മൗലാനാ അബുസ്സബാഹ് അഹ്മദ് അലി കൈറോവിലെ ലോക പ്രസിദ്ധമായ, ആയിരം വര്‍ഷം പഴക്കമുള്ള അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത, പുരോഗമനചിന്തയുടെ വക്താവായ മഹാപണ്ഡിതനും കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ എന്നും പ്രകാശം ചൊരിയുന്ന ഒരു പ്രഭാഗോപുരവുമാണ്. റൗദത്തുല്‍ ഉലൂം അറബി കോളേജ്, ഫാറൂഖ് കോളേജ്, ഫാറൂഖ് ഹൈസ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ബീജാവാപം നല്‍കിയ അബുസ്സബാഹ് ഒരു പുതിയ ചരിത്രം നിര്‍മിക്കുകയായിരുന്നു.
1905-ല്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഭുജാതനായ മൗലവി മദ്രസ, സ്‌കൂള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അന്നത്തെ നാട്ടുസമ്പ്രദായമനുസരിച്ച് പള്ളിദര്‍സുകളില്‍ ചേര്‍ന്ന് അറബി-ഇസ്‌ലാമിക വിഷയങ്ങള്‍ പഠിച്ചു. അവസാനമായി മയ്യഴിയിലെ ദര്‍സില്‍ പഠിച്ചശേഷം ബിരുദമെടുക്കാനായി നിലവിലുണ്ടായിരുന്ന രീതിയനുസരിച്ച് വെല്ലൂരിലെ ബാഖിയാത്തുസ്സാലിഹാത്ത് കോളേജില്‍ പ്രവേശനം കരസ്ഥമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രായക്കുറവ് കാരണം പറഞ്ഞ് ബാഖിയാത്തിന്റെ കവാടം അദ്ദേഹത്തിന് തുറന്നുകിട്ടിയില്ല. മയ്യഴിയിലെ ചില സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ച് കൊളംബോയിലേക്ക് പോയി. അവിടെ വെച്ച് അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പാസ്സായ ചില പണ്ഡിതന്മാരുമായി പരിചയപ്പെട്ടു. അവരില്‍ നിന്ന് ഈ മഹത്തായ സ്ഥാപനത്തിന്റെ ഉന്നതനിലവാരത്തെപ്പറ്റി മനസ്സിലാക്കിയപ്പോള്‍ അതില്‍ചേര്‍ന്നു പഠിക്കാന്‍ അടങ്ങാത്ത കൊതിയായി. നാട്ടിലേക്ക് മടങ്ങി തനിക്ക് അനന്തരമായി ലഭിച്ചിരുന്ന സ്വത്ത് വിറ്റ് യാത്രക്കുള്ള പണമൊരുക്കി ബോംബെയിലേക്ക് വണ്ടികയറി. എന്നാല്‍ വിസ കിട്ടാന്‍ മാസങ്ങളുടെ താമസം. ഈ ഇടവേള ഉര്‍ദുപഠിക്കാന്‍ ചെലവഴിച്ചു. 6 മാസത്തിന് ശേഷം 1924ല്‍ അദ്ദേഹം ഈജിപ്തിലേക്ക് കപ്പല്‍ കയറി.
അല്‍ അസ്ഹറില്‍ അന്നു വിദേശ വിദ്യാര്‍ത്ഥികളുടെ അഡിമിഷന്റെ ചാര്‍ജ് മാലി ദ്വീപുകാരനായ ശൈഖ് റുവാഖിനായിരുന്നു. പ്രായക്കുറവിന്റെ കാരണം പറഞ്ഞ് ഈ 19 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അവിടെയും അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. എങ്കിലും സാമര്‍ത്ഥ്യം ഉപയോഗിച്ച് 6 മാസത്തിനുശേഷം അല്‍ അസ്ഹര്‍ വിദ്യാര്‍ത്ഥിയായി. സാമ്പത്തിക പ്രയാസങ്ങള്‍ ഞെരുക്കുന്നുണ്ടായിരുന്നു. ചന്ദനത്തിരി നിര്‍മാണ വിദ്യ പരിശീലിച്ചു. അത് വിറ്റ് പണമുണ്ടാക്കി. അസ്ഹറില്‍ ഒരു പുസ്തകപ്പുഴുവാകാതെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഒരു വിദ്യാര്‍ത്ഥി സംഘടനക്ക് നേതൃത്വം നല്‍കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചിരുന്ന അവഗണനക്കെതിരില്‍ ശബ്ദമുയര്‍ത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന മൗലാനാ മുഹമ്മദലി അല്‍ അസ്ഹര്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയ സമ്മേളനത്തില്‍ സംസാരിച്ചത് അബുസ്സബാഹ് ആയിരുന്നു.
അല്‍ അസ്ഹര്‍ വിദ്യാര്‍ത്ഥിയായിരിക്കെ പ്രസിദ്ധപണ്ഡിതന്‍ തഫ്‌സീറുല്‍മനാര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായി സയ്യിദ് റശീദ് രിദായുമായി അബുസ്സബാഹ് ഏറ്റുമുട്ടിയ സന്ദര്‍ഭമുണ്ടായി. സുഊദികള്‍ ഹിജാസ് കീഴടക്കിയ ശേഷം അവിടെ ഏത് തരത്തിലുള്ള ഭരണമാണ് വേണ്ടത് എന്നതിനെ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ലോക മുസ്‌ലിം നേതാക്കളുടെ ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ഈജിപ്തില്‍ നിന്ന് സയ്യിദ് റശീദ് രിദാ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മൗലാനാ മുഹമ്മദലിയാണ് ചര്‍ച്ചക്കെത്തിയത്. ജനാധിപത്യക്രമം വേണമെന്ന് സ്വാതന്ത്ര്യവാദിയായ അദ്ദേഹം ശക്തമായി വാദിച്ചു. സയ്യിദ് റശീദ് രിദായെ ഇത് ചൊടിപ്പിച്ചു. അദ്ദേഹം ഈജിപ്തില്‍ തിരിച്ചെത്തിയ ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഇന്ത്യയില്‍ നടക്കുന്ന സ്വാതന്ത്ര്യസമരത്തെയും സുഊദിരാജാവിനെ വിലവെക്കാതെ മൗലാനാ മുഹമ്മദലി സംസാരിച്ചതിനെതിരെയും വിമര്‍ശിച്ചുകൊണ്ട് അല്‍ അഹ്‌റം പത്രത്തില്‍ ലേഖനമെഴുതി. അപ്പോള്‍ അബുസ്സബാഹിന്റെ ദേശീയ ബോധം ഉണര്‍ന്നു. റശീദ് രിദായെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം 'അഖ്ബാറുല്‍യൗം' പത്രത്തില്‍ മൂന്നുലക്കങ്ങളിലായി എഴുതി.
പത്തുവര്‍ഷത്തെ അല്‍അസ്ഹര്‍ ജീവിതത്തിന് വിരാമമിട്ട ശേഷം അബുസ്സബാഹ് സ്വദേശമായ ഇന്ത്യയിലേക്ക് കപ്പല്‍ കയറി. കറാച്ചിയില്‍ ഇറങ്ങിയ അദ്ദേഹം അവിടെ കുറച്ചുകാലം കഴിച്ചുകൂട്ടിയ ശേഷം ബീഹാര്‍, കല്‍ക്കത്ത എന്നിവിടങ്ങളില്‍ കഴിച്ചകൂട്ടി. അല്ലാമാ ഇഖ്ബാല്‍, മൗലാനാ ആസാദ് തുടങ്ങിയ പ്രഗത്ഭരായ നേതാക്കളുമായി പരിചയപ്പെട്ടു. തുടര്‍ന്ന് മദ്രാസിലെത്തിയ അബുസ്സബാഹ് ജമാലിയ കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയിരുന്ന സയ്യിദ് അബ്ദുല്‍ വഹാബ് ബുഖാരി സാഹിബുമായി ബന്ധപ്പെട്ടു. അദ്ദേഹം അബുസ്സബാഹിനെ തന്റെ കോളേജിലെ അധ്യാപകനായി നിയമിച്ചു. എന്നാല്‍ കോളേജിലെ ഒരു അധ്യാപകന്റെ ഗൃഹപ്രേവശന ചടങ്ങിനോടനുബന്ധിച്ച് നാട്ടിലെ ആചാരാമനുസരിച്ച് മഞ്ഞള്‍ കൊണ്ട് ഒരു മനുഷ്യരൂപമുണ്ടാക്കി ഒരു ദീപത്തിന്റെ അകമ്പടിയോടെ അതിനെ പ്രദക്ഷിണം വെക്കുന്ന ചടങ്ങുണ്ടായിരുന്നു. സഹാധ്യാപകന്‍ ശിര്‍ക്ക് (ബഹുദൈവാരാധന) പരമായ ഈ കര്‍മം ചെയ്തപ്പോള്‍ അബുസ്സബാഹിന് മൗനം പാലിക്കാന്‍ കഴിഞ്ഞില്ല. ആ ആദര്‍ശശാലി പരസ്യമായി എതിര്‍ത്തു. അധ്യാപകനുമായി വാക്കേറ്റമായി. മൗലാനാ സദസ്സ് വിട്ട് ഇറങ്ങിപ്പോയി. അപമാനിതനായ അധ്യാപകന്‍ അബുസ്സബാഹിനെതിരെ ഉപജാപങ്ങള്‍ സൃഷ്ടിച്ചു. അദ്ദേഹം സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച് പുറത്തുപോയി.
പിന്നെ പലനാടുകളിലും ചുറ്റിക്കറങ്ങിയ ശേഷം അദ്ദേഹത്തിന് കാട്ടില്‍ ഏകാന്തവാസത്തില്‍ കഴിയാന്‍ താല്‍പര്യമുണ്ടായി. കര്‍ണാടകയിലെ ഒരു മലയില്‍ വിശാലമായ ഒരു ഗുഹ തെരഞ്ഞെടുത്തു. കായ്ക്കനികള്‍ തിന്നും ചോലയില്‍ നിന്നുവെള്ളം കുടിച്ചും കഴിച്ചുകൂട്ടുന്നതിനിടയ്ക്ക് കലശലായ പനിപിടിച്ചു. പിന്നെ എന്ത് സംഭവിച്ചു എന്നറിഞ്ഞുകൂടാ. ബോധം തെളിഞ്ഞപ്പോള്‍ മലയുടെ അടിവാരത്ത് മുഹമ്മദ് സുല്‍ത്താന്‍ എന്ന ആളുടെ വസതിയിലാണ്. ഗുഹയില്‍ പ്രജ്ഞയറ്റു ഒരു മനുഷ്യന്‍ കിടക്കുന്നത് കണ്ടപ്പോള്‍ മലവാസികള്‍ എടുത്തുകൊണ്ടുവന്നതാണ്. എന്തോ അത്ഭുത സിദ്ധികളുണ്ടെന്ന ധാരണയില്‍ ജനങ്ങള്‍ അദ്ദേഹത്തെ സമീപിക്കുകയായി. ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറിത്താമസിക്കാന്‍ അബുസ്സബാഹ് താല്‍പര്യം പ്രകടിപ്പിച്ചതനുസരിച്ച് ഉപയോഗമില്ലാതെ കിടന്നിരുന്ന ഒരു പഴയ നിസ്‌കാരപ്പള്ളിയിലേക്ക് അദ്ദേഹത്തെ മാറ്റി.
മലപ്പുറത്തിനടുത്ത ആനക്കയത്തെ കുഞ്ഞാലിക്കുട്ടി ഹാജിക്ക് അബുസ്സബാഹ് തമാസിച്ചിരുന്ന സ്ഥലത്ത് ഭൂമിയുണ്ടായിരുന്നു. ഹാജി അദ്ദേഹത്തെ സന്ദര്‍ശിച്ചു പലവട്ടം തന്റെ വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചുകൊണ്ടിരുന്നു. അവസാനം അതിന് സമ്മതിച്ചു. പിറ്റേന്ന് തന്നെ മടങ്ങാനാണ് ആഗ്രഹിച്ചതെങ്കിലും ഹാജിയുടെ ആഗ്രഹത്തിന് വഴങ്ങി അവിടെ തങ്ങി. അപ്പോഴേക്കും കാട്ടില്‍ നിന്ന് ഏതോ സിദ്ധികളുള്ള ഒരു മനുഷ്യന്‍ ആനക്കയത്തെത്തിയെന്ന വാര്‍ത്ത പരന്നു. പോലീസ് അന്വേഷണമായി.
തനിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മതവിദ്യാഭ്യാസം നല്‍കാന്‍ ഒരു സ്ഥാപനം തുടങ്ങാനുള്ള ആഗ്രഹം അബുസ്സബാഹ് ഹാജിയുടെ മുമ്പില്‍ അവതരിപ്പിച്ചു. ആള്‍ താമസമില്ലാത്ത തന്റെ ഒരു വീട് ഹാജി അതിനായി സൗകര്യപ്പെടുത്തിക്കൊടുത്തു. വിദ്യാര്‍ത്ഥികളുടെ ഭക്ഷണച്ചെലവും താമസവും താന്‍ വഹിക്കാമെന്നും ആ ഉദാരമനസ്‌കനായ കര്‍ഷകന്‍ ഉറപ്പ് കൊടുത്തു. അങ്ങനെ 1942 ജനവരി 8-ാം തിയ്യതി സ്ഥാപനം ആരംഭിച്ചു. 'വിജ്ഞാന മലര്‍വാടി' അര്‍ത്ഥമുള്ള 'റൗദത്തുല്‍ ഉലൂം' എന്ന് സ്ഥാപനത്തിന് പേരിട്ടു. കോളേജിന്റെ വിപുലീകരണം ലക്ഷ്യം വെച്ച് 1944-ല്‍ അത് മഞ്ചേരിയിലേക്ക് മാറ്റി. 1945-ല്‍ കോളേജിന് മദ്രാസ് സര്‍വകലാശാലയുടെ അംഗീകാരം ലഭിച്ചു. 1946-ല്‍ മൗലവി അബുസ്സബാഹ് അഹ്മദ് അലി പ്രസിഡണ്ടും, അഡ്വ.എം.ഹൈദ്രൂസ് സെക്രട്ടറിയും കെ.എം.സീതിസാഹിബ് അടക്കം പല പ്രമുഖരും മെമ്പര്‍മാരുമായി റൗസത്തുല്‍ഉലൂം അസോസിയേഷന്‍ എന്ന സംഘടനക്ക് രൂപം നല്‍കി. അതേവര്‍ഷം തന്നെ അത് റജിസ്റ്റര്‍ ചെയ്യപ്പെട്ടു. കോളേജിന്റെ വിപുലീകരണത്തിന് പറ്റിയ സ്ഥലം അന്വേഷിച്ചുകൊണ്ടിരുന്നു. ഫറോക്കിലെ പുളിയാളി അബ്ദുള്ളകുട്ടി ഹാജി 28 ഏക്കര്‍ വരുന്ന കുന്നിന്‍ പ്രദേശം റൗസത്തുല്‍ഉലൂം അസോസിയേഷന് വഖ്ഫായിനല്‍കി. 1948-ല്‍ കോളേജ് മഞ്ചേരിയില്‍ നിന്ന് അവിടേക്ക് മാറ്റി.
മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്ക് ആധുനിക വിദ്യാഭ്യാസവും അനിവാര്യമാണെന്ന് മൗലാനാ അബുസ്സബാഹ് കണ്ടു. ഈ ആശയം പ്രമുഖ വ്യക്തികളുടെ മുമ്പില്‍ അവതരിപ്പിച്ചു. 1947ല്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം ഒരു 'ആര്‍ട്‌സ് ആന്റ് സയന്‍സ്' കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. 1947 സപ്തംബര്‍ 17 ന് മൗലവി മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ അതിനുള്ള അപേക്ഷ സമര്‍പ്പിച്ചു. അതിനാവശ്യമായ 600 രൂപ അദ്ദേഹം കടം വാങ്ങുകയായിരുന്നു. അത്രയും സാമ്പത്തിക പ്രയാസം അന്നുണ്ടായിരുന്നു. 1948-ല്‍ തന്നെ കോളേജിന് അംഗീകാരവും ലഭിച്ചു. അറബികോളേജിന് വേണ്ടി നിര്‍മിച്ച കെട്ടിടത്തില്‍ കോളേജ് ആരംഭിച്ചു. ഫാറൂഖ് കോളേജ് എന്ന് അതിന് നാമകരണം ചെയ്യപ്പെട്ടു. അറബി കോളേജിനും ഫാറൂഖ് കോളേജിനും കണ്ടു കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടു. അതിലെ മെമ്പര്‍മാരെ റൗദത്തുല്‍ഉലൂം അസോസിയേഷനില്‍ നിന്ന് തെരഞ്ഞെടുത്തു. അസോസിയേഷന്‍ പ്രസിഡണ്ടും അറബിക്കോളേജ് കമ്മറ്റി പ്രസിഡണ്ടും മാനേജരും പ്രിന്‍സിപ്പാളുമായി നിയോഗിക്കപ്പെട്ടു.
അറബിക്കോളേജ് അറബി, ഇസ്‌ലാമിക വിഷയങ്ങളില്‍ അവഗാഹം നേടിയ പണ്ഡിതന്മാരെ വാര്‍ത്തെടുത്ത് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അബുസ്സബാഹ് ഒരു പ്രത്യേക നയത്തിന്റെയും സമീപനത്തിന്റെയും വക്താവായിരുന്നു. ഉയര്‍ന്ന ചിന്തയും വിശാല വീക്ഷണവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. തന്റെ ശിഷ്യഗണങ്ങളിലും ഈ മനോഭാവം വളര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. അവരില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരില്‍ സി.പി.അബൂബക്കര്‍ മൗലവി, പ്രൊഫ. മങ്കട അബ്ദുല്‍ അസീസ്, എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി, ഹംസ മൗലവി ഫാറൂഖി, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ പേരില്‍ മക്കയിലെ റാബിതത്തുല്‍ ആലമില്‍ ഇസ്‌ലാമി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പിന് അറബിക്കേളേജ് വിദ്യാര്‍ത്ഥിയും പിന്നെ അധ്യാപകനുമായ ഹുസൈന്‍ മടവൂര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഇവിടെ അനുസ്മരണീയമാണ്. വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കുകയും പണ്ഡിത തലമുറകളെ വാര്‍ത്തെടുക്കുകയും ചെയ്ത മൗലാനാ അബുസ്സബാഹിന്റെ സംഭവബഹുലമായ ജീവിതം 1971 സപ്തംബര്‍ 10 ന് അവസാനിച്ചു.
അദ്ദേഹം 1948-ല്‍ സ്ഥാപിച്ച ഫാറൂഖ് കോളേജ് മലബാറിലെ ഒന്നാമത്തെ മുസ്‌ലിം ആര്‍ട്‌സ് ആന്റ് സയന്‍സ് ഫസ്റ്റ് ഗ്രേഡ് കോളേജായിരുന്നു. ഫറോക്കിലെ മുന്നിലകത്ത് വീട്ടില്‍ ക്ലാസ്സ് ആരംഭിച്ച കോളേജ് പിന്നെ അറബിക്കോളേജിന് വേണ്ടി നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. സെയ്ത് മുഹ്‌യദീന്‍ഷാ ആയിരുന്നു ഫാറൂഖ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പാള്‍. പ്രമുഖരായ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു മാനേജിംഗ് കമ്മിറ്റി. ഖാന്‍ ബഹദൂര്‍ വി.കെ. ഉണ്ണിക്കമ്മു സാഹിബ് (പ്രസിഡണ്ട്), പി.എം. ആറ്റക്കോയ തങ്ങള്‍ (വൈ.പ്രസിഡണ്ട്), കെ.എം. സീതിസാഹിബ് (സെക്രട്ടറി), പി.ഐ.കുഞ്ഞഹമ്മദ് ഹാജി (ജോ.സെക്രട്ടറി), കെ.ഇസ്മാഈല്‍ സാഹിബ് (ട്രഷറര്‍), മൗലവി അബുസ്സബാഹ് അഹ്മദ് അലി, ഡോ.എം. അബ്ദുള്‍ ഹഖ് (മദ്രാസ് യുനിവേഴ്‌സിറ്റി), സയ്യിദ് മുഹ്‌യുദ്ദീന്‍ ഷാ (പ്രിന്‍സിപ്പാള്‍) എന്നിവരായിരുന്നു പ്രഥമ കമ്മിറ്റി ഭാരവാഹികള്‍. സെയ്തു മുഹ്‌യുദ്ദീന്‍ ഷാക്ക് ശേഷം പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിയുക്തനായ പ്രൊഫസര്‍ കെ.എ. ജലീല്‍ സാഹിബിന്റെ കാലത്താണ് കോളേജ് വലിയ പുരോഗതി നേടിയത്. ഏഴ് ഹോസ്റ്റലുകള്‍ സ്ഥാപിതമായി. വിവിധ കോഴ്‌സുകള്‍ നിലവില്‍വന്നു. ജലീല്‍ സാഹിബിന് ശേഷം പ്രിന്‍സിപ്പാള്‍മാരായി വന്നവരില്‍ പ്രൊഫ.വി.മുഹമ്മദ്, പ്രൊഫ.യു.മുഹമ്മദ്, പ്രൊഫ.വി.എ.കുഞ്ഞബ്ദുള്ള, പ്രൊഫ.ഡോ.മുബാറക്ക് പാഷ, പ്രൊഫ.എ.കുട്ട്യാലിക്കുട്ടി, പ്രൊഫ. ഇ.ഇമ്പിച്ചുക്കോയ എന്നിവര്‍ ഉള്‍പ്പെടുന്നു.
അഞ്ച് ഫാക്കല്‍റ്റികളിലായി ഇരുപത്തിമൂന്നു വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരു വലിയ സ്ഥാപനമാണ് ഇപ്പോള്‍ ഫാറൂഖ് കോളേജ്. 14 പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും ഏഴ് പി.ജി. റിസര്‍ച്ച് സെന്ററുകളുമുള്ള സ്ഥാപനമാണിത്. 'നാക്കി'ന്റെ അംഗീകാരമുണ്ട് സിവില്‍ സര്‍വീസ് പരീക്ഷക്ക് പരിശീലനം നല്‍കുന്ന പി.എം.ഇന്‍സ്റ്റിറ്റിയൂഷന്‍ കോളേജിന്റെ സവിശേഷതയാണ്. സ്വദേശത്തും വിദേശത്തുമായി വ്യത്യസ്ത മേഖലകളില്‍ സേവനം ചെയ്യുന്ന നിരവധി ഉന്നത് വ്യക്തികള്‍ ഫറൂഖ് കോളേജിന്റെ സന്തതികളായിട്ടുണ്ട്. അവരില്‍ മന്ത്രിമാര്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍, സാഹിത്യകാരന്മാര്‍, ഗ്രന്ഥകര്‍ത്താക്കള്‍, പാര്‍ലിമെന്റ് മെമ്പര്‍മാര്‍, ശാസ്ത്രജ്ഞന്മാര്‍, മത-സാംസ്‌കാരിക രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ എല്ലാമുണ്ട്.
അബുസ്സബാഹ് 1954-ല്‍ ജന്മം നല്‍കിയ ഫാറൂഖ് ഹൈസ്‌കൂള്‍ തുടക്കത്തില്‍ അറബി ഭാഷക്ക് പ്രാധാന്യം നല്‍കുന്ന ഒരു ഓറിയന്റല്‍ ഹൈസ്‌കൂളായിരുന്നുവെങ്കിലും 1957-ല്‍ ഒരു സാധാരണ ഹൈസ്‌കൂള്‍ ആയി മാറ്റിക്കൊണ്ട് ഗവര്‍മെന്റ് ഉത്തരവായി. അതേവര്‍ഷം തന്നെ പി.അബ്ദുല്ലത്തീഫ് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി നിയുക്തനായി. തുടക്കം മുതല്‍ തന്നെ സ്‌കൂളിന് ബോര്‍ഡിംഗ് സൗകര്യമുണ്ടായിരുന്നുവെങ്കിലും ഒരു പ്രത്യേക ഹോസ്റ്റല്‍ 'രാജാഹോസ്റ്റല്‍' എന്ന പേരില്‍ സ്ഥാപിതമായത് 1965-ല്‍ ആണ്. മതപഠനവും നല്ല ശിക്ഷണവും ഈ ഹോസ്റ്റലിന്റെ മുഖമുദ്രയായിരുന്നു. ബോര്‍ഡിംഗ് സൗകര്യമുള്ള സ്‌കൂള്‍ വളരെ പരിമിതമായിരുന്ന അക്കാലത്ത് കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഫാറൂഖ് ഹൈസ്‌കൂളില്‍ പഠിക്കാന്‍ എത്തിയിരുന്നു. അതിലെ പഴയകാല വിദ്യാര്‍ത്ഥികളില്‍ ഉന്നത നിലയിലെത്തിയ പലരുമുണ്ട്.
മൗലാനാ അബുസ്സബാഹ് അന്തരിക്കുന്നത് വരെയും അദ്ദേഹം സ്‌കൂളിന്റെ മാനേജറായിതുടര്‍ന്നു. ശേഷം കെ.സി. ഹസ്സന്‍ കുട്ടി സാഹിബ് ആ സ്ഥാനം വഹിച്ചു. 1998-ല്‍ ഫാറൂഖ് ഹൈസ്‌കൂള്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1960-ല്‍ ആണ് ഫാറൂഖ് ഹൈസ്‌കൂളിന്റെ എല്‍.പി. വിഭാഗം സ്ഥാപിതമായത്. ഫാറൂഖ് കോളേജ് കാമ്പസിലെ മറ്റൊരു സുപ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ട്രെയ്‌നിംഗ് കോളേജ് 1961-ല്‍ സ്ഥാപിതമായി.
ഫാറൂഖ് കോളേജ് കാമ്പസ് ഇന്ന് വ്യത്യസ്ത സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന മഹത്തായ വിദ്യാഭ്യാസ സമുച്ചയമാണ്. ആധുനിക തൊഴിലധിഷ്ഠിത കോഴ്‌സുകളുള്ള ഫാറൂഖ് എജുക്കേഷന്‍ സെന്റര്‍ 1991 ലും അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ 1991 ലും, ഫാറൂഖ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ 2005 ലും, ഫാറൂഖ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് 2006 ലും സ്ഥാപിതമായി.
മൗലാനാ അബുസ്സബാഹ് കൊളുത്തിയ ദിവ്യദീപത്തിന്റെ പ്രകാശമാണ് ഫാറൂഖാബാദിലുടനീളം ജ്വലിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഈജിപ്തിലെ പ്രസിദ്ധ പണ്ഡിതനായ ശൈഖ് അബ്ദുല്‍ മുന്‍ഇം നമിര്‍ വിശേഷിപ്പിച്ച പോലെ (സബാഹുന്‍ ലാ മസാഅ ലഹു - അസ്തമയമില്ലാത്ത പ്രഭാതം) ആണെന്ന് ചരിത്രം വിധിയെഴുതുന്നു.