അറക്കല്‍ രാജവംശത്തിന്റെ ചരിത്രം ദീര്‍ഘമാണ്. അതെക്കുറിച്ച രചനകളും ഏറെയുണ്ട്. പക്ഷെ, അറക്കല്‍ സ്വരൂപം മലബാറിലെ സാമൂഹിക പരിവര്‍ത്തനത്തില്‍ വഹിച്ച പങ്കിനെ പ്രത്യേകമായി ക്രോഡീകരിച്ച സൃഷ്ടികള്‍ കുറവാണ്. 'കണ്ണൂരിലെ ആലിരാജവംശം' എന്നപേരില്‍ മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് പുറത്തിറക്കിയ ഗ്രന്ഥം ഈ വിഷയത്തില്‍ മികച്ചതാണ്. ചരിത്രപണ്ഡിതന്‍ ഡോ. കെ. കെ. എന്‍. കുറുപ്പിന്റെ ശ്രമകരമായ ദൗത്യമാണീ സൃഷ്ടി. ഈ പ്രബന്ധത്തിന്റെ ഏറ്റവും വലിയ അവലംബവും കെ.കെ.എന്‍.കുറുപ്പിന്റെ പഠനങ്ങളാണ്. അറക്കല്‍ സ്വരൂപത്തിന്റെ ആവിര്‍ഭാവവും ഐതിഹ്യവും രൂപപരിണാമങ്ങളും സംബന്ധിച്ച രചനകളും കണ്ടെത്തലുകളും ചില ഊഹങ്ങളിലും, ഉദ്ധരണികളിലെ വൈരുദ്ധ്യങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം. ചിലത് കാല്‍പനികവുമാണ്. ഇവയിലെല്ലാം ഓരം ചേര്‍ന്നു കിടക്കുന്ന കേവലമായ പരാമര്‍ശങ്ങളായിരുന്നു അറക്കല്‍ നിര്‍വഹിച്ച സാമൂഹിക ഇടപെടലുകള്‍. അതിന് കാരണമുണ്ടായിരുന്നു. അറക്കല്‍ സ്വരൂപത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ദൗത്യത്തെക്കാള്‍ അതിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ചെറുത്ത് നില്‍പ്പുകളായിരുന്നു കൊളോണിയലിസ്റ്റ് രേഖകളിലുള്ളത്. ബ്രിട്ടീഷുകാര്‍ക്ക് മുമ്പെ ഡച്ചും, പോര്‍ച്ചുഗീസും ഇവിടെ അധിനിവേശം നടത്താനൊരുങ്ങിയപ്പോള്‍ അത് പ്രതിരോധിച്ച ശക്തിയെന്ന നിലയിലാണ് അറക്കലിനെ ആംഗലേയ രചനകള്‍ പരിചയപ്പെടുത്തുന്നത്. അറക്കലും അതിന്റെ പിതൃത്വശ്രേണിയായ കോലത്തിരിയും എന്തായിരുന്നു എന്ന ചിത്രം നമുക്ക് ആംഗലേയ രേഖകളില്‍ നിന്ന് കിട്ടും. എന്തായിരുന്നു എന്നതിനപ്പുറം എന്തിന് വേണ്ടിയായിരുന്നു എന്ന വിശദാംശം ഈ രേഖകളില്‍ നിന്ന് ചികഞ്ഞെടുക്കണം. അതും അപൂര്‍ണമായിരിക്കും.
അറക്കലും കോലത്തിരിയും തമ്മിലുണ്ടായ പിണക്കങ്ങള്‍, നായര്‍പ്പടയും, മാപ്പിളമാരും തമ്മിലുണ്ടായ സംഘട്ടനങ്ങള്‍, മൈസൂര്‍ സുല്‍ത്താന്‍മാരുടെ ആഗമനം എന്നിവ എന്തിന് വേണ്ടിയായിരുന്നുവെന്ന് കൊളോണിയല്‍ രേഖകളില്‍ പൂര്‍ണരൂപത്തിലുണ്ടാവണമെന്നില്ല. കാരണം, മതസ്പര്‍ദയും, നാട്ടു രാജ്യങ്ങള്‍ തമ്മിലുള്ള കലഹവും, എല്ലാം ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന ചോദ്യത്തിനുള്ള ഏക ഉത്തരം കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നത് തന്നെ. ഇന്ന് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം ഉദാത്തമായ മതപാരസ്പര്യവും, രാജ്യസ്‌നേഹ സമ്പര്‍ക്കവും നിലനിന്ന നാട്ടുരാജ്യങ്ങളാണിവയൊക്കെയും. അവരെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അരങ്ങേറുകയായിരുന്നു. ചെറുത്തുനില്‍പ്പുകള്‍ 'അക്രമ'പരമ്പരകളായാണ് ചിത്രീകരിക്കപ്പെട്ടത്. അറക്കലും അതിനെ ആശ്രയിച്ച ജനങ്ങളും, അവരുടെ സാമൂഹിക-വാണിജ്യ ഉയര്‍ച്ചക്കുള്ള ഭരണ സംവിധാനവും ഒന്നും വേണ്ടത്ര പൊലിപ്പിച്ചു കാണിക്കപ്പെട്ടില്ല. ചില രേഖകളിലെ വരികള്‍ക്കിടയില്‍ അതുണ്ടെങ്കിലും. കോളണിവല്‍കരണത്തിന്റെ കുടുസ്സാര്‍ന്ന ഈ രചനകള്‍ അറക്കല്‍ ചരിത്രത്തെ പലപ്പോഴും വളച്ചൊടിച്ചിട്ടുണ്ട്. ചരിത്രത്തിലെ യഥാര്‍ഥ സാക്ഷ്യത്തെ തങ്ങളുടെ അധിനിവേശ താല്‍പര്യത്തോട് ചേര്‍ത്ത് പിടിക്കുകയായിരുന്നു. അതിനാല്‍, വായിക്കപ്പെട്ട അറക്കല്‍ ചരിത്രത്തിലെ വരികള്‍ക്കിടയിലൂടെ സഞ്ചരിക്കാനേ ചിലപ്പോള്‍ നമുക്ക് കഴിയുകയുള്ളു.
അറക്കല്‍ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കാം. കോലത്തിരി രാജവംശവുമായി ചേര്‍ന്നു കിടക്കുന്ന മമ്മാലിമാരുടെ പങ്കാളിത്ത ഘട്ടമാണ് ഒന്ന്. ഹിന്ദു-മുസ്‌ലിം മത-ജാതി സംസ്‌കാരങ്ങളുടെ സങ്കരവര്‍ഗത്തിലധിഷ്ഠിതമായ ചരിത്രത്തിലെ സവിശേഷ ഘട്ടം ഇതാണ്. പോര്‍ച്ചുഗീസുകാരോട് ധീരമായി പോരാടുകയും, നേതൃത്വത്തില്‍ നിന്ന് പോലും രക്തസാക്ഷികളുണ്ടാവുകയും ചെയ്ത കാലമാണിത്. കൊളോണിയലിസത്തിന്റെ ത്രികോണ ഭീഷണിയെ (പൊര്‍ച്ചുഗീസ്, ഡച്ച്, ബ്രീട്ടിഷ്) നേരിട്ട അറക്കല്‍ പ്രൗഡിയുടെ തനിമയാര്‍ന്ന ഘട്ടമാണ് രണ്ടാമത്തേത്. അതാവട്ടെ സംഭവബഹുലമാണ്. എന്നാല്‍, വിവരണം വസ്തുതകളുടെ പൂര്‍ണതയറ്റുപോകുന്നതുമാണ്. പ്രതിസന്ധികളുടെ കാലഘട്ടമാണിത്. സൗഹാര്‍ദത്തെ മത-ജാതി വൈരത്തിലെത്തിച്ച് സാമ്രാജ്യത്വം മുതലെടുത്ത ഘട്ടം കൂടിയാണിത്. പ്രതാപം അസ്തമിച്ചു പോവുകയും എന്നാല്‍ ശേഷിപ്പുകളില്‍ മലബാറിലെ സാമൂഹിക മാറ്റത്തിനായി നിറഞ്ഞു നിന്നതുമായ മൂന്നാം ഘട്ടം നമ്മുടെ മുന്നില്‍ തുറന്നു നില്‍ക്കുന്ന വസ്തുതകളാണ്. മറ്റെല്ലാം മണ്ണായിപ്പോയെങ്കിലും ചിതലരിക്കാത്ത പദവിയായി ഇപ്പോഴും ഒരു ബീവിയുടെ സാരഥ്യത്തില്‍ ഈ സ്വരൂപം നിലനില്‍ക്കുന്നതും അത് നിര്‍വഹിച്ച സാമൂഹിക ബാധ്യതയുടെ സത്കീര്‍ത്തി കൊണ്ട് തന്നെയാണ്. പ്രതാപമില്ലെങ്കിലും ആദരവ് ഈ സ്വരൂപത്തോട് പ്രത്യേകിച്ചും മലബാറിലെ മുസ്‌ലിംസമുദായത്തിനുണ്ട്.
നിഷേധിക്കാന്‍ ഒരു പഴുതുമില്ലാത്തതും സാഹചര്യ തെളിവുകളാല്‍ സമ്പന്നവുമാണ് അറക്കല്‍ നിര്‍വഹിച്ച സാമൂഹിക ദൗത്യങ്ങളുടെ അവസാന കാലഘട്ടം. മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അറക്കല്‍ സ്വരൂപം ഒരു നിമിത്തമായി കാണാനാവും. മുഹമ്മദ്അബ്ദുറഹിമാന്‍ സാഹിബിന്റെയും കെ.എം.സീതിസാഹിബിന്റെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും അറക്കല്‍ ബന്ധം നിഴലിക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മലബാര്‍ മുസ്‌ലിംകള്‍ നടത്തിയ വിദ്യാഭ്യാസ മേഖലയിലെ ചുവടുവെപ്പുകളിലും അറക്കല്‍ നാഴികമണി മുഴങ്ങുന്നത് കേള്‍ക്കാം.
അറക്കല്‍ പിതൃത്വത്തിലെ മതസൗഹാര്‍ദ്ദ മാതൃക
'അറക്കല്‍' എങ്ങിനെ ഉല്‍ഭവിച്ചുവെന്നതിന്റെ ഐതിഹ്യം നാനാര്‍ഥങ്ങളുള്ള സാമൂഹിക ബന്ധങ്ങളുടെതാണ്. ക്രിസ്താംബ്ദം പതിനാലാം നൂറ്റാണ്ടിന്റെ ആദ്യദശയില്‍ ഏഴിമലയിലെ കോലത്തിരി രാജധാനിയുടെ പ്രാധാന്യം അസ്തംഗതമായ അവസരത്തിലാണ് ആലിരാജകുടുംബം ആവിര്‍ഭവിക്കുന്നത്. ആദ്യത്തെ ആലിരാജയുടെ ക്രിസ്താബ്ദ കണക്ക് വ്യക്തമല്ല. പക്ഷെ, ഹിജ്‌റ വര്‍ഷം 64ലാണ് അറക്കല്‍ സ്വരൂപം ആവിര്‍ഭവിച്ചതെന്നാണ് അറക്കല്‍ രേഖകളൂടെ പരിശോധനയില്‍ നിന്നുള്ള വിവരമായി ഡോ.കെ.കെ.എന്‍.കുറുപ്പ് രേഖപ്പെടുത്തുന്നത്.
മക്കയാത്രക്ക് പുറപ്പെട്ട ചേരമാന്‍ പെരുമാള്‍ തന്റെ രാജ്യം വിഭജിച്ച് നല്‍കിയതില്‍ നിന്ന് ഉല്‍ഭവിച്ചതാണ് അറക്കല്‍ എന്നാണ് കേരളോല്‍പത്തിയും' 'കേരളമഹാത്മ്യവും' കണ്ടെത്തുന്നത്. അറക്കല്‍ സ്വരൂപത്തിലെ രേഖകളില്‍ നിന്ന് മനസ്സിലാകുന്നത് മക്കത്തേക്ക് പോയ ചേരമാന്‍പെരുമാള്‍ അവിടെ വെച്ച് മരണപ്പെടുകയും അദ്ദേഹത്തിന്റെ അനുയായികള്‍ പെരുമാളിന്റെ സഹോദരി ശ്രീദേവിയെ വിവരമറിയിച്ചുവെന്നും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുവെന്നുമാണ്. ഇവരുടെ മകനായ മഹാബലിയാണ് അറക്കല്‍ രാജകുടുംബം സ്ഥാപിച്ചത്. മഹാബലി മതപരിവര്‍ത്തനാനന്തരം മുഹമ്മദലിയായി ധര്‍മപട്ടണത്തിന്റെ അധിപനായെന്നാണ് അറക്കല്‍ രേഖ. പെരുമാളിന്റെ സഹോദരി ശ്രീദേവിയുടെ ധര്‍മപട്ടണത്തെ വീട്ടിന്റെ പേര് അരയന്‍കുളങ്ങര പിന്നെ അറക്കലായി മാറിയെന്നും അനുമാനിക്കപ്പെടുന്നു. പരമ്പരാഗതമായി പറഞ്ഞു വരുന്ന കഥ ഇങ്ങനെയാണ്: 'പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ഒരു കോലത്തിരി രാജാവിന്റെ നായര്‍പ്രധാനികളില്‍ ഒരാളും മന്ത്രിയുമായ അരയന്‍കുളങ്ങര നായര്‍ മതപരിവര്‍ത്തനം ചെയ്ത് മുഹമ്മദലിയാവുകയും അറക്കല്‍ രാജവംശത്തിന് ബീജാവാപം ചെയ്തുവെന്നുമാണ്. കോലത്തിരി വംശത്തിലെ ഒരു കന്യക കുളിച്ചുകൊണ്ടിരിക്കെ കുളത്തില്‍ കാല്‍വഴുതി വീണപ്പോള്‍ മുങ്ങിമരിക്കും മുമ്പ് തമ്പുരാട്ടിയെ ഒരു മുസ്‌ലിംയുവാവ് (മതപരിവര്‍ത്തിതനായ മുഹമ്മദലിയാവാം) രക്ഷിച്ചുവെന്നും തന്റെ ജീവന്‍ രക്ഷിച്ച യുവാവിനെ തന്നെ വിവാഹം കഴിക്കാന്‍ അവര്‍ നിര്‍ബന്ധം പിടിച്ചുവെന്നും അങ്ങിനെ ആവിര്‍ഭവിച്ചതാണ് അറക്കല്‍ സ്വരുപമെന്നുമാണ്. ഏതായാലും, അറക്കല്‍ രാജകുടുംബത്തിന്റെ സ്ഥാപകന്‍ മുഹമ്മദലി എന്ന് പേരുള്ള ഒരാളാണെന്ന് മലബാര്‍ മാനുവലില്‍ വില്യം ലോഗന്‍ സ്ഥാപിക്കുമ്പോള്‍ അത് ഏറെ ചേര്‍ന്ന് നില്‍ക്കുന്നത് ചേരമാന്‍ പെരുമാളിന്റെ മക്ക യാത്രക്ക് ശേഷമുള്ള സംഭവങ്ങളിലാണ്.
സമാന രൂപത്തിലുള്ള മറ്റൊരു ഐതിഹ്യവും ഉണ്ട്. കോലത്തിരിയുടെ മന്ത്രിയായ ഒരു നായര്‍ പ്രമാണി ഇസ്‌ലാം സ്വീകരിക്കുകയും പിന്നെ ആര്യകുളങ്ങര നായര്‍ കോവിലകത്തെ ഒരു രാജകുമാരിയുമായി പ്രേമത്തിലായെന്നുമാണ് അത്. അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവ് മാനിച്ച് കോലത്തിരി അദ്ദേഹത്തെ മന്ത്രിയായി തുടരാന്‍ അനുവദിച്ചുവെന്നും ആ മമ്മാലിയുടെ പരമ്പരയാണ് മമ്മാലി കിടാവുകളും ആലി വംശവും ആയി രൂപപ്പെട്ടതെന്നുമാണ് ഐതിഹ്യം. ഹിന്ദുമതവംശപരമ്പരയില്‍ നിന്ന് ഒരു നാട്ടുരാജ്യവും അതിന്റെ ഭൂപ്രദേശവും സന്നാഹവും സ്വന്തം നിലയില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞ അറക്കല്‍-ചിറക്കല്‍ സ്വരുപത്തിന്റെ ജന്‍മസിദ്ധമായ മതസൗഹാര്‍ദത്തിന്റെ പൈതൃകമാണ് ഈ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നത്. തമ്പുരാട്ടി അന്യജാതിക്കാരനെ സ്പര്‍ശിച്ച് പോയത് കൊണ്ടുള്ള കോലത്തിരിയുടെ അയിത്താചാര വിധിയുടെ ഫലമായിരുന്നു തമ്പുരാട്ടിയുടെ മുസലിംയുവാവുമായുള്ള വിവാഹമെന്ന നിലയിലും ചില ഐതിഹ്യ രേഖകളുണ്ട്. 'മമ്മാലിയോടൊപ്പം പറഞ്ഞയച്ച തമ്പ്രാട്ടിക്ക് സ്ത്രീധനമായി കോലത്തിരി തമ്പുരാന്‍ ഏഴിമലയിലും, മാടായിലും, മറ്റുമുള്ള നെല്‍പാടങ്ങളും കണ്ണൂരില്‍ ചില പ്രദേശങ്ങളും അവിടെ തന്നെ ഒരു കൊട്ടാരവും നല്‍കിയെന്നും അതിന് 'അറക്കല്‍കെട്ട്' എന്ന് പേരിട്ടുവെന്നും ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ രേഖപ്പെടുത്തുന്നു. അന്ന് അറക്കല്‍ സ്വരുപം തങ്ങളൂടെ പിതൃത്വമുള്ള കോലത്തിരിയുടെ സന്നിധിലേക്ക് പരിചാരകരായി മമ്മാലിയുടെപിന്‍തുടര്‍ച്ചക്കാരെന്ന നിലയില്‍ 'മമ്മാലികിടാവുകള്‍' എന്ന പേരില്‍ പാരമ്പര്യസചിവന്‍മാരെ നിയോഗിച്ചു. കോലത്തിരിയുടെ കാര്യാലോചനാ യോഗങ്ങളില്‍ മമ്മാലിക്കിടാവുകള്‍ സന്നിഹിതരായി. കോലത്തിരിയെടുക്കുന്ന ഏത് സാമ്പത്തിക ബാധ്യതയും ഇവര്‍ അറക്കല്‍ പ്രാതിനിധ്യത്തോടെ ഏറ്റെടുത്തു. അറക്കല്‍ അഞ്ചാമനായ ആലിമുസ്സ അഗത്തി, കവറത്തി, അന്ത്രോത്ത്, കല്‍പേനി, മിനിക്കോയ് ദീപുകള്‍ക്ക് പുറമെ ആറ് ദീപുകള്‍ കൂടി കൊളോണിയല്‍ സ്വാധീനത്തില്‍ നിന്ന് പിടിച്ചെടുത്ത് കോലത്തിരിക്ക് നല്‍കി എന്നാണ് ചരിത്രം. ഇതിന് പാരിതോഷികമായാണ് കോലത്തിരി അറക്കല്‍ സ്വരൂപത്തിന് കണ്ണൂര്‍ നഗരം മുഴുവനും കണ്ണോത്തുംചാലും നല്‍കിയത്.
മലബാര്‍ മാനുവലില്‍ ഡബ്ല്യൂ ലോഗന്‍ രേഖപ്പെടുത്തിയ ഒന്നുമുതല്‍ അഞ്ച്‌വരെയുള്ള അറക്കല്‍ ഭരണാധിപന്‍മാരുടെ പട്ടിക ഇങ്ങനെയാണ്. (1) മമ്മദലി (2) ഹുസ്സന്‍അലി (3) അലീമുണ്ണി (4) കുഞ്ഞിമൂസ (5) അലിമൂസ. എല്ലാ പേരിനുമൊപ്പം ആദിരാജ എന്ന സ്ഥാനപ്പേരും ചേര്‍ത്താണ് അറക്കല്‍ ഭരണാധികാരികള്‍ അറിയപ്പെടുന്നത്. കോലത്തിരി രാജവംശത്തിന്റെ അടിവേര് സൂചിപ്പിക്കുന്നതാണ് അറക്കല്‍ കെട്ടില്‍ ഇന്നും സൂക്ഷിക്കുന്ന കെടാവിളക്കായ തമ്പുരാട്ടി വിളക്കിന്റെ കഥ. കോലത്തിരിയുടെ പ്രതീകമായി തമ്പുരാട്ടിയോടൊപ്പം കൊടുത്തയക്കപ്പെട്ട ഈ കെടാവിളക്കും മതസൗഹാര്‍ദത്തിന്റെ മഹനീയ വെളിച്ചമായി അറക്കല്‍ ഇന്നും സൂക്ഷിക്കുന്നു. അറക്കല്‍ കുടുംബത്തിലെ കിരീടാവകാശികള്‍ മരിച്ചാല്‍ കോലത്തിരി കുടുംബത്തില്‍ നിന്ന് പട്ട് കൊണ്ടുവരുന്ന ചടങ്ങ് അടുത്തകാലം വരെ ഉണ്ടായിരുന്നു. പുതിയ രാജാവ് അധികാരമേല്‍ക്കുന്ന ദിവസം എഴുന്നള്ളിപ്പിന് കോലത്തിരി ആനയെ അയക്കാറുണ്ടെന്നും സുല്‍ത്താന്‍അമീനബീവി തങ്ങളൂടെ 1975ലെ അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്.
കണ്ണൂരിലെ മമ്മാലിമാരെക്കുറിച്ച് പ്രതിപാദിക്കുന്ന 'റീജന്റ് ഓഫ് ദി സീ' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ജനീവിവ് ബുഷോര്‍ പൊര്‍ച്ചുഗീസ് രേഖകളുപയോഗിച്ച് കേരളത്തിലെ മാപ്പിളമാരുടെ വാണിജ്യവും അതില്‍ മമ്മാലിമാരുടെ പങ്കും വിവരിക്കുന്നുണ്ട്. ഈ മമ്മാലിമാരുടെ തുടര്‍ച്ചയാണ് ആലിരാജാവെന്നാണ് അതില്‍ സമര്‍ഥിക്കുന്നത്. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിന്റെ ആദ്യത്തെ രണ്ട് ദശാബ്ദങ്ങളില്‍ ഈ കുടുംബത്തിന് അവരുമായി നടത്തേണ്ടി വന്ന ഏറ്റ് മുട്ടലുകളും വാണിജ്യകിടമല്‍സരങ്ങളും ഈ കുടുംബത്തില്‍ നിന്ന് മാലി ദ്വീപ് പിടിച്ചെടുക്കാന്‍ പോര്‍ച്ചുഗല്‍ നടത്തിയ പോരാട്ടവും ചൂണ്ടികാട്ടുന്നു. ഗവര്‍ണര്‍ അല്‍ബുക്കാര്‍ക്ക് നടത്തിയ എല്ലാ കുതന്ത്രങ്ങളെയും ചെറുക്കുന്നതില്‍ കോലത്തിരിയും മന്ത്രി മമ്മാലിയും നടത്തിയ നീക്കങ്ങള്‍ പ്രസിദ്ധമാണ്. അതിന്റെ തുടര്‍ച്ചയായിരുന്നു അറക്കല്‍ സ്വരൂപത്തിന്റെ ദൗത്യവും. കണ്ണൂരിലെ പോര്‍ച്ചുഗല്‍ ആധിപത്യത്തിന്റെയും കോട്ടയുടെയും തകര്‍ച്ചയോടെ കോലത്തിരിയുടെ ആധിപത്യം തകര്‍ന്നപ്പോഴാണ് മമ്മാലി കണ്ണൂരിലെ പ്രബലശക്തിയായത്. മലബാറും, സിലോണും തമ്മിലുള്ള വ്യാപാര മേധാവിത്വം ഈ സന്ദര്‍ഭം ഉപയോഗിച്ച് മമ്മാലി നേടിയെടുത്തു.
വിശേഷണ പദവി
അറക്കല്‍ രാജപദവിക്ക് വിത്യസ്തങ്ങളായ വിശേഷണങ്ങളാണ്. ആ വിശേഷണങ്ങളാവട്ടെ യശ്ശസ്സാര്‍ന്ന വ്യാഖ്യാനങ്ങളുമാണ്. അറക്കല്‍ ആദിരാജ, ആഴിരാജ, ആലിരാജ, എന്നീ വിശേഷണങ്ങളില്‍ അതിന്റെതായ ഒരു സാമൂഹിക ഔന്നത്യം ദര്‍ശിക്കാനാവും. കേരളത്തിലെ ആദ്യത്തെ മുസ്‌ലിംരാജവംശമെന്നത് കൊണ്ടാണ് ആദിരാജ എന്ന് നാമകരണം ചെയ്യപ്പെട്ടതെന്നാണ് ഒരു വിശേഷണം. ഇത് മുസ്‌ലിംകളുടെ പൈതൃകബോധത്തെയാണ് ഉണര്‍ത്തുന്നത്. എന്തെന്നാല്‍, കേരളത്തിലെ മുസ്‌ലിംകള്‍ക്കും ഒരു രാജവംശം സ്വന്തമായി ഉണ്ടായി എന്നത് തന്നെ. കടലുകളുടെ അധിപതി എന്ന നിലക്കുള്ള 'ആഴിരാജ'യെന്ന പദവിയാണ് പിന്നെ ആദിരാജയായത് എന്നത് രണ്ടാമത്തെ നാമവിശേഷണമാണ്. കടലുകളുടെ അധിപതിയെന്നാല്‍ അക്കാലത്തെ തുറമുഖ വാണിജ്യത്തിന്റെ നട്ടെല്ലായിരുന്നു അറക്കല്‍ സ്വരൂപം എന്നര്‍ഥം. അക്കാലത്തെ ഏറ്റവും വലിയ ശക്തികേന്ദ്രീകരണമായ കടല്‍വാണിജ്യം അറക്കല്‍ സ്വരൂപത്തിന്റെ മുഖമുദ്രയായിരുന്നു. അത് കൊണ്ടാവണം ആദിരാജയുടെ മൂന്നാമത്തെ വിശേഷണത്തില്‍ കുലീനമായ രാജാവെന്ന നിലയിലുള്ള 'ആലിരാജ'യായത്. ആലിരാജ എന്ന വിശേഷണത്തിലാണ് അറക്കല്‍ സ്വരൂപത്തിന്റെ ഉല്‍പത്തിച്ചുവയുള്ളത്. കോലത്തിരി രാജവംശവുമായി പൈതൃകമുള്ള മുഹമ്മദലിയുടെ പിന്തുടര്‍ച്ചക്കാരെന്ന നിലയില്‍ ആലിരാജയായി. പിന്നെ അത് ആദ്യത്തെ രാജാവെന്ന നിലയില്‍ ആദിരാജയും, കടലിന്റെ മേധാവിത്വം സൂചിപ്പിക്കുന്ന ആഴിരാജയുമായി എന്നാണ് മനസ്സിലാക്കേണ്ടത്.
കടല്‍വാണിജ്യമെന്ന വലിയ മേഖല ഒരു രാജ്യത്തിന്റെ സവിശേഷമായ വൈദേശിക ബന്ധത്തെ കൂടി പ്രതിനിധാനം ചെയ്യുന്നതാണ്. വെറുമൊരു നാട്ടുരാജ്യമായിരുന്നില്ല രാഷ്ട്ര തുല്യമായ വൈദേശിക ബന്ധത്തിന്റെ കേന്ദ്രം കൂടിയായിരുന്നു അറക്കല്‍ എന്നു ചുരുക്കം. എ.ഡി.12ാം നൂറ്റാണ്ടിനടുത്ത് കേരളത്തിലെത്തിയ ഇബ്‌നുബത്തൂത്തയുടെ സഞ്ചാരക്കുറിപ്പില്‍ കണ്ണൂരിലെ 'കോവിലകം' ഭരണത്തെയും, കണ്ണൂര്‍ തീരത്തെയും പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിന്റെ തീരങ്ങളില്‍ ഏറ്റവും മനോഹരമായ 'കൊച്ചുറാണി' എന്നാണ് കണ്ണൂര്‍ തീരത്തെ ഈ സഞ്ചാരികളെല്ലാം വിശേഷിപ്പിച്ചിരുന്നത്. കഠിനമായ വര്‍ഷകാലങ്ങളില്‍ പോലും പായകപ്പലുകള്‍ക്ക് സുരക്ഷിതമായി കണ്ണൂരില്‍ നങ്കൂരമിടാം. ഏഴിമല എന്ന മഹാകുന്നിന്‍ പച്ചപ്പ് ഈ കരയെ തിരിച്ചറിയുന്ന ഏറ്റവും വലിയ കൈനാട്ടിയാണ്. ആഫ്രിക്ക, ഈജിപ്ത്, സിറിയ, ഇറാഖ്, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് വ്യാപാരബന്ധം ഊട്ടിവളര്‍ത്തപ്പെട്ടു. കുരുമുളക്, ഏലം, കറപ്പ, വെറ്റില, അടക്ക, മരത്തടികള്‍, കയറുല്‍പന്നങ്ങള്‍ മറ്റ് മലഞ്ചരക്കുകള്‍ എന്നിവ ഈ തീരത്തെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പന്നങ്ങളായിരുന്നു.
പ്രതാപശിലകള്‍
കേരളത്തിലെ യൂറോപ്യന്‍ മേധാവിത്വത്തിനെതിരെ അറബിക്കടലിലെ രാഷ്ട്രാന്തരീയ വാണിജ്യ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടിയ മുസ്‌ലിം രാജകുടംബമാണ് അറക്കല്‍ സ്വരുപം. ലക്ഷദ്വീപ് മുതല്‍ ബംഗാള്‍ വരെയുള്ള കടലിടുക്കുകള്‍ ഈ കുടുംബത്തിന്റെ വ്യാപാര സ്വാധീനത്തിലായിരുന്നു. കേരളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നാവികപ്പട അറക്കലിന്റെ സ്വന്തമായുണ്ട്. അറബിക്കടലില്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ നിരന്തരമായ വേട്ടയാടലുകളും അതിനെതിരായ ചെറുത്തുനില്‍പും അരങ്ങേറിയ പതിനാറാം നൂറ്റാണ്ടില്‍ അറക്കല്‍ സ്വരൂപത്തിന്റെ നാവികശേഷി മാതൃരാജ്യത്തിന് വേണ്ടി വേണ്ടുവോളം ഉപയോഗപ്പെട്ടു. അറബിക്കടലിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കടല്‍യുദ്ധത്തില്‍ മലബാറിലെ കുഞ്ഞാലിമരക്കാര്‍മാരോടൊപ്പം ആലിരാജാക്കന്‍മാരും മഹനീയമായ പങ്കാണ് വഹിച്ചത്. അറക്കല്‍ സ്വരൂപത്തിന്റെ രാജ്യവിസ്തൃതി ഹാമിള്‍ട്ടണ്‍ ഇങ്ങനെയാണ് വിവരിക്കുന്നത്: 'കണ്ണൂര് നിന്ന് പത്ത് നാഴിക തെക്കുള്ള തലശ്ശേരിപ്പുഴവരെ ആലിരാജാവിന്റെ രാജ്യം വ്യാപിച്ചു കിടക്കുന്നു. പുഴയുടെ സമീപത്ത് ധര്‍മപട്ടണം എന്ന തുറമുഖമുണ്ട്.....'
സ്വന്തമായ നാണയശേഖരം അറക്കല്‍ സ്വരുപത്തിനുണ്ടായിരുന്നു. അഷ്ടകോണുള്ള വിവിധ സ്വര്‍ണനാണയങ്ങള്‍ എല്‍ജിന്‍ പ്രഭുവിന് അയച്ചു കൊടുത്തതായി അറക്കല്‍ സ്വരുപത്തിന്റെ 1862ലെ രേഖകളിലുണ്ട്. ഈ കുടുംബം അടിച്ചിറക്കിയ ചില പണം 1729ല്‍ തലശ്ശേരിയിലെ ഇംഗ്ഗീഷ് മുഖ്യന്‍ അവയിലെ വെള്ളിയിലെ തോത് മനസ്സിലാക്കുവാന്‍ മുംബെയിലെ സര്‍ക്കാറിന് അയച്ചു കൊടുത്തതായി ഫാക്ടറി രേഖകളില്‍ സൂചനയുണ്ടെന്ന് (എഴുത്ത് 23 നവമ്പര്‍ 1729) രേഖപ്പെടുത്തിയിരിക്കുന്നു. അലങ്കരിച്ച സിംഹാസനവും രാജകീയ മുദ്രയും, ചിഹ്‌നവും കൊടിയും എല്ലാം അറക്കല്‍ കുടുംബത്തിന് ഉണ്ടായിരുന്നു. ഇപ്പോഴത്തെ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപുകള്‍ അറക്കല്‍ ചരിത്രത്തിന്റെ ഏറ്റവും പ്രധാനമായ പ്രൌഡീ ചിഹ്‌നമാണ്. ചിറക്കല്‍ കോവിലകത്തിന്റെ ഭാഗമായ ദ്വീപുകള്‍ വ്യാപാരാര്‍ഥം അറക്കല്‍ സ്വരൂപം ഏറ്റ് വാങ്ങുകയും മുസ്ലിം കുടുംബങ്ങളെ അവിടെ കുടിയേറി പാര്‍പ്പിച്ച് നാളികേര കൃഷി തുടങ്ങുകയും ചെയ്തുവെന്നാണ് ചരിത്രം.പക്ഷെ, അറക്കലിന്റെ നാവികശേഷി ഉപയോഗിച്ച് അധിനിവേശം നടത്തിയതാണിതെന്നും പറയപ്പെടുന്നു. മാലിദ്വീപില്‍ അങ്ങിനെയൊരു അധിനിവേശത്തെക്കുറിച്ച രേഖ എ.ഡി. 1183ലെ അലിമൂസയുടെ ഭരണകാലവുമായി ബന്ധപ്പെട്ട് ചരിത്രത്തിലുണ്ട്. സിലോണിന് സമീപമുള്ള മാലി ദ്വീപ് അലിമൂസ കയ്യടക്കിയെന്നാണ് രേഖ. പോര്‍ച്ചുഗീസ് അക്രമണ വേളയില്‍ മാലിദ്വീപില്‍ ദ്വീപ് സുല്‍ത്താന്‍ പരമ്പരയിലെ കാലു മുഹമ്മദിനെ അധികാരത്തില്‍ അവരോധിക്കാന്‍ കണ്ണൂരിലെ മുസ്‌ലിംകളുടെ തലവനായ ആലിരാജാവ് ഇടപെട്ടതായി എച്ച്.സി.ബെല്‍ കണ്ടെടുത്ത രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. 1512ല്‍ ഗവര്‍ണര്‍ അല്‍ബുക്കര്‍ക്കിനോടും ആലിരാജാവ് ഇത് വെളിപ്പെടുത്തിയതായി പോര്‍ച്ചുഗല്‍ രേഖകളിലുണ്ട്. കാലുമുഹമ്മദ് പിന്നീടൊരിക്കല്‍ കണ്ണൂരില്‍ രാഷ്ട്രീയ അഭയം തേടിയതായും രേഖപ്പെട്ടു കിടക്കുന്നു.
സാധാരണ നിലയില്‍ നാവികശേഷിയില്ലാതെ ഈ ദ്വീപുകളില്‍ മേധാവിത്വം നിലനിര്‍ത്താനാവില്ല. ജാതീയമായി ഹിന്ദുക്കള്‍ക്ക് സമുദ്രപര്യടനം നിഷിദ്ധമായിരുന്ന കാലമായതിനാല്‍ കോലത്തിരിക്കും ദ്വീപിന്‍മേലുള്ള അറക്കലിന്റെ മേധാവിത്വത്തോട് എതിര്‍പ്പുണ്ടായിരിക്കില്ല. കേരളത്തിലെ മിക്ക നാട്ടുരാജാക്കന്‍മാര്‍ക്കും കരസേനയല്ലാതെ നാവിക സേനയില്ല. അറക്കലിന്റെ മാത്രം പത്രാസാണ് നാവിക സേന. കടലിന്റെ ഉടമകളായി വാഴാന്‍ കഴിഞ്ഞ അറക്കലിന്റെ ഈ സവിശേഷതയാണ് കൊളോണിയല്‍ ശക്തിക്കും വിനയായത്. മിനിക്കോയിയെയും ലക്ഷദ്വീപിനെയും വേര്‍തിരിക്കുന്ന കടലിടുക്കിനെ പോര്‍ച്ചുഗീസുകാര്‍ 'മമ്മാലിച്ചാനല്‍' എന്ന് അവരുടെ രേഖകളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു വേള, പോര്‍ച്ചുഗീസ് അധിനിവേശം അതിന്റെ പത്രാസനുസരിച്ച് നടക്കാതെ വൈകിപ്പോയതും അറക്കല്‍ നാവികപ്പട ദ്വീപ് സമൂഹങ്ങളുടെ പിന്‍ബലത്തോടെ നടത്തിയ ചെറുത്ത് നില്‍പ്പുകളായിരുന്നു. പോര്‍ച്ചുഗീസുകാരാണ് അറക്കലിന്റെ നാവിക മേധാവിത്വം തകര്‍ക്കാന്‍ ശ്രമിച്ചത്. അധിനിവേശത്തെ ചെറുത്ത് നിന്ന അറക്കല്‍ നാവിക സേനയുടെ കരുത്ത് പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കുമേ അറിയൂ. അത്‌കൊണ്ട് തന്നെയാവണം, മാതൃരാജ്യത്തിന് വേണ്ടിയുള്ള ഈ ചെറുത്ത് നില്‍പ്പിന്റെ മാഹാത്മ്യം പുറംലോകത്തെ കൂടുതലായി അറിയിക്കാന്‍ അവര്‍ തുനിയാതിരുന്നതും. അറക്കല്‍ ചരിത്രത്തിന്റെ ഇരുട്ടും വെളിച്ചവും എല്ലാം നിറഞ്ഞു നില്‍ക്കുന്നു ദ്വീപ് ചരിത്രത്തില്‍. എ.ഡി. 1908 വെര നീണ്ട വലിയൊരു ആധിപത്യ കാലഘട്ടത്തിന്റെ ചരിത്രമാണ് ദ്വീപും അറക്കലും തമ്മിലുള്ളത്. ദീപുകളുടെ മേധാവിത്വത്തിലാണ് സ്വരൂപം വ്യാപാര രാഷ്ട്രീയ മേല്‍കൊയ്മ നേടിയത്. അന്തര്‍ദേശീയമായ വലിയൊരു വഴിയാണ് ദ്വീപ് സമൂഹം അറക്കലിന് മുന്നില്‍ തുറന്നിട്ടത്.
കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയും അറക്കല്‍ പ്രതാപത്തിന്റെ വിളംബരമുയര്‍ത്തുന്നതാണ്. 1505ല്‍ പോര്‍ച്ചുഗീസ് പ്രമാണിയായ ബോണ്‍ഫ്രാന്‍സിസ്‌കോ ഡി. ആള്‍മെഡെ ആണ് കണ്ണൂര്‍ കോട്ട നിര്‍മിച്ചത്. അറബിക്കടലിലേക്ക് തള്ളി നില്‍ക്കുന്ന മര്‍മ്മ പ്രധാനമായ ഒരു സായുധ സൈന്യ സങ്കേതമായിരുന്നു ഇത്. പോര്‍ച്ചുഗീസുകാരും വിജയനഗര രാജാക്കന്‍മാരും തമ്മില്‍ മൈത്രിബന്ധത്തിലായതിനാല്‍ കണ്ണൂര്‍ കോട്ട തുളുനാട്‌വരെ വ്യാപിച്ചിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ശക്തമായ വ്യാപാര കേന്ദ്രം കൂടിയായിരുന്നു. 1555ല്‍ കോലത്തിരിയും, സാമൂതിരിയും, അറക്കലും സംയുക്തമായി കോട്ട പിടിച്ചടക്കാന്‍ യുദ്ധം ചെയ്തു. ഡച്ചുകാരുടെ രഹസ്യ പിന്തുണയുണ്ടായിട്ടും വിജയിച്ചില്ല എന്ന് ബീന്‍ഉദ്ദീന്‍ എന്ന സഞ്ചാരിയുടെ രേഖകളുദ്ധരിച്ച് ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ രേഖപ്പെടുത്തുന്നു. ഡച്ചുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും അഹങ്കാരപ്രമത്തതയുടെ ചെവിയടപ്പിക്കുന്ന യുദ്ധധ്വനികളാണ് ഇവിടെ ഉയര്‍ന്നത്.
1663ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ തുരത്തി കോട്ട പിടിച്ചെടുത്തു. ഡച്ചുകാരാണ് കോട്ടയെ ഇന്നത്തെ രൂപത്തില്‍ മാറ്റിപ്പണിതത്. അറക്കല്‍ സ്വരൂപത്തിന് ഈ കോട്ട എന്നും പ്രശ്‌നങ്ങളുണ്ടാക്കി. അധിനിവേശശക്തികള്‍ ഈ കോട്ട വഴിയായി കണ്ണൂര്‍ തീരത്തിന്റെ ഉറക്കം കെടുത്തി. പക്ഷെ, തന്ത്രപ്രധാനമായ ഒരു നീക്കത്തിലൂടെ 1772ല്‍ അറക്കല്‍ ബീവി ഡച്ചുകാരില്‍ നിന്ന് കോട്ട വിലക്ക് വാങ്ങുകയായിരുന്നു. ഇതോടെ അറക്കല്‍ സ്വരൂപത്തിന്റെ സേനാബലം പ്രസിദ്ധമായി. ആഭ്യന്തര ക്രമസാമാധാനം പരിപാലിക്കുന്ന ലോക്കല്‍ പൊലീസ് ഡിവിഷനുള്‍പ്പെട്ട സുശക്തമായ പട്ടാളം രൂപപ്പെട്ടു. പോര്‍ച്ചുഗീസുകാരുടെ വാസ്തുവിദ്യാകൗശലത്തിന്റെ പ്രതീകമാണ് കണ്ണൂര്‍ കോട്ട. ത്രികോണാകൃതിയിലുള്ള കോട്ടയുടെ രണ്ട് ഭാഗം കടലിലേക്ക് തള്ളിനില്‍ക്കുന്നു. കരയോട് ചേര്‍ന്ന ഭാഗത്ത് ആഴമുള്ള കിടങ്ങും വന്‍മതിലുമാണ്. കിടങ്ങില്‍ വെള്ളം കെട്ടിവെച്ച് ചീങ്കണ്ണികളെ വളര്‍ത്തിയിരുന്നു. അതിനാല്‍, കോട്ട സൈനിക ശക്തിയുടെ വലിയ ശക്തിദുര്‍ഗമായി തീര്‍ന്നു. ഏത് യുദ്ധത്തിനും പതിനായിരത്തോളം കാലാള്‍പ്പടയെ അണിനിരത്താവുന്ന സൈന്യശേഷി അറക്കല്‍ സ്വരുപം ഈ കോട്ടയുടെ പിന്‍ബലത്തില്‍ പടുത്തുയര്‍ത്തി. പക്ഷെ, ഇംഗ്ലീഷുകാര്‍ അന്ന് കോലത്തിരിയുടെയും അറക്കലിന്റെയും നാട്ടുരാജ്യ പിണക്കത്തെ മുതലെടുത്ത് പല സന്ദര്‍ഭങ്ങളിലായി കോട്ടയുടെ പിടി മുറുക്കാന്‍ ശ്രമം നടത്തി. സൗഹൃദം നടിച്ചും അല്ലാതെയുമുള്ള ഈ നീക്കം ഒടുവില്‍ 1793ല്‍ ഏതാണ്ട് ബലപ്രയോഗത്തിലൂടെ തന്നെ ഇംഗ്ലീഷുകാര്‍ പൂര്‍ത്തിയാക്കി. അറക്കല്‍ സ്വരൂപത്തില്‍ നിന്ന് കണ്ണൂര്‍ കോട്ട ഇംഗ്ഗീഷുകാര്‍ പിടിച്ചെടുത്തതോടെ അറക്കല്‍ സ്വരൂപത്തിന്റെ പീഡനകാലം ആരംഭിച്ചിരുന്നു.
പാരസ്പര്യം തകര്‍ത്ത കുതന്ത്രങ്ങള്‍
അറക്കല്‍ സ്വരൂപ പൈതൃകത്തില്‍ അന്തര്‍ലീനമായ മതസൗഹാര്‍ദ്ദം അവരുടെ നാട്ടുരാജ്യ പ്രശ്‌നങ്ങളില്‍ പലപ്പോഴും നിലനിന്നിരുന്നു. അറക്കല്‍ സ്വരൂപത്തിന്റെ ചരിത്രത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്. അത് പിന്നാലെ വിവരിക്കുന്നുണ്ട്. പക്ഷെ, മതപരമായ ഈ വ്യതിരിക്തതക്കിടയിലും മതസൗഹാര്‍ദം പരമാവധി കാത്ത് സൂക്ഷിക്കാന്‍ അറക്കല്‍ ശ്രമിച്ചു. ചിറക്കലില്‍ നിന്ന് കൊണ്ട് വന്ന തമ്പുരാട്ടി വിളക്ക് അറക്കല്‍ കെട്ടിനുള്ളില്‍ ഇന്നും കെടാവിളക്കായി നിലനിര്‍ത്തുന്നത് തന്നെ ഈ സൗഹാര്‍ദ മഹത്വത്തിന്റെ ഉദാഹരണമാണ്. മാത്രമല്ല, അറക്കല്‍ ഭരണത്തിന് കീഴില്‍ ഹൈന്ദവരായ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അറക്കലിലെ പല ദിവാന്‍മാരും ഹൈന്ദവരാണ്. കോലത്തിരി എടുക്കുന്ന ഏത് സാമ്പത്തിക ബാധ്യതയുള്ള തീരുമാനങ്ങള്‍ക്കും അറക്കല്‍ സ്വരൂപത്തിന്റെ പിന്തുണയെ സൂചിപ്പിച്ച് കോലത്തിരി രാജസദസ്സിലെ മമ്മാലിമാര്‍ 'ഖജനാവില്‍ കുന്തംകുത്തിപിടിക്കുന്ന' ആചാരം പുകഴ്ത്തപ്പെടുന്ന പഴങ്കഥയാണ്. ഈ സാഹചര്യത്തില്‍, കോലത്തിരിയെയും അറക്കലിനെയും വൈരികളാക്കുക എന്ന കുതന്ത്രം സാമ്രാജ്യത്തം പതുക്കെ നിര്‍വഹിച്ചു. അതിന്റെ ആദ്യത്തെ ക്രിയ നിര്‍വഹിച്ചത് ഒരു പൊന്നിന്‍കുട തര്‍ക്കമായിരുന്നുവെന്നാണ് ചിറക്കല്‍ ടി.ബാലകൃഷ്ണന്റെ രചനകളിലുള്ളത്. ഇത് സംബന്ധിച്ച പരാമര്‍ശത്തിന്റെ സംഗ്രഹം ഇങ്ങനെയാണ്: 'കോലത്തിരിതമ്പുരാന് കച്ചവട സൗകര്യം കൂടുതല്‍ ഒരുക്കി ഇംഗ്ഗീഷുകാര്‍ അറക്കലിനെ ആദ്യം പിണക്കി. വ്യാപാരമാണ് അറക്കലിന്റെ പ്രതാപമെന്നറിഞ്ഞു കൊണ്ടായിരുന്നു ഈ നീക്കം. ബീവി ഇതില്‍ കുപിതയായി. അറക്കലും കോലത്തിരിയും തമ്മില്‍ നേരിയ മല്‍സരം ഇതോടെ തുടങ്ങി. പിന്നീട് അറക്കല്‍ പള്ളിയെക്കുറിച്ച പരാതി ഉയര്‍ന്നു. 1761 മാര്‍ച്ച് മാസം പതിനൊന്നിന് അന്നത്തെ കോലത്തിരി തമ്പുരാന്റെ ഉപദേഷ്ടാവായിരുന്ന അനുജന്‍ കേപ്പുതമ്പുരാന്‍ അറക്കല്‍ രാജാവ് നാട്ടുനടപ്പ് ലംഘിച്ചുവെന്ന് ഇംഗ്ലീഷ് പ്രധാനിയായ മിസ്റ്റര്‍ ഹൊഡ്ജസ്സിനോട് പരാതിപ്പെട്ടു. തളിപ്പറമ്പ്, തൃക്കുന്ന്, ഊര്‍പഴശ്ശി എന്നീ ക്ഷേത്രങ്ങളില്‍ മാത്രം വെക്കാന്‍ ചട്ടം അനുവദിച്ച പൊന്‍താവഴി അതേ മാതൃകയില്‍ അറക്കല്‍ പള്ളിക്ക് മുകളിലും പ്രതിഷ്ഠിച്ചു എന്നായിരുന്നു പരാതി. കോലത്തിരിയുടെ സമ്മതമില്ലാതെയാണെന്നായിരുന്നു വാദം. പക്ഷെ, ഇംഗ്ലീഷ് മേധാവി അര്‍ഥഗര്‍ഭമായ മൗനമാണ് ഈ പരാതിയിന്‍മേല്‍ പുലര്‍ത്തിയത്. മൗനത്തിന്റെ ഫലം എന്താവുമെന്നും ഇംഗ്ലീഷിന് അറിയാമായിരുന്നു. അത് തന്നെ സംഭവിച്ചു. ഉള്ളുപൊള്ളയായ ഒരു കരാര്‍ പിന്നെ രുപപ്പെടുത്തി. പക്ഷെ, ഈ കരാര്‍ തന്നെയായിരുന്നു കോലത്തിരിയും ചിറക്കലും തമ്മിലുള്ള വ്രണമായി തീര്‍ന്നത്.....'
അറക്കലും കോലത്തിരിയും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചത് മൈസൂര്‍ സുല്‍ത്താന്‍മാരെ കണ്ണൂരിലേക്ക് വിളിപ്പിച്ച ബീവിയുടെ നിലപാടായിരുന്നുവെന്ന വീക്ഷണമുണ്ട്. പക്ഷെ, അറക്കലും കോലത്തിരിയും തമ്മില്‍ ഉണ്ടായ പൊതുവായ നിലപാടുകളുടെ ഉള്ളടക്കം വായിക്കുന്ന ആരും മൈസൂരിനെ കുറ്റപ്പെടുത്തുകയല്ല, പുകഴ്ത്തുകയാണ് ചെയ്യുക. യഥാര്‍ഥത്തില്‍ സാമ്രാജ്യത്തത്തോട് പോരടിക്കേണ്ട നാട്ടുരാജ്യങ്ങള്‍ പരസ്പരം കലഹിക്കുന്നതിന് മൈസൂര്‍ എതിരായിരുന്നുവല്ലൊ. അത് കൊണ്ടുതന്നെ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ സൂചിപ്പിച്ച മുകളിലെ സംഭവങ്ങള്‍ക്ക് ശേഷമാണ് മൈസൂര്‍ സൂല്‍ത്താന്‍ കണ്ണൂരിലേക്ക് കണ്ണ് വെച്ചത് എന്നതും തുടര്‍ന്നുള്ള സംഭവങ്ങള്‍ സാക്ഷ്യമാണ്. നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിക്കുന്ന സാമ്രാജ്യത്ത തന്ത്രങ്ങള്‍ ബീവിയും തിരിച്ചറിയുകയായിരുന്നു. കടല്‍വാണിജ്യവും, ദ്വീപ് സമൂഹത്തിന്റെ മര്‍മ്മപ്രധാനമായ കയ്യിരിപ്പും, സേനാശക്തിയും അങ്ങിനെ എല്ലാം കൊണ്ടും സമൃദ്ധമായ അറക്കലിലേക്ക് കാലത്തിന്റെ വിളിയെന്ന നിലയില്‍ ഒരു സൗഹൃദബന്ധം സ്ഥാപിക്കാനുള്ള മൈസൂരിന്റെ രാഷ്ട്രീയ നിലപാട് എല്ലാം നിലയിലും നടപ്പിലാവുകയായിരുന്നു.
കോലത്തിരിയുടെ ഏത് യുദ്ധത്തിനും ഇരുപതിനായിരം മാപ്പിളപ്പടയാളികളെ അറക്കല്‍ അയച്ചു കൊടുത്തിരുന്നുവെന്ന് ഹാമിള്‍ട്ടണെ ഉദ്ധരിച്ച് ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ പറയുന്നു. കോലത്തിരി, സാമൂതിരി എന്നീ രാജാക്കന്‍മാര്‍ തങ്ങളുടെ പ്രധാന ഔദ്യോഗിക കേന്ദ്രങ്ങളിലെല്ലാം മുസ്‌ലിംകളെ നിയോഗിച്ചിട്ടുണ്ട്. മാപ്പിളമാരെ ഉപയോഗിക്കുക മാത്രമല്ല, കോലത്തിരി അവരുടെ രക്ഷകരാായി നിലകൊണ്ട പലസന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. മാപ്പിളമാര്‍ക്കെതിരായ നരനായാട്ടിനെതിരെ കോലത്തിരി പടനയിച്ചു. ദ്വീപുമായി ബന്ധപ്പെട്ട കടല്‍ യുദ്ധങ്ങള്‍ കൊടുമ്പിരികൊള്ളുകയും കുഞ്ഞാലിമരക്കാര്‍മാരോടൊപ്പം അതില്‍ അറക്കല്‍ നാവികപ്പടയും പങ്കുകൊള്ളുകയും ചെയ്ത ഘട്ടത്തില്‍ പൊര്‍ച്ചുഗീസുകാര്‍ കണ്ണൂരിലെ മുസ്‌ലിംകള്‍ക്ക് മേല്‍ കുറ്റവിചാരണ നടത്താന്‍ കോലത്തിരിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, കോലത്തിരി അനുവദിച്ചില്ല. മലബാറിലെ മാപ്പിളമാര്‍ പൊര്‍ച്ചുഗീസിനെതിരെ 1523ല്‍ നടത്തിയ സംയുക്ത പോരാട്ടത്തിനൊടുവില്‍ സമരനായകരില്‍ ഒരാളായ ആലിരാജാവിന്റെ അടുത്തബന്ധു വലിയഹസ്സനെ കണ്ണൂര്‍ കോട്ടയില്‍ തൂക്കികൊന്നിരുന്നു. പോര്‍ച്ചുഗീസുമായി അന്ന് സൗഹൃദത്തിലായിരുന്ന കോലത്തിരിക്കെതിരെ മാപ്പിളമാര്‍ ഇളകിമറിയാനിടയായ സംഭവമാണിത്. പക്ഷെ, വലിയ ഹസ്സനെ തൂക്കികൊല്ലുന്നതിന് മുമ്പ് നടന്ന നാടകീയമായ അണിയറ നീക്കങ്ങള്‍ മുസ്‌ലിംകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഈ തെറ്റിദ്ധാരണ ഉണ്ടാവുമായിരുന്നില്ല. വലിയ ഹസ്സനെ തൂക്കികൊല്ലാതെ വിട്ടു കിട്ടാന്‍ അറക്കല്‍ രാജ വന്‍തുകയാണ് പൊര്‍ച്ചുഗീസിന് വാഗ്ദാനം ചെയ്തത്. ഒടുവില്‍ കോലത്തിരി തന്നെ ഇടപെട്ടുവെന്നും വലിയഹസ്സനെ കൊല്ലരുതെന്നും ഗവര്‍ണര്‍ ഡോംഹെന്റിക് ഡിമെനസ്സസ്സിനോട് അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ, ഇത് പുറംലോകം അറിഞ്ഞില്ല. വലിയ ഹസ്സന്‍ തൂക്കിലേറ്റപ്പെടുകയും പീഡനം സഹിക്കവയ്യാതെ മുസ്‌ലിംകുടുംബങ്ങള്‍ ധര്‍മപട്ടണത്തേക്ക് താമസം മാറ്റുകയും ചെയ്തതോടെയാണ് കോലത്തിരിക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടത്.
യഥാര്‍ഥത്തില്‍, ഇംഗ്ഗീഷുകാരും, ഡച്ചുകാരും, ഫ്രഞ്ചുകാരും അവരുടെ കൊളോണിയല്‍ താല്‍പര്യത്തിന് വേണ്ടി പരസ്പരം മല്‍സരിക്കുകയും നാട്ടുരാജ്യങ്ങള്‍ക്ക് മേല്‍ വട്ടമിട്ട് പറക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇവിടെയുള്ള മതസൗഹാര്‍ദവും പാരസ്പര്യവും തകര്‍ക്കാനുള്ള കുതന്ത്രങ്ങള്‍ വേണ്ടുവോളം ആവിഷ്‌കരിക്കപ്പെട്ടുവെന്ന് കരുതാവുന്നതാണ്. ഈ കുതന്ത്രങ്ങളാണ് കോലത്തിരിയും അറക്കലും തമ്മില്‍ പലപ്പോഴും വഴക്കിന് കാരണമാക്കിയതെന്നാണ് വസ്തുത.
ഹൈദരിനെയും ടിപ്പുവിനെയും ആകര്‍ഷിച്ച രാജശക്തി
അറക്കല്‍ സ്വരൂപത്തിന്റെ മധുരപ്പതിനേഴിന്റെ കാലത്താണ് 1766ല്‍ ഹൈദരലി കണ്ണൂരിലെത്തിയത്. കോലത്തിരിയുടെ എല്ലാ മേഖലകളെയും ജയിച്ചടക്കിയ ഹൈദറിന്റെ വരവ് അറക്കല്‍ സ്വരൂപം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയായിരുന്നു. മാടായിക്കോട്ടയും, കുഞ്ഞിമംഗലമുള്‍പ്പെടെയുള്ള പ്രദേശങ്ങളും, കോലത്തിരിയുടെ സ്വന്തം താവഴിക്കോവിലകം വരെ ഹൈദര്‍ പടനയിച്ചു. അറക്കലാവട്ടെ ഈ സന്ദര്‍ഭം ഉപയോഗിച്ച് മറ്റ് ദേശങ്ങളും ജയിച്ചു കയറി. പാലക്കാട് വരെയുള്ള പ്രദേശങ്ങളില്‍ സ്വാധീനമുറപ്പിച്ച ഹൈദര്‍ മതവൈവിധ്യത്തിലൂന്നിയ നയതന്ത്രമാണ് ആവീഷ്‌കരിച്ചത്. മലബാര്‍ ഗവര്‍ണറായി മാദണ്ണയെ നിയോഗിച്ചു. അറക്കല്‍ ബീവിയുടെ അനുജനെ മൂവായിരം പടയാളികളുടെ നായകനാക്കി കോഴിക്കോട്ട് പാളയത്തില്‍ നിര്‍ത്തി. മറ്റൊരു സഹോദരനെ കോലത്തുനാട്ടിന്റെ പട്ടാള ഗവര്‍ണറാക്കി. അറക്കല്‍ സ്വരൂപത്തിന് മുസ്‌ലിം സമുദായത്തിലുള്ള സ്വാധീനവും അഭേദ്യമായ ഭരണശേഷിയും കണക്കിലെടുത്ത് അറക്കലുമായി മൈസൂര്‍ ഒരു ഉടമ്പടി ഉണ്ടാക്കി. കോലത്ത്‌നാട്ടിന്റെ കുരുമുളകിനുള്ള കുത്തക ഹൈദരലിയിലെത്തിയതോടെ കൊളോണിയല്‍ ശക്തി ആഭ്യന്തര പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ചു. മൈസൂര്‍ സൈന്യത്തിനെതിരായി നായര്‍പ്പട ഇറങ്ങി. കോലത്ത്‌നാടാകെ ലഹളയിലായി. ഓരോ ലഹളയുടെയും പിന്നാമ്പുറത്ത് കൊളോണിയല്‍ ശക്തികളായിരുന്നു. പിന്നീടത് ആഗ്ലോ-മൈസൂര്‍ യുദ്ധപരമ്പകളായി മാറുകയായിരുന്നു. 1780കള്‍ ടിപ്പുവിന്റെ പടയോട്ടക്കാലമായിരുന്നു. ടിപ്പു കോലത്തിരിക്കെതിരെ ബീവിയെ സഹായിക്കാനും, ബീവി ബ്രിട്ടീഷ് കമ്പനിക്കെതിരെ ടിപ്പുവിനെ സഹായിക്കാനുമായി കരാറുണ്ടാക്കി. ആത്യന്തികമായി ഇത് ഇംഗ്ലീഷുകാര്‍ക്കെതിരായ കരാരാറായിരുന്നു. ഇതനുസരിച്ച് 1784ല്‍ ടിപ്പു ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റ്മുട്ടി കണ്ണൂര്‍ കോട്ട പിടിച്ചെടുത്തു. പിന്നെയും സംഭവ പരമ്പരകളായിരുന്നു. ഈ സംഭവങ്ങളെല്ലാം വിലയിരുത്തിയ ശേഷം ചരിത്രപണ്ഡിതന്‍ കെ.കെ.എന്‍.കുറുപ്പ് ഇങ്ങിനെ വിവരിക്കുന്നു: '....അറക്കല്‍ രാജകുടുംബവും, മൈസൂര്‍ സുല്‍ത്താന്‍മാരും മതത്തിന്റെ പേരിലോ സൗഹാര്‍ദത്തിന്റെ പേരിേലാ ഒരു പൊതുശത്രുവെന്ന നിലയില്‍ കൊളോണിയല്‍ ശക്തിക്കെതിരെ ഒന്നിച്ചു നില്‍ക്കുന്നതില്‍ വിജയിച്ചില്ല. കാരണം, അവര്‍ക്ക് സ്വന്തം താല്‍പര്യങ്ങളായിരുന്നു വലുത്. അറക്കല്‍ സ്വരൂപത്തിന്റെ അധികാരത്തിലുണ്ടായിരുന്ന ദ്വീപുകള്‍ പിടിച്ചെടുക്കുമ്പോള്‍ ടിപ്പുവിനും ഈ ചിന്തയുണ്ടായില്ല. അത്തരം ഒരു മനോഭാവം തന്നെയായിരുന്നു സുല്‍ത്താനോടുള്ള ആലിരാജയുടെയും ബീവിയുടെയും സൗഹാര്‍ദവും.....'
യഥാര്‍ഥത്തില്‍ മൈസൂറിന്റെ പതനത്തോടെ മലബാറിലെ നാട്ടുരാജ്യങ്ങളെല്ലാം മുട്ടുവിറച്ച സാഹചര്യത്തിലും അറക്കല്‍ സ്വരൂപം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. 1793ല്‍ കണ്ണൂര്‍ കോട്ടക്ക് മേലുള്ള ബ്രിട്ടീഷുകാരുടെ അവകാശവാദത്തെ ആദ്യം ധീരമായാണ് അറക്കല്‍ നേരിട്ടത്. നിയമത്തിന്റെ വഴിയും തേടി. പക്ഷെ, മൈസൂരിന്റെ പതനം പൂര്‍ണമായിരുന്നു.1790ല്‍ മലബാറിലെ നാടുവാഴികള്‍ക്കെല്ലാം ഇംഗ്ലീഷുകാര്‍ നല്‍കിയ കല്‍പന ടിപ്പു സുല്‍ത്താെനതിരെ യുദ്ധം ചെയ്യാന്‍ തലശ്ശേരി കോട്ടയില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന കമ്പനിപ്പട്ടാളത്തിന് എല്ലാ സഹായവും ചെയ്യണമെന്നായിരുന്നു. ഇതനുസരിച്ചാണ് കണ്ണൂര്‍ കോട്ടയുടെ മേല്‍ അവകാശവാദമുന്നയിച്ച് അറക്കല്‍ സ്വരൂപത്തെ ഈസ്റ്റ്ഇന്ത്യാ കമ്പനി വിരട്ടിയത്. പക്ഷെ, ജനറല്‍ ആബര്‍കോബ്രിക്കിനോട് അറക്കല്‍ ബീവി ജുനൂമ്മബി വിയോജിച്ചു. നിയമപ്പോരാട്ടത്തിനൊരുങ്ങി. ഒരു സ്ത്രീയെന്ന നിലയില്‍ ധീരമായിരുന്നു ബീവിയുടെ ഈ ചെറുത്ത് നില്‍പ്പ്. പെക്ഷ, വെള്ളപ്പട്ടാളം അന്ന് നരനായാട്ട് തന്നെ നടത്തി. അറക്കല്‍ പട്ടാളത്തോട് അതിക്രൂരമായാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി പെരുമാറിയത്. അറക്കല്‍ സുല്‍ത്താന ജുനൂമ്മബീവിയെപ്പോലും കോട്ടയില്‍ തടവുകാരിയാക്കി. കാര്യസ്ഥന്‍മാരെ മൃഗീയമായി മര്‍ദ്ദിച്ചു. അറക്കല്‍ കൊട്ടാരം കൊള്ളചെയ്തു. ഒടുവിലാണ് ഗതിയില്ലാതെ സെന്റ് ആഞ്ചലോ കോട്ട വിട്ട് കൊടുക്കുകയും ഇംഗ്ലീഷുകാരുടെ കല്‍പനക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തത്. ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടതോടെ ടിപ്പുവിനെ ആ്രശയിച്ചിരുന്ന എല്ലാ നാടുവാഴികളുടെയും രക്ഷാധികാരികളായി ബ്രിട്ടീഷുകാര്‍ മാറി. 1796ല്‍ ഇംഗ്ലീഷുകാര്‍ കണ്ണൂര്‍ വീണ്ടും ഉപരോധിച്ചു. ഗതിമുട്ടിയ ബീവി ലക്ഷദ്വീപ് എപ്പോള്‍ വേണമെങ്കിലും വിട്ടുതരാമെന്ന് കരാര്‍ എഴുതി. ദ്വീപുകളുടെ വരുമാനം മുന്‍നിര്‍ത്തി പതിനായിരം രൂപ കപ്പം കല്‍പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അറക്കലിന്റെ പേരിലുള്ള 23 ഏക്കര്‍ കോട്ടമൈതാനം കവര്‍ന്നെടുക്കപ്പെട്ടതും പട്ടാള ബാരക്ക് പണിതതും. ഈ കാലത്താണ് കണ്ണൂര്‍ കണ്ടോണ്‍മെന്റിന്റെ ജനനവും.
വിശ്വപ്രശസ്തിയും, നാട്ടുനായകത്വവും, സമുദായ മേല്‍കൊയ്മയും എല്ലാം ചേര്‍ന്ന മഹത്തരമായ ഒരു രാജപാരമ്പര്യം കേവലമായ ഒരു താവഴിത്തറവാടായി പരിഗണിക്കുന്നതാണ് പിന്നെ കണ്ടത്. കപ്പം അടക്കാന്‍ കല്‍പിച്ചുകൊണ്ടുള്ള പ്രഖ്യാപനവും അതിനെതിരായ നിയമനടപടികളുടെയും കാലമായി പിന്നെ. 1847ല്‍ ദ്വീപിലുണ്ടായ അതിവിപുലമായ പ്രകൃതിക്ഷോഭത്തിന്റെ പ്രത്യാഘാതവും അറക്കല്‍ അനുഭവിച്ചു. 1854ല്‍ ലക്ഷദ്വീപ് സമൂഹം മുഴുവനും വെള്ളക്കാരുടെ കയ്യിലായി. പക്ഷെ, ശക്തമായ നിയമയുദ്ധത്തിനൊടുവില്‍ ദ്വീപുകള്‍ 1861ല്‍ അറക്കല്‍ സ്വരൂപത്തിന് തിരിച്ചു കിട്ടി. പക്ഷെ, അറക്കലിന്റെ ദ്വീപ് ഭരണം പിന്നെ ദുര്‍ബലമായിരുന്നു. കപ്പമടക്കാന്‍ വീഴ്ചവരുത്തിയെന്ന പേരില്‍ 1875ല്‍ മദിരാശി സര്‍ക്കാര്‍ ദ്വീപ് ഭരണം ഏറ്റെടുത്തു. കപ്പം മുഴുവനും അടച്ചാല്‍ ദ്വീപ് തിരിച്ചു നല്‍കാമെന്ന ഉപാധി പാലിക്കപ്പെട്ടില്ല. 1903ല്‍ ഇതിനെതിരെ അറക്കല്‍ സ്വരുപം നിയമനടപടി സ്വീകരിച്ചു. പക്ഷെ, വിധി എതിരായിരുന്നു. അങ്ങിനെ 1908ല്‍ പ്രതിവര്‍ഷം 23,000 രൂപ മാലിഖാന് പകരമായി ദ്വീപുകള്‍ സ്വരൂപം കയ്യൊഴിഞ്ഞു. ഒരു രാജ്യത്തിന്റെ എല്ലാ പത്രാസുമുള്ള രാജവംശമെന്ന നിലയില്‍ അറക്കല്‍ സ്വരൂപത്തിന്റെ പ്രതാപം അസ്തമിച്ചു അലിഞ്ഞില്ലാതായി എന്ന് ഇന്നും നമുക്ക് പറയാനാവില്ല. പ്രതാപം അടിയറവ് പറഞ്ഞ പതിനെട്ടാം നൂറ്റാണ്ടിന് ശേഷവും അതിന്റെ സ്വരൂപത്തിന്റെ ഖ്യാതിയും രാജകുടുംബ താവഴി സംസ്‌കാരത്തിന്റെ പകിട്ടും കണ്ണൂരുകാര്‍ അനുഭവിച്ചു. ഉത്തര മലബാറിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ മിക്ക കൈവഴികളും അറക്കല്‍ വഴിയായിരുന്നുവെന്നതും പ്രസ്താവ്യമാണ്.
പെണ്‍താവഴിയുടെ തങ്കപ്പെരുമ
അറക്കല്‍ സ്വരൂപത്തിലെ വനിതാ സാരഥ്യത്തിന്റെ സവിശേഷമായ മുഖം ഒരു പക്ഷെ, മുസ്‌ലിംസമൂഹത്തിന്റെ യാഥാസ്തിഥിക മനസ്സിനെ മാത്രമല്ല, മുസ്‌ലിംകളിലെ ആധുനിക സ്ത്രീപദവി വാദത്തെപ്പോലും വിസ്മയപ്പെടുത്തുന്നതാണ്. അറക്കല്‍ സ്വരൂപത്തില്‍ പുരുഷന് നേടിയെടുക്കാനാവാത്ത പലതും സ്ത്രീകള്‍ കരസ്ഥമാക്കി. യുദ്ധവും, സന്ധിയും, വ്യാപാരവും, അന്താരാഷ്ട്ര വിനിമയവും, എന്നു വേണ്ട നാട്ട് കോടതികളിലെ നീതിപലകര്പ്പോലും സ്ത്രീ സാരഥിയുടെ മേല്‍നോട്ടത്തിലായിരുന്നു. അറക്കല്‍ സ്വരൂപം ബീവിമാരുടെ കീഴില്‍ അക്ഷരാര്‍ഥത്തില്‍ ഭരിക്കപ്പെടുകയായിരുന്നു. താവഴി സ്ഥാനാരോഹണമെന്ന നിലയിലാണ് ഇന്ന് ബീവിമാരുടെ നിയോഗം. അന്നും അങ്ങിനെയായിരുന്നുവെങ്കിലും ഏറ്റവും വലിയ ഒരു നാട്ടുരാജ്യമെന്ന നിലയില്‍ സാമ്രാജ്യത്തത്തിന് മുന്നിലുടെ നടന്നു നീങ്ങുകയായിരുന്നു ബീവിമാര്‍. മലബാര്‍ ജോയിന്റ് കമ്മീഷന്‍ രേഖയനുസരിച്ച് ബീവി നിശ്ചയിക്കുന്ന മന്ത്രിയോ, മകളുടെ ഭര്‍ത്താവോ ആണ് അന്നത്തെ ചീഫ് ജസ്റ്റീസ്. പണ്ഡിതന്‍മാരടങ്ങിയ ഒരു ഗ്രൂപ്പാണ് കോടതിയില്‍ ശരീഅത്തിന് വിധേയമായ വിധിന്യായങ്ങള്‍ കണ്ടത്തെുന്നത്. അതായത്, പണ്ഡിതന്‍മാര്‍ ബീവിക്ക് കീഴിലെ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥ പദവിയില്‍ മാത്രമാണെന്ന് ചുരുക്കം.
കലര്‍പ്പില്ലാത്ത മതചര്യക്കുമപ്പുറത്ത് പല ആചാരങ്ങളിലും ആര്‍ഭാടങ്ങളിലും അറക്കല്‍ സ്വരൂപം മുഴുകിയതായി ചരിത്രനടപടികളില്‍ കാണാം. വൈവാഹിക ബന്ധങ്ങള്‍ കാര്‍ക്കശ്യം നിറഞ്ഞതാണ്. അറക്കല്‍ സ്വരൂപത്തിന് പുറത്ത് കേയികുടുംബവുമായേ വിവാഹ ബന്ധം സ്ഥാപിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. ഇസ്‌ലാം അതിന്റെ ആരംഭത്തില്‍ തന്നെ നിരാകരിച്ചതായിരുന്നു ഈ ഗോത്ര-കുടുംബമഹിമാ വാദം. അറക്കല്‍ കെട്ടിനകത്ത് ഒരിക്കലും കെടാതെ കത്തികൊണ്ടിരിക്കുന്ന തമ്പുരാട്ടി വിളക്കിന്റെത് മുതല്‍ പലതും ഇത്തരം ആചാരബന്ധനങ്ങളില്‍ ഉണ്ട്. അങ്ങിനെയൊരു യാഥസ്ഥികത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആധുനിക ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെതിനെക്കാള്‍ വിശാലമായ വീക്ഷണത്തോടെ അറക്കല്‍ സ്വരൂപത്തില്‍ പെണ്‍സാരഥ്യം 'ബീവി'മാരായി വാണത്.
അറക്കല്‍ രാജാക്കന്‍മാരില്‍ മൂന്നിലൊരാള്‍ എന്ന നിലയില്‍ ബീവിമാരുടെ ഭരണം അരങ്ങേറിയിട്ടുണ്ട്. ഇസ്‌ലാമില്‍ അന്യമായ മരുമക്കത്തായ രീതിയാണ് അറക്കല്‍ ദായക്രമം. പെണ്‍താവഴിയനുസരിച്ച് പുരുഷനും സ്ത്രീയും പരസ്പരം സിംഹാസനങ്ങളിലെത്തി. ഏതാണ്ട് പതിനേഴാം നൂറ്റാണ്ടിന്റെ മുക്കാല്‍ കാലംവരെയും (1777) ഭരിച്ച 19 രാജാക്കന്‍മാരും പുരുഷന്‍മാരായിരുന്നു. പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപം തട്ടിയെടുക്കാന്‍ വട്ടമിട്ട് പറന്ന കാലഘട്ടത്തില്‍ ഒരു വലിയ പങ്ക് ബീവിമാരുടെ ഭരണത്തിലായിരുന്നുവെന്നത് കൗതുകരമോ, രാഷ്ട്രീയമായി അറക്കലിന്റെ ദൗര്‍ബല്യമോ ആയിരുന്നു. കാരണം, ബീവിമാരുടെ സ്ത്രീസഹജമായ ദൗര്‍ബല്യത്തില്‍ ചവിട്ടിയാണ് സാമ്രാജ്യത്തം പല ചതിപ്പയററുകളും അടവ് നയങ്ങളും ആവീഷ്‌കരിച്ചത്. പക്ഷെ, പലപ്പോഴും പുരുഷനെക്കാള്‍ ചങ്കൂറ്റത്തോടെയായിരുന്നു ചില ബീവിമാര്‍ കോളോണിയലിസത്തെ നേരിട്ടത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി ഡച്ചുകാരോടും, പോര്‍ച്ചുഗീസുകാരോടുമായി നീണ്ട ചെറുത്ത് നില്‍പ്പ് നടത്തി നീണ്ട നാല് പതിറ്റാണ്ടോളം അറക്കലിന്റെ ചെങ്കോലേന്തിയ ജുനൂമ്മബി തങ്കത്താരകം തന്നെയായിരുന്നു.
1728ല്‍ അധികാമേറ്റ ആദ്യത്തെ അറക്കല്‍ ബീവി (ഹറാബിച്ചി കടവൂബി ആദിരാജബീവി-1728-1732)ക്ക് തന്നെ കോളോണിയലിസവുമായി കലഹിക്കേണ്ടി വന്നു. ഒടുവില്‍ ഇംഗ്ലീഷുകാരുമായി കരാറില്‍ ഒപ്പിടേണ്ടിയും വന്നു. സുല്‍ത്താന ഇമ്പിച്ചിബീവി ആദിരാജയാണ് നിരന്തരമായ ചെറുത്ത് നില്‍പിന്റെയും, നിയമയുദ്ധത്തിന്റെയും കരാര്‍ ലംഘനങ്ങളുടെയും ഒടുവില്‍ ലക്ഷദ്വീപുകള്‍ പൂര്‍ണമായും ഇംഗ്ലീഷുകാര്‍ക്ക് അടിറയവ് പറയേണ്ടി വന്നത്.. 1793ല്‍ കണ്ണൂര്‍കോട്ട വളഞ്ഞ് അറക്കല്‍ സൈന്യത്തെ നരനായാട്ട് നടത്തിയപ്പോള്‍ അന്നത്തെ 23ാം ഭരണാധികാരിയായ ജുനൂമ്മാബി ഏറെ പീഡനമാണ് സഹിച്ചത്. കോട്ടയില്‍ അവര്‍ തടവിലാക്കപ്പെട്ടു. പൊര്‍ച്ചുഗീസുകാര്‍ അറബിക്കടലില്‍ മാപ്പിളമാരോട് ചെയ്ത ക്രൂരതകള്‍ക്കെതിരെ മൂന്ന് വര്‍ഷം തുടര്‍ച്ചയായി യുദ്ധം ചെയ്തത് ബീവിയുടെ കീഴിലായിരുന്നു.മക്കയിലേക്കുള്ള യാത്രക്കിടയില്‍ കടല്‍ യുദ്ധക്കാര്‍ ബീവിയുടെ മകനെ കൊലചെയ്തു. പൊര്‍ച്ചുഗീസ് അടിമത്തത്തില്‍ നിന്ന് മുസ്‌ലിംകളെ രക്ഷിക്കാന്‍ അന്ന് ബീവി സുല്‍ത്താല്‍ അലി ആദില്‍ശയോട് അപേക്ഷിച്ചു. സുല്‍ത്താന്‍ ഇതനുസരിച്ച് ഗോവ വരെ വന്ന് പോര്‍ച്ചുഗീസുകാരെ നേരിട്ടു. കരാറുകളുടെയും, നീതിപീഠങ്ങള്‍ താണ്ടിയുള്ള പോരാട്ടങ്ങളുടെയും ഈ സങ്കീര്‍ണമായിരുന്നു ഇവരുടെ കാലം. അറക്കല്‍ ബീവിമാരില്‍ പലരും ദ്വിഭാഷാ നിപുണരായിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണാം. ചില ബീവിമാര്‍ ഹിന്ദുസ്ഥാനിയും പേര്‍ഷ്യനും പഠിച്ചവരായിരുന്നു. 1780 കളിലെ കണ്ണൂര്‍ അക്രമിച്ച മേജര്‍ മക്ലിയോസിനോട് അന്നത്തെ ബീവി ദ്വിഭാഷിയുടെ സഹായമില്ലാതെ ഹിന്ദുസ്ഥാനി സംസാരിച്ചതായി ചില ഇംഗ്ലീഷ് രേഖകളിലുണ്ട്. പില്‍കാലത്ത് അവര്‍ ഇംഗ്ലീഷിലും അവഗാഹം നേടി.
ഹറാബിച്ചി കടവൂമ്പി (1728-1732) ജനൂമ്മാബി (1732-1745) ജുനൂമ്മബി (1777-1819) മറിയംബി (1819-1838) ആയിഷാബി (1838-1862) ഇമ്പിച്ചിബീവി (1907-1911)ആയിഷബീവി (1921-1931)മറിയുമ്മബീവി (1946-1957) ആമിനബീവിതങ്ങള്‍ (1957-1980) ആയിഷമുത്തുബീവി (1998-2006) സൈനബ ആയിഷബീവി (2006 തുടരുന്നു) എന്നിവരാണ് അറക്കല്‍ കീരിടാവകാശികളായ സ്ത്രീ രത്‌നങ്ങള്‍. 37 കിരീടാവകാശികളില്‍ 11 ഉം സ്ത്രീകളായിരുന്നു. ആദ്യകാലത്തെ കിരീടാവകാശികളുടെ ഭരണകാലം പരിശോധിച്ചാല്‍ ഇടക്കാലത്തെ ചിലരുടെ പേരുകള്‍ വിട്ടുപോയിരിക്കാം. കാരണം, അറക്കല്‍ ഒമ്പതാമനായിരുന്ന അബുബക്കര്‍ അലി ആദിരാജ 93 വര്‍ഷവും, എട്ടാമന്‍ മുഹമ്മദലി ആദിരാജ 87 വര്‍ഷവും ഏഴാമന്‍ ഈസഅബുബക്കര്‍ ആദിരാജ 81 വര്‍ഷവും ഭരിച്ചിരുന്നതായി രേഖകളിലുണ്ട്. അവരുടെ ദീര്‍ഘായുസ്സിന്റെ വലിപ്പമെത്രയെന്ന് തിട്ടപ്പെടുത്തിയാലും ഈ ഭരണകാലം കൗതുകകരമാണ്. എന്നാല്‍, സ്ത്രീകളില്‍ ഇങ്ങിനെ ഭരണം 'അരക്കിട്ടുറപ്പിച്ച'വരുടെ മാതൃക അതിലേറെയാണ്. 23ാം കിരീടാവകാശി ജുനൂമ്മാബി 42 വര്‍ഷവും, 25ാം കിരീടാവകാശി ആയിഷബി 24 വര്‍ഷവും 24ാം കിരീടാവകാശി മറിയംബി 19 വര്‍ഷവും അധികാരത്തിലുണ്ടായി. അതായത് പുരുഷന് തുല്ല്യമായ നിലയില്‍ തന്നെ തങ്ങള്‍ക്ക് കിട്ടിയ അവസരം അവസാനം വരെയും അവര്‍ വിനിയോഗിച്ചുവെന്നര്‍ഥം. സ്ത്രീകളെല്ലാം ചേര്‍ന്ന് 146 വര്‍ഷത്തോളമാണ് അറക്കല്‍ സ്വരൂപത്തെ നയിച്ചത്. നിലവിലുള്ള ബീവിയുള്‍പ്പെടെ. ഖിലാഫത്ത് പ്രസ്ഥാനം തിളച്ചുമറിഞ്ഞപ്പോഴും, രാജ്യം സ്വതന്ത്ര്യത്തിലേക്ക് മുന്നേറിയ വിമോചനപ്പോരാട്ട ഘട്ടത്തിലും അറക്കല്‍ സാരഥ്യം ബീവിമാരുടെ കരങ്ങളിലായിരുന്നു.
സമുദായത്തിന്റെ നായകത്വം
സമുദ്രവാണിജ്യത്തിലെ മേധാവിത്വം, ദ്വീപുകളുടെ കൈവശാവകാശം, നാവികപ്പടയുടെ കയ്യിരിപ്പ് എല്ലാറ്റിലുമുപരി മുസ്‌ലിം സമുദായത്തിന്റെ വിശ്വാസ ധാര്‍മിക സംസ്‌കാരത്തിന്റെ പൈതൃകകേന്ദ്രമായ പേര്‍ഷ്യയുമായുള്ള ആത്മബന്ധം എന്നിവമൂലം അറക്കല്‍ സ്വരൂപത്തിന് വലിയ സാമൂഹിക പദവിയാണ് കേരളത്തില്‍ നല്‍കിയത്. അനുഗ്രഹീതമായ ഈ ഭൗതിക സാഹചര്യം തന്നെയായിരുന്നു അറക്കല്‍ സ്വരൂപത്തിന്റെ രാഷ്ട്രീയ പ്രതിസന്ധിയും. കൊളോണിയന്‍ കണ്ണ് ഈ സൗഭാഗ്യങ്ങളിലായിന്നു. സൈനിക താവളമാക്കാവുന്ന ദ്വീപുകളുടെ ഭൂമിശാസ്ത്ര സവിശേഷത കൊണ്ടാണ് സാമ്രാജ്യത്വം ദീപുകളുടെ മേല്‍ കണ്ണ് വെച്ച് അറക്കല്‍ സ്വരുപത്തിന് ഓരോ കെണിയും വെച്ചത്. നാവികപ്പടയുടെ കയ്യിരിപ്പ് കൊണ്ട് നാട്ടുരാജാക്കാന്‍മാരുടെ സൗഹൃദം വളര്‍ത്താന്‍ അറക്കലിന് കഴിഞ്ഞിരുന്നു. പേര്‍ഷ്യയുമായുള്ള ബന്ധത്തിലുടെ ഇസ്‌ലാമികമായ ആശയവിനിമയത്തിന്റെ മധ്യവര്‍ത്തിയെന്ന നിലയില്‍ മലബാറിലെ മുസ്‌ലിം സമുഹത്തില്‍ അറക്കല്‍ അഭയകേന്ദ്രമായി തീരുകയും ചെയ്തു.
ഇസ്‌ലാമിക പ്രചാരണത്തിന് രാജകുടുംബം എന്നും പ്രോത്സാഹനം നല്‍കിയതായി മലബാര്‍ ജോയിന്റ് കമ്മീഷന്റെ രേഖകളില്‍ കാണാം. വടക്കേമലബാറിലെ പല പള്ളികളുടെയും നിര്‍മാണത്തിന് അറക്കല്‍ സ്വരൂപമാണ് ധനം നല്‍കിയത്. പള്ളികളുടെ പരിപാലനവും ഖത്തീബുമാരുടെ നിയമനവും അറക്കലില്‍ നിന്നായിരുന്നു. ഖത്തീബുമാരുടെ മീതെ നാഇബ്ഖാദി എന്ന പദവിയും മാസപ്പിറവി ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളുടെ മേല്‍നോട്ടവും അറക്കല്‍ രാജയുടെയും ബീവിയുടെയും നേരിട്ടുള്ള ഉത്തരവാദിത്വത്തിലാണ്. ബീവിയുടെ മന്ത്രിയോ പുത്രിയുടെ ഭര്‍ത്താവോ ചീഫ് ജസ്റ്റീസുമാരായി നിയോഗിക്കപ്പെടുന്ന കോടതി വ്യവസ്ഥയും ഉണ്ടായിരുന്നുവെന്ന് മലബാര്‍ ജോയിന്റ് കമ്മീഷന്‍ രേഖപ്പെടുത്തുന്നു. മൂന്നോ നാലോ പണ്ഡിതര്‍ കോടതിയുടെ ഇസ്‌ലാമിക ശരീഅത്തനുസരിച്ച കൂടിയാലോചനാ അധികാരത്തോടെ നിയോഗിക്കപ്പെട്ടിരുന്നു. കോടതി വിചാരണാ ഫീസിന്റെ പകുതി അറക്കല്‍ ഖജനാവിനും പകുതി പള്ളി പരിപാലനത്തിനും നല്‍കുന്നതിനാല്‍ മുസ്‌ലിം സാമൂഹികാന്തരീക്ഷത്തില്‍ സമ്പൂര്‍ണമായ നേതൃപദവിയാണ് അറക്കല്‍ ഏറ്റെടുത്തത്.
ആലിരാജവംശത്തിന്റെ യശ്ശസ്സിന് മാറ്റുകൂട്ടുന്നതു മാത്രമല്ല സാമ്പത്തിക പ്രൗഡിയുടെ വലിപ്പം സൂചിപ്പിക്കുന്ന സംഭവം കൂടിയായിരുന്നു 1772ല്‍ ഡച്ചുകാരില്‍ നിന്ന് കണ്ണൂര്‍ കോട്ട വിലക്കെടുത്ത് അറക്കല്‍ സ്വരൂപം കൈവശപ്പെടുത്തിയ സംഭവം. മുസ്‌ലിം സമുദായത്തിലെ നേതൃപദവിക്കൊപ്പം മറ്റ് രാജ കുടുംബങ്ങളുടെ മുന്നിലും അറക്കല്‍ നേതൃഗുണമുള്ള രാജസ്വരൂപമായിരുന്നു. അറക്കല്‍ രാജവംശാധിപനായി അറിയപ്പെട്ട മമ്മാലിയും പിന്തുടര്‍ച്ചക്കാരും കോലത്തിരിയുടെ രാജസദസ്സിലെ അഭിവാജ്യഘടകമായിരുന്നു. ഇരുപതിനായിരം കാലാല്‍പ്പടയെപ്പോലും യുദ്ധങ്ങളില്‍ അണിനിരത്താന്‍ കെല്‍പുള്ള രാജവംശമായാണ് ഹാമിള്‍ട്ടണ്‍ അറക്കലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അറക്കലിന്റെ ഈ സവിശേഷ ഗുണം അറിഞ്ഞാണ് മൈസൂര്‍ സുല്‍ത്താന്‍മാര്‍ ഇങ്ങോട്ട് പടനയിച്ചത്. മലബാറിലെ മാപ്പിളമാരുടെ നേതൃസ്ഥാനത്തുള്ള അറക്കല്‍ ബീവിയുമായുള്ള കുടുംബബന്ധം ഈ മേഖലയിലെ മാപ്പിളമാരെ മുഴുവന്‍ തന്റെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താനുപകരിക്കുമെന്ന് കണ്ടിട്ടാവണം 1789ല്‍ ടിപ്പുവിന്റെ മകന്‍ അബ്ദുല്‍ഖാലിഖുമായി ബീവിയുടെ മകള്‍ക്ക് വിവാഹം ആലോചിക്കുക പോലും ചെയ്തു. പക്ഷെ, പിന്നീടുണ്ടായ രാഷ്ട്രീയ പ്രതിനസ്ധി ഈ ബന്ധം സഫലമാക്കാന്‍ കഴിഞ്ഞില്ല.
വികസനത്തിന്റെ നാള്‍വഴികള്‍
തങ്ങളുടെ വ്യാപാര വാണിജ്യ മേല്‍കോയ്മയില്‍ പടുത്തുയര്‍ത്തിയ സാമൂഹിക പദവിക്ക്‌മേല്‍ ക്ഷതമേല്‍ക്കുന്ന സാമ്രാജ്യത്തത്തെ നേരിടാന്‍ അറക്കല്‍ സ്വരൂപം മറ്റ് നാട്ട് രാജാക്കന്‍മാര്‍ക്ക് പിന്തുണ നല്‍കി. കരാര്‍ ലംഘനങ്ങളുടെയും സൗഹൃദത്തിന്റെയും, സൗഹൃദം ശത്രുതയായി പരിണമിച്ചതിന്റെയും ശൈഥില്യത്തിന്റെയും പരസ്പര വിരുദ്ധമായ ഒരുപാട് അനുഭവ പരമ്പരകളുണ്ട് അറക്കല്‍ ചരിത്രത്തില്‍. സാമ്രാജ്യത്തത്തിനെതിരെ മൈസൂര്‍ കടുവയുടെ പിന്തുണ നേടിയതും മറ്റുമായ രാഷ്ട്രീയമായ അടവുനയങ്ങളുടെ നീണ്ട കഥകളാണിവ. യഥാര്‍ഥത്തില്‍ അതൊരു മുസ്‌ലിംകൂട്ടായ്മയാണെന്ന നിലയില്‍ കോലത്ത്‌നാട്ടില്‍ ലഹളക്ക് കോപ്പ് കൂട്ടപ്പെട്ടു. പക്ഷെ, മൈസൂരുമായുള്ള സൗഹൃദത്തില്‍ ഈ നാട് ഏറെ വികസിച്ചൂവെന്നത് വിസ്മരിക്കാനാവില്ല. കോലത്ത് നാട്ടിന്റെ ഭരണം ഹൈദരലിയോട് ചേര്‍ന്ന് അറക്കലിന്റെ മേല്‍നോട്ടത്തിലായപ്പോഴാണ് വളപട്ടണം -പഴയങ്ങാടി- രാമന്തളിപ്പുഴകള്‍ക്കിടയില്‍ നവീനമായ ജലഗതാഗത വികസനമായി സുല്‍ത്താന്‍ കനാല്‍ നിര്‍മിക്കപ്പെട്ടത്. ഇന്നും സുല്‍ത്താന്‍ കനാല്‍ ഒരു മാറ്റത്തിനും വിധേയമല്ലാത്ത സമ്രഗമായ ജലഗതാഗത മാര്‍ഗമാണ്. ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇത് വീണ്ടും ഗതാഗതയോഗ്യമാക്കിയപ്പോള്‍ അദ്ദേഹം തന്നെ അന്നത്തെ ഉദ്ഘാടന പ്രസംഗത്തില്‍ വിശേഷിപ്പിച്ചത് 'ഇത് നമ്മുടെ സുല്‍ത്താന്റെ സംഭാവനയാ' എന്നായിരുന്നു. ഇന്നും അറ്റകുറ്റപ്പണിക്ക് വഴങ്ങാത്ത തലശ്ശേരി കൂര്‍ഗ് റോഡിന്റെ നിര്‍മാണ വൈദഗ്ധ്യം മൈസൂരുമായുള്ള കണ്ണൂരിന്റെ ബന്ധങ്ങള്‍ക്കുള്ള സാക്ഷ്യമാണ്. കണ്ണൂര്‍ തുറമുഖത്തിലേക്ക് വാതില്‍ തുറന്ന കെട്ടുറപ്പുള്ള പാലങ്ങളും, 'സുല്‍ത്താന്‍'ബത്തേരിയെന്ന ടൗണ്‍ഷിപ്പില്‍ നിന്ന് മലമേടുകള്‍ കീറിമുറിച്ച പുതിയ പാതകളും അറക്കല്‍-മൈസൂര്‍ ബന്ധത്തിന്റെ വികസന മേന്‍മകളാണ്.
സാമ്പത്തിക മേല്‍കൊയ്മ
മലബാറിലെ നാട്ടുരാജാക്കന്‍മാരെല്ലാം എല്ലായ്‌പ്പോഴും കയ്യിരിപ്പ് പണത്തിന് വിഷമിച്ചവരായിരുന്നു. എന്നാല്‍, അറക്കല്‍ കുടുംബത്തിന് ഈ വിഷമം ഉണ്ടായില്ല. ജോയിന്റ് കമ്മീഷണര്‍മാര്‍ അതെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: 'ഇടനാടുകള്‍ ഉല്‍പാദിപ്പിച്ച എല്ലാ ഉല്‍പന്നങ്ങളൂം വഹിച്ച് ബീവിയുടെ കൊടിവെച്ച ഏഴ് കപ്പലുകള്‍ ബംഗാള്‍ മുതല്‍ അറേബ്യവരെയുള്ള നാടുകളുമായി വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1850ല്‍ പോലും ഈ കുടുംബത്തിന്റെ ഉടമസ്ഥതതയില്‍ ഹൈദ്രോസ്, സമദാനി എന്നീ പേരുകളില്‍ കപ്പലുകള്‍ ഉണ്ടായിരുന്നു. കണ്ണൂരിലെ പാണ്ടികശാലകള്‍ പൗരാണിക വാസ്തുശില്‍പ ഭംഗിയില്‍ പടുത്തുയര്‍പ്പെട്ടതും അറക്കല്‍ പ്രതാപത്തിന്റെ വ്യാപാര ചിഹ്‌നങ്ങളായാണ്. നാട്ടിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്ക് ഈ കുടുംബം കയ്യയച്ചു സംഭാവനകള്‍ ചെയ്തു. 1916ല്‍ നാഗൂര്‍ ദര്‍ഗയിലെ കണ്ടൂരി ഉല്‍സവത്തിന് രാജ നല്‍കിയത് വിലപിടിപ്പുള്ള ആനയാണ്. എല്ലാ മുസ്‌ലിം ശക്തികളുമായി സഹകരിച്ച് കൊണ്ട് പോര്‍ച്ചുഗീസിനെതിരെ നടന്ന യുദ്ധത്തില്‍ അറക്കല്‍ കുടുംബം പങ്ക് വഹിച്ചു. നാട്ടുരാജാക്കന്‍മാര്‍ മാത്രമല്ല, സിലോണിലെ രാജാക്കന്‍മാരെ പോലും 1520ല്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരായി അറക്കല്‍ കുടുംബം സഹായിച്ചു. സിലോണ്‍ രാജാവ് വിജയബാഹുവിന് വെടിയുണ്ടയുള്‍പ്പെടെയുള്ള യുദ്ധസാമഗ്രികള്‍ മമ്മാലിമാര്‍ നല്‍കിയതായി ചരിത്രത്തിലുണ്ട്. പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുമ്പോള്‍ കോലത്തിരിയുടെ നാവിക വാണിജ്യത്തിലും കടല്‍ ബന്ധങ്ങളിലും മമ്മാലി കുടുംബമാണ് അത്യല്‍കൃഷ്ട പദവിയോടെ വിരാജിച്ചിരുന്നതെന്ന് ബുഷോണ്‍ രേഖപ്പെടുത്തുന്നു. അറബിക്കടല്‍ മുഴുക്കെ ഇവരുടെ പത്തേമാരികളായിരുന്നുവെന്നും ബുഷോണ്‍ വിവരിച്ചു. ഈ മേധാശക്തിയെ തളര്‍ത്താനുള്ള വിവിധങ്ങളായ കരുനീക്കങ്ങളുടെ നീണ്ട നൂറ്റാണ്ടുകളാണ് പിന്നെ കടന്ന് പോയത്. എന്നിട്ടും കടല്‍വാണിജ്യത്തിന്റെ കുലമഹിമ പോറലേല്‍ക്കാതെ നിര്‍ത്താനുള്ള പരിശ്രമങ്ങളാണ് പിന്‍ഗാമികളും പിന്തുടര്‍ന്നത്. നാട്ടുരാജ്യങ്ങളെ ഭീഷണിപ്പെടുത്തി കീഴിലാക്കുന്ന ബ്രിട്ടീഷ് കുടില തന്ത്രങ്ങള്‍ അറക്കല്‍ ബീവിമാരുടെ സ്ത്രീസഹജമായ ദൗര്‍ബല്യത്തില്‍ ചവിട്ടിമെതിച്ച് നില്‍ക്കുമ്പോഴാണ് 1921 കടന്ന് പോകുന്നത്.
വാണിജ്യത്തിലെ തങ്ങളുടെ രാജ്യാന്തര ബന്ധം ഉലയരുത് എന്ന് കരുതി 1921ലെ ഖിലാഫത്ത് പ്രസ്ഥാനത്തെ അറക്കല്‍ നിരുല്‍സാഹപ്പെടുത്തി. 1921ല്‍ അറക്കല്‍ സ്വരൂപം ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു. പക്ഷെ, സ്വന്തം അസ്ഥിത്വം പണയപ്പെടുത്തേണ്ടി വരുന്ന ഘട്ടത്തിലൊന്നും അറക്കല്‍ സ്വരുപം സാമ്രാജ്യത്തത്തോട് സന്ധി ചെയ്തിരുന്നില്ല. സിംഹാസനങ്ങള്‍ കാഴ്ചവസ്തുക്കളാവുകയും, അവശേഷിച്ച വ്യാപാര സൗഹൃദം തകരാനിടയാവുകയും ചെയ്യുന്ന സാഹചര്യം അറക്കലിനെ വേട്ടയാടിയ കാലമായിരുന്നു അത്. ഗത്യന്തരമില്ലാതെ ബ്രിട്ടീഷ്‌കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ ഇത് കാരണമായിരിക്കും. സാമ്രാജ്യത്വത്തോട് ശത്രുത പുലര്‍ത്തിയതിന്റെ പേരില്‍ മറ്റ് നാട്ട്‌രാജ്യങ്ങള്‍ക്കൊപ്പം കനത്ത നാശം ഏറ്റുവാങ്ങേണ്ടി വന്ന രാജവംശമാണ് അറക്കല്‍. 1523ല്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന സംയുക്ത യുദ്ധം പ്രസിദ്ധമാണ്.
കണ്ണിമുറിയാത്ത സേവനം
പത്തൊമ്പതാം നൂറ്റാണ്ട്, പ്രതാപം നഷ്ടപ്പെട്ട അറക്കലിന്റെ സാമൂഹിക ബന്ധങ്ങളിലെ നിറഞ്ഞ സാന്നിധ്യത്തിന്റെ കാലഘട്ടമായിരുന്നുവെന്ന് പറയാം. മുസ്‌ലിം മതസംരംഭങ്ങളില്‍, വിദ്യാഭ്യാസ പരിഷ്‌കാരങ്ങളില്‍, രാഷ്ട്രീയ മുന്നേറ്റങ്ങളിലെല്ലാം അറക്കല്‍ സ്വരൂപം നിര്‍ണായക പങ്ക് നിര്‍വഹിച്ച കാലമാണിത്. അറക്കലിന്റെയും കേയിമാരുടെയും വ്യാപാരസമ്പല്‍സമൃദ്ധിയുടെ തണലില്‍ സമുദായം ആശ്വാസം അനുഭവിച്ചറിഞ്ഞ എത്രയോ കഥകള്‍ തലശ്ശേരിയും, അറക്കലും കേന്ദീകരിച്ച് ചികഞ്ഞെടുക്കാനാവും. അറക്കല്‍-കേയി കൂട്ടായ്മയില്‍ ധാരാളം സാമൂഹിക പരിഷ്‌കാരങ്ങള്‍ അരങ്ങേറി. അറക്കല്‍ സ്വരൂപത്തിന് പുറത്ത് വൈവാഹിക ബന്ധം സ്ഥാപിക്കാവുന്ന ഏക വര്‍ത്തകകുടുംബമാണ് തലശ്ശേരിയിലെ കേയി കുടുംബം. കേയി കുടുംബത്തിന്റെ ആദ്യ വേരുകള്‍ ചിറക്കല്‍ താലൂക്കിലായിരുന്നു. ചിറക്കല്‍ താലൂക്കിലെ ചൊവ്വ ദേശത്ത് ജനിച്ചു വളര്‍ന്ന വ്യാപാരിയായ ആലുപ്പിക്കാക്കയുടെ പിന്‍മുറക്കാരായ തലശ്ശേരിയിലേക്ക് കുടിയേറിയ കുടുംബപരമ്പരയാണ് കേയിമാര്‍. ഇതനുസരിച്ച്, മക്കികേയിക്ക് ശേഷം കേയി കാരണവരായി അവരോധിതനായ മായന്‍കുട്ടി അറക്കലില്‍ നിന്ന് വിവാഹം കഴിച്ചതോടെ മായിന്‍കുട്ടി എളയ ആയി. അദ്ദേഹം മലയാള മാസം 1052ല്‍ ഹജ്ജിന് പോയപ്പോള്‍ മക്കത്ത് പണിത കേയിറുബാത്ത് കേരളത്തിലെ മുസ്‌ലിംഹാജിമാര്‍ക്ക് ഏറ്റവും വിലയേറിയ ഒരു സ്വത്താണിപ്പോള്‍. വിശുദ്ധഖുര്‍ആനില്‍ അസാധാരണമായ അവഗാഹമുള്ള മായന്‍കുട്ടി എളയയാണ് ഖുര്‍ആന്റെ ആദ്യത്തെ അറബിമലയാള പരിഭാഷ തയ്യാറാക്കിയത്. ഉത്തരമലബാറില്‍ നിരവധി പള്ളികളാണ് അദ്ദേഹം സമുദായത്തിന് സംഭവാന ചെയ്തത്.
അറക്കല്‍ സ്വരുപത്തിന്റെ പേര്‍ഷ്യന്‍ ബന്ധങ്ങളുടെ വിജ്ഞാന സമ്പാദ്യമായി അറബി ഗ്രന്ഥങ്ങളുടെയും കാലിഗ്രാഫുകളുടെയും വിപുലമായ ലൈബ്രറി അറക്കല്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്നു. ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങിയ പല രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച ഗ്രന്ഥങ്ങള്‍ അതിലുണ്ടായിരുന്നു. സ്വാഭാവികമായും അറക്കല്‍ രാജാക്കന്‍മാര്‍ വൈജ്ഞാനികമായി വളരാന്‍ ഈ സാഹചര്യം ഉപയോഗപ്പെട്ടു. വിദ്യാഭ്യാസ വിഷയങ്ങളില്‍ അറക്കല്‍ രാജാക്കന്‍മാര്‍ എന്നും മുന്‍പന്തിയിലായിരുന്നു.
മലബാറിലെ ആദ്യ ഹൈസ്‌കൂള്‍
കമ്മിറ്റി
മലബാറിലെ വിദ്യാഭ്യാസ ഉയര്‍ച്ചക്ക് അറക്കല്‍ രാജ സ്വരൂപം ചെയ്ത സേവനത്തിന്റെ ഒരു ഉദാഹരണ ചിത്രം ലഭിക്കാന്‍ ഖിലാഫത്ത് സമരത്തിന് ശേഷം മലപ്പുറം കേന്ദ്രീകരിച്ച് രൂപം കൊണ്ട പ്രഥമ മുസ്‌ലിം ഹൈസ്‌കൂള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മതി. കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന മുസ്‌ലിംകള്‍ക്ക് മാത്രമായി ഒരു ഹൈസ്‌കൂള്‍ വേണമെന്ന ആവശ്യത്തിനാണ് 1935 ല്‍ ഒരു മുസ്‌ലിംഹൈസ്‌കൂള്‍ കമ്മിറ്റി നിലവില്‍ വന്നത്. ഈ കമ്മിറ്റിയുടെ സമര്‍ദ്ദഫലമായി സര്‍ക്കാര്‍ അനൂകൂല തീരുമാനമുണ്ടായി. പക്ഷെ, നിര്‍ധന കുട്ടികള്‍ക്ക് കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന് പഠിക്കാനുതകുന്ന വിധം ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളിന് വേണ്ടിയുള്ള കാര്യാലോചനാ യോഗം എം.എല്‍.സി. ഖാന്‍ബഹദൂര്‍ മഹ്മൂദ് ശംനാടിന്റെ അധ്യക്ഷതയില്‍ ചേരുകയുണ്ടായി. ഹോസ്റ്റലും അനുബന്ധ ഭൗതിക സൗകര്യങ്ങളും ഉണ്ടാക്കുന്നതിനുള്ള പിരിവിനായി രൂപവല്‍കരിച്ച പ്രവര്‍ത്തക സമിതിയുടെ അധ്യക്ഷന്‍ അറക്കല്‍ അബ്ദുറഹിമാന്‍ ആലി രാജയായിരുന്നു. ആലിരാജ അധ്യക്ഷനായ കമ്മിറ്റിയില്‍ കേരളം ഇന്ന് ആദരിക്കുന്ന കെ.എം.സീതിസാഹിബാണ് സെക്രട്ടറി എന്നോര്‍ക്കുക. മാത്രമല്ല, മുഹമ്മദ്അബ്ദുറഹിമാന്‍ സാഹിബും അബ്ദുസ്സത്താര്‍ സേട്ടുവും, ബി.പോക്കര്‍സാഹിബും, സി.ഒ.ടി.കുഞ്ഞിപ്പക്കി സാഹിബും മറ്റും ഈ കമ്മിറ്റിയില്‍ അംഗങ്ങളുമായിരുന്നു. ഒരുരൂപ, അഞ്ച് രൂപ, പത്ത് രൂപ രസീറ്റ് ഉണ്ടാക്കി പിരിവ് നടത്താന്‍ തീരുമാനമെടുത്ത ഈ യോഗത്തില്‍ പ്രാരംഭശേഖരണമായി തന്റെ വക ആയിരം രൂപ നല്‍കുമെന്ന് ആലിരാജ പ്രഖ്യാപിച്ചു.
മത-ലൗകിക വിദ്യാഭ്യാസത്തിന്റെ സംയോജന ആശയവുമായി മലബാറിലുടനീളം ഒരു വിദ്യാലയ മോഹവുമായി ഊര് ചുറ്റിയ ഇസ്സുദ്ദീന്‍ മൗലവിയുടെ പരിശ്രമങ്ങളിലും അറക്കല്‍ സ്വരൂപം ഒരു ആശ്രയകേന്ദ്രമായെന്ന് വിവരിക്കുന്നുണ്ട്. തന്റെ ലക്ഷ്യം സഫലമാക്കാന്‍ ഇസ്സുദ്ദീന്‍ മൗലവി തെക്കന്‍കര്‍ണാടകം മുതല്‍ ഉത്തരമലബാറിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചു. കോട്ടിക്കുളത്തും, ഉദുമയിലും, ഒക്കെ പരീക്ഷണാര്‍ഥം തുടങ്ങിയ വിദ്യാലയം മുന്നോട്ട് കൊണ്ട് പോകാന്‍ മൗലവി തീരുമാനിച്ചത് അറക്കല്‍ സ്വരൂപത്തിന്റെ ആസ്ഥാനത്തിന് മുന്നില്‍, കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിന് മുന്നില്‍ ഒരു മതപ്രസംഗ പരമ്പര നടത്താനായിരുന്നു. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും കരസ്ഥമാക്കുന്നതിന്റെ പ്രാധാന്യത്തിലൂന്നിയ മതപ്രസംഗ പരമ്പരക്ക് ശേഷം മൗലവിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ നിവേദക സംഘം അറക്കല്‍ ആലിരാജയെ കണ്ട് നിവേദനം നല്‍കുകയായിരുന്നു. സുല്‍ത്താന്റെ നിലപാട് അനുകൂലമായിരുന്നു. പക്ഷെ, പിന്നീട് തല്‍പരകക്ഷികള്‍ ഇടപെട്ട് അറക്കല്‍ രാജയെ തെറ്റിദ്ധരിപ്പിച്ച് ഈ ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. എന്നിട്ടും തെക്കന്‍കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ രൂപവല്‍കരിച്ച് ഇസ്സുദ്ദീന്‍മൗലവി മദ്‌റസ്സ ആലിയക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ ഒന്നാം വാര്‍ഷികാഘോഷം 1941 സംപ്തംബറില്‍ കാസര്‍കോട് തായലങ്ങാടി ഖിദ്ര്‍ ജുമാഅത്ത് പള്ളിയില്‍ ചേര്‍ന്നു. അന്നും അറക്കല്‍ അബ്ദുറഹിമാന്‍ അലി രാജയായിരുന്നു അധ്യക്ഷന്‍. കെ.എം.മൗലവിയും കെ.എം.സീതിസാഹിബും പങ്കെടുത്ത ഈ യോഗമാണ് മദ്‌റസ്സത്തുല്‍ ആലിയ, എന്ന കേരളത്തിലെ ആദ്യത്തെ മത-ലൗകിക വിദ്യാലയത്തിന്റെ പ്രമേയം അംഗീകരിച്ചത്. അങ്ങിനെ ചെമ്മനാട്ട് 1943 മെയ് മാസത്തില്‍ ആലിയ കോളേജ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍, ഇ.കെ.അബുബക്കര്‍ മുസ്‌ല്യാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ അധ്യാപകരുടെ ശിക്ഷണത്തില്‍ കേരളത്തില്‍ മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ വലിയൊരു വിദ്യാലയമാണ് ഉദയം കൊണ്ടത്. സ്വന്തം കെട്ടിടം പണിയാനുള്ള തുടര്‍ന്നുള്ള സംരംഭങ്ങളില്‍ അറക്കല്‍ അതിന്റെ പാരമ്പര്യമനുസരിച്ച് പങ്കാളിയാവുകയും ചെയ്തു.
മുസ്‌ലിംലീഗിന് വേണ്ടി
കേരള മുസ്‌ലിം രാഷ്ട്രീയത്തിന്റെ നിര്‍ണായകമായ എല്ലാ ഘട്ടങ്ങളിലും അറക്കല്‍ സ്വരൂപം അതിന്റെതായ പങ്ക് വഹിച്ചിരുന്നതായി മുസ്‌ലിംലീഗിന്റെ ചരിത്രരേഖകളില്‍ കാണാനാവും. 1906 ല്‍ ധാക്കയില്‍ രൂപം കൊണ്ട മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനം മദിരാശിയുടെ ഭാഗമെന്നനിലയില്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന യഅ്ഖൂബ്ഹസന്‍ സേട്ട്, സമുന്നത വിദ്യാഭ്യാസ പ്രവര്‍ത്തകനായ ജമാല്‍മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ 1916ല്‍ തന്നെ തുടങ്ങിയതായി മുസ്‌ലിംലീഗിന്റെ ചരിത്രമെഴുതിയ കെ.എം.സീതി സാഹിബ് രേഖപ്പെടുത്തിയിരുന്നു. മലബാര്‍ ജില്ലയുടെ ആദ്യത്തെ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ഉന്നതപദവിയും അറക്കല്‍ സ്വരൂപത്തിലേക്കാണ് കടന്നു വന്നത്. അറക്കല്‍ സുല്‍ത്താന്‍ അബ്ദുറിമാന്‍ ആലിരാജ പ്രസിഡന്റും സത്താര്‍ സേട്ട് ജനറല്‍ സെക്രട്ടറിയും, സീതിസാഹിബ് ജോയിന്റ് സെക്രട്ടറിയും, സി.പി. മമ്മുക്കേയി ട്രഷററും ആയി മലബാര്‍ ജില്ലാ മുസ്‌ലിംലീഗ് 1937ല്‍ രൂപം കൊണ്ടു. ഇതേ വര്‍ഷം തന്നെ മുസ്‌ലിംലീഗിന്റെ ഒരു മഹാസമ്മേളനത്തിന് അറക്കല്‍ പാലസ് ഗ്രൗണ്ട് വേദിയാവുകയും ചെയ്തു. അത്‌വരെയും തലശ്ശേരിയിലും തിരൂരങ്ങാടിയിലുമായിരുന്നു മുസ്‌ലിംലീഗിന് രണ്ട് യൂനിറ്റുകള്‍ ഉണ്ടായിരുന്നത്. അക്കാലത്ത് ബ്രിട്ടീഷ് മേധാവിത്വത്തിനെതിരായ നിലപാടുകളില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും ഭിന്നസ്വരത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ യുദ്ധസഹായ കമ്മിറ്റികളില്‍ നിന്ന് മുസ്‌ലിംലീഗ് അകന്നു നിന്നു. അപ്പോള്‍ അറക്കല്‍ നിലപാട് മുസ്‌ലിംലീഗിനൊപ്പമായിരുന്നു. ലക്ഷദ്വീപുകള്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ചേര്‍ത്തതിന് നഷ്ടപരിഹാരമായി ബ്രിട്ടീഷ് ഗവര്‍മെന്റ് അറക്കല്‍ സ്വരൂപത്തിന് പ്രതിവര്‍ഷം നല്‍കിയിരുന്ന നഷ്ടപരിഹാരമായ 25,000 മാലിഖാന്‍ നിര്‍ത്തലാക്കുമെന്ന ഭീഷണി അവഗണിച്ചാണ് സുല്‍ത്താന്‍ ആലിരാജ യുദ്ധസഹായ സമിതിയില്‍ നിന്ന് രാജിവെച്ചത്. (മുസ്‌ലിംലീഗും കേരള രാഷ്ട്രീയവും - റഹീം മേച്ചേരി)
മലബാറിലെ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സ്രോതസ്സ് അറക്കല്‍ സ്വരൂപമായത് യാദൃശ്ചികമല്ല. അറക്കല്‍ സ്വരൂപത്തിന് മുസ്‌ലിംപള്ളികളിലും മഹല്ലുകളിലുമുള്ള സ്വാധീനമാണ് ഇതിന്റെ കേന്ദ്രബിന്ദു. മലബാറിലെ മുസ്ലിംകളുടെ രാഷ്ട്രീയ നേതൃത്വം പത്തൊമ്പതാം നൂറ്റാണ്ടിലും ഈ കുടുംബത്തിനായിരുന്നു. ചിറക്കലില്‍ നിന്ന് മദ്രാസ് ലെജിസ്‌ലേറ്റീവ് അസംബ്ലിയിലേക്ക് 1940 ല്‍ സുല്‍ത്താന്‍ അബ്ദുറഹിമാന്‍ ആലിരാജ തെരഞ്ഞെടുക്കപ്പെട്ടതും മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ശക്തികൊണ്ടു മാത്രമല്ല. കോലത്തിരി രാജവംശത്തിന്റെ ഭാഗമായുള്ള അറക്കല്‍ സ്വരൂപ പ്രതിനിധി, മാപ്പിളമാരുടെ മഹല്ലുകളുടെയും പള്ളികളുടെയും ദീനിയായ ഇമാറത്ത് വഹിക്കുന്ന കേന്ദ്രം, എന്നീ സവിശേഷമായ സാഹചര്യമാണ് ചിറക്കലില്‍ നിന്ന് അബ്ദുറഹിമാന്‍ ആലിരാജയെ വിജയിപ്പിച്ചത്. കുറച്ചു കാലം അദ്ദേഹം മദ്രാസ് സ്‌റ്റേറ്റ് മുസ്‌ലിംലീഗിന്റെ വൈസ് പ്രസിഡന്റും ആയിരുന്നു. മദ്രാസ് നിയമനിര്‍മാണ സഭയുടെ മലബാര്‍ കുടിയായ്മ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
സത്താര്‍ സേട്ടുസാഹിബ് മലബാറില്‍ നിന്ന് കേന്ദ്ര നിയമസഭയിലേക്കും സീതിസാഹിബ്, ഉപ്പിസാഹിബ്, ശൈഖ്‌റാവുത്തര്‍, എ.കെ. ഖാദര്‍കുട്ടി സാഹിബ് എന്നിവര്‍ ലജിസ്‌ളേറ്റീവ് അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടതിനോടൊപ്പമാണ് അറക്കല്‍ രാജയും വിജയിച്ചിരുന്നത്. അതായത്, കേരളത്തിലെ അന്നത്തെ നമ്പര്‍വണ്‍ നേതൃത്വത്തിന്റെ മുന്നണിയില്‍ അറക്കല്‍ രാജയുമുണ്ടായിരുന്നുവെന്ന് ചുരുക്കം. കേരളത്തിലെ മുസ്‌ലിം സംഘടിത സംരംഭങ്ങള്‍ക്കെല്ലാം കണ്ണൂര്‍ ഒരു കേന്ദ്രമായി വര്‍ത്തിച്ചിരുന്നതായി പലരേഖകളിലും കാണാം. അതിന്റെ മുഖ്യ കാരണം കണ്ണൂരിന്റെ വാണിജ്യ പാരമ്പര്യവും അതില്‍ അറക്കല്‍ സ്വരൂപത്തിന്റെ മേധാവിത്വവുമായിരുന്നു.
അറക്കല്‍ ഇന്ന്
ഒരു കുടുംബമഹിമ എന്നതിലപ്പുറം അറക്കല്‍ സ്വരൂപത്തിന് ഇന്ന് ഒരു പദവിയും ഇല്ല. ജനാധിപത്യസംവിധാനത്തില്‍ രാജാധികാരത്തിന് പ്രസകതിയില്ലാത്തത് കൊണ്ടായിരിക്കാം ഇത്. പക്ഷെ, ആദരിക്കപ്പെടേണ്ടതും പരിഗണിക്കപ്പെടേണ്ടതുമായ കാര്യങ്ങളില്‍ എന്ത് കൊണ്ട് അറക്കല്‍ പിന്തള്ളപ്പെടുന്നു? സാമ്രാജ്യത്തവിരുദ്ധ സമരത്തില്‍ അറക്കല്‍ നിര്‍വഹിച്ച പങ്ക് അനിഷേധ്യമാണെന്നിരിക്കെ എന്ത് കൊണ്ട് അറക്കലിന് അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല? കേരളത്തിലെ ഏക മുസ്‌ലിം രാജവംശം എന്ന അപൂര്‍വമായ ഒരു പൈതൃകം ഇതിനുണ്ടല്ലോ. അതിന്റെ പൈതൃകത്തില്‍ അന്തര്‍ലീനമായ ഏറ്റവും വലിയ ഒന്ന് കോലത്തിരി രാജവംശവുമായി പൊക്കിള്‍കൊടി ബന്ധമുള്ള മതസൗഹാര്‍ദത്തിന്റെതാണ്. കേരളീയ സമൂഹം ഏറ്റവും ഉയരത്തില്‍ പൊക്കിപ്പിടിക്കേണ്ട ഈ മഹനീയ മാതൃകയെ നാം എന്തിന് അവഗണിക്കുന്നു? ഇസ്‌ലാമിക സമുഹത്തിന്റെയെന്നല്ല, ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തന്നെ പോരാട്ട ചരിത്രത്തില്‍ അറക്കല്‍ ബീവിമാരുടെ ത്യാഗസമ്പുര്‍ണമായ സാരഥ്യം തങ്കലിപികളാല്‍ എഴുതിവെക്കേണ്ടതായിരുന്നില്ലേ? ഇന്ത്യാ ചരിത്രത്തില്‍ ഏത് രാജസ്വരൂപ വനിതാ സാരഥ്യത്തിന്റെ ത്യാഗമാണ് അറക്കല്‍ ബീവിമാരോളം തൂക്കിവെക്കാനുള്ളത്. ഈ കുറിപ്പെഴുതുമ്പോഴും (2013 ഡിസംമ്പര്‍) അറക്കല്‍ സ്വരൂപത്തിന് ഒരു തമ്പുരാട്ടിയുണ്ട്.പ്രജകളില്ലാത്ത തമ്പുരാട്ടി. പിന്തുടര്‍ച്ചയുടെ 37ാം സ്ഥാനത്തിരിക്കുന്ന ഈ തമ്പുരാട്ടിക്ക് നാല്‍പതോളം കുടുംബങ്ങളിലായി നാനൂറോളം അംഗസംഖ്യയുള്ള കൂട്ടുകുടൂംബമാണ് 'പ്രജാസാമ്രാജ്യം.' അസ്തമയ പ്രായത്തിലെത്തി നില്‍ക്കുന്ന കുറെ പിന്തുടര്‍ച്ച ബീവിമാരും അറക്കല്‍ സ്വരൂപത്തില്‍ ഇപ്പോഴുണ്ട്. ഒരു പക്ഷെ, രണ്ടോ മൂന്നോ ബീവിമാര്‍ക്ക് ശേഷമേ അറക്കല്‍ സ്വരൂപത്തിന് ഇനിയൊരു 'ആദിരാജ'യുണ്ടാവുകയുള്ളു.
ഏഴിമല മുതല്‍ ധര്‍മടം വരെ നീണ്ടുകിടക്കുന്ന വലിയൊരു ഭൂപ്രദേശവും, ലക്ഷദ്വീപും, മാലിദ്വീപുമുള്‍പ്പെടുന്ന അറബിക്കടലിന്റെ വലിയൊരു നാവിക മേഖലയും സ്വന്തമായുണ്ടായ ഒരു രാജകുടുംബം ഇപ്പോള്‍ 2.11 ഹെക്ടര്‍ കൊട്ടാരഭൂമിയുടെ ഉടമമാത്രമാണ്. 2005ല്‍ ഇത് ചരിത്രസംരക്ഷണ മുതലായി സര്‍ക്കാര്‍ പരിപാലനത്തിന് വിട്ടു കൊടുത്തു. ആസ്തിമേലുള്ള ജന്‍മാവകാശം കൈവെടിയാന്‍ മാത്രം പത്രാസ് അറക്കല്‍ സ്വരൂപത്തിനില്ല. കാരണം, ഇവിടെ താമസിക്കുന്നവര്‍ അത് വിട്ടൊഴിഞ്ഞാല്‍ പെരുവഴിയിലാവും. അത് കൊണ്ടാണ് സര്‍ക്കാറിന് പരിപാലനത്തിന് മാത്രമായി അറക്കല്‍ കെട്ട് വിട്ടു കൊടുത്തത്. പക്ഷെ, അതിന്ന് ഒരു നിലയിലും വികസിച്ചില്ല. അറക്കല്‍ മ്യൂസിയമാക്കുന്നതിന് 95 ലക്ഷം രൂപ വിനിയോഗിച്ച് ഇവിടെ നവീകരിച്ചതൊഴിച്ചാല്‍, മറ്റൊരു കാഴ്ചവസ്തുവും ഇവിടെ സര്‍ക്കാര്‍ ഉണ്ടാക്കിയില്ല. സര്‍ക്കാര്‍ ഉണ്ടാക്കിയ മ്യൂസിയത്തിന് അറക്കല്‍ ട്രസ്റ്റ് വക വേതനം നല്‍കി മൂന്ന് പരിപാലകരെ നിര്‍ത്തിയിക്കുന്നു. അവര്‍ക്കുള്ള ശമ്പളം പോലും നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.
ലക്ഷദ്വീപ് വിട്ട് കൊടുത്തപ്പോഴുണ്ടായ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിച്ചുവോ? 1909 ലാണ് ലക്ഷദ്വീപുകള്‍ വിട്ട് കൊടുത്തത്. അതിപ്പോള്‍ കേന്ദ്ര ഭരണ പ്രദേശമാണ്. അന്നത്തെ അളവനസുരിച്ച് 12.3 സ്‌ക്വയര്‍ മൈല്‍ ആന്ത്രോത്ത് ദീപ്, 1 സ്‌ക്വയര്‍ മൈല്‍ കല്‍പേനി, 11.3 സ്‌ക്വര്‍ മൈല്‍ കവരത്തി, 12.3 സ്‌ക്വയര്‍ മൈല്‍ അഗത്തി, രണ്ട്‌സ്‌ക്വയര്‍ മൈല്‍ മിനിക്കോയ് എന്നീ ദ്വീപുകളാണ് അന്ന് അറക്കല്‍ വിട്ടു കൊടുത്തത്. ഒപ്പം കണ്ണൂര്‍ കരാര്‍ ദേശം, മുണ്ടയാട് ദേശം, ചൊവ്വ ദേശം, തുടങ്ങിയ വിപുലമായ ഭൂപ്രദേശവും. അന്നത്തെ പ്രതിവര്‍ഷ മൂല്യം 23,000 രൂപക്കാണീ കരാര്‍. അണ വ്യവസ്ഥയുടെ കാലത്തെ ഈ രൂപയുടെ മൂല്യം ഇന്ന് പുന:പരിശോധിക്കാനുള്ള അറക്കല്‍ സ്വരൂപത്തിന്റെ അപേക്ഷപോലും സംസ്ഥാന സര്‍ക്കാറിന്റെ ചുകപ്പ് നാടയിലാണ്. ധര്‍മടം വരെയുള്ള നാല്‍പതോളം പള്ളികളുള്‍പ്പെടുന്ന 'രാജ്യ'ത്തിന്റെ മുതവല്ലിയായ അറക്കല്‍ സ്വരുപത്തിന്റെ ബീവിയുടെ മാസപ്പിറവി പ്രഖ്യാപനങ്ങള്‍ക്ക് പഴയത് പോലെ പ്രസരണശേഷി ഇല്ല. മുതവല്ലി സ്ഥാനം ഉപേക്ഷിച്ചിട്ടില്ലെങ്കിലും അറക്കല്‍ സ്വരൂപം പള്ളികളിലേക്ക് തങ്ങളുടെ അധികാരം ഇപ്പോള്‍ വല്ലാതെ വരിഞ്ഞുകെട്ടിയിട്ടില്ല. അതിനാല്‍,പെരുന്നാളിന്റെ മാസപ്പിറവിയുടെ ചെണ്ടകൊട്ടും അറക്കല്‍ മണിമുഴക്കവും കേള്‍ക്കാന്‍ അറക്കല്‍ കെട്ടിന് സമീപം തടിച്ചു കൂടുന്ന നാട്ടുകാരുടെ പരിവാരത്തെ ഇന്ന് കാണാനില്ല. അതിന്റെ ആവശ്യമില്ലാതായിരിക്കുന്നു. പക്ഷെ, അപ്പോഴും അസ്തമിക്കാത്ത ചരിത്രം പിന്‍ബലമുള്ളതാണീ രാജസ്വരൂപ മുദ്രയെന്ന സത്യം ഈ നാടും നാട്ടുകാരും മറക്കാതിരിക്കാനെങ്കിലും നമുക്ക് ചിലത് ചെയ്യാനുണ്ട്. അതിന്റെ ആദ്യത്തെ ഉത്തരവാദിത്വം സര്‍ക്കാറിനാണെന്ന് ഓര്‍മിപ്പിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
-അറക്കല്‍ രേഖകള്‍
-കണ്ണൂരിലെ ആലിരാജവംശം-ഡോ.കെ.കെ.എന്‍.കുറുപ്പ്
-ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ ലേഖനങ്ങള്‍
-അറക്കല്‍ രാജവംശം-ഡോ.സി.കെ.കരീം-മൈത്രീമേള സ്മരിക 1992
-അറക്കല്‍ സ്വരൂപം: അതിന്റെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം-പ്രൊഫ.പി.വി.മുഹമ്മദ് ഇഖ്ബാല്‍ - മുസ്‌ലിംലീഗ് ജില്ലാ സൊവനീര്‍ 1995
-കേരളമുസ്‌ലിം നവോഥാന ചരിത്രം - പ്രബോധനം സ്‌പെഷ്യല്‍ പതിപ്പ് 1998
-മുസ്‌ലിംലീഗ് കേരളക്കരയില്‍ - ഒ.കെ.മുഹമ്മദ്കുഞ്ഞി-മുസ്‌ലിംലീഗ് ജില്ലാ സൊവനീര്‍1995
-ഇസ്സുദ്ദീന്‍ മൗലവിയും ആലിയാ അറബിക് കോളേജും - എ. കെ. ശറുല്‍ ലേഖനം
-മുസ്‌ലിംലീഗും കേരള രാഷ്ട്രീയവും - റഹീംമേച്ചേരി ലേഖനം.