മുഹമ്മദ് അബ്ദുറഹ്മാന്റെ രാഷ്ട്രീയം

ഡോ. മുഹമ്മദ് ബദീഉസ്സമാന്‍   (അസി. പ്രൊഫ. എം.ഇ.എസ്. കുറ്റിപ്പുറം)

The Muslims of India, a Documentary Record എന്ന പുസ്തകത്തില്‍, ദേശീയ മുസ്‌ലിം നേതാവായി വാഴ്ത്തപ്പെടുന്ന എം.സി ചഗ്ലയെ കുറിച്ചു പറഞ്ഞതിനു ശേഷം എ.ജി നൂറാനി ഇങ്ങനെ കുറിക്കുന്നുണ്ട്. 'Chagla symbolized the ‘uncletom’ phenomenon which was a plague on the politics of Indian Muslims. Muslims who meet to urge redress of grievances are branded ‘communal’. They are hailed as ‘nationalist’ if they congregate to pass resolutions supporting India’s stand on Kashmir. The external publicity division of the ministry of external affairs revolves in producing broachers on ‘Indian Muslims speak on Kashmir’ and even ‘Muslim press on Kashmir''.
മൗലാനാ ആസാദിനെകുറിച്ച് ആയിഷാ ജലാല്‍ തന്റെ Partisans of Allah എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു: Azad is best remembered as a ‘secularist’ in retrospectively constructed Indian nationalist past; his credentials as a theorist of jihad have been curiously ignored by historians of modern south Asia.
ജീവിതത്തെ മത രാഷ്ട്രീയ വിഭജനങ്ങള്‍ക്കതീതമായ ഏകകമായിക്കണ്ട്, 47 ആണ്ടുകള്‍ നീണ്ട തന്റെ ജീവിതം സ്രഷ്ടാവിനും സമസൃഷ്ടികള്‍ക്കും വേണ്ടിയുള്ള സമര്‍പ്പണത്തിന്റെ ഉത്സവമായിക്കടന്നു പോയ കേരളത്തിന്റെ വീരപുത്രന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍, പില്‍ക്കാല ചരിത്രത്തില്‍ ഒരു 'ദേശീയ മുസ്‌ലിം' മാത്രമായി ചുരുക്കിക്കെട്ടപ്പെട്ട സാഹചര്യത്തിലാണ് മുകളിലെ രണ്ട് ഉദാഹരണങ്ങളുടെ പ്രസക്തി. വിഭജനാനന്തര ഇന്ത്യയില്‍, തങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു എന്ന കോണ്‍ഗ്രസ്സ് വാദത്തിന്റെ സാധൂകരണത്തിനായി ചില ബിംബങ്ങളെ ആവശ്യമുണ്ടായിരുന്നു. അതിനായി കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം നേതാക്കളുടെ ജീവിതത്തിലെ ഒരുപാടു ഭാഗങ്ങളെ മറച്ചുകെട്ടി, തങ്ങള്‍ക്കാവശ്യമുള്ള അവരുടെ ഇന്ത്യാവിഭജന വിരുദ്ധത എന്ന ഒറ്റ പോയിന്റിനെ ഉയര്‍ത്തിക്കാട്ടി, ദേശിയ മുസ്‌ലിം എന്ന വിശേഷണത്തോടെ അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. അബുല്‍ കലാം ആസാദും, മുഹമ്മദ് അബ്ദുറഹ്മാനുമെല്ലാം ഇപ്രകാരം Selective Amnesia ക്ക് വിധേയരാക്കപ്പെട്ടവരാണ്. എന്നാല്‍, 1898 ല്‍ കൊടുങ്ങല്ലൂരില്‍ തുടങ്ങി 1945 - ല്‍ കൊടിയത്തൂരില്‍ അവസാനിച്ച ആ മഹദ്ജീവിതം ഒരു സാമ്പ്രദായിക ദേശീയ മുസ്‌ലിമിന്റേതായിരുന്നില്ല. ബഹുസ്വര സമൂഹത്തില്‍ ഒരു ഇസ്‌ലാം മതവിശ്വാസിയുടെ ജീവിതം എപ്രകാരം നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്തും എന്നതിന്റെ നിദര്‍ശനമായിരുന്നു, പതിവ് മാപ്പുസാക്ഷി - അപകര്‍ഷ ബോധങ്ങളില്‍ നിന്ന് മുക്തമായ അബ്ദുറഹ്മാന്റെ പൊതു ജീവിതം. ജനസംഖ്യയില്‍ ഹിന്ദു സമുദായത്തിനുള്ള ഭൂരിപക്ഷം, അവര്‍ക്ക് ജനാധിപത്യ വ്യവസ്ഥയില്‍ നല്‍കിയേക്കാവുന്ന മേല്‍ക്കൈ ചൂണ്ടിക്കാട്ടിയും, കോണ്‍ഗ്രസ്സ് മുന്നോട്ടു വെക്കുന്ന സങ്കലിത ദേശീയത (Composite Nationalism), ഹിന്ദു മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള ശുദ്ധ ശ്രമമാണെന്നാരോപിച്ചും മുസ്‌ലിം രാഷ്ട്രീയ സാഹചര്യത്തില്‍ അബ്ദുറഹ്മാന്റെ പ്രവര്‍ത്തനപാത ഒട്ടും എളുപ്പമായിരുന്നില്ല.

പ്രവര്‍ത്തനരംഗത്തേക്ക്
അഴീക്കോട് പ്രൈമറി സ്‌ക്കൂളിലെയും, കൊടുങ്ങല്ലൂര്‍ ഹൈസ്‌ക്കൂളിലെയും വിദ്യാഭ്യാസത്തിന് ശേഷം, വാണിയമ്പാടിയിലെ മദ്‌റസാ ഇസ്‌ലാമിയ്യയില്‍ ചേര്‍ന്നു അബ്ദുറഹ്മാന്‍. തുടര്‍ന്ന് കോഴിക്കോട്ടെ ബാസല്‍ മിഷന്‍ കോളേജിലെ ഇന്റര്‍മീഡിയറ്റിന് ശേഷം, മദിരാശി മുഹമ്മദന്‍ കോളേജിലെത്തുന്നു. ഒന്നാം ലോകയുദ്ധത്തെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങളാല്‍, ദേശീയ രാഷ്ട്രീയം ചൂടുപിടിച്ച കാലമായിരുന്നു അത്. 1919 ഏപ്രില്‍ 6 ന് ആത്മ ശുദ്ധിക്കുള്ള ഉപവാസവുമായി ഗാന്ധിജി രംഗ പ്രവേശനം ചെയ്തു. 'അല്‍ ഹിലാല്‍' എന്ന പത്രവുമായി മൗലാനാ അബുല്‍ കലാം ആസാദ് സജീവമാകുന്നതും ഇക്കാലത്തുതന്നെ. മൗലാനാ മുഹമ്മദലി, ഹക്കീം അജ്മല്‍ ഖാന്‍, ഹസന്‍ ഇമാം എന്നിവരുടെ മുന്‍കൈയില്‍ രൂപംകൊണ്ട അഹ്‌റാന്‍ ഗ്രൂപ്പും, ഡോക്ടര്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ തുര്‍ക്കിയിലേക്ക് പോയ മെഡിക്കല്‍ മിഷനും ആവേശം സൃഷ്ടിച്ച അക്കാലത്ത്, അല്‍ ഹിലാലിലെ പംക്തികള്‍ ഇമാമത്തിനെയും ഖിലാഫത്തിനെയും കുറിച്ച് മുഴക്കിയ നൂതന മുദ്രാവാക്യങ്ങള്‍ മുസ്‌ലിം മനസ്സില്‍ വന്‍ സ്വാധീനം സൃഷ്ടിച്ചു. ആയിടക്കാണ് ആസാദിന്റെ ഖിലാഫത്ത് ആന്റ് ജസീറത്തുല്‍ അറബ് എന്ന ലഘുലേഖ അബ്ദുറഹ്മാന്‍ കാണാനിടയായത്. അതിലെ ചില വരികളില്‍ അബ്ദുറഹ്മാന്റെ കണ്ണുകളുടക്കി.:
''നിങ്ങള്‍ വിഷവള്ളികളില്‍ കടിച്ചീമ്പുന്നു, ഈ കലാശാലകള്‍ വിഷം നിറച്ച പാനപാത്രങ്ങളാണ്. ശുദ്ധമായ പാല്‍ നിറച്ച കോപ്പകള്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നതു വരെ ഈ വിഷ വള്ളികളില്‍ വലിച്ചീമ്പുന്നതില്‍ നിന്ന് നിങ്ങള്‍ പിന്മാറുകയില്ലെന്നോ!. എന്നാല്‍ അതേറ്റവും വലിയ വിഡ്ഢിത്തമായിരിക്കും. സഹോദരന്മാരേ, ഒന്ന് മനസ്സിലാക്കൂ, ഇന്ന് ദേശീയ വിദ്യാലയങ്ങളില്ല എന്നു വെച്ച് നിങ്ങള്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസം സ്വീകരിക്കുന്നത് വിഡ്ഢിത്തമാണ്. അത് ഒരിക്കലും പാടില്ലാത്തതാണ്.'' തുടര്‍ന്ന് അദ്ദേഹം കോളേജ് വിട്ടിറങ്ങി. അലീഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി അധികൃതരുടെ ബ്രിട്ടീഷ് അനുകൂല നിലപാടുകളോട് വിയോജിച്ചവര്‍ രൂപം കൊടുത്ത ജാമിയ്യ മില്ലിയ്യ ഇസ്‌ലാമിയ്യയില്‍ ചേരാന്‍ പോയെങ്കില്‍ അവിടെയും അധികം തുടര്‍ന്നില്ല. 1921 ല്‍ സേലം വിജയരാഘവാചാര്യരുടെ അധ്യക്ഷതയില്‍ നാഗ്പൂരില്‍ നടന്ന എ ഐ സി സി സമ്മേളനത്തില്‍ കെ. മാധവന്‍ നായരോടൊപ്പം ആദ്യാവസാനം അബ്ദുറഹ്മാനും പങ്കെടുത്തു. മൗലാനാ മുഹമ്മദലിയുടെ നിര്‍ദ്ദേശപ്രകാരം മലബാറില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി നാട്ടിലേക്ക് തിരിച്ചു. 1921 ഏപ്രില്‍ 29 ന് ഒറ്റപ്പാലം കോണ്‍ഗ്രസ്സ് സമ്മേളനത്തിലാണ് നേരേ വന്നത്. ഖിലാഫത്തും കോണ്‍ഗ്രസ്സും ദീനീവിരുദ്ധമെന്ന് ഫത്‌വയിറക്കിയ മതപുരോഹിതര്‍ക്കെതിരില്‍ 1921 ജൂലൈ 24 ന് പൊന്നാനി പാതാറില്‍ ഉലമാ സമ്മേളനം സംഘടിപ്പിച്ചു അബ്ദുറഹ്മാന്‍. വെല്ലൂര്‍ ലത്വീഫിയ്യാ മദ്രസ്സാ പ്രിന്‍സിപ്പാള്‍ മൗലാനാ അബ്ദുല്‍ അസീസായിരുന്നു അധ്യക്ഷന്‍.
1921 ലെ മലബാര്‍ കലാപത്തിന്റെ ഭീകരാവസ്ഥ വിവരിച്ച് 'ഹിന്ദു' പത്രത്തില്‍ അബ്ദുര്‍ഹ്മാന്‍ സാഹിബ് എഴുതിയ റിപ്പോര്‍ട്ട് അന്യദേശക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണയും ലഹള പ്രദേശങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ നിരാശയും ആരോപിച്ചുകൊണ്ട് അദ്ദേഹത്തിനെതിരില്‍ കേസെടുത്ത് ആ വര്‍ഷം 21 ന് രണ്ടു കൊല്ലത്തെ കഠിന തടവിന് ശിക്ഷിച്ചു - സാഹിബിന്റെ ആദ്യ തടവ്. ബെല്ലാരിയിലെ ആലിപ്പൂര്‍ ജയിലിലായിരുന്നു ശിക്ഷ. എല്ലാ മാപ്പിളത്തടവുകാര്‍ക്കും നമസ്‌കാരം നിര്‍വഹിക്കാന്‍ പാകത്തില്‍ ഫുള്‍ ട്രൗസര്‍ വേണം ജയില്‍ വേഷമായി എന്നാവശ്യപ്പെട്ട് 23 ദിവസം നിരാഹാരം കിടന്നു സാഹിബ്. 1923 ആഗസ്റ്റ് 11 നായിരുന്നു മോചനം. ആ വര്‍ഷം ഡിസംബറില്‍ കാകിനാഡയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് - ഖിലാഫത്ത് സമ്മേളനങ്ങള്‍ക്ക് ശേഷം അദ്ദേഹം ഉത്തരേന്ത്യയിലെ പല മനുഷ്യസ്‌നേഹികളെയും സന്ദര്‍ശിച്ച്, മലബാറില്‍ ലഹളയ്ക്ക് ശേഷം പ്രയാസങ്ങളനുഭവിക്കുന്ന സഹോദരന്മാരെ സഹായിക്കുന്നതിന്റെ ആവശ്യകത ഉണര്‍ത്തിച്ചു. ഇക്കൂട്ടത്തില്‍ പെട്ട, പഞ്ചാബിലെ സ്വാതന്ത്ര്യസമര സേനാനിയും ഉദാരധനികനുമായ മൗലാനാ അബ്ദുല്‍ ഖാദിര്‍ ഖസൂരി മലബാറില്‍ വന്ന് കഷ്ടനഷ്ടങ്ങള്‍ നേരില്‍ കണ്ടു. ജംഇയ്യത്തു ദഅ്‌വത്തി വ തബ്‌ലീഗേ ഇസ്‌ലാം (ജെ. ഡി. ടി ഇസ്‌ലാം) എന്ന സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം, ആ പേരില്‍ കോഴിക്കോട്ട് ഒരു അനാഥാലയം സ്ഥാപിച്ചു. അതാണ് ഇന്നത്തെ ജെ ഡി റ്റി ഇസ്‌ലാം വിദ്യാഭ്യാസ സമുച്ചയമായി തലയുയര്‍ത്തി നില്‍ക്കുന്നത്.

അബ്ദുറഹ്മാനും അല്‍ അമീനും
സ്വാതന്ത്ര സമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും മര്‍ദ്ദന - പീഡനങ്ങള്‍ക്കും തെറ്റിദ്ധരിക്കപ്പെടലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സമുദായത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനും ഒരു പത്രം അനിവാര്യമെന്ന് സാഹിബ് കരുതി. അങ്ങനെ 1924 ഒക്‌ടോബര്‍ 12 ന് (അന്ന് നബിദിനമായ റബിഉല്‍ അവ്വല്‍ 12 കൂടിയായിരുന്നു.) അല്‍ - അമീന്‍ പത്രം പുറത്തു വന്നു. ബ്രിട്ടീഷ് അധികാരികളെയും, അവരുടെ പാദസേവകരായ തദ്ദേശീയരെയും അല്‍ - അമീനിന്റെ നിശിത വിമര്‍ശനങ്ങള്‍ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. മുസ്‌ലിം വര്‍ഗീയ പത്രമെന്ന് കോണ്‍ഗ്രസ്സിലെ സവര്‍ണ നേതാക്കളാല്‍ വിശേഷിപ്പിക്കപ്പെട്ട പത്രം ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ ഏറ്റു വാങ്ങിയത് മുസ്‌ലിം പ്രമാണിമാരില്‍ നിന്നായിരുന്നു എന്നതാണ് ഏറെ രസകരം. ഇന്ത്യ മുസ്‌ലിംകളുടേത് കൂടിയാണ്, അതിനാല്‍ മുസ്‌ലിം കാഴ്ചപ്പാടുകളിലൂടെ ദേശീയത വികസിപ്പിച്ചെടുക്കുക എന്നത് രാഷ്ട്ര നിര്‍മാണത്തിലെ ശക്തമായ പ്രവര്‍ത്തനമായിക്കണ്ട്, ആ ധര്‍മം നിര്‍വ്വഹിക്കുകയാണ് അല്‍ അമീന്‍ ചെയ്തത്. ഉപ്പുസത്യാഗ്രഹത്തെ കുറിച്ച് 1930 ജൂലൈ 6 ന് എഴുതിയ സ്‌തോഭ ജനകമായ ആമുഖ ലേഖനത്തിന് അറബി തലക്കെട്ടാണ് നല്‍കിയത് - ജിഹാദുല്‍ അക്ബര്‍. അദ്ദേഹമെഴുതി: ''സ്വരാജ്യ സ്‌നേഹം സത്യവിശ്വാസത്തിന്റെ അംശമാണെങ്കില്‍, സ്വാതന്ത്ര്യ സന്ദേശത്തെ പ്രകീര്‍ത്തനം ചെയ്യുന്ന മതമാണ് ഇസ്‌ലാമെങ്കില്‍, മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മോക്ഷത്തിനും വേണ്ടി സര്‍വസ്വവും ബലി കഴിച്ചു കൊണ്ട് ദൈവമാര്‍ഗത്തില്‍ ജീവത്യാഗം ചെയ്യേണ്ടത് യഥാര്‍ഥ മുസ്‌ലിംകളുടെ കര്‍ത്തവ്യ കര്‍മ്മമത്രെ. അടിമത്തത്തെയും അന്യായമായ കയ്യേറ്റത്തേയും അടക്കിയമര്‍ത്തി, സ്വേച്ഛാപ്രഭുക്കളുടെ ദുരഹങ്കാര പ്രമത്തതയെ തട്ടിത്തകര്‍ത്ത്, ലോകത്തിന്റെ പുരോഗതിക്ക് വിഘാതമായി നിലകൊണ്ടിരുന്ന സിംഹാസനങ്ങളെ അവയുടെ മഹിമ പോലും നോക്കാതെ അടിച്ചുടച്ച്, ശാശ്വതമായ സമാധാനത്തെയും നിത്യമായ സൗഭാഗ്യത്തെയും ലോകത്ത് നിലനിര്‍ത്തിയ പൗരാണിക മുസല്‍മാന്മാരുടെ അനന്തരസന്താനങ്ങള്‍, ജീവകാരുണ്യവും കണ്ണില്‍ചോരയും കെട്ട വൈദേശിക ദുര്‍ഭൂതത്തിന്റെ മുമ്പില്‍ ജീവനുള്ളിടത്തോളം കാലം തലകുനിക്കില്ലെന്നുള്ളത് തീര്‍ച്ചയാണ്. നീതിയും ധര്‍മവും കൈവെടിഞ്ഞ ദുര്‍ഭരണ മേധാവികളോട് ധീരധീരം പൊരുതി, സത്യത്തിനു സാക്ഷ്യം വഹിച്ചു കൊണ്ട് രക്തസാക്ഷികളായി വീരസ്വര്‍ഗം പൂകിയ വീരയോദ്ധാക്കളുടെ പിന്‍ഗാമികളാണ് ഇന്നത്തെ മുസ്‌ലിംകളെങ്കില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി സമാരംഭിച്ചിരിക്കുന്ന ഈ സമരാങ്കണത്തില്‍ അവര്‍ അണിനിരന്നു നില്‍ക്കട്ടെ. ധീരനായ ഖാലിദും പ്രഭാവശാലിയായ ഉമറും ഈ സ്വാതന്ത്ര്യസമരത്തില്‍ നമുക്ക് മാര്‍ഗദര്‍ശികളാകുന്നു.....'' അബ്ദുറഹ്മാന് സ്വാതന്ത്ര്യ സമരം വെറും മൂല്യനിരപേക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നില്ല. അത് തന്റെ മുന്‍ഗാമികളെപ്പോലെ തന്നെ, സത്യസാക്ഷ്യ നിര്‍വഹണത്തിന്റെ ഭാഗമായിരുന്നെന്നര്‍ത്ഥം.
ഗവണ്‍മെന്റിന്റെ പത്രങ്ങളോടുള്ള സമീപനത്തെ വിമര്‍ശിച്ച് 1930 ജൂലൈ 29 ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഇങ്ങനെ കാണാം: ' പരിഷ്‌കൃത ഭരണകൂടങ്ങള്‍ പൊതുജന ജിഹ്വകളായ വര്‍ത്തമാന പത്രങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനത്തെപ്പറ്റി ഇവടത്തെ അധികൃതര്‍ക്ക് നിശ്ചയമുണ്ടോ എന്ന കാര്യം സംശയമാണ്. സത്യം തുറന്നുപറയുന്ന പത്രങ്ങള്‍ ഇവിടെ അല്‍പായുസ്സുകളാക്കപ്പെടുന്നു. 'നിങ്ങള്‍ക്ക് ദോഷകരമായിത്തീരുമെങ്കില്‍ പോലും സത്യം പറയണം' എന്നാണ് മുഹമ്മദ് നബി അനുശാസിച്ചിട്ടുള്ളത്. എന്നാല്‍, ഇന്നത്തെ പരിതസ്ഥിതിയില്‍ മലബാറില്‍ പ്രത്യേകിച്ചും, പ്രവാചകന്റെ വിശുദ്ധ വചനമനുസരിച്ച് പത്രം നടത്തിക്കൊണ്ടു പോവുക അസാധ്യമായിത്തോന്നും. അഭിപ്രായ പ്രകടനത്തില്‍ സത്യം ഒളിച്ചു വെക്കുന്നവന്‍ ചെകിടനായ ചെകുത്താനാണെന്ന് പ്രവാചക പ്രഭു അരുളിയിട്ടുണ്ട്. റസൂല്‍ തിരുമേനിയുടെ പ്രസ്തുത വചനം മനസ്സില്‍  ഉറപ്പിച്ചുകൊണ്ടു തന്നെയാണ് അല്‍ അമീന്‍ ഇന്നോളവും നിലനിന്നു പോന്നത്. പക്ഷെ, അമീനെ ചെകിടനായ ചെകുത്താനാക്കുവാനാണ് ചില തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നതെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരവസ്ഥ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയാണങ്കില്‍ ഭരണാധികാരികളുടെ ഏത് മൂര്‍ച്ചയേറിയ ആയുധത്തിനും  സസന്തോഷം, സധൈര്യം കഴുത്തു കാണിച്ച് കൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതല്‍ ജീവിക്കുവാന്‍ അല്‍ അമീന്‍ ആഗ്രഹിക്കുകയില്ല.''
മേല്‍വാക്കുകള്‍ അല്‍ അമീന്‍ അക്ഷരം പ്രതി പാലിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ മുന്നിട്ടിറങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ യുദ്ധ ശ്രമങ്ങളുമായി നിസ്സഹകരിച്ചു. നിയമലംഘന പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരത്തിനും ആക്കംകൂട്ടാനും വിദേശനയത്തെ കെട്ടുകെട്ടിക്കാനും നാട്ടുകാരെ ആഹ്വാനം ചെയ്യുന്ന ഉജ്വലമായ മുഖപ്രസംഗത്തിന്റെ പേരില്‍ 1939 സെപ്തംബര്‍ 29 ന് ഗവണ്‍മെന്റിന്റെ ഉഗ്ര ശാസനത്തെ തുടര്‍ന്ന് അല്‍ അമീനിന്റെ പ്രസിദ്ധീകരണം നിലച്ചു.

അന്തമാന്‍ സ്‌കീം: ഔട്ട് റേജസ് ആക്ട്
അല്‍ അമീനിന്റെ തിരക്കുകള്‍ക്കിടയില്‍ തന്നെ, 1921 ലെ കലാപത്തെ തുടര്‍ന്ന് പ്രതികാരമെന്ന നിലയില്‍ മാപ്പിളമാരെ അന്തമാനിലെ നരകയാതനകളിലേക്ക് നാടുകടത്താനായി ഗവണ്‍മെന്റ് ആവിഷ്‌കരിച്ച 'അന്തമാന്‍ സ്‌കീമി'നെതിരില്‍ സാഹിബ് പൊരുതി. 1925 സെപ്തംബറില്‍ അമൃത്‌സറില്‍ നടന്ന സര്‍വകക്ഷി മുസ്‌ലിം സമ്മേളനത്തില്‍ സെമീന്ദാര്‍മാരുടെയും സര്‍ക്കാര്‍ അനുകൂല പ്രമാണിമാരുടെയും എതിര്‍പ്പുകളെ അതിജീവിച്ച് അന്തമാന്‍ സ്‌കീമിനെതിരായ പ്രമേയം പാസ്സാക്കിക്കാന്‍ സാഹിബിന് കഴിഞ്ഞു. മാപ്പിളമാരെ, പരമ്പരാഗത കുറ്റവാളി സമുദായമായിക്കണ്ട് അവരെ നിലക്ക് നിര്‍ത്താനായി ആവിഷ്‌കരിച്ച 1859 ലെ മാപ്പിള ഔട്ട്‌റേജസ് ആക്ട് എന്ന കാടന്‍ നിയമത്തിനെതിരിലും സാഹിബ് രംഗത്തു വന്നു. മാപ്പിളമാരുടെ പ്രധാന കേന്ദ്രങ്ങളില്‍ എം. എസ്. പിയെ കൊണ്ട് റോന്തുചുറ്റിക്കുക, പോലീസ് റിപ്പോര്‍ട്ടിനെ മാത്രം ആധാരമാക്കി ഏറനാട് - വള്ളുവനാട് താലൂക്കുകളിലെ മുസ്‌ലിംകള്‍ക്ക് നാടുകടത്തല്‍ വരെയുള്ള ശിക്ഷകള്‍ നല്‍കുക തുടങ്ങിയവ ആക്ടിന്റെ ഭാഗമായിരുന്നു. സാഹിബിന്റെയും അനുയായികളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1937 ല്‍ രാജാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭ ഈ നിയമം നിര്‍ത്തലാക്കി.

സ്വാതന്ത്ര സമര രംഗത്ത് :
എതിര്‍പ്പുകള്‍ക്ക് മധ്യേ

സൈമണ്‍ കമ്മീഷന്‍ വിരുദ്ധ സമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും നേതൃനിരയിലായിരുന്നു സാഹിബ്. 1930 മെയ് 12 ന് കോഴിക്കോട് ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത അദ്ദേഹം പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. പില്‍ക്കാലത്ത് എം. പി ഭടതിരിപ്പാട്

കേരള സിംഹമാം അബ്ദുറഹിമാന്റെ
വീരകണ്ഠത്തിലും ലാത്തി ചാര്‍ത്തിയാര്‍
ആ മുഴുമുഠാള പോലീസു സുപ്രണ്ട്
ആമുസാഹേബിന്റെ നാടാണ് കേരളം!

എന്നു പാടിയത് ഇതേകുറിച്ചാണ്. തുടര്‍ന്ന് കണ്ണൂര്‍, വെല്ലൂര്‍, രാജമന്ദ്രി, ബെല്ലാരി ജയിലുകളിലായി ഒമ്പത് മാസത്തെ തടവും ഡിസംബര്‍ 22 ന് മോചനവും. തുടര്‍ന്ന് കോണ്‍ഗ്രസ്സിനെ ജനകീയ പ്രസ്ഥാനമാക്കി മാറ്റാനായി ശ്രമം. 'കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യം ലഡുവും ജിലേബിയും ശാപ്പിട്ട് സുഖമായി വിശ്രമിക്കുകയാണെന്ന് വരുന്ന പക്ഷം ഇന്നുള്ളതിലധികം കോണ്‍ഗ്രസ്സില്‍ കണ്ടേക്കാം' എന്ന് കെ. കേളപ്പന്‍ രാഷ്ട്രീയ സമ്മേളനത്തില്‍ പ്രസംഗിക്കുമാര്‍ സുഖാലസ്യത്തിലും അവധി ദിന പ്രവര്‍ത്തനങ്ങളില്‍ മാത്രം പരിമിതപ്പെട്ട് ഞായറാഴ്ച്ച കോങ്കറസ്സ് എന്ന് ഇരട്ടപ്പേര് വീഴുന്ന അവസ്ഥയിലുമായിരുന്ന മലബാറിലെ കോണ്‍ഗ്രസ്സിനെ ബഹുജനങ്ങളിലേക്കിറക്കിയതില്‍ അബ്ദുറഹിമാന്റെ പങ്ക് വളരെ വലുതാണ്.
മലബാര്‍ ജില്ലയിലെ മുനിസിപ്പല്‍ - ലോക്കല്‍ ബോര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള കോണ്‍ഗ്രസ്സ് തീരുമാനത്തിന്റെ ഭാഗമായി 1931 ല്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍, പാര്‍ട്ടി മത്സരിക്കുകയും 32 ല്‍ 16 സീറ്റോടെ വിജയിക്കുകയും ചെയ്തു. വിജയത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സിലുണ്ടായ രൂക്ഷമായ തര്‍ക്കം പുറമെക്ക് കൊണ്ട് നടന്നിരുന്ന സങ്കലിത ദേശീയതയുടെ സുന്ദര മുഖത്തിനപ്പുറം പാര്‍ട്ടിയെ ഗ്രസിച്ചിരുന്ന വര്‍ഗീയ പക്ഷപാതങ്ങളുടെ യഥാര്‍ത്ഥ ചിത്രം അനാവരണപ്പെടാന്‍ കാരണമായി. കോണ്‍ഗ്രസ്സിന് വേണ്ടി സര്‍വവും ത്യജിച്ച അബ്ദുറഹ്മാനെ പോലെ ഉന്നത ശീര്‍ഷനായ കോണ്‍ഗ്രസ്സുകാരനോടു പോലും വര്‍ഗീയ വിവേചനം കാണിക്കുന്നുവെങ്കില്‍, മുസ്‌ലിംകളോടുള്ള അനുഭാവം തൊലിപുറത്തിനപ്പുറം കടക്കുമോ എന്ന് സാധാരണ മുസ്‌ലിംകള്‍ സംശയിക്കാന്‍ ഈ സംഭവം കാരണമായി.
മുസ്‌ലിം പ്രമാണിമാരുടെ സാമ്രാജ്യത്വ ദാസ്യത്തിനെതിരില്‍ കടുത്ത നിലപാടുകളെടുത്ത സാഹിബ്, മുസ്‌ലിം താല്‍പര്യങ്ങളെ നാഷനല്‍ കോണ്‍ഗ്രസ്സ് കൊണ്ടംഗീകരിപ്പിച്ച്., മുഴു ജനതയെയും പ്രതിനിധാനം ചെയ്യുന്ന എന്ന തങ്ങളുടെ അവകാശവാദത്തോട് നീതി പുലര്‍ത്താന്‍ സംഘടനയെ പ്രേരിപ്പിച്ചു. 1931 സെപ്റ്റംബര്‍ 19 ന് മലബാറിലാകമാനം കെ പി സി സി യെ കൊണ്ട് 'മാപ്പിളദിനം' ആചരിപ്പിച്ചത് അദ്ദേഹമായിരുന്നു. താന്‍ കൂടി ഭാഗമായ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പൊതുമണ്ഡലത്തിലവതരിപ്പിക്കുന്നത് തന്റെ ദേശീയപ്രവര്‍ത്തകനെന്ന പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുമെന്ന് കരുതി മൗനിയായിരിക്കുന്ന ഭീരുവോ മാപ്പുസാക്ഷിയോ ആയിരുന്നില്ല സാഹിബെന്നര്‍ത്ഥം. മലബാര്‍ ലഹള സംബന്ധിച്ച് വളരെക്കാലമായി കാരാഗൃഹത്തിലും ആന്തമാന്‍ ദ്വീപിലും മറ്റുമായി നരകിക്കുന്ന നമ്മുടെ സഹോദരന്മാരുടെ മോചനമാണ് മാപ്പിള ദിനത്തിന്റെ ഉദ്ദേശ്യമെന്ന് കോഴിക്കോട് താലുക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി, പി. കുമാരന്റെ പ്രസ്താവന സെപ്തംബര്‍ 4 ന്റെ 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ചു. നോമ്പു കാലത്ത് ഏറനാട്ടിലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ സ്‌പെഷല്‍ പോലീസിനെ നിര്‍ത്തുന്നതിനെതിരിലും ഹിച്ച്‌കോക്ക് സ്മാരകം പൊളിക്കുന്നതിനു വേണ്ടിയും സാഹിബ് നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു.
സമുദായത്തിനുള്ളില്‍ നിന്ന് വഹാബിയും കാഫിറുമെന്ന പ്രചാരണം, പുറത്തുനിന്ന് മുസ്‌ലിം വര്‍ഗീയ വാദി എന്ന ആരോപണം. രണ്ട് വിരുദ്ധ പ്രചരണങ്ങളെ ഒരേ സമയം അഭിമുഖീകരിക്കേണ്ടി വന്നു, സാഹിബിന്. വഹാബിയാക്കി ചിത്രീകരിച്ച് യാഥാസ്ഥിതിക മുസ്‌ലിംകളെ അദ്ദേഹത്തിനെതിരില്‍ തിരിച്ച് വിടുകയായിരുന്നു, സാമുദായിക പ്രമാണികള്‍. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ല്യാര്‍ സാഹിബിനെതിരില്‍ കുഫ്ര്‍ ഫത്‌വ പുറപ്പെടുവിപ്പിച്ചപ്പോള്‍, സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖനായിരന്ന ഖുതുബി മുസ്‌ലിയാരെപ്പേലുള്ളവര്‍ അബ്ദുറഹ്മാന്‍ വിരോധത്തിന് ആക്കം കൂട്ടി. ബാങ്ക് പലിശയുമായി ബന്ധപ്പെട്ട ഒരു വിവാദവും, മുസ്‌ലിം സാമുദായികയോടുള്ള വിയോജിപ്പും ഉല്‍പതിഷ്ണു പണ്ഡിതന്മാരെയും പലപ്പോഴും സാഹിബിന്റെ എതിര്‍പക്ഷത്ത് നിര്‍ത്തി. സമുദായ നേതാക്കളുടെ പ്രചരണം 1934 ല്‍ കേന്ദ്ര അസംബ്ലിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ അബ്ദുസ്സത്താര്‍ സേട്ടുവിനോടുള്ള മത്സരത്തില്‍ സാഹിബ് 322 വോട്ടുകള്‍ക്ക് തോല്‍ക്കാന്‍ കാരണമായി. എന്നാല്‍ 1937 ലെ മദ്രാസ് അസംബ്ലി തെരെഞ്ഞെടുപ്പില്‍ കാഫിറാണെന്ന പ്രചരണത്തെ അതിജീവിച്ച് അദ്ദേഹം വിജയിച്ചു. കോണ്‍ഗ്രസ്സിലെ സവര്‍ണ - ജാതി ശക്തികളും അബ്ദുറഹ്മാനെതിരില്‍ കിട്ടിയ അവസരങ്ങളിലെല്ലാം പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. സാഹിബ് ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് മത്സരിച്ച 1939 ല്‍, ഗാന്ധി സേവാ സംഘം എന്ന പേരില്‍ ഇക്കൂട്ടര്‍, 'യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരന്‍ വോട്ടുചെയ്യുക' എന്നൊരു ലഘുലേഖ അടിച്ചിറക്കി. അവരുടെ ദൃഷ്ടിയില്‍ അബ്ദുറഹിമാന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരനായിരുന്നില്ല. എന്തായാലും ആ തെരെഞ്ഞെടുപ്പില്‍ സാഹിബ് തോറ്റു.

കെ പി സി സിപ്രസിഡണ്ട് പദവി
1936 ല്‍ സാഹിബ് കെ പി സി സി യിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. എന്നാല്‍ 1938 ല്‍ തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം കെ പി സി സി യുടെ പ്രസിഡണ്ട് പദവിയിലുമെത്തി. ഇ .എം. എസ് ആയിരുന്നു ആ പ്രാവശ്യം സെക്രട്ടറി. ഇക്കാലയളവില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രഡിഡണ്ടായിരുന്ന കേളപ്പനുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായത് കോണ്‍ഗ്രസ്സിലെ ഇടത് - വലത് ചേരികള്‍ക്കിടയിലെ വിടവ് വര്‍ധിക്കാന്‍ കാരണമായി. മേല്‍തട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചത് ഇക്കാലത്താണ്. 1939 ലും 40 ലും വീണ്ടും സാഹിബ് പ്രസിഡണ്ടായി തിരെഞ്ഞെടുക്കപ്പെട്ടു. പക്ഷെ, 1940 ജൂലൈ രണ്ടിന് രാജ്യ രക്ഷാ നിയമം 26 ാം വകുപ്പ് പ്രകാരം സാഹിബ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനിടെ സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയില്‍ സാഹിബ് അംഗമായി, എന്ന് മാത്രമല്ല അദ്ദേഹം അതിന്റെ കേരളാ ഘടകം പ്രസിഡണ്ടുമായിരുന്നു. ഈ ബന്ധം, പുറത്തുവിടേണ്ട ഘട്ടങ്ങളിലൊക്കെ അബ്ദുറഹ്മാനെ ജയിലില്‍ തന്നെ നിര്‍ത്താന്‍ ബ്രിട്ടീഷ് ഭരണകൂടം പിടിവള്ളിയായി ഉപയോഗിച്ചു. രണ്ടാം ലോക മഹായുദ്ധ സാഹചര്യത്തില്‍ പലരെയും വിട്ടയച്ചെങ്കിലും സാഹിബിനെ വിടാന്‍ ഭരണകൂടം മടിച്ചു. വെല്ലൂര്‍, ബെല്ലാരി, രാജമന്ദ്രി ജയിലുകളിലായി ഒരുപാട് കാലം കഴിഞ്ഞു പോയിരുന്നു. കേരള സംസ്ഥാന മുസ്‌ലിം മജ്‌ലിസിന്റെ ആഹ്വാന പ്രകാരം 1945 ജൂലൈ 3 ന് അബ്ദുറഹ്മാന്‍ ദിനമായി ആചരിച്ചു. ജൂണ്‍ 29 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച മുഹമ്മദബ്ദുറഹ്മാന്‍ എന്ന മുഖലേഖനത്തില്‍ ഇങ്ങനെ എഴുതി:
''രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ ശ്രദ്ധാലുക്കളായവര്‍ക്ക് മാത്രമല്ല ധീരതയെയും ത്യാഗത്തെയും സ്ഥിരതയെയും മാനിക്കുവാന്‍ സാധിക്കുന്ന ആര്‍ക്കും തന്നെ മി. അബ്ദുറഹ്മാനെ ബഹുമാനിക്കാതിരിക്കാന്‍ കഴിയില്ല. പരിഷ്‌കൃത ദണ്ഡന രീതികള്‍ക്ക് വിരുദ്ധമായി വിചാരണ ചെയ്യാതെ സ്വാതന്ത്ര്യം അപഹരിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തെപ്പോലുള്ളവരെ ബന്ധനത്തില്‍ വെച്ചുകൊണ്ടിരിക്കുന്നത് ഇനിയും അംഗീകരിക്കാനാവുന്നതല്ല''.

സാഹിബും വിഭജനവാദവും
എന്തായാലും 1945 സെപ്തംബര്‍ ആറിന് സാഹിബ് മോചിതനായി. അപ്പോഴേക്കും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് വിഭജന വാദം ശക്തമായിരുന്നു. മൗലാനാ ആസാദിന്റെ മാതൃക പിന്തുടര്‍ന്ന് സാഹിബും വിഭജന വിരുദ്ധ പക്ഷത്ത് നിലകൊണ്ടു. അതേസമയം കോണ്‍ഗ്രസ്സിന്റെ ചില രാഷ്ട്രീയ തീരുമാനങ്ങള്‍, നേരത്തേ ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്നിരുന്ന പല മുസ്‌ലിംകളെയും ലീഗിന്റെ വിഭജനാനുകൂല പാളയത്തിലേക്ക് തെളിച്ചതായി ഖിന്നതയോടെ സാഹിബ് കാണുന്നുണ്ടായിരുന്നു. മുമ്പ് ജയിലറകളില്‍ തങ്ങള്‍ക്ക് നമസ്‌കരിക്കാനും, അംഗശുദ്ധി വരുത്താനും, നമസ്‌കരിക്കാന്‍ പാകത്തില്‍ മാന്യമായ വസ്ത്രം ലഭ്യമാക്കാനും വേണ്ടി സമരം നയിച്ച അബ്ദുറഹ്മാന്‍ സാഹിബെന്ന മതഭക്തന്‍, മുസ്‌ലിംകള്‍ക്കായൊരു ഗേഹം എന്ന ആശയത്തെ എതിര്‍ക്കുന്നത്  സാധാരണക്കാരായ മുസ്‌ലിംകള്‍ക്കു മനസ്സിലായതുമില്ല. അതിനാല്‍ തന്നെ, വിഭജന വിരോധിയും, അതിനാല്‍ തന്നെ 'സമുദായ ഭ്രഷ്ടിനര്‍ഹനു'മായ അബ്ദുറഹ്മാന്, ഗോബാക്ക് വിളിക്കാനും, കറുപ്പുകൊടി കാണിക്കാനും, പല മുസ്‌ലിം സാധാരണക്കാരെയും രംഗത്തിറക്കാന്‍, മുസ്‌ലിം ലീഗിന്റെ പ്രമാണി നേതൃത്വത്തിനു കഴിഞ്ഞു. മുസ്‌ലിം ലീഗിന്റെ ലാഹോര്‍ പ്രമേയം ആവശ്യപ്പെട്ട പോലെ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മുസ്‌ലിംകള്‍ക്കായി ഒരു പ്രത്യേക രാജ്യം വാങ്ങിച്ചെടുക്കുന്നതില്‍, രാജ്യത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മാപ്പിളമാര്‍ക്കെന്ത് കാര്യം എന്നാലോചിക്കാന്‍ മലബാറിലെ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലല്ലോ എന്നതാണ് സാഹിബിനെ ഖിന്നനാക്കിയത്. 1945 ഒക്‌ടോബറില്‍ തലശ്ശേരിയിലും, മാങ്കാവിലും സാഹിബ് പങ്കെടുത്ത പൊതുയോഗങ്ങള്‍ വിഭജനാനുകൂലികളുടെ പ്രതിഷേധങ്ങളാല്‍ സംഘര്‍ഷഭരിതമായി. അബ്ദുറഹ്മാന്‍ ഗോ ബാക്ക്, അബ്ദുറഹ്മാന്റെ തലയെടുക്കും തുടങ്ങിയ പ്ലക്കാര്‍ഡുകളും പരസ്യപ്പലകകളും നിറഞ്ഞിരുന്നു. മാങ്കാവില്‍ വധഭീഷണികള്‍ക്ക് മുന്നില്‍ നിന്ന് സാഹിബ് പറഞ്ഞു: ''അബ്ദുറഹ്മാന്റെ തലയെടുക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു. എന്റെ തല ഇവര്‍ വിചാരിച്ചാല്‍ എടുക്കാന്‍ കഴിയുകയില്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമെ എന്റെ തലയെടുക്കാന്‍ കഴിയൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ അശക്തരായ ഇവിടെ കൂടിയ എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍ വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധ്യമല്ല''. മദ്രാസിലെ ഗോഖലെ ഹാളില്‍ തമിഴ്‌നാട് കോണ്‍ഗ്രസ്സ് നേതാവ് അല്ലാപിച്ച സംഘടിപ്പിച്ച യോഗത്തിനെത്തിയ സാഹിബിന്റെ മുഖത്തേക്ക് എതിരാളികള്‍ കാര്‍ക്കിച്ച് തുപ്പി: തല്ലിച്ചതച്ചു. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം ചോദിച്ചു:
''പാക്കിസ്ഥാനാകേണ്ടത് വടക്കു പടിഞ്ഞാറും വടക്ക് കിഴക്കും ഉള്ള മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളാണല്ലോ. അവര്‍ അത് സ്ഥാപിച്ച്, അവര്‍ക്ക് സ്വാതന്ത്യം കിട്ടി എന്ന് തന്നെ വരട്ടെ. മദിരാശിക്കാരായ, ഹിന്ദു ഭൂരിപക്ഷ സംസ്ഥാനത്തിലെ വെറും ഏഴ് ശതമാനം മാത്രം വരുന്ന ന്യൂനപക്ഷക്കാരായ നമുക്ക്, മുസ്‌ലിംങ്ങള്‍ക്ക് അത് കൊണ്ട് കാര്യമെന്തുണ്ട്? നാം ഇവിടെ നിന്ന് അങ്ങോട്ട് കെട്ടുംകെട്ടി അങ്ങോട്ട് പോകാന്‍ തയ്യാറുണ്ടോ? അതില്ലെങ്കില്‍ ഏക ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരു നിന്ന് ഭൂരിപക്ഷത്തിന്റെ അതൃപ്തി സമ്പാദിക്കുവാന്‍ മാത്രം നാം പാക്കിസ്ഥാന്‍ മുറവിളി കൂട്ടുന്നത്‌ ശരിയാണോ? അയല്‍വാസിയുടെ വിദ്വേഷം സമ്പാദിച്ചു കൊണ്ട് ഇവിടെ ജീവിക്കുന്നത് സുഖകരമാണോ? മലബാറില്‍ മൂന്നിലൊരു ഭാഗം മുസ്‌ലിംകളാണ്. മലബാറിനെ ഒരു പാക്കിസ്ഥാനാക്കുക സാധ്യമാണോ? മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളെ മൂന്നില്‍ ഒരു ഭാഗം അടക്കി ഭരിക്കുമെന്ന വാദം സ്വബാധമുള്ളവര്‍ കൊണ്ടുവരുമെന്ന് തോന്നുന്നില്ല. 

മലബാറിലെ രാഷ്ട്രീയ സാഹചര്യം, ദേശീയ സാചര്യത്തിന് സമാനമായി രാജ്യ വിഭജനത്തിനനുകൂലവും പ്രതികൂലവുമായ രണ്ട് ചേരി തിരഞ്ഞ് പ്രക്ഷുബ്ധാവസ്ഥയില്‍ നില്‍ക്കെ, 1945 നവംബര്‍ 23 ന് മുഹമ്മദ് അബ്ദുറഹ്മാന്‍ ആകസ്മികമായി അന്തരിച്ചു.

സമാപനം:
മത മൂല്യങ്ങളാല്‍ പ്രചോദിതമായ പൊതുജീവിതത്തിനുടമയായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍. അബ്ദുറഹ്മാനെ സംബന്ധിച്ചിടത്തോളം മതം എന്നത്, തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ട ഉപകരണമോ, താനും ദൈവവും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടോ ആയിരുന്നില്ല. അല്‍ - അമീന്‍ പത്രത്തിന്റെ പേരിന് തൊട്ട് താഴെ ദിവസവും ചേര്‍ത്തിരിക്കുന്ന ഖുര്‍ആന്‍ വാക്യം അനുശാസിക്കുന്ന പോലെ, ഏത് പ്രതികൂല സാഹചര്യത്തിലും നിര്‍വഹിക്കാന്‍ ബാധ്യസ്ഥമായ നീതിക്കു വേണ്ടിയുള്ള സാക്ഷ്യത്തിന്റെ നിര്‍വഹണമായിരുന്നു അദ്ദേഹത്തിന് മതം. അതിനാലാണ് ആത്മമിത്രവും, പഞ്ചാബ്  പി സി സി പ്രസിഡന്റുമായിരുന്ന മിയാന്‍ ഇഫ്തിഖാറുദ്ദീനുള്‍പ്പെടെയുള്ളവരും, അബ്ദുറഹ്മാനെ നെഞ്ചേറ്റിയ അനുയായികളില്‍ പലരും രാഷ്ട്രവിഭജനത്തിനനുകൂലമായ നിലപാടെടുത്തപ്പോഴും അദ്ദേഹം അതിന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചത്. കോണ്‍ഗ്രസ്സിന്റെ ഹിന്ദു അനുകൂല നിലപാടുകളും, രാഷ്ട്രീയ വഞ്ചനകളും, ചാലപ്പുറം ഗാങ് എന്നദ്ദേഹം തന്നെ വിശേഷിപ്പിച്ചിരുന്ന മേല്‍ജാതി കോണ്‍ഗ്രസ്സുകാരില്‍ നിന്നുണ്ടായ ദുരനുഭവവും എല്ലാറ്റിനുമുപരി സമുദായ താല്‍പര്യവും ഒരു വേള അബ്ദുറഹ്മാനെ ഒരു സാമുദായിക വാദിയാക്കുമായിരുന്നു. പക്ഷെ, സത്യസാക്ഷ്യം ജീവിത ദൗത്യമാക്കിയ ഒരാളുടെ നയനിലപാടുകള്‍ രൂപംകൊള്ളേണ്ടത് ചില പ്രകോപനങ്ങളോടുള്ള പ്രതികരണമായല്ല എന്നതായിരുന്നു സാഹിബിന്റെ പക്ഷം. എന്നാല്‍, സ്വാതന്ത്ര്യത്തിനു ശേഷം, സാഹിബിന്റെ ലീഗ്‌വിരുദ്ധ മുഖം മാത്രമാണ് നാട്ടില്‍ ആഘോഷിക്കപ്പെട്ടത്. ചില രാഷ്ട്രീയ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിന്, മുസ്‌ലിം സമുദായത്തില്‍ നിന്നു തന്നെയുള്ള ചില ബിംബങ്ങളുടെ ആവശ്യമുണ്ടായിരുന്നു എന്നതാണ് അതിനു കാരണം. എന്നാല്‍ അബ്ദുറഹ്മാന്‍ ഇന്ന് മനസ്സിലാക്കപ്പെടുന്ന അര്‍ത്ഥത്തിലുള്ള ഒരു ദേശീയ മുസ്‌ലിം ആയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ ഒരു ചെറിയ പരിശോധന വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്സിലെ സവര്‍ണക്കോയ്മക്ക് മുന്നില്‍ മാപ്പുസാക്ഷി മനോഭാവത്തോടെയും അപകര്‍ഷതാ ബോധത്തോടെയും പഞ്ചപ്പുച്ചമടക്കി നില്‍ക്കുന്ന ദേശീയ മുസ്‌ലിമില്‍ നിന്ന് ഭിന്നമായി മതമൂല്യങ്ങളില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജം പൊതുജീവിതത്തിലേക്ക് പ്രസരിപ്പിക്കാനാണ് സാഹിബും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മൊയ്തു മൗലവിയും, എന്‍.പി  അബുവും, വി. എ ആസാദുമെല്ലാം ശ്രമിച്ചത്. പക്ഷെ, അത്തരമൊരു ധാരയ്ക്ക് പിന്തുണയും തുടര്‍ച്ചയുമില്ലാതെ പോയി എന്നതാണ് സാഹിബിന്റെ പ്രസ്ഥാനത്തിന്റെ ദിശാബോധമില്ലായ്മയുടെ മര്‍മ്മം.

Reference

1. ''മുഹമ്മദ് അബ്ദുറഹ്മാന്‍'', എസ്.കെ പൊറ്റക്കാട്, പി. പി ഉമ്മര്‍കോയ, എന്‍. പി മുഹമ്മദ്, കെ. എ കൊടുങ്ങല്ലൂര്‍; (മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ കമ്മിറ്റി കോഴിക്കോട്; 1978)
2. '' മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്''; എം. റഷീദ്, ഇസ്‌ലാമിക്ക് പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്; 1994
3. ''കഴിഞ്ഞ കാലം'', കെ. പി കേശവമേനോന്‍, മാതൃഭൂമി പ്രിന്റിങ്ങ് & പബ്ലിഷിംഗ് കമ്പനി, കോഴിക്കോട്; 1986
4. ''ഓര്‍മകളുടെ തീരത്ത്'', കെ. ഉമ്മര്‍ മൗലവി, സല്‍സബീല്‍ പബ്ലിഷേഴ്‌സ്, കൊച്ചി, 2002
5. The Muslims of India - A documentary record, A.G Noorani (e. d), Oxford University Press; 2003
6. Partisans of Allah: Jihad in South Asia, Ayesha Jalal, Permanent Bleak ; 2008

author image
AUTHOR: ഡോ. മുഹമ്മദ് ബദീഉസ്സമാന്‍
   (അസി. പ്രൊഫ. എം.ഇ.എസ്. കുറ്റിപ്പുറം)

RELATED ARTICLES