കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയുടെ ഭാഗമായ കാഞ്ഞിരപ്പള്ളി കേരളത്തിലെ ഒരു പ്രധാന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. ഈ സ്ഥലത്തിന്റെ മുസ്‌ലിം ചരിത്രത്തിന്റെ തുടക്കം തമിഴ്‌നാട്ടില്‍ നിന്നും എ.ഡി 1370 ല്‍ കുടിയേറി താമസം ആരംഭിച്ച റാവുത്തര്‍ മുസ്‌ലിംകള്‍, കുലശേഖര ഖാന്‍ കുടുംബക്കാര്‍, മഖ്ദൂം ലബ്ബമാര്‍ എന്നിവരില്‍ നിന്നും ആരംഭിക്കുന്ന അന്നത്തെ നാടുവാഴിയായ തെക്കുംകൂര്‍ രാജാവിന്റെ അനുമതിയോടെ 1373 ല്‍ സ്ഥാപിതമായ നൈനാരുപള്ളി കേന്ദ്രീകരിച്ചാണ് അവരുടെ സാമൂഹ്യവും അദ്ധ്യാത്മികവുമായ പുരോഗതി കൈവരിക്കുന്നത്. തമിഴ് മഖ്ദൂം ലബ്ബമാരും പിന്നീട് പിന്നീട് പെനായില്‍ നിന്ന് ക്ഷണിക്കപ്പെട്ടു വന്നു ചേര്‍ന്ന മഖ്ദൂമീങ്ങളും ഈ മാറ്റത്തിന് ചാലക ശക്തികളായി പ്രവര്‍ത്തിച്ചു. പള്ളി കേന്ദ്രീകരിച്ചും അവരുടെ വീടുകളോടനുബന്ധിച്ചും നടത്തപ്പെട്ട ഏകാധ്യാപക വിദ്യാലയങ്ങളിലൂടെ അവര്‍ നല്‍കിയ അദ്ധ്യാത്മികവും ഭൗതികവുമായ വിദ്യാദാനം കാഞ്ഞിപ്പള്ളി മുസ്‌ലിംകള്‍ ഏറെ പ്രയോജനപ്പെടുത്തി. അതു കൂടാതെ കാഞ്ഞിരപ്പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന പീരുമേട് എന്ന സ്ഥലത്ത് താമസമാക്കിയ സന്യാസ തുല്യമായ സൂഫീവര്യന്മാര്‍ ഈ പ്രക്രിയയെ സഹായിച്ചവരില്‍പെടും. കാലങ്ങള്‍ ഏറെ കഴിഞ്ഞതിന് ശേഷമാണെങ്കിലും അറബിക്കോളേജുകളാണ് പിന്നീട് ആ നേതൃത്വം ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ളത്.
1. നൂറുല്‍ ഹുദാ അറബിക്ക് കോളേജ്
കാല പ്രയാണത്തിനിടയില്‍ പരസ്യ മതപഠന രീതിയില്‍ നിന്നു വ്യത്യസ്തമായി പുരോഗമനപരവും ആധുനികവുമായ പന്ഥാവിലൂടെ ചരിച്ച് പുത്തന്‍ അധ്യായങ്ങള്‍ രചിച്ച പ്രശസ്തമായ ഒരു അറബിക് കലാലയമാണ് നൂറുല്‍ ഹുദാ അറബിക്ക് കോളേജ്. ഉല്‍പത്തിഷ്ണു ചിന്താഗതി വച്ചു പുലര്‍ത്തിയ ഒരു നേതൃത്വം ഉണ്ടായിരുന്നതിനാല്‍ കോളേജിന്റെ പ്രവര്‍ത്തനം ദക്ഷിണ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മത വൈജ്ഞാനിക മേഖലകളില്‍ കരുത്തുറ്റ ഒരു പുതിയ പണ്ഡിത നേതൃ നിരയെ വാര്‍ത്തെടുക്കണമെന്ന ലക്ഷ്യമായിരുന്നു കോളേജ് സ്ഥാപനത്തിന് പിന്നില്‍.
കോളേജിനാവശ്യമായ സ്ഥലം, കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയത് വലിയകുന്നത്ത് ഹാജി വി.എം സൈദുമുഹമ്മദ് റാവുത്തര്‍ എന്ന സമുദായ സ്‌നേഹി ആയിരുന്നു. തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം കരസ്ഥമാക്കി ഇതിനെ പൂര്‍ണ്ണ സജ്ജമായ ഒരു കോളേജാക്കി ഉയര്‍ത്തണമെന്നായിരുന്നു സ്ഥാപകന്റെ ആഗ്രഹം.
1952 ഏപ്രീല്‍ ഒന്നാം തിയ്യതി തിരു-കൊച്ചി മുഖ്യമന്ത്രി എ.ജെ. ജോണ്‍ കോളേജിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രൗഢ ഗംഭീരമായ ഒരു സദസ്സിന്റെയും പ്രഗല്‍ഭമതികളുടെയും സാനിധ്യത്തില്‍ നടന്ന ഉല്‍ഘാടന യോഗത്തില്‍ ബി. പോക്കര്‍ സാഹിബ് എം.പി., മദ്രാസ് യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പ്രൊഫസര്‍ അബ്ദുല്‍ ബുഖാരി, കായംകുളം യാക്രീബ് ഹസന്‍ സേഠ് എന്നിവരാണ് സംബന്ധിച്ചത്. സമ്മേളനം കോളേജിന് ഒരു ഔദ്യോഗികമായി അംഗീകാരം ലഭിക്കുന്നതിന് മുമ്പായിരുന്നതിനാല്‍ വി.എം സെയ്തു മുഹമ്മദ് റാവുത്തര്‍ സ്‌കൂള്‍ എന്ന പേരിലാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
അഞ്ചുവര്‍ഷക്കാല ദൈര്‍ഘ്യമുള്ള അഫ്ദലുല്‍ ഉലമ കോഴ്‌സിനകത്തെ ക്ലാസുകള്‍ തുടക്കത്തില്‍ തന്നെ ആരംഭമായി. ഈ കോഴ്‌സിന് ചേരുന്നതിന് അന്ന് അടിസ്ഥാന യോഗ്യതയൊന്നും നിശ്ചയിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് ആദ്യവര്‍ഷ പ്രവേശനം ഒരു എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തപ്പെട്ടു. പഠനം തുടര്‍ന്നുവന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫൈനല്‍ പരീക്ഷ എഴുതാനാവും വിധം കോളേജിന് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം 1957 മധ്യത്തില്‍ ലഭിക്കുകയുണ്ടായി. അതോടൊപ്പം അഫ്ദലുല്‍ ഉലമ പരീക്ഷ എഴുതാനുള്ള ദക്ഷിണ കേരളത്തിലെ ഒന്നാം പരീക്ഷ സെന്ററായി ഈ കോളേജിനെ തെരഞ്ഞെടുത്തത് വലിയ നേട്ടമായി. ഇപ്രകാരം പരീക്ഷ സെന്റര്‍ പദവി ലഭിക്കുന്ന ദക്ഷിണ മേഖലയിലെ ആദ്യത്തെ സ്ഥാപനം ഈ കോളേജായിരുന്നു.
പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനുമായിരുന്ന കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ല്യാരാണ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍. അല്‍ ബയാന്‍ മാസികയുടെ പത്രാധിപര്‍, അറബി, അറബി-മലയാളം, ഉര്‍ദു, ഫാര്‍സി, തമിഴ്, എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനറിയാവുന്ന വാഗ്മി എന്നീ നിലകളില്‍ അദ്ദേഹം ശോഭിക്കുകയും ചെയ്തതാണ്.
നൂറുല്‍ ഹുദാ മാസിക
നൂറുല്‍ ഹുദാ മാസിക അറബിക് കോളേജില്‍ നിന്ന് 1955 മുതല്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ചു പോന്ന പ്രസിദ്ധീകരണമാണ്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വാസനകള്‍ പരിപോഷിപ്പിച്ചു കൊണ്ടും സമുദായ നേതാക്കള്‍ പണ്ഡിതന്മാര്‍ എന്നിവരുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ഈ മാസിക കുറേക്കാലം മുടങ്ങാതെ വെളിച്ചം കണ്ടു. കേവല മത വിദ്യാഭ്യാസം എന്നതിലുപരി ഇസ്‌ലാമിന്റെ സമഗ്ര ജീവിതത്തിനു മുന്‍തൂക്കം നല്‍കിയ അധ്യയന വിഷയങ്ങള്‍ യാഥാസ്ഥിക പണ്ഡിതന്മാര്‍ വിമര്‍ശന ബുദ്ധിയോടെ കണ്ടിരുന്നതിനെതിരെ നൂറുല്‍ ഹുദായിലൂടെ പുറത്തുവന്ന ലേഖനങ്ങള്‍ ശബ്ദിച്ചിരുന്നു.
കോളേജു പ്രിന്‍സിപ്പല്‍ സി.എച്ച് മുഹമ്മദ് കുഞ്ഞു മദൂലി പത്രാധിപരായും ചേനപ്പാടി കെ.പി.എഫ് ഖാന്‍ സഹ പത്രാധിപരുമായി നൂറുല്‍ ഹുദാ ദീര്‍കാലം പുറത്തിറങ്ങിയെങ്കിലും കോളേജിന്റെ പ്രവര്‍ത്തന കാലം വരെ മാത്രമേ അതിനും ആയുസ്സുണ്ടായിരുന്നുള്ളു.
നൂറുല്‍ ഹുദാ പബ്ലിക്കേഷന്‍സ്
ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കുക എന്ന ആശയവുമായി ഈ കോളേജിന്റെ കീഴില്‍ ആരംഭിച്ച മറ്റൊരു സംരംഭമാണ് നൂറുല്‍ ഹുദാ പബ്ലിക്കേഷന്‍സ് എന്ന പുസ്തക പ്രസിദ്ധീകരണ വിഭാഗം. നൂതനമായ ഈ കാല്‍വയ്പ്പ് അന്ന് ദക്ഷിണ മേഖലയില്‍ അപൂര്‍മായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടക്കത്തില്‍ നൂറുല്‍ ഹുദാ മാസിക പ്രസിദ്ധീകരണം മാത്രമേ ലക്ഷ്യം വച്ചിരുന്നുള്ളൂ. എങ്കിലും അതിന്റെ തുടര്‍ച്ച എന്നോണമാണ് പുസ്തകങ്ങളുടെ പ്രകാശനം കൂടി ഉള്‍പ്പെടുത്തിയത്. അല്‍ഹാജ് പി.കെ. ഇബ്രാഹീം മൗലവിലുടെ അഹ്കാമുദ്ദീന്‍ എന്ന ഗ്രന്ഥം ആദ്യമായി പുറത്തിറക്കി. അതിന് ശേഷം സഹീഹുല്‍ മുസ്‌ലിം സംക്ഷേപം, അല്‍ അമീന്‍ എന്നിവയും മറ്റും പുസ്തങ്ങളും വെളിച്ചം കണ്ടു.
നൂറുല്‍ ഹുദാ ബുക്ക്സ്റ്റാള്‍
കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റുകൂട്ടിയ മറ്റൊന്നായിരുന്നു നൂറുല്‍ ഹുദാ ബുക്ക് സ്റ്റാള്‍ എന്ന പേരിലുള്ള പുസ്തക വിതരണ ശാല. സമുദായത്തിന്റെ പ്രഥമ സംരഭമായ ഈ ബുക്ക് സ്റ്റാളില്‍ കൂടി ഖുര്‍ആന്‍ പരിഭാഷ, ഹദീസ് ഗ്രന്ഥങ്ങള്‍, ചരിത്ര രചനകള്‍ എന്നിവയൊക്കെ വിതരണം ചെയ്യപ്പെട്ടു. വായനയുടെ ലോകത്തേക്ക് സമുദായത്തെ പ്രവേശിപ്പിക്കാന്‍ ഇതൊക്കെ വളരെ പ്രയോജനം ചെയ്തവയാണ്. ആനുകാലികങ്ങളായ പത്ര മാസികകളും ഈ വിതരണ ശാലയില്‍ കൂടി വായനക്കാരുടെ കൈകളിലെത്തിച്ചേര്‍ന്നു.
അത്യപൂര്‍വ്വ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെട്ട അമൂല്യമായ ഗ്രന്ഥ ശേഖരം അടങ്ങിയ ഒരു വലിയ ലൈബ്രറിയും അതിനോടനുബന്ധിച്ച് ആനുകാലികങ്ങള്‍ ലഭ്യമായിരുന്ന ഒരു വായനശാലയും ഈ കോളേജിന്റെ ഒരു മുതല്‍ക്കൂട്ടായിരുന്നു. പ്രഭാഷകര്‍, ഗ്രന്ഥകര്‍ത്താക്കള്‍, വിജ്ഞാന ദാഹികള്‍, സമുദായ പ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ ധാരാളം പേര്‍ ഉപയോഗപ്പെടുത്തി വന്ന കേന്ദ്രമായിരുന്നു ഇത്. കോളേജിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായ ഘട്ടത്തില്‍ പോലും ഗ്രന്ഥശാല പലരുടെയും പഠനത്തിനും വിജ്ഞാന ശേഖരണത്തിനുമായി പ്രയോജനപ്പെടുത്തിപ്പോന്നു. കോളേജു സ്ഥാപകനും പരിപാലകനുമായിരുന്ന വലിയകുന്നത്ത് ഹാജി വി.എം. സൈദുമുഹമ്മദ് റാവുത്തറുടെ (24-2-1957) അപ്രതീക്ഷിതമായ വിയോഗത്തിനുശേഷം പുത്രന്‍ വി.എസ്. മുസാവണ്ണന്‍ റാവുത്തരാണ് കോളേജിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തത്.
സമുദായത്തിന് അഭിമാനവും പ്രശസ്തിയും സമ്മാനിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു വന്ന ഈ കോളേജിന്റെ അംഗീകാരം ചില സാങ്കേതിക കാരണങ്ങളാലും നടത്തിപ്പില്‍ വന്ന പോരായ്മകളാലും യൂണിവേഴ്‌സിറ്റി ഇതിനിടയില്‍ താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഇടയായതാണ് 1969 ല്‍ കോളേജിന്റെ പ്രയാണം മന്ദഗതിയിലാകാന്‍ കാരണമായത് എന്നാല്‍ ഒരു മത പഠനശാല എന്ന നിലയില്‍ കുറേകാലം കൂടി മുന്നോട്ടു പോയെങ്കിലും 1977 മുതല്‍ പ്രവര്‍ത്തനം തീരെ നിലച്ച അവസ്ഥയിലെത്തിച്ചേര്‍ന്നു.
റാവു ബഹാദുര്‍ ഹാജി വി.എം. സൈദു മുഹമ്മദ് റാവുത്തര്‍
ആത്മാര്‍ഥവും അഗാധവുമായ സമുദായ സ്നേഹം, സാമൂഹ്യബോധം, സര്‍വോപരി ജഗനിയന്താവിലുള്ള അടിയുറച്ച വിശ്വാസം എന്നിവയുടെയൊക്കെ ഇരിപ്പടമായ ഒരു വിശാല മനസ്സിന്റെ ഉടമയായ സൈതുമുഹമ്മദ് റാവുത്തരെ കാലം പ്രദാനം ചെയ്തത് 1902 ലാണ്. 21ാം വയസ്സില്‍ കുടുംബ സ്വത്തില്‍ കുറേ ഭാഗം ലഭിച്ചതിനുശേഷം റബ്ബര്‍ വ്യാപാരത്തിലൂടെ വളര്‍ന്ന് ഒരു വലിയ സമ്പന്നനായി അദ്ദേഹം മാറുകയായിരുന്നു. എന്നാല്‍ 22ാമത്തെ വയസ്സു മുതല്‍ക്കുതന്നെ സൈദുമുഹമ്മദ് റാവുത്തരുടെ സമുദായ സേവനം പ്രകടമായി. സൂഫീ വര്യന്മാരുടെ വിശ്രമ കേന്ദ്രവും ശബരിമല അയ്യപ്പന്റെ സന്തത സഹചാരിയായിരുന്ന വാവര്‍ സ്വാമിയുടെ ജന്മസ്ഥലവുമായ കാഞ്ഞിരപ്പള്ളിക്കു സമീപമുള്ള പിച്ച പീരുമേട് ഓലമേഞ്ഞ പഴയ പള്ളി പുതുക്കിപ്പണിതുകൊണ്ടാണ് തുടക്കം. കാഞ്ഞിരപ്പള്ളിയിലെ പ്രധാന പള്ളിയായ നൈനാര്‍ പള്ളി 1941 ല്‍ അദ്ദേഹം പുനര്‍ നിര്‍മ്മാണം നടത്തിയത് അതിന് ശേഷമാണ്. അതുകൂടാതെ മുണ്ടക്കയം, കട്ടിക്കല്‍, വൈക്കം, മുറിക്കല്ല, മുളക്കുഴ, കാട്ടൂര്‍ നാരങ്ങാനം, കങ്ങഴ, ആലപ്പി, ചാമം പത്താല്‍ എന്നീ സ്ഥലങ്ങളിലെ പള്ളി നിര്‍മ്മാണങ്ങള്‍ക്കും അദ്ദേഹത്തിന്റെ കൈകള്‍ ഉദാരമായി പ്രവര്‍ത്തിച്ചു. ഈരാട്ടുപേട്ടയിലുള്ള നൂറുല്‍ ഹുദാ മദ്രസക്കും അതിന് സമീപമുള്ള മസ്ജിദിന്റെയും പുനര്‍ നിര്‍മ്മാണം എന്നിവക്കും ഇത്തരം സഹായം ഉണ്ടായി. കൂടാതെ ഈ മദ്രസയിലെ അധ്യാപകര്‍ക്കുള്ള ശമ്പളവും അദ്ദേഹമാണ് നല്‍കിപ്പോന്നത്.
കോട്ടയം ജില്ലയിലെ ആശുപത്രിയോടനുബന്ധിച്ച് 1942 ല്‍ രോഗികള്‍ക്കുവേണ്ടി നിര്‍മ്മിച്ചുകൊടുത്ത ഒരു വാര്‍ഡ് ഇപ്പോഴും സൈദുമുഹമ്മദ് റാവുത്തരുടെ പേരില്‍ത്തന്നെ നിലകൊള്ളുന്നു. ദിവാന്‍ സര്‍. സി.പി രാമസ്വാമി അയ്യരാണ് അത് ഉദ്ഘാടനം ചെയ്തത്. കോട്ടയം ബിഷപ്പ് ചൂളപ്പറമ്പ് മെമ്മോറിയല്‍ ആശുപത്രിയുടെ വാര്‍ഡു നിര്‍മ്മാണത്തിനും റാവുത്തരുടെ സഹായം ഉണ്ടായി. (കേരള ചരിത്ര ഡയറക്ടറി. 1945)
കാഞ്ഞിരപ്പള്ളിയുടെ ഹൃദയ ഭാഗത്തുകൂടി കടന്നുപോകുന്ന കോട്ടയം-കുമളി റോട്ടില്‍ (കെ.കെ. റോഡ്) നൈസാമുദ്ദീന്‍ പള്ളിയിലേക്ക് അന്ന് സഞ്ചാര യോഗ്യമായ ഒരു പാതയില്ലായിരുന്നു. കുറുകെ കടന്നുപോകുന്ന തോടും, കുഴികളും ഇഞ്ചക്കാടുകളും കൊണ്ടു നിറഞ്ഞ ഈ സ്ഥലങ്ങള്‍ സമീപസ്ഥരോട് വിലക്കുവാങ്ങി പാലവും നിർമിച്ചു. കെ.കെ. റോഡില്‍ നൈനാരുപള്ളി വരെയുള്ള വഴി പ്രധാന പാതയാക്കിയതും സ്മര്യ പുരുഷന്‍ തന്നെയാണ്. പാതയുടെ ആരംഭത്തില്‍ കെ.കെ. റോഡിനോട് ചേര്‍ന്ന് മസ്ജിദിന്റെയും പാതയുടെ യും രാജ പ്രൗഢിക്ക് മകുടം ചാര്‍ത്തുമാറ് കരിങ്കല്ലില്‍ ഒരു പ്രവേശന കവാടം നിര്‍മിച്ചതും ഏവരുടെയും ദൃഷ്ടിയില്‍പെടും. നൈനാര്‍ പള്ളിയോട് ചേര്‍ന്ന് കിടന്നിരുന്ന തുണ്ടു ഭൂമികള്‍ അവയുടെ ഉടമസ്ഥരോട് വിലക്കുവാങ്ങി പള്ളി പരിസരം വിസ്തൃതമാക്കുകയും ചെയ്തു. പള്ളിയുടെ മുന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന താഴ്ചയേറിയ വലിയ കുളത്തിന്റെ വശങ്ങള്‍ ബലപ്പെടുത്തിയതും അദ്ദേഹത്തിന്റെ ശ്രമഫലമാണ്. രാഷ്ട്രീയ രംഗത്തിലൂടെ അദ്ദേഹം കടന്നുപോയത് മജീദു മരക്കാരുടെ നേതൃത്വത്തിലുണ്ടായിരുന്ന തിരുവതാംകൂര്‍ സ്്‌റ്റേറ്റു കോണ്‍ഗ്രസിന്റെ ട്രഷറര്‍ സ്ഥാനം അലങ്കരിച്ചുകൊണ്ടായിരുന്നു. അഗതികളും പാവങ്ങളുമായ ആള്‍ക്കാര്‍ സെയ്തുമുഹമ്മദ് റാവുത്തരെ ഓര്‍മ്മിച്ചിരുന്നത് അദ്ദേഹത്തിന്റെ വിശാലമായ ഔദാര്യ മനസ്സിന്റെ പേരിലാണ്. തെക്കന്‍ കേരളത്തില്‍ അന്നു പ്രശസ്തനായിരുന്ന തങ്ങള്‍ കുഞ്ഞു മുസ്‌ലിയാരായിക്കും ഒരു പക്ഷെ അദ്ദേഹത്തെപ്പോലെ ഒരു സമാന ചിന്താഗതിക്കാരന്‍ ആയിരുന്നു.
ഹിദായത്തുല്‍ ഇസ്‌ലാം അറബിക്ക് കോളേജ് കാഞ്ഞിരപ്പള്ളി
മത വൈജ്ഞാനിക രംഗത്തും നേതൃനിരയിലും ഒരു പറ്റം പണ്ഡിതന്മാര്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ചിന്തയുടെ ഫലമായി ഉടലെടുത്ത മറ്റൊരു സ്ഥാപനമാണ് ഹിദായത്തുല്‍ ഇസ്‌ലാം അറബിക് കോളേജ്. പേട്ട ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അറബി അധ്യാപകനായിരുന്ന ഉണ്ണി അലവി 1940 ല്‍ ആരംഭിച്ച ഒരു മദ്രസയാണ് ഇത്തരത്തിലെ ആദ്യ സംരഭം. അദ്ദേഹത്തില്‍ നിന്നുള്ള ആവേശം ഉള്‍ക്കൊണ്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ മറ്റൊരു മദ്രസ 1944 ല്‍ ആരംഭിക്കുകയും പിന്നീടത് 1951 ല്‍ ഒരു സമ്പൂര്‍ണ്ണ അറബിക് കലാലയമായി മാറുകയും ചെയ്തു. കായംകുളത്തിനടുത്ത കറ്റാനം സ്വദേശിയും പണ്ഡിതനും വാഗ്മിയുമായ അഹമ്മദ് മുസ്‌ല്യാര്‍ പ്രിന്‍സിപ്പലായി നേതൃത്വം നല്‍കിയ ഈ കോളേജില്‍ ദക്ഷിണ മേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മതപഠനം പൂര്‍ത്തിയാക്കി പണ്ഡിതന്മാരായി പുറത്തുവന്നു. ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ മഹല്ലുകളില്‍ ഖത്തീബുമാരായും ഇമാമീങ്ങളുമായി സേവനത്തില്‍ പ്രവേശിക്കുകയും ചെയ്തു. ഹൈറേഞ്ചു മേഖലകളില്‍ കുടിയേറ്റക്കാരായ മുസ്‌ലിം സമൂഹത്തിന് ഇവരുടെ നേതൃത്വപരമായ കഴിവുകള്‍ വിനിയോഗിക്കുകയും ചെയ്തിട്ടുള്ളതാണ്. ഗള്‍ഫ് നാടുകളില്‍ വരെ ഈ കോളേജില്‍ നിന്ന് പുറത്തുവന്ന യുവപണ്ഡിതര്‍ എത്തപ്പെട്ടു. പണ്ഡിത ശ്രേഷ്ഠരായ ആളുകളെ ലഭിക്കുവാന്‍ മാര്‍ഗമില്ലാതിരുന്ന ഒരു കാലയളവില്‍ ഹിദായത്തുല്‍ ഇസ്‌ലാം അറബിക് കോളേജിന്റെ സന്തതികളാണ് വിശ്വാസികള്‍ക്ക് അദ്ധ്യാത്മിക നേതൃത്വം നല്‍കിപ്പോന്നത്. ഏഴുവര്‍ഷക്കാലത്തോളം ദൈര്‍ഘ്യമുള്ള കോളേജ് പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും സൗജന്യമായി കൊടുത്തുവരികയാണ്. ഭരണഘടനാ വ്യവസ്ഥക്ക് വിധേയമായി നാട്ടുകാര്‍ തെരഞ്ഞെടുക്കുന്ന ഒരു പരിപാലന സമിതിയാണ് കോളേജ് ഭരണത്തിന്റെ ഒരോ ഘട്ടത്തിലും മേല്‍നോട്ടം വഹിക്കുന്നത്.
ദക്ഷിണമേഖലാ മതവിദ്യഭ്യാസ ബോര്‍ഡിലും മറ്റും നേതൃത്വ പദവിയിലെത്തിയ വടുതല വി.എം. മൂസാ മൗലാനാ, കെ.എം. അബ്ദുല്‍ ബുഷ്‌റാ മൗലവി, കെ.എം മുഹമ്മദ് ഈസാ മൗലവി തുടങ്ങിയ പ്രഗല്‍ഭരും പ്രശസ്തരുമായ പണ്ഡിത ശ്രേഷ്ഠർ ഈ കലാലയത്തിന്റെ പ്രിന്‍സിപ്പല്‍ പദവി വഹിച്ചവരാണ്. ഇവക്ക് പുറമെ കിടങ്ങയം ഇബ്രാഹീം മൗലവി, കറ്റാനം മുഹമ്മദ് യൂസഫ് മൗലവി, മലപ്പുറം മരക്കാര്‍ മൗലവി, കൊല്ലം പി.ഇബ്രാഹീം മൗലവി, പത്തനാപുരം അഹമ്മദുല്‍ കബീര്‍ മൗലവി തുടങ്ങിയവരും ഈ സ്ഥാനം പിന്നീട് അലങ്കരിച്ചു.
കോളേജിന്റെ തുടക്കത്തില്‍ വിദ്യാത്ഥികള്‍ക്കുള്ള ഭക്ഷണം ഓരോ വീടുകളില്‍ നിന്നുമാണ് നല്‍കിപ്പോന്നത്. ഒരു കുടുംബാംഗത്തെപ്പോലെ കരുതി സ്‌നേഹ വാല്‍സല്യങ്ങളോടെ അവരെ സല്‍ക്കരിക്കുന്നതില്‍ ഓരോ കുടുംബവും അതീവ താല്‍പര്യം കാണിക്കുകയുണ്ടായി. ഭക്ഷ്യ ദൗര്‍ലഭ്യം നേരിട്ട നാളുകളില്‍ അവരുടെ ഭക്ഷണ വിഭവങ്ങള്‍ എത്തിക്കുവാന്‍ ത്യാഗ മനോഭാവത്തോടെ അവര്‍ പെരുമാറി. എന്നാല്‍ ഇന്ന് കോളേജിന് സ്ഥിരം വരുമാനം ഉറപ്പാക്കുന്നതിനായി കാഞ്ഞിരപ്പള്ളി ടൗണില്‍ തന്നെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് പടുത്തുയര്‍ത്തുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിരിക്കുന്നു.
അനേകം പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സമുദായത്തിന്റെ പണ്ഡിത നേതൃത്വ പദവിയിലേക്കുയര്‍ത്തുവാന്‍ ഈ കോളേജിന് സാധ്യമായത് വലിയ നേട്ടമായിത്തന്നെ വിലമതിക്കപ്പെടാം. ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവായിരുന്ന കെ.ടി. അബ്ദുറഹീം ഈ കോളേജില്‍ പഠനം നടത്തിയതാണ്. എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മതവൈജ്ഞാനിക മേഖലയെ കൈവിട്ട് ഇതര പ്രൊഫഷണല്‍ മണ്ഡലങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത ഏറിവരുന്നതിനാല്‍ പാരമ്പര്യ സമ്പ്രദായത്തിലധിഷ്ഠിതമായ ഈ കോളേജിന് മുമ്പത്തെപ്പോലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനാവുന്നില്ല എന്ന അവസ്ഥയാണുള്ളത്. കാലോചിതമായ മാറ്റങ്ങള്‍ വരുത്തി പൂര്‍വ്വ ഐശ്വര്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പരിപാലന സമിതിയിപ്പോള്‍.