രണ്ടായിരത്തിലധികം മഹദ് വ്യക്തികളുടെ ജനന-മരണ തീയതികളടക്കം സമ്പൂര്‍ണ ജീവചരിത്രം ഹൃദിസ്ഥമായിരുന്ന ഒരു ചരിത്ര പണ്ഡിതന്‍ കേരളത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ആ അനിതര സാധാരണത്വമാണ് നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ല്യാര്‍. മാപ്പിള ചരിത്രത്തിലെ വെള്ളി നക്ഷത്രമായിരുന്ന ശഹീദ് ആലിമുസ്‌ല്യാരുടെ പൗത്രനാണ് നെല്ലിക്കുത്ത് എരികുന്നന്‍ പാലത്ത്മൂലയില്‍ മുഹമ്മദലി മുസ്‌ലിയാര്‍. അപാരമായ ഓര്‍മശക്തിയായിരുന്നു മുഹമ്മദലി മുസ്‌ല്യാരെ വേറിട്ടൊരു ചരിത്രകാരനാക്കിയത്. ഇംഗ്ലീഷ് ചരിത്രകാരന്മാരായിരുന്ന ടെയ്‌ലറെയും മില്ലറെയും അദ്ദേഹത്തിന്റെ അടുത്തെത്തിച്ചതും ഈ പ്രത്യേകത തന്നെയായിരുന്നു.
ഒരു പുരുഷായുസ്സ് മുഴുവന്‍ ചരിത്രം തേടിയുള്ള യാത്രകള്‍. അല്‍ബിറൂനിയെയും ഇബ്‌നുബത്തൂത്തയെയും പോലെ ചരിത്ര ശേഖരണത്തിനായി ജീവിതംതന്നെ ഉഴിഞ്ഞുവെച്ച മഹാപണ്ഡിതന്‍. കേരളചരിത്രത്തിലെ ത്വബരിയെന്നും മസ്ഊദിയെന്നും ഇബ്‌നുഖല്‍ദൂനെന്നുമെല്ലാം അദ്ദേഹത്തെ വിശേഷിപ്പിച്ചവരുണ്ട്. തന്റെ കൃതികള്‍ മുഴുവന്‍ വെളിച്ചം കാണാതെ ജീവിതത്തോട് അദ്ദേഹം വിടപറഞ്ഞു. രണ്ടായിരത്തിലധികം കേരളീയ പണ്ഡിതന്മാരുടെ ചരിത്രം പറയുന്ന അദ്ദേഹത്തിന്റെ'തുഹ്ഫതുല്‍ അഖ്‌യാര്‍ ഫീ താരീഖി ഉലമാഇ മലൈബാര്‍' എന്ന ചരിത്രഗ്രന്ഥവും അതില്‍ പെടുന്നു.
ജനനം, അധ്യയനം, അധ്യാപനം
മഹത്തായ പൈതൃകവും പണ്ഡിതപാരമ്പര്യവുമുള്ള കുടുംബത്തിലാണ് മുഹമ്മദലി മുസ്‌ല്യാരുടെ ജനനം. പണ്ഡിതനും ഖിലാഫത്ത് പ്രസ്ഥാന നായകനുമായിരുന്ന മര്‍ഹൂം ആലി മുസ്‌ല്യാരുടെ മകനായി 1932 ഒക്‌ടോബര്‍ 25 ലാണ് മുഹമ്മദലി മുസ്‌ല്യാരുടെ ജനനം. പിതാവ് അബ്ദുല്ലക്കുട്ടി മുസ്‌ല്യാരും പണ്ഡിതനും കവിയും മികച്ച അറബി കൈയക്ഷരത്തിന്റെ ഉടമയുമായിരുന്നു. മാതാവ് ഫാത്വിമയുടെ പിതാവ് പരിയങ്ങാട്ട് പി. മരക്കാര്‍ മുസ്‌ലിയാര്‍ ബഹുഭാഷാ പണ്ഡിതനും നിമിഷകവിയുമായിരുന്നു.
നെല്ലിക്കുത്ത് മാപ്പിള ബോര്‍ഡ് സ്‌കൂളില്‍ മൂന്നാം ക്ലാസുവരെ പഠിച്ച ശേഷം വിവിധ പള്ളി ദര്‍സുകകളില്‍ മതപഠനം നടത്തി. പ്രഥമ ഗുരുനാഥന്‍ പിതാവ് തന്നെയായിരുന്നു. ചെമ്പ്രശ്ശേരി, അയനിക്കോട്, തൃക്കലങ്ങോട്, കാരപ്പഞ്ചേരി, അരീച്ചോല, പാണക്കാട്, വണ്ടൂര്‍ എന്നിവിടങ്ങളിലായി മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, താഴെക്കോട് കുഞ്ഞലവിമുസ്‌ല്യാര്‍ തുടങ്ങിയ പ്രഗത്ഭരുടെ കീഴില്‍ മതപഠനം നടത്തി.
1963 ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയഃ അറബിക് കോളേജിന്റെ പ്രഥമബാച്ചിലെ വിദ്യാര്‍ഥിയായിരുന്നു അദ്ദേഹം. ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ല്യാര്‍, ഖുതുബി മുഹമ്മദ് മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. കണ്ണിന് അസുഖം കാരണം പഠനം പൂര്‍ത്തിയാക്കാനായില്ലെങ്കിലും സ്ഥിരോത്സാഹിയായ അദ്ദേഹം നീണ്ട ഇരുപത്തിരണ്ടുവര്‍ഷത്തെ പഠന പരിശ്രമങ്ങള്‍ക്കുശേഷം 1965 ല്‍ കാര്‍ത്തലയില്‍ മുദരിസായി അധ്യാപനത്തിന് തുടക്കം കുറിച്ചു. എടത്തല, വള്ളുവങ്ങാട്, തരുവണ, പയ്യന്നൂര്‍, വട്യാര, പന്നിയൂര്‍, കര്‍ണാടകയിലെ കൗടിക്കട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചു.
ബഹുഭാഷാ പണ്ഡിതനും കവിയുമായ കിടങ്ങയം കെ.ടി ഇബ്‌റാഹീം മുസ്‌ല്യാരുടെ മകള്‍ മൈമൂനയാണ് ഭാര്യ. അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമുണ്ട്.
ചരിത്രം തേടിയുള്ള തീര്‍ഥയാത്രകള്‍
നാടും വീടും വിട്ട് ചരിത്ര സത്യങ്ങള്‍ തേടിയുള്ള തന്റെ യാത്രയെ രണ്ട് ഘട്ടമായിട്ടാണ് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്നത്. 1951 മുതലുള്ള ഒന്നാംഘട്ടവും 1979 മുതലുള്ള രണ്ടാം ഘട്ടവും. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ അദ്ദേഹം ചെന്നെത്താത്ത ഗ്രന്ഥാലയങ്ങളോ സ്ഥാപനങ്ങളോ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളോ ഇല്ല. ചരിത്ര പുരുഷന്മാരുടെ ഉറവിടങ്ങള്‍ തേടി ഇമാം ബുഖാരി (റ) യെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന യാത്രകള്‍. വിജ്ഞാനം തേടിയുള്ള യാത്രയില്‍ സമുദായത്തിലെ കക്ഷി വഴക്കുകളോ സംഘടനാ പ്രശ്‌നങ്ങളോ അദ്ദേഹത്തിനു മുമ്പില്‍ തടസ്സങ്ങളായിരുന്നില്ല. ആയിരക്കണക്കിന് ഗ്രന്ഥങ്ങളിലൂടെ സഞ്ചരിച്ച് ഗ്രഹിച്ച വിജ്ഞാനങ്ങള്‍ മരണംവരെ അദ്ദേഹത്തിന്റെ ഓര്‍മയില്‍ നിലനിന്നിരുന്നു.
രചനകള്‍
അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ കഴിവുണ്ടായിരുന്ന മുഹമ്മദലി മുസ്‌ല്യാരുടെ രചനകളെല്ലാം ശുദ്ധവും ലളിതവുമായ അറബിഭാഷയിലാണ്. മലയാളത്തില്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ട ഏക ഗ്രന്ഥം മലയാളത്തിലെ മഹാരഥന്മാര്‍ എന്ന പേരില്‍ 1997 ല്‍ പുറത്തിറങ്ങി. പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ ഇ. കെ അബൂബക്കര്‍ മുസ്‌ല്യാര്‍ വരെയുള്ള പ്രഗല്‍ഭ പണ്ഡിതന്മാരെക്കുറിച്ചുള്ളതാണിത്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീന്റെ പരിഭാഷയും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
വെളിച്ചം കാണാത്ത കൃതികള്‍
1. തുഹ്ഫതുല്‍ അഖ്‌യാര്‍ ഫീ താരീഖി ഉലമാഇ മലൈബാര്‍ -കേരളക്കരയില്‍ മണ്‍മറഞ്ഞുപോയ പണ്ഡിതശ്രേഷ്ഠരുടെ ജീവചരിത്രമായ ഈ ഗ്രന്ഥത്തിന് മൂന്നുവാള്യമുണ്ട്.
2. തുഹ്ഫതുല്‍ അഖില്ലാഅ് ഫീ താരീഖില്‍ ഖുലഫാഅ് - ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) മുതല്‍ ഉസ്മാനിയാ ഖലീഫ സുല്‍ത്താന്‍ വഹീദുദ്ദീന്‍ ഖാന്‍ വരെയുള്ളവരുടെ ചരിത്രമാണ് ഇതില്‍.
3. മുഅ്ജമുല്‍ മുസന്നിഫീന്‍ - ശൈഖ് ഇസ്മാഈല്‍ ബാദുഷ (മരണം- ഹി. 1335) യുടെ ഹിദായതുല്‍ ആരിഫീന്‍ എന്ന കൃതിയുടെ സംഗ്രഹം. ആയിരത്തിഅഞ്ഞൂറോളം പൗരാണിക മുസ്‌ലിം ഗ്രന്ഥകാരന്മാരുടെ ചരിത്രവും ഗ്രന്ഥ വിവരണങ്ങളും ഉള്‍കൊള്ളുന്നു.
4. തുഹ്ഫത്തുല്‍ ഇഖ്‌വാന്‍ ഫീ ബയാനിത്തഫാസീറി വല്‍ മുഫസ്സിറീന ഫില്‍ ഖുര്‍ആന്‍ - ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയും വ്യാഖ്യാതാക്കളെയും കുറിച്ചുള്ള കൃതിയാണിത്.
5. അശ്ശംസുല്‍ മുളീഅഃ - ഖിലാഫത്ത് സമരത്തെക്കുറിച്ച് സമരനായകന്‍ ആലി മുസ്‌ല്യാരുടെ പൗത്രന്‍ രചിച്ച കൃതി എന്നത് ഇതിനെ വ്യതിരിക്തമാക്കുന്നു.
6. അല്‍ അശ്ആറു വശ്ശുഅറാഉ
കേരളത്തിലെ നൂറോളം കവികളെയും കവിതകളെയും കുറിച്ചുള്ള കൃതി.
7. ളൗഉല്ലംആത്തു ഫീ താരീഖിസ്സാദാത്ത്
കേരളത്തിലെ സയ്യിദ് കുടുംബങ്ങളുടെ ചരിത്രം.
8.മജ്മഉശ്ശുറൂഹ്- അറബി വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ, ഫിഖ്ഹ് ഗ്രന്ഥമായ മിന്‍ഹാജ്, ഉസ്വൂലുല്‍ ഫിഖ്ഹ് ഗ്രന്ഥമായ ജംഉല്‍ ജവാമിഅ് തുടങ്ങിയവയുടെ വിവിധ വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള വിവരണമാണിത്.
9. ശുറൂഹുല്‍ ബുര്‍ദ - ഇമാം ബൂസുരി ഖസ്വീദതുല്‍ ബുര്‍ദയുടെ നാല്പത്തിയെട്ട് വ്യാഖ്യാനങ്ങള്‍ ഒരുമിച്ചുകൂട്ടിയത്.
മറ്റു കൃതികള്‍
മലയാളത്തില്‍ ആദ്യമായി അറബി മലയാള ഭാഷാ നിഘണ്ടു തയ്യാറാക്കിയത് അദ്ദേഹമാണെങ്കിലും പ്രസ്തുത കൃതി ഏതോ സുഹൃത്ത് വാങ്ങിക്കൊണ്ടുപോകുകയും നഷ്ടപ്പെട്ടുപോവുകയുമാണുണ്ടായത്. ഇതുപോലെ അദ്ദേഹത്തിന്റെ പല രചനകളും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. വിവിധ മൗലീദ് രചയിതാക്കളെപ്പറ്റിയുള്ള വിവരണ ഗ്രന്ഥവും കേരളത്തിലെ വിവിധ പള്ളികളുടെ നിര്‍മാണ വിവരങ്ങളടങ്ങുന്ന മറ്റൊരു കൃതിയും അദ്ദേഹത്തിന്റേതായുണ്ട്. ഇതിനുപുറമേ ധാരാളം അറബികവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി തന്റെ കൃതികളുടെ പ്രസിദ്ധീകരണത്തിന് അദ്ദേഹത്തിന് തടസ്സമായി.
ഗ്രന്ഥശേഖരം
പിതാമഹന്‍ ആലി മുസ്‌ല്യാരില്‍ നിന്ന് പൈതൃകമായി ലഭിച്ചതും താന്‍ ശേഖരിച്ചതും രചിച്ചതുമായ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരം മുഹമ്മദലി മുസ്‌ല്യാരുടെ വീട്ടിലുണ്ട്. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ശേഖരമായിരുന്നു ആലി മുസ്‌ല്യാരുടേത്. അവയില്‍ ഭൂരിഭാഗവും ഖിലാഫത്ത് സമരകാലത്ത് ബ്രിട്ടീഷുകാര്‍ തീയിട്ട് നശിപ്പിച്ചു. അവശേഷിക്കുന്നത് മുന്നൂറോളം ഗ്രന്ഥങ്ങള്‍ മാത്രമായിരുന്നു. കടുത്ത സാമ്പത്തിക പരാധീനത കാരണം ചില ഗ്രന്ഥങ്ങള്‍ വില്‍ക്കാന്‍ പിതാവ് അബ്ദുല്ലക്കുട്ടി മുസ്‌ല്യാര്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ബ്രിട്ടീഷുകാര്‍ ബൂട്ടിട്ട് ചവിട്ടിയ അടയാളമുള്ള മഹല്ലിയുടെ രണ്ടു ഭാഗവും ശേഖരത്തിലുണ്ട്. നിരവധി അലമാരകളിലായി സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ പലതും കാലപ്പഴക്കത്താല്‍ ദ്രവിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അവഗണനയുടെ തീച്ചൂളയില്‍
ഒരു പുരുഷായുസ്സ് മുഴുവന്‍ ചരിത്ര വിജ്ഞാനങ്ങളുടെ ശേഖരണത്തിനും ക്രോഡീകരണത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച മുഹമ്മദലി മുസ്‌ല്യാരെയും കുടുംബത്തെയും കേരളീയ സമൂഹം അര്‍ഹമായ പരിഗണന നല്‍കാതെ അവഗണിക്കുകയായിരുന്നു. തന്റെ പരാതികളോ പരിഭവങ്ങളോ ആരെയും അറിയിക്കാതെ തികച്ചും ഒരു ഫഖീറായാണ് അദ്ദേഹം ലോകത്തോട് വിടവാങ്ങിയത്. സ്വന്തം നാട്ടുകാര്‍ക്കുപോലും ആ മഹാനുഭാവന്റെ സേവനങ്ങള്‍ തിരിച്ചറിയാനോ അര്‍ഹമായ ആദരവ് നല്‍കാനോ സാധിച്ചില്ല.
കടുത്ത അവഗണനകള്‍ക്കിടയിലും ഒറ്റപ്പെട്ട അനുമോദനങ്ങളും അദ്ദേഹത്തെ തേടിയെത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയര്‍, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ദുബൈ കള്‍ച്ചറല്‍ സെന്റര്‍, പെരുമ്പിലാവ് അബ്ദുല്ലാഹില്‍ ഹദ്ദാദ് ട്രസ്റ്റ്, (ഹദ്ദാദ് അവാര്‍ഡ്) കോടാമ്പുഴ ദാറുല്‍ മആരിഫ് അറബിക് കോളേജ് (ഇമാം ഗസ്സാലി അവാര്‍ഡ്), 2005 ലെ മഖ്ദൂം അവാര്‍ഡ്, മലബാറിലെ ചരിത്രഗവേഷണങ്ങള്‍ക്കുള്ള അദര്‍ ബുക്‌സ് അവാര്‍ഡ്, കാലിക്കറ്റ് സര്‍വകലാശാല, കടമേരി റഹ്മാനിയ്യ അറബിക് കോളേജ് തുടങ്ങിയവയുടെ ബഹുമതികള്‍ എന്നിവ എടുത്തുപറയേണ്ടതാണ്.
ഭൗതിക ബിരുദങ്ങളൊന്നുമില്ലാത്ത മുഹമ്മദലി മുസ്‌ല്യാരുടെ വൈജ്ഞാനിക പ്രഭയില്‍ നിന്നും ചരിത്ര ബോധത്തില്‍ നിന്നും നിരവധി ഗവേഷണപ്രബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. ചരിത്രകാരന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സംശയ നിവാരണങ്ങള്‍ക്കായി പലപ്പോഴും അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. ഡോ. കെ.വി വീരാന്‍ മൊയ്തീന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. കെ. ടി ജലീല്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുര്‍റഷീദ്, പ്രൊഫ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. കെ. കെ അബ്ദുസ്സത്താര്‍, ഡോ. മായിന്‍കുട്ടി, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ കേരളത്തിനകത്തും പുറത്തും അദ്ദേഹത്തിന്റെ സഹായത്തോടെ ഉന്നതബിരുദങ്ങള്‍ നേടിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അദ്ദേഹം ഒരു ജീവനുള്ള വിജ്ഞാനകോശമായിരുന്നു. 2007 ഓഗസ്റ്റ് 7 ന് അദ്ദേഹം അന്തരിച്ചു.
1. ചന്ദ്രിക വാരാന്തപ്പതിപ്പ് - 1990 സെപ്റ്റംബര്‍ 22
2. ചന്ദ്രിക വാരാന്തപ്പതിപ്പ്- 2001 സെപ്റ്റംബര്‍ 9
3. സത്യധാര മാസിക -2007 ഒക്‌ടോബര്‍ 15
4. അല്‍ ഇര്‍ഫാദ് മാസിക -1998 മാര്‍ച്ച്
5. അല്‍ ഇര്‍ഫാദ് മാസിക. 2006 ഡിസംബര്‍
6. രിസാല മാസിക -1997 ഒക്‌ടോബര്‍ 8
7. സിറാജ് ഫ്രൈഡേ ഫീച്ചര്‍ - 1996 നവംബര്‍ 22
8. തേജസ് ആഴ്ചവട്ടം 2006 ഫെബ്രുവരി
9. മാധ്യമം ദിനപത്രം 2009 ആഗസ്റ്റ് 7
10. മലയാള മനോരമ ശ്രീ. 2006 ഒക്‌ടോബര്‍ 8
11. മലയാളത്തിലെ മഹാരഥന്മാര്‍ - ഇര്‍ഷാദ് പബ്ലിക്കേഷന്‍സ് 1997
12. നമ്മുടെ നാട് പുണ്യനാട് നെല്ലിക്കുത്ത് നുസ്‌റത്ത് കള്‍ച്ചറല്‍ സെന്റര്‍
13. സ്പന്ദനം - നെല്ലിക്കുത്ത് മഹല്ല് സ്മരണിക
14. പത്തായം - താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് സുവനീര്‍ 2008
15. മാതൃഭൂമി എഡിറ്റോറിയല്‍- 2009 ആഗസ്റ്റ് 7