചുവെന്നുമുള്ള വിലയിരുത്തലില്‍ വസ്തുതയുണ്ട്. അഖിലേന്ത്യാ ലീഗും പിന്നീട് ഇന്ത്യന്‍ നാഷനല്‍ ലീഗും ഉണ്ടായത് പില്‍ക്കാല ലീഗ് നേതൃത്വങ്ങളുടെ നേതൃ ശേഷിക്കുറവിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ''ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍...'' എന്ന് പഴമക്കാരും സാത്വികരുമായ പല ലീഗുകാരും പലപ്പോഴും സങ്കടപ്പെട്ടിരുന്നതും തങ്ങളുടെ ''രാഷ്ട്രീയ കറാമത്തുകള്‍'' ഓര്‍ക്കുന്നതും വെറുതെയല്ല. തങ്ങള്‍ക്ക് ഒരു Celestial personality ഉണ്ടായിരുന്നുവെന്ന് അടുത്തിടപഴകിയ പലരും പറഞ്ഞിട്ടുണ്ട്. ഇന്ന് ലീഗിന്ന് ഒരുപാട് സൗകര്യങ്ങളുണ്ട്. ദീര്‍ഘ കാലമായി അധികാരത്തിന്റെ തണലുമുണ്ട്. സ്വാതന്ത്ര്യത്തിന്ന് ശേഷം ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കുമ്പോള്‍ ഇത്തരം സൗകര്യമൊന്നുമുണ്ടായിരുന്നില്ലെന്നതും സാഹചര്യം വളരെ പ്രതികൂലമായിരുന്നുവെന്നതും നാം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.                 
ബാഫഖി തങ്ങളുടെ രാഷ്ട്രീയ വ്യക്തിത്വം മാത്രം വിശകലനം ചെയ്ത് മതിയാക്കുന്നത് ശരിയായിരിക്കില്ല. തങ്ങള്‍ കേരള മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ കേരളീയ മുസ്‌ലിം സമൂഹം ഇന്നത്തേപ്പോലെയായിരുന്നില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്നു. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തങ്ങള്‍ വ്യക്തിപരമായി നിരവധി വിദ്യാര്‍ഥികള്‍ക്ക് സ്വന്തം വകയായി സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. സി.എച്ച്. മുഹമ്മദ് കോയാ സാഹിബ്, പ്രൊഫ. ടി. അബ്ദുല്ലാ സാഹിബ് ഉള്‍പ്പടെ പതിനാല് പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഒരേ സമയം നല്‍കിയിരുന്നതായി പ്രൊഫ. ടി.അബ്ദുല്ല സാഹിബ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ വേറെയും പലരെയും തങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജ് ഉള്‍പ്പടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും തങ്ങളുടെ പങ്ക് വലുതായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സംസ്ഥാപനത്തിലും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിക്കുന്നതിലും തങ്ങള്‍ നേതൃപരമായി പങ്ക് വഹിച്ചു. എം.ഇ.എസ്സ് സ്ഥാപിതമായ പ്രാരംഭകാലത്തും തങ്ങള്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.
മതരംഗത്ത് കേരള മുസ്‌ലിംകള്‍ രണ്ട് ധാരയായിരുന്നു. സുന്നികളും മുജാഹിദുകളും. ഇവര്‍ തമ്മില്‍ കടുത്ത ഭിന്നതയും അകല്‍ച്ചയുമായിരുന്നു. എന്നാല്‍ ഇവരെ രാഷ്ട്രീയ രംഗത്ത് മുസ്‌ലിം ലീഗിന്റെ പ്ലാറ്റ് ഫോമില്‍ ഒന്നിപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു.
മുസ്‌ലിം ലീഗ് നേതൃരംഗത്ത് ധാരാളം മുജാഹിദുകള്‍ ഉണ്ടായിരുന്നു. സുന്നികളും മുജാഹിദുകളും തമ്മിലുള്ള തര്‍ക്കം ഇന്നത്തേക്കാള്‍ വളരെ വളരെ രൂക്ഷമായിരുന്ന ആ കാലത്ത് സുന്നീ വീക്ഷണത്തോട് ചേര്‍ന്നു നില്‍ക്കുക മാത്രമല്ല അതില്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത തങ്ങള്‍ മുജാഹിദുകളുമായി വളരെയേറെ സഹകരിക്കകയും സഹിഷ്ണുതയോടെ പെരുമാറുകയും ചെയ്തു. മുജാഹിദുകളും സുന്നികളും ലീഗിന്റെ പ്ലാറ്റ് ഫോമില്‍ സഹകരിക്കാന്‍ തങ്ങളുടെ പക്വമായ നേതൃത്വം സാഹചര്യമൊരുക്കിയപ്പോള്‍ മുജാഹിദ്- സുന്നി തര്‍ക്കങ്ങളുടെ തീഷ്ണത അല്പമെങ്കിലും കുറക്കാന്‍ സാഹചര്യമുണ്ടായി (പിന്നീടുണ്ടായ ഗള്‍ഫ് കുടിയേറ്റവും ഹജ്ജ്, ഉംറ എന്നിവ സാര്‍വത്രികമായതും അറബി ഭാഷയുടെ പ്രചാരണവും അറബ്‌ ലോകവുമായുള്ള പ്രത്യക്ഷ-പരോക്ഷ സമ്പര്‍ക്കങ്ങളുമൊക്കെ കുറെ തര്‍ക്കങ്ങളുടെ തീഷ്ണത വളരെ കുറച്ചിട്ടുണ്ട്.) ലീഗിന്റെ പ്ലാറ്റ് ഫോമില്‍ എന്‍.വി. അബ്ദുല്‍ സലാം മൗലവി, കെ.എം. മൗലവി ഉള്‍പ്പടെ പല ഉല്‍പതിഷ്ണു പണ്ഡിതന്മാരുമായുണ്ടായ സജീവ സമ്പര്‍ക്കങ്ങള്‍ സ്വതവേ പക്വമതിയും വിശാലവീക്ഷണഗതിക്കാരനുമായ തങ്ങളിലും ചില രചനാത്മാക മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കാം. തങ്ങളവര്‍കള്‍ വളര്‍ത്തിയ സി.എച്ച്. മുഹമ്മദ് കോയ ഉള്‍പ്പടെ പലരും ഉല്‍പതിഷ്ണു പക്ഷത്തോട് ചേര്‍ന്നു നിന്നതിനെ തങ്ങള്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തിയിട്ടില്ല.

സമുദായത്തിലെ മതപരമായ തര്‍ക്കവിഷയങ്ങളില്‍ അദ്ദേഹത്തിന്ന് സ്വന്തമായ, നിലപാടുകളുമുണ്ടായിരുന്നു. സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗം ഭൗതിക വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണല്ലോ ചെയ്തത്. മഹാഭൂരിപക്ഷം മുസ്‌ലിംകളും സുന്നികളായ സ്ഥിതിക്ക് അവരെ പിണക്കാതിരിക്കുക എന്നത് പ്രായോഗിക രാഷ്ട്രീയ ബുദ്ധിയുടെ തേട്ടം തന്നെയാണ്. (അന്നത്തെ ഉത്പതിഷ്ണുക്കളുടെ പല നിലപാടുകളും പക്വമായിരുന്നില്ലെന്നതും ഒരു വസ്തുതയാണ്.) സുന്നികളെ പയ്യെ പയ്യെ അവരോട് ചേര്‍ന്നുനിന്നുകൊണ്ട് കൂടുതല്‍ നല്ല നിലപാടിലേക്ക് കൊണ്ടുവരിക എന്ന പ്രായോഗിക സമീപനം സ്വീകരിക്കുക, അവരെ പിണക്കി അകറ്റാതിരിക്കുക എന്നിങ്ങനെയുള്ള തങ്ങളുടെ നിലപാടാണ് മുസ്‌ലിം ലീഗിന്ന് ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ സഹായിച്ചത്.
ബാഫഖി തങ്ങളെപറ്റി പലരും രേഖപ്പെടുത്തിയ അഭിപ്രായം കാണുക: ബി.വി. അബ്ദുല്ലക്കോയ പറയുന്നു: ''ആദര്‍ശ ധീരതയില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ അഭിപ്രായത്തെ വിലയിരുത്തുവാനും അതനുസരിച്ച് പലപ്പോഴും തന്റെ ദൃഢാഭിപ്രായത്തെപോലും പാകപ്പെടുത്താനും അദ്ദേഹത്തിന്ന് സാധിച്ചിരുന്നു.'' (ബാഫഖി തങ്ങള്‍ സ്മാരക ഗ്രന്ഥം - ഗ്രീന്‍ഹൗസ് പബ്ലിക്കേഷന്‍സ്)
ബാഫഖി തങ്ങളുടെ സഹായവും പ്രോത്സാഹനവും ധാരാളമായി കിട്ടിയ മര്‍ഹും: പ്രൊഫ. ടി. അബ്ദുല്ല സാഹിബ് എഴുതുന്നു: ''മതപരമായ കാര്യങ്ങളില്‍ അദ്ദേഹം ഒരു തികഞ്ഞ സുന്നിയായിരുന്നുവെന്ന് വരികിലും വിശ്വാസപരമായി താനുമായി അഭിപ്രായ ഭിന്നതയുള്ളവരോട് അദ്ദേഹം തികച്ചും വിശാല മനസ്‌കതയോടും സഹിഷ്ണുതയോടും കൂടിത്തന്നെ എപ്പോഴും പെരുമാറിയിരുന്നു. മുജാഹിദ് വഭാഗത്തിലെ ഉന്നത പണ്ഡിതന്മാരായ മര്‍ഹും: കെ.എം. മൗലവി സാഹിബ്, ഇ.കെ. മൗലവി സാഹിബ് തുടങ്ങിയവരെ അദ്ദേഹം അങ്ങേയറ്റം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതായി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്തൊരു മുജാഹിദായ എം.കെ. ഹാജി സാഹിബ് അദ്ദേഹത്തിന്റെ ഒരാത്മമിത്രമായിരുന്നു. ഖുതുബ പരിഭാഷ, മതത്തില്‍ കടന്നുകൂടിയിട്ടുള്ള ശിര്‍ക്കുപരമായ കാര്യങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്ന് മുജാഹിദുകളോട് യോജിപ്പുണ്ടായിരുന്നു. മുജാഹിദുകള്‍ നടത്തുന്ന ഒരു സ്ഥാപനമായിട്ട് കൂടി തിരൂരങ്ങാടി യതീംഖാനയുടെ കാര്യത്തില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. (ബാഫഖി തങ്ങള്‍ സ്മാരക ഗ്രന്ഥം ഗ്രീന്‍ ഹൗസ് പബ്ലിക്കേഷന്‍സ്)
മര്‍ഹും സി. എന്‍. അഹ്മദ് മൗലവി എഴുതുന്നു: '' മറ്റു വിഷയങ്ങള്‍ എന്തൊക്കെയാണെങ്കിലും അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാമെന്ന് നമ്മുടെ സുന്നി പണ്ഡിതന്മാര്‍ പറയുന്നത് വളരെ കടുത്ത കയ്യായിപ്പോയി. ഖുര്‍ആനില്‍ എത്രയോ സ്ഥലങ്ങളില്‍ വ്യക്തമായ ഭാഷയില്‍തന്നെ അതാവര്‍ത്തിച്ച് നിരോധിച്ചിട്ടുണ്ടല്ലോ എന്ന് പരേതനായ ബാഫഖി തങ്ങള്‍ അവര്‍കള്‍ 1966-ല്‍ മക്കയില്‍വെച്ച് എന്നോട് തുറന്ന് പറഞ്ഞു.'' (പ്രബോധനം വാരിക 1974 ഒക്‌ടോബര്‍ 6)

സപ്ത വത്സരക്കാലം 'ചന്ദ്രിക'യില്‍ സഹ പത്രാധിപരായി സേവനമനുഷ്ഠിച്ച പി.കെ. ജമാല്‍ (മുന്‍ പ്രസിഡണ്ട്- കേരള ഇസ്‌ലാമിക് ഗ്രൂപ്പ്- കുവൈത്ത്) അനുസ്മരിക്കുന്ന ഒരനുഭവം ബാഫഖി തങ്ങളുടെ ഉന്നത നിലപാടും വിശാല വീക്ഷണവും വിളിച്ചോതുന്നതാണ്. ''ഒരു സായാഹ്നത്തില്‍ മാനേജിംഗ് എഡിറ്റര്‍ ടി.പി. കുട്ട്യാമു സാഹിബിന്റെ അധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്. യൂത്ത് ലീഗ് നോതാക്കള്‍ പി.കെ. മുഹമ്മദ്, കെ.കെ. മുഹമ്മദ്, എം.എസ്.എഫ് നേതാവ് കെ.പി. കുഞ്ഞിമ്മൂസ, റഹീം മേച്ചേരി, ഹകീം (കാനേഷ്) പൂനൂര്, സി.കെ. താനൂര്‍, ആറ്റക്കോയ പള്ളിക്കണ്ടി, പാലാട്ട് മൂസക്കോയ തുടങ്ങി എല്ലാവരുമുണ്ട്. ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ യോഗത്തിലേക്ക് കയറിവന്നു. ഓരോരുത്തരെയുമായി പരിചയപ്പെട്ടു. എന്റെ ഊഴമെത്തിയപ്പോള്‍ കുട്ട്യാമു സാഹിബ്: ''ജമാല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന്  പഠിച്ച് പുറത്ത് വന്നതാണ്.'' തങ്ങള്‍ തലയാട്ടി. ഞാനത് മറന്നു. തങ്ങള്‍ മറന്നില്ല. ഒരു മാസം കഴിഞ്ഞു കാണും തങ്ങള്‍ എന്നെ കുട്ട്യാമു സാഹിബിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ശാന്തപുരത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചും പഠന ക്രമത്തെക്കുറിച്ചും വിശദമായി അന്വേഷിച്ചു. നന്മക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.
ചേകനൂരിന്റെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ പൊളിച്ചെഴുതാന്‍ സിമ്പോസിയം നടത്തിയതിന്റെ പിറ്റേ ദിവസസമായിരുന്നു അത്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗത്ത് നിന്ന് വാദമുഖങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഒ. അബ്ദുറഹ്മാന്‍ (എ.ആര്‍), മറുഭാഗത്ത് പി.പരമേശ്വരന്‍, ജസ്റ്റിസ് ജാനകിയമ്മ, എന്‍.പി. മുഹമ്മദ്, തായാട്ട് ശങ്കരന്‍, മൂസ-എ. ബക്കര്‍, ചേകനൂര്‍, പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍ തുടങ്ങിയ അതികായന്മാര്‍. മുസ്‌ലിം സമൂഹത്തില്‍ നിന്ന് പേഴ്‌സണല്‍ ലോ വസ്തുതകള്‍ വിശദീകരിക്കാനും വിമര്‍ശനങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാനും ഇസ്‌ലാമിക സിവില്‍ ക്രിമിനല്‍ നിയമങ്ങളുടെ സത്യതയും സ്വഛതയും സാധുതയും സ്ഥാപിക്കാനും എ.ആര്‍ മാത്രം. എ.ആര്‍ കത്തിജ്ജ്വലിച്ചു. ആളിപ്പടര്‍ന്നു. എതിരാളികളെ അരിഞ്ഞുവീഴ്ത്തി. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്ന അത്..... ബാഫഖി തങ്ങള്‍ കുട്ട്യാമു സാഹിബിന്റെ നേരെ തിരിഞ്ഞു. ''ഞാന്‍ ഇന്നലെ കാറിലിരുന്ന് ഒരു പ്രസംഗം ശ്രവിച്ചു. ആ കുട്ടിയുടെ പ്രസംഗം വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് അതൊന്ന് കിട്ടണം. പരിപാടിയെക്കുറിച്ച് പത്രത്തില്‍ എഴുതണം. അന്ന് തന്നെ ''പ്രബോധന''ത്തില്‍ ആളയച്ച് തങ്ങള്‍ ആ കാസറ്റ് വരുത്തി പകര്‍ത്തി, നന്ദിയോടെ തിരിച്ചേല്‍പിച്ചു. ''മോഡണിസം-തുടക്കവും തകര്‍ച്ചയും'' എന്ന തലക്കെട്ടില്‍ പിറ്റേന്ന് ഒരു ലേഖനം 'ചന്ദ്രിക'യില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തങ്ങള്‍ ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു. സര്‍വരെയും ഉള്‍ക്കൊള്ളഉന്ന ഒരു വലിയ മനസ്സ്.'' (ശാന്തപുരം അല്‍ജാമിഅഃ സുവനീര്‍ 2003)
ഇതേ ലേഖനത്തില്‍ പി.കെ. ജമാല്‍ ജാമിഅ നൂരിയ്യ വാര്‍ഷികത്തില്‍ ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ്, ബാഫഖി തങ്ങള്‍, കുട്ട്യാമു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഉള്ള വേദിയില്‍ നടന്ന ഖുര്‍ആന്‍ ക്ലാസ് കാടുകയറി പുത്തന്‍ പ്രസ്ഥാനക്കാരായ മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബും അബ്ദുല്‍ അഅ്‌ലാ മൗദൂദിയും അവരുടെ അനുയായികളും നരകത്തിലാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ ശാന്തപുരം മഹല്ല് സിക്രട്ടറി കെ.വി. മുഹമ്മദ് മാസ്റ്റര്‍ ധീരമായി എഴുന്നേറ്റുനിന്ന് ശക്തമായി പ്രതിഷേധിച്ചപ്പോള്‍ പ്രക്ഷുബ്ധമായ സദസ്സിനെ'' കുട്ട്യാമു സാഹിബും പക്വമതിയായ ബാഫഖി തങ്ങളും പരസ്യമായി മാപ്പു പറഞ്ഞുകൊണ്ടാണ് സദസ്സിനെ ശാന്തമാക്കി യോഗ നടപടികള്‍ പുനരാരംഭിച്ചത് എന്ന് പറയുന്നുണ്ട്. ബാഫഖി തങ്ങളുടെ പ്രതിപക്ഷ ബഹുമാനവും തന്റേടവും വിളിച്ചോതുന്നതായിരുന്നു ഈ സംഭവം.
തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ മുജാഹിദ് പള്ളിക്ക് തറക്കല്ലിട്ട ബാഫഖി തങ്ങള്‍ മുജാഹിദുകളെ തുടര്‍ന്ന് നമസ്‌ക്കരിക്കുകയും ചെയ്തിരുന്നു. ബാഫഖി തങ്ങളുടെ മനോഹരമായ ജീവചരിത്രം തയ്യാറാക്കിയ എം.സി. വടകര എഴുതിയത് കാണുക. '' സുന്നികളും മുജാഹിദുകളും തമ്മില്‍ ചേരിതിരിഞ്ഞ് കലഹിക്കുകയും അറ്റമില്ലാത്ത വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്യുകയെന്നത് മലബാറിലെ ശാന്തജീവിതത്തെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളായിരുന്നു. നിരര്‍ഥകമായ തര്‍ക്കവിതര്‍ക്കങ്ങള്‍ നിശയുടെ അന്ത്യയാമങ്ങളെപ്പോലും ശബ്ദായനമാക്കുകയും പലപ്പോഴും കയ്യാങ്കളിയിലോളം കടന്നുപോവുകയും ചെയ്യും.... എന്നാല്‍ ബാഫഖി തങ്ങള്‍ വ്യത്യസ്തമായ ഒരു സുന്നി ആയിരുന്നു. സുന്നി പക്ഷത്തെ തലയെടുപ്പുള്ള നേതാവാണെങ്കിലും വാദപ്രതിവാദങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. സുന്നി വികാരത്തേക്കാളുപരി സമുദായ ഐക്യത്തിന് പ്രാധാന്യം നല്‍കിയതിനാല്‍ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കാനാണ് സുന്നികളെയും മുജാഹിദുകളെയും അദ്ദേഹം ഉപദേശിക്കാറ്. അവരെല്ലാം രാഷ്ട്രീയ രംഗത്ത് ബാഫഖിതങ്ങളുടെ ഉറച്ച അനുയായികളുമാണല്ലോ.... ലീഗിന്റെ യോഗങ്ങളില്‍ പ്രാര്‍ഥന നടത്താന്‍ കെ.എം. മൗലവിയോടാണ് ബാഫഖി തങ്ങള്‍ ആവശ്യപ്പെടാറ്.'' (പേജ് 163, 164)
നീണ്ട 34 വര്‍ഷക്കാലം ബാഫഖി തങ്ങളുടെ സഹായിയായി ഏതാണ്ട് പ്രൈവറ്റ് സിക്രട്ടറിയെപോലെ പ്രവര്‍ത്തിച്ച കൊയിലാണ്ടിയിലെ കോക്കാട്ട് അഹ്മദ് പറഞ്ഞതായി എം.സി. ഉദ്ധരിക്കുന്നത് കാണുക.: ''ബാഫഖി തങ്ങള്‍ വ്യക്തിപരമായി ഖുത്വുബ മലയാള ഭാഷയിലാക്കുന്നതിന്ന് അനുകൂലമായിരുന്നുവെന്ന് കോക്കാട് അഹ്മദ് പറയുന്നു.:  സമസ്തയുടെ യോഗത്തില്‍ പോകുമ്പോള്‍ പലപ്പോഴും ബാഫഖി തങ്ങള്‍ അഹമ്മദിനോട് പറയും: '' അഹമ്മദേ, ഖുതുബ മലയാളത്തിലാക്കുന്നതിന്ന് എതിര്‍ക്കേണ്ട എന്ന പ്രമേയം ഇന്ന് ഞാന്‍ ആവരെക്കൊണ്ട് പാസ്സാക്കിക്കും'' പക്ഷെ അത് സാധിക്കാതെ തിരിച്ചുവരുമ്പോള്‍ അഹമ്മദ് ചോദിക്കും: തങ്ങളേ ഖുതുബയുടെ കാര്യമെന്തായി?'' ബാഫഖി തങ്ങള്‍ ചിരിച്ചുകൊണ്ട് പറയും: ''എടോ അത് മലയാളത്തിലാക്കാന്‍ പാടില്ല എന്നാണ് അവര്‍ പറയുന്നത്. ഞാനെന്ത് ചെയ്യും?'' (പേജ്-166)
എല്ലാത്തരം അന്ധ വിശ്വാസങ്ങള്‍ക്കും അബദ്ധ വിശ്വാസങ്ങള്‍ക്കും എതിരായിരുന്നു ബാഫഖി തങ്ങള്‍. പ്രവാചകന്റെ അനുയായികള്‍ രോഗശാന്തിക്കായി ആള്‍ദൈവങ്ങളെ സമീപിക്കുന്നതും മന്ത്രവാദികളെ ആശ്രയിക്കുന്നതും ബാഫഖിതങ്ങളെ ദുഃഖിപ്പിച്ചു. ജ്യോതിഷം, ജാതകമെഴുത്ത്, പ്രശ്‌നം വെക്കല്‍, കൈരേഖ നോക്കല്‍ മുതലായ അനാചാരങ്ങളെല്ലാം അനിസ്‌ലാമികമാണെന്ന് വിശ്വസിച്ചു അദ്ദേഹം. അവസരം കിട്ടുന്ന വേദികളിലെല്ലാം അത്തരം അനാചാരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മുസ്‌ലിംലീഗിന്റെ വലിയ രാഷ്ട്രീയ സമ്മേളനവേദികളില്‍വെച്ച്‌പോലും അദ്ദേഹം ഇത്തരം വിഷയങ്ങളെ പരാമര്‍ശിക്കുകയും അന്ധവിശ്വാസങ്ങള്‍ക്കെതിരായ തന്റെ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.'' (പേജ്. 167)
'ചന്ദ്രിക' സഹപത്രാധിപരായിരുന്ന പി.കെ. മുഹമ്മദിന്റെ അനുഭവം എം.സി. ഉദ്ധരിക്കുന്നുണ്ട്.  ''അനുജനെ മാന്ത്രിക ചികിത്സക്കായി മലപ്പുറത്തെ പ്രസിദ്ധനായ ഒരു തങ്ങളുടെ അടുക്കലേക്ക് കൊണ്ടുപോകണമെന്ന് എന്റെ ബാപ്പ എന്നെ അറിയിച്ചു. ഞാന്‍ ഈ കാര്യം ബാഫഖി തങ്ങളോട് പറഞ്ഞപ്പോള്‍ അദ്ദേഹം ദ്വേഷ്യപ്പെടുകയാണുണ്ടായത്. ''മാനൂ, നി അവനെ ഇവിടെ കോഴിക്കോട്ടെക്ക് കൊണ്ടുവരാന്‍ പറയൂ. ഇവിടെ ആ രോഗത്തിന്ന് പല പുതിയ ചികിത്സയുമുണ്ട്. നമുക്ക് സൈക്യാട്രിസ്റ്റിനെ കണ്ട് ചികിത്സിപ്പിക്കാം എന്നാണ് ബാഫഖി തങ്ങള്‍ പറഞ്ഞത്.
മതാനുഷ്ഠാനങ്ങളില്‍ അതീവ നിഷ്ഠ പുലര്‍ത്തിയ തങ്ങള്‍ ശിര്‍ക്ക് കലര്‍ന്ന ആചാരങ്ങളെ ഇഷ്ടപ്പെട്ടിരുന്നില്ല. തങ്ങളെ അദ്ദേഹത്തിന്റെ അനുയായികള്‍ അതിരറ്റു സ്‌നേഹിച്ചു. ഒരു പക്ഷേ, വീരാരാധനയോളം അത് പലപ്പോഴും വളര്‍ന്നു. പക്ഷേ തങ്ങളത് അംഗീകരിക്കില്ല. പരിശുദ്ധ ഹജ്ജ് കഴിഞ്ഞ ഉടന്‍ മക്കയില്‍വെച്ച് വെള്ളിയാഴ്ച മരിച്ച തങ്ങളെ തങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ മരണാനന്തരം കൈകാര്യം ചെയ്യുന്ന ഗതികേടില്‍ നിന്ന് അല്ലാഹു ബഹു.തങ്ങളെയും സമുദായത്തെയും രക്ഷിച്ചുവെന്ന ചിലരുടെ നിരീക്ഷണം തെറ്റല്ല. തങ്ങള്‍ മരിച്ചതിവിടെയായിരുന്നെങ്കില്‍ ദര്‍ഗയും അനുബന്ധ അനാചാരങ്ങളും ഉണ്ടായേനെ.
ജമാഅത്തെ ഇസ്‌ലാമി മുഖപത്രമായ 'ദഅ്‌വത്തി'ന്റെ പത്രാധിപരും അഖിലേന്ത്യാ ജമാഅത്ത് ശൂറാംഗവുമായിരുന്ന മര്‍ഹൂം മുസ്‌ലിം സാഹിബ് ബാഫഖി തങ്ങളെ സംബന്ധിച്ചുള്ള മധുരസ്മരണ രേഖപ്പെടുത്തിയത്കൂടി കാണുക: ''1942 ലെ രണ്ട് മാസക്കാലത്തോളമുള്ള ജീവിതം ഇന്നും ഓര്‍ക്കുന്നു... ഞാനന്ന് ഖാക്‌സാര്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു. മദ്രാസില്‍ തടവിലായിരുന്നു അല്ലാമാ ഇനായത്തുല്ലാ മശ്‌രിഖി. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നടത്തണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. മലബാറായിരുന്നു എന്റെ പ്രവര്‍ത്തനമേഖല. ഖാക്‌സാര്‍ പ്രസ്ഥാനത്തിനുണ്ടായിരുന്ന ഒരു ചിട്ട അതിഥികളായി മൂന്ന് ദിവസത്തിലധികം ആരുടെ കൂടെയും താമസിക്കരുതെന്നായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ ജീവിതച്ചെലവിന്ന് വകയുണ്ടാക്കുക, പ്രസ്ഥാന പ്രവര്‍ത്തനം നടത്തുക ഇതായിരുന്നു മുറ..... പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴും യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. വണ്ടിക്കൂലിക്ക് മറ്റ് ഉപായങ്ങളൊന്നും പറ്റില്ലല്ലോ. കീശ ശുഷ്‌കിച്ചിരുന്നു. മൂന്ന് രൂപ മാത്രമായി കൈയിലിരിപ്പ്. നിശ്ചയ പ്രകാരം ഒരു മാസം കൂടി താമസിക്കേണ്ടതുണ്ടായിരുന്നു. മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. ജോലി അന്വേഷിക്കുക തന്നെ. അങ്ങിനെ ഒരു വിദൂര പ്രദേശത്ത് പോയി കൂലിവേലയാരംഭിച്ചു. പെട്ടെന്ന് എന്ത് പണി കിട്ടും? ഇഷ്ടിക ചുമക്കുന്ന പണി കിട്ടി. ഇഷ്ടിക ചുമന്ന് മുകളിലെത്തിക്കുക ഇതായിരുന്നു ജോലി. ഒരുറുപ്പികയും പത്തണയും ആയിരുന്നു ദിവസക്കൂലി കിട്ടിയിരുന്നത് എന്ന് തോന്നുന്നു.
എങ്ങനെയോ ഈ കഥ പതുക്കെ പലരുമറിഞ്ഞു. ഞാന്‍ ഇങ്ങനെ ഒരു ജോലിയിലാണേര്‍പ്പെട്ടിരിക്കുന്നത് എന്നറിഞ്ഞവരുടെ കൂട്ടത്തില്‍ മര്‍ഹൂം അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുള്ളതോടൊപ്പം തന്നെ ഞങ്ങള്‍ തമ്മില്‍ ഉറ്റബന്ധമാണുണ്ടായിരുന്നത്. അദ്ദേഹം വളരെ നിര്‍ബന്ധിച്ച് എന്റെ പേരില്‍ കുറെ കുരുമുളക് എവിടേക്കോ അയച്ച് വില്‍പനയാക്കി അതിന്റെ ലാഭം എനിക്ക് തന്നു.
ഞങ്ങള്‍ ഖാക്‌സാര്‍ പ്രവര്‍ത്തകരുടെ ഈ സന്നദ്ധ സേവനത്തിന്റെ മഹത്വം മുസ്‌ലിം ലീഗുകാരും സമ്മതിച്ചു. മാത്രമല്ല, പലപ്പോഴും അവര്‍ അവരുടെ മിക്ക പാര്‍ട്ടി യോഗങ്ങളിലും ഇതിനെ പരിചയപ്പെടുത്തുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. (സ്മരണകള്‍ സംഭവങ്ങള്‍, മൂന്നാം പതിപ്പ് പേജ്. 58,59)
മര്‍ഹൂം: ബാഫഖി തങ്ങളുടെ ആത്മ മിത്രവും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെ തുടക്കം മുതല്‍ക്കേ ഉള്ള ഖജാഞ്ചിയുമായിരുന്നു എം.കെ ഹാജി. ഖജാഞ്ചിയാവുകയെന്നാല്‍ അക്കാലത്ത് മതിയായ വരവില്ലാതെ ഉദാരമായി ആവശ്യാനുസൃതം ചിലവഴിക്കുക എന്നതാണ്. മലബാര്‍ ലഹളയിലും ഖിലാഫത്ത് പ്രക്ഷോഭത്തിലുമൊക്കെ പങ്കെടുത്ത ഹാജി സാഹിബ് അടിയുറച്ച മുസ്‌ലിം ലീഗുകാരനും അതേ സമയം സജീവ മുജാഹിദുമായിരുന്നു. വളരെ ദരിദ്രാവസ്ഥയില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ വളര്‍ന്ന വ്യക്തിയാണദ്ദേഹം.  പിഞ്ചുകുട്ടികള്‍ അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയും അസ്വസ്ഥതകളും അനുഭവിക്കുന്നത് അദ്ദേഹത്തിന് അസഹനീയമായതു പോലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇടയനില്ലാത്ത ആട്ടിന്‍ പറ്റങ്ങളെപ്പോലെ അരക്ഷിതരും അനാഥകളുമാകുന്ന ദുരവസ്ഥയും അദ്ദേഹത്തിന് അസഹനീയമായിരുന്നു. തിരൂരങ്ങാടി യത്തീംഖാനയുടെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ജീവനാഡിയായി ആജീവാനന്തം നിലകൊണ്ട ഹാജി സാഹിബ് മുസ്‌ലിം ലീഗിന്റെയും ജീവ നാഡിയായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളോടൊപ്പം തോളോടു തോളുരുമ്മി മുസ്‌ലിം ലീഗില്‍ പ്രവര്‍ത്തിച്ച എം. കെ ഹാജി മുസ്‌ലിം ഐക്യം സ്ഥാപിക്കുമാറ് മുജാഹിദ്-സുന്നി സഹകരണം പരമാവധി സുസാധ്യമാക്കാന്‍ ലീഗ് പ്ലാറ്റ് ഫോമില്‍ ബാഫഖി തങ്ങളോടൊപ്പം ഫലപ്രദമായി യത്‌നിച്ചു.
യതീം കുട്ടികള്‍ക്ക് സൗകര്യപ്രദമായ കെട്ടിടം പൂര്‍ത്തിയായിട്ടേ തന്റെ ഭവന നിര്‍മാണം നടത്തൂ എന്ന് ശഠിച്ച ഹാജി സാഹിബ് ആദ്യകാലത്ത് താന്‍ താമസിക്കുന്ന വീട് തന്നെ യതീംഖാനക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തു.
ബാഫഖി തങ്ങള്‍ക്ക് ശേഷം പിന്നെയും ഒരു ദശകം ജീവിച്ച എം.കെ ഹാജി മലബാര്‍ ലഹളയും ഖിലാഫത്ത് പ്രക്ഷോഭവും സ്വാതന്ത്ര്യ സമരവും അനുഭവിച്ച ഏറനാടന്‍ ധീരതയുടെയും ആര്‍ജവത്തിന്റെയും പര്യായമായിരുന്നു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ: ടി.എം സാവാന്‍ കുട്ടി സാഹിബ്  ഹാജി സാഹിബിനെപറ്റി എഴുതിയത് കാണുക: ''...ചില സന്നിഗ്ധ ഘട്ടങ്ങളിലായിരുന്നു ഹാജി സാഹിബിന്റെ വ്യക്തിത്വം തികച്ചും തെളിഞ്ഞു കണ്ടിരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒട്ടും പതറാതെ സംയമനം പാലിച്ചുകൊണ്ട് അല്ലാഹുവും റസൂലും പഠിപ്പിച്ചതില്‍ നിന്ന് വ്യതിചലിക്കാതെ സൂക്ഷ്മതയോടെ പ്രശ്‌നങ്ങളുടെ യാഥാര്‍ഥ്യം അറിയാന്‍ സഹപ്രവര്‍ത്തകരുമായി ചുഴിഞ്ഞാലോചിക്കുകയും ചെയ്യുക അദ്ദേഹത്തിന്റെ പ്രത്യേകത തന്നെയാണ്. ഒരു സംഭവം ഞാനോര്‍ക്കുന്നു. 1970-ല്‍ ആണെന്ന് തോന്നുന്നു, സംസ്ഥാന മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട് ലീഗ് ഹൗസില്‍ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ആ യോഗത്തില്‍ ബഹുമാന്യനായ ബാഫഖി തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ തന്റെ ആരോഗ്യം ദിനംപ്രതി മോശമായി വരികയാണെന്നും അതിനാല്‍ സംഘടനയുടെ അധ്യക്ഷ പദവി തുടര്‍ന്നു കൊണ്ടുപോവാന്‍ പ്രയാസമായി തോന്നുന്നുവെന്നും തന്നെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാകാന്‍ അനുവദിക്കണമെന്നും പറയുകയുണ്ടായി. തങ്ങളുടെ മുഖത്ത് ഗൗരവം സ്ഫുരിച്ചിരുന്നു. അവിടെ സന്നിഹിതരായിരുന്ന പ്രവര്‍ത്തക സമിതിയംഗങ്ങള്‍ തെല്ലൊരു ഞെട്ടലോടുകൂടി തന്നെയായിരുന്നു തങ്ങളവര്‍കളുടെ വാക്കുകള്‍ കേട്ടുകൊണ്ടിരുന്നത്. എന്ത് പറയണം, എന്ത് ചെയ്യണം, എന്നറിയാതെ വിഷമിക്കുകയായിരുന്നു എല്ലാവരും. തങ്ങള്‍ പ്രഭാഷണം അവസാനിപ്പിച്ച് കസേരയിലിരുന്ന ഉടനെ ഹാജി സാഹിബ് ചാടിയെണീറ്റ് സ്റ്റേജില്‍ കയറി പ്രസംഗമാരംഭിക്കുകയും ചെയ്തു. ഹാജി സാഹിബ് എന്താണ് പറയാനുദ്ദേശിക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ലായിരുന്നു. തന്റെ സ്വതസിദ്ധമായ ഭാഷയിലും ശൈലിയിലും ഗൗരവം വിടാതെ പ്രസംഗിച്ചു കൊണ്ടിരിക്കെ തങ്ങളവര്‍കളോടായി ചില ചരിത്ര വസ്തുതകള്‍ നിരത്തി വെച്ചതിനു ശേഷം ഇങ്ങനെ തുടര്‍ന്നു. ''ബഹുമാനപ്പെട്ട തങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ഇസ്‌ലാമിന്റെയും മുസ്‌ലിം ലീഗിന്റെയും ചരിത്രത്തില്‍ സ്ഥാനം വഹിച്ചു പോന്ന നേതാക്കന്മാരാരും തന്നെ അവരുടെ മരണത്തിനു മുമ്പായി ആരോഗ്യമില്ലെന്ന കാരണത്താല്‍ സ്ഥാനങ്ങള്‍ രാജിവെച്ച ചരിത്രം ഇന്നോളമുണ്ടായിട്ടില്ല. സ്ഥാനങ്ങള്‍ അവര്‍ ഒഴിയേണ്ടി വന്നത് അവരുടെ മരണത്തോടുകൂടി മാത്രമാണ്. ആയതിനാല്‍ ബഹു: തങ്ങള്‍ തന്റെ നിര്‍ദേശം പിന്‍വലിക്കുക തന്നെ വേണം.....'' (എം.കെ ഹാജി സ്മരണിക 1984,  പേജ്. 143)
എം.കെ ഹാജിയുടെ ആവശ്യത്തെ തങ്ങള്‍ അംഗീകരിച്ചുവെന്ന് മാത്രമല്ല, തന്റെ അനാരോഗ്യം വക വെക്കാതെ പൂര്‍വോപരി ഊര്‍ജസ്വലതയോടെ ലീഗിന്ന് പ്രാപ്തമായ നേതൃത്വം നല്‍കുകയും ഖാഇദേ മില്ലത്തിന്റെ വിയോഗാനന്തരം അഖിലേന്ത്യാ അധ്യക്ഷ പദവി ഏറ്റെടുക്കുകയും അവസാനം വരെ തുടരുകയും ചെയ്തു. എം.കെ ഹാജിയുടെ ആര്‍ജവവും ഉള്ളുറപ്പും മനസ്സിലാക്കാന്‍ സാവാന്‍ കുട്ടി സാഹിബ് എഴുതിയ മറ്റൊരു സംഭവം കൂടി കാണുക. ''.... പി.എസ്.എം.ഒ. കോളേജില്‍ നിന്ന് അച്ചടക്ക രാഹിത്യത്തെത്തുടര്‍ന്ന് പിരിച്ചു വിടപ്പെട്ട ഒരധ്യാപകന്റെ കാര്യവും പറഞ്ഞ് ജില്ലയിലെ കോളേജധ്യാപകര്‍ സമരം നടത്തിയിരുന്ന സന്ദര്‍ഭത്തില്‍ കാര്യം രമ്യമായി തീര്‍ക്കാനുള്ള ഉദ്ദേശത്തോടെ അന്നത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന മുഹമ്മദ് ഗനി സാഹിബ് ഹാജി സാഹിബിനെ സംഭാഷണത്തിന് ക്ഷണിക്കുകയുണ്ടായി. സമരം അവസാനിപ്പിക്കാനുള്ള പോംവഴി എന്ന നിലയില്‍ പിരിച്ചുവിടപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കണമെന്ന് ഏതാണ്ട് നിര്‍ബന്ധ രീതിയില്‍ ആവശ്യപ്പെടുകയുണ്ടായി. പിരിച്ചു വിടപ്പെട്ട അധ്യാപകനെ തിരിച്ചെടുക്കുന്നതില്‍ കോളേജിലെ മുഴുവന്‍ അധ്യാപകരും എതിരായിരുന്നു. കാര്യങ്ങള്‍ വിശദമാക്കിക്കൊടുത്തെങ്കിലും വൈസ്  ചാന്‍സലറുടെ അഭിപ്രായത്തെ മാറ്റാനാവില്ലെന്ന് മനസ്സിലാക്കിയ ഹാജി സാഹിബ് വൈസ് ചാന്‍സലറോട് തന്റെ കോളേജിന്റെ അംഗീകാരം പിന്‍വലിക്കുകയാണെങ്കില്‍പോലും അധ്യാപകനെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലെന്നും കോളേജിനു പകരം മറ്റ് ജനോപകാര സ്ഥാപനങ്ങള്‍ നടത്താന്‍ ശ്രമിച്ചുകൊള്ളുമെന്നും പറഞ്ഞുകൊണ്ട് തന്റെ പോക്കറ്റിലുണ്ടായിരുന്ന അംഗീകാരത്തിന്റെ കല്‍പന വൈസ്ചാന്‍സലറുടെ മുമ്പാകെ വെച്ചുകൊടുത്തു. ചാന്‍സലറാകട്ടെ, കാര്യത്തിന്റെ ഗൗരവം ഗ്രഹിക്കുകയും ആദര്‍ശ കാര്യങ്ങളില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത മാന്യനാണ് തന്റെ മുമ്പിലിരിക്കുന്ന ഹാജി സാഹിബ് എന്ന് മനസ്സിലാക്കുകയും ചെയ്തതോടെ തന്റെ നിര്‍ബന്ധ രൂപത്തിലുള്ള ആവശ്യം പിന്‍വലിക്കുകയും ചെയ്തു.''  (അതേ ലേഖനത്തില്‍ നിന്ന്)
സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെപ്പോലുളള പല പ്രഗത്ഭരെയും വളര്‍ത്തുന്നതില്‍ ബാഫഖി തങ്ങളെപ്പോലെ എം.കെ ഹാജിക്കും പങ്കുണ്ട്. മുസ്‌ലിം ലീഗും എം.ഇ.എസും തമ്മില്‍ പിണങ്ങി കൊമ്പ് കോര്‍ത്ത നാളുകളില്‍ സി.എച്ച് നടത്തിയ പ്രസിദ്ധമായ ഒരു പരാമര്‍ശം ഏതാണ്ട് ഇങ്ങനെയായിരുന്നു. ''ഈ നാട്ടിലെ എം.ഇ.എസിന്റെയും അതുപോലുള്ള സാമൂഹിക സേവന സംഘടനകളുടെയും സകലമാന സേവനങ്ങള്‍ ത്രാസിന്റെ ഒരു തട്ടിലും എന്റെ വന്ദ്യവയോധികനായ നേതാവ് എം.കെ ഹാജി സാഹിബിന്റെ നരച്ച താടിരോമം ത്രാസിന്റെ മറുതട്ടിലും വെച്ചാല്‍ എം.കെ ഹാജിയുടെ താടിരോമം വെച്ച ത്രാസ് കനം തൂങ്ങി താഴുന്നതായി കാണാം എന്ന കാര്യം തര്‍ക്കമറ്റതാണ്.'' ഇങ്ങനെയുള്ള എം.കെ ഹാജി നേതൃത്വം നല്‍കിയ മുസ്‌ലിം ലീഗിന്റെ പഴയകാല നേതാക്കളായിരുന്ന അഖിലേന്ത്യാ ലീഗ് നേതാക്കളെ അടിയന്തിരാവസ്ഥയില്‍ അന്യായമായും അകാരണമായും ജയിലിലടക്കുന്നതില്‍ മര്‍ഹൂം സി.എച്ചിനും പങ്കുണ്ടായിരുന്നുവെന്ന വസ്തുത അദ്ദേഹത്തെ വേദനിപ്പിച്ചിരിക്കുമെങ്കിലും ഒട്ടും തളര്‍ത്തിയില്ല എന്നത് അദ്ദേഹത്തിന്റെ ഉള്ളുറപ്പിന്റെ നിദര്‍ശനമാണ്. അടിയന്തിരാവസ്ഥയില്‍ നടമാടിയ നിര്‍ബന്ധ വന്ധ്യംകരണമുള്‍പ്പെടെ പലതിനെയും എം.കെ ഹാജി നിര്‍ഭയം എതിര്‍ത്തു.
അടിയന്തിരാവസ്ഥക്കെതിരെ അതിശക്തമായി നിലകൊണ്ട് ഓടി നടന്ന് സധൈര്യം പ്രവര്‍ത്തിച്ച എം.കെ ഹാജി അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ''ലീഗ് ടൈംസ്'' എന്ന പത്രം സാഹസികമായി പുറത്തിറക്കുന്നതിലും കഷ്ട നഷ്ടങ്ങള്‍ സഹിച്ച് നടത്തിക്കൊണ്ടുപോകുന്നതിലും വഹിച്ച പങ്ക് സാമുദായിക രാഷ്ട്രീയമെന്നാല്‍ വാഴുന്നവര്‍ക്ക് സ്തുതി പാടലല്ല എന്ന് കൃത്യമായി തെളിയിക്കും വിധമായിരുന്നു. ബാഫഖി തങ്ങളെപ്പോലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാതെ രാഷ്ട്രീയത്തെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുപയോഗിക്കാതെ ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഒരു ജിഹാദായി ഗണിച്ച ത്യാഗിയും ധീരനുമാണ് എം.കെ ഹാജി. ജമാഅത്തെ ഇസ്‌ലാമിയെ അന്യായമായി നിരോധിക്കുകയും വന്ദ്യവയോധികരായ ധാരാളം ജമാഅത്തുകാരെ ഇന്ത്യയുടെ പല ഭാഗങ്ങളിലും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്തതിനെ യൂനിയന്‍ ലീഗ് പിന്തുണച്ചപ്പോള്‍ എം.കെ ഹാജിയും അഖിലേന്ത്യാ ലീഗും ശക്തമായി എതിര്‍ത്തു. ''ലീഗ് ടൈംസ് പത്രം'' ജമാഅത്തെ ഇസ്‌ലാമി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും നിലപാടുകളെയും ഒരളവോളം പിന്തുണക്കുകയും ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും ആശയ പ്രകാശനത്തിന് സഹായിക്കുകയും ചെയ്തു.
മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസിന്റെ 'ബി' ടീമാക്കി ചുരുക്കുന്നതിനെതിരെ എം.കെ ഹാജിയും മമ്മുക്കേയിയും ബാഫഖി തങ്ങളുടെ മരുമകന്‍ കൂടിയായ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും കൂടി ചേര്‍ന്ന് നടത്തിയ ചെറുത്തു നില്‍പ് കേരള മുസ്‌ലിം രാഷ്ട്രീയം വിശദമായി പഠിക്കുന്നവര്‍ക്ക് ഒരു വിഷയം ആവേണ്ടതുണ്ട്. അന്നത്തെ ലീഗ് ഭിന്നിപ്പില്‍ ഇരുപക്ഷത്തും തെറ്റുകുറ്റങ്ങള്‍ വന്നിരിക്കാം. എന്നാല്‍ മര്‍ഹൂം ബാഫഖി തങ്ങളും എം.കെ ഹാജിയും മറ്റും സമുദായ താല്‍പര്യവും മുസ്‌ലിം ലീഗിന്റെ വളര്‍ച്ചയും മുന്‍നിര്‍ത്തി ആഗ്രഹിച്ച പോലെ മര്‍ഹൂം സി.എച്ച് അഖിലേന്ത്യാ തലത്തില്‍ ലീഗിന്ന് കാര്യക്ഷമമായ നേതൃത്വം കൊടുത്തു കൊണ്ട് അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്നിരുന്നെങ്കില്‍ ഒരു പക്ഷേ മുസ്‌ലിം ലീഗ് കുറേയേറെ പടര്‍ന്നു പന്തലിക്കുകയും വളരുകയും ചെയ്യുമായിരുന്നുവെന്ന് പഴയ കാല ലീഗ് പ്രവര്‍ത്തകരുടെ നിരീക്ഷണം തീര്‍ത്തും അസ്ഥാനത്താണെന്ന് പറഞ്ഞുകൂടാ.
എം.കെ ഹാജിയും ഉമ്മര്‍ ബാഫഖി തങ്ങളും മമ്മുക്കേയിയും മറ്റും അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ വിയോഗാനന്തരം ചെറുത്തുനില്‍പ് നടത്തേണ്ടി വന്നത് കോണ്‍ഗ്രസ്സ് പണ്ടു മുതലേ ലീഗിനെതിരെ പുലര്‍ത്തിയ ശരിയല്ലാത്ത സമീപനത്തിന്റെ പേരിലായിരുന്നു. ഇത് അഖിലേന്ത്യാ ലീഗിന്റെ പിറവിക്ക് ഹേതുവായി. മുസ്‌ലിംലീഗിന്റെ അതിരു കവിഞ്ഞ കോണ്‍ഗ്രസ്സ് വിധേയത്വത്തിനെതിരെ ചിന്തിക്കുന്ന പ്രബുദ്ധധാര പിന്നെയും പിന്നെയും ലീഗിനുള്ളില്‍ രൂപപ്പെടുന്നത് എം.കെ ഹാജിയും മറ്റും രൂപപ്പെടുത്തിയ ചിന്താസരണിയുടെ തുടര്‍ച്ചയാണ്. അതാണ് പിന്നീടുണ്ടായ ഐ.എന്‍.എല്‍, പി.ഡി.പി പോലുള്ള പാര്‍ട്ടികള്‍ക്കും എം.കെ ഹാജിയുടെ അഖിലേന്ത്യാ ലീഗിന്റെ പ്രചോദനം ഭാഗികമായിട്ടെങ്കിലും കാണാം. ഇപ്പോഴും ലീഗിനുള്ളില്‍ അതിനെ കോണ്‍ഗ്രസ്സിന്റെ 'ബി' ടീമാക്കുന്നതിനെതിരെ ചിന്തിക്കുന്ന സര്‍ഗാത്മകതയും വിപ്ലവാത്മകതയുമുള്ള ഒരു വിഭാഗമുണ്ടെന്നതും തര്‍ക്കമറ്റ വസ്തുതയാണ്. അടുത്ത കാലത്തായി മുസ്‌ലിം ലീഗ് നേതൃത്വം ഈ വശം തിരിച്ചറിയുകയും ആ വിഭാഗത്തിന്റെ ഇംഗിതം മാനിക്കുകയും ചെയ്യുന്നുണ്ട്. (മുസ്‌ലിം ലീഗിന്റെ പ്രഗത്ഭനായ അഖിലേന്ത്യാ സെക്രട്ടറി പഴയ അഖിലേന്ത്യാ ലീഗിന്റെ പടക്കുതിരയാണ്.)
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രസക്തിയെ നിര്‍വീര്യമാക്കുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ നിലകൊള്ളാനും അധികാര മോഹമെന്ന അര്‍ബുദ ബാധയില്‍ നിന്ന് ലീഗിനെ രക്ഷപ്പെടുത്താനും ഇറങ്ങിത്തിരിച്ച് വ്യക്തി ബന്ധമോ സ്‌നേഹബന്ധമോ ഒട്ടും പ്രശ്‌നമാക്കാതെ ഉറച്ചുനിന്ന എം.കെ ഹാജി കാണിച്ച മാതൃക ഉജ്വലവും അനുകരണീയവുമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിയ എം.കെ ഹാജിയുടെ കീഴില്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും മമ്മുക്കേയിയും മറ്റും നടത്തിയ ഇടപെടലിന്റയും തിരുത്തല്‍ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ഫലമാണ് തെറ്റായ നിലപാടുകളെ ചോദ്യം ചെയ്യാനുള്ള കരുത്തും തന്റേടവുമുള്ള ഒരു പ്രബുദ്ധ വിഭാഗം പിന്നീട് സമുദായത്തില്‍ ഉരുത്തിരിഞ്ഞ് വന്നുവെന്നതും കരുത്താര്‍ജിച്ചുവെന്നതും.

RELATED ARTICLES