മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബ് രാഷ്ട്രീയ വിശുദ്ധിയുടെ നേര്‍കാഴ്ചകള്‍

എ പി അബ്ദുല്‍ വഹാബ്   (പ്രൊഫ. പി.എസ്.എം.ഒ. കോളെജ്‌)

രിത്ര പുരുഷരെന്ന അപദാനക്കുറിക്ക് കാലം നിര്‍ണയിച്ച ചില അതിരടയാളങ്ങളുണ്ട്. ആളും അര്‍ത്ഥവും അകമ്പടികൊള്ളുന്ന വ്യക്തി പ്രഭാവമോ ശക്തി സിദ്ധികളോ അല്ല ജീവിത വിശുദ്ധിയുടെയും ആദര്‍ശ ധീരതയുടെയും അനുപമ സ്പര്‍ശത്തിലൂട്ടിയ ഉദാത്ത വ്യക്തിത്വങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അവര്‍ സ്വന്തം നിലപാടുകളെ ധീരധീരം ഉയര്‍ത്തിപിടിക്കുന്നവരും പ്രതിബന്ധങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കാത്തവരുമാണ്. നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായിരിക്കും അവരുടെ പൊതുജീവിതം. അനുകരണീയമായ ഏറെ വഴിയടയാളങ്ങള്‍ ബാക്കിവെച്ചായിരിക്കും അവരുടെ യാത്ര. ഉത്തുംഗ ദീപ്തികളായി ജ്വലിച്ച് നില്‍ക്കുന്ന ഈ മഹാപുരുഷരില്‍ അദ്വിതീയരാണ് ഇന്ത്യന്‍ രാഷ്ട്രത്തിലെ ഉന്നത ശീര്‍ഷരായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടുവും. ഒരേ രാഷ്ട്രീയ ധാരയുടെ പ്രഭവ ശക്തികളായി വിരാജിച്ച ഇരുവരും അതിശയകരമായ സമാനതകള്‍ പങ്കുവെച്ച ആത്മ മിത്രങ്ങളും സഹപ്രവര്‍ത്തകരുമായിരുന്നു.
മുഹമ്മദ് ഇസ്മായില്‍ സാഹിബ്
തമിഴകത്തെ പ്രാചീന ഭരണകൂടങ്ങളിലൊന്നായ ദക്ഷിണ പാണ്ഡ്യ രാജ്യത്തില്‍പെട്ട എടയപുരത്തുണ്ടായ ആദ്യകാല മുസ്‌ലിം ജന വിഭാഗങ്ങളിലാണ് ഖാഇദേ മില്ലത്തിന്റെ കുടുംബ വേരുകള്‍ കുടികൊള്ളുന്നത്. എട്ടയപുരത്തെ കവി ചക്രവര്‍ത്തിയായ ഉമറു പുലവറുടെ പിന്‍മുറക്കാര്‍ തമിഴകത്തെ അനവധി ജില്ലകളിലേക്ക് പിന്നീട് കുടിയേറുകയുണ്ടായി. അത്തരം കുടിയേറ്റ കുടുംബങ്ങളിലൊന്നായ് തിരുനെല്‍വേലി ജില്ലയിലെ പേട്ടയിലുള്ള ഖാഇദേ മില്ലത്തിന്റെ കുടുംബം. പേട്ടയിലെ ആദ്യകാല താമസക്കാരനായ കാട്ടുബാവ റാവുത്തരുടെ മകന്‍ തമ്പിമീദാന്‍ റാവുത്തരുടെ പുത്രന്‍ മിയാന്‍ ഖാന്‍ റാവുത്തരാണ് ഖാഇദേ മില്ലത്തിന്റെ പിതാവ്. പ്രശസ്തനായ വസ്ത്ര വ്യാപാരിയായിരുന്നു കാട്ടുബാവ റാവുത്തര്‍. തിരുവിതാംകൂര്‍ രാജ കുടുംബത്തിന് തുണിവില്‍പന നടത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. ജാതിപരമായ കാരണത്താല്‍ റാവുത്തരുടെ വില്‍പനക്കാര്‍ക്ക് കൊട്ടാരത്തിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതംഗീകരിച്ച് കൊടുക്കാന്‍ മനസ്സ് വരാത്തത് കൊണ്ട് രാജ കൊട്ടാരത്തിലേക്കുള്ള തുണിവില്‍പന തന്നെ വേണ്ടെന്ന് വെച്ചു കാട്ടുബാവ റാവുത്തര്‍. ഇത് മനസ്സിലാക്കിയ മഹാരാജാവ് കൊട്ടാരത്തിനകത്തേക്ക് മാത്രമല്ല, കൊട്ടാരത്തിനോട് ചേര്‍ന്ന ക്ഷേത്രത്തിലേക്ക്‌ പോലും പ്രവേശനം കൊടുത്തു റാവുത്തരുടെ ആളുകള്‍ക്ക് ആരുടെ മുമ്പിലും പണയപ്പെടുത്താത്ത ധീരമായ അഭിമാന ബോധത്തിന്റെ ഈ പാരമ്പര്യത്തിലൂട്ടപ്പെട്ട വ്യക്തിത്വമായിരുന്നു ഖാഇദേ മില്ലത്തിന്. അധികാര ശക്തിക്ക് മുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന വിധേയത്വത്തിന്റെ മനസ്സ്, ഏറെ വിനയാന്വിതനായിരുന്ന ഖാഇദേമില്ലത്തിന്, തീര്‍ത്തും അന്യമായിരുന്നു.
തമിഴ്‌നാട്ടിലെ പ്രമുഖരായ മതപണ്ഡിതന്മാര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബമായിരുന്നു ഖാഇദേ മില്ലത്തിന്റേത്. അതിന്റെ സ്വാധീനമാകാം, ഖാഇദേ മില്ലത്തിന്റെ പിതാവ് മിയാന്‍ റാവുത്തര്‍ക്ക് വ്യാപാരത്തിലല്ല, മതപഠനത്തിലാണ് താല്‍പര്യമുണ്ടായത്. ഉന്നത പണ്ഡിതന്മാരുടെ ശിക്ഷണത്തില്‍ മതപഠനം നേടിയ മിയാന്‍ റാവുത്തര്‍ അങ്ങനെ മിയാന്‍ ആലിം ആയി മാറുകയുണ്ടായി. ഖാഇദേ മില്ലത്തിന് ഏഴുവയസ്സ് പ്രായമുള്ളപ്പോള്‍ പിതാവ് മിയാന്‍ ആലിം ഇഹലോകവാസം വെടിഞ്ഞു. പറക്കമുറ്റാത്ത നാലുകുഞ്ഞുങ്ങളെയും തന്റെ പത്‌നിയെയും തനിച്ചാക്കിയാണ് മിയാന്‍ ആലിം വിടപറഞ്ഞത്. സ്‌നേഹനിധിയായ മാതാവ് മുഹ്‌യദ്ദീന്‍ ഫാത്വിമ: യുടെ ശിക്ഷണത്തിലാണ് ആ കുഞ്ഞുങ്ങള്‍ വളര്‍ന്നത്. അവരുടെ പിതാവ് ഖാന്‍മുഹമ്മദ് റാവുത്തര്‍ അക്കാലത്തെ ഏറ്റവും പ്രമുഖ വ്യാപാരികളിലൊരാളായിരുന്നു. അദ്ദേഹമാണ് ഖാഇദേ മില്ലത്തിനേയും സഹോദരന്മാരെയും വളര്‍ത്തിയത്. ഏറെ പ്രതാപിയും വിശ്രുതനായ അഭ്യാസിയുമായിരുന്ന മുഹമ്മദ് റാവുത്തരെ സകല മനുഷ്യര്‍ക്കും ബഹുമാനവും പേടിയുമായിരുന്നു. അദ്ദേഹത്തിന്റെ ചരക്കു വണ്ടികളെ സമീപിക്കാന്‍ കവര്‍ച്ചക്കാര്‍ക്ക് പോലും ഭയമായിരുന്നുവെന്ന് ഖാഇദേമില്ലത്ത് തന്നെ അനുസ്മരിച്ചിട്ടുണ്ട്.
    ഖാഇദേമില്ലത്തിന്റെ വിദ്യാഭ്യാസം പിതാവിന്റെ മേല്‍നോട്ടത്തിലാണ് തുടക്കം കൊണ്ടത്. മദ്രസ മുഹമ്മദീയയില്‍ പ്രാഥമിക പഠനത്തിന് ചേര്‍ത്തതോടൊപ്പംതന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനും പിതാവ് ഏര്‍പ്പാട് ചെയ്യുകയുണ്ടായി. ബ്രിട്ടീഷുകാരോടുള്ള വ്യാപകമായ വെറുപ്പുകാരണം ഇംഗ്ലീഷ് പഠിക്കുന്നത് പോലും വിലക്കപ്പെട്ട കാലമായിരുന്നു അത്. മിയാന്‍ ആലിം തന്റെ പുത്രനെ ഇംഗ്ലീഷ് പഠിക്കാന്‍ വിട്ടത് പലര്‍ക്കും ഞെട്ടലും അത്ഭുതവുമായിരുന്നു. പില്‍ക്കാലത്ത് ഇംഗ്ലീഷിലും പ്രോജ്ജ്വല പ്രസംഗകനായി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ മാറ്റി തീര്‍ത്തതില്‍ പിതാവിന്റെ ഈ ഇടപെടല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിതാവിന്റെ അകാലമരണം മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ മാതാവ് പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ തിരുനെല്‍വേലിയിലെ സി.എം.എസ് കോളേജിലും തുടര്‍ന്നു മദിരാശി ക്രിസ്ത്യന്‍ കോളേജിലും പഠിക്കുവാന്‍ ഖാഇദേമില്ലത്തിന് അവസരമുണ്ടായി. മഹാത്മഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച നാളുകളായിരുന്നു അത്. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ഖാഇദേമില്ലത്ത് അതോടെ പഠനം അവസാനിപ്പിക്കുകയും നിസ്സഹകരണ പ്രസ്ഥാനത്തില്‍ സജീവമാകുകയും ചെയ്തു.
    ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് എന്ന മഹോജ്ജ്വല വ്യക്തിത്വം പിറവിയെടുക്കുന്ന ആവേശ പരിസരങ്ങളുടെ തുടക്കമായിരുന്നു അത്. പ്രസിദ്ധ നിയമജ്ഞനായിരുന്ന ശ്രീനിവാസ അയ്യങ്കാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മദിരാശി പ്രൊവിന്‍ഷ്യല്‍ പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു യുവാവായ മുഹമ്മദ് ഇസ്മാഈല്‍. നിസ്സഹകരണ പ്രസ്ഥാനത്തെ വ്യാപിപ്പിക്കുന്നതില്‍ അനല്‍പമായ പങ്കാണ് പൊളിറ്റിക്കല്‍ കോണ്‍ഫ്രന്‍സ് വഹിച്ചത്. മുസ്‌ലിം സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തെ നിസ്സഹകരണ പ്രസ്ഥാനത്തിലുടനീളം ഉറപ്പ് വരുത്താന്‍ ഇസ്മാഈല്‍ സാഹിബ് കഠിനാദ്ധ്വാനം ചെയ്യുകയുണ്ടായി.
    അനുപമ ധിഷണാശാലിയായിരുന്നു യുവാവായ മുഹമ്മദ് ഇസ്മാഈല്‍. ദേശീയ പ്രസ്ഥാനത്തില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിടപറഞ്ഞെങ്കിലും വ്യക്തിപരവും കുടുംബപരവുമായ ബാധ്യതകള്‍ നിറവേറ്റുന്നതിനായി ജോലിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മദിരാശിയിലെ ഏറ്റവും പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ജമാല്‍ മൊഹിദ്ദീന്‍ ആന്റ് കമ്പനിയില്‍ അസിസ്റ്റന്റ് ആയിട്ടായിരുന്നു അരങ്ങേറ്റം. അസാധാരണമായ കഴിവും കാര്യശേഷിയും അദ്ദേഹത്തെ അധികം വൈകാതെ കമ്പനിയുടെ മാനേജര്‍ സ്ഥാനത്തെത്തിച്ചു. താമസിയാതെ കമ്പനിയുടെ പാര്‍ട്ണര്‍ ആയും അദ്ദേഹം ഉയര്‍ന്നു. ഇക്കാലത്താണ് അദ്ദേഹം വിവാഹിതനാവുന്നത്. സ്വതസിദ്ധമായ അറിവും കഴിവും ബിസിനസ്സ് രംഗത്തെ അതീവ പാടവവും മുഹമ്മദ് ഇസ്മാഈലിനെ ഒരു മികച്ച സാമ്പത്തിക ശാസ്ത്ര വിദഗ്ധനാക്കി. അനവധിപേര്‍ അദ്ദേഹത്തില്‍ നിന്ന് സാമ്പത്തികോപദേശങ്ങള്‍ നേടിയിട്ടുണ്ട്. സെന്‍ട്രല്‍ അസംബ്ലി അംഗങ്ങളായിരുന്ന എഫ്.ഇ. ജെയിംസ്, സര്‍ ആര്‍.കെ.ഷണ്‍മുഖം ചെട്ടി തുടങ്ങിയവര്‍ പ്രസംഗിക്കുവാന്‍ കുറിപ്പുകള്‍ തേടിയിരുന്നതും ഈ പ്രതിഭാശാലിയില്‍ നിന്നായിരുന്നു. പില്‍ക്കാലത്ത് 1966ല്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലും ബേങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്‌സ് പ്രശ്‌നം തുടങ്ങിയ വിഷയങ്ങളിലും പലകുറി മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിളിച്ചിരുന്നു. അപാരമായ സാമ്പത്തിക ശാസ്ത്ര വൈദഗ്ധ്യമുണ്ടായിട്ടും ബിസിനസില്‍ തുടരാനോ ഔദ്യോഗിക പദവികള്‍ കരസ്ഥമാക്കാനോ അദ്ദേഹം തയ്യാറായില്ല. 1947ല്‍ ബിസിനസ്സ് ജീവിതത്തോട് വിടപറഞ്ഞു കൊണ്ട് മുഴുസമയം പൊതുജീവിതത്തില്‍ അദ്ദേഹം വ്യാപൃതനായി.
സാമൂഹ്യ സംരംഭങ്ങളില്‍ ചെറുപ്പനാളിലേ മുഹമ്മദ് ഇസ്മാഈല്‍ സജീവ സാന്നിധ്യമായിരുന്നു. യംഗ് മുസ്‌ലിം സൊസൈറ്റി എന്ന പേരില്‍ ഒരു നവോത്ഥാന കൂട്ടായ്മക്ക് അദ്ദേഹം രൂപം നല്‍കുകയുണ്ടായി. യുവാക്കള്‍ക്ക് പ്രസംഗ പരിശീലനം നല്‍കാനും വായനാശീലം വളര്‍ത്താനും ഇംഗ്ലീഷ് പഠനം പ്രോത്സാഹിപ്പിക്കാനും സൊസൈറ്റി പരിശ്രമിച്ചു. തിരുനെല്‍വേലിയിലും പരിസരത്തും പിന്നീട് മദ്രാസ് നഗരത്തിലും ഖാഇദേ മില്ലത്തിന്റെ പങ്കാളിത്തമില്ലാത്ത പൊതു സംരംഭങ്ങളില്ല എന്ന അവസ്ഥപോലുമുണ്ടായി. പില്‍ക്കാലത്ത് തെന്നിന്ത്യാ തോല്‍വ്യവസായ സംഘത്തിന്റെ സെക്രട്ടറി, സതേണ്‍ ഇന്ത്യ, ചേമ്പര്‍ ഓഫ് കമേഴ്‌സ് ഉപാധ്യക്ഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ്, മദിരാശി പോര്‍ട്ട് ട്രസ്റ്റ്, മാര്‍ക്കറ്റിംഗ്  ബോര്‍ഡ്, ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രീസ്, ദക്ഷിണേന്ത്യന്‍ റെയില്‍വേ ഉപദേശക സമിതി തുടങ്ങിയവയിലെ അംഗത്വം എന്നിവ ഖാഇദേ മില്ലത്തിന്റെ ബഹുമുഖ പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്റെ തോല്‍ സംരക്ഷണ സമിതിയിലും സംസ്ഥാന സര്‍ക്കാരിന്റെ കൈത്തൊഴില്‍ ബോര്‍ഡിലും അദ്ദേഹം അംഗമായിരുന്നു. മദിരാശി ഗവണ്‍മെന്റ് നിയമിച്ച ലതര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍, വ്യവസായ പ്ലാനിംഗ് കമ്മീഷന്‍ അംഗം എന്നീ സ്ഥാനങ്ങളും ഖാഇദേ മില്ലത്ത് വഹിക്കുകയുണ്ടായി. വിവിധ ട്രേഡ് യൂണിയനുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുകയുണ്ടായി. തിരക്കുപിടിച്ച ഔപചാരിക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ സ്വസമുദായത്തിന്റെ സാംസ്‌കാരികോന്നമനത്തിനും നവീകരണത്തിനുമുള്ള ശ്രമങ്ങളിലും ഖാഇദേ മില്ലത്ത് സജീവമായി പങ്കുകൊള്ളുകയുണ്ടായി. ദക്ഷിണേന്ത്യാ മുസ്‌ലിം വിദ്യാഭ്യാസ സംഘത്തിന്റെ ഉപാധ്യക്ഷനായും മദിരാശി അന്‍ജുമനെ ഹിദായതെ ഇസ്‌ലാം സംഘത്തിന്റെ വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു.
കോണ്‍ഗ്രസുകാരനും അടിയുറച്ച ദേശീയ വാദിയുമായിരുന്നു ഇക്കാലമത്രയും മുഹമ്മദ് ഇസ്മായില്‍ സാഹിബ്. വിദേശീയ വസ്ത്രങ്ങളും ഉല്‍പന്നങ്ങളും വര്‍ജിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. വിവാഹ സുദിനത്തില്‍പോലും ആര്‍ഭാട വസ്ത്രങ്ങളൊഴിവാക്കി ഖദര്‍ ധാരിയായി അദ്ദേഹം നിലകൊണ്ടു. എന്നാല്‍ 1936 ല്‍ നടന്ന തെരഞ്ഞെടുപ്പ് ഖാഇദേ മില്ലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ അപ്പാടെ മാറ്റിമറിച്ചു. തമിഴകത്തിലെ ഏറ്റവും വലിയ ധനാഢ്യരിലൊരാളും സജീവ കോണ്‍ഗ്രസ്സുകാരനുമായ ജമാല്‍ മുഹമ്മദ് സാഹിബായിരുന്നു മദിരാശിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഗാന്ധിജിയുടെ ഉത്തമനുമായിരുന്ന അദ്ദേഹം കോണ്‍ഗ്രസ്സിനുവേണ്ടി എത്രയോ സമ്പത്ത് വിനിയോഗിച്ച ആളായിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ ജമാല്‍ മുഹമ്മദ് തോറ്റു. എതിരാളിയായ ടി.ടി. കൃഷ്ണമാചാരിക്കായിരുന്നു ജയം. കോണ്‍ഗ്രസ്സില്‍ ശക്തമായ വര്‍ഗ്ഗീയ ചേരിതിരിവുണ്ടായതാണ് ജമാല്‍ മുഹമ്മദിന്റെ തോല്‍വിയില്‍ കലാശിച്ചത്. ഇത് ഖാഇദേ മില്ലത്തിന്റെ മനസ്സില്‍ വല്ലാത്ത ഒരാഘാതമേല്‍പ്പിച്ചു. മുഹമ്മദലി ജിന്നയുള്‍പ്പെടെ കോണ്‍ഗ്രസ്സിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്ന് ഖാഇദേമില്ലത്തിന് ബോധ്യമായി. മുസ്‌ലിം ജനവിഭാഗത്തെ വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസ്സിലൊരു വിഭാഗം ഒരുക്കമല്ല എന്നുറപ്പായിരിക്കുന്നു. ഇതൊരു വഴിത്തിരിവായിരുന്നു. ജമാല്‍ മുഹമ്മദ് സാഹിബിനോടൊപ്പം ഖാഇദേ മില്ലത്തും കോണ്‍ഗ്രസ്സിനോട് വിടചൊല്ലി.
മുസ്‌ലിം ലീഗില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ ഖാഇദേ മില്ലത്ത് ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, സാഹചര്യങ്ങള്‍ അദ്ദേഹത്തെ അതിന് നിര്‍ബന്ധിതനാക്കി. 1938-ല്‍ മദിരാശി ഡിസ്ട്രിക്ട് മുസ്‌ലിം ലീഗ് പ്രസിഡണ്ടായി ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. 1945ല്‍ മദിരാശി സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡണ്ടായി അദ്ദേഹം ചുമതലയേറ്റു. 1946 ല്‍ മദിരാശി നിയമ സഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ പ്രൊവിന്‍ഷ്യല്‍ പാര്‍ലിമെന്ററി ബോര്‍ഡ് ചെയര്‍മാനുമായി. മദിരാശി അസംബ്ലിയിലെ പ്രതിപക്ഷ നേതാവും ഖാഇദേ മില്ലത്തായിരുന്നു. അതേവര്‍ഷം ദല്‍ഹിയില്‍ നടന്ന മുസ്‌ലിം ലീഗ് സര്‍വ്വേന്ത്യാ കണ്‍വെന്‍ഷന്റെ അദ്ധ്യക്ഷനും ഇസ്മാഈല്‍ സാഹിബായിരുന്നു. 1947 ഡിസംബര്‍ 13,14 തിയ്യതികളില്‍ സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ അവസാനത്തെ കൗണ്‍സില്‍ കറാച്ചിയില്‍ ചേര്‍ന്നു. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗ് പിരിച്ചുവിടാനും പാക്കിസ്ഥാനിലും ഇന്ത്യയിലും വേറിട്ട രാഷ്ട്രീയ പാര്‍ട്ടികളായി മുസ്‌ലിംലീഗുകള്‍ പ്രവര്‍ത്തിക്കാനും ധാരണയായി. ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ കണ്‍വീനര്‍ സ്ഥാനത്തേക്ക് ഖാഇദേ മില്ലത്തിന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ചരിത്ര പ്രധാനമായ ഒരു സംഭവം ഈ കൗണ്‍സില്‍ യോഗത്തിലുണ്ടായി. സര്‍വ്വേന്ത്യാ മുസ്‌ലിംലീഗിന്റെ പേരില്‍ 40 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നു. പുറമെ 'ഡോണ്‍' പത്രത്തിന്റെ ആസ്തി വഹകളും ഇതില്‍ ഇന്ത്യയിലെ മുസ്‌ലിം ലീഗിന് എത്ര കണ്ട് വിഹിതം തരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാക്മുസ്‌ലിം ലീഗിന്റെ കണ്‍വീനറുമായ ലിയാഖത്ത് അലീഖാന്‍ ചോദിച്ചു. മുഹമ്മദലി ജിന്നയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.'ഒരു ചില്ലിക്കാശ് പോലും ആവശ്യമില്ല' എന്നായിരുന്നു ഖാഇദേ മില്ലത്തിന്റെ മറുപടി. അപ്രതീക്ഷിതമായ മറുപടി കേട്ടമ്പരന്ന ലിയാഖത്ത് അലിഖാന്‍ ഒന്നു മയപ്പെടുത്താനായി പറഞ്ഞു. ''എങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ അറിയിക്കണം. വല്ല ആപത്തോ കഷ്ടനഷ്ടങ്ങളോ നേരിട്ടാല്‍ ഉടനെ വിവരം അറിയിക്കണം'' അക്ഷോഭ്യനായി ഖാഇദേമില്ലത്തിന്റെ മറുപടി : ''നവാബ് സാഹിബ്; ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് എന്ത് സംഭവിച്ചാലും അത് ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളും. നിങ്ങളുടെ സഹായം ആവശ്യമില്ല. ഞങ്ങളെ മറന്നേക്കുക. ഞങ്ങള്‍ വേറെ നിങ്ങള്‍ വേറെ'' ഇതായിരുന്നു ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെ പ്രകൃതം. കണിശമായ സത്യസന്ധതയും കറകളഞ്ഞ നിഷ്‌കളങ്കതയും അചഞ്ചലമായ ആദര്‍ശനിഷ്ഠയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു.
1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ ചേര്‍ന്ന ഇന്ത്യയിലെ മുസ്‌ലിം ലീഗിന്റെ പ്രഥമ കൗണ്‍സിലില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലവില്‍വന്നു. പ്രസിഡണ്ടായി ഖാഇദേ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. അതിശക്തമായ എതിര്‍പ്പാണ് നാനാഭാഗത്ത് നിന്നും ലീഗിനെതിരെ ഉയര്‍ന്നത്. ഇന്ത്യയില്‍ മുസ്‌ലിം ലീഗിനെ പുനരുജ്ജീവിപ്പിക്കാനുള്ള കറാച്ചിയിലെ കൗണ്‍സില്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് ശക്തമായി എതിര്‍ത്തിരുന്നു.1948 ജനുവരി ഒടുവില്‍ ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു മദ്രാസിലെത്തി ഖാഇദേ മില്ലത്തിനെ ചര്‍ച്ചക്ക് ക്ഷണിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്നും മുസ്‌ലിംലീഗ് ഒരു സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനോട് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹറുവിന് യോജിപ്പില്ലെന്നും ഖാഇദേ മില്ലത്തിനെ മൗണ്ട്ബാറ്റണ്‍ അറിയിക്കുകയുണ്ടായി. ധീരവും യുക്തി പൂര്‍വ്വകവുമായ മറുപടിയാണ് ഖാഇദേ മില്ലത്ത് നല്‍കിയത്. നെഹ്‌റുവുമായി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് ഖാഇദേ മില്ലത്ത് അറിയിച്ചു. അതനുസരിച്ച് ഫെബ്രുവരിയില്‍ തന്നെ ഖാഇദേ മില്ലത്ത് ദല്‍ഹിയില്‍ ചെന്ന് നെഹ്‌റുവുമായി സുദീര്‍ഘമായ ചര്‍ച്ച നടത്തി. നെഹറുവിന് അംഗീകരിക്കാനായില്ലെങ്കിലും  ഖാഇദേ മില്ലത്തിന്റെ യുക്തിബന്ധുരമായ ന്യായവാദങ്ങളുടെ മുമ്പില്‍ നെഹ്‌റുവിന് മറുപടിയുണ്ടായിരുന്നില്ല. സുധീരവും സുവ്യക്തവുമായിരുന്നു ഖാഇദേ മില്ലത്തിന്റെ നിലപാടുകള്‍.
1948-ല്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് ഖാഇദേ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുന്നതിലും ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാതിരിക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ നിര്‍മ്മിക്കുവാനും ഖാഇദേ മില്ലത്തിന്റെ ഇടപെടലുകള്‍ക്ക് സാധിച്ചു. 1952 മുതല്‍ 58 വരെ രാജ്യസഭാംഗമായി അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. 1962ലാണ് പാര്‍ലിമെന്റിലേക്കുള്ള ഖാഇദേ മില്ലത്തിന്റെ കന്നി വിജയം. മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 67, 71 വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തില്‍ നിന്ന് ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. മൂന്ന് തവണയും റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. '67ല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 68.5 ശതമാനം ഇസ്മാഈല്‍ സാഹിബിനായിരുന്നു. മൂന്ന് തവണയും മണ്ഡലത്തില്‍ നേരിട്ട് വന്ന് സ്വന്തം നിലയില്‍ പ്രചാരണം നടത്താതെയാണ് ഖാഇദേ മില്ലത്ത് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമാണിത്. ഈ റിക്കാര്‍ഡ് നേട്ടത്തെ അനുസ്മരിച്ചു കൊണ്ടാണ് ഖാഇദേ മില്ലത്തിന്റെ ആത്മസുഹൃത്തും തമിഴ് രാഷ്ട്രീയത്തിലെ അതികായനുമായ കരുണാനിധി ഒരിക്കല്‍ പറഞ്ഞത്, ചന്ദ്രനിലാണ് അഥവാ തെരഞ്ഞെടുപ്പെങ്കില്‍, അവിടെ ചെല്ലാതെയും ഖാഇദേമില്ലത്ത് തെരഞ്ഞെടുക്കപ്പെടുമെന്ന്. 1969ല്‍ ഖാഇദേ മില്ലത്തിനെ അനുമോദിച്ചുകൊണ്ടുള്ള ഒരു പൊതുസമ്മേളനത്തില്‍ ഇന്ത്യയുടെ രാഷ്ട്രപതിയായി അദ്ദേഹത്തെ തങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നും കരുണാനിധി പ്രഖ്യാപിച്ചിരുന്നു.
പാര്‍ലിമെന്റില്‍ മികച്ച പ്രകടനമായിരുന്നു ഖാഇദേ മില്ലത്തിന്റേത്. ഓരോ വിഷയത്തിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. ഇന്ത്യ-ചൈന യുദ്ധവേളയില്‍ തന്റെ ഏകപുത്രന്‍ ജെ.എം. മിയാഖാനെ സൈനിക സേവനത്തിന് വിട്ടുകൊടുക്കാന്‍ ഖാഇദേ മില്ലത്ത് സന്നദ്ധനാവുകയുണ്ടായി. സര്‍ക്കാരിന്റെ യുദ്ധ ഫണ്ടിലേക്ക് ശമ്പളത്തില്‍ നിന്നൊരു വിഹിതം നീക്കിവെച്ച ആദ്യ പാര്‍ലിമെന്റംഗവും അദ്ദേഹമായിരുന്നു. നെഹറുവുള്‍പ്പെടെ തലമുതിര്‍ന്ന മുഴുവന്‍ നേതാക്കളും ഖാഇദേ മില്ലത്തിനെ ബഹുമാനിച്ചിരുന്നു.
മത കാര്യങ്ങളില്‍ ചിട്ടയും കണിശതയും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഖാഇദേമില്ലത്ത്. പണ്ഡിതനും ആദര്‍ശശാലിയുമായ സ്വപിതാവിന്റെ പാത തന്നെയാണ് മത കാര്യങ്ങളില്‍ ഖാഇദേമില്ലത്തും പിന്തുടര്‍ന്നിരുന്നത്. രാഷ്ട്രീയ വിഷയങ്ങളില്‍ വേറിട്ട നിലപാടുകള്‍ സ്വീകരിച്ചിരുന്നപ്പോഴും സ്വസമുദായത്തിന്റെ ഐക്യത്തിനും യോജിപ്പിനും അദ്ദേഹം ഏറെ പരിശ്രമിച്ചിരുന്നു. മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വമ്പിച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ഖാഇദേ മില്ലത്ത്. ദക്ഷിണേന്ത്യയില്‍ അനേകം മുസ്‌ലിം കോളേജുകള്‍ അദ്ദേഹം മുന്‍കയ്യെടുത്തുണ്ടാക്കിയിട്ടുണ്ട്. ഫാറൂഖ് കോളേജ്, മദിരാശിയിലെ ന്യൂ കോളേജ്, തൃശ്ശിനാപള്ളിയിലെ ജമാല്‍ മുഹമ്മദ് കോളേജ് തുടങ്ങിയവ അതിലുള്‍പ്പെടും. അനവധി കലാലയങ്ങള്‍ അവയുടെ നിലനില്‍പിനും പുരോഗതിക്കും ഖാഇദേ മില്ലത്തിനോട് ഏറെ കടപ്പെട്ടവയാണ്.
    ചെന്നൈ നഗരത്തിലെ ക്രോംപേട്ടയില്‍ ദയാ മന്‍സിലിലായിരുന്നു ഖാഇദേ മില്ലത്തിന്റെ വാസം. അതീവ സമ്പന്നമായ കുടുംബത്തിലെ അംഗവും ഏറെ ആസ്തികളുടെ ഉടമയുമായിരുന്ന ഖാഇദേ മില്ലത്ത് അതീവ ലളിതമായാണ് ജീവിച്ചിരുന്നത്. 1972 ഏപ്രില്‍ 4 ന് ഈ മഹാമനുഷ്യന്‍ ലോകത്തോട് വിടപറഞ്ഞു. സാധാരണക്കാരിലും എളിയവനായിക്കൊണ്ട് ചെന്നൈ ടിപ്ലിക്കെയിനിലുള്ള വാലാജാ മസ്ജിദ് അങ്കണത്തില്‍ അദ്ദേഹം മറവ് ചെയ്യപ്പെട്ടു.
    ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനോടുള്ള മുഴുവന്‍ ബഹുമാനവും തമിഴകം ഖാഇദേ മില്ലത്തിന് നല്‍കുകയുണ്ടായി. ദിണ്ടിക്കല്‍ ആസ്ഥാനമായി ഒരു ജില്ലതന്നെ ഖാഇദേ മില്ലത്തിന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ രൂപീകരിച്ചു. അണ്ണാസ്ട്രീറ്റിലെ ഗവര്‍മെന്റ് വനിതാ കോളേജ് ഖാഇദേ മില്ലത്ത് വനിതാ കോളേജായി സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തു. ഖാഇദേ മില്ലത്തിന്റെ പേരില്‍ മേടവാക്കത്ത് മറ്റൊരു കോളേജും സര്‍ക്കാര്‍ സ്ഥാപിച്ചു. അനവധി വീഥികള്‍ക്കും പാലങ്ങള്‍ക്കും ഖാഇദേ മില്ലത്തിന്റെ പേര് നല്‍കിയും 1983-ല്‍ അദ്ദേഹത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതിയുലുള്‍പ്പെടുത്തിയും തമിഴ്‌നാട് സര്‍ക്കാരുകള്‍ അദ്ദേഹത്തെ ബഹുമാനിച്ചു. അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കികൊണ്ട് 1996ല്‍ കേന്ദ്രസര്‍ക്കാരും ഖാഇദേമില്ലത്തിനെ ആദരിക്കുകയുണ്ടായി.

ഇബ്രാഹിം സുലൈമാന്‍ സേട്ട്
ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ സിന്ധില്‍ നിന്നാണ് സേട്ടു കുടുംബം ഉത്ഭവിക്കുന്നത്. മുഹമ്മദ് ഇബ്‌നു കാസിം സിന്ധ് കീഴ്‌പ്പെടുത്തിയതില്‍ പിന്നെ മത പ്രബോധനവുമായി സിന്ധില്‍ എത്തിയ സൂഫിവര്യരിലൂടെ ഇസ്‌ലാം അശ്ലേഷിച്ച മൂന്ന് രാജകുടുബാംഗങ്ങളുടെ പിന്‍മുറക്കാരാണ് സേട്ടുമാര്‍. മുഅ്മിന്‍ (സത്യവിശ്വാസികള്‍) എന്ന വിളിപ്പേരില്‍ നിന്നാണ് 'മേമന്‍' എന്ന പൊതുനാമം ഉത്ഭവിച്ചത്. വിശ്വാസികളുടെ 'സേത്ത്' (നേതാവ്) ആയി നിശ്ചയിക്കപ്പെട്ട വ്യക്തിയുടെ തായ് വഴിയായാണ് 'സേട്ടു'വായ് മാറിയത്. പുതിയ മതപ്രവേശം പരീക്ഷണാത്മകമായതോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഹിജ്‌റ (പാലായനം) പോകാന്‍ സേട്ടുമാര്‍ നിര്‍ബന്ധിതരായി. അപ്രകാരം കച്ച് പ്രദേശത്ത് എത്തിച്ചേര്‍ന്നവരാണ് കച്ച്‌ മേമന്‍മാര്‍. വ്യാപാരമായിരുന്നു മേമന്‍മാരുടെ ജീവിതമാര്‍ഗ്ഗം. കച്ച് പ്രദേശത്ത് ക്ഷാമം പിടിപെട്ടപ്പോള്‍ പുതിയ മേച്ചില്‍പുറം തേടി അവര്‍ മറ്റു വാണിജ്യ കേന്ദ്രങ്ങളിലേക്ക് കുടിയേറി. അപ്രകാരമാണ് കച്ച്‌ മേമന്‍ സേട്ടുമാര്‍ പഴയ ബോബെയിലും മൈസൂര്‍, കല്‍ക്കത്ത, മദ്രാസ്, കൊച്ചി, ബാംഗ്ലൂര്‍, മലബാര്‍ പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നത്.
    മൈസൂരിലെത്തിച്ചേര്‍ന്ന മേമന്‍മാര്‍ വസ്ത്ര വ്യാപാരത്തിലാണ് ശ്രദ്ധയൂന്നിയത്. അവരില്‍ പ്രധാനിയായിരുന്ന ഇബ്രാഹിം പൊലെ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സുലൈമാനാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പിതാവ്. അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുവാനുള്ള അപൂര്‍വ്വാവസരം അക്കാലത്ത് ലഭിച്ച ചുരുക്കം പേരിലൊരാളായിരുന്നു മുഹമ്മദ് സുലൈമാന്‍. ഇംഗ്ലീഷുള്‍പ്പെടെ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പിതാവ് മരണമടഞ്ഞപ്പോള്‍ കുടുംബവ്യാപാരത്തിലേക്ക് തിരിച്ചുപോകാന്‍ മുഹമ്മദ് സുലൈമാന്‍ നിര്‍ബന്ധിതനായി. മിടുക്കനും സ്ഥിരോത്സാഹിയുമായതുകൊണ്ട് മുഹമ്മദ് സുലൈമാന്‍ വസ്ത്രവ്യാപാരത്തില്‍ പെട്ടെന്നു തന്നെ ഉയര്‍ന്നു. മൈസൂര്‍ രാജകുടുംബവുമായി മുഹമ്മദ് സുലൈമാന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. കച്ചിമേമന്‍ കച്ചവടക്കാരെ പൊതുവിലും മുഹമ്മദ് സുലൈമാനെ പ്രത്യേകിച്ചും മൈസൂര്‍ മഹാരാജാവിന് ഏറെ വിശ്വാസവും ഇഷ്ടവുമായിരുന്നു. അതിന്റെ പ്രതീകമായികൊണ്ടാവണം മുഹമ്മദ് സുലൈമാന് കുഞ്ഞ് പിറന്നപ്പോള്‍ കുട്ടിക്ക് യഥേഷ്ടം പാല്‍കുടിച്ച് വളരാന്‍ അന്നത്തെ മൈസൂര്‍ രാജാവായ കൃഷ്ണ രാജവോഡയാര്‍ സമൃദ്ധമായി പാല്‍ചുരത്തുന്ന ഒരു പശുവിനെ തന്നെ സമ്മാനമായി കൊടുത്തയച്ചത്. ഇബ്രാഹിം സുലൈമാന്റെ ജനന വാര്‍ത്തയറിഞ്ഞപ്പോള്‍ മുഹമ്മദ് സുലൈമാന്റെ ഗൃഹത്തിലേക്ക് സമ്മാനങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായി എന്നാണ് കുടുംബ ചരിത്രം. അങ്ങനെ എല്ലാവരുടെയും കണ്ണിലുണ്ണിയും സ്‌നേഹഭാജനവുമായികൊണ്ടാണ് ഇബ്രാഹിം സുലൈമാന്‍ വളര്‍ന്നത്. 1922 നവംബര്‍ 3 നായിരുന്നു സേട്ടുസാഹിബിന്റെ ജനനം.
    അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ മുഹമ്മദ് സുലൈമാനും കുടുംബവും തലശ്ശേരിയിലേക്ക് താമസം മാറ്റി. വ്യാപാര പ്രമുഖനായ അളിയന്‍ ത്വാഹിര്‍ മഹ്മൂദ് സേട്ടിന്റെ സംരക്ഷണത്തിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. മുഹമ്മദ് സുലൈമാന്‍ വസ്ത്ര വ്യാപാരമുപേക്ഷിച്ച് വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധയൂന്നി. മകന്‍ ഇബ്രാഹിം സുലൈമാന് ആദ്യാക്ഷരങ്ങള്‍ പകര്‍ന്നത് പിതാവ് തന്നെയായിരുന്നു. ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹത്തില്‍നിന്ന് ഇബ്രാഹിം സുലൈമാന്‍ ഉറുദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, അറബി ഭാഷകള്‍ അഭ്യസിച്ചു. കച്ചിമേമന്‍ കുടുംബാംഗവും വാണിജ്യ പ്രമുഖനുമായിരുന്ന ഹാജി അബ്ദുസ്സത്താര്‍ ഇസ്ഹാഖ് സേട്ടുവിന്റെ തട്ടകമായിരുന്നു തലശ്ശേരി. സത്താര്‍ സേട്ടുവിന്റെ കൂറ്റന്‍വീട് കേന്ദ്രീകരിച്ച് തലശ്ശേരിയിലെ ഉന്നതശീര്‍ഷരായ വ്യക്തികളുടെയും സാംസ്‌കാരികനായകരുടെയും കൂടിച്ചേരലുകളുണ്ടായിരുന്നു നിത്യവും. കോണ്‍ഗ്രസ്സുകാരനായിട്ടാണ് സത്താര്‍ സേട്ടുവിന്റെ പൊതുജീവിതം തുടങ്ങിയത്. ഖദര്‍ വസ്ത്രധാരിയായിരുന്ന അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ തക്ലിയുപയോഗിച്ചുള്ള നൂല്‍നൂല്‍പ് പ്രത്യേകമായി നടന്നിരുന്നു. ഇബ്രാഹിം സുലൈമാന്‍ ഈ വീട്ടിലെ പതിവ് സന്ദര്‍ശനായിരുന്നു. അവിടെ നടക്കാറുള്ള മുതിര്‍ന്നവരുടെ രാഷ്ട്രീയ സാംസ്‌കാരിക ചര്‍ച്ചകളില്‍ നിന്ന് ബാലനായ ഇബ്രാഹിം സുലൈമാന്‍ ആവോളം അറിവ് നുകര്‍ന്നു. 1930-ല്‍ മഹാത്മഗാന്ധിക്ക് തലശ്ശേരിയില്‍ നല്‍കപ്പെട്ട സ്വീകരണത്തിന്റെ മുഖ്യസംഘാടകന്‍ സത്താര്‍സേട്ടുവായിരുന്നു. വേദിയില്‍ ഉന്നത നേതാക്കള്‍ക്കൊപ്പം ബാലനായ ഇബ്രാഹിം സുലൈമാനെയുമിരുത്താന്‍ സത്താര്‍ സേട്ടു പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. ഈ കൊച്ചുമിടുക്കനില്‍ അന്ന് മറ്റാര്‍ക്കുമില്ലാത്ത ചില പ്രത്യേകതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സത്താര്‍ സേട്ടു മനസ്സിലാക്കിയിരുന്നു. ഭോപ്പാല്‍ രാജാവിന് നല്‍കപ്പെട്ട സ്വീകരണമുള്‍പ്പെടെ എണ്ണപ്പെട്ട പരിപാടികളിലൊക്കെയും ബാലനായ ഇബ്രാഹിം സുലൈമാനുമുണ്ടായിരുന്നു വേദിയില്‍. ശൗക്കത്തലിയുള്‍പ്പെടെയുള്ള സമുന്നത നേതാക്കളെ പരിചയപ്പെടാനും സേട്ടുസാഹിബിന് ഈ ചെറിയ പ്രായത്തില്‍ തന്നെ അവസരമുണ്ടായി.
അപാരമായ പ്രസംഗ പാടവമുണ്ടായിരുന്നു ചെറുപ്പനാള്‍ തൊട്ടേ സേട്ടുസാഹിബിന്. ഈദ്ഗാഹുകളില്‍ പ്രാര്‍ത്ഥനക്ക് ശേഷം ബാലനായ ഇബ്രാഹിം സുലൈമാന്റെ പ്രസംഗങ്ങളുണ്ടായിരുന്നു മിക്കപ്പോഴും. ധാരാളമാളുകളെ അത് ആകര്‍ഷിച്ചിരുന്നു. തലശ്ശേരി മുസ്‌ലിം ക്ലബ്ബ് സംഘടിപ്പിച്ചിരുന്ന നബിദിന പരിപാടികളിലും കുട്ടിയായ ഇബ്രാഹിം സുലൈമാന്‍ പ്രസംഗിക്കാറുണ്ടായിരുന്നു. സമുജ്ജ്വലമായ ആ പ്രസംഗ പാടവത്തെ കണ്ടെത്തിയതും വളര്‍ത്തിയതും സേട്ടു സാഹിബിന്റെ പിതാവ് തന്നെയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ചുമന്‍ അഫ്താന്‍ എന്ന വിദ്യാര്‍ത്ഥി വിഭാഗമുണ്ടാക്കി കലാസാഹിത്യ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും നടത്താനും കുട്ടിയായിരിക്കെ സേട്ടുസാഹിബ് മുന്‍പന്തിയിലായിരുന്നു. കൗസര്‍ എന്ന തൂലികാനാമത്തില്‍ പത്രപ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കവിതകളുമെഴുതിയിരുന്നു അക്കാലത്ത് തന്നെ.
    തലശ്ശേരിയിലെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മംഗലാപുരത്ത് സെന്റ് അലോഷ്യസ് കോളേജില്‍ പഠിക്കുന്ന കാലത്താണ് സേട്ടുസാഹിബിന് പിതാവിനെ നഷ്ടപ്പെടുന്നത്. കുടുംബനാഥന്റെ മരണവും സാമ്പത്തിക പ്രയാസങ്ങളും കാരണം ബാംഗ്ലൂരിലെ പഴയ വീട്ടിലേക്ക് താമസം മാറ്റാന്‍ സേട്ടുസാഹിബിന്റെ കുടുംബം തീരുമാനിച്ചു. ബാംഗ്ലൂരിലെ പ്രശസ്തമായ സെന്റ് ജോസഫ് കോളേജില്‍ പഠിക്കുവാന്‍ സേട്ടുസാഹിബിന് അവസരമൊരുക്കിയത് ഈ കൂടുമാറ്റമാണ്. അനിതര സാധാരണമായ തന്റെ കഴിവുകള്‍ മുഴുക്കെ വളര്‍ത്തിയെടുക്കുവാന്‍ സെന്റ് ജോസഫിലെ പഠനകാലത്ത് സേട്ടു സാഹിബിന് സാധിച്ചു. കോളേജിലെ ഡിബേറ്റിംഗ് സൊസൈറ്റിയായിരുന്നു സേട്ടു സാഹിബിന്റെ  മേച്ചില്‍പുറം. സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്നു സേട്ടു സാഹിബ്. മിടുക്കരായ കുട്ടികളും ഗഹന വിഷയങ്ങളും തമ്മിലുള്ള മല്‍പിടുത്തം വിദ്യാര്‍ത്ഥികളേയും അധ്യാപകരെയും ഒരേപോലെ ആകര്‍ഷിച്ചിരുന്നു. ഫെഡറല്‍ കോര്‍ട്ട് (സുപ്രീംകോടതി) ചീഫ് ജസ്റ്റിസ് സര്‍ മുഹമ്മദ് സഫറുല്ലാ ഖാന്‍ ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ കോളേജിലെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ സേട്ടു സാഹിബിന് കഴിഞ്ഞു. കോളേജ് യൂണിയന്‍ സെക്രട്ടറി പദവും സേട്ടുസാഹിബ് അലങ്കരിക്കുകയുണ്ടായി. ലോക മഹായുദ്ധമുണ്ടാക്കിയ പൊതുവായ ക്ഷാമം കോളേജിനെയും യൂണിയന്‍ പ്രവര്‍ത്തനങ്ങളേയും സാരമായി ബാധിച്ചപ്പോള്‍ പ്രസംഗ പര്യടനം നടത്തി ഫണ്ട് ശേഖരിക്കാന്‍ വിദ്യാര്‍ത്ഥിയായ സേട്ടുസാഹിബാണ് മുന്നിട്ടിറങ്ങിയത്. കാമ്പസിനകത്തും പുറത്തും വലിയ ജനകൂട്ടത്തെ ആകര്‍ഷിക്കാന്‍ സേട്ടുസാഹിബിന്റെ പ്രസംഗങ്ങള്‍ക്ക് സാധിച്ചിരുന്നു. സെന്റ് ജോസഫ് കോളേജിലെ മുഴുവന്‍ അധ്യാപകരുടെയും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ടു. ഫൈനല്‍ പരീക്ഷയില്‍ തിളക്കമാര്‍ന്ന മാര്‍ക്കുകളോടെ പാസ്സാകാനും സേട്ടുസാഹിബിന് ഒട്ടും പ്രയാസമുണ്ടായില്ല. ക്ഷണവേഗത്തില്‍ തന്നെ സേട്ടുസാഹിബിന് ജോലിയും തരപ്പെട്ടു. കോലാറിലെ റോബര്‍ട്ട് സണ്‍പോട്ട് സ്‌കൂളിലും തുടര്‍ന്ന് മൈസൂരിലെ കോളേജിലുമുള്ള അധ്യാപകവൃത്തിയായിരുന്നു ഔപചാരിക നിയോഗം. കുടുംബം കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന കാലമായിരുന്നു അത്. അധ്യാപകജോലി വലിയ ആശ്വാസമായിരുന്നു. പക്ഷേ, കാലം കാത്തിരുന്ന മഹാമനീഷി മറ്റൊരു മേഖലയാണ് തെരഞ്ഞെടുത്തത്. ദേശീയ പ്രസ്ഥാനം വമ്പിച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയും രാഷ്ട്രീയ മണ്ഡലമാകെ പ്രക്ഷുബ്ധമാവുകയും ചെയ്ത പരീക്ഷണാത്മകമായ നാളുകളില്‍ ഒരധ്യാപകനായി എവിടെയെങ്കിലും ഒതുങ്ങിക്കഴിയാന്‍ സേട്ടു സാഹിബ് ഒരുക്കമായിരുന്നില്ല. അധ്യാപക ജോലി രാജിവെച്ച് കൊണ്ട് പൊതുരംഗത്തേക്കിറങ്ങി മെഹ്ബൂബെ മില്ലത്ത്.
    അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ അംഗമായിരുന്ന കെ. എം. സീതിസാഹിബും സജീവ കോണ്‍ഗ്രസ്സ്‌കാരനായിരുന്ന സത്താര്‍ സേട്ടുവും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതും മുസ്‌ലിം ലീഗുമായി അടുത്തതും വലിയ രാഷ്ട്രീയ ധ്രുവീകരണങ്ങള്‍ക്ക് വഴിവെച്ച സംഭവങ്ങളായിരുന്നു. കോണ്‍ഗ്രസ്സിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളില്‍ മനംനൊന്ത് കഴിയുകയായിരുന്നു അനവധിപേര്‍ ഇവരുടെ മാതൃക സ്വീകരിച്ച് കൊണ്ട് കോണ്‍ഗ്രസ്സില്‍ നിന്നുപുറത്ത് പോന്നു. 1937 ഡിസംബറില്‍ മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി നിലവില്‍ വന്നു. സേട്ടു സാഹിബിനെ മുസ്‌ലിംലീഗിലേക്കടുപ്പിച്ച കാരണങ്ങളിലൊന്നാണ് സത്താര്‍ സേട്ടു മുള്‍പ്പെടെയുള്ളവരുടെ രാഷ്ട്രീയമാറ്റം. ബാംഗ്ലൂര്‍ സെന്റ് ജോസഫ് കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ സേട്ടുസാഹിബ് മുസ്‌ലിംലീഗുകാരനായിരുന്നു. മുസ്‌ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്റെ മൈസൂര്‍ സ്റ്റേറ്റ് കണ്‍വീനര്‍ പദവി അദ്ദേഹമാണ് വഹിച്ചിരുന്നത്. മൈസൂര്‍ സിറ്റി മുസ്‌ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനവും അദ്ദേഹം വഹിക്കുകയുണ്ടായി. 1944 ല്‍ പൊന്നാനിയില്‍ നടന്ന എം.എസ്.എഫ് വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ സേട്ടുസാഹിബിന് 22 വയസ്സായിരുന്നു. തന്റെ രാഷ്ട്രീയ ഗുരുവായ കെ. എം. സീതിസാഹിബാണ് അന്നു സേട്ടു സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
മട്ടാഞ്ചേരിയിലെ മുഹമ്മദ് അബ്ദുല്ലത്തീഫ് സബ്‌വാനി സേട്ടുവിന്റെ മകളെ -മറിയം ബായി-വിവാഹം ചെയ്തതാണ് സേട്ടു സാഹിബ് കേരളത്തില്‍ സ്ഥിരതാമസമാക്കാനുണ്ടായ കാരണം. 1949 ആഗസ്ത് 7 നായിരുന്നു വിവാഹം. 1952ല്‍ മട്ടാഞ്ചേരിയിലാണ് സേട്ടു സാഹിബിന്റെ കേരളവാസം തുടക്കം കൊണ്ടത്. താമസിയാതെ തിരു-കൊച്ചി സ്റ്റേറ്റ് മുസ്‌ലിംലീഗിന്റെ എറണാകുളം ടൗണ്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു സേട്ടു സാഹിബ്. 1954ല്‍ തിരു-കൊച്ചി സ്റ്റേറ്റ് ലീഗിന്റെ പ്രസിഡണ്ടുമായി. 1956 നവംബര്‍ 11 ന് കേരള സംസ്ഥാന മുസ്‌ലിംലീഗ് രൂപീകൃതമായി. രൂപീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം ഉപാധ്യക്ഷനായിരുന്നു സേട്ടു സാഹിബ്. സമ്മേളനത്തിന്റെ പതാക ഉയര്‍ത്തിയതും സേട്ടുസാഹിബായിരുന്നു. പ്രഥമ സംസ്ഥാന കമ്മിറ്റിയുടെ ട്രഷറര്‍ സ്ഥാനം വഹിച്ചത് സേട്ടുസാഹിബായിരുന്നു. പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്നത് ബാഫഖി തങ്ങളും സീതി സാഹിബുമായിരുന്നു. മൂന്ന് പേരുടെയും കൂട്ടായ നേതൃത്വമാണ് മുസ്‌ലിംലീഗിനെ സംസ്ഥാന രാഷ്ട്രീയത്തിലെ അനിഷേധ്യ ശക്തിയാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചത്.
1960 ലാണ് സേട്ടു സാഹിബ് രാജ്യസഭാംഗമാവുന്നത്. പാര്‍ലിമെന്റംഗവും മുസ്‌ലിംലീഗിന്റെ അഖിലേന്ത്യാ സാരഥിയുമായ ഖാഇദേ മില്ലത്തിന് സേട്ടുസാഹിബിന്റെ പാര്‍ലിമെന്റംഗത്വം വലിയ പിന്‍ബലമായിരുന്നു. 1967ല്‍ സേട്ടു സാഹിബ് ലോകസഭാംഗമായി കോഴിക്കോട് മണ്ഡലത്തില്‍ നിന്നായിരുന്നു കന്നിവിജയം. 1971 ല്‍ വീണ്ടും കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ മഞ്ചേരി മണ്ഡലത്തില്‍ നിന്നാണ് സേട്ടുസാഹിബ് പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1980, 84, 99 വര്‍ഷങ്ങളിലും അതേ മണ്ഡലത്തില്‍ നിന്ന് തന്നെ സേട്ടു സാഹിബ് തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടുപോന്നു. 1991 ലെ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലാണ് അദ്ദേഹം ജനവിധി തേടിയത്. ഓരോ തവണയും വമ്പിച്ച ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചുകൊണ്ടിരുന്നത്.  നീണ്ട 35 വര്‍ഷം സേട്ടുസാഹിബ് ഇന്ത്യയുടെ പാര്‍ലമെന്റില്‍ സജീവ സാന്നിധ്യമായി. ജവഹര്‍ലാല്‍ സെഹ്‌റുവിന്റെ കാലം തൊട്ട് നരസിംഹറാവുവിന്റെ കാലം വരെ പത്ത് പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തില്‍ ഒരുപോലെ പാര്‍ലമെന്റില്‍ നിറഞ്ഞ സാന്നിധ്യമാവുകയെന്ന അപൂര്‍വ്വനേട്ടം സേട്ടുസാഹിബിന് മാത്രം അവകാശപ്പെട്ടതാണ്.
സേട്ടുസാഹിബിന്റെ പാര്‍ലമെന്റ് ജീവിതം അതിശക്തമായ അവകാശ പോരാട്ടത്തിന്റെ സമുജ്ജ്വലാധ്യായമാണ്. വിഭജനം സൃഷ്ടിച്ച കടുത്ത മുറിവിന്റെ നോവൂറുന്ന പാടുകള്‍ നിലനില്‍ക്കുന്ന പരീക്ഷണാത്മക സാഹചര്യത്തിലാണ് മര്‍ദ്ദിതരായ ജന വിഭാഗത്തിന്റെ നിയോഗമേറ്റെടുത്തുകൊണ്ട് സേട്ടുസാഹിബ് പാര്‍ലമെന്റിന്നകത്തും പുറത്തും സുധീരം പടവെട്ടിയത്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളുടെ വീണ്ടെടുപ്പിന്റെ വിഷയമായിരുന്നു തുടക്കം. തുടര്‍ന്നു അന്യാധീനമാക്കപ്പെട്ട പള്ളികള്‍ക്ക് വേണ്ടിയുള്ള പോരാട്ടമായി. ഉറുദുഭാഷാ സംരക്ഷണം, മുസ്‌ലിം വ്യക്തി നിയമ സംരക്ഷണം, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യയുടേയും അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെയും ന്യൂനപക്ഷ സ്വഭാവം വീണ്ടെടുക്കല്‍, 1972ലെ ദത്തെടുക്കല്‍ നിയമം, മഹാരാഷ്ട്രയില്‍ നടപ്പാക്കിയ വന്ധീകരണ ബില്‍ 1986ലെ മുസ്‌ലിം വിവാഹ മുക്തയുടെ അവകാശ സംരക്ഷണബില്‍ 1988ലെ മതസ്ഥാപന (ദുരുപയോഗം തടയല്‍) ബില്‍, വോട്ടവകാശ നിഷേധം, ചരിത്രത്തെ വികലമാക്കാനുള്ള ശ്രമങ്ങള്‍, ന്യൂനപക്ഷ കമ്മീഷന്‍, ടാഡ തുടങ്ങിയ പ്രശ്‌നങ്ങളില്‍ സേട്ടു സാഹിബിന്റെ സുധീരമായ ഇടപെടലുകള്‍ ചരിത്ര സംഭവങ്ങളാണ്. അടിയന്തരാവസ്ഥയുടെ കരാളനാളുകളില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സേട്ടുസാഹിബ് നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ട് പാര്‍ലമെന്റിന്നകത്ത് സേട്ടുസാഹിബുനടത്തിയ പ്രസംഗം ബി ബി സിയെ പോലുള്ള വിദേശ മാധ്യമങ്ങള്‍ പ്രാധാന്യ പൂര്‍വ്വമാണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമന്റിലെ പ്രതിപക്ഷനേതാക്കള്‍ ഒന്നടങ്കം തടവിലാക്കപ്പെട്ട നാളുകളായിരുന്നു അത്.
വര്‍ഗ്ഗീയകലാപങ്ങള്‍ക്കെതിരിലുള്ള സേട്ടുസാഹിബിന്റെ നിലപാടുകളാണ് അദ്ദേഹത്തിലടങ്ങിയ നിര്‍ഭയനായ പോരാളിയെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കലാപം സംഹാര താണ്ഡവമാടിയ ഓരോ പ്രദേശത്തും ഇരകളുടെ കണ്ണീരൊപ്പാന്‍ മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടു ഓടിയെത്തുമായിരുന്നു. പലയിടത്തും കലാപകാരികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പോലീസ് ഇരകളെ 'കര്‍ഫ്യൂകള്‍ക്കകത്തിട്ട് പീഡിപ്പിക്കുമ്പോള്‍ പോലീസ് വലയം ഭേദിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് സേട്ടുസാഹിബായിരുന്നു. ബാബരി മസ്ജിദിന് വേണ്ടിയുള്ള പോരാട്ടമാണ് സേട്ടു സാഹിബിനെ അമരനാക്കിയ മറ്റൊരു സംഭവം. 1948 ല്‍ പള്ളിക്കകത്ത് അന്യായമായി വിഗ്രഹം സ്ഥാപിക്കപ്പെട്ടത് മുതല്‍ 1992ല്‍ പള്ളി തകര്‍ക്കപ്പെടുന്നതു വരെയും തുടര്‍ന്നും നിയമാനുസൃതമായ എല്ലാ വഴികളിലൂടെയും പള്ളിക്ക് വേണ്ടി അഹോരാത്രം അധ്വാനിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടേയും കനല്‍വഴികളിലൂടെ കടന്നുപോകുമ്പോഴും സാമൂഹിക ഐക്യത്തിന്റെ കൂട്ടായ്മകളുണ്ടാക്കാന്‍ കഠിനാധ്വാനം നടത്തി സേട്ടു സാഹിബ്. മുസ്‌ലിം മജ്‌ലിസെ മുശാവറ, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍, ആള്‍ ഇന്ത്യ ഫലസ്തീന്‍ കോണ്‍ഫറന്‍സ്, ബാബരി മസ്ജിദ് മൂവ്‌മെന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ കൂട്ടായ്മകളുടെ ശില്‍പികളിലൊരാളാണ് സേട്ടുസാഹിബ്. വേറിട്ട രാഷ്ട്രീയ നിലപാടുകളുമായി മുന്നോട്ടു പോകുമ്പോഴും വിവിധ മുസ്‌ലിം സംഘടനകളോട് അടുത്തബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, മജ്‌ലിസെ തഅ്മീറെ മില്ലത്ത്, മുസ്‌ലിം മജ്‌ലിസ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ്, ആള്‍ ഇന്ത്യ ശീഈ കോണ്‍ഫ്രന്‍സ്, അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ, ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി അടുത്ത സൗഹൃദമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. 
കോണ്‍ഗ്രസ്സിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളോട് ശക്തമായി വിയോജിച്ചിരുന്നു തുടക്കം തൊട്ടെ സേട്ടുസാഹിബ്. വര്‍ഗ്ഗീയ ശക്തികളോടുള്ള കോണ്‍ഗ്രസ്സിന്റെ മൃദുല സമീപനത്തെയും അദ്ദേഹം എതിര്‍ത്തുപോന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ അന്നത്തെ പ്രധാന മന്ത്രി വി.പി.സിംഗിന് അനുകൂലമായ നിലപാടാണ് സേട്ടു സാഹിബ് കൈക്കൊണ്ടത്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൊടും ചതിയാണ് ചെയ്തതെന്ന് സേട്ടുസാഹിബ് തുറന്നടിച്ചു. കോണ്‍ഗ്രസ്സുമായി സഖ്യപ്പെട്ടിരിക്കുന്ന മുസ്‌ലിം ലീഗ് കേരള സംസ്ഥാന ഘടകത്തിന് സേട്ടു സാഹിബുമായി യോജിച്ച് പോകാനാവാത്ത സ്ഥിതി വിശേഷമുണ്ടായി. ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ടതോടെ കോണ്‍ഗ്രസ്സുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് സേട്ടുസാഹിബ് ആവശ്യപ്പെട്ടു. കേരള ഘടകം ഈ ആവശ്യത്തെ നിരാകരിച്ചു. പരസ്പരം ഒത്തുപോകാനാവാത്ത സാഹചര്യം സംജാതമായതോടെ 1994 ഫെബ്രുവരി 6 ന് ദല്‍ഹിയില്‍ ചേര്‍ന്ന ലീഗിന്റെ ദേശീയ പ്രവര്‍ത്തക സമിതി യോഗത്തില്‍ സേട്ടുസാഹിബിനെ അഖിലേന്ത്യാ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ കേരള ഘടകം തന്ത്രങ്ങള്‍ മെനഞ്ഞു. തന്ത്രങ്ങള്‍ വിജയിക്കുകയും സേട്ടുസാഹിബ് പുറത്താവുകയും ചെയ്തു. 1994 ഏപ്രില്‍ 12 ന് സേട്ടുസാഹിബ് മുസ്‌ലിംലീഗില്‍ നിന്ന് ഔപചാരികമായി രാജിവെച്ചു. അമ്പത്തിമൂന്ന് വര്‍ഷം മുസ്‌ലിം ലീഗിന് അഖിലേന്ത്യാ തലത്തില്‍ നേതൃത്വം നല്‍കുകയും പാര്‍ട്ടിയെ പടുത്തുയര്‍ത്താന്‍ കഠിനമായി യത്‌നിക്കുകയും ചെയ്ത ഇബ്രാഹിം സുലൈമാന്‍ സേട്ടു അതോടെ മുസ്‌ലിം ലീഗിന് അന്യനായി. 1994 ഏപ്രില്‍ 23ന് ദല്‍ഹിയിലെ ''ഐവാനെ ഗാലിബ്'' ഹാളില്‍ ചേര്‍ന്ന അഖിലേന്ത്യാ മുസ്‌ലിം രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ വെച്ച് പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് (ഇന്ത്യന്‍ നാഷണല്‍ ലീഗ്) സേട്ടുസാഹിബ് രൂപം നല്‍കി.
വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും പൊതു ജീവിതത്തില്‍ ആദര്‍ശ നിഷ്ഠയും കാത്ത് സൂക്ഷിച്ച അനുപമ വ്യക്തിത്വമായിരുന്നു മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടു. ലളിതവും ആര്‍ഭാട രഹിതവുമായ ജീവിതമാണ് അദ്ദേഹം നയിച്ചുപോന്നത്. അധികാര സ്വരൂപങ്ങളില്‍ വിരാജിച്ചിട്ടും അഴിമതിയുടെ ലവലേശം കളങ്കമേല്‍ക്കാത്ത നിസ്വാര്‍ഥമതിയായിരുന്നു സേട്ടു സാഹിബ്. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു. അധികാരത്തിന്റെ അത്യുന്നത പദവികള്‍ പലപ്പോഴും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഒരര്‍ത്ഥത്തില്‍ ആഗോള വ്യക്തിത്വമായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ടു. ലോകനേതാക്കളുമായി അദ്ദേഹത്തിന് അടുത്ത വ്യക്തി ബന്ധമാണുണ്ടായിരുന്നത്. സുഊദി അറേബ്യയിലെ ഫൈസല്‍ രാജാവ്, ഫഹദ് രാജാവ്, ഖാലിദ് രാജാവ്, ജോര്‍ദ്ദാനിലെ ഹുസ്സൈന്‍ രാജാവ്, ഇറാനിലെ ആയത്തുല്ല ഖുമൈനി, ഈജിപ്ത് പ്രസിഡണ്ടുമാരായിരുന്ന ജമാല്‍ അബ്ദുനാസര്‍, അന്‍വര്‍ സാദത്ത്, പാകിസ്ഥാന്‍ ഭരണാധികാരികളായിരുന്ന അയ്യൂബ്ഖാന്‍, യഹ്‌യാഖാന്‍, സിയാഉല്‍ഹഖ്, സുല്‍ഫിക്കര്‍ അലി ഭൂട്ടോ, ബംഗ്ലാദേശ് പ്രസിഡണ്ട് ശൈഖ് മുജീബു റഹ്മാന്‍, ഫലസ്തീന്‍ ജനതയുടെ നായകന്‍ യാസര്‍ അറഫാത്ത്, പണ്ഡിത ശ്രേഷ്ഠരായിരുന്ന മൗലാനാ മൗദൂദി, സയ്യിദ് സുലൈമാന്‍ നദ്‌വി, ശൈഖ് ഇബ്‌നുബാസ് തുടങ്ങിയ ലോകോത്തര വ്യക്തിത്വങ്ങള്‍ അദ്ദേഹത്തിന്റെ സൗഹൃദപട്ടികയില്‍പെടുന്നു. ഇറാഖും ഇറാനും തമ്മില്‍ ഒരു വ്യാഴവട്ടക്കാലം നടന്ന യുദ്ധമവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് ചുമതലപ്പെടുത്തിയ മധ്യസ്ഥ സംഘത്തില്‍ സേട്ടുസാഹിബ് അംഗമായിരുന്നു. 1993 സെപ്തംബറില്‍ ചിക്കാഗോയില്‍ നടന്ന ലോകമത സമ്മേളനത്തിലും അദ്ദേഹം സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അനവധി അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനങ്ങളില്‍ സേട്ടുസാഹിബ് പ്രസംഗകനായിരുന്നു.
    2005 ഏപ്രില്‍ 27 ന് സേട്ടു സാഹിബ് ലോകത്തോട് വിടപറഞ്ഞു. ബാംഗ്ലൂരിലെ നന്ദിദുര്‍ഗ റോഡിലുള്ള ഖുദ്ദൂസ് സാഹിബ് ഖബറിസ്ഥാനില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.

Reference

ഖാഇദേ മില്ലത്തിന്റെ ദര്‍ശനങ്ങള്‍ - സി.കെ.താനൂര്‍
സമുദായം രാഷ്ട്രീയം - ഡോ. ഹുസൈന്‍ രണ്ടത്താണി
ഖാഇദേമില്ലത്ത് സ്മരണകള്‍, കുറിപ്പുകള്‍ (ഇസ്‌ലാമിക് വിജ്ഞാനകോശം വാള്യം.5)
കനല്‍പഥങ്ങളിലൂടെ ഒരാള്‍ - ടി. പി. ചെറൂപ്പ, ഹസന്‍ ചെറൂപ്പ
ഇസ്‌ലാമിക വിജ്ഞാനകോശം (വാല്യം 3, 4)
ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജീവിതം ദര്‍ശനം - എ. പി. അബ്ദുല്‍ വഹാബ്

author image
AUTHOR: എ പി അബ്ദുല്‍ വഹാബ്
   (പ്രൊഫ. പി.എസ്.എം.ഒ. കോളെജ്‌)

RELATED ARTICLES