കേരളത്തിലെ മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ തങ്ങളുടെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്നത് അറബി-മലയാളമായിരുന്നു. ഏതുകാലത്താണ് അറബി - മലയാള ഭാഷാ രീതി ഉടലെടുത്തതെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. എങ്കിലും ഒമ്പതാം നൂറ്റാണ്ടു മുതല്‍ അറബി - മലയാളം നിലവിലുണ്ടെന്ന് വിശ്വസിക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഖാസി മുഹമ്മദ് രചിച്ച മുഹിയുദ്ദീന്‍ മാലയാണ് കണ്ടുകിട്ടിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള അറബി - മലയാള കൃതി.
കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിംകളുടെ ഗ്രന്ഥ ഭാഷയായിട്ടാണ് അറബി - മലയാളം നിലനിന്നത്. മലയാളഭാഷ, അറബി ലിപി പരിഷ്‌കരിച്ച് രൂപപ്പെടുത്തിയാണ് എഴുതി വന്നത്. ഇതാണ് അറബി - മലയാളം എന്നറിയപ്പെട്ടത്. കേരളത്തിലെ ഇതര മത-സമുദായങ്ങളെ അപേക്ഷിച്ച് മാപ്പിളമാര്‍ (കേരള-മുസ്‌ലിംകള്‍) അറബി-മലയാളം എഴുതാനും വായിക്കുവാനും അറിയുന്നവരായിരുന്നു. മലയാളം എഴുത്തും വായനയും സവര്‍ണ്ണരിലും സാമൂഹ്യമായി ഉയര്‍ന്നു നില്ക്കുന്ന മറ്റു വിഭാഗങ്ങളിലും മാത്രം പരിമിതമായിരുന്ന ഒരു കാലത്ത് മാപ്പിളമാര്‍ ഉച്ചനീചത്വമില്ലാതെ അറബി-മലയാളം എഴുതാനും വായിക്കാനും അറിയുന്നവരായിരുന്നു.
സാഹിത്യ-വൈജ്ഞാനിക മേഖലയിലുള്ള ഗ്രന്ഥങ്ങള്‍ ഇരുപതാം നൂറ്റാണ്ടാവുമ്പോഴേക്കും മാപ്പിളമാര്‍ക്കിടയില്‍ സുലഭമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കേരളത്തിലുണ്ടായ പൊതു നവോത്ഥാനത്തിനു മുന്‍പു തന്നെ മുസ്ലിം സമുദായം അറിവിന്റെ മണ്ഡലത്തിലും സാംസ്‌കാരിക രംഗത്തും മുന്‍പന്തിയിലായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായിട്ടുള്ള പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് അതിനെതിരെ പോരാടിയവരുടെ മുന്‍പന്തിയില്‍ ഭൗതികമായും ബൗദ്ധികമായും പ്രവര്‍ത്തിച്ചത് ഇവിടത്തെ മാപ്പിളമാരായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് അധിനിവേശ കാലത്തും അതിനെതിരെ ശക്തമായ നലപാടെടുത്തത് മലബാറിലെ മുസ്ലിം പണ്ഡിതന്മാരും സാധാരണക്കാരും തന്നെയായിരുന്നു. മമ്പുറം തങ്ങന്മാരുടെയും വെളിയങ്കോട് ഉമര്‍ഖാദിയുടെയും ചരിത്രം നമുക്ക് അറിയാവുന്നതാണ്. പിന്നീട് ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോള്‍ ആലി മുസ്ല്യാരിലും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയിലും മറ്റും ഇതിന്റെ തുടര്‍ച്ചകള്‍ നമുക്ക് കാണാന്‍കഴിയും.
ഇത്തരം അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ കേരള മുസ്ലിംകളുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉണ്ടായ നവോത്ഥാന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുമ്പോള്‍ അന്നത്തെ മുസ്ലിം നവോത്ഥാന ശ്രമങ്ങളെയും നോക്കിക്കാണേണ്ടതുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ അച്ചടി പ്രചരിച്ചതോടെ സാംസ്‌കാരിക മണ്ഡലത്തിലുണ്ടായ പുത്തനുണര്‍വ്വുകളെ ഇവിടത്തെ മുസ്ലിംകള്‍ ഏറ്റവും നന്നായി ഉപയോഗിച്ചു.
1868 ല്‍ തീക്കൂത്തില്‍ കുഞ്ഞഹമ്മദ് തലശ്ശേരിയില്‍ ആദ്യത്തെ അറബി - മലയാള അച്ചുകൂടം സ്ഥാപിച്ചതോടെ മത-മതേതര ഗ്രന്ഥങ്ങളുടെ കുത്തൊഴുക്കു തന്നെ അറബി - മലയാളത്തിലുണ്ടായി. കേരളത്തില്‍ അച്ചടിയിലൂടെ ആധുനികീകരിക്കപ്പെട്ട ആദ്യ സമൂഹം മുസ്ലിംകളായിരുന്നു. സമുദായത്തിനിടയിലെ അറബി - മലയാള സാക്ഷരത ഇതിന് ശക്തി പകര്‍ന്നു. ഇരുപതാം നൂറ്റാണ്ടാകുമ്പോഴേക്കും മലബാറില്‍ മാത്രം പതിനഞ്ചോളം അറബി - മലയാളം അച്ചുകൂടങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിച്ചിരുന്നു. പാട്ടുകളും ബൈത്തുകളും മാലകളും കര്‍മ്മ ശാസ്ത്രങ്ങളും അടക്കം മത സംബന്ധവും മതേതരവുമായ അനേകം ഗ്രന്ഥങ്ങള്‍ ഇരുപതാം നൂറ്റാണ്ടാകുമ്പോഴേക്കും അച്ചടിക്കപ്പെട്ടിരുന്നു. ഇവ കൂടാതെ ധാരാളം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഈ കാലത്തു തന്നെ അച്ചടിക്കപ്പെട്ടു. തലശ്ശേരി, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം ഗ്രന്ഥങ്ങള്‍ കൂടുതലും പുറത്തിറങ്ങിയത്. വൈജ്ഞാനിക ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വൈദ്യ ഗ്രന്ഥങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ അനേകം വൈദ്യ ഗ്രന്ഥങ്ങള്‍ അറബി - മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്.
വൈദ്യ ഗ്രന്ഥങ്ങള്‍ ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ വൈജ്ഞാനികവും സാമൂഹികവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. ജാതി - മത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളും മാത്രമാണ് കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളായി മുഖ്യധാരയില്‍ അടയാളപ്പെടുത്തപ്പെട്ടത്. മുസ്ലിം നവോത്ഥാനമെന്ന പേരില്‍ കേരളത്തിന്റെ മുഖ്യധാരാ ചരിത്രം വക്കം അബ്ദൂല്‍ഖാദര്‍ മൗലവിയുടെയും പിന്നീട് സനാഉള്ളാഹ് മഖ്തി തങ്ങളുടെയും പ്രവര്‍ത്തനങ്ങളെ മാത്രമാണ് പരിഗണിച്ചത്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ സാധാരണക്കാരായ മുസ്ലിംകള്‍ക്കിടയില്‍ അറബി - മലയാളത്തിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ ഇറങ്ങുകയും പ്രചരിക്കുകയും ചെയ്തിരുന്നു.
ഒരു സമുദായത്തിന്റെ ജ്ഞാനോല്‍പാദനത്തിനും വിനിമയത്തിനും വേണ്ടി അറബി - മലയാള വൈദ്യ കൃതികള്‍ വഹിച്ച പങ്ക് ചെറുതല്ല. മാത്രമല്ല, ആധുനികതയുടെ കടന്നുവരവില്‍ ഓരത്തേക്കു മാറ്റി നിര്‍ത്തപ്പെട്ട തദ്ദേശീയ വൈദ്യത്തിന്റെയും ആയുര്‍വ്വേദത്തിന്റെയും തിരിച്ചു പിടിക്കലും കൂടിയായി ഇത്തരം ഗ്രന്ഥങ്ങള്‍ കേരളീയ പശ്ചാത്തലത്തില്‍ മാറിയിട്ടുണ്ട്. ആധുനികത കൊളോണിയല്‍ മൂല്യങ്ങളെയാണ് ഇവിടെ ഉല്പാദിപ്പിച്ചത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ആധുനികീകരണം കൊളോണിയല്‍ ആധുനികതയായി മാറുകയാണുണ്ടായത്. കൊളോണിയല്‍ ആധുനികതയുടെ മൂല്യബോധത്തെ ഒരളവുവരെ ഇവിടത്തെ മുസ്ലിംകള്‍ എതിര്‍ത്തിരുന്നു. എങ്കിലും അച്ചടി പോലുളള ആധുനികതയുടെ ഉല്പന്നങ്ങളെ വളരെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും മലബാറിലെ മുസ്ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി പുറത്തിറങ്ങിയ അറബി-മലയാള വൈദ്യ കൃതികളില്‍ ചിലതിനെ പരിചയപ്പെടുത്താനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അവയില്‍ പലതും 1950 കള്‍ക്കു ശേഷം വീണ്ടും അച്ചടിക്കപ്പെട്ടിട്ടുമുണ്ട്. പട്ടാലത്ത് കുഞ്ഞി മാഹീന്‍ കുട്ടിവൈദ്യര്‍ രചിച്ച വൈദ്യ ജ്ഞാനം, മണ്ണത്തൊടി വീരാന്‍കുട്ടിയുടെ മര്‍മ്മശാസ്ത്രം, പാറപ്പുറത്ത് ഇല്ലത്ത് ബീരാന്‍കുട്ടി വൈദ്യര്‍ രചിച്ച വിഷൂചികചികിത്സാ അഷ്ടാംഗഹൃദയം, എം. കെ. കുഞ്ഞിപ്പോക്കര്‍ രചിച്ച വസൂരി ചികിത്സാ കീര്‍ത്തനം, കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവമുസ്ല്യാര്‍ രചിച്ച ജനോപകാരം തര്‍ജമ, വൈദ്യസാരം തര്‍ജമ, ഉപകാരം തര്‍ജമ കിത്താബ്, കൊങ്ങണം വീട്ടില്‍ ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ രചിച്ച ശഫശിഫാ എന്ന വിഷചികിത്സ, മൊഹിയുദ്ദീനുബ്‌നു അഹമദ് രചിച്ച കിത്താബു ത്ത്വിബ്ബുന്നബി, സി. എച്ച്. ഇബ്രാഹീം കുട്ടിയുടെ ത്വിബ്ബുല്‍ ഇംറാളുസ്സുഗ്‌റാ എന്ന ബാലചികിത്സാ, എഴുതിയതാരെന്നറിയാത്ത വൈദ്യ യോഗരത്‌നം, ഇലാജുല്‍ അത്ഫാല്‍ ബാലചികിത്സ, യൂനാനി വൈദ്യസാര യോഗശാസ്ത്രം തുടങ്ങിയ അച്ചടിക്കപ്പെട്ട വൈദ്യ കൃതികളും, അറബി-മലയാള ചികിത്സാ ഗ്രന്ഥം (കൈയെഴുത്ത്) പോലുള്ള അച്ചടിമഷി പുരളാത്ത കൃതികളും ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഇവ കൂടാതെ അനേകം കൈയെഴുത്തു ഗ്രന്ഥങ്ങളും അച്ചടിഗ്രന്ഥങ്ങളും ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ മുസ്ലിം സമുദായം അവരുടെ പില്‍ക്കാല ആധുനികതയില്‍ ഇത്തരം അറിവുകളെയും കൃതികളെയും നിരാകരിക്കുകയും അറബി - മലയാളം, പ്രീ-മോഡേണ്‍ സൊസൈറ്റിയുടെ ഉല്പന്നമെന്നും അപരിഷ്‌കൃതമെന്നും വിലയിരുത്തുകയും ചെയ്തു. അറബി - മലയാളത്തിലുണ്ടായ കൃതികളെ പരിശോധിക്കാനോ അവ മുന്നോട്ടു വച്ച അറിവുകളെ പുനര്‍വായിക്കാനോ മുസ്ലിം സമൂഹം സന്നദ്ധമായില്ല. അതുകൊണ്ടുതന്നെ അധിനിവേശ വിരുദ്ധതയുടെയും തദ്ദേശീയ ആധുനികീകരണത്തിന്റേതുമായ തുടര്‍ച്ചകളെ പിന്തുടരാനും കേരളത്തിലെ മുസ്ലിം സമൂഹത്തിന് സാധിച്ചില്ല.
പാട്ടു വൈദ്യം
അറബി - മലയാളത്തിലുണ്ടായിട്ടുള്ള വൈദ്യ കൃതികള്‍ വ്യത്യസ്ത തരത്തിലുള്ളവയാണ്. ഗദ്യരൂപത്തിലും പദ്യ രൂപത്തിലുമുള്ള കൃതികള്‍ ഇത്തരത്തിലുണ്ടായിട്ടുണ്ട്. വൈദ്യം പോലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ രചിക്കുമ്പോള്‍ പോലും പാട്ടിന്റെ പാരമ്പര്യത്തെ നിരാകരിക്കാന്‍ മുസ്ലിം സമുദായം തയ്യാറായിരുന്നില്ല. കേരളീയ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ പാരമ്പര്യം അവരില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. അതുകൊണ്ടുതന്നെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അവസരത്തിലും പാട്ടുകള്‍ പ്രധാനമായിരുന്നു. ഈ പാട്ടിന്റെ പാരമ്പര്യത്തെ അറിവിന്റെ മണ്ഡലത്തിലും മുസ്ലിംകള്‍ പരീക്ഷിച്ചു.
ഇത്തരത്തില്‍ പാട്ടിന്റെ രൂപത്തില്‍ രചിച്ച പ്രധാനപ്പെട്ട വൈദ്യ ഗ്രന്ഥമാണ് ഹിജ്‌റ വര്‍ഷം 1310 ല്‍ (ഏ. ഡി. 1889) പട്ടാളത്ത് കുഞ്ഞി മാഹീന്‍കുട്ടി വൈദ്യരുടെ വൈദ്യ ജ്ഞാനം എന്ന ഗ്രന്ഥം. വ്യത്യസ്ത ഇശലുകളില്‍ വ്യത്യസ്ത രോഗത്തെക്കുറിച്ചും അവയ്ക്കുള്ള ചികിത്സകളെക്കുറിച്ചും വിവരിക്കുന്നുണ്ട്. കൃതിയുടെ ഒന്നാംഭാഗം അല്ലാഹു ലോകത്തെയും മനുഷ്യരെയും സൃഷ്ടിച്ചതിനെക്കുറിച്ച് വിവരിക്കുന്നു. രണ്ടാംഭാഗം മുതല്‍ ഓരോ രോഗത്തെയും അതിനുള്ള ചികിത്സയെയും കുറിച്ച് വിവരിക്കുന്നു. ഓരോ രോഗത്തിനും ഉള്ള ചികിത്സയെക്കുറിക്കുന്നതാണ് ഓരോ പാട്ടുകളും. പനി നിദാനം, പനികളെ ചികിത്സകള്‍, പതിമൂന്നുവക ചെന്നി നിദാനം, ചെന്നി ചികിത്സകള്‍, രക്ത പിത്തം, ചുമ, ഇക്കിള്‍, അസ്ഥിസ്രാവം, അരുചി, ഛര്‍ദ്ദി, ഹൃദ്രോഗം, മൂലരോഗം, വിഷൂചിക, അര്‍ശസ്സ്, പ്രമേഹം, കുന്മം, ശീതപിത്തം തുടങ്ങി അറുപതോളം രോഗങ്ങളുടെ ലക്ഷണവും അവയുടെ ചികിത്സകളും ഇതില്‍ വിവരിക്കുന്നുണ്ട്.
ഗ്രന്ഥത്തിന്റെ അവതരണരീതിക്ക് ഉദാഹരണം.
ഇപ്രകാരം പാട്ടുരൂപത്തിലാണ് ചികിത്സാവിധികള്‍ വിവരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ പറയുന്നു: '....ഈ ബൈദിയ ജ്ഞാനം എന്ന ഈ കിതാബിനെ യെല്ലാ ബൈദിയ പുസ്തകത്തിന്നും തിരഞ്ഞ് യെടുത്ത കോര്‍വ്വയാക്കി മനസ്സില്‍ തുറിച്ചു നില്ക്കുവാന്‍ തക്കവണ്ണം പാട്ടുപോല്‍ ചേര്‍ത്ത് യെട്ടാനകത്തില്‍ നിന്ന് സറുവാങ്കം രോഗം യെന്ന ബാദശോനിദം വരെയുള്ള രോഗനിദാനവും അതിന്ന് മരുന്നും സര്‍വ മനുഷ്യരിലും ഉപകരിക്കത്തക്കവണ്ണം തീര്‍ത്തിരിക്കുന്നു. ഇങ്ങനെ പാട്ടുരൂപത്തില്‍ ഗ്രന്ഥം തീര്‍ത്തതിനു പിന്നിലെ യുക്തി ഗ്രന്ഥകര്‍ത്താവു തന്നെ വ്യക്തമാക്കിയിരിക്കുന്നു.
പാട്ടുരൂപത്തില്‍ രചിച്ച മറ്റൊരു വൈദ്യഗ്രന്ഥമാണ് വസൂരിചികിത്സാ കീര്‍ത്തനം. എം. കെ. കുഞ്ഞിപ്പോക്കര്‍ കീഴുപറമ്പ് ഏ. ഡി. 1935 ലാണ് ഈ കൃതി രചിച്ചത്. 380 ഈരടികളും 180 ഒറ്റവരികളും അടങ്ങുന്നതാണ് ഈ പാട്ടുവൈദ്യ കൃതി.
എന്നിങ്ങനെയാണ് ഈ ഗ്രന്ഥത്തില്‍ വസൂരി ചികിത്സയെക്കുറിച്ചുള്ള വസ്തുതകള്‍ വിവരിക്കുന്നത്. മാത്രമല്ല, ഈ കൃതിയുടെ മുഖവുരയില്‍, “.......ഇതില്‍ എല്ലാവിധം വസൂരിയുടെ പേരും ലക്ഷണങ്ങളും അവ ഓരോന്നുനും ഉള്ള ചകിത്സകളും വിവരിക്കുന്നതിന് പുറമെ അവയില്‍ ഓരോന്നിനും ഇന്ന ദിവസം കുളിക്കാമെന്നും മറ്റും വിവരിക്കുന്നുണ്ട്. വസൂരി കുത്തിവയ്ക്കുന്നതിന് ഉലമാഇന്റെ അഭിപ്രായങ്ങളും എടുത്ത് വിവരിച്ചിട്ടുണ്ട്. ഇത് അഷ്ടാംഗ ഹൃദയം എന്ന വൈദ്യശാസ്ത്രത്തില്‍ നിന്നും എടുത്ത് കവിതയായി ഉണ്ടാക്കീട്ടുള്ളതാണ്. ഇതിനെപ്പറ്റി അറബ് മലയാളത്തില്‍ ഒരു ഗ്രന്ഥവും ഇല്ലെന്നുന്നന്നെ പറയാം. എന്നാല്‍ ഈ പാട്ട് നല്ലവണ്ണം മനസ്സിലാക്കിയാല്‍ വസൂരി നോട്ടക്കാര്‍ക്കും വസൂരി ഉണ്ടായവര്‍ക്കും മറ്റും നിദാനം അറിഞ്ഞ് ചികിത്സിപ്പാന്‍ കഴിയുന്നതാണ്.” ഇങ്ങനെയാണ് ഈ ഗ്രന്ഥം തുടങ്ങുന്നത്.
പാട്ടുരൂപത്തിലെഴുതപ്പെട്ട ഈ വൈദ്യഗ്രന്ഥത്തിന്റെ പ്രസ്താവന മറ്റൊരു മേഖലയിലേക്ക് വഴി തെളിയിക്കുന്ന ഒന്നു കൂടിയാണ്. ഓരോകാലത്തും അതാതു കാലത്തെ ഭൗതിക യാഥാര്‍ത്ഥ്യങ്ങളോട് മുസ്ലിം സമുദായം ബൗദ്ധികമായി പ്രതികരിച്ചതിന്റെ അടയാളം കൂടിയാണ് ഇത്തരം ഗ്രന്ഥങ്ങള്‍. വസൂരി പോലുള്ള മഹാരോഗം സമൂഹത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുമ്പോള്‍ മാലപ്പാട്ടുകളെഴുതി നിര്‍വൃതികൊള്ളുകയല്ല മുസ്ലിം സമുദായം ചെയ്തത്. (മാലപ്പാട്ടുകള്‍ മോശം എന്ന അര്‍ത്ഥത്തിലല്ല.) മറിച്ച് രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സകളെക്കുറിച്ചുമുള്ള അറിവിനെ സമൂദായ മധ്യത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇത്, പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ മുസ്ലികള്‍ നരകയാതന അനുഭവിക്കുന്ന ഘട്ടത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച തഹ്‌രീളിന്റെയും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫതുല്‍ മുജാഹിദീന്റെയും തുടര്‍ച്ചയില്‍ത്തന്നെയാണ് ഇത്തരം വൈദ്യകൃതികളും നില്‍ക്കുന്നത്. ബ്രിട്ടീഷ് ആധിപത്യകാലത്ത് വെളിയംകോട് ഉമര്‍ഖാദിയുടെയും മമ്പുറം തങ്ങന്മാരുടെയും പ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചയും മറ്റൊരു തരത്തില്‍ ഇത്തരം കൃതികളില്‍ നമുക്ക് കാണാന്‍ കഴിയും.
ഇതിവൃത്തം
അറബി - മലയാളത്തിലെഴുതപ്പെട്ട വൈദ്യഗ്രന്ഥങ്ങളുടെ ഉള്ളടക്കം പ്രധാനമായും രണ്ടു തരത്തിലുള്ളവയാണ്. ഒന്ന് , ആയുര്‍വ്വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യത്തെ പിന്തുടരുന്നത്. മറ്റൊന്ന് മന്ത്രങ്ങളെയും ഉറുക്കുകളെയും പിന്തുടരുന്നത്. പല ഗ്രന്ഥങ്ങളും ഈ രണ്ടു രീതികളെയും സമന്വയിപ്പിച്ചു കൊണ്ടുള്ളതുമാണ്. നാട്ടുവൈദ്യത്തെയും ആയുര്‍വ്വേദത്തെയും പിന്തുടരുന്ന ഗ്രന്ഥങ്ങള്‍ പ്രധാനമായും അഷ്ടാംഗ ഹൃദയം എന്ന ആയുര്‍വ്വേദ ടെക്സ്റ്റിനെയാണ് പിന്തുടരുന്നത്. വിഷൂചിക ചികിത്സാ അഷ്ടാംഗ ഹൃദയം, വസൂരി ചികിത്സാ കീര്‍ത്തനം, വലിയ വൈദ്യസാരം തര്‍ജമ തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം അഷ്ടാംഗ ഹൃദയത്തെ ഉപജീവിച്ച് എഴുതപ്പെട്ടവയാണ്.
അഷ്ടാംഗഹൃദയം പോലുള്ള വിഖ്യാതമായ ആയുര്‍വ്വേദ ഗ്രന്ഥത്തെ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്നത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മുസ്ലിം സമുദായത്തെ സംബന്ധിച്ച് ക്ലേശകരമായിരുന്നു. സംസ്‌കൃതത്തിലുള്ള ആയുര്‍വേദ ഗ്രന്ഥത്തെ പഠിക്കുകയും അത് മലയാളത്തിലേക്ക് മൊഴിമാറ്റുകയും വേണ്ടിയിരുന്നു. മാത്രമല്ല, സംസ്‌കൃത പഠനം സമൂഹത്തിലെ സവര്‍ണ ഹൈന്ദവരില്‍ മാത്രം നിക്ഷിപ്തമായിരുന്ന ഒരുകാലത്ത് സംസ്‌കൃതം പഠിച്ചു കൊണ്ട് അറിവിനെ ജനാധിപത്യവത്കരിക്കാന്‍ മുസ്ലിംകള്‍ മുന്നിട്ടിറങ്ങിയെന്നുള്ളത് വളരെ പ്രധാനമാണ്. ഹിജ്‌റ വര്‍ഷം 1315 ല്‍ (ഏ. ഡി. 1894) പാറപ്പുറത്ത് ഇല്ലത്ത്പറമ്പില്‍ ബീരാന്‍കുട്ടി വൈദ്യര്‍ രചിച്ച വിഷൂചിക ചികിത്സാ അഷ്ടാംഗ ഹൃദയം എന്ന അറബി - മലയാള കൃതി ഇത്തരത്തിലുള്ള ഒന്നാണ്.
പാരമ്പര്യമായി മാത്രം കൈമാറ്റം ചെയ്തുപോന്ന വൈദ്യ ജ്ഞാനത്തെ ജനാധിപത്യവത്കരിക്കാന്‍ ഇത്തരം വൈദ്യ കൃതികള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. അറിവ് എന്നത് സ്വകാര്യമാക്കി വെക്കേണ്ടതല്ലെന്നും അത് ജനങ്ങളിലേക്കെത്തിക്കേണ്ടതുണ്ടെന്നും വിശ്വസിച്ചവരായിരുന്നു ഈ ഗ്രന്ഥകര്‍ത്താക്കള്‍. വൈദ്യജ്ഞാനത്തിന്റെ രഹസ്യ സ്വഭാവവും പൂജക സ്ഥാനവും തകര്‍ക്കുന്നതിലും ഇത്തരം മഹാത്മാക്കള്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. “....എന്നാല്‍ അറബ്, തമിള്‍, സംസ്‌കൃതം, ഇംഗ്ലീഷ് ഈ ഭാഷകളിലാണ് ഇപ്പോള്‍ ചികിത്സ അധികം കൊടുക്കുന്നത്. അത് സര്‍വ്വര്‍ക്കും അറിയാന്‍ കയ്യാത്തതിനാല്‍ നമ്മളെ മലയാളം ഭാഷയില്‍ അതിനെ തര്‍ജമ ചെയ്തിരിക്കുന്നു.” (വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം) ഈ മുഖവുരയോടെയാണ് പല ഗ്രന്ഥങ്ങളും തുടങ്ങുന്നത്. അതായത് ചികിത്സയുമായി ബന്ധപ്പെട്ട അറിവുകള്‍ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന തരത്തിലായിരിക്കണമെന്ന ഒരു ബോധത്തോടുകൂടിത്തന്നെയാണ് ഇത്തരം കൃതികളെല്ലാം രചിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല, മാതൃഭാഷയിലൂടെയുള്ള ജ്ഞാന വിനിമയം എന്നത് നവോത്ഥാനത്തിന്റെ സൃഷ്ടികൂടിയാണ്. വരേണ്യ ഭാഷകളില്‍ മാത്രം ജ്ഞാനോല്പാദനവും ജ്ഞാനവിനിമയവും നടത്തിയിരുന്ന ഒരുകാലത്തു നിന്നും എറ്റവും സാധാരണക്കാരനുപോലും മനസ്സിലാകുന്നതരത്തിലുള്ള മാതൃഭാഷയിലൂടെ അറിവിന്റെ വിനിമയം നടത്തുക എന്നത് തീര്‍ച്ചയായും നവോത്ഥാന പ്രവര്‍ത്തനം തന്നെയാണ്. എന്നാല്‍ നമ്മുടെ നവോത്ഥാനത്തിന്റെ മുഖ്യധാരാ ചരിത്രത്തിലൊന്നും ഇത്തരം അറബി-മലയാള കൃതികളോ ഗ്രന്ഥകര്‍ത്താക്കളോ ഇടം കണ്ടില്ല.
അറബി-മലയാള വൈദ്യകൃതികളുടെ മറ്റൊരു സവിശേഷത, അവയെല്ലാം രചിച്ചത് ഇസ്ലാമിന്റെ മത തത്ത്വങ്ങളില്‍ വിശ്വസിച്ചവരും അതനുസരിച്ച് ജീവിച്ചവരും ആയിരുന്നു എന്നതാണ്. കാരണം, മേല്‍ സൂചിപ്പിച്ച മുഴുവന്‍ കൃതികളും തുടങ്ങുന്നത് ബിസ്മിയും ഹംദും സ്വലാത്തും സലാമും ഓതിക്കൊണ്ടാണ്. ഇത് ഒരുപക്ഷേ ഇത്തരം കൃതികളുടെ വായനക്കാരെക്കുടി ലക്ഷ്യം വച്ചുകൊണ്ടാകാം. മാത്രമല്ല, ചില കൃതികളെല്ലാം രചിക്കുന്നതു തന്നെ ഒരു ഇബാദത്ത് ആയി കണ്ടവരും ഉണ്ട്. ഹഖ് തആലാ നമ്മള്‍ക്ക് അവന്റെ ഓശാരമായി തന്നിരിക്കുന്ന ആഫിയത്തിനെയും ശിഫാനെയും ആയത്പ്രകാരം തന്നെ അവന്‍ ചാത്തിരാക്കിയിരിക്കുന്നു. കിലശങ്ങളെയും മരുന്നുകളെയും യെന്നതിനോടുകൂടെ രോഗത്തിന് ചികിത്സിക്കേണ്ടിയത് നമ്മള്‍ക്ക് സുന്നത്തായി വന്നിരിക്കുന്നു. അമ്പിയാക്കന്മാരില്‍ ചികിത്സേന്റെ ഇല്‍മ് ഇല്ലാത്തവര്‍ ആരും തന്നെയില്ല. ഒരു രാജ്യത്ത് ഒരു ആളെങ്കിലും ചികിത്സ പഠിക്കേണ്ടത് ഫര്‍ള്കിഫാ ആണെന്നും ആരും പഠിക്കാതെയിരുന്നാല്‍ എല്ലാവര്‍ക്കും ആ കുറ്റം ഇരിക്കും എന്നും ബന്നിരിക്കുന്നു. അപ്പോള്‍ ഇസ്ലാമായവര്‍ക്ക് ചികിത്സ പഠിക്കേണ്ടത് ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.”(വിഷൂചിക ചികിത്സ അഷ്ടാംഗഹൃദയം)
ഇങ്ങനെ ചികിത്സ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ മുസ്ലിം സമുദായത്തെ ഉണര്‍ത്തുന്നതിനും ഈ മഹാന്മാര്‍ ശ്രമിച്ചിരുന്നു. “.......രോഗം തുടങ്ങിയാല്‍ വൈദ്യനെ വരുത്തി ചികിത്സിക്കാന്‍ ഇട പോരായ്കയാല്‍ തല്‍ക്ഷണം അവരവര്‍ക്കുതന്നെ ഉപകാരപ്പെടാന്‍ വേണ്ടി ഈ എളുപ്പമായ വൈദ്യത്തെ എല്ലാവരും വായനചെയ്ത് പഠിച്ചും പഠിപ്പിച്ചും തമ്മ തമ്മില്‍ ഉതക്ക ഉപകാരങ്ങള്‍ ചെയ്തും പടച്ചോനെ എല്ലായ്‌പോഴും പേടിച്ചുവരുന്ന കൂട്ടക്കാരില്‍ പടച്ചവന്‍ നമ്മളെ എല്ലാവരെയും ആക്കട്ടെ...ആമീന്‍.” എന്ന പ്രാര്‍ത്ഥനയോടെയാണ് വൈദ്യഗ്രന്ഥങ്ങളില്‍ പലതും ആരംഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ അറബി-മലയാളത്തില്‍ രചിക്കപ്പെട്ട വൈദ്യ ഗ്രന്ഥങ്ങളെല്ലാം ഇസ്ലാമിക ജീവിതത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണെന്നു കാണാം. കൂടാതെ ഗ്രന്ഥത്തിന്റെ അവസാനത്തില്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള സിദ്ധൗഷധങ്ങള്‍ എന്ന നിലയില്‍ ഇസ്ലാമിലെ നിസ്‌കാരത്തെയും നോമ്പിനെയും സകാത്തിനെയും സദഖയെയും പ്രാര്‍ത്ഥനയെയും നിലനിര്‍ത്താനും വായനക്കാരോട് ആവശ്യപ്പെടുന്നുമുണ്ട്.
മന്ത്ര - തന്ത്ര ചികിത്സ
അറബി-മലയാളത്തില്‍ എഴുതപ്പെട്ട വൈദ്യഗ്രന്ഥങ്ങളുടെ കൂട്ടത്തിലുള്ള ഒരു വിഭാഗമാണ് മന്ത്രങ്ങളും ഉറുക്കുകളും ഉപയോഗിച്ചുള്ള ചികിത്സകള്‍. ഇവ ചില അറബി ഗ്രന്ഥങ്ങളില്‍ നിന്നും എടുത്തിട്ടുള്ളതാണെന്ന് ഈ കൃതികളുടെ ആമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യൂനാനി യോഗസാര വൈദ്യശാസ്ത്രം, ജനോപകാരം തര്‍ജമ, ഉപകാരം തര്‍ജമ, ശഫശിഫ എന്ന വിഷചികിത്സ തുടങ്ങിയ കൃതികളില്‍ ഇസ്മുല്‍ ത്വല്‍സമാത്ത് വിഭാഗത്തില്‍പ്പെടുന്ന മന്ത്രങ്ങളും മരുന്നുകളും വിവരിക്കുന്നുണ്ട്. പ്രധാനമായും അപസ്മാരം, കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സാ മുറകളായാണ് ഇത്തരം ചികിത്സാ രീതികള്‍ വിവരിക്കുന്നത്. മാനസികവും ശാരീരികവും സാമൂഹികവുമായ രോഗങ്ങള്‍ക്കുള്ള മന്ത്ര ചികിത്സകള്‍, ഉറുക്കുകള്‍ തുടങ്ങിയവ ഇതില്‍ വിവരിക്കുന്നുണ്ട്. ലക്ഷണങ്ങളും, ജ്യോതിഷവും ദിവസങ്ങളുടെ ഗുണദോഷങ്ങളും ഇത്തരം കൃതികളില്‍ കാണാം. അറബി ഗ്രന്ഥങ്ങള്‍ക്കു പുറമെ ജ്യോതിഷവുമായി ബന്ധപ്പെട്ട മലയാള- സംസ്‌കൃത ഗ്രന്ഥങ്ങളെയും ഉപജീവിച്ചാണ് ഈ കൃതികള്‍ എഴുതിയിട്ടുള്ളത്. കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്ല്യാര്‍ രചിച്ച വൈദ്യസാരം തര്‍ജമ എന്ന കിതാബില്‍ ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും ചികിത്സാ രീതികളെ വിവരിച്ച ശേഷം അവസാന ഭാഗത്ത് ഖാതിമതുല്‍ മഅ്ഹൂദാത് എന്ന തലക്കെട്ടില്‍ ചില ലക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്. ദൂതലക്ഷണം, ശരലക്ഷണം, ശകുനലക്ഷണം എന്നിങ്ങനെ. ഇവ വിവരിച്ചതിനുശേഷം ഗ്രന്ഥ കര്‍ത്താവ് ഇങ്ങനെ എഴുതുന്നു.
മേല്‍ പറഞ്ഞതുപോലെ ലക്ഷണങ്ങള്‍ മുതലായ സകലതും അശേഷം പോലും സാരമില്ലാത്തതും ഒട്ടുവിശ്വസിക്കാന്‍ തരമില്ലാത്തും ചില അവസരങ്ങളില്‍ ഒത്തുവരാറുണ്ടെങ്കിലും പലപ്പോഴും അത് ഒക്കാതിരിക്കലും പതിവുണ്ട്. ഷറഉ് അതുകളെ അനുസരിക്കുന്നെന്നു വരുവാന്‍ നന്നെ പ്രയാസമുള്ളതാകുന്നു. അതായത് ഇത്തരം കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ പോലും അവയ്ക്ക് ഇസ്ലാമിക അടിത്തറ ഉണ്ടെന്ന് ഗ്രന്ഥകര്‍ത്താവ് അവകാശപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്.
മന്ത്രങ്ങളെയും ഉറുക്കുകളെയും ജ്യോതിഷത്തെയും ഉപജീവിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു ഗ്രന്ഥമാണ് കൊങ്ങണം വീട്ടില്‍ അഹമദ് എന്ന ബാവ മുസ്ല്യാരുടെ തന്നെ ഉപകാരം തര്‍ജമ. ഇതിന്റെ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. മാനസികവും ശാരീരികവും സാമൂഹികവുമായ രോഗങ്ങള്‍ക്കുള്ള മന്ത്ര-തന്ത്ര ചികിത്സാ വിധികളാണ് ഇതില്‍ വിവരിക്കുന്നത്. എന്നാല്‍ അറബി-മലയാളത്തിന്റെ വൈജ്ഞാനിക പാരമ്പര്യത്തില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ക്കാണ് പില്‍ക്കാലത്ത് സ്വീകാര്യത വര്‍ധിച്ചത്. ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും പാരമ്പര്യത്തെ പിന്‍പറ്റിയ ഗ്രന്ഥങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെടുകയും ചെയ്തു. ഇത് മുസ്ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിക്കു ശേഷം സംഭവിച്ച ഇടര്‍ച്ചകളുടെ സൂചകമാണ്. ഇതാകട്ടെ, മുസലിം സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളീയപശ്ചാത്തലത്തില്‍ പൊതു നവോത്ഥാനത്തിനു സംഭവിച്ച അപചയത്തിന്റെ ഭാഗമാണ്. മന്ത്ര - തന്ത്ര ചികിത്സകള്‍ വിവരിക്കുന്ന ഉപകാരം തര്‍ജമ എന്ന ഗ്രന്ഥത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും (2001 ല്‍ സി. എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി.) പുതിയപതിപ്പ് പുറത്തിറങ്ങിയെന്നത് ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് മുസ്ലിം സമുദായത്തിനകത്ത് ഇന്നും പ്രചാരം ഉണ്ട് എന്നതിന്റെ സൂചനയാണ്. മാത്രമല്ല, അറബി - മലയാള വ്യവഹാരങ്ങള്‍ മുസ്ലിം പൊതുമണ്ഡലത്തില്‍ നിന്നുപോലും അപ്രത്യക്ഷമായ വര്‍ത്തമാന കാലത്ത് ഉപകാരം തര്‍ജമപോലുള്ള മന്ത്ര - തന്ത്ര ചികിത്സാ ഗ്രന്ഥത്തിന് അറബി-മലയാളത്തില്‍തന്നെ പുതിയപതിപ്പ് ഇറങ്ങുന്നു എന്നത് അറിവ് നിഗൂഢവത്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മനസ്സിലാക്കേണ്ടത്.
ചുരുക്കത്തില്‍ അറബി - മലയാളത്തിലെ വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളെ പരിശോധിക്കുമ്പോള്‍, അവയെല്ലാം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ജ്ഞാനോല്‍പാദനത്തിന്റെയും ജ്ഞാന വിനിമയത്തിന്റെയും സൂചനകളായി വര്‍ത്തിച്ചിരുന്നു എന്നുകാണാന്‍ കഴിയും. കൂടാതെ ആയുര്‍വേദത്തിന്റെയും നാട്ടുവൈദ്യത്തിന്റെയും രഹസ്യാത്മകവും നിഗൂഢവുമായ പാരമ്പര്യവഴികളില്‍ നിന്നും വൈദ്യ ജ്ഞാനത്തെ സാധാരണക്കാരന്റെ ഇടയിലേക്ക് ഇറക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കൂടിയായിരുന്നു ഇത്തരം വൈദ്യ ഗ്രന്ഥങ്ങള്‍. അഷ്ടാംഗഹൃദയം പോലുള്ള വിഖ്യാത ഗ്രന്ഥങ്ങളെ സംസ്‌കൃതത്തില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റുക എന്ന ലക്ഷ്യവും ഇത്തരം കൃതികൡൂടെ പണ്ഡിതര്‍ നിറവേറ്റി. നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരാ ചരിത്രത്തില്‍ ഇടം കിട്ടാതെപോയ ഇത്തരം ഗ്രന്ഥങ്ങളെ പുനര്‍വായിക്കേണ്ടതും അവയിലെ അറിവുകളെ പുനരുല്പാദിപ്പിക്കേണ്ടതും ഇന്നിന്റെ ആവശ്യമാണ്.
1. വസൂരി ചികിത്സാ കീര്‍ത്തനം -എം. കെ. കുഞ്ഞിപ്പോക്കര്‍, കീഴുപറമ്പ്, 1935, മിസ്ബാഹുല്‍ ഇസ്ലാം പ്രസ്, തിരൂരങ്ങാടി.
2. ത്വിബ്ബുല്‍ അംറാളുസ്സുഗ്‌റാ എന്ന ബാലചികിത്സ -(അജ്ഞാത കര്‍ത്തൃകം), സി. എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി.
3. ഇലാജൂല്‍ അത്ഫാല്‍ എന്നും ശിശുചികിത്സാ എന്നും പേരുള്ള കിതാബ് -കൊടുമുടി പാലോളി അബ്ദുല്ല മുസ്ല്യാര്‍, ഹി.വ. 1408, സി. എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി.
4. ശഫശിഫ യെന്ന വിഷചികിത്സ - കൊങ്ങണം വീട്ടില്‍ ഇബ്രാഹീംകുട്ടി മുസ്ല്യാര്‍, 1993, സി. എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി.
5. ഉപകാരം തര്‍ജമ കിതാബ് -കൊങ്ങണം വീട്ടില്‍ അഹമദ് എന്ന ബാവ മുസ്ല്യാര്‍, 2001 (പുതിയ പതിപ്പ്), സി. എച്ച്. മുഹമ്മദ് ആന്റ് സണ്‍സ്, തിരൂരങ്ങാടി.
6. മഗാനിമുല്‍ ഇഖ്‌വാന്‍ തര്‍ജമ (നിഘണ്ടു), -കൊങ്ങണം വീട്ടില്‍ അഹമദ് എന്ന ബാവ മുസ്ല്യാര്‍, ഹി.വ. 1309, മനാറുല്‍ മഹിമ്മത് പ്രസ്, തലശ്ശേരി.
7. വൈദ്യസാരം തര്‍ജമ -കൊങ്ങണം വീട്ടില്‍ അഹമദ് എന്ന ബാവ മുസ്ല്യാര്‍, ഹി.വ. 1308,
8. വൈദ്യജ്ഞാനം -പട്ടാളത്ത് കുഞ്ഞിമാഹീന്‍കുട്ടി വൈദ്യര്‍, ഹി.വ. 1310, നൂറുല്‍ ഇസ്ലാം പ്രസ്,
9. വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം -പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ ബീരാന്‍കുട്ടി വൈദ്യര്‍, ഹി.വ. 1318, പൊന്നാനി.
10. യൂനാനി യോഗസാര വൈദ്യശാസ്ത്രം.- (അജ്ഞാത കര്‍തൃകം) ഹി. വ. 1324