ദര്‍സ് സമ്പ്രദായവും വൈജ്ഞാനിക മുന്നേറ്റങ്ങളും

സ്വാദിഖ് ചങ്ങനാശ്ശേരി  

മുഹമ്മദ് നബിയുടെ കാലംതൊട്ടെ ഇസ്‌ലാം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ടായിരുന്നു. മുസ്‌ലിംങ്ങള്‍ തങ്ങളുടെ അധിവാസമുറപ്പിച്ച സ്ഥലങ്ങളിലൊക്കെയും പള്ളികള്‍ സ്ഥാപിക്കുകയും അവിടുത്തെ ഖാളിമാര്‍, മുദരിസുകള്‍ തുടങ്ങിയവര്‍ പള്ളിയില്‍ വെച്ച് പഠനവും പാഠനവും നടത്തിവരുകയും ചെയ്തു. മുസ്‌ലിം പള്ളികളിലെ ഈ വിജ്ഞാന ദാനം പില്‍ക്കാലത്ത് പാഠം എന്നര്‍ത്ഥമുള്ള ‘ദര്‍സ്’എന്ന പേരില്‍ അറിയപ്പെട്ടു. പള്ളി ദര്‍സുകളില്‍ ഖുര്‍ആനിനും സുന്നത്തിനും പുറമെ വിവിധ ശാസ്ത്ര കലകളും അഭ്യസിച്ചിരുന്നു. കേരളത്തിലെ പള്ളികള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന സാമ്പ്രദായിക വിദ്യാഭ്യാസ സംവിധാനം തലമുറകളിലേയ്ക്ക് ആന്തരികവും ബാഹ്യവുമായ വിജ്ഞാനങ്ങള്‍ പകരുന്നതിനും മുസ്‌ലിം സമൂഹത്തില്‍ വിപ്ലവാത്മകമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിനും പങ്കുവഹിച്ചു. ബ്രിട്ടീഷ് ആധിപത്യവും കോളനിവല്‍ക്കരണവും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കെതിരെ ശക്തമായി പോരാടാന്‍ മുസ്‌ലിം സമൂഹത്തെ തയ്യാറാക്കുന്നതിലും ദര്‍സുകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.

ഓത്തുപള്ളി
മണ്ണിന്റെ ഒരു തറ, ചുറ്റും മറയില്ലാതെ മേല്‍ക്കൂര മാത്രം, അഞ്ചാറു കാലുകളില്‍ കെട്ടിയുണ്ടാക്കിയ ഒരു ചെറ്റപ്പുര-ഇത്രയുമായാല്‍ അന്നത്തെ ഓത്തുപള്ളിയുടെ കെട്ടിടമായി. പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ക്കും പ്രയാസമുണ്ടായിരുന്നില്ല. ചെകിടിമണ്ണ് കുറുക്കി മരപ്പലകയില്‍ പുരട്ടി (ലൗഹ്) മൂത്ത മുളക്കഷണം ഉണക്കിക്കൂര്‍പ്പിച്ചുള്ള പേന (ഖലം) കറുത്ത അറബിമഷിയില്‍ മുക്കിയാണ് പാഠഭാഗങ്ങള്‍ എഴുതിപ്പഠിച്ചിരുന്നത്. പഠന സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഏതാനും പലകകളും കല്ലുകളുമാണ് ആവശ്യം. പലകയുടെ രണ്ടറ്റവും കല്ലുകളിന്മേല്‍ വെക്കും. അതാണ് ബെഞ്ച്. ഇതുകൂടാതെ ബോര്‍ഡോ മേശയോ ഓത്ത്പള്ളി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അന്നത്തെ മദ്‌റസക്ക് ആവശ്യമുണ്ടായിരുന്നില്ല. നാട്ടുകാരുടെ പൊതു ഉടമയിലായിരുന്നില്ല ഇത്തരം ഓത്തുപള്ളികള്‍. മൊല്ലാക്ക അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് കെട്ടിയുണ്ടാക്കിയ ഓലപ്പുരയിലും  വീട്ടില്‍വെച്ചും ഓത്തുപള്ളി നടത്താറായിരുന്നു പതിവ്. ചിലേടത്തൊക്കെ സ്രാമ്പികള്‍ അല്ലെങ്കില്‍ തൈക്കാവുകളായിരുന്നു ഇതിന്     ഉപയോഗിക്കപ്പെട്ടിരുന്നത്.
ചേടിമണ്ണ് തേച്ച് ഉണക്കിയ പലകയുമായി കുട്ടികള്‍ രാവിലെതന്നെ ഓത്തുപള്ളിയിലെത്തും. 'അലിഫിന് അ, അയിന് ഉ, വാനീട്ട്, ദാലിന് ദു - അഊദു ബാക്ക് ബി, ലാമിന് ശദ്ദും നീട്ടും വന്നു, ഹാക്കു ഹി, അഊദു ബില്ലാഹി' എന്നിങ്ങനെ ഓതിത്തുടങ്ങും 'വായിച്ചൂട്ടി' ഓത്ത് (വായിച്ചുകൂട്ടി ഓതല്‍) എന്നായി രുന്നു ഇതിന്റെ പേര്. ഫത്ഹ്, കെസ്‌റ് എന്നീ ഹര്‍ക്കത്തുകള്‍ക്കു പകരം വെട്ടറാപ്പ്, വളഞ്ഞറാപ്പ്, നീട്ടെറാപ്പ്  എന്നൊക്കെയായിരുന്നു ഉപയോഗിച്ചി രുന്നത് .
മുസ്‌ലിയാര്‍ക്ക് പ്രത്യേക ശമ്പള സംവിധാനം ഉണ്ടായിരുന്നില്ല . ഓത്തിനു ചേര്‍ക്കുമ്പോള്‍ ഒരുറുപ്പിക, ഇടക്കാല ആശ്വാസമെന്ന നിലയ്ക്ക് വ്യാഴാഴ്ച മുക്കാല്‍, മുസാകി (മുസ്ഹഫ്) വെക്കുമ്പോള്‍ ഒരുറുപ്പിക, പെരുന്നാട്ടരി (വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന അരി) ഇങ്ങെനെയുള്ള പിരിവുകളായിരുന്നു മൊല്ലാക്കയുടെ വേതനം. ഒരോരുത്തരുടെയും പലകയില്‍ മൊല്ലാക്കതന്നെ എഴുതിക്കൊടുക്കും. ഒരോരുത്തര്‍ക്കും പ്രത്യേക പാഠമാ യിരുന്നു. ഒരു നീണ്ട കാലംകൊണ്ടു മാത്രമെ ഖുര്‍ആന്‍ വായിക്കാന്‍തന്നെ പഠിക്കൂ. പെണ്‍ക്കുട്ടികളും ആണ്‍കുട്ടികളും ഓത്തുപള്ളിയില്‍ പോയിരുന്നു. പത്തു വയസ്സുവരെ ഓത്തുപള്ളിയില്‍ പഠിച്ചശേഷം പെണ്‍കുട്ടികള്‍  'അഹം (അകം) അടങ്ങി' മൊല്ലാത്തികളുടെ കീഴിലാണ് പഠിക്കുക. മൊല്ലാക്കമാര്‍ക്കും മൊല്ലാത്തിമാര്‍ക്കും സ്വന്തം വക ഓത്തുപള്ളികള്‍ ഉണ്ടാവും. അല്ലെങ്കില്‍ വലിയ തറവാടുകള്‍ കേന്ദ്രീകരിച്ച് അതിന് സംവിധാനം ഉണ്ടാക്കും .
ഗുരുനാഥന്മാരെ മൊല്ലാക്ക, മുസ്‌ലിയാര്‍, ഉസ്താദ് എന്നൊക്കെയും വിദ്യാര്‍ത്ഥികളെ മുത്തഅല്ലിം എന്നും വിളിച്ചുപോന്നു. പള്ളി ദറസുകളില്‍ ചൊല്ലിക്കൊടുത്തിരുന്ന മുസ്‌ലിയാക്കന്മാരിലധികവും മലയാളം അറിയാത്തവരായിരുന്നു. അതുകൊണ്ടുതന്നെ സവിശേഷമായ ഭാഷാപ്രയോഗങ്ങളും ഈ ദറസ്സുകളില്‍ പചാരത്തി ലുണ്ടായിരുന്നു. ഞെട്ടുറുമ (കുറ്റം), ഞെട്ടാന്തരം (അമാനുഷികത), നുറുമ്പി ര്യായിരം (അക്രമം),  ഇങ്കിരയപ്പാട് (ശിക്ഷ), വളുതം (കളവ്), എടം തട്ടിക്കല്‍ (പരീക്ഷ) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

നാട്ടുവര്‍ത്തമാനങ്ങളില്‍ സാധാരണയായി ശിക്ഷ, കളവ് എന്നൊക്കെ ഉപയോഗിച്ചിരുന്നെങ്കിലും ദറസ്സില്‍ കയറി കിത്താബ് തുറക്കുമ്പോള്‍ അത് ഇങ്കിരിയപ്പാട്, വളുതം എന്നൊക്കെയായി മാറും. പള്ളികള്‍ കേന്ദ്രീകരിച്ചു നടന്ന പഠനരീതിയില്‍ അവിടെത്തന്നെ താമസിച്ചു പഠിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു. അവര്‍ക്ക് ഓരോ നേരവും  വിവിധ വീടുകളില്‍ നിന്ന് ഭക്ഷണം ഏര്‍പ്പെടുത്തുകയായിരുന്നു പതിവ്. വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ ദറസ്സുകളില്‍ പഠിപ്പിച്ചിരുന്നു. ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, നഹ്‌വ്  എന്നിവയോടൊപ്പം ഗണിതശാസ്ത്രത്തിന്റെയും ഗോളശാസ്ത്രത്തിന്റെയും പ്രാഥമിക തത്വങ്ങള്‍കൂടി പഠിപ്പിച്ചിരുന്നു.
 
ഓത്തുപള്ളി ചരിത്രവും വികാസവും
    കേരളത്തിന്റെ മതാന്തരീക്ഷത്തെ പ്രകാശമാനമാക്കുന്നതിന്റെയും ഹിജ്‌റ 900/1494 മുതല്‍ 1400/1979 വരെയുള്ള ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകള്‍ മലബാറിലെ ഇസ്‌ലാമിക സമൂഹത്തിന് വമ്പിച്ച വൈജ്ഞാനിക പുരോഗതി നേടിക്കൊടുക്കുന്നതിന്റെയും പിന്നിലെ പ്രചോദനം പള്ളിദര്‍സുകളായിരുന്നു. മഖ്ദൂമിന്റെ കാലം മുതലുള്ള പഠനരീതിയെക്കുറിച്ച് മാത്രമെ കൂടുതല്‍ ലിഖിത രേഖകള്‍ നിലവിലുള്ളൂ. എങ്കിലും കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനം മുതലേ മത വൈജ്ഞാനിക സംരംഭങ്ങളും പഠനങ്ങളും തുടക്കം കുറിക്കപ്പെട്ടിരുന്നു. പതിനാലാം നൂറ്റാണ്ടു വരെ കേരളത്തിലെത്തിക്കൊണ്ടിരുന്ന അറബികളായ സഞ്ചാരികളുടെ കുറിപ്പുകളില്‍ ഭാഗികമായും പതിനഞ്ചാം നൂറ്റാണ്ടുമുതലുള്ള സഞ്ചാര രേഖകളിലും മറ്റും ഏതാണ്ട് മൂര്‍ത്തമായും കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.  യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് ഇസ്‌ലാമിലേയ്ക്ക് കടന്നു വന്ന പുതുവിശ്വാസികള്‍ക്ക് വിശ്വാസപരമായ ദൃഢതയും അനുഷ്ഠാനങ്ങളില്‍ കൃത്യതയും പകരുന്നതിന് ആദ്യകാലത്ത് പ്രധാനമായും പള്ളികള്‍ കേന്ദ്രീകരിച്ചാണ് ജ്ഞാനവിനിമയത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നത്. എങ്കിലും വീടുകള്‍ കേന്ദ്രീകരിച്ചും ഓത്തുപള്ളികള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ വ്യവസ്ഥാപിതമായി ആരംഭിച്ച ആദ്യ വൈജ്ഞാനിക സംരംഭം ഹിജ്‌റ 670-ല്‍ ഇമാം മുഹമ്മദിബ്‌നു അബ്ദുല്ലാഹി ഹള്‌റമി (റ) താനൂര്‍ വലിയ കുളങ്ങര ജുമുഅ മസ്ജിദില്‍ ആരംഭിച്ച ദര്‍സായിരുന്നു. ദീര്‍ഘകാലം ഈ ദര്‍സ് അദ്ദേഹം തുടരുകയും നിരവധി വിദ്യാര്‍ത്ഥികള്‍ അതുകൊണ്ട് ഫലംനേടുകയും ചെയ്തു. ഇതിന് മുമ്പും ശേഷവുമെല്ലാം ഇസ്‌ലാമിക പ്രബോധനം ലക്ഷ്യംവെച്ച് എത്തിക്കൊണ്ടിരുന്ന സൂഫികളിലൂടെ ജനങ്ങളിലേയ്ക്ക് ഈ യാഥാര്‍ഥ്യ ജ്ഞാനം പകരുകയും വിശ്വാസികളായവര്‍ക്ക് അഹ്ക്കാമുകള്‍ പഠിപ്പിക്കുകയും അവരെ സംസ്‌കരിക്കുന്ന യത്‌നം തുടരുകയും ചെയ്തുപോന്നു. കണ്ണൂരിലെ പെരിങ്ങത്തൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് അലിയുല്‍ കൂഫി (റ),  ആദ്യകാലത്ത് പൊന്നാനിയിലെത്തുകയും അവിടെ തന്റെ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച് മസ്ജിദ് സ്ഥാപിച്ച് സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.  ദക്ഷിണ കേരളത്തിലെ ഉള്‍പ്രദേശങ്ങളില്‍ ദീനീ പ്രബോധനവും സംസ്‌കരണവും നിര്‍വഹിക്കുകയും ഈരാറ്റുപേട്ടയിലെ മംബഹുല്‍ ഹൈറാത്ത്, മിഫ്ത്താഹുല്‍ ഉലൂം, നൂറുല്‍ ഇസ്‌ലാം തുടങ്ങിയ മദ്രസകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത ശൈഖ് ഫരീദ് ഔലിയ (റ) തുടങ്ങി അറിയപ്പെട്ടതും അല്ലാത്തതുമായ ധാരാളം വ്യക്തികളും ഇക്കൂട്ടത്തിലുണ്ട്.  ഹിജ്‌റ 850/1446-ല്‍ മരണമടഞ്ഞ ഖാളി സൈനുദ്ദീന്‍ റമളാന്‍ ശാലിയാത്തി (റ) കോഴിക്കോട് കുറ്റിച്ചിറ മിസ്‌ക്കാല്‍ പള്ളി, മുച്ചുന്തിപ്പള്ളി, കുറ്റിച്ചിറ ജമാഅത്ത് പള്ളി എന്നിവിടങ്ങളില്‍ ദര്‍സ് ആരംഭിച്ചു. ഇദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ഹിജ്‌റ 899/1493-ല്‍ മരണപ്പെടുന്നതു വരെ പുത്രന്‍ ഫഖ്‌റുദ്ദീന്‍ അബൂബക്കര്‍ കാലിക്കൂത്തിയും പൂര്‍വ്വാധികം പ്രാബല്യത്തോടെ ഈ ദര്‍സ് തുടര്‍ന്നു പോന്നു. തന്റെ പൂര്‍വ്വികരുടെ വൈജ്ഞാനിക യത്‌നങ്ങള്‍ക്ക് തുടര്‍ച്ചയായി പുതിയ രീതിശാസ്ത്രവും പാഠ്യക്രമവുമൊക്കെ ആവിഷ്‌ക്കരിച്ച് തികച്ചും വ്യവസ്ഥാപിതമായി തന്നെയാണ് അദ്ദേഹം തന്റെ പാഠ്യപദ്ധതി ക്രമീകരിച്ചത്. ഇദ്ദേഹം ആവിഷ്‌കരിച്ച പാഠ്യക്രമത്തെ അസ്സില്‍സിലത്തുല്‍ ഫര്‍ശിയ്യ എന്നാണ് വിളിക്കപ്പെട്ടത്. പില്‍ക്കാലത്ത് ഈ ദര്‍സില്‍ പഠിച്ച പൊന്നാനി സൈനുദ്ദീന്‍ മഖ്ദും (റ) കബീര്‍ ആണ് തന്റെ ഉപരിപഠനാര്‍ത്ഥമുള്ള ലോക സഞ്ചാരങ്ങള്‍ക്കുശേഷം കേരളത്തില്‍ തിരിച്ചെത്തി ഉജ്വലമായ വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് തുടക്കമിട്ടത്. കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ആഗോള പ്രവണതകളുമായി കണ്ണിചേരുന്ന ആശയങ്ങളെയും ജ്ഞാനരൂപങ്ങളെയും വിനിമയം ചെയ്യുന്നതില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദും (റ) യിലൂടെ പുനരാവിഷ്‌ക്കരിക്കപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
കാലാന്തരത്തില്‍ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ഈ വിദ്യാഭ്യാസ സംമ്പ്രദായം വ്യാപിക്കാന്‍ തുടങ്ങി. തികച്ചും പൂര്‍വ്വിക മാതൃകയെ പിന്‍പറ്റിപോന്നിരുന്ന ഈ സമ്പ്രദായങ്ങള്‍ക്ക് പില്‍ക്കാലത്ത് സാധാരണക്കാരുടെ ഇടയില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. മാത്രവുമല്ല ഇത് കുറെ പരിമിതികള്‍ നേരിടേണ്ടി വന്നു. അതുകൊണ്ടുതന്നെ പരിഷ്‌ക്കരണങ്ങള്‍ ആവശ്യമായിത്തീര്‍ന്നപ്പോള്‍ മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കട്ടിലശ്ശേരി ആലിമുസ്‌ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. മദ്രസാ പ്രസ്ഥാനത്തിന്റെ രൂപീകരണവും  സിലബസ് ക്രമീകരണവും നിര്‍ദേശിക്കപ്പെട്ടത് ഇവരിലൂടെയായിരുന്നു. പില്‍ക്കാലത്ത് ഈ പരിഷ്‌ക്കരണങ്ങളാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതും നിലവിലെ ആധുനിക മതവിദ്യാഭ്യാസമായി പരിണമിച്ചതും.

പരിഷ്‌കരണ സംരഭങ്ങള്‍
പുരാതന ദര്‍സ് സമ്പ്രദായം പലയിടങ്ങളിലും തുടര്‍ന്നുപോന്നെങ്കിലും അറബിയും അറബി മലയാളവും പഠന മാധ്യമമായതുകൊണ്ടും അതിന്റെ ഭാഷാപരമായ കെട്ടിക്കുടുക്കുകളും പഴഞ്ചന്‍ പഠനരീതികളും കൊണ്ട് അത് സാധാരണക്കാരെ സ്വാധീനിക്കുന്നതില്‍ പരാജപ്പെട്ടു. മാത്രവുമല്ല വര്‍ഷങ്ങളോളം അറബി കിതാബുകള്‍ വായിച്ചതിനു ശേഷവും അറബിയില്‍ സ്വന്തമായി ഗ്രന്ഥങ്ങള്‍ എഴുതാനോ എഴുതപ്പെട്ടവ വായിച്ചുമനസ്സിലാക്കാനോ സാധിച്ചിരുന്നില്ല. ഇത് പുത്തന്‍ പഠനരീതികള്‍ക്കും പരിഷ്‌ക്കരണങ്ങള്‍ക്കും തുടക്കം കുറിച്ചു.

ശൈഖ് സൈനുദ്ദീന്‍ മഖ്ദും
കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക സംരംഭങ്ങളെയും അതിന്റെ പരിഷ്‌കരണങ്ങളെയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത പേരാണ്  സൈനുദ്ദീന്‍ മഖ്ദൂമിന്റെത്.  സാമൂഹികമായ അതിജീവനത്തിന് അനിവാര്യമായ സാമൂഹിക പ്രബുദ്ധത ജനസമൂഹങ്ങളിലേക്ക് പകരാന്‍ ഉതകുന്ന പാഠ്യപദ്ധതിയും സംസ്‌കരണ രീതികളുമായിരുന്നു അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പാക്കിയത്. ഉപരിപഠനാര്‍ത്ഥം അറേബ്യയിലേയ്ക്കും ഈജിപ്തിലെ അസ്ഹറിലേയ്ക്കുമെല്ലാം യാത്രചെയ്ത് ദീര്‍ഘകാലത്തെ അനുഭവ പരിജ്ഞാനങ്ങളുമായി അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷമാണ് തന്റെ വിദ്യാഭ്യാസ, നവോത്ഥാന യത്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൊന്നാനിയിലെ വലിയ ജുമുഅ മസ്ജിദ് പണികഴിപ്പിച്ച് അത് കേന്ദ്രീകരിച്ചാണ് അദ്ദേഹം ദര്‍സ് ആരംഭിച്ചത്. വിഖ്യാത പണ്ഡിതനായ സകരിയ്യല്‍ അന്‍സാരി (റ) വിന്റെ ശിഷ്യത്വം സ്വീകരിച്ച് ദീനിന്റെ ബാഹ്യ വിജ്ഞാനങ്ങളില്‍ അത്യഗാധമായ പണ്ഡിത്യം നേടിയ അദ്ദേഹം ചിശ്തി ത്വരീഖത്തിലെ ഒരു ശൈഖിനെ സ്വീകരിച്ച് ആന്തരിക വിജ്ഞാനീയങ്ങളിലും വ്യുല്‍പത്തി നേടുകയും ഈ രണ്ടു വിജ്ഞാനമാര്‍ഗങ്ങളെയും തന്റെ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് അടിത്തറയാക്കുകയും ചെയ്തു. നിലനിന്നിരുന്ന പഠന സമ്പ്രദായങ്ങള്‍ക്ക് പുറമെ പുതിയ സിലബസ് രൂപപ്പെടുത്തുകയും അതനുസരിച്ചുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. കിത്താബുകള്‍ ചൊല്ലിപ്പഠിപ്പിച്ച് അതിന് പരീക്ഷയും നടത്തി ബിരുദം നല്‍കുന്ന സാമ്പ്രദായിക ശൈലിക്ക് പകരം പഠന പൂര്‍ത്തീകരണത്തിന്റെയും ആത്മസംസ്‌കരണത്തിന്റെയും മാനദണ്ഡം അദ്ദേഹം നിശ്ചയിച്ചു. ചിട്ടയോടുകൂടിയ തുടക്കം, മഖ്ദും തന്നെ വിദ്യാര്‍ത്ഥികളുടെ പ്രായവും യോഗ്യതയും അനുസരിച്ച് പാഠഗ്രന്ഥങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കല്‍, നിരവധി അദ്ധ്യാപകന്മാരുടെ ശിക്ഷണത്തിലുള്ള വിദ്യാഭ്യാസ രീതി എന്നിവ അദ്ദേഹം ആവിഷ്‌കരിച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ആളെ അദ്ധ്യാപകനായി തിരഞ്ഞെടുക്കാന്‍ അദ്ദേഹം അനുമതി നല്‍കി.
മഖ്ദൂമിന്റെ മതപാഠശാലയില്‍ പഠിപ്പിക്കപ്പെടാത്ത ഒരു വിജ്ഞാനശാഖയും ഉണ്ടായിരുന്നില്ല. പ്രകൃതിവിജ്ഞാനിയങ്ങളും ഗണിതശാസ്ത്രവും പോലും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ആത്മസംസ്‌കരണം വിദ്യാഭ്യാസത്തിന്റെ പ്രഥമലക്ഷ്യമായി മഖ്ദൂം പരിഗണിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം രചിച്ച ആത്മസംസ്‌കരണപ്രധാനമായ മുര്‍ശിദുത്തുല്ലാബ് എന്ന ഗ്രന്ഥവും വിശ്വാസപരമായ അടിത്തറ ഭദ്രമാക്കുന്നതിന് മഖ്ദും ഒന്നാമന്‍ രചിച്ച അദ്കിയാഅ് പോലുള്ള കാവ്യങ്ങളും പ്രഥമിക പഠനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ  മഖ്ദും ആവിഷ്‌കരിച്ച പാഠ്യപദ്ധതിയും അവലംബിച്ച ഗ്രന്ഥങ്ങളും വലിയ മാറ്റമില്ലാതെ ഇന്നും അഗീകരിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് പുറമെ ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും ഈജിപ്ത്, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ നിന്നും ഇന്തോനേഷ്യ, സിലോണ്‍ തുടങ്ങിയ പൗരസ്ത്യ നാടുകളില്‍ നിന്നും വിജ്ഞാന കുതുകികള്‍ മഖ്ദൂമിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ എത്തിയിരുന്നു. കേരളത്തിലെ ആദ്യത്തെ മാതൃകാ ദര്‍സിന്റെ സംസ്ഥാപനത്തിനുവേണ്ടിയുള്ള നിരന്തര യാത്രയുടെ അനുഭവ സമ്പത്തും അറബ് ലോകത്ത് കണ്ടുമുട്ടിയ ഇമാം ജമാലുദ്ദീന്‍ സുയൂത്തി, ഇമാം സയ്യിദ് മുഹമ്മദ് അസ്സംഹൂദി, ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ ഹള്‌റമി തുടങ്ങിയ മഹാപണ്ഡിതന്മാരുമായുള്ള ആശയ വിനിമയത്തില്‍ നിന്നു ലഭിച്ച ഉള്‍ക്കാഴ്ച്ചയും അറിവും അദ്ദേഹത്തെ ലോക പ്രശസ്തനാക്കുന്നതിനും കേരളത്തില്‍ മതവിദ്യാഭ്യാസ നവോത്ഥാന നായകനാക്കുന്നതിനും കാരണമായി.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
കേരളത്തിന്റെ മതവിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ പണ്ഡിതനും ചിന്തകനുമായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ചാലിലകത്ത് ലത്വീഫിയയിലെ പഠനത്തിനു ശേഷം പള്ളി ദര്‍സുുകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു. തുടര്‍ന്ന് തിരിച്ച് ലത്വീഫിയയിലേയ്ക്ക് അദ്ധ്യാപകനായി ക്ഷണിക്കപ്പെട്ടെങ്കിലും അത് നിരസിക്കുകയും ജന്മനാട്ടില്‍ പള്ളി സ്ഥാപിക്കുകയും പഠന സമ്പ്രദായങ്ങള്‍ ഒരുക്കുകയും ചെയ്തു. തറയിന്മേല്‍ ഓലമെടഞ്ഞ ഷെഡ്ഡായിരുന്നു അന്ന് പള്ളിയായി ഉപയോഗിച്ചിരുന്നത് അതിനാല്‍ തറയിന്മേല്‍ പള്ളി എന്ന് വിളിക്കപ്പെട്ടു. 1908-ല്‍ ചാലിലകത്ത് വാഴക്കാട് ദറസ്സിന്റെ മുദരിസ്സായി സ്ഥാനമേറ്റതോടുകൂടി വാഴക്കാട് ദറസ്സിന്റെ മുഖം തന്നെ മാറ്റപ്പെട്ടു. കേരളത്തിന്റെ പലഭാഗത്തുനിന്നും ഉന്നതശീര്‍ഷരായ പലരും ഉപരിപഠനാര്‍ത്ഥം വാഴക്കാട്ടു വന്നിരുന്നു. ഇവരില്‍ ഭൂരിപക്ഷവും മലയാള അക്ഷരാഭ്യാസം നേടാത്തവരായിരുന്നതിനാല്‍ അവര്‍ക്കു വേണ്ടി പ്രത്യേക ‘മലയാള ഭാഷാപഠന ക്ലാസിന് മൗലാനാ രൂപം നല്‍കി. ഇത് മലയാള ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യം നേടിക്കൊടുക്കുന്നതിന് അവരെ സഹായിച്ചു.
ആധുനിക രീതിയിലുള്ള മദ്രസാ പ്രസ്ഥാനത്തിന് നാന്ദി കുറിക്കുന്നതില്‍ കുഞ്ഞഹമ്മദ് ഹാജി സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു. 1913 ജനുവരി 1-ന് കൊയപ്പത്തൊടി മായിന്‍ക്കുട്ടി ഹാജിയുടെ പിന്തുണയോടെ 'പുതിയ വിദ്യാലയ നിയമങ്ങള്‍' എന്ന പേരില്‍ സിലബസ് തയ്യാറാക്കുകയും പത്തുവര്‍ഷത്തെ കരിക്കുല സംവിധാനം ചിട്ടപ്പെടുത്തുകയും ചെയ്തു. ഈ സിലബസ് പ്രകാരമുള്ള പഠനരീതി വാഴക്കാട് ദാറുല്‍ ഉലൂമില്‍ ആരംഭിച്ചു. കൂടാതെ മിസ്‌റ്, ബൈറൂത്ത്, ലാഹോര്‍, അലീഗഢ്, ഡല്‍ഹി മുതലായ ദിക്കുകളില്‍ നിന്ന് പുതിയ കിത്താബുകള്‍ വരുത്തി പഠിപ്പിച്ചിരുന്നു. ഓരോ വിഷയത്തിനും ഓരോ പീരിയഡ് നിശ്ചയിച്ചതും ഡസ്‌ക്, ബെഞ്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ചതും അന്ന് പുതുമയായിരുന്നു. സാധാരണ വിഷയങ്ങള്‍ക്കു പുറമെ മലയാള വ്യാകരണം കൂടി അവിടെ പഠിപ്പിച്ചിരുന്നു. അറബിയില്‍ പ്രസംഗിക്കുന്നതിനും എഴുതുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
കുഞ്ഞഹമ്മദ് ഹാജി അവിടെവെച്ച് തന്റെ പുതിയ പദ്ധതി അനുസരിച്ചുള്ള പുസ്തകങ്ങള്‍ തയ്യാറാക്കുകയും അറബി ഭാഷയിലും വ്യാകരണ ശാസ്ത്രത്തിലും പ്രത്യക പുസ്തകങ്ങളെഴുതുകയും ചെയ്തു. അന്ന് ഉപയോഗിച്ചിരുന്ന അറബി - മലയാള ലിപിയില്‍ മലയാളത്തിലുള്ള പല അക്ഷരങ്ങളും ഉണ്ടായിരുന്നില്ല.  അക്കാരണത്താല്‍ കോഴിയെ കോശിയാക്കിയും’ രണ്ടിനെ ലണ്ടുമാക്കിയും എഴുതുകയും വായിക്കുകയുമായിരുന്നു പതിവ്. ഇത് പരിഷ്‌കരിച്ച് അറബിമലയാളത്തില്‍ പുതിയ അക്ഷരങ്ങള്‍ ആവിഷ്‌കരിച്ചത് മൗലാനാ കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. നഹ്‌വ്, ഫിഖ്ഹ്, തസ്വവുഫ് തുടങ്ങിയ വിജ്ഞാന ശാഖകള്‍ക്കു പുറമെ മന്‍ദിഖ്, മആനി എന്നീ പുതിയ വിജ്ഞാന ശാഖകള്‍ മലബാറില്‍ പ്രചാരത്തില്‍ വന്നത് തന്നെ മൗലാനയുടെ ശ്രമഫലമായിരുന്നു. ഇതിന് പുറമെ കേരളീയര്‍ക്ക് പരിചയമില്ലാത്ത ഉസ്വൂലുല്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്രനിദാനം), ഉലൂമുല്‍ ഹദീസ്,  തര്‍ക്കശാസ്ത്രം,  ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം, ഖിബ്‌ല നിര്‍ണയം തുടങ്ങിയ പല വിജ്ഞാനങ്ങളും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കി.  കണക്ക് പ്രകാരം കലണ്ടര്‍ ചിട്ടപ്പെടുത്തുന്നതിലും നമസ്‌കാര സമയം നിര്‍ണയിക്കുന്നതിലും പള്ളി നിര്‍മാണത്തിന്റെ ദിശ നിര്‍ണയിക്കുന്നതിലും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനും ചാലിലകത്തിന്റെ ഈ പരിഷ്‌കരണങ്ങള്‍ സഹായകമായി. ഇത് സമൂഹത്തില്‍ മത വിദ്യാഭ്യാസത്തോടുള്ള താല്‍പര്യം വര്‍ധിക്കുന്നതിനും കാരണമായി.

മദ്രസാ പ്രസ്ഥാനം
ആധുനിക മതവിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത് മദ്രസാ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തോടുകൂടിയായിരുന്നു. പുരാതന ഓത്തുപള്ളി സമ്പ്രദായത്തിന്റെ പോരായ്മകളും അതിന്റെ പരിമിതികളും അന്നത്തെ ഉത്പതിഷ്ണുക്കളായ പണ്ഡിതന്മാരുടെ ശ്രദ്ധയില്‍ വിഷയീഭവിച്ചു. ഇതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ പൗര പ്രധാനികള്‍ ഒരു ചര്‍ച്ചായോഗത്തിന് ഒരുക്കം കൂട്ടി. മുസ്‌ലിംകളിലെ പ്രധാന പണ്ഡിതന്മാരും പൗര പ്രധാനികളും അതില്‍ ക്ഷണിക്കപ്പെട്ടിരുന്നു. 1912-ല്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ ബാവമാസ്റ്ററുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്നു. കട്ടിലശ്ശേരി ആലിമുസ്‌ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരായിരുന്ന കെ. എം മൗലവി, പി.കെ മൂസ മൗലവി തുടങ്ങിയ പണ്ഡിതന്മാര്‍ പങ്കെടുത്ത ഈ യോഗത്തില്‍ പഠനരീതിയിലെ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മൗലാനാ കുഞ്ഞഹമ്മദ് ഹാജിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനായിരുന്ന കെ. എം മൗലവി നിലവിലുള്ള പഠന പദ്ധതിയുടെ പോരായ്മകളെ ചൂണ്ടിക്കാണിക്കുകയും സമൂലമായൊരു പരിവര്‍ത്തിത പഠനരൂപം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് വാഴക്കാട് ദാറുല്‍ ഉലൂമില്‍ ഈ പുതിയ പാഠ്യപദ്ധതിയനുസരിച്ച് പഠനമാരംഭിച്ചു. ഇങ്ങനെ പുതിയ മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചെങ്കിലും ധാരാളം പ്രതിസന്ധികളെ അതിന് തരണം ചെയ്യേണ്ടി വന്നു. ബോര്‍ഡും ബെഞ്ചും ഡസ്‌കും മറ്റും ഉപയോഗപ്പെടുത്തിയുള്ള ഈ പുതിയ വിദ്യാഭ്യാസ സമ്പ്രദായം യാഥാസ്ഥിതിക പണ്ഡിതന്മാരുടെ എതിര്‍പ്പിന് കാരണമായി. ഈ പുത്തന്‍’പ്രസ്ഥാനത്തിനെതിരില്‍ അവര്‍ ഫത്‌വയിറക്കി. ബോര്‍ഡിന്മേല്‍ ഖുര്‍ആന്‍ എഴുതി മായിക്കുമ്പോള്‍ ചോക്കുപൊടി നിലത്തു വീഴുന്നത് ഖുര്‍ആനെ അപമാനിക്കലാണെന്ന് അവര്‍ വാദിച്ചു. വഖഫിന്റെ സ്വത്ത് ഇത്തരം മദ്രസാപഠനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും അവര്‍ വിധിച്ചു. കൂടാതെ ഇതിനെതിരെ ധാരാളം കവിതകള്‍ പോലും പ്രചരിപ്പിക്കപ്പെട്ടു. അതിലൊന്നാണ് അരീക്കല്‍ അമ്മദ് മുസ്‌ലിയാരുടെ താഴെപ്പറയുന്ന നര്‍മകവിത.

ഒരു കാലത്തും ലാ
തജ്അലുല്‍ ബനീന മദ്രസ്സ
വഴിയില്‍ യതഅല്ലമൂന
മീമുന്‍ ലി മദ്രസത്തിന്‍
വമീമു ജഹന്നമി
ഒന്നാണ് ചങ്ങാതി ബിലാ തവഹുമി.


(ഒരു കാലത്തും കുട്ടികളെ മദ്രസ്സയില്‍ പഠിക്കാനയക്കരുത്. നിസ്സംശയം, മദ്രസ്സയിലെ മീമ് എന്ന അക്ഷരവും ജഹന്നമി-നരകം-ലെ മീമും ഒന്നാണ് ചെങ്ങാതി.)

ഇങ്ങനെ എതിര്‍പ്പുകള്‍ ശക്തമായിരുന്നെങ്കിലും പുതിയ പഠനരീതി പലയിടത്തും വ്യാപിക്കാന്‍ തുടങ്ങി. മിസ്‌റ്, ബൈറൂത്ത്, ലാഹോര്‍ തുടങ്ങി പലയിടങ്ങളില്‍ നിന്നുമുള്ള കിത്താബുകള്‍ പോലും അവിടങ്ങളില്‍ ഉപയോഗിക്കപ്പെട്ടു. തികച്ചും നൂതനമായ പല വിഷയങ്ങളും പഠന രീതികളും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. ഫത്വവകളും എതിര്‍പ്പുകളും ഒന്നിനൊന്ന് തുടര്‍ന്നപ്പോഴും പരിഷ്‌കരണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരുന്നു. മദ്രസ്സകള്‍ സ്ഥാപിക്കാനും പഠന വിഷയം തയ്യാറാക്കാനുമായി വിവിധ ഭാഗങ്ങളില്‍ നിന്ന് മൗലാനാ കുഞ്ഞഹമ്മദ് ഹാജിയുടെ അടുക്കല്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു. പലയിടത്തും പുതിയ മദ്രസ്സകള്‍ തുടങ്ങി. മിക്കയിടങ്ങളിലും മൗലാനാ ആളെ അയച്ചു കൊടുത്തു. പറവണ്ണ, പുളിക്കല്‍, എറിയാട്, വളപ്പട്ടണം, കൊടിയത്തൂര്‍, കോട്ടുമ്മല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അന്ന് ആദ്യമായി പുതിയ രീതിയിലുള്ള മദ്രസ്സകള്‍ ആരംഭിച്ചത്.  യഥാര്‍ത്ഥത്തില്‍ ഈ മദ്രസകള്‍ വൈജ്ഞാനിക നവോത്ഥാനത്തിന്റെ പുതിയ ചവിട്ടുപടികളായിരുന്നു. യാഥാസ്ഥികതയുടെ ഇരുണ്ട യുഗത്തിലും സാമൂഹിക,സാംസ്‌കാരിക പുനരുദ്ധാരണത്തിന്റെ വഴിതേടുകയായിരുന്നു കേരള മുസ്‌ലിംകള്‍ മദ്‌റസാ പ്രസ്ഥാനത്തിലൂടെ.

Reference

1. മഖ്ദൂമും പൊന്നാനിയും (ഡോ. ഹുസൈന്‍ രണ്ടത്താണി)
2. ഓര്‍മ്മക്കുറിപ്പുകള്‍ (കെ. മൊയ്തു മൗലവി)
3. പ്രബോധനം സ്‌പെഷല്‍ പതിപ്പ് (1998)
4. ഇസ്‌ലാമിക വിജ്ഞാനകോശം, വാള്യം 8, 9