ക്രിസ്താബ്ദം പതിനാറാം നൂറ്റാണ്ടോടു കൂടിയാണ് പ്രവാചക കുടുംബത്തില്‍ നിന്നുളള പ്രബോധകരുടെ കേരളത്തിലേക്കുളള പ്രയാണം ആരംഭിക്കുന്നത്. പതിനഞ്ചാംനൂറ്റാണ്ടില്‍ പഴയ പേര്‍ഷ്യയുടേയും പിന്നീട് യു എസ് എസ് ആറിന്റെയും ഭാഗമായ ഉസ്‌ബെകിസ്ഥാനിലെ ബുഖാറയില്‍ നിന്ന്, മുഹമ്മദ്(സ)യുടെ 29-ാം തലമുറയില്‍പ്പെട്ട സയിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി(റ) കണ്ണൂരിലെ വളപ്പട്ടണത്ത് എത്തുന്നതോടെ ഈ ആഗമനത്തിന് ആരംഭം കുറിച്ചു. ഇദ്ദേഹമാണ് കേരളത്തില്‍ എത്തിയ ആദ്യ സയ്യിദ് വംശജന്‍. പിന്നീട് യമനിലെ ഹളര്‍മൗത്തില്‍നിന്നും മറ്റും സയ്യിദ് കുടുംബങ്ങളിലെ മഹത്തുക്കളുടെ ഒരു നീണ്ട നിരതന്നെ കേരളത്തില്‍ എത്തുന്നത് ചരിത്രത്തില്‍ വായിച്ചെടുക്കാന്‍ കഴിയും. ഇമാം ഹുസൈന്‍ (റ)ന്റെ 3-ാം തലമുറയിലെ ഇമാം ജഅ്ഫര്‍ സ്വാദിഖിന്റെ പുത്രന്‍ ഇമാം മൂസല്‍ കാളിമിന്റെ സന്താന പരമ്പരയിലാണ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി വരുന്നതെങ്കില്‍ ജഅ്ഫര്‍ സ്വാദിഖിന്റെ മറ്റൊരു പുത്രനായ സയ്യിദ് അലി ഉറൈളി (റ)ലേക്കാണ് ഹള്‌റമി സയ്യിദന്‍മാരുടെ പരമ്പര ചെന്നെത്തുന്നത്.
ബുഖാരി സാദാത്ത് വംശം മുമ്പ് വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്താന പരമ്പരയിലെ 11 -ാമത്തെ പുത്രനും സയ്യിദ് മഹ്മൂദുല്‍ ബുഖാരിയുടെ മൂന്നാമത്തെ പിതാമഹനുമായ അലിയുല്‍ അഷ്‌കര്‍ ജലാലുദ്ദീനിലേക്ക് ചേര്‍ത്ത് “ജലാല്ലിയ്യ എന്ന നാമത്തിലും, പ്രവാചക സന്താന പരമ്പരയിലെ 6-ാമത്തെ പുത്രനും ഇമാം ജഅ്ഫര്‍ സ്വാദിഖിന്റെ മകനുമായ ഇമാം മൂസല്‍ ഖാളിം എന്ന പേരിലേക്ക് ചേര്‍ത്ത് ഖാളിമി” എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു. മുഹമ്മദ് നബിയുടെ സന്താന പരമ്പരയിലെ 14 -ാമത്തെ പിന്‍ഗാമി സയ്യിദ് മഹ്മൂദുല്‍ ബുഖാരിയിലേക്ക് ചേര്‍ത്ത് കൊണ്ടാണ് ബുഖാരികള്‍ എന്നറിയപ്പെടുന്നത് എന്നതാണ് മറ്റൊരഭിപ്രായം.
ബുഖാരി സാദാത്തുകള്‍ കേരളത്തില്‍
സ്‌പെയിനിലെ കൊര്‍ദോവയേയും ഇറാഖിലെ ബാഗ്ദാദിനെയും പോലെ ഉല്‍കൃഷ്ടമായ സംസ്‌കാരത്തിന്റയും ഉന്നതമായ വിജ്ഞാനത്തിന്റേയും കേന്ദ്രവും, ഇമാം ബുഖാരി, ഇബ്‌നുസീന പോലുളള പ്രസിദ്ധ പണ്ഡിതന്മാരുടെ നിവാസഭൂമികയുമായിരുന്നു ബുഖാറ. ഇവിടെ നിന്നാണ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി പ്രബോധനാര്‍ത്ഥം കേരളക്കരയിലെത്തുന്നത്. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ ഏക പുത്രനായിരുന്നു സയ്യിദ് ഇസ്മാഈല്‍ അഖ്ബര്‍ ബുഖാരി (റ) ഇദ്ദേഹത്തിന്റെ 3 സന്താനങ്ങളിലൂടെ (സയ്യിദ് അഹ്മദ് ബുഖാരി, സയ്യിദ് മുഹമ്മദ് ബുഖാരി,സയ്യിദ് ബാ ഫക്‌റുദ്ദീന്‍ ബുഖാരി)യാണ് ബുഖാരി സാദാത്തുവംശം കേരളത്തില്‍ വ്യാപിച്ചത്. ഇന്ന് കേരളത്തില്‍ പലയിടങ്ങളിലായി, പ്രധാനമായും തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം, പാടൂര്‍, പുതിയകാവ്, കണ്ണൂര്‍ ജില്ലയിലെ വളപ്പട്ടണം, തലശ്ശേരി, ഏഴിമല, രാമന്തളി, കണ്ണൂര്‍, കഞ്ഞിമംഗലം, ഉദ്ദാരം കൂടാതെ കൊച്ചി, കരുവാന്‍ തുരുത്തി, ചാലിയം, പയ്യോളി, മലപ്പുറം, അരീക്കോട് വടക്കേങ്ങര, വെള്ളേങ്ങാട്, കൊന്നാര തുടങ്ങി മുതലായ പ്രദേശങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന വളരെ ബൃഹത്തായ ഒരു ശൃംഖലയാണ് കേരളത്തിലെ ബുഖാരി സാദാത്തുകള്‍. കേരളത്തില്‍ വൈജ്ഞാനിക മതപ്രബോധന സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെല്ലാം വിലയേറിയ സംഭാവനകള്‍ നല്‍കുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. 1921 ലെ ഖിലാഫത്ത് പ്രക്ഷോഭവേളയില്‍ അധിനിവേശശക്തികളായ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിക്കുവാനും ഈ പണ്ഡിതന്മാര്‍ വഹിച്ച പങ്ക് വളരെ പ്രസ്താവ്യമാണ്. ഇവരില്‍ പ്രമുഖ പണ്ഡിതനായിരുന്നു ഷാഹുല്‍ ഹമീദ് പൂക്കോയ തങ്ങള്‍ ബുഖാരി.
വൈജ്ഞാനിക മതപ്രബോധന രംഗങ്ങളില്‍
കേരളത്തില്‍ വൈജ്ഞാനിക മത പ്രബോധന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ചവരാണ് ബുഖാരി സാദാത്ത് വംശത്തിലെ പണ്ഡിതന്മാര്‍. അവര്‍ കേരളത്തിലുടനീളം സഞ്ചരിച്ച് ജനങ്ങളെ ഉത്‌ബോധനം നടത്തുകയും നേര്‍ വഴിയിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് സാന്ത്വനമേകുകയും ചെയ്തിരുന്നു. മലയാളക്കരയിലെ മുസ്‌ലിംസമൂഹത്തിന്റെ സ്വത്വനിര്‍മ്മിതിയിലും അവരുടെ സംസ്‌കരണപ്രവര്‍ത്തനങ്ങളുടെ നൈരന്തര്യം നിലനിര്‍ത്തുന്നതിലും നിസ്തുലവും സ്തുത്യര്‍ഹവുമായ പ്രവര്‍ത്തനങ്ങളാണ് സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ ബുഖാരി (റ)വും അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരും നിര്‍വഹിച്ചത്. ഇസ്‌ലാമിന്റെ വ്യാപനം കൂടുതല്‍ മേഖലകളിലേക്ക് വികസിക്കുന്നതിനും സൂഫി സരണികളിലൂടെ (സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, നഖ്ശബന്ദി, ഖാദിരി ത്വരീഖത്തുകളുടെ ഗുരുവായിരുന്നു) നിലനില്‍ക്കുന്ന മുസ്‌ലിം സമൂഹത്തിന്റെ ആത്മസംസ്‌കരണവും സമൂഹത്തിന്റെ മതാത്മകമായ വീണ്ടെടുപ്പും സാധ്യമാകുന്നതിനും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തായ സംഭാവനകള്‍ നല്‍കി. കേരളീയ മുസ്‌ലിം ചരിത്രത്തില്‍ ഇത്തരം വ്യക്തിത്വങ്ങളുടെ അടയാളപ്പെടുത്തലായിരുന്നു, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയും പുത്രന്‍ സയ്യിദ് ഇസ്മാഈല്‍ അക്ബറും അദ്ദേഹത്തിന്റ പൗത്രസന്തതിയായ സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയും മറ്റും.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി വളപ്പട്ടണം കേന്ദ്രമാക്കി ദീനി പ്രബോധനവും സമൂഹസംസ്‌കരണവും നിര്‍വഹിച്ചു. പ്രദേശത്തുകാര്‍ അദ്ദേഹത്തെ ദേശത്തിന്റെ ഖാദി സ്ഥാനത്തും നേതൃത്വത്തിലും അവരോധിക്കുകയും ചെയ്തു. ഉത്തര കേരളത്തില്‍ മതപ്രബോധന രംഗത്തും വൈജ്ഞാനിക രംഗത്തും വളരെ സംഭാവനകള്‍ നല്‍കുവാന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി(റ)ക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍തലമുറയില്‍പ്പെട്ടവരാണ് ഇന്നും വളപ്പട്ടണത്തെ ഖാസിമാര്‍. കേരളത്തിലെ ബുഖാരി സാദാത്ത് വംശ സ്ഥാപകനായ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി വളപ്പട്ടണത്തെ കക്കുളങ്ങര പളളിയുടെ സമീപത്തുളള മഖ്ബറയിലാണ് അന്ത്യ വിശ്രമം കൊളളുന്നത്. അദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ലക്ഷദ്വീപിലും സഞ്ചരിക്കുകയും മതപ്രബോധന രംഗത്തും വൈജ്ഞാനിക രംഗത്തും വ്യാപൃതരാവുകയും ചെയ്തു. ഇവരില്‍ പ്രധാനികളായിരുന്നു സയ്യിദ് ഇസ്മാഈല്‍ ബുഖാരി (അക്ബര്‍). അദ്ദേഹത്തിന്റെ സന്തതികളായ സയ്യിദ് അഹ്മദ് ബുഖാരി, സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് ബാ ഫക്‌റുദ്ദീന്‍ ബുഖാരി അദ്ദേഹത്തിന്റെ പൗത്രന്‍ സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി, സയ്യിദ് അഹ്മദുല്‍ ബുഖാരി കടപ്പുറം, സയ്യിദ് മുഹമ്മദ് ഫക്‌റുദ്ദീന്‍ കോയക്കുട്ടി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ കടപ്പുറം, സയ്യിദ് മുഹമ്മദ് ബുഖാരി കൊന്നാര്, സയ്യിദ് ഹിവ്വത്തുളള തങ്ങള്‍ കടപ്പുറം, സയ്യിദ് ഇസ്മാഈല്‍ കൊച്ചു കോയ തങ്ങള്‍ തുടങ്ങിയവര്‍.
സയ്യിദ് ഇസ്മാഈല്‍
ബുഖാരി അക്‌ബര്‍
കേരളത്തിലെ ബുഖാരി സാദാത്തുകളുടെ വംശനാഥനായ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിയുടെ ഏക മകനാണ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി. അദ്ദേഹം ജന്മനാടായ വളപ്പട്ടണത്ത് നിന്നും മതപ്രബോധനാര്‍ത്ഥം കൊച്ചിയിലേക്ക് പോയി. അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്നു അദ്ദേഹം. അക്കാലത്ത് കൊച്ചിയില്‍ മുസ്‌ലിംകള്‍ നാമമാത്രമായിരുന്നു. അദ്ദേഹം അവിടെ മതപ്രബോധനം നടത്തുകയും ജനങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്തതികളാണ് സയ്യിദ് അഹ്മദ് ബുഖാരി, സയ്യിദ് മുഹമ്മദ് ബുഖാരി, സയ്യിദ് ബാ ഫക്‌റുദ്ദീന്‍ ബുഖാരി എന്നിവര്‍. പിന്നീട് ഇവരിലൂടെയാണ് കേരളക്കരയില്‍ ബുഖാരി സാദത്ത് വംശം വ്യാപിക്കുന്നത്. അഗാധമായ പാണ്ഡിത്യത്തിന്റെ മകുടോദാഹരണമായിരുന്നു മേല്‍പറഞ്ഞ മൂവരും. ഇതില്‍ സയ്യിദ് ബാ ഫക്‌റുദ്ദീന്‍ തങ്ങള്‍ കേരള മുസ്‌ലിം നവോത്ഥാന നായകനായ സൈനുദ്ദീന്‍ മഖ്‌റും(റ)ന്റെ ആത്മീയ ഗുരുവാണ്. ഹിജ്‌റ 1021 ല്‍ തന്റെ 76-ാമത്തെ വയസില്‍ സയ്യിദ് ഇസ്മഈല്‍ ബുഖാരി അന്തരിച്ചു. അദ്ദേഹം കൊച്ചിയില്‍ സ്വന്തമായി പണി കഴിപ്പിച്ച പളളിക്ക് സമീപത്ത് തന്നെയാണ് മറവു ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പളളിയാണ് ചെമ്പിട്ട പളളി എന്നറിയപ്പെടുന്നത്.
സയ്യിദ് മുഹമ്മദ് ബുഖാരി,
സയ്യിദ് അഹ്മദ് ബുഖാരി
കൊച്ചിയുടെ നവോത്ഥാന നായകനായറിയപ്പെടുന്ന സയ്യിദ് ഇസ്മാഈല്‍ ബുഖാരി (റ)ന്റെ രണ്ടാമത്തെ മകനാണ് സയ്യിദ് മുഹമ്മദ് ബുഖാരി. പിതാവിനെ പോലെ അഗാധപാണ്ഡിത്യത്തിനുടമയായിരുന്ന അദ്ദേഹം മതപ്രബോധന രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹം കണ്ണൂരിലെ വളപ്പട്ടണത്ത് നിന്നും മതപ്രബോധനാര്‍ത്ഥം മലപ്പുറം ജില്ലയിലെ പറവണ്ണയില്‍ എത്തുകയും, അവിടെ മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. പറവണ്ണയായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം . ഇദ്ദേഹത്തിലൂടെയാണ് മലപ്പുറം ജില്ലയില്‍ ബുഖാരി സാദാത്ത് വംശം വ്യാപിച്ചത്. പണ്ഡിതനും സൂഫി വര്യനും പ്രബോധകനുമായ അദ്ദേഹം ഹിജ്‌റ 1077 ല്‍ അന്തരിച്ചു. പറവണ്ണയിലെ തന്നെ ജുമാമസ്ജിദിലാണ് അദ്ദേഹം അന്ത്യ വിശ്രമം കൊളളുന്നത്.
സയ്യിദ് ഇസ്മഈല്‍ അക്ബറിന്റെ പ്രഥമ പുത്രനായ സയ്യിദ് അഹ്മദ് ബുഖാരി കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലം കേന്ദ്രമാക്കിയാണ് ദീനി പ്രബോധനം നിര്‍വ്വഹിച്ചത്. കൊച്ചിയില്‍നിന്ന് അദ്ദേഹം പിതാമഹന്റെ കേന്ദ്രമായിരുന്ന വളപ്പട്ടണത്തെത്തുകയും അവിടെ നിന്ന് സമീപ പ്രദേശമായ കുഞ്ഞിമംഗലത്ത് എത്തുകയുമായിരുന്നു. അദ്ദേഹം മുഖേന കുഞ്ഞിമംഗലം പഴയങ്ങാടി പ്രദേശങ്ങളില്‍ ദീനി പ്രബോധനരംഗം സജീവമാവുകയും ധാരാളം പേരുടെ മാര്‍ഗദര്‍ശനത്തിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായമാവുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ കൊച്ചിയുടെ വിവിധഭാഗങ്ങള്‍, തൃശ്ശൂര്‍ ജില്ലയിലെ പാടൂര്‍, കടപ്പുറം, പുതിയകാവ് പ്രദേശങ്ങളില്‍ വസിച്ചു വരുന്നു. കുഞ്ഞിമംഗലം ഉദ്ദാരം പളളിയുടെ മഖ്ബറയിലാണ് ഇദ്ദേഹം അന്ത്യവിശ്രമം കൊളളുന്നത്.
സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി
കേരളത്തിലെ ഇസ്‌ലാം മതപ്രബോധകരില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം മതപ്രബോധനം നടത്തുകയുണ്ടായി. ലോക പൈതൃക മാപ്പില്‍ ഇടം പിടിച്ച ചെമ്പിട്ടപ്പളളി പുനര്‍നിര്‍മ്മിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ എറണാകുളം ജില്ലയിലെ വെണ്ണല, നെട്ടൂര്‍, ആലപ്പുഴ ജില്ലയിലെ വടുതല, തിരുവിതാംകോട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പളളികള്‍ നിര്‍മ്മിച്ചു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം ഇതരമതപുരോഹിതന്‍മാരടക്കം നിരവധി പേര്‍ ഇസ്‌ലാം ആശ്‌ളേഷിക്കുകയുണ്ടായി. ഈ മഹാനുഭാവനോടുളള ബഹുമാനാര്‍ത്ഥം മാതാപിതാക്കള്‍ തങ്ങളുടെ ആണ്‍ സന്തതികള്‍ക്ക് അദ്ദേഹത്തിന്റെ നാമം വെയ്ക്കുവാന്‍ വളരെ താല്പര്യം കാണിച്ചിരുന്നു. തന്മൂലം തിരുവിതാംകൂറില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ സെയ്തു മുഹമ്മദ് എന്ന നാമം പ്രചാരം നേടി. മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. യുദ്ധക്കളത്തിലേക്ക് പോകുന്നതിന് മുമ്പ് ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ടായിരുന്നുവത്രെ.
തമിഴ്‌നാട്ടിലെ കായല്‍പട്ടണം, കീളക്കര, മേലെപ്പാളയം തുടങ്ങിയ മുസ്‌ലിം കേന്ദ്രങ്ങളിലും, ശ്രീലങ്ക, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ ദേശങ്ങളിലെ തമിഴ് മുസ്‌ലിം കേന്ദ്രങ്ങളിലും സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി ഇന്നും പ്രശസ്തനാണ്. കായല്‍ പട്ടണം സ്വദേശിയും അല്ലഫല്‍ അലിഫ്”തുടങ്ങിയ കൃതികളുടെ കര്‍ത്താവും പ്രമുഖ സൂഫീ വര്യനുമായ ഉമറുല്‍ ഖാഹിരി ഇദ്ദേഹത്തിന്റെ ശിഷ്യനാണ്. പ്രമുഖ സൂഫിവര്യനും ഉമറുല്‍ ഖാഹിരിയുടെ പേരമകനുമായ കീളക്കര്‍ മാപ്പിള ലബ്ബ ആലിം സാഹിബിനെ പോലെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണാനന്തരം അദ്ദേഹത്തെ സംബന്ധിച്ച വിലാപകാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്. ദൈവപ്രകീര്‍ത്തനങ്ങളാല്‍ നിബിഡവും സാഹിത്യസമ്പന്നവുമായ 'റാത്തീബ്ബല്‍ ജലാലിയ്യ'എന്ന കൃതി മാപ്പിള ലബ്ബ ആലിം സാഹിബ് സമര്‍പ്പിച്ചിരിക്കുന്നത് സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയുടെ പേരിലാണ്. കണ്ണൂര്‍ സിറ്റിയിലെ അറയ്ക്കല്‍ കൊട്ടാരത്തിന് സമീപമുളള മഖ്ബറയിലാണ് ഇദ്ദേഹം അന്ത്യ വിശ്രമം കൊളളുന്നത്.
സയ്യിദ് മുഹമ്മദ് ഫഖ്‌റുദ്ദീന്‍
കോയക്കുട്ടി തങ്ങള്‍
കേരളത്തിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്നു സയ്യിദ് മുഹമ്മദ് ഫഖ്‌റുദ്ദീന്‍ കോയക്കുട്ടി തങ്ങള്‍. അറബി മലയാള സാഹിത്യത്തിലെ അത്യുജ്ജ്വല ഗ്രന്ഥങ്ങളില്‍ പ്രസിദ്ധമായ വൈതുല്യത്തിന്റെ രചയിതാവാണ് ഇദ്ദേഹം. തികഞ്ഞ മത പണ്ഡിതനും പ്രബോധകനുമായിരുന്ന അദ്ദേഹം അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രിസാലത്തുല്‍ ഉല്‍വ്വിയ്യ, സൈഫുല്‍ മുബ്ബീന്‍, റദ്ദുല്‍ മതീന്‍, എന്നീ ഗ്രന്ഥങ്ങള്‍ സൂഫിത്വരീഖത്തിന്റെ വിവിധ വശങ്ങളെ വിശകലനം വിശകലനം ചെയ്യുന്നതാണ്. സൈഫുല്‍ മുളീഅ്, ഫവാഇദുല്‍ ഉനാസ്, തിര്‍യാഖുശ്ശിഫാ എന്നീ പദ്യകൃതികളും രചിച്ചിട്ടുണ്ട്. മുസ്‌ലിം സാധാരണക്കാര്‍ ഇസ്‌ലാമിന്റെ വിശ്വാസാചാരങ്ങള്‍ മനസിലാക്കുന്നതിനുവേണ്ടി അദ്ദേഹം അറബി മലയാള ലിപിയില്‍ നിരവധി ഗ്രന്ഥങ്ങളും ഫത്‌വകളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഥമ അറബി മലയാള ഗ്രന്ഥം. 'മനാസികുല്‍ മലൈബാരി ഫീ ഹജ്ജി ബൈത്തില്ലാഹില്‍ ബാരി'യാണ്. ഹജ്ജ് ഉംറ സംബന്ധിച്ച പഠനമാണ് ഈ ഗ്രന്ഥത്തില്‍. ഇസ്‌ലാമിക വിശ്വാസ കര്‍മശാസ്ത്രത്തെ സംബന്ധിച്ച് എഴുതിയ ഗ്രന്ഥമാണ് 'ഖസ്ദു സബീല്‍' അഥവാ വൈതുല്യം. കര്‍മ്മ ശാസ്ത്ര സരണി എന്ന പേരില്‍ ഈ ഗ്രന്ഥം മലയാളഭാഷയില്‍ ഇന്ന് ലഭ്യമാണ്. ഈ ഗ്രന്ഥം പല സ്ഥലങ്ങളിലും പഠിപ്പിക്കപ്പെടുന്നുണ്ട്. മുസ്‌ലിം നിര്‍ബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട അഖീദ, ഫിഖ്ഹ്, തസവ്വുഫ്, വൈദ്യശാസ്ത്രം തുടങ്ങി നാനാവിഭാഗം വിജ്ഞാനങ്ങള്‍ വിശദമായി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. വൈദേശിക കുത്തകയെ ചോദ്യം ചെയ്യുന്ന ഈ ഗ്രന്ഥം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുളള ഒരു ജിഹ്വ കൂടിയാണ്. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത് പാടൂരില്‍ താമസിച്ചിരുന്ന ഇദ്ദേഹം അവിടെ “മസ്ജിദുല്‍ വുസ്ത എന്നറിയപ്പെടുന്ന ഒരു പളളിയും അതിനോടനുബന്ധിച്ച് ഒരു ലൈബ്രറിയും സ്ഥാപിച്ചു. ഹിജ്‌റ 1298 റബീഉല്‍ ആഖിര്‍ 3 ന് വ്യാഴാഴ്ച തന്റെ 63-ാമത്തെ വയസ്സില്‍ അന്തരിച്ചു.
മറ്റൊരു പ്രതിഭാശാലിയും പണ്ഡിതനുമായിരുന്നു സയിദ് ഹാമിദ് കോയമ്മ തങ്ങള്‍ ബുഖാറ, കടപ്പുറം. ബുഖാരി സാദാത്തുക്കളുടെ സമഗ്ര ചരിത്ര ഗ്രന്ഥമായ 'മതാലിഉല്‍ ഹുദ'യുടെ രചയിതാവാണ് അദ്ദേഹം. അറബി, ഫാര്‍സി, ഉര്‍ദു ഗ്രന്ഥങ്ങളെ അപഗ്രഥിച്ച് ഇദ്ദേഹം രചിച്ച ഗ്രന്ഥമാണ് മതാലിഉല്‍ ഹുദ. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അതുല്യപാണ്ഡിത്യത്തിന് ഉടമയായ ഇദ്ദേഹം ഒരു സൂഫി വര്യനും കൂടിയായിരുന്നു. വൈജ്ഞാനിക രംഗത്തും പ്രബോധനരംഗത്തും നിറഞ്ഞു നിന്ന ഒരു സൂഫീ വര്യനായിരുന്നു ഹിബ്ബത്തുല്ല തങ്ങള്‍ ബുഖാരി. ചാവക്കാട്, കടപ്പുറം, വടക്ക് കാസര്‍കോട് മുതല്‍ തെക്ക് ഈരാറ്റുപേട്ട വരെ നിരവധി ശിഷ്യ ഗണങ്ങള്‍ ഉണ്ടായിരുന്ന ഇദ്ദേഹം നാലു മദ്ഹബിലും ഫത്‌വ നല്‍കാന്‍ കഴിവുളള അതി പണ്ഡിതനായിരുന്നു.
ബുഖാരീ സാദാത്ത് വംശത്തിലെ മറ്റൊരു പണ്ഡിതനായിരുന്നു സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ബുഖാരി ബുഖാറ, കടപ്പുറം. മുമ്പ് പ്രസ്താവിച്ച ബുഖാരി ഖബീലയുടെ സമഗ്ര ചരിത്ര പഠനമായ മതാലി ഉല്‍ ഹുദയുടെ കര്‍ത്താവായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഇദ്ദേഹത്തിന്റെ പിതാമഹനാണ്. സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
സാമൂഹിക,
രാഷ്ട്രീയ മേഖലയില്‍
വൈജ്ഞാനിക മത പ്രബോധന രംഗത്തെന്ന പോലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലും വളരെ സ്തുത്യര്‍ഹമായ പങ്ക് നിര്‍വ്വഹിക്കുവാന്‍ കേരളത്തില്‍ ബുഖാരീ സാദാത്തുക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുകയും സാന്ത്വനമേകുകയും അവര്‍ക്കിടയില്‍ നീതി നടപ്പിലാക്കുകയും ചെയ്ത ഇക്കൂട്ടര്‍ പാവപ്പെട്ടവരുടെ അവകാശങ്ങള്‍ അവര്‍ക്ക് വാങ്ങി നല്‍കുകയും ചെയ്തു. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ ഉല്‍കൃഷ്ടമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഇവരില്‍ എ.എസ്.എം. മൂസല്‍ ഖാസിം തങ്ങള്‍, ബി.വി.സീതി തങ്ങള്‍, കെ.കെ.എസ് തങ്ങള്‍, എ.എസ്.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബി കെ സി ഷാഹുല്‍ ഹമീദ് കോയക്കുട്ടി തങ്ങള്‍ എന്നിവരാണ് കേരളീയ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച പ്രമുഖര്‍.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തന സമിതി അംഗം ആയിരുന്ന എ.എസ്.എം മൂസല്‍ കാസിം തങ്ങള്‍ ബുഖാരി തിരൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുളള പഴയ പൊന്നാനി താലൂക്കിന്റെ പ്രസിഡന്റ് കൂടിയായിരുന്നു. കേരള സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന അദ്ദേഹം അയല്‍ സംസ്ഥാനമായ തമിഴ് നാട്ടിലെ തിരുനെല്‍വേലിയിലെ മേലെപ്പാളയത്ത് 1957 ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപക നേതാവ് ഖഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബ്ബിന്റെ നിര്‍ദ്ദേശപ്രകാരം മുസ്‌ലിംലീഗ് സ്ഥാപിച്ചു. കൂടാതെ തമിഴ് നാട്ടിലെ മേലെപാളയം, കായല്‍ പട്ടണം, കീളക്കര, ദിണ്ഡികല്‍, തൂത്തുക്കുടി, കടയനല്ലൂര്‍, സിര്‍ത്തണ്ട് എന്നീ പ്രദേശങ്ങളില്‍ ആത്മീയമായ നേതൃത്വം നല്‍കുകയും അവിടത്തെ ജനതയ്ക്ക് ദിശാബോധം നല്‍കുകയും ചെയ്തു. തല്‍ഫലമായി അദ്ദേഹത്തിന് നിരവധി ശിക്ഷ്യഗണങ്ങളെ സമ്പാദിക്കുവാന്‍ സാധിച്ചു. ചന്ദ്രികയുടെ സ്ഥാപക മെംബറായിരുന്ന അദ്ദേഹം അവിഭക്ത സമസ്തയുടെ യുവജന സംഘം തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റും കൂടിയായിരുന്നു.
കേരള സാമൂഹിക രാഷ്ട്രീയരംഗത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിത്വമാണ് ബി വി സീതി തങ്ങള്‍. അദ്ദേഹം അണ്ടത്തോട് നിയമസഭാ മണ്ഡലത്തില്‍ നിന്നും എം. എല്‍.എ യായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 3 തവണ ഗുരുവായൂര്‍ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് കേരള നിയമസഭയില്‍ എത്തുകയുണ്ടായി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാവക്കാട് പാടൂരില്‍ അലീമുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി സ്‌ക്കൂളും അദ്ദേഹം സ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറഞ്ഞ് നിന്ന മറ്റൊരു വ്യക്തിത്വമാണ് കെ കെ എസ് തങ്ങള്‍ . പെരിന്തല്‍മണ്ണയില്‍ നിന്നും കേരളാ നിയമസഭയിലേക്ക് കയറിവന്ന അദ്ദേഹം രാഷ്ട്രീയ രംഗത്ത് നിരവധി സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തന സമിതി അംഗമായിരുന്നു അദ്ദേഹം. മങ്കട പഞ്ചായത്ത് പ്രസിഡന്റ്, സംസ്ഥാന സ്വതന്ത്ര തൊഴിലാളി യൂണിയന്‍, സംസ്ഥാന സ്വതന്ത്ര കര്‍ഷകസംഘം, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍
ബുഖാരിയുടെ വംശപരമ്പര
മുഹമ്മദ് നബി(സ) മകള്‍ ഫാത്തിമ ബീവി, അലി(റ)മകന്‍ ഹുസൈന്‍(റ) അവരുടെ മകന്‍ സൈനുല്‍ ആബിദീന്‍ (മദീന) അവരുടെ മകന്‍ മുഹമ്മദ് ബാഖിര്‍ (മദീന), അവരുടെ മകന്‍ ജഅ്ഫര്‍ സ്വാദിഖ്(മദീന), അവരുടെ മകന്‍ മൂസല്‍ ഖാളിം (ബഗ്ദാദ്)അവരുടെ മകന്‍ അലിയു രിള, മകന്‍ മുഹമ്മദ് ജവാദ് (ബാഗ്ദാദ്)അവരുടെ മകന്‍ അലിയുല്‍ ഹാദി (സമ്‌റ), ജഅ്ഫറുല്‍ അസ്ഗര്‍ (ലറംസറഈ), അലിയുല്‍ അശ്ഖര്‍ (ബഗ്ദാദ്),സയ്യിദ് മഹ്മൂദ് (ബുഖാറ),അവരുടെ മകന്‍ സയ്യിദ് അഹ്മദ്, മകന്‍ സയ്യിദ് ജഅ്ഫര്‍ (ബുഖാറ), സയ്യിദ് അലിയ്യ് (ബഗ്ദാദ്), മകന്‍ ഹുസൈന്‍ ജലാലുല്‍ അഅ്‌ളം (അച്ച്-ഇന്തോനേഷ്യാ), അഹ്മദുല്‍ കബീര്‍ (ബുഖാറ), മകന്‍ അസ്സയ്യിദുല്‍ ഖുത്ബ് ഹുസൈന്‍ മഖ്ദൂം ജാഹിനിയാല്‍(അച്ച് ഇന്തോനേഷ്യാ), നാസറുദ്ദീന്‍ ഇസ്മായില്‍ അവരുടെ മകന്‍ സയ്യിദ് യൂനുസ്, മകന്‍ സയ്യിദ് മഹ്മൂദ്, മകന്‍ സയ്യിദ് മുഹമ്മദ്, മകന്‍ സയ്യിദ് സാലിം മകന്‍ സയ്യിദ് ഹുസൈന്‍, മകന്‍ സയ്യിദ് മഹ്മൂദ് മകന്‍ സയ്യിദ് ഇസ്മായില്‍ അവരുടെ മകന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍(വളപ്പട്ടണം).
1 മതാലിഉല്‍ ഹുദാ-സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍
2. ഫൈളു സ്വാരി-സയിദ്ഫഖ്‌റുദ്ദീന്‍ കോയക്കുട്ടി തങ്ങള്‍
3. കേരളത്തിലെ ബുഖാരി സാദാത്തീങ്ങള്‍-
4. ബുഖാരി പ്രമുഖരും ചരിത്രതാവഴിയും-സയ്യിദ് ഉനൈസ് അല്‍ ബുഖാരി മേല്‍മുറി, സാദാത്ത് ബുക്‌സ്, മലപ്പുറം
5. കേരളത്തിലെ പ്രവാചകകുടുംബങ്ങള്‍ ഉത്ഭവചരിത്രം-മുജീബ് തങ്ങള്‍ കൊന്നാര്, ഷിഫാ ബുക്സ്റ്റാള്‍
6. സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരി(റ)-
7. മിന്‍ഹുല്‍ ബാരി
8. അല്‍ ഇന്‍തിബാഹ് ഫീ സലാസിലില്‍ ഔലിയാഅ്
9. കന്‍സുല്‍ ബറാഹീന്‍
10. താരീഖുല്‍ ഖമീസ്
11. കര്‍മ്മശാസ്ത്ര സരണി (വൈതുല്യം)- കെ.കുഞ്ഞുമുസ്‌ലിയാര്‍ ഫൈസി (സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയക്കുട്ടി തങ്ങള്‍)