കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ വര്‍ത്തമാനം

ശമീര്‍ബാബു കൊടുവള്ളി  

തൊരു സമൂഹത്തിനും രാഷ്ട്രത്തിനും വിദ്യാഭ്യാസം സുപ്രധാനമായ ഒരു ആശയമാണ്. കാരണം വിദ്യാഭ്യാസ രംഗത്തെ മികവ് പ്രസ്തുത സമൂഹത്തിന്റെ/രാഷ്ട്രത്തിന്റെ സര്‍വ്വവുമാണ്. സമത്വം, അംഗീകാരം, നീതി, അവകാശങ്ങള്‍ തുടങ്ങിയവ ഉറപ്പു വരുത്തുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. പൊതുസേവന രംഗങ്ങളില്‍ ഒരു സമുദായത്തിന്റെ- പിന്നാക്കമാകട്ടെ, മുന്നാക്കമാകട്ടെ -  സാന്നിദ്ധ്യം നിര്‍ണയിക്കുന്നതിലെ സുപ്രധാന ഘടകം വിദ്യാഭ്യാസപുരോഗതിയാണെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ നിരീക്ഷിച്ചിട്ടുണ്ട്. വിജ്ഞാനം സര്‍വ്വധനാല്‍ പ്രധാനമായതിനാലാണ് ഇസ്‌ലാമികദര്‍ശനം അതിന്റെ വക്താക്കളോട് അതാര്‍ജിക്കുവാന്‍ ശക്തമായ സ്വരത്തില്‍ ആഹ്വാനം ചെയ്യുന്നത്.
രാഷ്ട്രത്തിന്റെ സാമൂഹിക പുരോഗതി സാധ്യമാവുന്നത് ഓരോ സമുദായത്തിലെയും മുഴുവന്‍ പൗരന്മാര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെയാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ശില്‍പികളും രാഷ്ട്രനിര്‍മാതാക്കളും വിദ്യാഭ്യാസത്തിന് മികച്ച പ്രാധാന്യം നല്‍കിയത്. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമാണ്. ഭരണഘടനയുടെ പിന്‍ബലം അതിനുണ്ട്. 1993ലെ ഒരു സുപ്രിംകോടതി വിധിപ്രകാരം വിദ്യാഭ്യാസം പൗരന്റെ ജീവിതായോധാനത്തിനുള്ള ഉപാധിയായി നിര്‍ണയിക്കപ്പെട്ടു. തുടര്‍ന്ന് 2002ല്‍ 86-ാം ഭരണഘടനാ ഭേദഗതിപ്രകാരം ഇന്ത്യന്‍ പൗരന് സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ ചുമതലയാണെന്ന് വകുപ്പ് 21ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. തുടര്‍ന്ന് 2010 ഏപ്രില്‍ ഒന്നിന് വിദ്യാഭ്യാസനിയമം പ്രാബല്യത്തില്‍ വന്നു. 6 വയസ്സ് മുതല്‍ 14 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ നിയമത്തിന്റെ ലക്ഷ്യം.ഭരണഘടനയുടെ വകുപ്പ് 21 എ യുടെ ഭേദഗതിയിലൂടെയാണ് പ്രസ്തുത നിയമത്തിന്റെ ആവിഷ്‌കാരം.

ഖേദകരമെന്ന് പറയാം, ഭരണഘടന മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസ വീക്ഷണത്തിന്റെ പരിധിക്കു പുറത്താണ് ന്യൂനപക്ഷങ്ങള്‍. വിദ്യാഭ്യാസ വിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് മുസ്‌ലിം സമുദായമാണ്. എല്ലാ രംഗങ്ങളിലും പിന്നാക്കം നില്‍ക്കുന്ന സമൂഹമാണ് മുസ്‌ലിംകളെന്ന സച്ചാര്‍ കമ്മിറ്റിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇതരസമുദായങ്ങളെ അപേക്ഷിച്ച് ഏറെ പിന്നാക്കമാണ് മുസ്‌ലിംകളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ, അവരുടെ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ രംഗങ്ങളില്‍ ചെറുതല്ലാത്തവിധം പ്രതികൂലസ്വാധീനം സൃഷ്ടി ക്കുന്നുമുണ്ട്.

2001 ലെ സെന്‍സസ് പ്രകാരം 31.84 മില്ല്യനാണ് കേരളത്തിന്റെ മൊത്തം ജനസംഖ്യ. 56.2 ശതമാനം ഹിന്ദുക്കള്‍, 24.7 ശതമാനം മുസ്‌ലിംകള്‍, 19.02 ശതമാനം ക്രിസ്ത്യാനികള്‍, 2762 സിക്കുകാര്‍, 2027 ബുദ്ധന്‍മാര്‍ 4528 ജൈനര്‍ 27339 മറ്റുള്ളവര്‍ എന്നിവര്‍ ചേര്‍ന്നതാണ് ഈ ജനസംഖ്യ. കേന്ദ്ര ഗവണ്‍മെന്റിന്റെയും മറ്റു കമ്മീഷനുകളുടെയും അടിസ്ഥാനത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലാണ് മുസ്‌ലിംകള്‍ ഉള്‍പ്പെടുക. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ക്രൈസ്തവരാണ്. രണ്ടാം സ്ഥാനം ബ്രാഹ്മണരും നായന്മാരും ഉള്‍കൊള്ളുന്ന മുന്നാക്ക ഹിന്ദുവിഭാഗത്തിനാണ്. ഈ രണ്ട് വിഭാഗങ്ങള്‍ക്ക് ശേഷമാണ് ഈഴവരുടെയും മുസ്‌ലിംകളുടെയും സ്ഥാനം.

പ്രാഥമികവിദ്യാഭ്യാസവും
കേരള മുസ്‌ലിംകളും


കേരളത്തിലെ ഹൈന്ദവ ക്രൈസ്തവ സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകളുടെ മൊത്തം ജനസംഖ്യക്ക് ആനുപാതികമായ വിദ്യാഭ്യാസ മികവ് നേടാന്‍ അവര്‍ക്ക്  സാധിച്ചിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള മുസ്‌ലിംകളുടെ വിദ്യാഭ്യാസ സ്ഥിതി പരിശോധിച്ചാല്‍ ഈ വസ്തുത ബോധ്യമാവും. 1964-65 ലെ കുമാരന്‍ പിള്ള കമ്മീഷന്റെ നിഗമന പ്രകാരം സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് സാദാ പ്രവണതയായിരുന്നു. കൊഴിഞ്ഞുപോക്കില്‍ മുന്‍പന്തിയിലുണ്ടായിരുന്നത് മുസ്‌ലിം വിദ്യാര്‍ഥികളായിരുന്നു. അക്കാലത്ത് ആയിരത്തില്‍ 829 മുസ്‌ലിംകളും 707 ഈഴവ വിദ്യാര്‍ഥികളും 703 ലത്തീന്‍ കത്തോലിക്കാ വിദ്യാര്‍ഥികളും സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞ് പോകുകയുണ്ടായി. 1931-ല്‍ മൊത്തം പ്രാഥമിക സ്‌കൂളുകളുടെ എണ്ണം 1479ഉം വിദ്യാര്‍ഥികളുടെ എണ്ണം 1,04,000വുമാണ്. ഈ വിദ്യാര്‍ഥികളില്‍ മുസ്‌ലിംകളില്‍ നിന്നുള്ള സാന്നിധ്യം കേവലം നാല് ശതമാനത്തില്‍ താഴെയായിരുന്നു. 1960കളില്‍ മുസ്‌ലിം ജനസംഖ്യയുടെ 47.3 ശതമാനം സ്‌കൂളുകളില്‍ എത്തുകയുണ്ടായി. 1968 ല്‍ മുസ്‌ലിംകള്‍ ജനസംഖ്യയുടെ 97 ശതമാനവും പട്ടികജാതി - പട്ടിക വര്‍ഗം 93 ശതമാനവും മറ്റുള്ളവര്‍ 97.4 ശതമാനവും എല്‍.പി തലത്തില്‍ എത്തുകയുണ്ടായി. യു.പി. തലത്തില്‍ ഇവ യഥാക്രമം 84.8 ശതമാനം, 78.0 ശതമാനം, 91.2 ശതമാനം എന്നിങ്ങനെയാണ്. 1972ല്‍ ജനസംഖ്യയുടെ മൊത്തം ശതമാനം സ്‌കൂളുകളില്‍ എത്തുകയുണ്ടായി. എങ്കിലും മുസ്‌ലിം വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കൂടുതലും സാര്‍വത്രികമായിരുന്നു. 89, 90 കാലയളവില്‍ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം 6.51 ലക്ഷമായിരുന്നു. ഇതില്‍ മുസ്‌ലിം ജനസംഖ്യയുടെ 27.60 ശതമാനം എല്‍.പി. തലത്തിലും 27.78 ശതമാനം യു.പി. തലത്തിലും ഹാജരാവുകയുണ്ടായി. അന്നത്തെ മുസ്‌ലിം ജനസംഖ്യയാകട്ടെ മൊത്തം ജനസംഖ്യയുടെ 24.7 ശതമാനമായിരുന്നു.

വ്യത്യസ്ത വര്‍ഷങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ എണ്ണം പരിശോധിക്കാം.1 943ല്‍ മുസ്‌ലിം ജനസംഖ്യയുടെ 20 ശതമാനം എല്‍.പി തലം പൂര്‍ത്തിയാക്കിയപ്പോള്‍ പട്ടികജാതി പട്ടികവര്‍ഗം 13.9 ശതമാനവും മറ്റുള്ളവര്‍ 42.6 ശതമാനവും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1971 ല്‍ ഇവ യഥാക്രമം 51.4 ശതമാനം, 50.2 ശതമാനം, 77 ശതമാനം എന്നിങ്ങനെയാണ്. 1986ല്‍ 79.6 ശതമാനവും 75.4 ശതമാനവും 91.4 ശതമാനവും ആയി. 1991ല്‍ 89.3 ശതമാനം, 82.3 ശതമാനം, 94.4 ശതമാനം എന്നിങ്ങനെയായി. 2001 ല്‍ ഇവ യഥാക്രമം 97.0, 93.1, 97.4 ശതമാനം എന്നിങ്ങനെ നേരിയ വര്‍ദ്ധനവും കാണുന്നുണ്ട്. സമാനമായ സ്വഭാവമാണ് യു.പി തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുടെ കാര്യത്തിലും കാണുന്നത്.
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ജനസംഖ്യക്ക് ആനുപാതികമായി സ്‌കൂളുകളില്‍ ഹാജരാവുന്ന കാര്യത്തിലും അത് പൂര്‍ത്തിയാക്കുന്ന കാര്യത്തിലും ഇതര സമുദായങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ പിന്നിലാണ്. സമാനമായ അവസ്ഥയാണ് പ്രാഥമികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും സമുദായം അനുഭവിക്കുന്നത്. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ കൂടാതെ സ്വകാര്യ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 6335 എണ്ണം വരും. ഇവയില്‍ ക്രൈസ്തവ വിഭാഗത്തിന് 2585 എണ്ണം ഉണ്ട്. ഹൈന്ദവ മാനേജ്‌മെന്റിന്റെ കീഴില്‍ 2602 സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ മുസ്‌ലിം സമൂഹത്തിന് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. അവ 1148 എണ്ണം മാത്രമേ വരികയുള്ളൂ.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 100 മുസ്‌ലിം ഗ്രാമങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളില്ല. എല്‍.പി. സ്‌കൂളുകള്‍ തമ്മിലുണ്ടാവേണ്ട അകലം ഒരു കിലോമീറ്ററാണ്. ഈ മാനദണ്ഡപ്രകാരം 740 സ്‌കൂളുകള്‍ പുതുതായി ആവശ്യമാണെന്ന് സച്ചാര്‍ കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്. യു.പി. സ്‌കൂളുകള്‍ തമ്മില്‍ ഉണ്ടാവേണ്ട അകലം മൂന്ന് കിലോമീറ്ററാണ്. ഈ മാനദണ്ഡപ്രകാരവും ധാരാളം യു.പി. സ്‌കൂളുകളും ആവശ്യമായി വരും. മലബാര്‍ മേഖലയിലാണ് കേരളത്തിലെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും താമസിക്കുന്നത്. എന്നാല്‍ മലബാര്‍ പ്രദേശങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അസൗകര്യം ഏറ്റവുമധികം അനുഭവപ്പെടുന്നത്.

സെക്കന്ററി വിദ്യാഭ്യാസത്തിലെ മുസ്‌ലിം അവസ്ഥ

സെക്കന്ററി തലത്തിലും മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കേരള മുസ്‌ലിംകള്‍ പിന്നിലാണ്. നേരത്തെ സൂചിപ്പിച്ച കുമാരപിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 1964 - 65 കാലയളവില്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ മുസ്‌ലിംകളുടെ എണ്ണം 1000 ല്‍ 80 എന്നതോതിലാണ്. ക്രൈസ്തവര്‍ 1000 ല്‍ 111 ആണ്. മുസ്‌ലിംകള്‍ക്ക് താഴെയുള്ളത് ഈഴവര്‍ മാത്രമാണ്, 1000ല്‍ 70 എന്ന തോതില്‍. 1968 ലെ എസ്.എസ്.എല്‍.സി നേടിയവരുടെ സമുദായം തിരിച്ചുള്ള കണക്ക് ലഭ്യമാണ്. പട്ടികവര്‍ഗം 0.6 ശതമാനം. പട്ടികജാതി 1.5 ശതമാനം. മുസ്‌ലിംകള്‍ 1.7 ശതമാനം. ഈഴവര്‍ 4.0 ശതമാനം. സുറിയാനി ക്രൈസ്തവര്‍ 7.5 ശതമാനം. നായര്‍ 9.2 ശതമാനം. യാകോബായ ക്രൈസ്തവര്‍ 9.4 ശതമാനം. ബ്രാഹ്മണര്‍ 22.2 ശതമാനം. ഇതില്‍ ഏറ്റവും മികവ് നിലനിര്‍ത്തുന്നത് ബ്രാഹ്മണരാണ്. മുസ്‌ലിംകളുടെ അവസ്ഥയാകട്ടെ  ഈഴവര്‍ക്കും താഴെയാണ്. 1990കളില്‍ മുസ്‌ലിംകളുടെ ഹൈസ്‌കൂള്‍ സാന്നിധ്യം മുസ്‌ലിം ജനസംഖ്യയുടെ 16.6 ശതമാനമാണ്. 1991 ല്‍ എസ്.എസ്.എല്‍.സി പാസായ വിവിധ സമുദായങ്ങളുടെ കണക്കുകള്‍ താഴെ പറയും വിധമാണ്. ഹിന്ദു വിഭാഗത്തിന്റെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 29.8 ശതതമാനവും എസ്.എസ്.എല്‍.സി പാസായത് 24.3 ശതമാനവും ആണ്. ക്രൈസ്തവ ജനസംഖ്യ 19.3 ശതമാനവും  എസ്.എസ്.എല്‍.സി പാസായത് 34.3 ശതമാനവുമാണ്. എന്നാല്‍ മുസ്‌ലിം വിഭാഗത്തിന്റെ ജനസംഖ്യ 23.3 ശതമാനവും എസ്.എസ്.എല്‍.സി പാസായത് 13.3 ശതമാനവുമാണ്. മുസ്‌ലിംകള്‍ക്ക് താഴെ പട്ടികജാതി - പട്ടികവര്‍ഗം മാത്രമേയുള്ളൂ. അവരുടെ ജനസംഖ്യ 11 ശതമാനവും എസ്.എസ്.എല്‍.സി പാസായത് 3.5 ശതമാനവുമാണ്. 2001ലെ മിഡില്‍- മെട്രിക്കുലേഷന്‍ വിദ്യാഭ്യാസത്തിന്റെ കണക്ക് പരിശോധിക്കുമ്പോഴും കേരള മുസ്‌ലിംകള്‍ പിന്നില്‍ തന്നെ. മുസ്‌ലിംകള്‍, പട്ടികജാതി പട്ടികവര്‍ഗം, മറ്റുള്ളവര്‍ എന്നിവരുടെ ഹൈസ്‌കൂള്‍ രംഗത്തെ കണക്കുകള്‍ യഥാക്രമം 84.8 ശതമാനം, 78 ശതമാനം, 91.2 ശതമാനം എന്നിങ്ങനെയാണ്. 37.5, 35.5, 64.3 ശതമാനം എന്നിങ്ങനെയാണ് ഹയര്‍സെക്കന്ററി തലത്തിലുള്ള യഥാക്രമം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുടെ കണക്കുകള്‍. 1953ലെ ഈ വിഭാഗത്തിന്റെ ഹയര്‍സെക്കന്ററി കണക്കുകള്‍ യഥാക്രമം 3.5, 2.7, 13.8 ശതമാനം എന്നിങ്ങനെയാണ്. 1973ല്‍ അത് 12, 12.6, 33.9 ശതമാനവും ആണ്. 1991 ല്‍ എല്ലാ വിഭാഗത്തിനും നേരിയ വര്‍ദ്ധനവ് കാണാവുന്നതാണ്. 22.5, 24.9, 50.1 ശതമാനം.1999 ല്‍ എത്തുമ്പോള്‍ ഒന്നുകൂടി വര്‍ധിക്കുന്നു. 30.0, 30.8, 58.7 ശതമാനം. 2004ല്‍ എസ്.എസ്.എല്‍.സി 100 ശതമാനം വിജയം നേടിയ സ്ഥാപനങ്ങളില്‍ 60 ശതമാനം ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ നിന്നാണ്. 100 ശതമാനം നേടിയ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 25 എണ്ണം മാത്രമാണ്.

ഭരണരംഗത്ത് നിന്ന് മുസ്‌ലിംകള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. ഇതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു 2000ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രീഡിഗ്രി എടുത്തുമാറ്റിയപ്പോള്‍ സ്വീകരിച്ച നയം. എടുത്തു കളഞ്ഞ സീറ്റുകള്‍ക്ക് പകരമായി മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ സീറ്റ് അനുവദിച്ചില്ല. സമുദായാടിസ്ഥാനത്തില്‍ അന്നനുവദിച്ച സീറ്റുകളുടെ എണ്ണം ഇപ്രകാരമായിരുന്നു. ജനസംഖ്യയുടെ 21 ശതമാനമുള്ള ക്രൈസ്തവര്‍ക്ക് 201 (47%)സീറ്റുകള്‍. 23 ശതമാനമുള്ള ഈഴവ വിഭാഗത്തിന് 71 (16.6%) സീറ്റുകള്‍. 14 ശതമാനമുള്ള നായര്‍ വിഭാഗത്തിന് 99(23.1%) സീറ്റുകള്‍. എന്നാല്‍ 24 ശതമാനമുള്ള മുസ്‌ലിം സമുദായത്തിന് ലഭിച്ച സീറ്റുകളാകട്ടെ 70 (15.9%)എണ്ണവും. അന്നുമുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്ലസ്ടു സീറ്റ് കുറവായതിനാല്‍ മുസ്‌ലിംകള്‍ വ്യാപകമായ പ്രയാസം നേരിടുകയുണ്ടായി.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിലും മുസ്‌ലിംകള്‍ പിന്നിലാണ്. കേരളത്തിലെ ഹൈസ്‌കൂളുകളുടെ എണ്ണം ഗവ. 408, എയ്ഡഡ് 1429, അണ്‍ എയ്ഡഡ് 379 എന്നിങ്ങനെ മൊത്തം 2216 ആണ്. ഇതില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിവരുന്ന സ്വകാര്യസ്ഥാപനങ്ങളുടെ എണ്ണം 1808 ആണ്. അവയില്‍ 859 എണ്ണം ക്രൈസ്തവ മാനേജ്‌മെന്റിനു കീഴിലും 687 എണ്ണം ഹിന്ദു മാനേജ്‌മെന്റിന്റെ കീഴിലും പ്രവര്‍ത്തിച്ചു വരുന്നു. എന്നാല്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ളത് 252 സ്ഥാപനങ്ങളാണ്. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഈ അന്തരം കാണാവുന്നതാണ്. ഗവണ്‍മെന്റ്—— പ്രൈവറ്റ് ഇനത്തിലായി മൊത്തം 1624 ഹയര്‍സെക്കന്ററി സ്ഥാപനങ്ങളാണുള്ളത്. അതില്‍ 925 എണ്ണം വ്യത്യസ്ത മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ളതാണ്. ക്രൈസ്തവവിഭാഗത്തിന് 409 ഉം ഹിന്ദുവിഭാഗത്തിന് 337 ഉം മുസ്‌ലിംവിഭാഗത്തിന് 169 ഉം സ്ഥാപനങ്ങളാണുള്ളത്. ഇതേ അന്തരം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ഥാപനങ്ങളുടെ കാര്യത്തിലും നിലനില്‍ക്കുന്നു. ഗവണ്‍മെന്റ് പ്രൈവറ്റ് തലങ്ങളിലായി 375 വി.എച്ച്.എസ്.എസ്.സി സ്ഥാപനങ്ങള്‍ ഉണ്ട്. ഇതില്‍ 128 എണ്ണം വ്യത്യസ്ത മാനേജ്‌മെന്റുകള്‍ക്കു കീഴിലാണ്. ക്രൈസ്തവ വിഭാഗം 48, ഹിന്ദുവിഭാഗം 65, മുസ്‌ലിം വിഭാഗം 15 എന്നിങ്ങനെയാണ് അവയുടെ കണക്ക്. മൊത്തം വി.എച്ച്.എസ്.എസ്.സിയില്‍ തന്നെ മുസ്‌ലിംകള്‍ കൂടുതല്‍ താമസിക്കുന്ന മലബാര്‍ പ്രദേശത്ത് 117 എണ്ണവും തിരുകൊച്ചിയില്‍ 258 എണ്ണവുമാണെന്ന് മനസ്സിലാക്കേണ്ടതാണ്.

ഉന്നത വിദ്യാഭ്യാസവും കേരള മുസ്‌ലിംകളും

ഉന്നത വിദ്യാഭ്യാസ രംഗവും ആശാവഹമല്ല. വ്യത്യസ്ത വര്‍ഷങ്ങളിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്‌ലിം സാന്നിദ്ധ്യത്തിന്റെ കണക്കുകള്‍ ലഭ്യമാണ്. 1943 തിരുകൊച്ചിയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ഥികളുടെ എണ്ണം താഴെ പറയും വിധമാണ്. ഹിന്ദുക്കള്‍: 1,13,168, ക്രൈസ്തവര്‍: 69,617, മുസ്‌ലിംകള്‍ 9872, ജൈനമതസ്ഥര്‍ 305.1935 ല്‍ കേരളത്തിലെ മൊത്തം ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസം നേടിയവരുടെ കണക്ക് ഇപ്രകാരമാണ്. മുസ്‌ലിംകള്‍: 0, പട്ടികജാതി പട്ടികവര്‍ഗം: 0, മറ്റുള്ളവര്‍: 2 ശതമാനം. 1959ല്‍ ഇവ യഥാക്രമം ഒരു ശതമാനം, 0.5 ശതമാനം, അഞ്ച് ശതമാനം എന്നിങ്ങനെയാണ്. 1965ല്‍ എത്തുമ്പോള്‍ അവ 2 ശതമാനം, ഒരു ശതമാനം, 6 ശതമാനം എന്നിങ്ങനെയായി മാറുന്നു. 1971ല്‍ 2.5 ശതമാനം, 1.5 ശതമാനം, 7 ശതമാനവും 1977ല്‍ 2.7, 1.7, 7.5 ശതമാനവും 1983ല്‍ 3, 2, 8 ശതമാനവും 1989ല്‍ 3.5, 2.5, 10 ശതമാനവും 2001ല്‍ 5, 4, 15 ശതമാനവും ആണ്. ഒരു പഠനമനുസരിച്ച് 1968ലെ ഡിഗ്രി വിദ്യാഭ്യാസരംഗത്തെ ജാതി തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ബ്രാഹമണര്‍ 4.4 ശതമാനം, നായര്‍ 1.1 ശതമാനം, ഈഴവര്‍, 0.3 ശതമാനം, യാകോബായ 2 ശതമാനം, സുറിയാനി 0.6 ശതമാനം, മുസ്‌ലിംകള്‍ 0.2 ശതമാനം, പട്ടികജാതി .01 ശതമാനം, പട്ടിക വര്‍ഗം 0 ശതമാനം. അതേ വര്‍ഷം സാങ്കേതിക രംഗത്തെ കണക്കുകള്‍ യഥാക്രമം ഇപ്രകാരമാണ്. 4.5, 2.3, 0.9, 2.5, 1.2, 1.2, 03, 0 ശതമാനം. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കീഴില്‍ 2000 നു ശേഷം നടന്ന കേരള പഠനമനുസരിച്ച് ഉന്നത വിദ്യാഭാസ രംഗത്തെ സമുദായങ്ങളുടെ കണക്കുകള്‍ ഹിന്ദുക്കള്‍ 18.7 ശതമാനം, പട്ടിവര്‍ഗം 11.8 ശതമാനം, പട്ടിജാതി 18.7 ശതമാനം, മുസ്‌ലിംകള്‍ 8.1 ശതമാനം എന്നിങ്ങനെയാണ്.

സ്വകാര്യ തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും കേരള മുസ്‌ലിംകള്‍ പിന്നിലാണ്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ മൊത്തം 150 മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ 69 എണ്ണം ക്രൈസ്തവവിഭാഗത്തിനും 62 എണ്ണം ഹിന്ദുവിഭാഗത്തിനും കീഴിലാണ്. ബാക്കി വരുന്ന 19 എണ്ണമാണ് മുസ്‌ലിം വിഭാഗത്തിന്റെ കീഴിലുള്ളത്. ലോ കോളേജുകളുടെ മൊത്തം എണ്ണം എടുത്താല്‍ രണ്ടെണ്ണം ക്രൈസ്തവര്‍ക്കും ആറെണ്ണം ഹൈന്ദവര്‍ക്കും ആണ്. മുസ്‌ലിം വിഭാഗത്തിനായി നിയമസ്ഥാപനങ്ങളില്ല. എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ മൊത്തം 110 എണ്ണമുണ്ട്. ഇവ യഥാക്രമം 37, 45, 28 എന്നിങ്ങനെയാണ്. 20 ബി.ഇ.എഡ് കോളേജുകള്‍ കേരളത്തിലുണ്ട്. ഇവ യഥാക്രമം 9, 7, 4 എന്നിങ്ങനെയാണ്. മെഡിക്കല്‍ സ്ഥാപനങ്ങളാവട്ടെ 15 എണ്ണം. 5, 6, 4 എന്നിങ്ങനെയാണ് വ്യത്യസ്ത സമുദായം തിരിച്ചുള്ള അവയുടെ തോത്. ഡെന്റല്‍ കോളേജുകളുടെ കാര്യത്തില്‍ 6, 6, 6 എന്നിങ്ങനെ മൂന്ന് വിഭാഗത്തിനും തുല്യ വിഹിതമാണുള്ളത്.

മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍

കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥക്ക് ചരിത്രപരവും ആഭ്യന്തരവും ബാഹ്യവുമായ ഒട്ടേറെ കാരണങ്ങളുണ്ട്. ചരിത്രപരമായ കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുസ്‌ലിം സമുദായം അനുഭവിച്ച സ്വത്വ പ്രതിസന്ധി. അനേക വര്‍ഷങ്ങളായി കേരളമണ്ണില്‍ തുടര്‍ന്നുപോന്ന വിദേശ അധിനിവേശ ശക്തികളോട് സമരം ചെയ്തുകൊണ്ടാണ് മുസ്‌ലിംകള്‍ കഴിഞ്ഞുപോന്നത്. പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ സമൂഹത്തിന്റെ വിദ്യാഭ്യാസം പോലുള്ള തികച്ചും സര്‍ഗാത്മകവും നിര്‍മാണാത്മകവുമായ രംഗങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിക്കാതിരിക്കുക സ്വാഭാവികം. എന്നിരുന്നാലും ഒരു ജനത കാലത്തെ അതിജീവിച്ച് എല്ലാ രംഗങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുക പ്രതികൂല സാഹചര്യങ്ങളില്‍ പോലും സര്‍ഗാത്മക നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുമ്പോഴാണ്. സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വിജയത്തിന്റ മാനദണ്ഡം കൂടിയാണ് ഈ തത്വം. ഈ തത്വത്തിന്റെ പ്രയോഗവത്കരണത്തില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ സാധിച്ചില്ലയെന്നത് യാഥാര്‍ഥ്യമാണ്. തന്നെയുമല്ല അധിനിവേശ ശക്തികള്‍ കേരളം വിട്ടുപോയതിനു ശേഷവും മത-ഭൗതികമെന്ന് വിദ്യാഭ്യാസത്തെ വെള്ളം കടക്കാത്ത അറകളായി വേര്‍ത്തിരിച്ച് ആധുനിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു പണ്ഡിതന്മാര്‍. ഇനി മതമെന്ന് അവര്‍ വ്യവഹരിച്ച വിദ്യാഭ്യാസമാകട്ടെ കാലത്തോടും സമൂഹത്തോടും സംവദിക്കാത്ത യാഥാസ്ഥിതിക ചിന്തകളായിരുന്നു.

പിന്നാക്കാവസ്ഥയുടെ മറ്റൊരു കാരണം മുസ്‌ലിം സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തത്തിന്റെ അഭാവമാണ്. ജനസംഖ്യയുടെ 25 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇതര സമുദായങ്ങളെ ആക്ഷേപിച്ചതു കൊണ്ട് കാര്യമായില്ല. ക്രിയാത്മകമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. മുസ്‌ലിംകള്‍ വിദ്യാഭ്യാസ രംഗത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. എന്നുമാത്രമല്ല,തീര്‍ത്തും പ്രതിലോമപരവും അനാവശ്യവുമായ ചര്‍ച്ചകളിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ജാതിപ്രശ്‌നം ഉയര്‍ന്നു വരുമ്പോള്‍ തുല്യ നാണയത്തില്‍ തിരിച്ചടിക്കല്‍ പ്രതിലോമപരമായ സമീപനത്തിന് ഉദാഹരണമാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം അനാവശ്യ ചര്‍ച്ചകള്‍ക്ക് ഉദാഹരണമാണ്.
മറ്റൊരു പ്രധാനകാരണമാണ് മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന്റെ നട്ടെല്ലിലായ്മ. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തിനുശേഷം ഏറ്റവുമധികം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്‌ലിംലീഗായിരുന്നു. രാഷ്ട്രീയ സങ്കുചിതത്വത്തിനപ്പുറമുള്ള വിശാലവും കൃത്യവുമായ വിദ്യാഭ്യാസ നിലപാട് സ്വീകരിക്കാന്‍ മുസ്‌ലിംലീഗിന് ഇന്നോളം സാധിച്ചിട്ടില്ല. മുസ്‌ലിംലീഗിന് ഭുരിപക്ഷമുള്ള മലബാറിലാണ് മുസ്‌ലിംകള്‍ വിദ്യാഭ്യാസസൗകര്യത്തിന്റെയും ലഭ്യതയുടെയും കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത്.
ബാഹ്യമായ കാരണത്തില്‍ പ്രധാനപ്പെട്ടതാണ് ഉന്നത ശ്രേണിയിലുള്ളവര്‍ നിരന്തരം നടത്തികൊണ്ടിരിക്കുന്ന മുസ്‌ലിം അപരവല്‍കരണം. പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുവാനുള്ള ഭരണഘടനയുടെ താല്‍കാലിക സംവിധാനമാണ് സംവരണം. സംവരണത്തിലൂടെ വിദ്യാഭ്യാസം നേടുന്നതില്‍ അടുത്ത കാലത്തുള്ള ഉണര്‍വ് മാറ്റി നിര്‍ത്തിയാല്‍ അശ്രദ്ധരായിരുന്നു. എന്നാല്‍ നിലവില്‍ മുസ്‌ലിംകള്‍ സംവരണ വിഷയത്തില്‍ പൊതുവെ അതീവ ശ്രദ്ധരാണ്. എന്നാല്‍ സംവരണം വേണ്ടതില്ലെന്നാണ് ഉന്നതജാതിയിലുള്ളവരുടെ തിട്ടൂരം. സംവരണത്തിനെതിരെ വരുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പെടാതെ മറുതന്ത്രങ്ങള്‍ പ്രയോഗിച്ച് വിദ്യാഭ്യാസരംഗങ്ങളില്‍ സജീവസാനിദ്ധ്യം ഉറപ്പുവരുത്തുകയാണ് സമുദായം ചെയ്യേണ്ടത്.

ഉപസംഹാരം
ഇത്രയും വിവരിച്ചതില്‍ നിന്ന് കേരളമുസ്‌ലിംകളുടെ വിദ്യാഭ്യാസ രംഗം തീര്‍ത്തും നിരാശാപൂര്‍ണമെന്ന് ധരിക്കരുത്. മറിച്ച് വിദ്യാഭ്യാസ രംഗത്ത് അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളും പ്രതിസന്ധികളും മാത്രമാണിത്. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉള്ളതോടൊപ്പം സമീപകാലത്ത് അവരുടെ ഉണര്‍വ് ശുഭോതര്‍ക്കമാണ്. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള അതിജീവന ശേഷി അവര്‍ നേടിയെടുത്തിരിക്കുന്നു. പ്രതീക്ഷാ നിര്‍ഭരമായ ഈ അവസ്ഥ സാധ്യമാക്കുന്നതില്‍ മുസ്‌ലിം സംഘടനകളുടെ പങ്ക് അനല്‍പമാണ്. കേരളമുസ്‌ലിം ഐക്യസംഘത്തിന്റെ ആശയപരമായ ഊര്‍ജം ഉള്‍കൊണ്ടാണ് മുജാഹിദ് വിഭാഗം വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം സൃഷ്ടിച്ചത്. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം എന്ന നൂതന രീതി ആവിഷ്‌കരിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയും വിദ്യാഭ്യാസ വിപ്ലവത്തിന് ഊര്‍ജം പകര്‍ന്നു. 1964 ലെ എം.ഇ.എസ്സിന്റെ രൂപീകരണം ഒരു നാഴികകല്ലായിരുന്നു. പ്രൊഫഷനല്‍ വിദ്യാഭ്യാസ മേഖലയില്‍ മുസ്‌ലിംകളുടെ മുന്നോട്ടുള്ള കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത് എം.ഇ.എസ്സാണ്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുന്‍കാലത്തേക്കാള്‍ മുസ്‌ലിംകള്‍ ജാഗരൂകരാണ്. വിദ്യാഭ്യാസ രംഗത്തെ ഉണര്‍വിലൂടെ മാത്രമേ സമൂഹത്തില്‍ സമ്മര്‍ദ്ദശക്തിയായി മാറാനാവുകയുള്ളൂവെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മിക്ക രക്ഷിതാക്കളും തങ്ങളുടെ സന്താനങ്ങള്‍ക്ക് ധാര്‍മികവും സാമൂഹികവുമായ മികച്ച വിദ്യാഭ്യാസം ലഭ്യമാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിഷയത്തില്‍ അതീവ ശ്രദ്ധരാണ്. പാതിവഴിയില്‍ പഠനം അവസാനിപ്പിക്കാതെ ലക്ഷ്യം നേടുവോളം അവര്‍ കര്‍മോത്സുകരാണ്. അവരുടെ വിജ്ഞാനാന്വേഷണം കേരളത്തിലെ വിദ്യാസ്ഥാപനങ്ങളില്‍ മാത്രം പരിമിതമല്ല. കേരളത്തിന് പുറത്ത് കേന്ദ്ര -വിദേശ സര്‍വകലാശാലകളിലും ഇതര അകാദമിക സ്ഥാപനങ്ങളിലും അവരുടെ സാന്നിദ്ധ്യം പ്രകടമാണ്.തികച്ചും പോസിറ്റീവായ ഈ പ്രവണതക്ക് കൂടുതല്‍ പിന്തുണയും ദിശാബോധവും നല്‍കുകയെന്നതാവണം കേരള മുസ്‌ലിംകളുടെ ഇനിയുള്ള പ്രവര്‍ത്തന പദ്ധതികള്‍.

Reference

1 എജുക്കേഷണല്‍ എംപവര്‍മെന്റ് ഓഫ് കേരള മുസ്‌ലിംസ്: എ സോഷ്യോ ഹിസ്റ്റോറിക്കല്‍ പെസ്‌പെക്റ്റീവ്, പ്രൊഫ: യു മുഹമ്മദ്, ദി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്:ന്യൂഡല്‍ഹി,അദര്‍ബുക്ക്‌സ്: കോഴിക്കോട്.
2 ഇന്ത്യന്‍മുസ്‌ലിംകള്‍ : സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതി വിവരം, സച്ചാര്‍ സമിതി റിപ്പോര്‍ട്ട്, ഐ.പി.എച്ച് : കോഴിക്കോട്.
3 കേരളപഠനം :കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു? എഡി: ഡോ. കെ.പി അരവിന്ദന്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
4 സച്ചാറിന്റെ കേരള പരിസരം, എഡി: അശ്‌റഫ് എ. കടയ്ക്കല്‍, അദര്‍ ബുക്ക്‌സ് : കോഴിക്കോട്.
5 സമുദായ വിദ്യാലയങ്ങള്‍ കേരളത്തില്‍, പ്രൊഫ: യു മുഹമ്മദ്, മാതൃഭുമി ആഴ്ചപ്പതിപ്പ് : 23—- 29 ജൂലൈ 2000.
6 വിദ്യാഭ്യാസം: മുസ്‌ലിംകേരളം എവിടെ നില്‍ക്കുന്നു?, കബീര്‍ പോരുവഴി, തേജസ് ദൈ്വവാരിക: നവംബര്‍ 1 - 15, 16 -30 2013.