മുസ്‌ലിം മതപണ്ഡിതരും മലയാളഭാഷയും

എ.ടി. യൂസുഫ് അലി ബിന്‍ അഹമ്മദ് കുട്ടി  

ഒന്ന്
പുക്കുന്നുമ്മല്‍ ആലി ഹാജി

ഇഹത്തില്‍ പൊതുവേയും പരത്തില്‍ സന്മാര്‍ഗികള്‍ക്ക് മാത്രവും കരുണ ചെയ്യുന്നവനായ അല്ലാഹുവിന്റെ തിരുനാമത്താല്‍ ആരംഭിക്കുന്നു. ജ്ഞാനികളുടെ ഹൃദയങ്ങളില്‍ ആന്തരമായ പല കാര്യങ്ങളേയും സൂക്ഷിച്ച് വെച്ചവനായ അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും. അവിടുത്തെ കൃപാകടാക്ഷം പ്രവാചകരില്‍ വെച്ച് ഏറ്റവും സാഹിത്യകാരനും വാഗ്മിയും ആയ ഗുരു മുഹമ്മദ് നബിയുടെ മേലും അദ്ദേഹത്തിന്റെ സന്മാര്‍ഗദര്‍ശനം ചെയ്യുന്ന നല്ലവരായ കുടുംബങ്ങളുടേയും അനുയായികളുടെയും മേലും ഉണ്ടാവട്ടെ” 

മലയാള ഭാഷയും, മുസ്‌ലിം സമൂഹവും മതപണ്ഡിതന്മാരും കൃത്യമായ അകലം സൂക്ഷിച്ചിരുന്ന കാലഘട്ടത്തില്‍ മലയാള ഭാഷയെ നെഞ്ചോട് ചേര്‍ത്തു പിടിച്ച മഹാപണ്ഡിതന്‍ അലി ഇബ്‌നു മൊഹിയുദ്ദീന്‍ എന്ന പുക്കുന്നുമ്മല്‍ ആലിഹാജി തന്റെ നോട്ടുബുക്കില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മത പഠനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിന്റെ തുടക്കത്തില്‍ കുറിച്ച വരികളാണ് മുകളില്‍ നല്‍കിയത്. അറബിഭാഷയിലെ പ്രാര്‍ഥനകളായ ബിസ്മിയും ഹംദും സ്വലാത്തും മലയാളീകരിച്ചതാണ് ഇത്.  കിഴക്കന്‍ ഏറനാടിന്റെ പ്രവേശന കവാടവും ഖിലാഫത്ത്- സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും അതിനു മുമ്പും വൈദേശിക ആധിപത്യതിനെതിരെ പോരാടിയ മഹത്തായ പാരമ്പര്യമുള്ള പാണ്ടിക്കാട് സ്വദേശി ആയിരുന്നു ഇദ്ദേഹം. പാണ്ടിക്കാട് അഹമ്മദ് മുസ്ലിയാര്‍, ഖിലാഫത്ത് സമര നായകന്‍ ഏരിക്കുന്നന്‍ പാലത്തുമൂലയില്‍ ആലി മുസ്ലിയാര്‍, മണ്ണാര്‍ക്കാട് കരിമ്പനക്കല്‍ അഹമ്മദ് മുസ്ലിയാര്‍ എന്നിവരുടെ കീഴില്‍ പ്രാഥമിക മതപഠനവും ഉപരിപഠനവും നടത്തി. 1921 ല്‍ പാണ്ടിക്കാട് അങ്ങാടിയില്‍ വെച്ച് നടന്ന സുപ്രധാനമായ ഖിലാഫത്ത് പ്രഖ്യാപന സമ്മേളനത്തിന് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി, പാണ്ടിക്കാട് സ്വദേശിയും കിഴക്കന്‍ ഏറനാട്ടില്‍ സ്വന്തമായി കാറുള്ള ചുരുക്കം ചിലരില്‍ ഒരാളും ആയിരുന്ന പാണ്ടിയാട്ട് നാരായണന്‍ നമ്പീശന്‍ എന്നിവരും ഒന്നിച്ച് ബുദ്ധിപരവും പ്രായോഗികവുമായ നേതൃത്വം നല്‍കുക ഉണ്ടായി. എം.പി നാരായണമേനോന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, മണപ്പാട് കുഞ്ഞുമുഹമ്മദാജി, ഇ. മൊയ്തുമൗലവി, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവരുമായി ബന്ധമുണ്ടായിരുന്നു ഇദ്ദേഹത്തിന്. 1927 മുതല്‍ 1964 ല്‍ മരിക്കുന്നത് വരെ പാണ്ടിക്കാട് അങ്ങാടി ജുമുഅത്ത് പള്ളി മഹല്ല് സംവിധാനത്തില്‍ മുഖ്യ ഖാളിയായിരുന്നു. ഇതിനു പുറമേ എം എം ഹൈസ്‌കൂള്‍ കോഴിക്കോട്, പാണ്ടിക്കാട് അങ്ങാടി പ്രൈമറി സ്‌കൂള്‍, ശേഷം 19 രൂപ ശമ്പളത്തില്‍ പാണ്ടിക്കാട് കമ്പല്‍സറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജോലി നോക്കി. അറബി, മലയാളം, ഇംഗ്ലീഷ്, ഉറുദു, തമിഴ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനായ ഇദ്ദേഹത്തിന് മലയാള ഭാഷയിലുണ്ടായിരുന്ന സവിശേഷമായ പാണ്ഡിത്യമാണ് അക്കാലത്ത് മറ്റ് മുസ്‌ലിം മതപണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. മുസ്ലിം സമൂഹത്തില്‍ പൊതുവിലും സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും മലയാള ഭാഷ - സ്‌കൂള്‍ പഠനം അപ്രാപ്യമായിരുന്ന 1920 കളില്‍ തന്റെ മൂത്ത മകള്‍ ആമിനയെ 5 -ാം തരം വരെ പഠിപ്പിച്ചു. പാണ്ടിക്കാടും പരിസരത്തുമുള്ള ഹൈന്ദവ മേല്‍ജാതിക്കാര്‍ വരെ ആലിഹാജിയെ ആശ്രയിച്ച് ഭാഷാപരമായ സംശയ നിവാരണം നടത്തുന്നത് പതിവായിരുന്നു.

സത്യ പ്രബോധനം അടക്കം തന്റെ എല്ലാ പ്രവര്‍ത്തന മണ്ഡലങ്ങളിലും ഇദ്ദേഹത്തിന്റെ മലയാള ഭാഷാ പ്രയോഗം മികവുറ്റതായിരുന്നു. പാണ്ടിക്കാട് അങ്ങാടി ജുമുഅത്ത് പള്ളിയില്‍ വെള്ളിയാഴ്ച്ച ജുമുഅ ദിവസത്തെ അനുഷ്ഠാന പ്രഭാഷണം (ഖുതുബ) അദ്ദേഹം നിര്‍വ്വഹിച്ചിരുന്നത് മലയാള ഭാഷയിലായിരുന്നു. മലയാള ഭാഷയില്‍ ഖുതുബ നിര്‍വ്വഹിക്കുന്നത് നിഷിദ്ധമായി ഗണിച്ചിരുന്ന കാലത്താണ് ഇതെന്ന് പ്രത്യേകം ഓര്‍ക്കണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പണ്ഡിതനും ഗ്രന്ഥകാരനും പത്രാധിപരും ആയിരുന്ന മുഹമ്മദ് അബുല്‍ കമാല്‍ കാടേരി, ഖിലാഫത്ത് സമര നായകന്‍ ആലിമുസ്‌ലിയാരുടെ പുത്രന്‍ അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍, പൊന്നാനി മഖ്ദൂം കുടുംബത്തില്‍ പെട്ടയാളും ദയൂബന്ദി  പണ്ഡിതനുമായ -പൂക്കോട്ടൂര്‍ അറവങ്കര സ്വദേശി മരക്കാര്‍ മുസ്‌ലിയാര്‍, പൊടിയാട് സ്വദേശി പി.പി അലവി മുസ്‌ലിയാര്‍ (എം. എഫ്. ബി) എന്നിവരാണ് ആലിഹാജിക്ക് ശേഷം പാണ്ടിക്കാട് പള്ളിയില്‍ ഖുതുബ നിര്‍വ്വഹിച്ചിരുന്ന പ്രമുഖര്‍. ഹിജ്‌റ വര്‍ഷം 1326 സ്ഥാപിതമായ ഈ പള്ളിയുടെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ രണ്ട് തവണയായി മലയാള ഭാഷയിലെ  ഖുതുബ സംബന്ധമായും  മറ്റും കടുത്ത പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. 1970 -കളുടെ അവസാനത്തില്‍ നടന്ന സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തില്‍ മലയാള ഭാഷയുടെ കൂടെ ഉറച്ചുനിന്ന പണ്ഡിതനായിരുന്നു മരക്കാര്‍ മുസ്‌ലിയാര്‍.
    പുക്കുന്നുമ്മല്‍ ആലി ഹാജിയുടെ ശേഷിപ്പുകളില്‍ അദ്ദേഹം മലയാളഭാഷയില്‍ ഭംഗിയുള്ള കൈയ്യക്ഷരത്തില്‍ തയ്യാറാക്കിയ പഠനങ്ങള്‍, വ്യക്തിപരവും സാമൂഹികവുമായ എല്ലാ കാര്യങ്ങളും  രേഖപ്പെടുത്തിയിരുന്ന മലയാള ഭാഷയിലുള്ള ഡയറിക്കുറിപ്പുകള്‍, ആ കാലത്ത് സത്യ പ്രബോധനത്തിന് മാപ്പിള മുസ്‌ലിംകള്‍ നടത്തിയിരുന്ന മാസികയായ ഇശാഅത്ത് തുടങ്ങയിവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മലയാള ഭാഷയും മുസ്‌ലിംകളും എന്ന വിഷയം ഉന്നയിക്കുന്ന സന്ദര്‍ഭത്തിലെല്ലാം സനാഉല്ല മക്തിതങ്ങളെ നിരന്തരം അനുസ്മരിക്കുമ്പോള്‍ തന്നെ പുക്കുന്നുമ്മല്‍ ആലി ഹാജിയെ പോലുള്ള പ്രതിഭാശാലികളെ മുഖ്യധാരാ അന്വേഷണ മണ്ഡലം കാണാതെ പോകരുത്.

രണ്ട്            
ഇശാഅത്ത് മാസിക
(ഹിജ്‌റ - 1350,  ധനു - 1107,
ക്രി. - 1932 കോട്ടയം, താഴത്തങ്ങാടി) 
   

കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഉന്നത നിലവാരം ഇശാഅത്ത് മാസിക നിലനിര്‍ത്തിയിരുന്നു. മിഴിവുറ്റ മലയാള ഭാഷയിലൂടെ സത്യ പ്രബോധനം നിര്‍വ്വഹിച്ച ഈ പ്രസിദ്ധീകരണത്തോടൊപ്പം തെക്കന്‍ കേരളത്തിലെ മുസ്‌ലിംകള്‍ മാത്രമല്ല വടക്കന്‍ കേരളത്തിലെ കാസര്‍ഗോഡ് വരെയുള്ള മുസ്‌ലിംകളും സഹയാത്രികരായിരുന്നു എന്നത് ഇതിന്റെ വിശാലമായ സ്വീകാര്യത പ്രകടമാക്കുന്നു. ഈ മാസികയില്‍ തൂലിക ചലിപ്പിച്ച പ്രമുഖര്‍ ഇവരാണ്:

പി.എം അബ്ദുല്‍ ഖാദര്‍, എ.ബി മുഹമ്മദ് കുഞ്ഞ് (ഹരിപ്പാട്), സി.കെ ബാവ (എറണാകുളം), പി. അബ്ദുള്ള (വളപ്പട്ടണം), കെ.സുകുമാരന്‍. ബി.എ, കെ.എ.കെ മേത്തര്‍ (കോട്ടയം), വടയാര്‍ കെ. വാസുവൈദ്യര്‍, കെ.സി ജമാല്‍ മുഹമ്മദ് , എ മുഹമ്മദ് ബാവ (ആലപ്പുഴ), എ.യൂനുസ്  കുഞ്ഞ് (കൊല്ലം), എ രാജ (ആലപ്പുഴ), എ. സൈനബ ബീവി, ഇ.വി ഉമ്മര്‍വൈദ്യര്‍, കെ. എന്‍. ജി  ഉണ്ണിത്താന്‍, പി.എം അബ്ദുല്‍ഗഫൂര്‍, ടി. എ മുഹമ്മദ്, പി. എ അബ്ദുല്‍കരീം (കോട്ടയം), എസ്. വി അബ്ദുല്‍ഖാദര്‍ (പടന്ന), കെ. അഹമ്മദ്കുഞ്ഞ് (പേരനാട്), ബി.മാഹീന്‍കുട്ടി (ആലപ്പുഴ), എ. ഇസ്മാഈല്‍ ശരീഫ്, വി.കെ അബ്ദുള്ള എടവനക്കാട്, എം. കാസിം സാഹിബ് (ചെങ്ങനാശ്ശേരി), വി.എം മുഹമ്മദാലി (ആലപ്പുഴ), എം മുഹമ്മദ് കുഞ്ഞ് ബി.എ, എം. കെ സൈദ് മുഹമ്മദ് ഖാന്‍ വെള്ളക്കടവ്, ഇഞ്ചാക്കാട്ട് എസ്. വാസുപ്പിള്ള, വി.വി മുഹമ്മദ് (മാട്ടൂല്‍), എം. അബ്ദുറഹ്മാന്‍ (കരുനാഗപ്പള്ളി), വി.കെ ലക്ഷ്മണന്‍ ബി.എ (മയ്യനാട്), എം.ജി രാമചന്ദ്രന്‍ നായര്‍, എ.എം കുഞ്ഞ് മുഹമ്മദ് (ആലപ്പുഴ). വി. അബ്ദുല്‍ ഖയ്യൂം.
ഇശാഅത്ത് സംഘത്തിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഏതാനും പേര്‍ - 1) മണപ്പാട് കുഞ്ഞുമുഹമ്മദാജി (എറിയാട്- കൊടുങ്ങല്ലൂര്‍) 2) മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് (അല്‍ അമീന്‍ പത്രാധിപര്‍), 3) എച്ച്. ബി മുഹമ്മദ് റാവുത്തര്‍, 4) മുഹമ്മദാജി അബൂബക്കര്‍ സേട്ട്, 5) എന്‍ കമാലുദ്ധീന്‍ കോയ (ആലപ്പുഴ),   6) ഇസ്മാഈല്‍ ഹാജി മൂസാ സേട്ട് (ആലപ്പുഴ),  7) എസ്.എം ആദം സേട്ട് (തിരുവനന്തപുരം),  8) മിയാപിള്ള (ചിറയില്‍കീഴ്), 9) അഹമ്മദ് മൂസാ മേത്തര്‍ (കോട്ടയം), 10) കെ.എം സീതി സാഹിബ് (തലശ്ശേരി),  10) ഖാന്‍ ബഹദൂര്‍ അലി ബറാമി (കോഴിക്കോട്), 11) ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍ (കോഴിക്കോട്),  12) എസ്.അബ്ദുല്‍ ഖാദര്‍ പുലവര്‍ (തിരുവനന്തപ്പുരം),  13) മുഹമ്മദ് ഷെറൂള്‍ സാഹിബ് (കാസര്‍ഗോഡ്) . ഇശാഅത്ത് മാസികയില്‍ നിന്നുള്ള ചില രചനകള്‍
1. മംഗളാശംസ

ചോല്ലാര്‍ന്ന ലേഖന കുസുമാവലി കേളിയാടു-
മുല്ലാസ പൂവനമതായതി രമ്യശോഭം
നല്ലോരിശാഅത്ത് മകരന്ദകണം പരത്തി
യെല്ലായ്‌പ്പൊഴും വിലസുമുത്തമ ലക്ഷ്യമായി (എം.എം. സാലി പന്മന)


2. മുസ്ലിം സഹോദരസോദരീമാര്‍കളെ

മൗഢ്യവും കക്ഷിയും മാറ്റി നിങ്ങള്‍
അല്ലാഹു നാമത്തില്‍ ഐക്യതയേന്തിയിട്ടു-
എല്ലായിടത്തിലും വേല ചെയ്‌വിന്‍ (എ.സൈനബ ബീവി)

 
മൂന്ന്
മുസ്‌ലിം സന്മാര്‍ഗ പ്രദീപം
നബിചരിതം മണിപ്രവാളം

എട്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയില്‍ വിശിഷ്യാ മലബാറിലെ വിദ്യാലയങ്ങളില്‍ പഠിപ്പിച്ചിരുന്ന ഒരു പുസ്തകമാണിത്. മലബാറില്‍ വിദ്യാഭ്യാസ ഇന്‍സ്‌പെക്റ്ററായിരുന്ന സയ്യിദ് അബ്ദുല്‍ ഗഫൂര്‍ ഷാ സാഹിബ് (ബി. എ, എല്‍. ടി) ആണ് ഗ്രന്ഥകര്‍ത്താവ്. കെ.ആര്‍ ബ്രദേഴ്‌സ് അച്ചുകൂടമാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. (വില 2 അണ) 18 പേജുള്ള ഈ പുസ്തകത്തില്‍ 38 ഭാഗങ്ങളായിട്ടാണ് കവിത അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഒന്നാം സര്‍ഗത്തില്‍നിന്നു തിരഞ്ഞെടുത്ത ഏതാനും ചില വരികള്‍.

അല്ലാഹു തന്റെ തിരുദൂതരാകും
കല്ല്യാണരൂപന്റെ കഥാമൃതത്തെ
ഉല്ലാസമാര്‍ന്നല്പമുരയ്ക്കുവാനാ -
യല്ലാഹുതന്നെ തുണ ചെയ്തിടേണം.

വിശുദ്ധരാകും നബിതന്‍ ചരിത്രം
വചിച്ചിടുന്നോര്‍ പരിശുദ്ധരാകും
വിശിഷ്യ, കേള്‍ക്കുന്ന ജനങ്ങളെല്ലാം
വിശുദ്ധരായ് തന്നെ ഭവിക്കുമല്ലോ

അബ്ദുളളയെന്നുള്ള പിതാവു തന്റെ
സല്‍പുത്രനായ് ഭൂമിയതില്‍ ജനിച്ചു
പുത്രന്റെ ജന്മത്തിനു മുമ്പുതന്നെ
താതന്‍ ധരാവാസമഹോ വെടിഞ്ഞു

ആമീനബിയായിടുമമ്മതാനും
പ്രേമാദരംപൂണ്ടു വളര്‍ത്തുകൊണ്ടാള്‍;
കൗമാരകാലത്തിനു മുമ്പു തന്നെ
ആമിനബീ കാലഗതീം പ്രപേദേ

ഹലീമയെന്നുള്ള കുലാംഗനാ താന്‍
സലീലമമ്പോടു വളര്‍ത്തിബാലം
ബാലേന്ദു സങ്കാശ കുമാരനേവം
മാലെന്നിയെ വര്‍ദ്ധിതനായ് ഭവിച്ചു.

ഗണ്യങ്ങളായുള്ള ഗുണൈര്‍ശ്ച പൂര്‍ണ്ണ
കര്‍ണ്ണാന്തലോലാക്ഷി ഖദീജതന്റെ
പാണിഗ്രഹം ചെയ്തിതു തങ്ങളപ്പോള്‍
ഏണാങ്കനാ രോഹിണിയെ കണക്കെ.


മലയാളഭാഷാ സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കോട്ടയം ജില്ലയില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന കൊച്ചുവീട്ടില്‍ പരീതാശാന്‍ നാനാജാതി മതസ്ഥര്‍ക്കും മലയാള ഭാഷാ പഠനത്തിന്റെ ഗുരുവര്യനായിരുന്നു. മലയാള ഭാഷയോടുള്ള ഈ മഹാപ്രതിഭകളുടെ സ്വാതിക അനുരാഗത്തെ നിശിതമായ അന്വേഷണത്തിലൂടെ മാത്രമേ നമുക്ക് കണ്ടെത്താന്‍ കഴിയൂ. അന്നു നിലവിരുന്ന മലയാള ഭാഷക്കും അത് കൈകാര്യം ചെയ്ത വിഷയങ്ങള്‍ക്കും വരേണ്യഗന്ധമുണ്ടായിരുന്നു. അതിനോടു സമശീര്‍ഷമായ സമാന്തര രചനകളും സംഭാവനകളും 'ഭാഷാവിരുദ്ധര്‍' എന്ന് മുദ്രകുത്തപ്പെട്ട മുസ്ലിം സമുദായത്തില്‍ നിന്നും അനവരതം സംഭവിച്ചിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ഗഹന നിരീക്ഷണത്തിന് ഈ മൂന്ന് ഖണ്ഡങ്ങള്‍ സഹായകരമാകും എന്ന് പ്രത്യാശിക്കുന്നു.

Reference

1) peasent revolt in malabar (a history of malabar rebellion 1921 by r.h. Hitchcock published by usha publications newdelhi)
2) ആംഗ്ലോ- മാപ്പിളയുദ്ധം 1921, എ. കെ കോടൂര്‍
3) ഇസ്‌ലാമിക വിജ്ഞാന കോശം (Volume രണ്ട്) ഐ പി എച്ച് കോഴിക്കോട്.