സാഹിത്യം - ദേശചരിത്രം; മോയിന്‍കുട്ടി വൈദ്യരെ മുന്‍നിര്‍ത്തി പുനരാലോചിക്കുമ്പോള്‍

വി. ഹിക്മത്തുല്ല  

കേരള ചരിത്രത്തിലെ പല ഉപാദാനങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ സാമ്പ്രദായിക ചരിത്ര രചനയിലെ അന്ധ മേഖലകള്‍ (Blind Spots) വെളിച്ചത്തു വരുത്തുവാന്‍ സാധിക്കും. മുഖ്യധാരാ വിശകലനങ്ങളില്‍ മാപ്പിള-കീഴാള സാഹിത്യ കൃതികള്‍ കൗതുകവസ്തു (Exotic object),  ഇര (Victim) എന്നീ മട്ടിലല്ലാതെ കടന്നു വന്നിട്ടില്ല. ചരിത്ര പഠനത്തിനുള്ള ഉപാദാനമായി സാഹിത്യ കൃതികളെ സ്വീകരിക്കുന്ന രീതി നവ ചരിത്ര സിദ്ധാന്തങ്ങളുടെ ഭാഗമായാണ് വികാസം കൊള്ളുന്നത്. ചരിത്ര രചനയിലെ സാഹിത്യാഭിമുഖ്യം (Literary turn) ആയാണ് ഇതറിയപ്പെടുന്നത്. പ്രതിനിധാനത്തിന്റെ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ മാപ്പിള സാഹിത്യകൃതികള്‍ പുതിയ രീതിയില്‍ വിശകലനം ചെയ്യുന്നത് സാംസ്‌കാരിക കേരളത്തിന്റെ വംശീയ മുന്‍വിധികളെ മറികടക്കാന്‍ വേണ്ടിയാണ്. മോയിന്‍കുട്ടി വൈദ്യരുടെ കൃതികള്‍ മുന്‍നിര്‍ത്തി മലയാള സാഹിത്യ ചരിത്രത്തെയും ദേശ ചരിത്രത്തെയും പുനരാലോചിക്കാനുള്ള ശ്രമമാണ് ഈ പ്രബന്ധം. മാപ്പിള സാഹിത്യവും ലക്ഷണമൊത്ത സാഹിത്യമാണ്, അതിനാല്‍ മോയിന്‍കുട്ടി വൈദ്യരെപ്പോലുള്ളവര്‍ക്കും മലയാള സാഹിത്യ ചരിത്രത്തില്‍ ഇടം നല്‍കണം എന്നിങ്ങനെയുള്ള വിലാപങ്ങളും ഇതിലൂടെ ക്രമേണ മാറ്റിയെടുക്കാനാവും.

കവിയുടെ കാലം
കേരളീയ സമൂഹത്തില്‍ ആധുനീകരണം സംഭവിക്കുന്ന കാലത്താണ് ഇന്നത്തെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ കവി മോയിന്‍കുട്ടി വൈദ്യര്‍ (1852-1892) ജീവിക്കുന്നത്. തീവണ്ടി, അച്ചടി, പത്ര - മാസിക , പാഠപുസ്തകങ്ങള്‍, ആധുനിക ഇംഗ്ലീഷ് വിദ്യാലയങ്ങള്‍, മലബാറിലെ ‘ജന്‍മി / ബ്രിട്ടീഷ് വിരുദ്ധ മാപ്പിള പ്രക്ഷോഭങ്ങള്‍, ചാന്നാര്‍ സ്ത്രീകളുടെ സമരം, ശ്രീനാരായണഗുരു -ചട്ടമ്പിസ്വാമി - അയ്യങ്കാളി- മക്തിതങ്ങള്‍ എന്നിവരുടെ സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, മെക്കാളെ മിനുട്‌സ്, ശിപായിലഹള എന്നിവയെല്ലാം ഇക്കാലത്താണ് നടക്കുന്നത്. വൈദ്യര്‍ക്ക് 9 വയസ്സുള്ളപ്പോഴാണ് മാപ്പിളപ്പോരാളികളുടെ നേതാവായ ആലി മുസ്‌ലിയാര്‍ ജനിക്കുന്നത്. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നീ ആധുനിക കവിത്രയത്തിന്റെ യൗവനകാലത്താണ് വൈദ്യരുടെ മരണം.
മലയാളം, അറബി, സംസ്‌കൃതം, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, തമിഴ്, കന്നട, തുളു, തെലുങ്ക്, തുടങ്ങി അനവധി ഭാഷകളില്‍ പ്രാവീണ്യവും വൈദ്യ ശാസ്ത്രത്തില്‍ ജ്ഞാനവും യാത്രകളിലൂടെ നേടിയ അനുഭവങ്ങളും ധാരാളമുള്ള പണ്ഡിതനായിരുന്നു മോയിന്‍കുട്ടി വൈദ്യര്‍. വൈദ്യരുടെ കാലത്ത് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പല സാഹിത്യ കൂട്ടായ്മകളുമുണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പച്ച മലയാളത്തോട് ചായ്‌വുള്ള വെണ്‍മണി കവികളും  തിരുവിതാംകൂറില്‍ സംസ്‌കൃതാഭിമുഖ്യമുള്ള കേരളവര്‍മ്മ, ഏ.ആര്‍. രാജരാജവര്‍മ്മ എന്നിവരുമുണ്ട്. പത്ര - സാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  ഇക്കാലത്ത് മൂര്‍ക്കോത്ത് കുമാരനും മലബാര്‍ സുകുമാരനും  കാസര്‍കോഡ് കുട്ടമത്ത് കവികളും തൃശൂരില്‍ അപ്പന്‍ തമ്പുരാനെ പ്പോലുള്ളവരും സജീവമായിത്തുടങ്ങുന്നു. 19-ാം നൂറ്റാണ്ടില്‍ കൊണ്ടോട്ടി, പൊന്നാനി, ചേറ്റുവ, കോഴിക്കോട്, തിരൂരങ്ങാടി, തലശ്ശേരി, മൊഗ്രാല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മുഖ്യധാരാ സാഹിത്യ ഭൂപടത്തില്‍ വേണ്ട രീതിയില്‍ രേഖപ്പെടുത്തപ്പെടാത്ത മാപ്പിളക്കാവ്യ കൂട്ടായ്മകള്‍ നിലനിന്നിരുന്നു.

സാഹിത്യ ചരിത്രം: പ്രശ്‌നവല്‍ക്കരണം
സാഹിത്യ ചരിത്രം ദേശീയതയുടെ കൂടെ സഞ്ചരിക്കുന്നതു കൊണ്ട് സാഹിത്യ ചരിത്രത്തില്‍ കാണാതിരിക്കുക എന്നാല്‍ രാഷ്ട്രത്തിന്റെ മറ്റു ചരിത്രങ്ങളില്‍ കാണാതിരിക്കുക എന്നാണര്‍ത്ഥം.(1) ആയതിനാല്‍ ദേശചരിത്രത്തെ പുന:ക്രമീകരിക്കുന്ന പഠനങ്ങളില്‍ മാത്രമേ മഹത്തായ പൈതൃകത്തില്‍ ചേരാന്‍ യോഗ്യമല്ലാതെ പോയ മേഖലകളെ കാണാന്‍ സാധിക്കൂ. മഹത്തായ സംസ്‌കാരം, ഉപസംസ്‌കാരങ്ങള്‍ എന്ന വിഭജനം അധീശവ്യവഹാരം രൂപപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ മറ്റ് പാരമ്പര്യങ്ങളെ സവര്‍ണ ഹിന്ദു പാരമ്പര്യം അതിന്റെ ആവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന വണ്‍വേ ആയ പദ്ധതിയെയാണ് സിന്‍ക്രെറ്റിസിസം എന്ന് തോമസ് ഡി ബ്രൂയിന്‍ വിളിക്കുന്നത്.(2)
മാപ്പിളമാര്‍ പൊതുവെ മാതൃഭാഷയായ മലയാളത്തോട് വിമുഖത പുലര്‍ത്തിയിരുന്നു എന്ന വാദം ഇതിന്റെ ഭാഗമാണ്. ഭാഷാശാസ്ത്രപരമായും ചരിത്രപരമായും നിലനില്‍പില്ലാത്തതാണ് ഈ വാദം. വടക്കന്‍ മലയാളത്തോട് ആഭിമുഖ്യമുള്ള മലയാളത്തിന്റെ ഒരു സാമുദായിക ഭാഷാഭേദമാണ് മാപ്പിള വാമൊഴി. മാനക മലയാളമാകട്ടെ തെക്കന്‍ മലയാളത്തോടും സംസ്‌കൃതീകൃത സവര്‍ണഭാഷാഭേദത്തോടും ആഭിമുഖ്യമുള്ളതായിരുന്നു. ഭാഷ, സംസ്‌കാരം തന്നെയാകയാല്‍ മാനകീകരണം വഴിയുള്ള ഈ സാംസ്‌കാരിക അധിനിവേശത്തിനെതിരെ മാപ്പിളമൊഴി ബോധപൂര്‍വ്വം ചെറുത്തു നിന്നു. മാപ്പിളമാരുടെ മാതൃഭാഷ മലയാളമായിരുന്നു, ലിപി അറബിമലയാളവും. അച്ചടിക്കുവേണ്ടി രൂപപ്പെട്ട മാനക മലയാളത്തോട് ഓരോ ഭാഷാഭേദവും വിമുഖത പുലര്‍ത്തുക സ്വാഭാവികമാണ്.  മാതാവ് അമ്മിഞ്ഞപ്പാലിനോടൊപ്പം തന്നതും ചുറ്റുപാടുകളില്‍ നിന്ന് പകര്‍ന്ന് കിട്ടിയതും മാനകഭാഷയല്ല, ഭാഷാഭേദമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഭാഷാഭേദം കയ്യൊഴിഞ്ഞു വേണമല്ലോ ഏതൊരാള്‍ക്കും മാനകമായ അച്ചടിമലയാളം പുല്‍കാന്‍. മാനകഭാഷയാണ് മാതൃഭാഷ എന്ന തെറ്റായ കാഴ്ചപ്പാടാണ് പല പണ്ഡിതരും, മാപ്പിളമാര്‍ ഭാഷാവിരോധികളായിരുന്നുവെന്ന് ധരിക്കാന്‍  പ്രേരണയായത്. ദേശസ്‌നേഹം പോലെ ഭാഷാസ്‌നേഹവും ഇവിടെ ശത്രു വല്‍ക്കരണത്തിന് വേണ്ടി അധീശ വ്യവഹാരം ഉപകരണമാക്കുകയാണുണ്ടായത്.
മലയാളത്തിലെ ഏതൊരു കവിയോടും കിടപിടിക്കാന്‍ പോന്ന മാപ്പിളക്കവികള്‍ അറബിലിപി ഉപയോഗിച്ചതു കൊണ്ടാണ് മുഖ്യധാരയില്‍ നിന്നും അകറ്റപ്പെട്ടത് എന്ന വാദവും പരിശോധിക്കേണ്ടതാണ്. ഒമ്പതാം നൂറ്റാണ്ടില്‍ രൂപപ്പെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ കേരളത്തില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ നില നിന്ന ലിപിയാണ് അറബി മലയാളം. ദക്ഷിണേന്ത്യയില്‍ ദ്രാവിഡ ഭാഷകളെഴുതാന്‍ വട്ടെഴുത്തും സംസ്‌കൃതമെഴുതാന്‍ ബ്രാഹ്മണര്‍ ഗ്രന്ഥ ലിപിയും ഉപയോഗിച്ചു. പതിനാറാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടുവരെ സുറിയാനി ക്രിസ്ത്യാനികള്‍ മലയാളം സുറിയാനിയിലെഴുതുന്ന കുറസോനി ലിപിയാണ് ഉപയോഗിച്ചിരുന്നത്. ഗ്രന്ഥ ലിപിയില്‍ വട്ടെഴുത്തിലെ ചില അക്ഷരങ്ങള്‍ ചേര്‍ത്താണ് 13-ാം നൂറ്റാണ്ടോടെ ആര്യ എഴുത്ത് രൂപപ്പെടുന്നത്. ഇതാണ് മലയാള ലിപിയായി മാറിയത്.ആര്യ എഴുത്തിന് വ്യവസ്ഥകള്‍ കൈവന്ന എഴുത്തച്ഛന്റെ 16-ാം നൂറ്റാണ്ടില്‍ മുഹ്‌യുദ്ദീന്‍ മാലയും മറ്റുമായി അറബി മലയാള സാഹിത്യം ശക്തമായിരുന്നു. മുസ്ലിം - ദലിത് ബഹുജനങ്ങളില്‍ സ്വാധീനമുള്ള അറബി മലയാളം വിട്ട് ഹിന്ദു-വരേണ്യ ന്യൂനപക്ഷത്തിന്റെ സാംസ്‌കാരികാധിപത്യ ലിപിയായി നിലനില്‍ക്കുന്ന ആര്യ എഴുത്തിനോടുള്ള ചെറുത്തുനില്പു കൂടിയായി അറബി മലയാളത്തെ കാണാം. ഇതേ കാലത്തുതന്നെയാണ് ക്രിസ്ത്യാനികള്‍ സുറിയാനി മലയാളത്തിലേക്കു തിരിയുന്നതെന്നതും ശ്രദ്ധേയമാണ്.
സംസാര ഭാഷയുടെ കാര്യത്തില്‍ വൈവിധ്യമുള്ള മലയാളങ്ങളും ലിപിയുടെ കാര്യത്തില്‍ സമുദായങ്ങള്‍ സൗകര്യാര്‍ത്ഥം പല ലിപികളും ഉപയോഗിച്ച കേരളത്തില്‍ പൊതുവായ ഒരു ലിപി ആവശ്യം വരുന്നത് 19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ അച്ചടി വികസിച്ചതോടെയാണ്. 1890 ല്‍ തുടങ്ങി 1950 കളോടെയാണ് മലയാളഭാഷയുടെ മാനകീകരണ പ്രക്രിയ പൂര്‍ത്തിയാകുന്നത്. ഇതില്‍ പ്രധാനമായും പങ്കുവഹിച്ചത് തിരുവിതാംകൂറില്‍ കേരളവര്‍മ്മ അധ്യക്ഷനായ പാഠപുസ്തക കമ്മിറ്റി (1866), കൊച്ചിയില്‍ ഉള്ളൂരിന്റേയും  അപ്പന്‍ തമ്പുരാന്റെയും നേതൃത്വത്തില്‍ ഭാഷാ പരിഷ്‌കരണ കമ്മിറ്റി (1914), എ.ആര്‍. രാജരാജവര്‍മ്മയുടെ കേരള പാണിനീയം, ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദ താരാവലി എന്നിവയാണ്. ഇവയെല്ലാം വരേണ്യ - സംസ്‌കൃതനിഷ്ഠമായ ഒരു മാനക മലയാളത്തെയാണ് സങ്കല്പിച്ചത്. മലബാര്‍ മേഖലയിലെ മൊഴിവഴക്കങ്ങളേയും മാപ്പിള - ദലിത് സമുദായ ഭേദങ്ങളേയും പഴയ ലീലാതിലകത്തിന്റെ മട്ടില്‍ പാമരഭാഷയെന്നു തള്ളികളഞ്ഞാണ് മാനകീകരണം സാധിച്ചത്. തങ്ങളുടെ സമുദായങ്ങള്‍ക്കു കൂടി മുഖ്യധാരയില്‍ ഇടം ലഭിക്കണമെങ്കില്‍ വരേണ്യമലയാളത്തിലേക്ക് പരിവര്‍ത്തനപ്പെടണമെന്ന്  സമുദായ പരിഷ്‌കര്‍ത്താക്കള്‍ തിരിച്ചറിഞ്ഞു. പണ്ഡിറ്റ് കറുപ്പന്‍, മൂലൂര്‍ പത്മനാഭപ്പണിക്കര്‍, മക്തി തങ്ങള്‍ തുടങ്ങിയവരുടെ ഭാഷ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാവുന്നതാണ് സ്വാഭാവികമായും മറ്റു ഭാഷാഭേദങ്ങള്‍ ഈ മാനകത്തിലേക്ക് പഠിച്ചെടുക്കാന്‍ സമയമെടുത്തു. അറബി മലയാളത്തില്‍ നൂറു ശതമാനം സാക്ഷരരായിരുന്ന മുസ്ലിം സ്ത്രീ പുരുഷന്മാര്‍ ഈ ഭാഷാകലക്കത്തില്‍ നിരക്ഷരരായി മാറി.
മലയാളിക്കായി പൊതു സാഹിത്യ / ചരിത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്ന് നാം കരുതുന്ന 1890-1960 കാലത്ത് സാമുദായിക അവകാശവാദങ്ങളാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. അതിനാലാണ് പഴയ ലിഖിതങ്ങള്‍ പരിശോധിക്കുന്നിടത്തും ഈ വിവേചനങ്ങള്‍ കാണുന്നത്. വട്ടെഴുത്തും ഗ്രന്ഥലിപിയും പഠിച്ചെടുക്കുന്ന ഗവേഷകര്‍ക്ക് അറബി മലയാളം മാത്രമായി വഴങ്ങാതിരിക്കുന്നതിന്റെ കാരണമതാണ്. 1885 ല്‍ ചാക്കീരി അഹ്മദ്കുട്ടിയുടെ ബദര്‍ പടപാട്ട് മുതല്‍ മുസ്‌ലിം എഴുത്തുകാര്‍ മാനക മലയാളത്തിലേക്ക് പ്രവേശിച്ചു. 1884 ല്‍ മക്തിതങ്ങളുടെ ‘കഠോരകുഠാരം’ വഴി മലയാള ലിപിയും മുസ്ലികള്‍ സ്വീകരിച്ചു തുടങ്ങി. പൊതു മലയാള- മാനകീകരണം നടക്കുന്ന ആദ്യ ഘട്ടത്തില്‍ തന്നെ മുസ്‌ലിംകള്‍ അതില്‍ പങ്കെടുത്തു എന്നാണിത് കാണിക്കുന്നത്. 1884 ല്‍ കഠോരകുഠാരമാണ് മലയാളലിപിയിലെ ഒരു മുസ്‌ലിം എഴുത്തുകാരന്റെ ആദ്യ കൃതി എന്നു പറയുന്നവര്‍ ഓര്‍ക്കേണ്ടത്, മലയാളി ലിപി അച്ചടിയോടെ സാര്‍വത്രികമായതും എല്ലാ സമുദായങ്ങളും ഈ ലിപിയിലേക്ക് പ്രവേശിക്കുന്നതും ഇതേ കാലത്തു തന്നെയാണെന്നതാണ്. 1950 ല്‍ പോലും കേരളത്തില്‍ അമ്പത് ശതമാനം പേര്‍ മാത്രമേ സാക്ഷരരായിട്ടുള്ളൂ.
നമ്മുടെ ലക്ഷണമൊത്ത ആദ്യനോവല്‍ ഇന്ദുലേഖ (1889) ആയതെങ്ങനെയെന്ന് പരിശോധിച്ചാല്‍ സാഹിത്യ ചരിത്രത്തില്‍ അധികാരം പ്രവര്‍ത്തിച്ച വഴികളും മനസ്സിലാവും. ഇതിനു മുമ്പുള്ള കുന്ദലത (1887) മാത്രമേ ലക്ഷണമൊക്കാത്തതായെങ്കിലും നമുക്കു കേട്ടു പരിചയമുള്ളൂ. 1840 ല്‍ ജോസഫ് പിറ്റിന്റെ തീര്‍ഥാടക പുരോഗതി 1878 ല്‍ മിസിസ് കോളിന്‍സിന്റെ ഘാതകവധം 1882 ല്‍ ആര്‍ച്ച്ഡിക്കന്‍ കോശിയുടെ പുല്ലേലികുഞ്ചു 1883 ല്‍ മുഹ്‌യിദ്ദീന്‍ബ്‌നു മാഹിന്റെ ചാര്‍ദര്‍വേശ് 1887 ല്‍ പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതി വിജയം എന്നിങ്ങനെ ചില നോവലുകള്‍ കഴിഞ്ഞു പോന്നിട്ടുണ്ട്. തീര്‍ത്ഥാടകപുരോഗതി, ഘാതക വധം, പുല്ലേലി കുഞ്ചു, സരസ്വതീവിജയം എന്നിവ കേരളത്തിലെ സവര്‍ണ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും ദലിതരുടെ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നോവലുകളാണ്. ചാര്‍ദര്‍വേശാകട്ടെ അറബിമലയാളത്തിലാണെഴുതപ്പെട്ടത്. ‘പ്രദേശ ഭാഷക്കുള്ളില്‍ തന്നെ ഓരോ ജാതിക്കും സ്വന്തമായ ഭാഷാവ്യത്യാസങ്ങളുണ്ടായിരുന്ന കാലത്ത് മറ്റു മൊഴിഭേദങ്ങളെ നായര്‍ഭാഷയുടെ നിലപാടില്‍ നിന്ന് ഏകസ്വരമായി വീക്ഷിക്കുന്നതാണ് ഇന്ദുലേഖ’ (ഇ.വി രാമകൃഷ്ണന്‍ 2001:18). ഭാവികേരളത്തിനു വേണ്ടി പൊതുമലയാളി എന്ന തങ്ങളുടെ ആധുനിക മധ്യവര്‍ഗ പദവി പ്രഖ്യാപിക്കാന്‍ കൂടിയാണ് 1889 ല്‍ ഇന്ദുലേഖ വഴി നായര്‍ സമുദായത്തിന് സാധിച്ചത്. അതിനാല്‍ 1950 കളോടെ സാഹിത്യ ചരിത്രം ക്രോഡീകരിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അഞ്ച് നോവലുകള്‍ ആഖ്യായികയുടെ നിര്‍ദിഷ്ഠ ലക്ഷണങ്ങള്‍ ഒക്കാതെ ചര്‍ച്ചകളില്‍ നിന്ന് അപ്രത്യക്ഷമായി. മലയാളിയുടെ സാമൂഹിക ചരിത്രത്തെ ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്ന അഞ്ചു നോവലുകളെ കീഴ്‌മേല്‍ മറിക്കേണ്ടത് നമ്മുടെ സാഹിത്യ/ ദേശ ചരിത്രത്തിന് ആവശ്യമായിരുന്നു എന്നര്‍ത്ഥം. ഈ പശ്ചാത്തലം സൂക്ഷ്മമായി ഗ്രഹിച്ചുകൊണ്ടു മാത്രമേ മോയിന്‍കുട്ടി വൈദ്യരെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കുകയുള്ളു.

സംസ്‌കൃത പഠനവും കവി പദവിയും
മോയിന്‍കുട്ടി വൈദ്യര്‍ സംസ്‌കൃത പണ്ഡിതനാണ്. ഭാഷാ കാവ്യങ്ങളായ കൃഷ്ണ ഗാഥ, തുള്ളല്‍, രാമായണം- മഹാഭാരതം -  കിളിപ്പാട്ടുകള്‍, രാമ ചരിതം, രാമകഥപ്പാട്ട് എന്നിവ പഠിക്കാനുള്ള അവസരവും ചെറുപ്പത്തിലേ ലഭിച്ചു. (വി.എം കുട്ടി 2007: 12) ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, ശ്രീരാമോദന്തം എന്നിവ സംസ്‌കൃതപഠനത്തിന്റെ ഭാഗമായി പഠിച്ചു. (കെ.എം അഹ്മദ് 2006: 267) വൈദ്യ പഠനത്തിന്റെ ഭാഗമായി മോയിന്‍ കുട്ടി വൈദ്യര്‍ സംസ്‌കൃത- മലയാള കാവ്യങ്ങള്‍ അഭ്യസിച്ചിട്ടുണ്ട്. എന്നാല്‍ കവിയാവാനുള്ള വൈദ്യരുടെ യോഗ്യതയെ അംഗീകരിച്ചുകിട്ടാന്‍ മാപ്പിളമാര്‍ക്ക് ഇത് കൂടെക്കൂടെ എടുത്തു പറയേണ്ടി വരുന്നുണ്ട്. പുതിയ കാവ്യ സങ്കല്‍പനങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട് മാത്രമേ വരേണ്യ വിശകലനങ്ങളെ മുറിച്ചു കടക്കാന്‍ മാപ്പിളമാര്‍ക്ക് സാധിക്കൂ എന്നാണ് ഈ പ്രസ്താവനയിലൂടെ ഊന്നുന്നത്.
മോയിന്‍ കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ടിലെ രണ്ടാം ഇശല്‍ ആരംഭിക്കുന്നത് സംസ്‌കൃത പദങ്ങളുടെ ബാഹുല്യവുമായാണ്.

ജഗധരഖണ്ഡാനാം പുരാബീജം
ജനിതരന്യതരാനാം സൃഷ്ടീനാം
ജനക കൃണസ്തനു: അന്തിയ ദൂതാ പ്രഥമതി സചിവ: ജഗുണ നമസ്‌കരസ്തസ്യ വേദാ:

(മനുഷ്യരടക്കം അഖണ്ഡജഗത്തില്‍ ആകെയും സൃഷ്ടിപ്പിന് ആദികാരണമായ അന്ത്യദൂതരെയും അദ്ദേഹത്തിന്റെ പ്രഥമസചിവരെ (അബൂബക്കര്‍) യും ഞാന്‍ വന്ദിക്കുന്നു.)
സംസ്‌കൃതം ദേവഭാഷയായി കാണുന്ന നമ്പൂതിരി വരേണ്യ വീക്ഷണത്തെ അട്ടിമറിക്കാനെന്നോണം അറബി,  ഉറുദു, പേര്‍ഷ്യന്‍ ഭാഷകളോട് അത് കലര്‍ത്തിയാണ് വൈദ്യര്‍ സാധാരണ പ്രയോഗിക്കാറുള്ളത്. ഇവിടെയാകട്ടെ സംസ്‌കൃതത്തെ മാപ്പിളമാരുടെ ഇശല്‍ വഴക്കങ്ങളിലേക്ക് മാറ്റിയാണ് (ഇശല്‍ - അറിവത് കിട്ടി) വൈദ്യര്‍ വ്യത്യസ്തത കാണിക്കുന്നത്. സംസ്‌കൃതത്തെ ചെറുക്കുന്ന ഭാഷാബോധമായി ഇതിനെ കാണാവുന്നതാണ്. സംസ്‌കൃത കവികള്‍ ഉപയോഗിക്കുന്ന പരമ്പരാഗത സമ്പ്രദായങ്ങളിലോ, അതിഖര മൃദുഘോഷങ്ങള്‍ എഴുതിക്കാണിക്കാന്‍ സാധിക്കുന്ന പരിഷ്‌കരിച്ച അറബി മലയാളലിപിയിലോ അല്ല വൈദ്യര്‍ ഈ പാട്ടെഴുതുന്നത്. പഴയ തമിഴിലെ അക്ഷരമാല മാത്രം സാധ്യമാകുന്ന അറബി മലയാളത്തിലാണ്.

സങ്കര ഭാഷയില്‍ ഇംഗ്ലീഷും
മോയിന്‍ കുട്ടി വൈദ്യര്‍ ഇംഗ്ലീഷ് പദങ്ങളും തന്റെ കവിതകളില്‍ ഉപയോഗിക്കുന്നുണ്ട്. 'തീവണ്ടിച്ചിന്തി'ല്‍ (1861) ഡ്രൈവര്‍, ഫയര്‍, ഗാര്‍ഡ്, ഓഫീസ്, ബ്ലോക്ക്, റയില്‍, ടിക്കറ്റ്, പാസ്, എഞ്ചിന്‍ എന്നീ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്, 1872 ലെഴുതിയ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാലില്‍ 88-ാം ഇശലില്‍ ഇങ്ങനെ കാണാം

ഭംഗിതത്താല്‍ മുല്‍ക് നഗരം പിറകെ മകുടപ്പതി ചമയ്ത്ത്
വര്‍ക്കു ചുറ്റും തോരണ കെട്ടതിരമതിലും സിദയ് വലിത്ത്
ഭംഗിതപ്പൊന്‍ പന്തലും നല്‍ ചിത്തിരക്കാല്‍ എളുകമത്ത്
ലാമ്പുസേടും ദീപ ചെമ്പക ജുബ്ബരെതിരാം തിരി കൊളുത്ത്

(നാടും നഗരവും രാജധാനിയും അലങ്കരിച്ചു. ചുറ്റും തോരണം കെട്ടി. പൊന്‍ പന്തലിന് ചിത്രക്കാലുകള്‍ കൊടുത്ത് ഭംഗി കൂട്ടി. വിവിധ തരം അലങ്കാര ദീപങ്ങള്‍ പ്രകാശിപ്പിച്ചു ). ഇവിടെ വര്‍ക്ക്, ലാമ്പ്, ഷേഡ് എന്നീ പദങ്ങള്‍ കാണാം. 'മൂലപ്പുരാന്‍' എന്ന പാട്ടില്‍ ‘കോലംതിരിത്തു റബ്ബ് അമര്‍ത്തിയെ മറയില്‍ നിന്നേ/ കോടികള്‍ ലാക്കും എണ്ണം മട്ടിടാത്തൊരുത്തരിന്നേ’എന്ന് കാണാം. ലാക്ക് എന്നത് ലക്ഷം എന്നതിനുള്ള ഇംഗ്ലീഷ്പദമാണ്. മൂലപ്പുരാന്‍ എന്ന വാക്കിന് അല്ലാഹു എന്നാണര്‍ത്ഥം
    1891 ല്‍ അച്ചടിച്ച‘'ഹിജ്‌റ'യുടെ ആമുഖത്തില്‍ ഈ പാട്ടിന്റെ പകര്‍പ്പവകാശം രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്ന് കാണാം. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മമ്പുറം ഫസല്‍ തങ്ങള്‍ എന്നിവരും ഇംഗ്ലീഷില്‍ നടത്തിയ കത്തിടപാടുകള്‍ കണ്ടെടുത്തിട്ടുണ്ട്. മാപ്പിള - ഇംഗ്ലീഷ് വിയോജനത്തെപ്പറ്റിയുള്ള സാമാന്യവല്‍ക്കരണം ഇവിടെ പുനരാലോചിക്കാവുന്നതാണ്.

വെങ്കലഭാഷയോ?
കവിതയിലെ ഭാഷ വിശേഷ വ്യവഹാരം ആകയാല്‍ സാമാന്യ ജനങ്ങളുടെ സംസാര ഭാഷയുമായി അതിന് ബന്ധമുണ്ടാകണമെന്നില്ല. വൈദ്യര്‍ക്കവിതയിലെ ഭാഷ മാപ്പിളമാരുടെ സാമാന്യ വ്യവഹാര ഭാഷയില്‍ നിന്നും വളരെ അകലെയാണ്.പാട്ടു പ്രസ്ഥാനത്തിലെ കൃതികള്‍ക്ക് നിരക്കുന്ന പാണ്ഡ്യ ഭാഷാസാരൂപ്യം വൈദ്യരുടെ കൃതികളില്‍ കാണുന്നുണ്ടെന്നും പറയാം. ഉണ്ണായിവാര്യരുടെ വെങ്കലഭാഷയോട് വൈദ്യരുടെ ഭാഷാരീതിയെ സാദൃശ്യപ്പെടുത്തിക്കൊണ്ട് ശൂരനാട്ട് കുഞ്ഞന്‍പിള്ള (1970), ടി.ബി വേണു ഗോപാലപ്പണിക്കര്‍ (1992) എന്നിവര്‍ എഴുതിയിട്ടുണ്ട്(3). വിഭക്ത്യന്ത സംസ്‌കൃതം കലര്‍ന്ന മലയാളമായിരുന്നു ഉണ്ണായിവാര്യരുടേത്.

മരത്തിനിടയില്‍ കാണാമേ
സുന്ദരത്തിനുടെ സാദൃശേ്യയം
കേനവിയോഗാല്‍ കേണീടുന്നിവള്‍
കേനനുവിധിനാ പശേ്യയം

എന്ന മട്ടിലാണ് ഉണ്ണായി വാര്യരുടെ നളചരിതത്തിലെ വെങ്കലഭാഷ. ഉണ്ണായിയുടെ വെങ്കലഭാഷയില്‍ മലയാളത്തോട് സംസ്‌കൃതം മാത്രമേ കലരുന്നുള്ളു. ആട്ടക്കഥകള്‍ വായിക്കുന്നതും അത് കഥകളിയായി ആടിക്കാണുന്നതും തല്‍വിഷയങ്ങളില്‍ ഗ്രഹിതമുള്ള ചെറിയൊരു വിഭാഗം വരേണ്യര്‍ മാത്രമാണ്. സാമാന്യജനങ്ങള്‍ക്ക് വിശദമാക്കിക്കൊടുക്കാന്‍ അന്ന് മാര്‍ഗങ്ങളുമില്ല. വളരെ ജനകീയമായ പാടിപ്പറയലുകള്‍ വഴി സമൂഹം ഏറ്റെടുത്തിരുന്ന വൈദ്യരുടെ ബഹുഭാഷാ കലര്‍ച്ചയുള്ള മലയാളത്തെ നളചരിതവുമായി ഒരു കൗതുകത്തിനു വേണ്ടി താരതമ്യം നടത്താനേ സാധിക്കൂ. വൈദ്യരുടെ ഭാഷ ഇത്തരത്തിലുള്ള  വെങ്കലഭാഷയായി മനസ്സിലാക്കാനാവുമോ എന്നത് ആലോചിക്കേണ്ടതാണ്.

വൈദ്യരും നടുവത്ത് മഹനും: തീവണ്ടിയെപ്പറ്റി
മോയിന്‍കുട്ടിവൈദ്യരുടെ ഒമ്പതാം വയസ്സിലാണ് (1861 മാര്‍ച്ച് 12 ) ബേപ്പൂരില്‍ നിന്നും തിരൂരിലേക്കുള്ള കേരളത്തിലെ ആദ്യ തീവണ്ടിപ്പാത വരുന്നത്. വൈകാതെത്തന്നെ ആ വികസന സങ്കല്‍പ്പത്തോട് വൈദ്യര്‍ പ്രതികരിക്കുന്നത് 'തീവണ്ടിച്ചിന്ത്' എന്ന കവിതയില്‍ കാണാം. തീവണ്ടി വെറുമൊരു ഗതാഗത സംവിധാനം മാത്രമായിരുന്നില്ല. പട്ടണങ്ങള്‍ പരസ്പരം വിനിമയം സാധിച്ച, പത്ര പ്രവര്‍ത്തനം വ്യാപകമാക്കിയ, ഐക്യ കേരളത്തിന്റെ ആദ്യ അങ്കുരങ്ങള്‍ സാധ്യമാക്കിയ ഈ സംവിധാനം കേരളീയാധുനികതയെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നമ്മുടെ സാഹിത്യ ഭാവനകളിലും ആധുനികതയുടെ രൂപകമായാണ് തീവണ്ടി പ്രവര്‍ത്തിച്ചത്.

മലയാളപ്പതി അതില്‍ അതിശയ തീവണ്ടി വന്താര്‍
മനിതോര്‍ മദമെന്താം
മല കിടുങ്ങിടുന്നു- അയരങ്ങളെന്താം
അലകടല്‍ ഉരമ്പിടും മസല്‍ ഉരചിന്താം

(മലയാള നാട്ടില്‍ അതിശയത്തീവണ്ടി വന്നു. മനുഷ്യര്‍ക്ക് എന്തൊരാവേശം. മലകിടുക്കുന്ന ബഹളത്തെക്കുറിച്ച് എന്തു പറയാന്‍! അല കടല്‍ ഇരമ്പും പോലെ എന്നു പറയാം)
ഇങ്ങനെ ആരംഭിക്കുന്ന വൈദ്യരുടെ തീവണ്ടിച്ചിന്തില്‍ തീവണ്ടിയുടെ പ്രവര്‍ത്തനം, ഗാര്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ആളുകള്‍ കൗതുകത്തോടെ അതില്‍ കയറി യാത്രചെയ്യുന്നത്, സിഗ്നല്‍, മണിയടിശബ്ദം, ചൂളംവിളി, രാപ്പകല്‍ നോക്കാതെ ബഹളമുണ്ടാക്കിക്കൊണ്ടു വരുന്ന വണ്ടിയുടെ വരവിലെ തമാശ, സന്ധ്യക്ക് മുഴുവനാളുകളും വണ്ടി കാണാന്‍ വരുന്നത്, ഫയല്‍വാനായ ഡ്രൈവര്‍ പൊടി പാറ്റിക്കൊണ്ട് വണ്ടി പറപ്പിക്കുന്നത് തുടങ്ങിയവയെല്ലാം  വര്‍ണിക്കുന്നുണ്ട്. ഏതാണ്ട് വൈദ്യരുടെ സമകാലികനായിരുന്ന ചാലക്കുടിക്കാരന്‍ നടുവത്ത് മഹന്‍ നമ്പൂതിരി (1864 - 1944) കൊച്ചി തീവണ്ടിപ്പാതക്കു വേണ്ടി സര്‍ക്കാര്‍ തന്റെ നിലമെടുത്ത് തുല്യവില തരാത്തതില്‍ പരാതിപ്പെട്ട് പാലിയത്തച്ഛന് എഴുതുന്ന ഒരു കവിതക്കത്ത് നോക്കാം.

കണ്ടം കണ്ടതെടുത്തിടും വില തരാനാരെങ്കിലും ചൊല്ലിയാല്‍
ശണ്ഠക്കെത്തിടു, മെന്തു പദ്രവമിതാര്‍ക്കാനും സഹിക്കാവതോ?
ഉണ്ടീടാന്‍ വഴിയില്ല കഷ്ടമിവരീ വണ്ണം തുടര്‍ന്നാല്‍ വിശ-
പ്പുണ്ടായാല,തടങ്ങുവാന്‍ കവിമണേ! തീവണ്ടി തിന്നാവതോ!

ഫ്യൂഡല്‍ ജീവിത സാഹചര്യങ്ങള്‍ക്കും സാമ്പത്തികാധികാരങ്ങള്‍ക്കും ആധുനികതയുടെ വരവോടെ ഉലച്ചില്‍ തട്ടുന്നതാണ് ഇവിടത്തെ ആധി. തഹസില്‍ദാരായ കുണ്ടൂര്‍ നാരായണ മേനോന്‍ എന്ന കവി വഴിയാണ് മഹന്‍ നമ്പൂതിരി ഈ കത്തയക്കുന്നത്. ‘കവിമണേ എന്നത് അദ്ദേഹത്തോടുള്ള സംബോധനയാണ്. അക്ഷരശ്ലോകവും മഹാഭാരത തര്‍ജമയും പച്ച മലയാള പ്രസ്ഥാനവും വഴി മലയാള ഭാവുകത്വത്തിലെ ഒരു പ്രത്യേകഘട്ടമാണ് കൊടുങ്ങല്ലൂര്‍ കോവിലകം കേന്ദ്രമായി വെണ്‍മണി കവികള്‍ രൂപപ്പെടുത്തിയത്. സാമൂഹിക പദവിയുടെ ആനുകൂല്യത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരും  സംസ്‌കൃത നിഷ്ഠപാരമ്പര്യവും പച്ച മലയാളവും യോജിപ്പിച്ചു കാവ്യ സമ്പ്രദായത്തെ പോഷിപ്പിച്ചവരുമായ വരേണ്യ വിഭാഗത്തിന്റെ പ്രതിനിധികളാണിവര്‍. 1861 ല്‍ തന്നെ കറുത്തപാറ നാരായണന്‍ നമ്പൂതിരി എഴുതിയ സംസ്‌കൃത ശ്ലോകത്തില്‍ ‘'ധൂമയന്ത്ര പ്രകടിത ശകടം' എന്നാണ് തീവണ്ടിക്ക് സംസ്‌കൃതം കണ്ടെത്തിയത്. 'ആവി പ്രയോഗ ശകടം' എന്നും കൊടുങ്ങല്ലൂര്‍ കളരിയിലെ ഒരു നിമിഷ കവികതയില്‍ പ്രയോഗിക്കുന്നുണ്ട്. ഇത്തരം സംസ്‌കൃത പദങ്ങളാണ്  പിന്നീട് മലയാളമായി ആധികാരികത നേടാറുള്ളത്. പക്ഷേ വൈദ്യരും നടുവത്ത് മഹനും തീവണ്ടി എന്ന് അക്കാലത്ത് തന്നെ കവിതയില്‍ ഉപയോഗിച്ചത് തെളി മലയാളത്തെ ആത്മവിശ്വാസത്തോടെ കണ്ടതിനാലാണെന്ന് മനസ്സിലാക്കാം. പില്‍ക്കാലത്ത് കുഞ്ഞിക്കുട്ടന്‍ തമ്പുരാനും കൊച്ചുണ്ണിത്തമ്പുരാനും ഉള്ളൂരും വള്ളത്തോളുമെല്ലാം തീവണ്ടിയെ പറ്റി ശ്ലോകങ്ങള്‍ എഴുതുന്നുണ്ട്.
മോയിന്‍ കുട്ടി വൈദ്യര്‍, തീവണ്ടിയെ കീഴാള - ബഹുജന വീക്ഷണത്തോടെ പുതുമയുള്ള കണ്ടുപിടിത്തമോ കൗതുകമോ ആയി അഭിമുഖീകരിച്ചപ്പോള്‍ നടുവത്ത് മഹന്‍ ഗാര്‍ഹികമോ വ്യക്തിപരമോ ആയ വീക്ഷണത്തോടെ ഫ്യൂഡല്‍ ഘടനയുടെ നഷ്ടം എന്ന നിലക്കാണ്  തീവണ്ടിയെ കണ്ടത് എന്ന് മനസ്സിലാക്കാം.

രക്തസാക്ഷിത്വത്തിനുള്ള പ്രേരണ
വൈദ്യരുടെ പല കാവ്യങ്ങളിലും രക്തസാക്ഷിത്വത്തിനുള്ള പ്രേരണ കാണാം. വൈദേശികാധിപത്യത്തോടും ജന്‍മി വ്യവസ്ഥയോടും നിരന്തരം കലഹിച്ചു കൊണ്ടിരുന്ന ഒരു ജനതക്കിടയിലായിരുന്നു വൈദ്യരുടെ കാവ്യജീവിതം തളിര്‍ത്തു വന്നത് എന്നതിനാല്‍ അത് സ്വാഭാവികമാണ്. കൗമാര കാലത്ത് എഴുതിയ എലിപ്പട (1871), സലീഖത്ത് പടപ്പാട്ട് (1872) എന്നീ കല്പിത കഥകളില്‍ പോലും ആ കാലത്തെ സമര വീര്യത്തിന്റെ പ്രതിഫലനം കാണാം. രക്തസാക്ഷിത്വത്തിന്റെ മഹത്വം വര്‍ണിക്കുന്ന കിളത്തിമാല (1866) എന്ന കാവ്യം വൈദ്യര്‍ തന്റെ പതിനാലാം വയസ്സില്‍ എഴുതിയതാണ്. പ്രവാചകനും സ്വഹാബികളും പള്ളിയിലിരിക്കെ ഒരു കിഴവി വന്ന് ആവശ്യപ്പെട്ടതു പ്രകാരം ചുമട് തലയിലേറ്റിക്കൊടുക്കാന്‍ ഹുസൈന്‍ (റ) വിന് മാത്രമേ സാധിച്ചിള്ളൂ. രക്തസാക്ഷിത്വമാണ് ആ ചുമടെന്നും ജിബ്‌രീലാണ് ആ കിഴവിയെന്നും പിന്നീട് പ്രവാചകന്‍ വെളിപ്പെടുത്തുന്നു.
പള്ളിയില്‍ ഉലമാക്കളുടെ സാന്നിധ്യത്തില്‍ വ്രതവും പ്രാര്‍ത്ഥനയുമായി കഴിച്ചു കൂട്ടിയാണ് ഓരോ മാപ്പിള പോരാളിയും രക്തസാക്ഷിത്വത്തിന് തയ്യാറെടുത്തിരുന്നത്. അല്ലാഹുവിന്റെ സ്വര്‍ഗം മാത്രം മനസ്സില്‍ കണ്ടുകൊണ്ട്, വീട്ടുകാരോട് യാത്രചോദിച്ച് മനസ്സുറപ്പോടെ യുദ്ധസജ്ജരാകുന്ന പോരാളികളുടെ ചിത്രങ്ങള്‍ മലപ്പുറം പടപ്പാട്ടില്‍ (1879) പലയിടങ്ങളില്‍ കാണാം. വൈദേശിക അക്രമികള്‍ക്കും ജന്‍മിത്ത മനോഗതിക്കുമെതിരെ ജിഹാദിനാഹ്വാനം ചെയ്യുന്ന മാപ്പിള കൃതികളോടൊപ്പം തന്നെയാണ് രക്ത സാക്ഷിത്വത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുന്ന വൈദ്യര്‍കൃതികളുടേയും സ്ഥാനം. 1720 ലെ കേരളീയ മുസ്‌ലിം സാമൂഹിക ജീവിതം വിവരിക്കുന്ന ഏക ആധികാരിക ചരിത്ര സ്രോതസ്സ് വൈദ്യരുടെ മലപ്പുറം പടപ്പാട്ടാണ്.
മലപ്പുറം പടപ്പാട്ടില്‍ യുദ്ധത്തിന് പോകുന്ന മൊയ്തീന്‍കുട്ടി ഉമ്മയോട് യാത്രാമൊഴി പറയുമ്പോള്‍ ഉമ്മ പറയുന്നു:

ഇയ്യിടം ബിട്ട് പോയാല്‍
നിയ്യണയ് മട്ടും-ദു:ഖ
പുയ്യ് കൊടു കടിചെയ്യലിലെ
തുയില്‍ ബയ്യെ അശനവുമേ
-തിട്ടം പോര്‍ ചെയ്‌വാന്‍
ഇവ ഉറ്റിടണ്ടാ നീ,

'ഈ ഇടം വിട്ട് പോയാല്‍ നീ അണയും വരെ ദു:ഖപ്പുഴു കടിക്കുന്നതിനാല്‍ ഞാന്‍ വേദനിക്കും. ഊണും ഉറക്കവും ഇല്ലാതാവും.  നന്നായി യുദ്ധം ചെയ്യുമ്പോള്‍ നീ ഇതൊന്നും ആലോചിക്കേണ്ട'. പോരാളികളെ സജ്ജമാക്കുന്ന സ്ത്രീകളുടെ മനസ്സും ഇതില്‍ നിന്ന് വ്യക്തമാണ്.

ഹൂറി വര്‍ണനയും മണിപ്രവാള ശൃംഗാരവും
മാപ്പിള കവികളുടെ ഹൂറി വര്‍ണനകളെല്ലാം  ഖുര്‍ആനിലെ മാന്യമായ ഹൂറി വര്‍ണനക്ക് വിരുദ്ധമാണെന്നും അവ 17, 18  നൂറ്റാണ്ടുകളിലെ മണിപ്രവാള കൃതികളുടെ ശരീരവര്‍ണനകളുടെ തനിപ്പകര്‍പ്പാണെന്നും ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നിരീക്ഷിക്കുന്നു. (2012:16) ചേറൂര്‍ പടപ്പാട്ട് 1844, സൗഭാഗ്യ സുന്ദരി 1868, വൈദ്യരുടെ ബദര്‍, ഉഹ്ദ്, മലപ്പുറം പടപ്പാട്ടുകള്‍ എന്നീ കൃതികളെല്ലാം അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. ബഹുജന സംസ്‌കാരത്തിന്റെ സങ്കീര്‍ണതകള്‍ മാപ്പിള ജീവിതത്തിനുമുണ്ടാവാം. ആദര്‍ശാത്മകമായ ഒരു ജീവിതം എല്ലാ കാലത്തും നിലനിന്നിരിക്കണമെന്നുമില്ല. എന്നാല്‍ മണിപ്രവാള സാഹിത്യം, ഗ്രന്ഥലിപി, ആര്യഎഴുത്ത് എന്നീ സവര്‍ണ സാംസ്‌കാരിക സ്രോതസ്സുകളുമായി മാപ്പിളക്കവികള്‍ ബന്ധം പുലര്‍ത്തിയപ്പോള്‍ സവര്‍ണ സാഹിത്യം മാപ്പിള സാഹിത്യത്തെ ഉപയോഗിക്കുവാന്‍ തക്ക വിശാലതയോ സമ്പര്‍ക്കമോ പുലര്‍ത്തിയിരുന്നില്ല എന്നും മനസ്സിലാക്കാം. ധീരമായി പൊരുതി മരിച്ചു വീണാല്‍ ലഭിക്കുന്ന അനുഗ്രഹമായാണ് ഹൂറികളെ (സ്വര്‍ഗീയ സ്ത്രീകളെ) മാപ്പിള കവികള്‍ ചിത്രീകരിച്ചിരിക്കുന്നത്. സംഭോഗ ശൃംഗാര ലോലുപരായി അച്ചികളെ സമീപിച്ചിരുന്ന ഫ്യൂഡല്‍ മനോഘടനയുമായി ഇതിന് വ്യത്യാസമുണ്ട്.
മലപ്പുറം പടപ്പാട്ടില്‍ ഖത്താബിന്‍ റഹ്മത്തുടെ ബൈത്ത് എന്നു തുടങ്ങുന്ന 29-ാം ഇശലിലാണ് ഹൂറി വര്‍ണനയുള്ളത്. ‘ദൈവത്തിന്റെ കാരുണ്യാലയം രക്ത സാക്ഷികള്‍ക്ക് ലഭിക്കുമെന്നും സുന്ദരികളായ സ്വര്‍ഗ സ്ത്രീകള്‍ അവര്‍ക്ക് ഇണയാകും എന്നും പറയുന്ന ഭാഗമാണിത്. കൃഷ്ണഗാഥയിലോ മഹാഭാരതം കിളിപ്പാട്ടിലോ ഉള്ള ഭക്തി സംവര്‍ധകമായ  ചില വര്‍ണനകള്‍ ഇതിനോട് താരതമ്യപ്പെടുത്താവുന്നതാണ്. 15-ാം വയസ്സില്‍ (1867) വൈദ്യര്‍ രചിച്ച സലാസീല്‍  കിസ്സയില്‍ 13-ാം ഇശലില്‍ അല്പം അതിരു കടന്നതായി പറയാവുന്ന ഗനീമത്തിന്റെ വര്‍ണന പോലും മണിപ്രവാള കാവ്യങ്ങളോട് താരതമ്യപ്പെടുത്താമെന്ന് തോന്നുന്നില്ല.

മാപ്പിളപെണ്ണും പൊതുരംഗവും
    മാപ്പിള പെണ്ണുങ്ങള്‍ പുറത്തിറങ്ങാത്തവരും അടിച്ചമര്‍ത്തപ്പെട്ടവരുമാണെന്ന പൊതു ധാരണയെ വെല്ലുവിളിക്കുന്ന ചരിത്ര രേഖയാണ് വൈദ്യരുടെ മലപ്പുറം പടപ്പാട്ട്. 1728-ല്‍ മലപ്പുറം പള്ളി തകര്‍ത്ത് മുസ്‌ലിംകളെ വംശഹത്യ ചെയ്യാനൊരുങ്ങുന്ന പാറനമ്പിയോട് മാപ്പിള പെണ്ണുങ്ങള്‍ ഒരുമിച്ചു ചെന്ന് അപേക്ഷിക്കുന്ന രംഗമുണ്ട്.

നല്ലെ സൂഖ് അടവെ എരിപ്പിന്‍ എന്നാല്‍
നായന്‍ വീട് എരിക്കാതെ ഒഴിത്ത് നിന്നാല്‍
വല്ലികള്‍ നമക്കുള്‍ മെയ്യാഭരണങ്ങള്‍
ബദലായ് തരുകാമെന്ന് ഓതി പെണ്‍കള്‍

(ഞങ്ങളുടെ പട്ടണം നശിപ്പിച്ചാലും വേണ്ടില്ല. ദൈവ ഭവനം നശിപ്പിക്കരുതേ! എങ്കില്‍ ഞങ്ങളുടെ ആഭരണങ്ങള്‍ മുഴുവന്‍ കാഴ്ച വെക്കാമെന്ന് സ്ത്രീകള്‍ പറഞ്ഞു)
    1844ല്‍ എഴുതപ്പെട്ട ചേറൂര്‍ പടപ്പാട്ടില്‍’ തിരൂരങ്ങാടി അംശം അധികാരി കപ്രാട്ട് കൃഷ്ണപ്പണിക്കരെ വധിച്ച പൂവാടന്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, തെക്കേ മുഹ്‌യിദ്ദീന്‍ എന്നിവര്‍ക്ക് സ്വദേശമായ പൊന്‍മളയില്‍ നല്‍കിയ സ്വീകരണത്തിന് വന്നുചേര്‍ന്ന പെണ്ണുങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ദലിതരേയും മുസ്‌ലിംകളെയും പീഡിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ദുഷ്ടപ്രമാണിയായിരുന്നു കൃഷ്ണപ്പണിക്കര്‍. ചേറൂര്‍ സമരക്കാരെ ഒതുക്കാനായി കോഴിക്കോട് നിന്നുമെത്തുന്ന ബ്രിട്ടീഷ്പട്ടാളത്തിന്റെ  മാര്‍ച്ചുകാണാന്‍ തിരൂരങ്ങാടിയില്‍ വഴിയോരത്തുനില്‍ക്കുന്ന മാപ്പിളപെണ്ണുങ്ങളെപ്പറ്റിയും ആ കാവ്യത്തില്‍ പറയുന്നുണ്ട്.  19-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മാപ്പിളമാര്‍ നടത്തിയ 33-ഓളം ജന്‍മി വിരുദ്ധ പോരാട്ടങ്ങള്‍ കാണാനാകും. കേരളത്തില്‍ സാമൂഹിക നീതിക്കു വേണ്ടി നടന്ന ഈ ആദ്യകാലസമരങ്ങളില്‍ മാപ്പിളമാരോടൊപ്പം പല അളവില്‍ പങ്കു വഹിച്ച സ്ത്രീകളെപ്പറ്റി മാപ്പിളകാവ്യങ്ങളില്‍ വിവരിക്കുന്നുണ്ട്. ഇതിനെപ്പറ്റി 'പൊതു'ചരിത്രകാരന്‍മാര്‍ക്ക് വിവരമില്ല. അഭിജാത പദവിക്ക് താഴെയുള്ള പല സംരംഭങ്ങളും അവര്‍ അറിഞ്ഞിട്ടില്ല. ചാന്നാര്‍ സ്ത്രീകളുടെ സംഘടിത സമരങ്ങള്‍ക്കോ മാപ്പിളപെണ്ണുങ്ങളുടെ ബ്രിട്ടീഷ് - ജന്മി വിരുദ്ധ പോരാട്ടങ്ങള്‍ക്കോ നാം നവോത്ഥാന സ്ത്രീ പദവി കൊടുത്തിട്ടില്ല.
മോയിന്‍കുട്ടി വൈദ്യരുടെ ഉമ്മ കുഞ്ഞാമിനയും ഭാര്യ ഫാത്തിമകുട്ടിയും കവികളായിരുന്നു. ഒപ്പനപ്പാട്ടു സംഘവും കെട്ടിപ്പാട്ടു സംഘവുമൊക്കെ ഇവര്‍ക്കുണ്ടായിരുന്നതായി വാമൊഴി പ്രദേശിക ചരിത്രം പറയുന്നുണ്ട്. കല്യാണ വീടുകളില്‍ പാടിയിരുന്ന ഒപ്പനപാട്ടുകളായി പോലും അക്കാലത്ത് പടപ്പാട്ടുകള്‍ പ്രചരിച്ചിരുന്നു. വൈദ്യര്‍ വരക്കുന്ന സ്ത്രീ ചിത്രങ്ങള്‍ അക്കാലത്തെ സ്ത്രീകളെക്കൂടി കണക്കിലെടുത്താണ്. വൈദ്യര്‍ കൃതികളില്‍ കാണുന്ന താഴെ പറയുന്ന രംഗങ്ങള്‍ അക്കാലത്തെ മാപ്പിള സ്ത്രീകള്‍ക്ക് പ്രചോദനമേകുന്ന തരത്തിലാണ്.

1.    ബദ്‌റുല്‍ മുനീര്‍  ഹുസ്‌നുല്‍ ജമാല്‍ എന്ന വൈദ്യരുടെ കൃതിയിലെ ഹുസ്‌നുല്‍ ജമാലിന്റെ പ്രണയം, സാഹസം, പോരാട്ടം, ത്യാഗം എന്നിവ ശ്രദ്ധേയമാണ്. ഈ കാര്യങ്ങള്‍  മാപ്പിളപെണ്ണിനോട് പറയണമെങ്കില്‍ ആ കാലത്തെ (1872) പെണ്ണിനത് ഉള്‍ക്കൊള്ളാനാവണം. ഈ കൃതി അക്കാലത്ത് ഏറ്റെടുത്ത് പാടി നടന്നവരില്‍ ഭൂരിഭാഗവും പെണ്ണുങ്ങളായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്.
2.    ഉഹ്ദ് പടപ്പാട്ടിലും (1879) ഉമ്മു അയ്മന്‍ എന്ന പ്രവാചക അനുചരയെപ്പറ്റി പറയുന്ന ഭാഗമുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ മിസ്അബ് (റ) വധിക്കപ്പെട്ടപ്പോള്‍ നബി (സ) വധിക്കപ്പെെട്ടന്ന് പരിഭ്രമിച്ച് ചിലര്‍ മദീനയില്‍ ഓടി തിരിച്ചെത്തി. അവരുടെ മുഖത്തേക്ക് മണ്ണുവാരിയെറിഞ്ഞ് ഉമ്മു അയ്മന്‍ (റ) ആക്രോശിക്കുന്നു‘'നാണം കെട്ടവരേ, നിങ്ങളുടെ ആയുധങ്ങള്‍ എനിക്ക് തരിക'’ പുരുഷനെക്കാള്‍ ആര്‍ജവം പ്രകടിപ്പിക്കുന്ന സ്ത്രീയെയാണ് ഇവിടെ കാണാനാവുക.
3.    ഉഹ്ദ് പടപ്പാട്ടില്‍ തന്നെ ഹിന്ദ് എന്ന സ്ത്രീയെപ്പറ്റി വിവരിക്കുന്നുണ്ട്. ഖുസാമയുടെ മകളാണ് ഹിന്ദ്. ഹിന്ദിന്റെ മകന്‍,  ഭര്‍ത്താവ്, സഹോദരന്‍ എന്നീ മൂന്നു പേരും ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷികളായി. ഹിന്ദ്, ഉഹ്ദ് കഴിഞ്ഞ് ആയിഷ ബീവിയോടൊപ്പം മദീനയിലേക്ക് മടങ്ങുന്നു. ഹിന്ദിനെപ്പറ്റി വൈദ്യര്‍ എഴുതുന്നുണ്ട്. തന്റെ ഒട്ടകപ്പുറത്തെ ഭാണ്ഡത്തില്‍ ഉറ്റവരുടെ മയ്യിത്താണെന്ന് അചഞ്ചലചിത്തയായി അവര്‍ പറയുന്ന രംഗം വായനക്കാരെ സ്തബ്ധരാക്കുന്നതാണ്.
4.    ഉഹ്ദില്‍ നബിയെ ആക്രമിക്കാനടുക്കുന്ന ഇബ്‌നു ഖമീഅിനെതിരെ നുസൈബാ ബീവി പടക്കളത്തിലിറങ്ങുന്നു. പന്ത്രണ്ട് മുറിവുകളുമായി അവര്‍ രക്തസാക്ഷിയാവുന്ന ചിത്രവും വൈദ്യര്‍ വരച്ചു കാണിക്കുന്നുണ്ട്.
1850-1920 കാലത്തെ മാപ്പിളപ്പെണ്ണ് ഈ കാവ്യ ഭാഗങ്ങളെ അക്ഷരാര്‍ഥത്തില്‍ ഏറ്റെടുത്തതായി മലബാറിന്റെ ചരിത്രത്തില്‍ കാണുന്നുണ്ട്. പടപ്പാട്ടുകള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പാടിനടക്കുന്നതും മുസ്‌ലിം സ്ത്രീ അന്തസ്സായിക്കരുതിയിരുന്നു. പൂക്കോട്ടൂര്‍ രക്തസാക്ഷികളില്‍ ഒരു ഖബര്‍ പെണ്ണിന്റേതാണ്. ശഹീദുകളുടെ വസ്ത്രം നീങ്ങിയപ്പോള്‍ ചിലര്‍ പെണ്ണുങ്ങളാണെന്ന് മനസ്സിലായെന്ന് വാമൊഴിചരിത്രം പറയുന്നുണ്ട്(4). വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രണ്ടാം ഭാര്യ വള്ളുവമ്പ്രക്കാരി മാളു ഹജ്ജുമ്മ മുഖം മറച്ച് യുദ്ധം ചെയ്തിരുന്നു. കോണോംപാറയില്‍ 250 പേരെ ബ്രിട്ടീഷുകാര്‍ വീട്ടില്‍ക്കയറിക്കൊന്ന സംഭവത്തില്‍ സ്ത്രീകളാണ് മയ്യത്ത് ഖബറടക്കിയത്(5) .ഗര്‍ഭിണികളായ മാപ്പിള സ്ത്രീകള്‍ വരെ പ്രക്ഷോഭകാലത്ത് പുഴ നീന്തികടന്നിരുന്നു. പലായനം, ഒളിവില്‍ കഴിയില്‍, അതിജീവനത്തിന് തന്ത്രം മെനയല്‍ എന്നിവ സ്ത്രീകളുടെ മേല്‍നോട്ടത്തിലാണ് നടന്നിരുന്നത്. മലബാറിലെ കല്യാണവീടുകളില്‍ പാടിയിരുന്ന സ്ത്രീകളുടെ പാട്ടുസംഘങ്ങള്‍ക്ക് പുറമെ കൊണ്ടോട്ടി അടക്കമുള്ള ഏറനാട്ടിലെ ചന്തകളില്‍ വഴിയാത്രകാര്‍ക്കായി ചോറു പൊതികളും മറ്റും നിരവധി മാപ്പിള സ്ത്രീകള്‍ കച്ചവടം ചെയ്തിരുന്നതായി പഴമക്കാര്‍ പറയുന്നുണ്ട്. (അബ്ദുനാസര്‍ എം.സി 2012:60) മാപ്പിളപെണ്ണിനെ കുറിച്ചുള്ള നവോത്ഥാന കേരള വീക്ഷണം തെറ്റാണെന്നാണ്  ഇത്തരം നിരവധി അനുഭവങ്ങളും സംഭവങ്ങളും അടങ്ങുന്ന വാമൊഴി രേഖകള്‍ തെളിയിക്കുന്നത്.

കല്പിത കഥകള്‍ കയ്യൊഴിഞ്ഞ് ചരിത്ര രേഖകളിലേക്ക്
ആദ്യകാലത്ത് പേര്‍ഷ്യന്‍ മിത്തുകളും ഇസ്‌ലാമികമെന്ന് പ്രഥമ ദൃഷ്ട്യാ അംഗീകരിക്കപ്പെടാത്തതുമായ കൃതികള്‍ വൈദ്യര്‍ എഴുതിയിട്ടുണ്ട്. കിളത്തിമാല, സലീഖത്ത്പാട്ട് തുടങ്ങിയവ ഉദാഹരണം. എന്നാല്‍ കല്പിത കഥകളില്‍ നിന്ന് ചരിത്ര സംഭവങ്ങളിലേക്ക് തന്റെ യൗവ്വനകാലം മുതലാണ് വൈദ്യര്‍ പ്രവേശിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലെ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ പൂര്‍വകാല മുസ്‌ലിം പണ്ഡിതര്‍ക്ക് അഭിപ്രായ വ്യത്യാസമില്ലാത്ത ചരിത്ര ഗ്രന്ഥങ്ങളെ അവലംബിക്കാന്‍ വൈദ്യര്‍ ശ്രദ്ധിച്ചു തുടങ്ങിയ കാലമാണിത്.

ഉലമാക്കള്‍ മുഖദ്ദിമോര്‍ മുഫസ്സിരീന്‍ അവര്‍ ചൊന്നേ
ഉരതൊട്ട് പലവണ്ണം ഖിലാഫ് വന്നേ- അതിയിന്ന്
ഉറപ്പായ സ്വഹീഹ് എടുത്തുരത്തിടുന്നേ

എന്ന് ബദര്‍പാട്ടില്‍  പറയുന്നു പണ്ഡിതരും മുന്‍ഗാമികളും ചൊന്നതില്‍ നിന്നും അഭിപ്രായ വ്യത്യാസമുള്ളവ ഒഴിവാക്കി, ദൃഢതയുള്ള ആഖ്യാനങ്ങള്‍ മാത്രമെടുത്താണ് ഞാനിത് അവതരിപ്പിക്കുന്നത് എന്നാണ് ഇവിടെ വ്യക്തമാക്കുന്നത്. അവലംബ ഗ്രന്ഥങ്ങളെ അതാതിടങ്ങളില്‍ സൂചിപ്പിക്കുന്ന രീതിയും വൈദ്യര്‍ പുലര്‍ത്തുന്നുണ്ട്. ആധുനിക ഗവേഷണങ്ങളില്‍ പിന്തുടരുന്ന ഇത്തരം രീതിശാസ്ത്രങ്ങള്‍ വൈദ്യരിലുണ്ടെന്നതും ശ്രദ്ധേയമാണ്.

തറവാടിത്തം കയ്യൊഴിഞ്ഞ് കീഴാളരിലേക്ക്
സാമൂതിരി- ബ്രിട്ടീഷ്- കൊണ്ടോട്ടിത്തങ്ങള്‍-തറവാടിത്തങ്ങളോട് ആദ്യകാലത്ത് ആഭിമുഖ്യമുണ്ടായിരുന്ന വൈദ്യര്‍, തന്റെ 24-ാം വയസ്സുമുതല്‍ ജന്‍മി - ബ്രിട്ടീഷ് വിരുദ്ധ ഏറനാടന്‍ മനസ്സുമായി കൈകോര്‍ക്കുന്നു. അപ്പത്തരം, കൈമുട്ട്, ഖാദി തര്‍ക്കങ്ങളുമായി കഴിഞ്ഞിരുന്ന കോഴിക്കോടന്‍ തറവാടിത്ത രീതികളില്‍ നിന്നും വ്യത്യസ്തമായിരുന്ന ദലിത് മാപ്പിള-കാര്‍ഷിക ഏറനാടന്‍ ജീവിതത്തെ വൈദ്യര്‍ തിരിച്ചറിയുകയുണ്ടായി.
കൊണ്ടോട്ടിക്കൈക്കാരുടെ എതിര്‍പക്ഷത്തുണ്ടായിരുന്ന മമ്പുറംതങ്ങള്‍, ഉമര്‍ഖാദി എന്നിവര്‍ കീഴാളരുടെ അന്തസ്സിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. തന്റെ സഞ്ചാരങ്ങളിലൂടെയും പഠനങ്ങളിലൂടെയും വൈദ്യര്‍ പുതിയ നില പാടുകളിലെത്തിച്ചേര്‍ന്നതായാണ് തുടര്‍ന്നങ്ങോട്ടുള്ള പ്രമേയങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്.

മാപ്പിളസാഹിത്യവും വ്യാപനവും
അറബി മലയാള സാഹിത്യം കേരളം മുഴുവന്‍ വ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍  ‘വൈദ്യര്‍ കൃതികള്‍’ പാടിയിരുന്നതായി തോപ്പില്‍ മുഹമ്മദ് മീരാനും (2008:165) കര്‍ണാടകത്തില്‍ പാടിയിരുന്നതായി സാറാ അബൂബക്കറും സ്മരിക്കുന്നുണ്ട്. (2008:171) വൈദ്യര്‍ മംഗലാപുരത്ത് 1887 ല്‍ നടന്ന പുലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു കാവ്യങ്ങളാലപിക്കുകയും സമ്മാനിതനാകുകയും ചെയ്യുന്നുണ്ട്.(6)
എഴുത്തച്ഛന്റെ രാമായണത്തിന് പോലും മുഴുവന്‍ ഹിന്ദുക്കള്‍ക്കുമിടയില്‍ തന്നെ സ്വീകാര്യതയുണ്ടായിരുന്നില്ല. നമ്പൂതിരിമാര്‍ സംസ്‌കൃത പ്രിയരും നായന്‍മാര്‍ പടയാളി സമൂഹവുമായിരുന്നു. കീഴാളര്‍ക്കാകട്ടെ എഴുത്തും വായനയും പ്രാപ്യമായിരുന്നുമില്ല. മറ്റു മത സമുദായങ്ങള്‍ക്കും എഴുത്തച്ഛന്‍ പഠന വിഷയമായിട്ടില്ല. ഗ്രന്ഥ ലിപിയില്‍ എഴുതപ്പെട്ടിരുന്ന എഴുത്തച്ഛന്റെ കൃതികള്‍ മലയാള ലിപിയിലേക്ക് പൂര്‍ണമായും മാറ്റി അച്ചടിക്കപ്പെടുന്നത് 19-ാം നൂറ്റാണ്ടിലാണ്. 1866 ല്‍ രാമായണ - ഭാരതങ്ങള്‍ കൊല്ലത്ത് വിദ്യാവര്‍ധിനി പ്രസ്സില്‍ അച്ചടിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്യപ്പെടുന്നു. എന്നാല്‍ 1876 ല്‍ തന്നെ വൈദ്യരുടെ ബദര്‍പടപ്പാട്ടിന്റെ അച്ചടിയും പാടിപ്പറയലും നടക്കുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. വൈദ്യര്‍ക്ക് ജനകീയ കവിയാകാന്‍ സാധിച്ചു. അറബി മലയാളം മുസ്ലിങ്ങളല്ലാത്തവര്‍ ചൊല്ലി നടന്നിരുന്നു. ചെറുമര്‍ പാടി നടന്നിരുന്നു. ടി. കണ്ണനാണ് ഫോസിറ്റ് സായ്പിന് വൈദ്യര്‍ കൃതികള്‍ തര്‍ജ്ജമ ചെയ്തു കൊടുത്തത്. കീഴാളഭാഷയോടും മലനാടുവാമൊഴിയോടും തമിഴ് വഴക്കങ്ങളോടും ബന്ധമുള്ളതു കൊണ്ടും പാടിപ്പറച്ചിലുകള്‍ വഴിയും സാധാരണ ജനങ്ങള്‍ക്ക് വൈദ്യര്‍ പരിചിതനായി.

വാമൊഴി ചരിത്രകാരന്‍
    മലപ്പുറത്തിന്റെ /കേരളത്തിന്റെ ആദ്യ ജനകീയ ചരിത്രകാരന്‍ മോയിന്‍ കുട്ടി വൈദ്യരാണ്. കേരള ചരിത്രം പ്രതിപാദിക്കുന്ന ആദ്യ കാവ്യമായി മലപ്പുറം പടപ്പാട്ടിന് സ്ഥാനമുണ്ട്. 1720 ല്‍ മലപ്പുറത്ത് നടന്ന സംഭവത്തെപ്പറ്റി 1879 ലാണ് വൈദ്യര്‍ ഈ കാവ്യം രചിക്കുന്നത്. ചേരമാന്‍ പെരുമാളിന്റ ഇസ്‌ലാമാശ്ലേഷം മുതല്‍ മലപ്പുറം പോരാട്ടം വരെയുള്ള ചരിത്രം ഈ കാവ്യത്തില്‍ പ്രതിപാദിക്കുന്നു. തന്നെ നിരന്തരം അലട്ടിയിരുന്ന ആസ്തമ രോഗത്തിനു ശമനം ലഭിക്കുന്നതിന് മലപ്പുറം ശുഹദാക്കളെ കുറിച്ച് പാട്ട് രചിക്കാമെന്ന് വൈദ്യര്‍ നേര്‍ച്ച നേര്‍ന്നിരുന്നു. പട നടന്ന പൂളക്കമണ്ണിലും മലപ്പുറം പള്ളിയിലും മാസങ്ങളോളം താമസിച്ച് കലാപത്തില്‍ വധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും ദൃക്‌സാക്ഷികളില്‍ നിന്നും കേട്ടറിഞ്ഞ നാട്ടുകാരുമായും നിരന്തരം ഇടപഴകിയാണ് കാവ്യം തയ്യാറാക്കിയത്. മലപ്പുറം പടയിലെ ശുഹദാക്കളുടെ അന്ത്യാഭിലാഷം പൂര്‍ത്തീകരിച്ച ആളാണ് വൈദ്യര്‍. ഇശല്‍ 42 -ല്‍ ഇങ്ങനെ കാണാം

കലഹാല്‍ പൊരുതി മറയാതുയിര്‍ കൂടെ നിപ്പാരോ
അവര്‍ അജബോര്‍മ വെപ്പീരോ- ലിമ
പൊരുത്തം കവി നായകരോടി തിന്‍ ബാര്‍
വഴിപോല്‍ അറയിപ്പീരോ
പുരിമേല്‍ വരുവോര്‍ക്കറിവാന്‍ ഒരു മാല ചേര്‍പ്പിരോ
കവിനലവായ് പണിപ്പീരോ

(ഈ കലഹത്തില്‍ പൊരുതി മറയാതെ (മരിക്കാതെ) ഉയിരോടെ നില്‍ക്കുന്നവര്‍ കാര്യങ്ങള്‍ ഓര്‍മയില്‍ വെച്ച് കവിനായകരോട് വഴി പോലെ അറിയിക്കണം. നാട്ടില്‍ വരാനുള്ളവര്‍ക്ക് വേണ്ടി ഒരു മാല രചിക്കുവാന്‍) ഈ കാവ്യ രചന വരും തലമുറക്കു വേണ്ടിയുള്ള ഒരു രേഖയായിത്തന്നെയാണ് താന്‍ നിര്‍വഹിക്കുന്നത് എന്ന് വൈദ്യര്‍ക്ക് ബോധ്യമുണ്ട്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഉമയമ്മ റാണിയെ കേന്ദ്രമാക്കി ഉള്ളൂര്‍ രചിച്ച ഉമാകേരളമാണ് കേരള ചരിത്ര പശ്ചാത്തലത്തില്‍ മലയാളത്തിലെഴുതപ്പെട്ട ആദ്യ മഹാകാവ്യമായി പരിഗണിക്കുന്നത്. എന്നാല്‍ വൈദ്യര്‍ കേരളചരിത്രം പറയുന്ന മലപ്പുറം പടപ്പാട്ട് രചിക്കുമ്പോള്‍ (1879 ല്‍) ഉള്ളൂരിന് മൂന്നുവയസ്സാണ്. മലപ്പുറം പടപ്പാട്ടാണ് ആദ്യ കേരള ചരിത്ര കാവ്യം എന്നത് പലരും എഴുതിയിട്ടുണ്ടെങ്കിലും പരിഗണനീയമായ വീക്ഷണമായി സാഹിത്യ ചരിത്രകാരന്‍മാര്‍ അതിനോട് പ്രതികരിച്ചിട്ടില്ല.

സ്വപ്നം, ചരിത്ര രചനയില്‍
    ചരിത്ര രചനയില്‍ ഓര്‍മയും നിഗമനങ്ങളുമെല്ലാം വിശകലനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ സ്വപ്നവും ഒരു ഉപാദാന സാമഗ്രിയാണെന്ന് വൈദ്യര്‍ നമ്മളോട് പറയുന്നു. ആഖ്യാനത്തിനടക്ക് വൈദ്യര്‍ സ്വയം വിശേഷിപ്പിക്കുന്നത് കഥ പറച്ചിലുകാരന്‍ എന്നല്ല, റാവി (റിപ്പോര്‍ട്ടര്‍) എന്നാണ്. ഇസ്തിയാഖ് ശാഹ് തങ്ങളുടെയും മുഷ്താഖ് ശാഷ് തങ്ങളുടെയും പണ്ഡിതോപദേഷ്ടാക്കളില്‍ പ്രമുഖനായിരുന്നു ശൈഖ് നിസാമുദ്ധീന്‍ മിയ. പാര്‍സി ഭാഷയില്‍ വിരചിതമായ ധാരാളം ചരിത്ര പുസ്തകങ്ങളും നോവലുകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത സാഹിത്യകാരനായിരുന്നു ഇദ്ദേഹം. ബദറുല്‍ മുനീര്‍ അടക്കം ഏഴ് പേര്‍ഷ്യന്‍ ഗ്രന്ഥങ്ങള്‍ മോയിന്‍കുട്ടി വൈദ്യര്‍ക്ക് വിവര്‍ത്തനം ചെയ്ത് കൊടുത്തതിനാല്‍ റാവി എന്നാണ് വൈദ്യര്‍ ഇദ്ദേഹത്തെ രേഖപ്പെടുത്തുന്നത് (ഉമര്‍ മധുവായ് 2011:108). റാവി എന്നത് വൈദ്യര്‍ രണ്ടുതരത്തില്‍ ഉപയോഗിക്കുന്നു എന്നര്‍ത്ഥം. ആയതിനാല്‍ പുതിയൊരു രീതി ശാസ്ത്രമാണ് വൈദ്യര്‍ മുന്നോട്ടു വെക്കുന്നത്. സ്വപ്നങ്ങളും പ്രവചനങ്ങളും യഥാര്‍ത്ഥ്യമാകുന്നതും പുണ്യാത്മാക്കളെ ആദരവോടെ സമീപിക്കുന്നതും പ്രാര്‍ത്ഥനകള്‍ വഴി പ്രശ്‌നങ്ങള്‍ പരിഹൃതമാവുന്നതും വൈദ്യര്‍ വിവരിക്കുന്നു. ഇവയൊന്നും ആധുനികമായ ചിന്താ പദ്ധതികള്‍ക്ക് വഴങ്ങാത്ത കാര്യങ്ങളാണ്.
മലപ്പുറം പടപ്പാട്ടില്‍ ‘ഫൊലിവാല്‍ ഒരു കഥയ് ഇനി ഇഖ്‌വരേ....’ എന്നു തുടങ്ങുന്ന വരികളില്‍ സ്വപ്നം വഴി ഒരു ആശയ കുഴപ്പം പരിഹരിച്ച കഥയാണ് പറയുന്നത്. ആ വരികളുടെ സാരം ഇതാണ്.
സഹോദരന്‍മാരേ, ഇനി എനിക്കുണ്ടായ ഒരത്ഭുത കഥ പറയാം. മഹാനായ ശഹീദ് പോക്കരുടെ പോരാട്ടക്കഥ കവിതയാക്കി അവസാനത്തെ ഇശല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മനസ്സില്‍ ഒരു അസ്വാസ്ഥ്യം അനുഭവപ്പെട്ടു. അവരുടെ പട തീവ്രമായിരുന്നു. മരിച്ചവരുടെ എണ്ണമില്ല. തീര്‍ച്ചയില്ലാതെ ഇക്കാര്യത്തെക്കുറിച്ച് സൂക്ഷമമായി എഴുതുന്നത് ശരിയല്ലല്ലോ. 4 ദിവസത്തോളം രചന മുടങ്ങിപ്പോയി, മുന്‍ സങ്കല്‍പങ്ങള്‍ പിഴച്ചു പോയി. വെള്ളിയാഴ്ച രാവ് പകുതിയായപ്പോള്‍ പോക്കര്‍ ശഹീദരെ ഞാന്‍ സ്വപ്നം കണ്ടു. യുവത്വവും അഴകും മെയ്‌വഴക്കവുമുള്ള രൂപമായിരുന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം സ്വപ്നത്തില്‍ എന്റെ സംശയം ദുരീകരിച്ചു. അവരുടെ മഹത്വം പ്രകടമായിരുന്നു. ആശ്ചര്യകരമായ അക്കഥകളെല്ലാം വിവരിക്കാന്‍ ഇവിടെ സ്ഥലമില്ല. അദ്ദേഹം തൊള്ളായിരത്തി എഴുപതിലേറെ ശത്രുക്കളെയാണത്രെ തന്റെ തന്ത്രം വഴി വധിച്ചത്. നൂറ്റി ഇരുപതിലേറെ പേര്‍ക്ക് മുറിവേറ്റു. ഇപ്പറയുന്നത് സ്വപ്നത്തിലാണ്. സത്യസന്ധതക്ക് ഏറെ പ്രസിദ്ധരും ആളുകള്‍ക്ക് പ്രീതിയുറ്റവരും വലിയവരുമാണ് അദ്ദേഹം.”
മതവിശ്വാസത്തിന്റെ ഘടനയ്ക്കകത്ത് മാത്രം പ്രവര്‍ത്തനക്ഷമമാവുന്ന ഇത്തരം ഉപകരണങ്ങള്‍ ചരിത്രാഖ്യാനങ്ങളില്‍ കടന്നു  വരുന്നത് ജ്ഞാനോദയ യുക്തിയെ മറികടക്കുന്ന പുതിയ രീതിശാസ്ത്രങ്ങള്‍ക്ക് പ്രചോദനമായേക്കും.

പ്രാര്‍ത്ഥന
മിക്ക കവിതകളുടെയും തുടക്കവും ഒടുക്കവും പ്രാര്‍ത്ഥന കൊണ്ടാണ്. വ്യക്തിപരമായി നേടുന്ന ആത്മീയോല്‍ക്കര്‍ഷത്തേക്കാള്‍ സാമൂഹികമായി കിട്ടേണ്ടുന്ന പാപ മോചനമാണ് വൈദ്യരുടെ തേട്ടം. മികച്ച പ്രണയ കാവ്യമായും അറിയപ്പെടുന്ന ബദറുല്‍ മുനീര്‍’ കാവ്യത്തിലെ 94-ാം ഇശല്‍ ഇങ്ങനെയാണ് സമാപിക്കുന്നത്.

ചന്തം വരുത്താന്‍ ഒട്ടറിവില്ലാതെ
തരമാല്‍ മൊളിന്തിന്ത കഥയെ തീര്‍ത്തേ
അന്തം മുതലില്ലാതവന്‍ ഗഫ്ഫാറെ
അടിയന്‍ പിഴച്ചുള്ള പിഴ പോക്കള്ളാഹ്
കൂടെ നബിയുള്ളാന്റുമമോര്‍ പാവം
കുല്ലും പൊറുത്തീമാന്‍ വഴങ്ങീടള്ളാഹ്
ഓടി ഖമര്‍ ശംസും നടക്കുമ്പോഴും
ഉഡുകള്‍ കഹനില്‍ രാവ് ലങ്കുമ്പോഴും
മാടപ്പിറാവും കാ കുറുകുമ്പോഴും
മത്വറിന്‍ ഖത്വറും മണ്‍തരി എണ്ണത്തില്‍
പാടെ ദിനം ത്വാഹ നബിക്കും ആലില്‍
പരനെ സ്വലാതും നല്‍ സലാം ഏറ്റള്ളാഹ്

സൂര്യനും ചന്ദ്രനും ഓടിനടക്കുകയും  ആകാശത്തില്‍ നക്ഷത്രങ്ങള്‍ തിളങ്ങി നില്‍ക്കുകയും മാടപ്രാക്കള്‍ കുറുകുകയും മഴത്തുള്ളികള്‍ വര്‍ഷിക്കുകയും ചെയ്യുന്നതിനെപ്പറ്റി മനോഹരമായി വര്‍ണിച്ചു കൊണ്ട് പ്രവാചകന് ഗുണം ചെയ്യുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് വൈദ്യര്‍.

പുണ്യ പുരുഷന്‍മാരോടുള്ള ആദരവും സാമൂഹിക സുരക്ഷിത ബോധവും
പതിനേഴാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ രാഷ്ട്രീയ നിലപാടുകള്‍ പോര്‍ച്ചുഗീസനുകൂലമായപ്പോള്‍ മുസ്‌ലിംകള്‍ തീരപ്രദേശങ്ങള്‍ വിട്ടു പോരേണ്ടി വന്നു. അവര്‍ സവര്‍ണര്‍ക്ക് പ്രാബല്യമുള്ള ഉള്‍നാടുകളില്‍ കൃഷിക്കാരായി മാറി. നാട്ടുരാജാക്കന്‍മാരുടെയോ സവര്‍ണ ജന്മിമാരുടെയോ സംരക്ഷണം ഇല്ലാതിരിക്കുകയും പോര്‍ച്ചുഗീസ്- ബ്രിട്ടീഷ് ഭീഷണികള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ സാമുദായികമായി മുസ്ലിംങ്ങളെ ഏകീകരിക്കുകയും ആത്മീയ പുണ്യപുരുഷന്‍മാരോടുള്ള ആദരവിനാല്‍ ആത്മവിശ്വാസം നല്‍കി  പ്രവര്‍ത്തനോത്സുകരാക്കുകയും ചെയ്തത് മാല മൗലൂദുകള്‍ പോലുള്ള പ്രകീര്‍ത്തന സാഹിത്യമാണ്. കെട്ടുക്കഥകളെന്ന് ആധുനിക സമൂഹം വിധിയെഴുതാവുന്ന കാര്യങ്ങള്‍ പോലും വൈദ്യര്‍ തന്റെ കൃതികളില്‍ നിരത്തുന്നത് കാണാനാവും. 1867 ല്‍ 15-ാം വയസ്സില്‍ വൈദ്യരെഴുതിയ സലാസീല്‍ ഖിസ്സപാട്ട് ഇശല്‍- 3 മുസ്ല്യാരകത്ത് അഹ്മദ് കുട്ടി എന്ന പണ്ഡിതന്‍ പറഞ്ഞ കഥയില്‍ നിന്നാണെന്ന് കാണാം. കാവ്യാന്തത്തില്‍ വൈദ്യര്‍ പറയുന്നു.

പാര്‍ത്തേ കഥചൊല്ലി കവി തമ്മത്തായ്
പൊളി എങ്കിലും ഹാദാ ഖബര്‍ ഹിമ്മത്തായ്
കീര്‍ത്തിക്കഥാ ഇത് മഹാലാം യെണ്ട്
കേള്‍പ്പോര്‍ നിനത്താലും ഇതു പോല്‍ ഉണ്ട്
ഉണ്ട് പെരിയോനക്ക് ഇതു പോല്‍ ഒക്കാ
ആക്കാന്‍ ഖുദ്‌റത്തുണ്ട് ഉറപ്പീന്‍ ഹഖ്ഖാല്‍

(ഈ കവിത ഞാന്‍ പൂര്‍ത്തിയാക്കി. വാര്‍ത്തകള്‍ സൂക്ഷ്മതയോടെ അവതരിപ്പിച്ചു. ഈ കഥകള്‍ നടക്കാത്തതാണ് എന്ന് കരുതുന്നവര്‍ ആലോചിക്കുക. ഇതു പോലെ അനവധി കാര്യങ്ങള്‍ അല്ലാഹുവിന്റെ കഴിവു കൊണ്ട് സാധിക്കും). കാര്യകാരണ ബന്ധത്തിലധിഷ്ഠിതമായ ബോധത്തെയാണ് വൈദ്യര്‍ ഇവിടെ വിമര്‍ശനവിധേയമാക്കുന്നത്.മോയിന്‍കുട്ടി വൈദ്യര്‍ 1883 ല്‍ എഴുതിയ മലപ്പുറം പടപ്പാട്ട് അവസാന ഭാഗത്ത് ഇങ്ങനെ പറയുന്നു.
സഹോദരന്‍മാരേ, മലപ്പുറം രക്ത സാക്ഷികളുടെ മഹത്വം മനസ്സിലാക്കുക. പിഴയാളികള്‍ പള്ളിയെരിച്ച് അപമാനിക്കുവാന്‍ ഒരുങ്ങിയപ്പോള്‍ ഒരാണ്ടിലെ മുഴുവന്‍ വെള്ളിയാഴ്ച പ്രസംഗങ്ങളുടെ അത്രയും എണ്ണം (44) പേരാണ് പൊരുതി മരിച്ചത്. അവരുടെ സിദ്ധികളിലൂടെ അവരെന്നും ജീവിച്ചിരിക്കുന്നു. നാട്ടിലുണ്ടായ അല്‍ഭുതങ്ങള്‍ മുഴുവന്‍ വിവരിക്കുവാന്‍ ഒരുമ്പെട്ടാല്‍ അവസാനിക്കുകയില്ല. രോഗങ്ങളും ശത്രുതയും ഞെരുക്കങ്ങളും കൊണ്ട് ഉഴലുന്ന സമയത്ത് അവരെ മുന്‍ നിറുത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അല്ലാഹു ഉടന്‍ പ്രത്യുത്തരം നല്‍കുന്നതായി കാണുന്നു. അവരുടെ അനുഭവങ്ങള്‍ വിവരിക്കാനുള്ള നേര്‍ച്ച ഈ കവിത കെട്ടികൊണ്ടു ഞാനിതാ പൂര്‍ത്തിയാക്കിയിരിക്കുന്നു. വാമൊഴി ചരിത്രകാരനായ യോഗ്യന്‍ ഹംസ മാസ്റ്ററുടെ മലപ്പുറം ശുഹദാക്കളെപ്പറ്റിയുള്ള കൃതിയില്‍ മലപ്പുറം ഖാസി ഒ.പി.എം മുത്തുക്കോയ തങ്ങള്‍ രേഖപ്പെടുത്തുന്നു. ആഘോഷപൂര്‍വമായിരുന്നു ആ കാവ്യത്തിന്റെ പ്രകാശനം നടന്നതെന്ന് വൈദ്യര്‍ മലപ്പുറം പടപ്പാട്ടില്‍ പറയുന്നുണ്ട്. വലിയപള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന, 183 വര്‍ഷം പഴക്കമുള്ള ‘ഒറ്റകത്ത് പുതിയ മാളിയേക്കല്‍ എന്ന ഞങ്ങളുടെ തറവാട്ടില്‍ വെച്ചായിരുന്നു അതിന്റെ പ്രകാശനം. ആ തറവാട് നിര്‍മ്മിച്ചത് ഹിജ്‌റ 1251 ആണെന്ന് വരാന്തയിലെ പ്രധാന വാതിലില്‍ കൊത്തിവെച്ചിട്ടുണ്ട്. മുശയ്യഖ് ഖബീലയില്‍പ്പെട്ട സയ്യിദ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല എന്ന അകത്തെ കോയ തങ്ങളാണ് ആ തറവാട് നിര്‍മ്മിച്ചത്. അദ്ദേഹത്തിന് ഒരു മകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ആ മകളെ പൊന്നാനി വലിയ ജാറത്തിങ്ങലെ ഹൈദ്രോസ് തറവാട്ടിലേക്ക് വിവാഹം ചെയ്തു. സയ്യിദ് അലി ഹൈദ്രോസ് തങ്ങള്‍ എന്ന ആ മരുമകന്‍ പിന്നീട് ഈ തറവാട്ടില്‍ താമസിക്കുകയും മലപ്പുറം ഖാസി സ്ഥാനം അലങ്കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്താണ് വൈദ്യര്‍ മലപ്പുറം പടപ്പാട്ട് രചിച്ചത്. ആ കാവ്യം സമര്‍പ്പിക്കുന്നതും അദ്ദേഹത്തിനാണ്. അദ്ദേഹത്തിന്റെ കറാമത്തുകളും ആ കാവ്യത്തിലുണ്ട്. താഴെ വരികള്‍ ശ്രദ്ധിക്കുക.

താനം ഉലൂമാരക്കരുക്കള്‍ ഊന്നി
തരുവായ് കനിതൂകും നഗര്‍ പൊന്നാനി
മാനത്തരുള്‍ സാദാത്തശ്‌റഫീങ്ങള്‍
മദ്ഫൂന്‍ ഇടം ബുസ്താന്‍ സിയാറത്തിങ്ങല്‍
ആനം മതി അദനി ഐദറൂസിയ്യാ
അഖ്താബരുള്‍ പെറ്റോര്‍ തമയ് ദുര്‍റിയ്യാ
നാമം വലി സയ്യിദലി മുത്താരര്‍............
മുകളും മലപ്പുറത്തെമൈ സിറാജാം
മുശ്ശൈഖബ്ദുറഹ്മാന്‍ അകത്തെ ഖോജ
മകളാം മനം കൊണ്ടെ മരുമാന്‍ ബീരര്‍.......

(മലപ്പുറത്തിന്റെ വിളക്കായ മുശയ്യഖ് അബ്ദുറഹ്മാന്‍ അകത്തെ ഖോജയുടെ മകളെ വിവാഹം ചെയ്ത, പണ്ഡിത പ്രഭുക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പൊന്നാനി സിയാറത്തിങ്ങല്‍ ഹൈദ്രോസ് ഖബീലയില്‍പ്പെട്ട സയ്യിദലി തങ്ങള്‍ക്ക് സമര്‍പ്പണം) അവരുടെ സന്താനപരമ്പരയാണ് ഇപ്പോഴും ഖാസിസ്ഥാനം വഹിക്കുന്നത്. (2013:11) 
 ബഹുമാന്യരായ നാട്ടുകാരണവന്‍മാരും ഗ്രാമീണരും വ്യാപാരികളും വേണ്ടപ്പെട്ടവരുമെല്ലാമുള്ള സദസ്സില്‍ വെച്ച് ഹിജ്‌റ  1300 (1883) റബീഉല്‍ അവ്വല്‍ 5 ന് തിങ്കളാഴ്ച ഞാന്‍ ഇക്കവിത പാടി അരങ്ങേറി. എന്റെ മാര്‍ഗ ദര്‍ശികളുടെ മഹത്വത്താലും കവിതയില്‍ പരാമൃഷ്ടരായ രക്തസാക്ഷികളുടെ ബര്‍ക്കത്താലും ഇരുലോകത്തിലേയും എല്ലാ അനര്‍ത്ഥങ്ങളില്‍ നിന്നും എല്ലാ കാലവും റബ്ബേ, നീ കാത്തരുളേണമേ എന്ന് വൈദ്യര്‍ പ്രാര്‍ത്ഥിക്കുന്നത് തുടര്‍ന്നു കാണാം. മാപ്പിളമാരുടെ അക്കാലത്തെ മത സാംസ്‌കാരിക ബോധം ഇതില്‍ നിന്നു മനസ്സിലാക്കാം.

അച്ചടിയും വൈദ്യരും
കേരളത്തില്‍ മലയാളം അച്ചടി വരുന്നത് 1821 ല്‍ കോട്ടയത്ത് ബെഞ്ചമിന്‍ ബെയ്‌ലി സി.എം.എസ് പ്രസ് ആരംഭിക്കുന്നതോടെയാണ്. 1825 ല്‍ ഈശ്വര പിള്ള വിചാരിപ്പുകാര്‍ തിരുവന്തപുരത്ത് സ്ഥാപിച്ച അച്ചടി ശാലയാണ് കേരളത്തില്‍ മലയാളികള്‍ സ്ഥാപിച്ച ആദ്യ അച്ചടിശാല. 1840 ല്‍ തന്നെ ‘ത്വിബ്ബുന്നബി തര്‍ജ്ജമ’ അറബി മലയാളത്തില്‍ കോഴിക്കോട്ടെ മുഹമ്മദ് ബ്‌നു അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ബോംബെയില്‍ നിന്ന് അച്ചടിക്കുന്നുണ്ട്. 1856 ല്‍ തിരൂരങ്ങാടിയില്‍ അറബി മലയാളത്തിനായി ലിത്തോഹാന്റ് പ്രസ് സ്ഥാപിക്കുന്നു. ഗുണ്ടര്‍ട്ടിന്റെ തലശ്ശേരിയിലെ അച്ചുകൂടത്തില്‍ നിന്ന്  പരിശീലനം ലഭിച്ച തിക്കൂക്കില്‍ കുഞ്ഞഹമ്മദ് 1860 ല്‍ തലശ്ശേരിയില്‍ അറബി മലയാള അച്ചുകൂടം സ്ഥാപിച്ചു. നാദാപുരം വളപട്ടണം പൊന്നാനി, തിരൂരങ്ങാടി, മലപ്പുറം, കോടൂര്‍, കൊണ്ടോട്ടി, വെന്നിയൂര്‍, പരപ്പനങ്ങാടി, തിരൂര്‍, നല്ലളം, കൊടുങ്ങല്ലൂര്‍, കൊച്ചി, വാളംകുളം, കായംകുളം എന്നിവടങ്ങളിലെല്ലാം തുടര്‍ന്ന് അറബി മലയാള മുദ്രണാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 1897 ല്‍ ആദ്യ മാസിക ഹിദായത്തുല്‍ ഇഖ്‌വാനും 1899 ല്‍ ആദ്യ വാരിക റഫീഖുല്‍ ഇസ്ലാമും പുറത്തിറങ്ങുന്നുണ്ട്.
കേരളത്തില്‍ മലയാളത്തില്‍ അച്ചടി തുടങ്ങുന്ന കാലത്തു തന്നെ അറബി മലയാളവും അച്ചടിയിലേക്ക് പ്രവേശിച്ചു. പത്ര- വാരിക, മാസിക, തുടങ്ങിയവയെല്ലാം മലയാളത്തിനു സമാന്തരമായി അറബി മലയാളത്തിലും വ്യാപകമായി പ്രചരിച്ചു. മോയിന്‍കുട്ടി വൈദ്യരുടെ മിക്ക കൃതികളും ജീവിത കാലത്തു തന്നെ അച്ചടിക്കപ്പെട്ടു കാണാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. ആധുനികതയുടെയും സമാന്തര വിദ്യാഭ്യാസത്തിന്റേയും രാഷ്ട്രീയ പ്രബുദ്ധതയുടെയും ആയുധമായി അച്ചടിയെ അതിന്റെ ആദ്യകാലത്തു തന്നെ കേരള മുസ്‌ലിംകള്‍ ഏറ്റെടുത്തു. അതേ സമയം വാമൊഴിയായും പാടിപ്പറയലുകള്‍ വഴിയും തന്റെ കൃതികള്‍ ജനകീയാടിത്തറയുള്ള മറ്റൊരു വഴിയിലേക്കും പടര്‍ത്തുന്നതിന് വൈദ്യര്‍ക്ക് സാധിച്ചു. 20-ാം നൂറ്റാണ്ടിന്റെ പകുതി വരെ ഈ പാടിപ്പറയലുകള്‍ സജീവമായി നിലനിന്നിരുന്നു.

കൊണ്ടോട്ടി തങ്ങള്‍ - നേര്‍ച്ച - സാമൂതിരി
ഫറോഖ് ആസ്ഥാനമാക്കി ടിപ്പുസുല്‍ത്താന്‍ മലബാര്‍ ഭരിക്കുന്ന കാലത്ത് പട്ടാളക്കാരുടെ കേന്ദ്രം കൊണ്ടോട്ടിയായിരുന്നു. കൊണ്ടോട്ടി തങ്ങളുടെ തഖ്യാവനടുത്തായിരുന്നു ശിയാ മുസ്‌ലിംകളായ ഈ പഠാണി പട്ടാളക്കാര്‍ കുടുംബ സമേതം താമസിച്ചിരുന്നത്. പട്ടാളക്കാരുടെ ട്രെയിനിംഗിനെപ്പറ്റിയും ചിട്ടകളെപ്പറ്റിയും പ്രതിപാദിക്കുന്ന ‘ഫൗജി അഖ്ബാര്‍’ എന്ന ഉറുദു പത്രം 1784-1792 കാലത്ത് കൊണ്ടോട്ടിയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ടിപ്പുവില്‍ നിന്നും കൊണ്ടോട്ടിയുടെയും പരിസരത്തെയും ഇനാംദാര്‍ പദവി (നികുതി പിരിവവകാശം) ലഭിച്ചത് അന്നത്തെ കൊണ്ടോട്ടി തങ്ങളായ ഇസ്തിയാഖ് ശാഹ് ഒന്നാമന് ആയിരുന്നു. കൊണ്ടോട്ടി തങ്ങള്‍ പരമ്പരയില്‍ ശിആ സ്വാധീനമുള്ള ചില ആചാരങ്ങള്‍ കടന്നുകൂടിയത് ഇക്കാലം മുതല്‍ക്കാണെന്ന് പറയപ്പെടുന്നു (7). 1848 ല്‍ മുഹമ്മദ് ഷാ തങ്ങളുടെ ഖബറില്‍ പേര്‍ഷ്യന്‍ ശൈലിയില്‍ ഖുബ്ബ സ്ഥാപിക്കുന്നതും കൊണ്ടോട്ടി നേര്‍ച്ച മുഹമ്മദ് ഷായുടെ പേരിലാക്കുന്നതും ഇസ്തിയാഖ് ഷാ ഒന്നാമനാണ്. അതുവരെ മുഹ്‌യുദ്ദീന്‍ ശൈഖ്, മുഈനുദ്ദീന്‍ ചിഷ്തി എന്നിവരുടെ പേരില്‍ ഉറൂസ് ആയിരുന്നു നടന്നു വന്നിരുന്നത്.  ഇസ്തിയാഖ്ഷാ രണ്ടാമന്റെ സ്ഥാനാരോഹണ സമയത്താണ് (1868) വൈദ്യര്‍ അദ്ദേഹത്തിന്റെ മേന്മകള്‍ വിവരിക്കുന്ന ‘കറാമത്ത് മാല’ രചിക്കുന്നത്. മോയിന്‍കുട്ടി വൈദ്യര്‍ കുട്ടിയായിരിക്കുമ്പോള്‍ രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലായി. അന്നത്തെ പ്രഗല്‍ഭ വൈദ്യനായിരുന്ന പിതാവ് ഉണ്ണി മമ്മദ് വൈദ്യരുടെ ചികിത്സ ഫലിക്കാതിരുന്നപ്പോള്‍ ഇസ്തിയാഖ് ശാഹിന്റെ അടുത്തു ചെന്ന് സങ്കടപ്പെട്ടു. അദ്ദേഹം രോഗശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കുട്ടിയെ ആശീര്‍വദിച്ച്, പ്രശസ്തനാവുമെന്ന് പ്രവചിക്കുകയും ചെയ്തു. ഈ സംഭവം കൊണ്ടോട്ടിയുടെ പ്രാദേശിക ചരിത്രകാരനായ ഉമര്‍ മധുവായ് സൂചിപ്പിക്കുന്നുണ്ട് (2011:55).
1720 ലെ മലപ്പുറം പടക്കുശേഷം പാറനമ്പിമാര്‍ മുസ്‌ലിംകളുമായി പഴയ സൗഹാര്‍ദ്ദം തിരിച്ച് പിടിച്ചിരുന്നു. എന്നാല്‍ ടിപ്പുവിന്റെ വരവില്‍ അധികാരം നഷ്ടപ്പെട്ട സാമൂതിരിയും സാമന്തനായ മലപ്പുറത്തെ പാറനമ്പിയും വീണ്ടും മുസ്ലിം വിരോധികളായിത്തീര്‍ന്നു. 1799 ല്‍ ടിപ്പുവിന്റെ രക്തസാക്ഷിത്വത്തിനു ശേഷം ബ്രിട്ടിഷുകാര്‍ മലബാറിന്റെ അധികാരം വീണ്ടെടുത്തു.  സവര്‍ണ്ണ ജന്മിമാര്‍ കൂടുതല്‍ പ്രതാപത്തോടെ തിരിച്ചുവന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് -ജന്മി അനുകൂലിയായിരുന്ന കൊണ്ടോട്ടി തങ്ങള്‍ ടിപ്പുവിന്റെ കാലത്ത് ടിപ്പു പക്ഷത്തായിരുന്നുവല്ലൊ. ഇതില്‍ പ്രതികാരം ചെയ്യുവാന്‍ പാറനമ്പി കൊണ്ടോട്ടിയുമായി ഒരു യുദ്ധം നടത്തി. ഇസ്തിയാഖ് ശാഹ് ഒന്നാമന്റെ കാലത്ത് നടന്ന ഈ യുദ്ധത്തില്‍ 23 മുസ്ലിങ്ങള്‍ രക്തസാക്ഷികളായി. പരാജിതനായ പാറനമ്പി തന്റെ ആറ് വലിയ പീരങ്കികള്‍ കൊണ്ടോട്ടിയിലുപേക്ഷിച്ച് രക്ഷപ്പെട്ടു (8). ഇന്നും കൊണ്ടോട്ടി നേര്‍ച്ചയില്‍ ഈ പീരങ്കികള്‍ പൊട്ടിക്കുന്നത് ഇതിന്റെ ഓര്‍മ്മക്കാണ്. നേര്‍ച്ചയിലെ പല ചടങ്ങുകളിലെയും കാര്‍മ്മികര്‍ ദലിത് വിഭാഗക്കാരാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ടോട്ടി തങ്ങളും സാമൂതിരിയുമായുള്ള ബന്ധം വീണ്ടും നന്നാവുന്നുണ്ട്. 1865ല്‍ നാമമാത്ര അധികാരമായിരുന്നെങ്കിലും സാമൂതിരിയുടെ അരിയിട്ടുവാഴ്ച ചടങ്ങിന് കൊണ്ടോട്ടിതങ്ങള്‍ ഇസ്തിയാഖ്ശാ രണ്ടാമനും പങ്കെടുത്തു. കൂടെ പതിമൂന്ന് വയസ്സുള്ള മോയിന്‍കുട്ടി വൈദ്യരും ഉണ്ടായിരുന്നു. അവിടെ അരങ്ങേറിയ നൃത്തത്തെകുറിച്ചാണ് കളിക്കാരത്തിനെകൊണ്ടുണ്ടാക്കിയ പദം എന്ന കവിത വൈദ്യര്‍ എഴുതുന്നത്.

ആഭ്യന്തര സംവാദങ്ങളും വൈദ്യരും
ഒരു ഭാഗത്ത് വൈദേശിക ശക്തികള്‍ക്കും ജന്മിമാര്‍ക്കുമെതിരെ പൊരുതുമ്പോഴും മറുവശത്ത് വിശ്വാസ ശാസ്ത്രപരമായ സംവാദങ്ങള്‍ കൂടി മാപ്പിളമാര്‍ക്കിടയില്‍ നടക്കുന്നുണ്ടായിരുന്നു. മഖ്ദൂമുകളുടെ കാലം മുതലേ സുന്നി ഉലമാക്കളുടെ കീഴില്‍ നില നിന്നിരുന്ന പൊന്നാനി പാരമ്പര്യത്തിന് 19-ാം നൂറ്റാണ്ടില്‍ കൊണ്ടോട്ടി തങ്ങള്‍മാരുടെ ശിയാ സ്വാധീനത്തോട് ആശയ സംഘര്‍ഷത്തിലേര്‍പ്പെടേണ്ടി വന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ നിലനിന്ന ഈ മതസംവാദമാണ് കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കം എന്നറിയപ്പെടുന്നത്. കൊണ്ടോട്ടിതങ്ങളുടെ പ്രഭാവലയത്തിലാണ് മോയിന്‍കുട്ടി വൈദ്യര്‍  യൗവ്വനം കഴിഞ്ഞു കൂടുന്നതും കാവ്യ രചനക്ക് വിഷയങ്ങള്‍ സ്വീകരിക്കുന്നതും. വൈദ്യരുടെ സമകാലികനും സഫലമാലയുടെ കര്‍ത്താവുമായ ശുജാഇ മൊയ്തു മുസ്ല്യാര്‍ പൊന്നാനിക്കൈക്കാരുടെ പ്രതിനിധിയായി കൊണ്ടോട്ടിയില്‍ വന്ന് ആശയസംവാദം നടത്തുന്നുണ്ട്. 24-ാം വയസ്സിനു ശേഷം വെദ്യരുടെ പ്രമേയങ്ങള്‍ക്ക് പൊന്നാനി ധാരയോട് ആഭിമുഖ്യം വരുന്നതായി മനസ്സിലാക്കാം. സലീഖത്തു പടപ്പാട്ടായിരുന്നു ഹുസ്‌നുല്‍ ജമാല്‍ കാവ്യത്തേക്കാള്‍ വിമര്‍ശിക്കപ്പെട്ടത്. ഇശ്തിയാഖ് ശാഹ് രണ്ടാമന്റെ തക്കിയാവിലെ സ്ഥാനാരോഹണ ദിവസമായിരുന്നു സലീഖത്ത് പ്രകാശിപ്പിച്ചത്. ഈ കഥക്ക് ഇസ്ലാമിക ചരിത്രത്തില്‍ സ്ഥിരീകരണമില്ലാത്തതിനാലും കൈത്തര്‍ക്കം രൂക്ഷമായ കാലമായിരുന്നതിനാലും ഇതിന് കൂടുതലായി വിമര്‍ശനം നേരിട്ടു. മാപ്പിളകവിയായിരുന്ന വെട്ടത്തു പുതിയങ്ങാടി പക്കിത്താന്റകത്ത് കുഞ്ഞാവ, വൈദ്യരെ വിമര്‍ശിച്ചു കൊണ്ട് ഒരു തെറിപ്പാട്ട് തന്നെ എഴുതി (ഉമര്‍ മധുവായ് 2011:136).
അക്കാദമിക തലത്തില്‍ ഏറെ പ്രബലമായ  ജ്ഞാനോദയ വീക്ഷണ പ്രകാരം വിമര്‍ശനം എന്നത് യുക്തിയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ മതചിന്തകള്‍ക്കകത്ത് നടക്കുന്ന സംവാദങ്ങള്‍ ദൈവശാസ്ത്രത്തിന്റെ ചിന്താപദ്ധതികള്‍ക്കുള്ളില്‍ തന്നെ നിലനില്‍ക്കുന്ന വിമര്‍ശന സംസ്‌കാരമായിക്കാണേണ്ടതാണ് എന്ന ഇര്‍ഫാന്‍ അഹ്മദിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.(9)  കിളത്തിമാല, കറാമത്ത്മാല, സലാസില്‍ തുടങ്ങിയ ആദ്യകാല കൃതികളില്‍ നിന്നും ബദര്‍, ഉഹ്ദ്, ഹിജ്‌റ തുടങ്ങിയ പ്രമാണാധിഷ്ഠിതമായ കൃതികളിലേക്കുള്ള വൈദ്യരുടെ ചുവടുമാറ്റം ഈ സംവാദങ്ങളുടെ ഫലമായി വേണം മനസ്സിലാക്കുവാന്‍.

പടപ്പാട്ടുകളും വൈദ്യരും
ആഴ്ചച്ചന്തകളിലും വെള്ളിയാഴ്ച ജുമുഅകളിലും കല്യാണച്ചടങ്ങുകളിലും വെച്ച് മാപ്പിളമാര്‍ സമര വാര്‍ത്തകള്‍ കൈമാറി. ഓരോ പോരാട്ടത്തിലേയും രക്തസാക്ഷികളുടെ അപദാനങ്ങള്‍ മാപ്പിള ഗായക സംഘങ്ങള്‍ നാടുതോറും പാടി നടന്നു.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല യുദ്ധങ്ങള്‍ (ബദര്‍, ഉഹ്ദ്, ഫുതുഹുശ്ശാം, മക്കം ഫത്ഹ്, ഖന്തക്, ഖൈബര്‍, ഹുനൈന്‍, കര്‍ബല, മുഅ്ത്ത, തബൂക്ക്) ജന്മി- ബ്രിട്ടീഷ് വിരുദ്ധ പ്രാദേശിക സമരങ്ങള്‍ (മലപ്പുറം, ഓമാനൂര്‍, ചേറൂര്‍, മണ്ണാര്‍ക്കാട്, മഞ്ചേരി) കല്‍പ്പിത കഥകള്‍ (സഖൂം, സലീഖത്ത്, സലാസില്‍, ജിന്‍പട, എലിപ്പട) ഇങ്ങിനെ മൂന്നുതരം പടപ്പാട്ടുകളും 19-ാം നൂറ്റാണ്ടില്‍ മാപ്പിളമാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചു.
1843 ല്‍ തിരൂരങ്ങാടിക്കടുത്ത ചേറൂരില്‍ 60 ബ്രിട്ടീഷ് പട്ടാളക്കാരോട് 7 മാപ്പിളമാര്‍ പോരാടി ശഹീദായ സംഭവമാണ് ചേറൂര്‍ പടപ്പാട്ടില്‍ (1845) വിവരിക്കുന്നത്. ഈ പാട്ട് ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും, അച്ചടിച്ച പ്രസ്സ് കണ്ടുകെട്ടുകയും ചെയ്തു. ചേറൂര്‍ ശുഹദാക്കളുടെ ഖബര്‍ സന്ദര്‍ശിച്ച്  പ്രാര്‍ത്ഥന നടത്തുന്നതിന് കര്‍ശനമായ വിലക്കേര്‍പ്പെടുത്തിയിരുന്നു. 1891 ല്‍ മണ്ണാര്‍ക്കാട്ടും 1896 ല്‍ മഞ്ചേരിയിലും നടന്ന ബ്രിട്ടീഷ് വിരുദ്ധ മാപ്പിള പോരാട്ടങ്ങളെപ്പറ്റി മണ്ണാര്‍ക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട് എന്നിവ ഉണ്ടായി.
സ്വന്തം ജീവിതത്തേക്കാള്‍ സമൂഹത്തിന്റെ വിമോചനം ലക്ഷ്യം വെച്ച രക്തസാക്ഷികളെ മാപ്പിള സമൂഹം അങ്ങേയറ്റം ആദരവോടെയാണ് കണ്ടത്. പല പോരാട്ടങ്ങളിലും തങ്ങളുടെ കൂടെ പോരാടി മരിച്ച ദലിതരായ രക്തസാക്ഷികളെയും മാപ്പിളമാര്‍ ബഹുമാനിച്ചു. മലപ്പുറം പടയിലെ തട്ടാന്റെ രക്തസാക്ഷിത്വം ഉദാഹരണമാണ്.  ഈ സംഭവത്തെ പ്രാദേശിക ചരിത്രകാരനായ ഹംസ മാസ്റ്റര്‍ വിവരിക്കുന്നതിങ്ങനെയാണ്. “സാധാരണക്കാരും അവര്‍ണരും ഈ സമരത്തില്‍ പാറനമ്പിക്ക് എതിരായിരുന്നു. പാറനമ്പിയുടെ സൈന്യാധിപരായ മുകുന്ദനും അറുമുഖനും അതിന് തെളിവാണ്. കപ്പൂര്‍ പോക്കര്‍ സാഹിബിന്റെ ആത്മ സുഹൃത്തായിരുന്നു തട്ടാന്‍ കുഞ്ഞേലു. പൂട്ടു കാളക്ക് കോഴി ഇടിച്ച് ചോറുരുട്ടി കൊടുക്കുന്ന സമയത്താണ് കുഞ്ഞേലു, പള്ളി സംരക്ഷണത്തിന് പോക്കര്‍ പോയ വിവരമറിയുന്നത്. മുസ്ലിംങ്ങളുടെ ഭാഗത്താണ് ശരിയെന്നു മനസ്സിലാക്കിയ കുഞ്ഞേലു  പള്ളിയിലെത്തി. പോക്കര്‍കാക്കയോടൊപ്പം ശഹാദത്ത് കലിമ ചൊല്ലി കുഞ്ഞാലി എന്ന പേര് സ്വീകരിച്ച് 44-ാമത്തെ ആളായി പള്ളിയില്‍ പ്രവേശിച്ചു. (2013:39-40).
രക്തസാക്ഷിത്വത്തിന്റെ മഹത്വം വ്യക്തമാക്കുന്ന കിളത്തിമാല (1866) യുദ്ധചരിത്രങ്ങളായ ബദര്‍പടപ്പാട്ട് (1876) ഉഹ്ദ്പടപ്പാട്ട്, (1879) മലപ്പുറം പടപ്പാട്ട് (1883) എന്നിവയാണ് ഈ ഗണത്തില്‍പ്പെടുത്താവുന്ന വൈദ്യരുടെ രചനകള്‍. മലപ്പുറം പടപ്പാട്ട് ബ്രിട്ടീഷുകാര്‍ നിരോധിച്ചു. അമ്പാട്ടു ഹൈദ്രോസ് അടക്കമുള്ള പല മാപ്പിള പോരാളികളുടെയും മൊഴി രേഖപ്പെടുത്തിയപോള്‍ പടപ്പാട്ടുകള്‍ തങ്ങള്‍ക്ക് പ്രചോദനമായതായി പറയുന്നുണ്ട്. പല രക്തസാക്ഷികളുടെയും ശരീരത്തില്‍ നിന്ന് വൈദ്യരുടെ പടപ്പാട്ടുകള്‍ കണ്ടെടുത്തിട്ടുണ്ട്.

വൈദ്യരുടെ യാത്രകള്‍
1874 ലാണ് ബദറുല്‍ മുനീര്‍ കാവ്യം (തലശ്ശേരിയില്‍) അച്ചടിക്കുന്നത്. കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിലെ പെണ്‍കുട്ടിയോട് പ്രണയം തോന്നിയ വൈദ്യര്‍ അവളെപ്പറ്റി എഴുതിയ പൂമകളാണേ ഹുസ്‌നുല്‍ ജമാല്‍ എന്ന വരികള്‍ പുറത്തറിഞ്ഞപ്പോള്‍ നാടുവിട്ട് വൈദ്യര്‍  ബദറുല്‍ മൂനീര്‍ കാവ്യം പൂര്‍ത്തിയാക്കി തിരിച്ചുവന്നു. മേല്‍ വരികള്‍ പുതിയ കാവ്യത്തിലേതാണെന്നു പറഞ്ഞ് രക്ഷപ്പെട്ടതായി കഥയുണ്ട്. പേര്‍ഷ്യന്‍ ഭാഷയിലെ ഒരു കാവ്യം കൊണ്ടോട്ടി തഖ്യാവിലെ പേര്‍ഷ്യന്‍ പണ്ഡിതനായ നിസാമുദ്ദീന്‍ സാഹിബ് വൈദ്യര്‍ക്കായി പരിഭാഷപ്പെടുത്തികൊടുത്തതാണെന്നും അതിരുകടന്ന സ്ത്രീവര്‍ണനകള്‍ കാരണം രണ്ടു പേരെയും അക്കാലത്തെ മത പണ്ഡിതന്മാര്‍ വിമര്‍ശിച്ചുവെന്നും പറയപ്പെടുന്നു. ഒരു തീര്‍പ്പിലെത്താന്‍ കൊണ്ടോട്ടി തങ്ങളും ഖാദി അഹ്മദ് മുസ്ല്യാരും  വൈദ്യരുടെ പിതാവ് ഉണ്ണിമമ്മദ് വൈദ്യരുമുള്ള സദസ്സില്‍ വെച്ച് കാവ്യം ചൊല്ലി അര്‍ത്ഥം പറയാന്‍ വൈദ്യര്‍ ക്ഷണിക്കപ്പെട്ടു. തന്റെ കാവ്യം സ്വര്‍ഗസ്ത്രീകളെപ്പറ്റിയാണെന്ന് ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ വൈദ്യര്‍ സ്ഥാപിച്ചുവത്രേ. ഖാദി അഹ്മദ് മുസ്ല്യാര്‍ വൈദ്യരുടെ കവനപാടവത്തില്‍ ആകൃഷ്ടനാവുകയും  പല ചരിത്ര കൃതികളും വിവരിച്ചു കൊടുത്ത് ബദര്‍ പടപ്പാട്ടെഴുതാന്‍ പ്രചോദിപ്പിക്കുകയും ചെയ്തത് ഇതിനു ശേഷമാണ്. ബദറിന്റെയും, ഉഹ്ദിന്റെയും രചനക്കുവേണ്ടി വൈദ്യര്‍ നാടു ചുറ്റുന്നു. കോഴിക്കാടെ ഖാദിയും ശാദുലി ത്വരീഖത്തിന്റെ ഖലീഫയുമായ കില്‍സിങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞിയാണ് ‘സീറത്തുന്നബവിയ്യ വല്‍ ആസാറുല്‍ മുഹമ്മദിയ്യ’ എന്ന കൃതി വിവര്‍ത്തനം ചെയ്ത് വൈദ്യര്‍ക്ക് പറഞ്ഞുകൊടുത്തത്. പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടം ഓര്‍മ്മയില്‍ ഇരമ്പുന്ന മുച്ചുന്തിപ്പള്ളിയിലാണ് വൈദ്യര്‍ ഇക്കാലത്ത് താമസിച്ചത്. കോഴിക്കോട് ജീവിതം കോണ്ടോട്ടിയില്‍ നിന്നു ഭിന്നമായിരുന്നു. തറവാടുകളും കോയമാരുമെല്ലാം വൈദ്യരെ സ്വാധീനിച്ചുകാണണം. 1879 ലാണ് ഉഹ്ദ്പടപ്പാട്ടിന്റെ ആദ്യ പതിപ്പ് തലശ്ശേരി അറബിമലയാള പ്രസ്സില്‍ അച്ചടിച്ചത്. പരിപൂര്‍ണ പകര്‍പ്പവകാശം മാളിയേക്കല്‍ അഹ്മദ് കുട്ടിക്കാണ് വൈദ്യര്‍ നല്‍കിയത്. ബദറും ഉഹ്ദും പ്രസിദ്ധീകരിച്ചതിനു ശേഷം കൊണ്ടോട്ടിയില്‍ തിരിച്ചെത്തിയ വൈദ്യര്‍ ഇങ്ങനെ പറഞ്ഞത്രെ! 'ഞാന്‍ ഒരു കിണര്‍ കുഴിച്ചു. ഇപ്പോള്‍ അത് നികത്താന്‍ രണ്ട് മല നിറയെ മണ്ണുമായാണ് വന്നിരിക്കുന്നത്.' കിണറായി ബദ്‌റുല്‍ മൂനീര്‍ ഹുസ്‌നുല്‍ ജമാല്‍  കാവ്യത്തെയും മലയായി  ബദര്‍, ഉഹ്ദ് കാവ്യങ്ങളെയുമാണ് ഉദ്ദേശിക്കുന്നത്.
മലപ്പുറം പടപ്പാട്ടിനുവേണ്ടി 1883ല്‍ മലപ്പുറം പള്ളിയില്‍ താമസിക്കുന്ന കാലത്ത് 1720 ലെ സമര ഓര്‍മ്മകളുള്ള കാരണവന്മാരെ കാണുകയും രക്തം മണക്കുന്ന സമരസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സമകാല ജന്മിമാരുടെയും ബ്രിട്ടീഷുകാരുടെയും ക്രൂരതകള്‍ മനസ്സിലാക്കുകയും ചെയ്തു. പണ്ഡിതനും സമുദായ നേതാവുമായ അബ്ദുള്ള തങ്ങളാണ് സമരചരിത്ര രേഖകള്‍ പലതും വൈദ്യര്‍ക്ക് നല്‍കുന്നത്. 1885 ല്‍ മലപ്പുറം പടപ്പാട്ട് സ്വന്തം ചെലവില്‍ തലശ്ശേരിയില്‍ നിന്ന് വൈദ്യര്‍ അച്ചടിപ്പിച്ചു.
മാപ്പിളമാരല്ലാത്തവരും ഈ ചരിത്ര കാവ്യത്തില്‍ ആകൃഷ്ടരായി. രാമന്‍ വൈദ്യര്‍, കടുങ്ങച്ചിറ ഉണ്ണിവൈദ്യര്‍ എന്നീ പണ്ഡിതന്മാര്‍ മാപ്പിളമാരെക്കൊണ്ട് ഈ പാട്ട് പാടിപ്പിച്ചിരുന്നതായും വൈദ്യരെ അനുമോദിച്ചിരുന്നതായും പറയപ്പെടുന്നു. തീരദേശ മുസ്ലിങ്ങളുടെ സാംസ്‌കാരിക ജീവിതത്തിലേക്കു കൂടി വൈദ്യര്‍ ഇക്കാലത്ത് സഞ്ചരിക്കുന്നുണ്ട്. തിരൂര്‍-താനൂര്‍ പ്രദേശങ്ങളില്‍ കുറച്ചുകാലം അലഞ്ഞു ജീവിച്ചു.
1876 ല്‍ മംഗലാപുരത്ത് നടന്ന പുലവരുടെ കവി സമ്മേളനത്തിലേക്ക് വൈദ്യര്‍ ക്ഷണിക്കപ്പെടുന്നു. മംഗലാപുരത്തെ മുഹമ്മദ് ഹുസൈന്‍ എന്ന കവി വൈദ്യരുടെ ഗാന സാമര്‍ത്ഥ്യത്തില്‍ ആകൃഷ്ടനായി. ധാരാളം സമ്മാനങ്ങള്‍ ഈ സദസ്സില്‍ വെച്ച് വൈദ്യര്‍ ഏറ്റുവാങ്ങി. കണ്ണൂരിലെ അറക്കല്‍ ആലിരാജ (ഹബീബ് സുല്‍ത്താന്‍) യുടെ സ്ഥാനാരോഹണ ചടങ്ങില്‍ വൈദ്യരും നിസാമുദ്ധീന്‍ ശൈഖും കൊണ്ടോട്ടി തങ്ങളുടെ പ്രതിനിധികളായി പങ്കെടുത്തിരുന്നു. അവിടെ വെച്ച് പൈതല്‍ മരക്കാന്‍ നിര്‍മ്മിച്ച കോല്‍ക്കളിക്കു ശേഷം ഒരു ഒപ്പനക്കളിയും അരങ്ങേറി. ഈ കളിക്കു വേണ്ടി ഒപ്പന ചായല്‍, മുറുക്കം എന്നീ ഇശലുകളില്‍ വൈദ്യരാണ് പാട്ട് രചിക്കുന്നത്. അറക്കല്‍ കൊട്ടാരത്തിലും കാസര്‍ക്കോട്ടെ പാട്ടുഗ്രാമമായ മൊഗ്രാലിലുമെല്ലാം വൈദ്യര്‍ താമസിക്കുന്നത് ഇക്കാലത്താണ്.

എഫ്. ഫോസറ്റും വൈദ്യരും
പുരാതത്വ ഗവേഷകനായ  മലബാറിലെ ബ്രിട്ടീഷ്  പോലീസ് സൂപ്രണ്ട് എഫ്. ഫോസറ്റ് ആണ് വൈദ്യരെ കുറിച്ച് ആദ്യമെഴുതുന്നത്. 1899 ല്‍ ബദറുല്‍ മുനീര്‍ കാവ്യത്തെയും 1901 ല്‍ പടപ്പാട്ടുകളേയും പറ്റി മദ്രാസില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ഇന്ത്യന്‍ ആന്റക്വറിയിലാണ് അദ്ദേഹം എഴുതുന്നത്.
ബ്രിട്ടീഷുകാരുടെ ഭരണം തടസ്സപ്പെടുത്തുന്ന തരത്തില്‍ മാപ്പിളമാര്‍ പെരുമാറുന്നതിന് അവരുടെ വംശീയമായ  പ്രത്യേകതകളും പടപ്പാട്ടുകളും കാരണമാകുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പ്രാകൃത ജനവിഭാഗങ്ങളെപ്പറ്റിപഠനം നടത്താന്‍ യൂറോപ്യര്‍ വികസിപ്പിച്ച നരവംശ ശാസ്ത്രത്തിന്റെ കണ്ണിലൂടെയാണ് ഫോസറ്റ് മാപ്പിളമാരെ വീക്ഷിച്ചത്. (1890 ല്‍ എടക്കല്‍ ഗുഹയിലെ ലിഖിതങ്ങളുടെ പഴക്കം കണ്ടെത്തുന്നത് ഇദ്ദേഹമാണ്). ഏഷ്യന്‍ ആഫ്രിക്കന്‍ വിഭാഗങ്ങളെ പരിഷ്‌കൃതരാക്കിയെടുക്കേണ്ടത് യൂറോപ്യരുടെ ബാധ്യതയായതിനാല്‍ നിരന്തരം സമരത്തിലേര്‍പ്പെടുന്ന മാപ്പിളമാരെ സംസ്‌കാര ചിത്തരാക്കാന്‍ വൈദ്യരുടെ മലപ്പുറം പടപ്പാട്ടും ബദര്‍പടപ്പാട്ടും അദ്ദേഹം വിശകലനം ചെയ്യുന്നു. വൈദ്യര്‍ കൃതികള്‍ ഇംഗ്ലീഷിലാക്കിക്കൊടുത്തത് കോഴിക്കോടെ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കണ്ണന്‍ ബി.എ ആയിരുന്നു. വില്യം ലോഗന്റെ മലബാര്‍ മാന്വലും ഫോസറ്റ് ആധാരമാക്കുന്നുണ്ട്. മരണപ്പെട്ട പോരാളികളുടെയും ബ്രിട്ടീഷുകാരുടെയും എണ്ണത്തില്‍ തെറ്റായ വിവരങ്ങളാണ് ലോഗന്‍ നല്‍കുന്നത്. ഫോസറ്റും ഇത് ആവര്‍ത്തിച്ചു.
മാപ്പിളമാര്‍ മതഭ്രാന്തരാണ്. അന്യ സമുദായക്കാര്‍ മാപ്പിളമാരുടെ പള്ളിക്ക് കേട് വരുത്തിയാല്‍ അവര്‍ അക്രമോത്സുകരായി ഇറങ്ങും. മതത്തിന് വേണ്ടി പൊരുതി മരിച്ചാല്‍ പരലോകത്ത് ലഭിക്കുന്ന സുഖഭോഗങ്ങളാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ശാന്തരായ മറ്റു സമുദായക്കാരില്‍ വല്ലവരും ഇസ്‌ലാം സ്വീകരിച്ചാല്‍ അവരും രണോല്‍സുകരാവും. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നാദാപുരത്തെ നായന്മാര്‍ ഒന്നടങ്കം മുസ്ലിംങ്ങളായി. അതോടുകൂടി അവര്‍ സമാധാനശീലരല്ലാതായി എന്നാണ് ഫോസറ്റ്  പറയുന്നത്, ബദര്‍ യുദ്ധത്തിലാണ് ഉമര്‍ (റ) മരണപ്പെട്ടതെന്ന് പറയുന്ന ഫോസറ്റ്  ഹുനൈന്‍പടപ്പാട്ട് (ആരുടേതെന്ന് വ്യക്തമാക്കുന്നില്ല) എന്ന പേരില്‍ ഉദ്ധരിക്കുന്നത് വിചിത്രമായ ഒരു കഥയാണ്. മാലിക് ബിന്‍ അവ്വലി എന്ന ബഹുദൈവാരാധാകനായ രാജാവും ബ്രഹ്മാവും നാരദനും (ഇബ്‌ലീസ്) ചേര്‍ന്ന് നബിയോട് യുദ്ധം ചെയ്ത കഥയാണത്. (കെ.എം അജീര്‍ കുട്ടി 2006:182)

ഖിസ്സപ്പാട്ടുകളും പാടിപ്പറയലുകളും
313 ആളുകള്‍, 8 വാള്‍, 9 കുന്തം, 9 പടയങ്കി, 5 കുതിര എന്നിവയുമായി സര്‍വ സന്നാഹങ്ങളുള്ള ആയിരത്തോളം വരുന്ന ഖുറൈശികളോട് ബദറില്‍ മുസ്ലിംങ്ങള്‍ ജയിച്ച സംഭവം, സാമ്രാജ്യ ശക്തികളോട് പോരാടാന്‍ സന്നാഹം കുറവാണെന്നത് പ്രശ്‌നമല്ലെന്ന് മാപ്പിളമാരെ ബോധ്യപ്പെടുത്തി. ബദര്‍ പടപ്പാട്ടിലെ ദുര്‍ഗ്രഹ ഭാഷ പോലും പാടിപ്പറയലുകാര്‍ സംഗീതാത്മക കൊണ്ട് അതി ജീവിച്ചു. 15 ദിവസത്തോളം തുടരുന്നതും ഒരു ദിവസം നാലു മണിക്കൂറെങ്കിലും വരുന്നതുമായ തരത്തിലാണ് പാടിപ്പറയലുകള്‍ നടക്കുക. ദലിതരുടെ പങ്കാളിത്തമുള്ള ജനകീയ മേളകളായിരുന്നു ഇവ. മുട്ടും വിളി സംഗീതമോ ദഫോ ഉപയോഗിക്കും. ഒരു തരം രംഗകലയായിത്തന്നെ ഇതിനെക്കാണാം. കേരളത്തില്‍ ബദര്‍ പടപ്പാട്ടല്ലാതെ മറ്റൊരു കൃതിയും ഇങ്ങനെ പാടിപ്പറയപ്പെട്ടിട്ടില്ല. അക്കാലത്ത് നടന്നു വന്ന നേര്‍ച്ചകളില്‍ രക്ത സാക്ഷികളുടെ സ്മൃതികള്‍ ഉണര്‍ത്തുന്ന പരിപാടികളുണ്ടായിരുന്നു. ദലിതരുടെ പങ്കാളിത്തം, കലാ പ്രകടനങ്ങളിലെ സവര്‍ണ വിരുദ്ധത എന്നിവ ശ്രദ്ധേയമാണ്. ക്ഷേത്ര കേന്ദ്രിത വ്യവസ്ഥയില്‍ ദലിതര്‍ അന്യരും അരക്ഷിതരുമായിരുന്നുവല്ലോ. വൈദ്യരുടെ ബദര്‍ പടപ്പാട്ടില്‍ മുസ്ലിങ്ങളുടെ ശത്രുക്കളായ അറേബ്യയിലെ ഖുറൈശികളുടെ വാദ്യങ്ങള്‍ സവര്‍ണ വാദ്യങ്ങളായി ചിത്രീകരിക്കുന്നത് ഈ പശ്ചാത്തലത്തിലാവാം. ചെണ്ട, മദ്ദളം, തുടി, കൈമണി, ശംഖ് എന്നിവയാണ് ഖുൈറശികളുടെ കയ്യില്‍ വൈദ്യര്‍ വെച്ചുകൊടുക്കുന്നത്.

വൈദ്യരുടെ ഒപ്പനപ്പാട്ടു സംഘങ്ങള്‍
വൈദ്യരും തന്റെ പാട്ടു സംഘവും കല്യാണ സദസ്സുകള്‍ തോറും ഒപ്പനപ്പാട്ടു പാടി നടക്കാറുണ്ടായിരുന്നു. ഒരു കല്യാണ വേളയില്‍ സുഹൃത്തായ പുതുമാരനു വേണ്ടി എഴുതിപ്പാടിയ ‘വെറ്റിലപ്പാട്ട്’നോക്കാം.14-ാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത മലബാറിലെ നാട്ടുരാജാക്കന്‍മാരുടെ വെറ്റില നല്‍കുന്ന ഉപചാര ചടങ്ങുകളെപ്പറ്റി പറയുന്നുണ്ട്. മലബാറിലെ മാന്യന്മാരുടെ ശീലങ്ങളില്‍ മുഖ്യം വെറ്റില മുറുക്കാണ്. രാജാക്കന്മാര്‍ക്ക് കാണിക്കയായി കൊടുക്കാവുന്ന വിശിഷ്ട വസ്തുവാണ് വെറ്റില അത് നാട്ടു മുഖ്യന്മാര്‍ക്ക് പ്രിയങ്കരമാണ്. മലയാള നാട്ടിലെ രാജാക്കള്‍ക്ക് അധിപതിയായിരുന്ന ചേരമാന്‍ പെരുമാളിന്റെ കാലത്ത് മഹത്തായ സന്ദര്‍ഭങ്ങളിലെല്ലാം വെറ്റില മുറുക്കുണ്ടായിരുന്നു എന്നൊക്കെ വൈദ്യര്‍ ഈ പാട്ടില്‍ പറയുന്നുണ്ട്. ഇടപാടുകളെ കുറിച്ച് സംസാരിക്കുമ്പോള്‍ വായില്‍ ചവക്കാന്‍ നല്ലതാണ്. തുടര്‍ന്ന് വെറ്റില മുറുക്കുന്നതുകൊണ്ടുള്ള ഗുണം പറയുന്നു. കവിത ഇങ്ങനെ തുടരുന്നു.

വിരുത്തും മാരന്‍ തിന്നുന്നോനില്‍
തെരുത്തെ ചിരിയും ശീലിപ്പാനും
ദര്‍ബിക്കിത് പോല്‍ പുരുഷനും രാവില്‍
മറവില്‍ കുളല്‍ തക്ക പൊളുതൊക്കെയും
മാരനില്‍ കൊടുക്കുന്നത് അതിരസമാം
രസമില്‍ നല്ല പഴുത്ത അടക്ക
കുസുമം തോള്‍ ബലം പൊന്തിയ വെറ്റില
ഇസ്മില്‍ നോട്ടം എട്ട് പുകയില
നോട്ടം നൂറത് ചാന്ത് പരിശാലുമേ............
തീര്‍ത്തി ഇത് നാലും വശമായതില്‍
ആയതില്‍ പിന്നെ അടക്ക മുറിച്ച്
വായതില്‍ വെറ്റിലകൂടെ ചമച്ച്
അറിവിന്‍ ബീരിതം ഏറിയ വെറ്റില
കായും സഭ നിറം ഏറ്റിടും വെറ്റില
തെറിയും പോരും ഒഴിത്തിടും വെറ്റില

'ശബ്ദം വിട്ടിണങ്ങുവാനായ് വെറ്റിലക്കെട്ടും പണ്ടവും ചൊവ്വില്‍ കൊടുത്തതിനാല്‍ സ്ഥാനമാനം വെച്ചു പോന്നു.അതുപ്രകാരം ഒപ്പന പാടുന്നവര്‍ക്കും പാട്ടെഴുത്തുകാര്‍ക്കും വെറ്റില ഒരവകാശമാണ്. ഈ സഭയില്‍ വെറ്റില കാണാത്തതെന്താണ്. ഔചിത്യമറിയുന്ന കാരണവന്മാര്‍ ഇവിടെയില്ലേ....ഇല്ലെങ്കില്‍ അങ്ങാടിയില്‍ പോയി വാങ്ങി വരിക.ഇല്ലെങ്കില്‍ അയല്‍പ്പക്കത്തു നിന്ന് വാങ്ങുക. കാശില്ലെങ്കില്‍ വേണമെന്നില്ല. ഞങ്ങളോട് ഉള്ളുതുറന്ന് സംസാരിച്ചാല്‍ മതി. ഒരു പ്രശ്‌നവുമില്ല. കാശില്ലാത്ത കാര്യം മൂടി വെച്ച് മേനി നടിക്കണ്ട. ഉള്ളും പുറവും അറിയുന്നവനാണ് അല്ലാഹു. എനിക്കും പാട്ടുകാര്‍ക്കും എന്റെ മുഴുവന്‍ സ്‌നേഹിതര്‍ക്കും ഈ പുതുമാരനും മണവാട്ടിക്കും മരണം വരെ സന്തോഷം പ്രദാനം ചെയ്യണേ അല്ലാഹുവേ...' (സമ്പൂര്‍ണ്ണ കൃതികള്‍ പുറം 55 ബെത്തിലപ്പാട്ട് ) പാട്ടു സംഘങ്ങളെ പരിശീലിപ്പിക്കുകയും കൊണ്ടു നടക്കുകയും ചെയ്ത സംഘാടകന്‍ കൂടിയായ ബഹുമുഖ പ്രതിഭയായിരുന്നു വൈദ്യര്‍ എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

സൂഫീ ദര്‍ശനവും വൈദ്യരും
കേരള മുസ്ലിങ്ങളുടെ സാമൂഹിക ജീവിതത്തേയും കാവ്യ സരണിയേയും ആഴത്തില്‍ സ്വാധീനിച്ച ദര്‍ശനിക പാരമ്പര്യമാണ് സൂഫി, ത്വരീഖത്തുകളുടേത്. ഭാഷാ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഘട്ടങ്ങളായാണ് മാപ്പിള കാവ്യ വഴികളെ പണ്ഡിതന്മാര്‍ തരം തിരിക്കുന്നത്.
1. 1600-1750 കാലത്തെ മാലപ്പാട്ടുകളുടെ നാട്ടുഭാഷാ ബന്ധമുള്ള ഘട്ടം. മുഹ്‌യിദ്ദീന്‍ മാലയോടെ തുടങ്ങുന്ന ഈ ഘട്ടം, ത്വരീഖത്തുകളുടെ ആത്മീയ സംസ്‌കരണ പാതകളുമായി ബന്ധപ്പെട്ടാണ്  രൂപപ്പെടുന്നത്
2. 1750-1850 കാലം. ഭാഷയില്‍ തമിഴ്ചായ്‌വും പ്രമേയത്തില്‍ ദാര്‍ശനികതയുമുള്ള ഘട്ടം. കുഞ്ഞായിന്‍ മുസ്ലിയാരുടെ നൂല്‍മദ്ഹ്, നൂല്‍മാല, കപ്പപ്പാട്ട് മുതലായവ ഇക്കാലത്താണ്.
3. 1850-1930 കാലം. ബഹു ഭാഷാ കലര്‍ച്ചയും വിഷയ വൈവിധ്യങ്ങളുമുള്ള ഈ ഘട്ടം മോയിന്‍ കുട്ടി വൈദ്യരോടെയാണ് തുടങ്ങുന്നത്.
ഈ മൂന്നുഘട്ടങ്ങളിലും സൂഫി-ദാര്‍ശനികത മാപ്പിളക്കവിമാരുടെ പ്രധാന പ്രമേയമായിത്തന്നെ നില്‍ക്കുന്നുണ്ട്.
മോയിന്‍കുട്ടി വൈദ്യരുടെ ഹുസ്‌നുല്‍ ജമാലിലെ ഒന്നും രണ്ടും ഇശലില്‍ അല്ലാഹു നബി (സ), നാലു ഖലീഫമാര്‍, ഫാത്തിമ, ഹസന്‍, ഹുസൈന്‍ എന്നിവരെ സ്മരിച്ച ശേഷം മൂന്നാം ഇശല്‍ ഇങ്ങനെ കാണാം. ‘ബരിശൈ മികത്തെ ബാഗ്ദാദില്‍ ലങ്കും ബദര്‍ അബ്ദുല്‍ ഖാദര്‍ ഗുരുവര്‍/ ബലദുറ്റെ ഖോജാ അജ്മീറില്‍ വാഴും മുഈനുദ്ദീന്‍ താമും തുണയാം/ ഫരിശി തികഞ്ഞെ കുത്ബീങ്ങള്‍ ശൈഖോര്‍ വലിയാക്കള്‍ സാലിക് അനഫേര്‍/ പരിപൂര്‍ണ്ണത്തില്‍ തരുളായുദിത്തെ നബി ഉമ്മത്ത് യവ്വര്‍ തുണയാം’
സലാസീല്‍ ഖിസ്സപ്പാട്ടിന്റെ മൂന്നാം ഇശലില്‍, തനിക്ക് ഈ കഥ പറഞ്ഞു തന്ന കൊണ്ടോട്ടി ജുമാഅത്ത് പള്ളി ഖാദിയും മഖ്ദൂമുകളില്‍പ്പെട്ടവരുമായ മുസ്ല്യാരകത്ത് അഹ്മദ്കുട്ടി മുസ്ല്യാരെപ്പറ്റിപ്പറയുന്നു.

റാവി മുലൂക്കതില്‍ ഹുക്മുടയോര്‍
രാഗം പലേ ഇല്‍മില്‍ തെളിന്തേ വീരര്‍
നാവില്‍ ബലാഗത്തും ഫസ്വാഹത്തുള്ളോര്‍
നാട്ടം പലേ ദിക്കില്‍ മശ്ഹൂറാണോര്‍
മേവും ഇബാദത്തില്‍ ഇടവിടാതോര്‍
മന്നോന്‍ ഹള്‌റത്തില്‍ ശുഹൂദുടയോര്‍
പാപം വരാതെ നേര്‍വഴി പുകിന്തോര്‍
ഫള്‌ലാല്‍ മഖ്ദൂമാര്‍ വഴി പൂകിന്തോര്‍
വഴി നല്‍ ശരീഅത്തിന്‍ സ്വഫീനത്തേറി
വളര്‍മ ത്വരീഖ് ആടി ഹഖീഖില്‍ പാറി
ഖൊശിയായ് മഅ്‌രിഫത്ത് അളമും തേടീ
കോനോര്‍ മലക്കൂത്തില്‍ വിടാതെ നോടീ

മലപ്പുറം ഖിസ്സപ്പാട്ട് (മതിനിധിമാല) ഒന്നാം ഇശലില്‍ ആത്മ ജ്ഞാനികളായ സൂഫി ദാര്‍ശനികരുടെ ഗൂഢാര്‍ത്ഥങ്ങള്‍ ഉള്ളടക്കിയ വരികളാണ്. ‘അഹദത്ത് ബഹാസനാ മില്‍ക് അസ്‌റാറ് /ഹൈറാനിയിത്തക്കടല്‍ ഹാഹുവിനാ’ . അഹദത്ത് (ഏകത്വം) ബഹാഅ് (സൗന്ദര്യം), സനാ(ഉജ്ജ്വലത), മില്‍ക് (ഉടമസ്ഥത) എന്നിവയുടെ അമ്പരപ്പിക്കുന്ന രഹസ്യങ്ങള്‍ നിറഞ്ഞ സാഗരമാണ് ഹാഹു. ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ ചുരുക്കമായി സൂഫികള്‍ ഉപയോഗിക്കുന്നതാണ് ഹാഹു. അതില്‍ പൂര്‍ണമായി മനസ്സിരുത്തിയും അല്ലാഹുവിനെ സ്തുതിച്ചും അവന്റെ കാവലിനെ തേടിക്കൊണ്ടും ഞാന്‍ ഈ കാവ്യ രചന തുടങ്ങുന്നു എന്നാണ് വൈദ്യര്‍ പറയുന്നത്.
മലയാളത്തിലെ സൂഫികവിയായിരുന്ന അബ്ദുല്‍ഖാദര്‍ ഇച്ചമസ്താന്‍ മോയിന്‍കുട്ടി വൈദ്യര്‍ക്ക് ഗുരുതുല്യരാണ്. കായല്‍ പട്ടണത്തെ ഉമരുല്‍ ഖാഹിരിയുടെ അല്ലഫല്‍ അലിഫ് എന്ന സൂഫി കാവ്യത്തിന്റെ വ്യാഖ്യാനമറിയാന്‍ ഇച്ചമസ്താന്‍ കൊണ്ടോട്ടി തങ്ങളായ ഇസ്തിയാഖ് ശായെ സമീപിച്ചതായി പറയപ്പെടുന്നു(10).സ്വലീഖത്ത് പാട്ട് മൂന്നാം ഇശലില്‍ കാണാം. സ്വഹബ് അണത്തരുടെ അഹ്‌ലൂല്‍ ബൈത്തുമേ/ കഹനര്‍ മുത്ത് നബി റുസൂല്‍കളും/ സബ് മശാഇഖ് എനും ഔലിയാക്കള്‍ ഖുതുബ്/ അവരെ പാദം എന്‍ പുകളലാം’.

രംഗകലയും വമ്പും
ചാക്യാര്‍ ഗദ്യം പോലെ ചര്‍ച്ച ചെയ്യാവുന്ന ഒന്നാണ് മാപ്പിള സാഹിത്യത്തിലെ വമ്പ്  എന്ന താളാത്മക ഗദ്യം. മണിപ്രവാളത്തിലെ പദ്യത്തിനിടക്ക് ഗദ്യം കടന്നുവരുന്ന ചമ്പൂരിതിയോടും ഇതിനെ താമതമ്യപ്പെടുത്താം. രംഗകലയില്‍ ഉള്‍പ്പെടുത്താവുന്ന ചേഷ്ടകളോടുകൂടിയാണ് മാപ്പിളപ്പാട്ടുകള്‍ പാടിപ്പറയുന്നതിനിടക്ക് വമ്പിനെ അവതരിപ്പിക്കാറുള്ളത്. ബദര്‍പ്പാട്ടിലെ 57-ാം ഇശല്‍ ഒരു വമ്പാണ്.
മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിലവസല്ലമ അവ്വലുല്‍ മൗജൂദത്തിന് എളുന്ത് പങ്കജത്താല്‍ പിനത്തെ ആയത്തുല്‍ കുബ്‌റാ കല്‍പ്പകത്തട്ട് അര്‍ശിന്‍ കീഴാക്കി രാജാക്കള്‍ ചൂടും തിരുമകുട കവികൈകാലടി നടുക്കുള്‍ പതിച്ചെ വജ്രകുഞ്ഞിക്കുരുപോല്‍ ഇരുപ്പതാകെ മന്‍മന ചെയ്‌വാന്‍ പണിയും പച്ചകലശത്തില്‍അന്തരകുഴിപോല്‍ ഈ ഭൂലോകത്തുക്ക് നടുവട്ടമാകും ഉമ്മുല്‍ഖുറാ തലത്തില്‍ കുഫ്‌രിയ്യത്തെണ്ടെകട്ടരികള്‍  വിത്ത് ഊണ്ടി കൊടും കാഫിര്‍ വനക്കായല്‍ എളുന്ത് ജഹലത്തുല്‍ അളീം കമ്പരം പടര്‍ന്ന്’തമിഴ് പുലവ പാരമ്പര്യത്തില്‍ നിന്നുമാവണം ഈ വമ്പ് മാപ്പിള സാഹിത്യത്തിലേക്കു വന്നത്. കാക്കാരിശ്ശി നാടകം മുതലായ കേരളത്തിലെ നാടോടി-അവതരണക്കലകളില്‍  ഇത്തരം താളാത്മകവും അനുസ്യൂതിയുമായ ഗദ്യം ഉപയോഗിക്കാറുണ്ട്.

തിരിപ്പുകള്‍
തിരിപ്പുകള്‍ എന്ന പേരിലും വമ്പിനു സമാനമായ ഗദ്യം ഉപയോഗിക്കാറുണ്ട്. സലീഖത്ത് 90-ാ മത്തെ ഇശല്‍ തിരിപ്പുകളാണ്.
കല കല കലഹമേല്‍ കുതി കുതി കുതുകുലമാകാതളം ബട്ടക്കെട്ട് ഇളകൂവെ ചരചര കയര്‍ പടുവത് കണകണ്ടവേറാ ചിറന്ത് തൊട്ട് അസ്ത്രമേ കൊടി കിതകരി വര്‍ണ കജനിജ് നിജ് ഹര്‍ദികൊടി ഊടാടി പുറം പുക്ക് കക്കിടമിനു ശുജഓരില്‍. (കല കലഹത്തിന്റെ കുതുകൂലം കൊണ്ട് ആ പടക്കളം കുലുങ്ങി. അമ്പയക്കുന്നവരും കുന്തമെറിയുന്നവരും കൊടി വഹിക്കുന്നവരും കക്കിടം പ്രയോഗിക്കുന്ന ധീരന്‍മാരും കലഹതീഷ്ണത കൂട്ടി).
വമ്പ്, തിരിപ്പുകള്‍ എന്നിവ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ വളരെ പ്രാധാന്യത്തോടെ പഠിക്കപ്പെടേണ്ടതാണ് എന്നു മാത്രം സൂചിപ്പിക്കുന്നു.

ദേശീയ പരികല്‍പനകള്‍
ഇന്ത്യ, കേരളം എന്നീ ദേശമോ ആധുനികത, മതേതരത്വം എന്നീ പരികല്പനകളോ രൂപപ്പെടാത്ത ഒരു കാലത്തെ/ സംഭവത്തെ ആധുനികമായ സാമഗ്രികളുപയോഗിച്ചാണ് ദേശീയ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ആധുനിക പൂര്‍വമായ പോരാട്ടങ്ങളൊക്കെയും ദേശരാഷ്ട്രത്തിനു വേണ്ടിയായിരുന്നു എന്ന മട്ടിലാണ് നമ്മുടെ ചരിത്രകാരന്‍മാര്‍ വിലയിരുത്തന്നത്. 20-ാം നൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന കാര്യങ്ങളെ മനസ്സിലാക്കുവാന്‍ മതേതരം, മതപരം എന്ന വിഭജനം അപര്യാപ്തമാണ്. ചരിത്രം /കെട്ടുകഥ, യാഥാര്‍ത്ഥ്യം/ സ്വപ്നം എന്നീ ദ്വന്ദ്വങ്ങളും അപ്രസക്തമാണ്. സ്റ്റീഫന്‍ ഡൈല്‍, ഹിച്ച് കോക്ക്, എം. ഗംഗാധരന്‍ എന്നിവര്‍ 1921- ലെ സമരത്തെ നോക്കി കണ്ടത് സെക്കുലര്‍ ആധുനികതയുടെ കൊളോണിയല്‍ വീക്ഷണത്തിനകത്ത് നിന്നാണ്. അതു കൊണ്ടാണ് ആലിമുസ്ലിയാര്‍ അഹിംസാ വിരുദ്ധനായ തീവ്രവാദിയായി ദേശീയവാദ ആഖ്യാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ദേശീയതയും രാജിയക്കാരും
“എന്‍ മലരേ നമ്മളെല്ലാം രാജീയക്കാരല്ലേ” എന്ന് 1865 ല്‍ വൈദ്യര്‍ എഴുതിയ പ്രണയഗാനത്തിലുണ്ട്. ദേശീയതയെ വൈദ്യര്‍ സങ്കല്‍പിക്കുന്നതായി ചിലര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രദേശത്തിന് നാട്ടു ഭാഷയില്‍ ‘രാജ്യം’ എന്നാണ് പറയുക. ഇത് 1940 ഓടെ രൂപപ്പെടുന്ന ദേശീയ ബോധത്തിലേക്ക് ചേര്‍ക്കുന്നത് അടിസ്ഥാനരഹിതമാണ്.മമ്പുറം തങ്ങളും ഉമര്‍ഖാദിയും ദേശാഭിമാനികളും മോയിന്‍കുട്ടി വൈദ്യര്‍ ദേശീയ കവിയും ആകുന്നത് അങ്ങനെയാണ്. ദേശമില്ലാത്ത കാലത്ത് ഇതെങ്ങനെ സംഭവിക്കും എന്നതൊന്നും അവരുടെ ആലോചനക്ക് വിഷയമായില്ല.
20-ാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ സാഹിത്യ ചരിത്രം ജാതി ജീവിതത്തിന്റെ ചരിത്രം കൂടിയാണ്. ഇതിഹാസങ്ങളെയും പുരാണങ്ങളെയും ഭാഷാന്തരം ചെയ്താണ് മലയാള സാഹിത്യം വികസിച്ചത്. ആട്ടക്കഥകളും ചമ്പുക്കളും ആര്യ ജീവിതത്തിന്റെ വിനോദോപാധികളുടെ സാഹിത്യമായിരുന്നു. ധാരാളം സന്ദേശ കാവ്യങ്ങള്‍ രചിക്കപ്പെടുമ്പോള്‍ വഴി നടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നിരവധി ജനവിഭാഗങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്നു. (പ്രദീപന്‍ 2013:1808)  പ്രാചീന കാലം മുതലേ കീഴാളരായ ഉല്‍പ്പാദന ജനത സൂക്ഷിച്ചിരുന്ന ജ്ഞാനത്തെയും പാട്ടുകളെയും ഗൗരവമായ അറിവു പദ്ധതിയായി പരിഗണിച്ചിരുന്നില്ല. മാപ്പിള ജീവിതത്തിലെ നൂറ്റാണ്ടുകളായുള്ള പാട്ടുകളും മാലകളും ബൈത്തുകളും ഈ ഗണത്തില്‍ അപരിഷ്‌കൃതമായി തള്ളപ്പെടുകയോ പഠിക്കപ്പെടാതെ പോവുകയോ ചെയ്തു.
മാപ്പിളമാരുടെ ആധുനിക പൂര്‍വ സാംസ്‌കാരികതയെ വിലയിരുത്തുമ്പോള്‍ വ്യക്തിയെക്കാളുപരി സാമൂഹികത, രക്ത സാക്ഷി സ്മരണ തുടങ്ങിയവ കാണാം. ദളിതരുടെ ജീവിത വീക്ഷണത്തിലും സമാനതകളുണ്ട്. മതാശ്ലേഷം വഴി മലബാറിലെ ദളിതര്‍ ഇക്കാലത്ത് ധാരാളമായി ഇസ്ലാമില്‍ എത്തിച്ചേര്‍ന്നത് ഇതിനൊരു കാരണമാകാം. ദളിത് സമൂഹം പൊതുവില്‍ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആരധനാ ക്രമങ്ങളിലാണ് വിശ്വസിച്ചിരുന്നത്. ജീവിതാഭിവൃദ്ധിയാണ് അതിന്റെ ലക്ഷ്യം. മരിച്ചു പോയവരുടെ ത്യാഗത്തെ അവര്‍ വിലമതിക്കുന്നു. അത് സ്വന്തം പാരമ്പര്യമായി അവര്‍ സ്വീകരിക്കുന്നു.  കീഴാള സൗന്ദര്യശാസ്ത്രവും മാപ്പിള സാംസ്‌കാരികതയും വ്യക്തിയിലധിഷ്ഠിതമല്ല. സാമൂഹികതയിലാണ് അവ ഊന്നുന്നത്. കീഴാളര്‍ ജാതീയത അനുഭവിച്ചത് സാമൂഹികമായാണ്. അതിനാല്‍ സാമുദായികമായ ഒരു അതിജീവന ശ്രമത്തിനു മാത്രമേ ജാതീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നവര്‍ തിരിച്ചറിയുന്നു. സവര്‍ണ സൗന്ദര്യ വ്യവസ്ഥയെ അപഗ്രഥന വിധേയമാക്കികൊണ്ടു മാത്രമേ കേരളത്തിന്റെ സാംസ്‌കാരിക നിലപാടികളെ ബഹുസ്വരമാക്കാന്‍ കഴിയൂ എന്നര്‍ത്ഥം.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും പത്തൊമ്പതാം നൂറ്റാണ്ടിലുമുള്ള മലബാറിലെ മാപ്പിള ജീവിതത്തെയും അതുവഴി കേരള ചരിത്രത്തെയും വൈദ്യര്‍ കൃതികളില്‍ നിന്നും നമുക്ക് കണ്ടെടുക്കാവുന്നതാണ്. മാപ്പിള സമുദായം ഈ പ്രദേശത്ത് പാറനമ്പി-നായര്‍ പടയോട് പൊരുതിത്തകര്‍ന്നതിന് ശേഷം രണ്ടാമത് പച്ച പിടിക്കാന്‍ തുടങ്ങുന്നു. ദളിതുകള്‍ ധാരാളമായി ഇസ്ലാമിലേക്ക് വരുന്നു. ബ്രിട്ടീഷ്-ജന്‍മി വിരുദ്ധ പോരാട്ടങ്ങളുടെ സാഹചര്യത്തില്‍ ആത്മീയ-ഭൗതിക പരിഹാരങ്ങള്‍ക്കും സമരത്തിന്റെ ഓര്‍മ്മകള്‍ സജീവമാക്കി നിര്‍ത്തുന്നതിനും നേര്‍ച്ചകള്‍പോലുള്ള അനുഷ്ഠാനങ്ങള്‍ നടത്തുന്നു. ഉലമാക്കളോടും സുഫികളോടും രക്തസാക്ഷികളോടുമുള്ള ആദരവ് കലര്‍ന്ന ബന്ധത്തെയാണ് ഇതു കാണിക്കുന്നത്. ഇസ്ലാമിക ദാര്‍ശനിക വിജ്ഞാന സ്രോതസ്സുകള്‍, പള്ളി ദര്‍സുകള്‍ എന്നിവയോടൊപ്പം ശിയാ-പേര്‍ഷ്യന്‍ മിത്തുകളുടെ പരിസരവും അറബി മലയാള സാഹിത്യത്തില്‍  തമിഴ്-പുലവ-സൂഫീ സാഹിത്യ സ്രോതസ്സുകളുടെ സ്വാധീനവും ഇക്കാലത്ത് വര്‍ദ്ധിക്കുന്നു. ആഗോള-ഖിലാഫത്ത് ബന്ധവും പ്രാദേശിക-കീഴാള ബന്ധവും ഒരേ ചരടില്‍ കോര്‍ക്കുന്ന സാമൂഹിക ബോധമായിരുന്നു മറ്റൊരു പ്രതേ്യകത.  ഓര്‍മ്മകള്‍ സമകാലിക ജിവിതവുമായി ബന്ധിപ്പിക്കുക, മാപ്പിള സാഹിത്യം പാടിപ്പറച്ചില്‍ വഴി ജനകീയമാക്കുക, മതം/ വിശ്വാസം രാഷ്ട്രീയ പുനര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുക , ആധുനികമായ ആഖ്യാന രീതികള്‍ മലയാളത്തിന് പരിചയപ്പെടുത്തുക, ഭക്തിയെ ബഹുവിധ ജനകീയ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുക എന്നിങ്ങനെയുള്ള സാമൂഹിക ധര്‍മ്മങ്ങളാണ് വൈദ്യര്‍ കൃതികള്‍ കേരളീയ സാംസ്‌കാരിക ജീവിതത്തില്‍ നിര്‍വഹിച്ചത് എന്ന് പറയാം.

കുറിപ്പുകള്‍
1.Stuart black burn “un scripted: the people le Arunachal Pradesh i literacy and other national histories” In literature and Nationalist ideology: writing Histories of Modern Indian languages, Ed: Hars Harder Delhi 2011, Page: 312
2.ഹുദൈഫ റഹ്മാന്‍ പണി തീരാത്ത ഭാവനാ ദേശങ്ങള്‍ ബോധനം ത്രൈമാസിക കോഴിക്കോട്, 2013 ഒക്‌ടോബര്‍- ഡിസംബര്‍
3.മാപ്പിളപ്പാട്ടിലെ ഭാഷ, ടി.ബി വേണു ഗോപാലപണിക്കര്‍  (വിജഞാന കൈരളി 1992 ഫെബ്രുവരി), മാപ്പിളപ്പാട്ടുകള്‍ക്ക് മോയിന്‍കുട്ടി വൈദ്യരുടെ സംഭാവനകള്‍, ശൂരനാട്ട് കുഞ്ഞന്‍പിള്ള (ചന്ദ്രിക റിപ്പബ്ലിക് പതിപ്പ് 1970) എന്നീ ലേഖനങ്ങള്‍ കാണുക.
4.ഗവേഷകനും വൈദ്യനും വാമൊഴിചരിത്രകാരനുമായ ഡോ. തോരപ്പ മുഹമ്മദുമായുള്ള സംഭാഷണം.
5. ഡോ. തോരപ്പ മുഹമ്മദുമായുള്ള സംഭാഷണം.
6.കെ. കെ മുഹമ്മദ് അബ്ദുല്‍ കരീം, മോയിന്‍കുട്ടി വൈദ്യരുെട ആദ്യകാല കൃതികള്‍ ,മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ പഠനങ്ങള്‍, എഡി: കെ.എം അഹ്മദ്, വൈദ്യര്‍ സ്മാരകകമ്മിറ്റി, കോണ്ടോട്ടി 2006.
7.അബ്ദുറഷീദ് നദ്‌വി, സൈനുദ്ധീന്‍ മന്ദലാംകുന്ന് എന്നിവര്‍ നടത്തിയ ഫീല്‍ഡ് സ്റ്റഡിയില്‍ നിന്നും
8.സ്ഥിരത - കൊണ്ടോട്ടി നേര്‍ച്ച സപ്ലിമെന്റ് (വര്‍ഷ - ലേഖക സൂചനകള്‍ ലഭ്യമല്ല)
9.ഇര്‍ഫാന്‍ അഹ്മദുമായുള്ള അഭിമുഖം, കെ. അഷ്‌റഫ്, 2014 പ്രബോധനം വാരിക, കോഴിക്കോട്, ജനുവരി 17,2014
10.വാമൊഴി ചരിത്രഗവേഷകന്‍ സലാഹുദ്ധീന്‍ അയ്യൂബിയുമായുള്ള സംഭാഷണം
Reference

വി.എം കുട്ടി 2006 മാപ്പിളപ്പാട്ടിന്റെ ചരിത്ര സഞ്ചാരങ്ങള്‍, കേരള മാപ്പിള കലാ അക്കാദമി, കോഴിക്കോട്
ഉമര്‍ തറമേല്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് (എ.ഡി) 2007 മാപ്പിളപ്പാട്ട് പാഠവും പഠനവും, ഡി.സിബുക്‌സ്
ഉമര്‍ മധുവായ് 2011 കൊേണ്ടാട്ടിയുടെ വേരുകള്‍, കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
ഹംസമാസ്റ്റര്‍, യോഗ്യന്‍ 2013 മലപ്പുറം ശുഹദാക്കള്‍ മതമൈത്രിയുടെ മാതൃകാ പൂക്കള്‍, ടി.ടി.എസ്.എസ് മലപ്പുറം (അവതാരിക - ഒ.പി.എം സയ്യിദ് മുത്തുക്കോയ തങ്ങള്‍)
ഗിരീഷ് പി.എം 2001 അധികാരവും ഭാഷയും, പാപ്പിയോണ്‍ കോഴിക്കോട്
അബ്ദുല്‍നാസര്‍ എം സി ഡോ. (2012) മോയിന്‍കുട്ടി വൈദ്യര്‍ സംസ്‌കാരാദേശത്തിന്റെ വിവര്‍ത്തന പാഠങ്ങള്‍ (ലേഖനം), വിവര്‍ത്തനവും സംസ്‌കാരപഠനവും . എഡി. ഡോ. എം എം ശ്രീധരന്‍.
സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രം.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, 2012 സ്ത്രീ പക്ഷ വായനയുടെ മാപ്പിള പാഠാന്തരങ്ങള്‍, വചനം ബുക്‌സ് കോഴിക്കോട്.
വൈദ്യര്‍ പ്രഭാവം തമിഴകത്ത്, തോപ്പില്‍ മുഹമ്മദ് മീരാന്‍ (പുറം 163-168) ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ കന്നഡയില്‍, സാറ അബൂബക്കര്‍ (പുറം: 169-175) മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ പഠനങ്ങള്‍, എഡി: കെ.എം അഹ്മദ് വൈദ്യര്‍ സ്മാരക കമ്മിറ്റി, കോണ്ടോട്ടി 2006.
വി.എം കുട്ടി 2007 മഹാകവി മോയിന്‍കുട്ടി വൈദ്യര്‍- സാഹിത്യ അക്കാദമി, ദല്‍ഹി.
ഡോ. ഹുസൈന്‍ രണ്ടത്താണി 2005, മാപ്പിള മലബാര്‍, ഐ.പി.ബി , കോഴിക്കോട്.
പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ള 2003 മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ കറന്റ് ബുക്‌സ്
ഹസന്‍ നെടിയനാട്,മാപ്പിളപ്പാട്ടിന്റെ വേരുകള്‍ തേടി, വചനം ബുക്‌സ് കോഴിക്കോട്.
കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, കെ. അബൂബക്കര്‍, (എഡി.) 2005 മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍
സമ്പൂര്‍ണ കൃതികള്‍, വാള്യം 1,2 മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി, കൊണ്ടോട്ടി. കെ. അബൂബക്കര്‍, 2007 വൈദ്യരുടെ കാവ്യലോകം- ഐ.പി.ബി കോഴിക്കോട്.
കെ. ഒ ശംസുദ്ധീന്‍ 1978 മാപ്പിള മലയാളം- കേരള യൂണിവേഴ്‌സിറ്റി.
ഡോ. ഷംസാദ് ഹുസൈന്‍, 2009 ന്യൂനപക്ഷത്തിനും ലിംഗപദവിക്കുമിടയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്.
ബാലകൃഷ്ണന്‍ വള്ളിക്കുന്ന് 1999 മാപ്പിളപാട്ട് ഒരാമുഖ പഠനം, പൂങ്കാവനം ബുക്‌സ്, കോഴിക്കോട്
വി.എം കുട്ടി, 1990, മാപ്പിളപാട്ടുകളിലെ ശില്പ സംവിധാനവും വൈദ്യര്‍ കൃതികളും വൈദ്യര്‍ അനുസ്മരണ പ്രബന്ധങ്ങള്‍ യുവകലാ സാഹിതി, മലപ്പുറം.
കെ.കെ കൊച്ച്, 2012 കേരള ചരിത്രവും സമൂഹ രൂപീകരണവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രദീപന്‍ പാമ്പിരികുന്ന് 2013, ദളിത് വിമര്‍ശം: സൈദ്ധാന്തിക ഭൂമിക, മലയാളം റിസര്‍ച്ച് ജേണല്‍, വാ-6, ല:1
ഗണേശ് കെ.എന്‍, (2010) കേരള സമൂഹ പഠനങ്ങള്‍ - പ്രസക്തി പത്തനംതിട്ട
ഡോ. എം.ബി, മനോജ്,2011 ദേശം, ദേശി, മാര്‍ഗി സാഹിത്യമെന്ന ഉപാദാന സാമഗ്രി- പേപ്പിറസ് കോട്ടയം.
ഇ.വി രാമകൃഷ്ണന്‍, 2001 (ഒരു സംബന്ധത്തിന്റെ കഥ: ഇന്ദുലേഖ പുറകോട്ടു വായിക്കുമ്പോള്‍)
ഇന്ദുലേഖ : വായനയുടെ ദിശകള്‍, എഡി. ഈ രാജഗോപാല്‍ സാഹിത്യ അക്കാദമി, തൃശൂര്‍
സൈനുദ്ധീന്‍ മന്ദലാംകുന്ന്, 2007കേരള മുസ്ലിം നവോത്ഥാനം- ചരിത്രം, വര്‍ത്തമാനം, വിമര്‍ശനം, കൈസണ്‍ ബുക്‌സ്, തൃശൂര്‍
അജീര്‍കുട്ടി കെ എം, (2006) മാപ്പിളപ്പാട്ടും മോയിന്‍കുട്ടി വൈദ്യരും ഇന്ത്യന്‍ ആന്റിക്വയറിയില്‍ (ലേഖനം)
- വൈദ്യര്‍പഠനങ്ങള്‍ എഡി. കെ എം അഹ്മദ്. വൈദ്യര്‍ സ്മാരക കമ്മറ്റി
F. Fawcett, war songs of the Mappilas of Malabar, The Indian Anitquary, A Journal of Oriental Research
Ed: Richard Canac femple, Volume XXX- November 1901, Pages 499-508, 528-537