പൊതുപാഠ്യ പദ്ധതിയിലെ മുസ്‌ലിം ചരിത്ര പ്രാതിനിധ്യം

എസ്. ഖമറുദ്ദീന്‍   (സെക്രട്ടറി, വിദ്യാ കൗണ്‍സില്‍)

രിത്ര പഠനം സ്‌കൂളുകളില്‍ സാമൂഹ്യ ശാസ്ത്രപാഠങ്ങളുടെ ഭാഗമാണ്. ഭൂമിശാസ്ത്രവും സാമൂഹ്യ വിജ്ഞാനവും ധനതത്വശാസ്ത്രവും രാഷ്ട്രതന്ത്രവും നമുക്ക്  ചുറ്റുമുള്ള വര്‍ത്തമാനത്തെ പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ചരിത്ര പാഠങ്ങള്‍, എങ്ങനെ ഈ വര്‍ത്തമാനം രൂപപ്പെടുന്നുവെന്നാണ് സംസാരിക്കുന്നത്. അതുകൊണ്ടാകാം, എന്‍ സി ഇ ആര്‍ ടി ആറു മുതല്‍ എട്ടുവരെയുള്ള ചരിത്രപുസ്തകത്തിന് 'അവര്‍ പാസ്റ്റ്' എന്ന് പേരിട്ടത്. കഴിഞ്ഞ കാലത്തെകുറിച്ചുള്ള യഥാതഥമായ അറിവ്, വര്‍ത്തമാനത്തെ നിരൂപണം ചെയ്യുവാനും ഭാവി ആസൂത്രണം ചെയ്യുവാനും അനിവാര്യമാണ്. ചരിത്രപാഠ്യപദ്ധതികളും അവയെ അടിസ്ഥാനമാക്കി രൂപം കൊടുത്ത പാഠപുസ്തകങ്ങളും നമ്മുടെ കഴിഞ്ഞ കാലത്തെ തനതായ രൂപത്തില്‍ പ്രതിനിധീകരിക്കുന്നുവോ എന്ന അന്വേഷണം അനിവാര്യമാണ്. പുതിയ പാഠ്യപദ്ധതി ചരിത്ര പഠനം കേവലം പാഠപുസ്തക കേന്ദ്രീകൃതമാകരുത് എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. പ്രത്യേകിച്ചും ചരിത്രപഠനം ക്ലാസ്സ്‌റൂമിനപ്പുറം സമൂഹത്തെ ബന്ധിപ്പിക്കുന്നതും വിമര്‍ശനാത്മകവും  ആകണമെന്നും 2005-ലെ ദേശീയ കരിക്കുലം ഫ്രൈം വര്‍ക്ക് അനുശാസിക്കുന്നു. എന്നാല്‍ ചരിത്ര-സാമൂഹ്യശാസ്ത്രപഠനത്തെ സംബന്ധിച്ചേടത്തോളം ഇപ്പോഴും മുഖ്യമായ അധ്യയന മാധ്യമം പാഠപുസ്തകങ്ങളാണെന്ന് ഫോസ്റ്ററും ക്രാഫോര്‍ഡും (2006) വിവിധ രാജ്യാനുഭവങ്ങള്‍ വിലയിരുത്തി, നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, പാഠ്യപദ്ധതിയുടെ വിലയിരുത്തല്‍, പാഠപുസ്തകങ്ങളുടെ വിലയിരുത്തലായി സമീകരിക്കാവുന്നതാണ്.
പാഠ്യപദ്ധതിയെ വിലയിരുത്തുമ്പോള്‍, പാഠ്യപദ്ധതി രൂപീകരണം, പാഠപുസ്തക നിര്‍മ്മാണം എന്നിവയെ കുറിച്ചുള്ള പ്രസക്തമായ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നുണ്ട്. മൈക്കിള്‍ ആപ്പിള്‍ (1993) നിരീക്ഷിക്കുന്നു: 'കരിക്കുലമെന്നത് ഒരിക്കലും വിജ്ഞാനത്തിന്റെ പക്ഷപാത രഹിതമായ സമാഹരണമല്ല. പാഠപുസ്തകവും ക്ലാസ്സ് റൂമുകളും അങ്ങനെത്തന്നെ. പാഠപുസ്തക നിര്‍മ്മാണത്തില്‍ എല്ലായ്‌പ്പോഴും ഒരു പരമ്പരാഗത രീതിയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന  ചിലരുടെ സെലക്ഷന്‍, ചില വിഭാഗങ്ങളുടെ കാഴ്ചപ്പാട് അംഗീകൃത വിജ്ഞാനമായി രൂപപ്പെടുത്തുന്നു. ഔദ്യോഗിക അറിവുകളാക്കുന്നു. സമൂഹത്തില്‍ അധികാരമുള്ളവരുടെ കാഴ്ചപ്പാടുകള്‍ വളരെ പ്രധാനമായി ഉള്‍ച്ചേര്‍ക്കപ്പെടുമ്പോള്‍, ചില വിഭാഗങ്ങള്‍ ചിത്രത്തിലേ ഉണ്ടാവില്ല'. പാഠ്യപദ്ധതി രൂപീകരണത്തിലും പാഠപുസ്തക നിര്‍മ്മാണത്തിലും പ്രത്യേകിച്ചും സാമൂഹ്യശാസ്ത്ര വിഷയത്തില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളെ കുറിച്ച് എന്‍ സി എഫ് (2005) തന്നെ ഓര്‍മ്മിപ്പിക്കുന്നത് നോക്കുക. നമ്മുടേത് പോലുള്ള ഒരു ബഹുസ്വരസമൂഹത്തില്‍,  പാഠപുസ്തകം എല്ലാ പ്രദേശങ്ങള്‍ക്കും സാമൂഹ്യ സംഘങ്ങള്‍ക്കും ബന്ധമുള്ളതായി അനുഭവ വേദ്യമാകണം. പ്രസക്തമായ പ്രാദേശിക സംഭവവികാസങ്ങള്‍, പ്രാദേശിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അധ്യയന - പഠന ബോധനത്തിന്റെ ഭാഗമാക്കണം. (പേജ്. 50)
പാഠ്യപദ്ധതികളുടെ ബാഹ്യമായ തെളിവുകളാണ് പാഠപുസ്തകങ്ങള്‍ എന്ന് നിരീക്ഷിച്ച്  കൊണ്ട്, പാഠ്യപദ്ധതി മുന്‍നിര്‍ത്തി, പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പരിശോധനയാണ് ഞാനിവിടെ നിര്‍വ്വഹിക്കുന്നത്. അവയുടെ അധ്യാപന ശാസ്ത്രത്തെയോ, അവയെങ്ങനെ ക്ലാസ്സ് റൂമില്‍ വിനിമയം ചെയ്യപ്പെടുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്നോ ഇവിടെ പരിശോധിക്കുന്നില്ല. അധ്യാപന സഹായികളെയോ പഠനാനുബന്ധ നിര്‍ദ്ദേശങ്ങളോ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുസ്‌ലിം  ചരിത്രത്തിന്റെ പ്രാതിനിധ്യത്തെ അടിസ്ഥാനമാക്കി ദേശീയമായ പാഠ്യപദ്ധതിയോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ പാഠ്യപദ്ധതികളോ പുസ്തകങ്ങളോ വിലയിരുത്തപ്പെട്ടതായി കാണുന്നില്ല.    
2007 ലെ കേരള കരിക്കുലം ഫ്രൈം വര്‍ക്ക്, സാമൂഹ്യശാസ്ത്ര പുസ്തകത്തെ സംബന്ധിച്ച്, ഉള്ളടക്കത്തിന്റെ വലുപ്പത്തിന്, വിവരങ്ങളുടെ ബാഹുല്യത്തിന് കുറവു വരുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. അത് കൊണ്ട് തന്നെ പരമ്പരാഗതമായ ചരിത്ര കഥനരീതി ഒഴിവാക്കപ്പെടുകയും പുതിയ സമീപനങ്ങള്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ചരിത്രപഠനത്തിലെയും സാമൂഹ്യശാസ്ത്രത്തിലെയും പുതിയ വികാസങ്ങളെയും സമീപനങ്ങളെയും രീതിശാസ്ത്രങ്ങളെയും പാഠപുസ്തകത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിച്ചതായി നമുക്ക് കാണാം. സൂക്ഷ്മ ചരിത്രവും കീഴാള ചരിത്രവും സാംസ്‌ക്കാരിക പഠനവും സ്ത്രീ പഠനങ്ങളുമൊക്കെ  പാഠ്യപദ്ധതിയുടെ ഭാഗമായി  ചേര്‍ന്നിരിക്കുന്നുവെന്നത് സന്തോഷകരമാണ്. പക്ഷെ, പലപ്പോഴും ഇത്തരം ക്രമീകരണങ്ങളില്‍ വെട്ടിമാറ്റപ്പെടുന്നതില്‍  മുസ്‌ലിം ചരിത്ര സംഭവങ്ങളോ വ്യക്തിത്വങ്ങളോ മാത്രം വിധേയമാകപ്പെടുന്നുവെന്നതാണ് സത്യം. സാമൂഹ്യ ശാസ്ത്രം പുതിയ പാഠ്യപദ്ധതിയനുസരിച്ച് ഒന്നു-രണ്ട് ക്ലാസ്സുകളില്‍ ഗണിതം ഭാഷാപഠനം എന്നിവയോടൊപ്പം ഉദ്ഗ്രഥിതമാണ്. മൂന്നു - നാലു ക്ലാസ്സുകളിലെ ശാസ്ത്ര സാമൂഹ്യശാസ്ത്രപാഠങ്ങള്‍, പരിസ്ഥിതി പഠനം എന്നപേരിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകളിലാണ് പ്രത്യേക സാമൂഹ്യ ശാസ്ത്ര പുസ്തകങ്ങളുള്ളത്. അഞ്ച് - ആറ് പുസ്തകങ്ങളില്‍ പരമ്പരാഗത ചരിത്രവിവരങ്ങള്‍ കണ്ടെത്താനാവില്ല. അതിനാല്‍ അവയില്‍ മുസ്‌ലിം ചരിത്ര പ്രാതിനിധ്യവുമില്ല. (പട്ടിക 1)
ഏഴാം ക്ലാസ്സില്‍ 10ല്‍ ഒരധ്യായവും എട്ടാം ക്ലാസ്സില്‍ 13 ല്‍ മൂന്ന് അധ്യായങ്ങളും ഒന്‍പതില്‍ 18 ല്‍ നാല് അധ്യായങ്ങളും ചരിത്രപാഠങ്ങളാണ്. ഇവയില്‍ എട്ടാം ക്ലാസ്സില്‍ 23.07%  മുസ്‌ലിം ചരിത്ര പ്രാതിനിധ്യമുള്ളപ്പോള്‍ ഏഴാം ക്ലാസ്സില്‍ 10% പ്രാതിനിധ്യമുണ്ട്. മൊത്തം 84 അധ്യായങ്ങളില്‍ മുസ്‌ലിം ചരിത്രം പരാമര്‍ശിക്കുന്ന 10 അധ്യായങ്ങളാണ് (11.9%) ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പാഠപുസ്തകത്തില്‍ മലബാര്‍ കലാപം മൂന്നുപ്രാവശ്യം (viii & x) പരാമര്‍ശിക്കപ്പെടുന്നു. അതില്‍ രണ്ട് പ്രാവശ്യവും ഒരു കര്‍ഷക കലാപമായി പരിചയപ്പെടുത്തുമ്പോള്‍ ഒരു പ്രാവശ്യമാണ് ഖിലാഫത്ത് പ്രസ്ഥാനത്തോട് ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യുന്നത്. ഹൈദരാലി-ടിപ്പു സുല്‍ത്താന്‍ എന്നിവരെ കേരളത്തെ ആക്രമിച്ചവരായി മാത്രം പരിചയപ്പെടുത്തുന്നു. ഒപ്പം നാട്ടുരാജാക്കന്‍മാരില്‍ നിന്ന് പണം കൈപ്പറ്റി പിന്‍വാങ്ങുകയും ചെയ്തുവെന്ന പരാമര്‍ശവും ഉണ്ട്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പൊരുതി  മരിച്ച കാര്യം പരാമര്‍ശിക്കപ്പെട്ടിട്ടില്ല. കേരളത്തിന്റെ സാമൂഹ്യ പരിഷ്‌ക്കരണത്തിലെ  ടിപ്പുവിന്റെ പങ്കിനെക്കുറിച്ചും മൗനം പാലിക്കുന്നു. ഗ്രീക്ക് - റോമന്‍ സംസ്‌ക്കാരങ്ങള്‍ വിശദമായി പരിചയപ്പെടുത്തുകയും ആധുനിക ലോകത്തിന്റെ ഉദയത്തെകുറിച്ചും വളര്‍ച്ചയെകുറിച്ചും വിശദമായി പാഠപുസ്തകത്തിലുള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. നവോത്ഥാനത്തിന് കണ്ണിയായ ഇസ്‌ലാമിക സംസ്‌കാരത്തെ അറബി കച്ചവടക്കാര്‍ എന്ന സംജ്ഞയില്‍ മാത്രം ഒതുക്കിയിരിക്കുന്നു. സ്ത്രീപഠനത്തിനായി ഒരു പ്രത്യേക അധ്യായം തന്നെ (7ാം അധ്യായം: അടുക്കളയില്‍ നിന്ന് ആകാശത്തേക്ക്) ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതിയില്‍ അറയ്ക്കല്‍ രാജകുടുംബത്തിന്റെ  സവിശേഷത പരാമര്‍ശിക്കപ്പെടുന്നതേയില്ല. ദല്‍ഹി സുല്‍ത്താന്‍മാരുടെയും മുഗളരുടെയും ചില ഭരണ രീതികള്‍മാത്രം പരിചയപ്പെടുത്തുന്നതില്‍ മധ്യകാല ഇന്ത്യാചരിത്രം ചുരുക്കപ്പെട്ടിരിക്കുന്നു. ചെറുത്തുനില്‍പ്പിന്റെ പ്രാദേശിക മാതൃകകള്‍ (എട്ടാം തരം, ഭാഗം 1 പേജ് 53) അവതരിപ്പിക്കുന്നേടത്ത് കുഞ്ഞാലിമരക്കാര്‍ ഒഴിവാക്കപ്പെട്ടത് നീതീകരിക്കാവുന്നതല്ല.
   എന്‍ സി ഈ ആര്‍ ടി യുടെ യു പി, ഗുജറാത്ത് , വെസ്റ്റ് ബംഗാള്‍ പാഠപുസ്തകങ്ങള്‍ വിലയിരുത്തിയ ദീപ്ത ഭോഗ് (2009), Text-book Regimes: A Feminist Critique a Nation and Identity എന്ന പുസ്തകത്തില്‍, പാഠപുസ്തകങ്ങളില്‍ അപരവല്‍ക്കരിക്കപ്പെട്ടവരുടെ തമസ്‌ക്കരണത്തെക്കുറിച്ചും തെറ്റായ പ്രതിനിധാനത്തെകുറിച്ചും വിശദീകരിക്കുന്നുണ്ട്. ഗുജറാത്തിലെ 5,6 ക്ലാസ്സുകളിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍, ഹൈന്ദവ പാഠങ്ങളാക്കി ചുരുക്കി, ചരിത്രവും മിത്തും കൂട്ടികലര്‍ത്തി അവതരിപ്പിക്കുന്നതോടൊപ്പം, സൈന്ധവ-മുസ്‌ലിം ചരിത്ര തമസ്‌ക്കരണവും നടത്തുന്നതായി ആശാ ഫോര്‍ എഡ്യൂക്കേഷന്‍ എന്ന ഏജന്‍സി Review of social studies Text-book (Gujarath) എന്ന പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ബാല്‍ ഭാരതി പാഠപുസ്തകങ്ങളില്‍ ജാതിപോലെ  മതവും സമതുലനത്തോടെ പ്രതിനിധീകരിക്കപ്പെട്ടിട്ടില്ല. മുസ്‌ലിം സമൂഹം ഈ പുസ്തകങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂവെന്ന് കിഷോര്‍ ഡറക് (2012) തന്റെ പഠനത്തില്‍ നിരീക്ഷിക്കുന്നു.
കേരളത്തിലെ 5 മുതല്‍ 10 വെരയുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളില്‍ 45 സ്ഥലങ്ങളില്‍ ഇസ്‌ലാം / മുസ്‌ലിം പരാമര്‍ശങ്ങളും ഏഴോളം വ്യക്തി ചിത്രങ്ങളും നമുക്ക് കാണാം. (കമറുദ്ദീന്‍, 2013). മൗലാനാ അബുല്‍ കലാം ആസാദ് പോലുള്ള ദേശീയ നേതാക്കളെ പരിചയപ്പെടുത്താന്‍ വിട്ടുപോയിരിക്കുന്നു. (പട്ടിക.2, പട്ടിക.3) ദേശീയതലത്തില്‍ 1961 ലാണ് NCERT രൂപീകൃതമാകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ആദ്യമായി ടെക്സ്റ്റ് ബുക് കമ്മിറ്റികള്‍ ഉണ്ടാകുന്നത്. കോളനിവല്‍ക്കരണകാലം മുതല്‍ ജാനാധിപത്യത്തിന്റെ ഈ കാലം വരെയും ചരിത്ര പാഠപുസ്തകങ്ങള്‍ രാഷ്ട്രീയ ആയുധവും ഭരണാധികാരികളോട് സ്‌നേഹ വിധേയത്വങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാര്‍ഗവുമായാണ് വികസിപ്പിക്കപ്പെട്ടിരിക്കുന്നത്.
History Text-book in India : Naratives of Religious Nationalism എന്ന തന്റെ പഠനത്തില്‍ കെ.എന്‍. പണിക്കരും Portrayal of Muslims in medieval india in history text-books എന്ന പ്രബന്ധത്തില്‍ നിഹാരിക ശങ്ക്‌രിത്യായനനും എന്‍ സി ഇ ആര്‍ ടി ചരിത്രപുസ്തകങ്ങളുടെ നിര്‍മ്മാണത്തിലെ രാഷ്ട്രീയ താല്പര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അധിനിവേശ സ്വാധീനത്തില്‍ തയ്യാറാക്കപ്പെട്ടിരുന്ന പാഠപുസ്തകങ്ങളുടെ പുനര്‍രചനയ്ക്കാണ് എന്‍ സി ഇ ആര്‍ ടി ശ്രമം ആരംഭിച്ചത്. അവര്‍ തയ്യാറാക്കിയ ചരിത്രപാഠപുസ്തകങ്ങള്‍ അക്കാദമിക കാരണങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും ശ്രദ്ധിക്കപ്പെട്ടു.  ശാസ്ത്രീയ സമീപന രീതിയും  കൃത്യമായി ഒരു ഫ്രെയിമിന്റെ അടിസ്ഥാനത്തിലും നിര്‍മ്മിക്കപ്പെട്ട  ഈ പുസ്തകങ്ങള്‍, വളരെ പ്രസിദ്ധരായ റൊമീല ഥാപ്പര്‍, രാം ശരണ്‍ ശര്‍മ്മ, സതീഷ് ചന്ദ്ര, ബിപന്‍ ചന്ദ്ര പോലുള്ള ചരിത്രകാരന്‍മാരുടെ രചനകളെ പാഠപുസ്തകങ്ങളുടെ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു.
    പുസ്തകങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് സ്വാധീനമുണ്ടെന്ന ആക്ഷേപങ്ങള്‍ ഉണ്ടായി. ആ പുസ്തകങ്ങളിലെ മുസ്‌ലിം ചരിത്ര പ്രാതിനിധ്യവും വിമര്‍ശിക്കപ്പെട്ടു. 1978-ല്‍ റൊമീല ഥാപ്പറുടെ Medieval India എന്ന പാഠഭാഗം, ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അധികാരികള്‍ പിന്‍വലിച്ചു. മുസ്‌ലിം കാഴ്ചപ്പാടുകളോട് അനുകൂല സമീപനം സ്വീകരിക്കുന്നുവെന്നും ഹിന്ദു പൈതൃകത്തോട് വലിയ മമത പുലര്‍ത്തുന്നില്ലെന്നതുമാണ് പിന്‍വലിക്കാനുണ്ടായ കാരണം. ഇസ്‌ലാമിക / മുസ്‌ലിം ചരിത്രം, വിശകലനങ്ങളില്ലാതെ പ്രാഥമിക ഉറവിടങ്ങളില്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്ന പ്രവണത ഇന്നും നിലനില്‍ക്കുന്നതായി കാണാം. ഇപ്പോള്‍ ഫ്‌ളോറിഡയിലെ പബ്ലിക് സ്‌കൂളുകളിലെ ചരിത്ര പഠനത്തിന് സ്‌കൂള്‍ ബോര്‍ഡ്  അംഗീകരിച്ച പിയേര്‍സന്‍ കമ്പനിയുടെ World History എന്ന പാഠപുസ്തകത്തിനെതിരെ ശക്തമായ പ്രചാരവേല നടക്കുന്നു. 32 പേജുകളില്‍ ഇസ്‌ലാമിക സംസ്‌കാരത്തെ വിശദമായി പരിചയപ്പെടുത്തുന്ന പാഠഭാഗത്തിനെതിരെ, ജൂത-ക്രൈസ്തവ ലോബികളാണ് രംഗത്തുള്ളത്. ഇന്ന് എന്‍ സി ഇ ആര്‍ ടി പഠിപ്പിച്ച് കൊണ്ടിരിക്കുന്ന ചരിത്രപാഠങ്ങള്‍ 1998ലെ കാവിവല്‍ക്കരണത്തെ മറികടന്നു വന്നവയാണ്. കാവിയെ പ്രതിരോധിക്കല്‍ (De Saffronisation) നടത്തിയവയാണ് ഈ ചരിത്ര പുസ്തകങ്ങള്‍ എന്ന് പറയുന്നുണ്ടെങ്കിലും അത് സമ്പൂര്‍ണ്ണമായി ശരിയാകണമെന്നില്ല. ഹിന്ദുമതാത്മകമായ ദേശീയതയെയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്.
ആറാം ക്ലാസ്സ് മുതലാണ് എന്‍ സി ഇ ആര്‍ ടി പ്രത്യേക ചരിത്രപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തെ, മതത്തെ ഒരു മാര്‍ക്കറാക്കി ജയിംസ് മില്‍ ഹിന്ദുകാലഘട്ടം, മുസ്‌ലിം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്ന് തരം തിരിക്കുന്നുണ്ട്. ഇപ്പോഴും പാഠപുസ്തകങ്ങളുടെ വിന്യാസത്തില്‍ അത് കാണാം. അവര്‍ പാസ്റ്റ്‌സിന്റെ അഞ്ചുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസ്സുകളിലെ പുസ്തകങ്ങള്‍, ഇതേ ശ്രേണി തുടരുന്നുണ്ട്. മുസ്‌ലിം ചരിത്ര പ്രാതിനിധ്യം VI ല്‍ 8.33% ഉം VIIല്‍ 60% അധ്യായങ്ങളിലുമുണ്ട്. ആകെയുള്ള 44 അധ്യായങ്ങളില്‍ 22.72% മുസ്‌ലിം പ്രാതിനിധ്യം വഹിക്കുന്നതായി കാണാം. ആറാം ക്ലാസ്സ് പുസ്തകം ഓരോ അധ്യായവും ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ തന്റെ പ്രശ്‌നം അവതരിപ്പിക്കുന്ന രീതിയിലാണ് ആരംഭിക്കുന്നത്. ഒന്നാമത്തെ അധ്യായം തുടങ്ങുന്നത് റഷീദയെന്ന മുസ്‌ലിം പെണ്‍കുട്ടിയിലൂടെയാണ്. Else Where എന്ന അനുബന്ധകോളത്തില്‍, ബുദ്ധ-ജൈനമതങ്ങളെ പരിചയപ്പെടുത്തുന്നേടത്ത്, അറബികളെയും ഇസ്‌ലാമിനെയും പരിചയപ്പെടുത്തുന്നു. ഇസ്‌ലാമിന്റെ ഇന്ത്യയിലേക്കുള്ള ആഗമനം സിന്ധാക്രമണമാണ് എന്ന് മാത്രം പറഞ്ഞവസാനിപ്പിക്കുന്നു.
ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മധ്യകാല ഇന്ത്യയുടെ ചരിത്രമാണ് അധികവും പരാമര്‍ശിക്കുന്നത്. ഇസ്‌ലാമിലെ ഷിയ- സുന്നി- സൂഫിസരണികള്‍, ഹൈദരാബാദ്- അവധ്- ബംഗാള്‍ രാജവംശങ്ങള്‍ എന്നിവ പുസ്തകത്തില്‍ വിശദീകരിക്കപ്പെടുന്നു. നിരവധി ചിത്രങ്ങള്‍ ആനുഷംഗികമായി നല്‍കിയിട്ടുള്ളത്, ഇസ്‌ലാമിക  സാംസ്‌ക്കാരിക സംഭാവനകളെ പരിചയപ്പെടുത്തുന്നു. എട്ടാം ക്ലാസ്സിലെ പുസ്തകം ടിപ്പുസുല്‍ത്താനെ പരിചയപ്പെടുത്തുന്നു. ഒന്‍പതില്‍ സി. കേശവന്റെ ഒരു ഉദ്ധരണിയില്‍ മാത്രമാണ് ഇസ്‌ലാം പരാമര്‍ശിക്കപ്പെടുന്നത്. പത്താം ക്ലാസ്സിലെ, സ്വാതന്ത്ര്യസമരത്തെകുറിച്ച് പറയുന്നേടത്ത്, ഇഖ്ബാലിനെ മുസ്‌ലിംലീഗ് പ്രണേതാവായി പരിചയപ്പെടുത്തുന്നു. അബ്ദുല്‍ ഗഫാര്‍ ഖാന്‍ ഒരു പരാമര്‍ശത്തിലും മൗലാന ആസാദ് ഒരു ചിത്രത്തിലും മാത്രം. സാഹിത്യചരിത്രം പറയുന്നേടത്ത് വൈക്കം മുഹമ്മദ് ബഷീറൊഴികെ, കേരള മുസ്‌ലിം ചരിത്രം എന്‍ സി ഇ ആര്‍ ടി പുസ്തകത്തില്‍ ഇടം നേടിയിട്ടേയില്ല.
സിന്ധുനദീതട സംസ്‌കാരത്തെ ഹൈന്ദവതയുടെ ഭാഗമാക്കാനും ആര്യന്‍മാര്‍ ഇന്ത്യക്കാരാണെന്ന് സ്ഥാപിക്കാനും ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം ഹൈന്ദവതയാണെന്ന് സ്ഥാപിക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ഇതര ജനവിഭാഗങ്ങളുടെ പങ്കാളിത്വത്തെ തമസ്‌ക്കരിക്കാനുള്ള ശ്രമം എന്‍ സി ഇ ആര്‍ ടി പുസ്തകങ്ങളില്‍ പല ഘട്ടങ്ങളിലായി നടന്നിട്ടുണ്ടെന്ന് കെ.എന്‍. പണിക്കര്‍ നിരീക്ഷിക്കുന്നു. പാഠപുസ്തകങ്ങളിലെ ജേതാക്കളുടെ പക്ഷപാതം (Winners bias) പ്രത്യേകിച്ചും ചരിത്രപാഠങ്ങളിലേത് ഒരു പൊതു പ്രവണതയാണെന്നും അവയെ മറികടക്കാന്‍ വിമര്‍ശനാത്മക ധാരണ(Critical Comprehension)ക്ലാസ്സ് റൂമുകളില്‍ ഉപയോഗിക്കണമെന്നും ഗ്ലെന്‍ ദേവൂഡ്, തന്റെ  Critical Comprehension of Social Science Texts എന്ന പഠനത്തില്‍ അഭിപ്രായപ്പെടുന്നു. സി ബി എസ് സി കരിക്കുലത്തില്‍, എട്ടാം ക്ലാസ്സുവരെ പാഠപുസ്തക നിര്‍മാണത്തിനുള്ള സാധ്യത ഉപയോഗപ്പെടുത്തി, പാരലല്‍ പുസ്തകങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ദേശീയതലത്തില്‍ 3% മാത്രമേ എന്‍ സി ഇ ആര്‍ ടി പുസ്തകങ്ങള്‍ ഉപയോഗിക്കപ്പെടുന്നുള്ളൂവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. യഥാര്‍ത്ഥ ചരിത്രം പരിചയപ്പെടുത്തുന്നതിന് ബദല്‍ പാഠപുസ്തക നിര്‍മ്മാണം ആലോചിക്കാവുന്നതാണ്. എസ് സി ഇ ആര്‍ ടി , എന്‍ സി ഇ ആര്‍ ടി പാഠപുസ്തക കമ്മറ്റികള്‍ക്ക് മുന്നില്‍ വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടുകള്‍ എത്തിക്കുന്നതിനും ശ്രമങ്ങളുണ്ടാകണം.

Reference

1. A Report of the committee constituted for reviewing the Text-books of Social Science/ Political Sciences for Classes IX-XII. Coustituted by NCERT. (2012) P.24
2. Bhog, Deeptha (2009) Text Book Regimes: A Feminist Critique of Nation and Identity.
3. Committee on the study of Teaching materials in intergroup Relations. “ Intergroup Relations in Teaching materials” washington DC, American Council of Education , 1947.
Cited in Michal B. Kane “ Minorities in text-books: A study of their Treatment is social studies texts (New youk: Anti Defamation league of Bnai birth 1970. P.1
4.” Cast Diserimination against Dalits of so called unto.............. in india” presented at the 17th session of the committee on the elimination of racial discrimination.
5. Darak, Kishore. “ Prescribed margilization” www. india- seminar.com 2012 / 638.
6. Dhamkar, Rohitetal “ curriculam, syllubus and Text-books.” Position paper of National Focus Group. NCERT, New Delhi, 2006.
7. Devoogd, Glen; Critical Comprehension of Social Science Texts, RHI Megazine.
7. Eckhardf. fuchs . “ Current trends in history and social studies Text-book Research,” CICE hiroshima university, Journal of international co-operation in education, 001.14.No 2 (2011) PP 17434
8. Foster S.J OF cravford , K.A (eds), 2006.What shall we tell the children? international perspective on school history Text-books. Greenwich, connectiant : Information Age publishing.
9. Jimmie livsin, “ An Analysis of the Treatment of Religion, the black, American and women in the American History Text-books. Used by the public, private and paroclial high school of the city and country of saiutlouis, missouri, 1972 - 1973. PP 36-37.
10. L. marcsu, “ The Treatment of minorities in secondary school Text books. (New york: Anti defamation league of bnai birth, 1961)
11. Loretta crolden , The Treatment of minority groups in primary social studies Text-books (Ed. D. dissertation stanford university , 1964).
12. NCERT Text-books, New Delhi.
13. “ Review of Social Studies Text-book in Gujarat. Asha for Education. www.ashanet.org
14. സാമൂഹ്യശാസ്ത്ര പുസ്തകങ്ങള്‍, കേരളം
15. കേരള സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലെ ഇസ്‌ലാം / മുസ്‌ലിം പ്രാതിനിധ്യം 2013 എസ്. കമറുദ്ദീന്‍.

author image
AUTHOR: എസ്. ഖമറുദ്ദീന്‍
   (സെക്രട്ടറി, വിദ്യാ കൗണ്‍സില്‍)