സി.എന്‍. അഹ്മദ് മൗലവി

ഡോ. പി. സുബൈര്‍  

സ്‌ലാമിക പണ്ഡിതന്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു സി.എന്‍ അഹ്മദ് മൗലവി. 20-ാം നൂറ്റാണ്ടില്‍ കേരള മുസ്‌ലിം നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ സ്വന്തമായ പാത വെട്ടിത്തെളിച്ച് മുന്നേറിയ അദ്ദേഹം കൈരളിക്ക് ഇസ്‌ലാമിന്റെ സന്ദേശം അതിന്റെ തനതു സ്രോതസ്സുകളില്‍ നിന്ന് പകര്‍ന്നു നല്കാന്‍ അര നൂറ്റാണ്ടുകാലം അഹോരാത്രം യത്‌നിക്കുകയുണ്ടായി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും യാഥാസ്ഥികതയും പൗരോഹിത്യവും വരിഞ്ഞു മുറുക്കിയ സമൂഹത്തിന്റെ മോചനം ലക്ഷ്യമാക്കി വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍, അതിന്റെ  വിശദീകരണമായ പ്രവാചക വചന സമാഹാരം എന്നിവ ആദ്യമായി മലയാളിക്ക് മാതൃഭാഷയില്‍ ലഭ്യമാക്കി. ''ഇസ്‌ലാം മത ചിന്തക്ക് അമുസ്‌ലിം വായനക്കാരെ സൃഷ്ടിച്ച ആദ്യത്തെ മലയാളി എഴുത്തുകാരന്‍ സി.എന്‍ അഹ്മദ് മൗലവിയാണ്. വൈക്കം മുഹമ്മദു ബഷീര്‍ മുസ്‌ലിം സാമൂഹ്യ ജീവിതം നോവലുകളിലൂടെയും കഥകളിലൂടെയും കേരളീയാനുഭവമാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത് അഹ്മദ് മൗലവി മുസ്‌ലിം തത്വചിന്ത എല്ലാ മലയാളികളുടെയും വിജ്ഞാന സീമയിലേക്കു കൊണ്ടുവന്നു'' എന്ന് പ്രശസ്ത എഴുത്തുകാരന്‍ എം.എന്‍.കാരശ്ശേരി നിരീക്ഷിക്കുന്നുണ്ട്.
സി.എന്നിന്റെ 'സ്വഹീഹുല്‍ ബുഖാരി' പരിഭാഷയ്ക്ക് എം.എന്‍.കാരശ്ശേരി എഴുതിയ ആമുഖത്തില്‍ പറയുന്നുണ്ട്, 'സി.എന്നിന്റെ പുരോഗമനാശയങ്ങള്‍ പലപ്പോഴും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. മുസ്‌ലിം സ്ത്രീകള്‍ക്ക് പൗരോഹിത്യം തടഞ്ഞുവെച്ച പല അവകാശങ്ങള്‍ക്കും വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസം, വിവാഹത്തിന് അവരുടെ പ്രായപൂര്‍ത്തിയും സമ്മതവും പരിഗണിക്കാമെന്ന വാദം, അവരുടെ പള്ളി പ്രവേശനത്തിനുള്ള അവകാശം വിവാഹ മുക്തകളുടെ ജീവനാംശത്തിനുള്ള അവകാശം തുടങ്ങി വിഷയങ്ങളിലെല്ലാം യാഥാസ്ഥിക സമീപനങ്ങളോട് പോരാടുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മുസ്‌ലിം വ്യക്തി നിയമം ശരീഅത്തിനനുസൃതമായി പരിഷ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ വാദവും ഒരു കാലത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു'.
    കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു മത സംഘടനയിലും അദ്ദേഹം അംഗമായിരുന്നില്ല. യൗവ്വനാരംഭത്തില്‍ സുന്നി സംഘടനയിലും  പില്‍ക്കാലത്ത് മുജാഹിദ് സംഘടനയിലും പേരിന് അംഗമായിരുന്നു എന്നതൊഴിച്ചാല്‍ തന്റേടമുറച്ച ശേഷം ഏതെങ്കിലും സംഘടനക്ക് വേണ്ടിയോ, ഒരു സംഘടനക്കെതിരായോ പ്രവര്‍ത്തിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. തന്റെ വീക്ഷണങ്ങളും അഭിപ്രായങ്ങളും ഭയലേശമന്യേ പറയാനും പ്രകടിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സംഘടനകള്‍ സ്വതന്ത്ര ചിന്തക്ക് കൂച്ചുവിലങ്ങ് സമ്മാനിക്കുമെന്ന് സ്വന്തം അനുഭവത്തില്‍ അദ്ദേഹം അറിഞ്ഞിട്ടുണ്ട്. 1969-ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ കാല്കുത്തുന്നതിന് ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അത് സാധ്യമാകുമെന്ന് ഖുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ സമര്‍ത്ഥിച്ചുകൊണ്ട് ഒരു ലേഖനം ഉല്‍പതിഷ്ണു വിഭാഗത്തിന്റെ മാസികയായ 'അല്‍മനാറില്‍' അദ്ദേഹം എഴുതി. അതു വിവാദമായതിനെ തുടര്‍ന്ന് ലേഖനം പിന്‍വലിച്ച് തിരുത്ത് പ്രസിദ്ധീകരിക്കാനുള്ള പത്രാധിപരുടെ ആവശ്യം അദ്ദേഹം തള്ളി. പത്രാധിപ സമിതിയില്‍ നിന്ന് പുറംതള്ളപ്പെടുകയായിരുന്നു അനന്തരഫലം.

    കലാരൂപങ്ങളും കവിതകളുമൊക്കെ ഇസ്‌ലാമിനെതിരാണെന്ന് പ്രചാരത്തിലുള്ള കാലത്താണ് അതൊന്നും ഇസ്‌ലാമിനെതിരല്ല, മറിച്ച് അവ ഇസ്‌ലാമിന് അനുകൂലമായി ഉപയോഗപ്പെടുത്തണമെന്നവാദം അദ്ദേഹം മുമ്പോട്ടുവെച്ചത്. സഹീഹുല്‍ ബുഖാരിയുടെ ആമുഖത്തില്‍ അത് തുറന്നെഴുതാന്‍ അദ്ദേഹം ധൈര്യം കാണിക്കുകയും ചെയ്തു.
   1905-ല്‍ മലപ്പുറം വേങ്ങരക്കടുത്ത് ചേറൂരില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനനം. പിതാവ് നാത്താന്‍ കോടന്‍ ഹസ്സന്‍ കുട്ടി. മാതാവ് അഴുവത്ത് ഖദീജ. ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിത സാഹചര്യം. ചെറുപ്രായത്തില്‍ തന്നെ പിതാവിന്റെ വിയോഗം ജീവിതം കൂടുതല്‍ പ്രയാസകരമാക്കി. പിന്നീട് ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞാലന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടര്‍ന്നു. സാമ്പത്തിക വിഷമം കാരണം ജ്യേഷ്ഠനോടൊപ്പം കൃഷിയില്‍ വ്യാപൃതനായി. എന്നാല്‍ തുടര്‍ന്നു പഠിക്കാനുളള ആഗ്രഹം  വീണ്ടും പള്ളി ദര്‍സിലെത്തിച്ചു. പിന്നീട് മദ്രാസ് ജമാലിയ കോളേജില്‍ ചേര്‍ന്നു. അവിടത്തെ പഠന സമ്പ്രദായം ആധുനികമായിരുന്നു. മാനേജിംഗ് ട്രസ്റ്റി ആയിരുന്ന ജമാല്‍ മുഹമ്മദ് പുരോഗമനാശയക്കാരനായിരുന്നു. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നുമുള്ള പ്രഗത്ഭരായ പണ്ഡിതന്മാരെ കോളേജില്‍ ക്ഷണിച്ചുവരുത്തി സംസാരിപ്പിക്കുക എന്നത് അവിടത്തെ പതിവായിരുന്നു. സി.എന്‍.വിദ്യാര്‍ത്ഥിയായിരുന്ന കാലയളവില്‍ അബ്ദുള്‍ കലാം ആസാദ്, അല്ലാമ മുഹമ്മദ് ഇഖ്ബാല്‍, സയ്യിദ് സുലൈമാന്‍ നദ്‌വി, മുഹമ്മദ് മര്‍ഡ്യൂക്ക് പിക്താള്‍ തുടങ്ങിയവര്‍ അവിടെ പ്രഭാഷണം നടത്തിയിരുന്നു. ഇവരുടെ ആശയങ്ങളും ചിന്തകളുമെല്ലാം മൗലവിയില്‍ സ്വാധീനം ചെലുത്തി. സ്വാതന്ത്ര്യ സമരസേനാനിയായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് കോളേജ് സന്ദര്‍ശിച്ച സന്ദര്‍ഭം അദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത് സി.എനിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. കോണ്‍ഗ്രസ്സുകാരനായ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ മൗലവി ആകൃഷ്ടനായി. മലയാളം നന്നായി പഠിക്കണമെന്ന അബ്ദുറഹ്മാന്‍ സാഹിബിന്റെ ഉപദേശം മൗലവിയില്‍ അനുരണനമുണ്ടാക്കി. പുരോഗമന ആശയം വെച്ചുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ നടത്തിയ ടെസ്റ്റില്‍ സി.എന്‍ പരാജയപ്പെട്ടു. അത് ജമാലിയാകോളേജില്‍ പഠനം തുടരുക പ്രയാസകരമാക്കി. പുരോഗമനാശയങ്ങളെക്കുറിച്ചുള്ള വീണ്ടുവിചാരത്തിന് ഈ സംഭവം വഴിയൊരുക്കി.
    പിന്നീട് പൂനെയിലും ബോബെയിലും ജോലിയും പഠനവുമായി ഒരു വര്‍ഷക്കാലം ചെലവഴിച്ചു. 1928-ല്‍ വെല്ലൂര്‍ ബാഖിയത് സ്വാലിഹാത്ത് എന്ന ദക്ഷിണേന്ത്യയിലെ പ്രശസ്ത സ്ഥാപനത്തില്‍ ചേര്‍ന്നു. 1930-ല്‍ അവിടത്തെ എം.എഫ്. ബി.ബിരുദം നേടി 1931-ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫ്ദലുല്‍ ഉലമാ പരീക്ഷയും പാസ്സായി.
    1931-ല്‍ മലപ്പുറം ട്രൈനിംഗ് സ്‌കൂളില്‍ റിലീജിയസ് ഇന്‍സ്ട്രക്ടറായി നിയമിതനായി. കേരളത്തിലെ ഏക മുസ്‌ലിം ട്രൈനിംഗ് സ്‌കൂളായിരുന്നു അത്. ലക്ഷദ്വീപു മുതല്‍ക്കുള്ള അധ്യാപക വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിയിരുന്നത് ഇവിടന്നായിരുന്നു. മുസ്‌ലിയാക്കള്‍ക്ക് 'ശരിയായ മതം' പഠിപ്പിക്കാന്‍ ഇവിടെ പ്രത്യേകം ക്ലാസ്സ് സംഘടിപ്പിച്ചിരുന്നു. ക്ലാസ്സില്‍ തന്റെ പ്രായത്തിന്റെ ഇരട്ടി പ്രായമുള്ള മുദരിസ്സുകളേയും ഖാസിമാരേയും പഠിപ്പിക്കാനുണ്ടായിരുന്നു. ഒന്നാം ദിവസം ക്ലാസ്സ് ആരംഭിച്ചപ്പോഴുണ്ടായ അനുഭവം മൗലവി വിവരിക്കുന്നതിങ്ങനെ ''ക്ലാസ്സില്‍ പ്രവേശിച്ചു പാഠമെടുക്കാന്‍ തുടങ്ങിയപ്പോള്‍ ബോര്‍ഡിന്മേല്‍ എന്തോ എഴുതാനൊരുങ്ങി. ഉടനെ അതാ പ്രതിഷേധം. പരിശുദ്ധ ഖുര്‍ആന്‍ ബോര്‍ഡിലെഴുതരുത്, മായ്ക്കുമ്പോള്‍ അതിന്റെ പൊടി താഴെ വീണുപോകും. അടുത്ത ദിവസം അനന്തനാരായണന്‍ ഭൂമിശാസ്ത്രം പഠിപ്പിക്കാന്‍ ചെന്നപ്പോള്‍ സര്‍, ഭൂമി ഗോളമാണെന്നു വിശ്വസിക്കാന്‍ ഞങ്ങള്‍ക്കു പാടില്ല. അത് മതത്തിനെതിരാണ്. മൂന്നാം ദിവസം ഡ്രോയിംഗ് മാസ്റ്റര്‍ വന്നപ്പോള്‍ 'ജന്തുക്കളുടെ ചിത്രം' ഞങ്ങള്‍ക്കു വരക്കാന്‍ പാടില്ല. അവക്ക് ജീവനിടീക്കാന്‍ പരലോകത്തു വെച്ചു അല്ലാഹു കല്‍പ്പിക്കും. ഈ സമൂഹത്തെ മതം പഠിപ്പിക്കാന്‍ എത്ര പാടുപെടേണ്ടിവരുമെന്ന് വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം 1978- പു, 77).
    1936-ല്‍ കേരള മുസ്‌ലിംകള്‍ക്കായുള്ള ഒന്നാമത്തെ ഹൈസ്‌കൂള്‍ മലപ്പുറത്ത് ആരംഭിച്ചു. സി.എന്‍.അവിടെ അധ്യാപകനായി. പ്രധാനാധ്യാപകന്‍ സി.ഒ.ടി കുഞ്ഞിപ്പക്കി സാഹിബിനോടൊപ്പം അഹ്മദ് മൗലവി നിരന്തര പ്രവര്‍ത്തനങ്ങളില്‍ മുഴുകി. മലബാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസ ബോധം വളര്‍ത്താന്‍ ഇരുവരുടേയും കൂട്ടായ ശ്രമം വളരെയേറെ സഹായിച്ചിട്ടുണ്ട്. മലപ്പുറത്ത് അധ്യാപകനായിരിക്കുമ്പോഴാണ് സി.എന്‍.എഴുതിത്തുടങ്ങിയത്.
    1944-ല്‍ ജോലിരാജിവെച്ച് കച്ചവടത്തിലും കൃഷിയിലുമൊക്കെ വ്യാപൃതനായി. അതിലൊന്നും കാര്യമായ വിജയം നേടാനായില്ല. ആയിടക്ക് 1949 ഡിസംബറില്‍ കരുവാരക്കുണ്ടില്‍ നിന്ന് 'അന്‍സാരി' മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. പത്രാധിപരും, പണം പിരിവുകാരനും കറസ്‌പോണ്ടന്റും റാപ്പറൊട്ടിക്കുന്നവനുമൊക്കെ മൗലവി തന്നെയായിരുന്നു. പുരോഗമന സ്വഭാവമുള്ള ലേഖനങ്ങളും ചിന്തകളും ഉള്‍ക്കൊള്ളുന്നത് കൊണ്ട് കേരള മുസ്‌ലിംകളില്‍ അത് മതിപ്പുളവാക്കി. പതിനാല് ലക്കങ്ങളില്‍ അത് നിലച്ചുപോയെങ്കിലും മൗലവിയുടെ പില്‍ക്കാല ജീവിതത്തെ ഏറെ സ്വാധീനിച്ച ഒന്നായി മാറി ആ പ്രസിദ്ധീകരണം. 'അന്‍സാരി'യില്‍ അദ്ദേഹം എഴുതി വന്നിരുന്ന ഖുര്‍ആന്‍ പംക്തിക്ക് വലിയ സ്വീകാര്യത വായനക്കാരില്‍ ഉണ്ടായി. ഖുര്‍ആന്റെ ഉള്ളടക്കത്തെക്കുറിച്ച് മലയാളികള്‍ക്ക് മാതൃഭാഷയിലൂടെ അറിവു ലഭിച്ചപ്പോള്‍ പലരും മൗലവിയോട് ഖുര്‍ആന്റെ വിവര്‍ത്തനവും വ്യാഖ്യാനവും എഴുതണമെന്ന് ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി മജീദ് മരക്കാര്‍ സാഹിബ് ഖുര്‍ആന്‍ പരിഭാഷ പ്രസിദ്ധീകരിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം നല്‍കാമെന്നേറ്റതോടെ 1951-ല്‍ മൗലവി പരിഭാഷാ പ്രവര്‍ത്തനം ആരംഭിച്ചു.
    ഇന്ത്യയുടെ വിവിധ കാലങ്ങളിലെ ഒട്ടനവധി ഗ്രന്ഥാലയങ്ങള്‍ സന്ദര്‍ശിച്ചു. പണ്ഡിതന്മാരോട് ചര്‍ച്ചനടത്തി. അറബി, ഉര്‍ദു, ഇംഗ്ലീഷ്, തമിഴ്, പേര്‍ഷ്യന്‍ ഭാഷകളിലുള്ള 22 തഫ്‌സിറുകള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. മൗലാന അബുള്‍കലാം ആസാദ്, അല്ലാമാ അബ്ദുല്‍ ഹമീദ് ഫറാഹി, മൗലാനാ അബ്ദുള്‍ ജലാല്‍ നദ്‌വി, സര്‍സയ്യിദ് അഹ്മദ്ഖാന്‍  തുടങ്ങിയ ഇന്ത്യന്‍ പണ്ഡിതരും ശൈഖ് മുഹമ്മദ് അബ്ദു സയ്യിദ് റഷീദ് റിസാ തുടങ്ങിയ ഈജിപ്ഷ്യന്‍ ചിന്തകരും അഹ്മദ് മൗലവിയെ ഏറെ സ്വാധീനിച്ച വ്യക്തിത്വങ്ങളാണ്.
    ഖുര്‍ആന്‍ പരിഭാഷ എഴുതിത്തുടങ്ങുമ്പോഴുണ്ടായ അനുഭവം മൗലവി വിവരിക്കുന്നു. ''ഒരൊറ്റപ്പെട്ട മുറിയില്‍ ഞാനും എന്റെ ഒരെഴുത്തുകാരനും മാത്രമായിരുന്നു. പരിഭാഷ പ്രവര്‍ത്തനമാരംഭിച്ചു. ഒന്നാമത്തെ ദിവസം കുറേ നേരം ആലോചിച്ചിരുന്ന ശേഷം ബിസ്മി ചൊല്ലി മാര്‍ഗ്ഗദര്‍ശനത്തിനായി അല്ലാഹുവോട് പ്രാര്‍ത്ഥിച്ചുകൊണ്ട് കയ്യില്‍ പേനയെടുത്ത് മെല്ലെ എഴുതാന്‍ തുടങ്ങി. കൈ അതാ വിറക്കുന്നു. നെഞ്ച് ഇടിക്കുന്നു. എന്തോ ഒരു ഭയം, ഒരു വലിയ സാഹസത്തിന് മുതിര്‍ന്നാലുണ്ടാകുന്ന പരിഭ്രമം. എങ്ങനെ ഇല്ലാതിരിക്കും. ലോകവസാനം വരേക്കുള്ള മനുഷ്യരാശിക്ക് അല്ലാഹു നല്‍കിയ ജീവിത നിര്‍ദേശങ്ങള്‍ മലയാളികളെ കേള്‍പ്പിക്കുവാനാണല്ലോ ഞാന്‍ പോകുന്നത്. അതില്‍ വല്ല പിശകും പറ്റിപോയെങ്കില്‍ ആ അപരാധത്തിന്റെ ഗൗരവമെന്തായിരിക്കും? അല്ലാഹുവിന്റെ പിടുത്തത്തില്‍ നിന്ന് എന്നെ ആര്‍ രക്ഷിക്കും? അവസാനം അല്ലാഹുവേ! യാഥാര്‍ഥ്യം കണ്ടുപിടിക്കുവാന്‍ ഞാന്‍ പരമാവധി പരിശ്രമിക്കും. എന്നിട്ടും പിശകുപറ്റിപ്പോയെങ്കില്‍ നീ മാപ്പു നല്‍കേണമേ, എന്നു പ്രാര്‍ത്ഥിച്ച് മനസ്സിനെ സമാധാനിപ്പിച്ചശേഷം പേനയെടുത്ത് എഴുതാന്‍ തുടങ്ങി'' (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം 1978).
    രണ്ടരക്കൊല്ലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ഒന്നാം വാല്യം പ്രസിദ്ധീകരിച്ചു. എറണാകുളത്തെ കൊച്ചുണ്ണി സാഹിബില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചതിനാല്‍ 1954-ല്‍ രണ്ടാം വാല്യം പുറത്തിറക്കി. വളരെയേറെ കഷ്ടപാടുകള്‍ സഹിച്ച് 1958-ല്‍ മൂന്നാം വാല്യവും ബാക്കി ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.പി.ഉമര്‍ കോയാ സാഹിബിന്റെ പിന്തുണയിലാണ് ഈ സഹായം നേടിയത്. 1961-ല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ്ണ മലയാള പരിഭാഷ കേരളീയന് ലഭിച്ചു. കോട്ടയത്തെ നാഷണല്‍ ബുക്ക് സ്റ്റാള്‍ രണ്ടു വാല്യങ്ങളിലായി വ്യഖ്യാന കുറിപ്പുകള്‍ കുറച്ച് കൊണ്ട് 1964-ല്‍ ഈ ഗ്രന്ഥം പുറത്തിറക്കി. അതിലൂടെ മലയാളികളുടെ കൈകളില്‍ ഖുര്‍ആന്‍ വിവര്‍ത്തനം എത്തിച്ചേര്‍ന്നു.
    ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നത് നിഷിദ്ധമാണെന്ന് വിശ്വസിക്കുന്ന കാലത്താണ് സി.എന്‍. ഈ ഉദ്യമം പൂര്‍ത്തിയാക്കിയത് എന്നത് ശ്രദ്ധേയമാണ്. പിന്നീട് മലയാളത്തില്‍ ഇറങ്ങിയ ഖുര്‍ആന്‍ പരിഭാഷകളില്‍ സി.എന്‍.പരിഭാഷയുടെ സ്വാധീനം കാണാം.
    ചില ഖുര്‍ആന്‍ വാക്യങ്ങള്‍ക്ക് സി.എന്‍ നല്‍കിയ അര്‍ത്ഥവും വ്യാഖ്യാനവും കടുത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കി. അസാമാന്യ ധീരതയോടെ മൗലവി അത് നേരിട്ടു. തന്റെ അഭിപ്രായങ്ങള്‍ തനിക്ക് മുമ്പ് അതിലധികം പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം എഴുതി. വിവാദ വിഷയങ്ങള്‍ മാറ്റിവെച്ചാല്‍, കേരളത്തിലെ മുസ്‌ലിംകളേയും അമുസ്‌ലിംകളേയും ഏറെ സ്വാധീനിച്ച ഖുര്‍ആന്‍ പരിഭാഷ സി.എന്നിന്റേതായിരിക്കുമെന്ന് പറയാം. കേരളത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ ഖുര്‍ആന്‍ ജനകീയമാക്കിയത് സി.എന്‍ ആണ്. ഖുര്‍ആന്‍ വിജ്ഞാനം പ്രചരിപ്പിക്കാന്‍ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ അദ്ദേഹം ശ്രമം നടത്തി.
    'ഖുര്‍ആന്‍ എന്ത്? എന്തിന്?' 'ഖുര്‍ആന്‍ ഇന്‍ഡക്‌സ്', ഖുര്‍ആന്‍ മൂല സിദ്ധാന്തങ്ങള്‍', 'ഖുര്‍ആന്‍ ക്രോഡീകരിക്കണം', 'അഞ്ചുനേരത്തെ നമസ്‌കാരം ഖുര്‍ആനില്‍' തുടങ്ങിയ കൃതികളും ഖുര്‍ആന്‍ എളുപ്പമാക്കാന്‍ ഉദ്ദേശിച്ച് അറബിയില്‍ തയ്യാര്‍ ചെയ്ത 'യസ്സര്‍നല്‍ ഖുര്‍ആന്‍', 'യസ്സര്‍നല്‍ ഖുര്‍ആന്‍ ഗൈഡ്' എന്നിവയും മൗലവിയുടെ ഖുര്‍ആന്‍വിജ്ഞാന പ്രചാരണരംഗത്തുള്ള സംഭാവനകളാണ്.
    ഇസ്‌ലാമിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍ രണ്ടാമതായി പരിഗണിക്കുന്ന പ്രവാചക വചനങ്ങളുടെ വിവര്‍ത്തന രംഗത്തും മുന്‍നിരയില്‍ അഹ്മദ് മൗലവി തന്നെയാണുള്ളത്. പ്രഥമമായി 'സഹീഹുല്‍ ബുഖാരി' മലയാളത്തില്‍ ഇറക്കിയത് അദ്ദേഹമാണ്. നാലുപതിപ്പുകളിലായി ആയിരക്കണക്കിന് കോപ്പികള്‍ വിതരണം ചെയ്യപ്പെട്ടു. നാലാം പതിപ്പ് മൗലവിയുടെ ദേഹവിയോഗത്തിന് ശേഷം, എം.എന്‍ കാരശ്ശേരിയുടെ സംശോധനയോടെ 1995-ല്‍ അല്‍ഹുദാ ബുക്ക് സ്റ്റാള്‍ കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചു.
    ഒന്നാം പതിപ്പിന്റെ പ്രസ്താവനയില്‍ തന്റെ പരിഭാഷാ സമ്പ്രദായം മൗലവി ഇങ്ങനെ വിവരിക്കുന്നു. ''ബുഖാരിയുടെ രചനക്കും ഘടനക്കും 1200 കൊല്ലത്തെ പഴക്കമുണ്ട്. അന്നത്തെ ഏറ്റവും പരിഷ്‌കൃത രീതിയില്‍ തയ്യാര്‍ ചെയ്തതാണ് ആ ഗ്രന്ഥം. പക്ഷെ ഇന്നു മനുഷ്യന്‍ അതിലും കൂടുതല്‍ പരിഷ്‌കരിക്കുകയും പുരോഗമിക്കുകയും ചെയ്തു. കഴിഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് അന്നത്തെ പരിഷ്‌കാരം ഇന്നത്തെ മനുഷ്യര്‍ക്ക് അപരിഷ്‌കൃതാവസ്ഥയായിട്ടു തോന്നുക അസാധാരണമൊന്നുമല്ല. തന്നിമിത്തം ബുഖാരിയുടെ പരിഭാഷയും വ്യാഖ്യാനവും തയ്യാര്‍ ചെയ്തപ്പോള്‍ വളരെയേറെ ചിന്തിച്ചു. ഒടുവില്‍ സഹാബിമാര്‍ക്കു ശേഷമുള്ള റാവികളുടെ പേരുകള്‍ എടുത്തുകാണിക്കാതിരിക്കുക, ബുഖാരിയില്‍ വന്ന സഹാബികളുടേയും താബിഉകളുടേയും അഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും ഖൗലും ഖീലയുമെല്ലാം എടുത്തുമാറ്റിവെക്കുക, ഭാഷാപരമായ വിശദീകരണങ്ങള്‍ ഒഴിവാക്കുക, ഹദീസിന്റെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുക എന്നെല്ലാമാണ് തീരുമാനിച്ചത്. ബുഖാരിയില്‍ പ്രതിപാദിച്ച ഒറ്റ ഹദീസും ഒഴിവാക്കാതെ, ആവര്‍ത്തനം ഒഴിവാക്കിയശേഷമുള്ള 2782 ഹദീസുകളുടെ വിവര്‍ത്തനമാണ് നല്‍കിയത്. ഹദീസ് വിജ്ഞാന ശാഖക്ക് കനപ്പെട്ട സംഭാവനയാണ് 'സഹീഹുല്‍ ബുഖാരിയും അതിന് സി.എന്‍ തയ്യാറാക്കിയിട്ടുള്ള മുഖവുരയും. ഹദീസ് നിദാന ശാസ്ത്രമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങള്‍, ഹദീസുകളുടെ ക്രോഡീകരണ ചരിത്രം തുടങ്ങി വിവിധ വിഷയങ്ങള്‍ അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. മനുഷ്യന്റെ വൈജ്ഞാനികവും ബുദ്ധിപരവുമായ പുരോഗതിക്കനുസൃതമായി ഹദീസുകളുടെ കാലിക വായനയാണ് സി.എന്നിന്റെ സഹീഹുല്‍ ബുഖാരി. രിവായത്തുകളുടെ സ്വീകാര്യത ഉറപ്പുവരുത്തുന്നതിന് പുറമെ ദിറായത്തിന്റെ (പാഠഭാഗം) സ്വീകാര്യത കൂടി ഉറപ്പുവരുത്തണമെന്ന തത്ത്വത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. ഖുര്‍ആനിന്റെ മൗലിക സിദ്ധാന്തങ്ങള്‍ക്കും വ്യക്തമായ പ്രസ്താവനകള്‍ക്കും വിരുദ്ധമായി വരുന്ന ഹദീസുകള്‍ പ്രവാചക വചനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. അങ്ങനെയുള്ള ചില വചനങ്ങള്‍ ഏറ്റവും സ്വീകാര്യതയുള്ള ഹദീസ് സമാഹാരമായ സഹീഹുല്‍ ബുഖാരിയില്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റ റാവിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ സ്വീകാര്യമല്ലെന്ന വാദം അന്ന് കേരളത്തിലെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. അതിനുള്ള ശക്തമായ മറുപടിയും മുഖവുരയില്‍ സി.എന്‍ നല്‍കിയിട്ടുണ്ട്. പ്രവാചകന് സിഹ്‌റ് ബാധിച്ചു എന്നുവിവരിക്കുന്ന ഹദീസ് വിമര്‍ശന വിധേയമാക്കുന്നത് അത് ഖുര്‍ആന്റെ വ്യക്തമായ ആശയങ്ങള്‍ക്കെതിരാണെന്ന് സമര്‍ത്ഥിച്ചു കൊണ്ടാണ്. പറഞ്ഞതും ചെയ്തതും സംശയാസ്പദമാകുന്ന അവസ്ഥ ഉണ്ടാവുക പ്രവാചകന്റെ വ്യക്തിത്വത്തിന് നിരക്കുന്നതല്ലെന്ന യുക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
    തന്റെ നൂതന കാഴ്ചപ്പാടുകള്‍ മൗലവി എഴുതിത്തുടങ്ങുന്നത് മലപ്പുറത്ത് ഉദ്യോഗത്തിലിരിക്കുമ്പോഴാണ്. കമ്മ്യൂണിസ്റ്റാചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ലേഖനങ്ങളുടെ പ്രസംഗങ്ങളും സമൂഹത്തെ സ്വാധീനിക്കാന്‍ തുടങ്ങിയ കാലം. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ വിഷമിക്കുന്നുണ്ടായിരുന്നു മുസ്‌ലിം അധ്യാപകര്‍. പ്രസ്തുത വിഷയം ഗവേഷണ ബുദ്ധിയോടെ പഠിച്ച് ട്രൈനിംഗ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങുന്ന ത്രൈ മാസികയില്‍ എഴുതിത്തുടങ്ങി. കമ്മ്യൂണിസത്തേക്കാളും മികച്ച സാമ്പത്തിക വീക്ഷണം ഇസ്‌ലാമിനുണ്ടെന്ന് സമര്‍ത്ഥിക്കുകയായിരുന്നു. എല്ലാതരം വിളകള്‍ക്കും മുതലുകള്‍ക്കും സകാത്ത് നല്‍കണമെന്നും അതിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറക്കാന്‍ കഴിയുമെന്നും വാദിച്ചു. സകാത്ത് സംബന്ധിച്ച ഈ വാദം നൂതനമാണെന്നും ഇസ്‌ലാം വിരുദ്ധമാണെന്നും പൗരോഹിത്യം മുറവിളികൂട്ടി. 'കമ്മ്യൂണിസ്റ്റ് മൗലവി' എന്ന് വിളിച്ചാക്ഷേപിച്ചു. കമ്മ്യൂണിസം ശക്തി പ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ മുസ്‌ലിം കമ്മ്യൂണിസ്റ്റുകള്‍ വെല്ലുവിളി ഉയര്‍ത്തി. കമ്മ്യൂണിസത്തിന് ബദലായി വല്ല സാമ്പത്തിക പദ്ധതിയും മുസ്‌ലിംകള്‍ക്ക് വെക്കാനുണ്ടോ എന്ന ചോദ്യമുയര്‍ന്നു. അപ്പോഴാണ് 1938 മുതല്‍ ശേഖരിച്ചുകൊണ്ടിരുന്ന ഗവേഷണക്കുറിപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'ഇസ്‌ലാമിലെ ധന വിതരണ പദ്ധതി' 1953-ല്‍ പ്രസിദ്ധീകരിച്ചത്. ഈ വിഷയത്തില്‍ മലയാളത്തില്‍ ഇറങ്ങുന്ന ഗവേഷണാത്മകമായ ഒന്നാംതരം ഗ്രന്ഥമാണിത്. ഈ രംഗത്ത് പിന്നീടുണ്ടായ പഠനങ്ങളും ചലനങ്ങളും ഉള്‍പ്പെടുത്തി ആ ഗ്രന്ഥം പുന:പ്രസിദ്ധീകരണമര്‍ഹിക്കുന്നുവെന്ന് സാന്ദര്‍ഭികമായി ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം Principles &  Practices of Islamic Economy (1964) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
    ഇസ്‌ലാമിനെ സമഗ്രമായും ലളിതമായും പ്രതിപാദിക്കുന്ന പ്രഥമ മലയാള ഗ്രന്ഥത്തിനുടമയും സി.എന്‍.തന്നെ ആധുനിക ചിന്തകരുടെ ആശയങ്ങളും ചിന്തകളും വിശകലനം ചെയ്തു കൊണ്ടുള്ള മത തത്വങ്ങളുടെ അവതരണം ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. ആധുനിക ചിന്തകരായ സ്‌പെന്‍സര്‍, കാന്റ്, റസ്സല്‍ തുടങ്ങിയവരുടെ ചിന്തകള്‍ വിശകലനം ചെയ്യുന്നുണ്ട്. മനുഷ്യരാശിക്ക് ഒരു സാര്‍വ്വലൗകിക മതത്തിന്റെ അടിയന്തരാവശ്യം വ്യക്തമാക്കുന്ന പാശ്ചാത്യ, പൗരസ്ത്യ ചിന്തകരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രൗഢമായ ഒന്നാം ഭാഗം കൃതിയെ പഠനാര്‍ഹമാക്കുന്നു.
    രണ്ടാം ഭാഗത്തില്‍ ഇസ്‌ലാമിലെ കര്‍മാനുഷ്ഠാനങ്ങളുടെ യുക്തിയും പ്രസക്തിയും ലളിതമായി വിവരിക്കുന്നു. മദ്ഹബ് പക്ഷപാതങ്ങള്‍ക്ക് വിധേയമായ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് കുതിയവലംബിച്ചിട്ടുള്ളത്. മതാനുചരണം എളുപ്പമാണെന്ന തത്വം മലയാളികളെ ബോധ്യപ്പെടുത്തുന്ന മറ്റൊരു കൃതി നമുക്ക് കാണാന്‍ കഴിയില്ല. ഹജ്ജിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉദാഹരണമായി എടുത്തുപറയാം. 20 ലക്ഷത്തില്‍ പരം തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന ഹജ്ജിലെ തിക്കും തിരക്കും കൂടുതല്‍ അനുഭവപ്പെടാറുള്ള പലപ്പോഴും അത്തരം തിരക്കുകളില്‍പെട്ട് മരണം വരെ സംഭവിക്കാറുള്ള മിനായിലെ കല്ലേറിന് പരമ്പരാഗതമായി നിര്‍ണ്ണയിച്ചുവരുന്ന സമയ ക്രമം മാറ്റത്തിന് വിധേയമാക്കാമെന്ന അഭിപ്രായം, വിമാനങ്ങളില്‍ ഹജ്ജിന് വരുന്നവര്‍ക്ക് ജിദ്ദയില്‍ വെച്ച് ഇഹ്‌റാമില്‍ പ്രവേശിക്കാം തുടങ്ങിയ നൂതനവും കലോചിതവുമായ അഭിപ്രായങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
    ആരാധനകളുടേയും അനുഷ്ഠാനങ്ങളുടെയും വിശദീകരണങ്ങള്‍ക്ക് പുറമെ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍, സാമൂഹിക വിഷയങ്ങള്‍ തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെടുന്ന മിക്കവിഷയങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥത്തിന്  Religion of Islam, A Comprehensive Study (1979) എന്ന ഇംഗ്ലീഷ് വിവര്‍ത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
    1963-ല്‍ പുറത്തിറക്കിയ 'വൈവാഹിക ജീവിതം ഇസ്‌ലാമില്‍' എന്ന കൃതി ചെറുതെങ്കിലും വിഷയത്തിന്റെ പ്രാധാന്യം പരിഗണിക്കുമ്പോള്‍ പ്രത്യേക പരമാര്‍ശമര്‍ഹിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇന്നും വിവാദ വിഷയമാണല്ലോ. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പുള്ള പെണ്‍കുട്ടികളുടെ വിവാഹം, സ്ത്രീകളുടെ സമ്മതം നേടാതെ നടത്തുന്ന വിവാഹങ്ങള്‍ തുടങ്ങിയവ ഇസ്‌ലാമികമായി സാധൂകരിക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. പ്രവാചകന്‍ ആയിശ (റ)യെ വിവാഹം ചെയ്തത് നാട്ടാചാര പ്രകാരമാണെന്നും വിവാഹം സംബന്ധിച്ച വ്യക്തമായ കല്‍പനകള്‍ വന്നശേഷം പ്രവാചകനോ അനുയായികളോ ബാലികാ വിവാഹം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'ഇസ്‌ലാം ചരിത്രം: മുഹമ്മദുനബിയും മുന്‍ പ്രവാചകന്മാരും' (1971) എന്ന കൃതിയില്‍ ഇസ്‌ലാം ചരിത്രം ബൈബിള്‍ കഥകളില്‍ നിന്നും കെട്ടുകഥകളില്‍ നിന്നും സംശുദ്ധമാവണം എന്ന ആഗ്രഹത്തിന്റെ സഫലീകരണമാണ്.  ഖുര്‍ആനും ഹദീസുകളും പ്രമാണിക ചരിത്രരേഖകളും അവലംബിച്ചു കൊണ്ടുള്ള ചരിത്ര രചനക്ക് മുതിരുകയാണ് സി.എന്‍. അദ്ദേഹത്തിന്റെ വിഭാവനയില്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ചരിത്രരചനയുടെ ഒന്നാം ഭാഗമാണീഗ്രന്ഥം. ആദം മുതല്‍ മുഹമ്മദ് നബിവരെയുള്ള പ്രവാചകരുടെ ചരിത്ര രചനയാണിത്. ഖലീഫമാരുടെ ചരിത്രവും തുടര്‍ന്നുള്ള ഇസ്‌ലാമിന്റേയും മുസ്‌ലിംകളുടേയും ആധുനിക കാലഘട്ടം വരെയുള്ള ചരിത്രവും തുടര്‍ന്നുള്ള രണ്ടു ഭാഗങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ആഗ്രഹം ഈ കൃതിയുടെ ആമുഖത്തില്‍ സി.എന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ആ ഉദ്ദേശ്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
    ഇസ്‌ലാം മിതപ്പലിശ (Interest) നിരോധിച്ചിട്ടില്ലെന്നും അമിതപ്പലിശ (Usury)യാണ് വിലക്കിയതെന്നുമുള്ള വാദം നിലനില്‍ക്കുന്നുണ്ട്. ഖുര്‍ആനിലെ 'റിബ' എന്ന വാക്കിന് ഇംഗ്ലീഷ് വിവര്‍ത്തകര്‍ യൂഷ്വറി എന്നര്‍ത്ഥം കൊടുത്തപ്പോഴുണ്ടായ ആശയക്കുഴപ്പമാണിത്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം നിരോധിച്ച 'രിബ' യില്‍ മിതപ്പലിശയും അമിതപ്പലിശയും ഉള്‍പ്പെടുമെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്ന ചെറുകൃതിയാണ് 'പലിശ' (1985) കടം വീട്ടുമ്പോള്‍ കൂടുതല്‍ കൊടുക്കുന്നത് പുണ്യം (സുന്നത്ത്) അല്ല എന്നാണദ്ദേഹത്തിന്റെ വാദം. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന പ്രോവിഡണ്ട് ഫണ്ട് പോലുള്ളവയില്‍ നിന്നുള്ള ഇന്ററസ്റ്റും വര്‍ജ്ജിക്കണമെന്ന അഭിപ്രായമാണ് സി.എന്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
    സി.എന്‍. അഹ്മദ് മൗലവിയും ചരിത്രകാരനായ കെ.കെ.മുഹമ്മദ് അബ്ദുള്‍ കരീമും ചേര്‍ന്ന് തയ്യാറാക്കിയ കൃതിയാണ് 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം' (1978) മുസ്‌ലിംകളുടെ സംഭാവനകളെക്കുറിച്ചറിയാനുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായി ഗവേഷകര്‍ ഇത് ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രവാചകന്റെ കാലത്തുതന്നെ ഇസ്‌ലാം കേരളത്തില്‍ എത്തിയിരുന്നുവെന്ന് സി.എന്‍ ന്യായങ്ങളും തെളിവുകളും നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിലെ ആകര്‍ഷകമായ ഒരാശയം സി.എന്‍ തന്റെ തൂലികകൊണ്ടെഴുതിയ സ്വന്തം ജീവചരിത്രമാണ്.
    മുസ്‌ലിംകളുടെ ആഘോഷങ്ങളില്‍ ഒരേ ആഘോഷം വ്യത്യസ്ത ദിനങ്ങളില്‍ കേരളത്തില്‍ ആചരിക്കുന്നത് കേരളത്തിലെ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഹിജ്‌റ കലണ്ടര്‍ ഗോളശാസ്ത്രത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കാഴ്ചയെ ആശ്രയിച്ച് മാസപ്പിറവി നിര്‍ണ്ണയിക്കുന്ന കാലം പ്രവാചകന്റെ കാലത്ത് പ്രസക്തമാണ്. എന്നാല്‍ ഇന്ന് ശാസ്ത്രത്തെ അവലംബിച്ചു ചന്ദ്രമാസ നിര്‍ണ്ണയം നടത്തുന്നതാണഭികാമ്യം എന്ന് യുക്തികളുടേയും പ്രമാണങ്ങളുടേയും വെളിച്ചത്തില്‍ സമര്‍ത്ഥിക്കുന്ന കൃതിയാണ് സി.എന്നിന്റെ ചന്ദ്രമാസ നിര്‍ണ്ണയം (1991). മനുഷ്യന്റെ ജീവിതം മരണത്തോടെ അവസാനിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് 'മനുഷ്യന്‍ അനശ്വരനാണ്' എന്ന പേരില്‍ ഒരു ചെറുകൃതിയും സി.എന്‍ രചിച്ചിട്ടുണ്ട്.
    വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയ മൗലവി ഫാറൂഖ് കോളേജ്, റൗദത്തുല്‍ ഉലൂം അറബികോളേജ് എന്നിവ സ്ഥാപിക്കുന്നതില്‍ അവയുടെ സ്ഥാപകനായ മൗലവി അബുസ്സബാഹിനോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1964-ല്‍ സി.എന്‍ നേതൃത്വം നല്‍കി ഈസ്റ്റ് ഏറനാടന്‍ എഡുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. കിഴക്കന്‍ ഏറനാട്ടില്‍ ഒരു ആധുനിക കലാലയം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. പാലക്കാടു മുതല്‍ മമ്പാടുവരേയുള്ള പല പ്രമുഖരേയും കണ്ടു ചര്‍ച്ച നടത്തിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല. അവസാനം മമ്പാട് അത്തന്‍ മോയിന്‍ അധികാരി കോള്ജ് തുടങ്ങാന്‍ 30 ഏക്കര്‍ സ്ഥലം നല്‍കാമെന്നേറ്റു. സി.എന്നും അധികാരിയും, എം.കെ.ഹാജിയും കോളേജിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നേറി. 1965-ല്‍ മമ്പാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിതമായി. 1969-ല്‍ കോളേജ് മുസ്‌ലിം എഡുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്സ്) യെ എല്‍പിക്കുന്നതു വരെ കോളേജിന്റെ നടത്തിപ്പിന് നേതൃത്വം നല്‍കിയത് സി.എന്‍ തന്നെയായിരുന്നു.
    പിന്നീടുള്ള കാലം ഗ്രന്ഥരചനയിലും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മുഴുകി. ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍, ഗള്‍ഫുനാടുകള്‍, സൗദി അറേബ്യ, പാകിസ്ഥാന്‍, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയച രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ പുരോഗമനാശയക്കാരായ പണ്ഡിതരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.
    കേരളത്തില്‍ നടപ്പിലുള്ള മതവിദ്യാഭ്യാസ രീതി പരിഷ്‌കരിക്കുമെന്ന വാദക്കാരനായിരുന്നു അഹ്മദ് മൗലവി. മദ്രസ്സകളിലും പള്ളികളിലും അറബിക്കോളേജുകളിലുമെല്ലാം ദീര്‍ഘക്കാലം പഠിച്ചിട്ടും യുവതലമുറ എവിടേയുമെത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''അവര്‍ മതപണ്ഡിതന്മാരാകുന്നില്ല. ശാസ്ത്രജ്ഞരാകുന്നില്ല,  സാഹിത്യകാരന്മാരാകുന്നില്ല,  ചരിത്രകാരന്മാരാകുന്നില്ല, ഒരുദ്യോഗത്തിനും ഒരു ജോലിക്കും അര്‍ഹരാകുന്നില്ല. അത്തരം തലമുറകളെ വാര്‍ത്തുവിട്ടുകൊണ്ടിരിക്കുകയാണ് അറിഞ്ഞോ അറിയാതെയോ ചെയ്തുകൊണ്ടിരിക്കുന്നത്.'' ('ചന്ദ്രമാസനിര്‍ണ്ണയ'ത്തിന്റെ ആമുഖം-1991)
    സാമാന്യ ജനത്തിന്റെ മതബോധത്തെ തട്ടിയുണര്‍ത്തുന്നതിങ്ങനെ ''അമ്പതോ അറുപതോ കൊല്ലം അഞ്ചുനേരവും അതിനപ്പുറവും ദുആ ചെയ്ത ഒരാളോട് നിങ്ങള്‍ ഇത്രകാലം എന്തെല്ലാം കാര്യസാധ്യത്തിനു വേണ്ടിയാണ് അല്ലാഹുവോട് ദുആ ചെയ്തതെന്ന് ചോദിച്ചുനോക്കുക. അറബി എനിക്കറിഞ്ഞുകൂടാ. ചില ഏടുകള്‍ നോക്കി ഞാന്‍ കുറേ ദുആകള്‍ ചൊല്ലിപ്പഠിച്ചു. അതാവര്‍ത്തിച്ചു ചൊല്ലികൊണ്ടുപോന്നു. എന്നു മാത്രമായിരിക്കും മറുപടി. ഒന്ന് ചിന്തിച്ചു നോക്കുക. എത്ര ദയനീയം! ഇയാളുടെ ഹൃദയവും അല്ലാഹുവുമായി ബന്ധപ്പെടാതെയാണ് ജീവിതക്കാലം കഴിഞ്ഞു കൂടിയത് എന്നല്ലേ അര്‍ത്ഥം''. (ചന്ദ്രമാസ നിര്‍ണ്ണയത്തിന്റെ ആമുഖത്തില്‍ നിന്ന്) കോഴിക്കോട് കേന്ദ്രീകരിച്ചാണ് തന്റെ പില്‍ക്കാലജീവിതം ഏറെയും ചിലവഴിച്ചത്. 'ആസാദ് ബുക്ക്‌സ്റ്റാള്‍' പ്രസീദ്ധീകരണാലയവും അന്‍സാരി പ്രസ്സും സ്ഥാപിച്ച് തന്റെ ചിന്തകളും നവീനാശയങ്ങളും കൈരളിക്ക് സമര്‍പ്പിച്ചുകൊണ്ടിരുന്നു. 1959 മുതല്‍ 1964 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് 1989-ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്‍കി ആദരിക്കുകയുണ്ടായി.
    ലോകത്തെങ്ങുമുള്ള അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ ശേഖരവും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്ത ലൈബ്രറികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനുള്ള ആധുനിക സംവിധാനങ്ങളുമുള്ള ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ 1993-ഏപ്രില്‍ 27ന് 88-ാം വയസ്സില്‍ സി.എന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട സി.എന്‍ അഹ്മദ് മൗലവി ഇഹലോകത്തോട് വിടപറഞ്ഞു.
    പല വിഷയങ്ങളിലും സ്വന്തവും സ്വതന്ത്രവുമായ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിയ സി.എന്‍ അന്ത്യം വരെ അവയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. മൂല്യങ്ങള്‍ക്കും, വിജ്ഞാനത്തിനും നവോത്ഥാനത്തിനും ഒറ്റക്ക് നിന്ന് പൊരുതുകയായിരുന്നു പ്രവര്‍ത്തനകാലമത്രയും.

Reference

1) സി.എന്‍ അഹ്മദ് മൗലവി : പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും (1953)
2) സി.എന്‍ അഹ്മദ് മൗലവി : പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, എന്‍.ബി.എസ് (1982)
3) സി.എന്‍ അഹ്മദ് മൗലവി : സഹീഹുല്‍ ബുഖാരി പരിഷ്‌കരിച്ച പതിപ്പ് (1995)
4. എം.എന്‍ കാരശ്ശേരി (എഡിറ്റര്‍) : സി.എന്‍ സ്മരണിക (2005)
5. സി.എന്‍ അഹ്മദ് മൗലവി : ഇസ്‌ലാം ചരിത്രം : മുഹമ്മദ്‌ നബിയും മുന്‍ പ്രവാചകന്മാരും (1971)
6. സി.എന്‍ അഹ്മദ് മൗലവി : ഇസ്‌ലാം ഒരു സമഗ്രപഠനം
7. സി.എന്‍ അഹ്മദ് മൗലവി : ചന്ദ്രമാസ നിര്‍ണ്ണയം (1991)
8. സി.എന്‍ അഹ്മദ് മൗലവി : ഇസ്‌ലാമിലെ ധന വിതരണ പദ്ധതി (1953)
9. സി.എന്‍ അഹ്മദ് മൗലവി, കെ.കെ.മുഹമ്മദ് അബ്ദുള്‍ കരീം: മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (1978)
10. സിദ്ദീഖ് ഹസന്‍. കെ. എ (എഡി.) കേരള മുസ്‌ലിം നവോത്ഥാന ചരിത്രം, പ്രബോധനം സ്‌പെഷല്‍ (1998)
11. ഇസ്‌ലാം വിജ്ഞാനകോശം വോ.3

RELATED ARTICLES