മുസ്‌ലിം നവോത്ഥാനവും മണപ്പാട്ട് കുടുംബവും

ഡോ. പി.എ. മുഹമ്മദ് സഈദ്. കൊടുങ്ങല്ലൂര്‍  

കേരളത്തില്‍ മുസ്‌ലിം നവോത്ഥാനത്തിന്റെ ദീപശിഖ കൊളുത്തിയ ഹമദാനി ശൈഖിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന  രണ്ട് വ്യക്തികളായിരുന്നു കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറത്ത് നമ്പൂരിമഠത്തില്‍ സീതിമുഹമ്മദ് സാഹിബും, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും.  മുസ്‌ലിം ഐക്യസംഘത്തിന്റെ (1922-34) സാരഥികളായിരുന്നു ഇവര്‍. തന്റെ മരണം വരെ സീതി മുഹമ്മദ് സാഹിബ് ഐക്യസംഘത്തിന്റെ പ്രസിഡന്റും, സംഘത്തിന്റെ ജനനം മുതല്‍ മരണം (1922-34) വരെ മണപ്പാടന്‍ അതിന്റെ ഏക ജനറല്‍ സെക്രട്ടറിയുമായിരുന്നു. മുസ്‌ലിം ലോകം ഇന്ന് നവോത്ഥാനത്തിന്റെ പന്ഥാവില്‍ വളരെയേറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു.  ഇന്നത്തെ ഈ വളര്‍ച്ചക്ക് കാരണഭൂതരായവരുടെ ചരിത്രം പരിശോധിച്ചാല്‍ വളരെയേറെ ശോഭയോടെ നില്‍ക്കുന്ന ഒരു വ്യക്തിത്വമാണ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടേതെന്ന് നമുക്ക് കാണാം. 
1889 മാര്‍ച്ച് 31 നാണ് എറിയാട് പടിയത്ത് മണപ്പാട്ട് ഹൈദ്രോസ് എന്ന ബാവ ഹാജിയുടെയും കറുകപ്പാടത്ത് അണ്ണാന്‍ചാലില്‍ ആമിനുമ്മ എന്ന ആമിനയുടേയും സീമന്തപുത്രനായി മണപ്പാടന്‍ ജനിച്ചത്.  മതവിദ്യാഭ്യാസവും ആശാന്റെ കളരിയില്‍ നിന്ന് മലയാളം അക്ഷരമാലയും പഠിച്ച മണപ്പാടനെ പിതാവ് പൊന്നാനിയില്‍ മതവിദ്യാഭ്യാസത്തില്‍ കൂടുതല്‍ പരിജ്ഞാനം നേടുവാനായി അയച്ചു. മതപണ്ഡിതനായി നാട്ടില്‍ തിരിച്ചെത്തിയ മണപ്പാടനെ, തന്റെ ബന്ധുക്കളും സ്വന്തക്കാരുമായവര്‍ കക്ഷിതിരിഞ്ഞ് വഴക്ക് കൂടുന്ന ദൃശ്യം വളരെയേറെ വേദനിപ്പിച്ചു. പഴയ അറേബ്യന്‍ ഗോത്രസംസ്‌കാരത്തെ അപ്പാടെ അനുകരിച്ചിരുന്ന കൊടുങ്ങല്ലൂരിലെ അനവധി ധനിക കുടുംബങ്ങള്‍ കക്ഷിവഴക്കുകളും, കുടിപ്പകകളും മൂലം അവരവരുടെ ജീവിതം മാത്രമല്ല, പൊതുസമൂഹ ജീവിതം വരെ ദുസ്സഹമാക്കിയിരുന്നു. സാമൂഹിക ജീവിതത്തിന്റെ അധ:പ്പതനത്തോടൊപ്പം ഒട്ടനവധി അനിസ്ലാമിക ആചാരങ്ങളും നാട്ടില്‍ നടമാടിയിരുന്നു. കൊടികുത്ത്, ചന്ദനക്കുടം, വിവിധ നേര്‍ച്ചകള്‍, റാത്തീബ്, വിവിധ മാലകള്‍ ചൊല്ലല്‍ തുടങ്ങി പൌരോഹിത്യം ജനഹൃദയങ്ങളില്‍ നിന്നും ഏകദൈവവിശ്വാസത്തെ തുടച്ചു മാറ്റിയിരുന്നു.
    സമീപപ്രദേശങ്ങളെ അപേക്ഷിച്ച് കൊടുങ്ങല്ലൂരിലെ ഭൂരിപക്ഷ സമുദായത്തിലും അനാചാരങ്ങള്‍ നിലനിന്നിരുന്നു. അയിത്താചരണം കൊടുങ്ങല്ലൂരില്‍ കര്‍ശ്ശനമായിരുന്നു.  20-ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ കൊടുങ്ങല്ലൂരില്‍ നിലനിന്നിരുന്ന ഈ സാഹചര്യത്തിലേക്കാണ് അസ്വസ്ഥതയോടെ മണപ്പാടന്‍ കാലെടുത്തു വച്ചത്. തന്റെ സമൂഹത്തിന്റെ ഈ ദുരവസ്ഥ മാറണമെങ്കില്‍ ഭൗതികവും മതപരവുമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമാണെന്ന് കൂര്‍മ്മബുദ്ധിയുളള മണപ്പാടന്‍ തിരിച്ചറിഞ്ഞു. ഒരു നിയോഗംപോലെ ഉത്പതിഷ്ണുക്കളായ ഹമദാനി തങ്ങളുടെയും നമ്പൂരിമഠത്തില്‍ സീതിമുഹമ്മദ് പോലെയുളള സുമനസ്സുകളുടെയും സാമീപ്യം അദ്ദേഹത്തിന് ഉത്തേജനമായി. തന്റെ സമപ്രായക്കാരായ ബന്ധുക്കളിലും സ്വന്തക്കാരിലും ഐക്യത്തിന്റെ ആവശ്യകത ഉല്‍ബോധിപ്പിച്ച് അവരെ ഐക്യത്തിന്റെ വഴിയിലേയ്ക്ക് കൊണ്ടുവരുവാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. കൊടുങ്ങല്ലൂരില്‍ വന്ന് ഒറ്റയായി ഇസ്ലാഹി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന സനാഉല്ല മഖ്തിതങ്ങളുടേയും ഷേഖ് ഹമദാനി തങ്ങളുടേയും ഉല്‍ബോധനങ്ങളും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മുസ്ലീം മാസികയിലെ ലേഖനങ്ങളും മണപ്പാടന് അര്‍ത്ഥവത്തായി തോന്നി. സമുദായ/രാഷ്ട്ര വികസനത്തിന്റെ ആധാരശില വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ മണപ്പാടന്‍, തന്റെ ബന്ധുവായ കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബിനെ സ്‌കൂള്‍ തുടങ്ങുവാന്‍ പ്രേരിപ്പിക്കുകയും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങിനെ കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ് 1909-ല്‍ അഴീക്കോട് സ്ഥാപിച്ച പ്രൈമറി സ്‌ക്കൂളാണ് ഇന്നത്തെ മുഹമ്മദ് അബ്ദുല്‍റഹ്മാന്‍ സ്മാരക അപ്പര്‍പ്രൈമറി സ്‌കൂള്‍.  അതിനുശേഷം മണപ്പാടന്‍ ആരംഭിച്ച തണ്ടാന്റെ പറമ്പിലെ സ്‌കൂളാണ് 1921ല്‍ തന്റെ പിതാവിന്റെ മരണശേഷം തന്റെ ‘ഭവനമായ ഐക്യവിലാസത്തിന് മുന്‍വശത്തേയ്ക്കു മാറ്റി സ്ഥാപിച്ച ഇന്നത്തെ എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍. 
    അയിത്തം എന്ന ആചാരം നിലനിന്നിരുന്നതിനാല്‍ ഈഴവ, വേട്ടുവ, പുലയ ജാതിക്കാര്‍ക്ക് അന്ന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നിഷിദ്ധമായിരുന്നു.  മതങ്ങള്‍ക്കും ജാതിക്കും അതീതമായി, മനുഷ്യന് വിലക്കുകള്‍ ഏര്‍പ്പെടുത്തിയ സമൂഹത്തിനെതിരായി മണപ്പാടന്റെ ആദ്യപ്രതികരണങ്ങളില്‍ ഒന്നായിരുന്നു താഴ്ന്ന ജാതിക്കാര്‍ക്ക് തന്റെ സ്‌കൂളില്‍ പ്രവേശനം നല്‍കിയത്. സ്‌കൂളിന് സ്ഥലവും, കെട്ടിടങ്ങളും അദ്ധ്യാപകര്‍ക്കു ശമ്പളവും നല്‍കിയത് കൂടാതെ വിഭവസമൃദ്ധമായ ഊണും സൗജന്യമായി പഠനോപകരണങ്ങളും നല്‍കിയാണ് മണപ്പാടന്‍ താഴ്ന്ന ജാതിക്കാര്‍ അടക്കമുളള ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ അഭ്യസിക്കുവാന്‍ അവസരം നല്‍കിയത്. അന്ന് അയിത്തം കണക്കിലെടുക്കാതെ നമ്മുപൈ മാസ്റ്റര്‍, ഷേണായ് മാസ്റ്റര്‍, പരമേശ്വരന്‍ അയ്യര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ മണപ്പാടന്റെ സ്‌കൂളില്‍ അദ്ധ്യാപകരായിരുന്നു. സവര്‍ണ്ണരായ ഈ അദ്ധ്യാപകര്‍ സാമൂഹ്യപ്രതിബദ്ധതയോടെ മണപ്പാടനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നന്നത്, മണപ്പാടന് ഇതരസമുദായങ്ങളുമായുളള ബന്ധത്തിന്റെ ആഴമാണ് കാണിക്കുന്നത്.
     1946 ല്‍ സ്‌കൂളിന്റെ രജതജൂബിലി ആഘോഷവേളയില്‍ മണപ്പാടന്‍ ആ സ്‌ക്കൂളും അതിരിക്കുന്ന 2 ഏക്കര്‍ 11 സെന്റ് സ്ഥലവും കൊച്ചി മഹാരാജാവിന്റെ സര്‍ക്കാരിന് ദാനം ചെയ്തു. അടുത്ത സ്‌ക്കൂള്‍ വര്‍ഷമായ 1946 - 1947 ല്‍ തന്നെ ആ സ്‌ക്കൂള്‍ ഹൈസ്‌ക്കൂള്‍ ആക്കണമെന്നും സ്‌ക്കൂളിലെ അദ്ധ്യാപകരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ എടുക്കണമെന്നും പ്രജാവത്സലനായ കേരളവര്‍മ്മ മഹാരാജാവിന്റെ പേര് സ്‌ക്കൂളിനു നല്‍കണമെന്നുമായിരുന്നു നിബന്ധനകള്‍.  അന്ന് മഹാരാജാവിന്റെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പിളളി ഗോവിന്ദമേനോന്‍ മൂന്നു നിബന്ധനകളും ഉടനടി നടപ്പാക്കുകയും ചെയ്തു.
1921-ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് ഏറനാട്ടില്‍ നിന്നും നൂറുകണക്കിന് അഭയാര്‍ത്ഥികള്‍ കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ അവര്‍ക്ക് അഭയം നല്‍കിയത് മണപ്പാടനും, സഹോദരന്‍ മണപ്പാട്ട് കൊച്ചുമൊയ്തീന്‍ സാഹിബും, കോട്ടപ്പുറത്ത് സീതിമുഹമ്മദ് സാഹിബും, പനപ്പറമ്പില്‍ കുഞ്ഞിപ്പോക്കര്‍കുട്ടി സാഹിബുമായിരുന്നു. കെ.എം. മൗലവി, ഇ. കെ. മൗലവി, എം.സി.സി. അബ്ദുറഹിമാന്‍ മൗലവി തുടങ്ങി ഉല്‍പതിഷ്ണുക്കളായ  മതപണ്ഡിതര്‍ ആ അഭയാര്‍ത്ഥികളില്‍ ഉണ്ടായിരുന്നു. അവരില്‍നിന്നാണ് മണപ്പാടന്‍ 1792 മുതല്‍ 1921 വരെ നടന്ന കലാപങ്ങളെക്കുറിച്ചും അവയുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചും അറിഞ്ഞത്. മാപ്പിളലഹളകളായി ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ച അവയെല്ലാം കാര്‍ഷിക വിപ്ലവ കലാപങ്ങളായിരുന്നുവെന്ന് മനസ്സിലാക്കിയ മണപ്പാടന് സമുദായത്തിന്റെ ഐക്യത്തിന്റെ അനിവാര്യതയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും കൂടുതല്‍ ബോദ്ധ്യപ്പെടുകയും ചെയ്തു. മുസ്ലീം ഐക്യത്തിനുവേണ്ടി പിതാവിന്റെ ബദ്ധശത്രുവായ പുത്തങ്കാട്ടില്‍ കുട്ടിക്കമ്മദ് സാഹിബിന്റെ വീട്ടില്‍ നാടകീയമായി പോയി അദ്ദേഹം സന്ധിസംഭാഷണം നടത്തി. കൊടുങ്ങല്ലൂരിലെ ഭൂപ്രഭുകുടുംബങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന കുപ്രസിദ്ധമായ കുടിപ്പകകള്‍ അവസാനിപ്പിക്കാനായി മണപ്പാടന്റെ നേതൃത്വത്തില്‍ ഹമദാനി തങ്ങളും, സീതിമുഹമ്മദ് സാഹിബുമായി ചേര്‍ന്ന് 1921 ല്‍ തുടങ്ങിയ നിഷ്പക്ഷസംഘം അതിന്റെ ആദ്യ പൊതുയോഗം കൂടുന്നത് 1922 ഏപ്രില്‍ 24 ന് എറിയാട് ചന്തയിലാണ് . കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റും മണപ്പാടന്‍ ജനറല്‍ സെക്രട്ടറിയുമായി ഒരു ഭരണസമിതി നിഷ്പക്ഷ സംഘത്തിനായി രൂപീകൃതമായി. വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ മിക്കവാറും കുടുംബവഴക്കുകള്‍ അവസാനിപ്പിക്കുകയും ബാക്കിയുളളവ അപ്രസക്തമാകുകയും ചെയ്തു. നിഷ്പക്ഷസംഘത്തിന്റെ മുസ്ലീം ഐക്യസംഘത്തിലേക്കുളള പരിണാമം തികച്ചും സ്വാഭാവികവും അനിവാര്യവുമായിരുന്നു. കൊടുങ്ങല്ലൂരിലെ കക്ഷിവഴക്കുകള്‍ക്ക് മാത്രമല്ല കൊച്ചി രാജ്യത്തെ പല കക്ഷിവഴക്കുകള്‍ക്കും അതോടെ വിരാമമായി.   
മുസ്ലീം ഐക്യം, മതവിദ്യാഭ്യാസ പരിഷ്‌കരണം, മുസ്‌ലിംകളെ ഭൗതിക വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുക, സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, അന്ധവിശ്വാസങ്ങളില്‍പ്പെട്ട് ഇസ്ലാമിന്റെ അന്തസ്സത്തക്ക് കോട്ടം വരുത്തിയ അനാചാരങ്ങള്‍ ഇല്ലായ്മ ചെയ്യുക എന്നിവയായിരുന്നു ലക്ഷ്യം. സഞ്ചാരസൗകര്യങ്ങള്‍ തീരെയില്ലാതിരുന്ന അക്കാലത്ത് കേരളം മുഴുവന്‍, പ്രത്യേകിച്ച് മലബാറിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് മുസ്ലീം ഐക്യസംഘത്തിന്റെ പ്രചരണ യോഗങ്ങള്‍ സംഘടിപ്പിച്ച് ബഹുജനങ്ങളെ മണപ്പാടന്‍ പ്രബുദ്ധരാക്കി. 1920-കളിലെ മതമേധാവികളോട് ഏറ്റുമുട്ടുക വളരെ ദുഷ്‌കരമായ സാഹസമായിരുന്നു.  ചെരുപ്പുകളും ചീമുട്ടകളും എറിഞ്ഞിരുന്ന സ്ഥലങ്ങളില്‍പോലും മണപ്പാടന്‍ തന്റെ പക്വതയും ധീരതയും കൊണ്ട് വിജയം നേടി. മുസ്ലീം ഐക്യസംഘത്തിന് വേണ്ടിയുളള പ്രചരണപടയോട്ടത്തില്‍ ധാരാളം മാപ്പിള സ്‌ക്കൂളുകള്‍ മണപ്പാടന്‍ സ്ഥലത്തെ പ്രമുഖ ധനാഢ്യരെക്കൊണ്ട് സ്ഥാപിപ്പിക്കുകയുണ്ടായി. നിരക്ഷരരായ മാപ്പിളമാരെ മര്‍ദ്ദിച്ചൊതുക്കുന്നതിനു പകരം അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി വീണ്ടുവിചാരമുളളവരാക്കുന്നതാണ് ബുദ്ധിയെന്ന് മണപ്പാടനും മുസ്ലീം ഐക്യസംഘവും മലബാര്‍ അധികാരികളെ ബോദ്ധ്യപ്പെടുത്തുകയും സര്‍ക്കാര്‍ എലിമെന്ററി മാപ്പിള സ്‌ക്കൂളുകള്‍ തുടങ്ങുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. 1922-ല്‍ മുസ്ലീം ഐക്യസംഘം പ്രവര്‍ത്തനം തുടങ്ങി 1931 ആയപ്പോള്‍ മലബാറില്‍ 1487 എലിമെന്ററി സ്‌ക്കൂളുകള്‍ ഉണ്ടായി.
അഭൂതപൂര്‍വ്വവും ശക്തവുമായ ഒരു മുസ്ലീം നവോത്ഥാന മുന്നേറ്റമാണ് പിന്നീട് കേരളം ദര്‍ശിച്ചത്. 1923 സെപ്റ്റംബറില്‍ ഒന്നാം വാര്‍ഷികം എറിയാടും, 1924ല്‍ രണ്ടാം വാര്‍ഷികം ആലുവായിലും നടന്നു.  ആലുവ സമ്മേളനത്തിലാണ് കേരള ജംഇയ്യത്തുല്‍ ഉലമ രൂപം കൊളളുന്നത്. 1925 ല്‍ കോഴിക്കോടും 1926 ല്‍ തലശ്ശേരിയിലും 1927 ല്‍ കണ്ണൂരും 1928ല്‍ തിരൂരും 1929ല്‍ എറണാകുളത്തും 1930 ല്‍ തിരുവനന്തപുരത്തും 1931 ല്‍ മലപ്പുറത്തും 1932 ല്‍ കാസര്‍കോടും 1933 ല്‍ ജന്മസ്ഥലമായ കൊടുങ്ങല്ലൂരിലും വാര്‍ഷികങ്ങള്‍ നടന്നു. വലിയ എതിര്‍പ്പുകളെ നേരിട്ടു കൊണ്ടുതന്നെയാണ് ജനപങ്കാളിത്തത്തോടെ ഈ വാര്‍ഷിക സമ്മേളനങ്ങളെല്ലാം വന്‍വിജയമായത്. മറ്റു 11 വാര്‍ഷികയോഗങ്ങളില്‍ നിന്ന് വ്യത്യാസമായി, 1934ല്‍ കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിലെ ഒരു മുറിയില്‍ നടന്ന 12-ാമത് വാര്‍ഷിക യോഗത്തില്‍ ഐക്യസംഘത്തിന്റെ പ്രസിഡന്റായ കറുകപ്പാടത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞുമുഹമ്മദ് സാഹിബോ, ഒരു വ്യാഴവട്ടക്കാലം മുഴുവന്‍ സെക്രട്ടറിയായിരുന്ന മണപ്പാടനോ പങ്കെടുത്തിരുന്നില്ല. കൊച്ചി രാജഭരണത്തിനെതിരെ രക്തലേഖ എന്ന വിപ്ലവലേഖനം എഴുതിയതിനാല്‍ രാജദ്രോഹക്കുറ്റത്തിന് മണപ്പാടന്‍ വിചാരണ നേരിടുകയായായിരുന്നു അന്ന്. ഏതാനും പേര്‍ മാത്രം പങ്കെടുത്ത ആ യോഗത്തില്‍ ഐക്യസംഘം പിരിച്ചു വിടുകയും അതിനെ കേരള മുസ്ലീം മജിലിസില്‍ ലയിപ്പിക്കുകയും ചെയ്തു. ഐക്യസംഘത്തിന്റെ ഈ അകാല മരണത്തില്‍ മണപ്പാടന്‍ വളരെ ഖിന്നനായിരുന്നു.
ഊട്ടിയിലെ ലവ്‌ഡേല്‍ സ്‌ക്കൂള്‍ പോലെ ഒരു സ്‌ക്കൂള്‍ ഏറനാട്ടില്‍ മുസ്ലീംകള്‍ക്ക് വേണ്ടി തുടങ്ങണമെന്നത് മണപ്പാടന്റെ ഒരു സ്വപ്നമായിരുന്നു. മലപ്പുറത്ത് സിക്കന്തര്‍ സാഹിബ് ഹെഡ്മാസ്റ്ററായി ഒരു ബോര്‍ഡിംഗ് സ്‌ക്കൂള്‍ ആരംഭിച്ചപ്പോള്‍ മറ്റുളളവര്‍ക്ക് പ്രചോദനം ആകുവാനായി തന്റെ മൂന്ന് ആണ്‍കുട്ടികളേയും സഹോദരന്‍ കൊച്ചുമൊയ്തീന്‍ ഹാജിയുടെ മൂത്തമകനേയും ബോര്‍ഡിംഗ് സ്‌ക്കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. മലബാറിന്റെ നാനാഭാഗത്തുനിന്നും അവിടെ എത്തിയ വിദ്യാര്‍ത്ഥികള്‍ പലരും പിന്നീട് പ്രഗത്ഭരായി.
മുസ്ലീംകളുടേതായ ഒരു കോളേജ് സ്ഥാപിക്കുവാന്‍ 1924-ല്‍ മുസ്ലീം ഐക്യസംഘം മുന്‍കൈ എടുത്തിരുന്നുവെങ്കിലും ആ സ്വപ്നം നിറവേറിയില്ല. 1948ല്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യ മുസ്ലീം കോളേജായ ഫാറൂഖ് കോളേജിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായ ഒരു നിര്‍ണായകഘട്ടത്തില്‍ അന്ന് ഒരു ലക്ഷം രൂപ വില വരുന്ന തന്റെ 111 ഏക്കര്‍ 6 സെന്റ് ഭൂമി മണപ്പാടന്‍ ദാനം നല്‍കുകയുണ്ടായി. 1952 ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ചങ്ങനാശ്ശരി എന്‍.എസ്.എസ്. കോളേജിനും, 1953 ല്‍ എസ്.എന്‍.ഡി.പിയുടെ കൊല്ലം എസ്.എന്‍. കോളേജിനും, 1955 ല്‍ കാലടി ശങ്കര കോളേജിനും, 25 ഏക്കര്‍വീതം ഭൂമി അദ്ദേഹം നല്‍കി. ഫാറൂഖ് റൈൗദത്തുല്‍ ഉലൂം, പുളിക്കല്‍ മദീനത്തുല്‍ ഉലൂം എന്നീ അറബി കോളേജുകള്‍ക്ക് 30 ഏക്കര്‍ വീതവും, അരീക്കോട് സുല്ലമസ്സലാം അറബി കോളേജിന് 11 ഏക്കറും, വടുതല നദ്‌വത്തുല്‍ മുജിഹിദിന്‍ മദ്രസക്ക് 5 ഏക്കറും, മഞ്ചേരി മേലാക്കം മദ്രസക്ക് 10 ഏക്കറും കൊടുത്തു. നീണ്ടൂര്‍ സെന്റ് തൊമസ് അസ്സൈലത്തിന് 5 ഏക്കറും, എറിയാട് ലത്തീന്‍ കത്തോലിക്കാപ്പളളിക്കുളള സ്ഥലവും അദ്ദേഹം സംഭാവന ചെയ്തതാണ്. സ്വന്തം നാട്ടില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി അദ്ദേഹം ഉദാരമായി തന്റെ സ്ഥലം ദാനം ചെയ്തിട്ടുണ്ട്.  എറിയാട് വില്ലേജ് ഓഫീസും, എന്‍. ഇ. എസ്. ബ്ലോക്ക് ഓഫീസും, ഗ്രാമോദ്ധാരണ ആഫീസും മണപ്പാടന്‍ നല്‍കിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചേരമാന്‍ പളളിയുടെ മുന്‍വശത്തുളള ചേരമാന്‍ അനാഥശാല അദ്ദേഹം 1952 ല്‍ സ്ഥാപിച്ചതാണ്. അനാഥാലയം ഇരിക്കുന്ന ഒന്നര ഏക്കറും അതിന്റെ നടത്തിപ്പിനായി 30 ഏക്കര്‍ സ്ഥലം വേറെയും അദ്ദേഹം ദാനം നല്‍കി. 
തന്റെ മക്കളേയും, പേരമക്കളെയും കൂടാതെ തന്റെ ആശ്രിതരുടെ മക്കളേയും ഉള്‍പ്പെടുത്തി മണപ്പാടന്‍ തന്റെ വസതിയായ ഐക്യവിലാസത്തില്‍ തുടങ്ങിയ ഹിസ്ബുളള ദാറുത്തര്‍ബിയ മഹത്തായ ഒരു ദര്‍ശനത്തിന്റെ സമാരംഭമായിരുന്നു.  എല്ലാ അംഗങ്ങളും ഒന്നിച്ച് ജീവിക്കുകയും ഭക്ഷിക്കുകയും പഠിക്കുകയും ചെയ്തിരുന്ന എച്ച് ഡി റ്റി യില്‍ വളര്‍ന്ന മണപ്പാടന്റെ മക്കള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ ഉച്ചനീചത്വങ്ങള്‍ അന്യമായിരുന്നു. ചെറുപ്പത്തിലെ തന്നെ കൃഷിബോധവും സഹകരണ ജീവിതവും തൊഴിലിലെ അന്തസ്സും അവരില്‍ വളര്‍ന്നു വരാന്‍ ഈ ജീവിതം സാദ്ധ്യമാക്കി. 1930 കളില്‍ ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തികള്‍ മലബാറിലെ സമ്പന്ന മുസ്ലീം കുടുംബങ്ങളില്‍ ധാരാളം ഉണ്ടായിരുന്നുവെങ്കിലും കൊടുങ്ങല്ലൂരില്‍ മൊത്തം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് സാക്ഷരത അലിഞ്ഞിറങ്ങുവാനുളള കാരണം മണപ്പാടനും സീതിമുഹമ്മദ് സാഹിബും പോലെയുളളവരുടെ ദീര്‍ഘവീക്ഷണവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും മൂലമാണ്. ഭാരതം 1947ല്‍ സ്വതന്ത്രമാകുമ്പോള്‍ മണപ്പാടന്റെ സ്വന്തം ഗ്രാമമായ എറിയാടിലെ മുസ്ലീം സാക്ഷരത ഭാരതത്തിലെ പൊതുസാക്ഷരതകൊപ്പമായിരുന്നു എന്നതും, മുസ്ലീം വനിതാ സാക്ഷരത ഭാരതത്തിലെ മുസ്ലീം പുരുഷ സാക്ഷരതയ്ക്ക് ഒപ്പമായിരുന്നു എന്നതും ഇതോടൊപ്പം വായിക്കേണ്ടതാണ്.
അന്നത്തെ കൊച്ചി നിയമസഭയില്‍ മുസ്ലിംകള്‍ക്ക് ഒരു സീറ്റുമാത്രമാണ് സംവരണം ചെയ്തിരുന്നത്. അത് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം മഹാരാജാവ് നിരസിച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍ ജനറല്‍ സീറ്റിലും സംവരണ സീറ്റിലും മുസ്ലിം ഐക്യസംഘത്തിന്റെ പിന്‍ബലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ജനറല്‍ സീറ്റില്‍ കോട്ടപ്പുറത്ത് സീതിമുഹമ്മദ് സാഹിബും സംവരണ സീറ്റില്‍ മണപ്പാടനുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഭൂവുടമകള്‍ക്കും എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്കും മാത്രം വോട്ടവകാശമുണ്ടായിരുന്ന അക്കാലത്ത് രണ്ടുസീറ്റും വിജയിച്ച് അവര്‍ ചരിത്രം സൃഷ്ടിച്ചു. 1925 ഏപ്രില്‍ 3-ാം തിയ്യതി വെളളിയാഴ്ച ഉച്ചക്ക് 2.30ന് സത്യപ്രതിജ്ഞ ചെയ്ത് മണപ്പാടന്‍ കൊച്ചി നിയമസഭയില്‍ മുസ്ലിം പ്രതിനിധിയായി. കൊച്ചി മഹാരാജാവ് രക്ഷാധികാരിയായി ഐക്യ കേരള കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചപ്പോള്‍ മഹാരാജാവ് മണപ്പാടനേയും അതിന്റെ ഭാരവാഹിയാക്കി. ഐക്യകേരള കണ്‍വെന്‍ഷന് വേണ്ടി മണപ്പാടന്‍ അഹോരാത്രം പണിയെടുത്തു.
സ്വന്തം മതത്തിലെ യാഥാസ്ഥിതികരോടും, പുരോഹിതന്മാരോടും മാത്രമായി ഒതുങ്ങിയില്ല മണപ്പാടന്റെ സമരം. ശ്രീനാരായണഗുരുവുമായി മണപ്പാടന് ഉറ്റ സുഹൃദ്ബന്ധമുണ്ടായിരുന്നു. സഹോദരന്‍ അയ്യപ്പന്‍ അദ്ദേഹത്തിന്റെ ആത്മമിത്രവുമായിരുന്നു.  ഇതരമതങ്ങളിലെ നവോത്ഥാന പ്രസ്ഥാനങ്ങളുമായി മണപ്പാടനുളള ബന്ധം അത്ഭുതാവഹമായിരുന്നു.  അവയിലൊക്കെ അദ്ദേഹം സഹായിക്കുകയും സഹകരിക്കുകയുമുണ്ട്. കൊടുങ്ങല്ലൂരിലെ ശൃംഗപുരത്തു നടന്ന (1926) അയിത്തോഛാടന സമരത്തിലും, ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജന സമരത്തിലും മണപ്പാടന്‍ പങ്കെടുത്തു. അനീതി മണപ്പാടന് മാനവികതയുടെ പ്രശ്‌നമായിരുന്നു. ഒരു പക്ഷെ ഇതരമതങ്ങളുടെ നവോത്ഥാന സമരങ്ങളില്‍ ക്രിയാത്മകമായും സജീവമായും പങ്കെടുത്ത ഏകവ്യക്തി മണപ്പാടനാകാം. 
വെളളിയാഴ്ച ജുമുഅ ഖുത്തുബ മലയാളത്തിലാക്കണമെന്നും സ്ത്രീകളെ പളളിയില്‍ ജുമുഅക്ക് പങ്കെടുപ്പിക്കണമെന്നും സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കണമെന്നും മണപ്പാടന്‍ നിരന്തരം പ്രചരണം നടത്തുകയും തന്റെ പിതാമഹന്‍ സ്ഥാപിച്ച മാടവന ജുമുഅ പളളിയില്‍ സ്ത്രീകള്‍ക്ക് നമസ്‌കരിക്കുവാന്‍ ഏര്‍പ്പാടാക്കുകയും മലയാളത്തില്‍ ഖുത്തുബ നടപ്പിലാക്കുകയും ചെയ്തു. അമിത പലിശ നല്‍കി മുടിഞ്ഞുകൊണ്ടിരുന്ന മുസ്ലിം കച്ചവടക്കാരേയും കര്‍ഷകരേയും രക്ഷിക്കുവാനായി മുസ്ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരു പലിശരഹിത ബാങ്ക് തുടങ്ങുവാനും മണപ്പാടന്‍ പരിശ്രമിച്ചിരുന്നു. 1927-ല്‍ പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുവാന്‍ മക്കത്തെത്തിയ മണപ്പാടന്‍ കൂട്ടുകാരും ഇബ്‌നു സഊദ് രാജാവിനെ കണ്ട് നിവേദനം നടത്തിയിരുന്നു.
കെ.എം. ഇബ്രാഹിം സാഹിബ് 1933-ല്‍ കൊച്ചി നിയമസഭക്കു മുമ്പില്‍ സംഘടിപ്പിച്ച കര്‍ഷകസമരത്തില്‍ എല്ലാ ജാതിക്കാരേയും പങ്കെടുപ്പിക്കുവാന്‍ മണപ്പാടന്‍ പരിശ്രമിക്കുകയും വൈപ്പിന്‍കരയിലെ പല ഈഴവ ഭൂവുടമകളും കര്‍ഷകസമരത്തില്‍ പങ്കെടുക്കുകയും ചെയ്തു.  സമരം അടിച്ചമര്‍ത്തിയെങ്കിലും മഹാരാജാവ് നല്‍കിയ വാഗ്ദാനങ്ങള്‍ കൊട്ടാരത്തിലെ ഉപജാപകവൃന്ദം നടപ്പാക്കാതിരുന്നതിനാല്‍ മണപ്പാടന്‍ രണ്ടു ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു.  സുപ്രസിദ്ധമായിത്തീര്‍ന്ന വിപ്ലവലേഖ, രക്തലേഖ എന്നിവയായിരുന്നു ആ രണ്ടു ലേഖകള്‍. രാജകൊട്ടാരത്തില്‍ നടന്നിരുന്ന സ്വജനപക്ഷപാതം, അഴിമതി എന്നിവ തുറന്നെഴുതിയ മണപ്പാടന് രാജ്യദ്രോഹക്കുറ്റത്തിന് ഒരു കൊല്ലം ജയില്‍ ശിക്ഷ ലഭിച്ചു. മഹാരാജാവ് ജയില്‍ സന്ദര്‍ശിക്കുമ്പോള്‍ മാപ്പുപറഞ്ഞാല്‍ മോചനം ലഭിക്കുമെന്നു അറിയിച്ച ജയില്‍ അധികൃതരോട് സത്യം തുറന്നുകാട്ടിയ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നുമാണ് മണപ്പാടന്‍ മറുപടി നല്‍കിയത്. ജയിലില്‍വെച്ച് ചട്ടിയില്‍ നല്‍കിയ ഭക്ഷണം കഴിക്കാതെ രാഷ്ട്രീയ തടവുകാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയിരുന്ന എ ക്ലാസ്സ് പരിരക്ഷ തനിയ്ക്ക് ലഭിക്കണമെന്നു വാശിപിടിച്ച് ആദ്യമായി കൊച്ചിയില്‍ അതു നേടിയെടുത്ത മണപ്പാടന്റെ ആര്‍ജ്ജവം, ജയിലില്‍ ആരാധനയ്ക്ക് മുസ്ലിംകള്‍ക്ക് പ്രത്യേക സ്ഥലം വേണമെന്നു വാദിച്ച് നേടിയെടുത്തതില്‍ കാണിച്ച ശുഷ്‌കാന്തി, ജയിലില്‍ റോസാപ്പൂക്കളുടെയും പച്ചക്കറികളുടെയും തോട്ടം നിര്‍മ്മിച്ച കര്‍ഷകമനസ്സ് എന്നിവ തന്നെ ഹഠാദകര്‍ഷിച്ചതായി മത്തായി മാഞ്ഞൂരാന്‍ പറഞ്ഞിട്ടുണ്ട്. മണപ്പാടന്റെയും കെ.എം. ഇബ്രാഹിം സാഹിബിന്റെയും നേതൃത്വത്തില്‍ നടന്ന കര്‍ഷകപ്രക്ഷോഭവും, മണപ്പാടന്റെ വിപ്ലവലേഖ, രക്തലേഖ എന്നീ ലഘുലേഖകളാണ് കൊച്ചിയില്‍ ഉത്തരവാദഭണരത്തിന് ആക്കംകൂട്ടിയത്.
ആശാന്‍ കളരിയില്‍നിന്നും മലയാളം അക്ഷരമാല പഠിച്ച മണപ്പാടന്‍ സ്വപ്രയത്‌നം കൊണ്ടും വിദ്വല്‍ സംസര്‍ഗങ്ങളിലൂടെയും പത്രപ്രവര്‍ത്തകനും പത്രാധിപകനും സാഹിത്യകാരനുമായി. മുസ്ലീം ഐക്യസംഘത്തിന്റെ അല്‍ ഇര്‍ഷാദ് എന്ന അറബി - മലയാളം മാസികയുടെ പത്രാധിപരും എറണാകുളത്ത് നിന്ന് ഐക്യസംഘം പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ പത്രാധിപസമിതി അംഗവുമായിരുന്നു.  ഈ മാസികകളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്ന മണപ്പാടന് സാഹിത്യ നായകന്മാരുമായുണ്ടായിരുന്ന സമ്പര്‍ക്കം മൂലം സ്വന്തമായ ഒരു ശൈലി തന്നെയുണ്ടായിരുന്നു. പ്രമേഹരോഗം മൂലം ഇടതുകാല്‍ മുറിച്ചു സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോള്‍ മണപ്പാടന്‍ ഭക്ഷണം, മനുഷ്യന്‍ എന്നീ രണ്ടു പുസ്തകങ്ങളും മാതൃകാപഞ്ചായത്ത് എന്ന ഒരു ലഘുപുസ്തകവും എഴുതി.
സഹകരണരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ആ പ്രതിഭാശാലിക്ക് കഴിഞ്ഞു.  എണ്ണയാട്ടു ചക്കും, കോഴിവളര്‍ത്തലുമൊക്കെയായി എറിയാട് ഒരു ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങി അന്നത്തെ ദിവാന്‍ സര്‍ ഷണ്‍മുഖം ചെട്ടിയാണ് അത് ഉല്‍ഘാടനം ചെയ്തത്. ഒരു ഗ്രാമത്തിന്റെ സ്വയം പര്യാപ്തതക്കുവേണ്ടി ഒരു ബേക്കറിയും സോപ്പു ഫാക്ടറിയും മെഴുകുതിരി നിര്‍മ്മാണശാലയും എറിയാട് (ഐക്യപുരത്ത്) തുടങ്ങി. എറിയാട്, എടവിലങ്ങ് വില്ലേജുകളിലെ തന്റെ സ്വന്തക്കാരേയും സ്‌നേഹിതരേയും ചേര്‍ത്ത് 98-ാം നമ്പര്‍ എറിയാട് എടവിലങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉണ്ടാക്കി. അതാണ് ഇന്നത്തെ എറിയാട് സര്‍വ്വീസ് സഹകരണ ബാങ്കും എടവിലങ്ങ് സര്‍വ്വീസ് സഹകരണ ബാങ്കുമായി രണ്ടായി തീര്‍ന്നത്. മണപ്പാടന്‍ കുറേക്കാലം ജില്ല സഹകരണബാങ്ക് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1959 സെപ്തംബര്‍ 6-ാം തിയ്യതി വെളുപ്പിന് 4 മണിക്ക് അദ്ദേഹം ദിവംഗതനായി.
1954ലെ തിരുകൊച്ചി നിയമസഭയിലും 1960ലെ കേരള നിയമസഭയിലും കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചത് മണപ്പാടന്റെ പുത്രനായ പി.കെ. അബ്ദുല്‍ ഖാദറായിരുന്നു. മികച്ച സംഘാടകനും, നിയമസഭാ സാമാജികനും ആയിരുന്ന പി.കെ, 1970 കളിലെ കാര്‍ഷിക ബില്ലിനോടനുബന്ധിച്ചുണ്ടായ ഭൂസമരങ്ങളില്‍ ജനപക്ഷത്തുനിന്നതിനാല്‍ ജന്മികള്‍ അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. സമരം വിജയിക്കുന്നത് കണ്ടപ്പോള്‍ ശത്രുക്കള്‍ 1971 സെപ്തംബര്‍ 17ന് അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തി. കൊച്ചിയില്‍ നിന്ന് ആദ്യമായി നിയമ ബിരുദം നേടിയ ഫാത്തിമ റഹ്മാന്‍ മണപ്പാടന്റെ സഹോദരന്‍ ഹാജി കൊച്ചുമൊയ്തീന്‍ സാഹിബിന്റെ ദ്വിതീയ പുത്രിയാണ്.  സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് അത്യുജ്ജ്വലമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച വെച്ചത്. പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്ത്രീകള്‍ നടത്തുന്ന കേരളത്തിലെ ഏക മുസ്ലിം അനാഥാലയത്തിന്റെ ശില്പി ഫാത്തിമാ റഹ്മാനാണ്.  സ്ത്രീ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിതമായ സ്ത്രീശാക്തീകരണം എന്നിവയില്‍ തിളക്കമാര്‍ന്ന അദ്ധ്യായമാണ് അവര്‍ രചിച്ചത്. 1963ല്‍ ഫാത്തിമ റഹ്മാന്‍ സ്ഥാപിച്ച എറണാകുളം ജില്ലാ മുസ്ലിം വുമണ്‍സ് അസ്സോസിയേഷന്‍ ഇപ്പോള്‍ 7 ഹോസ്റ്റലുകള്‍, യത്തീംഖാന, ടൈലറിങ്ങ് സ്‌ക്കൂള്‍, എംബ്രോയ്ഡറി സെന്റര്‍, പ്രിന്റിങ്ങ് പ്രസ്സ് തുടങ്ങി വലിയ സംരംഭമായി കഴിഞ്ഞു.
എം.ഇ.എസിന്റെ സ്ഥാപക പ്രസിഡന്റായി ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ മണപ്പാടന്റെ സഹോദരന്‍ ഹാജി കൊച്ചുമൊയ്തീന്‍ സാഹിബിന്റെ നാലാമത്തെ പുത്രനാണ്. വിദ്യാഭ്യാസരംഗത്ത് സമുദായത്തിന് വേണ്ടി അദ്ദേഹം ചെയ്ത ത്യാഗോജ്ജ്വലമായ കര്‍മ്മങ്ങള്‍ ഇന്ന് മുസ്ലിം ചരിത്രത്തിന്റെ ഭാഗമാണ്. എം.ഇ.എസ്. ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സംഘടനയായി മാറിയിരിക്കുന്നു.
ചരിത്രത്തിന്റെ താളുകളില്‍ കൊടുങ്ങല്ലൂരിന് ഇടം നല്‍കിയ പഴയ പെരുമാക്കന്മാര്‍ക്കും, അത് നിലനിര്‍ത്തിയ മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ശേഷം, നഷ്ടപ്രതാപമായിത്തീര്‍ന്ന കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വീണ്ടും മലയാളമനസ്സില്‍ കൂടിയിരുത്തിയ മഹാപ്രതിഭയായിരുന്നു മണപ്പാടന്‍ എന്ന പേരില്‍ കേരളമൊട്ടാകെ പ്രശസ്തനായിരുന്ന മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ, സഹകരണ, പത്രപ്രവര്‍ത്തന, വിപ്ലവമേഖലകളില്‍ തനതായ വ്യക്തിത്വം സൃഷ്ടിച്ച ഉദാരമതിയായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു മണപ്പാടന്‍. എല്ലാ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി സമുദായസേവനം നടത്തിയപ്പോള്‍ സ്വന്തം സമുദായത്തിനും സവര്‍ണ്ണരില്‍ അവര്‍ണ്ണരായവര്‍ക്കും പിന്നോക്കജാതിക്കാര്‍ക്കും വേണ്ടി സാമൂഹ്യ സേവനമാണ് മണപ്പാടന്‍ നടത്തിയത്. അക്കാരണത്താല്‍ സര്‍വ്വമതങ്ങള്‍ക്കും സര്‍വ്വാത്മനാ സ്വാഗതം നല്‍കിയ കൊടുങ്ങല്ലൂരിന്റെ മതസഹിഷ്ണുതയുടെയും മതേതരത്വത്തിന്റെയും ഉത്തമ സന്തതിയാണ് മണപ്പാടന്‍.

Reference

1. കൊടുങ്ങല്ലൂര്‍ മുസ്ലീങ്ങള്‍. കെ.എം. സീതിസാഹിബ്
2. കൊടുങ്ങല്ലൂര്‍ ഡയറക്ടറി. വാര്‍ത്താ പബ്ലിക്കേഷന്‍സ്, കൊടുങ്ങല്ലൂര്‍
3. കെ. എം. മൗലവി - ജീവചരിത്രം. കെ.കെ. മുഹമ്മദ് അബ്ദുല്‍കരീം, അല്‍കാത്തിബ് പബ്ലിക്കേഷന്‍സ്, തിരൂരങ്ങാടി
4. ഐക്യസംഘവും കേരള മുസ്ലീങ്ങളും. അഹമ്മദ് മൗലവി, യുവത, കോഴിക്കോട്
5. കേരള മുസ്ലിം ചരിത്രം. ഡോ. സി.കെ. കരിം
6. മൗലവിയുടെ ആത്മകഥ. ഇ. മൊയ്തു മൗലവി, എന്‍.ബി.എസ്. കോട്ടയം
7 കേരള നവോത്ഥാനവും മണപ്പാടനും. കാതിയാളം അബൂബക്കര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്