കൊടിഞ്ഞി ഗ്രാമത്തിലെ തട്ടരാട്ടില്‍ അഹമ്മദ് കുട്ടിയുടേയും കാരാടന്‍ പാത്തുവിന്റെയും മകന്‍ തട്ടരാട്ടു വീട്ടില്‍ മുഹമ്മദ് ആയിരത്തി തൊള്ളായിരത്തി പതിനേഴില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ജനിച്ചു. ബാല്യത്തിലേ അനാഥന്‍. ലോക യുദ്ധത്തിന്റെ തീഷ്ണതയും പ്രാദേശിക പോരാട്ടങ്ങളുടെ രൂക്ഷതയും ഇടിച്ചു പിഴിഞ്ഞ ഏറനാടന്‍ ഗ്രാമങ്ങളില്‍ അന്ന് ഒരനാഥ ബാല്യത്തിനു പ്രത്യേകിച്ച് ധൈഷണിക നിയോഗങ്ങള്‍ ഒന്നും കാണില്ല. ഈയൊരു സംഭീതകാലത്താണ് മുഹമ്മദിന്റെ ബാല്യവും കൗമാരവും. കേറ്റത്തങ്ങാടിയിലെ മാപ്പിള പള്ളിക്കൂടത്തില്‍ രണ്ടാംതരം പഠിക്കുന്ന കാലം. അന്നാണ് അനാഥത്വത്തിന്റെ ചതുപ്പു മണ്ണിലേക്ക് മുഹമ്മദിന്റെ ബാല്യം മറിഞ്ഞു വീണത്. ഉമ്മ പുനര്‍വിവാഹിതയായപ്പോള്‍ ഇളയച്ഛന് ലഭിച്ചത് ഭാര്യയെ മാത്രമല്ല, തങ്ങളുടെ ആടുപറ്റത്തെ മേയ്ക്കാനുള്ള ഒരു കിളുന്തു ബാല്യത്തേയും. വേതനമേതും നല്‍കേണ്ടതില്ലാത്ത ഒരു കുഞ്ഞുതൊഴിലാളി. അങ്ങനെ ഇടയജോലിയുടെ തീക്കാലം. ഒരു നാള്‍ ആലിക്കുട്ടി ഹാജിയാര്‍ എന്ന നാട്ടുകാരന്‍ കാരണവര്‍ വിധിയുടെ ആള്‍രൂപമായി മുഹമ്മദിന്റെ ജീവിതത്തിലേക്കു കയറി വരുന്നു. തന്റെ ആടിന്‍പറ്റങ്ങളുമായി വിജന പുല്‍മേടുകളില്‍ അലയുന്ന മുഹമ്മദില്‍ ഹാജിയാരുടെ കരുണയും വാചകവും വന്നിറങ്ങി. വെറുതെയല്ല ആലിക്കുട്ടി ഹാജിയായത്. ഇബ്‌റാഹീമിന്റെ അദൃശ്യതയില്‍ ഇസ്മായേലിന്റെ നിസ്വതയും ഹാജറിന്റെ നിസ്സഹായതയും അറിയാന്‍ കൂടിയാണയാള്‍ മക്കയില്‍ പോയത്.
അങ്ങനെ ഹാജിയുടെ വചനവും ദ്രവ്യവും ഏറ്റു മുഹമ്മദ് എന്ന ചെറുബാല്യം വീണ്ടും അക്ഷരത്തളത്തിലേക്ക്. അതുപക്ഷേ ഒരു മുസലിയാരുട്ടിയായി കിതാബിലേക്കും. കോത്തല്ലൂര്‍, വെട്ടത്ത് പുതിയങ്ങാടി, തിരൂര്‍ക്കാട്, പല്ലാറ്റ് ഇവിടെയൊക്കെയും ഇവന്‍ മുതഅല്ലിമായി. അക്കാലത്തെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി ഉസ്താദുമാര്‍. പോക്കു മുസലിയാര്‍, കാടേരി മുഹമ്മദ് മുസലിയാര്‍. അങ്ങനെ ദര്‍സും ഉസ്താദുമാരും മാറി മാറി മുഹമ്മദില്‍ ജ്ഞാന ബോധത്തിന്റെ നാമ്പുകള്‍ നട്ടു. പള്ളി ദര്‍സില്‍ നിന്നും അപ്രതീക്ഷിതമായി അബുസ്സബാഹിന്റെ റൗളത്തില്‍ വീണ്ടും ഔപചാരിക പഠനത്തിന്റെ ചിട്ടവട്ടങ്ങള്‍. ഒട്ടേറെ വിഘ്‌ന ശ്രേണികള്‍ വകഞ്ഞ് മുഹമ്മദ് അഫ്ദലുല്‍ ഉലൂം ജയിച്ചത് തന്റെ മുപ്പതാം വയസ്സില്‍.
അങ്ങനെ തന്റെ ജ്ഞാന ശേഖരവുമായി വിധിയുടെ ഏതോ ഔദാര്യ നിയോഗം പോലെ ഈ നിറയൗവ്വനം എത്തിച്ചേരുന്നതു മദ്‌റസതുല്‍ ആലിയായില്‍. ആലിയ അന്നു നവോത്ഥാന രേണുക്കളെ പുണരാന്‍ വിശാലത കാട്ടിയ ഏക അറിവുകേന്ദ്രം. അതോടെ തായി ഉസ്താദും അബ്ദുല്ല ശര്‍ക്കിയും കെ സി അബ്ദുള്ള മൗലവിയുമൊക്കെയായി മുഹമ്മദ് എന്ന യുവാവിന്റെ ആകര്‍ഷണവും സഹവാസവും. തന്റെ ആദര്‍ശ സാഹോദര്യത്തിനു സഹകാരികള തേടി കേരളമാസകലമോടുന്ന ഹാജി സാഹിബ് ആലിയയിയല്‍ വന്നുപോകുന്നതു മുഹമ്മദ് കണ്ടുനിന്നു. ആ വ്യക്തി പ്രഭാവത്തിന്റെ വിനമ്രശേഷി തന്നെ അയാളിലേക്കു വലിച്ചു പിടിക്കുന്നതായി മുഹമ്മദിനു ബോധ്യമായി. സാമുദായിക രാഷ്ട്രീയക്കാരനായ മുഹമ്മദില്‍ സത്യസാക്ഷ്യത്തിനുള്ള പെരുംത്വര ഉരുവം വന്നു. ദര്‍സ് പഠനകാലത്ത് തന്നെ നവോത്ഥാന ചിന്ത അയാളില്‍ അങ്കുരം കൊണ്ടിരുന്നു.
അത്യപൂര്‍വ്വമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലാണു മുഹമ്മദ് വളര്‍ന്നുവന്നത്. ലോക മഹായുദ്ധങ്ങളുടെ സംഭീത കാലം. സ്വാതന്ത്ര്യ സമര പ്രവര്‍ത്തനം. അതില്‍തന്നെ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും സര്‍വ്വേന്ത്യാ ലീഗിന്റേയും രണ്ടു ഭിന്ന ധാരകള്‍, ഐക്യ കേരള പ്രസ്ഥാനം. ഇടതുപക്ഷ പ്രചാരം. സാമൂഹ്യ ഇടപെടല്‍ തീര്‍ത്തും തീവ്രവും തീക്ഷ്ണവുമായ കാലസന്ധി. ഈ സംഘര്‍ഷ കാലത്ത് തന്റെ രാഷ്ട്രീയ മത നിലപാടുകള്‍ ഏതെന്നു പറയാന്‍ ഏതൊരാളും വിയര്‍ത്തു നില്‍ക്കും. അപ്പോഴാണ് ഔപചാരിക പഠനങ്ങള്‍ ഏതുമില്ലാത്ത ഒരു മുസലിയാരുട്ടി തന്റെ നിലപാടു പറയുന്നത്. ഭൗതികമായ ഒരു പ്രതീക്ഷയും നല്‍കാത്ത ഒരു പ്രസ്ഥാനത്തിലേക്ക് ധീരമായി കടന്നു വന്നതിലൂടെ മുഹമ്മദ് പ്രഖ്യാപിച്ചത് സ്വന്തം നിലപാടു തന്നെയായിരുന്നു. താന്‍ സ്വീകരിച്ച നിലപാടിനു ജീവിതം കൊണ്ടു ആവിഷ്‌കാരം തേടാന്‍ വെമ്പിയ മുഹമ്മദ് ആലിയായില്‍ വെച്ചു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ദൃഢഭാഗമായി. അതു ആയിരത്തി തൊള്ളായിരത്തി നാല്പത്തിഏഴില്‍. ഈ മഹാരാജ്യം മാത്രമല്ല അന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇസ്ലാമിക പ്രസ്ഥാനത്തിലേക്കുള്ള ആശ്ലേഷത്തിലൂടെ സത്യത്തില്‍ മുഹമ്മദ് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു. മനുഷ്യ പ്രസ്ഥാനങ്ങളുടെ ബന്ധനങ്ങളില്‍ നിന്ന് അല്ലാഹു വിശാലമാക്കിയ സ്വാതന്ത്ര്യത്തിലേക്ക്.
ഹാജി സാഹിബിന്റെ പാഠശാലയില്‍ വെച്ചാണ് അയാള്‍ സ്വയം തിരിച്ചറിഞ്ഞതും പഠിച്ചെടുത്തതും. അതോടെ മുഹമ്മദിലെ സര്‍വ്വജ്ഞാനവും സപ്തവര്‍ണ്ണപ്പൊലിവുകളില്‍ ജ്വലിച്ചു നിന്നു. ഇസ്‌ലാമിക നവോത്ഥാനത്തിനും ജാഗരണത്തിനും മുഹമ്മദിന്റെ ജ്ഞാന യത്‌നങ്ങളും സഞ്ചാരങ്ങളും അന്നു തീര്‍ച്ചയായും കാരണമായി. നിരവധിയാളുകളെയാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്കും അതുവഴി സ്വാതന്ത്ര്യത്തിലേക്കും വഴി നടത്തിച്ചത്.
ഹാജി സാഹിബിന്റെ അകാല മരണത്തോടെ മുഹമ്മദ് പ്രബോധന പ്രസിദ്ധീകരണങ്ങളുടെ ചുമതലയേറ്റു. അതിനു തന്നെയാവണം ഹാജിസാഹിബ് മുഹമ്മദിനെ പാകപ്പെടുത്തിയത്. ആ നിര്‍ണയങ്ങള്‍ തെറ്റിയില്ല. പ്രബോധനത്തില്‍ നിന്നാണ് മുഹമ്മദിന്റെ ധിഷണാ പ്രതിഭ ഏഴഴകില്‍ ഉണര്‍ന്നെഴുന്നേറ്റത്. പിന്നീടതു മഴമേഘങ്ങള്‍ പെയ്തിറങ്ങിയ വിശുദ്ധ താഴ്‌വരയായി. അതില്‍ കിളിര്‍ത്തു വന്ന ശതശാഖികള്‍ പൂത്തു കായ്ച്ചത് ഒരേ സമയം വൈവിധ്യമൂറുന്ന ഫലസമൃദ്ധികളായിരുന്നു. അതില്‍ നബി ചരിതങ്ങളും തര്‍ബിയത്തു ചിന്തകളും നവോത്ഥാന പഠനങ്ങളും മാപ്പിള ചരിത്രാന്വേഷണങ്ങളും പുരാണ ഗവേഷണങ്ങളും ജ്ഞാനരാഹിത്യത്തിന്റെ ഇരുളറകളില്‍ മൂടി ദര്‍ശന പരിസരം നഷ്ടമായ ജീര്‍ണസമൂഹത്തിന് ശാന്തിതീരം കാട്ടുന്ന സമരപാതകളും ഗൂഢോത്രത്തിന്റെ വിശ്വാസ പരിസരവും മിഴിവാര്‍ന്ന പഠന മണ്ഡലങ്ങളായി. അതോടൊപ്പം തന്റെ ജീവിത ദര്‍ശന പരിസരം രൂപകല്‍പ്പന ചെയ്ത സയ്യിദ് മൗദൂദിയുടെ സമഗ്രവും സമ്പൂര്‍ണവുമായ ജീവിതമെഴുത്തും. അറബിയിലും മലയാളത്തിലും ഇരമ്പുന്ന പാട്ടെഴുത്തും മര്‍സിയകളും. ബാലമാസികകളിലേക്കുള്ള കഥയും മാപ്പിളപ്പാട്ട് സംശോധനയും. ഇങ്ങനെ ആയിരത്തി തൊള്ളായിരത്തി അമ്പത്തി രണ്ടില്‍ തന്റെ മുപ്പത്തി ആറാമത്തെ വയസ്സില്‍ പ്രബോധനത്തില്‍ എത്തിയതോടെ മുഹമ്മദ് എന്ന മൗലവി ഇസ്‌ലാമിക കേരളത്തിലെ അഗ്രഗാമിയായ എഴുത്തുകാരനും ചിന്തകനുമായി പരകായം തേടുകയായിരുന്നു. കൊടിഞ്ഞി എന്ന ഗ്രാമതല്‍പ്പത്തിലെ സാധാരണക്കാര്‍ക്ക് ബുക്കെഴുത്ണ മോല്യാരും കേരളത്തിലെ പ്രബുദ്ധ സമൂഹത്തിനു ടി. മുഹമ്മദും പ്രസ്ഥാന സാഹോദര്യങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട ടി.എമ്മും.
മുഹമ്മദിന്റെ ധൈഷണിക പ്രവര്‍ത്തനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഉപലബ്ധം തീര്‍ച്ചയായും ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ എന്ന ബൃഹദ് രചനയും അതിന്റെ തന്നെ ആമുഖമായ ഒരു ജാതി ഒരു ദൈവവും ഉപസംഹാരമായ ധര്‍മ്മസമരവും എന്ന ലഘുരചനകളുമാണ്. ഇവ മൂന്നും ഒന്നിച്ചു പഠിക്കുമ്പോഴേ ടി. മുഹമ്മദിന്റെ ഇസ്‌ലാമിക ഭാരതീയ ദര്‍ശന പഠന സര്‍വ്വസ്വം പരിപൂര്‍ണ്ണമാവൂ. ആ ചിന്തയിലെ അഛസ്ഫടികത്വം അത്രയ്ക്ക് ഊര്‍ധ്വമുഖമാണ്.
തൗഹീദിന്റെ സൂക്ഷ്മവും സമ്യക്കുമായ വിശകലന സര്‍വം. മുസ്‌ലിം സമൂഹത്തിലെ ഭൂരിപക്ഷങ്ങള്‍ക്കു പോലും അവ്യക്തതകള്‍ തീര്‍ക്കും കാലം. ഹഖ് കൊണ്ടും ജാഹ് കൊണ്ടും നേടേണ്ട വസീലയെത്തൊട്ടും ഈത്തപ്പനമരത്തിനു പരാഗണം ചെയ്യാന്‍ കര്‍ഷക സാധാരണക്കാരനു ലഭിച്ച അനുവാദത്തെ തൊട്ടും സമുദായത്തില്‍ കോലാഹലം പെരുക്കും കാലം. അനുഷ്ഠാനങ്ങള്‍ക്കപ്പുറത്തേക്ക് മതത്തെ വികസിപ്പിക്കുന്നതേ അബദ്ധം എന്നു നവോത്ഥാനക്കാര്‍ പോലും പ്രചാരം ചെയ്യും കാലം. ഈയൊരു കാലസന്ധിയിലാണ് ജ്ഞാനസാധകത്തിന്റെ സൂക്ഷ്മത്തിലേക്ക് ജീവിതം കൂര്‍പ്പിച്ച മുഹമ്മദ് പരമത വിശ്വാസത്തിന്റെ നിഗൂഢ ഭൂഖണ്ഡത്തിലേക്ക് പര്യവേഷണ യാത്രകള്‍ പോയത്. അവിടെ അദ്ദേഹം കണ്ടെത്തിയതോ ജ്ഞാനസമീകരണത്തിന്റെ അത്യല്‍ഭുതകരമായ ഉപലബ്ധങ്ങളും. തൗഹീദിന്റെ ആദിബീജാങ്കുരവും തേടി സപ്തസിന്ധുവില്‍ അലഞ്ഞുനടന്ന മുഹമ്മദ് എത്തിച്ചേരുന്നത് നിനേവയിലും ക്രീറ്റിലും പിന്നീടു ഈസാ പ്രവാചകനും എട്ടു നൂറ്റാണ്ടു മുമ്പുള്ള സുമേരിയന്‍ തെരുവോരങ്ങളിലും. ഇത് വല്ലാത്ത ഒരു സഞ്ചാരമാകണം. ഈയൊരു ഗഹന തീവ്ര സഞ്ചാരത്തിന്റെ ലബ്ധങ്ങളാണ് മേല്‍ സൂചിതമായ രചനകളത്രയും. ഈസാ പ്രവാചകന്നു മുമ്പ് എട്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂഫ്രട്ടീസ് തീരത്ത് ജീവിതം തുഴഞ്ഞ ഒരു നാഗരിക സമൂഹത്തിലാകും ആദി പ്രവാചകനായ നൂഹ് ജീവിച്ചത് എന്നു പ്രമാണശേഷിയോടെ മുഹമ്മദ് നിരീക്ഷിക്കുന്നു. ആദി പ്രവാചകന്‍ എന്ന് വിശുദ്ധ വചനങ്ങള്‍ പരികല്‍പ്പിക്കുന്ന നൂഹ് ഒരു സുമേറിയന്‍. പ്രളയം പുരാതന പുണ്യ രേഖകളില്‍ ഒക്കെയും പ്രചുരം. ഇത് ഏഷ്യാ മൈനറില്‍ നടത്തിയ ഉദ്ഖനനങ്ങള്‍ സത്യപ്പെടുത്തുന്നു. പ്രളയാനന്തരം നൂഹിന്റെ സല്‍ സന്താനങ്ങളിലൂടെ മാനവ നാഗരികത സഞ്ചാര സുഭഗതയിലൂടെ എങ്ങും തിടംവെച്ചു. ഇതൊക്കെയും ഭൗതിക ചരിത്ര രൂപങ്ങള്‍ക്ക് വഴങ്ങും. ഇതില്‍ മുഹമ്മദ് ഖനിച്ചെടുക്കുന്നത് ഈ സുമേറിയന്‍ നാഗരികതയും പ്രളയാനന്തരം നൂഹിന്റെ സല്‍സന്താനങ്ങള്‍ പ്രളയം പോലെ പരന്നൊഴുകിയപ്പോള്‍ അതില്‍ തുടുത്തു വളര്‍ന്ന വിദൂര നദീതട നാഗരികതയും അനുബന്ധങ്ങളും തീര്‍ത്തും ദൈവപ്രോക്തവും തൗഹീദില്‍ ശുദ്ധിപ്പെട്ടതുമായ ഇസ്‌ലാമിക സംസ്‌കൃതികളായിരുന്നു എന്ന കണ്ടെത്തലാണ്. ഇതാകട്ടെ പക്ഷപാതപരമായ ഒരാവേശമല്ല. പ്രമാണങ്ങളും ഉല്‍ഖനിതഖരങ്ങളും അടുക്കിപ്പെറുക്കി തൗഹീദിന്റെ സൂക്ഷ്മ സൂക്തങ്ങളാണ് അയാള്‍ ഹാജരാക്കുന്നത്. ഇത് എങ്ങനെ ഒരു മുസ്‌ലിയാര്‍ക്ക് സംഗതമായി! ബിരുദം നേടാനുള്ള പരക്കത്തിന്നിടയില്‍ അറിവു വഴിയില്‍ എറിഞ്ഞുകളയുന്ന അക്കാദമിക മാന്യന്‍മാര്‍ മുഹമ്മദിന്റെ മുന്നില്‍ കൂനി നില്‍ക്കേണ്ടിവരും. മഹാശൈലത്തിനു മുന്നിലെ മണ്‍കൂനകള്‍ പോലെ.
സപ്തസിന്ധുവില്‍ ജീവിതം മുളപ്പിച്ചത് ഇന്തോ ആര്യന്‍മാരാണെന്ന പശു കേന്ദ്രീകൃതമായ ഒരു ത്രിശൂല നിരീക്ഷണമുണ്ട്. ജനങ്ങളുടെ ശരീരഘടന അവരുടെ ഉപകരണ സര്‍വസ്വം ഇതുകളുടെയൊക്കെയുള്ള പഠനത്തിലൂടെ സപ്തസിന്ധുവിലെ നാഗരീകൃത ജനത ദ്രാവിഡന്‍മാരായിരുന്നെന്ന ഒരു മറുവാദവും നിലനില്‍ക്കുന്നു. ഈ വര്‍ഗം സുമേറിയന്‍ നാഗരിക സമൂഹത്തിന്റെ അവാന്തരമാണെന്നും നൂഹിന്റെ സല്‍പുത്ര പരമ്പരയാ ണെന്നും അവരിലൂടെ സപ്തസിന്ധുവിലെ ജനത നൂഹിലേക്കെത്തുന്ന തൗഹീദ് വിശ്വാസികള്‍ ആയിരുന്നു എന്നുമുള്ള മൗലിക നിരീക്ഷണമാണ് ടി.എം ഉയര്‍ത്തുന്നത്. പ്രളയാനന്തരം നൂഹിന്റെ സല്‍പ്പുത്രന്‍മാര്‍ തലമുറകളേയുമായി ദിക്കാഗ്രങ്ങളിലേക്ക് സഞ്ചാരം പെരുപ്പിച്ചതായി ചരിത്ര നിരീക്ഷണമുണ്ട്. ഇതില്‍ ഹാമിന്റെ വംശം അറേബ്യയും ശാമിന്റേത് ബാബിലോണും അസീറിയയും ഫിനീഷ്യയും സ്വന്തമാക്കി. അപ്പോള്‍ മൂന്നാമത്തെ പുത്രന്‍ യഫേത്തിന്റെ ദീര്‍ഘസഞ്ചാരം സപ്തസിന്ധുവിലേ ക്കായിരുന്നെന്ന് മുഹമ്മദ് നിരീക്ഷിക്കുന്നു. ഇതിനായി അദ്ദേഹം വെളിച്ചത്തെടുക്കുന്ന ബൃഹത്തായ പ്രമാണ ശേഖരങ്ങള്‍ കണ്ടാല്‍ നാം അല്‍ഭുതപ്പെടും. ബൈബിള്‍ പാഠത്തിലെ നോഹയും ഖുര്‍ആനിലെ നൂഹും ഭാരതപുരാണങ്ങളിലെ മനുവും ഒന്നാണെന്ന് മുഹമ്മദ് വാദിക്കുന്നു. ഒപ്പം തൗഹീദും രിസാലത്തും ആഖിറത്തും നാഗരിക പ്രദേശങ്ങളെ ആമൂലം പൊതിഞ്ഞു നിന്ന സാര്‍വ്വലൗകികതകളായിരുന്നു എന്നാണദ്ദേഹം നിരീക്ഷിക്കുന്നത്. സപ്തസിന്ധുവില്‍ വികാസം കൊണ്ട ജീവിത നാഗരികത പ്രവാചക പ്രോക്തമായ ഇസ്‌ലാമായിരുന്നു എന്ന വിശദപ്പെടുത്തല്‍ കൗതുകകരവും ഒപ്പം ആഹ്ലാദകരവുമാണ്. ഈ നിലയില്‍ ഒരന്വേഷണം വികസിപ്പിക്കണമെങ്കില്‍ വിശുദ്ധ ഖുര്‍ആനിലും അനുബന്ധ പ്രമാണങ്ങളിലുമുള്ള ഗഹനജ്ഞാനം മാത്രം പോരാ, പുരാണങ്ങളിലും ലോക നാഗരിക സാംസ്‌കാരിക പരിണാമ പഠനത്തിലും പരിണിത ജ്ഞാനവും ഒപ്പം വേണ്ടതുണ്ട്. താന്‍ നിര്‍വഹിക്കുന്നതും നിര്‍വഹിക്കേണ്ടതുമായ ദൗത്യത്തെ ക്കുറിച്ച മൗലികമായ ബോധ്യവും. ഒരു വെറും മൗലവി മാത്രമായിരുന്ന മുഹമ്മദ് ഇത് സാധ്യമാക്കി എന്നിടത്താണദ്ദേഹത്തിന്റെ പ്രസക്തി. ഇതിനൊക്കെ മുഹമ്മദിന്റെ കൈയിലുണ്ടായിരുന്ന വിനിമയ ദ്രവ്യം അറബിയും ഉറുദുവും പിന്നെ മലയാളവും കൂടെ അഗാധമായ ജ്ഞാന ജാഗ്രതപ്പെരുമകളും പഠന സാധകവും.
വിശുദ്ധ ഖുര്‍ആനിലെ സാബി മതക്കാരെയാണ് പിന്നീട് മുഹമ്മദ് തിരഞ്ഞു പോകുന്നത്. സാബിഉകള്‍ ഉണ്ടായിരുന്ന പുരാതന അറേബ്യന്‍ ഭൂമികളിലൂടെ അദ്ദേഹം സഞ്ചരിക്കുന്നു. പ്രാര്‍ഥനക്കും സ്‌നാനത്തിനും സാബി മതത്തിലുണ്ടായ പ്രാമുഖ്യത കണ്ടെത്തി സപ്തസിന്ധുവിലെ ജനതയെ മുഹമ്മദ് സാബികളില്‍ കണ്ണിചേര്‍ക്കുന്നു. വാചികമായി മാത്രമല്ല തെളിവുകളുടെ ആള്‍ക്കൂട്ടത്തില്‍ നിര്‍ത്തിയാണീ വംശവിചാരണ പുരോഗമിക്കുന്നത്.
സപ്തസിന്ധുവിലെ നാഗരിക ജനതയെ തച്ചൊതുക്കി അവിടം അധിവാസം തേടിയ ആര്യ വരേണ്യതയേയും ഇതില്‍ പഠനവിധേയമാക്കുന്നു. അവര്‍ അറാമിന്റെ പിന്‍മുറക്കാരായ സെമിറ്റിക്കുകളെന്നാണു മുഹമ്മദിന്റെ നിരീക്ഷണം. മാത്രമല്ല ഹൂദ് പ്രവാചകന്റെ ജനതയായ ഇറമും ബൈബിളിലെ അരാമും പുരാതന പേര്‍ഷ്യന്‍ രേഖകളിലെ എറിയാനയും നമ്മുടെ ആര്യനും ഒന്നാണെന്നും അദ്ദേഹം വാദിക്കുന്നു. ഇത്തരമൊരു നിരീക്ഷണം ഒരു പക്ഷേ ലോകത്തുതന്നെ ആദ്യമായി മുന്നോട്ടു വെച്ചതു മുഹമ്മദ് എന്ന ചരിത്രഗവേഷകന്‍ മാത്രമായിരിക്കും. സര്‍വ്വകലാശാലകളിലെ പഠന വിഭാഗങ്ങളില്‍ അംഗമല്ലാത്തതിനാല്‍ മാത്രമാണ് ഈദൃശ നിരീക്ഷണം പ്രമാണപ്പെടാതെ പോയത്. ഇതിനായദ്ദേഹം വേദങ്ങളും ആരണ്യകങ്ങളും ആദിമന്ത്രമായ ഓംകാരത്തേയും പഠനത്തില്‍ കൊണ്ടുവരുന്നു. പൊതുവേ പരികല്‍പ്പിക്കപ്പെടുന്നതുപോലെ ബ്രാഹ്മണ മതക്കാര്‍ വിശ്വസിച്ചിരുന്നതു ബഹുദൈവങ്ങളില്‍ അല്ലെന്നും പരമശക്തിയായ ഏകദൈവത്തില്‍ തന്നെയായിരുന്നെന്നും മുഹമ്മദ് പ്രമാണങ്ങളെ മുന്നില്‍ നടത്തി തെളിയിക്കുന്നു. മാത്രമല്ല കാലദേശങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന മനുഷ്യ മഹാസംഘാതം ഒരു പൊതുധാരയുടെ തന്നെ അവിഭാജ്യമാണെന്നും അതു ദൈവപ്രോക്തമായ വിശുദ്ധ തൗഹീദിന്റെ ശക്തിയാണെന്നും അദ്ദേഹം കണ്ടെത്തുന്നു. മാത്രമല്ല, ഭാരതീയ പുണ്യ പുരാണങ്ങളില്‍ നിന്നും ഭാഗവതത്തില്‍ നിന്നും അറേബ്യയില്‍ പുതു പ്രവാചകന്‍ പ്രത്യക്ഷനാകുമെന്ന പ്രവചനം വന്നതായി അദ്ദേഹം കണ്ടെത്തുന്നു. കലിയുഗത്തില്‍ ശ്യാമദ്വീപില്‍ കല്‍ക്കി അവതരിക്കും. അദ്ദേഹം 12 ാം ദിനം തിങ്കളാഴ്ച ജാതനാവും. ഗര്‍ഭസ്ഥനായിരിക്കുമ്പോള്‍ പിതാവും ശൈശവത്തില്‍ മാതാവും മരണമാവും. ഗുഹയില്‍ വെച്ചയാള്‍ക്ക് പരശുരാമന്‍ ജ്ഞാനം അഭ്യസിപ്പിക്കും. വടക്കന്‍ നാട്ടിലേക്കയാള്‍ പലായനം പോകും. തിരിച്ചെത്തി ജന്മനാടു കൈവശമാക്കും. ഈയൊരു പ്രവാചകാഗമന പ്രസ്താവനക്ക് അധിക ഊന്നായി ഭവിഷ്യപുരാണത്തിലെ ശ്ലോകവും അദ്ദേഹം ഉദ്ധരിക്കുന്നു. (ഒരു ജാതി ഒരു ദൈവം. പേ. 62)
ഇതിലൂടെ ഭാരതീയ മതചിന്തയില്‍ ജ്വലിച്ചു നിന്നത് ഏകദൈവ വിശ്വാസമാണെന്നും അത് ഇസ്‌ലാമിക പാഠങ്ങളുടെ തന്നെ ആവിഷ്‌കാരമായിരുന്നെന്നും ഗവേഷണ ശേഷിയോടെ മുഹമ്മദ് തെളിയിക്കുന്നു. ഉപനിഷത്തുക്കളെ നിഷ്ഠയോടെയും വ്രതശുദ്ധിയോടെയും അന്വയിക്കുന്ന മുഹമ്മദ് അതില്‍ തുടിച്ചു നില്‍ക്കുന്ന ഏകദൈവത്വത്തെ ഊതി ഊതി തിളക്കി നമ്മുടെ കൈവെള്ളയില്‍ വെച്ചുതന്നു നിര്‍മമനായി മാറി നില്‍ക്കുന്നു. നാം അതെന്തു ചെയ്യുന്നു എന്നു നോക്കാന്‍. മുഹമ്മദിന്റെ മറ്റൊരു കണ്ടെത്തല്‍ വേദകാലത്തെ ഋഷിമാര്‍ പരലോക വിശ്വാസികളായിരുന്നുവെന്നതാണ്. സല്‍കര്‍മികള്‍ക്കും ദുഷ്‌കര്‍മികള്‍ക്കും മരണാനന്തരം എത്തേണ്ടതു വേറെ വേറെ സുഖ ദുഃഖ ലോകങ്ങളിലേക്കാണെന്ന് അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നതായി പുരാണ പാഠങ്ങള്‍ അന്വയിച്ചു ഇദ്ദേഹം കണ്ടെത്തുന്നതു കൗതുകം നിറഞ്ഞ വായനാനുഭവമാണ്.
അതുപോലെ ഗൗതമബുദ്ധനെ പരിശുദ്ധ പ്രവാചക ശ്രേണിയില്‍ കൊരുത്തു നിര്‍ത്താന്‍ മുഹമ്മദിനു മടിയേതുമില്ല. ചരിത്ര പരാഗങ്ങളേയും വിശുദ്ധ ഖുര്‍ആനേയും മുഹമ്മദ് മനോഹരമായി കണ്ണിചേര്‍ക്കുന്ന ചേതോഹരമായ ഒരു സങ്കല്‍പ്പ മുഹൂര്‍ത്തമായി ഈ നിരീക്ഷണം നിലനില്‍ക്കുക തന്നെ ചെയ്യും. കേവലനായ ഏതു മൗലവിയും തനിക്ക് അറിയാവുന്ന അല്‍പ്പാക്ഷരങ്ങളില്‍ ആയുസ്സു തീര്‍ക്കുകയാണ് പതിവ്. എന്നാല്‍ തനിക്കറിയാവുന്നതില്‍ നിന്നും അറിയാത്ത ചന്ദ്ര മണ്ഡലത്തിലേക്ക് സുധീരം സഞ്ചാരം പോകാന്‍ ധൈര്യം കാട്ടുകയും അതിനുള്ള കോപ്പും കോളും സ്വന്തമായി തന്നെ സമാര്‍ജ്ജിക്കുകയും അതുമായി ധീരവും കാതരവുമായ ഏകാന്ത സഞ്ചാരത്തിനിറങ്ങുകയും ചെയ്തു എന്നതാണു മുഹമ്മദിന്റെ പ്രത്യേകത. മുഹമ്മദിന്റെ ശ്രദ്ധേയവും മൗലികവുമായ ഒരു അന്വേഷണ തലം മലബാറിലെ മാപ്പിള സമുദായ പഠനങ്ങളാണ്. മാപ്പിള സാംസ്‌കാരിക വിമര്‍ശന പഠനങ്ങള്‍ ഇന്ന് ഏറെ പ്രചുരമാണ്. അക്കാദമിക മണ്ഡലത്തില്‍ സര്‍വകലാശാല വകുപ്പുകളില്‍ ഇന്ന് സാധ്യതയിരമ്പുന്ന പഠന മണ്ഡലം. അനക്കാദമികമായി നിരവധി പഠനങ്ങള്‍ സമാന്തരമായും സംഭവിക്കുന്നു. പക്ഷേ ഇതൊന്നും കൗതുകമാകാത്ത ഒരു കാലത്താണ് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ മുഹമ്മദ് നടത്തിയ ബൃഹത്തും ഗഹനവുമായ മാപ്പിള പഠനങ്ങള്‍. സെയ്ത് മുഹമ്മദിനെപ്പോലെ അപൂര്‍വം ചിലരേ അന്നു ഈ രംഗത്തു അന്വേഷണങ്ങള്‍ വികസിപ്പിക്കുന്ന മുസ്‌ലിംകളുള്ളൂ. അതുകൊണ്ടു തന്നെ അന്നു ഇത്തരമൊരു പഠനം രേഖകളുടെ അലഭ്യത കൊണ്ടും അനക്കാദമിക മണ്ഡലം നേരിടുന്ന പൊതു അവഗണനകൊണ്ടും അസാധ്യമായിരുന്നു. പുരാവിജ്ഞാനശേഖരങ്ങളിലും ആര്‍ക്കൈവ്‌സുകളിലും കയറി യിറങ്ങി രേഖകള്‍ ചികഞ്ഞു നിരീക്ഷണം വികസിപ്പിക്കുവാന്‍ അന്നു മുഹമ്മദ് അനുഭവിച്ച ക്ലേശങ്ങളെ അപ്പോഴാണു നാം വാഴ്ത്തിപ്പോവുക.
കേരളത്തിന്റെ രൂപീകരണ പുരാണങ്ങളില്‍ നിന്നാണ് പുസ്തകം വികസിക്കുന്നത്. കേവലം ഒരു മുസലിയാരാണു പരശുരാമ അവതാര യത്‌നം വിശകലനത്തിനു വിധേയമാക്കുന്നത് എന്നതു കൗതുകമല്ല മറിച്ച് ആഹ്‌ളാദമാണ്. ചിരാതനതയിലെ സൗഹൃദത്തിന്റേയും നൈതിത ഉപാദനങ്ങളുടേയും അരയന്നങ്ങള്‍ നീന്തി നടന്ന മലബാറിന്റെ പുളക പുണ്യതീരങ്ങള്‍ എങ്ങനെയാണ് പറങ്കികള്‍ മാന്തിക്കുടഞ്ഞു കുഴച്ചു മറിച്ചതെന്നു വളരെ സൂക്ഷ്മമായി ചരിത്രരേഖകള്‍ വെച്ചു മുഹമ്മദ് അന്വേഷിക്കുന്നു. പടിഞ്ഞാറന്‍ അധീശ വ്യാമോഹികളില്‍ ഏറ്റവും ക്രൂര പരിഷകള്‍ പറങ്കികളായിരുന്നു. കുരിശുയുദ്ധ ഭീകരതയുടെ കൊമ്പും തോടയും കുലുക്കി മലബാര്‍ തീരത്തിറങ്ങിയ പറങ്കികള്‍ ലക്ഷ്യം വെച്ചതു കച്ചവടക്കുത്തകയും പിന്നെ മാപ്പിള നിര്‍മ്മാര്‍ജ്ജനവും തന്നെയായിരുന്നു. മലബാറിന്റെ പുളകത്തുരുത്തില്‍ പറങ്കികള്‍ക്ക് ശത്രുക്കളും മാപ്പിളമാര്‍. അവിടുന്നങ്ങോട്ട് ഈ സാധുജനം തലമുറകളായി ഏറ്റെടുക്കേണ്ടി വന്ന പോരാട്ടങ്ങളും ഏറ്റുവാങ്ങിയ സഹന സാന്ദ്രതകളേയുമാണ് അഞ്ഞൂറോളം താളുകളിലേക്ക് വികസിക്കുന്ന പുസ്തകം പറയുന്നത്. എന്നാണോ അധീശശക്തികള്‍ നമ്മുടെ തീരത്തേക്കെത്തിയത് അന്നു തന്നെ അവര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യ സമര പ്പോരാട്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇത് മാപ്പിളമാരുടെ ആവിഷ്‌കാരങ്ങള്‍ തന്നെയായിരുന്നു. ഇതിനു പകരം ഏറ്റുവാങ്ങിയ കൊടും സഹനങ്ങളുമുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തെ ഒരു പ്രത്യേക പ്രസ്ഥാനത്തിലേക്കും വ്യക്തിയിലേക്കും ചുരുക്കി ക്കെട്ടാന്‍ പുതുകാല ചരിത്ര ദാസ്യം കുതറുമ്പോള്‍ ഈയൊരു ഗഹന പുസ്തകം വലിയൊരു പ്രതിരോധമാണ്. മലബാറില്‍ മഖ്ദൂമുമാരുടേയും കുഞ്ഞാലിമാരുടേയും ദാര്‍ശനിക, സായുധ ചെറുത്തു നില്‍പ്പാണ് പറങ്കികളുടെ അസ്തിവാരം കോരിയത്. ഈയൊരു ചരിത്ര നിരീക്ഷണം ഒ.കെ. നമ്പ്യാരെപ്പോലെയുള്ളവര്‍ പങ്കു വെച്ചിട്ടുണ്ടെങ്കിലും അതു ഗഹനത്തിലും വിസ്തൃതിയിലും മലയാളികളോട് സംവാദം ചെയ്യുന്നത് മുഹമ്മദ് എന്ന ചരിത്ര ഗവേഷകന്‍ തന്നെയാണ്.
കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ അധോമുഖമായി വികസിച്ച ഫ്യൂഡല്‍ മൂല്യബോധ പ്രയോഗങ്ങളേയും അതിന്റെ തീഷ്ണാവിഷ്‌കാരങ്ങളേയും തിരസ്‌കരിച്ചു സാമൂഹ്യ നീതിയുടേയും നാഗരിക വികാസ പുഷ്‌കലതയുടേയും കാലം ഉല്‍പ്പാദിതമായത് സത്യത്തില്‍ മൈസൂര്‍ സുല്‍ത്താന്‍മാരുടെ വാഴ്ചക്കാലമായിരുന്നു. കാല്‍ നൂറ്റാണ്ടു മാത്രം നീണ്ട ഈ സുവര്‍ണ്ണകാലം എത്ര ഉജ്ജ്വലവും പരിഷ്‌കൃതവുമാണെന്നറിയാന്‍ ഈയൊരു പുസ്തകം മാത്രം മതി. ടിപ്പുവിന്റെ പിന്‍വാങ്ങലിനു ശേഷം തിരിച്ചെത്തിയ വരേണ്യ ഫ്യൂഡല്‍ ഭീകരത കുടിയാന്‍മാരാക്കിയ മാപ്പിളമാരെ ഹിന്ദുജന്മിമാരുടെ പിന്തുണയോടെ ഇംഗ്ലീഷുകാര്‍ ദ്രോഹിച്ചപ്പോഴാണു മലബാറില്‍ പുതിയ പോരാട്ടങ്ങള്‍ ഉല്‍പാദിതമായതെന്നു മുഹമ്മദ് നിരീക്ഷിക്കുന്നു. ഇത് തീര്‍ത്തും സത്യസന്ധമായ ചരിത്ര നിരീക്ഷണം തന്നെയാണ്. ഇത്തരം രോഷങ്ങളെപ്പോലും പക്ഷേ വ്യവസ്ഥാപിത ഭരണകൂടത്തിനു നേരെ അന്തം കെട്ട മാപ്പിളമാര്‍ നടത്തിയ കലാപങ്ങളായാണ് അധീശ മൂല്യബോധത്തിലൂന്നിയ ആസ്ഥാന ചരിത്രകാരന്‍മാര്‍ ചിത്രീകരിച്ചത്. ഇത്തരം രോഷാഗ്നിയുടെ സത്യസന്ധമായ കാരണങ്ങള്‍ തേടിയാണ് മലബാറിന്റെ ഗ്രാമതല്‍പങ്ങളിലൂടെ ചരിത്ര പ്രമാണങ്ങളുടെ ചക്രത്തേരില്‍ മുഹമ്മദ് സഞ്ചരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിലെ മലബാര്‍ മാപ്പിള സ്വാതന്ത്ര്യസമരങ്ങള്‍ പ്രത്യേകിച്ചു ഇരുപത്തി ഒന്നിലെ സമരം. ഇതൊക്കെ വസ്തുനിഷ്ഠ നിരീക്ഷണത്തോടെയാണ് ചരിത്രകാരന്‍ വിശദപ്പെടുത്തുന്നത്. ഇപ്പുസ്തകം വായിച്ചു പോകുമ്പോള്‍ പലയിടത്തും നാം സ്തബ്ധരായി നിന്നുപോവും. എത്ര തീഷ്ണമായ സമര കനല്‍പഥങ്ങളിലൂടെയാണ് മലബാറിലെ മാപ്പിള ജനത കടന്നുപോയത്. എത്ര ഗൂഢാലോചനകള്‍, ഒറ്റിക്കൊടുക്കലുകള്‍, ചതിപ്പെടുത്തലുകള്‍, തിരസ്‌കാരങ്ങള്‍, ഉന്തിയാട്ടലുകള്‍, കൊള്ളകള്‍, കൊലകള്‍ ഇതൊക്കെയും അതിജീവിച്ചു ഇങ്ങനെയൊരു സമൂഹം ഇന്നും അഭിജാതമായി നിലനില്‍ക്കുന്നു എന്നതുതന്നെ ഒരു ഗവേഷണത്തിനു വിധേയമാക്കാവുന്നതാണ്. ഇത്ര ഗഹനമായ ഒരു മാപ്പിളപഠനം മുസ്‌ലിം പക്ഷത്തുനിന്ന് അതിനു മുമ്പുതന്നെയോ ശേഷം പോലുമോ പ്രസാധനമായിട്ടില്ല. എളുതായ പരിമിതികള്‍ തീര്‍ച്ചയായും ഈ ഗവേഷണ ഗ്രന്ഥത്തിനുണ്ടെങ്കിലും കേരളത്തിന്റെ തീരങ്ങളിലേക്ക് ഇസ്ലാമിന്റെ ആഗമനം തൊട്ടു കാലങ്ങളായി അവര്‍ നേരിട്ട സന്ദിഗ്ധതകളേയും സംഘര്‍ഷ സംത്രാസങ്ങളേയും സംബന്ധിച്ച് വ്യവസ്ഥാപിത പൊതുബോധത്തെ തിരുത്തുന്ന അന്വേഷണം ഇതുതന്നെയാണ്. മാപ്പിള സമുദായത്തിന്റെ ഈടുവെപ്പുകളെ സംബന്ധിച്ച ഗംഭീരവും പ്രൗഢവുമായ ഒരുപദാനം. പത്ര മാസികകളില്‍ ഖണ്ഡശ്ശ വന്ന ഈ ബൃഹദ്‌രേഖ പുസ്തകമാക്കാന്‍ കാല്‍ നൂറ്റാണ്ടിലേറെക്കാലം വിളംബം വരുത്തിയ ഉത്തരവാദികള്‍ തീര്‍ച്ചയായും ശിക്ഷ അര്‍ഹിക്കുന്നു.
മുഹമ്മദിന്റെ മറ്റൊരു പ്രധാനമായ എഴുത്തു സംഭാവന മൗദൂദി ജീവചരിത്രമാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒമ്പതില്‍ സയ്യിദ് മൗദൂദി അല്ലാഹുവിലേക്ക് സഞ്ചരിച്ചുപോയി. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി മൂന്നില്‍ തന്നെ മുഹമ്മദ്, സയ്യിദ്മൗദൂദിയുടെ സാമാന്യം ദീര്‍ഘമായൊരു ചരിത്രം പ്രസാധനം ചെയ്തു. കൊളോണിയല്‍ ആധുനികതക്കു മുന്നില്‍ പരമ്പരാഗത മുസ്ലിം അന്തിച്ചു നിന്നപ്പോള്‍ വിശ്വാസ സമൂഹത്തിന് നിശിതമായ അപഗ്രഥന ചാതുരിയോടെ പടിഞ്ഞാറന്‍ സാംസ്‌കാരിക ബോധത്തിന്റെ ദൗര്‍ബല്യങ്ങള്‍ക്ക് മേലെ ഇസ്ലാമിന്റെ അപ്രമാദിത്വം സ്ഥാപിക്കുക എന്ന വലിയ ഒരു ദൗത്യമാണ് തന്റെ ജീവിതം കൊണ്ടു സയ്യിദ് മൗദൂദി നിര്‍വഹിച്ചത്. നാല്‍പ്പതുകളോടെ തന്നെ മലയാളികള്‍ക്ക് സയ്യിദ് മൗദൂദിയെ പരിചിതമാണ്. തര്‍ജുമാനുല്‍ ഖുര്‍ആനിനു അന്നേ മലയാളി വായനക്കാരുണ്ടായിരുന്നു. ഭാഷയുടെ സാരള്യവും പ്രസാദവും ചിന്തയുടെ ഔന്നത്യവും ധൈഷണികമായ മൗലികതയും എന്നും മൗദൂദിയന്‍ വിശകലനരീതിയുടെ പ്രത്യേകതയാണ്. ഇന്ത്യയില്‍ ഇസ്‌ലാമിക ദര്‍ശനം നവീനമായ ഒരു ഭാവുകത്വം കണ്ടെത്തുകയായിരുന്നു. കേവലാനുഷ്ഠാനത്തിന്റെ പായല്‍ക്കൂട്ടം വകഞ്ഞു ഇസ്ലാമിക ദര്‍ശനത്തെ അതിന്റെ സാക്ഷാല്‍ ആവിഷ്‌കാരത്തിലേക്ക് സയ്യിദ് വികസിപ്പിക്കാനാഞ്ഞതോടെ എതിര്‍പ്പുകള്‍ കൂടി. അതിന്റെ അനുരണനം കേരളത്തിലും പൊലിച്ചുനിന്നു. യാഥാസ്ഥിതികക്കൂട്ടങ്ങളും ഐക്യസംഘത്തിന്റെ കപട പിന്തുടര്‍ച്ചക്കാരും ഒരുപോലെ സയ്യിദിനെ വേട്ടയാടി. മതേതര മതവിരുദ്ധപക്ഷങ്ങളും ഇതേറ്റെടുത്തു. പശ്ചിമ സംസ്‌കാര പുളകങ്ങളെ കൊമ്പടര്‍ത്തിത്തകര്‍ത്ത മൗദൂദിയെ പിന്നെന്തു ചെയ്യണം. കല്‍പ്പിത കഥകളുടേയും ആക്ഷേപ സര്‍വ്വസ്വങ്ങളുടേയും പത്മവ്യൂഹത്തില്‍ അകപ്പെടുത്തി സയ്യിദ് മൗദൂദിയെ ഇല്ലാതാക്കാന്‍ സര്‍വ്വസന്നാഹങ്ങളും കേരളോര്‍വ്വിയില്‍ സമാഹരിക്കപ്പെട്ടു. സയ്യിദിനെ അപനിര്‍മ്മിച്ചാല്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ ഇല്ലാതാക്കാം. സയ്യിദും പ്രസ്ഥാനവും അവിഭാജ്യമാണ്. അദ്ദേഹമാണാ പ്രസ്ഥാനത്തിന്റെ ആസൂത്രകനും ഉപജ്ഞാതാവും. അദ്ദേഹത്തിന്റെ അസാധാരണ പ്രതിഭയാണീ പ്രസ്ഥാനത്തെ പരിപാകപ്പെടുത്തിയത്. ഈ സന്ദര്‍ഭത്തില്‍ സയ്യിദ് മൗദൂദിയെ വ്യക്തിപരമായി അന്വേഷിക്കുന്ന ഒരു സമ്പൂര്‍ണ്ണ രചനക്ക് മലയാളത്തില്‍ ഇടമുണ്ടായിരുന്നു. ഈ ഇടം നികത്താന്‍ സന്ദര്‍ഭം വന്നതു മുഹമ്മദിനാണ്. മുന്നൂറോളം താളുകളിലേക്ക് വികസിക്കുന്ന മൗദൂദി ചരിത്രം.
ഇത് പക്ഷേ കേവലമൊരു ചരിത്ര പുസ്തകമെന്ന നിലയില്‍ പരിമിതപ്പെട്ടുപോയി. മുഹമ്മദിനെപ്പോലൊരു ഗവേഷക പ്രതിഭക്ക് ചേര്‍ന്ന ഒരു രചനയായില്ല. ഉപരിതല സ്പര്‍ശിയായ എഴുത്ത്. ഇങ്ങനെ മാത്രം ഒതുക്കി നിരീക്ഷിക്കപ്പെടേണ്ട ഒരാളല്ല സയ്യിദ് മൗദൂദി. മുസ്‌ലിം ജനസാമാന്യം വിശ്വാസ ജീവിതത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുകയും സാമൂഹിക പൊതുമണ്ഡലങ്ങളിലെ പ്രതിരോധങ്ങളെയും നവീകരണങ്ങളെയും ഒറ്റിക്കൊടുത്തു അനുഷ്ഠാനപരതയെ ആഘോഷിക്കുക യും ചെയ്ത കാലം. പാശ്ചാത്യ മാനവികതാ വാദത്തെ അനിഷേധ്യമായ ശാസ്ത്രീയ യാഥാര്‍ത്ഥ്യമാണെന്നു വിശ്വസിക്കുകയും അതിന്റെ ഭൗതികാടിത്തറകളെ വിശകലന വിധേയമാക്കാന്‍ പാടില്ലെന്നു ശഠിക്കുകയും ചെയ്ത കാലം. ഈ കാലത്തെയും കാല ബോധത്തേയും കൊമ്പോടെ മറിച്ചിട്ടു എന്നതാണ് സയ്യിദ് മൗദൂദിയുടെ പ്രസക്തി. ഈ പ്രസക്തിയുടെ പശ്ചാത്തല ഭൂമിക കേരളത്തില്‍ അഗാധമാണ്. ഈയൊരു പ്രതലത്തില്‍ നിന്നുകൊണ്ടുള്ള ഗഹന പഠനമായില്ല മുഹമ്മദിന്റെ അബുല്‍ അഅ്‌ലാ. ഇതിനായുള്ള ഗഹനമായ ഗവേഷണ പഠനങ്ങള്‍ക്ക് ഒരു പക്ഷേ മുഹമ്മദിനു മറ്റു കൃത്യാന്തരങ്ങള്‍ക്കിടയില്‍ സന്ദര്‍ഭവും കിട്ടിക്കാണില്ല. വാര്‍ദ്ധക്യവും രോഗക്കൂട്ടങ്ങളും അവശപ്പെടുത്തിയ കാലത്താണീ രചന. പിന്നീടു വെറും അഞ്ചാണ്ടു മാത്രമേ മുഹമ്മദ് ജീവിച്ചുള്ളു.
മതത്തെ സാമൂഹ്യ ജീവതത്തില്‍ നിന്ന് പുറത്താക്കാനുള്ള കൊണ്ടുപിടിച്ച പരിശ്രമം കേരളീയ മതമണ്ഡലങ്ങളില്‍ എന്നും തീവ്രമായിരുന്നു. സാമുദായിക രാഷ്ടീയത്തോടു ഒട്ടി നില്‍ക്കുന്ന മതസംഘടനകള്‍ എന്നും ഈ മണ്ഡലത്തില്‍ മല്‍സരിച്ചു നില്‍ക്കുന്നു. അതാണു മൗദൂദി വിമര്‍ശനത്തിന്റെ ഒരു തലം. ഇതിനൊരു എളുപ്പവിദ്യയെന്നോണമാണ് ഇസ്ലാമിന്റെ സാങ്കേതിക പ്രമാണ ശബ്ദങ്ങള്‍ക്കൊക്കെയും ഇത്തരക്കാര്‍ അര്‍ത്ഥ പുതുമകള്‍ ചമയ്ക്കുന്നത്. ഇബാദത്ത് എന്ന അറബി സാങ്കേതിക പ്രമാണത്തിന് ആരാധന എന്ന ഒരര്‍ത്ഥമേ കല്‍പ്പിക്കാവതുള്ളു എന്ന ശഠിക്കുന്നതോടെ ഇത്തരക്കാര്‍ക്ക് തല്‍ക്കാലം പിടിച്ചു നില്‍ക്കാനാവും. പ്രമാണങ്ങളോ ഇസ്‌ലാമിക ചരിത്ര സ്മൃതികളോ സാക്ഷി നില്‍ക്കാത്തതാണീ വാദം. ഈയൊരു ചര്‍ച്ചയുടെ പ്രതലത്തിലാണ് ആയിരത്തി തൊള്ളായിരത്തി അറുപത്തിരണ്ടില്‍ മുഹമ്മദ് തന്റെ പ്രസിദ്ധമായ ഇസ്ലാമിലെ ഇബാദത്ത് എന്ന ചെറുതെങ്കിലും പ്രൗഢമായ പുസ്തകമെഴുതുന്നത്. കെ.സി അബ്ദുല്ല മൗലവിയുടെ ഇബാദത്ത് ഒരു സമഗ്ര പഠനം പ്രസാധനമാവുന്നതു പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതുവരെ ഈ മണ്ഡലത്തിലെ പ്രൗഢ മലയാളരചന ഇതു തന്നെയായിരുന്നു. മൗലികവും യുക്തിസഹവുമായി തല്‍വിഷയം ഈ ചെറുപുസ്തകത്തില്‍ ചര്‍ച്ചയാകുന്നു.
പണ്ഡിതന്‍മാര്‍ക്കുപോലും അവരുടെ സ്വകാര്യ അന്വേഷണ ലോകത്ത് ദഹിക്കാത്ത നൂതനാശയങ്ങള്‍ എന്നും മുഹമ്മദിനെ ആവേശഭരിതനാക്കി. സിദ്ധാന്തങ്ങളെ വ്യാഖ്യാനിക്കാന്‍ പരമ്പരാഗതവും പക്ഷപരവുമായ മാര്‍ഗങ്ങളേ പാടുള്ളു എന്ന് മുഹമ്മദ് വിചാരിച്ചില്ല. പ്രകോപനപരമായ ഏത് ജ്ഞാനാന്വേഷണങ്ങളേയും ചിന്തയുടെ പൂപ്പാടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അയാള്‍ക്കു കൂട്ട് പ്രമാണങ്ങളില്‍ പൊതിഞ്ഞ യുക്തിബോധം തന്നെയായിരുന്നു. മുഹമ്മദിന്റെ ഇത്തരമൊരന്വേഷണമാണ് അദ്ദേഹത്തിന്റെ രചനയായ ആഖിറത്ത്. അതിനെതിരെ നിശിത വിമര്‍ശനവും പിന്നീട് വിലക്കും വന്നപ്പോള്‍ അയാള്‍ തീര്‍ത്തും നിസ്സംഗനും നിര്‍മമനുമായി മാറിനിന്നു. വിവാദങ്ങളൊന്നും മുഹമ്മദിന്റെ മണ്ഡലമല്ല. അയാള്‍ക്ക് അതിനൊന്നും സമയവുമില്ല. അദ്ദേഹം മറ്റൊന്നന്വേഷിച്ചുപോയി.
തത്ത്വശാസ്ത്രങ്ങളുടേയും സംസ്‌കൃത ശ്ലോകങ്ങളുടേയും മഹാഖനികളില്‍ ചടഞ്ഞിരുന്നു കുഴിക്കുന്ന മുഹമ്മദില്‍ എന്നും കൗതുകം കിനിയുന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു. അവരിലേക്ക് സംവേദനപ്പെടുന്ന ഒരു ഭാവുകത്വവും. അതുകൊണ്ടാണ് അയാള്‍ക്ക് മലര്‍വാടി പോലുള്ള ബാലപ്രസിദ്ധീകരണത്തില്‍ ഭാവസാന്ദ്രമായ കഥകള്‍ എഴുതാന്‍ കഴിഞ്ഞത്. തനിക്കു പത്തുമക്കളുണ്ടായാല്‍ അതില്‍ ഒത്തു വരുന്ന ഒരുവനെ ദൈവപ്രീതിക്കു ബലി നല്‍കുമെന്ന പ്രവാചക പിതാമഹന്‍ സത്യം വെയ്ക്കുന്നു. കാലനീള്‍ച്ചയില്‍ അതൊത്തുവന്നപ്പോള്‍ അയാള്‍ക്കാ സത്യം നിര്‍വഹിക്കേണ്ടിവന്നു. പുത്രദാന സന്നദ്ധതയില്‍ നിന്ന് പിതാവിനെ പിന്തിരിപ്പിക്കാന്‍ ഗോത്രനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളും അതിനു സ്വീകരിക്കുന്ന പരമ്പരാഗത മാര്‍ഗങ്ങളുമായി തീര്‍ത്തും ഉദ്വേഗം തുളുമ്പുന്ന ഒരു ചരിത്ര പരിസരത്തെയാണ് മുഹമ്മദ് കഥാബീജമായി കണ്ടെത്തിയത്. ഇതൊരു ഭാവുകത്വം വഴിയുന്ന സര്‍ഗാത്മക രചനയായി അയാള്‍ വികസിപ്പിക്കുകയായിരുന്നു. ഇതിനായി അദ്ദേഹം സൃഷ്ടിക്കുന്ന ഒരു കഥ പറയല്‍ രീതിയുണ്ട്. കഥ അറേബ്യനാണെങ്കിലും പറച്ചില്‍ സന്ദര്‍ഭം തീര്‍ത്തും ഏറനാടന്‍ മലബാറിലെ ഒരു ഓത്തുപുരയില്‍. അതില്‍ സാത്വികനായ ഒരു മുദരിസും വായാടികളായ മുതഅല്ലീമിങ്ങളും. ആവേശവും ഉദ്വേഗവും കുമിയുന്ന ഇരമ്പത്തില്‍ മുഅല്ലീമീങ്ങളുടെ ചോദ്യങ്ങളിലൂടെ ഉസ്താദായ ഹസ്സനാരുട്ടി മൊല്ലാക്കയില്‍ നിന്നും വാചികമായി പടര്‍ന്നു വികസിക്കുന്നതാണു കഥ. നിയോഗപൂര്‍വ്വമായ ഇക്കഥ പറയാന്‍ പ്രാചീന മലബാറിലെ ഒരു മുസ്ലിം ഗാര്‍ഹസ്ഥ്യ പരിസരമാണ് മുഹമ്മദ് നിര്‍മ്മിച്ചത്. തെണ്ടം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇക്കഥ മലര്‍വാടിയുടെ ഇതപ്പര്യന്തത്തില്‍ വന്ന മികച്ച ആവിഷ്‌കാരങ്ങളില്‍ ഒന്നു തന്നെയാണ്.
മാപ്പിള സമുദായത്തിന്റെ സാംസ്‌കാരിക തനതുകള്‍ ഇരമ്പുന്ന പ്രദേശങ്ങളാണ് ഏറനാടും വള്ളുവനാടും. ഇവിടെ നിന്നു തന്നെയാണ് മുഹമ്മദും നടന്നു വരുന്നത്. മാപ്പിള സമുദായ സര്‍വ്വസ്വത്തെപ്പറ്റി മുഹമ്മദ് ഗഹനതയില്‍ പഠിച്ചിട്ടുണ്ട്. അതു വായിച്ചുപോകുമ്പോള്‍ മുഹമ്മദ് എന്തേ മാപ്പിളപ്പാട്ടെന്ന സര്‍ഗ്ഗാത്മക സാഹിത്യ സഞ്ചിതങ്ങളെ പറ്റി അത്ര ഗൗരവത്തില്‍ അറിയാതെ പോയതെന്നു ആശങ്ക തോന്നും. മാപ്പിളയില്‍ നിന്നു മാപ്പിള സാഹിത്യത്തെ പറിച്ചെടുത്താല്‍ പിന്നെ മാപ്പിളയില്ല. മുഹമ്മദ് ഈ ദൃശമണ്ഡലത്തില്‍ കാര്യമായ പഠനങ്ങളൊന്നും നടത്തിക്കണ്ടില്ല. ആ പാട്ടുരൂപമത്രയും അന്ധവിശ്വാസമാണെന്ന ഒരു കല്‍പ്പിത ധാരണ മതനവീകരണ പ്രസ്ഥാനങ്ങള്‍ തീവ്രമായി പങ്കുവെച്ച കാലമായതുകൊണ്ടാകാം. പക്ഷേ, മുഹമ്മദിന്റെ സര്‍ഗാത്മക അനുഭൂതി മണ്ഡലങ്ങളെപ്പറ്റി അന്വേഷിച്ചു പോകുമ്പോഴാണ് കഥ മറ്റൊന്നായിരുന്നു എന്ന് നാം അറിയുന്നത്. ഇദ്ദേഹത്തില്‍ ഒരു കവിയും പാട്ടെഴുത്തുകാരനും ഉണ്ടായിരുന്നു. നിരവധി കവിതകളും പാട്ടുകളും മുഹമ്മദിന്റേതായുണ്ട്. മലയാളത്തിലും അറബിയിലും. അറബിക്കവിതകള്‍ അതിന്റെ ഭാവസാന്ദ്രിമ ചോര്‍ന്നു ചിന്താതെ ശുദ്ധമലയാളത്തിലേക്കുള്ള മൊഴിമാറ്റം. ഈജിപ്തില്‍ നാസറിന്റെ തുറുങ്കില്‍ തൂക്കും കാത്തിരിക്കുന്ന ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ തൂക്കുമരണത്തിന്റെ തലേന്നു രാത്രിയെഴുതിയ ഭാവസാന്ദ്രമായ ഖണ്ഡകാവ്യമുണ്ട്. ഇത് വൈകാരികത വഴിയുന്ന മരാള ശീലുകളില്‍ തടവറയില്‍ നിന്നൊരു കോകിലഗാനമായി മുഹമ്മദ് പരിഭാഷ ചെയ്ത് പ്രബോധനത്തില്‍ പ്രസിദ്ധീകൃതമായി. മോയിന്‍കുട്ടി വൈദ്യരുടെ പ്രസിദ്ധമായ പാട്ടുരചനയാണ് എലിപ്പട. ഇതു കണ്ടെടുത്തതു ഗവേഷകനായിരുന്ന കെ.കെ. അബ്ദുല്‍ കരീമായിരുന്നു. മലര്‍വാടിയില്‍ പ്രസിദ്ധീകരിച്ച എലിപ്പടപ്പാട്ട് സമ്പൂര്‍ണ്ണമായും സംശോധന ചെയ്തത് മുഹമ്മദാണ്. ചാക്കിരി ബദറിന്റെ ഇശല്‍ മാലിക എന്നും ആ ചുണ്ടുകളില്‍ ഊയലാടി. നിരവധി പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഗഹനമായ ഗവേഷണ സപര്യയില്‍ മുങ്ങിനിന്നപ്പോള്‍ താരതമ്യേന ലോലമെന്നു തോന്നിയതൊക്കെയും പിന്നീടയാള്‍ തന്നെ ഉപേക്ഷിച്ചതാകാം. അറബി ഭാഷയില്‍ മനോഹരമായ നിരവധി മര്‍സിയകള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. സയ്യിദ് മൗദൂദിയുടേയും ഇസ്സുദ്ദീന്‍ മൗലവിയുടേയും ചരമദുഃഖങ്ങളില്‍ അനുശോചിച്ച് ടി.എം എഴുതിയ വിലാപ കാവ്യങ്ങള്‍ ആര്‍ദ്രമനോഹരങ്ങളാണ്. ഗവേഷകനായ അബ്ദുറഹിമാന്‍ മങ്ങാടിന്റെ ശേഖരത്തില്‍ ഇതത്രയും ഭദ്രം. മുഹമ്മദിന്റെ പാട്ടുലോകത്തെ മാത്രം ഒരു ഗവേഷണത്തിനു വിധേയമാക്കണം. അറബി മലയാളത്തില്‍ മുഹമ്മദിനു നല്ല വ്യുല്‍പ്പത്തി ഉണ്ടായിരുന്നു. അന്നത്തെ അല്‍ മുര്‍ശിദിലേക്ക് മുഹമ്മദ് എഴുതിയ കത്തുകളും കവിതകളും ഗവേഷകനായ അബ്ദുറഹിമാന്‍ മങ്ങാട് കണ്ടെത്തിയിട്ടുണ്ട്.
സക്കാത്ത് എന്നും ഒരു കടമ്പയാണ്. പ്രത്യേകിച്ചു കൈയിലുള്ളതു നല്‍കുന്ന പ്രക്രിയയാകുമ്പോള്‍. കിത്താബുകളില്‍ എണ്ണിപ്പറയാത്ത വസ്തുക്കള്‍ക്ക് സക്കാത്ത് നല്‍കേണ്ടതില്ല എന്ന രക്ഷപ്പെടല്‍ വിദഗ്ദ്ധരുടെ കൗശലങ്ങളെ മറിച്ചിടാനാണ് ആധുനിക ചിന്തകള്‍ എന്ന പ്രൗഢ പ്രബന്ധം മുഹമ്മദ് എഴുതിയത്. ഇസ്ലാമിക ശരീഅത്തിനെതിരെ എന്‍.പി. മുഹമ്മദും സമാന ചിന്തകരും നടത്തിയ കടന്നാക്രമണത്തോടെയാണ് എറണാകുളത്ത് സംഘാടനം ചെയ്ത ഇസ്ലാമിക സെമിനാര്‍ ശ്രദ്ധേയമായത്. ഈ ദൃശമണ്ഡലത്തില്‍ ഇസ്ലാമിന്റെ പക്ഷത്തുനിന്ന് മുഹമ്മദ് നടത്തിയ ഇടപെടലാണ് ആധുനിക ചിന്തകളിലെ മറ്റൊരു ലേഖനം. ബാങ്കും ഇന്‍ഷുറന്‍സും ആധുനിക സാമ്പത്തിക വ്യവഹാര മണ്ഡലങ്ങളെയും മുഹമ്മദ് ഗഹനതയില്‍ തന്നെ പഠിച്ചറിഞ്ഞു.
മുഹമ്മദിന്റെ മറ്റു ചില രചനകള്‍ കൂടിയുണ്ട്. തര്‍ബിയത്ത്, സിഹ്‌റ്, ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുടങ്ങിയുള്ളവ. ഇവയില്‍ പലതും പ്രസ്ഥാനത്തിന്റെ ഏതെങ്കിലും സമ്മേളന ആവശ്യത്തിലേക്കോ അല്ലെങ്കില്‍ പ്രബോധനത്തില്‍ സന്ദര്‍ഭവശാല്‍ പ്രസിദ്ധീകരിച്ചതോ ആയ ലേഖനങ്ങളുടെ സമാഹാരങ്ങളാണ്. അങ്ങനെ സമാഹരിക്കാന്‍ ശ്രമിച്ചാല്‍ പഴയ പ്രബോധനത്താളുകളില്‍ ടി.എം രചനകള്‍ കൊണ്ടു കുമിഞ്ഞതാണ്. ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമി കേരള ശാഖാ സമ്മേളനത്തില്‍ വായിച്ചതാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍. നൂഹ് പ്രവാചകന്റെ ദൗത്യം മുതല്‍ ആധുനിക കാലത്തെ ഇസ്ലാമിക പ്രസ്ഥാനം വരെ ഇതില്‍ തുടുത്തു നില്‍ക്കുന്നു. സംക്ഷിപ്തമെങ്കിലും ഖബറാരാധനയെപ്പറ്റി മുഹമ്മദിന്റെ ഒരു പഠന ലേഖനമുണ്ട്. ഇതൊക്കെയും നിരീക്ഷണം കൊണ്ടു ശ്രദ്ധേയമാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ചുമതലക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഉചിത ഗ്രന്ഥങ്ങള്‍ കണ്ടെത്തുക, അവ പ്രസാധനത്തിന്റെ സഹസ്ര വിഘ്‌നങ്ങള്‍ മറികടക്കുക. ഇതുകൂടി ഗവേഷണ സപര്യക്കിടയില്‍ തന്നെ അദ്ദേഹം ചെയ്തുതീര്‍ത്ത സുകൃതങ്ങളാണ്.
തീര്‍ച്ചയായും ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ട് ജൂലായ് പത്തിന് തന്റെ എഴുപത്തിരണ്ടാം വയസ്സില്‍ ഭൗതിക ജീവിതത്തില്‍ നിന്നും തിരിച്ചുപോകുമ്പോള്‍ അദ്ദേഹം ഇവിടെ വിട്ടേച്ചതും കൂടെക്കരുതിയതും ഒന്നുതന്നെ. എല്ലുറപ്പുള്ള ഒരു പ്രസ്ഥാനം. ധിഷണാ ശേഷി തുളുമ്പുന്ന ഒരു പ്രസിദ്ധീകരണാലയം. നിരവധി പുസ്തകങ്ങള്‍. പരശ്ശതം ശിഷ്യഗണങ്ങള്‍. തന്റെ ജ്ഞാനപ്രവര്‍ത്തനത്തില്‍ മുഹമ്മദിനു പറ്റിയ ഒരു പരിമിതിയുണ്ട്. ഗവേഷണ പഠനത്തിന് അദ്ദേഹം ഏതെങ്കിലും ഒരു മണ്ഡലം തെരഞ്ഞെടുത്തില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തില്‍ നിന്നു കണ്ടെത്തലുകളുടെ അല്‍ഭുതപ്രവാഹങ്ങള്‍ സംഭവിക്കുമായിരുന്നു. ഭിന്നവും തീര്‍ത്തും വിരുദ്ധവുമായ ജ്ഞാനപാഠ പ്രദേശങ്ങളിലാണയാള്‍ തന്റെ ഗവേഷണം വികസിപ്പിച്ചത്. അതുകൊണ്ടു തന്നെ ഉപലബ്ധങ്ങള്‍ കുറഞ്ഞുപോയി. അദ്ദേഹം എത്തിച്ചേടത്തുനിന്നും ഗവേഷണ പ്രൗഢിയെ പുതിയ ഗവേഷകര്‍ വികസിപ്പിച്ചുമില്ല.
സാമ്പ്രദായിക ശൈലിയിലുള്ള ജീവിതവൃത്തികളേയും അന്വേഷണോപാധികളേയും വെല്ലുവിളിച്ച് ജ്ഞാന സമ്പാദനത്തിന് തന്റേതു മാത്രമായ പാത തേടിപ്പോയ വ്യക്തിയായിരുന്നു അദ്ദേഹം. അക്കാദമിക മാനദണ്ഡങ്ങളുപയോഗിച്ച് അളന്നാല്‍ ടി.എം ഒരു പണ്ഡിതനായിരുന്നില്ല. വിദ്യാസ്ഥാപനങ്ങള്‍ അണിയിച്ചുകൊടുക്കുന്ന ബിരുദങ്ങളുടെ മേലാപ്പുകളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഈ അലങ്കാരങ്ങളൊന്നുമില്ലാതിരുന്നിട്ടും അദ്ദേഹം പണ്ഡിതനായി. കര്‍മശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ തലനാരിഴ കീറി അപഗ്രഥിച്ച് ശരിയും തെറ്റും നിര്‍ണ്ണയിക്കുന്നതാണ് ഇസ്ലാമിക ചിന്തയെന്ന് വ്യവഹരിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അദ്ദേഹം അത്തരം ഫലിതങ്ങളില്‍ നിന്ന് പുറംതിരിഞ്ഞു നടന്നു.
അപൂര്‍വലബ്ധമായ സിദ്ധികള്‍ മൂലം ഔന്നത്യങ്ങളിലേക്കുയര്‍ന്ന ഒരാളായിരുന്നില്ല ടി.എം. മറിച്ച് അതികഠിനമായ സാധനകളിലൂടെ ലക്ഷ്യം കണ്ടെത്തിയ വ്യക്തിയായിരുന്നു. രണ്ടാംതരത്തിലേക്കുള്ള വഴിയിലെവിടെയോ വെച്ച് മുറിഞ്ഞു വീണ അക്ഷരങ്ങളുടെ ചരടിലൂടെയാണ് ഈ ഗവേഷക യോഗി അറബി, ഉര്‍ദു, മലയാളം, സംസ്‌കൃതം തുടങ്ങിയ ഭാഷകളുടെ അക്ഷയനിധികളിലേക്ക് കടന്നുചെന്നത്. അക്കാലത്ത് മുസ്ലിം സമുദായത്തില്‍ ഇത് ഒരല്‍ഭുതം തന്നെയായിരുന്നു. ഈ ശ്‌ളഥാക്ഷരങ്ങള്‍ കൂട്ടി വായിച്ചു പഠിച്ച് അദ്ദേഹം ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകളുടെ പ്രഭവ സ്ഥാനങ്ങള്‍ കണ്ടെത്തി. ആര്‍ഷ പ്രോക്ത ധാര്‍മ്മിക മൂല്യങ്ങളുടെ അകം പൊരുളും മധ്യ പൗരസ്ത്യ സൈകത ഭൂമികളില്‍ ഇതള്‍ വിരിഞ്ഞ മതദര്‍ശനങ്ങളുടെ അന്തസ്സത്തയും ഒരേ വെളിച്ചമാണ് പ്രസരിപ്പിക്കുന്നതെന്ന് കണ്ടെത്താന്‍ ടി.എം അനുഷ്ഠിച്ച ത്യാഗത്തിന് ഉപമകളില്ല. സാമ്പ്രദായിക ശൈലിയിലുള്ള ഗവേഷണ പദ്ധതികളെ അദ്ദേഹം നിരാകരിച്ചു എന്നത് മാത്രമായിരുന്നില്ല അതിനു കാരണം, അതിനുള്ള അസരങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നതുകൂടിയായിരുന്നു. അക്കാദമികളുടെ അഭ്യാസപ്പറമ്പുകള്‍ക്കപ്പുറത്തെവിടെയോ ഇരുന്ന്, തന്റെ കുടുസ്സു മുറിയുടെ ഇരുട്ടിലേക്ക് കണ്ടെത്തലുകളുടെ പ്രകാശം പ്രസരിപ്പിക്കാന്‍ ശ്രമിച്ച വലിയ എഴുത്തുകാരനായിരുന്നു അപ്പോഴും ടി. മുഹമ്മദ്.