ടി.പി. കുട്ടിയമ്മു സാഹിബ്, സി. ഒ. ടി. കുഞ്ഞിപ്പക്കി രണ്ടു സമുദായ പരിഷ്‌കര്‍ത്താക്കള്‍

പ്രൊഫ. എ.പി സുബൈര്‍  

1. ടി.പി. കുട്ടിയമ്മു സാഹിബ്: മഹത്വമാര്‍ന്ന വ്യക്തിത്വം
മഹത്വം ചിലരില്‍ ഒരുതരം ആത്മീയ ഗുണമാണ്. താന്‍ ഇടപെടുന്നവരെ താനിഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് ഉത്തേജിപ്പിച്ച് നയിക്കുവാന്‍ കഴിയുക എന്നതാണ് അവരുടെ മഹത്വം. ടി.പി കുട്ടിയമ്മു സാഹിബിന്റെ മഹത്വം ഏറെക്കുറേ അത്തരത്തിലുള്ള ഒന്നായിരുന്നു. താനിഷ്ടപ്പെട്ടവരിലൊക്കെ, സ്‌നേഹവും സേവന തല്‍പരതയും ഉദ്ദീപിപ്പിച്ച് അവരെ പ്രവര്‍ത്തനോത്സുകരാക്കാന്‍ കഴിഞ്ഞ ഒരു മഹാവ്യക്തിയായിരുന്നു അദ്ദേഹം. മഹാന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വ്യര്‍ത്ഥമാവുന്നില്ല. അദ്ദേഹം മുന്‍കയ്യെടുത്ത് ആരംഭിച്ച സംഘടനകളും സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തി മണ്ഡലത്തിന്റെ വിപുലത തെളിയിക്കുന്നു. അവയുടെ വിജയം അദ്ദേഹത്തിന്റെ മഹത്വവും. തന്റെ കഴിവുകള്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും, സമുദായോദ്ധാരണത്തിനുമായി അദ്ദേഹം അര്‍പ്പിച്ചു. ലോകചരിത്രം മഹത്തുക്കളുടെ ജീവചരിത്രമാണെന്ന് പറയാറുണ്ട്. കേരളത്തിന്റെ വികസന ചരിത്രവും, കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രവും ടി.പി. കുട്ടിയമ്മു സാഹിബിനെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് എഴുതാനാവില്ലെന്ന് അസന്ദിഗ്ധമായി പറയാം.
ക്രാന്തബുദ്ധികള്‍ ചെറുപ്പത്തിലേ അനിതര സാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുമെന്നതിന് ടി.പി കുട്ടിയമ്മു സാഹിബിന്റെ ബാല്യകാലം തെളിവാണ്. പഠന കാര്യങ്ങളില്‍ തികച്ചും ഏകാഗ്രത ചെലുത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മിക്കവാറും വ്യാപാരികളായിരുന്ന കുടുംബത്തില്‍ പിറന്നു വളര്‍ന്ന ബാലനിലായിരുന്നു ഈ ഗുണവിശേഷങ്ങളുണ്ടായിരുന്നതെന്നോര്‍ക്കണം. സമചിത്തതയും പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മനസ്സാനിദ്ധ്യവും അദ്ദേഹം ചെറുപ്പത്തിലേ നേടിയെടുത്തിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയിലെ ഡെപ്യൂട്ടി കലക്ടറായിരുന്ന ഖാന്‍ ബഹദൂര്‍ പി.എ. അമ്മു സാഹിബിന്റെ മകനായിരുന്നു കുട്ടിയമ്മു സാഹിബ്. അമ്മു സാഹിബ് ഡെപ്യൂട്ടി കലക്ടറായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം (തലശ്ശേരിയിലെ പൂവത്താങ്കണ്ടി അച്ചാരകത്ത്) വ്യാപാരികളും ജന്മികളുമായിരുന്നു. മെട്രിക്കുലേഷന്‍ പാസ്സായ അമ്മു സാഹിബ്, വ്യാപാരമിഷ്ടപ്പെടാതെ സര്‍ക്കാര്‍ ഉദ്യോഗത്തിന് പോവുകയാണുണ്ടായത്. തന്റെ ഉദ്യോഗത്തില്‍ കഴിവും പ്രാപ്തിയും പ്രകടിപ്പിച്ച അമ്മു സാഹിബ് പടിപടിയായി ഉയര്‍ന്ന് ഡെപ്യൂട്ടി കലക്ടറാവുകയായിരുന്നു. മലബാര്‍ കലാപ കാലത്ത് തന്റെ ഉദ്യോഗ നിര്‍വഹണത്തിന്റെ ഫലമായി ലഹളക്കാരുടെ ശത്രുവായിത്തീരുകയും ചെയ്തിരുന്നു. അമ്മു സാഹിബിന്റെ മൂന്നാം വിവാഹത്തിലെ സന്താനങ്ങളിലൊരാളാണ് ടി. പി. കുട്ടിയമ്മു സാഹിബ്. മാതൃഗൃഹം, തലശ്ശേരിയിലെ പ്രസിദ്ധമായ തൈത്തോട്ടത്ത് പറമ്പത്ത് കണ്ടി.
പിതാവിന്റെ ഔദ്യോഗിക കേന്ദ്രമായ കോഴിക്കോട്ടും, പിന്നീട് തലശ്ശേരിയിലുമായിരുന്നു കുട്ടിയമ്മു സാഹിബിന്റെ ആദ്യകാല വിദ്യാഭ്യാസം. അന്ന് നടപ്പിലുണ്ടായിരുന്ന രാത്രി മദ്രസ്സയിലെ അദ്ധ്യാപകനായിരുന്ന അലി സീതി ആയിരുന്നു ദൂഢമായ മതബോധം ഉള്‍ക്കൊള്ളാന്‍ കുട്ടിയമ്മു സാഹിബിനെ അക്കാലത്ത് സഹായിച്ച അധ്യാപകന്‍.  അലി സീതി, അന്ന് ബ്രണ്ണന്‍ കോളേജില്‍ ഉറുദു അദ്ധ്യാപകന്‍ കൂടിയായിരുന്നു. അലി സീതിയിലൂടെ കുട്ടിയമ്മു ഉറുദു പഠിക്കുകയും ഉറുദു സാഹിത്യത്തെക്കുറിച്ച് ഗഹനമായി അറിയുകയും ചെയ്തു. ശിഷ്യന്‍ അധ്യാപകന് ഗുരുവായ കഥ കൂടിയായിരുന്നു അവരുടെ ബന്ധം. അലി സീതിക്ക് ഇംഗ്ലീഷ് പഠിപ്പിച്ചുകൊടുത്തത് കുട്ടിയമ്മു ആയിരുന്നു.
മറ്റുള്ളവര്‍ സംഭ്രമിച്ചിരിക്കുമ്പോള്‍ ഉറച്ച മനഃസ്സാന്നിധ്യം പ്രകടിപ്പിച്ച ഒരു സംഭവം ഇത്തരുണത്തില്‍ ഇവിടെ പരാമര്‍ശിക്കാം. മാപ്പിള ലഹളക്കാലത്ത് ഡെപ്യൂട്ടി കലക്ടറായിരുന്ന കുട്ടിയമ്മു സാഹിബിന്റെ പിതാവ് ലഹളക്കാരുടെ ശത്രുവായിരുന്നു എന്ന് നേരത്തെ പരാമര്‍ശിച്ചിരുന്നല്ലോ. ഖാന്‍ ബഹദൂര്‍ അമ്മു സാഹിബിന്റെ തലക്കുവേണ്ടി ദാഹിച്ച കലാപകാരികളുണ്ടായിരുന്നു. ഏതുനേരവും അപകടം പ്രതീക്ഷിച്ചുകഴിയുകയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കുമ്പോഴാണ് തലശ്ശേരിയിലെ വസതിയില്‍ ഒരു കമ്പിസന്ദേശം വന്നത്. അമ്മു സാഹിബ് വെടിവെച്ചു കൊല്ലപ്പെട്ടു എന്നായിരുന്നു സന്ദേശം.  ഉടനെ ബന്ധുക്കളെല്ലാവരും വിലപിക്കാന്‍ തുടങ്ങി. കുട്ടിയമ്മു സ്‌കൂളിലായിരുന്നു. വിവരമറിഞ്ഞു ഓടിവന്ന അദ്ദേഹം കമ്പി വായിച്ചു ചിരിക്കുകയാണുണ്ടായത്. ആ സന്ദേശം കള്ളമാണെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. കാരണം, പിതാവ് നേരത്തെ തന്നെ അത്തരം സന്ദേശങ്ങള്‍ വരാനുള്ള സാദ്ധ്യതകളെ സൂചിപ്പിച്ചിരുന്നു. ശരിയായ കമ്പി സന്ദേശത്തില്‍ തന്നെക്കുറിക്കുന്ന ഒരു കോഡ് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം മകനെ ഓര്‍മ്മിപ്പിച്ചിരുന്നു. ആ കോഡില്ലാത്തപ്പോള്‍ അത് കള്ളക്കമ്പിയാണെന്ന് മനസ്സിലാക്കാനുള്ള മനസ്സാന്നിധ്യം പ്രകടിപ്പിച്ചു ബാലനായ കുട്ടിയമ്മു. അതിബുദ്ധിമാനാണെന്ന് പ്രസിദ്ധനായിരുന്ന തന്റെ അമ്മാവന്‍ പോലും, കോഴിക്കോട്ട് പോയി വാര്‍ത്ത സ്ഥിരീകരിക്കുന്നതുവരെ, കമ്പി സന്ദേശം വിശ്വസിച്ചിരുന്ന അവസരത്തിലായിരുന്നു കുട്ടിയമ്മുവിന്റെ ഈ മനസ്സാന്നിധ്യമെന്നോര്‍ക്കുക.
1929-ല്‍ ഇന്റര്‍മീഡിയറ്റ് പാസായ വര്‍ഷം കുട്ടിയമ്മു സാഹിബിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. താന്‍ തുടര്‍ന്ന് എന്തു പഠിക്കണമെന്നതിനെക്കുറിച്ച് ലക്ഷ്യബോധവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ തന്റെ പിതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹം എഞ്ചിനീയറിംഗ് പഠനത്തിന്  പോവുകയാണുണ്ടായത്. തന്റെ മകന്‍ ബി.എല്‍ പാസ്സായി മുന്‍സിഫ് ആവണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. സത്യത്തിനും മനഃസാക്ഷിക്കുമെതിരെ പ്രവര്‍ത്തിക്കേണ്ടി വരുന്ന ഒരു ജോലിക്കുവേണ്ടി പഠിക്കാന്‍ കുട്ടിയമ്മു ഇഷ്ടപ്പെട്ടില്ല. തന്നെ സേവനത്തിനായി അര്‍പ്പണം ചെയ്യണമെന്ന ബോധം അന്നേ അദ്ദേഹത്തിലുണ്ടായിരുന്നു. പിന്നീടുള്ള അരനൂറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ ജീവിതം ആ ലക്ഷ്യബോധത്തില്‍ ഉറച്ചു നിന്നുകൊണ്ടുള്ളതായിരുന്നു. രാഷ്ട്ര പുരോഗതിയെ ത്വരിതപ്പെടുത്തുന്ന, ജലസേചന പദ്ധതികളുടെയും, റോഡുകളുടെയും പള്ളികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് ജീവിതവും പ്രവൃത്തിയും അര്‍പ്പികാനുതകുന്ന പ്രവര്‍ത്തന മണ്ഡലമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. അങ്ങനെ ആയിരുന്നു 1930 -ല്‍ മദിരാശിയിലെ ഗിണ്ടി എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത്.
1935-ല്‍ മദിരാശി കോര്‍പ്പറേഷനില്‍ 60 രൂപ ശമ്പളത്തില്‍ ഓവര്‍സീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച് 1967 ല്‍ കേരള സംസ്ഥാനത്തിലെ പൊതുമരാമത്ത് ചീഫ് എഞ്ചിനീയറായി വിരമിക്കുന്നതുവരെയുള്ള ടി.പി. കുട്ടിയമ്മു സാഹിബിന്റെ ഔദ്യോഗിക ജീവിതം സംഭവ ബഹുലമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം സ്വന്തം കാലില്‍ പിച്ചവെച്ചു നടക്കുന്ന ഒരു രാഷ്ട്രത്തിന് അര്‍പ്പണബോധമുള്ള എഞ്ചിനീയര്‍മാരുടെ സേവനം അത്യന്താപേക്ഷിതമായിരുന്നു. കെ.എല്‍. റാവുവിനെയും, ടി.പി കുട്ടിയമ്മു സാഹിബിനെയും പോലുള്ള എഞ്ചിനീയര്‍മാര്‍ രാഷ്ട്രത്തെ സ്വയം പര്യാപ്തതയുടെ പാതയിലേക്കു നയിക്കാനുള്ള പ്രക്രിയയില്‍ തങ്ങളെത്തന്നെ അര്‍പ്പണം ചെയ്തു. അവിഭക്ത മദിരാശി സംസ്ഥാനത്തിലെയും, കേരള സംസ്ഥാനത്തിലെയും നിരവധി ജലസേചന പദ്ധതികളുടെ ആസൂത്രണത്തിന്റെ പിന്നില്‍ ടി.പി കുട്ടിയമ്മു സാഹിബുണ്ടായിരുന്നു. കേരള സംസ്ഥാനം പിറന്നപ്പോള്‍ പുതിയ സംസ്ഥാനത്തിന്റെ സര്‍വ്വോന്മുഖമായ പുരോഗമനത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും യോഗ്യനായ ഒരാള്‍ പൊതുമരാമത്തിന്റെ ചുമതല വഹിക്കേണ്ടിയിരിക്കുന്നുവെന്ന് ബോധ്യമുള്ള അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന വി.കെ.ആര്‍.വി. റാവു ആണ് ടി.പി കുട്ടിയമ്മു സാഹിബിനെ ഇവിടത്തെ ചീഫ് എഞ്ചിനീയറായി നിയമിക്കാന്‍ ഉപദേശിച്ചത്. അത് കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. കേരളത്തിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം, കേരള മുസ്‌ലിംകളെ ബോധവല്‍ക്കരിക്കാനുള്ള ഒരവസരം കൂടിയാക്കി മാറ്റി അദ്ദേഹം. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ വിദ്യാസമ്പന്നരാവേണ്ട ആവശ്യകത മുന്‍നിര്‍ത്തി അതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്ഥാപിക്കാനുള്ള പ്രേരണ നല്‍കി അദ്ദേഹം. വിദ്യയിലൂടെ മാത്രമേ സമുദായോന്നമനം സാധ്യമാവൂ എന്ന്  അദ്ദേഹം വിശ്വസിച്ചിരുന്നു. കേരളത്തില്‍ പലയിടങ്ങളില്‍ നടന്ന ഇസ്‌ലാമിക് സെമിനാറുകളുടെ പിന്നിലും അദ്ദേഹത്തിന്റെ ഹസ്തങ്ങളുണ്ടായിരുന്നു. ബുദ്ധിപരമായ തലത്തിലുള്ള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനമായിരുന്നു ഈ സെമിനാറുകള്‍. ചീഫ് എഞ്ചിനീയര്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം പ്ലാനിങ് ബോര്‍ഡ് മെമ്പറായി. തദവസരത്തിലും മറ്റവസരങ്ങളിലും അദ്ദേഹം ഭാരതം മുഴുവനും, മറ്റു പല വിദേശരാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. ഈ സന്ദര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ വിശാലപ്പെടുത്തി.
സാഹിത്യ രംഗത്തും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഇസ്‌ലാമിക സാഹിത്യമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട രംഗം. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴെ 'സുബ്‌ലുസ്സലാം' എന്നൊരു കയ്യെഴുത്തു മാസിക നടത്തിയിരുന്നു. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം 'ചന്ദ്രിക' യുടെ മാനേജിംങ്ങ് എഡിറ്ററുമായിരുന്നിട്ടുണ്ട്. ബാഫഖി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അത്. രണ്ടുമൂന്നു ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇസ്‌ലാമിനെക്കുറിച്ചുള്ള ഒരു ബൃഹത്തായ ഗ്രന്ഥം അദ്ദേഹം മരണത്തിന് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. ശാസ്ത്രീയ വിഷയങ്ങള്‍ ലളിതമായ രീതിയില്‍ പ്രതിപാദിക്കുന്നതിനും, യുക്തിവാദികളുടെ വീക്ഷണത്തില്‍നിന്നു വിഭിന്നമായി ശാസ്ത്ര സത്യങ്ങളെ വിലയിരുത്തുന്നതിനുമായി ആരംഭിച്ച 'ശാസ്ത്രവിചാരം' മാസികയുടെ പിന്നിലും അദ്ദേഹത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചു. എ. എസ് എന്ന തൂലികാനാമത്തില്‍ അദ്ദേഹം വിവിധ വിഷയങ്ങളെക്കുറിച്ചു ലേഖനങ്ങള്‍ എഴുതി. എ.എസ് എന്ന തൂലികാനാമത്തിന്റെ പിറകില്‍ രസകരമായൊരു കഥയുണ്ട്. എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കുട്ടിയമ്മു എന്ന പേര് സഹപാഠികള്‍ക്ക് വിചിത്രമായി തോന്നി. അഹമ്മദ് സഗീര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് കുട്ടിയമ്മു എന്ന് വിശദീകരിക്കുകയും മുസ്‌ലിം കുട്ടികളോട് 'അഹമ്മദ് സഗീര്‍' എന്താണെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നുവത്രെ. അങ്ങിനെ സഹപാഠികള്‍ക്കിടയില്‍ അദ്ദേഹം അഹമ്മദ് സഗീറും, എ.എസ്സുമായി. അതുതന്നെ പിന്നെ തൂലികാനാമവുമായി.
സ്വന്തം ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ടി.പി കുട്ടിയമ്മു സാഹിബ് സത്യസന്ധത പുലര്‍ത്തി. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരെ തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മദിരാശി പൂണ്ടിയിലെ ഔദ്യോഗിക കാലത്ത് തന്റെ പേരില്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ശിപ്പായിയുടെ പേരില്‍ ദയാദാക്ഷിണ്യം കൂടാതെ നടപടിയെടുക്കുകയുണ്ടായി. തന്റെ ഔദ്യോഗിക പദവി ചൂഷണം ചെയ്ത് സ്വജന പക്ഷപാതത്തിന് വഴിവെക്കുന്ന മാര്‍ഗ്ഗങ്ങളെല്ലാം അദ്ദേഹം ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിരോധവും ശത്രുതയും അദ്ദേഹത്തിന് സമ്പാദിക്കേണ്ടിവന്നു. സ്വന്തക്കാര്‍ വിദ്യാസമ്പന്നരായി ഉയര്‍ന്നുവരാന്‍ അദ്ദേഹം വളരെയധികം പ്രോല്‍സാഹിപ്പിച്ചിരുന്നു. അതിനായുള്ള സാമ്പത്തിക സഹായത്തിനുകൂടി അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ അവര്‍ക്കുവേണ്ടി പിന്‍വാതിലിലൂടെ ശുപാര്‍ശക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ അദ്ദേഹത്തിന് സമ്പാദ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഔദ്യോഗിക കാലം ഏതാനും വര്‍ഷങ്ങള്‍ കൂടി നീട്ടിക്കിട്ടാനുള്ള ഒരവസരം അദ്ദേഹം വേണ്ടെന്നുവെക്കുകയുണ്ടായി. ചീഫ് എഞ്ചിനീയറായിരിക്കുമ്പോള്‍ തന്നെ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മെമ്പര്‍ സ്ഥാനം അദ്ദേഹത്തിന് ഓഫര്‍ ചെയ്യപ്പെട്ടു. അത് സ്വീകരിക്കുകയാണെങ്കില്‍ മൂന്നുവര്‍ഷം കൂടി ഉദ്യോഗത്തിലിരിക്കാമായിരുന്നു. തന്റെ ദൗത്യ പൂര്‍ത്തീകരണത്തിനല്ലാതെ ഉദ്യോഗത്തിന്റെ അപ്പകഷ്ണത്തില്‍ തൂങ്ങിക്കിടക്കുന്ന ആഭാസങ്ങള്‍ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല എന്നതിനു തെളിവാണിത്.
മത കാര്യങ്ങളില്‍ വളരെയധികം നിഷ്‌കര്‍ഷയും, സൂക്ഷ്മതയും പാലിച്ചിരുന്നു അദ്ദേഹം. തലശ്ശേരിയിലെ സ്വന്തം തറവാടിന്റെ മരാമത്താവശ്യാര്‍ത്ഥം അവര്‍ക്കവകാശപ്പെട്ട സ്വത്തു വിറ്റുകിട്ടിയ സംഖ്യ ബാങ്കിലിട്ടു പലിശ ഉപയോഗിക്കാമെന്ന ബന്ധുക്കളുടെ നിര്‍ദ്ദേശം അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. നിഷിദ്ധമായ പലിശ അതിനായി ഉപയോഗിച്ചുകൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വ്യക്തിപരമായി അദ്ദേഹം പല ദുഃഖങ്ങളും അനുഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണം, മൂത്ത മകളുടെ വിവാഹാലോചന എന്നിവയൊക്കെ അദ്ദേഹത്തെ അത്യന്തം ദുഃഖാകുലനാക്കിയ സംഭവങ്ങളായിരുന്നു. എന്നാല്‍ അതിലുപരി അദ്ദേഹത്തെ ദുഃഖിതനാക്കിയത് സമുദായത്തിലെ അന്തഃഛിദ്രങ്ങളായിരുന്നു. വിയോജിപ്പിന്റെ മേഖലകള്‍ മാത്രം കണ്ടുപിടിച്ച് പോരാട്ടത്തിന് തയ്യാറാവുന്ന ഭിന്നശക്തികള്‍ സമുദായത്തിന്റെ ഐക്യവും ഭദ്രതയും നശിപ്പിക്കുന്നതു കണ്ട് അദ്ദേഹത്തിന്റെ മനസ്സ് നൊന്തു. ഈ ഭിന്നതകള്‍ അകറ്റാനും സമുദായത്തില്‍ ഐക്യത്തിന്റെ കാഹളമുയര്‍ത്താനും അദ്ദേഹം പരിശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ എല്ലാ മുസ്‌ലിം വേദികളിലും അദ്ദേഹത്തെ കാണാമായിരുന്നു. അവര്‍ക്ക് അദ്ദേഹം സ്വീകാര്യനുമായിരുന്നു. അവരവരുടെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് സമുദായത്തെ ശക്തമാക്കാന്‍ അവര്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഹൃദയപൂര്‍വ്വം ആശിച്ചിരുന്നു.

2. സി.ഒ.ടി. കുഞ്ഞിപ്പക്കി:
പ്രബുദ്ധനായ വിദ്യാഭ്യാസ പ്രചാരകന്‍

കേരളത്തില്‍ വിശേഷിച്ച് മലബാറില്‍ മുസ്‌ലിം വിദ്യാഭ്യാസ വികസന ചരിത്രത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത വ്യക്തി വൈഭവമാണ് സി.ഒ.ടി. കുഞ്ഞിപ്പക്കി. തലശ്ശേരിയിലെ കേയിമാര്‍ പരമ്പരാഗതമായി വ്യപാരികളാണ്. കേയിമാരില്‍ തന്നെ അതി പ്രാമുഖ്യം കരുതപ്പെടുന്ന വ്യാപാര കുടുംബത്തില്‍ നിന്ന് വിദ്യാഭ്യാസ വിചക്ഷണനുണ്ടായിത്തീരുക എന്നത് അത്ഭുതമാണ്. എന്നാല്‍ വിദ്യാഭ്യാസ കാര്യത്തില്‍ കുഞ്ഞിപ്പക്കിയുടെ പിതാവിനുണ്ടായിരുന്ന അഭിവാഞ്ഛയായിരുന്നു അദ്ദേഹത്തിന് അനന്തരമായി ലഭിച്ചത്. തലശ്ശേരിയില്‍ ഒരു മാപ്പിള സ്‌കൂള്‍ സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയത് കുഞ്ഞിപ്പക്കിയുടെ പിതാവായിരുന്നു. അന്ന് മലപ്പുറം ഹൈസ്‌കൂളിനെ മലബാറിലെ അലീഗറായി വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ സ്‌കൂളിന്റെ സ്ഥാപനത്തില്‍ മുന്‍കൈയ്യെടുക്കുകയും അതിന്റെ ഹെഡ്മാസ്റ്ററായി ഏറെക്കാലം സ്‌കൂളിനെ പ്രശസ്തമായ രീതിയില്‍ കൊണ്ടുനടക്കുകയും ചെയ്ത സി.ഒ.ടി. കുഞ്ഞിപ്പക്കിയെ മലബാറിന്റെ സര്‍ സയ്യിദ് എന്ന് വിശേഷപ്പിക്കാവുന്നതാണ്.
1928 ലായിരുന്നു അദ്ദേഹം സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചത്. സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍, ഹെഡ്മാസ്റ്റര്‍, ഡി.ഇ.ഒ, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രശസ്തമായ സേവനമനുഷ്ഠിച്ചതിന് ശേഷം 6 വര്‍ഷത്തോളം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായിരുന്നു.
1920 കളില്‍ തന്നെ കുഞ്ഞിപ്പക്കി സാഹിബ് മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മുസ്‌ലിം വിദ്യാഭ്യാസം അതിശോചനീയമായ ഒരവസ്ഥയിലായിരുന്നു. സ്‌കൂളുകളില്‍ പോയി വിദ്യാഭ്യാസം നിര്‍വഹിക്കുന്നതിനുള്ള അലംഭാവം പൊതുവെ പ്രത്യക്ഷമായിരുന്നു. ഇംഗ്ലീഷുകാരോട് മാപ്പിളമാര്‍ക്കുള്ള വിരോധം കൊണ്ടായിരിക്കാം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് നേരെ അവര്‍ പിന്‍തിരിഞ്ഞുനിന്നത്. സ്‌കൂളുകളില്‍ പോകുന്നവര്‍ തന്നെ കുറേ വര്‍ഷങ്ങള്‍ മദ്രസയില്‍ ഓത്തു പഠിച്ചതിന് ശേഷം മാത്രമായിരുന്നു സ്‌കൂളില്‍ ചേര്‍ന്നിരുന്നത്. അവരുടെ അംഗസംഖ്യ വളരെ കുറവായിരുന്നു. ഈ ദുസ്ഥിതി തരണം ചെയ്യാന്‍ സമുദായത്തിലെ ബുദ്ധിജീവികളില്‍ ചിലര്‍ ആലോചിച്ചു തീരുമാനിച്ച ഒരു പരിഹാരമാര്‍ഗമായിരുന്നു മദ്രസകളെ അംഗീകൃത സ്‌കൂളുകളാക്കുക എന്നത്. മദ്രസയില്‍ സ്‌കൂളുകളുണ്ടാകുമ്പോള്‍ അവിടെ പോകാന്‍ മടി കാണിക്കില്ല എന്ന പ്രായോഗികതയില്‍ നിന്നാണ് ഈ ആശയമുണ്ടായത്. മദ്രസയിലെ തന്നെ മുല്ലമാരെ പരിശീലനം നല്‍കി സ്‌കൂളിലെ അധ്യാപകരാക്കുക എന്ന പരിപാടി നടപ്പിലാക്കുവാന്‍ മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിച്ച ഒരാളായിരുന്നു സി.ഒ.ടി കുഞ്ഞിപ്പക്കി. പുതിയ മദ്രസ - സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കാന്‍ തന്റെ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ പദവി അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് മലബാറിലെ മദ്രസകള്‍ സ്‌കൂളുകളായത്. പഴയ സ്‌കൂളുകളുടെ പേരിന്റെ മുമ്പില്‍ മദ്രസ എന്ന വിശേഷം ഈ വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ബാക്കിപത്രമാണ്.
മദ്രസകളില്‍ എലിമെന്ററി ക്ലാസുകള്‍ മാത്രമേ നടത്താനാവുകയുള്ളൂ. ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കേണ്ടതുണ്ടായിരുന്നു. ഒരു മുസ്‌ലിം ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി അതിന്നായി അക്ഷീണമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു മലപ്പുറത്തെ മാപ്പിള ഹൈസ്‌കൂള്‍. സി.ഒ.ടി കുഞ്ഞിപ്പക്കിയായിരുന്നു അതിന്റെ സ്ഥാപകനെന്ന് പറയാം. അദ്ദേഹം തന്നെ അതിന്റെ ഹെഡ് മാസ്റ്ററായി. സ്‌കൂളിന്റെ ബാലാരിഷ്ടതകള്‍ മാറ്റി അതിനെ മലബാറിലെ ഏറ്റവും പ്രശസ്തമായ സ്‌കൂളാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാദ്ധ്യമായി. അപാരമായ വിജ്ഞാന ദാഹവും കളങ്കരഹിതമായ സമുദായ സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്റെ പ്രേരകശക്തികള്‍. അനേകം ശിഷ്യസമ്പത്തുണ്ടായിരുന്ന അദ്ദേഹം അവര്‍ക്ക് മാര്‍ഗദര്‍ശിയും പിതൃതുല്യനുമായിരുന്നു. അദ്ദേഹത്തിന്റെ അച്ചടക്ക പാലനം പ്രശസ്തമായിരുന്നു. അച്ചടക്കം ലംഘിക്കുന്നവര്‍, അവര്‍ തന്റൈ ബന്ധുക്കളായിരുന്നാലും ശിക്ഷാര്‍ഹരായിരുന്നു. സ്വഭാവ സംസ്‌കരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയാണ് അദ്ദേഹം നടപ്പിലാക്കിയത്. സത്യസന്ധതയും ലാളിത്യവും പുരോഗമന വാഞഛയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.
മുസ്‌ലിം സമുദായത്തിന്നവകാശപ്പെട്ട തസ്തികകള്‍ അവര്‍ക്കുതന്നെ ലഭിക്കാനുള്ള പ്രതിബദ്ധത, പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനിലെ മുസ്‌ലിം പ്രതിനിധിയെന്ന നിലയില്‍ സി. ഒ. ടി കുഞ്ഞിപ്പക്കി കാണിച്ചിരുന്നു. എല്ലാ തീരുമാനങ്ങളിലും നീതിയും ന്യായവും നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. മുസ്‌ലിംകള്‍ അവരുടെ സംവരണ തസ്തികകള്‍ മാത്രം ഉന്നം വെച്ചാല്‍ പോരെന്നും, മെറിറ്റടിസ്ഥാനത്തില്‍ നീക്കിവെച്ച അമ്പത് ശതമാനം തസ്തികകള്‍ക്കു വേണ്ടിയാണ് മത്സരിക്കേണ്ടതെന്നും അദ്ദേഹം മുസ്‌ലിം ഉദ്യോഗാര്‍ത്ഥികളെ ഉല്‍ബോധിപ്പിച്ചിരുന്നു. അതിനുള്ള പഠിപ്പും പരിശീലനവും നേടാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കിക്കൊണ്ടേയിരുന്നു.
യോഗ്യതയില്ലാത്ത കാരണത്താല്‍ മുസ്‌ലിംകള്‍ക്ക് സംവരണം ചെയ്യപ്പെട്ട നിരവധി തസ്തികകള്‍ നികത്തപ്പെടാതെ മറ്റുള്ള സമുദായാംഗങ്ങളെ അവിടങ്ങളില്‍ നിയമിക്കപ്പെടുന്ന ദുരവസ്ഥക്ക് മൂക സാക്ഷിയായി നില്‍ക്കേണ്ടി വന്നിരുന്നു അദ്ദേഹത്തിന്. ഇതായിരുന്നു തൊഴില്‍ സാദ്ധ്യതകളെകുറിച്ചും തൊഴില്‍ തുറകളെക്കുറിച്ചുമുള്ള പ്രബന്ധങ്ങള്‍ ഇസ്‌ലാമിക് സെമിനാറുകളില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അദ്ദേഹം നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ കൃത്യവും ലക്ഷ്യബോധത്തോടെയുമുള്ളതുമായിരുന്നു. ഇസ്‌ലാമിക് സെമിനാറുകള്‍ തൊഴില്‍ സാദ്ധ്യതകളെക്കുറിച്ചുള്ള അവബോധം മുസ്‌ലിം സമൂഹത്തിനു നല്‍കണമെന്ന നിഷ്‌കര്‍ഷതയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഉദ്യോഗ വിരാമത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ വിശ്രമ ജീവിത കാലത്തും അദ്ദേഹത്തിന്റെ വിജ്ഞാന കൗതുകത്തിന് അതിരുകളുണ്ടായിരുന്നില്ല. കോഴിക്കോട്ടേക്ക് താമസം മാറ്റിയ അദ്ദേഹം അവിടെയുള്ള കുറേ പണ്ഡിതന്മാരെ സംഘടിപ്പിച്ച് ഒരു ഖുര്‍ആന്‍ അക്കാദമിക്ക് രൂപം നല്‍കി. വളരെ ഗഹനമായ ചര്‍ച്ചകളായിരുന്നു ഈ അക്കാദമി നടത്തിവന്നിരുന്നത്. മുസ്‌ലിം സമുദായത്തിന്റെ ചിന്താ-കര്‍മ്മ മണ്ഡലത്തിലുള്ള പുരോഗമനത്തിന് ഒരു കാലത്ത് ചുക്കാന്‍ പിടിച്ച സി. ഒ. ടി കുഞ്ഞിപ്പക്കി സാഹിബിന്റെ ജീവിതം സമുദായ സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മാതൃകയാണ്.

RELATED ARTICLES