അനാഥ സംരക്ഷണം നിര്‍ബന്ധമായ സാമൂഹ്യ ബാധ്യതയായാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. വ്യക്തിതലത്തില്‍ അനുഷ്ഠിച്ചു വരുന്ന ആരാധനകള്‍ പോലെ തന്നെ വിശ്വാസികളുടെ ബാധ്യതയാണ് സാമൂഹിക സേവനമെന്നതും. അനാഥകളെ ആദരിക്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം അവരെ അവഗണിക്കുന്നതും അകറ്റി നിര്‍ത്തുന്നതും മത നിഷേധമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. പ്രവാചകസാമീപ്യത്തിനുള്ള ഏറ്റവും അനുയോജ്യവഴിയും അനാഥ സംരക്ഷണം തന്നെ. ഈ തിരിച്ചറിവ് മുസ്‌ലിം സമൂഹത്തിനുണ്ടായിരുന്നതിനാല്‍ അനാഥശാലാ പ്രസ്ഥാനം കേരള സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടുകയും കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഗുണപരമായ മാറ്റങ്ങള്‍ക്ക് ഭൗതികമായും ധാര്‍മ്മികമായും - നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. പതിറ്റാണ്ടുകളായി കേരള മുസ്‌ലിം സമൂഹത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും ചെറുതല്ലാത്തൊരു പങ്ക് അനാഥശാലകള്‍ നിര്‍വ്വഹിച്ചു വന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ചും ചെലവഴിക്കപ്പെടുന്ന അധ്വാനത്തിനനുസരിച്ചുമുള്ള ഒരു ഫലം സമൂഹത്തിനു ലഭിക്കുന്നുവോ എന്ന ചോദ്യം പ്രസക്തമെങ്കിലും, ചെയ്തുവരുന്ന സേവനങ്ങളെ അവമതിക്കാനത് ന്യായമാവുന്നില്ല.
അനാഥശാലകള്‍ ഇസ്‌ലാമിക സമൂഹത്തില്‍
മത പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രൈസ്തവര്‍ അനാഥ സംരക്ഷണം വളരെ മുമ്പെ ഏറ്റെടുത്തിരുന്നുവെങ്കിലും വ്യവസ്ഥാപിത രൂപത്തില്‍ കേരള മുസ്‌ലിംകള്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് 1922 - ല്‍ കോഴിക്കോട്ട് ജെ. ഡി. റ്റി ഇസ്‌ലാം ഓര്‍ഫനേജ് സ്ഥാപിക്കുന്നതിലൂടെയാണ്. ''മികവിന്റെ പുതിയ ചക്രവാളങ്ങളിലേക്ക്'' എന്ന മുദ്രാവാക്യവുമായി കുതിച്ച് കൊണ്ടിരിക്കുന്ന ജെ. ഡി. റ്റി സ്ഥാപനങ്ങളുടെ ഉത്ഭവത്തിന് കടപ്പാട് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത പഞ്ചാബിലെ സമ്പന്നനും സ്വാതന്ത്ര്യ സമര സേനാനിയുമായ അബ്ദുല്‍ ഖാദര്‍ ഖസൂരിയുടെ നിസ്വാര്‍ത്ഥ സേവനത്തോടാണ്. സ്വാതന്ത്ര്യ സമരനായകരില്‍ പ്രമുഖനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അഭ്യര്‍ത്ഥന പ്രകാരം 1921 മലബാര്‍ കലാപാനന്തര മുസ്‌ലിം സമൂഹത്തിന്റെ പരിതാവസ്ഥ നേരിട്ടു മനസ്സിലാക്കുന്നതിനായി അദ്ദേഹം മലബാര്‍ സന്ദര്‍ശിക്കുകയും കലാപത്തിനിരയായ കുടുംബത്തിലെ കുട്ടികളെ സംരക്ഷിക്കുന്നതിനായി ജെ. ഡി. റ്റി ഇസ്‌ലാം ഓര്‍ഫനേജ് സ്ഥാപിക്കുകയും ചെയ്തു. 20000 ലധികം അനാഥകള്‍ക്ക് വെളിച്ചമേകിയ ജെ. ഡി. റ്റി, 26 സ്ഥാപനങ്ങളിലായി 12,000 ലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമാണിന്ന്. അനാഥര്‍ക്ക്, മത, ഭൗതിക, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നുവെന്നത് ജെ. ഡി. റ്റിയുടെ പ്രത്യേകതകളിലൊന്നാണ്.
1943 ല്‍ പരക്കെ പിടിപെട്ട കോളറ മൂലം നിരവധി കുടുംബങ്ങള്‍ അനാഥമാക്കപ്പെട്ട സാമൂഹിക പശ്ചാത്തലത്തെ ധീരമായി നേരിട്ട് കൊണ്ട് മര്‍ഹൂം കെ. എം മൗലവി, എം. കെ ഹാജി സാഹിബ്, സീതി സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍, നേരത്തേ സ്ഥാപിക്കപ്പെട്ട ജെ. ഡി. റ്റി ഇസ്‌ലാം ഓര്‍ഫനേജിന്റെ ശാഖ എന്ന നിലക്ക് 114 അനാഥകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് 1943 ഡിസംബറില്‍ തിരൂരങ്ങാടി ഓര്‍ഫനേജ് നിലവില്‍ വന്നു. അനുബന്ധ സ്ഥാപനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസമുള്‍പ്പെടെ നല്‍കുന്നതിലൂടെ ആയിരങ്ങളെ സനാഥരാക്കിയ ഒരു പാരമ്പര്യമാണ് സ്ഥാപനത്തിനുള്ളത്. 22 കുട്ടികളുമായി 1956 ല്‍ സ്ഥാപിതമായ മുക്കം മുസ്‌ലിം ഓര്‍ഫനേജ് അനാഥശാലകള്‍ക്ക് വഴികാട്ടിയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അതീവ ശ്രദ്ധയും നല്‍കിവരുന്ന സ്ഥാപനമാണ്.
പ്രവര്‍ത്തന മേഖലകള്‍:
അനാഥകളുടെ ഭക്ഷണം, താമസം, വസ്ത്രം, ചികിത്സ, മത - ഭൗതിക - തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഉപരിപഠനം, തൊഴില്‍, പുനരധിവാസം, ഭവനനിര്‍മ്മാണം, പെണ്‍കുട്ടികളുടെ വിവാഹം എന്നീ മേഖലകളിലാണ് സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. അനുബന്ധ സ്ഥാപനങ്ങളുടെ നടത്തിപ്പ് വിദ്യാര്‍ത്ഥികളുടെ ശാക്തീകരണത്തിന് പ്രേരകമാവുന്നുണ്ട്. മികച്ച വിദ്യാഭ്യാസം തന്നെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി നിലവാരമുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുകയും പഠന വൈകല്യമുള്ളവരെ കണ്ടെത്തി പരിഹാര ബോധനം നല്‍കിവരുകയും ചെയ്യുന്നു. മുഖ്യധാരാ വിദ്യാര്‍ത്ഥികളുമായി മത്സരിക്കുന്നതിനും ചിലപ്പോഴെങ്കിലും അവരേക്കാള്‍ മികവ് പ്രകടിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് കഴിയാറുണ്ട്. അനാഥശാല അന്തരീക്ഷത്തിന്റെ പരിമിതകള്‍ക്കകത്തു നിന്നു കൊണ്ടു തന്നെ സുരക്ഷാബോധം വളര്‍ത്തുന്നതിനും അപകര്‍ഷതാ ബോധം ഇല്ലാതാക്കുന്നതിനും സ്ഥാപനങ്ങള്‍ ശ്രമിച്ചു വരുന്നു. അനുയോജ്യരായ വരന്മാരെ കണ്ടെത്തി പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുക എന്നത് പെണ്‍കുട്ടികള്‍ പഠിക്കുന്ന മിക്ക അനാഥശാലകളും ഇന്ന് മുഖ്യ അജണ്ടയായി അംഗീകരിച്ചിട്ടുള്ളത് പ്രശംസനീയമായ പുതിയൊരു കാല്‍വെപ്പാണ്. സ്ത്രീ വിദ്യാഭ്യാസത്തിന് സമൂഹം ശ്രമിച്ചു തുടങ്ങിയതിന് വളരെ മുമ്പുതന്നെ നമ്മുടെ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് അതിന് സൗകര്യം ലഭിച്ചിരുന്നു.
അനാഥശാലാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും ഏകീകരണവും നല്‍കുന്ന ഏജന്‍സികള്‍:
1. സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ Board of control or Orphanages and other charitable Homes:
The Orphanages and other Charitable Homes (Supervision and control) Act 1960 പ്രകാരം നിലവില്‍ വന്ന ഈ ഏജന്‍സി അനാഥ ശാല പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു വരുന്നു. സാമൂഹ്യ ക്ഷേമ വകുപ്പ് രൂപീകരണത്തിന് മുമ്പ് ജയില്‍ വകുപ്പിന് കീഴിലായിരുന്നു അനാഥ ശാലകള്‍. അംഗീകൃത സ്ഥാപന നടത്തിപ്പിനായി ഗ്രാന്റ് അനുവദിക്കുക, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുവോ എന്നു പരിശോധിക്കുക, കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചക്കുതകുന്ന കലാസാഹിത്യ കായിക മത്സരങ്ങള്‍ ജില്ല - സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുക, വൃദ്ധ ഭവനങ്ങള്‍, ശിശു മന്ദിരങ്ങള്‍ എന്നിവ നടത്തുക എന്നിവയാണ് മേല്‍ ഏജന്‍സിയുടെ പ്രധാന ചുമതലകള്‍. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 21 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നിലവില്‍ ഗ്രാന്റ് നല്‍കി വരുന്നുണ്ട്.
2. കേരള സ്റ്റേറ്റ് മുസ്‌ലിം ഓര്‍ഫനേജസ് കോ ഓഡിനേഷന്‍ കമ്മിറ്റി (KSMOCC).
എല്ലാ മുസ്‌ലിം വിഭാഗങ്ങളുടെയും പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായ ഒരു സംവിധാനമാണിത്. 1983 - ല്‍ കോഴിക്കോട് ആസ്ഥാനമായി രൂപീകരിക്കപ്പെട്ട KSMOCC മുസ്‌ലിം സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ക്രിയാത്മകമായി ഇടപെടുകയും ഗുണപരമായ മാറ്റങ്ങള്‍ക്കായി നൂതന പരിപാടികള്‍ നടപ്പിലാക്കി വരികയും ചെയ്യുന്നു. സ്ഥാപന നടത്തിപ്പിന് ശാസ്ത്രീയ രീതികള്‍ പരിചയപ്പെടുത്തുക, അംഗ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്നു ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി സര്‍ക്കാറിന് നിവേദനങ്ങള്‍ സമര്‍പ്പിക്കുക, അനാഥശാല നടത്തിപ്പില്‍ പ്രൊഫഷണലിസം പരിചയപ്പെടുത്തുക, പരമ്പരാഗത രീതികളുടെ കരുത്ത് അംഗീകരിച്ചു കൊണ്ടു തന്നെ ആധുനിക രീതികള്‍ അവലംബിക്കുക, ഉപരിപഠന, തൊഴില്‍, പുനരധിവാസ രംഗങ്ങളില്‍ അംഗ സ്ഥാപനങ്ങളെ സഹായിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. മാനേജ്‌മെന്റിന് ശാസ്ത്രീയ രീതികള്‍ പരിചയപ്പെടുത്തുന്നതിനായി പഠന ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതോടൊപ്പം ജീവനക്കാരെ ശാക്തീകരിക്കുന്നതിനായി പ്രത്യേക ഓറിയന്റേഷന്‍ ക്ലാസുകളും നടത്തി വരുന്നു. വിദ്യാര്‍ത്ഥികളുമായി നേരിട്ട് ഇടപെടുന്ന വിഭാഗമെന്ന നിലക്ക് ഇവരുടെ തൊഴില്‍ നൈപുണ്യവും കഴിവുകളും കാലോചിതമായി മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മനഃശാസ്ത്രം, പരിഹാരബോധന രീതികള്‍, കുട്ടികളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്താനുള്ള പരിപാടികള്‍, അനാഥശാല അന്തരീക്ഷം ഗൃഹാന്തരീക്ഷമാക്കി പരിവര്‍ത്തിപ്പിക്കല്‍, പാരന്റിംഗ് തുടങ്ങിയ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഓറിയന്റേഷന്‍ ക്യാമ്പുകള്‍ക്ക് ശേഷം അവരുടെ മനോഭാവത്തിലുണ്ടായ മാറ്റം സ്ഥാപന നടത്തിപ്പിന് വളരെയധികം സഹായകമാവുന്നുണ്ട്. കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്കായി പഠന, പരീക്ഷാ മാര്‍ഗ നിര്‍ദ്ദേശ ക്ലാസ്സുകള്‍, വ്യക്തിത്വ വികസനത്തിനായുള്ള പരിപാടികള്‍ എന്നിവക്കൊപ്പം മികവിനുള്ള അംഗീകാരമായി അവാര്‍ഡ് വിതരണ പരിപാടികളും കലാ കായിക മത്സരങ്ങളും നടത്തി വരുന്നു. സമുദായത്തിന് കീഴിലെ ഉന്നത കലാലയങ്ങളില്‍ ഉപരിപഠനത്തിനായി സീറ്റുകള്‍ ലഭ്യമാക്കുന്നിനോടൊപ്പം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയായി വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി അനാഥശാല കുട്ടികള്‍ക്ക് മാത്രമായി മുസ്‌ലിം ഓര്‍ഫനേജസ് ടീച്ചര്‍ ട്രൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, മുസ്‌ലിം ഓര്‍ഫനേജസ് കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് എന്നീ സ്ഥാപനങ്ങളും ഒരു Employment Bureau യും KSMOCC ക്ക് കീഴില്‍ നടന്ന് വരുന്നു.
3. Association of Orphanages and other Charitable Institutions Kerala: മുസ്‌ലിം സമുദായത്തിന് പുറമെ എല്ലാ മത വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുള്ള ഒരു സംവിധാനമാണിത്.
4. Center for Information and Guidance of India (CIGI)
അനാഥശാല വിദ്യാര്‍ത്ഥികളുടെ ശാക്തീകരണത്തിനായി നടത്തപ്പെടുന്ന പരിപാടികള്‍ക്ക് സാങ്കേതിക സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശവും സിജി കാലങ്ങളായി നല്‍കി വരുന്നുണ്ട്. സിജിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ REVIVE, STEP പരിപാടികള്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.
കൂടാതെ വിവിധ മത സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, പ്രാദേശിക കൂട്ടായ്മകള്‍, മഹല്ല് സംവിധാനങ്ങള്‍, ഗള്‍ഫ് മലയാളികള്‍, നാട്ടിലെ മനുഷ്യ സ്‌നേഹികളും ത്യാഗ സന്നദ്ധരുമായ സമ്പന്നര്‍ എന്നീ വിഭാഗങ്ങളൊക്കെയും അനാഥശാലകള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കി വരികയും അനാഥ സംരക്ഷണം തങ്ങളുടെ ബാധ്യതയായി മനസ്സിലാക്കുകയും ചെയ്തു വരുന്നത് നടത്തിപ്പിന് ഒട്ടേറെ സഹായകമാണ്.
അനാഥ ശാലകള്‍ സാധിച്ച വിപ്ലവം
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, സാമൂഹികമായി അവഗണിക്കപ്പെട്ട ഒരു വിഭാഗത്തെ മത, ഭൗതിക സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ചു എന്ന് സമാന്യമായി അനാഥശാലാ പ്രവര്‍ത്തനങ്ങളെ വിലയിരുത്താം. അനാഥ വിദ്യാര്‍ത്ഥികളില്‍ കണ്ടു വരുന്ന അപകര്‍ഷതാബോധം അതിജയിക്കുന്നതിനുള്ള വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലൂടെ ദിശാബോധവും കാഴ്ച്ചപ്പാടുമുള്ള ഒരു സമൂഹ നിര്‍മ്മിതിയാണ് സ്ഥാപനങ്ങള്‍ ചെയ്തു വരുന്നത്. പതിറ്റാണ്ടുകളായി കേരളീയ സാമൂഹിക പരിവര്‍ത്തനത്തിന് നിശബ്ദമായി പ്രവര്‍ത്തിച്ച് വരുന്ന അനാഥശാലകള്‍ കുരുത്തുറ്റ ഒരു നവ സമൂഹ സൃഷ്ടിയാണ് ലക്ഷ്യം വെക്കുന്നത്.
സമൂഹത്തിന്റെ വിവിധ തുറകളില്‍ - മത, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ സേവന വിദ്യാഭ്യാസ വ്യവസായ മേഖലകളില്‍ - അനാഥശാല വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം ശക്തമാണ്. തങ്ങളെ സനാഥരും, സ്വയം പര്യാപ്തരുമാക്കിയ നന്മേച്ഛുക്കളോടുള്ള നന്ദി സൂചകമായി സമൂഹ നിര്‍മ്മിതിയില്‍ തങ്ങളുടേതായ പങ്ക് ഇവര്‍ നിര്‍വ്വഹിച്ചു വരുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിരവധിയുണ്ട്. അവരില്‍ പലരും പ്രത്യേക പരിഗണനകളൊന്നുമില്ലാതെ, മികവിന്റെ അടിസ്ഥാനത്തില്‍ മുഖ്യധാര വിഭാഗങ്ങളുമായി മത്സരിച്ച് ഉന്നതിയിലെത്തിയവരാണ്. അന്തസ്സിന്റെ അടയാളമായി പരിഗണിക്കപ്പെടുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലകളിലും ഇവരുടെ സാന്നിധ്യം ശക്തമാണ്. സിവില്‍ സര്‍വ്വീസ് പരീക്ഷകളില്‍ പോലും ഉയര്‍ന്ന റാങ്ക് നേടി I A S കരസ്ഥമാക്കിയവര്‍ വരെ അക്കൂട്ടത്തിലുണ്ട്. അനാഥശാലകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിലും ഇവര്‍ സജീവമായി ഇടപെടുന്നു.
പൊതു സമൂഹത്തിന് കൂടി ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇന്ന് പല സ്ഥാപനങ്ങളും നടത്തപ്പെടുന്നത്. വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളായി പരിവര്‍ത്തിക്കപ്പെട്ട സ്ഥാപനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. അവഗണിക്കപ്പെടുന്ന മറ്റു വിഭാഗങ്ങളായ ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കായി പ്രത്യേക സ്ഥാപനങ്ങള്‍ ആരംഭിച്ചതിലൂടെ അവരെ മുഖ്യധാരയിലെത്തിക്കുന്നതിന് അനാഥശാലകള്‍ക്ക് സാധിച്ചു. മിക്ക സ്ഥാപനങ്ങളുടെയും വാര്‍ഷികാഘോഷങ്ങള്‍ പ്രദേശത്തിന്റെ ഉത്സവവും സമുദായ ശാക്തീകരണത്തിന് അനുഗുണമായിട്ടുള്ള പദ്ധതികള്‍ കൂടി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായതിനാല്‍ പൊതു സമൂഹം തന്നെയാണ് പ്രാഥമിക ഗുണഭോക്താക്കള്‍. അനാഥ സംരക്ഷണ രീതികളോടുള്ള വിയോജിപ്പ് മൂലവും 'യതീംഖാനകള്‍' എന്ന പദ പ്രയോഗം സൃഷ്ടിക്കുന്ന അപകര്‍ഷതാ ബോധവും കാരണമായി അര്‍ഹരായ ചിലരെങ്കിലും ഇത്തരം സംവിധാനങ്ങളുമായി അകല്‍ച്ച പാലിക്കുന്നു എന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ നിരവധി പ്രദേശങ്ങളില്‍ വീടുകളില്‍ നേരിട്ട് സഹായമെത്തിക്കുന്ന സംവിധാനവും ഇന്ന് നിലവിലുണ്ട്. കുടുംബത്തിന്റെ ഭാഗമായി മാതാവിന്റെയോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടേയോ സംരക്ഷണത്തിലും ശ്രദ്ധയിലും തന്നെ കുട്ടികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതോടൊപ്പം ഇത്തരം കുട്ടികളുടെ, ധാര്‍മ്മിക, സ്വഭാവ സംസ്‌ക്കരണ, വിദ്യാഭ്യാസ പുരോഗതി വിലയിരുത്തി വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള സംവിധാനവും ഇന്നുണ്ട്.
പൊതു വിദ്യാഭ്യാസ ആരോഗ്യമേഖലയില്‍ പൊതുവെ പ്രശംസിക്കപ്പെടുന്ന കേരള മോഡല്‍ സാമൂഹ്യ സേവന രംഗത്ത് കൂടി പ്രസക്തമാക്കിക്കൊണ്ട് നമ്മുടെ പല അനാഥശാലകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കി വരുന്നത് വലിയൊരാശ്വാസം തന്നെയാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള നിരുത്സാഹപ്പെടുത്തലുകളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിസ്സഹകരണത്തെയും അതിജയിച്ച് കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
പ്രൊഫഷണലിസം അനാഥശാല നടത്തിപ്പില്‍
ലഭ്യമായ വിഭവങ്ങളില്‍ നിന്നും പരമാവധി ഫലം ലഭിക്കുന്നതിനായി സ്ഥാപന നടത്തിപ്പില്‍ കാലോചിതമായ പരിഷ്‌കാരങ്ങളാവശ്യമാണെന്നതില്‍ അഭിപ്രായവത്യാസമുണ്ടാവേണ്ടതില്ല. ചെറിയൊരു ശ്രദ്ധകൊണ്ടും ഊന്നലുകളിലെ മാറ്റം കൊണ്ടും വന്‍ കുതിച്ചു ചാട്ടം തന്നെ ഈ മേഖലയില്‍ പ്രതീക്ഷിക്കാവുന്നതാണ്. മതപരമായ ബാധ്യത എന്ന നിലയിലാണ് നാം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും യഥാര്‍ത്ഥ ലക്ഷ്യത്തെ സംബന്ധിച്ച് നാം ഇനിയും ഉണരേണ്ടതായിട്ടുണ്ട്. അനാഥകളോടും അനാഥശാലകളോടുമുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ കാതലായമാറ്റം ഉണ്ടാവുന്നതും സമൂഹസൃഷ്ടിയില്‍ അവരെക്കൂടി പങ്കാളികളാക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നതും ഉചിതമായിരിക്കും. വിഭവ സമാഹരണ, വിനിയോഗ രംഗങ്ങളില്‍ കൃത്യമായ ആസൂത്രണത്തിന്റെ അഭാവം മൂലമുണ്ടാവുന്ന നഷ്ടം വളരെ വലുതാണ്. നൂതന സംരംഭങ്ങള്‍ അനാഥകള്‍ക്കെങ്ങനെ ഉപകരിക്കുമെന്ന ചിന്തയും പ്രസക്തമാണ്.
സ്ഥാപന നടത്തിപ്പ് കാര്യക്ഷമമാകുന്നതിനായി വിവിധ തുറകളില്‍ പ്രശസ്തരും സേവന സന്നദ്ധരും ധാര്‍മ്മിക നിഷ്ഠയുള്ളവരുമായ വ്യക്തികളെ കണ്ടെത്തി ഉപസമിതികളിലൂടെ ചുമതലകള്‍ വീതിച്ചു വികേന്ദ്രീകരണം നടപ്പിലാക്കുന്നതിലൂടെ ചിലയിടങ്ങളിലെങ്കിലുമുള്ള നിശ്ചലാവസ്ഥ പരിഹരിക്കാവുന്നതാണ്. സ്ഥാപന അന്തരീക്ഷം കുട്ടികളില്‍ മടുപ്പുളവാക്കുന്നതാണെന്ന വിലയിരുത്തല്‍ പരിഗണിക്കുകയും സുരക്ഷിതമായ ഗൃഹാന്തരീക്ഷം ഒരുക്കുന്നതിനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെ സമീപനത്തിലും വലിയ മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. പ്രവേശന സമയത്ത് തന്നെ കുട്ടിയെയും കുട്ടിയുടെ കുടുംബ പശ്ചാത്തലത്തെയും മനസ്സിലാക്കി വ്യക്തിഗത ശ്രദ്ധ നല്‍കി മാനസിക വളര്‍ച്ചക്കുപകരിക്കുന്ന പരിപാടികള്‍ നടപ്പാക്കുന്നതിലൂടെ കുട്ടിയെ ശക്തമായി സ്വാധീനിക്കുന്നതായി കണ്ടു വരുന്ന അപകര്‍ഷതാ ബോധം, നശീകരണ വാസന, കുറ്റകൃത്യങ്ങള്‍ക്കുള്ള താല്‍പര്യം, അന്യതാബോധം എന്നിവ ഇല്ലാതാക്കുന്നതിനുപകരിക്കുമെന്നത് ആധുനിക മനഃശാസ്ത്ര സിദ്ധാന്തങ്ങള്‍ കൂടി അംഗീകരിച്ചിട്ടുള്ളതാണ്.
സാമ്പത്തിക ഭദ്രത, അനുബന്ധ സ്ഥാപനങ്ങളുടെ എണ്ണം, പ്രാദേശിക പിന്തുണ, വിദഗ്ധരുടെ സാന്നിധ്യം, ആധുനിക ഭൗതിക സൗകര്യങ്ങള്‍ എന്നീ രംഗങ്ങളില്‍ സ്ഥാപനങ്ങള്‍ പല തട്ടിലായതിനാല്‍ ക്ലസ്റ്റര്‍ രൂപീകരണത്തിലൂടെ സാധ്യമായ തലങ്ങളില്‍ വിഭവങ്ങള്‍ പങ്കു വെക്കുന്നതിലൂടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതും നല്ലതായിരിക്കും. പുനരധിവാസത്തിന് ഇപ്പോള്‍ നല്‍കി വരുന്ന ശ്രമം അപര്യാപ്തമായതിനാല്‍ പലകുട്ടികളും പരിതാവസ്ഥയില്‍ തന്നെ തുടരേണ്ടിവരുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു ആവശ്യമായ മാറ്റങ്ങളും ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് പ്രായപരിധി 21 വയസ്സ് വരെയാക്കി ഉയര്‍ത്തിയെങ്കിലും കര്‍മശാസ്ത്രപരമായ അവലോകനങ്ങള്‍ അവലംബമാക്കി സഹായം അത്യാവശ്യമായ ഘട്ടത്തില്‍ അത് നിഷേധിക്കുന്നത് ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കെതിരാണെന്നത് വളരെ വ്യക്തമാണ്. സര്‍ക്കാര്‍ തലത്തില്‍ ഉപരി പഠന തൊഴില്‍ രംഗങ്ങളില്‍ അനാഥകള്‍ക്ക് പ്രത്യേക പരിഗണക്കായി ശ്രമിക്കുന്നത് സാമൂഹ്യ നീതിയുടെ തന്നെ തേട്ടമാണ്.
അനാഥ, അഗതി വിഭാഗങ്ങളിലെ കുട്ടികളുടെ കുറവ് പല സ്ഥാപനങ്ങളിലുമുണ്ട്. സൗകര്യങ്ങള്‍ കൂടുതലും ഗുണഭോക്താക്കള്‍ കുറവുമെന്ന ഈ അവസ്ഥക്ക് പരിഹാരമെന്നോണം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചര്‍ച്ചകള്‍ ഗൗരവത്തിലെടുക്കപ്പെട്ടിട്ടില്ല. സഹായം അത്യാവശ്യമായ മറ്റു വിഭാഗങ്ങള്‍ക്കായി ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. അനാഥശാല പ്രസ്ഥാനം സമൂഹ പുനര്‍നിര്‍മിതിയില്‍ വഹിച്ച പങ്കിനെ സംബന്ധിച്ചുള്ള വ്യവസ്ഥാപിത പഠനം ഇനിയും നടക്കേണ്ടതായിട്ടുണ്ട്. നേടിയത് വലുതെങ്കിലും നേടാനുള്ളതാണ് കൂടുതല്‍ എന്ന് അംഗീകരിക്കലാകും ബുദ്ധി.