ഇസ്‌ലാമിക വിജ്ഞാന രംഗത്ത് മഹത്തായ പാരമ്പര്യമുള്ള കേരളത്തില്‍ ഹദീഥ് പഠന ഗവേഷണവും ചെറുതല്ലാത്ത വിധം നടന്നിട്ടുണ്ട്. ഹദീസ് വിജ്ഞാന തല്പരരായ നിരവധി പണ്ഡിതന്മാര്‍ പല കാലങ്ങളിലായി കേരളത്തിലുണ്ടായിരുന്നു. പക്ഷെ ചരിത്രത്തോട് നാം കാണിച്ച അവഗണനയും അശ്രദ്ധയും കാരണം അത്തരം കാര്യങ്ങളെ സംബന്ധിച്ച അമൂല്യമായ നിരവധി അറിവുകള്‍ നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ഹദീസുകള്‍ കേരളത്തിലെത്തുന്നത് പ്രബോധകരായി വന്ന സഹാബിമാരും താബിഉകളും വഴിയാണ്. ഇസ്‌ലാമിനോടുള്ള ആദര്‍ശ ബന്ധത്തോടപ്പം നബി (സ) യോടുള്ള ഉള്ളുനിറഞ്ഞ സ്‌നേഹവായ്പും കേരളിയ മുസ്‌ലിംകളില്‍ സജീവമാണ്. ഇത് നബി (സ) യുടെ സുന്നത്തിനോട് സവിശേഷമായ ആത്മ ബന്ധമുണ്ടാക്കാന്‍ കാരണമായി. പല ഘട്ടങ്ങളില്‍ ആയി അറബ് രാജ്യങ്ങളില്‍ നിന്നും മറ്റും കേരളത്തില്‍ വന്ന നിരവധി പണ്ഡിതന്മാരുണ്ട്. അവരില്‍ പലരും ഹദീഥ് വിജ്ഞാന രംഗത്ത് പ്രാഗത്ഭ്യമുള്ളവരായിരുന്നു, ഈ പണ്ഡിതന്മാരില്‍ നിന്ന് ഇതര വിഷയങ്ങളോടൊപ്പം ഹദീഥ് വിജ്ഞാനീയങ്ങളും കേരളക്കരക്കു ലഭിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്നിരുന്ന മത പഠന കേന്ദ്രങ്ങളില്‍ ഹദീഥ് പഠനത്തിന് അവസരം ഉണ്ടായിരുന്നു.
കേരളത്തിലെ പൊതു മുസ്‌ലിം സമൂഹത്തിന് പണ്ഡിതന്മാര്‍ നല്‍കിയ ഉദ്‌ബോധനങ്ങളില്‍ ഹദീസുകള്‍ ധാരാളമായി ഉദ്ധരിച്ചിരുന്നു. അധിനിവേശവിരുദ്ധ സമരത്തിന് മുസ്‌ലിം സമൂഹത്തെ പ്രചോദിപ്പിക്കാന്‍ രചിക്കപ്പെട്ട കൃതികളില്‍ ദൈവ മാര്‍ഗത്തിലെ സമരത്തിന്റെ മഹത്വം വിവരിക്കുന്ന നിരവധി ഹദീസുകള്‍ കാണാം. ഇങ്ങനെ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് ഒരുപാട് സ്വാധീനം ഹദീഥ് ഉണ്ടാക്കിയിട്ടുണ്ട്.
അടുത്ത കാലം വരെ ഹദീസ് കേരളത്തില്‍ മതപഠനത്തിനു അന്യമായിരുന്നു. കര്‍മശാസ്ത്ര പഠനം മാത്രം ആയിരുന്നു മതവിദ്യാഭ്യാസം. ഖുര്‍ആന്‍ വായിക്കാന്‍ പഠിക്കും. പുണ്യത്തിനായി ഓതുകയും ചെയ്യും. ഹദീസിന്റെ കാര്യത്തില്‍ അതും ഇല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശയില്‍ ആണ് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങള്‍ മലയാള ഭാഷയിലേക്ക് തര്‍ജമ ചെയ്യപെട്ടുതുടങ്ങിയത്.
ഹദീസ് വിവര്‍ത്തനങ്ങള്‍
കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക ശാഖ വളര്‍ച്ചയിലെത്തിയത് വിവര്‍ത്തനങ്ങളിലൂടെയാണ്. അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നാണ് പ്രധാനമായും ഇസ്‌ലാമിക സാഹിത്യങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. പരിഭാഷകളില്‍ മുഖ്യമായും പരിഗണിക്കപെട്ടത് ഖുര്‍ആന്‍ വിവര്‍ത്തനത്തിനു തന്നെയായിരുന്നു. ഖുര്‍ആന്‍ വിവര്‍ത്തനത്തെ സംബന്ധിച്ച ജനങ്ങളിലുള്ള തെറ്റായ ധാരണ ഒരുപാട് എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. ഹദീസ് വിവര്‍ത്തനം ഖുര്‍ആന്‍ കഴിഞ്ഞു രണ്ടാം പരിഗണന കിട്ടിയെങ്കിലും കാര്യപ്രസക്തമായ വിവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല, പ്രധാന ഹദീസ് ഗ്രന്ഥങ്ങളായ ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബുദാവൂദ്, നസാഇ തുടങ്ങിയവ പൂര്‍ണമായും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല.
കടന്നമണ്ണ കെ. അലവി മൗലവിയാണ് ബുഖാരിയുടെ വിവര്‍ത്തനം ആദ്യമായി നിര്‍വഹിച്ചത്. കുറേയേറെ ഭാഗങ്ങളുള്ള ചെറിയ ചെറിയ പുസ്തകങ്ങള്‍ ആയിട്ടാണ് അച്ചടിച്ചിട്ടുള്ളത്. ഓരോ ഭാഗവും ഇരുന്നൂറോളം പേജുകള്‍ ആണ് ഉള്ളത്. മൂന്ന് വാല്യങ്ങളുള്ള കൃതിയുടെ ആദ്യ വാല്യം 1967 ല്‍ പുറത്തിറങ്ങി. സഹീഹ് ബുഖാരിക്ക് സി.എന്‍ അഹ്മദ് മൗലവി തയാറാക്കിയ വിവര്‍ത്തനവും ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട രചനയാണ്. ബുഖാരിയുടെ ആവര്‍ത്തനങ്ങള്‍ തീര്‍ത്തും ഒഴിവാക്കി ഒരു ഹദീസ് ഒരു തവണ മാത്രം വരുന്ന രീതിയിലാണ് പരിഭാഷയുണ്ടാക്കിയിട്ടുള്ളത്. സഹാബികളല്ലാത്ത നിവേദകരുടെ പേരുകള്‍, സഹാബിമാരുടെയും താബിഉകളുടെയും മറ്റും അഭിപ്രായങ്ങള്‍, ഭാഷാപരമായ വിശദീകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഹദീസുകളുടെ അര്‍ത്ഥത്തിനു പുറമേ ചില സ്ഥലങ്ങളില്‍ ലഘു വിശദീകരണകുറിപ്പുകളും കൊടുത്തിട്ടുണ്ട്. ഒറ്റവാല്യത്തിലുള്ള ഈ പരിഭാഷ 1970-ലാണ് പ്രസിദ്ധീകൃതമായത്, നബിചരിത്രവും ഹദീസ് വിജ്ഞാനങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥത്തിന്റെ ആമുഖം 200 ഓളം പേജുകള്‍ ഉണ്ട്. ബുഖാരിയുടെ മറ്റൊരു വിവര്‍ത്തകനാണ് എ. അബ്ദുസ്സലാം സുല്ലമി മൂന്ന് വാല്യങ്ങളിലായാണ് അദ്ദേഹം അത് വിവര്‍ത്തനം ചെയ്തത്.
ബഹാഉദ്ധീന്‍ കൂരിയാട് 1998-ല്‍ ഇമാം ബുഖാരിയുടെ അല്‍ അദബുല്‍ മുഫ്രദു പരിഭാഷപ്പെടുത്തി. ഹദീസിന്റെ ആശയങ്ങള്‍ മനസ്സിലാക്കാവുന്ന വിശദീകരണങ്ങളും, ഓരോ ഹദീസും ഏതൊക്കെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഏതെല്ലാം അധ്യായങ്ങളാണ് ഉള്ളത് എന്നുമുള്ള വിവരങ്ങള്‍ പരിഭാഷയില്‍ ചേര്‍ത്തിട്ടുണ്ട്. ഐ.പി.എച്ച് സിഹാഹുസ്സിത്ത വിവര്‍ത്തനം ചെയ്യാനുള്ള ശ്രമം ശ്ലാഘനീയമാണ്. ഇതിന്റെ ഭാഗമായി സഹീഹ് ബുഖാരിയുടെയും സഹീഹ് മുസ്‌ലിമിന്റെയും (ശിഹാബുദ്ധീന്‍ അഹ്മദ് അസ്സബീദിയുടെയും ഹാഫിള് സകിയ്യുദീന്‍ അല്‍ മുന്‍ദിരിയുടെയും) ഹദീസ് സംഗ്രഹം വിവര്‍ത്തനം ചെയ്തു പുറത്തിറക്കിയിട്ടുണ്ട്.
സഹീഹ് മുസ്‌ലിമിന്റെ വിവര്‍ത്തനവും വ്യാഖ്യാനവും കെ. അലവി മൗലവി തന്നെയാണ് നിര്‍വഹിച്ചത്, മൂന്ന് വാല്യങ്ങളിലായാണ് അത് എഴുതിയത് 1978 ലാണ് ഇതിന്റെ ആദ്യ വാല്യം ഇറങ്ങുന്നത്, ഇതില്‍ ഹദീസിന്റെ വിശദീകരണവും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പരപ്പനങ്ങാടി ബയാനിയ്യ ബൂക്സ്റ്റാളിലൂടെ ഇബ്രാഹിം പുത്തൂര്‍ ഫൈസി ബുഖാരി മുസ്‌ലിം സംയുക്ത പരിഭാഷ പുറത്തിറക്കി. ഈ ബയാനിയ്യ ബുക്ക്സ്റ്റാളിലൂടെ തന്നെയാണ് സി.പി സലാഹുദീന്‍ സ്വലാഹിയും ബുഖാരി മുസ്‌ലിം നിവേദനം ചെയ്ത (മുത്തഫക്കുന്‍ അലൈഹി) ഹദീസുകള്‍ മാത്രം സമാഹരിച്ച 'അല്ലുഅ് ലുഅ് വല്‍മര്‍ജാന്റെ' പരിഭാഷ പുറത്തിറക്കിയത്
പ്രസിദ്ധ ഹദീസ് ഗ്രന്ഥം ഇമാം നവവിയുടെ രിയാളുസ്സ്വാലിഹീന്‍ അഞ്ചു വിവര്‍ത്തനങ്ങള്‍ മലയാളത്തിലുണ്ടായി. അതിലെ പ്രധാനപ്പെട്ടതാണ് 1977-ല്‍ അല്‍ഹുദാ ബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചത്. എം.കെ ഉസ്മാന്‍ മൗലവിയാണ് അത് വിവര്‍ത്തനം ചെയ്തത്. ഓരോ അറബി പദത്തിന്റെയും അര്‍ഥം പരമാവധി വേര്‍തിരിക്കാന്‍ പറ്റുന്ന രൂപത്തിലാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. ഇബ്‌നു ഹജര്‍ അസ്ഖലാനിയുടെ ബുലൂഗുല്‍ മറാമിനും ഒരുപാട് പരിഭാഷകള്‍ ഉണ്ട്. വി.കെ അബ്ദുള്ള മൗലവി, എം.എ ഹമീദ് മദനി ഇവരുടെ വിവര്‍ത്തനങ്ങളാണ് അവയില്‍ പ്രധാനപ്പെട്ടത്. കൂടുതല്‍ പരിഭാഷകള്‍ ഉണ്ടായ കൃതിയാണ് ഇമാം നവവിയുടെ 40 ഹദീസുകള്‍.
വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ഹദീസുകള്‍ വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ചു പരിഭാഷപെടുത്തിയ കൃതിയാണ് എം. അഹ്മദ് മൗലവിയുടെ 'പരിശുദ്ധ നബി വചനങ്ങള്‍ 333 പരിഭാഷയും വ്യാഖ്യാനവും'. മുന്നൂറ്റി മുപ്പത്തിമൂന്ന് ഹദീസുകള്‍ 184 തലക്കെട്ടുകളില്‍ ആയി ക്രോഡീകരിച്ചിരിക്കുന്നു. സത്യവിശ്വാസം ഒന്നാം അധ്യായത്തിലും ചില പ്രധാന പ്രാര്‍ഥനകള്‍ അവസാന അധ്യായവുമാണ്. പരിഭാഷയോടപ്പം ആശയം മനസ്സിലാക്കാന്‍ ചെറിയ കുറിപ്പുകളും ചേര്‍ത്തിട്ടുണ്ട്. 300 ഹദീസുകളുടെ അറബി വാക്കും, മലയാള പരിഭാഷയും, ലഘുവിശദീകരണമുള്ള ഈ കൃതി 1962 ലാണ് പുറത്തിറങ്ങിയത്. മിശ്കാതുല്‍ മസാബീഹിനു മൈലാപ്പൂര്‍ ഷൗക്കത്ത് മൗലവി തയ്യാറാക്കിയ പരിഭാഷ 1980-കളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു, 800 ഹദീസുകള്‍ വിശദീകരണത്തോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മിശ്കാതിന്റെ പകുതി മാത്രമേ ഉള്ളുവെങ്കിലും നല്ല ഭാഷയില്‍ ഉള്ള വിവര്‍ത്തനമാണ്.
ഹദീസ് നിഷേധ പ്രവണതകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിരോധം ആയിരുന്നു മുഹമ്മദ് അമാനി മൗലവി വിവര്‍ത്തനം ചെയ്ത ഡോ: മുസ്തഫസ്സിബാഹിയുടെ അസ്സുന്നത് വമാകാനതുഹ ഫി തഷ്‌രീഇല്‍ ഇസ്‌ലാമി. (ഹദീസും ഇസ്‌ലാമിക ശരീഅത്തില്‍ അതിന്റെ സ്ഥാപനവും) 1973-ലാണ് ഇത് പുറത്തിറങ്ങിയത്. ഹദീസിന്റെ വിവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇനിയും നടക്കേണ്ടതുണ്ട്.
ഹദീസ് വ്യാഖ്യാനങ്ങള്‍
ഇസ്‌ലാം മത തത്വപ്രദീപം, അല്‍ഹദീസ് എന്നിവയാണ് ആദ്യത്തില്‍ പുറത്തിറങ്ങിയ ഹദീസ് ഗ്രന്ഥങ്ങള്‍, വക്കം മൗലവിയുടെ ദീപികയില്‍ ഏതാനും ലക്കങ്ങളിലായി വന്ന ഹദീസ് പംക്തികളാണ് ഗ്രന്ഥരൂപത്തില്‍ പുറത്തിറങ്ങിയത്. വക്കം മൗലവി തന്നെയാണ് പി. മുഹമ്മദ് മൗദീന്റെ ഇസ്‌ലാം മത തത്വപ്രദീപം പുറത്തിറക്കിയത്. സാമൂഹിക പ്രാധാന്യമുള്ള ഹദീസുകളുടെ സമാഹരണമാണീ ഗ്രന്ഥം. കെ. മുഹമ്മദലിയാണ് അല്‍ഹദീസിന്റെ രചയിതാവ്, വിഷയ ക്രമത്തില്‍ ക്രോഡീകരിച്ച ഈ ഗ്രന്ഥം 1951-ലാണ് പുറത്തിറക്കിയത്
കേരളത്തില്‍ രചിക്കപെട്ട രണ്ടു പ്രമുഖ ഹദീസ് വിശദീകരണ കൃതിയാണ് സിഹാഹു ശൈഖൈനി, മിര്‍ആ തുല്‍ മിശ്കാത്. സമസ്ത കേരള ജംഇയതുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ രചിച്ച ഗ്രന്ഥമാണ് സിഹാഹു ശൈഖൈനി. നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്‌ലിയാരാണ് മിര്‍ആതുല്‍ മിശ്കാത്തിന്റെ കര്‍ത്താവ്.
രണ്ടായിരത്തി അറുന്നൂറിലധികം ഹദീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൃതിയാണ് സിഹാഹു ശൈഖൈനി, അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ തന്നെ ഖാദിമു സഹീഹൈനി എന്ന പേരില്‍ അതിനു ഒരു വിശദീകരണം എഴുതിയിട്ടുണ്ട്. ഹാശിയതുസിഹാഹു ശൈഖൈനി എന്ന പേരില്‍ ഒരു വ്യാഖ്യാനവും അദ്ദേഹം തന്നെ സിഹാഹിന്നു രചിച്ചിട്ടുണ്ട്.
നെല്ലിക്കുത്ത് ഇസ്മാഇല്‍ മുസ്‌ലിയാരാണ് ഹദീസ് സമാഹാരമായ മിര്‍ആതുല്‍ മിശ്കാതിന്റെ കര്‍ത്താവ്. ആറായിരത്തില്‍ അധികം പേജുള്ള ഇതിനു എട്ടു വാല്യങ്ങള്‍ ഉണ്ട്. അറബിയിലാണ് ഇതു രചിക്കപ്പെട്ടിട്ടുള്ളത്. ഹദീസുകളുടെ വിശദീകരണവും ഓരോ അധ്യായത്തിനും അനുബന്ധമായി തയ്യാറാക്കിയ പഠനങ്ങളും വിഷയങ്ങളുടെ ചാര്‍ട്ടുകള്‍, സൂചികകള്‍, ചിത്രങ്ങള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയും ഓരോ വാല്യത്തിലും ചേര്‍ത്തിട്ടുണ്ട്. പ്രസിദ്ധമായ നാല് കര്‍മശാസ്ത്ര മദ്ഹബുകളുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് ഫിഖ്ഹി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്. വിവാദ വിഷയങ്ങള്‍ പ്രത്യേക വിശകലനത്തിനു വിധേയമാക്കിയിട്ടുണ്ട്. മിശ്കാതുല്‍ മസാബീഹില്‍ വന്ന സഹാബിമാരുടെയും താബിഉകളുടെയും സംക്ഷിപ്ത ജീവചരിത്രവും, പ്രമുഖ ഹദീസ് ഗ്രന്ഥങ്ങള്‍, ഹദീസ് നിദാന ശാസ്ത്രത്തിലെ സാങ്കേതിക സംജ്ഞകള്‍ എന്നിവയൊകെ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹദീസ് സമാഹാരങ്ങള്‍ക്ക് പുറമേ കേരളീയ പണ്ഡിതന്മാര്‍ ക്രോഡീകരിച്ച ഹദീസുകളും ധാരാളം ഉണ്ട്. 1951 ല്‍ കെ. മുഹമ്മദ് അലി എഴുന്നൂറോളം ഹദീസുകള്‍ ക്രോഡീകരിച്ച് അത് പ്രസിദ്ധീകരിച്ചു. അമാനി മൗലവിയുടെ ഇസ്‌ലാമിക ജീവിതം, ടി. ഇസ്ഹാക്ക് മൗലവിയുടെ ഹദീസ് ഭാഷ്യം, വി.എ കബീറിന്റെ മരുഭൂമിയിലെ വചനപ്രസാദം, ടി.കെ ഉബൈദിന്റെ ഹദീസ് ബോധനം, ശൈഖ്മുഹമ്മദ് കാരക്കുന്നിന്റെ മാര്‍ഗദീപം, വഴിവിളക്ക്, കെ.ടി അലവിയും, സി.കെ മുഹമ്മദും വിവര്‍ത്തനം ചെയ്ത കര്‍മ സരണി തുടങ്ങിയ കൃതികള്‍ മലയാളത്തിലെ ഹദീസ് വിജ്ഞാനത്തില്‍ ധാരാളം സംഭാവനകള്‍ അര്‍പ്പിച്ചവയാണ്.
മുട്ടാണിശേരി എം. കോയക്കുട്ടി മൗലവി, സി.പി ഉമര്‍ സുല്ലമി, എ. അബ്ദുല്‍ ഹമീദ് മദനി, ഇ.എന്‍ അബ്ദുള്ള മൗലവി, ഡോക്ടര്‍ ജമാലുദ്ധീന്‍ ഫാറൂഖി, എം.വി മുഹമ്മദ് സലിം മൗലവി, സി.എ സഈദ് ഫാറൂഖി, ടി.കെ ഉബൈദ്, എന്‍.വി മുഹമ്മദ് സകരിയ്യ തുടങ്ങിയവര്‍ ഹദീസ് വിജ്ഞാന രംഗത്ത് വിലപ്പെട്ട സേവങ്ങള്‍ നല്കിയ മലയാള പണ്ഡിതന്മാരാണ്. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (IPH) നിരവധി ഹദീസ് വിശകലന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ അധികവും ഹദീസ് ഗ്രന്ഥങ്ങളുടെ വിവര്‍ത്തനമാണ്. യുവത ബുക്ക് ഹൗസ് 2006 മുതല്‍ പ്രസിദ്ധീകരിച്ചു വരുന്ന വിഷയാധിഷ്ഠിതമായ ഹദീസ് സമാഹാരവും വ്യാഖ്യാനവും ഈ ഇനത്തില്‍ ഏറെ ശ്രദ്ധേയമാണ്.
ആശയങ്ങളുടെയും അറിവുകളുടെയും ഖനികളാണ് ഹദീസുകള്‍. ഓരോ ഹദീസിനും അതിന്റേതായ ചരിത്ര പശ്ചാത്തലം ഉണ്ട്. ഖുര്‍ആനിന്റെയും ഇതര ഹദീസുകളുടെയും പശ്ചാത്തല ജ്ഞാനത്തിന്റെയും വെളിച്ചത്തിലേ ഹദീസുകളെ മനസ്സിലാക്കി എടുക്കുവാന്‍ സാധിക്കുകയുള്ളൂ. ഖുര്‍ആന്‍ പോലെ വ്യാഖ്യാനവും വിശദീകരണവും ആവശ്യമുള്ള പ്രമാണമാണ് ഹദീസും. ഈ ആവശ്യം പൂര്‍ത്തീകരിക്കപ്പെടാതിരുന്നാല്‍ സധാരണക്കാര്‍ക്ക് ഹദീസിനെ പ്രയോജനപ്പെടുത്താനാവില്ല. ഹദീസ് വിജ്ഞാനരംഗത്ത് എടുത്തുപറയത്തക്ക പഠനങ്ങള്‍ വന്നിട്ടില്ല എന്നത് കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തെ ഒരു കുറവ് തന്നെയാണ്. ഹദീസുകളുടെ പദങ്ങളില്‍ കെട്ടിതൂങ്ങി നില്‍ക്കുന്നതിനു പകരം വ്യാഖ്യാനങ്ങളിലേക്കും അര്‍ഥ തലങ്ങളിലേക്കും കൂടി ഒരുപാട് പഠനങ്ങള്‍ വരേണ്ടതുണ്ട്.
1. ഇസ്‌ലാമിക വിജ്ഞാനകോശം IPH വാല്യം 8
2. പ്രബോധനം ഹദീസ് പതിപ്പ് 2007
3. അത്തൗഹീദ് ദ്വൈ മാസിക, ലക്കം 4 (ജനുവരി-ഫെബ്രുവരി)
4. ഹദീസ് ബോധനം ആമുഖം
5. വഴിവെളിച്ചം ആത്മവിശുദ്ധിയുടെ പ്രവാചക പാഠങ്ങള്‍ ആമുഖം