മലയാള കൃതികളുടെ അറബി വിവര്‍ത്തനങ്ങള്‍

ഡോ. എ. ബി മൊയ്തീന്‍ കുട്ടി   (അസി. പ്രൊഫ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി)

ലയാള ഭാഷക്ക് വിസ്തൃതവും വികസന ക്ഷമവുമായ മുസ്‌ലിം /ഇസ്‌ലാമിക സാഹിത്യ പാരമ്പര്യം അവകാശപ്പെടാനുണ്ട്. എന്നാല്‍ മലയാളത്തില്‍നിന്നു ഇതര ഭാഷകളിലേക്ക് ഇസ്‌ലാമിക സാഹിത്യത്തില്‍ നിന്നോ മറ്റു വിജ്ഞാനങ്ങളില്‍ നിന്നോ അധികം കൃതികളൊന്നും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. ചെയ്യപ്പെട്ടതു തന്നെ വേണ്ടവിധം രേഖപ്പെടുത്തപ്പെട്ടിട്ടുമില്ല. മലയാളത്തിലേക്ക് വിവര്‍ത്തിതമായ ഇസ്‌ലാമിക കൃതികളുടെ ഒരംശം പോലും വരില്ല മലയാളത്തില്‍ നിന്നു മൊഴിമാറ്റം ചെയ്യപ്പെട്ട ഇസ്‌ലാമിക കൃതികളുടെ എണ്ണം. പ്രധാനമായും ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കാണ് മുസ്ലിം /ഇസ്‌ലാമിക പരിസരത്തുനിന്നുള്ള മലയാള കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുള്ളത്. വളരെ അപൂര്‍വ്വമായി തമിഴിലേക്കും കന്നടയിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്.

പഠന സൗകര്യത്തിനായി കൃതികളെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിക വിജ്ഞാന കൃതികള്‍, മുസ്ലിം സര്‍ഗസാഹിത്യ കൃതികള്‍ എന്നിങ്ങനെ വിഭജിക്കാം. ഭാഷയുടെ അടിസ്ഥാനത്തില്‍  ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടവയെന്നും വേര്‍തിരിക്കാവുന്നതാണ്. വിവര്‍ത്തകരെ അടിസ്ഥാനമാക്കിയും വിഭജനം നടത്താം. മാതൃഭാഷ സ്രോതഭാഷ ഉള്ളവരും ലക്ഷ്യ ഭാഷയുള്ളവരും വിവര്‍ത്തകരിലുണ്ടാകാം. ലക്ഷ്യ ഭാഷയിലും മൂലഭാഷയിലും ഒരുപോലെ അവഗാഹമുള്ള പണ്ഡിതന്മാര്‍ നടത്തിയ പരിഭാഷകളും മുന്‍പറഞ്ഞ കൂട്ടത്തിലുണ്ട്. കഥാസാഹിത്യം, കവിത എന്നിങ്ങനെയുള്ള വിഭജനവും സാധ്യം.

മതകീയവും വംശീയവും ഭൂമിശാസ്ത്രപരവും സാമുഹികവും രാഷ്ടീയവുമായ സവിശേഷ സാഹചര്യങ്ങളില്‍ ഉരുവം കൊളളുന്ന ചിന്തയുടെയും ഭാവനയുടെയും ഉല്‍പ്പന്നമാണ് ഓരോ രചനയും. അതിനാല്‍ ഏതൊരു കൃതിയുടെ വിവര്‍ത്തനവും ഒരു ഭാഷാശാസ്ത്ര പ്രക്രിയയായും കലാ പ്രവര്‍ത്തനമായും പരിഗണിച്ച് വരുന്നു. വിവര്‍ത്തനം സാംസ്‌കാരിക വിനിമയോപാധി ആയതുപോലെ അധിനിവേശ ആയുധവുമാണ്. ലോക സാഹിത്യത്തില്‍ വിവര്‍ത്തന സാഹിത്യം പ്രത്യേക ധാരയാണ്. ചിലപ്പോഴത് രണ്ടിലധികം ധാരകളുടെ മേളനവുമാകാം. ഇംഗ്ലീഷെന്ന സമ്പര്‍ക്ക ഭാഷയാണ് രണ്ടിലധികം ധാരകളിലെ പൊതുഘടകമായി മിക്കപ്പോഴും ആവര്‍ത്തിക്കുക. മലയാളവും അറബിയും തമ്മില്‍ മലയാളവും ഇംഗ്ലീഷും തമ്മില്‍ ഉള്ളതിനെക്കാള്‍ ഭാഷാപരമായ അകലം വളരെ കൂടുതലാണ്. എഴുത്തിന്റെയും ഉച്ചാരണത്തിന്റെയും വ്യാകരണ - ഘടനകളുടെയും കാര്യങ്ങളില്‍ ഇവ തമ്മില്‍ ഒരു യോജിപ്പുമില്ല. എന്നിട്ടും മലയാളത്തില്‍ നിന്നും മലയാളത്തിലേക്കും അറബിയില്‍ നിന്നും അറബിയിലേക്കും ചില കൃതികള്‍ വിവര്‍ത്തിതമായിട്ടുണ്ട് അവയില്‍ മുസലിം - ഇസ്‌ലാമിക പരിസരത്തു നിന്നുള്ള ക്യത്യകളുടെ പങ്ക് താരതമ്യേന ശുഷ്‌കമാണെങ്കിലും അവഗണിക്കാവതല്ല.

മലയാളത്തില്‍ നിന്ന് അറബിയിലേക്കുള്ള പൊതുസാഹിത്യ കൃതികളുടെ വിവര്‍ത്തനത്തിന്റെ ചരിത്രവും അതീവ ഹ്രസ്വമാണ്. അര നൂറ്റാണ്ടിന്റെ പോലും പഴക്കമില്ലാത്ത ആ ചരിത്രം ആരംഭിക്കുന്നത് മുഹ്‌യുദ്ദീന്‍ ആലുവായ് 1965 ല്‍ തകഴി ശിവശങ്കരപിള്ളയുടെ ചെമ്മീന്‍ അതേപേരില്‍ തര്‍ജ്ജമ ചെയ്തതോടു കൂടിയാണ്. അദ്ദേഹം ചെമ്മീനിനു പുറമെ ഒരു ഉപശീര്‍ഷകം കൂടി ഉപയോഗിച്ചിരുന്നു. (അസ്സമകത്തു സഗീറ ) പൊടിമീന്‍, ചെറുമീന്‍  എന്നിവയുടയൊക്കെ  അറബി പ്രയോഗമാണിത്. പെരുമ്പടവം ശ്രീധരന്റെ  ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലും കുമാരനാശാന്റെ വീണപൂവ് (അസ്സഹ്‌റത്തു സ്സാഖിത്വ), കമലാ സുരയ്യയുടെ യാഅല്ലാഹ്, സച്ചിദാനന്ദന്റെ മായോവോസ്‌കി ആത്മഹത്യ ചെയ്തത് എങ്ങനെ, ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിത എന്നിവയാണ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള ഇതര മലയാളസാഹിത്യ കൃതികള്‍.   ചെമ്മീന്‍, അസ്സഹ്‌റത്തു സ്സാഖിത്വ, യാഅള്ളാഹ് എന്നിവ മലയാളികള്‍ തന്നെയാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത്.  മലയാളത്തില്‍ നിന്നും അറബിയിലേക്കുള്ള ചെമ്മീന്റെ ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍  റിലേഷന്‍സും രണ്ടാം പതിപ്പിന്റേത് വിചാരം ബുക്‌സും ആണ്. അസ്സഹ്‌റത്തു സ്സാഖിത്വ  അറഫ പബ്ലിക്കേഷന്‍ കോഴിക്കോടും യാഅള്ളാഹ് ഇസ്ലാമിക്ക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോടുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവക്കു പുറമെ കമലാ സുറയ്യയുടെ ഉണ്ണി, വൈക്കം മുഹമ്മദ് ബഷീറിന്റെ 'വെള്ളം' എന്നീ ചെറുകഥകളും പി.കെ.പാറക്കടവിന്റെ  മൂന്നു മിനിക്കഥകളും വി.എ.കബീര്‍ മൊഴിമാറ്റം നടത്തി അറബി വായനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കെ. ജാബിര്‍ എന്‍.മോഹനന്റെ 'യാസിന്‍ നിസാര്‍ അഹമ്മദും', വീരാന്‍ മൊയ്തീന്‍ അബ്ദുല്‍ മജീദ് കുറുമ്പകരയുടെ 'വിശപ്പും ദാഹവും' വിവര്‍ത്തനം ചെയ്ത് അറബി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു.   
മലയാള ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ വിവര്‍ത്തന ചരിത്രം  സി.എന്‍. അഹമ്മദ് മൗലവിയുടെ ഇസ്ലാമിലെ ധനവിതണ പദ്ധതിയുടെ ഇംഗ്ലീഷ് ഭാഷാന്തരത്തിലൂടെയാണ് പിച്ചവെച്ചത്, ടി.മുഹമ്മദ്, മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം. എം അക്ബര്‍, ശിഹാബുദ്ദീന്‍ ആരാമ്പ്രം എന്നിവരുടെ കൃതികളുടെ മൊഴിമാറ്റത്തിലൂടെയാണ്  മലയാളത്തിലെ ഇസ്ലാമിക സാഹിത്യകൃതികളുടെ വിവര്‍ത്തനപരിസരം വളര്‍ന്ന് വികസിച്ചുവരുന്നത്. സി.എന്നിന്റെ 'ധനവിതരണപദ്ധതി'  Principle and Practices of Islamic Economy- യായും ഇസ്ലാം ഒരു സമഗ്രപഠനം  Religion of Islam –A Comprehensive Study  യായും  യഥാക്രമം 1964 ലും 1979 ലും ഇംഗ്ലീഷ് വായനക്കാരുടെ  കൈകളിലെത്തി. കെ.ഹസ്സന്‍ വിവര്‍ത്തനം ചെയ്ത പ്രിന്‍സിപ്പില്‍സും  പ്രൊഫസര്‍ വി.മുഹമ്മദും പ്രൊഫസര്‍ യു. മുഹമ്മദും പ്രൊഫസര്‍ യാസിന്‍ അഷ്‌റഫും ചേര്‍ന്ന്  വിവര്‍ത്തനം ചെയ്ത Religion of Islam ആസാദ് ബുക്ക്‌സ്‌റ്‌റാള്‍ കോഴിക്കോടാണ് പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളില്‍ ഉള്ളടക്കത്തിന്റെ സമഗ്രത, വിഷയ വൈപുല്യം, ആശയത്തിന്റെ  പ്രാധാന്യം, തര്‍ജ്ജമയുടെ ആധികാരികത, പ്രയോഗങ്ങളുടെ സൂഷ്മത എന്നിവയിലെല്ലാം മറ്റു വിവര്‍ത്തനങ്ങളെക്കാള്‍ ഏറെ മുമ്പിലാണ് ഈ രണ്ട് മൊഴിമാറ്റങ്ങളും.  

ടി. മുഹമ്മദിന്റെ  ഗവേഷണ പടുത്വത്തിന്റെയും ധിഷണാശക്തിയുടെയും  ഫലമായി കൈരളിക്ക് ലഭിച്ച 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' 9 ഭാഗങ്ങളിലായി 'അല്‍ ഹാര്‍മണി' മാഗസിനില്‍ സി.എ. ബാബു, സി.എച്ച്. ഇബ്രാഹീം കുട്ടി, വി. എ. മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് The under Currents of Indian Culture എന്ന പേരില്‍  2004 - 2008 കാലത്ത് തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ടി. മുഹമ്മദിന്റെ 'ഒരു ജാതി, ഒരു മതം', കെ. യാസിന്‍ അശ്‌റഫിന്റെ കരങ്ങളാല്‍  One God one Creed  എന്നപേരില്‍ വിവര്‍ത്തിതമായി. മുഹമ്മദ് അബ്ദുല്‍ ജലാല്‍ മൗലവിയുടെ നമസ്‌ക്കാരം ലളിതസുന്ദര ശൈലിയില്‍ വിവര്‍ത്തനം (Muslim Prayer ) വിവര്‍ത്തനം ചെയ്തതിന്റെ യശസ്സും പ്രൊഫ.  കെ. യാസിന്‍ അശ്‌റഫിന് അവകാശപ്പെട്ടതാണ്. വി. എ മുഹമ്മദ് അശ്‌റഫ് പരിഭാഷപ്പെടുത്തിയ The Sign Spots of a Believer എന്ന രചന 2012 ല്‍ തേജസ് പബ്ലിക്കേഷന്‍ പ്രസാധനം ചെയ്തു. മുകളില്‍ പറഞ്ഞ കൃതികള്‍ക്ക് പുറമെ എം. എം. അക്ബറിന്റെ ഏഴു കൃതികള്‍ ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. മോക്ഷത്തിന്റെ മാര്‍ഗം, സമാധാന ദൂതന്‍, സ്ത്രീ മതങ്ങളിലും ദര്‍ശങ്ങളിലും, എന്താണ് ഇസ്ലാം, ഇസ്ലാം മോചന മാര്‍ഗം, ഖുര്‍ആന്റെ മൗലികത, എന്നിവ യഥാക്രമം The way to salvation,  The messenger of peace, Women in Religion and ideo-logies, Islam for human liberation, The authenticity of Quran എന്നീ പേരുകളില്‍ സി.എ.ബാബു സാമാന്യേന കൃത്യമായും വെടിപ്പായും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഒരു പുസ്തകം എം. എം. അക്ബര്‍ തന്നെയാണ് തര്‍ജ്ജമ ചെയ്തത്.  ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ, ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'സന്തുഷ്ടകുടുംബം', ഡോ.ടി.കെ. മുഹമ്മദിന്റെ സുരക്ഷിത തൂലികയാല്‍ Happy family  യായും വിവര്‍ത്തം ചെയ്യപ്പെട്ടു.

ഇത്രയുമായാല്‍  മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെയെയും അറബിയിലേക്ക് വിവര്‍ത്തിതമായ മലയാള രചനകളുടെയും സാമാന്യ വിവരണമായി. ഉപര്യുക്ത ഇസ്ലാമിക സാഹിത്യ കൃതികള്‍ക്കൊപ്പം മുസ്ലിം/ ഇസ്ലാമിക കലാ സാംസ്‌കാരിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചില കൃതികള്‍ ഇംഗ്ലീഷിലെത്തിയിട്ടുണ്ട്.  മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസനുല്‍ ജമാലിന്  എം.എന്‍.കാരശ്ശേരി രചിച്ച ഗദ്യത്തിന് Husanuljamal, Apersian tale of love and tale  എന്ന പേരില്‍ കെ. എം. അജീര്‍കുട്ടി ഇംഗ്ലീഷില്‍ തര്‍ജമയുണ്ടാക്കി. 2006 ല്‍ പ്രസിദ്ധീകരിച്ച കൃതിയാണിത്. മെറിറ്റ് ബുക്ക്‌സ് എടവയാണ് പ്രസാധകര്‍.

ബിലാല്ബ്‌നു റബാഹിന്റെ ജീവിതത്തെ അധികരിച്ച് പി. ടി. അബ്ദുറഹ്മാന്‍ രചിച്ച 'കറുത്ത മുത്തി'ന് The black pearl  എന്ന ഇംഗ്ലീഷ് പരിഭാഷ തീര്‍ത്തതും അജീര്‍കുട്ടിയാണ്. 2006ല്‍ എടവ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം അന്നു തന്നെ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. കുമാരനാശാന്‍, ഒ.വി.വിജയന്‍, അയ്യപ്പപ്പണിക്കര്‍, ഒ.എന്‍.വി.കുറുപ്പ് തുടങ്ങി പ്രശസ്ത മലയാള സാഹിത്യനായകരുടെ കഥകളും കവിതകളും അജീര്‍കുട്ടി  മലയാളം ലിറ്ററി സര്‍വ്വേയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴു കവിതകളും രണ്ടു ചെറുകഥകളും മൂന്ന് കഥകളും രചിച്ചിട്ടുള്ള അജീര്‍കുട്ടിയുടെ വിവര്‍ത്തനങ്ങളില്‍ ബഷീറിന്റെ ജീവിത നിഴല്‍പാടുകളുടെ “The shadow patches of life” വിവര്‍ത്തനം ശ്രദ്ധേയമാണ്. ഏറെ പ്രചാരവും അക്കാദമിക രംഗത്ത് അംഗീകാരവുമുള്ള ഇന്ത്യന്‍ ലിറ്ററേച്ചര്‍, മലയാളം ലിറ്ററി സര്‍വ്വേ എന്നിവയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളില്‍ ഇസ്ലാമിക പരിസരത്തുള്ള കൃതികള്‍ നടേ പറഞ്ഞ മൂന്നെണ്ണമാണ്. പദാനുപദ തര്‍ജ്ജമ എന്നതിലപ്പുറം ആശയ ശോഷണം സംഭവിക്കാതിരിക്കാനുള്ള  അജീര്‍കുട്ടിയുടെ സവിശേഷ ശ്രദ്ധ ശ്ലാഘനീയം തന്നെ.

മലയാള സാഹിത്യത്തെ അറബിലോകത്ത് പരിചയപ്പെടുത്തുന്നതില്‍ ശിഹാബ് ഗാനിമിന്റെയും മുഹമ്മദ് ഈദ് ഇബ്രാഹീമിന്റെയും സേവനങ്ങള്‍ പ്രശംസാര്‍ഹമാണ്. ഇന്ത്യയുടെ മഹാഭാരതവും സിദ്ധാന്തയും പഞ്ചതന്ത്രംകഥകളും ശാകുന്തളവും ഡിസ്‌ക്കവറി ഓഫ് ഇന്ത്യയും മറ്റും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ശിഹാബ് ഗാനിം ആണ് മലയാള സാഹിത്യത്തെ ആദ്യമായി അറബികള്‍ക്ക് പരിചയപ്പെടുത്തുന്നത്. എഞ്ചിനിയറിംഗിലും മാനേജുമെന്റിലും ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍  ഡോക്ടറേറ്റുമുള്ള ഈ അറബി കവി അറേബ്യന്‍ ഗള്‍ഫിലെ പ്രശസ്തനായ പരിഭാഷകന്‍ കൂടിയാണ്. മലയാളസാഹിത്യത്തിലെ ആധുനികരും ഉത്തരാധുനികരുമായ കവികളുടെ രചനകള്‍ അദ്ദേഹം അറബിവായനക്കാര്‍ക്ക് പരിചയപ്പെടുത്തി. പുത്തന്‍കലവും അരിവാളും (ഇടശ്ശേരി), മണിനാദം (ഇടപ്പള്ളി), കുന്നിമണികള്‍ (വൈലോപ്പിള്ളി ശ്രീധര മേനോന്‍), പ്രസ്താവന (ചങ്ങമ്പുഴ), രക്തദൂഷ്യം (ചെമ്മനം ചാക്കോ), കവിയുടെ മാനിഫെസ്റ്റോ (പുനലൂര്‍ ബാലന്‍), പാസേജ് റ്റു അമേരിക്ക (അയ്യപ്പപ്പണിക്കര്‍), കറുത്ത പക്ഷിയുടെ പാട്ട്  (ഒ.എന്‍.വി.),  ഇരിപ്പ് (ആറ്റൂര്‍), ഒറ്റക്ക് (സുഗതകുമാരി), ചതിപറ്റാതിരിക്കാന്‍ (യൂസുഫലി കേച്ചരി), തുമ്പിയും ഞാനും പല്ലിയും /താറും കുറ്റിച്ചൂലും (കടമ്മനിട്ട), മുഖമെവിടെ (വിഷ്ണുനാരായണന്‍ നമ്പൂതിരി), വെളിപാട് (ചുള്ളിക്കാട്)  മായക്കോവിസ്‌കി ആത്മഹത്യ ചെയ്തതെങ്ങിനെ (സച്ചിദാനന്ദന്‍) തുടങ്ങിയ കവിതകള്‍ മുഴുവന്‍ അറബി ലോകത്തെത്തിച്ചത് ഇദ്ദേഹമാണ്. ഈ കവിതകളിലൂടെ കേരള സംസ്‌ക്കാരവും അതിന്റെ സാമൂഹ്യ - രഷ്ട്രീയ - പ്രത്യയ ശാസ്ത്ര പരിസരങ്ങളും ഏതാണ്ടൊക്കെ മനസ്സിലാക്കുവാന്‍ കഴിയും വിധമാണ് തര്‍ജ്ജമ നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളത്. മൂല രചനകളിലൂടെയല്ല ഇംഗ്ലീഷ് എന്ന ഇടനില ഭാഷയിലൂടെയാണ്  ശിഹാബ് ഗാനിം മലയാള കവിതയും സംസ്‌കൃതിയും മനസിലാക്കിയത് എന്ന പരിമിതി ഒഴിവാക്കിയാല്‍ മലയാള രചനയിലെ അടിസ്ഥാന സവിശേഷതകളോട് നീതി പുലര്‍ത്താന്‍ വിവര്‍ത്തകവിക്കായിട്ടുണ്ട്.  പ്രമുഖ മലയാള കവിതകളുടെ സമാഹാരമായ 'ഇത്‌ലാല്‍ അല ശിഅ്‌രീന്‍ മുആസിര്‍ ഫി കൈരള' (സമകാലിക മലയാള കവിത),  കമലാസുരയ്യയുടെ 'യാഅല്ലാഹ് റനീന സുരയ്യ',  കയ്ഫ ഇന്‍തവിറ മയക്കോവ്‌സ്‌ക്കി വ ഖംസൂന ഖസീദ ഉഹ്‌റ (മായകോവിസ്‌ക്കി  ആത്മഹത്യ ചെയ്തത് എങ്ങനെയും മറ്റു അമ്പത് കവിതകളും) എന്നീ പേരുകളില്‍ ശിഹാബ് ഗാനിബിന്റെ  അറബി പരിഭാഷകള്‍ അബുദാബി കള്‍ച്ചറല്‍ ഹെറിറ്റേജ് (കലിമ) ആണ് പ്രസിദ്ധീകരിച്ചത്.    പരുമ്പവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ 'മിസ്‌ലതര്‍നീമ' എന്ന ശീര്‍കത്തില്‍ മുഹമ്മദ് ഈദ് ഇബ്രാഹിം പ്രസിദ്ധീകരിച്ചതും കലിമ മുഖേനയാണ്. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവല്‍ അബ്ദുല്‍കരീം ഹുദവി, സുഹൈല്‍ വാഫി ആദൃശ്ശേരി എന്നിവരും അറബിയിലേക്ക്  തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

1989 ല്‍ നന്മണ്ട അബൂബക്കര്‍ മൗലവി തര്‍ജ്ജമ ചെയ്തതാണ്, മഹാകവി കുമാരമനാശാന്റെ 'വീണപൂവി'ന്റെ അറബി വിവര്‍ത്തനമായ 'അസ്സഹ്‌റത്തുസ്സാഖിത'. ആദ്യമായി മലയാളത്തില്‍നിന്നു അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കവിതയും അതാണ്. മലയാളത്തിലെ ലക്ഷണമൊത്ത കാല്‍പ്പനിക ഗീതങ്ങളിലൊന്നായ വീണപൂവ് ബസീത്ത് എന്ന അറബി വൃത്തത്തിലാണ് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്.  അറബിക്കവിതയുടെയും അടിസ്ഥാന സവിശേഷതയായ വൃത്ത - പ്രാസ നിബന്ധനകള്‍ ഈ വിവര്‍ത്തനത്തിലും അബൂബക്കര്‍ നന്‍മണ്ട പാലിച്ചിരിക്കുന്നു. വിവര്‍ത്തകന്‍ തന്നെ സമ്മതിക്കുന്നതുപോലെ, ചുരുക്കം ചില സന്ദര്‍ഭങ്ങളിലൊഴികെ പൂര്‍ണമായും 'വീണപൂവി'ന്റെ  പദാനുപദ തര്‍ജ്ജമയാണ് 'അസ്സഹ്‌റത്തുസാകിത്വ'. വീണപൂവിന്റെ അറബി വിവര്‍ത്തനത്തോടൊപ്പം പ്രൊഫസര്‍ കെ. ശ്രീനിവാസന്റെ ഇംഗ്ലീഷ് പരിഭാഷയും മൂലകൃതിയും പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. മലയാളം, അറബി ഭാഷകളിലുള്ള ആമുഖങ്ങള്‍, പ്രസാധകകുറിപ്പ്,  സംശോധനപ്പട്ടിക, കവിതാപാഠങ്ങള്‍ എന്നിവടക്കം അമ്പതു പുറങ്ങളിലായാണ് കോഴിക്കോട് അറഫ പബ്ലിക്കേഷന്‍ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.മോഹനന്റെ 'യാസിന്‍ നിസാര്‍ അഹമ്മദ്' എന്ന കഥ ഡോ. കെ ജാബിര്‍ അതേ പേരില്‍ തര്‍ജ്ജമ ചെയ്ത് അല്‍ ഖുര്‍തും ജദീതയില്‍ പസിദ്ധീകരിച്ചിട്ടുണ്ട്.


മലയാള - അറബി സര്‍ഗസാഹിത്യ പരിഭാഷകരില്‍ ഏറെ ശ്രദ്ധേയനായ വി. എ. കബീര്‍, പി. കെ. പാറക്കടവ്, കമലാസുരയ്യ, വൈക്കം മുഹമ്മദ് ബഷീര്‍, എന്നിവരുടെ സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്ത് അറബി ആനുകാലികങ്ങലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നജീബ് മഹ്ഫൂസ് അടക്കമുള്ള പ്രമുഖ അറബി സാഹിത്യകാരുടെ കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും വി എ കബീര്‍ ആണ്. കമലാസുരയ്യയുടെ ഉണ്ണി (നവാഫിദ് ലക്കം 26 /2013) വൈക്കം മുഹമ്മദ് ബഷീറിന്റെ വെള്ളം (അല്‍അറബി ലക്കം 449 ഏപ്രില്‍ 1996) പി.കെ.പാറക്കടവിന്റെ മിനിക്കഥകള്‍ (നവാഫിദ് ലക്കം 17/2001) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പി.കെ. പാറക്കടവിന്റെ മിനിക്കഥകളുടെ തര്‍ജ്ജമകളുടെ പ്രത്യേക പതിപ്പ് ഈജിപ്തുകാരനായ  മുഹമ്മദ് ഈദ് ഇബ്രാഹീം നവാഫിദില്‍ പ്രസിദ്ധീകരിച്ചു.  മൂല ഭാഷയും ലക്ഷ്യഭാഷയും നന്നായി വഴങ്ങുന്ന വി.എ.കബീറിന്റെ മൊഴിമാറ്റത്തിന്റെ വശ്യത വേറെതന്നെയാണ്. ലാളിത്യം, തത്വദീക്ഷ,  മൂലരചനയോടുള്ള സമാനത എന്നിവയില്‍ ആ തര്‍ജമകള്‍ മികവാര്‍ന്നതാണ്. മറ്റു മലയാള രചനകള്‍ പരിഭാഷപ്പെടുത്തി അറബിലോകത്തെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മലയാളികളില്‍ ഡോ.മുഹിയിദ്ദീന്‍ ആലുവായ്, ഡോ.ഇ.കെ.അഹമ്മദ്കുട്ടി എന്നിവരും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

ചരിത്രത്തിന്റെ ഒരു ദശയിലും മലയാളം - അറബി വിവര്‍ത്തനരംഗത്ത് മലയാളത്തിന് കോയ്മയോ മലയാളിക്ക്  മേല്‍ക്കയ്യോ ലഭിച്ചിട്ടില്ല. മലയാളത്തിന്റെ വികാസ - പരിണാമ ഘട്ടങ്ങളിലെല്ലാം നാം വിദേശശക്തികള്‍ക്ക് അടിമകളായിരുന്നു. വിവര്‍ത്തനത്തിന്റെ രാഷ്ട്രീയത്തില്‍ എപ്പോഴും കോളനി വാഴ്ചയുടെ അധികാരശ്രേണിയുടെ നിഴലുകള്‍ കാണാവുന്നതാണ്. അതുകൊണ്ടാണ് വിധേയഭാഷയായ മലയാളത്തിലേക്ക് സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പും ഒരുപാടു കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടതും മലയാളത്തില്‍ നിന്നു തിരിച്ചില്ലാതെ പോയതും. അത് കൊണ്ടുതന്നെയാണ് ശൈഖ് സൈനുദ്ദീന്‍ മഖ്തുമും ഖാദി അബൂബക്കറും മമ്പുറം തങ്ങളും തങ്ങളുടെ കൃതികള്‍ അറബിയില്‍ പ്രസിദ്ധീകരിച്ചതെന്ന് പ്രൊഫ. കെ. കെ. എന്‍ കുറുപ്പും മങ്കട അബ്ദുല്‍ അസീസ് മൗലവിയും വേലായുധന്‍ പണിക്കശ്ശേരിയും മറ്റും നിരീക്ഷിച്ചത്.

author image
AUTHOR: ഡോ. എ. ബി മൊയ്തീന്‍ കുട്ടി
   (അസി. പ്രൊഫ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി)