ശഹീദ് വക്കം അബ്ദുല്‍ ഖാദര്‍

അര്‍ഷദ്. എ   (റിസര്‍ച്ച് സ്‌കോളര്‍, കേരള യൂണിവേഴ്‌സിറ്റി)

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍പെട്ട ഗ്രാമമാണ് വക്കം. ഈ കൊച്ചു ഗ്രാമം നിരവധി മഹാന്മാരുടെ പേരിന്റെ മുന്നില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. അവരില്‍ ഒന്നാമനായി മലയാളികളുടെ ഓര്‍മയില്‍ എത്തുന്നത് കേരള മുസ്‌ലിം നവോത്ഥാനത്തിന് മുന്നില്‍ നടന്ന മഹാനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നാമമാണ്. പക്ഷെ, കേരളത്തിലെ ഭഗത്‌സിംങ് എന്നോ ചന്ദ്രശേഖര്‍ ആസാദ് എന്നോ വിശേഷിപ്പിക്കാവുന്ന വക്കം ഖാദറിനെ പറ്റി നമുക്ക് വളരെക്കുറിച്ചേ അറിയാവൂ.
1917 മെയ് 25-ാം തിയ്യതി വാവകുഞ്ഞ് ഉമ്മുസലമ ദമ്പതികളുടെ നാലാമത്തെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം വക്കം റൈട്ടര്‍പിള്ള എല്‍.പി.എസ്സിലായിരുന്നു. പഠനത്തിന് അല്‍പം പിറകിലും കലാകായിക ഇനങ്ങളില്‍ മുന്നിലും ആയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം വക്കത്തിനടുത്തുള്ള പ്രദേശമായ നെടുങ്ങണ്ടെ ശ്രീനാരായണ വിലാസം ഹൈസ്‌കൂളിലായിരുന്നു. 1937-38 സ്‌കൂള്‍ വര്‍ഷത്തില്‍ ഖാദര്‍ സിക്‌സ്ത്ത് ഫാമിലെത്തി. 1938 ല്‍ മെട്രികുലേഷന്‍ പാസ്സായതോടെ ഖാദറിന്റെ വിദ്യാഭ്യാസം നിലച്ചു. ഖാദര്‍ ചെറുപ്പത്തിലേ കോണ്‍ഗ്രസ്സിന്റെ യോഗങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ഇടക്കിടക്ക് വീട്ടില്‍ സി. ഐ. ഡി വരികയും ഖാദറിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദ്യം ചെയ്യുകയും ചെയ്യും. ഇതു കാരണം ഖാദറിനെ മലയയിലേക്ക് വിടാന്‍ ഖാദറിന്റെ പിതാവ് തീരുമാനിച്ചു. 1938 ജൂലൈയില്‍ തന്റെ 22-ാമത്തെ വയസ്സില്‍ ഖാദര്‍ മലയയിലേക്ക് പുറപ്പെട്ടു.
മലയയിലെ ക്ലോഹ് എന്ന സ്ഥലത്തെത്തിയ ഖാദര്‍ പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സീയറായി ജോലിയില്‍ പ്രവേശിച്ചു. 1943 ജനുവരിയില്‍ ജപ്പാന്‍ ആക്രമണം കാരണം ജനജീവിതം താറുമാറായപ്പോള്‍ ഖാദര്‍ ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ ഇന്‍ഡിപ്പെന്റഡ് ലീഗിന്റെ വളണ്ടിയറായി മാറി. രണ്ടാം ലോക മഹായുദ്ധം അരങ്ങ് തകര്‍ക്കുമ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമായി ഇന്ത്യയെ ബാധിക്കുന്ന ചില സുപ്രധാന ചരിത്ര സംഭവങ്ങള്‍ രൂപം കൊള്ളുകയായിരുന്നു.
ജപ്പാന്‍ അധിനിവേശ പ്രദേശങ്ങളിലെ ഇന്ത്യക്കാരെയും യുദ്ധതടവുകാരെയും സംഘടിപ്പിച്ച് ഒരു ഇന്ത്യന്‍ സൈന്യം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുഭാഷ് ചന്ദ്രബോസ് ജപ്പാന്‍ സ്ഥാനപതി കാര്യാലയം മുഖാന്തിരം ജപ്പാന്‍ ഗവര്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡ്‌സ് ലീഗ് റാഷ്ബിഹാരി ബോസിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. സ്വയമെ തന്നെ സ്വാതന്ത്ര്യാഭിവാഞ്ജയും പൊതു പ്രവര്‍ത്തന താല്‍പര്യവും ഉണ്ടായിരുന്ന വക്കം ഖാദര്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ അത്യധികം ആവേശത്തോടെ അര്‍പ്പണ ബോധത്തോടെ സഹകരിച്ചു.
1942 ജനുവരിയില്‍ ക്യാപ്റ്റന്‍ മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ രണ്ട് സേനാ ഘടകങ്ങളെ രൂപീകരിച്ചു. ഓരോ ഘടകത്തിനും 200 വിധം അംഗങ്ങള്‍ ഉണ്ടായിരുന്നു. ഈ സേനക്ക് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന് നാമകരണം ചെയ്തു. ഈ സേനയുടെ പരിശീലത്തിനായി പെനാങ്കില്‍ സ്വരാജ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിതമായി. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം രണ്ട് ശാഖയായി. ഒന്ന് സിവിലിയന്‍മാരും രണ്ട് ആത്മഹത്യ സ്‌കോഡും. ആത്മഹത്യ സ്‌കോഡിലേക്ക് ഇന്റര്‍വ്യൂ നടത്തി ഏറ്റവും ധൈര്യശാലികളെ മാത്രമേ എടുക്കുകയുള്ളൂ. സ്വരാജ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അഡ്മിഷന്‍ പ്രകാരം 33 പേരെയാണ് ആതമഹത്യാ സ്‌കോഡില്‍ എടുത്തത്. ഇതില്‍ 33-ാമത്തെ പേര് വക്കം ഖാദറിന്റെതാണ്. ആത്മഹത്യ സ്‌കോഡില്‍ ചേരുന്ന അംഗങ്ങള്‍ സ്വന്തം ചോര മഷിയാക്കി പ്രതിജ്ഞയെഴുതി ഒപ്പിടേണ്ടതുണ്ടായിരുന്നു. ജീവന് അപകടം സംഭവിച്ചാല്‍ പോലും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മുഴുവന്‍ കഴിവും ശക്തിയും കൊണ്ട് ഞാന്‍ സേവിക്കും. രാജ്യ സേവനത്തിനിടയില്‍ സ്വന്തം കാര്യം പ്രശ്‌നമാക്കില്ല. ജാതി മത പ്രാദേശിക തത്വങ്ങള്‍ക്കതീതമായി എല്ലാ ഭാരതീയരെയും എന്റെ സഹോദരി സഹോദന്മാരായി കാണുന്നതും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ നിന്നും ലഭിക്കുന്ന എല്ലാ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഞാന്‍ വിശ്വസ്തതയോടും കൂറോടും കൂടി അനുസ്മരിക്കുന്നതും എന്റെ മാതൃരാജ്യത്തിന് വേണ്ടി ഏത് സമയത്തും ത്യജിക്കാന്‍ തയ്യാറുള്ളതുമാണ്. വന്ദേമാതരം. ഇതായിരുന്നു പ്രതിജ്ഞ.
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിശീലനത്തില്‍ ഖാദറിന്റെ കഴിവുകളെ പ്രത്യേകം പ്രശംസിച്ചിരുന്നു. കരാട്ടെ, വിവിധയിനം തോക്കുകള്‍ ഉപയോഗിച്ച് വെടിവെക്കല്‍, മലകയറലും ഇറങ്ങലും, നീന്തല്‍, വേഷപ്രച്ഛന്നനായി ശത്രുക്കള്‍ക്കിടയില്‍ നുഴഞ്ഞ് കയറി അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തല്‍, ശത്രു അറിയാതെ സഞ്ചരിക്കല്‍ തുടങ്ങിയ ഇനങ്ങളില്‍ ഖാദര്‍ പരിശീലനം തേടി.
വിദേശത്തുള്ള ഇന്ത്യന്‍ വംശങ്ങള്‍ രൂപീകരിക്കുന്ന സൈന്യം ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ യുദ്ധം ചെയ്ത് കയറുക. അപ്പോള്‍ ഇന്ത്യക്കുള്ളില്‍ ഇന്ത്യന്‍ ജനത ഒരു അന്തിമ സമരത്തിന് ഇറങ്ങുക. അങ്ങനെ അകത്ത് നിന്നും പുറത്ത് നിന്നും ഉള്ള സരമങ്ങളെ ചെറുത്ത് നില്‍ക്കാനാവതെ ബ്രിട്ടീഷുകാര്‍ മുട്ട് മടക്കും. ഇതായിരുന്നു ഇന്ത്യന്‍ ഇന്റിപെന്‍ഡന്‍സ് ലീഗിന്റെ പദ്ധതി. 1942 ആഗസ്റ്റില്‍ ബോംബെയില്‍ കൂടിയ എ ഐ സി സി ബ്രിട്ടനെതിരായ അന്തിമ സമരത്തിന് ഇന്ത്യന്‍ ജനതയെ ആഹ്വാനം ചെയ്തു. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കി. പെനാഗ്ഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആത്മഹത്യ സ്‌കോഡിന്റെ പരിശീലനം പൂര്‍ത്തിയാക്കിയ 20 പേരെ ഇന്ത്യയിലേക്കയക്കാന്‍ തീരുമാനിച്ചു. വക്കം ഖാദര്‍ ഉള്‍പ്പെടെ കേരളീയരായ 11 പേര്‍ 20 അംഗ സംഘത്തിലുണ്ടായിരുന്നു.
20 പേര്‍ 4 സംഘങ്ങളായി തിരിച്ച്, 5 പേര്‍ വീതമുള്ള 2 സംഘങ്ങള്‍ ജലമാര്‍ഗ്ഗവും ബാക്കി 10 പേര്‍ കരമാര്‍ഗവും ഇന്ത്യയിലെത്തണം. സെപ്തംബര്‍ 18-ാം തിയ്യതി അനന്തന്‍ നായരുടെ നേതൃത്വത്തില്‍ വക്കം ഖാദര്‍, ഈപ്പന്‍, കെ.എ ജോര്‍ജ്, മുഹമ്മദ് ഗനി എന്നിവര്‍ ജപ്പാന്റെ അന്തര്‍വാഹിനിയില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ജപ്പാന്‍ സൈനികര്‍ ഓരോരുത്തര്‍ക്കും രണ്ട് കവറും 12 വെടി തീരുന്ന ഓരോ തോക്കും നല്‍കി. ഒരു കവറില്‍ ഇന്ത്യയിലെത്തിച്ചിട്ട് എന്ത് ചെയ്യണമെന്ന നിര്‍ദ്ദേശവും മറ്റേ കവറില്‍ അവരുടെ ആവശ്യത്തിനുള്ള പണവും ആയിരുന്നു. സെപ്റ്റംബര്‍ 27-ാം തിയ്യതി അവര്‍ ഇന്ത്യയോടടുത്തു. താനൂരില്‍ നിന്ന് 7 കീ.മീ ഉള്ളില്‍ അന്തര്‍വാഹിനി നിര്‍ത്തി. ഇനി കരയിലേക്കുള്ള യാത്ര ഡിഞ്ചി എന്ന പ്രത്യേകതരം വാഹനത്തിലാണ്. ഒരു ഡിഞ്ചിയില്‍ പരമാവധി മൂന്ന് പേര്‍ക്കേ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. ഖാദര്‍, ജോര്‍ജ്, ഈപ്പന്‍ എന്നിവര്‍ ഒരു ഡിഞ്ചിയിലും മുഹമ്മദ് ഗനിയും അനന്തന്‍ നായരും മറ്റൊരു ഡിഞ്ചിയിലും കരയിലേക്ക് യാത്ര തിരിച്ചു. അഞ്ച് മണിക്കൂര്‍ സമയം കൊണ്ട് തിരമാലകള്‍ ഡിഞ്ചിയെ കരക്കടുപ്പിച്ചു. അത്രയും സമയം വെള്ളത്തില്‍ കിടന്നതിനാല്‍ അരക്ക് താഴെ മരവിക്കുകയും ഡിഞ്ചിയില്‍ നിന്ന് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാവുകയും ചെയ്തു. ഈ സമയം കരയില്‍ നിന്നൊരാള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. യുദ്ധത്തോടനുബന്ധിച്ച് കടല്‍ നിരീക്ഷണത്തിനായി സര്‍ക്കാര്‍ ഉപയോഗിച്ച കോസ്റ്റല്‍ പെട്രോളിംഗ് സര്‍വ്വീസിലെ മുഹമ്മദാലിയായിരുന്നു. മുഹമ്മദാലി ഉടന്‍ നാട്ടു പ്രമാണിയായ സൈദാലിക്കുട്ടി മാസ്റ്ററെ വിവരമറിയിച്ചു. അന്ന് റമളാന്‍ 17 ബദരീങ്ങളുടെ ആണ്ട് ദിനമായതിനാല്‍ അങ്ങാടിയില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. സൈദാലിക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ കടപ്പുറത്തെത്തി. ഇതിനിടയില്‍ വിവരമറിഞ്ഞ് താനൂരില്‍ നിന്ന് പട്ടാളം എത്തി ഖാദറിനെയും സംഘാങ്ങളെയും അറസ്റ്റ് ചെയ്തു.
ഗവണ്‍മെന്റിന് വേണ്ടി സബ് മജിസ്റ്റ്‌ട്രേറ്റ് കണ്ണനും തിരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഹമീദ് ഖാനും കൂടി ഖാദറിനെയും സംഘത്തെയും ഏറ്റുവാങ്ങി. ചോദ്യം ചെയ്യലില്‍ ഇവര്‍ തിരുവിതാംകൂറില്‍ നിന്നും യാത്ര തിരിച്ച്  വിനോദ സഞ്ചാരികളായ വിദ്യാര്‍ത്ഥികളാണ് എന്ന് പറഞ്ഞു. ഇവര്‍ 5 പേരെയും 5 റൂമിലാക്കി പ്രത്യേകം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഈ സമയം അനന്തന്‍ നായര്‍ പേപ്പറും പേനയും ആവശ്യപ്പെട്ട് തങ്ങളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും എഴുതി നല്‍കി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രഹസ്യം ചോര്‍ത്തിക്കൊടുക്കാമെന്ന് ജപ്പാന്‍കാരോട് സമ്മതിച്ചിട്ടാണ് വന്നതെങ്കിലും തനിക്ക് ആ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അയാള്‍ അവകാശപ്പെട്ടു. ശക്തമായ മര്‍ദ്ദനത്തിലൂടെ ബാക്കിയുള്ളവരും കുറ്റം ഏറ്റു. എട്ടാം ദിവസം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അവരെ സെന്റ് ജോര്‍ജ് കോട്ടയിലെ ഇരുട്ടറയിലേക്ക് മാറ്റി. ഇതിനിടയില്‍ 20 പേരില്‍ 15 പേരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്ത് ഇവിടെയെത്തിച്ചു. സെന്റ് ജോര്‍ജ് കോട്ടയിലെ ജീവിതം അതികഠിനമായിരുന്നു. 105-ാം ദിവസം മദ്രാസ് ഗവര്‍ണറും പത്‌നിയും ജയില്‍ സന്ദര്‍ശിക്കാനെത്തി. ഐ എന്‍ എ ക്കാരായ 20 പേരെയും ഗവര്‍ണറുടെ മുന്നില്‍ ഹാജരാക്കി. അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ ഗവര്‍ണര്‍ അവരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.
സെന്‍ട്രല്‍ ജയിലില്‍ എത്തിയ ശേഷം ഐ എന്‍ എ  കുറ്റവാളികളുടെ വിചാരണക്കായി ഒരു സ്‌പെഷ്യല്‍ കോടതി രൂപീകരിച്ചു. അയര്‍ലണ്ടുകാരനായ ഇ. ഇ. മാക്ക് ആയിരുന്നു ജഡ്ജി. ഫെബ്രുവരി 15 ന് ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചു.

പ്രധാന ആരോപണങ്ങള്‍
ഇന്ത്യയിലെ ഭരണ വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ ജപ്പാന്‍ പ്രതിഫലം പറ്റുന്ന ഏജന്റുമാരായി ഇന്ത്യയില്‍ പ്രവേശിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി ജപ്പാന് നല്‍കാനും ബ്രിട്ടീഷ് രാജാധികാരത്തെ മാനം കെടുത്താനും ലക്ഷ്യമിട്ടിരുന്നു.
എനിമി ഏജന്റ് ഓര്‍ഡിനന്‍സ് നമ്പര്‍ വണ്‍ ഓഫ് 1943 എന്ന ഓര്‍ഡിനന്‍സിന്റെ 3-ാം വകുപ്പനുസരിച്ച് ഒന്നാമത്തെ കുറ്റാരോപണവും, ഇന്ത്യന്‍ പീനല്‍കോഡ് 121 എ അനുസരിച്ച് രണ്ടാമത്തെ കുറ്റാരോപണവും ചാര്‍ജ് ചെയ്തു.
വക്കം ഖാദര്‍, അനന്തന്‍ നായര്‍, ബര്‍ധാന്‍, ബോണിഫെയ്‌സ്, ഫൗജാന്‍സിങ് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിലയിരുത്തി. ഇവരെ അഞ്ച് വര്‍ഷം കഠിന തടവിനും ശേഷം തൂക്കിക്കൊല്ലാനും വിധിച്ചു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനാല്‍ മറ്റ് പ്രതികളെ വെറുതെ വിട്ടു.. വിധി പുന:പരിശോധിക്കുന്നതിനായി കേസ്സ് ഹൈക്കോടതിക്ക് വിട്ടു. ഹൈക്കോടതി ബോണിഫെയ്‌സിനെ വെറുതെവിടുകയും മറ്റുള്ളവരെ ഉടന്‍ തൂക്കിലേറ്റണമമെന്നും വിധിച്ചു. 1943 സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച ഖാദറിനെയും കൂടെ മൂന്ന് സുഹൃത്തുക്കളേയും തൂക്കിലേറ്റാന്‍ തീരുമാനിച്ചു.
സെപ്റ്റംബര്‍ 9 രാത്രി ഖാദര്‍ തന്റെ പിതാവിനും സുഹൃത്ത് ബോണിഫെയ്ഡിനും ഓരോ കത്ത് തയ്യാറാക്കി. ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ കത്ത് വായിക്കുന്ന ഏതൊരാള്‍ക്കും വക്കം ഖാദര്‍ എന്ന ദേശസ്‌നേഹിയെ മറക്കാന്‍ കഴിയില്ല.

എന്റെ പ്രിയപ്പെട്ട ബോണി,

എന്റെ അന്ത്യയാത്രയിലെ അവസാന വാക്കുകള്‍ ഇതാ! മങ്ങലേല്‍ക്കാത്ത നിന്റെ സ്‌നേഹത്തിനും ഹൃദയംഗമമായ ആത്മാര്‍ത്ഥതയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഊറി വരുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ നന്ദി പ്രകാശിപ്പിക്കട്ടെ. നിന്റെ വിലപ്പെട്ട ഗുണങ്ങളെയും മഹത്തായ വ്യക്തിത്വത്തെയും പറ്റി ഞാന്‍ നിന്നോട് പറയുന്നത് വെറും പുകഴ്ത്തലായിരിക്കും. ഞാനല്‍പം പറഞ്ഞ് പോയത് ക്ഷമിക്കണം.

ഒരു ഭീകര ദുരന്തമാണ് വരാന്‍ പോകുന്നത് എന്ന് കരുതരുത്. ഇത് ലോകത്ത് സംഭവിക്കാറുള്ള നിസ്സാര കാര്യങ്ങളില്‍ ഒന്നുമാത്രം. നിങ്ങളുടെ കണ്‍മുമ്പില്‍ നടന്നിട്ടുള്ള മറ്റു പല സംഭവങ്ങളുമായി തട്ടിച്ചാല്‍ നമ്മുടെ മരണം നമ്മുടെ എളിയ ത്യാഗം. എഴുതിക്കൊണ്ടിരിക്കുന്ന വാചകത്തില്‍ നിന്ന് ഒരു വാക്ക് വെട്ടിക്കളയുന്നത് പോലെ മാത്രമാണ്. നമ്മുടെ മരണം മറ്റ് അനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റവീരന്മാര്‍, മഹാത്മാക്കളായ ഭാരത പുത്രന്മാര്‍, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സര്‍വവ്വും ത്യജിച്ചവര്‍, ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യ     പ്പെടുത്തിയാല്‍ നമ്മള്‍ പൂര്‍ണ്ണചന്ദ്രന്റെ മുമ്പില്‍ വെറും മെഴുകുതിരികള്‍. നമ്മുടെ ലക്ഷ്യത്തില്‍ പുറപ്പാടിലേ തന്നെ നാം പരാജയപ്പെട്ടു. നമുക്കൊന്നും ചെയ്യാന്‍കഴിയാതെ പോയതും വെറും ദൗര്‍ഭാഗ്യമായിപ്പോയി. നിങ്ങളുടെ യാതനകളും നമ്മുടെ മരണവും കൊണ്ട് ഏതെങ്കിലും നല്ലത് ചെയ്യാനാകും മുമ്പേ കൈവന്ന അവസരവും നല്ല സമയവും നഷ്ടപ്പെട്ട് പോയതില്‍ നമ്മുടെ കാലക്കേടിനെ ശപിക്കാനേ എനിക്ക് കഴിയൂ. സ്വാര്‍ത്ഥതയുടെ ലേശമില്ലാതെ ആത്മാര്‍ത്ഥമായി തന്നെ ചിലത് ചെയ്യാന്‍ നാം തീരുമാനിച്ചിരുന്നു. പക്ഷേ ആദ്യപടി ചിന്തിക്കും മുമ്പേ നാം പരാജയത്തിലേക്ക് എറിയപ്പെട്ടു പോയി. സാരമില്ല. വേണ്ടുവോളം ധീരന്മാരും ധാരാളം സമയവും നമുക്ക് മുമ്പിലുണ്ട്. ഇനിയുമുണ്ട് ഇന്ത്യന്‍ നാഷണലിസ്റ്റ് ടീമും ബ്രിട്ടീഷ് ബാരിയലിസ്റ്റ് ടീമും ആയുള്ള അവസാന കളിയില്‍ നാം തന്നെ ഗോളടിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു സ്വതന്ത്ര ഭാരത പുരുഷനാകാന്‍, സ്വതന്ത്ര മാതാവിന്റെ കൈകളാല്‍ ആലിംഗനം ചെയ്യപ്പെടാന്‍ നിങ്ങള്‍ക്ക് ഇടവരട്ടെ! എനിക്കിതിനെ പറ്റി അധികമൊന്നും പറയാനില്ല. ഞങ്ങളെപ്പറ്റിയുള്ള ചിന്ത നിങ്ങളെ വേദനിപ്പിക്കരുത്. നാമെടുത്തിട്ടുള്ള പ്രതിജ്ഞ ഓര്‍ക്കുക. മനസ്സ് ചാഞ്ചല്യം കൂടാതെ കടമ നിര്‍വഹിക്കുക. അതാണ് മനുഷ്യന്റെ കര്‍ത്തവ്യം. അതിനെയാണ് നാം ധര്‍മ്മമെന്ന് പറയുന്നത്. പരാജയം വിജയത്തിന്റെ ആരംഭമാണ്. എല്ലാ മംഗളങ്ങളും നേരുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം നിങ്ങള്‍ മറക്കുകയില്ലെന്ന് വിശ്വസിക്കുന്നു.

സ്വന്തം ഖാദര്‍

ശേഷം അദ്ദേഹം പിതാവിനെഴുതി.

പ്രിയപ്പെട്ട വാപ്പ,

ഏതാണ്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കത്തയക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എന്റെ ഹൃദയം അന്നതിനെ മറ്റു ചില വിചാരങ്ങളാല്‍ തടഞ്ഞുനിര്‍ത്തി. ഇപ്പോള്‍ വീണ്ടും പ്രേരിതനായി. നാം ജീവിത യാത്രയില്‍ പലപ്പോഴും ആപത്തുകളെ നേരിടേണ്ടതായും ദുഃഖങ്ങളെ സഹിക്കേണ്ടതായും ഉള്ള ഘട്ടങ്ങള്‍ വരാറുണ്ട്. ചിലപ്പോള്‍ ഇങ്ങനെയുള്ള ആപത്തുകളും ദുഃഖങ്ങളും സര്‍വ്വ ശക്തനായ. അല്ലാഹുവിന്റെ പരീക്ഷണം മാത്രമാണ്. അതികഠിനമായ അനുഭവങ്ങള്‍ നമുക്കുണ്ടാവും. ഈ അവസ്ഥയില്‍ നമുക്ക് അല്ലാഹുവിനോട് ആവലാതിപ്പെടാന്‍ അവകാശമില്ല. നമ്മുടെ ധര്‍മം കാരുണ്യവാരിധിയായ റബ്ബിന്റെ പക്കല്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ളതാണെന്നും ദൃഢമായി വിശ്വസിച്ചു സഹിക്കുകയാണ് വേണ്ടത്.

പ്രിയപ്പെട്ട പിതാവേ, സമാധനപരവും അചഞ്ചലവുമായ ഒരു ഹൃദയം തന്നു പരമകാരുണികനായ അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുകയാണ്. എന്റെയും നിങ്ങളുടെയും ഈ നിസ്സഹായതയില്‍ മുറുമുറുക്കുവാനോ മനശ്ചാഞ്ചല്യം കാണിക്കുവാനോ പാടില്ല. ഇവിടെയാണ് അല്ലാഹുവിന്റെ അഭീഷ്ടത്തില്‍ സംതൃപ്തനായി ആത്മത്യാഗത്തിനുള്ള സന്ദര്‍ഭം. എന്നെ ജീവഹാനികൊണ്ടാണെങ്കില്‍ നിങ്ങളെ സന്താന നഷ്ടം കൊണ്ട് അല്ലാഹു പരീക്ഷിക്കുന്നു. ഞാന്‍ അധൈര്യപ്പെടുന്നില്ല.

ഏപ്രില്‍ മാസം ഒന്നാം തിയ്യതി എന്റെ കേസിന്റെ ജഡ്ജ്‌മെന്റ് പ്രസ്താവിച്ചു. ഇന്‍ഡ്യന്‍ പീനല്‍കോഡിനനുസരിച്ച് എന്നെ അഞ്ച് വര്‍ഷം കഠിന തടവും അതിന് ശേഷം തൂക്കിക്കൊല്ലാനും വിധിച്ചു. ഒരു യൂറോപ്യന്‍ സ്‌പെഷ്യല്‍ ജഡ്ജി ഔപചാരികമായി ഞങ്ങളുടെ കേസ് ഹൈക്കോടതിയില്‍ പുനഃപരിശോധന നടത്തി കീഴ്‌കോടതി വിധി ശരിവയ്ക്കുന്നതോടൊപ്പം മരണ ശിക്ഷ തന്നെ കിട്ടേണ്ടതുമാണ്. അതിന് ശേഷം നമ്മുടെ വക്കീലന്മാര്‍ തന്നെ തയ്യാര്‍ ചെയ്ത ഒരു ഹര്‍ജി വൈസ്രോയിക്ക് അയച്ചിരുന്നു.

പ്രിയപ്പെട്ട പിതാവെ, ഞാന്‍ എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറുമണിക്ക് മുമ്പായിരിക്കും എന്റെ എളിയ മരണം. ധൈര്യപ്പെടുക. അതെ! റമളാന്‍ മാസത്തിലെ 7-ാം തീയതി വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കും ആറുമണിക്കും മധ്യേ ഞാന്‍ മരിക്കുന്നു.

വന്ദ്യനായപിതാവേ, വാത്സല്യനിധിയായ ഉമ്മാ, ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ. എനിക്കൊരാശ്വാസ വചനവും നിങ്ങളോടു പറയാനില്ല. ഞാന്‍ നിങ്ങളെവിട്ടുപിരിയുന്നു. നമുക്ക് മഹ്ശറയില്‍ വീണ്ടും കാണാം. എന്നെപറ്റി ദുഃഖിക്കരുതേ. എന്റെ ജീവിതത്തിന്റെ നാടകം അഭിനയിച്ചു തീരുവാന്‍ മണിക്കൂറുകള്‍ മാത്രമെയുള്ളൂ.

ഞാന്‍ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി മരിച്ചതെന്ന് നിങ്ങള്‍ ഒരവസരത്തില്‍ ചില ദൃക്‌സാക്ഷികളില്‍ നിന്നും അറിയാന്‍ ഇടയാകുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷിക്കാതിരിക്കുകയില്ല. തീര്‍ച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും.

ഞാന്‍ നിര്‍ത്തട്ടെ, അസ്സലാമു അലൈക്കും, വാത്സല്യ മകന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍

1943 സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച രാവിലെ ഖാദറിനെയും മൂന്നു കൂട്ടാളികളേയും തൂക്കിലേറ്റി. കൊലമര ചുവട്ടിലേക്ക് നടന്നടുക്കുമ്പോഴും അവരുടെ മുഖത്ത് ദുഃഖമോ നിരാശയോ പ്രകടമായില്ല. ആ വിപ്ലവകാരികള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു.

    ഭാരത് മാതാ കീ ജയ്

    ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ

വക്കം ഖാദര്‍ എന്ന ദേശാഭിമാനി രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. പക്ഷേ കേരളീയര്‍ക്കിടയില്‍ അറിയപ്പെടാത്ത ചരിത്രമായി ഇന്നും വക്കം ഖാദറിനെപ്പോലുള്ളവര്‍ നിലനില്‍ക്കുന്നു.

author image
AUTHOR: അര്‍ഷദ്. എ
   (റിസര്‍ച്ച് സ്‌കോളര്‍, കേരള യൂണിവേഴ്‌സിറ്റി)

RELATED ARTICLES