അറക്കല്‍ രാജവംശത്തിന്റെ അയല്‍രാജ്യ ബന്ധങ്ങള്‍

സഫാ അബ്ദുറഹ്മാന്‍   (അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ, ശാന്തപുരം)

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമാണ് കണ്ണൂരിലെ അറക്കല്‍ രാജസ്വരൂപം. സ്വതന്ത്രമായ രാജാധികാരവും ഭരണവുമുണ്ടായിരുന്ന രാജസ്ഥാനങ്ങള്‍ക്കാണ് സ്വരൂപം എന്ന് പറഞ്ഞിരുന്നത്. കേരളത്തില്‍ ചെറുതും വലുതുമായ നിരവധി രാജാക്കന്‍മാരുണ്ടായിരുന്നുവെങ്കിലും പരമ്പരാഗതമായി സ്വതന്ത്ര രാജാധികാരങ്ങളുള്ള  സ്വരൂപങ്ങള്‍ കുറവായിരുന്നു. നാണയം അടിക്കുവാനുള്ള കമ്മട്ടങ്ങള്‍, വെണ്‍കൊറ്റക്കുട ചൂടാനുള്ള അവകാശം, ഉടമ്പടികളില്‍ ഒപ്പുവെക്കാനും മറ്റും രാജസ്ഥാനങ്ങളുമായി സന്ധിയിലും കരാറുകളിലും സ്വതന്ത്രമായി ഏര്‍പ്പെടാനുള്ള അവകാശങ്ങള്‍ എന്നിവയായിരുന്നു സ്വരൂപങ്ങളുടെ പ്രത്യേകത. അറക്കല്‍ രാജകുടുംബം ഭരണാധികാരികള്‍ മാത്രമല്ല, വടക്കെ മലബാറിലെ മുസ്‌ലിംകളുടെ സാമുദായിക നേതൃത്വവും അവര്‍ക്കായിരുന്നു.
അറക്കല്‍ സ്വരൂപത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ചരിത്ര രേഖകളുടെ പിന്‍ബലമുള്ള ഐതിഹ്യം ഇപ്രകാരമാണ്. രാജ്യം സാമന്തന്‍മാര്‍ക്കായി വീതിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍ മക്കയിലേക്ക് പോയ ചേരമാന്‍ പെരുമാള്‍ അവിടെവെച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ അനുചരന്‍മാര്‍ തിരിച്ചുവന്ന്  അവരുടെ സഹോദരി ശ്രീദേവിയെ വിവരമറിയിക്കുകയും തുടര്‍ന്ന് ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവരുടെ മകന്‍ മഹാബലി മുഹമ്മദ് അലി എന്ന പേര് സ്വീകരിച്ച് അറക്കല്‍ രാജവംശത്തിന് അടിത്തറ പാകി. എന്നാല്‍ ബഹുഭൂരിപക്ഷം കേരള ചരിത്രകാരന്മാരും ഈ കഥ അംഗീകരിക്കുന്നില്ല. അറക്കല്‍ രാജസ്വരൂപത്തെ ചേരമാന്‍ പെരുമാളുമായി ബന്ധപ്പെടുത്തുന്നത് അടിസ്ഥാന രഹിതമാണെന്നാണ് അവരുടെ വാദം. മധ്യകാലത്ത് കേരളം സന്ദര്‍ശിച്ച അറബികളും 1583 തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥം രചിച്ച ശൈഖ് സൈനുദ്ധീനും അറക്കല്‍ രാജസ്വരൂപത്തിന് ചേര ചക്രവര്‍ത്തിമാരുമായുള്ള ബന്ധത്തെക്കുറിച്ചും അതിന്റെ രാജകീയപദവിയെക്കുറിച്ചും സൂചിപ്പിച്ചിട്ടില്ല എന്നതാണ് അവരുടെ തെളിവ്.
12-ാം ശതകത്തിലോ 13-ാം ശതകത്തിലോ അരയന്‍ കുളങ്ങര നായര്‍ അറക്കല്‍ രാജവംശം സ്ഥാപിച്ചത് എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ വ്യക്തി മുദ്രപതിപ്പിച്ച ചരിത്ര ഗവേഷകന്‍, ടി. മുഹമ്മദ് അദ്ദേഹിന്റെ 'മാപ്പിള സമുദായം ചരിത്രം സംസ്‌കാരം' എന്ന ഗ്രന്ഥത്തില്‍ ഈ അഭിപ്രായത്തിനെതിരായ ചോദ്യമുന്നയിക്കുന്നത് ഇപ്രകാരമാണ്. 1583 ല്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീനിലും മറ്റും അറക്കല്‍ കുടുംബത്തിന്റെ രാജകീയ പദവിയെപ്പറ്റി സൂചിപ്പിച്ചില്ല എന്നത് ഒരു തെളിവായി എടുക്കാമെങ്കില്‍ അതേ തെളിവിന്റെ ബലത്തില്‍ ഭൂരിപക്ഷാഭിപ്രായമായി ഉദ്ധരിച്ചതും ശരിയല്ലെന്ന് വരുന്നു. എന്തെന്നാല്‍ 12-ാം ശതകത്തിലോ 13-ാം ശകതത്തിലോ സ്ഥാപിതമായതാണ് ആ രാജവംശമെങ്കില്‍ 16-ാം ശതകത്തില്‍ എഴുതപ്പെട്ട തുഹ്ഫത്തുല്‍ മുജാഹിദീന്‍ അതിന്റെ രാജകീയ പദവി വ്യക്തമാക്കേണ്ടതായിരുന്നു. അങ്ങനെ വ്യക്തമാക്കാത്ത സ്ഥിതിക്ക് അത് 12-ാം ശതകത്തിലോ 13-ാം ശതകത്തിലോ സ്ഥാപിതമായെന്ന് എങ്ങനെ അഭിപ്രായപ്പെടും?.
കോലത്തിരിയുമായി ബന്ധപ്പെട്ടും ഒരു കഥ നിലനില്‍ക്കുന്നുണ്ട്. ചിറക്കല്‍ രാജകുടുംബത്തിലെ ഒരു കന്യക കുളിച്ചുകൊണ്ടിരിക്കെ കയത്തില്‍ പെട്ടു. അവരെ രാജാവിന്റെ നാവികപ്പോരാളിയായിരുന്ന ഒരു മുസ്‌ലിം രക്ഷിക്കുകയും വിവസ്ത്രയായിരുന്ന അവര്‍ക്ക് തന്റെ തലമുണ്ട് നല്‍കുകയും ചെയ്തു. തന്റെ ജീവന്‍ രക്ഷിച്ച അന്യജാതിക്കാരന് തന്നെ വിവാഹം കഴിച്ചുകൊടുക്കണമെന്ന് രാജകുമാരി ശഠിച്ചുവെന്നും അപ്രകാരം വിവാഹിതരായ പ്രസ്തുത ദമ്പതികള്‍ക്ക് ചിറക്കല്‍ രാജാവ് ദാനമായി കുറെ ഭൂമി ചാര്‍ത്തിക്കൊടുത്തുവെന്നുമാണ് കഥ. മറ്റൊരു കഥയില്‍ കോലത്തിരിയുടെ മന്ത്രിമാരിലൊരാളായിരുന്ന അരയന്‍ കുളങ്ങര നായര്‍ ഇസ്‌ലാമില്‍ ചേര്‍ന്നു. കോലത്തിരി കോവിലകത്തെ ഒരു രാജകുമാരി ഇദ്ദേഹവുമായി പ്രേമത്തിലായി. കോലത്തിരി അവരുടെ വിവാഹത്തിന് അനുമതി നല്‍കുകയും ദമ്പതിമാരുടെ വാസത്തിന് എല്ലാ രാജകീയാഢംബരങ്ങളും തികഞ്ഞ ഒരു ഇല്ലം പ്രത്യേകമായി പണിയിച്ചുകൊടുക്കുകയും ചെയ്തു.
കേരളോല്‍പത്തിക്കഥപോലെത്തന്നെ അടിസ്ഥാനരഹിതമാണ് ഈ കഥകളും. എന്തായാലും കണ്ണൂര്‍ നഗരത്തിന്റെ അധിപതിയായ അലിരാജ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നതായി ചരിത്രങ്ങളില്‍ കാണാം. ധര്‍മപട്ടണവും പിന്നീട് കണ്ണൂരും ആസ്ഥാനമാക്കിയാണ് ഈ രാജകുടുംബം ഭരണം നടത്തിയിരുന്നത്. രാജകുടുംബത്തില്‍ അലങ്കരിച്ച സിംഹാസനവും രാജകീയമുദ്രയും ചിഹ്നവും കൊടിയുമുണ്ടായിരുന്നു. പ്രധാനമായും മൂന്നുതരത്തിലുള്ള ഭൂസ്വത്തായിരുന്നു രാജകുടുബത്തിനുണ്ടായിരുന്നത്. പൗരാണികമായി കുടുംബം നേടിയെടുത്ത അറക്കല്‍ പണ്ടാരം വക സ്വത്ത്, വാണിജ്യത്തിലൂടെ ആര്‍ജിച്ചെടുത്ത വലിയ പാണ്ടികശാല, പുതിയ പാണ്ടികശാല എന്നിവയായിരുന്നു അവ.
അറക്കല്‍ സ്വരൂപത്തിന്റെ ഭരണാധിപന്‍മാര്‍ സ്വന്തം പേരിന്റെകൂടെ ആലി രാജ എന്ന സ്ഥാനപ്പേരും ചേര്‍ത്തിരുന്നു. ഇതേക്കുറിച്ചും അഭിപ്രായഭേദങ്ങളുണ്ട്. കേരളത്തിലെ ആദ്യത്തെ മുസ്‌ലിം ഭരണാധികാരിയെന്ന നിലയില്‍ ആദിരാജാ എന്ന് പറഞ്ഞുവന്നത് ആലിരാജാ എന്നായി മാറി എന്നതാണ് ഒരു പക്ഷം. കടലുകളുടെ അധിപതി എന്ന നിലയില്‍ ആഴിരാജ എന്നും വിളിച്ചു വന്നതായി വ്യാഖ്യാനിക്കുന്നു. മരുമക്കത്തായ ദായക്രമം പുലര്‍ത്തിപ്പോന്നിരുന്ന കുടുംബമായതിനാല്‍ തറവാട്ടിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ലിംഗഭേദമന്യേ ഭരണത്തലപ്പത്ത് അവരോധിക്കപ്പെട്ടിരുന്നു. അക്കാരണത്താല്‍ അറക്കല്‍ രാജവംശത്തില്‍ പലപ്പോഴും സ്ത്രീകള്‍ ഭരണ നേതൃത്വം വഹിച്ചു. പ്രസ്തുത സ്ഥാനം അലങ്കരിക്കാന്‍ സുല്‍ത്താനയെ അറക്കല്‍ ബിവിയെന്നും വലിയ ബിവിയെന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ജകനുമ്മ ബീവി, മര്‍യുമ്മ ബീവി, ആഇശ ബീവി തുടങ്ങിയ വിവിധ കാലഘട്ടങ്ങളില്‍ കണ്ണൂര്‍ ഭരിച്ച ബീവിമാരാണ്.
വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ 29 രാജാക്കന്‍മാരുടെ പേരുകളടങ്ങുന്ന പട്ടികയുണ്ട്. അവരില്‍ ആദ്യത്തെ 5 പര്‍ മുഹമ്മദ് അലി, അലീമുണ്ണി, കുഞ്ഞിമൂസ, ഹുസൈന്‍ അലി, ആലിമൂസ എന്നിവരാണ്. ഇതില്‍ അഞ്ചാമത്തെ രാജാവ് ആലിമൂസ 1183-84 കാലത്ത് മാലിദ്വീപ് കീഴടക്കിയതായും ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കാലത്ത് മലബാര്‍ മുസ്‌ലിംകള്‍ അവരുടെ ശക്തി കേന്ദ്രമായിരുന്ന അറക്കല്‍ രാജകുടുംബം ചരിത്രത്തില്‍ ആലിരാജ കുടുബം എന്നാണ് പ്രസിദ്ധമായത്. ധര്‍മ പട്ടണത്തുനിന്ന് കണ്ണൂരിലേക്ക് മാറിത്താമസിച്ച അറക്കല്‍ സ്വരൂപക്കാര്‍ അവിടെ കൊട്ടത്തളങ്ങള്‍ പണിയുകയും പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഒരു സാധാരണ ഗ്രാമമായിരുന്ന കണ്ണൂരിനെ പ്രമുഖ നഗരമാക്കാനാണ് അവര്‍ ശ്രമിച്ചത്. തദ്ഫലമായി കേരളത്തിലെ രാഷ്ട്രീയ വാണിജ്യമേഖലകളില്‍ കണ്ണൂരിനും അറക്കല്‍ രാജവംശത്തിനും ഗണനീയമായ സ്ഥാനം ലഭിച്ചു. ഈജിപ്ത്, അറേബ്യ, ആഫ്രിക്ക തുടങ്ങിയ പുറം നാടുകളുമായുള്ള വ്യാപാര സമ്പര്‍ക്കം വഴിയാണ് കണ്ണൂര്‍ അഭിവൃദ്ധി പ്രാപിച്ചത്. കുരുമുളക്, വെറ്റില, കാപ്പി, ഏലം, അടക്ക, മരത്തടികള്‍, കയറുല്‍പന്നങ്ങള്‍ തുടങ്ങയിവയായിരുന്നു കണ്ണൂരില്‍ നിന്ന് കയറ്റി അയച്ചിരുന്നത്. ഇതോടൊപ്പം മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം കച്ചവടക്കാരെയും നാവികരെയും കണ്ണൂരിലേക്ക് ആകര്‍ഷിക്കാനും അറക്കല്‍ സ്വരൂപത്തിന് കഴിഞ്ഞു. ഗള്‍ഫ് നാടുകളില്‍ നിന്നുമുള്ള ഈന്തപ്പഴം, കാരക്ക, തുടങ്ങിയവയുടെ ഇറക്കുമതി കുത്തക ആലിരാജാക്കന്‍മാര്‍ക്കായിരുന്നു. അറേബ്യയും കേരളവും തമ്മിലുള്ള വാണിജ്യത്തിന്റെ പ്രധാന കണ്ണികളായി അവര്‍ പ്രവര്‍ത്തിച്ചു. ഈസ്റ്റിന്ത്യാ കമ്പനിക്ക് കണ്ണൂരില്‍ ആലി രാജാവുമായി കുരുമുളകിന്റെയും മഞ്ഞളിന്റെയും വ്യാപാരമുണ്ടായിരുന്നു. ബോംബെ, ഗുജറാത്ത്, കല്‍ക്കട്ട, ഗള്‍ഫ് രാജ്യങ്ങള്‍ ഇവിടങ്ങളിലൊക്കെ കണ്ണൂര്‍ രാജാക്കന്മാരുടെ കപ്പലുകള്‍ കയറ്റിറക്കുമായി വ്യാപാരം തകൃതിയായി നടത്തിയിരുന്നതിന്റെ ഫലമായി വടക്കെ മലബാറിലെ ചെറുകിട രാജാക്കന്‍മാരില്‍ സമ്പത്ത് കൊണ്ടും സൈനിക ശേഷികൊണ്ടും പ്രബലരായിത്തീര്‍ന്നത് അറക്കല്‍ രാജാക്കന്മാരായിരുന്നു.
അറബിക്കടലിലെ വിവിധ ദ്വീപ് സമൂഹങ്ങള്‍ അധീനപ്പെടുത്താന്‍ സാധിച്ചുവെന്നതാണ് അറക്കല്‍ രാജവംശത്തിന്റെ പ്രധാന നേട്ടം. നാവിക മേല്‍ക്കോയ്മയുള്ളവര്‍ക്ക് മാത്രമേ ദ്വീപുകള്‍ കീഴടക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ജാതി നിയമമനുസരിച്ച് അക്കാലത്ത് ഹിന്ദുക്കള്‍ക്ക് സമുദ്ര സഞ്ചാരം നിഷിദ്ധമായിരുന്നതിനാല്‍ കേരളത്തിലെ ഒരൊറ്റ രാജാവിനും നാവികസേന ഉണ്ടായിരുന്നില്ല. തന്‍മൂലം അവര്‍ക്ക് കടലിന്റെയും ഉടമകളാകാന്‍ സാധിച്ചു. പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുമ്പോള്‍ നാവിക കച്ചവടത്തിലും കടല്‍ ബന്ധങ്ങളിലൂടെ അറക്കല്‍ മമ്മാലി കുടുംബം ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നതായി കാണാം. അറബിക്കടലില്‍ അവരുടെ പത്തേമാരികളും കപ്പലുകളും നിറഞ്ഞുനിന്നു. മിനിക്കോയ് ദ്വീപിനെ ലക്ഷദ്വീപില്‍ നിന്ന് വേര്‍തിരിക്കുന്ന കടലിടുക്കിനെ പോര്‍ച്ചുഗീസ് രേഖകളില്‍ മമ്മാലി ചാനല്‍ എന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. കടലുകളുടെ മേല്‍ അറക്കല്‍ രാജാക്കന്മാരുടെ നാവികപ്പടയാളികള്‍ക്ക് എത്രമാത്രം മേല്‍കോയ്മ ഉണ്ടായിരുന്നുവെന്ന് ഈ പേരില്‍ നിന്നും സ്പഷ്ടമാണ്. അവരുടെ കപ്പല്‍ പട ഹിജ്‌റ 7-ാം നൂൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ലക്ഷദ്വീപുകള്‍ പിടിച്ചടക്കിയിരുന്നു. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിന് മുമ്പ് തന്നെ അവര്‍ മാലിദ്വീപുകളില്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ഹിജ്‌റ 13-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ അവിടുത്തെ ജനങ്ങള്‍ അറക്കല്‍ രാജകുടുംബത്തിന്റെ പ്രജകളായിരുന്നു. കടലിന്റെ ഉടമകളായി എന്ന കാരണത്താല്‍ അലി രാജാക്കന്‍മാരെ ആഴി രാജാവ് എന്നും അഭിസംബോധന ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം.
പോര്‍ച്ചുഗീസാഗമന ശേഷമുള്ള ആലിരാജ സ്വരൂപത്തിന്റെ ചരിത്രമാണ് വ്യക്തമായി അറിയാന്‍ കഴിയുന്നത്. വ്യാപാരത്തില്‍ ആലിരാജാവിനുണ്ടായ പദവിമൂലം പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും അദ്ദേഹവുമായി മൈത്രിയില്‍ വര്‍ത്തിച്ചുവന്നു. എന്നാല്‍ ആ ബന്ധം സ്വാര്‍ഥ താല്‍പര്യത്തിന്റെ മുമ്പില്‍ പലപ്പോഴും തകര്‍ന്നുപോയിട്ടുണ്ട്. അറബിക്കടലിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സാമൂതിരിയുടെ കുഞ്ഞാലിമരക്കാര്‍ നടത്തിയ ദീര്‍ഘമായ പോരാട്ടങ്ങളില്‍ ആലിരാജാക്കന്‍മാര്‍ സജീവമായി സഹകരിച്ചു. എല്ലാ മുസ്‌ലിം ശക്തികളുമായി സഹകരിച്ചുകൊണ്ട് മലബാര്‍ തീരത്തുനിന്നും പോര്‍ച്ചുഗീസുകാരെ തുരത്തുവാന്‍ നടത്തിയ സമരങ്ങളില്‍ അറക്കല്‍ രാജകുടുംബം ശ്രദ്ധേയമായ പങ്കുവഹിച്ചു. പറങ്കികള്‍ക്കെതിരായി മലബാര്‍ തീരത്തുനടന്ന എല്ലാ ഏറ്റുമുട്ടലുകളിലും അവരുടെ സഹായമുണ്ടായിരുന്നു. അവര്‍ക്കാകട്ടെ, കോലത്തിരി രാജാവിന്റെ സഹായവും ഉണ്ടായിരുന്നു.
പറങ്കികളുടെ അധിനിവേശമുണ്ടായി അറബിക്കടല്‍ സംഘര്‍ഷപൂരിതമാകുന്നതിന് മുമ്പ് വരെ ഈ കുടുംബം കോലത്തിരി വംശവുമായി  അഭേദ്യമായ സൗഹൃദം നിലനിന്നിരുന്നു. കോഴിക്കോട് സാമൂതിരി ഏത് വിധമാണോ മുസ്‌ലിംകളോട് അനുവര്‍ത്തിച്ചിരുന്നത് അതുപോലെയുള്ള പരസ്പര സഹായ സഹകരണത്തിന്റെ ധന്യമായ മമതാബന്ധമാണ് നിരവധി നൂറ്റാണ്ടുകളില്‍ മലബാറിലുടനീളം അലടയിച്ചിരുന്നത്. കോലത്തിരി രാജക്കാന്‍മാരുടെ മന്ത്രിമാരായും നാവിക പടയാളികളായും ഈ കുടുംബത്തിലെ മമ്മാലിമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടക്കെ മലബാറില്‍ 1921 ഖിലാഫത്ത് വിപ്ലവം പടരാതിരിക്കുവാന്‍ കാരണം ആലിരാജയുടെ സ്വാധീനം കൊണ്ടായിരുന്നുവെന്നതും പ്രസിദ്ധമാണ്. 1934 ല്‍ കണ്ണൂരില്‍ നടന്ന തിയ്യ-മാപ്പിള ലഹള പടര്‍ന്നുപിടിക്കാതെ ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചത് അവരുടെ മതസൗഹാര്‍ദത്തിന്റെ നിദര്‍ശനമായി ശോഭിക്കുന്നു.
കേരളത്തിലെ ഇസ്‌ലാം മത പ്രചാരണത്തിന് ഈ കുടുംബം ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ചു. ഉത്തര മലബാറില്‍ ഇസ്‌ലാം മത പ്രചാരണ പ്രവര്‍ത്തനം ഒരു രാഷ്ട്രീയാധികാരമായി വളര്‍ന്നുവരുന്നതിനുള്ള പരിശ്രമത്തിന് നേതൃത്വം നല്‍കിയതും ഇവരായിരുന്നു. മലബാര്‍ ജോയിന്റ് കമ്മീഷന്‍ എഴുതി: ' ഖുര്‍ആന്‍ നിയമങ്ങളായിരുന്നു നടപ്പിലുണ്ടായിരുന്നതെന്ന് കരുതണം. വാണിജ്യ കാര്യങ്ങളിലും അത്‌പോലുള്ള മറ്റ് കാര്യങ്ങളിലും ഒഴികെ ബീവിയുടെ മന്ത്രിയോ, അല്ലെങ്കില്‍ പുത്രിയുടെ ഭര്‍ത്താവോ ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടുകയും അങ്ങനെ നിയമപണ്ഡിതന്മാരായ മൂന്നോ നാലോ പേരെ ഏറ്റവും നല്ല വിധി തീര്‍പ്പാക്കാന്‍ ഉപദേശകരാക്കുകയും ചെയ്തിരുന്നു. നിയമപരമായ വിചാരണയുടെ ഫീസ് രണ്ട് ശതമാനമായിരുന്നു. അതില്‍ പകുതി പള്ളിക്കും പകുതി ബീവിക്കും ഉദ്യോഗസ്ഥന്മാര്‍ക്കുമിടയില്‍ വീതിക്കും. വടക്കെ മലബാറിലെ പല പള്ളികളുടെയും നിര്‍മാണത്തിന് സഹായിച്ചത് ബീവിയായിരുന്നു.
നീതിന്യായ നടത്തിപ്പിലും മതപരമായ കാര്യനിര്‍വണത്തിലും പ്രാവീണ്യം നേടിയവരുടെ സഹായവും ഉപദേശവും അറക്കല്‍ രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നു. വിദ്യാസമ്പന്നരും സംസ്‌കൃത ചിത്തരുമായിരുന്ന ഈ കുടുംബാംഗങ്ങളില്‍ അറബി, പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്ന പല സ്ത്രീ - പുരുഷന്മാരും ഉണ്ടായിരുന്നു. ദൈവ ശാസ്ത്രത്തിലും ഇവര്‍ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു. മതപരവും ദാര്‍ശനികവുമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അറബി ഗ്രന്ഥങ്ങള്‍ മാത്രമടങ്ങിയ ഒരു ലൈബ്രറിയും പുരാരേഖ സംഭരണിയും അറക്കല്‍ തറവാട്ടിലുണ്ടായിരുന്നു. കാലിഗ്രഫി ഗ്രന്ഥങ്ങള്‍ അതില്‍ എടുത്തുപറയേണ്ടതാണ്. അറക്കല്‍ ഭരണത്തിന് കീഴില്‍ ഹൈന്ദവരായ ഉദ്യോഗസ്ഥന്മാര്‍ക്കും സ്ഥാനം ലഭിച്ചിരുന്നു. ദിവാനും മറ്റ് ചില ഉദ്യോഗസ്ഥന്മാരും ഹിന്ദുക്കളായിരുന്നു.
കേരളത്തില്‍ ആദ്യത്തെ മലയാള ഖുര്‍ആന്‍ പരിഭാഷയെഴുതിയ മായിന്‍ കുട്ടി ഇളയ ഈ തറവാട്ടുകാരായിരുന്നു. കേരള മുസ്‌ലിംകള്‍ക്കിടയിലെ ആദ്യകാല ഭാഷാ പണ്ഡിതനും ഗ്രന്ഥകാരനും കവിയുമാണ് ഇദ്ദേഹം. മരുമക്കത്തായ സമ്പ്രദായമാണ് കേരളത്തിലെ എല്ലാ ചെറുതും വലുതുമായ രാജാക്കന്മാരും പുലര്‍ത്തിപ്പോന്നിരുന്നതെങ്കിലും മറ്റെല്ലാ രാജ സ്ഥാനങ്ങളിലും ഏറ്റവും പ്രായം ചെന്ന പുരുഷനായിരുന്നു രാജാവായിരുന്നത്. അറക്കല്‍ രാജവംശത്തില്‍ മാത്രമേ സ്ത്രീകള്‍ സിംഹാസാനാരോഹണം ചെയ്തിട്ടുള്ളു. മൈസൂര്‍-ഇംഗ്ലീഷ് യുദ്ധങ്ങളുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സുല്‍ത്താന ജൂനുമ്മ ബീവിയാണ് കണ്ണൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ സൈന്യങ്ങളുടെ നേതൃത്വവും ദൈനംദിന ഭരണവും കാര്യമായി നിയന്ത്രിച്ചുപോന്നിരുന്നത് ഇവരുടെ ഭര്‍ത്താവായ ആലിരാജയാണ്. മൂന്നാം ആംഗ്ലോ-മൈസൂര്‍ യൂദ്ധാരംഭത്തില്‍ ഈസ്റ്റിന്ത്യാ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കുവാന്‍ അവര്‍ നിര്‍ബന്ധിതതരായി. അതുവരെ മൈസൂര്‍ സുല്‍ത്താന്മാരുടെ വിശ്വസ്ത സംഖ്യ കക്ഷിയായിരുന്നു സുല്‍ത്താന. 1789-ല്‍ ടിപ്പുസുല്‍ത്താന്‍ കണ്ണൂര്‍ സന്ദര്‍ശിച്ച് ബീവിയുമായുള്ള സഖ്യം കുടുതല്‍ ബലവത്താക്കുകയും തന്റെ മകന്‍ അബ്ദുല്‍ ഖാലിദിനെക്കൊണ്ട് ബിവിയുടെ മകളെ വിവാഹം കഴിപ്പിക്കാമെന്ന് ധാരണയിലെത്തുകയും ചെയ്തിരുന്നു. പക്ഷെ, അപ്പോഴേക്കും മൂന്നാം ആഗ്ലോ മൈസൂര്‍ യുദ്ധം ആരംഭിക്കുകയും മലബാര്‍ ടിപ്പുസുല്‍ത്താന് നഷ്ടപ്പെടുകയും ചെയ്തു. കണ്ണൂര്‍ ഇംഗ്ലീഷ് ആധിപത്യത്തിന് കീഴില്‍ വന്നപ്പോള്‍ അറക്കല്‍ സ്വരൂപത്തിലെ ഭരണാധിപ ബീവിയായിരുന്നു. 49 വര്‍ഷക്കാലം ജൂുനുമ്മ ബീവി സ്വരൂപത്തിലെ ഭരണാധികാരിയായിരുന്നു. 1819 ല്‍ സ്വരൂപത്തിന്റെ തകര്‍ച്ചക്ക് ദൃക്‌സാക്ഷിയായ സൂല്‍ത്താന ജൂനുമ്മ ബീവി അന്തരിച്ചു.
നിരന്തരമായ സംഘര്‍ഷങ്ങളായിരുന്നു അറക്കല്‍ സ്വരൂപത്തിന്റെ പതനത്തിന് കാരണം. അലി രാജകുടുംബം ഭരണാധികാരികളായിരുന്നെങ്കിലും കടല്‍ ശക്തി നിമിത്തം അവരുടെ പദവി രാജാക്കന്മാരുടെതിനേക്കാള്‍ മകച്ചതായിരുന്നു. പോര്‍ച്ചുഗീസുകാര്‍ മലബാറില്‍ വന്ന് മൂന്ന് നാല് കൊല്ലത്തിന് ശേഷം കണ്ണൂരില്‍ വരികയും അവിടുത്തെ രാജാവായി സൗഹാര്‍ദ്ദത്തിലാവുകയും ചെയ്തു. കുറച്ചുകാലം കഴിഞ്ഞു പ്രാബല്യം സിദ്ധിച്ചപ്പോള്‍ അവര്‍ മലബാര്‍ മുസ്‌ലിംകളുടെ കടല്‍ കച്ചവടത്തിന് തടസ്സമുണ്ടാക്കാന്‍ തുടങ്ങി. പിന്നീട് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരകുത്തകയും അല്‍പാല്‍പം നഷ്ടപ്പെടുവാന്‍ തുടങ്ങി. പുത്തനായി രംഗപ്രവേശനം ചെയ്ത ഈ യൂറോപ്യന്‍ ശക്തിയെ കടലുകളില്‍ വെച്ചുതന്നെ നേരിടുവാന്‍ ഏറ്റവും ബലവത്തായ നാവികവ്യൂഹം തന്നെ സൃഷ്ടിച്ചതും നൂറ്റാണ്ടിനുമേല്‍ നീണ്ടുനിന്ന യൂദ്ധങ്ങള്‍ നടത്തിയതും ആലിരാജയുടെ കുടുബമായിരുന്നു. തങ്ങളുടെ വ്യാപാര നിലനില്‍പ്പിന് ഏറ്റവും ഹാനികരമായി വര്‍ത്തിച്ചിരുന്ന ശക്തി ആലിരാജവംശമാണെന്ന് പോര്‍ച്ചുഗീസുകാര്‍ മനസ്സിലാക്കിയതുകൊണ്ടാണ് സര്‍വ ശക്തിയും സംഭരിച്ച് ഈ രാജവംശത്തിനെതിരെ അവര്‍ നാവിക യുദ്ധങ്ങള്‍ സംഘടിപ്പിച്ചത്. പോര്‍ച്ചുഗീസുകാരുടെ സമ്മതമില്ലാതെ ഏതെങ്കിലും കപ്പല്‍ കച്ചവടച്ചരക്കുമായി മലബാര്‍ തീരം വിടുകയായിരുന്നെങ്കില്‍ അവരത് കൊള്ള ചെയ്യുക എന്നതുവരെയായി അവരുടെ അക്രമം. അക്കാലത്ത് അലി രാജാവിന്റെ ഏതാനും കപ്പലുകള്‍ പോര്‍ച്ചുഗീസുകാരുടെ സമ്മതമില്ലാതെ വ്യാപാരച്ചരക്കുമായി അറേബ്യയിലേക്ക് പുറപ്പെട്ടു. കപ്പലുകള്‍ പുറപ്പെട്ട വിവരം പോര്‍ച്ചിഗീസുകാര്‍ അറിഞ്ഞപ്പോള്‍ അവര്‍ കോപാകുലരായി അബൂബക്കര്‍ അലിയെയും കുഞ്ഞിസൂപ്പിയെയും കൊലപ്പെടുത്തി. അലിരാജാവിന്റെ അമ്മാവനായിരുന്നു അബൂബക്കര്‍ അലി. കുഞ്ഞിസൂപ്പി പിതാവുമായിരുന്നു. ഇക്കാരണത്താല്‍ അലി രാജാവും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.പോര്‍ച്ചുഗീസുകാര്‍ അലി രാജാവിനെ വിഷമിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. അതിനായി അവര്‍ ലക്ഷദീപ് ആക്രമിക്കുകയും അവിടുത്തെ നിവാസികളില്‍ ഇരുന്നൂറോളം പേരെ കൊന്നൊടുക്കുകയും അവരുടെ വീടുകളും പള്ളികളും നശിപ്പിക്കുകയും ചെയ്തു. 1553 ലായിരുന്നു ഈ സംഭവം. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രമേ അവര്‍ക്ക് ദ്വീപില്‍ പിടിച്ചുനില്‍ക്കുവാന്‍ കഴിഞ്ഞുള്ളൂ. ആലിരാജയുടെ നാവികസേന പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ചുകൊണ്ട് ദ്വീപ് തിരിച്ചുപിടിച്ചു. പടയാളികളുടെയും നാവികരുടെയും ക്രൂരമായ നരഹത്യ ശൈഖ് സൈനുദ്ദീന്‍ അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
പോര്‍ച്ചുഗീസുകാരുടെ ശല്യം ശമിച്ചപ്പോള്‍ ബീജാപ്പൂരിലെ സുല്‍ത്താന്‍ ആദില്‍ ഷായോട് ആലിരാജ സഹായമഭ്യര്‍ത്ഥിച്ചു. ബീജാപ്പൂര്‍-ഈജിപ്ഷ്യന്‍ നാവിക വ്യൂഹങ്ങള്‍ ആലിരാജയെ സഹായിക്കുകയും പോര്‍ച്ചുഗീസ് മുന്നേറ്റത്തെ ചെറുത്തുനില്‍ക്കുവാന്‍ ആലിരാജക്കു കഴിയുകയും ചെയ്തു. പോര്‍ച്ചുഗീസുകാര്‍ക്ക് കേരളത്തിലും ഇന്ത്യയിലും ആധിപത്യം ഉറപ്പിക്കാന്‍ കഴിയാതിരുന്നത് ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഈ നാവിക സംഘട്ടനങ്ങള്‍കൊണ്ടു മാത്രമാണ്. എന്നാല്‍ ഈ പോരാട്ടങ്ങള്‍ വ്യാപാരവും വാണിജ്യവും നടത്തി മുന്നേറിക്കൊണ്ടിരുന്ന കണ്ണൂരിനെയും അതിന്റെ സാമ്പത്തിക ഘടനയെയും പ്രതികൂലമായി ബാധിക്കുകയും അറക്കല്‍ രാജസ്വരൂപത്തിന്റെ വളര്‍ച്ചക്ക് വിഘാതമാവുകയും ചെയ്തു. പോര്‍ച്ചുഗീസുകാരെ പിന്തുടര്‍ന്നുവന്ന ഡച്ചുകാര്‍ ആലി രാജവംശവുമായുള്ള സുഹൃദ്ബന്ധം ആദ്യം മുതല്‍ക്കുതന്നെ ദൃഢമാക്കിയിരുന്നു. പോര്‍ച്ചുഗീസുകാരുടെ ശത്രുക്കളായിരുന്നു ഇരുകൂട്ടരും എന്നതാണ് ഈ സുഹൃദ്ബന്ധത്തിന് ആക്കം കൂട്ടിയത്. പോര്‍ച്ചുഗീസുകാര്‍ക്കെതെരായി ഡച്ചുകാരെ സഹായിക്കുകയും കച്ചവടത്തിനാവശ്യമായ സഹായസഹകരണങ്ങള്‍ അവര്‍ക്ക് ചെയ്തുകൊടുക്കുകയും ചെയ്തു ആലി രാജാക്കന്മാര്‍. 1663 ല്‍ കണ്ണൂര്‍ നഗരത്തിന് തൊട്ടുണ്ടായിരുന്ന പോര്‍ച്ചുഗീസുകാരുടെ ഫോര്‍ട്ട് ഏന്‍ജലോ എന്ന കോട്ട ഡച്ചുകാര്‍ കീഴടക്കി. 1664 ഫെബ്രുവരി 11 ന് ഒപ്പുവെച്ച ഒരു ഉടമ്പടി അനുസരിച്ച് ഡച്ചുകാരും അറക്കല്‍ സ്വരൂപവും തമ്മില്‍ സൗഹൃദവും കച്ചവട ബന്ധവും സ്ഥാപിതമായി. എന്നാല്‍ കൊച്ചി രാജാവിന്റെയും സാമൂതിരിയുടെയും രാജ്യങ്ങളില്‍ നിന്ന് കുരുമുളകും മറ്റു സുഗന്ധ ദ്രവ്യങ്ങളും സംഭരിക്കുന്നതില്‍ നിന്ന് ആലി രാജാവിനെ വിലക്കിയിരുന്നതു മൂലം അദ്ദേഹം ഈ ഉടമ്പടി മാനിച്ചില്ല. അതേ വര്‍ഷം തന്നെ മാര്‍ച്ച് 13 ന് ആലി രാജാവുമായി ഡച്ചുകാര്‍ മറ്റൊരു കരാറുണ്ടാക്കി. സംഭരിക്കാവുന്ന കുരുമുളക് മുഴുവന്‍ ഡച്ചുകാര്‍ക്ക് നല്‍കി അവരെ പോഷിപ്പിക്കുന്നതിനു പകരം ഭൂരിഭാഗവും തന്റെ നിയന്ത്രണത്തില്‍ തന്നെ വിദേശത്തേക്ക് കയറ്റി അയക്കുകയാണ് ആലി രാജ ചെയ്തത്.
പോര്‍ച്ചുഗീസുകാരുമായുള്ള പോരാട്ടങ്ങളില്‍ പലപ്പോഴും അറക്കല്‍ രാജവംശത്തെ കോലോത്തിരി രാജക്കന്മാര്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ഹസനെ കോലോത്തിരിയുടെ പട്ടക്കാളക്കാര്‍ പിടികൂടി വാസ്‌ഗോഡ ഗാമക്ക് അടിയറവെക്കുകയും പോര്‍ച്ചുഗീസ് അദ്ദേഹത്തെ നിഷ്‌കരുണം വധിക്കുകയുും ചെയ്തതോടെ ഈ സൗഹൃദം തികഞ്ഞ ശത്രുതയായി മാറി. നാവികവീരനും വ്യാപാര പ്രമുഖനും അറക്കല്‍ കുടുംബവുമായി അടുത്തം ബന്ധം പുലര്‍ത്തിപ്പോന്ന ആളുമായിരുന്നു വലിയ ഫൈസല്‍. തുടര്‍ന്ന് കോലോത്തിരിമാരും അറക്കല്‍ ആലി രാജാക്കന്മാരും  നിരന്തരം പിണക്കങ്ങളും യുദ്ധങ്ങളുമുണ്ടായിക്കൊണ്ടിരുന്നു. ഒരു മുസ്‌ലിം പണ്ഡിതനെ വധിച്ചതുമൂലം കോലത്തിരിയുടെ നായകന്മാരും ആലിരാജയുടെ ആളുകളും തമ്മില്‍ ശക്തമായ സമരം നടന്നു. ഈ ഏറ്റുമുട്ടലുകളിലെല്ലാം മലബാര്‍ തീരത്തുണ്ടായിരുന്ന ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും മാറി മാറി ഏതെങ്കിലും പക്ഷം പിടിച്ചതായി കാണാം. ഈ പോരാട്ടങ്ങള്‍ക്ക് ശേഷം 1718 ല്‍ ഡച്ചുകമ്പനിയുടെ വാണിജ്യം തന്നെ താറുമാറായി. തീര്‍പ്പുണ്ടാക്കുന്നതില്‍ വിജയിച്ചത് ഇംഗ്ലീഷുകാരായിരുന്നു. കോലത്തുനാട്ടില്‍ നിന്ന് അക്രമിച്ച് കീഴടക്കിയ സ്ഥലങ്ങള്‍ കര്‍ണ്ണാടകക്കാര്‍ മടക്കിക്കൊടുക്കേണ്ടതില്ല എന്നായിരുന്നു ഒത്തുതീര്‍പ്പിന്റെ വ്യവസ്ഥ. കോലത്തിരിയുടെ സമ്മതപ്രകാരമായിരുന്നു അങ്ങനെ സന്ധിചെയ്തത്. ഈ അനുരജ്ഞന ശ്രമത്തിന്റെ വിജയം കോലത്തിരിയെ സന്തുഷ്ടനാക്കി. തന്റെ കൃതജ്ഞതാപ്രകടനെമെന്നോണം ഇംഗ്ലീഷുകാര്‍ക്ക് മാട്ടുമ്മല്‍ എന്ന സുന്ദരമായ പ്രദേശം അദ്ദേഹം ദാനമായി നല്‍കി. എന്നാല്‍ ഇതൊന്നും ശാശ്വതമായ സമാധാനമുണ്ടാക്കുവാന്‍ സഹായിച്ചില്ല.
1739 ല്‍ അവര്‍ വീണ്ടും വലിയ സൈനിക സന്നാഹങ്ങളുമായി ചിറക്കല്‍ അക്രമിച്ചു. കര്‍ണ്ണാടകക്കാര്‍ക്കെതിരെ കോലത്തിരിയെ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും സഹായിക്കുവാനെത്തി. എന്നാല്‍ യുദ്ധം നീണ്ടുപോവുകയാണുണ്ടായത്. 1745 ലാണ് ഉഭയ കക്ഷികകള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 1750-51 കാലത്ത് വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഫ്രഞ്ചുകാര്‍ കോലത്തരിരിയുടെ രാമന്തളി എന്ന സ്ഥലം അവര്‍ക്കുനല്‍കി. കോലത്തുനാട്ടില്‍ നിലനിന്നിരുന്ന യുദ്ധകാലം പരിതഃസ്ഥിതി സ്വന്തം താാല്‍പര്യത്തിന് ചൂഷണം ചെയ്യുവാനാണ് ഇംഗ്ലീഷുകാര്‍ ശ്രമിച്ചത്. കോലത്തിരിയുടെ താവഴിയിലെ രണ്ടു രാജകുമാരന്‍മാരെ സ്ഥാനഭ്രഷ്ടരാക്കി, പകരം തങ്ങള്‍ക്ക് പറ്റിയ ആളുകളെ വാഴിക്കാന്‍ അവര്‍ ശ്രമിച്ചു. ഈ സമയം വടകരയിലെ രാജകുമാരനെ ഫ്രഞ്ചുകാര്‍ പുനര്‍വാഴ്ച നടത്തിയത് ഇംഗ്ലീഷുകാരെ ചൊടിപ്പിച്ചു. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് ഇംഗ്ലീഷുകാരോടും ഫ്രഞ്ചുകാരോടുമുണ്ടായിരുന്ന സുഹൃദ്ബന്ധം കോലത്തിരി അവസാനിപ്പിക്കുകയും ചെയ്തു. ഈ ഉടമ്പടിയില്‍ ആലിരാജയും ഭാഗവാക്കായിരുന്നു. എന്നാല്‍ 3 വര്‍ഷത്തിന് ശേഷം ആലിരാജ ഉടമ്പടി ലംഘിക്കുകയും ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് കോലത്തിരി കുടുംബത്തില്‍ കലഹമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് കോലത്തിരി ഇംഗ്ലീഷുകാരുമായി സംഖ്യമുണ്ടാക്കി.
 1721 ലും ആലിരാജയും കോലത്തിരിയും തമ്മില്‍ ഒരു യുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തില്‍ ഡച്ചുകാര്‍ ആലിരാജയെയും ഇംഗ്ലീഷുകാര്‍ കോലത്തിരിയെയും സഹായിച്ചു. സാമൂതിരിയും ഡച്ചുകാരും ഇംഗ്ലീഷുകാര്‍ തന്നെയും ഈ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ അനുരഞ്ജന ശ്രമം നടത്തിയിരുന്നുവെങ്കിലും യുദ്ധം 1732 വരെ നീണ്ടുപോയി. ചിറക്കല്‍ രാജ്യത്തിന്റെ ഉത്തരാതിര്‍ത്തിയില്‍ കിടക്കുന്ന കര്‍ണ്ണാടക സൈന്യം കോലത്തിരിയെ ആക്രമിക്കുവാനെത്തിയത് മൂലമാണ് യുദ്ധത്തിന് താല്‍ക്കാലിക വിരാമമുണ്ടായത്. ഉദയ വര്‍മ്മ കോലത്തിരി കര്‍ണ്ണാടക സൈന്യാധിപനായ രഘുനാഥനുമായ സമാധാന ഉടമ്പടിയുണ്ടാക്കി. താമസിയാതെ കോലത്തിരി കര്‍ണ്ണാടക രാജാവിന്റെ സാമന്തനായിത്തീര്‍ന്നു. തുടര്‍ന്ന് ഇരുസൈന്യങ്ങളും കണ്ണൂര്‍ നഗരത്തിനെതിരായി തിരിഞ്ഞു. തലശ്ശേരി ഫാക്ടറിയിലെ കണ്‍സള്‍ട്ടേഷന്‍ രേഖകളില്‍ ഇതുസംബന്ധമായി എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: സമാധാന ഉടമ്പടി ഒപ്പുവെച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ കര്‍ണ്ണാടക സൈന്യം വളപ്പട്ടണം കടന്ന് തന്റെ സൈന്യങ്ങളുമായി യോജിച്ച് കണ്ണൂര്‍ പട്ടണത്തെ നിലം പരിശാക്കണമെന്നാണ് ഉദയവര്‍മ്മ ആജ്ഞാപിച്ചത്. രഘുനാഥാകട്ടെ, അനുസരണയോടെ അത് പ്രയോഗത്തില്‍ വരുത്തുകയും ചെയ്തു.
സമാധാനമാണ് ആ പ്രദേശത്തിന്റെ ആവശ്യമെന്നറിയാമായിരുന്ന ഇംഗ്ലീഷുകര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. കണ്ണൂര്‍ പട്ടണം നശിപ്പിക്കാന്‍ തയ്യാറായെങ്കിലും കോലത്തിരിയെ സ്വതന്ത്രമായി വിടുവാന്‍ ഡച്ചുകാര്‍ തയ്യാറായിരുന്നില്ല. ഡച്ചുകാരുടെ പരിശ്രമ ഫലമായി യുദ്ധചിലവിലേക്ക് ഒരു വലിയ തുക ഈടാക്കി കര്‍ണ്ണാടക സൈന്യം പിന്‍വലിഞ്ഞു. ഉണ്ടാകാമായിരുന്ന വലിയ വിപത്തില്‍ നിന്നും തന്ത്രപൂര്‍വ്വം തങ്ങളെ രക്ഷപ്പെടുത്തിയ ഡച്ചുകാര്‍ക്ക് വര്‍ഷാന്തം 1000 കണ്ടി കുരുമുളക് ന്യായവിലക്ക് കൊടുക്കാമെന്ന് 1737 ല്‍ കോലോത്തിരി കരാര്‍ ചെയ്തു. 1738 ല്‍ കര്‍ണ്ണാടക സൈന്യം വീണ്ടും കോലത്തുനാടിനെ അക്രമിച്ചു. ഡച്ചുകാര്‍ക്ക് അവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. ഇത്തവണ കര്‍ണ്ണാടക്കാരുമായി ഒത്ത് ഇംഗ്ലീഷ് സഹായത്തോടുകുടി കോലത്തിരി ആലിരാജയെ ആക്രമിച്ചു. കണ്ണൂര്‍ കോട്ട ഉപരോധിച്ചു. ഫ്രഞ്ചുകാരില്‍ നിന്നോ ഡച്ചുകാരില്‍ നിന്നോ സഹായം ലഭിക്കുവാന്‍ മാര്‍ഗമില്ലെന്നും കോട്ടക്കകത്തുള്ള കരുതല്‍ സാധനങ്ങള്‍ തീര്‍ന്നുവെന്നും മനസ്സിലാക്കിയപ്പോള്‍ തിരുവിതാംകൂര്‍ രാജാവിന്റെ മധ്യസ്ഥം സ്വീകരിച്ച് ഇംഗ്ലീഷുകാരുമായി സമാധാനമുണ്ടാക്കുകയാണ് ആലി രാജ ചെയ്തത്. കോലത്തിരിക്ക് തന്റെ നേര്‍ക്കുള്ള ഒടുങ്ങാത്ത പകയും വൈരാഗ്യവുമാണ് ആലിരാജയെ മറ്റെവിടെനിന്നെങ്കിലും സഹായം തേടുവാന്‍ പ്രേരിപ്പിച്ചത്.
ഇങ്ങനെ കേരളത്തിലെ നാട്ടുരാജാക്കന്മാരും വിദേശികളും ചേര്‍ന്ന് ഒരുഭാഗത്തും അറക്കല്‍ രാജവംശം മറ്റൊരു ഭാഗത്തുമായി തുടരെത്തുടരെ സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന  അവസരത്തിലാണ് മൈസൂരില്‍ ഹൈദര്‍ അലി(1722-82) അധികാരത്തില്‍ വന്നത്. അദ്ദേഹത്തെ സമീപിച്ച് ആലിരാജ കേരളത്തെ ആക്രമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കോലത്തിരിയെയോ, കടത്തനാട്, കോട്ടയം, നീലേശ്വരം തുടങ്ങിയ താവഴികളിലെ രാജാക്കന്മാരെയോ ആരെങ്കിലും ആക്രമിക്കുകയാണങ്കില്‍ സഹായത്തിനെത്തേണ്ട ബാധ്യത 1757 ഏപ്രില്‍ 21 ലെ സന്ധിവ്യവസ്ഥ പ്രകാരം ഇംഗ്ലീഷുകാര്‍ക്കുണ്ടായിരുന്നു. എങ്കിലും തങ്ങളുടെ സൈനിക ശക്തി ദുര്‍ബലമായിരുന്നതിനാല്‍ ഹൈദര്‍ അലിയുടെ ആക്രമണത്തെ പ്രതിേേരാധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. തന്റെ അധികാര സീമ വിപുലമാക്കാന്‍ ലഭിച്ച ഈ അവസരം ഉപയോഗിച്ചാണ് 1766 ല്‍ ഹൈദരലി മലബാര്‍ ആക്രമണത്തിന് പുറപ്പെട്ടത്. അദ്ദേഹം അലി രാജാവിനെ അമീറുല്‍ ബഹര്‍ ആയി നിയമിച്ചു. പുതിയ കപ്പലുകള്‍ നിര്‍മിക്കുന്നതിനായി ഹൈദര്‍ അലി വളരെയധികം പണം അലിരാജാവിന് കൊടുക്കുകയും ചെയ്തു. അധികം താമസിയാതെ കപ്പല്‍ പട തയ്യാറായി. അലി രാജാവും സൈന്യവും കപ്പലുകളിന്‍മേല്‍ ഹൈദരലിയുടെ കൊടി പറപ്പിച്ച് കടല്‍ വിജയത്തിനായി പുറപ്പെട്ടു. ഒന്നാമതായി അദ്ദേഹം മാലിദ്വീപ് ആക്രമിച്ചു. അവിടുത്തെ ഭരണാധികാരിയെ ബന്ധസ്ഥനാക്കുകയും അദ്ദേഹത്തിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്തു. അനന്തരം അവിടെ അധികാരം സ്ഥാപിച്ചു. ഹൈദരലിയുടെ പതാക ഉയര്‍ത്തി എന്നാല്‍ മാലിദ്വീപ് രാജാവിനോട് ആലി രാജാവ് ചെയ്ത അക്രമണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഹൈദരലി അദ്ദേഹത്തെ അമീറുല്‍ ബഹര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി.. ഈ സന്ദര്‍ഭം മാപ്പിളമാരുടെ നാശത്തിന് നാന്ദിയാണെന്ന് നായന്മാര്‍ വിചാരിച്ചു. അവര്‍ ഒരു ദിവസം ഒത്തൊരുമിച്ച് കണ്ണൂര്‍ അക്രമിക്കുകയും അവിടുത്തെ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. ആ സമയത്ത് ഹൈദരലി മംഗലാപുരത്തായിരുന്നു. കണ്ണൂര്‍ മുസ്‌ലിംകളുടെ നാശത്തെക്കുറിച്ചറിഞ്ഞപ്പോള്‍ 20000 ഭടന്മാരുമായി അദ്ദേഹം കണ്ണൂരില്‍ വന്നു. ആലി രാജാവ് നഗരത്തിനപ്പുറത്ത് ചെന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നദീതീരത്ത് വെച്ച് നായന്മാരുമായി ഘോരയുദ്ധം നടന്നു. നായര്‍പട പരാജയപ്പെട്ട് ഓടിപ്പോയി. നവാബിന്റെ സൈന്യം വിജയികളായി കണ്ണൂരില്‍ പ്രവേശിച്ചു. 1766 ലാണ് ഈ സംഭവം.
മലബാര്‍ കീഴടക്കിയ ഹൈദരലി ചിറക്കല്‍ രാജ്യത്തിന്റെ ഭരണ നേതൃത്വം ആലിരാജയെ ഏല്‍പ്പിക്കുകയും അദ്ദേഹത്തിന്റെ സഹോദരനെ അറബിക്കടലിലെ മൈസൂര്‍ നാവികപ്പടയുടെ അധിപനായി നിയമിക്കുകയുമുണ്ടായി. കോലത്തിരി രാജാവ് 1774 ല്‍ തിരുവതാംകൂറില്‍ നിന്നും മടങ്ങിവന്ന് തന്റെ രാജ്യത്തിന്റെ ഭരണം തിരിച്ചേല്‍പ്പിക്കണമെന്നും കാലം കൃത്യമായി നല്‍കാമെന്നും ഹൈദരലിയെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അലിരാജയെ മാറ്റി ചിറക്കല്‍ രാജാവിനെ സ്ഥാനം ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. 1766 മുതല്‍ 90 വരെയുള്ള കാലയളവില്‍ മൈസൂര്‍ അധിപതികളുടെ ഉറ്റ സുഹൃത്തെന്ന നിലക്ക് മലബാര്‍ പ്രദേശത്തെ ശക്തമായ രാജവംശമായി ഇതിനിടയില്‍ അറക്കല്‍ സ്വരൂപം വളര്‍ന്നുകഴിഞ്ഞിരുന്നു. എന്നാല്‍ മൈസൂരിലെ രാഷ്ട്രീയ ഭാഗധേയം മാറിക്കൊണ്ടിരുന്നതിനനുസരിച്ച് അറക്കല്‍ സ്വരൂപത്തിന്റെ ശക്തിക്കും മാറ്റം സംഭവിച്ചിരുന്നു. രണ്ടും മൂന്നും മൈസൂര്‍ യുദ്ധങ്ങളില്‍ ഇംഗ്ലീഷുകാരുടെ ശക്തമായ ആക്രമണത്തില്‍ പെട്ട കണ്ണൂര്‍ രാജ സ്ഥാനത്തിന്റെ അടിത്തറക്കു തന്നെ ഇളക്കം തട്ടുകയുണ്ടായി. ഈ രണ്ട് പ്രാവശ്യവും കണ്ണൂര്‍ കോട്ട കീഴടക്കുവാന്‍ വളരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇംഗ്ലീഷുകാര്‍ക്കു കഴിഞ്ഞു. മൂന്നാം മൈസൂര്‍ യുദ്ധത്തിന്റെ ആരംഭത്തില്‍ (1790) തന്നെ ആബര്‍ ക്രോമ്പിയുടെ സൈന്യം കണ്ണൂര്‍ കീഴടക്കുകയും ഭരണാധികാരിയായിരുന്ന ബീവിയുമായി ഉടമ്പടിയില്‍ ഏര്‍പ്പെടുകയും ചെയ്തു.
1793 ല്‍ സൈനികാവശ്യത്തിനായി 23 ഏക്കര്‍ വിസ്തൃതിയുള്ള കണ്ണൂരിലെ കോട്ട മൈതാനി ബ്രിട്ടീഷുകാര്‍ അറക്കല്‍ ബീവിയോടാവശ്യപ്പെട്ടു. യുദ്ധത്തിന് ശേഷം മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായപ്പോള്‍ അറക്കല്‍ രാജവംശം ഇംഗ്ലീഷ് മേധാവിത്വത്തിന് കീഴിലമര്‍ന്നു.1905 ആകുമ്പോഴേക്കും 3096 ഏക്കര്‍ സ്ഥലമൊഴിച്ച് ബാക്കി കണ്ണൂരും പരിസരങ്ങളും മുഴുവന്‍ ബ്രിട്ടീഷ് അധീനത്തിലായി. കണ്ണൂരും കണ്ടോണ്‍മെന്റെും അറക്കല്‍ സ്വരൂപത്തിന് നഷ്ടപ്പെട്ടു. 1911 ആയപ്പോഴെക്കും ചെങ്കോലും ഉടവാളും നിശേഷം ഉപേക്ഷിക്കേണ്ടി വന്നു. ശക്തിക്ഷയം വന്ന അറക്കല്‍ സ്വരൂപത്തിന് ലക്ഷദ്വീപു കൂടി ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുക്കേണ്ടി വന്നു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി നിജപ്പെടുത്തിയ അടുത്തൂണ്‍ പറ്റി ഒതുങ്ങിക്കഴിയേണ്ട സ്ഥിതിയിലേക്ക് ഈ രാജവംശം ചെന്നെത്തുകയും ചെയ്തു. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ എന്നീ വിദേശികളുമായി ഇണങ്ങിയും പിണങ്ങിയും അറക്കല്‍ സ്വരൂപം വളരെക്കാലം രാജ്യഭരണം നടത്തി. ഉത്തരമലബാറിലെ മുസ്‌ലിംജനതയുടെ സമ്പൂര്‍ണ്ണ നേതൃത്വമുണ്ടായിരുന്ന അറക്കല്‍ സ്വരൂപം രാജകീയമായ എല്ലാ ബഹുമതികളോടും കൂടി വളരെക്കാലം പ്രാബല്യത്തോടെ നിലനിന്നു.
സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ആദ്യമാദ്യം വിജയഗാഥ രചിച്ചിരുന്ന അറക്കല്‍ രാജാക്കന്മാര്‍ പിന്നീടങ്ങോട്ടു പരാജയപ്പെടുകയായിരുന്നു. തങ്ങളുടെ അര്‍ധ മേല്‍ക്കോയ്മാവകാശം ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തതിന് ശേഷവും ഈ കുടുംബം മലബാറിന്റെ ചരിത്ര ഗതിയില്‍ പ്രധാനമായ പങ്കുവഹിച്ചു. അറക്കല്‍ രാജസ്വരൂപം പഴയ പ്രതാപ ഐശ്വര്യങ്ങളുടെ ഓര്‍മയായി ഇന്നും നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍ പ്രദേശത്ത് മാസപ്പിറവി നിര്‍ണ്ണയിക്കുക പോലെയുള്ള ചില പ്രത്യേകാവകാശങ്ങളിലും ആചാരങ്ങളിലും ഇപ്പോള്‍ ഈ രാജവംശത്തിന്റെ പ്രഭാവം ഒതുങ്ങിനില്‍ക്കുന്നു.

Reference

1. കേരള മുസ്‌ലിം സ്ഥിതിവിവരണക്കണക്ക്- സി.കെ കരീം.
2. മാപ്പിള സമുദായം ചരിത്രം സംസ്‌കാരം- ടി. മുഹമ്മദ്
3. ഇസ്‌ലാമിക വിജ്ഞാന കോശം
4. കേരള ചരിത്രം- എ.ശ്രീധര മേനോന്‍
5. മലബാര്‍ മാന്വല്‍- വില്യംലോഗന്‍
6. പ്രാചീന മലബാര്‍- ഡോ. ശംസുല്ലാ ഖാദിരി
7. കേരള മുസ്‌ലിം ചരിത്രം- പി. എ സെയ്തുമുഹമ്മദ്

author image
AUTHOR: സഫാ അബ്ദുറഹ്മാന്‍
   (അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ, ശാന്തപുരം)