ദാറുല്‍ ഉലൂമും മദ്രസ്സാ പ്രസ്ഥാനവും ചാലിലകത്തും

നസ്‌റുല്ല വാഴക്കാട്   (ലക്ചറര്‍, ശാഫി കോളെജ്, വാഴയൂര്‍)

മാലിക്ബ്‌നു ദീനാറിന്റെ കുടുംബാംഗങ്ങള്‍ പണിതീര്‍ത്ത പത്ത് പള്ളികള്‍ കേരള മുസ്‌ലിംകളുടെ ധിഷണാപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി വര്‍ത്തിച്ചു. ഇസ്‌ലാമിന്റെ പ്രചാരം വ്യാപകമാവുന്നതിനനുസരിച്ച് അത്തരം കേന്ദ്രങ്ങളുടെ വളര്‍ച്ചയും നവോത്ഥാനത്തിന് അടിക്കല്ലായി മാറി. പള്ളികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങളായിത്തീര്‍ന്നു. പൊന്നാനിയിലേതുപോലെ വലിയ പള്ളികള്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. അവിടങ്ങളില്‍ നടന്നിരുന്ന ക്ലാസുകള്‍ 'ദര്‍സ്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവിടത്തെ വിദ്യാര്‍ഥികള്‍ മത വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടി. ഇരുപതാം ശതകത്തിന്റെ ആരംഭം വരെ പള്ളി ദര്‍സുകളായിരുന്നു മുസ്‌ലിം നവോത്ഥാനത്തിന്റെ വിദ്യാഭ്യാസ ചിന്തകള്‍ക്കും ഭാഷാപഠനങ്ങള്‍ക്കും സാരഥ്യം വഹിച്ചത്. വാഴക്കാട്, പാറക്കടവ്, പെരിങ്ങത്തൂര്‍, കാഞ്ഞിരപ്പള്ളി, മണ്ണാര്‍ക്കാട്, കൂട്ടായി തുടങ്ങിയ സ്ഥലങ്ങളിലെ പള്ളി ദര്‍സുകള്‍ ഉന്നത നിലവാരം പുലര്‍ത്തി പോന്നു.
    കേരളത്തില്‍ ദീനിവിജ്ഞാനത്തിനും സാംസ്‌കാരിക പുരോഗതിക്കും വെളിച്ചത്തിന്റെ വിത്തുപാകി, ഇസ്‌ലാമിക നവോത്ഥാന മണ്ഡലത്തിലും അറബിഭാഷാ പഠനരംഗത്തും വമ്പിച്ച മുന്നേറ്റത്തിന് തുടക്കം കുറിച്ച മഹത്തായ ഒരു വിദ്യാഭ്യാസ മാതൃകയായിരുന്നു വാഴക്കാട് ദാറുല്‍ ഉലൂം. മറ്റെല്ലാ ഇസ്‌ലാമിക കേന്ദ്രങ്ങളെയുംപോലെ ദാറുല്‍ ഉലൂം ചെറിയ ഒരു പള്ളി ദര്‍സില്‍ നിന്നാണ് തുടക്കം കുറിച്ചത്. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ഇസ്‌ലാമിക കലാലയമായ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തും ഉത്തരേന്ത്യയിലെ പ്രമുഖ ദീനിസ്ഥാപനമായ ദയൂബന്ദും സ്ഥാപിതമായി എറെ കഴിയുന്നതിനു മുമ്പുതന്നെ വാഴക്കാട് ദാറുല്‍ ഉലൂം സ്ഥാപിതമായിട്ടുണ്ട്. പക്ഷേ, ദയൂബന്ദിലെ ദാറുല്‍ ഉലൂമും വെല്ലൂരിലെ ബാഖിയാത്തും പടുത്തുയര്‍ത്തിയത് അക്കാലത്ത് പ്രസിദ്ധരായ മതപണ്ഡിതന്മാരായിരുന്നുവെങ്കില്‍ വാഴക്കാട് ദാറുല്‍ ഉലൂമിന് ആധാരശിലയിട്ടത് കേരളത്തിലെ കുടുംബ തറവാടായ കൊയപ്പത്തൊടി കുടുംബത്തിലെ ധനാഢ്യരായ നേതാക്കളായിരുന്നു. കൃഷിയും മരക്കച്ചവടവുമായി ചാലിയാര്‍ തീരത്തുള്ള വാഴക്കാട് ദേശത്ത് വന്ന് താമസമാക്കിയ ഒരു പുരാതന കുടുംബത്തിലെ അംഗങ്ങളായിരുന്നു അവര്‍. ശിരസ്തദാര്‍ എന്ന സ്ഥാനപേരില്‍ അറിയപ്പെട്ടിരുന്ന കൊയപ്പത്തൊടി മമ്മദ്കുട്ടി സാഹിബ് 1871 ലാണ് ദാറുല്‍ ഉലൂമിന് രൂപം നല്‍കിയത്. തന്റെയും കുടുംബത്തിന്റെയും ഒരു നിത്യസ്മാരകവും അല്ലാഹുവിന്റെ അടുക്കല്‍ ഉപകരിക്കുന്ന നിക്ഷേപമായി ഇത് പടുത്തുയര്‍ത്തുവാന്‍ അക്കാലത്തെ ഉന്നത പണ്ഡിതന്മാരുടെ ഉപദേശ നിര്‍ദേശങ്ങളാണ് അദ്ദേഹം സ്വീകരിച്ചുവന്നത്.
1871 ഒക്‌ടോബര്‍ 3നായിരുന്നു ആരംഭം. തുടക്കത്തില്‍ തന്‍മിയത്തുല്‍ ഉലൂം എന്നായിരുന്നു പേര്. പിന്നീട് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാലത്താണ് 'ദാറുല്‍ ഉലൂം' മദ്രസ എന്നപേര് നല്‍കിയത് എന്ന് കരുതപ്പെടുന്നു. ചെറിയ ഒരു പള്ളിയില്‍ വച്ചാണ് ദര്‍സ് നടന്നിരുന്നത്.
മുസ്‌ലിയാരകത്തു സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ചാലിയം കുഞ്ഞാലിക്കുട്ടി മുസ്‌ലിയാര്‍, പൊന്നാനി ബാപ്പു മുസ്‌ലിയാര്‍, കീഴുപറമ്പ് ഇബ്‌റാഹീം മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ഇവിടെ ദര്‍സ് നടത്തിയിരുന്നു.
ദര്‍സ് വിപുലീകരിക്കണമെന്നും ഒരു ധര്‍മസ്ഥാപനം സ്ഥാപിക്കണമെന്നും മമ്മദ്കുട്ടി സാഹിബ് ആഗ്രഹിക്കുകയും അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് 1876ല്‍ അദ്ദേഹത്തിന്റെ പുത്രന്‍ മൊയ്തീന്‍കുട്ടി സാഹിബും കുറേ സ്വത്തുക്കള്‍ വഖഫു ചെയ്തു.
മദ്‌റസ സ്ഥിതി ചെയ്യുന്ന വാഴക്കാട് പ്രദേശം ഒരുകാലത്ത് കറിമരത്തിന്റെയും വാഴയുടെയും കാട് തന്നെയായിരുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് പഴയ തലമുറയിലെ ചരിത്രമറിയുന്ന കാരണവന്മാരും സാക്ഷ്യമൊഴികളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രസ്തുത കാടുകള്‍ വെട്ടിത്തെളിച്ചു ഒരു മനോഹരമായ വൈജ്ഞാനിക ഗ്രാമമായി ഉയരാന്‍ വാഴക്കാടിന് ഭാഗ്യം വരുത്തിയത് ദാറുല്‍ ഉലൂം മദ്‌റസയായിരുന്നുവെന്നാണ് വാമൊഴി ചരിത്രങ്ങളില്‍ നിന്നും നമുക്ക് ബോധ്യമാവുന്നത്.
ഏറനാട് താലൂക്കിലെ കറിമരക്കാട് അംശം വാഴക്കാട് ദേശം പ്രസിദ്ധമാവുന്നതും ദാറുല്‍ ഉലൂമിലൂടെയാണ്. വിദൂര ദിക്കുകളില്‍നിന്നും വിജ്ഞാനത്തിനു വേണ്ടി വന്നെത്തുന്നവര്‍ക്ക് നാട്ടുകാര്‍ അര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‍കിപ്പോന്നു. അന്നത്തെ മുസ്‌ലിം കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ അല്‍ അസ്ഹറായിരുന്നു ദാറുല്‍ ഉലൂം വാഴക്കാട്.
മൊയ്തീന്‍കുട്ടി സാഹിബിന്റെ മരണശേഷം സഹോദരന്‍ അഹ്മ്മദ് സാഹിബിന്റെ പുത്രന്‍ ഖാന്‍സാഹിബ് എന്ന പേരിലറിയപ്പെട്ട മമ്മദ്കുട്ടി അധികാരി 1911ല്‍ ദാറുല്‍ ഉലൂമിന്റെ ഭരണം ഏറ്റെടുത്തു. ചെറിയതോതില്‍ നടന്നുവരുന്ന മദ്‌റസ വലിയ ഒരു സ്ഥാപനമായി ഉയര്‍ത്തണമെന്ന ആഗ്രഹമനുസരിച്ച് കൂടുതല്‍ സ്വത്തുക്കള്‍ ഇദ്ദേഹം വഖഫ് ചെയ്തു. വഖഫ് സ്വത്തുക്കള്‍ ഏകീകരിക്കുകയും പുഷ്ടിപ്പെടുത്തുകയും സ്വത്തുക്കള്‍ക്കുണ്ടായിരുന്ന ചില കടബാധ്യതകള്‍ തീര്‍ത്ത് സുരക്ഷിതമാക്കുകയും ചെയ്തു. മദ്‌റസയുടെ ഭാവി നടത്തിപ്പിനുവേണ്ടി ഒരു ഭരണഘടന തയ്യാറാക്കുകയും വിശാലമായ ഹാളും വിദ്യാര്‍ത്ഥികള്‍ക്കു താമസിക്കാന്‍ വേണ്ടി രണ്ടു നിലകളിലുള്ള താമസമുറികളും കൂടിയ കെട്ടിടം പണി കഴിപ്പിച്ചു. കാന്റീന്‍, ഓഫീസ്, എന്നിവ ഉള്‍ക്കൊള്ളുന്ന കെട്ടിടം നിര്‍മിച്ചതും ഖാന്‍ സാഹിബിന്റെ കാലത്താണ്.
'ചാലിലകത്ത്' എന്ന കുടുംബപ്പേര് കേരളത്തിലെ മുസ്‌ലിം സമുദായ ചരിത്രത്തിന് അവഗണിക്കാനാവില്ല. മതപണ്ഡിതന്മാരില്‍ ലോകബോധമുണര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഉല്‍പതിഷ്ണുവായ പണ്ഡിതന്‍; കേരളത്തിലങ്ങോളമിങ്ങോളം ശിഷ്യഗണങ്ങളുണ്ടായിരുന്ന ''ഉസ്താദുമാരുടെ ഉസ്താദ്'', പള്ളിദര്‍സുകളുടെ മൂലകളില്‍ നിന്ന് മതപഠനത്തെ അറബിക് കോളേജുകളിലേക്കും നൂതനരീതികളിലേക്കും ഉയര്‍ത്തിയ വിദ്യാഭ്യാസ വിചക്ഷണന്‍; മതപാഠശാലകളില്‍ മലയാളം അധ്യാപകന്‍ വേണമെന്ന് ശഠിച്ച പുരോഗമനവാദി; മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിജ്ഞാനം വിലക്കപ്പെട്ട കാലത്ത് സ്വന്തം പെണ്‍മക്കളെ സ്‌കൂളില്‍ ചേര്‍ത്ത ധീരശാലി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രക്കുറിപ്പുകള്‍ ഇനിയും ഏറെ ഗവേഷണം ആവശ്യപ്പെടുന്നുണ്ട്.
1855 ല്‍ തിരൂരങ്ങാടിയിലാണ് ചാലിലകത്ത് ജനിച്ചത്. ആശ്ശേരി മൊയ്തീന്‍കുട്ടി ഹാജിയായിരുന്നു പിതാവ്. മാതാവിന്റെ കുടുംബ നാമമാണ് ചാലിലകത്ത്. കോഴിക്കോട് പ്രൈമറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മതപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കോഴിക്കോട് ജുമാമസ്ജിദ്, പൊന്നാനി വലിയ ജുമുഅത്ത് പള്ളി തുടങ്ങിയ ദര്‍സുകളില്‍ വിദ്യാര്‍ഥിയായി. സ്വന്തം അമ്മാവന്‍ ചാലിലകത്ത് അലിഹസ്സന്‍ മൗലവി, കോടഞ്ചേരി മമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ ഗുരുക്കന്മാരാണ് ആദ്യം പഠിപ്പിച്ചത്. ഉപരിപഠനത്തിനായി വെല്ലൂര്‍ ലത്തീഫിയ്യാ കോളേജില്‍ ചേര്‍ന്നു. അവിടെ നിന്ന് ബിരുദം നേടിയ ആദ്യത്തെ കേരളീയനാണ് ചാലിലകത്ത്. വെല്ലൂരിലെ പഠനകാലത്ത് ഇസ്‌ലാമിക വിജ്ഞാനത്തോടൊപ്പം തമിഴ്, ഉര്‍ദു, പാര്‍സി ഭാഷകളും സ്വായത്തമാക്കി. ഒപ്പം മലയാള ഭാഷ വ്യാകരണ മുറ പ്രകാരം അദ്ദേഹം അഭ്യസിച്ചു. ഒരു മതപണ്ഡിതന്റെ വിജ്ഞാന മണ്ഡലത്തിനപ്പുറം അറിവും അനുഭവവും സമ്പാദിക്കാന്‍ ഇത് സഹായകമായി. അറബി ഗ്രന്ഥങ്ങളോടൊപ്പം ദേശീയ പത്രങ്ങളും സാഹിത്യ കൃതികളും ധാരാളമായി അദ്ദേഹം വായിച്ചു. കാലത്തിന്റെ പുത്തന്‍ ചലനങ്ങള്‍ക്കൊത്ത് മതപാഠങ്ങളും പഠനരീതികളും പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. മുദരിസ് ആയാണ് ജീവിതം ആരംഭിച്ചത്. തിരൂരങ്ങാടി തറമ്മല്‍ പള്ളി, മാഹി, പുളിക്കല്‍, വളപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യകാലത്ത് അധ്യാപനം നടത്തിയിരുന്നത്. പിന്നീടാണ് വാഴക്കാട് ദാറുല്‍ ഉലൂമില്‍ എത്തുന്നത്. മതവിജ്ഞാനത്തേയും ആധുനിക കരിക്കുലങ്ങളെയും സമന്വയിപ്പിച്ച നൂതനമായ ഒരു വിദ്യാഭ്യാസ മാതൃക പരീക്ഷിക്കുവാനും വിജയം നേടുവാനും കഴിഞ്ഞത് ദാറുല്‍ ഉലൂമില്‍ വെച്ചായിരുന്നു. വിദ്യാഭ്യാസ കാലത്തുതന്നെ മതഗ്രന്ഥങ്ങളേക്കാള്‍ ലോകത്തെ വിവിധ വൈജ്ഞാനിക സ്രോതസ്സുകളോട് അദ്ദേഹത്തിനുള്ള ആഭിമുഖ്യം പ്രകടമായിരുന്നു. അറബി പത്രങ്ങള്‍ക്ക് പുറമേ മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ 'അല്‍ഹിലാല്‍' 'അല്‍ബലാഗ്' എന്നീ പത്രങ്ങളും അദ്ദേഹം സ്ഥിരമായി വായിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തോടുള്ള വിരോധവും കോണ്‍ഗ്രസ്സിനോട് അനുഭാവവും ഉള്ള ഒരു രാഷ്ട്രീയ ബോധവും അദ്ദേഹത്തില്‍ പ്രകടമായിരുന്നു. 1909ല്‍ വാഴക്കാട് മുദരിസായി നിയമിക്കപ്പെട്ടതോടെയാണ് ചാലിലകത്തിന്റെ മതപരിഷ്‌കരണ ചിന്തകള്‍ പ്രയോഗത്തില്‍ വന്നത്. കൊയപ്പത്തൊടി മൊയ്തീന്‍കുട്ടി അധികാരിയും അദ്ദേഹത്തിന്റെ സഹോദരപുത്രന്‍ കൊയപ്പത്തൊടി മോയിന്‍ കുട്ടി സാഹിബും, വാഴക്കാട് പള്ളി ദര്‍സിനു വേണ്ടി വഖഫ് ചെയ്ത ഭൂസ്വത്തുക്കളാണ് ദാറുല്‍ ഉലൂം അറബിക് കോളേജിന് ആസ്തിയായത്. മോയിന്‍കുട്ടി സാഹിബ് പ്രധാന നടത്തിപ്പുകാരനായ കാലത്ത് ചെറുശ്ശേരി അഹമ്മദ് കുട്ടി മൗലവിയെ അധ്യാപകനായി നിയമിച്ചു. അക്കാലത്താണ് മാഹി ദര്‍സില്‍ നിന്ന് ചാലിലകത്ത് വിട്ടുപോന്നത്. മോയിന്‍കുട്ടി സാഹിബിന്റെ നിര്‍ദേശ പ്രകാരം ചെറുശ്ശേരി ചാലിലകത്തിനെ ദാറുല്‍ ഉലൂമിലേക്ക് ക്ഷണിച്ചു. മദ്‌റസാ പഠനരീതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ നിലവിലുള്ള സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചാലിലകത്ത് മറുപടി നല്‍കി. അപ്രതിക്ഷീതമായ മറുപടിയാണ് വാഴക്കാട്ടുനിന്ന് കിട്ടിയത്. മദ്‌റസ പരിഷ്‌കരണം അവിടുത്തെ ഇഷ്ടത്തിന് വിട്ടുതരാന്‍ മാനേജര്‍ മൊയ്തീന്‍കുട്ടി സാഹിബ് സന്നദ്ധനാണെന്ന് ചെറുശ്ശേരി അറിയിച്ചു.
പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റത്തിന്റെ വഴിതെളിക്കാന്‍ ചാലിലകത്ത് സന്തോഷപൂര്‍വ്വം ദാറുല്‍ ഉലൂമിലെത്തി. മതപാഠശാലകളില്‍ അക്കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത പരിഷ്‌കരണങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി തുടങ്ങി. മതവിഷയങ്ങള്‍ക്ക് പുറമേ ഗണിത ശാസ്ത്രം, തത്ത്വശാസ്ത്രം, ജീവശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ പഠിപ്പിക്കാന്‍ തുടങ്ങി. മറ്റ് ദര്‍സുകളിലൊന്നും നടപ്പില്ലാതിരുന്ന ഈ വിഷയങ്ങള്‍ പഠിപ്പിച്ചു തുടങ്ങിയതോടെ വാഴക്കാട് ദാറുല്‍ഉലൂം പ്രശസ്തിയിലേക്കുയര്‍ന്നു. മതവിഷയങ്ങളില്‍ പ്രാവീണ്യം നേടിയ പണ്ഡിതന്മാര്‍ തന്നെ ദാറുല്‍ ഉലൂമില്‍ വിദ്യാര്‍ഥികളായെത്തി. മുതിര്‍ന്ന പണ്ഡിതന്മാര്‍ മലയാളത്തിലെ ബാലപാഠങ്ങള്‍ പഠിക്കുന്നതും സ്ലേറ്റില്‍ കണക്ക് ചെയ്യുന്നതും കൗതുകമുള്ള കാഴ്ചയായിരുന്നു.
കെ.എം മൗലവി, ഇ.കെ മൗലവി, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ഇ.മൊയ്തു മൗലവി തുടങ്ങിയവര്‍ അവിടത്തെ പ്രമുഖ ശിഷ്യരായിരുന്നു. ആദ്യം സഹപ്രവര്‍ത്തകനായിരുന്ന ചെറുശ്ശേരിയും  പിന്നീട് ശിഷ്യനായി മാറി. ഇ. മൊയ്തു മൗലവി ഒരു ഓര്‍മക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: കേരളത്തില്‍  ഹോംറൂള്‍ പ്രസ്ഥാനം പ്രചാരണം നടത്തിയിരുന്ന കാലത്ത് ഞങ്ങളെല്ലാം വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജില്‍ പഠിക്കുകയായിരുന്നു. ഞങ്ങളുടെ വന്ദ്യഗുരുഭൂതരായിരുന്ന മൗലാനാ കുഞ്ഞഹമ്മദ് സാഹിബ് അവര്‍കള്‍ സമകാലിക പണ്ഡിതന്മാരില്‍ നിന്ന് പല നിലയിലും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു. അദ്ദേഹം അലി സഹോദരന്മാരുടെ രാഷ്ട്രീയാഭിപ്രായത്തോട് ആഭിമുഖ്യം പ്രദര്‍ശിപ്പിച്ചുപോന്നു. അക്കാലത്ത് ഇന്ത്യയില്‍ രാഷ്ട്രീയ പ്രബുദ്ധത ഇന്നത്തെപോലെ വളര്‍ന്നിരുന്നില്ല. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഭരണത്തിന് ഒരു മാറ്റം വേണമെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു ഉസ്താദ് അവര്‍കള്‍. (കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീമിന്റെ കെ.എം.മൗലവി സാഹിബ് എന്ന ഗ്രന്ഥത്തിന്റെ ആമുഖം.)
നൂതനമായ പഠന സാമാഗ്രികള്‍ ചാലിലകത്ത് തന്റെ പാഠശാലയില്‍ അവതരിപ്പിച്ചു. ഗ്ലോബുകള്‍, അറ്റ്‌ലസുകള്‍, ജീവജാലങ്ങളുടെ ചിത്രങ്ങള്‍, ലോകഭാഷകളിലെ ഗ്രന്ഥങ്ങള്‍, വിവിധ ഭാഷാ നിഘണ്ടുകള്‍ എന്നിവ ക്ലാസ്മുറിയില്‍ സുപരിചിതമായി. പത്ര മാസികകള്‍ക്ക് പുറമേ മലയാള സാഹിത്യത്തിലെ വിഖ്യാത ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുകയും അവ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഒ.ചന്തുമേനോന്റെ 'ഇന്ദുലേഖ' മൗലാനാ ആവര്‍ത്തിച്ച് വായിക്കുകയും ശിഷ്യന്മാര്‍ക്ക് വായിക്കാന്‍ കൊടുക്കുകയും ചെയ്തിരുന്നതായി ഇ.കെ മൗലവി സാക്ഷ്യപ്പെടുത്തുന്നു. കാലക്രമത്തില്‍ എല്ലാ വിദ്യാര്‍ഥികളും മലയാളസാഹിത്യത്തില്‍ പ്രാവീണ്യമുള്ളവരായി തീര്‍ന്നു. പത്ര പാരായണത്തില്‍ അഭിരുചിയുള്ളവരും.           
ചാലിലകത്ത് സ്വന്തം പാഠശാലയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരുപോലെ പ്രവേശനം നല്‍കി. മാത്രമല്ല സ്വന്തം പുത്രിമാരെയും അമ്മാവന്‍ അബ്ദുല്ല മുസ്‌ലിയാരുടെ പുത്രിമാരെയും സ്‌കൂളില്‍ ചേര്‍ക്കാനും അദ്ദേഹം മുന്‍കൈ എടുത്തു. മുസ്‌ലിംകള്‍ അറബി മലയാളം മാത്രം മാധ്യമമായി ഉപയോഗിച്ചിരുന്ന കാലത്ത് മലയാള ഭാഷയെ ജനകീയമാക്കാനും, സ്ത്രീ വിദ്യാഭ്യാസം സാര്‍വത്രികമാക്കാനുമുള്ള കര്‍മ മാതൃകകള്‍ സൃഷ്ടിച്ചതാണ് സമുദായ പരിഷ്‌കരണ ചരിത്രത്തില്‍ ചാലിലകത്തിന് പ്രത്യേകമായ ഒരു സ്ഥാനം നേടിക്കൊടുത്തത്.
    തറയില്‍ കുത്തിയിരുന്ന് ഓതിപ്പഠിച്ചിരുന്ന പഴഞ്ചന്‍ രീതിമാറ്റി. ക്ലാസ്മുറിയും ബെഞ്ചും കസേരയും മേശയും ബോര്‍ഡും ചോക്കും വന്നത് തന്നെ സമുദായത്തില്‍ വലിയ പരിഷ്‌കാരങ്ങളായി മാറി. പാഠപുസ്തകങ്ങള്‍ സ്വന്തമായി രചിച്ച ചാലിലകത്ത് അവ അച്ചടിച്ച് വിതരണം ചെയ്യാന്‍ കോഴിക്കോട് നല്ലളത്ത് സ്വന്തമായി പ്രസ്സും സ്ഥാപിച്ചു. 'തസ്‌വീറുല്‍ ലുഅ' എന്ന അക്ഷര ശാസ്ത്രഗ്രന്ഥം രചിച്ച് അതും സിലബസില്‍ ഉള്‍പ്പെടുത്തി. അറബി-മലയാളം അക്ഷരമാലയുടെ പരിഷ്‌കൃത രൂപമായിരുന്നു ആ കൃതി. മലയാളം വ്യാകരണക്കുറിപ്പുകളും അടങ്ങിയ ആ പാഠപുസ്തകം മാതൃഭാഷ നന്നായി പഠിക്കാന്‍ സമുദായത്തെ ആഹ്വാനം ചെയ്തു. അറബി മലയാളത്തെ പരിഷ്‌കരിക്കാനുള്ള മാര്‍ഗം പുതിയ ലിപി മുഖേന രൂപപ്പെടുത്തി. ദാറുല്‍ഉലൂം ഒരു വിജയിച്ച മാതൃകയായതോടെ നാടിന്റെ പലഭാഗത്തും ദാറുല്‍ ഉലൂം മാതൃകയില്‍ മദ്‌റസകള്‍ ഉടലെടുത്തു. അതോടൊപ്പം യാഥാസ്ഥിതിക പണ്ഡിതന്മാരില്‍ നിന്നുള്ള എതിര്‍പ്പുകളും രൂക്ഷമായി. മാനേജര്‍ കൊയപ്പത്തൊടി മോയിന്‍കുട്ടി സാഹിബിന്റെ മുന്നില്‍ രണ്ട് ഗുരുതരമായ താക്കീതുകള്‍ (ഫത്‌വകള്‍) യാഥാസ്ഥിതിക വിഭാഗം നിരത്തി.
ഒന്ന് : വഖഫ് സ്വത്തുക്കള്‍ മദ്രസുക്കുവേണ്ടി വിനിയോഗിക്കല്‍ ഹറാം (നിഷിദ്ധം) ആണ്.
രണ്ട് :  ദൈവനാമം എഴുതുന്ന ചോക്കുപൊടി നിലത്ത് വീഴുന്നത് ഹറാമാണ്.
വാഴക്കാട് പ്രശ്‌നം കേരളമാകെ കോലാഹലമായി. അന്ന് പരസ്പരം തര്‍ക്കിക്കാനും വാദ പ്രതിവാദങ്ങള്‍ നടത്താനും കേരള മുസ്‌ലിംകള്‍ക്ക് സംഘടനകളില്ലായിരുന്നു. ചാലിലകത്തിന്റെ മരണശേഷമാണ് പരിഷ്‌കരണ പ്രസ്ഥാനമായ 'കേരള മുസ്‌ലിം ഐക്യസംഘം' 1922ല്‍ രൂപം കൊണ്ടത്. പ്രശ്‌നം കൊടുമ്പിരികൊണ്ടതോടെ വാഴക്കാട് പ്രസിദ്ധരായ മുസ്‌ലിം പണ്ഡിതന്മാര്‍ ഒത്തുചേര്‍ന്നു. ആ സഭയില്‍ നിന്ന് ദാറുല്‍ ഉലൂമിലെ പഠനശാഖകള്‍ പരിശോധിക്കാന്‍ നാല് പണ്ഡിതന്മാരെ ചുമതലപ്പെടുത്തി. പൊന്നാനി മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാര്‍, കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍, പള്ളിപ്പുറം യുസുഫ് മുസ്‌ലിയാര്‍ എന്നിവരാണ് പരിശോധനക്ക് വന്നത്. അവര്‍ പാഠപുസ്തകങ്ങള്‍ പരിശോധിച്ച് പഠിതാക്കളില്‍ പരീക്ഷ നടത്തി. സംതൃപ്തരായി മടങ്ങിപ്പോയി. മദ്‌റസാ പരിഷ്‌കരണ വിദ്വേഷം വിവാദക്കൊടുങ്കാറ്റാക്കി യാഥാസ്ഥിതിക വിഭാഗം പിന്നെയും ഒച്ചപ്പാടുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒടുക്കം സഹിക്കെട്ട മൗലാനയും കൂട്ടരും ദാറുല്‍ ഉലൂമിനോട് വിടചൊല്ലി. പിന്നീട് കുറച്ചുകാലം നല്ലളത്ത് ദര്‍സ് നടത്തി. കല്ലടി മൊയ്തുകുട്ടി സാഹിബിന്റെ ക്ഷണപ്രകാരം പിന്നീട് മണ്ണാര്‍ക്കാട്ട് മുദരിസ് ആയി. മണ്ണാര്‍ക്കാട് വച്ച് 1918 ല്‍ മരണമടഞ്ഞ മൗലാന തിരൂരങ്ങാടി തറമ്മല്‍ പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 1925-ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന പണ്ഡിത സംഘം അതിന്റെ നാലാം വാര്‍ഷികം മണ്ണാര്‍ക്കാട്ട് വെച്ച് നടത്തുമ്പോള്‍ സ്ത്രീകളെ കയ്യെഴുത്ത് പഠിപ്പിക്കല്‍ നിഷിദ്ധമാണ് എന്നതായിരുന്നു ആ സമ്മേളനത്തിന്റെ മുഖ്യപ്രമേയം. ചാലിലകത്ത് മരണപ്പെട്ട് ഒരു വ്യാഴവട്ടം പിന്നിട്ട കേരളമാണ് ഈ പ്രമേയം സ്വീകരിച്ചതെന്ന് മാത്രം ഓര്‍ത്താല്‍ മതി, വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ മുസ്‌ലിം കേരളം എത്ര പിന്നിലേക്കാണ് പിന്നീട് സഞ്ചരിച്ചതെന്ന് മനസ്സിലാക്കാന്‍.

Reference

1. കേരള മുസ്‌ലിം ചരിത്രം - പി.എ സെയ്ത് മുഹമ്മദ്
2. കേരള മുസ്‌ലിം ഐക്യസംഘവും നവോത്ഥാനവും - ഇ.കെ മൗലവി
3. കെ.എം.മൗലവി സാഹിബ് - കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം
4. വാഴക്കാട് ദാറുല്‍ഉലൂം ഓര്‍മകളിലൂടെ - ദാറുല്‍ഉലൂം അറബിക് കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍
5. അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവന - പ്രൊഫ.കെ.എം മുഹമ്മദ്
6. മാപ്പിള ചരിത്ര ശകലങ്ങള്‍ - പ്രൊഫ.കെ.വി അബ്ദുറഹിമാന്‍
7. മുസ്‌ലിംങ്ങളും കേരള സംസ്‌കാരവും - പി.കെ മുഹമ്മദ് കുഞ്ഞി
8. തസ്‌വീറുല്‍ ഹുറൂഫ് (അറബി മലയാളം) - ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
9. ഹസ്രത്ത് ഉമര്‍ഖാസി (റ) യുടെ ജീവചരിത്രവും കൃതികളും.- വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി
10. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - സി.എന്‍ അഹമ്മദ് മൗലവി
11. മാപ്പിള മുസ്‌ലിംസ് ഓഫ് കേരള - റൊണാള്‍ഡ് ഇ. മില്ലര്‍

author image
AUTHOR: നസ്‌റുല്ല വാഴക്കാട്
   (ലക്ചറര്‍, ശാഫി കോളെജ്, വാഴയൂര്‍)