അറബിമലയാളം : ചരിത്രവും സ്വഭാവവും

ഡോ.മുഹമ്മദ് ശഫീഖ് വഴിപ്പാറ   (റിസര്‍ച്ച് സ്‌കോളര്‍, അലീഗഢ് യൂണിവേഴ്‌സിറ്റി)

കേരള ഭാഷയെ അറബിയില്‍ എഴുതുന്ന രീതിയാണ് അറബിമലയാളം. ഇരുപത്തെട്ടു വര്‍ണ്ണങ്ങളാണു അറബിയിലുള്ളത്. അവയില്‍ പതിനഞ്ചെണ്ണം മാത്രമേ മലയാള ലിപി ഉപയോഗിച്ചു എഴുതിക്കാണിക്കാനാവൂ. ബാക്കി പതിമൂന്നു വര്‍ണങ്ങള്‍ക്ക് ആലേഖനം സാധ്യമല്ല. മലയാളത്തിലെ അ, ആ, ഇ, ഈ, ഉ, ഊ എന്നീ സ്വരങ്ങളേ അറബിയിലുള്ളൂ. എ, ഏ, ഐ, ഒ, ഓ, ഔ എന്നീ സ്വരങ്ങളില്ല. ഉദാഹരണത്തിന്, ച എന്ന മലയാള അക്ഷരത്തിനു പകരം വെക്കാവുന്ന ഒരു അറബി അക്ഷരം ഇല്ല. ജ എന്ന് ഉച്ചാരണമുള്ള അറബി അക്ഷരമുണ്ട്. ഒരു പുള്ളിയിട്ട് എഴുതുന്ന‘ജ എന്ന അക്ഷരത്തോടു കൂടെ രണ്ടു പുള്ളികള്‍ കൂടി ചേര്‍ത്തി ‘ച’ എന്നു ഉച്ചരിച്ചു. ഇങ്ങനെ ഓരോ അക്ഷരങ്ങള്‍ക്കും പകരം കണ്ടു. മുസ്‌ലിം സംസ്‌കാരവുമായി ബന്ധപ്പെട്ട മലയാളത്തിലെ അക്ഷരങ്ങള്‍ക്കു പകരം അതേ ഉച്ചാരണമുള്ള അറബി പദങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ സാദൃശ്യമുള്ള അറബി അക്ഷരങ്ങള്‍ക്ക് ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തി പുതിയ അക്ഷരങ്ങള്‍ ഉണ്ടാക്കിയെന്നു ചുരുക്കം. അങ്ങനെ ഓരോ അക്ഷരങ്ങള്‍ക്കും പകരം കണ്ട്, മലയാളത്തിലെ പദങ്ങള്‍ എഴുതാന്‍ കഴിയുന്ന ലിപിയായി അറബി മലയാളം മാറി.


എന്നാണ് രൂപപ്പെട്ടത്?
അറബി - മലയാളം രൂപമെടുത്ത കാലം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയില്ല. കേരളത്തിലെ മുസ്‌ലിംകള്‍ ഒരു സമൂഹമായി രൂപപ്പെടുകയും മതപഠനവും അറിവുകളും സാധാരണ മുസ്‌ലിംകള്‍ക്ക് എത്തേണ്ട സാഹചര്യം വരികയും ചെയ്തതു മുതല്‍ രൂപപ്പെട്ടു എന്നു വേണം മനസ്സിലാക്കാന്‍. ഉള്ളൂര്‍ എസ്. പരമേശ്വരന്‍ പിള്ള, 1953-ല്‍ പ്രസിദ്ധീകരിച്ച തന്റെ കേരള സാഹിത്യ ചരിത്രത്തില്‍ അറുന്നൂറു വര്‍ഷത്തെ പഴക്കമാണ് കല്‍പ്പിക്കുന്നത്. (വാള്യം: 1, 1953:228).ചില വസ്തുതകള്‍ വെച്ചു നോക്കുമ്പോള്‍ ഒമ്പതാം  നൂറ്റാണ്ടു മുതല്‍ അറബി മലയാളം ആവിര്‍ഭവിച്ചതായി കാണാനാകുമെന്ന് ഒ.അബു (അറബിമലയാള സാഹിത്യ ചരിത്രം,1970:16-17) പറയുന്നു. ക്രിസ്തു വര്‍ഷം ഒമ്പതാം  നൂറ്റാണ്ടുമുതല്‍ മുസ്‌ലിംകള്‍ ഇവിടെയുണ്ടായിരുന്നതിന് ചരിത്രം സാക്ഷിയുണ്ടെന്നും അത്രയെങ്കിലും പഴക്കം അറബി - മലയാളത്തിന് കല്‍പിക്കാവുന്നതാണ് എന്നും  കെ.അബൂബക്കര്‍ എഴുതുന്നു. (വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍, 2005:26)

അറബിമലയാളം ഒരു ഭാഷയോ?
അറബിമലയാളം ഒരു ഭാഷയാണെന്നും ആ ഭാഷക്കു സ്വന്തമായി ഒരു വ്യാകരണമുണ്ടെന്നും ഒ. അബു വിശ്വസിക്കുന്നുണ്ട് (അറബിമലയാള സാഹിത്യ ചരിത്രം,22). സി.കെ കരീമും ഈ അഭിപ്രായം പങ്കു വെക്കുന്നു.(കേരള മുസ്‌ലിം ഡയറക്ടറി,170). മലയാളത്തിന്റെ ഭാഷാ ഭേദങ്ങളില്‍ ഒന്നിന്റെ ലിഖിത രൂപമാണ് അറബിമലയാളമെന്നാണ് കെ. ഒ ശംസുദ്ദീന്‍ അഭിപ്രായപ്പെടുന്നത്. (മാപ്പിള മലയാളം ഒരു ഭാഷാമിശ്രം,4). എന്നാല്‍ അറബിമലയാളം എന്നത് മലബാര്‍ മുസ്‌ലിംകളുടെ എഴുത്തു ഭാഷമാത്രമാണെന്നു എം. എന്‍ കാരശ്ശേരിയും അഭിപ്രായപ്പെടുന്നു.(ഒ.അബു അനുസ്മരണിക,20). ഏതായാലും, അറബിലിപിയെ പൂര്‍ണമായി ഉപയോഗപ്പെടുത്തി മലയാള ഭാഷയെ പ്രത്യേക ലിപിയില്‍ ഉള്‍കൊള്ളുന്നതോടൊപ്പം സ്വന്തമായ ചില വ്യാകരണ - ഭാഷാ സ്വഭാവങ്ങള്‍ കൂടി അറബിമലയാളം കാണിക്കുന്നുണ്ട്.

സമാനമായ പരീക്ഷണങ്ങള്‍
മുസ്‌ലിംകള്‍ കടന്നു ചെന്ന നാടുകളില്‍ തദ്ദേശീയ ഭാഷയെ അറബി ലിപിയില്‍ എഴുതുന്ന പതിവിനെകുറിച്ച് ഒ. അബു പറയുന്നുണ്ട്. (പുറം:16) അറബിപഞ്ചാബി, അറബിത്തമിഴ്, അറബികന്നഡ, അറബിസിന്ധി തുടങ്ങിയവ ഉദാഹരണമാണ്. അതു പോലെ, സ്‌പെയിന്‍ മുസ്‌ലിംകള്‍ സ്പാനിഷ് ഭാഷയെ അറബിലിപിയില്‍ എഴുതിയിരുന്നു. അല്‍ജാമിദോ എന്നായിരുന്നു അത് വിളിക്കപ്പെട്ടിരുന്നത്. നിരവധി ഗ്രന്ഥങ്ങള്‍ ഈ ലിപിയില്‍ പിറവിയെടുത്തിട്ടുണ്ട്. അറബിമലയാളം നേരിട്ടതു പോലെ തന്നെ, 1492-ഓടെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ നേരിടുകയും പലതും നശിപ്പിക്കപ്പെടുകയും ചെയ്തു.(syed azizur rahman,2002, 491-493)

മത പഠനം മുസ്‌ലിംകള്‍ക്കു ഒഴിച്ചുകൂടാനാകാത്ത ഒന്നാവുകയും മുസ്‌ലിം സംസ്‌കാരവുമായി ബന്ധപ്പെട്ട മലയാളത്തിലെ ചില അക്ഷരങ്ങള്‍ക്കു പകരം അതേ ഉച്ചാരണമുള്ള അറബി അക്ഷരങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്തപ്പോള്‍ തദ്ദേശീയ ഭാഷയില്‍ അറബി ലിപി ഉപയോഗിക്കാന്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിതരായി. മതപരമായ ഒരു അനിവാര്യതയുടെ ഫലമായി പിറവികൊണ്ട അറബിമലയാളം തുടര്‍ന്ന് സാസ്‌കാരികമായ ദൗത്യം കൂടി നിര്‍വ്വഹിക്കുകയായിരുന്നു.

പ്രതിരോധ ചിഹ്നം
കോളനി വക്താക്കളുടെ ഭാഷക്ക് ഒരു ബദല്‍ വ്യവസ്ഥിതി സൃഷ്ടിക്കാന്‍ മാപ്പിളമാര്‍ക്ക് അറബിമലയാളം കൊണ്ട് സാധിച്ചു. രാഷ്ട്രീയവും സാംസ്‌കാരികവുമായ കൊളോണിയല്‍ കടന്നുകയറ്റത്തെ ചെറുക്കാന്‍ ശ്രമിക്കുന്ന പ്രതിരോധ സമൂഹങ്ങളില്‍ ഇതുപോലുള്ള ഭാഷാപരമായ  നിര്‍വ്വഹണങ്ങള്‍ കാണാനാകുന്നതാണ്. തങ്ങള്‍ നിലകൊള്ളുന്ന ദേശത്തിനും സംസ്‌കാരത്തിനും വിശ്വാസത്തിനും സ്വന്തമായ ഒരു വ്യക്തിത്വം ഉണ്ടെന്നും അതു തുടരണമെന്നും കരുതുന്ന സമൂഹങ്ങള്‍, തങ്ങളുടെതായ ഭാഷാവ്യവഹാരത്തിലൂടെ കോളനിവത്കരണത്തെ ചെറുക്കുന്നു.

മൂന്നു രീതിയില്‍ കോളനിവത്കരണത്തെ ഭാഷാപരമായി ചെറുക്കാവുന്നതാണ്. ഒന്ന്, കൊളോണിയലിസത്തിന്റെ ഭാഷ പൂര്‍ണമായും തിരസ്‌കരിച്ച് സ്വന്തം സംസ്‌കാരത്തിന്റെ അടയാളം പതിഞ്ഞു കിടക്കുന്ന ഭാഷ മാത്രം ഉപയോഗിക്കുക. തങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെയും ബോധതലത്തെയും നിയന്ത്രിക്കുകയും പാശ്ചാത്യ ആധുനികതയെ പ്രചരിപ്പിക്കുകയും ചെയ്യുന്ന  ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തങ്ങളുടെ സര്‍വ്വകലാശാലകളില്‍ നിന്നും  നിരോധിക്കണമെന്നും തന്റെ സ്വന്തം ഭാഷയായ ഗിക്കുയുവിലേ എഴുതൂ എന്നും നിലപാടെടുത്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിങ്ങോ ഇതിനുദാഹരണമാണ്. സാമ്രാജ്യത്വത്തിനെതിരെയുള്ള ആഫ്രിക്കയിലെയും കെനിയയിലെയും ജനതയുടെ പോരാട്ടങ്ങളുടെ അനിവാര്യ ഭാഗമാണ് കെനിയന്‍ ഭാഷയായ ഗിക്കുയുവിലുള്ള തന്റെ എഴുത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. (gareth griffiths, helen tiffin (eds.), 2002: 290, 439441)

രണ്ട്, കൊളോണിയലിസത്തിന്റെ ഭാഷ അനിവാര്യമായ ലോക സാഹചര്യത്തില്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അതിനകത്ത് സ്വന്തം സംസ്‌കാരത്തിന്റെയും ദേശത്തിന്റെയും അടയാളങ്ങള്‍ ഭാഷാതലത്തിലും പ്രമേയ തലത്തിലും കൊണ്ടുവരിക. ഇംഗ്ലീഷിലാണ് എഴുതിയിരുന്നതെങ്കിലും സ്വന്തം ദേശ്യ ഭാഷാപ്രയോഗങ്ങളും കോളനി വിരുദ്ധ പ്രമേയങ്ങളും നോവലുകളില്‍ ബോധപൂര്‍വ്വം ആവിഷ്‌കരിച്ച നൈജീരിയന്‍ എഴുത്തുകാരന്‍ ചിന്നു ആച്ബി ഇതിനു ഉദാഹരണമാണ്. കൊളോണിയല്‍ ഭാഷക്കകത്തു തന്നെ ഒരു സമാന്തര ഭാഷാസംസ്‌കാരം സൃഷ്ടിക്കലാണിത്.
മൂന്ന്, കൊളോണിയല്‍ ഭാഷ പൂര്‍ണമായും ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ തന്നെ, അതു തന്റെ ഭാഷയും സംസ്‌കാരവുമല്ലെന്ന ബോധം പ്രവര്‍ത്തിക്കുക. പ്രമുഖ പൗരസ്ത്യ ബുദ്ധി ജീവി എഡ്വേഡ് സെയ്ദിന്റെ ഭാഷാ സമീപനം ഇതിനു ഉദാഹരണമാണ്. സ്‌ക്കൂളില്‍ ഇംഗ്ലീഷ് പഠിക്കുമ്പോള്‍ അവരുടെ ഭാഷയാണു ഞങ്ങള്‍ പഠിക്കുന്നത്, ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ അതെന്റെ ഭാഷയല്ലെല്ലോ എന്നിങ്ങനെ തോന്നലുണ്ടാക്കിയിരുന്നു എന്ന് എഡ്വേഡ് സെയ്ദ് പറയുന്നു. (ജമാല്‍ കൊച്ചങ്ങാടി, 2007: 144-156)33
ഇവയില്‍ ഒന്നാമത്തെ രീതിയുടെ ഭാഗമാണ് അറബിമലയാളം. കൊളോണിയല്‍ ഭാഷയെ പൂര്‍ണമായി തിരസ്‌കരിച്ച് തങ്ങള്‍ക്ക് സ്വന്തമായി ഒരു വ്യക്തിത്വമുണ്ടെന്നും അതിലൂടെ വേണ്ടതെല്ലാം ആവിഷ്‌കരിക്കാന്‍ കഴിയുമെന്നും അറബിമലയാളത്തിലൂടെ മാപ്പിളമാര്‍ തെളിയിച്ചു. മാപ്പിളപ്പാട്ടുകള്‍ കോളനിവിരുദ്ധ പ്രമേയങ്ങള്‍ ആവിഷ്‌കരിച്ചതോടൊപ്പം അവയുടെ ലിപിയും ഒരു പ്രതിരോധ ചിഹ്നമായി നിലകൊണ്ടുവെന്ന് ചുരുക്കം.

Reference

1- ഉള്ളൂര്‍ എസ് പരമേശ്വരന്‍പിള്ള, കേരള സാഹിത്യ ചരിത്രം, വാള്യം ഒന്ന്, 1953.
2- അബു, ഒ, അറബിമലയാള സാഹിത്യ ചരിത്രം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം, 1970.
3- അബ്ദുല്‍ കരീം, അബൂബക്കര്‍, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ കൃതികള്‍, വൈദ്യര്‍ സ്മാരക കമ്മിറ്റി, കൊണ്ടോട്ടി, 2005.
4- കരീം, സി.കെ, കേരള മുസ്‌ലിം ഡയറക്ടറി.
5- ശംസുദ്ദീന്‍ കെ.ഒ, മാപ്പിള മലയാളം ഒരു ഭാഷാമിശ്രം.
6- ഒ.അബുഅനുസ്മരണിക,
7- syed azizur rahman, the history of islamic spain, newdelhi, 2002.
8- sIm¨§mSn, PamÂ(hnh.), ¢mknIv A`napJ§Ä, tImgnt¡mSv, Heohv, 2007.
9- þgareth griffiths, helen tiffin,bill ashcroft, (eds.),the post colonial studies reader, new york, 2002.
10- the hindu daily,march 23,2013.
11- john mcleod, begining post colonialism, manchestr university press, newyork, 2007.

author image
AUTHOR: ഡോ.മുഹമ്മദ് ശഫീഖ് വഴിപ്പാറ
   (റിസര്‍ച്ച് സ്‌കോളര്‍, അലീഗഢ് യൂണിവേഴ്‌സിറ്റി)