മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി: വൈജ്ഞാനിക സംഭാവനകള്‍

അന്‍ഫല്‍ ജാന്‍ കെ എ   (ഇസ്‌ലാമിയാ കോളെജ്, തളിക്കുളം)

മൗലികതയുള്ള ചിന്തയും ബഹുഭാഷാ പാണ്ഡിത്യവും ആശയ ഗാംഭീര്യമുള്ള പ്രഭാഷണവും ആഴമുളള രാഷ്ട്രീയ നിരീക്ഷണവും ഇസ്‌ലാമിക വിഷയങ്ങളില്‍ വ്യുല്‍പത്തിയുമുള്ള പ്രതിഭയായിരുന്നു മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി. ഖുര്‍ആന്‍ - ശാസ്ത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങള്‍ ചേരുന്ന, കേരളീയ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വമാണ് മൗലവി. മതപണ്ഡിതരെ കുറിച്ചുള്ള ഇടുങ്ങിയ സാമ്പ്രാദായിക ധാരണകള്‍ അദ്ദേഹം തിരുത്തിക്കുറിച്ചു. ശാസ്ത്രവും തത്ത്വചിന്തയും ചരിത്രവും ലോക രാഷ്ട്രീയവും സവിശേഷമായി വിശകലനം ചെയ്ത അദ്ദേഹം, കര്‍മ്മ ശാസ്ത്രത്തിന്റെ തലനാരിഴകള്‍ കീറി തര്‍ക്കിക്കുകയും വിലകുറഞ്ഞ വാദപ്രതിവാദങ്ങളില്‍ സമയം കളയുകയും ചെയ്യുന്ന മത പണ്ഡിതരില്‍ നിന്ന് വഴിമാറി നടന്നു.

ജനനം, വിദ്യാഭ്യാസം
കായംകുളം കൊറ്റുകുളങ്ങര മുട്ടാണിശ്ശേരില്‍ എം. മുഹമ്മദ് കുഞ്ഞിന്റെയും അവറുകാദര്‍
ഉമ്മയുടെയും മകനായി 1926 ല്‍ ആഗസ്റ്റ് 14 ന് ജനനം. കായംകുളം ബോയ്‌സ് സ്‌കൂള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ പഠനം. ഫിസിക്‌സില്‍ ബിരുദം. ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ സ്വപ്രയത്‌നത്താല്‍ വ്യുല്‍പത്തി നേടി. വിദ്യാഭ്യാസത്തോട് സമുദായം പൊതുവെ വിമുഖത കാണിച്ചിരുന്ന കാലത്താണ് അദ്ദേഹം പഠിച്ചുവളര്‍ന്നത്. ഏക്കറോളം കൃഷിഭൂമിയുണ്ടായിരുന്ന കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയും എഴുത്തും വായനയും അറിയുന്ന പിതാവും പ്രദേശത്തെ ആദ്യത്തെ ബിരുദധാരിയായ സഹോദരന്‍ അബ്ദുള്‍ റഹിമാന്‍ കുഞ്ഞും കോയക്കുട്ടിക്ക് നല്ല പഠനാന്തരീക്ഷം ഒരുക്കി. സ്‌കൂളില്‍ മലയാളം ഒന്നാം ഭാഷയായി പഠിക്കാന്‍ പ്രേരിപ്പിച്ചത്  ജ്യേഷ്ഠനായിരുന്നു. അറബിഭാഷ വീട്ടിലിരുന്ന് പഠിച്ചു. കോളേജ് വിദ്യാഭ്യാസവും വായനയും ജ്യേഷ്ഠന്റെ ശിക്ഷണവും വഴി ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാനായത് മൗലവിയുടെ വൈജ്ഞാനിക ജീവിതത്തിന് വലിയൊരു മുതല്‍ക്കൂട്ടായി. കോളേജ് വിദ്യാഭ്യാസാനന്തരം കൂട്ടുകാരെല്ലാം ജോലിതേടി പോയപ്പോള്‍ മൗലവി തെരഞ്ഞെടുത്തത് ഇസ്‌ലാമിക പഠനത്തിന്റെ വഴിയായിരുന്നു. പരന്ന വായനയാണ് കോയക്കുട്ടി മൗലവിയിലെ പ്രതിഭയെ രൂപപ്പെടുത്തിയ ഘടകങ്ങളില്‍ ഒന്ന്. കായംകുളത്തെ ദേശബന്ധു വായനശാല ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന തട്ടകം. വലിയ കോയിത്തമ്പുരാന്‍, രാമവര്‍മ്മത്തമ്പുരാന്‍, മലബാര്‍ സുകുമാരന്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ, ചങ്ങമ്പുഴ, ആശാന്‍, വള്ളത്തോള്‍, പാലാ നാരായണന്‍ നമ്പൂതിരി തുടങ്ങിയവരുടെയെല്ലാം കൃതികള്‍ ചെറുപ്പത്തിലേ അദ്ദേഹം വായിച്ചു. ഇംഗ്ലീഷ്, മലയാളം കവിതകള്‍ ധാരാളം മനഃപാഠമാക്കിയിരുന്നു മൗലവി. ബര്‍ട്രന്റ് റസല്‍, വൈറ്റ് ഹെഡ്, വില്യം ജെയിംസ്, ഹക്‌സലി, അര്‍ണോള്‍ഡ് ടോയന്‍ബി, ക്രിസ്‌നി നോസ, വില്‍ഡ്യൂറാന്‍ തുടങ്ങിയ തത്ത്വചിന്തകരും ശാസ്ത്രജ്ഞരും സാഹിത്യകാരും മുതല്‍ ഇമാം റാസി, റൂമി, ഇമാം സുയൂത്വി, സൈദാവി, ഇമാം ഗസാലി തുടങ്ങിയ ഇസ്‌ലാമിക പണ്ഡിതന്മാരെ വരെ അദ്ദേഹം വായിച്ചു. അത് അദ്ദേഹത്തിന്റെ വൈജ്ഞാനിക മണ്ഡലത്തെ വിശാലമാക്കി. സാധാരണ മതപണ്ഡിതനില്‍ നിന്ന് ഉയര്‍ന്ന ചിന്തകനായി അദ്ദേഹം വളര്‍ന്നത് അങ്ങനെയായിരുന്നു.

ഖുര്‍ആന്‍ പരിഭാഷ
മുട്ടാണിശ്ശേരില്‍ എം. കോയക്കുട്ടി മൗലവി എന്ന പണ്ഡിതന്‍ വിശുദ്ധ ഖുര്‍ആന്റെ ആദ്യ സമ്പൂര്‍ണ്ണ മലയാള വിവര്‍ത്തകന്‍ എന്ന നിലയിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. ഖുര്‍ആന്റെ ആദ്യമലയാള പരിഭാഷ പട്ടത്തിന് സി.എന്‍.അഹമ്മദ് മൗലവി, വക്കം മൈതിന്‍ സാഹിബ്, തുടങ്ങിയവരുടേതാണെന്ന് പറയപ്പെടുന്നുണ്ട്. പക്ഷെ ആദ്യ വിവര്‍ത്തനങ്ങളില്‍ ഏറെ സ്വീകാര്യത നേടിയത് മൗലവിയുടേതാണെന്ന് നിസ്സംശയം പറയാം. 1966 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു എന്നതല്ല, ഇതിനകം പത്തോളം പതിപ്പുകള്‍ പ്രസ്തുത പരിഭാഷക്ക് നേടാനായി എന്നതാണ് അതിന്റെ അംഗീകാരത്തിനുള്ള ഏറ്റവും വലിയ തെളിവ്.
ഖുര്‍ആന്‍ പരിഭാഷ എഴുതാനിടയാക്കിയ സാഹചര്യം ഒരിക്കല്‍ പറയുകയുണ്ടായി2. 1942 ല്‍ പിക്താളിന്റെ  ഖുര്‍ആന്‍ പരിഭാഷ വായിച്ചപ്പോള്‍ ഖുര്‍ആനിനോട് ആധുനികമായ ഒരു സമീപനം വളര്‍ന്നുവന്നു. എന്നാല്‍, സി.എന്‍. അഹമ്മദ് മൗലവിയുടെ പരിഭാഷ വായിച്ചപ്പോള്‍ മാനസികമായി ഒരു ഇടിവ് തോന്നി. കാരണം അതിലെ ഭാഷ ദുര്‍ബലമായിരുന്നു. മലയാളഭാഷയില്‍ ഇതിനെക്കാള്‍ നല്ലൊരു പരിഭാഷ അര്‍ഹിക്കുന്നുവെന്ന തോന്നലുണ്ടായി. അക്കാലത്ത് മുസ്‌ലിം ഭാഷയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വാക്യത്തില്‍ സമഗ്രമായ ആശയം മനസ്സിലാക്കുകയെന്ന പ്രധാനകാര്യം കൈവിടുകയും വാക്യത്തെ കഷ്ണങ്ങളായി മുറിക്കുകയും ചെയ്തിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നാണ് മൗലവി പരിഭാഷ തയ്യാറാക്കാന്‍ സന്നദ്ധനാവുന്നത്. ക്രമേണ ഖുര്‍ആന്‍ ഗവേഷണ പഠനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നു. ''ഖുര്‍ ആന്‍ വലിയൊരു അത്ഭുതമാണ്. ശാസ്ത്രലോകത്തിന് മുമ്പിലെ മഹാത്ഭുതം. ശാസ്ത്ര-ഗവേഷണത്തെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതൊരു ഇബാദത്താണ്'' എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ശാസ്ത്ര ഗവേഷണത്തെ ഇസ്‌ലാം അംഗീകരിക്കുന്നുവെന്നതിന് തെളിവായി ഇബ്‌റാഹിം നബിയുടെ സംഭവം വിവരിക്കുന്നുണ്ട് മൗലവി. ഒരിക്കല്‍, ഇബ്‌റാഹിം നബി അല്ലാഹുവിനോട് പറഞ്ഞു, നീ മരിച്ചവരെ പുനര്‍ജ്ജനിപ്പിക്കുന്നത് എങ്ങനെയെന്ന് ഒന്നു കാണിച്ചുതരണം. അല്ലാഹു മറുപടി പറഞ്ഞു ''നീ പക്ഷികളെ പിടിക്കുക, അറുത്ത് കഷ്ണങ്ങളാക്കി നാല് കുന്നുകളുടെ മുകളില്‍ വെക്കുക, എന്നിട്ട് അവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ വരും.'' ഇതില്‍ കുറെ അത്ഭുതങ്ങളുണ്ട്. എന്നാല്‍ ശാസ്ത്രവശത്തില്‍ നിന്ന് നോക്കുമ്പോള്‍ ഇബ്‌റാഹിം നബിയോട് അല്ലാഹു ആവശ്യപ്പെടുന്നത് കുറേ ക്രിയകള്‍ ചെയ്യാനാണ്. ഇത് ശാസ്ത്ര ഗവേഷണത്തെ കൂടി സൂചിപ്പിക്കുന്നുവെന്നാണ് മുട്ടാണിശ്ശേരി അഭിപ്രായപ്പെട്ടത്. ഖുര്‍ആനിനെ ഒരു ചരിത്ര ഗ്രന്ഥമായി കാണാനും ശാസ്ത്ര ഗവേഷണത്തോട് ഖുര്‍ആനിനെ ബന്ധപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് മററ് പരിഭാഷകരില്‍ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ തയ്യാറാക്കുക എന്നതിനോടൊപ്പം ആദ്യത്തെ സമ്പൂര്‍ണ്ണ മലയാളം ഖുര്‍ആന്‍ പാരായണ സഹായിയും ആദ്യത്തെ സമ്പൂര്‍ണ്ണ ഓഡിയോ കാസറ്റുകളും തയ്യാറാക്കി. പിന്നീട് അത് സ്വന്തം ശബ്ദം നല്‍കി സി.ഡി. ആയി പുറത്തിറക്കി.

പ്രഭാഷകന്‍
ഗ്രന്ഥകാരന്‍ എന്നതുപോലെ തന്നെ മൗലവി ഏറെ തിളങ്ങിയത് പ്രഭാഷകന്‍ എന്ന നിലയില്‍ കൂടിയാണ്. 1997 ല്‍ അമേരിക്കയില്‍ നീണ്ട രണ്ടുമാസ പര്യടനകാലത്ത് അവിടത്തെ നിരവധി സര്‍വ്വകലാശാലകളില്‍ ധാരാളം പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. ഖുര്‍ആനും ശാസ്ത്രവും, ചരിത്രത്തിന്റെ സൈദ്ധാന്തിക വ്യാകരണം, ഇബനു ഖല്‍ദൂന്റെ ചരിത്ര ദര്‍ശനം, ഖുര്‍ആന്റെ ചിന്താ പ്രപഞ്ചം തുടങ്ങിയ വിഷയങ്ങളിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
1960-70 കാലഘട്ടത്തില്‍ തലശ്ശേരി മുസ്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരകള്‍ അവിസ്മരണീയവും ചരിത്ര താളുകളില്‍ രേഖപ്പെട്ടതും ആണ്. ടി.വി.കുട്ട്യമ്മു സാഹിബായിരുന്നു സംഘടനക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. മതവും ശാസ്ത്രവും സംയോജിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന സാഹിത്യ പ്രസംഗവും ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാന്‍ എല്ലാ വിഭാഗക്കാരും എത്തുമായിരുന്നു. 'മത-ശാസ്ത്ര സംഘട്ടനം എന്നൊന്നില്ല.'' എന്ന് വിശ്വസിച്ച ഇബ്‌നു തൈമിയയുടെയും ഇമാം റാസിയുടെയും ഇബ്‌നു ഖല്‍ദൂന്റെയും മുഹമ്മദ് അബ്ദുവിന്റെയും ഇഖ്ബാലിന്റെയും യുക്തി കൈവിട്ടതാണ് മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണമെന്ന് മൗലവി അഭിപ്രായപ്പെട്ടിരുന്നു. സര്‍വ്വമത സമ്മേളനങ്ങളില്‍ കോയക്കുട്ടി മൗലവി ഇസ്‌ലാമിന്റെ സര്‍വതലസ്പര്‍ശിയായ സൗന്ദര്യം ഭാവ സാന്ദ്രമായി അവതരിപ്പിക്കുമായിരുന്നു. മഹാനായ റാസിയെ ഉദ്ധരിച്ചുകൊണ്ട് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. ''യുക്തി ദൈവം മനുഷ്യന് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ്. യുക്തിബോധം അവനെ തിരക്കുകളില്‍ നിന്ന് ഉയര്‍ത്തിയിരിക്കുന്നു. യുക്തിബോധം ഉപയോഗിച്ച് പ്രകൃതിയില്‍ അന്തര്‍ഭവിച്ച പ്രയോജനങ്ങള്‍ നേടിയെടുക്കുന്നത് ഇഹപര വിജയത്തിലേക്ക് നയിക്കും''3.
മുസ്‌ലിം - ശാസ്ത്ര പാരമ്പര്യം, ഖുര്‍ആനും ശാസ്ത്രവുമായുള്ള ബന്ധം എന്നിവയെ കുറിച്ച് അദ്ദേഹത്തിന് സവിശേഷമായ അവഗാഹമുണ്ടായിരുന്നു. ഒരിക്കല്‍ യു.എസ്.എ യിലെ മെറിലാന്‍ഡില്‍ മൗലവി നടത്തിയ പ്രഭാഷണം കേട്ട്, വാഷിംഗ്ടണിലെ ജൂത യൂണിവേഴ്‌സിറ്റി അവരുടെ കോണ്‍ഫറന്‍സില്‍ ‘Synonyms in Arabic and Hebrew’ എന്ന വിഷയത്തില്‍ പ്രഭാഷണത്തിന് ക്ഷണിച്ചു.

കൃതികള്‍
മൗലവിയുടെ പ്രഭാഷണവും പരിഭാഷയും പോലെത്തന്നെ അദ്ദേഹത്തിന്റെ കൃതികളും ചരിത്ര - ശാസ്ത്രങ്ങളുടെ സംയോജനമായിരുന്നു. ലോകപ്രശസ്ത ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്റെ 'മുഖദ്ദിമ'യുടെ പരിഭാഷ എഴുതി. 1968 ല്‍ മക്കയില്‍ നിന്ന് 'മുഖദ്ദിമ' യുടെ  ഒരു കോപ്പി വാങ്ങിയ മൗലവി മൂന്ന് ഘട്ടങ്ങളിലായാണ് പരിഭാഷ പുറത്തിറക്കിയത്. മാതൃഭൂമി ആയിരുന്നു പ്രസാധകര്‍. വൈക്കം മുഹമ്മദ് ബഷീറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മൗലവി, മുഖദ്ദിമയുടെ പരിഭാഷയുമായി അദ്ദേഹത്തെ സമീപിച്ചു. കൈയെഴുത്ത് പ്രതിയുടെ ചില ഭാഗങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം ബഷീര്‍ ആ പരിഭാഷയ്ക്ക് ഇങ്ങനെ പേരിട്ടു 'മാനവ ചരിത്രത്തിന് ഒരാമുഖം' മുഖദ്ദിമയുടെ മറ്റൊരു പരിഭാഷ ഇന്നോളം ആരും പുറത്തിറക്കിയിട്ടില്ല എന്നതും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് അടിവരയിടുന്നു.
തന്റെ സര്‍ഗസപര്യയില്‍ ഏറെ ക്ലിഷ്ടവും അധ്വാന ദൈര്‍ഘ്യമുള്ളതും എന്നാല്‍ ഏറെ ആനന്ദദായകവുമായ ഒരു ധ്യാനപ്രക്രിയയായിരുന്നു മുഖദ്ദിമയുടെ പരിഭാഷ എന്ന് അദ്ദേഹം പറയുമായിരുന്നു5. ചരിത്രത്തെ സംഭവകഥനത്തിന്റെ തലത്തില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിയ ചരിത്രകാരനാണ് 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്‌നു ഖല്‍ദൂന്‍. സാമൂഹിക ശാസ്ത്രത്തിന്റെ പിതാവ്, ശാസ്ത്രീയ ചിത്രരചനാരീതിയുടെ ഉപജ്ഞാതാവ് എന്നെല്ലാം സര്‍വരാലും വാഴ്ത്തപ്പെട്ട ഖല്‍ദൂന്റെ മുഖദ്ദിമ നാഗരിക സാമൂഹിക ചരിത്രത്തിലെ ബൗദ്ധിക വ്യവഹാരരംഗത്തെ എക്കാലത്തെയും വിസ്മയമാണ്. പക്ഷേ, അതിന്റെ പരിഭാഷയെ മലയാളി സമൂഹം വേണ്ടത്ര സ്വീകരിക്കാത്തത് ഒരു വിവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഒരു സ്വകാര്യദുഃഖം കൂടിയാണ്. പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതിയുമായി ടി.പി. കുട്ട്യാമ്മുസാഹിബിനോടൊപ്പം കേരളത്തിലാകെ പ്രസാധകരെ തേടി അലഞ്ഞ കഥയുടെ പിന്നാമ്പുറം വായിച്ചാല്‍ ഒരു കാലഘട്ടത്തിന്റെ ചിത്രം കൂടി വ്യക്തമാവും.
ഖുര്‍ആനിന്റെ അക്ഷരങ്ങളുടെ ക്രമീകരണത്തില്‍ '19' ഒരു അടിസ്ഥാന സംഖ്യയാണെന്നും 19 ന്റെ ഗുണിതങ്ങളായിട്ടാണ് ഖുര്‍ആന്റെ അക്ഷരഘടന എന്നുമുള്ള സിദ്ധാന്തവുമായി ഈജിപ്ഷ്യന്‍ - അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ. റഷാദ് ഖലീഫ രംഗത്ത് വരുന്നത്. ഖുര്‍ആനില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ചില വാക്യങ്ങളുടെ മൊത്തം ആവര്‍ത്തന സംഖ്യ, പ്രധാനപദങ്ങള്‍, പ്രധാന വാക്യങ്ങള്‍, ഉപയോഗിച്ച അക്ഷരങ്ങള്‍, എന്നിവ അദ്ദേഹം നിരത്തിവെക്കുകയും എല്ലാം 19ല്‍ ചെന്ന് എത്തുന്നുവെന്ന് തന്റെ കമ്പ്യൂട്ടറിലൂടെ അദ്ദേഹം തെളിയിച്ചു. 1975 ലാണ് ഇതിന്റെ  ആരംഭമെങ്കില്‍ 1985 ആയപ്പോഴേക്കും സ്ഥിതി മാറി. റഷാദ് ഖലീഫ തന്റെ തിയറി സമര്‍ത്ഥിക്കുന്നതിന് ഖുര്‍ആനിന്റെ വാക്യഘടനയില്‍ ചില മാറ്റങ്ങള്‍ കൂടി നിര്‍ദ്ദേശിക്കുകയും നീക്കുപോകുകള്‍ നടത്തിയതായും കണ്ടെത്തി. പക്ഷേ, നിലവിലുള്ള വാക്കുകള്‍ക്കോ അക്ഷരങ്ങള്‍ക്കോ തിരുത്തല്‍ കൂടാതെ തന്നെ 19 ന്റെ ഗണിതഘടന ഖുര്‍ആനിനുണ്ട് എന്ന് ‘Number 19 in the Quran, fact or Fallacy’ എന്ന കൃതിയിലൂടെ മൗലവി കണ്ടെത്തി. 19 എന്ന അക്കത്തിന് സംഖ്യാപരമായ ഒരു കര്‍ത്തവ്യം നിര്‍വ്വഹിക്കാനുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ശാസ്ത്രീയമായ ആ സംഖ്യാനീക്കങ്ങളില്‍ ഒരല്‍ഭുതത്തിന്റെ അംശം കാണപ്പെടുന്നുണ്ടെങ്കിലും അത് നിറവേറ്റുന്ന കര്‍ത്തവ്യം നോക്കുമ്പോള്‍ അത് ഒരു അല്‍ഭുതത്തിനെക്കാള്‍ വലുതാണ്. ഈ എണ്ണങ്ങള്‍ യുക്തി സഹജമായ ശാസ്ത്രീയ സത്യങ്ങള്‍ വെളിവാക്കുന്നു. ഈ പുസ്തകത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്ന അക്ഷര-സംഖ്യാബന്ധങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ശാസ്ത്രീയ വസ്തുതകളാണ്.
പരിശുദ്ധ ഖുര്‍ആനിലെ ചില അധ്യായങ്ങളുടെ ആദ്യവാക്കുകള്‍ ഒറ്റയക്ഷരങ്ങളോ അവയുടെ കൂട്ടമോ ആണ്. ഇത്തരം വാക്കുകളെ കുറിച്ച് അദ്ദേഹത്തിന്റെ പഠനമാണ് 'ശാസ്ത്രവേദ സംഗമം ഖുര്‍ആനില്‍.'
മൗലവിയുടെ പ്രധാനപ്പെട്ട ഒരു കൃതിയാണ് 'ശുദ്ധീകരണം' ഇത് എഴുതാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ മൗലവിയുടെ ഗ്രന്ഥങ്ങള്‍ വായിച്ച ഒരു ക്രിസ്ത്യന്‍ പാതിരി മൗലവിയെ ക്രിസ്തുമതത്തിലേക്ക് ക്ഷണിച്ചു. മൗലവി അദ്ദേഹത്തോട് ചോദിച്ചു, താങ്കള്‍ മൂത്രമൊഴിച്ചതിന് ശേഷം ശുദ്ധീകരിച്ചില്ലേ?  ഇല്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അശുദ്ധമായ താങ്കള്‍ ശുദ്ധമായ എന്നെ ഒരു മതത്തിലേക്ക് ക്ഷണിക്കുകയോ? ഇതും മതം ആവശ്യപ്പെട്ടതാണോ? ഇതിന്റെ സാഹചര്യത്തില്‍ നിന്നാണ് ശുദ്ധീകരണം പുറത്തിറക്കിയത്8. മനുഷ്യപരിണാമത്തെക്കുറിച്ച് ‘The melhad in the quran’ ഉം യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് 'യേശു ക്രൂശിക്കപ്പെട്ടുവോ എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്.
ഇസ്‌ലാം ഒരു വിശകലന പഠനം, ഖുര്‍ആനിലെ ഉപമകള്‍, പ്രകാശങ്ങളുടെ ദിവ്യനാളം, ഖുര്‍ആനിലെ ആദ്യത്തെ അഞ്ച് വചനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ മറ്റ് കൃതികളാണ്. ലോക പ്രശസ്ത പത്രമായ ‘Oman Observer’ ല്‍ 3 വര്‍ഷത്തോളം കോളമിസ്റ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സവിശേഷതകള്‍
ശാസ്ത്രം, തത്ത്വചിന്ത, ഖുര്‍ആന്‍, ചരിത്രം, യുക്തിവാദം, മത-ശാസ്ത്ര താരതമ്യം തുടങ്ങിയവയായിരുന്നു മൗലവിയുടെ പ്രധാനപഠനമേഖലകള്‍. ജ്ഞാന സമ്പാദനത്തിന് പാരമ്പര്യരീതിയും ആധുനികമാര്‍ഗങ്ങളും ഒരുപോലെ മൗലവി അവലംബിച്ചിരുന്നു. പാരമ്പര്യപള്ളി ദര്‍സിലൂടെ സ്വന്തം നാട്ടില്‍ മതപഠനം ആരംഭിച്ച അദ്ദേഹത്തിന് കായംകുളം ഉമര്‍ക്കുട്ടി മൗലവിയാണ് ഇസ്‌ലാമിന്റെ ദാര്‍ശനിക ലോകത്തെ വാതായനങ്ങള്‍ തുറന്ന് കൊടുത്തത്. കിതാബിന്റെ കേട്ടുചൊല്ലിനപ്പുറം അറിവിന്റെ ആഴങ്ങളിലേക്കുള്ള യാത്ര എങ്ങനെ വേണമെന്ന് മൗലവിയെ അഭ്യസിപ്പിച്ചത് ഉമര്‍ക്കുട്ടി മൗലവിയായിരുന്നു. മതപഠനത്തെ ഏറ്റുചൊല്ലല്ലിന്റെ പരിമിത ലോകത്ത് നിന്ന് ഇമാം ഗസ്സാലിയും ഇബ്‌നുഖല്‍ദൂനും പരിചയിച്ച ഇസ്‌ലാമിന്റെ തനത് ജ്ഞാനശാസ്ത്രവും അതിന്റെ അധ്യയനവും തിരിച്ചുപിടിക്കാന്‍ കേരള മുസ്‌ലിംങ്ങള്‍ക്കിടയിലുണ്ടായ അപൂര്‍വ്വ പരിശ്രമങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നു കോയക്കുട്ടി മൗലവി.
സംഗീതം നിഷിദ്ധമാണെന്ന് പറയുന്ന മതപണ്ഡിതന്മാര്‍ക്ക് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം മറുപടി പറഞ്ഞു. ശാസ്ത്രീയ സംഗീതവും കര്‍ണ്ണാട്ടിക് സംഗീതവും അഞ്ച് വര്‍ഷം പഠിച്ച അദ്ദേഹം നല്ലൊരു ഓടക്കുഴല്‍ വാദ്യക്കാരനായിരുന്നു. പ്രകൃതിയിലെ എല്ലാ വിഷയങ്ങളും പഠിക്കണമെന്ന ഇബ്‌നുഖല്‍ദൂന്റെ തത്വമാണ് അതിനദ്ദേഹം ആധാരമാക്കിയത്.
മുഖ്യധാര മതസംഘടനകളിലൊന്നിലും അംഗമാകാതെ എല്ലാവരോടും അടുപ്പവും അകല്‍ച്ചയും പാലിച്ച് ഐക്യത്തെക്കുറിച്ച് സംസാരിച്ച് വൈജ്ഞാനിക രംഗത്ത് തന്റെ ദൗത്യം നിര്‍വഹിച്ച് ആ പണ്ഡിതവര്യന്‍ 2013 മെയ് 27 ന് അല്ലാഹുവിലേക്ക് യാത്രയായി.

ഉപസംഹാരം
തന്റെ ധൈഷണിക പ്രഭാവം കൊണ്ട് കേരളീയ സമൂഹത്തില്‍ ദീര്‍ഘകാലം നിറഞ്ഞുനിന്ന  അതിസാധാരണമായ വ്യക്തിത്വം ആയിരുന്നു മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മൗലവി. ഇസ്‌ലാമിനെ കണ്ടെത്താനും ഇസ്‌ലാമിക അന്തരീക്ഷം രൂപപ്പെടുത്താനും ചിന്തയുടെ പിന്‍ബലമില്ലാതെ കഴിയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
സാമ്പത്തികവും ഭൗതികവുമായ വിഭവലഭ്യത കൊണ്ടനുഗ്രഹീതമായ കുടുംബാന്തരീക്ഷം ഉണ്ടായിട്ടും അദ്ദേഹം തിരഞ്ഞെടുത്തത് തീര്‍ത്തും വ്യതിരിക്തമായ ഒരു മാര്‍ഗമായിരുന്നു. വായനയുടെയും മനനത്തിന്റെയും പഠനത്തിന്റെയും ചടുലപാത ആയിരുന്നു അത്. ഖുര്‍ആന്‍ പഠനത്തിന്റെ ശക്തിസാന്ദ്രമായ വഴികള്‍ തേടിയലഞ്ഞ ആ പണ്ഡിതന്‍, മാനവികതയുടെ നിറങ്ങളിലാണ് ആനന്ദം കണ്ടെത്തിയത്. അതുകൊണ്ട് എന്നും അദ്ദേഹം യുവാവായിരുന്നു. അബ്ദുല്ലാ യൂസഫലിയുടെ ഖുര്‍ആന്‍ പരിഭാഷ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ഹദീസ് പഠനങ്ങളും വേദാന്തങ്ങളും വേദത്തിന്റെ താരതമ്യപഠനങ്ങളും ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. ബാഗ്ദാദിന്റെയും ഇതര ഇസ്‌ലാമിക കേന്ദ്രങ്ങളുടെയും തകര്‍ച്ചക്കിടയാക്കിയ മംഗോളിയന്‍ ആക്രമണത്തെയും സ്‌പെയിനിന്റെ വീഴ്ചയും അവസാനം തുര്‍ക്കിയില്‍ അവശേഷിച്ച ഇസ്‌ലാമിക ഖിലാഫത്തിന്റെ പതനവും വിലയിരുത്തുമ്പോള്‍ ഏറ്റവും ആധുനികമായ രാഷ്ട്രീയ പഠനങ്ങളെ കവച്ചുവെക്കുന്ന നിഗനമങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വര്‍ത്തമാനകാലത്ത് ഇസ്‌ലാമിക സമൂഹങ്ങളിലും നാടുകളിലും നിലനില്‍ക്കുന്ന അരാജകത്വവും ശൈഥില്യവും അദ്ദേഹത്തെ പിടിച്ചുലച്ചിരുന്നുവെങ്കിലും തിരിച്ചുവരവിന്റെ ഇരമ്പമാണ് കേള്‍ക്കുന്നതെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാലം അത് തെളിയിക്കുകയും ചെയ്തു. ശിഥിലമായ ഇന്നത്തെപ്രവണത വിട്ടൊഴിയുമെന്നും വ്യക്തികളും ചെറുസംഘങ്ങളും അപ്രതിരോധ്യമായ പ്രതിരോധ നിര സംഘടിപ്പിക്കും എന്ന് ചരിത്രവിശകനലത്തിന്റെ പിന്‍ബലത്തില്‍ അദ്ദേഹം കണ്ടെത്തി.

Reference

1. പ്രബോധനം 60-ാം വാര്‍ഷിക പതിപ്പ് - പേജ് 71
2. പ്രബോധനം 60-ാം വാര്‍ഷിക പതിപ്പ് - പേജ് 72
3. മാധ്യമം 28- മെയ് 2013
4. പ്രബോധനം - 7 ജൂണ്‍ 2013, പേജ് 10
5. തേജസ് - 28 മെയ് 2013
6. ശാസ്ത്ര വേദ സംഗമം ഖുര്‍ആനില്‍ - പേജ് 137
7. ശാസ്ത്ര വേദ സംഗമം ഖുര്‍ആനില്‍ - പേജ് 138
8. പ്രബോധനം 60 പതിപ്പ് - 79

author image
AUTHOR: അന്‍ഫല്‍ ജാന്‍ കെ എ
   (ഇസ്‌ലാമിയാ കോളെജ്, തളിക്കുളം)

RELATED ARTICLES