കേരളത്തിലെ അറബി കവിപ്രതിഭകള്‍

ഡോ. കെ.വി. വീരാന്‍ മൊയ്തീന്‍  

പ്രവാചക കാലഘട്ടത്തിന് മുമ്പ് തന്നെ ബി.സി. രണ്ടാം ശതകത്തില്‍ കേരള പശ്ചിമ തീരദേശങ്ങളില്‍ അറേബ്യന്‍ വര്‍ത്തക കുടുംബങ്ങള്‍ അധിവസിച്ചിരുന്നതായി ചരിത്രകാരനായ ഡോ. താരാചന്ദ് അഭിപ്രായപ്പെടുന്നുണ്ട്. ഈ വാണിജ്യ ബന്ധങ്ങളിലൂടെ അറബി ഭാഷയും പശ്ചിമ തീരങ്ങളില്‍ വ്യാപകമായല്ലെങ്കിലും പ്രചരിച്ചിരുന്നു. അറേബ്യന്‍ തുറമുഖങ്ങളില്‍ നിന്ന് കടല്‍ വഴി കേറീട്ടാണ് ഇസ്‌ലാം കേരളത്തിലെത്തിയത്. അത്‌ കൊണ്ട് തന്നെ അറബി ഭാഷയും സംസ്‌കാരവും തനതായ ശൈലിയില്‍ കേരളത്തില്‍ പ്രചരിച്ചു. ഇതിന്റെ വ്യാപനം പ്രവാചകന്റെ കാലത്തു തന്നെയായിരുന്നുവെന്ന് ചരിത്രകാരന്‍മാരില്‍ പലരും പറയുന്നുവെങ്കിലു മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീനില്‍ കാലഘട്ടം വ്യക്തമായി പറയുന്നില്ല.

അറബി പഠന കേന്ദ്രങ്ങള്‍
മാലിക്ബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ വന്ന മുസ്‌ലിം പ്രചരണ സംഘം കൊടുങ്ങല്ലൂരിലാണ് ഇന്ത്യയില്‍ ആദ്യത്തെ മുസ്‌ലിം ആരാധനാ കേന്ദ്രം സ്ഥാപിക്കുന്നത്. വൈദേശിക രാജ കുടുംബത്തിന്റെ അകമഴിഞ്ഞ സഹകരണവും സഹായവും അവര്‍ക്ക് ലഭിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് തുടങ്ങി ചാലിയം, കോഴിക്കോട്, മാടായി, ധര്‍മ്മടം, കാസര്‍കോഡ് തുടങ്ങിയ 18 പ്രദേശങ്ങളില്‍ മുസ്‌ലിം ജനവാസമായപ്പോള്‍ ആ ഭാഗങ്ങളിലെല്ലാം മുസ്‌ലിം പള്ളികള്‍ ഉയര്‍ന്നു. ഇതിനായി പതിനാറു പേരടങ്ങളുന്ന ഈ നിവേദക സംഘം വിവിധ ശാഖകളായി പിരിയുകയായിരുന്നു. ചിലയിടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം വഹിക്കാന്‍ അവരില്‍ ചിലര്‍തന്നെ നിയുക്തരായി. പകല്‍ സമയങ്ങളില്‍ തല്‍പരരായ വിദ്യാര്‍ത്ഥികളും സന്ധ്യക്ക് ശേഷം പൊതുവായും ഈ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നിന്ന് ഖുര്‍ആന്‍ വായിക്കുന്നതിനായി അറബി ഭാഷയും മറ്റു വിജ്ഞാനങ്ങളും സമ്പാദിച്ചു തുടങ്ങി. ക്രമേണ ഇവയില്‍ ചിലത് അറിയപ്പെട്ട വിജ്ഞാന കേന്ദ്രങ്ങളായി മാറുകയായിരുന്നു. കൊടുങ്ങല്ലൂരിന് പുറമെ പൊന്നാനിയും കോഴിക്കോടും പ്രസിദ്ധിയാര്‍ജിക്കാന്‍ കാരണം അവിടങ്ങളിലെ പഠന കേന്ദ്രങ്ങളായിരുന്നു.

പ്രഥമ അറബി കവി
മാലികബ്‌നു ദീനാറിന്റെ കുടുംബ പരമ്പരയില്‍ 1429 ല്‍ ജനിച്ച അബൂബക്കര്‍ ശാലിയാത്തിയാണ് കേരളത്തിലെ അറിയപ്പെടുന്ന പ്രഥമ അറബി കവി. കോഴിക്കോട്ടെ വലിയ പള്ളിയില്‍ (കുറ്റിച്ചിറ) മുദരിസായിരുന്നു ഈ കാവ്യ പ്രതിഭ. പിതാവ് ഖാദി റമദാനുബ്‌നു മൂസയില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കി ഹിജാസില്‍ ഉപരിപഠനത്തിനെത്തി. പ്രസിദ്ധ പണ്ഡിതനായിരുന്ന ജലാലുദ്ദീന്‍ മഹല്ലി (N: 1459)യില്‍ നിന്നും മറ്റും ഉപരിപഠനം പൂര്‍ത്തിയാക്കി തിരിച്ചുവന്ന് കോഴിക്കോട് വലിയ പള്ളിയില്‍ മുദരിസായി നിയമിതനാവുകയായിരുന്നു.
മുസ്‌ലിംകള്‍ക്കിടയില്‍ എക്കാലവും അതുല്യവും അമൂല്യവുമായി ഗണിക്കപ്പെടുന്ന ഇമാം ബൂസീരിയുടെ ഖസീദത്തുല്‍ ബുര്‍ദ സാഹിത്യലോകത്തിലിന്നും വ്യതിരിക്തമായ കാവ്യ കൃതിയാണ്. ഈ കാവ്യത്തിന് ശാലിയാതി തയ്യാറാക്കിയ തഖ്മീസ് മൂല കൃതിയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല. രണ്ടു പകുതികളില്‍ നില്‍ക്കുന്ന കവിതയിലെ വരികളെ അഞ്ച് വരികളാക്കി വികസിപ്പിക്കുന്ന രീതിയാണ് തഖ്മീസ്. മൂല വരികള്‍ക്ക് വിശദീകരണവും പശ്ചാത്തലവുമൊരുക്കി രണ്ടു ഭാഗങ്ങളെ ഓരോ വരി ശ്ലോകങ്ങളാക്കി മാറ്റുകയാണ് തഖ്മീസിന്റെ ഘടന.
ഈ കാവ്യ സൃഷ്ടിയില്‍ ആകൃഷ്ടരായ അനുവാചകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ ബാനത് സുബുദിനും തഖ്മീസ് രചിച്ചതെന്ന് അദ്ദേഹം പറയുന്നു. വൃത്തം, ആശയം, പ്രാസം എന്നിവയിലൊന്നും മാറ്റം വരുത്താതെ മൂല കൃതിയോട് തികച്ചും താദാത്മ്യം പ്രാപിക്കുകയെന്ന പ്രതിസന്ധിയെ അനായാസം കൈകാര്യം ചെയ്തുകൊണ്ട് അദ്ദേഹം ബാനത് സൂജൂദിന്റെ തഖ്മീസ് രചിച്ചു. ഇവക്ക് പ്രഥമ ശാലിയാത്തിയുടെ മറ്റു രചനകള്‍ ഉള്ളതായി അറിയില്ല. ഉണ്ടായിരുന്നുവെന്ന് കരുതുന്നതില്‍ ഒട്ടും അക്ഷന്ത്യവുമില്ല.

മഖ്ദൂം ഒന്നാമന്‍
ശാലിയാത്തിയുടെ പ്രസിദ്ധി കേട്ടറിഞ്ഞു ഋ പ്രഭയില്‍നിന്ന് പ്രകാശം കോരിയെടുക്കാന്‍ കോഴിക്കോട്ടെ പൊന്നാനിയില്‍ ജനിച്ച സൈനുദ്ദീന്‍ മഖ്ദൂമാണ് പ്രശസ്തനായ രണ്ടാമത്തെ കേരളീയ അറബി കവി. യമനില്‍ നിന്നുവന്ന് ആദ്യം കൊറാമണ്ഡല്‍ പ്രദേശത്തും പിന്നീട് കായല്‍ പട്ടണത്തിലും കൊച്ചിയിലും താമസമാക്കുകയും ചെയ്ത മഅ്‌സരി കുടുംബമാണ് മഖ്ദൂമിന്റെത്. ജനനം 1446 കൊച്ചിയിലായിരുന്നു. ഗുരുവിന്റെ കവിതകള്‍ ശിഷ്യനെ ആകര്‍ഷിച്ചു. മത പഠനത്തോടൊപ്പം അറബി കവിതയില്‍ പ്രാവീണ്യം നേടുകയെന്നത് ഇന്നും നിലനില്‍ക്കുന്ന മുസ്‌ലിം പഠന പാരമ്പര്യത്തില്‍ പെടുന്നു. ഗുരുവിനെ അനുകരിച്ച് ശിഷ്യനും ഉപരിപഠനത്തിന് തിരഞ്ഞെടുത്തത് മക്കാ, മദീനാ, ഈജിപ്ത് എന്നീ അറബി നാടുകളെയാണ്.  ഈജിപ്തില്‍ അഞ്ചുവര്‍ഷം ചിലവഴിച്ചു ഹദീസില്‍ ഇജാസത്ത് നേടിയാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പൊന്നാനിയില്‍ മുദരിസായി നിയമിതനായ മഖ്ദൂമാണ് പൊന്നാനിയെ മലബാറിലെ മക്കയാക്കി മാറ്റിയത്. പാണ്ഡിത്യവും സാഹിത്യാഭിരുചിയും ഒത്തിണങ്ങിയിരുന്ന അദ്ദേഹത്തിന്റെ തൂലികയിലൂടെ ഒട്ടേറെ സാഹിത്യ രചനകള്‍ വെളിച്ചം കണ്ടു. മുര്‍ഷിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂബ്, കിഫായത്തുല്‍ ഫറാഈദ് എന്നിവയടക്കമുള്ള ഇരുപതോളം രചനകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. ഹിദായത്തുല്‍ അദ്കിയ, റസ്സാനത്ത് എന്നിവ ഇസ്‌ലാമിക ഫിലോസഫി, വിശ്വാസ പ്രമാണ തത്ത്വങ്ങള്‍  സുന്ദരമായി ആവിഷ്‌കരിക്കപ്പെട്ട കാവ്യ സൃഷ്ടികളാണ്. അവ അതീവ മനോഹരങ്ങളുമാണ്. വൈദേശികാധിപത്യത്തിനെതിരില്‍ പടവാളെടുക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന കാവ്യകൃതിയാണ് തഹ്‌രീദു അഹ്‌ലില്‍ ഈമാന്‍ അലാജിഹാദി അബ്ദതിസ്സുല്‍ബാന്‍ എന്ന വിപ്ലവ കാവ്യം. വിദേശികളുടെ ആധിപത്യത്തിനെതിരില്‍ തുറന്ന സമരത്തിനാഹ്വാനം ചെയ്യുന്ന ആ കൃതി അക്കാലത്ത് വേറെ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണുന്നില്ല.
നൂറ്റാണ്ടുകളായി അറേബ്യന്‍ നാവികരുടെ കുത്തകയായിരുന്ന ദക്ഷിണേന്ത്യയിലേക്കുള്ള സമുദ്ര യാത്രാമാര്‍ഗം അറബി നാവികനായിരുന്ന അഹ്മദ്ബ്‌നു മാജിദിനെ ബലപ്രയോഗത്തിലൂടെ ഉപയോഗപ്പെടുത്തി. 1498 ല്‍ കോഴിക്കോട്ടെത്തിയ വാസ്‌കോഡിഗാമയുടെ ലക്ഷ്യം കച്ചവടമായിരുന്നു. പ്രാദേശിക കച്ചവടക്കാര്‍ അറബികള്‍ക്ക് സാധനങ്ങള്‍ വില്‍ക്കുന്നതും സാമൂതിരിയുടെ മുസ്‌ലിം കപ്പല്‍ സേനയുടെ കരുത്തും പോര്‍ച്ചുഗീസുകാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും അതിനായി പ്രവര്‍ത്തിച്ച ആ ദൗത്യ സംഘം സാമൂതിരിയോടു പോലും അതു തുറന്നുപറയാന്‍ മടിച്ചില്ല. ആ അഭ്യര്‍ത്ഥന രാജാവ് നിഷേധിച്ചതില്‍ അരിശം പൂണ്ട പോര്‍ച്ചുഗീസുകാര്‍ മുസ്‌ലിം വാണിജ്യ കേന്ദ്രങ്ങള്‍ കൊള്ളയടിച്ചും പാര്‍പ്പിടങ്ങള്‍ക്ക് തീ കൊളുത്തിയും യുവതികളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തിയും മുസ്‌ലിംകളെ ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു. ഇത് കണ്ടു സഹിക്കാന്‍ വയ്യാതെയാണ് മഖ്ദൂം ഈ വിപ്ലവ കാവ്യത്തിന് ജന്മം നല്‍കിയത്. അതിലദ്ദേഹം കുറിച്ചു:

കടലില്‍ മുക്കിയും തീവച്ചു കൊന്നും നമുക്കെതിരില്‍,
ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു.
അവരുടെ ശക്തി ക്ഷയിപ്പിക്കുക, ശിഥിലമാക്കുക,
അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി വിജയിക്കുക
സകലമാന നന്മകളും സമരവുമായി തുലനം ചെയ്യുമ്പോള്‍,
ആര്‍ത്തിരമ്പുന്ന കടലിലെ ഒരു തുള്ളി ജലം മാത്രമാണ്
ഈ പുണ്യം നേടിയെടുക്കാന്‍ സമ്പത്തും ശരീരവും ആഹുതി ചെയ്യൂ.
ശാശ്വതമായ ലാഭവും അഭിമാനവും വീണ്ടെടുക്കൂ.

ആത്മീയതയില്‍ മുഴുകി മുസ്‌ലിംകള്‍ കഷ്ട ജീവിതം നയിക്കുന്നതും ദൈനംദിന ജീവിതത്തില്‍ നിന്ന് മാറി ജീവിക്കുന്നതും നിരുത്സാഹപ്പെടുത്തുകയാണ് കിഫായത്തുല്‍ അദ്കിയാ. അടുക്കും ചിട്ടയുമുള്ള ജീവിതത്തിലൂടെ ദൈവിക സാമീപ്യം നേടാന്‍ കഴിയുമെന്ന് മഖ്ദൂം ഈ കാവ്യ കൃതിയിലൂടെ ബോധനം നല്‍കുന്നു.
മരക്കാര്‍മാരുടെ തീരദേശ സേനയില്‍ മതഭേദമന്യേ ജനം അണിനിരന്നു. ചാലിയത്തെ പോര്‍ച്ചുഗീസ് കോട്ട ആക്രമിച്ചു വിജയിച്ചതിന്റെ ആഹ്ലാദപ്രകടനമാണ് ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന്‍ എന്ന കാവ്യകൃതി. സാമൂതിരിയെ സഹായിക്കണമെന്ന് മുസ്‌ലിം ഭരണാധികാരികളോടുള്ള ആഹ്വാനവും ആ കൃതിയില്‍ കാണാം.

ഖാദി മുഹമ്മദ്
മാലിക്ബ്‌നു ദീനാറിന്റെ സന്താന പരമ്പരയില്‍ 1577ലാണ് ഖാദി മുഹമ്മദുബ്‌നു അബ്ദുല്‍ അസീസ് ജനിക്കുന്നത്. കവി ശാലിയാത്തിയുടെ പൗത്രനായ ബാലന്‍ സ്വന്തം പിതാവില്‍ നിന്ന് ബാലപാഠങ്ങള്‍ സ്വായത്തമാക്കി. തുടര്‍ന്ന് കായല്‍ പട്ടണക്കാരനായ ഉസ്മാന്‍ ലബ്ബയില്‍ നിന്ന് ഉപരിപഠനം നേടി. പഠനത്തോടൊപ്പം സാഹിത്യ രചനയിലും തല്‍പരനായിരുന്നു ഈ സാഹിത്യകാരന്‍. അമ്പതോളം കൃതികള്‍ക്ക് ജന്മം നല്‍കിയതായി കരുതുന്നു.
അതില്‍ ഇരുപതോളം കാവ്യ കൃതികളാണ്.  ഭൗതികതയില്‍ മതിമറന്ന് ആഹ്ലാദിച്ച് ജീവിത ലക്ഷ്യങ്ങള്‍ മറക്കരുതെന്ന് ഉപദേശിക്കുന്ന 'ഇലാ കം അയ്യുഹല്‍ ഇന്‍സാന്‍ അദ്ദേഹത്തിന്റെ  പ്രസിദ്ധമായ കാവ്യമായിരുന്നു. ഗുരുവിന്റെ ദേഹവിയോഗത്തില്‍ എഴുതിയ വിലാപകാവ്യം, മഖാസിദുന്നനിഖാസ്, വ്യാകരണ ശാസ്ത്രത്തിലെഴുതിയ കാവ്യ ഗ്രന്ഥങ്ങള്‍ ഇവയെല്ലാം വിലപ്പെട്ട രചനകളും കവിതകളുമാണ്. ഇതില്‍ 'അവാമില്‍' എന്ന കാവ്യ കൃതിക്ക് അല്ലാമാ സൈഖ്ബ്‌നു അലാന്‍ വിശദീകരണം എഴുതിയ ശേഷം പറയുന്നു:

ജുര്‍ജാനിയുടെ അവാമിലില്‍
സ്വര്‍ഗീയ സുന്ദരികള്‍ അണിയുന്ന മാലയിലെ മുത്തുകളാണ്
അവയെ കോര്‍ത്തിണക്കി അണിയുന്ന മാലകളാക്കിയ
കോഴിക്കോട്ടുകാരനായ മുഹമ്മദ് ഉന്നത കുടുംബ ജാതന്‍ തന്നെ

കേരള മുസ്‌ലികള്‍ രാത്രി കാലങ്ങളിലും വിശേഷ ദിവസങ്ങളിലും ഈണത്തില്‍ പാടിയും പാടിച്ചും ആത്മീയ നിര്‍വൃതി കണ്ടെത്തിയിരുന്ന മുഹ്‌യുദ്ദീന്‍ മാലയുടെ രചയിതാവാണ് ഈ കവി. മലയാളത്തിലെ ആദ്യ കാവ്യമായി അറിയപ്പെടുന്ന കിളിപ്പാട്ടിന്റെ രചനയുടെ അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മലയാള ഭാഷയില്‍ , അറബിമലയാള ലിപിയില്‍ വിരചിതമായ ഈ കൃതി വെളിച്ചം കാണുന്നത്. കവിയുടെ ഫത്ഹുല്‍ മുബീനില്‍ പോര്‍ച്ചുഗീസുകാരുടെ നെറികേടുകള്‍ അക്കമിട്ടുപറഞ്ഞ ശേഷം മുസ്‌ലിംകള്‍ ഒത്തുചേര്‍ന്ന് അവരെ പരാജയപ്പെടുത്തി സാമൂതിരിയുടെ ഭരണത്തിന് ശക്തി പകര്‍ന്ന രംഗം വര്‍ണ്ണിക്കുന്നു. സാമൂതിരിയെ സഹായിക്കാന്‍ മുസ്‌ലിം ഭരണാധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു:

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സ്‌നേഹിക്കുന്ന മഹാനുഭാവന്‍
ലോകത്തെങ്ങുമുള്ള മുസ്‌ലിംകളുടെ ആത്മ മിത്രം
ആഘോഷ ദിനങ്ങളില്‍ മുസ്‌ലിംകളല്ലാത്തവരും
മുമ്പില്‍ വന്നു നില്‍ക്കാറില്ലാത്ത ശ്രേഷ്ഠപുരുഷന്‍
പോര്‍ച്ചുഗീസുകാരുമായുള്ള യുദ്ധത്തെ വര്‍ണ്ണിക്കുന്നതിങ്ങനെ:
പൊടിപടലങ്ങളും ഉയര്‍ന്നുപൊങ്ങുന്ന പുകയും
പകലുകളെ ഇരുട്ടേറിയ രാത്രികളാക്കി മാറ്റുന്നു.
അസ്ത്രങ്ങളും ഏറുകല്ലുകളും മേഘങ്ങളില്‍ നിന്നുതിര്‍ന്നു
വീഴുന്ന പേമാരി പോലെ വര്‍ഷിക്കുന്നു.

ശൈഖ് ജിഫ്‌രി
യമനിലെ ഹളറമൗത്തില്‍ നിന്ന് ചരക്കുകപ്പലില്‍ കയറി കോഴിക്കോട്ടെത്തി. 1746 മുതല്‍ കോഴിക്കോട് സ്ഥിര താമസമാക്കിയ ശൈഖ് ജിഫ്‌രി കേരളീയ പശ്ചാത്തലത്തില്‍ ഒട്ടേറെ കാവ്യങ്ങള്‍ രചിച്ചതായി കാണാം. അദ്ദേഹത്തിന്റെ സഹോദരീ പുത്രനായ സയ്യിദ് അലവി മൗലവി 1768 കോഴിക്കോട്ടെത്തി. പിന്നീട് മമ്പുറം താമസമാക്കി. ഈ സാദാത്ത് കുടുംബമാണ് കേരള മുസ്‌ലിംകള്‍ക്ക് അന്ന് ആത്മീയവും ഭൗതികവുമായ ശക്തി കേന്ദ്രങ്ങളായിരുന്നത്. മുസ്‌ലിംകളെ മര്‍ദ്ദിച്ചൊതുക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ബലിഷ്ഠ കരങ്ങളെ ഒരു പരിധിവരെ ബലഹീനമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. സാമാന്യ മുസ്‌ലിം സമൂഹവുമായി മമ്പുറം തങ്ങള്‍ക്കും കോഴിക്കോട്ടെ ജിഫ്‌രി കുടുംബത്തിനും അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത്.
ഖന്‍സുല്‍ വറാഹീന്‍ എന്ന ശൈഖ് ജിഫ്‌രിയുടെ കൃതി 1281 ഇസ്തംബൂളില്‍ മുദ്രിതമായിട്ടുണ്ട്. മലബാറിലെ മുസ്‌ലിംകള്‍ ഒട്ടേറെ കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഇറാനില്‍ നിന്ന് മുഹമ്മദ് ഷാ തങ്ങള്‍ കൊണ്ടോട്ടിയിലെത്തി സ്ഥിരതാമസമാക്കുന്നത്. ശിഷ്യന്‍മാര്‍ ഗുരു വന്ദനത്തിനായി ശൈഖിന്റെ മുമ്പില്‍ സുജൂദ് ചെയ്യുന്ന സമ്പ്രദായം ജിഫ്‌രിയെ വല്ലാതെ ചൊടിപ്പിക്കുന്നതായിരുന്നു. പണ്ഡിതന്‍മാരായിരുന്ന കൊണ്ടോട്ടിയിലെ ചില വ്യക്തികള്‍ക്ക് ജിഫ്‌രി അയച്ച കത്തുകള്‍ ഇതിന് തെളിവാണ്. മഖ്ദൂം കുടുംബവും ജിഫ്‌രിയുടെ ഭാഗത്തായിരുന്നു. ജിഫ്‌രിയുടെ ഒരു കാവ്യ സന്ദേശമിതാ:

നമസ്‌കാരമില്ലാത്ത ഫഖീര്‍ സൂഫിയാണത്രെ
ചെണ്ട കൊട്ടി ആളുകളെ ത്രസിപ്പിക്കുന്നു,
സൂഫിസത്തെ അവന്‍ അവഗണിച്ചു,
വഴി പിഴച്ചു, അന്യരെയും പിഴപ്പിക്കുന്നു,
തങ്ങള്‍ ചെയ്യുന്ന പുണ്യങ്ങളെ ഫലത്താല്‍
സ്രഷ്ടാവിന്റെ സാമീപ്യം നേടിക്കഴിഞ്ഞുവെന്ന് അവര്‍ പറയുന്നു,
ഈ സാമീപ്യാവസ്ഥയില്‍ അനുഷ്ഠാനങ്ങള്‍ക്ക് എന്ത് പ്രസക്തി.
കല്‍പ്പനകളും നിരോധങ്ങളും ഞങ്ങള്‍ക്ക് ഇനി ബാധകമല്ല.


ഇര്‍ഷാദാത്തുജിഫ്‌രിയ്യ എന്ന ശീര്‍ഷകത്തില്‍ വിരചിതമായ കവിതയില്‍ ആധുനിക മുസ്‌ലിം നവോത്ഥാവായ മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബിന്റെ പുരോഗമന വാദങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ജിഫ്‌രിയുടെ കവിതകളൊക്കെ വിഷയാധിഷ്ഠിത രചനകളാണെങ്കില്‍ തന്നെയും ഉദാത്തമായ ഭാവനകളും അലങ്കാരങ്ങളും അവയില്‍ അലയടിക്കുന്നത് കാണാം. ഇര്‍ഷാദാത്തുല്‍ ജിഫ്‌രിയയ്യില്‍നിന്ന്:

ഈ നജ്ദുകാരനുമായി നീ തര്‍ക്കങ്ങള്‍ക്ക് പോകരുത്
കണ്ണിനും ഹൃദയത്തിനും അന്ധതയാണ്,
ജീവനുള്ളവനെ വിളിച്ചാല്‍ വിളികേള്‍ക്കും,
നീ വിളിക്കുന്നവനാകട്ടെ ജീവനില്ല,
തീയില്‍ ഊതിയാല്‍ ആളിക്കത്തി പ്രകാശിക്കുന്നു.
ചാരത്തില്‍ ഊതിയാലോ, എന്ത് പ്രയോജനം


ഉമര്‍ ഖാസി
പൊന്നാനിക്കടുത്ത വെളിയംകോട്ട് 1757 ലാണ് ഉമര്‍ ഖാസിയുടെ ജനനം. പൊന്നാനിയില്‍ ഉപരിപഠനം നടത്തിയ ഉമര്‍ ഖാസി ജന്മനാട്ടില്‍ തന്നെ മുദരിസായി നിയമിക്കപ്പെട്ടു. ചുറ്റുപ്രദേശങ്ങളിലെയെല്ലാം ഖാസിയായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ പണ്ഡിതരുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിരുന്നു. ബ്രിട്ടീഷുകാരോട് കടുത്ത വിരോധം പുലര്‍ത്തിയിരുന്ന ഉമര്‍ഖാദി തന്റെ കൃഷിയിടത്തിന് നികുതി നിഷേധിക്കുക വഴി തടവിലാക്കപ്പെട്ടു. ജയിലില്‍ വെച്ച് തന്റെ ആത്മീയ ഗുരുവായ മമ്പുറം തങ്ങള്‍ക്കയച്ച ഒരു സന്ദേശ കാവ്യമുണ്ട്. അതില്‍ പറയുന്നു:

തുക്കുടി സാഹിബ് എന്നെ ജയിലിലടച്ചു
അക്രമിയായ നിപ്പു സാഹിബിന്റെ രോഷം
തടവിലാക്കാനുള്ള കുറ്റം ഞാനെന്തുചെയ്തു
നിരര്‍ത്ഥമായ ഒരു അപവാദത്തിന്റെ പ്രതിഫലനം
ഒരു കത്തിപോലും കയ്യിലില്ലാത്ത നിരായുധനായ ഞാന്‍
സര്‍ക്കാരിനെതിരില്‍ സമരം നയിച്ചുവെന്നോ


കത്തുവായിച്ച മമ്പുറം തങ്ങള്‍ ഉമര്‍ ഖാസിയെ ആശ്വസിപ്പിച്ചതും ഒരു സന്ദേശ കാവ്യത്തിലൂടെയായിരുന്നു. അത് തുടങ്ങുന്നത് ഇങ്ങനെ:

മയില്‍, കോഴി, കാക്ക, പരുന്ത് എന്നീ നാലുപക്ഷികളെ
അവര്‍ പറത്തിവിട്ടുകൊണ്ടിരിക്കുന്നു

തികച്ചും സിമ്പലുകളുപയോഗിച്ചുള്ള തുടക്കം. ബ്രിട്ടീഷ് ഭരണത്തില്‍ ജനം നാലുതിന്‍മകളാണ് സ്വായത്തമാക്കുന്നത് എന്ന് സൂചന. മതിമറന്നു പരിസരബോധമില്ലാതെ ആഹ്ലാദിക്കുന്ന മയില്‍. സദാചാര ബോധമില്ലാത്ത ലൈംഗിതയുടെ പര്യായമായ പൂവന്‍ കോഴി, കാപട്യവും ചൂഷണവും കൈമുതലായുള്ള കാക്ക, ദുരഭിമാനത്തോടെ ഔന്ന ത്യഭാവം നടിക്കുന്ന അത്യുയരങ്ങളില്‍ പറന്നു കളിക്കാനുള്ള പരുന്തിന്റെ അഹംഭാവം. തുടര്‍ന്നെഴുതിയ വരികള്‍ ശുഭ സൂചകങ്ങളായിരുന്നു.

ബ്രിട്ടീഷുകാരുടെ വിടവാങ്ങല്‍, അതിനു ശേഷമോ
നിരീശ്വര നിര്‍മത വാദികളുടെ പെരുപ്പം,
സമ്പത്തെല്ലാം ജനങ്ങള്‍ക്കിടയില്‍ വിഭജിക്കുമെന്ന വാദം,
നടപ്പാക്കാന്‍ കഴിയാത്ത പൊള്ളവാദമല്ലാതെന്ത്?

തുടര്‍ന്നെഴുതി; തന്റെ വാക്കുകള്‍ സത്യമായിപുലരുമെന്ന പ്രഖ്യാപനമായിരുന്നു അത്.

അവുക്കോയ, എന്റെ ഈ വരികള്‍ താങ്കളുടെ
പള്ളിയുടെ മിഹ്‌റാബില്‍ എഴുതിവെക്കൂ...

ഈ കത്ത് ഉമര്‍ ഖാസിയുടെ ശിഷ്യനായ പരപ്പനങ്ങാടിക്കാരന്‍ അവുക്കോയ മുസ്‌ലിയാര്‍ക്കാണ് തങ്ങള്‍ കൊടുത്തയച്ചത്. ഒട്ടേറെ ആസ്വാദ്യകരമായ ഉമര്‍ ഖാസി കവിതകളില്‍ പ്രശസ്തമാണ് ഹജ്ജ് കര്‍മത്തിന് പോയ ഖാസിക്ക് റൗളാ ശരീഫ് കാണാനുള്ള അനുവാദം നിഷേധിച്ചപ്പോള്‍ അവിടെനിന്ന് പാടിയ വരികള്‍. അതെഴുതുന്നത് ഇങ്ങനെ:

മാന്യ മഹാനുഭാവാ, അങ്ങയുടെ വാതില്‍പടികളില്‍
അങ്ങയെക്കാണാന്‍ പാവം ഉമര്‍ ആഗ്രഹത്തോടെ വന്നുനില്‍ക്കുന്നു
കരഞ്ഞു കരഞ്ഞു ദാനത്തിനായി വാതിലിനു മുമ്പിലിതാ,
കവിളുകളിലൂടെ കണ്ണീര്‍ കണങ്ങള്‍ വഴിഞ്ഞൊഴുകുന്നു.


പ്രവാചക സ്‌തോത്രത്തിലെഴുതിയ പുള്ളികളില്ലാത്ത അക്ഷരങ്ങള്‍ മാത്രമുപയോഗിച്ചെഴുതിയ ലാഹല്‍ ഹിലാല്‍ കവിതയും പുള്ളിയുള്ളവ മാത്രം തിരഞ്ഞെടുത്തെഴുതിയ നബിയ്യുന്‍ നജിയ്യുന്‍ എന്ന കവിതയും അത്ഭൂതം തന്നെയാണ്. സാധാരണക്കാരെ പോലും ആകര്‍ഷിക്കുന്ന കവിതയാണ് ലമ്മാ ദഹറ എന്ന കവിത. അതിങ്ങനെ തുടങ്ങുന്നു:

ലമ്മാ ദഹറ അമ്മല്‍ ബുഷ്‌റ
ദാഅല്‍ ബുസ്‌റാ കിസ്‌റന്‍ കസ്‌റാ
ഫാദത്ത് സാവാ ഗാറാ സമാവാ
അഹ്‌ലു അദാവാ നാദൗ ഹദറ
അല്ലഫല്‍ ആസി, നഫാഇസുദ്ദുറര്‍

എന്ന 645 വരികളുള്ള കാവ്യ കൃതി, മഖാസിദുന്നിക്കാഹ് എന്നിവ കാവ്യ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ വിശിഷ്ട കൃതികളാണ്.

ആധുനിക കാലം
1901 ല്‍ മഞ്ചേരിക്കടുത്ത നെല്ലിക്കുത്തില്‍ ജനിച്ച മുഹമ്മദുല്‍ ഫൈഇ,  1909 ല്‍ വീളത്തൂരില്‍ ജനിച്ച മുഹമ്മദുല്‍ ഫലകി, 1913 ല്‍ പുളിക്കലില്‍ ജനിച്ച അബൂലൈല എന്ന പേരിലറിയപ്പെടുന്ന പി.വി മുഹമ്മദ് മൗലവി എന്നിവരെ പരാമര്‍ശിക്കാതിരിക്കാനാവില്ല. അലങ്കാരങ്ങളും ചമല്‍കാരങ്ങളും കൊണ്ട് സമ്പന്നമാണ് ഫൈഇ കൃതികള്‍. ഫലക്കിയുടെത് ഭാവനകളും പരിദേവനങ്ങളും ഒട്ടേറെയുള്ള രചനകളാണ്. പി.വിയുടെതാകട്ടെ ജീവിതത്തിന്റെ സകല ഭാവങ്ങളും ഭാഗധേയങ്ങളും പ്രതിഫലിക്കുന്ന അമൂര്‍ത്ത ഭാവനകളില്‍ നെയ്‌തെടുത്തവയാണ്.

മുഹമ്മദുല്‍ ഫൈഇ
അനാഥനായ ബാലനെ വളര്‍ത്തിയത് അമ്മാവനായ ആലി മുസ്‌ലിയാരായിരുന്നു. സഹോദരീ പുത്രന് വേണ്ട വിദ്യാഭ്യാസമെല്ലാം നല്‍കി വളര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. വിവിധ ദര്‍സുകളില്‍ പഠിച്ച ശേഷം മദിരാശിയിലെ ജമാലിയ്യ കോളേജിലെത്തി. 1929ല്‍ അദ്‌നാ പട്ടണം സലാഹിയ്യ മദ്രസയില്‍ അധ്യാപക വൃത്തിയില്‍ ഏര്‍പ്പെട്ടുവെങ്കിലും വിജ്ഞാന തൃഷ്ണ ജോലി ഉപേക്ഷിച്ച് വെല്ലൂരിലെ ബാക്കിയാത്തു സ്വാലിഹാത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. തുടര്‍ന്ന് കേരളത്തിലെ വിവിധ ദര്‍സുകളില്‍ മുദരിസായി ജോലി ചെയ്തു. അവസാനം വാഴക്കാട് ദാറുല്‍ ഉലൂമിലെത്തി. 1942 ല്‍ അദ്ദേഹം 41 ാമത്തെ വയസ്സില്‍ ദിവംഗതനായി. 

പി.എ എന്നതിന്റെ അറബീകരണമാണ് ഫൈഇ എന്ന നിസ്ബ സൂചിപ്പിക്കുന്നത്. പറമ്പന്‍ എന്നതിന്റെ വിവര്‍ത്തനമാണെന്നും പക്ഷമുണ്ട്. വിവിധ ഗ്രന്ഥങ്ങളുടെയും ഒട്ടേറെ കവിതകളുടെയും രചയിതാവായ ഈ പ്രതിഭാശാലിയുടെ കൃതികളെല്ലാം തന്നെ കയ്യെഴുത്തായി സൂക്ഷിക്കപ്പെടുന്നു. അപൂര്‍വം ചില കവിതകള്‍ മാത്രമാണ് മുദ്രണം ചെയ്യപ്പെട്ടത്. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രമുപയോഗിച്ച് മിസ്‌കുല്‍ മുഅത്തര്‍ഫി മദ്ഹിറസൂലില്‍ മുതഹര്‍ എന്ന കൃതി തിരൂരങ്ങാടി പ്രസില്‍ അച്ചടിച്ച് കണ്ടതിലൂടെയാണ് ഈ കവിയെ ലേഖകന്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഒരു അലമാര നിറയെ ഗ്രന്ഥങ്ങളാണ്. സ്വന്തം രചിച്ച ഗ്രന്ഥങ്ങള്‍. ഭാവങ്ങളും ഭാവനകളും അലങ്കാരങ്ങളും നിറഞ്ഞുകവിയുന്ന കാവ്യങ്ങളുടെ  രചയിതാവാണ് ഫൈഇ. അറബീയതയും അദ്ദേഹത്തിന്റെ രചനകളില്‍ ദൃശ്യമായിരുന്നു. മുപ്പതോളം കവിതകള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. മലബാര്‍ ലഹളയുടെ നേതൃനിരയിലുണ്ടായിരുന്ന തന്റെ മാതൃസഹോദരന്‍ ബ്രിട്ടീഷുകാരുടെ ജയിലില്‍ വധശിക്ഷക്ക് വിധേയനായപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു.
മലബാര്‍ വിപ്ലവത്തിന്റെ തികഞ്ഞ ഒരു പരിച്ഛേദം തന്നെയാണ് ഈ കവിത വരച്ചുകാട്ടുന്നത്. അഹ്‌ലുല്‍ ഹദീസ് മാസികയുടെ പെരുന്നാള്‍ സ്‌പെഷ്യല്‍ പതിപ്പ് മനോഹരമായ കെട്ടിലും മട്ടിലും തന്റെ കൈകളില്‍ വന്നെത്തിയപ്പോള്‍ അദ്ദേഹം വര്‍ണ്ണിച്ചു:
അല്ലാഹു അക്ബര്‍, സര്‍വാഭരണ വിഭൂഷിയായിതാ ലൈല
സൗന്ദര്യത്തികവോടെ എന്റെ മുമ്പിലെത്തി
ആരെയുംആകര്‍ഷിച്ച് കാമുകരാക്കി മാറ്റുന്നവള്‍
കൊച്ചുകുട്ടികളെപ്പോലും ആകര്‍ഷണ വലയത്തിലാക്കുന്നു
റസൂലുല്‍ അമീന്‍, അദ്ദിയാ മാസികക്കുള്ള അഭിവാദ്യം, വിവിധ സന്ദര്‍ഭങ്ങളില്‍ പാടിയ ഒട്ടേറെ ആശംസാ ഗീതങ്ങള്‍, സുഹൃത്തുക്കള്‍ക്കയച്ച സന്ദേശ കാവ്യങ്ങള്‍, ഗുരുവിനയച്ച സന്ദേശം, ഗുരു അബ്ദുല്‍ ജബ്ബാറടക്കം ഒട്ടേറെ വ്യക്തികളെയും പണ്ഡിതന്‍മാരെയും കുറിച്ചെഴുതിയ വിലാപ കാവ്യങ്ങള്‍ എന്നിവയെല്ലാം മികച്ചുനില്‍ക്കുന്ന കാവ്യ രചനകളാണ്. പ്രവാചകന്റെ മഹത്വങ്ങള്‍ പ്രതിപാദിക്കുന്ന മനോഹരമായൊരു മൗലീദ് രചിക്കാന്‍ പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രമാണെങ്കിലും അത് ആ കൃതിയുടെ ഭാവത്തെയും ഭാവനയെയും ആശയത്തേയും ഒട്ടും കുറച്ചുകാണുന്നില്ല.

ഫലകി മുഹമ്മദ് മൗലവി
ഗോള ശാസ്ത്ര നിഗമനങ്ങള്‍ നന്നായി മനസ്സിലാക്കി  ഖിബ്‌ല നിര്‍ണയം നടത്തുന്നതിനായി ഫലഖി എന്ന പേരില്‍ അറിയപ്പെട്ട അബൂബക്കര്‍ മുസ്‌ലിയാരുടെ പൗത്രനായാണ് ഫലകി ജനിക്കുന്നത്. പാലക്കയില്‍ എന്ന വീട്ടുപേര്‍ ഫലകി എന്നാക്കി മാറ്റിയതാണെന്നും പക്ഷമുണ്ട്. പിതാവായ മൊയ്തീന്‍ കുട്ടി മൗലവിയില്‍ നിന്നും നാട്ടിലെ പള്ളിദര്‍സിലും പഠിച്ച ഫലകി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനായിരുന്നു. തുടര്‍പഠനത്തിനായി മദിരാശിയിലെ ജമാലിയ്യ കോളേജിലെത്തി യൂസുഫ് കൊക്കന്‍, മൗലാനാ ബുഖാരി എന്നിവരുടെ ശിഷ്യത്വം കൂടി ലഭിച്ചു.  മുപ്പത്തിമൂന്നാം വയസ്സില്‍ അഫ്‌സലുല്‍ ഉലമയും 42 ല്‍ ഓറിയന്റല്‍ ടൈറ്റില്‍ ഡിഗ്രിയും നേടിയ ഫൈസി ചെറുപ്പം മുതലേ കാവ്യ രചനയില്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. കതിരൂര്‍ ഗവ. ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടയില്‍ മലബാറിലെ പ്രഥമ മുസ്‌ലിം ഇന്‍സ്‌പെക്ടറായി നിയമിതനായെങ്കിലും ആ പദവി നഷ്ടമായതോടെ കുമരനല്ലൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി തിരിച്ചെത്തി.  1968 ല്‍ റിട്ടയര്‍ ചെയ്തതിന് ശേഷം ജമാലിയ്യ കോളേജിലും തിരുച്ചിയിലെ ജമാല്‍ മുഹമ്മദ് കോളേജിലും തിരൂരങ്ങാടി അറബിക്കോളേജിലും അവസാനമായി തലശ്ശേരി ഓര്‍ഫനേജിലും ജോലി ചെയ്തു. അഥവാ സേവന നിരതനായി. ഔദ്യോഗിക ജീവിതത്തിനിടയില്‍ ഈ പ്രതിഭാശാലി എഴുതിയ കവിതകളില്‍ പലതും അദ്ദേഹം തന്നെ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. 1982 ല്‍ അദ്ദേഹം നിര്യാതനാവുന്നത് വരെയും തന്റെ കവിതകള്‍ ഒന്നിച്ചുകാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
മലബാര്‍ കലാപത്തില്‍ ദാരുണമായ കൊലപാതകത്തിനിരയായ സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ അനുസ്മരിച്ച്‌കൊണ്ട് ഫലകി എഴുതിയ കവിത ആരെയും കരയിക്കുന്നതാണ്.     
എം.കെ ഹാജി തുടങ്ങിയ സുഹൃത്തുക്കളെയും കേരളത്തിലെ പ്രസിദ്ധ വിദ്യഭ്യാസസ്ഥാപനങ്ങളെയും പണ്ഡിതവര്യന്മാരെയും പുകഴ്ത്തിക്കൊണ്ടും അനുസ്മരിച്ചുകൊണ്ടും ഇദ്ദേഹം ധാരാളം കവിതകള്‍ എഴുതി.

അബു ലൈല
പുളിക്കലില്‍ ജനിച്ചു വളര്‍ന്ന പി.വി മുഹമ്മദ് മൗലവി പിതാവ് കോയക്കുട്ടി മുസ്‌ലിയാരില്‍ നിന്നാണ് പ്രാഥമിക പഠനങ്ങള്‍ കരസ്ഥമാക്കിയത്. നാട്ടിലുള്ള പ്രാഥമിക വിദ്യാലയ പഠനത്തിനു ശേഷം തുടര്‍പഠനത്തിനു കോഴിക്കോട്ടെ മദ്രസത്തുല്‍ മുഹമ്മദീയയിലെത്തി . ഗണപതി ഹൈസ്‌ക്കൂളില്‍ ചേര്‍ന്ന് ഫൈനല്‍ വിജയിച്ച ശേഷം കോഴിക്കോട് മാനാഞ്ചിറയിലുള്ള ട്രെയ്‌നിംഗ് സ്‌കൂളില്‍ അധ്യാപക പരിശീലന കോഴ്‌സിന് ചേര്‍ന്നു. തുടര്‍ന്ന് വിവിധ മദ്രസകളില്‍  അധ്യാപക വൃത്തിയിലേര്‍പ്പെട്ടു. പിന്നെ വീണ്ടും ചാലിയത്ത് തന്നെ തിരിച്ചെത്തിയെങ്കിലും തലശ്ശേരിയില്‍ ചന്ദ്രിക പത്രം തുടങ്ങിയപ്പോള്‍ അസിസ്റ്റന്റ് ചീഫ് എഡിറ്ററായി  നിയമിതനായി.  ആ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഗവണ്‍മെന്റെ് ബ്രണ്ണന്‍കോളേജില്‍ ബി.എ കോഴ്‌സിന് ചേര്‍ന്നു. മുസ്‌ലിം ലീഗിന്റെ  ഓഫീസ് സെക്രട്ടറിയായി. 1941 ല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ  മിലിട്ടറി പ്രൊജക്ടര്‍ ആയി   മദിരാശിയില്‍ നിയമിതനായി. യുദ്ധം ജയിച്ചതോടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. യുദ്ധമവസാനിച്ചിട്ടും ഇന്ത്യക്ക് സ്വാതന്ത്ര്യം തരാത്ത ബ്രിട്ടീഷുകാരുടെ ഉദ്യോഗം പി.വി നിഷേധിക്കുകയായിരുന്നു. 1945 ല്‍ ജോലി രാജിവെച്ച് തിരൂരങ്ങാടിയിലെത്തി. അല്‍ മുര്‍ശിദിന്റെ പത്രാധിപ സ്ഥാനം ഏറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം പത്രത്തിന്റെ ഔദ്യോഗികാവശ്യത്തിനായി മദിരാശിയിലെത്തിയ പി.വി നാട്ടിലുള്ള ഭാര്യയോടും മക്കളോടും വിടപറയാതെയാണ് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറിയത്. മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ സെക്രട്ടറിയായ പി.വി സഊദിയിലെ പാകിസ്താന്‍ എംബസിയില്‍ ദ്വിഭാഷിയായി നിശ്ചയിക്കപ്പെട്ടു. ഈ തക്കം ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ വരാന്‍ ശ്രമിക്കുന്നതിനിടയിലാണ് തന്റെ കൂടപ്പിറപ്പിന് ടി.ബി രോഗം മുര്‍ച്ഛിക്കുന്നത്.  1950 ല്‍ 37 ാമത്തെ വയസ്സില്‍ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞു.
20 ലധികം വിശിഷ്ട കവിതകള്‍ പി.വിയുടെ തൂലികയിലൂടെ ജന്മമെടുത്തു. 37 വയസ്സിനുള്ളില്‍ സംഭവ ബഹുലമായ ജീവിതത്തിനിടയില്‍ അതീവ മനോഹരങ്ങളായ എത്രയെത്ര കവിതകളാണ് ഈ പ്രതിഭ കേരളീയര്‍ക്ക് നല്‍കിയത്.
കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനാചാര്യനായിരുന്ന ഉമര്‍ മൗലവിയുടെ വിവാഹ സൂദിനത്തില്‍ പി.വി പാടിയ മംഗളഗീതം അതീവ  സുന്ദരമായിരുന്നു. മൂര്‍ച്ചയേറിയതായിരുന്നു പി.വി യുടെ ശൈലി.  മൗലാനാ ശൗക്കത്തലി, മുഹമ്മദ് ശമൂല്‍ സാഹിബ്, പുളിക്കലെ ടി.പി മുഹമ്മദ് മൗലവി, ഖാഇദുല്‍ ആസം മുഹമ്മദലി ജിന്ന എന്നിവരെക്കുറിച്ചെഴുതിയ വിലാപകാവ്യങ്ങള്‍ അസാമാന്യമായ കവിതകളാണ്. മുസ്‌ലിം ലീഗിന്റെ സ്ഥാപന പശ്ചാത്തലവും സ്വാതന്ത്ര്യ സമരത്തിന്റെ ഇതിവൃത്തവും ജിന്നയുടെ വ്യക്തി പ്രഭാവവും ഖാഇദെ മില്ലത്തിനെക്കുറിച്ചെഴുതിയ വിലാപ കാവ്യത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു. വിഭജനാന്തരം പാക്കിസ്ഥാനിലേക്ക് നുഴഞ്ഞു കയറിയ ലീഗുകാരനായിരുന്നു പി.വി മുഹമ്മദ് മൗലവി. ഭാര്യയെയും രണ്ട് കുട്ടികളെയും നാട്ടില്‍ തനിച്ചാക്കി തന്റെ സ്വപ്ന സ്വര്‍ഗത്തിലേക്ക് കുടിയേറുകയായിരുന്നുവല്ലോ ആ പ്രതിഭാശാലി.
സമകാലീന കവികള്‍
 ഇരുപതാം ശതകത്തിന്റെ മധ്യ ദശകമായപ്പോഴെക്കും കേരളത്തില്‍ അമ്പതോളം പ്രതിഭാശാലികളായ അറബി കവികള്‍ രംഗത്ത് വന്നു. എടപ്പാളിലെ സെയ്ദുട്ടി മുസ്‌ലിയാര്‍, സഈദുബ്‌നു ബക്കാറുല്‍ യദ്ഫാഇ, കോഴിക്കോട് ഖാസിയായിരുന്ന ഹുസൈന്‍ ബ്‌നു മുഹമ്മദ് ശിഹാബുദ്ദീന്‍ മുല്ലക്കോയ തങ്ങള്‍, അഹ്മദ് ശഅ്‌റാനീ, അബ്ദുല്‍ ഖാദര്‍ ഫദ്ഫരി, കുറ്റിക്കാട്ടൂരിലെ കണിയാത്ത് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മേല്‍മുറിയിലെ മുഹമ്മദ് അബ്ദുല്‍ കമാല്‍ കാടേരി, കൊച്ചന്നൂരിലെ അലിയ്യുബ്‌നു ഫരീദുല്‍ കൊച്ചനൂരി, കീഴലില്‍ (വടകരക്കടുത്ത്) ജനിച്ച കെ.കെ. ജമാലുദ്ദീന്‍ മൗലവി, തൃത്താലക്കടുത്ത കക്കിടിപ്പുറത്ത് ജനിച്ച അബ്ദുല്ലാ നൂറാനി, കൂട്ടിലങ്ങാടിയിലെ മുഹമ്മദ് ബ്‌നു കുഞ്ഞിമുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍, കീഴുപറമ്പുകാരനായ ഹക്കീം അബൂബക്കര്‍ മൗലവി, അബ്ദുറഹിമാന്‍ ഫദ്ഫറി എന്ന കുട്ടി മുസ്‌ലിയാര്‍, ഇടപ്പള്ളിയിലെ ഹക്കീം. പിബി. കുഞ്ഞാമു മൗലവി, കൊടിഞ്ഞിയില്‍ ജനിച്ച ടി. മുഹമ്മദ് സാഹിബ്, മുളഖത്തൂരില്‍ ജനിച്ച സി.പി. അബൂബക്കര്‍ മൗലവി, കുറ്റിക്കാട്ടൂരില്‍ ജനിച്ച മുഹമ്മദ് അബ്ദുസ്സലാഹുല്‍ ബാഖവി, താമരശ്ശേരി വാവാട് ജനിച്ച അബൂബക്കറുബ്‌നു മുഹ്‌യുദ്ദീന്‍ എന്ന പോക്കര്‍ കുട്ടി മുസ്‌ലിയാര്‍, എ. കരിയാട് എന്ന അബ്ദുറഹിമാന്‍, കുറ്റിയാടിയിലെ മുഹ്‌യുദ്ദീന്‍ ബ്‌നു അലി എന്ന മൊയ്തു മൗലവി, പെരുമ്പടപ്പില്‍ ജനിച്ച നന്മണ്ട അബൂബക്കര്‍ മൗലവി, കൊടുവള്ളിയിലെ അബുല്‍ വഫാ ഖാരീ കെ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മൂയിപ്പോത്ത് ജനിച്ച അബ്ദുറഹ്മാന്‍ അരീക്കലി, മസായിരൂര്‍ അലവിക്കുട്ടി, കോടൂര്‍, കോയാമൂശഅറാനി, ഇ. സമദാനി എന്നിവരെല്ലാം കേരളത്തിലെ അറിയപ്പെടുന്ന കവികളാണ്. കടവത്തൂരിലെ എം.കെ. അഹ്മദ് മൗലവിയെ അറിയാത്തവരായി ആരും കാണുകയില്ല. ഇവരുടെയൊക്കെ വിലപ്പെട്ട കാവ്യ ശേഖരങ്ങളില്‍ അല്‍പം ചിലതു മാത്രം അടുത്ത കാലത്ത് പുറത്ത് വന്നുവെന്നത് ശുഭ സൂചകമായിക്കരുതാം. ഈ രംഗത്ത് പുതുമുഖങ്ങള്‍ പ്രത്യക്ഷപ്പെട്ടുകാണുന്നു. അഹ്മദ് അറാനി, കണിയാത്ത് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, താമരശ്ശേരി പോക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തെയും ആധുനിക വീക്ഷണങ്ങളെയും വിമര്‍ശിക്കാന്‍ കവിതയെ കൂട്ടൂപിടിച്ചപ്പോള്‍ പുരോഗമന വീക്ഷണങ്ങളിലേക്ക് അനുവാചകരെ ആകര്‍ഷിക്കാനാണ് പി.വി, അബൂ സല്‍മ, ഫലിക നൂറാനി, ടി. മുഹമ്മദ് സാഹിബ്, മൊയ്തു മൗലവി, എന്‍.കെ. എന്നിവര്‍ കവിത പടവാളാക്കിയത്.
രാഷ്ട്രീയ ചേരിതിരിവുകള്‍ക്കും വീക്ഷണങ്ങള്‍ക്കും കേരളീയ അറബി കവികള്‍ കവിതയെ കൂട്ടുപിടിച്ചതായി കാണാം. മുസ്‌ലിം ലീഗിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ പാടിപ്പുകഴ്ത്താനും നേതൃത്വത്തിലിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ പുകഴ്ത്തിപ്പാടാനും കവിതയെ കൂട്ടുപിടിച്ചവരാണ് പി.വി. ഹക്കീം, പി.ബി.കെ. മൗലവി, അബ്ദല്‍ വഫാ, എന്‍.കെ. എന്നിവര്‍. കേരളത്തില്‍ ജനിച്ചുവീഴുന്ന അറബി പ്രസിദ്ധീകരണങ്ങളെ വാഴ്ത്തിയ കവികളുടെ മനം അവ പുറത്തുവരുമ്പോള്‍ ത്രസിക്കുന്നു. രാഷ്ട്രീയ ചേരിതിരിവിനു കേരള അറബി കവികള്‍ വിധേയരായിക്കാണുന്നു. ബൈത്തുല്‍ മുഖദ്ദസിന്റെ ആധിപത്യം മൂസ്‌ലിംകള്‍ക്ക് വിനഷ്ടമായപ്പോഴും ബൈത്തുല്‍ മുഖദ്ദസില്‍ അഗ്നിബാധ സംഭവിച്ചപ്പോഴും വിലപിച്ചു സങ്കടപ്പെട്ട കവികളാണ് എന്‍.എ കരിയാടും കൊച്ചന്നൂര്‍ അലിമൗലവിയും. കമലാ സുരയ്യയുടെ യാ അല്ലാഹ് എന്ന കവിത മൊയ്തുമൗലവിയുടെ കാവ്യ തൂലികയിലൂടെ വിവര്‍ത്തനം ചെയ്തു വന്നപ്പോള്‍ അതൊരു പരിഭാഷയാണെന്ന് തോന്നിയതേയില്ല. ബാഫഖി തങ്ങള്‍ മക്കയില്‍വെച്ച് ആകസ്മികമായി ദിവംഗതനായപ്പോള്‍ അബ്ദുല്‍ വഫാ എഴുതിയ കവിത ഫാറൂഖ് കോളേജ് സ്ഥാപനങ്ങളുടെ സ്ഥാപകന്‍ അബുസ്സബാഹിന്റെ വിയോഗത്തില്‍ വിലപിച്ചുകൊണ്ട് അബ്ദുസ്സലാഹ് എഴുതിയ കവിത ഇതൊക്കെയും ഉന്നത നിലവാരം പൂലര്‍ത്തുന്ന രചനകളാണ്. കേരളത്തിലും ഇന്ത്യയിലും ലോകമെങ്ങും സംഭവിക്കുന്നതെന്തും കവിതയാക്കുന്ന കോട്ടൂര്‍ അലവിക്കുട്ടി എടുത്തുപറയേണ്ട വ്യക്തിയാണ്
ഒരിക്കല്‍, അറബി സാഹിത്യകാരനായ അബ്ദു മുന്‍തും ഖഫാജിയെ കേരള അറബി കവിതകള്‍ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു. പുഴകള്‍, അരുവികള്‍, മരങ്ങള്‍, പൂക്കള്‍, കാടുകള്‍ കുന്നുകള്‍, മലകള്‍ ഇവ നിറഞ്ഞുനില്‍ക്കുന്ന ഈ നാട്ടില്‍ കവിതകള്‍ വളര്‍ന്നു വികസിക്കുക തന്നെ ചെയ്യും. മനോഹരമാണീ നാട്, ഭാവനാ സമ്പന്നരാണിവിടുത്തെ കവികള്‍. ഈ കവിതകളില്‍ പലതും ചിതലരിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ഇവയില്‍ എഴുപത് ശതമാനവും കൈയ്യെഴുത്ത് കൃതികളായിത്തന്നെ അവശേഷിക്കുകയാണ്. എത്ര കാലം ഇങ്ങനെ കിടക്കുമെന്ന് ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക. അവ കണ്ടെത്തി പ്രകാശനം ചെയ്യാന്‍ ആരെങ്കിലും ശ്രമിക്കുമോ?