മാപ്പിള കവികളും കൃതികളും

കെ.പി. അമീന്‍ മമ്പാട്   (ഇസ്‌ലാമിയാ കോളെജ്, തളിക്കുളം )

മാപ്പിള സാഹിത്യം മലയാള സാഹിത്യത്തിലെ സവിശേഷമായൊരു ശാഖയാണ്. പല നിലക്കും അത് വേറിട്ടു നില്‍ക്കുന്നു. മാപ്പിള സാഹിത്യ കൃതികളില്‍ ഇന്ന് കണ്ടു കിട്ടിയതില്‍ ഏറ്റവും പഴക്കം ചെന്നത് മുഹ്‌യിദ്ദീന്‍ മാലയാണ്.കോഴിക്കോട് സ്വദേശിയായ ഖാദിമുഹമ്മദ് , ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ അത്ഭുത സിദ്ധികള്‍ കീര്‍ത്തിച്ചുകൊണ്ട് രചിച്ച വരികള്‍ക്ക് 375 വര്‍ഷത്തോളം പഴക്കമുണ്ട്. കൊല്ലവര്‍ഷം 782 ലാണ് അത് രചിച്ചിട്ടുള്ളത് എന്ന് ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നു. ഹി:1025 റബീഉല്‍ അവ്വല്‍ 5 ന് ബുധനാഴ്ച്ച രാത്രിയാണ് ഖാദി മുഹമ്മദ് ഇഹലോകവാസം വെടിഞ്ഞത്. പ്രസിദ്ധമായ മുഹ്‌യിദ്ദീന്‍ മാലക്കു ശേഷം കാണുന്ന രണ്ടാമത്തെ കൃതി കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍ മാലയാണ്. റസൂല്‍ തിരുമേനിയോടുള്ള ഭക്തിയാദരങ്ങളെ കുറിക്കുന്ന കീര്‍ത്തനങ്ങളാണ് ഈ ‘നൂല്‍മാല. ഇത് രചിക്കുന്നത് ഹി: 1151 ലാണ്. അതായത് മുഹ്‌യിദ്ദീന്‍ മാലക്കും നൂല്‍മാലക്കും ഇടയില്‍ 130 വര്‍ഷത്തെ പഴക്കമുണ്ട്. ഈ കാലയളവില്‍ കാവ്യങ്ങള്‍ വിരചിതമായിട്ടില്ല എന്നതിനേക്കാള്‍ അത് നമ്മുടെ അറിവില്‍ വന്നില്ല എന്നതാണ് കൂടുതല്‍ യുക്തിസഹം.
കുളങ്ങര വീട്ടില്‍ മൊയ്തുട്ടി മുസ്‌ലിയാരുടെ സഫലമാലയും ആധ്യാത്മിക കൃതികളുടെ കൂട്ടത്തില്‍ എടുത്തു പറയാവുന്നതാണ്. അതില്‍ ലോകോല്‍പത്തി മുതല്‍ നടന്ന പല സംഭവങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. മാപ്പിള കവികളില്‍ പ്രഥമ സ്ഥാനിയന്‍ മോയിന്‍കുട്ടി വൈദ്യര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ ബദര്‍ പടപ്പാട്ട്, ഉഹ്ദ് പടപ്പാട്ട്, ഹിജ്‌റ, ബദറുല്‍മുനീര്‍ - ഹുസ്‌നുല്‍ ജമാല്‍, മതനിധി മാല തുടങ്ങിയ കൃതികള്‍ ഇന്നും മാപ്പിള സമുദായത്തെ ആവേശം കൊള്ളിക്കുന്നു, കൊല്ലവര്‍ഷം 1066 ല്‍ തന്റെ 39 -ാം വയസ്സില്‍ കാലഗതിയടഞ്ഞു.
    പ്രസിദ്ധരായ ധാരാളം മാപ്പിള കവികള്‍ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു. അവരിലെ ചിലരുടെ ചരിത്രമാണ് തുടര്‍ന്നുള്ള ഭാഗങ്ങളില്‍.

ഖാദി മുഹമ്മദ്
    5 നൂറ്റാണ്ട് മുമ്പ് കേരളത്തില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടുകയും യുദ്ധകാവ്യം കൊണ്ട് സാമ്രാജ്യത്വ വിരുദ്ധ സമരത്തെ പ്രചോദിപ്പിക്കുകയും ചെയ്ത സര്‍ഗധനനായ പോരാളിയാണ് കോഴിക്കോടുകാരനായ ഖാദി മുഹമ്മദ്. ഹിന്ദു - മുസ്‌ലിം ഐക്യം വിളിച്ചോതുന്ന ചാലിയം യുദ്ധത്തെപ്പറ്റിയും അതിലെ സാമൂതിരി പക്ഷത്തിന്റെ വിജയത്തെപ്പറ്റിയും ഖാദി മുഹമ്മദിന്റെ ‘ഫത്ത്ഹുല്‍ മുബീനില്‍ നിന്നും വായിച്ചെടുക്കാം. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ മഹത്തരവും സുപ്രധാനവുമായ സംഭാവന ഈ യുദ്ധകാവ്യമാണ്. സാമൂതിരിയും മുസ്‌ലിംകളും ചേര്‍ന്നു മലബാര്‍ തീരത്തെ പോര്‍ച്ചുഗീസുകാരുടെ തന്ത്രപ്രധാനമായ കേന്ദ്രമായ ചാലിയം കോട്ട ജയിച്ചടക്കിയ ഐതിഹാസിക സംഭവത്തിന്റെ വിവരണമാണ് 517 വരികളുള്ള ഈ അറബി കാവ്യത്തിന്റെ ഉള്ളടക്കമെങ്കിലും വ്യാപാരത്തിലൂടെ കേരളത്തില്‍ രാഷ്ട്രീയ മേല്‍ക്കോയ്മ ഉറപ്പിച്ചെടുത്ത പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ സാമ്പത്തിക - സാംസ്‌കാരിക പ്രത്യാഘാതങ്ങളിലേക്കും അത് വെളിച്ചം വീശുന്നുണ്ട്. അതുപോലെത്തന്നെ കുത്തകവത്കരണത്തിന്റെ പ്രത്യാഘാതങ്ങളും അതിനു ശേഷം വിവരിക്കുന്നു.
നിര്‍ണ്ണായകമായ ഒരു യുദ്ധത്തില്‍ മുസ്‌ലിംകളുടെ കൂടെ അവസാനം വരെ ഉറച്ചു നിന്ന സാമൂതിരിയുടെ നിലപാട് മുസ്‌ലിം നാടുകളില്‍ പ്രചരിപ്പിക്കുകയും അധിനിവേശ ശക്തികള്‍ക്കെതിരെ കേരളത്തിലെ രണ്ടു പ്രബല മത സമുദായങ്ങള്‍ ഐക്യപ്പെട്ടതിന്റെ സദ്ഫലം ഇന്ത്യക്ക് അകത്തും പുറത്തും ഉള്ളവരെ ബോധ്യപ്പെടുത്താനുമാണ് മുഹമ്മദ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഫത്ഹുല്‍ മുബീന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഒരു ശ്രദ്ധേയ രചന അറബിമലയാളത്തിലെഴുതിയ മുഹ്‌യിദ്ദീന്‍ മാലയാണ്. പ്രമുഖ സൂഫി വര്യനായ ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന ഈ കാവ്യം അറബിമലയാളത്തിലെ ആദ്യ രചനയാണെന്നാണ് പറയപ്പെടുന്നത്.  
തുഞ്ചത്ത് എഴുത്തച്ഛന്‍ സംസ്‌കൃതവും മലയാളവും ഉചിതമായി തന്റെ കൃതികളില്‍ സംയോജിപ്പിച്ച് കേരളത്തിന്റെ ഭാഷാ സംസ്‌കാരത്തെ പരിപോഷിപ്പിച്ച കാലത്തു തന്നെയാണ് ഖാദി മുഹമ്മദ് അറബിയും മലയാളവും സുന്ദരമായി സമന്വയിപ്പിച്ച് പ്രശസ്തമായ മുഹ്‌യിദ്ദീന്‍ മാല രചിച്ചത്.
സാഹിത്യം നിറഞ്ഞു തുളുമ്പുന്നതാണ് മുഹ്‌യിദ്ദീന്‍ മാലയെങ്കിലും മനുഷ്യനായ ജീലാനിയില്‍ ദൈവികാംശം ആരോപിക്കുന്ന ഭാവന ന്യായീകരിക്കപ്പെടാവതല്ല. മുഹ്‌യിദ്ദീന്‍ മാല കേവലം ഒരു കൃതി എന്നതിനപ്പുറത്ത്‘അടിസ്ഥാന പ്രമാണമായി തിരഞ്ഞെടുത്ത ഒരു സന്ദര്‍ഭത്തില്‍ ഇസ്‌ലാമിന്റെ അടിയാധാരമായ തൗഹീദിന് കോട്ടം തട്ടും എന്ന് ഭയപ്പെട്ടാണ് മനംനൊന്ത ചില പരിഷ്‌കര്‍ത്താക്കള്‍ മാലക്കെതിരെ ശബ്ദിച്ചത്. പക്ഷേ ഖാദി മുഹമ്മദിന്റെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ ഇതൊരു തടസ്സമാകേണ്ടതില്ല. ഹിജ്‌റ 1025 ( ക്രി:1616) ല്‍ ഖാദി മുഹമ്മദ് ഇഹലോക വാസം വെടിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായി. കോഴിക്കോട് മിശ്കാല്‍ പള്ളിക്കു സമീപമുള്ള ഖബര്‍സ്ഥാനിലാണ് ഖബറടക്കിയിരിക്കുന്നത്.


കുഞ്ഞായിന്‍ മുസ്‌ലിയാര്‍
നര്‍മ്മ രസികനും ഫലിത പ്രിയനുമായ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പ്രതിഭാധനനായ മഹാകവിയും പണ്ഡിത വര്യനുമായിരുന്നു. ഏകദേശം മൂന്നു നൂറ്റാണ്ട് മുമ്പാണ് ഇദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ജനന സ്ഥലത്തെ കുറിച്ചും കാലത്തെ കുറിച്ചും ചില ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും തലശ്ശേരി നഗരത്തില്‍ സൈദാര്‍ പള്ളിക്കടുത്തുള്ള മക്കറയില്‍ എന്ന വീട്ടിലാണദ്ദേഹം ജനിച്ചതെന്നും അത് എ.ഡി 1700 ലോ അതിനല്‍പ്പം മുമ്പോ ആയിരിക്കണമെന്നാണ് വിലയിരുത്തല്‍. അക്കാലത്തെ ഉന്നത വിദ്യാപീഠമായിരുന്ന പൊന്നാനിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്.
കവി സാമ്രാട്ടായ കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പഠന കാലത്തുതന്നെ സുന്ദരമായ കവിതകള്‍ അറബിയിലും അറബിമലയാളത്തിലും രചിക്കുമായിരുന്നു. മലയാള ഭാഷ വികാസം കൊള്ളുന്നതിന് എത്രയോ മുമ്പാണ് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ തന്റെ കാവ്യ പ്രപഞ്ചം കൊണ്ട് കേരളത്തെ ആകമാനം കോരിത്തരിപ്പിച്ചത്. ഖാസി മുഹമ്മദ് സാഹിബിന്റെ മുഹ്‌യിദ്ദീന്‍ മാല പ്രചാരത്തില്‍ വന്നതിനു ശേഷം ഒന്നേകാല്‍ നൂറ്റാണ്ട് കാലത്തേക്ക് നമ്മുടെ പണ്ഡിതന്മാരുടേയോ കവികളുടേയോ ഭാവന കലാ സമ്പത്ത് പുഷ്‌കലമായിരുന്നതായി കാണുന്നില്ല. ഈ കാലയളവില്‍ ആയിരുന്നുവല്ലോ പറങ്കികളുമായുള്ള മലബാര്‍ മാപ്പിളമാരുടെ സായുധ സമരങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരുന്നത്. തല്‍ഫലമായി താളിയോല ഗ്രന്ഥങ്ങളും കൈയ്യെഴുത്ത് പ്രതികളും നഷ്ടപ്പെടുവാന്‍ ഇട വന്നിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ മാലക്കു ശേഷം 13 വര്‍ഷം കഴിഞ്ഞാണ് മുസ്‌ലിയാരുടെ നൂല്‍മാല എന്ന മഹാ കാവ്യം പ്രചാരത്തില്‍ വരുന്നത്. നൂല്‍മാലയിലെ പ്രസ്താവത്തില്‍ നിന്നും മനസ്സിലാവുന്നത് ഹിജ്‌റ 1151 ലാണ് ഈ കൃതി രചിച്ചിട്ടുള്ളത് എന്നാണ്. പ്രവാചകന്‍ തിരുമേനിയുടെ ഗുണഗണങ്ങളെ പ്രകീര്‍ത്തിക്കുകയും തനിക്ക് പ്രവാചകനോടുള്ള ഉല്‍ക്കടമായ സ്‌നേഹത്തെ പ്രഘോഷണം നടത്തുകയും ചെയ്യുകയാണ് മുസ്ലിയാര്‍ നൂല്‍മാലയിലൂടെ. 16 ഇശലുകളായി തിരിച്ചിട്ടുള്ള ഈ ഭക്തി കാവ്യത്തില്‍ 666 വരികളാണുള്ളത്. ഒരു കാലത്ത് കേരളത്തില്‍ എമ്പാടും ഭക്തി നിര്‍ഭരമായ നൂല്‍മാല കഥാപ്രസംഗ രീതിയില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. മുഹ്‌യിദ്ദീന്‍ മാലക്കു ശേഷം മുസ് ലിംകള്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധി ലഭിച്ച കൃതിയാണ് നൂല്‍മാല.
കുഞ്ഞായിന്‍ മുസ്‌ലിയാരുടെ മറ്റൊരു പ്രസിദ്ധ മിസ്റ്റിക് കൃതിയാണ് കപ്പപ്പാട്ട്. സഫീനപ്പാട്ട് എന്ന മാപ്പിളപ്പാട്ടിന്റെ മുന്നോടി കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കപ്പപ്പാട്ടാണെന്ന് ഒ. അബുസാഹിബ് തന്റെ അറബി മലയാള സാഹിത്യ ചരിത്രം എന്ന കൃതിയില്‍ പറയുന്നു. മനുഷ്യ ശരീരത്തെ ഒരു പായക്കപ്പലോടും ജീവിതത്തെ കപ്പല്‍ യാത്രയോടും ഉപമിച്ച് കൊണ്ടും മുസ്‌ലിയാര്‍ മൂല്യ ദര്‍ശനം കാഴ്ച്ചവെക്കുന്നു. കാറ്റും കോളും അതിജീവിച്ചും സമുദ്രയാത്രയിലെ പ്രതിബന്ധങ്ങളെയെല്ലാം പരിശോധിച്ചും മനുഷ്യാത്മാവിനെ പരലോകത്തിന്റെ അപാരതയിലേക്ക് എത്തിക്കുന്ന കപ്പലായിട്ടാണ് ജീവിതത്തെ കവി പ്രതിരൂപാത്മകമായി പ്രതിപാദിക്കുന്നത്. ശരീര ശാസ്ത്രത്തിന്റെ മൂല ഘടകങ്ങള്‍ നിഷ്‌കൃഷ്ടമായി ഗ്രഹിക്കുകയും അവയെ താത്വിക ദര്‍ശനത്തിന്റെ അച്ചില്‍ ഉരുക്കി ആദ്ധ്യാത്മിക നിര്‍വൃതിയുടെ രൂപശില്‍പ്പം നടത്തുകയുമാണ് കവി ഈ കൃതിയിലൂടെ ചെയ്യുന്നത്. ഈ കൃതിയിലെ ചില വരികള്‍,

കണ്ടിട്ടറിവാനോ കണ്ണില്ലേ പൊട്ടാ
കാരുണോര്‍ ചൊന്നെ ചൊല്‍ കേട്ടില്ലേ പൊട്ടാ
പണ്ടുള്ളോര്‍ ചൊല്ലില് പതിരുണ്ടോ പൊട്ടാ
പൈ തന്ന പാലില് കയ്പുണ്ടോ പൊട്ടാ
.... പട്ടം പൊളിഞ്ഞാല്‍ പറക്കാമോ പൊട്ടാ
പാലം മുറിഞ്ഞാല്‍ കടക്കാമോ പൊട്ടാ
പുണ്ണിയം ചൊല്ലാമകേകുമോ പൊട്ടാ
വേട്ടാളര്‍ കാതില് കൂടിട്ടൊ പൊട്ടാ 

കപ്പപ്പാട്ടിനു ശേഷം എഴുതപ്പെട്ട മാപ്പിളപ്പാട്ടുകള്‍ എല്ലാം തന്നെ സഫീനപ്പാട്ടുകള്‍ എന്നാണ് അറിയപ്പെട്ടത്. 600 വരികളില്‍ ഒതുക്കി നിര്‍ത്തിയിട്ടുള്ള ഈ കാവ്യം ജീവിതമാകുന്ന കപ്പല്‍ സുരക്ഷിതമായി ലക്ഷ്യത്തില്‍ എത്തിച്ചേരണമെങ്കില്‍ എല്ലാവിധ ദുര്‍ഗുണങ്ങളില്‍ നിന്നും മോചനം നേടിയാല്‍ മാത്രമേ സാധ്യമാകൂ എന്ന് ഗുണദോഷിക്കുന്നുണ്ട്. സാമുദായിക മൈത്രിക്കും മത സൗഹാര്‍ദത്തിനും മുസ്‌ലിം പണ്ഡിതനായ ഈ കവി ശ്രേഷ്ഠന്‍ നടത്തിയ ശ്രമങ്ങള്‍ ആര്‍ക്കും അനുകരണീയമായിട്ടുള്ളതാണ്. വാര്‍ധക്യ സഹജമായ അസുഖം മാത്രമായിരുന്നു അദ്ദേഹത്തിന്റെ മരണ ഹേതു. തലശ്ശേരി പഴയ ജുമാഅത്ത് പള്ളിക്കടുത്ത ഖബര്‍ സ്ഥാനില്‍ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.

മഹാകവി ചേറ്റുവായ് പരീക്കുട്ടി
1848 ല്‍ ജനിക്കുകയും 1886 ല്‍ മാരകമായ വസൂരി ബാധയാല്‍ മരിക്കുകയും ചെയ്ത ചേറ്റുവായ് പരീക്കുട്ടി സാഹിബ് തനിക്ക് ലഭിച്ച ഹ്രസ്വമായ 38 കൊല്ലത്തെ ജീവിതത്തിനിടക്ക് നല്‍കിയ ബഹുമുഖ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹത്തിന്റെ പിതാവ് പോക്കാക്കില്ലത്ത് ചിന്നക്കല്‍ കുഞ്ഞഹമ്മദ് സാഹിബും മാതാവ് മനാത്ത് പറമ്പില്‍ കുഞ്ഞിപ്പാത്തുമ്മയുമായിരുന്നു. പിതാവ് തന്റെ ശൈശവത്തില്‍ തന്നെ മരണമടഞ്ഞിരുന്നുവെങ്കിലും മാതാവിന്റെ പരിലാളനയില്‍ വളര്‍ന്ന കൊച്ചു പരീക്കുട്ടിയില്‍ അസാധാരണമായ പ്രതിഭാവിലാസം നിഴലിച്ചിരുന്നു. മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ലൗകിക വിജ്ഞാന സമ്പാദനത്തിനുള്ള സൗകര്യങ്ങളും ആ മഹതി തന്റെ പുത്രന് നിര്‍ലോഭം നല്‍കി.
സംസ്‌കൃതത്തിനു പുറമെ തമിഴ്, അറബി, മലയാളം എന്നീ ഭാഷകളില്‍ ശാസ്ത്രീയ പരിജ്ഞാനവും പാണ്ഡിത്യവും നേടി. ഈ ഭാഷകളിലുണ്ടായിരുന്ന വ്യാകരണ ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് ഭാഷാ ശാസ്ത്രവും സാങ്കേതിക സംജ്ഞകളും വശമാക്കിയ അദ്ദേഹം അക്കാലത്ത് തന്നെ ശ്രദ്ധേയനായ കവിയും ഗാനരചയിതാവും ഗായകനുമായി കേരളം മുഴുക്കെ അറിയപ്പെട്ടിരുന്നു. 27-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ഫുത്തുഹുശ്ശാം എന്ന സമര മഹാകാവ്യം പ്രകാശിപ്പിക്കപ്പെട്ടത്. ഈ പടപ്പാട്ടിന്റെ ഇതിവൃത്തം തയ്യാറാക്കുവാന്‍ അദ്ദേഹത്തെ സഹായിച്ചത് പുതിയ കടപ്പുറം സ്വദേശിയും പണ്ഡിതനുമായിരുന്ന സയ്യിദ് അഹമ്മദ് ഹുസൈന്‍ കുഞ്ഞിക്കോയമ്മ തങ്ങളായിരുന്നു. അബൂബക്കര്‍ സിദ്ദീഖ് (റ), ഉമര്‍ ഫാറൂഖ് (റ) എന്നിവരുടെ കാലത്തു നടന്നിട്ടുള്ള യുദ്ധങ്ങളുടെ സമര ചരിത്രമാണ് ഇതിലെ പ്രതിപാദ്യ വിഷയം. 1876 ലാണ്‘ഈ കൃതിയുടെ രചന പൂര്‍ത്തിയായത്. രചനാ ചാതുരിയിലും ശാലീനതയിലും ആവിഷ്‌ക്കാര നൈപുണിയിലും മുന്‍പന്തിയില്‍ നിന്ന ഈ കാവ്യം പുറത്തു വന്നതോടുകൂടി ചേറ്റുവായ് പരീക്കുട്ടി സാഹിബിന്റെ പ്രശസ്തി എമ്പാടും പരന്നു. അക്കാലത്ത് പണ്ഡിത ലോകം അംഗീകരിക്കണമെങ്കില്‍ ഏതു കൃതിയിലും സംസ്‌കൃതവും തമിഴും സുലഭമായി ഉപയോഗിക്കണമെന്നത് ഒരംഗീകൃത തത്വമായിരുന്നു. എന്നാല്‍ ഫുത്തുഹുശ്ശാം ഈ പൊതു നിയമത്തിന് അപവാദമായിരുന്നു. കഴിവതും മലയാളത്തില്‍ കോര്‍ത്തിണക്കിയ ഈ കൃതി സുന്ദരവും ലളിതവുമാണ്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ ഹൃദയത്തെ ഹഠാദാകര്‍ഷിക്കാന്‍ ഈ കൃതിക്ക് സാധിച്ചു. ഫുത്തുഹുശ്ശാമിലെ ഏതാനും ചില വരികള്‍ താഴെ ചേര്‍ക്കുന്നു. ചരിത്ര സംഭവങ്ങളാണ് ഇതിലെ പ്രതിപാദ്യം.

യെത്തി അമീറന്‍മാര്‍ അടുത്താനേ.യെങ്കള്‍
അബൂബക്കര്‍ തിരുമുഖം നളര്‍ത്താനേ
സത്തൂരം സുആലേറ്റി തൊടുത്താനേ ശൂരര്
ഖൈസ്ബ്‌നു ഹുബൈറതെണ്ടവര്‍താനേ.

ഫുത്തുഹുശാമിനെതിരെ രംഗത്തുവന്ന പ്രമുഖര്‍ക്ക് മറുപടിയെന്നോണം മിന്‍അത്തുല്‍ബാരി എന്ന കാവ്യ സമാഹാരം പുറത്തിറക്കി. പ്രസിദ്ധ ദീനീ പ്രചാരകനായിരുന്ന സയ്യിദ് മുഹമ്മദ് മൗലയുടെ ആവേശഭരിതമായ ജീവചരിത്രത്തെ ആധാരമാക്കി രചിച്ചതാണീ കൃതി. ഈ ജീവിതത്തിലെ സുഖ ദുഃഖങ്ങള്‍ക്കപ്പുറത്ത് ശാശ്വത സാമാധാനം കളിയാടുന്ന പരലോകം പ്രാപിക്കുവാനുള്ള അവിരാമമായ പ്രയത്‌നമാണ് മനുഷ്യ ജീവിതമെന്ന് അദ്ദേഹം തന്റെ കാവ്യ കലയിലൂടെ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.
മരിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ്  ആദി അഹദാന എന്ന ഒപ്പന അദ്ദേഹം രചിച്ചത്. അദ്ദേഹത്തിന്റെ എത്രയോ കൃതികള്‍ അപ്രകാശിതങ്ങളായവയുണ്ട്. ഗായക കവിയായിരുന്ന പരീക്കുട്ടി സാഹിബ് നര്‍മ്മ ബോധവും സര്‍ഗ്ഗസിദ്ധിയും ഉണ്ടായിരുന്ന ഒരു നിമിഷ കവി കൂടിയായിരുന്നു. താന്‍ എഴുതിയിരുന്ന ഗാനങ്ങളും കവിതകളും സഹൃദയ സദസ്സിന്റെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ അദ്ദേഹം കാണിച്ചിരുന്ന ആവേശം ഉല്‍ക്കടമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണ് ആകസ്മികമായി നഷ്ടപ്പെട്ടുവെങ്കിലും തന്റെ കാവ്യ പ്രപഞ്ചത്തിന് ഒരു കോട്ടവും തട്ടാന്‍ അനുവദിച്ചില്ല. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍, പുതിയ പുതിയ രീതികള്‍, പുതുമയുള്ള പ്രമേയങ്ങള്‍, ഇവ പരീക്കുട്ടി സാഹിബിന്റെ കാവ്യ കലയുടെ സവിശേഷതയായിരുന്നു. കേരളത്തിന്റെ മാപ്പിള മഹാ കവി പരീക്കുട്ടി സാഹിബ് 1886 ഏപ്രില്‍ 8 ന് നിര്യാതനായി. ചേറ്റുവ വലിയ ജുമാഅത്ത് പള്ളിയിലാണ് ഖബറടക്കിയത്.     

മച്ചിങ്ങലകത്ത് മൊയ്തീന്‍ മൊല്ല
സുന്ദരമായ ശൈലിയും വിദഗ്ധമായ ആവിഷ്‌കാര പാടവവും സ്വായത്തമാക്കിയിരുന്ന വാസനാ സമ്പന്നനായ മഹാകവിയാണ് മച്ചിങ്ങലകത്ത് മൊയ്തീന്‍ മൊല്ല. കവന കലാ വല്ലഭനായ മൊയ്തീന്‍ മൊല്ല ജനിച്ചതും മരിച്ചതുമായ ശരിയായ വര്‍ഷം അറിയുവാന്‍ തീരെ മാര്‍ഗ്ഗമില്ല. അദ്ദേഹം താനൂര്‍ സ്വദേശിയായിരുന്നുവെന്നും ബാപ്പയുടെ പേര് മുഹമ്മദ് മുല്ലയാണെന്നൂം മാത്രമെ നിശ്ചയമുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ഗസ്‌വത്ത് ഫത്തഹ് മക്ക എന്ന മഹാ കാവ്യം എഴുതിയത് ഹിജ്‌റ 1280 ല്‍ അതായത് എ.ഡി 1859 ല്‍ ആണെന്ന് മനസ്സിലാക്കാം. ഇരുപത് വര്‍ഷത്തിനു ശേഷം ഹിജ്‌റ 1801 ല്‍ വളപ്പിച്ചി കണ്ടി കുഞ്ഞിമൂസാ സാഹിബ് തലശ്ശേരിയില്‍ നിന്നും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പില്‍കാലത്ത് ഇതിന്റെ ശൈലിയും രീതിയും അനുകരിക്കുവാന്‍ പല മാപ്പിള കവികളും ശ്രമിച്ചിട്ടുള്ളതായി കാണാം. പ്രവാചകനും അനുയായികളും മക്കയിലേക്ക് പുറപ്പെടുന്ന കാര്യം രഹസ്യമായി മുന്‍കൂട്ടി അറിയിക്കുവാന്‍ എതിരാളികള്‍ ശ്രമിച്ചിരുന്നു. ഈ വിവരമടങ്ങിയ എഴുത്തുമായി പോയവരില്‍ നിന്ന് ആ കത്ത് പിടിച്ചെടുത്ത് തിരുമേനി സമക്ഷം കൊണ്ടു വന്ന സംഭവമാണ് ഈ മഹാകാവ്യത്തിലെ ഇതിവൃത്തം.
പ്രവാചകനോടും സ്വഹാബിമാരോടും കവിക്കുണ്ടായിരുന്ന ഭക്തി ബഹുമാനാദികള്‍ മുറ്റിനില്‍ക്കുന്നവയാണ് ഇതിലെ ഓരോ വരിയും. സ്വഹാബികളുടെ സൈനിക പാടവത്തേയും സമരമുറകളേയും ഉത്തേജകമാം വിധം ആവിഷ്‌കരിക്കുന്ന രചനാ പാടവമാണ് അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റേതായി അറബിയിലും അറബിമലയാളത്തിലും എഴുതപ്പെട്ടിട്ടുള്ള ധാരാളം കവിതകളും ബെയ്ത്തുകളും ഉണ്ടായിരുന്നു എങ്കിലും അവ പ്രകാശം കാണാതെ വിസ്മരിക്കപ്പെട്ടിരിക്കുകയാണ്.

കാഞ്ഞിരാല കുഞ്ഞിരായിന്‍ കുട്ടി
പ്രസിദ്ധരായ മാപ്പിള കവികളുടെ ഗണത്തില്‍ അപ്രധാനമല്ലാത്ത സ്ഥാനമാണ് കാഞ്ഞിരാല കുഞ്ഞിരായീന്‍ കുട്ടി സാഹിബിനുള്ളത്. മലപ്പുറം ജില്ലയിലെ മമ്പാട് ജനിച്ച അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് സാഹിബ് ആണ്. മലയാളത്തിനു പുറമെ തമിഴും സംസ്‌കൃതവും വശത്താക്കി. സമ്പന്ന കുടുംബത്തില്‍ പിറന്ന സാഹിബിന് ജീവിത ചിലവിനുവേണ്ടി അലഞ്ഞുതിരിയേണ്ടി വന്നില്ല. ദേഹാധ്വാനം ചെയ്യാന്‍ തന്റെ മുടന്തുകാല്‍ സമ്മതിച്ചതുമില്ല. തന്മൂലം നൈസര്‍ഗികമായ തന്റെ കവിതാവാസനയെ പരിപോഷിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
സരസനും ഫലിത പ്രിയനുമായിരുന്ന കുഞ്ഞിരായിന്‍ കുട്ടി സാഹിബ് നിമിഷകവി എന്ന നിലയിലും പ്രസിദ്ധി നേടി. മാലപ്പാട്ട്,  മദ്ഹ്പാട്ട്,  മഹാകാവ്യം, പ്രേമകാവ്യം എന്നിവ ഉള്‍പ്പെടെ ധാരാളം കൃതികളുടെ കര്‍ത്താവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശൃംഗാരപ്രദമായ ആദ്യകാല കവിതകള്‍ സാധാരണക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നവയാണ്. ഖണ്ഡകാവ്യ വിഭാഗത്തില്‍ മഹാരത്‌നമാല എന്ന സമാഹാരം 24 ഖണ്ഡകാവ്യങ്ങളുള്‍ക്കൊള്ളുന്ന കനപ്പെട്ട കൃതിയാണ്.ചോദ്യോത്തര ശൈലിയില്‍ രചിച്ച ഈ കൃതി വളരെ പ്രചാരം കിട്ടിയ ഒന്നാണ്. മറ്റൊരു പ്രധാനപ്പെട്ട ഖണ്ഡകാവ്യ സമാഹാരമാണ് ‘മദ്ഹുല്‍കരീം’. ഖണ്ഡകാവ്യ പ്രസ്ഥാനത്തില്‍ പ്രമുഖ സ്ഥാനം ഈ കൃതിക്കുണ്ട്. മറ്റൊരു പ്രസിദ്ധമായ സംഭാവനയാണ് ആയിശത്തുമാലയെന്ന മഹാകാവ്യം. ഇവക്കൊക്കെ പണ്ഡിതോചിതമായ വ്യാഖ്യാനങ്ങള്‍ പലരും എഴുതിയിരുന്നു എന്നതില്‍ നിന്നു മനസ്സിലാക്കാവുന്നത് അവക്ക് സ്ഥായിയായ മഹത്വം ഉണ്ടായിരുന്നു എന്നാണല്ലോ. എണ്ണമറ്റ പ്രേമകാവ്യങ്ങളുടെ കര്‍ത്താവായിരുന്ന സാഹിബ് പ്രായമായതോടു കൂടി പരിപക്വമതിയായി  മാറി.
മിസ്ബാഹുല്‍ ഫുആദ്മാല എന്ന ചരിത്രകാവ്യം ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ഫസല്‍ പൂക്കോയ തങ്ങളുടെ മലബാറില്‍ നിന്നുള്ള തിരോധാനവും അതിനിടയാക്കിയ സാഹചര്യവും തുര്‍ക്കിയിലും അറേബ്യയിലും അദ്ദേഹം ചെയ്ത സേവനങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ മനോഹരമായി കാവ്യകല്‍പ്പന ചെയ്തിട്ടുള്ള ആധ്യാത്മിക പ്രാധ്യാനമുള്ള കൃതിയാണ് ഇത്. 1879ലാണ് ഈ കൃതി പുറത്തു വന്നത്. അതോടുകൂടി മലബാറിലാകമാനം ഇതിന് അസാധാരണമായ പ്രചാരണം ലഭിച്ചു.‘ബദര്‍മാല, ചാക്കീരി മംഗലം,‘നാസിക ചൂര്‍ണ്ണപ്പാട്ട് തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ കൃതികളാണ്.ചാക്കീരി മൊയ്തീന്‍കുട്ടി സാഹിബിന്റെയും മോയിന്‍കുട്ടി വൈദ്യരുടേയും ഉറ്റ സുഹൃത്തായിരുന്ന കുഞ്ഞിരായിന്‍ കുട്ടി സാഹിബ് ഹിജ്‌റ 1319 ല്‍ നിര്യാതനായി.   

മുസ്‌ലിയാരകത്ത് അഹമ്മദുകുട്ടി മുസ്‌ലിയാര്‍
നിരവധി ഖണ്ഡകാവ്യങ്ങളും മഹാകാവ്യങ്ങളും എഴുതി മുസ്‌ലിംകളുടെ ബഹുമാനാദരവുകള്‍ പിടിച്ചു പറ്റിയ സുപ്രസിദ്ധ മാപ്പിള കവിയായിരുന്നു മുസ്‌ലിയാരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍. അറബിമലയാള ഭാഷയില്‍ എഴുതുകയും  ഇസ്‌ലാമിക ചരിത്ര സംഭവങ്ങള്‍ ഇതിവൃത്തമാക്കുകയും ചെയ്തുകൊണ്ടാണ് മാപ്പിള കവികള്‍ അധികവും തങ്ങളുടെ കവിതാ രചന നടത്തിയത്.ശില്‍പ്പഭഗിയും രൂപഭംഗിയും ഒത്തിണങ്ങിയ അത്തരം അതിമനോഹരമായ മഹാകാവ്യങ്ങളില്‍ ഒന്നാണ് അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ഹിജ്‌റപ്പാട്ട്. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് തിരൂരങ്ങാടിയിലെ  മഫാത്തിഉല്‍ ഉലൂം പ്രസ്സില്‍ നിന്നും അച്ചടിച്ചിറക്കിയ ഈ കൃതി പ്രവാചകന്റെ ജനനം മുതല്‍ ഹിജ്‌റവരെയുള്ള കാലത്തെ ചരിത്രാവിഷ്‌കാരം ഭംഗിയായി നടത്തുന്ന കൃതിയാണ്. ഈ  ഒറ്റകൃതി കൊണ്ടു തന്നെ ഉന്നതന്മാരായ കവികളുടെ പന്തിയില്‍പ്പെടാന്‍ പ്രയാസമുണ്ടായില്ല.
     അദ്ദേഹത്തിന്റെ സാഹിത്യസേവനം വളരെ ബൃഹത്തും വിപുലവുമായിരുന്നു. ഈടുറ്റ എത്രയോ കൃതികളുടെ ഉടമയാണദ്ദേഹം. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളില്‍ മദാഇന്‍മാല, സദൂംപാട്ട്, റദ്ദൂശി എന്ന ഒഫാത്ത് ഫാത്വിമ എന്നിവ അംഗീകൃതങ്ങളായ കാവ്യ  സമാഹാരങ്ങളാണ്.അദ്ദേഹത്തിന്റെ ആദ്യകാല കൃതികളില്‍ പെട്ടവയാണ് മലപ്പുറം നേര്‍ച്ചപ്പാട്ടും, ഒരു റാത്തീബും. മുസ്‌ലിയാരകത്ത് അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കൊണ്ടോട്ടിയിലാണ് ജനിച്ചത്. തക്കിയക്കല്‍ വാസി കുഞ്ഞഹമ്മദ് കുട്ടിയാണ് പിതാവ്. പല ദര്‍സുകളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിതാവിന്റെ മരണാനന്തരം പിതാവ് ജോലി ചെയ്തിരുന്ന പള്ളിയില്‍ തന്നെ ഖാദിയായും മുദരിസ്സായും സേവനമനുഷ്ഠിച്ചു. മഹാകവി മോയിന്‍കുട്ടി വൈദ്യരുമായി ഉറ്റ സമ്പര്‍ക്കമുണ്ടായിരുന്നു മുസ്‌ലിയാര്‍ക്ക്.ഹിജ്‌റ 1330ല്‍ അന്തരിച്ചു.കൊണ്ടോട്ടി തക്കിയക്കല്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വിശ്രമം കൊള്ളുന്നു.

പുലിക്കോട്ടില്‍ ഹൈദര്‍
    ഏറനാട് താലൂക്ക് പുന്നപ്പാല അംശം ചെടങ്ങാംകുളം ദേശത്ത് പൂലത്ത് ഐത്തു അധികാരിയുടേയും തൈതോട്ടില്‍ ഹൈദര്‍ മുസ് ലിയാരുടെ മകള്‍ ഉമ്മാദി ഉമ്മയുടേയും രണ്ടാമത്തെ മകനായിട്ടാണ് 1879 ല്‍ പൂലത്ത് പുലിക്കോട്ടില്‍ ഹൈദര്‍ സാഹിബ് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിന് കൂടുതലായൊന്നും കിട്ടിയിരുന്നില്ല. എന്നാലും എഴുതാനും വായിക്കാനുമുള്ള കഴിവ് അദ്ദേഹം നേടിയിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരും കാഞ്ഞിരാല കുഞ്ഞിരായിനും അദ്ദേഹത്തിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായതുകൊണ്ട് അവര്‍ സാഹിബില്‍ സ്വാധീനം ചെലുത്തി. പൂക്കോയ കമ്മുട്ടി മരക്കാര്‍, മമ്പാട്ടുകാരന്‍ ഉണ്ണിപ്പ എന്നിവരായിരുന്നു ഗുരൂനാഥന്‍മാര്‍.
    ജീവിതത്തിലെ എല്ലാ വ്യവഹാര കാര്യങ്ങളും പാട്ടാക്കിപ്പറയുന്ന പൊതു സമ്പ്രദായം ഹൈദര്‍ സാഹിബ് ജീവിച്ച കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. പൊതുകാര്യ പ്രസക്തനും ഏറെ ജനസമ്പര്‍ക്കമുള്ള വ്യക്തിയുമായിരുന്ന ഹൈദര്‍ സാഹിബിനും ഈ പൊതു സമ്പ്രദായത്തില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ സാധിക്കുമായിരുന്നില്ല. മാത്രവുമല്ല നൈസര്‍ഗികമായ തന്റെ രചനാ സിദ്ധി പുഷ്‌കലമാക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചുകൊണ്ടുമിരുന്നു. നാടന്‍ ശൈലിയില്‍ അദ്ദേഹം രചിച്ചിരുന്ന പാട്ടുകള്‍ക്ക് അസാധാരണമായ പ്രചാരം ലഭിക്കാന്‍ അധിക സമയം എടുത്തില്ല. തന്റെ കണ്‍മുമ്പില്‍ കണ്ടിരുന്ന ആനുകാലികങ്ങളായ എല്ലാ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ ഗാനങ്ങളുടെ വിഷയമായിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകള്‍ ഏറനാടന്‍ ശൈലിയിലും ഭാഷയിലും കോര്‍ത്തെടുത്തതായിരുന്നു. ജനങ്ങളുടെ ഭാഷയില്‍ അവരുടെ വിചാര വികാരങ്ങളുടേയും ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടേയും യഥാര്‍ത്ഥമായ ദൃക്‌സാക്ഷി വിവരണം പോലെയാണ് അദ്ദേഹത്തിന്റെ ഓരോ കൃതിയും. ത്വാതിക ദര്‍ശനങ്ങളോ ഗാംഭീര്യ വിഷയങ്ങളോ അദ്ദേഹത്തിന്റെ കൃതികളില്‍ കണ്ടില്ലെന്നു വരാം. എന്നാല്‍ ഒരു കാലഘട്ടത്തിന്റെ ജനജീവിതം അതില്‍ തുടിച്ചു നില്‍ക്കുന്നുണ്ട്.
    2000ല്‍ കൂടുതല്‍ പാട്ടുകള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. അദ്ദേഹത്തിന്റെ പെറ്റ് ഞാനൊന്ന് എന്ന് തുടങ്ങുന്ന പാട്ട് കേരളത്തില്‍ ആകമാനം പ്രസിദ്ധിയാര്‍ജിച്ചതായിരുന്നു. ഹൈദര്‍ സാഹിബിന്റെ കൃതികളില്‍ ബഹുഭൂരിപക്ഷവും അപ്രകാശിതങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് പാട്ടുകള്‍ പലസ്ഥലങ്ങളില്‍ നിന്നായി ശേഖരിച്ച് പുലിക്കോട്ടില്‍ കൃതികള്‍ എന്നൊരു ഗ്രന്ഥം എം. എന്‍. കാരശ്ശേരി എഡിറ്ററായി 1979ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതങ്ങളായ സമാഹാരങ്ങള്‍ കലിയുഗം പരിഷ്‌കാര മാല, പ്രേമ, കലൈ, കേരള ചരിത്രം രസകരമായൊരു സര്‍ക്കീട്ട്, കോലാര്‍ യാത്ര, നരിനായാട്ട് തുടങ്ങിയവയാണ്. മാപ്പിള കവികളുടെ കൂട്ടത്തില്‍ ഇത്രയധികം പാട്ടുകള്‍ എഴുതിയിട്ടുള്ള കവികള്‍ വേറെയില്ലാ എന്നതുകൊണ്ടായിരിക്കാം ഒരു പക്ഷേ ഗാനരചയിതാക്കളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധനായിത്തീര്‍ന്നത്. അദ്ദേഹത്തിന്റെ ഏതെങ്കിലും രണ്ടുവരി പാടിയിട്ടില്ലാത്തവര്‍ അക്കാലത്ത് വളരെ ദുര്‍ലഭമായിരുന്നു.
    സമുദായത്തില്‍ ആദരിച്ചു പോന്നിരുന്ന അനാചാരങ്ങളെ ഒക്കെത്തന്നെ എതിര്‍ക്കുവാന്‍ അദ്ദേഹം തന്റെ കവനശേഷി പ്രയോജനപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ദുരാചാര മാല, കലിയുഗം, കാതുകുത്ത് മാല, സ്ത്രീമര്‍ദ്ദി മാല, മാരന്മാരുടെ തകരാറ് തുടങ്ങിയ കൃതികളെല്ലാം നവീകരണ ഉദ്ദേശ്യത്തോടുകൂടി രചിച്ചിട്ടുള്ളവയാണ്. പാലക്കോട്ട മോയിന്‍ സാഹിബിന്റെ മകള്‍ പാത്തുമ്മക്കുട്ടി ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇവര്‍ക്ക് 7 സന്താനങ്ങളുണ്ട്. തന്റെ 96-ാം വയസ്സിലാണ് (1975) അദ്ദേഹം നിര്യാതനായത്.  

മഹാ കവി ടി.ഉബൈദ്
    കേരളത്തിന്റെ വടക്കെ അറ്റത്ത് മലയാളത്തേക്കാള്‍ കര്‍ണ്ണാടകവുമായി കൂടുതല്‍ ബന്ധിച്ചു കിടക്കുന്ന കാസര്‍ഗോഡ് പ്രദേശത്ത് 1908 ലാണ് ഉബൈദ് സാഹിബ് ജനിച്ചത്. പിതാവ് എം ആലിക്കുട്ടി ഹാജിയില്‍ നിന്നും മലയാളത്തിന്റെ ആദ്യക്ഷരങ്ങളും പി. കുഞ്ഞായി മൗലവിയില്‍ നിന്ന് ഭാഷാ വ്യാകരണവും സ്വായത്തമാക്കി. ഉബൈദ് സാഹിബിന്റെ 15-ാം വയസ്സില്‍, മഹാ പണ്ഡിതനായിരുന്ന ഖാദി അബ്ദുല്ലാ ഹാജിയുടെ മരണത്തെ തുടര്‍ന്ന് രചിച്ച കീര്‍ത്തന പരമായ ഒരു പാട്ട് പാടി അവതരിപ്പിച്ചതാണ് മാപ്പിള സാഹിത്യത്തിലേക്കുള്ള വഴിത്തിരിവായത്. അതേതുടര്‍ന്ന് കര്‍ണ്ണാടകത്തിലും മലയാളത്തിലുമായി അദ്ദേഹം എഴുതിയ കവിതകള്‍ക്കും പാടിയ പാട്ടുകള്‍ക്കും കയ്യും കണക്കുമില്ല.
    മാപ്പിളപ്പാട്ടുകളുടെ രീതിയും ശൈലിയും യഥാര്‍ഥത്തില്‍ മലയാള കവികള്‍ അവലംബിക്കാന്‍ തുടങ്ങിയതും സിനിമയിലും നാടകങ്ങളിലും അവതരിപ്പിക്കുവാന്‍ ഇടയായതും ഉബൈദ് സാഹിബിന്റെ ശ്രമഫലമായിരുന്നു എന്നത് അധികമാളുകള്‍ക്കും അജ്ഞാതമാണ്. കര്‍ണ്ണാടകത്തിലൂടെയാണദ്ദേഹം കാവ്യ രചനാ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. മലയാളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്കും തിരിച്ചും ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തിരുന്നു. അതില്‍ പ്രധാനപ്പെട്ടതാണ് വീണ പൂവിന്റെ കര്‍ണ്ണാടക പതിപ്പ്. മാപ്പിള പാട്ടുകളെ കുറിച്ചുള്ള സമ്പൂര്‍ണ്ണമായ ഒരു പഠനവും ഒരു വൃത്ത ശാസ്ത്ര ഗ്രന്ഥവും മലയാള സാഹിത്യത്തിലെ അവഗണിക്കപ്പെട്ടു കിടക്കുന്ന ഈ ശാഖക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കുവാന്‍ ഉപകരിച്ച ഗ്രന്ഥങ്ങളാണ്. നവരത്‌ന മാലിക, ബാഷ്പധാര, സമുദായ ദുന്ദുഭി, രണ്ടുത്‌ബോധനങ്ങള്‍, ചന്ദ്രക്കല ഗാന വീചി, തിരുമുല്‍ കാഴ്ച, ഹസ്രത്ത് മാലിക് ദീനാര്‍, ഖാസി മര്‍ഹൂം അബ്ദുല്ല ഹാജി, മുഹമ്മദ് ശൈറുല്‍ സാഹിബ്, മണ്ണിലേക്ക് മടങ്ങി, നമ്മുടെ നദികള്‍ തുടങ്ങിയവയാണ് സാഹിബിന്റെ പ്രസിദ്ധീകൃതങ്ങളായ കൃതികള്‍. മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുവാന്‍ കഴിയുന്ന സകല ശ്രമങ്ങളും ചെയ്ത പ്രതിഭാ സമ്പന്നനായ സാഹിബിനെ മറക്കാന്‍ മലയാണ്‍മയ്ക്ക് സാധിക്കില്ല.
    1971 ഡിസംബറില്‍ തിരൂരങ്ങാടിയില്‍ 2 ദിവസത്തെ വിപുലമായ പരിപാടികളോട് കൂടി നടത്തിയ മാപ്പിള സെമിനാറില്‍ കെ. പി കേശവമേനോന്‍ മഹാകവി ഉബൈദ് സാഹിബിനെ പൊന്നാട ചാര്‍ത്തി കെട്ടിപ്പുണര്‍ന്നത് ആര്‍ക്കും മറക്കാന്‍ ഒക്കുകയില്ല. മാപ്പിള കലാ രംഗത്തെ അതുല്യ പ്രതിഭയായ ഉബൈദ് സാഹിബ് 1972 ഒക്‌ടോബര്‍ 3-ാം തിയ്യതി ഈ ലോകത്തോട് വിട പറഞ്ഞു.

പി.കെ ഹലീമ
    മാപ്പിളപ്പാട്ടുകള്‍ ബാല്യ കാലം മുതലേ കേട്ട് അതിലേക്ക് ആകൃഷ്ടയായിരുന്ന ഹലീമ അതിമനോഹരമായി പാട്ടുകള്‍ പാടുകയും സുന്ദരമായി ഗാനാവിഷ്‌കരണം നടത്തുകയും ചെയ്തിരുന്ന മഹതിയാണ്. കല്ല്യാണപ്പാട്ടുകളും കത്ത്പാട്ടുകളുമായി തന്റെ കാവ്യ രചനാ പാടവം പ്രകടമാക്കിയ അവര്‍ പ്രശസ്തമായ ധാരാളം കൃതികളുടെ ഉടമ കൂടിയാണ്. മാപ്പിള സ്ത്രീകള്‍ക്കിടയില്‍ അവരുടെ പാട്ടുകള്‍ക്കും കവിതകള്‍ക്കും വളരെയധികം പ്രചാരമുണ്ടായിരുന്നു. ഭാവനാ സമ്പന്നയായ ഈ കവയിത്രി അറബിമലയാളത്തോടൊപ്പം മലയാളവും നല്ലവണ്ണം പരിശീലിച്ചിരുന്നതുകൊണ്ട് ശാലീനമായ ഭാഷാ ശൈലിയില്‍ തന്റെ ഗാന തല്ലജങ്ങള്‍ നെയ്‌തെടുത്തു.

സുരര്‍മേഘക്കുടൈ ചൂടും മണവാളരാം
സുകമിലവരും നൂറോരാം
ഇറൈതിരുമഹ്ബൂബോരാം
പൂരണ കാരുണ പുണ്യനബിക്ക്

            എന്ന് തുടങ്ങുന്ന വരികള്‍ നബി (സ) യുടേയും ഖദീജ ബീവിയുടേയും വിവാഹാഘോഷത്തെ സംബന്ധിച്ച് എഴുതിയതാണ്. ബദറുല്‍ മുനീര്‍ ഒപ്പനപ്പാട്ട്, ചന്ദിര സുന്ദരി, പൊരുത്തം, ബീ ആയിശ, രാജമംഗലം മുതലായ അവരുടെ കൃതികള്‍ മാപ്പിള കാവ്യ ലോകത്ത് അനുസ്മരിക്കപ്പെടുന്ന നല്ല കൃതികളാണ്. 1909 ല്‍ ജനിച്ച ഈ കവയിത്രി തന്റെ 50-ാം വയസ്സില്‍ 1959 ല്‍ നിര്യാതയായി.

പുത്തൂര് ആമിന
    പുത്തൂര് സ്വദേശിയായ ഈ മാപ്പിള കവയിത്രി ധാരാളം മംഗലപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും രചിച്ചിട്ടുള്ള അറിയപ്പെടുന്ന വ്യക്തിയാണ്. കുഞ്ഞഹമ്മദ് സാഹിബ് ആയിരുന്നു അവരുടെ പിതാവ്. ചെറുപ്പം മുതല്‍ മാപ്പിളപ്പാട്ടിന്റെ മാസ്മരിക സൗന്ദര്യത്തില്‍ ആകൃഷ്ടയായിരുന്ന പുത്തൂര് ആമിന ധാരാളം ഖിസ്സപ്പാട്ടുകളും കത്തുപാട്ടുകളും മംഗലപ്പാട്ടുകളും രചിച്ചിട്ടുണ്ട്. കവയിത്രി എന്ന നിലയില്‍ അംഗീകാരവും അവര്‍ നേടിയെടുത്തു. ശാലീനതയും ഓജസ്സും നിറഞ്ഞ ലളിത ശൈലിയില്‍ അവര്‍ കോര്‍ത്തുകെട്ടിയ കവിതാമാല്യം പരിമളം പരത്തി അനുവാചകരെ ആനന്ദിപ്പിച്ചു
ആമിനയും അഹമ്മദ് എന്ന യുവാവും തമ്മില്‍ കൈമാറിയ കത്തുപാട്ടുകള്‍ ഏറെ പ്രസിദ്ധങ്ങളായി തീര്‍ന്നു. ഖിലാഫത്ത് ലഹളയില്‍ പങ്കെടുത്തതിന്റെ പേരില്‍ ശിക്ഷയനുസരിച്ച് ബെല്ലാരി ജയിലില്‍ കഴിഞ്ഞിരുന്ന തന്റെ പിതാവിനോടൊപ്പം ശിക്ഷിക്കപ്പെട്ട ആളായിരുന്നു അഹമ്മദ്. ബാപ്പയും മകളും അന്യോന്യം കത്തുപാട്ടുകള്‍ നടത്തിയിരുന്നു. ഇവ അയച്ചിരുന്നത് പദ്യ രൂപത്തിലായിരുന്നു. ആമിനയുടെ സുന്ദര ശൈലിയും ആവിഷ്‌കാര ഭംഗിയും അഹമ്മദിന് ആമിനയില്‍ ആരാധനയും അനുരാഗവും വളര്‍ത്തി. ജയില്‍ മോചിതനായി അദ്ദേഹം പ്രണയാഭ്യര്‍ത്ഥനയുമായി മാപ്പിളപ്പാട്ടില്‍ പല കത്തുകളും അയച്ചു. അവസാനം അത് ഭീഷണിയോളം എത്തിയപ്പോള്‍ ആമിന കൊടുത്ത ചുട്ട മറുപടിപ്പാട്ട് സമകാലികരുടെയൊക്കെ പ്രശംസക്ക് പാത്രീഭൂതമായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ആമിന ജനിച്ചത്.
    വിവാഹത്തിന്റെ മറവില്‍ സ്ത്രീയെ വെറും ഉപഭോഗവസ്തുവായി ഗണിക്കുന്ന അധമന്മാര്‍ക്കെതിരെ തന്റെ വരികളില്‍ ഇങ്ങനെ പ്രതികരിച്ചു.

നാലുഭാഗവും വന്നിതാ പറയുന്നു പെങ്കെട്ടു ഉമതിലും
നല്ല മാരരെ കിട്ടുവാന്‍ എനിക്കില്ലൊരു മുട്ട്
മട്ടില്‍ കിട്ടുവരേക്കും മാനേതേനേ വിളിക്കും
മറ്റുലോഗിയം ഉറ്റിടും പലേ ചക്കരവാക്കും ഒരുപടി
മക്കളങ്ങ് കളക്കിലായാല്‍ അടുക്കളേലാക്കും
പൊട്ടിപ്പൊരിഞ്ഞന്തനാളം പൊരിവെയിലത്താകും ഓളം
പോയി മറ്റൊരു തോപ്പു കണ്ടുപിടിക്കും അയ്യാളാ-പുരുഷരെ
പൂതി പത്‌നിമാര്‍ക്കു തീരും ഇതെന്തൊരു കോളാ

   
സമാപനം
    മലയാള സാഹിത്യത്തിന്റെ പൂര്‍ണ്ണതക്ക് മാപ്പിള സാഹിത്യം അനിവാര്യമാണ്. മാപ്പിള കല മറ്റെല്ലാ കലാസൃഷ്ടികളോടും കിടപിടിക്കത്തക്ക വിധത്തിലുള്ളതായിരുന്നു. അക്കാലത്ത് നടന്ന പ്രസിദ്ധങ്ങളായ പലയുദ്ധങ്ങളുടേയും പൂര്‍ണ്ണ വിവരം ലഭിക്കുന്നത് മാപ്പിള കവികളുടെ കൃതികളില്‍ നിന്നുമാണ്. ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന്‍ അതിനൊരു ഉദാഹരണമാണ്. ചാലിയം യുദ്ധത്തിലെ സാമൂഹിക അവസ്ഥയും യുദ്ധത്തിന്റെ ഗതിവിഗതികളും തുടങ്ങി ഹിന്ദു മുസ്‌ലിം ഐക്യം വരെ അതില്‍ നിന്നും വായിച്ചെടുക്കാം. മാത്രവുമല്ല ഈ കൃതിയിലൂടെ ചാലിയം യുദ്ധമെന്ന മതമൈത്രി യുദ്ധത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനും ഇതുവഴി സാധിച്ചിട്ടുണ്ട്. അതായത് ഒരു കാലഘട്ടത്തെ തന്നെ ഒരൊറ്റ കൃതിയില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം.
ജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളും മാപ്പിളപ്പാട്ടിന്റെ വരികളില്‍ ഇടം പിടിച്ചിരുന്നു. രാഷ്ട്രീയമാകട്ടെ സാമുദായികമായ കാര്യങ്ങളാകട്ടെ കുടുംബപരമായ കാര്യങ്ങളാകട്ടെ വ്യക്തികള്‍ തമ്മിലുള്ള ബന്ധമോ എന്തുമാകട്ടെ എല്ലാം മാപ്പിള കവികള്‍ പാട്ടിലൂടെ എഴുതിവെച്ചു. മലബാറില്‍ മാപ്പിള കവികളുടെ കാലത്ത് സ്ത്രീകള്‍ ഒന്നിച്ചുകൂടി മാപ്പിളപ്പാട്ടുകള്‍ പാടി അര്‍ത്ഥം പറഞ്ഞ് രസിക്കുക പതിവായിരുന്നു. അതുകൊണ്ടു തന്നെ പുത്തൂര് ആമിന, പി.കെ ഹലീമ തുടങ്ങിയ മാപ്പിള കവയിത്രികളും ഉടലെടുത്തു.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെയും മാപ്പിള കവികള്‍ ആഞ്ഞടിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കണമെന്നും അതു സമൂഹത്തിന്റെ ഭദ്രത തകര്‍ക്കുന്നതിന് ആക്കം കൂട്ടുമെന്നും മാപ്പിള കവികള്‍ തങ്ങളുടെ വരികളില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അറബി മലയാള ഭാഷയില്‍ എഴുതുകയും ഇസ്‌ലാമിക ചരിത്ര സംഭവങ്ങള്‍ ഇതിവൃത്തമാക്കുകയും ചെയ്താണ് മാപ്പിളകവികള്‍ അധികവും തങ്ങളുടെ കവിതാ രചന നടത്തിയിരിക്കുന്നത്. ഏതു കലാസൃഷ്ടിയോടൊപ്പവും കിടപിടിക്കത്തക്ക വിധത്തില്‍ മേന്മ അവകാശപ്പെടാവുന്ന നൂറുകണക്കിന് കൃതികള്‍ രചിച്ചിരുന്നിട്ടും ഈ മാപ്പിള കവികള്‍ക്ക് മലയാള സാഹിത്യത്തില്‍ ഇടം കിട്ടാതെ പോയതും അവയുടെ മൂല്യ നിര്‍ണ്ണയത്തിന് ഒരുങ്ങാതിരുന്നതും ഇക്കാരണങ്ങളാലാണെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്.

author image
AUTHOR: കെ.പി. അമീന്‍ മമ്പാട്
   (ഇസ്‌ലാമിയാ കോളെജ്, തളിക്കുളം )