ബ്രിട്ടീഷ് ഭരണത്തിന്റെ ആനുകൂല്യങ്ങളും അനുകൂല ഘടകങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ക്രിസ്ത്യന്‍ സമുദായവും അവരുടെ മാതൃക പിന്തുടര്‍ന്ന് എന്‍.എസ്.എസും, എസ്.എന്‍.ഡി.പി.യും അവരുടെ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുസ്‌ലിം സമുദായം കാഴ്ചക്കാരെപ്പോലെ നിന്ന ഒരു കാലഘട്ടത്തിലായിരുന്നു എം.ഇ.എസ്സിന്റെ തുടക്കം. ദീര്‍ഘ വീക്ഷണമുള്ള അപൂര്‍വ്വ നേതാക്കള്‍ നവോത്ഥാന ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും സമുദായ പിന്തുണ വേണ്ട വിധം ലഭിക്കാത്തത് കാരണം ഏറെ മുന്നോട്ട് നീങ്ങാനായില്ല. ഇതിനൊരല്‍പമെങ്കിലും ആശ്വാസമായത് 1948 ല്‍ ആരംഭിച്ച ഫാറൂഖ് കോളേജ് മാത്രമാണ്. ഈ കോളേജില്‍ തന്നെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം അപ്പോഴും അപ്രാപ്യമായിരുന്നു.
എം.ഇ.എസ്സിന്റെ ആവിര്‍ഭാവം
ദരിദ്ര വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പല സാംസ്‌കാരിക സംഘടനകളും വ്യക്തികളും പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അവര്‍ക്ക് സംഘടിതമായി മുന്നോട്ടു നീങ്ങാനായില്ല. സംഘടിതമായി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരര്‍ഹിക്കുന്ന രീതിയില്‍ ഉപരിപഠനത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 1964 സെപ്തംബര്‍ 11 ന് ഡോക്ടര്‍ പി.കെ അബ്ദുള്‍ ഗഫൂര്‍ സാഹിബിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന സമുദായ നേതാക്കന്മാരുടെ യോഗം സ്‌കോളര്‍ഷിപ്പ് നല്‍കുക എന്ന പ്രധാന ലക്ഷ്യം മുന്‍നിര്‍ത്തി 50 പേരെ മെമ്പര്‍മാരായി ചേര്‍ത്തുകൊണ്ടു ഗഫൂര്‍ സാഹിബ് പ്രസിഡന്റും, ഡോ. കെ. മുഹമ്മദ് കുട്ടി സെക്രട്ടറിയും, കെ.സി ഹസ്സന്‍ കുട്ടി ട്രഷറര്‍ ആയും മുസ്‌ലിം എഡുക്കേഷണല്‍ സൊസൈറ്റി രൂപീകരിച്ചു.
ഭരണഘടന
തികച്ചും ജനാധിപത്യ രീതി അവലംബിച്ചുകൊണ്ടുള്ള ഒരു ഭരണഘടനയാണ് എം.ഇ.എസ്സിന്റേത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കുന്ന യൂനിറ്റ്, താലൂക്ക്, ജില്ലാ, സംസ്ഥാന തല കമ്മിറ്റികളാണ് സംഘടനയുടെ ഭരണം നിര്‍വഹിക്കുന്നത്. യൂണിറ്റ്, താലൂക്ക്, ജില്ലാ ജനറല്‍ ബോഡികള്‍ നിശ്ചിത സമയത്ത് ചേര്‍ന്ന് അതാത് കമ്മിറ്റികള്‍ക്കുള്ള ഇലക്റ്റട് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരെ തിരഞ്ഞെടുക്കുന്നു. ഇവരും ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ നോമിനേറ്റ് ചെയ്യുന്നവരും ഉള്‍പ്പെടുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചേര്‍ന്ന് വരണാധികാരിയുടെ സാന്നിദ്ധ്യത്തില്‍ താലൂക്ക്, ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു. ജില്ലാ ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവരും, സംസ്ഥാന കമ്മിറ്റി നോമിനേറ്റ് ചെയ്യുന്നവരും ഉള്‍പ്പെടുന്ന ഇലക്ടറല്‍ ബോഡി സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു. സംസ്ഥാന കമ്മിറ്റിയാണ് സ്ഥാപനങ്ങളുടെ ഭാരവാഹികളെയും ഭരണഘടനാനുസൃതമായ മറ്റു കമ്മിറ്റികളെയും തെരഞ്ഞെടുക്കുന്നത്. തികച്ചും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് എല്ലാ മൂന്ന് വര്‍ഷം കൂടുമ്പോഴും നടത്തുന്നുണ്ട്. ചിലപ്പോഴൊക്കെ വാശിയോടെയുള്ള മത്സരങ്ങളും ഉണ്ടാവാറുണ്ട്. ആയിരം രൂപയുടെ ആജീവനാന്ത മെമ്പര്‍ഷിപ്പാണ് എം.ഇ.എസ്സിനുള്ളത്. പോഷക സംഘടനകളായ വനിതാ വിങ്ങും യൂത്ത് വിങ്ങും ഉള്‍പ്പെടെ എം.ഇ.എസ്സിന് ഇന്ന് ഇരുപതിനായിരത്തോളം മെമ്പര്‍മാരുണ്ട്.
സ്‌കോളര്‍ഷിപ്പ്
സംഘടിത സ്‌കോളര്‍ഷിപ്പ് എന്ന സമ്പ്രദായം നിലവിലില്ലാതിരുന്ന കാലഘട്ടത്തില്‍ ഇരുപത്തി അയ്യായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചുകൊണ്ടാണ് 1965 ല്‍ സംഘടനയുടെ വിപുലമായ രീതിയിലുള്ള പ്രവര്‍ത്തനം അരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് സംഭാവന പിരിച്ചുകൊണ്ടും ഓരോ വര്‍ഷവും തുക വര്‍ദ്ധിപ്പിച്ചുകൊണ്ടും ഇന്ത്യയില്‍ അറിയപ്പെടുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് വിതരണക്കാരായി മാറാന്‍ സംഘടനക്ക് കഴിഞ്ഞു. ഈ സംരംഭത്തെ രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും കലവറയില്ലാതെ പിന്തുണക്കുകയും ചെയ്തു. 2014-2015 ല്‍ 50 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിനത്തില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
എയ്ഡഡ് കോളേജുകള്‍
മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാന്‍ എം.ഇ.എസ്. ശ്രമിച്ചെങ്കിലും വേണ്ടത്ര കോളേജുകള്‍ ഇല്ലാത്തതിനാല്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കാത്ത അവസ്ഥ വന്നു. ഇതുള്‍ക്കൊണ്ട് സാമ്പത്തിക പ്രയാസം അനുഭവിച്ചുകൊണ്ട് പുതിയ കോളേജുകള്‍ തുടങ്ങാന്‍ എം.ഇ.എസ്സിനെ പ്രേരിപ്പിച്ചു.
1967 പാലക്കാട് ജില്ലയിലെ പാവപ്പെട്ട ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന കുടിയേറ്റ മേഖലയായ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജും, മത്സ്യതൊഴിലാളികളായ മുസ്‌ലിങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പൊന്നാനിയില്‍ എം.ഇ.എസ് പൊന്നാനി കോളേജും, 1968 ല്‍ കൊടുങ്ങല്ലൂരില്‍ എം.ഇ.എസ് അസ്മാബി കോളേജും ആരംഭിച്ചു. 1965 ല്‍ മലപ്പുറം ഏറനാട് താലൂക്കിലെ പിന്നോക്ക പ്രദേശമായ മമ്പാട് ഏറനാട് എജുക്കേഷണല്‍ അസോസിയേഷന്‍ ആരംഭിച്ച മമ്പാട് കോളേജ് സാമ്പത്തിക പരാധീനതകള്‍ മൂലം നടത്താനാവാതെ വന്നപ്പോള്‍ 1969 ല്‍ ഡോ. ഗഫൂര്‍ സാഹിബിന്റെ പ്രത്യേക താല്‍പര്യപ്രകാരം എം.ഇ.എസ് ഏറ്റെടുത്തു. 1981 ല്‍ വളാഞ്ചേരിയില്‍ എം.ഇ.എസ് കെ.വി.എം കോളേജും, 1982ല്‍ ഒരു മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനം പോലുമല്ലാതിരുന്ന ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് എം.ഇ.എസ് നെടുങ്കണ്ടം കോളേജും, 1994 ല്‍ ആലുവ മാറമ്പള്ളിയില്‍ എം.ഇ.എസ് മാറമ്പള്ളി കോളേജും ആരംഭിച്ചു.
എം.ഇ.എസ് എയ്ഡഡ്‌കോളേജുകള്‍ ആരംഭിച്ചത് മുസ്‌ലിംകള്‍ കുടുതല്‍ താമസിക്കുന്നതും സാമ്പത്തിക പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നതുമായ പ്രദേശങ്ങളിലാണെന്ന കാര്യം ശ്രദ്ധേയമാണ്. ഡോ. ഗഫൂര്‍ സാഹിബിന്റെ നിശ്ചയദാര്‍ഢ്യവും ധീരമായ നേതൃത്വവും സമുദായ താല്‍പര്യവും ഒരു പറ്റം സമുദായ സ്‌നേഹികളുടെ സഹകരണവും കൊണ്ടാണ് ഇത്രയും എയ്ഡഡ് കോളേജുകള്‍ ആരംഭിക്കാന്‍ എം.ഇ.എസ്സിനായത്.
എം.ഇ.എസ്. കോളേജുകള്‍ മുസ്‌ലിംകളിലുണ്ടാക്കിയ മാറ്റം
എം.ഇ.എസ്. കോളേജുകള്‍ മുസ്‌ലിം സമുദായത്തില്‍ വലിയമാറ്റത്തിന് പ്രേരകമായി. കേരളത്തിലുടനീളമുള്ള മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ എം.ഇ.എസ് കോളേജുകളില്‍ ചേര്‍ന്ന് ബിരുദം നേടി സര്‍ക്കാര്‍, സര്‍ക്കാരിതര സേവന മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലും ജോലി നേടിക്കൊണ്ട് അവരുടെ പിന്‍തലമുറയെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രേരകമാവുകയും ചെയ്തു. എം.ഇ.എസ്സിന്റെ 7 കോളേജുകളടക്കം സമുദായത്തിന് ഇന്ന് കേരളത്തില്‍ 22 എയ്ഡഡ് കോളേജുകളുണ്ട്. ഇത് മൊത്തത്തില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളില്‍ മുസ്‌ലിം ജനതക്ക് പുതുഊര്‍ജ്ജം പ്രദാനം ചെയ്തു.
വനിതാ വിഭാഗം
സമുദായത്തിന്റെ ശാക്തീകരണം സ്ത്രീകളെ മാറ്റിക്കൊണ്ട് സാധ്യമല്ല എന്ന തിരിച്ചറിവ് തുടക്കം മുതലേ പുലര്‍ത്തിയ പ്രസ്ഥാനമാണ് എം.ഇ.എസ്. വനിതാ വിദ്യാഭ്യാസ രംഗത്ത് ഇന്നു കാണുന്ന വന്‍മുന്നേറ്റത്തില്‍ എം.ഇ.എസ്സിന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരു കാലത്ത് വിദ്യാഭ്യാസത്തിന് നേരെ മുഖം തിരിച്ചവരായിരുന്നു മുസ്‌ലിം സമുദായത്തിലെ വനിതകള്‍. ഇന്ന് എം.ഇ.എസ്സിലും മറ്റു സഹോദര സംഘടനകളുടെയും ഏതു കാമ്പസിലും പകുതിയിലേറെപേര്‍ വിദ്യാര്‍ത്ഥിനികളാണ്(60-80%) തുടക്കത്തിലേ നാല് മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന എം.ഇ.എസ്. മമ്പാട് കോളേജില്‍ നൂറ് വിദ്യാര്‍ത്ഥിനികള്‍ തികഞ്ഞ ഒരു ഘട്ടം, 1976 ല്‍, ഡോ. ഗഫൂര്‍ സാഹിബിന്റെ നേതൃത്വത്തില്‍, പുതുമയോടെ ആഘോഷിച്ചത് ഈ ഘട്ടത്തില്‍ ഓര്‍മവരുന്നു. ഇന്ന് എം.ഇ.എസ് കലാലയങ്ങളിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളില്‍ 70% പെണ്‍കുട്ടികളാണ്. എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളില്‍ 65 ശതമാനവും പെണ്‍കുട്ടികളാണ്. മാത്രമല്ല എം.ഇ.എസ്. രാജാ റസിഡന്‍ഷ്യല്‍ സ്‌കൂളിലും, തുടര്‍ന്ന് എം.ഇ.എസ്. മെഡിക്കല്‍ കോളേജിലും പഠനം പൂര്‍ത്തിയാക്കിയ അദീല അബ്ദുള്ള എന്ന വിദ്യാര്‍ത്ഥിനിക്ക് 2011 ഐ.എ.എസ് ലഭിച്ചു. ഇതൊക്കെയും മുസ്‌ലിം വനിതാ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. തലമുറകളെ രൂപീകരിക്കാന്‍ ഈ മുസ്‌ലിം വിദ്യാര്‍ത്ഥിനി മുന്നേറ്റത്തിന് കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ദളിത് പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം.
നമ്മോടൊപ്പം ഇടകലര്‍ന്നു ജീവിക്കുന്ന ദളിത്/പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനവും എം.ഇ.എസ്സിന്റെ ലക്ഷ്യമാണ്. എം.ഇ.എസ്. കോളേജുകളില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗ സംവരണത്തിന് ഒരു കാലത്തും നികത്തപ്പെടാതെ പോയിട്ടില്ല. മാനേജ്‌മെന്റ് സീറ്റുകളിലും, അധ്യാപക നിയമനങ്ങളിലും ഈ വിഭാഗത്തില്‍ പെട്ടവരെ പരിഗണിക്കാറുണ്ട്. നമ്മുടെ സാമൂഹിക മുന്നേറ്റത്തില്‍ ഇവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ്.
എഞ്ചിനീയറിംഗ് കോളേജുകളും അനുബന്ധ സ്ഥാപനങ്ങളും
1994 എം.ഇ.എസ്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു കൊണ്ട് കേരളത്തിലെ ആദ്യത്തെ മൈനോറിറ്റി സ്റ്റാറ്റസുള്ള സെല്‍ഫ് ഫിനാന്‍സിങ്ങ് എഞ്ചിനീയറിംഗ് കോളേജ് കുറ്റിപ്പുറത്ത് ആരംഭിച്ചു. ബിരുദം, ബിരുദാനന്തര കോഴ്‌സുകളിലായി 2700 കുട്ടികള്‍ പഠിക്കുന്ന ഈ കോളേജില്‍ 75 ശതമാനവും മുസ്‌ലിം വിദ്യര്‍ത്ഥികളാണ്. ഗുണമേന്മയില്‍ ഈ കോളേജ് വളരെ മുന്നിലാണ്. 2009 ല്‍ കൊല്ലത്തും 2011ല്‍ കുന്നുകരയിലും എഞ്ചിനീയറിംഗ് കോളേജുകളും, 1999 ല്‍ കുറ്റിപ്പുറത്തും 2013 ല്‍ കോഴിക്കോട് ആര്‍കിടെക്ചര്‍ കോളേജുകളും ആരംഭിച്ചു,.
സി.ബി.എസ്.ഇ സ്‌കൂളുകള്‍
എയ്ഡഡ് മേഖയിലില്‍ പുതുതായി സ്‌കൂളുകള്‍ അനുവദിക്കാതിരുന്നതും 1990 കളില്‍ നിലവിലുണ്ടായിരുന്ന സ്‌കൂളുകളുടെ ഗുണനിലവാരം കുറഞ്ഞതും രക്ഷിതാക്കള്‍ക്ക് ആ കാലത്ത് ചെറിയ തോതില്‍ ആരംഭിച്ച സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ പ്രേരകമായി. ഈ കാലഘട്ടത്തിലാണ് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത ഗുണനിലവാരങ്ങളുള്ള വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ എം.ഇ.എസ് സ്‌കൂളുകള്‍ മുന്‍പന്തിയിലെത്തിയത് ഈ അടുത്ത കാലത്താണ്. എം.ഇ.എസ്സിന് സംസ്ഥാനത്ത് 32 സി.ബി.എസ്.ഇ സ്‌കൂളുകളുണ്ട്. ഇവയില്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ തിരൂര്‍, എം.ഇ.എസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പട്ടാമ്പി തുടങ്ങിയ ഏതാനും സ്‌കൂളുകള്‍ സംസ്ഥാനത്തെ മുന്‍നിര സ്‌കൂളുകളാണ്. ഉയര്‍ന്ന നിലയിലെത്തുമ്പോഴും ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കു കൂടി പ്രവേശനം സാധ്യമാക്കുന്നു. എന്നതാണ് എം.ഇ.എസ്സിന്റെ പ്രസക്തി.
സമീപകാല ചരിത്രം
എല്ലാ രംഗങ്ങളിലും പ്രകടവും കൂടുതല്‍ ജനകീയവുമായ പങ്ക് നിര്‍വഹിച്ച് ഡോ. ഫസല്‍ ഗഫൂര്‍ സാഹിബിന്റെ നേതൃത്വത്തില്‍ മുന്നേറിയതാണ് എം.ഇ.എസ്സിന്റെ സമീപ കാല ചരിത്രം. വിവിധ സ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഗുണമേന്‍മ ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടാണ് സമീപകാല ചരിത്രം തുടങ്ങുന്നത്. പുതിയ സി.ബി.എസ്.ഇ സ്‌കൂളുകളും, സെല്‍ഫ് ഫൈനാന്‍സ് കോളേുകളും തുടങ്ങിയതിനോടൊപ്പം തന്നെ നിലവിലുള്ള എയ്ഡഡ് സ്‌കൂളുകളുടെയും, കോളേജുകളുടെയും വളര്‍ച്ചയും എടുത്തു പറയേണ്ടതാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രത്യേകത മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളുടെയും തുടക്കമാണ്.
എം.ഇ.എസ്. മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും
എം.ഇ.എസ്സിന്റെ സ്ഥാപക പ്രസിഡന്റ് ഗഫൂര്‍ സാഹിബിന്റെ ചിരകാലാഭിലാഷമായ ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ 2003 എം.ഇ.എസ്സിനു കഴിഞ്ഞു എന്നത് അഭിമാനപൂര്‍വ്വം എടുത്തു പറയേണ്ടിയിരിക്കുന്നു. വിവിധ സംഘടനകളും വ്യക്തിഗത ട്രസ്റ്റുകളും, ഗവണ്‍മെന്റ് പോലും മടിച്ചുു നില്‍ക്കുന്നിടത്താണ് എം.ഇ.എസ്. പ്രവര്‍ത്തനമാരഭിച്ചത്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കാതെ പോയ ഒരു സമയമായിരുന്നു. ഡോ. ഫസല്‍ ഗഫൂര്‍ സാഹിബിന്റെ നിശ്ചയ ദാര്‍ഢ്യവും കഠിനമായ പ്രവര്‍ത്തനവും, സമുദായ സ്‌നേഹികളുടെ സഹകരണവും, സംഘടനയുടെ ഒരുമയോടെയുള്ള പ്രവര്‍ത്തവുമാണ് 2003 ല്‍ പെരിന്തല്‍മണ്ണയില്‍ എം.ഇ.എസ്. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കിയത്. സെല്‍ഫ് ഫൈനാന്‍സ് മേഖലയില്‍ കേരളത്തില്‍ ആരംഭിച്ച ആദ്യ മെഡിക്കല്‍ കോളേജില്‍ 50 ശതമാനം സീറ്റ് മെറിറ്റില്‍ നല്‍കാനായതും ഇതില്‍ തന്നെ ഭൂരിഭാഗവും നിര്‍ദ്ധനരായ മിടുക്കന്മാരായ വിദ്യാര്‍ത്ഥികളാണെന്നതും, ഈ സംരംഭത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. 2011 ല്‍ എല്ലാ വിഭാഗത്തിലും പി.ജി., കോഴ്‌സുകളും ആരംഭിച്ചു. എം.ബി.ബി.എസ്. മെറിറ്റ് സീറ്റില്‍ 20 സീറ്റില്‍ ഫീസ് 25000 രൂപയും 30 സീറ്റിന് ഫീസ് 150000 രൂപയുമാണ്.
2004 ല്‍ നഴ്‌സിംഗ് കേളേജും 2007 ല്‍ ഡന്റല്‍ കോളേജും 2011 ല്‍ പാരാമെഡിക്കല്‍ കോളേജും പെരിന്തല്‍മണ്ണയില്‍ ആരംഭിച്ചു. എം.ഇ.എസ്. മെഡിക്കല്‍ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും മെറിറ്റിലും മാനേജ്‌മെന്റിലും 80 ശതമാനവും മുസ്‌ലിം വിദ്യാര്‍ത്ഥികളാണെന്നതും എടുത്തു പറയേണ്ടതാണ്.
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
എം.ഇ.എസ്സിന്റെ ആരംഭം മുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ മുഖേനയും പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്ന എം.ഇ.എസ്. മിഷന്‍ ഹോസ്പിറ്റലുകളിലൂടെയും നടത്തിയിരുന്ന ആതുര സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നത് മെഡിക്കല്‍ കോളേജ് തുടങ്ങിയതിന് ശേഷമാണ്. മലപ്പുറം ജില്ലയിലെ മാത്രമല്ല സമീപ ജില്ലകളിലെയും നിര്‍ദ്ധനരും, നിരാലംബരുമായ രോഗികളുടെ ആശാകേന്ദ്രമായി മാറിയിരിക്കുകയാണ് എം.ഇ.എസ് മെഡിക്കല്‍ കോളേജ്. ഒരു സര്‍ക്കാര്‍ ആശുപത്രി പോലെ പ്രവര്‍ത്തിക്കുന്നു എന്നു മാത്രമല്ല എല്ലാ ആധുനിക സൗകര്യങ്ങളും സൗജന്യ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യവുമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും, പള്ളികളിലെ ഖത്തീബുമാര്‍ക്കും പൂര്‍ണ്ണമായ സൗജന്യ ചികില്‍സയും നല്‍കുന്നു. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫ്രീ-മീല്‍ പ്രോജക്ട്, ഫ്രീ മെഡിസിന്‍ പ്രൊജക്ട്, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയുടടെ പ്രവര്‍ത്തനം എടുത്തുപറയേണ്ടതാണ്.
പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ മെറിറ്റ് സീറ്റ്
2005 ലെ സുപ്രീം കോടതി വിധി ആധാരമാക്കി സൊസൈറ്റികളും ട്രസ്റ്റുകളും നടത്തുന്ന പ്രൊഫണഷല്‍ കോളേജുകള്‍ 50 മെറിറ്റ് 50 മാനേജ്‌മെന്റ് എന്ന ധാരണയില്‍ നിന്ന് പിറകോട്ട് പോവുകയും യഥേഷ്ടം അഡ്മിഷന്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ സമൂഹത്തോടുള്ള ബാധ്യത ഉള്‍ക്കൊണ്ട് 50:50 എന്ന ധാരണയിലുറച്ചുനില്‍ക്കുകയും സര്‍ക്കാറിനോടൊപ്പം നിന്നു കൊണ്ട് മറ്റ് മാനേജ്‌മെന്റുകളെ ഈ ധാരണയോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് എം.ഇ.എസ്. ചരിത്രപരമായ പങ്ക് നിര്‍വഹിക്കുകയും ജനമനസ്സുകളില്‍ ഇടം നേടുകയും ചെയ്തു.
മെറിറ്റ് സീറ്റിലെ മുസ്‌ലിം റിസര്‍വേഷന്‍
മൈനോറിറ്റി മാനേജ്‌മെന്റുകള്‍ നടത്തുന്ന സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളില്‍ 50 ശതമാനം ഗവണ്‍മെന്റ് സീറ്റില്‍ അതാത് മാനേജ്‌മെന്റില്‍ സമുദായത്തിന് 20 ശതമാനം സംവരണം സാധ്യമാക്കിയതും ഇതുവഴി മിടുക്കരും നിര്‍ദ്ധനരുമായ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ സാഹചര്യം ഒരുക്കിയതും എം.ഇ.എസ്സിന്റെ സമീപകാല നേട്ടങ്ങളിലൊന്നാണ്.
എയ്ഡഡ് കോളേജുകളുടെ ഗുണപരമായ മാറ്റം.
എന്‍.എസ്.എസ്സും, എസ്.എന്‍.ഡി.പി.യും മറ്റു മാനേജ്‌മെന്റുകളും നാക് അക്രഡിറ്റേഷന്‍ പോലുള്ള ഗുണപരമായ മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞ് നിന്നപ്പോള്‍ എം.ഇ.എസ്. എയിഡഡ് കോളേജുകള്‍ നാക് അക്രഡിറ്റേഷന് തയ്യാറായി. 2007 ഓടെ എം.ഇ.എസ്സിന്റെ എല്ലാ കോളേജുകളും അക്രഡിറ്റേഷന്‍ നേടി. 2013 എം.ഇ.എസ്സിന്റെ 4 കോളേജുകള്‍ ഏറ്റവും വലിയ എ ഗ്രേഡോടെ റീഅക്രഡിറ്റേഷന്‍ നേടി. മുന്‍നിര കലാലയങ്ങളായി. ഇവയില്‍ തന്നെ മമ്പാട് എം.ഇ.എസ്.കോളജേ് 3.5 ഗ്രേഡ് കരസ്ഥമാക്കി സംസ്ഥാനത്തെ ഒന്നാമത്തെ മുസ്‌ലിം കോളേജായി മാറി. ഗുണനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ എയിഡഡ് കോളേജുകള്‍ക്കും ഓട്ടോണമസ് പദവി ലഭിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ എം.ഇ.എസ്.
ഏകജാലക സംവിധാാനത്തെ അംഗീകരിക്കല്‍
2008 ല്‍ കേരളത്തില്‍ പ്ലസ് വണ്‍ അഡ്മിഷന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏകജാലക സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഈ സംരഭത്തെ കലവറയില്ലാതെ സ്വാഗതം ചെയ്യുകയും ഇത് നടപ്പിലാക്കാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുകയും ചെയ്ത സംഘടനയാണ് എം.ഇ.എസ്. അര്‍ഹതയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍ അഡ്മിഷന്‍ കിട്ടാനും, മുസ്‌ലിം പിന്നോക്ക പ്രദേശങ്ങളിലുള്ള ഇതര മാനേജ്‌മെന്റ് സ്‌കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരം ലഭിക്കാനും ഈ സംരഭം സഹായകരമായി.
2003 ല്‍ കലാലയ തലത്തില്‍ ഡിഗ്രി അഡ്മിഷന്‍ ഏകജാലക സംവിധാനം നടപ്പില്‍ വരുത്തിയപ്പോഴും എം.ഇ.എസ്. സര്‍ക്കാരിന് സര്‍വ്വ പിന്തുണയും നല്‍കി.
സാമൂഹിക സാംസ്‌കാരിക രംഗത്തെ ഇടപെടല്‍
മുസ്‌ലിം സമുദായത്തിന് നേരെയുണ്ടാവുന്ന സാമൂഹിക സാംസ്‌കാരിക വെല്ലുവിളികളെ ധിഷണാപരമായി നേരിടുന്നതില്‍ സമീപകാലത്ത് എം.ഇ.എസ് മുന്‍പന്തിയിലുണ്ടായിരുന്നു. ഭരണഘടനാപരമായി സമുദായത്തിന് അവകാശപ്പെട്ട സംവരണത്തിനായുള്ള പോരാട്ടം, മുസ്‌ലിം സ്വത്വത്തിനെതിരെ ദുഷ്ടലാക്കോടെ ചിലര്‍ നടത്തുന്ന പ്രചരണങ്ങളെ ഖണ്ഡിക്കല്‍, മുസ്‌ലിം സമൂഹത്തിന്റെ അപരവല്‍ക്കരണം തുടങ്ങി സമുദയാം നേരിടുന്ന പ്രശ്‌നങ്ങളിലെല്ലാം എം.ഇ.എസ്സിന് സുവ്യക്തമായ നിലപാടുകളുണ്ട്. ഇവയിലെല്ലാം ക്രിയാത്മകമായ ഇടപെടലുകളും സംഘടന യഥാസമയം നടത്തിപോരുന്നുമുണ്ട്. പാര്‍ശ്വവല്‍കൃതമായ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എം.ഇ.എസ്. അഭിസംബോധന ചെയ്യുന്നത് മുസ്‌ലിംങ്ങളെ മാത്രമല്ല, പലവിധ കാരണങ്ങളാല്‍ സമൂഹത്തിന്റെ അരികിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടവരെ കൂടി തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളാക്കാന്‍ എം.ഇ.എസ്. എക്കാലവും ശ്രമിച്ച് പോന്നിട്ടുണ്ട്. വിദ്യാഭ്യാസ സാമ്പത്തിക ശാക്തീകരണത്തിലൂടെ ഏതു വെല്ലുവിളികളെയും നേരിടാനുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് സമീപകാലത്ത് എം.ഇ.എസ്സിന് എടുത്തു കാട്ടാനുള്ള വലിയ നേട്ടം.
മതേതര സ്വഭാവം
നമ്മുടേതുപോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ സമുദായങ്ങളുടെ പരസ്പര സൗഹാര്‍ദ്ദം വളരെ പ്രധാനമാണ്. സ്വന്തം ഷെല്ലിലേക്ക് ഉള്‍വലിയലല്ല നവോത്ഥാന പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. കണ്ടും അറിഞ്ഞും കുറേയേറെ കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നും പഠിക്കാനുണ്ട്. സഹവര്‍ത്തിത്വം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. ഇന്ത്യന്‍ സാഹചര്യത്തില്‍ മതേതര തത്വത്തിന്റെ പ്രധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കാലമത്രയും എം.ഇ.എസ്. കാഴ്ചവെച്ചത്. മുസ്ലിം സമുദായത്തില്‍പെട്ട അംഗങ്ങള്‍ക്ക് മുന്തിയ പരിഗണന കൊടുക്കുന്നതോടൊപ്പം സഹോദര സമുദായത്തില്‍പ്പെട്ടവരെ തീര്‍ത്തും അവഗണിക്കാറില്ല. എം.ഇ.എസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും കണക്ക് നോക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും. മതവിരുദ്ധതയെ എം.ഇ.എസ്. ശക്തമായി എതിര്‍ക്കുന്നതോടൊപ്പം സമുദായങ്ങള്‍ തമ്മിലുള്ള ഊഷ്മള സംവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.
മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
വിദ്യാഭ്യാസ രംഗത്തെ എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രം പരിമിതമല്ല. ഇന്ത്യയില്‍ ചെന്നെയിലും ഇന്ത്യക്കുപുറത്ത് ഖത്തറിലും എം.ഇ.എസ്. സ്‌കൂളുകള്‍ പ്രശസ്തമായ നിലയില്‍ നടന്നുവരുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ, സേവന പ്രവര്‍ത്തനങ്ങള്‍
രാജ്യം വര്‍ഗീയ കലാപത്തിന്റെ പിടിയിലമര്‍ന്ന് ന്യൂനപക്ഷ വിഭാത്തില്‍ പെടുന്നവര്‍ കൊടും ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന സമീപകാല സംഭവങ്ങളിലെല്ലാം സഹായഹസ്തവുമായി ഓടിയെത്താന്‍ എം.ഇ.എസ്സിന് കഴിഞ്ഞ കാര്യം സന്തോഷ പൂര്‍വം അനുസ്മരിച്ചുകൊള്ളട്ടെ. ആസാമില്‍ ബോഡോ വിഭാഗങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കലാപം, ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ജാട്ടുകള്‍ നടത്തിയ കലാപം തുടങ്ങിയ നിര്‍ഭാഗ്യകരമായ സന്ദര്‍ഭങ്ങളിലെല്ലാം കലാപ ബാധിതര്‍ക്ക് വൈദ്യസഹായവും മറ്റു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എം.ഇ.എസ്. മുന്‍പന്തിയിലുണ്ടായിരുന്നു. മെഡിക്കല്‍ കോളേജിലെ വിദഗ്ദ സംഘത്തെ തന്നെ ഈ പ്രദേശങ്ങളിലേക്ക് വൈദ്യ സഹായത്തിനായി അയച്ചുകൊടുക്കാന്‍ എം.ഇ.എസ്സിന് കഴിഞ്ഞു എന്ന കാര്യം അഭിമാനപൂര്‍വം അനുസ്മരിക്കുകയാണ്.
മാത്രമല്ല, വിദ്യാഭ്യാസപരമായി മുസ്‌ലിം സമുദായം വളരെ പുറകില്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലേക്കും എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വിഷന്‍ 2016 മായി സഹകരിച്ചുകൊണ്ട് പശ്ചിമ ബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ അരിംഗോള ഗ്രാമത്തില്‍ സ്‌കൂളുകളുടെയും ഹെല്‍ത്ത് സെന്ററുകളുയെുയം പണി എം.ഇ.എസ്. തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ പുറത്തേക്കും സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാതെ ഇനി സംഘടനകള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയാത്ത കാലമാണ് വന്നുകൊണ്ടിരിക്കുന്നത്.
അഖിലേന്ത്യാ എം.ഇ.എസ്
അഖിലേന്ത്യാ തലത്തിലും എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കേണ്ടതിന്റെ ആവശ്യകത സംഘടനക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചെന്നെയിലും ഡല്‍ഹിയിലുമായി നടന്ന സമ്മേളനങ്ങളിലും 2011 ല്‍ രാജസ്ഥാനില്‍ നടന്ന സമ്മേളനത്തിലും വന്‍ ജന പങ്കാളിത്തം ഉണ്ടായിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്.
സ്‌കൂളുകള്‍, ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, ഡന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, എഞ്ചിനീയറിംഗ് കോളേജുകള്‍, ആര്‍ക്കിടെക്ചര്‍ കോളേജുകള്‍, യതീംഖാനകള്‍, വൃദ്ധസദനം, മിഷന്‍ ഹോസ്പിറ്റലുകള്‍ തുടങ്ങി 160 സ്ഥാപനങ്ങളും ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും പതിനായിത്തോളം ജീവനക്കാരും ഉള്‍പ്പെടെ എം.ഇ.എസ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക സംഘടനയായി മാറിയിരിക്കുകയാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം അഖിലേന്ത്യാ തലത്തില്‍ ദളിതരുടെയും പിറകിലാണ് മുസ്‌ലിംകളുടെ സ്ഥാനം. എന്നാല്‍ എം.ഇ.എസ്. ഉള്‍പ്പെടെയുള്ള സംഘടനകളുടെ മുന്നേറ്റം കാരണമാണ് കേരള മുസ്‌ലിങ്ങള്‍ക്ക് ഉന്നതിയിലെത്താന്‍ കഴിഞ്ഞത്. ഇവിടെയാണ് എം.ഇ.എസ്. പോലുള്ള മുസ്‌ലിം വിദ്യാഭ്യാസ നവേത്ഥാന പ്രസ്ഥാനങ്ങളുടെ പ്രസക്തി.
ഡോ. പി.കെ.. അബ്ദുല്‍ ഗഫൂര്‍ സാഹിബിന്റെ ദീര്‍ഘദര്‍ശിത്വം കൊണ്ട് സമുദായത്തിന് വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ ബഹുദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞ എം.ഇ.എസ്. പ്രസ്ഥാനത്തിന് ഇന്നത്തെ നിലയില്‍ വളരാനായതിന്റെ പിന്നില്‍ ഡോ. ഗഫൂര്‍ സാഹിബിന്റെ കഠിന പ്രയത്‌നങ്ങളുണ്ടായിരുന്നു. ആ മഹാനുഭാവന്‍ കൊളുത്തി വച്ച ഒരു വലിയ വിളക്കിന്റെ പ്രകാശത്തിലാണ് ഇന്ന് എം.ഇ.എസ്. പ്രസ്ഥാനം മുമ്പോട്ടുപോയിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിയുടെ ചരിത്രത്തില്‍ ഡോ. ഗഫൂര്‍ സാഹിബിനെ മാറ്റിനിര്‍ത്താനാവില്ല. പക്ഷെ, അര്‍ഹിക്കുന്ന പിന്തുണ സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തിന് പൂര്‍ണ്ണമായും ലഭിച്ചിരുന്നില്ല എന്നത് വസ്തുതയാണ്.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരു പുത്തന്‍ ഉണര്‍വ് പ്രകടമായ ഇക്കാലത്ത് സമുദായത്തിന്റെ പൊതു താല്‍പര്യത്തോടൊപ്പം എക്കാലവും എം.ഇ.എസ് പ്രസ്ഥാനം ഉണ്ടായിരിക്കുമെന്ന് ഈ അവസരത്തില്‍ ഉറപ്പുനല്‍കട്ടെ. അതോടൊപ്പം സമുദായ മുന്നേറ്റത്തിന് സഹായകരമായ എല്ലാ പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായ പിന്തുണ സഹോദര സംഘടനകളില്‍ നിന്ന് എം.ഇ.എസ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒന്നിച്ചുനിന്നാല്‍ നമുക്ക് കുറേ കാര്യങ്ങള്‍ നേടിയെടുക്കാനാവും. എല്ലാവര്‍ക്കും നന്ദി.