ഒരു ജന വിഭാഗത്തിന്റെ ചരിത്രം കൃത്യതയോടെയും വ്യക്തതയോടെയും രേഖപ്പെടുത്തുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടത് സാമൂഹികമായ അനിവാര്യതയാണ്1. ബ്രാഹ്മണീയതയും ഭൂപ്രഭുത്വവും ഒന്നിച്ച് ഭൂരിപക്ഷ ജനതയെ ശൂദ്രതയില്‍ തളച്ചിട്ടിരുന്ന കാലത്താണ് മുസ്‌ലിം ജന വിഭാഗം മാനുഷിക പ്രഖ്യാപനവുമായി മലബാറിനെ സമീപിക്കുന്നത്. കെ.എന്‍. ചൗധരി തന്റെ ''ഏഷ്യ യൂറോപ്പിന് മുമ്പ്'' എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ എവിടെയെല്ലാം ഇസ്‌ലാം അധികാരത്തിന്റെയും വിനിമയത്തിന്റെയും കൈമാറ്റത്തിന്റെയും അവിഭാജ്യ മിശ്രണമായി അതിന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നുവോ അവിടെയെല്ലാം നാഗരികത തെഴുക്കുകയും വ്യാപിക്കുകയും ചെയ്തിട്ടുണ്ട്2. അത്‌കൊണ്ട്തന്നെ മലബാറിലെ മുസ്‌ലിം ജനവിഭാഗ ചരിത്രം തീര്‍ച്ചയായും മാനവിക സമൂഹത്തിന്റെ പരിവര്‍ത്തനത്തിന്റെ ചരിത്രമായി കാണാന്‍ സാധിക്കും.
മലബാറില്‍ ഉയര്‍ന്ന് വന്ന മുസ്‌ലിം ജന വിഭാഗങ്ങള്‍ എത്രത്തോളം തദ്ദേശീയരുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ജീവിതത്തെ സ്വാധീനിച്ചിരുന്നു എന്ന കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ തീര്‍ച്ചയായും പ്രദേശത്തെ മറ്റ് ജനവിഭാഗങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്കുണ്ടായിരുന്ന മഹത്വം വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. കേരളത്തിലെ മുസ്‌ലിം കുടുംബങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന പുരാവസ്തുക്കളും സാഹിത്യ ഉപദാനങ്ങളും, മുസ്‌ലിംസമൂഹം അതിന്റെ ആദ്യകാലം മുതല്‍ തന്നെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിച്ചിരുന്ന ജന വിഭാഗമായിരുന്നെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നവയാണ്. കേരളത്തിലെ ക്ഷേത്രങ്ങളും ചെപ്പേടുകളും ചരിത്രത്തെ കുറിച്ച് സംസാരിക്കുന്നത് പോലെ പല മുസ്‌ലിം കുടുംബങ്ങളും പള്ളികളും ചരിത്രം ഉറങ്ങിക്കിടക്കുന്ന വേദികളാണെന്ന തിരിച്ചറിവ് അനിവാര്യമാണ്.
മലബാറിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് ഭരണാധികാരികളുടെ നിര്‍ലോഭമായ സഹകരണം ഉണ്ടായിരുന്നുവെന്ന് ബര്‍ബോസയും വില്യം ലോഗനും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് 3. അറബി ബന്ധങ്ങളിലൂടെയും മത പരിവര്‍ത്തനങ്ങളിലൂടെയും വൈവാഹിക ബന്ധങ്ങളിലൂടെയും ഉയര്‍ന്ന് വന്ന മുസ്‌ലിംകള്‍ മലബാറിലുള്ള ആചാരങ്ങളും ജീവിതരീതികളും ഇസ്‌ലാമിക മാതൃകയില്‍ പരിവര്‍ത്തിപ്പിച്ച് തങ്ങളുടെതായ ഒരിസ്ലാമിക സംസ്‌കാരം ഇവിടെ രൂപപ്പെടുത്തിയെടുത്തു. വര്‍ത്തമാനകാല ചരിത്രം രചിച്ച ശൈഖ് സൈനുദ്ധീന്‍ രണ്ടാമന്റെ ''തുഹ്ഫതുല്‍ മുജാഹിദീനില്‍'' മലബാര്‍ പ്രദേശങ്ങളില്‍ ധാരാളം മുസ്‌ലിം ജനവിഭാഗങ്ങള്‍ താമസിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്4. കൊടുങ്ങല്ലൂരിലെ ജൂതന്മാരെ നേരിടുന്നതിന് വേണ്ടി തിരൂരങ്ങാടിയിലെയും, താനൂരിലെയും, പരപ്പനങ്ങാടിയിലെയും മുസ്‌ലികള്‍ തീരുമാനിച്ചുറപ്പിച്ചതായി പറയുന്നത് തന്നെ സൂചിപ്പിക്കുന്നത് മലബാറിലെ തിരൂരങ്ങാടി പ്രദേശങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മുസ്‌ലിം സാന്നിദ്ധ്യം കൊണ്ട് ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട് എന്നുള്ളതാണ്.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്ക് സമീപം വേങ്ങര കൂറ്റൂരിലെ കൂളിപ്പുലാക്കല്‍ എടത്തോള കുടുംബം കേരള മുസ്‌ലിം കുടുംബ ചരിത്രത്തില്‍ പ്രധാനപ്പെട്ട സ്ഥാനം അര്‍ഹിക്കുന്നവരാണ്. നാനൂറിലധികം വര്‍ഷങ്ങളുടെ ഇസ്ലാമിക പാരമ്പര്യമുള്ള കൂളിപ്പുലാക്കല്‍ എടത്തോള കുടംബാംഗങ്ങള്‍ നാടുവാഴികളായും, അധികാരികളായും, രാഷ്ട്രീയ മേധാവികളായും, സാഹിത്യ പരിപോഷകരായും, രാജ്യ സ്‌നേഹികളായും മലബാറിന്റെ ചരിത്രത്തില്‍ തങ്ങളുടെതായ സ്ഥാനം കണ്ടെത്തിയവരാണ്. എന്നാല്‍ നാളിതുവരെ എഴുതപ്പെട്ട ചരിത്രങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതോ അല്ലെങ്കില്‍ മാറ്റി നിര്‍ത്തപ്പെട്ടതോ ആയ മുസ്‌ലിം കുടുംബ ചരിത്രക്കൂട്ടങ്ങളില്‍ കൂളാക്കല്‍ തറവാട്ടില്‍ നിന്ന് തുടങ്ങി എടത്തോള വരെ എത്തി നില്‍ക്കുന്ന ഒരു മുസ്ലിം കുടുംബത്തിന്റെ ചരിത്രവും ഉള്‍പ്പെടുന്നു. ചരിത്ര നിര്‍മിതിയില്‍ സാഹിത്യ ഗ്രന്ഥങ്ങളുടെ ശേഖരം ചരിത്ര പുനര്‍നിര്‍മിതിയെ സഹായിക്കുന്നുണ്ട് എന്നുള്ളതില്‍ ആര്‍ക്കും സംശയം ഉണ്ടാവാനിടയില്ല. അങ്ങനെയുള്ളൊരു സാഹിത്യ കലവറയുടെ അടസ്ഥാനത്തില്‍ തന്നെയാണ് എടത്തോള ഭവനത്തിന്റെ ചരിത്രവും പ്രാധാന്യവും. പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകള്‍ക്കിടയില്‍ പ്രസിദ്ധീകരിച്ച നൂറുകണക്കിന് അറബി, അറബി മലയാളം, അറബി തമിഴ്, മലയാളം, സംസ്‌കൃത ഗ്രന്ഥങ്ങളും, ധാരാളം ഗവണ്‍മെന്റ് രേഖകളും, മറ്റ് ചരിത്ര പ്രധാന്യമര്‍ഹിക്കുന്ന കത്തിടപാടുകളും എടത്തോള ഭവനത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ടത് തന്നെ പ്രസ്തുത മുസ്‌ലിം കുടുംബം സാമൂഹിക സാംസ്‌കാരിക മേഖലഖകളില്‍ ചെലുത്തിയ സ്വാധീനത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിട്ടാണ്5. മാത്രമല്ല, പ്രദേശത്തെ മറ്റേത് ജനവിഭാഗത്തെയും പോലെ മുസ്‌ലിം ജനവിഭാഗവും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഉന്നതങ്ങളിലെത്തിയിരുന്നു എന്നതിലേക്കും ഇത് ചരിത്രാന്വേഷിയെ കൊണ്ടെത്തിക്കുന്നു. പ്രസ്തുത തറവാട്ടിലെ യുവ തലമുറയെ പ്രതിനിധാനം ചെയ്യുന്ന ഗഫൂര്‍ എടത്തോള ചരിത്ര ശേഷിപ്പുകളോട് കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്6.
എടത്തോള കുടുംബ ചരിത്രത്തില്‍ നാല് തറവാട്ടു വീടുകളുടെ ചരിത്രമാണ് തെളിവുകള്‍ സഹിതം പരമാര്‍ശിക്കാന്‍ പോകുന്നത്. തിരൂരങ്ങാടി താലൂക്കിലുള്ള കൊടുവായൂരിലെ (എ.ആര്‍ നഗര്‍) കൂളാക്കല്‍ തറവാട്ടില്‍ നിന്നുമാണ് കൂളിപ്പുലാക്കല്‍ എടത്തോള കുടുംബ ചരിത്രം ആരംഭിക്കുന്നത്. കൂളാക്കല്‍ തറവാട് സമകാലീന സമൂഹത്തില്‍ അത്യുന്നതമായ സ്ഥാനം അലങ്കരിച്ചിരുന്നതായി 1953 ല്‍ പുറത്തിറങ്ങിയ മലബാരി മാസികയില്‍ അതിന്റെ എഡിറ്റര്‍ കൂടിയായ പാറോല്‍ ഹുസൈന്‍ മൗലവി രേഖപ്പെടുത്തുന്നുണ്ട്7. കൂളാക്കല്‍പ്പടിയെന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്ത് നിലനിന്നിരുന്ന കൂളാക്കല്‍ തറവാടിന്റെ അവശിഷ്ടങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നാമാവശേഷമായി. എന്നാലും ആധുനിക മലയാളം ലിപിയുടെ പൂര്‍വ്വരൂപത്തില്‍ കുളാക്കല്‍ അസ്സന്‍ കുട്ടിയെന്ന് രേഖപ്പെടുത്തിയ വലിയ വട്ടചെമ്പ് ഇന്നും എടത്തോള കുടുംബത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്8. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തിരൂരങ്ങാടി വലിയ പള്ളിയുടെ കാരണവന്മാരില്‍ പ്രധാനികളായിരുന്നു കൂളിപ്പുലാക്കല്‍ കുടുംബങ്ങള്‍ എന്നും, അവരുടെ ഖബര്‍സ്ഥാന്‍ വലിയ പള്ളിയുടെ മുന്‍ഭാഗത്ത് പടിപ്പുരയുടെ വലതു വശത്തായാണ് ഉണ്ടായിരുന്നതെന്നും അന്തരിച്ച തിരൂരങ്ങാടി ഖാസി മാനുട്ടി മുസ്‌ലിയാര്‍ പറഞ്ഞിട്ടുണ്ട്9. 1891 ലെ ബ്രിട്ടീഷ് സെറ്റില്‍മെന്റ് രജിസ്റ്ററില്‍ കൂളാക്കല്‍ പറമ്പിന്റെ സബ്ഡിവഷനായ കൂളിപ്പുലാക്കല്‍ പറമ്പിനെ ഊരാളത്ത് പറമ്പെന്ന് വിശേഷിപ്പിച്ചത് അവര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനത്തെയാണ്10 സൂചിപ്പിക്കുന്നത്.
കൂളിപ്പുലാക്കല്‍ തറവാട്ടുകാര്‍ പിന്നീട് വേങ്ങരക്കടുത്ത കണ്ണമംഗലം ദേശത്തെ പെരുംപിലാവില്‍ തറവാട്ടിലേക്ക് താമസം മാറി. ഈ തറവാടിന്റെ അവശിഷ്ടങ്ങളായി കരിങ്കല്ലില്‍ പണിത വലിയ ഉമ്മറപ്പടിയും11, ഓത്തിയും12 ഇന്നും എടത്തോള ഭവനത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ടിപ്പുസുല്‍ത്താന്റെ മലബാര്‍ ആക്രമണ കാലത്ത് വേങ്ങര മുതല്‍ കൊണ്ടോട്ടി പനക്കല്‍ വരെയുള്ള ദേശത്തിന്റെ നാടുവാഴികളായിരുന്നു ഈ കുടുംബം. ഈ തറവാടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന, പൂര്‍വികര്‍ നിര്‍മിച്ച 300 ലധികം വര്‍ഷം പഴക്കം ചെന്ന നമസ്‌കാര പള്ളി ഈ അടുത്ത കാലത്താണ് പുതുക്കി പണിതത്. ഈ തറവാട്ടിലെ അവസാന താവഴിയായിരുന്ന ഹസ്സന്‍ കുട്ടി മൂപ്പന്‍ എന്നവരുടെ മകന്‍ കുഞ്ഞി മൊയ്തീന്‍ കുട്ടി മൂപ്പന്‍ കാര്‍ത്തിക കാല്‍ നാളില്‍13 ജനിച്ച അപൂര്‍വ്വ ഭാഗ്യവാനായാണ് അറിയപ്പെട്ടിരുന്നത്. കുഞ്ഞിമൊയ്തീന്‍ കുട്ടി എന്നവര്‍ ജീവിച്ചിരിക്കെ ഏക മകനായിരുന്ന ഹസ്സന്‍ കുട്ടി മരണപ്പെട്ടതിനാല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ സ്വത്തുക്കള്‍ ഇസ്ലാമിക ശറഅ് അനുസരിച്ച് മകന്റെ മക്കള്‍ക്കും, മകള്‍ക്കും നേര്‍പകുതിയായി ഭാഗിച്ചു കിട്ടി. 1867 മെയ് 17 ന് നടന്ന 304-ാം നമ്പര്‍ ഭാഗപത്രാധാരത്തില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്14. നാലു ഭാഷകളില്‍ ആലേഖനം ചെയ്ത 100 രൂപയുടെ മുദ്രകടലാസിലാണ് പ്രസ്തുത ആധാരം എഴുതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം ആധാരങ്ങളില്‍ പരാമര്‍ശിക്കുന്നത് പോലെ വലിയൊരു ഭൂപ്രദേശത്തിന്റെ അധിപന്മാരായിരുന്നു പെരുംപിലാവില്‍ തറവാട്. നൂറിലധികം വയസ്സ് ജീവിച്ചിരുന്ന കുഞ്ഞാച്ചുമ്മ (കുഞ്ഞി ആയിഷ ഉമ്മ) എന്നവരെ കുറിച്ച് നിരവധി വിവരങ്ങള്‍ കുടുംബ രേഖകളില്‍ കാണാന്‍ സാധിക്കും15. ഇവരെ വിവാഹം ചെയ്തിരുന്നത് കൂളിപ്പുലാക്കല്‍ കുടുബ താവഴിയില്‍പ്പെട്ട ഒരു ശാഖയായ കൂളിപ്പുലാക്കല്‍ അരീക്കാട്ട് കുടുംബത്തിലെ മൊയ്തീന്‍ കുട്ടി ഹാജി എന്നവരായിരുന്നു. നൂറ്റാണ്ടിലധികം പഴക്കമുള്ള കണ്ണമംഗലം ജുമാമസ്ജിദ് നിലകൊള്ളുന്ന വിസ്ത്യതമായ സ്വത്തുക്കള്‍ ദാനം ചെയ്തത് ഇവരായിരിന്നു. ഇന്നും ഈ പ്രദേശത്തെ ഒരു പ്രമുഖ മുസ്‌ലിം കുടുംബമായ അരീക്കാട്ട് കുടുംബം കൂളിപ്പിലാക്കല്‍ കുഞ്ഞാച്ചുമ്മയുടെയും കൂളിപ്പുലാക്കല്‍ അരീക്കാട്ട് മൊയ്തീന്‍ കുട്ടിഹാജിയുടെയും പിന്‍തലമുറക്കാരായാണ് അറിയപ്പെടുന്നത്. നൂറോളം ഭവനങ്ങളായി വേര്‍പിരിഞ്ഞ ഈ കുടുംബത്തില്‍ സാമൂഹിക രംഗത്ത് നിറഞ്ഞ് നിന്ന അരീക്കാട്ട് ഹസ്സന്‍കുട്ടി അധികാരി, അഹമ്മദാജി, കുഞ്ഞാലി ഹാജി തുടങ്ങിയ നിരവധി പ്രമുഖര്‍ ജിവിച്ചിട്ടുണ്ട്.
പെരുംപിലാവില്‍ തറവാട്ടിലെ അവസാന കണ്ണിയായിരുന്ന കുഞ്ഞിമൊയ്തീന്‍ കുട്ടി മൂപ്പന്റെ ഏക മകന്‍ അസ്സന്‍ കുട്ടിയിലൂടെയാണ് പിന്നീട് എടത്തോള കുടുംബ ചരിത്രം മുന്നോട്ട് പോയത്. എ.ഡി 1800 ന്റെ അവസാനത്തില്‍ അദ്ദേഹം നിര്‍മ്മിച്ച കുറ്റൂരിലെ കറുവന്‍തൊടിക ഭവനം ഇന്നും നിലനില്‍ക്കുന്നുണ്ട്16. കറുവന്‍തൊടിക തറവാടിന്റെ വരാന്തയോട് കൂടിയ വിസ്തൃതിയിലുള്ള നടുമുറ്റവും ചെങ്കല്ലില്‍ പണിത കോണിപ്പടികളും, കമാനങ്ങളും വീടിന്റെ പൗരാണികതയെ വിളിച്ചോതുന്നു. തദ്ദേശീയമായ വാസ്തു ശില്പവിദ്യയുടെ സ്വാധീനം വ്യക്തമാക്കിയിരുന്ന അലങ്കാര വേലകള്‍ ചെയ്ത കനമുള്ള മരത്തടിയില്‍ പണിഞ്ഞെടുത്ത തൂണുകളോട് കൂടിയ പടിപ്പുര മാളികയില്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ വിശ്രമിക്കാറുണ്ടായിരുന്നു എന്ന് ഗഫൂര്‍ എടത്തോള ഓര്‍മപ്പെടുത്തുന്നു17. ഓലമേഞ്ഞ മേല്‍ക്കൂര ഓടാക്കരുതെന്ന തങ്ങളുടെ നിര്‍ദേശത്തെ പാലിക്കാനാവാത്ത വിധം പടിമാളിക കാലത്തിന്റെ കുത്തൊഴുക്കില്‍ നമാവശേഷമായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പഥത്തില്‍ തിരൂരങ്ങാടിയിലെ കുഴിയന്‍ തടത്തില്‍ അബ്ദുറഹിമാന്‍ കുട്ടി രചിച്ച ''മഅ്ദനുല്‍ യവാകീത്ത്'' എന്ന കാവ്യഗ്രന്ഥത്തില്‍ സയ്യിദ് അലവി തങ്ങള്‍ 1823-ല്‍ തന്റെ ഏക മകനായ ഫസല്‍ പൂക്കോയ തങ്ങളുടെ സുന്നത്ത് കര്‍മ്മവുമായി ബന്ധപ്പെട്ട ആഘോഷം ചര്‍ച്ച ചെയ്ത പ്രമുഖരില്‍ കൂളിപ്പുലാക്കന്‍ അസ്സന്‍ കുട്ടി, പുതുപ്പറമ്പില്‍ കഞ്ഞാലി, ചാക്കീരി അവറാന്‍, അരീക്കാട്ട് മൊയ്തീന്‍ കുട്ടി, നെല്ലാട്ട്‌തൊടിക അവറാന്‍ മുതലായവരായിരുന്നു18. കൂളിപ്പുലാക്കന്‍ അസ്സന്‍കുട്ടിയുടെ ഇളയ മകനായ മൊയ്തീന്‍കുട്ടി എന്നവര്‍ ഗൗളി ശാസ്ത്ര നിപുണനും, സംസ്‌കൃത പണ്ഡിതനും നല്ല ഒരു ദൂത് ലാക്ഷണികനുമായിരുന്നു. മദ്രാസ് ഹൈക്കോടതിയുമായി ബന്ധപ്പെട്ട ഒരു കേസ് സംബന്ധമായി ജ്യേഷഠ സഹോദരന്‍ കുഞ്ഞുമൊയ്തു എന്നവര്‍ അധികാരി സ്ഥാനത്ത് നിന്നും കല്‍പന വാങ്ങിയപ്പോള്‍ 1861 മുതല്‍ ഏതാനും കാലം ബദല്‍ അധികാരിയായി ഇദ്ദേഹം സ്ഥാനത്തിരുന്നിട്ടുണ്ട്19. 1931 ജനുവരി 19 ന് സന്താനങ്ങളില്ലാതെ മരണമടഞ്ഞ മൊയ്തീന്‍കുട്ടി എന്നവര്‍ വീടിനടുത്തായി 1892 ല്‍ നിര്‍മിച്ച മാളികയോട് കൂടിയ കറുവന്‍ തൊടിക നിസ്‌കാരപള്ളി ചരിത്ര സാക്ഷിയായി ഇന്നും നിലനില്‍ക്കുന്നു.20
കൂളിപ്പുലാക്കന്‍ അസ്സന്‍ കുട്ടി എന്നവരുടെ മൂത്ത പുത്രനും വേങ്ങര, കണ്ണമംഗലം, ഊരകം മേല്‍മുറി, നെടുവ തുടങ്ങിയ നാല് അംശങ്ങളുടെ അധികാരിയായിരുന്ന അസ്സന്‍ മൊയ്തീന്‍ എന്ന കുഞ്ഞുമൊയ്തുവിലൂടെയാണ് കൂളിപ്പുലാക്കല്‍ എടത്തോള ഭവനം രൂപപ്പെടുന്നത്21. നാലുകെട്ടും, നടുമുറ്റവും, ചുറ്റുകെട്ടും, പടിപ്പുരയും, കുളവും, കുളപ്പുരയും, തൊഴുത്തുകളും ഈ വീടിന്റെ ഭാഗമായി ഇന്നും സംരക്ഷിച്ച് പോരുന്നു.22 വീട്ടാവശ്യത്തിനായി മരുന്ന് അരക്കാനും എണ്ണ ആട്ടാനും ഉപയോഗിച്ചിരുന്ന കൂറ്റന്‍ ചക്കിന്റെ അവശിഷ്ടങ്ങളും പച്ചില കൂട്ട് കൊണ്ട് വരഞ്ഞെടുത്ത ചിത്രങ്ങളും മരത്തിലും ചെങ്കല്ലിലും കൈവേലകള്‍ ചെയ്ത തൂണുകളും 80 അടിയോളം നീളത്തില്‍ പണിത അതിവിശാലമായ ഹാളും യുറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച വിസ്തൃതിയുള്ള ജനവാതിലുകളും ധാരാളം ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി ഇന്നും നിലനില്‍ക്കുന്നു23. 1869 ല്‍ കുഞ്ഞിമൊയ്തു എന്നവര്‍ നിര്‍മിച്ച കുറ്റൂരിലെ കുന്നാഞ്ചേരി വലിയ ജുമാ മസ്ജിദ് പ്രദേശത്തെ തച്ചു ശാസ്ത്രവിധി പ്രകാരം നിര്‍മിച്ച ഏറ്റവും പഴക്കം ചെന്ന പള്ളിയാണ്. അറബി കാലിഗ്രാഫി കണ്ടു വരുന്ന ജില്ലയിലെ അപൂര്‍വ്വം പള്ളികളിലൊന്നാണിത്. പാരമ്പര്യമായുള്ള ഭവന നിര്‍മാണത്തിലെ നാലുകെട്ട് നടുമുറ്റ സംസ്‌കാരവും, നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ഗ്രന്ഥ ശേഖരവും, ജീവിത രീതിയിലെ പൂര്‍വ്വ പിതാമഹന്മാരുടെ രാജ പദവിയും, സമൂഹത്തില്‍ നിലനിന്നിരുന്ന കുടുംബത്തിന്റെ ഉന്നത സ്ഥാനമാനങ്ങളും, ആചാരാ അനുഷ്ഠാനങ്ങളും, എണ്ണമറ്റ സമ്പത്തുക്കളും മറ്റു രേഖകളും, ചെന്നെത്തുന്ന സൂചനകള്‍ നല്‍കുന്നത് ഒരു കാലഘട്ടത്തിലെ ഈ കുടുംബത്തിന്റെ തായ്‌വേരുകള്‍ ഉന്നത കുലജാതരായ ഹൈന്ദവ പ്രമാണിമാരിലേക്കാണ്. അതേ പ്രകാരം തന്നെ എടത്തോള ഭവനത്തിന് അന്നത്തെ സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യം തിരിച്ചറിയാനും ഒരു കാലഘട്ടത്തിലെ സാമൂഹിക ഭരണ, സാമ്പത്തിക വ്യവസ്ഥയില്‍ അവര്‍ വഹിച്ച പങ്ക് മനസ്സിലാക്കാനും ഭവനം അതിന്റെ സന്ദര്‍ശകരെ ഇന്നും സഹായിച്ചുകൊണ്ടിരിക്കുന്നു. 90 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണവും 68 വര്‍ഷത്തെ ജനാധിപത്യ ഭരണവും നേരില്‍ കണ്ട എടത്തോള ഭവനത്തില്‍ 1921 ലെ മലബാര്‍ കലാപത്തിന്റെ തീക്ഷ്ണമായ ഓര്‍മ്മകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്24. ഇത്തരത്തില്‍ ഒരു കുടുബ ചരിത്രം ഒരു ദേശത്തിന്റെ ചരിത്ര പുനര്‍നിര്‍മിതിയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന തലത്തിലേക്ക് എടത്തോള ഭവനം പ്രധാന്യം അര്‍ഹിക്കുന്നുണ്ട്.
ഒരുപക്ഷെ കേരളത്തിലെ മറ്റൊരു മുസ്ലിം കുടുംബത്തില്‍ നിന്നും വേണ്ടത്ര ലഭിച്ചിട്ടില്ലാത്ത തരത്തില്‍ അമൂല്യങ്ങളായ നിരവധി ചരിത്ര ശേഖരണത്തിന്റെ ഒരു കലവറ തന്നെയാണ് എടത്തോള ഭവനം. മഹാകവി ചാക്കീരി മൊയ്തീന്‍ കുട്ടി ശുദ്ധ മലയാളത്തില്‍ രചിച്ച ബദര്‍ പടപ്പാട്ടിന്റെ ഏതാനും ഇശലുകള്‍ രചിച്ചത് മകളുടെ വീടായ എടത്തോള ഭവനത്തില്‍ വെച്ചാണ്. കേരള മുസ്ലിംകളുടെ സാഹിത്യ വിജ്ഞാന കോശം എന്നറിയപ്പെടുന്ന “മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന കൃതിയുടെ പണിപ്പുര എന്തു കൊണ്ട് എടത്തോള ഭവനമായി.? മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ പ്രവര്‍ത്തകര്‍ ദിവസങ്ങളോളം എടത്തോള ഭവനില്‍ ചിലവഴിച്ച് തയ്യാറാക്കിയ അറബി മലയാള കൃതികളുടെ പ്രാധാന്യം എന്തായിരുന്നു.? കേന്ദ്ര ചരിത്ര ഗവേഷണ വിഭാഗം മുന്‍ ചെയര്‍മാന്‍ ഡോ: എം.ജി.എസ് നാരായണന്‍, ഡോ: എം. ഗംഗാധരന്‍, ഡോ: കെ.കെ.എന്‍ കുറുപ്പ്, തിരുവനന്തപുരം ആര്‍കൈവ്‌സ് ചീഫ് കണ്‍സര്‍വേറ്റര്‍ ഷാജി തുടങ്ങിയ പ്രമുഖര്‍ എന്തു കൊണ്ട് എടത്തോള ഭവനം സന്ദര്‍ശിച്ചു.? ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വ്വകലാശാലയിലെ സ്‌കോളര്‍മാരായ പ്രൊഫസര്‍ ജോണ്‍ കൂപ്പറും, പ്രൊഫസര്‍ ഡയനേഷ്യസ് അഗസും എന്ത്‌കൊണ്ട് എടത്തോള ഭവനം സന്ദര്‍ശിച്ചു.25 എന്നീ ചോദ്യങ്ങള്‍ക്കുത്തരം തന്നെയാണ് എടത്തോള ഭവനത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള സാഹിത്യ ശേഖരങ്ങളുടെ കലവറ.
സാഹിത്യ ശേഖരങ്ങളുടെ കലവറക്കൊപ്പം തന്നെ, പരിഗണിക്കാനുതുകുന്ന തരത്തിലുള്ള കേരള രാഷ്ട്രീയ വൈജ്ഞാനിക മണ്ഡലത്തില്‍ സ്വധീനം ചെലുത്താനും എടത്തോള ഭവനത്തിന് സാധിച്ചിട്ടുണ്ട്. മദ്രാസ് അസംബ്ലിയിലെ അംഗവും നാല് മന്ത്രിസഭകളുടെ വൃദ്ധിക്ഷയങ്ങള്‍ കണ്ട സ്പീക്കറുമായ ചാക്കീരി അഹമ്മദ്കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസം നടന്നത് സഹോദരി ഭവനം കൂടിയായ എടത്തോളയില്‍ വെച്ചാണ്. കേരള വ്യവസായ, ഐടി വകുപ്പ് മന്ത്രി കുഞ്ഞാലികുട്ടിയുടെ ഉമ്മ പാത്തുമ്മകുട്ടിയുടെ തറവാട് കൂടിയാണ് ഈ ഭവനം. ആതുര ശൂശ്രൂഷ സേവന രംഗത്തെ പ്രമുഖനും കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ: അരീക്കാട്ട് മൊയ്തീന്‍ കുട്ടിയെ പോലുള്ള നിരവധി പ്രമുഖര്‍ ഈ തറാവാട്ടിലെ സഹോദരീ പുത്രന്മാരാണ്. പ്രഥമ കെ.പി.സി.സി ബോര്‍ഡ് മെമ്പര്‍ കെ.പി കുഞ്ഞാലി, മുന്‍ ഡിസിസി സെക്രട്ടറി കെ.പി കുഞ്ഞി മൊയ്തു, ജനതാ പാര്‍ട്ടിയുടെ സസ്ഥാന ട്രഷ്‌ററും കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പറുമായിരുന്ന കെ.പി അഹമ്മദ് ഹാജി മുക്കം, നിലവിലെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ അനേകം പേരുടെ തറവാട് കൂടിയാണ് എടത്തോള ഭവനം. നിലവിലെ വേങ്ങര പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് ഹസീന ഫസല്‍ അടക്കമുള്ള നിരവധി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ഈ കുടുംബത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട്.
മത സാമുഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ മൊയ്തു മൗലവി, അഡ്വ. യു ഗോപാലമേനോന്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം മൗലവി, കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍, സി.എന്‍ അഹമ്മദ് മൗലവി, പതി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, മമ്പുറം ആറ്റക്കോയ തങ്ങള്‍ അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, എം.കെ. ഹാജി, കേയി സാഹിബ്, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍26, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി അനേകം പ്രമുഖരുമായി ഈ വീട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പ്രദേശത്തെ സാമൂഹിക വിദ്യഭ്യാസ പുരോഗതിക്ക് ഈ കുടുംബം നല്‍കിയ സംഭാവനകളുടെ പ്രതീകമായി ഇന്നും നിലനില്‍ക്കുന്നതാണ് കുറ്റൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എ.എം.എല്‍.പി. സ്‌കൂള്‍, പി.എം.എസ്.എ. യു.പി. സ്‌കൂള്‍ (കുറ്റൂര്‍ സൗത്ത്), എം.എച്ച്.എം. എല്‍.പി. സ്‌കൂള്‍, കുഞ്ഞിമൊയ്തു മെമ്മോറിയല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (കുറ്റൂര്‍ നോര്‍ത്ത്)
ബ്രിട്ടീഷ് വിരോധത്തിന്റെ പേരില്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഗവണ്‍മെന്റ് ഉദ്യോഗങ്ങള്‍ രാജിവെക്കണമെന്ന പണ്ഡിത സമുഹത്തിന്റെ അഭ്യാര്‍ത്ഥന മാനിച്ച് 1912 ല്‍ അധികാരി സ്ഥാനം രാജിവെച്ച കുഞ്ഞാലി സാഹിബ് എടത്തോള കുടംബത്തിലെ രാജ്യ സ്‌നേഹത്തിന്റെ പ്രതീകമായി നിലനില്‍ക്കുന്നു27. നികുതി അടക്കാന്‍ കഴിവില്ലാതിരുന്ന സാധാരണക്കാരായ ജനങ്ങളുടെ നികുതിപ്പണം സര്‍ക്കാറിലേക്ക് ഒടുക്കിയതിന്റെ പേരില്‍ 80,000 രൂപയുടെ സാമ്പത്തിക ബാദ്ധ്യത വരികയും കടം വീട്ടാന്‍ സമ്പത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം വിനിയോഗിച്ചതായും പ്രസിദ്ധ ചരിത്രകാരന്‍ കരീം മാസ്റ്റര്‍ സൂചിപ്പിച്ചിട്ടുണ്ട്28. നുറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചിരുന്ന ഈ കുടുംബത്തിലെ കാരണവന്മാര്‍ തികഞ്ഞ മതേതരവാദികളും പൊതുകാര്യ പ്രസക്തരുമായിരുന്നു. പഞ്ചായത്ത് ഭരണ സമിതി അംഗം കൂടിയായ ഹുസൈന്‍ ഹാജി എന്ന കുഞ്ഞിട്ടിയിലൂടെ നാട്ടു മധ്യസ്ഥം വഹിക്കല്‍ ഈ കുടുംബം ഇന്നും നിലനിര്‍ത്തി പോരുന്നു.
സമൂഹത്തില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളും ഭരണ സംവിധാനങ്ങളും, വംശ പാരമ്പര്യങ്ങളും, രാഷ്ട്രീയ സാമ്പത്തിക സ്ഥാപനങ്ങളും, ആചാരാനുഷ്ഠാനങ്ങളും, കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമെല്ലാം പരാമര്‍ശിക്കുന്ന സാഹിത്യ ഗ്രന്ഥങ്ങള്‍ ഒരു പ്രദേശത്തിന്റെ പൊതുവായ സാംസ്‌കാരിക പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്ന ഉപാദാനങ്ങളാണ്. ഇവിടെയാണ് കൂളിപ്പുലാക്കല്‍ എടത്തോള കുടുംബത്തിന്റെ മഹത്വം കൂടുതല്‍ പ്രകടമാകുന്നത്. വിദ്യാഭ്യാസ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തവരായിരുന്ന വ്യത്യസ്ത കാലങ്ങളിലായി നാല് തറവാട്ടു വീടുകളിലും താമസിച്ചിരുന്ന കൂളിപ്പുലാക്കല്‍ എടത്തോള കുടുംബക്കാര്‍. മുഹമ്മദാജി (എടത്തോള) കുഞ്ഞി മൊയ്തു (കറുവന്‍തൊടിക) മുഹമ്മദ് (കോട്ടതൊടിക) മൊയ്തീന്‍കുട്ടി ഹാജി (മാനേജര്‍ കെ.എം.എച്ച്.എസ്), കുഞ്ഞാലി (മാനേജര്‍ പി.എം.എസ്.എ) തുടങ്ങിയ നിരവധി പ്രമുഖര്‍ ഈ കുടുംബത്തില്‍ നിന്നും മണ്‍മറഞ്ഞുപോയവരില്‍ പ്രധാനികളില്‍ ചിലരാണ്.
എടത്തോള ഭവനത്തിലെ ലൈബ്രറിയില്‍ ഏകദേശം അയ്യായിരത്തോളം വിലയേറിയ പുസ്തക ശേഖരം തന്നെയുണ്ട്. ഇതില്‍ തന്നെ പത്തൊമ്പത്, ഇരുപത് നുറ്റാണ്ടുകള്‍ക്കിടയില്‍ എഴുതപ്പെട്ട അറബി മലയാളം, അറബി തമിഴ് ഗ്രന്ഥങ്ങള്‍ അമൂല്യമായ ചരിത്ര വിവരങ്ങളുടെ കലവറകളാണ്29. 1843 ല്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തില്‍ ബ്രട്ടീഷുകര്‍ക്കെതിരെ നടന്ന മാപ്പിളമാരുടെ ചരിത്ര പ്രസിദ്ധമായ ചേറൂര്‍ കലാപം അടിസ്ഥാനമാക്കി രചിച്ച ചേറൂര്‍ പടപ്പാട്ടിന്റെ കോപ്പി ലൈബ്രറിയിലെ അമൂല്യ ശേഖരങ്ങളില്‍ ഒന്നാണ്. ബ്രിട്ടീഷുകാര്‍ ഒരു കാലത്ത് നിരോധിച്ച ചേറൂര്‍ പടപ്പാട്ടിന്റെ ആദ്യ പ്രതി 1976 ല്‍ സി.എന്‍ അഹമ്മദ് മൗലവിയും കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി30. 1871 ല്‍ എഴുതപ്പെട്ട അറബി മലയാളത്തിലുള്ള ആദ്യത്തെ ഖുര്‍ആന്റെ പരിഭാഷ എടത്തോള ഭവനത്തില്‍ നിന്നും കണ്ടെത്തുന്നതില്‍ കൊണ്ടോട്ടിയിലെ മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തിലെ ഗവേഷകര്‍ക്ക് സാധിച്ചു. പ്രമുഖ ചരിത്രാധ്യാപകനായ ഡോ: കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ പറയുന്നത് പോലെ പണ്ഡിത സമുഹത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ച് രചിക്കപ്പെട്ട അമൂല്യമായ ഖുര്‍ആന്റെ ആദ്യ അറബി മലയാള പരിഭാഷ നശിപ്പിക്കുകയും പിന്നീട് ഗ്രന്ഥ കര്‍ത്താവായ മായിന്‍ കുട്ടി എളയ രണ്ടാമത്തെ പ്രതി മലബാറിലെ പ്രമുഖ മുസ്ലിം കുടുംബങ്ങള്‍ക്ക് അയച്ചു കൊടുത്തിന്റെ ഫലമാണ് എടത്തോള ലൈബ്രറിയിലെ ഖുര്‍ആന്റെ ആദ്യകാല അറബി മലയാള പരിഭാഷ31. 1844 ലെ ഖുര്‍ആന്റെ കൈയ്യെഴുത്ത് പ്രതിയും 1869 ലെ മലയാള പഞ്ചാംഗവും 1898 ലെ മുസ്ലിം പഞ്ചാംഗവും, അധ്യാത്മ രാമായണം, മഹാഭാരതം കിളിപ്പാട്ട്, മനുസ്മൃതി, ശ്രീരാമോദന്തം, കാളലക്ഷണം പാട്ട്, പൂജാമന്ത്രം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ പ്രസ്തുത ഭവനം വിവധ സമുദായങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
1921 ലെ മലബാര്‍ കലാപത്തിന്റെ ഭാഗമായി സേലം ജയിലിലടക്കപ്പെട്ട അരീക്കല്‍ മൊയ്തീന്‍ എടത്തോള കുഞ്ഞാലിക്കെഴുതിയ കത്ത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു32. മലബാര്‍ കലാപത്തെ തുടര്‍ന്ന് ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ പ്രദേശങ്ങളില്‍ നിന്നും ബ്രിട്ടീഷുകാര്‍ തടവിലാക്കിയ ഇരുപത്തിമൂന്ന് മാപ്പിള കലാപകാരികളെ കുറിച്ചും, ദക്ഷ്യണേന്ത്യയിലെ പതിമൂന്ന് പ്രധാന ജയിലുകളെ കുറിച്ചും പ്രസ്തുത കത്തില്‍ പരാമര്‍ശമുണ്ട്. എടത്തോള കുടുംബത്തെ അഭിസംബോധനം ചെയ്തു കൊണ്ട് തുടങ്ങുന്ന രീതിയും കത്തിലെ ഭാഷാ പ്രയോഗവും അക്കാലത്ത് സാമൂഹത്തില്‍ നിലനിന്നിരുന്ന രണ്ടു തട്ടുകളിലായുള്ള മനുഷ്യന്റെ സ്ഥാനമാനത്തെയുമാണ് സൂചിപ്പിക്കുന്നത്. 1891 മുതല്‍ 1901 വരെയുള്ള സെന്‍സസ് രജിസ്റ്ററുകള്‍, 1926 ല്‍ എടത്തോള കുഞ്ഞാലി എഴുതിയ ഡയറി, തിത്താച്ചുമ്മ ഹജ്ജുമ്മയുടെ ഡയറിക്കുറിപ്പ്, 1861 ലെ ആധാരം, 1929 ലെ ബ്രിട്ടീഷ് ഗസറ്റ് 1860 ലെ ബ്രിട്ടീഷ് ഇന്ത്യന്‍ ആക്റ്റ് തുടങ്ങിയവ ചരിത്രമുറങ്ങുന്ന ഉറവകളായി എടത്തോള ലൈബ്രറിയില്‍ സംരക്ഷിച്ച് വരുന്നു.
സയ്യിദ് ഫസല്‍ തങ്ങളുടെ ചരിത്രം വിശദീകരിക്കുന്ന മിസ്ബാഹുല്‍ ഫുഹാദും” ലൈബ്രറിയിലെ മറ്റൊരു പ്രധാനപ്പെട്ട ഗ്രന്ഥമാണ്. 1899 ലെ മോയിന്‍കുട്ടി വൈദ്യരുടെ കിളത്തിമാലയും, 1902 ലെ തൂഫാന്‍ മാലയും, 1891 ലെ ഖുറാന്‍ യാസീനും, 1891 ലെ തന്നെ മുഹ്‌യുദ്ധീന്‍ മാലയും, ബദ്ര്‍ മാലയും, 19011 ലെ തുഹ്ഫത്തുല്‍ മലൈബാരിയും, 1906 ലെ ഫാത്തിമ തര്‍ജമയും, 1866 ലെ ബുര്‍ദ തര്‍ജമയും, 1888 ലെ കിളവിപാട്ടും, 1887 ലെ മാങ്ങാപാട്ടും, 1888 ലെ പഴയ മൈലാഞ്ചി പാട്ടും ലൈബ്രറിയിലെ ചില പ്രധാന അറബി മലയാള സാഹിത്യ ഗ്രന്ഥങ്ങളാണ്. സത്യവാദി, മിതവാദി, അല്‍ അമീന്‍, മലബാരി, ചന്ദ്രിക, തുടങ്ങിയ പത്ര മാധ്യമങ്ങളും ജന്മി, മാതൃഭൂമി, മലബാരി, അല്‍മനാക്, അല്‍ അമീന്‍, സുബുലുസ്സലാം, തുടങ്ങിയ നിരവധി പഴയ മാസികകളും ഇവടത്തെ ലൈബ്രറിയിലുണ്ട്.
എടത്തോള ലൈബ്രറിയില്‍ സംരക്ഷിക്കപ്പെട്ട ചുരുക്കം ചില സാഹിത്യ സൃഷ്ടികളുടെ പേരുകള്‍ മാത്രമാണ് മുകളില്‍ പരാമര്‍ശിച്ചുട്ടുള്ളത്. ഇത് ഒരു മുസ്ലിം കുടുംബത്തിന്റെ സാഹിത്യ പാരമ്പര്യത്തേയും സാഹിത്യ പ്രോല്‍സാഹനത്തിന്റെയും ഉദാഹരണമായി തന്നെ കാണാം. പ്രത്യേകിച്ചും വിവിധ മതപരവും മതേതര പരവുമായ വിഷയങ്ങളെ സംബന്ധിച്ചുള്ള സസ്‌കൃതം, അറബി മലയാളം, അറബി തമിഴ്, ഇംഹ്ലീഷ്, മലയാളം, എന്നീ ഭാഷകളിലെ ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പില്‍ കാണിച്ച താല്‍പര്യം എടത്തോള കുടുംബക്കാര്‍ വൈജ്ഞാനിക പ്രവര്‍ത്തനത്തെ പ്രോത്സോഹിപ്പിച്ചിരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മതേതര സ്വഭാവം പ്രകടിപ്പിച്ചിരുന്ന എടത്തോള കുടുംബങ്ങള്‍ അക്കാലത്തെ മാപ്പിള സാഹിത്യ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും വിജയിച്ചിട്ടുണ്ട്. മാത്രമല്ല മാപ്പിള മുസ്ലിം സമൂഹം മറ്റേത് സമുഹത്തെപോലെയും സാംസ്‌കാരികവും സാഹിത്യപരവുമായ മേഖലകളില്‍ ഒട്ടും പിറകിലായിരുന്നില്ലെന്നും ഇത് സൂചിപ്പിക്കുന്നു.
കേരള ചരിത്രത്തില്‍ അടുത്ത കാലത്തായി ഉടലെടുത്ത പ്രധാന ചരിത്ര രചന ശൈലികളില്‍ കുടുംബ ചരിത്രത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന്റെ ചരിത്രത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. പ്രാദേശിക ചരിത്ര രചനകളുടെ ഭാഗമായി കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ധാരാളം ഉപാദാനങ്ങളും, ചരിത്ര ശേഷിപ്പുകളും കണ്ടെടുക്കപ്പെട്ടിണ്ട്. കേരള ചരിത്ര ഗവേഷണ വിഭാഗത്തിന്റെ ധന സഹായത്തോട് കുടി തന്നെ ഇന്ന് നമ്മുടെ സമൂഹത്തിലെ ധാരാളം ജനവിഭാഗങ്ങളുടെ ചരിത്രം പുനര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എടത്തോള ഭവനവും അവിടെ നിന്നും കണ്ടെടുക്കപ്പെട്ട 1000 ത്തിലധികം വരുന്ന പുരാതന ഗ്രന്ഥ ശേഖരവും മറ്റ് പുരാവസ്തു തെളിവുകളും പഠന വിധേയമാക്കേണ്ടത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്തമാണ്. അതിന് മുന്‍കൈയ്യെടുക്കുന്നവരെ സഹായിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഗഫൂര്‍ എടത്തോള ചരിത്ര സ്‌നേഹിയും കൂടിയാണ്.