കേരള മുസ്‌ലിം മതവിദ്യാഭ്യാസം: ആധുനികതക്ക് മുമ്പും ശേഷവും

ജുമൈല്‍ പി.പി.  

ലേഖനത്തില്‍ മതവിദ്യാഭ്യാസമെന്നത്‌കൊണ്ട്, പ്രാഥമിക തലം മുതല്‍ ഗവേഷണ മണ്ഡലം വരെ വിപുലമായ വിദ്യാഭ്യാസ മേഖലയെയാണ് ഉദ്ദേശിക്കുന്നത്. കേരള മുസ്‌ലിംകള്‍ പരിചയിക്കുകയും അനുഭവിക്കുകയും ചെയ്ത പള്ളി ദര്‍സുകള്‍ മുതല്‍ ഓണ്‍ലൈന്‍ മദ്രസകള്‍ വരെ വിഷയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. മുസ്‌ലിംകള്‍ക്കിടയില്‍ വൈജ്ഞാനികമായ ഉണര്‍വും ഇസ്‌ലാമിക അധ്യാപനങ്ങളോടുള്ള ബന്ധവും തുടങ്ങിയത് മാലിക് ബ്ന്‍ ദീനാറും മാലിക് ബ്ന്‍ ഹബീബും കേരളത്തിലെത്തിയതോടെയാണ്. ഇസ്‌ലാമിക അധ്യാപനങ്ങള്‍ നേരിട്ട ജനങ്ങളിലേക്കെത്തിക്കുന്ന രീതിയാണ് ആദ്യം ഉണ്ടായിരുന്നത്. വളരെ കുറച്ചാളുകള്‍ മാത്രമാണ് അന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നിരുന്നത്.  തിരുസുന്നത്തിനു പുറമെ ആളുകളുടെ ജീവിത പ്രശ്‌നങ്ങള്‍ എന്ന നിലയില്‍ ഫിഖ്ഹീ മസ്അലകളും ഇപ്രകാരം കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

പള്ളികള്‍, ഓത്തുപള്ളികള്‍, വഅളുകള്‍
ഇസ്‌ലാം കടന്നുവന്ന എല്ലാ പ്രദേശങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കുകയെന്നത് ഒരു അനിവാര്യതയായി പ്രാവര്‍ത്തികമാക്കപ്പെട്ടിരുന്നു. ഇപ്രകാരം കേരളത്തിലെ പല പ്രദേശങ്ങളിലും പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടു. ഇസ്‌ലാമിന്റെ വിളിക്ക് ആദ്യം ഉത്തരം നല്‍കിയ തീര പ്രദേശങ്ങളിലായിരുന്നു ഈ പള്ളികള്‍ ആദ്യം ഉയര്‍ന്ന് വന്നത്. പള്ളികളുടെ സ്വാധീനം വളരെപ്പെട്ടെന്ന് ഉള്‍ദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നു. പള്ളികള്‍ നാടിന്റെ കാര്യനിര്‍വഹണ കേന്ദ്രങ്ങളായി മാറുകയും ചെയ്തു. പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് മതത്തെ ക്കുറിച്ച പ്രാഥമിക പാഠങ്ങള്‍ നല്‍കുകയെന്നതും പള്ളിയിലാണ് നടന്നുകൊണ്ടിരുന്നത്. അപ്രകാരം പള്ളികള്‍ കേന്ദ്രീകരിച്ച് ജുമുഅ ഖുതുബകളിലൂടെയും മറ്റ് പ്രഭാഷണങ്ങളിലൂടെയും അനൗദ്യോഗികമായ മതവിദ്യാഭ്യാസം ആരംഭിച്ചു.
കേരളത്തില്‍ ഇസ്‌ലാം വ്യാപിച്ചുകൊണ്ടിരുന്നു. കാലക്രമേണ കൂടുതലല്‍ ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നതോടെ പൊതുജനങ്ങളുടെ സംസ്‌കാരത്തിന് പുതിയ രീതികള്‍ ആവശ്യമായി വന്നു. ഇപ്രകാരം മതവിദ്യാഭ്യാസത്തിന്റെ പ്രായോഗിക രൂപമായി മത പ്രഭാഷണങ്ങള്‍ അഥവാ വഅളുകള്‍ പ്രത്യക്ഷപ്പെട്ടു. വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ കൃത്യമായ ഇടവേളകളിലോ മഹല്ലുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നത്. മനുഷ്യന്റെ ഇഹ-പര വിജയത്തെക്കുറിച്ചും വിശ്വാസ കര്‍മങ്ങള്‍, മതാനുഷ്ഠാനങ്ങള്‍ സംസ്‌കരണം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ചും ഇതിലൂടെ പഠിപ്പിക്കപ്പെട്ടിരുന്നു.

ആദ്യകാലങ്ങളില്‍ ഇത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെയുള്ള മതപഠന സംവിധാനമായിരുന്നു. എന്നാല്‍ പ്രാഥിക മതപഠനത്തിന് മറ്റ് സംവിധാനങ്ങള്‍ ഉയര്‍ന്നു വരുകയും മദ്രസകളിലൂടെയും മറ്റും കുട്ടികള്‍ക്ക് പ്രാഥമിക പാഠങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തതോടെ വഅളുകള്‍ മുതിര്‍ന്ന പൊതുജനങ്ങളുടെ തുടര്‍ മതപഠനത്തിനാണ് ഉപയോഗിക്കപ്പെട്ടത്. പല കാരണങ്ങള്‍ക്കൊണ്ടും മുടങ്ങിപ്പോകുന്ന മതപഠനത്തിന്റെ തുടര്‍ച്ചക്കുള്ള ജനകീയമായ ബദല്‍ സംവിധാനമായിരുന്നു ഇത്തരം പ്രഭാഷണങ്ങള്‍. 

ഇസ്‌ലാമിന്റെ വ്യാപനം കേരളത്തില്‍ ത്വരിതപ്പെട്ടതോടെ പ്രാഥമിക മതപാഠങ്ങള്‍ വ്യവസ്ഥാപിതമായ രീതിയില്‍ നടപ്പാക്കല്‍ അനിവാര്യമാണെന്ന് മുന്‍കാല പണ്ഡിതന്മാര്‍ക്ക് ബോധ്യപ്പെട്ടു. തതടിസ്ഥാനത്തില്‍ രൂപം നല്‍കപ്പെട്ട മതപഠന രീതിയായിരുന്നു ഓത്തു പള്ളികള്‍. പള്ളിയോടു ചേര്‍ന്ന് സംവിധാനങ്ങളൊരുക്കിയോ അല്ലെങ്കില്‍ ഗുരുകുല സമ്പ്രദായത്തിലെ പോലെ അധ്യാപകന്റെ വീടിനോടു ചേര്‍ന്നോ ആണ് ഇത്തരം പള്ളി ദര്‍സുകള്‍ നടത്തപ്പെട്ടിരുന്നത്. ഓരോ മുസ്‌ലിമും പ്രാഥമികമായും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കപ്പെട്ടിരുന്നത്. ഖുര്‍ആന്‍ പഠനം, അടിസ്ഥാനപരമായ ഇസ്‌ലാമിക കാര്യങ്ങള്‍, സ്വഭാവ ഗുണങ്ങള്‍ എന്നിവയും ഇവിടെ കൈമാറപ്പെട്ടിരുന്നു. ഉസ്താദ് ഓതിക്കൊടുക്കുക, വിദ്യാര്‍ത്ഥികള്‍ അത് കേട്ട് പഠിക്കുക എന്നതായിരുന്നു പ്രധാന ബോധനരീതി. ഓത്തുപള്ളിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിശ്ചിത സംഖ്യ അടച്ചുകൊണ്ടാണ് ഇതിനുള്ള സാമ്പത്തിക വിഭവം കണ്ടെത്തിയിരുന്നത്.
ബ്രിട്ടീഷുകാരുടെ കാലം വന്നതോടെ മുസ്‌ലിംകളെ മറ്റുള്ള സമൂഹങ്ങളെ പോലെ പെട്ടെന്ന് കീഴടക്കാനാവാത്തതും അവരുടെ പ്രതിരോധ - പോരാട്ടവീര്യവും കൂടുന്നതും വ്യതിരിക്തമായ ഇത്തരം പഠന സമ്പ്രദായങ്ങള്‍ കാരണമാണെന്ന് വിലയിരുത്തപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഓത്തുപള്ളികളില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധമായി. അതിന് പ്രത്യേക ഗ്രാന്റും നല്‍കാന്‍ ധാരണയായി. അപ്രകാരം ഓത്തുപള്ളികള്‍ പുതിയ രീതിയിലേക്ക് മാറ്റപ്പെട്ടു. ഇസ്‌ലാമിന്റെ പ്രാഥമിക കാര്യങ്ങള്‍ക്കൊപ്പം ഇംഗ്ലീഷും മറ്റ് ഭൗതിക വിദ്യാഭ്യാസങ്ങളും ഇവിടെനിന്ന് നല്‍കാന്‍ തുടങ്ങി. 1871 ലും 1894 ലും ഓത്തുപള്ളി അധ്യാപകര്‍ക്ക് ഗ്രാന്റ് നല്‍കി ഇവയെ സ്വാധീനിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു. 1921 ലെ മലബാര്‍ സമരത്തോടെ ബ്രിട്ടീഷുകാര്‍ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. 1947 ല്‍ മദ്രാസ് മുഖ്യമന്ത്രി രാജഗോപാലാചാരി സ്‌കൂളില്‍ മതപഠനം നിരോധിച്ചതോടെ ഈ സംവിധാനം കാലക്രമത്തില്‍ ഇല്ലാതാവുകയായിരുന്നു.

പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പഠനരീതി മുന്നോട്ടുപോയിരുന്നത്. കേരളത്തില്‍ ഇന്നും ചെറിയ മാറ്റങ്ങളോടെ നിലനില്‍ക്കുന്ന മതവിദ്യാഭ്യാസ രീതിയാണ് പള്ളിദര്‍സുകള്‍. കുട്ടികളുടെ പഠനവും താമസവും എല്ലാം പള്ളികളില്‍ തന്നെയാണ് ഉണ്ടാവുക. ആദ്യകാല മുസ്‌ലിംകളുടെ സാമ്പത്തികമായ പ്രയാസങ്ങളെ മറികടന്നുകൊണ്ട് മതവിദ്യാഭ്യാസം വ്യാപിപ്പിക്കാനുള്ള ഒരു രീതിയായി ഇത് സ്വീകരിക്കപ്പെട്ടിരുന്നു. കാരണം സമുദായത്തിന്റെ ആവശ്യകതയെന്ന നിലയില്‍ മതപണ്ഡിതന്മാരും ഇമാമുമാരും അനിവാര്യമായിരുന്നു. എന്നാല്‍ ഇതിനായി ചെലവഴിക്കാനുള്ള പണം ഇവിടെ കുറവായിരുന്നു. ഉന്നത പഠനവും ഗവേഷണങ്ങളുമാണ് പ്രധാനമായും പള്ളി ദര്‍സുകളില്‍ നടന്നിരുന്നത്. താഴെ ക്ലാസിലുള്ള വിദ്യാര്‍ത്ഥികളെ മുതിര്‍ന്നവര്‍ പഠിപ്പിക്കുന്ന രീതിയാണ് പിന്തുടരപ്പെട്ടിരുന്നത്. ഇത് അധ്യാപന പരിശീലനം നേടാനും പഠിച്ചത് ആവര്‍ത്തിച്ച് മന്സ്സിലാക്കാനും സഹായിച്ചിരുന്നു. മിക്കവാറും പള്ളി ദര്‍സുകളില്‍ ഒറ്റ അധ്യാപകനാണ് ഉണ്ടാവുക. ഇതോടൊപ്പം വ്യത്യസ്തമായ ബുദ്ധിശക്തിയുള്ളവര്‍ക്ക് വെറുതെ കാലം നഷ്ടപ്പെടാതെ അടുത്ത ഘട്ടത്തിലേക്ക് വളരുവാനുള്ള അവസരവും പള്ളി ദര്‍സുകള്‍ നല്‍കിയിരുന്നു. ആധുനികകാലത്ത് ചര്‍ച്ചചെയ്യപ്പെടുന്ന ഇന്‍ക്ലൂസീവ് എജ്യുകേഷന്റെ പ്രായോഗികരൂപം കൂടിയാണ് പള്ളി ദര്‍സുകള്‍. ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ് മറ്റ് ഇസ്‌ലാമിക വിജ്ഞാനിയങ്ങള്‍ എന്നിവക്ക് പുറമെ ശാസ്ത്ര വിഷയങ്ങളും ഗോളശാസ്ത്രവും ആരോഗ്യശാസ്ത്രവും പ്രവാചക ചികിത്സാ രീതികളും തര്‍ക്കശാസ്ത്രവും എല്ലാം ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു.
കൊടുങ്ങല്ലൂര്‍, കൊല്ലം, കോഴിക്കോട്, ചാലിയം, താനൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ഇസ്‌ലാമിന്റെ ആഗമന കാലത്തുതന്നെ പള്ളി ദര്‍സുകള്‍ നിലവില്‍വന്നു. അറേബ്യയില്‍ നിന്നു വന്ന സമുന്നതരായ പണ്ഡിതരായിരുന്നു ഇത്തരം ദര്‍സുകളില്‍ അധ്യാപകര്‍. ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ താനൂരിലെ മസ്ജിദ് ബിര്‍ക്കത്തുസ്സാലിഹ് അല്‍ കുബ്‌റല്‍ എന്ന ദര്‍സാണ് ഇപ്പോള്‍ അറിയപ്പെടുന്ന ദര്‍സുകളില്‍ ആദ്യത്തേത്. യമന്‍, ഹദ്‌റമൗത്, ഹിജാസ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ ഇവിടെ പഠിപ്പിച്ചിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ കീഴില്‍ നടന്നിരുന്ന പൊന്നാനിയിലെ ദര്‍സാണ് കേരളത്തിലെ പതിനാലാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രമായറിയപ്പെടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുവരെ ഇവിടെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തിയിരുന്നു. വിദ്യാഭ്യാസ ചെലവിന്റെ കാര്യത്തിലും ഫലങ്ങളുടെ കാര്യത്തിലും മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സംവിധാനമായിരുന്നു പള്ളി ദര്‍സുകള്‍. ഇത്തരം പള്ളി ദര്‍സുകളാണ് കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന മിക്ക വിഭാഗങ്ങളിലെയും പല പണ്ഡിതന്മാരെയും വളര്‍ത്തിയെടുത്തത്.
കേരളത്തില്‍ ഉന്നത മതപഠനത്തിന് ആശ്രയിക്കപ്പെട്ട സുപ്രധാന രീതിയായിരുന്നു യാത്രകള്‍. ഇസ്‌ലാമിക വിഷയങ്ങളിലെ ഉന്നത ഗവേഷമെന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സാധ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ ഉപരിപഠനത്തിന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സംവിധാനങ്ങളേയോ അറേബ്യയെയോ ആശ്രയിക്കാതെ വേറെ വഴിയില്ലായിരുന്നു. മഖ്ദൂം കുടുംബത്തിലെ പലരും ഇത്തരത്തില്‍ വിദേശ രാജ്യങ്ങളിലാണ് ഉപരിപഠനം നടത്തിയത്. സൈനുദ്ദീന്‍ മഖ്ദൂം മദീനയില്‍ ചെന്ന് ഇബ്‌നു ഹജറുല്‍ ഹൈതമിയില്‍ നിന്നാണ് വിദ്യ നേടിയത്. ദാറുല്‍ ഉലൂം ദയൂബന്ദ്, വെല്ലൂര്‍ ബാഖിയാത്ത് എന്നിവ നിലവില്‍ വന്നതോടെ അവിടെ പോയി പഠിക്കുന്നതും കേരളത്തില്‍ വ്യാപകമായിരുന്നു. ചാലിലകത്തിനെ പോലുള്ള പ്രമുഖര്‍ ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ചിട്ടുണ്ട്. ഇന്നും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി പോകുന്നുണ്ട്.

മതവിദ്യാഭ്യാസ മേഖലയിലെ ആധുനികതയുടെ പ്രഥാന സ്വാധീനമായിരുന്നു മദ്രസകളുടെയും കോളേജുകളുടെയും ആവിര്‍ഭാവം. മുസ്‌ലിംകള്‍ക്കിടയില്‍ പള്ളികള്‍ തന്നെ മതവിദ്യാഭ്യാസത്തിന് ഉപയോഗിക്കുകയെന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ക്ലാസ് റൂമുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ അന്ന് അത്ര വ്യാപകമായിരുന്നില്ല. എന്നാല്‍ ബ്രിട്ടീഷുകാരുടെ വരവോടെ ഇത്തരം ആധുനിക രീതികള്‍ പ്രചാരണം നേടി. ഉത്തരേന്ത്യയില്‍ ദയൂബന്ദ് പോലുള്ള സ്ഥാപനങ്ങള്‍ ഇങ്ങനെയാണ് ഉയര്‍ന്നുവന്നത്. വെല്ലൂരില്‍ ബാഖിയാത്തുസ്വാലിഹാത്ത് തുടങ്ങിയതോടെയാണ് ദക്ഷിണേന്ത്യയില്‍ ഈ ശൈലി തുടങ്ങിയത്. ഇതിന്റെ ഭാഗമായി കേരളത്തിലും മദ്രസകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.


വാഴക്കാട്ടെ കൊയപ്പ തറവാട് ഇത്തരം മതപ്രവര്‍ത്തനത്തിനായി ധാരാളം സമ്പത്ത് നീക്കിവെച്ചു. 1871 ല്‍ തന്‍മിയത്തുല്‍ ഉലൂം എന്ന പേരില്‍ അവര്‍ ഒരു മദ്രസ ആരംഭിക്കുകയും ചെയ്തു. ശേഷം കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്രിയ സ്ഥാപിക്കപ്പെട്ടു. 1919 ല്‍ മരണമടഞ്ഞ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു മദ്രസാ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ രൂപവും വ്യവസ്ഥയും നല്‍കിയത്. വാഴക്കാട് മദ്രസയില്‍ അദ്ദേഹം പ്രധാനാധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഓത്തുപള്ളികള്‍ സജീവമായിരുന്ന കാലമായതിനാല്‍ മദ്രസകള്‍ അത്ര പ്രചാരം നേടിയിരുന്നില്ല. 1947 ല്‍ സ്‌കൂളുകളില്‍ മതപഠനം നിരോധിക്കപ്പെട്ടതോടെ ബദല്‍ രീതിയെന്ന നിലയില്‍ മദ്രസകള്‍ സജീവമായി. കേരള മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടില്‍ മതവിദ്യാഭ്യാസത്തിനായി കാര്യമായി ഉപയോഗപ്പെടുത്തിയ ശൈലിയാണ് മദ്രസകള്‍. കേരളത്തില്‍ വളരെ വ്യാപകവും വ്യവസ്ഥാപിതവുമായി ഈ സംരഭങ്ങള്‍ നടന്നുവരുന്നുണ്ട്. എല്ലാ മുസ്‌ലിംകള്‍ക്കും ഇന്ന് മദ്രസകള്‍ നിലവിലുണ്ട്. അവര്‍ക്ക് കൃത്യമായ സിലബസ്സും പൊതുപരീക്ഷയും എല്ലാം നിലവിലുണ്ട്.
ഇന്ന് മദ്രസാ വിദ്യാഭ്യാസം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. തലമുറയുടെ മതപ്രാഥമിക പഠനത്തിന് നേതൃത്വം നല്‍കിയിരുന്ന ഈ സംവിധാനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ക്ലാസിനുള്ള സമയം, സിലബസിലെയും ബോധനരീതിയിലെയും പരിഷ്‌കരണങ്ങള്‍, കഴിവുള്ള അധ്യാപകരുടെ അഭാവം, ഇംഗ്ലീഷ് മീഡിയങ്ങളുടെയും മറ്റും വരവോടെയുള്ള പ്രതിസന്ധികള്‍ എന്നിവയാണ് ഈ തകര്‍ച്ചക്കു കാരണം.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ കേരളത്തില്‍ മദ്രസകള്‍ വലിയ പ്രചാരണം നേടി. എല്ലാ മതസംഘടനകളും തങ്ങളുടെ കീഴില്‍ മദ്രസകളും അവയെ വ്യവസ്ഥാപിതമായി നിയന്ത്രിക്കുന്നതിനായി മദ്രസാ ബോര്‍ഡുകളും സ്ഥാപിച്ചു. 1897 ല്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ സ്ഥാപിച്ച ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭയാണ് മദ്രസാ ബോര്‍ഡുകളുടെ തുടക്കം. ഓത്തുപള്ളികള്‍ക്കു പകരം മദ്രസകള്‍ വ്യാപിച്ചതോടെ മദ്രസാ ബോര്‍ഡുകള്‍ അനിവാര്യമായി വന്നു. ഇപ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മദ്രസാബോര്‍ഡായി അറിയപ്പെടുന്ന സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡാണ് ഇവയില്‍ പ്രമുഖമായത്. 9000ത്തോളം മദ്രസകളില്‍ 1035000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് 1951 ല്‍ സ്ഥാപിതമായ സമസ്തയുടെ കണക്കുകള്‍ പറയുന്നത്.
ജമാഅത്തെ ഇ്‌സ്‌ലാമി കേരള ഹല്‍ഖയുടെ കീഴിലുള്ള മജ്‌ലിസുത്തഅ്‌ലീമുല്‍ ഇസ്‌ലാമി, കേരള മുജാഹിദ് വിഭാഗങ്ങളുടെ കീഴിലുള്ള കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡ്. കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍), സുന്നി വിഭാഗത്തിന്റ കീഴിലുള്ള സമസ്ത കേരള സുന്നി ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമക്ക് കീഴിലുള്ള ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എന്നിവയാണ് കേരളത്തിലെ സുപ്രധാന മദ്രസാ ബോര്‍ഡുകള്‍.

പള്ളി ദര്‍സുകളുടെ പരിഷ്‌കരിച്ച പതിപ്പായ അറബിക് കോളേജുകളും ഇസ്‌ലാമിയ കോളേജുകളുമാണ് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ഉന്നത മതപഠനത്തിന് കൂടുതലായി ആശ്രയിക്കപ്പെട്ടത്. ചാലിലകത്ത് വളര്‍ത്തിയെടുത്ത ദാറുല്‍ ഉലൂം വാഴക്കാട് എം.സി.സി സഹോദരന്മാരുടെയും മറ്റും സജ്ജീവ ഇടപെടലുകളിലൂടെ കോളേജായി വളര്‍ന്നു വരികയുണ്ടായി. അതുപോലെ അബൂസ്വബാഹ് മൗലവി മഞ്ചേരിക്കടുത്ത് ആനക്കയത്ത് സ്ഥാപിച്ച റൗദത്തുല്‍ ഉലൂമാണ് ഈ രംഗത്ത് രൂപപ്പെട്ട മറ്റൊരു സുപ്രധാനമായ ചലനം. 1944 ഇത് മഞ്ചേരിയിലേക്കും പിന്നീട് ഫറൂഖിലേക്കും മാറി. തുടര്‍ന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ധാരാളം സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. കാസര്‍കോഡ് ആലിയ, ശാന്തപുരം ഇസ്‌ലാമിയ കോളേജ്, മദീനത്തുല്‍ ഉലൂം പുളിക്കല്‍, ജാമിഅ നൂരിയ്യ അറബിക്കോളേജ് പട്ടിക്കാട്, സുല്ലമുസ്സലാം അറബിക്കോളേജ് അരീക്കോട് എന്നിവ അവയില്‍ ചിലതാണ്.
പുതുതായി രൂപംകൊണ്ട കോളേജുകള്‍ പലതരത്തിലുണ്ടായിരുന്നു. ദര്‍സുകളുടെ പരിഷ്‌കരിച്ച പതിപ്പുകളായി നടത്തപ്പെടുന്ന അറബിക് കോളേജുകളില്‍ ദര്‍സിലുണ്ടായിരുന്ന സിലബസുകളും ബോധനരീതികളും തന്നെ വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്. ഖുര്‍ആന്‍ തഫ്‌സീര്‍, ഹദീസ്, തസവ്വുഫ്, അഖീദ എന്നിവയുടെ പഠനത്തിലാണ് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്. മുഖ്തസ്വര്‍, മുത്വവ്വല്‍, തഖസ്സുസ് എന്നിങ്ങനെയുള്ള ബിരുദങ്ങളാണ് ഇവിടെനിന്ന് നല്‍കപ്പെടുന്നത്. അറബി ഭാഷക്കും സാഹിത്യത്തിനും മാത്രം പ്രാധാന്യം നല്‍കുന്ന കോളേജുകളും കേരളത്തിലുണ്ട്. മതപരമായ ആഴത്തിലുള്ള പഠനമോ ഗവേഷണമോ ഇവിടെ ഉദ്ദേശിക്കുന്നില്ല. അഫ്ദലുല്‍ ഉലമ പോലുള്ള ഡിഗ്രികളും പിജികളും ഡിപ്ലോമകളുമാണ് ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് നല്‍കപ്പെടുന്ന കോഴ്‌സുകള്‍.
ഹോസ്റ്റല്‍ സൗകര്യത്തോടെ പെണ്‍കുട്ടികള്‍ക്ക് ആദ്യമായി കോളേജ് തുടങ്ങിയ മഹാനായ കെ.സി അബ്ദുല്ല മൗലവിയുടെ സുപ്രധാനമായൊരു സംഭാവനയായിരുന്നു എ. ഐ. സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ആര്‍ട്‌സ്, ആന്റ് ഇസ്‌ലാമിക് കോഴ്‌സ്. 1971 ല്‍ കെ.സി യുടെ നതൃത്വത്തില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജിലാണ് അത് ആദ്യമായി നടപ്പിലാക്കപ്പെട്ടത്. മത ഭൗതിക വിദ്യാഭ്യാസങ്ങള്‍ക്ക് തുല്യ പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇതില് ആവിഷ്‌കരിക്കപ്പെട്ടത്. ഇപ്പോഴും പല കോളേജുകളും പിന്‍പറ്റുന്ന രീതിയാണിത്. വിവിധ മേഖലകളില്‍ കഴിവുകളുള്ള, ഇസ്‌ലാമിക അടിത്തറയുള്ള വ്യക്തികളെ വളര്‍ത്തിയെടുക്കുകയെന്നതായിരുന്നു ഈ രീതിയുടെ ലക്ഷ്യം.
ഇസ്‌ലാമിയാ കോളേജുകളുടെ ഉപോല്‍പന്നമായി രൂപപ്പെട്ട ഇസ്‌ലാമിക പഠന രീതിയാണ് സ്റ്റഡി സെന്ററുകള്‍. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ എന്നീ പേരുകളില്‍ കേരളത്തിലെ എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ഇത്തരം സംരംഭങ്ങള്‍ നടത്തുന്നുണ്ട്. ഭൗതിക പഠനങ്ങള്‍ക്കിടയിലും ജോലിത്തിരക്കുകള്‍ക്കിടയിലും ഖുര്‍ആനെയും ഇസ്‌ലാമിനെയും അടുത്തറിയാന്‍ സാധിക്കാതിരുന്ന വലിയൊരു തലമുറക്ക് മതവിദ്യഭ്യാസം നേടാന്‍ ഇത് സഹായകമായിട്ടുണ്ട്.

മതവിദ്യാഭ്യാസ മേഖലയിലെ ഉന്നതപഠനത്തിലെ പരിഷ്‌കരണങ്ങള്‍ക്കായുള്ള തുടരന്വേഷണത്തിന്റെ ഭാഗമായി രൂപപ്പെട്ട പുതിയ സംവിധാനമാണ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികള്‍. വ്യത്യസ്ത വിദേശ യൂണിവേഴ്‌സിറ്റികളിലും കേരളത്തിന് പുറത്തെ യൂണിവേഴ്‌സിറ്റികളിലും അഫ്‌ലിയേറ്റ് ചെയ്തുകൊണ്ടാണ്  ഇത്തരം യൂണിവേഴ്‌സിറ്റികള്‍ വളര്‍ന്നുവന്നത്. കെ.സി. അബ്ദുല്ല മൗലവിയുടെ തന്നെ സ്വപ്‌നത്തിലുണ്ടായിരുന്ന ഒരു പദ്ധതിയായിരുന്നു ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എന്നത്. അത് സാക്ഷാല്‍ക്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മതപഠനമേഖലയില്‍ ആഴത്തില്‍ പാണ്ഡിത്യമുള്ള ആളുകളെ വളര്‍ത്തിയെടുക്കലും വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അവരെ യോഗ്യരാക്കലുമായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ ഊന്നല്‍. സ്വന്തം ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളുമാണ് ഇവര്‍ നല്‍കിയിരുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളും അതിന്റെ ശാഖകളും വിശാലമായി ഇവിടെ പഠിപ്പിക്കപ്പെടുന്നുണ്ട്. അവക്ക് പുറമെ ഇംഗ്ലീഷ് പോലുള്ള ഭാഷകള്‍ക്കും കമ്പ്യൂട്ടര്‍ പഠനത്തിനും മുന്തിയ പരിഗണന നല്‍കുകയും ചെയ്യുന്നുണ്ട്. അല്‍ ജാമിഅ ശാന്തപുരം, ദാറുല്‍ ഹുദാ ചെമ്മാട്, ജാമിഅ നദ്‌വിയ്യ എടവണ്ണ എന്നിവ ഇത്തരം യൂണിവേഴ്‌സിറ്റികളായി ഉയര്‍ന്നുവന്നിട്ടുണ്ട്.
കേരളത്തിലെ മതവിദ്യഭ്യാസ മേഖലയില്‍ അത്ര തന്നെ പ്രാധാന്യം നല്‍കപ്പെടാതിരുന്ന ഒരു മേഖലയാണ് ഗവേഷണം. പഴയകാലങ്ങള്‍ മുതല്‍ തന്നെ ഗവേഷണങ്ങള്‍ക്കായി വിദേശരാജ്യങ്ങളിലേക്കും കേരളത്തിന് പുറത്തും പോകുന്ന പ്രവണതകളുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം, ചാലിലകത്ത് എന്നിവരെല്ലാം പുറത്ത് ഉപരിപഠനം നടത്തി അവിടെനിന്ന് ആര്‍ജിച്ച പുതുരീതികള്‍ കേരളത്തില്‍ പ്രയോഗവല്‍ക്കരിച്ചവരാണ്. പുതിയ യൂണിവേഴ്‌സിറ്റികളും മറ്റും വളര്‍ന്നുവന്നതോടെ കേരളത്തില്‍ തന്നെ ബിരുദാനന്തര ബിരുദങ്ങള്‍ നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ അതിലും ഉയര്‍ന്ന ഗവേഷണ തലങ്ങളിലേക്ക് എത്തിച്ചേരാന്‍ സൗകര്യമൊരുക്കാന്‍ കേരളീയര്‍ക്ക് സാധിച്ചിട്ടില്ല. ചില ശ്രമങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ടെങ്കിലും അവ വേണ്ടത്ര വിജയിച്ചിട്ടില്ല.

കേരള മതവിദ്യാഭ്യാസത്തിന്റെ ഭാഗമായി ചില പോസ്റ്റല്‍ കോഴ്‌സുകളും ഓണ്‍ലൈന്‍ കോഴ്‌സുകളും നടക്കുന്നുണ്ട്. എന്നാല്‍ ഈ രീതിക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. അറബിഭാഷാ പഠനവും ട്രാന്‍സിലേഷന്‍ കോഴ്‌സുകളും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുന്ന കോഴ്‌സുകളും ഇത്തരത്തില്‍ രൂപം നല്‍കപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വ്യാപകമായതോടെ പോസ്റ്റല്‍ കോഴ്‌സുകളുടെ പ്രസക്തി നഷ്ടമായിട്ടുണ്ട്. വികസിച്ച് വരുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മതവിദ്യാഭ്യാസത്തിന് കേരളത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില സംഘടനകളും ചെറു സംഘങ്ങളും ഇത്തരം സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് ഇനിയും ജനകീയവും എളുപ്പവുമാക്കപ്പെടേണ്ടതുണ്ട്. കേരളത്തില്‍ ഇനിയും വികസിച്ച് വരേണ്ട ഒരു മേഖലയാണ് ഓണ്‍ലൈനിലൂടെ ഉന്നത മതപഠനം സാധ്യമാക്കുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റികള്‍. വേണ്ടത്ര മതപഠനം നടത്താന്‍ സാധിക്കാതിരുന്ന അഭ്യസ്ത വിദ്യര്‍ക്കും, സ്ത്രീകള്‍ക്കും ഈരീതി വലിയ ഉപകാരമായിരിക്കും. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയക്ക് കീഴില്‍ ഓണ്‍ലൈന്‍ യൂനിവേഴ്‌സിറ്റി തുടങ്ങാനുള്ള പദ്ധതികള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്.

കേരളത്തില്‍ സ്ത്രീകളുടെ മതവിദ്യഭ്യാസത്തിന് പൊതുവെ പരിഗണന ലഭിച്ചിട്ടുണ്ടെന്ന് പറയാവുന്നതാണ്. പള്ളി ദര്‍സുകള്‍ പോലുള്ള സംവിധാനങ്ങള്‍ പുരുഷന്മാര്‍ക്ക് മാത്രമായിരുന്നെങ്കിലും മറ്റ് സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ നല്‍കപ്പെട്ടിരുന്നു. മതപഠനത്തിന്റെ ആദ്യ സംവിധാനമായിരുന്ന വഅള്കളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ നല്‍കിയിരുന്നു. ഓത്തുപള്ളികളിലും സ്ത്രീകള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങള്‍ നല്‍കപ്പെട്ടിരുന്നു. മദ്രസകളും കോളേജുകളും പെണ്‍കുട്ടികളെ കൂടുതല്‍ ഉള്‍ക്കൊണ്ടിരുന്നു. യൂനിവേഴ്‌സിറ്റികളും പരമാവധി സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. 


പള്ളി ദര്‍സുകളിലും വഅള് പരമ്പരകളിലും തുടങ്ങി ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികളിലും ഓണ്‍ലൈന്‍ മദ്രസകളിലും യൂണിവേഴ്‌സിറ്റികളിലും എത്തിനില്‍ക്കുന്ന കേരള മതവിദ്യഭ്യാസത്തിന് അഭിമാനിക്കാനും എടുത്ത് പറയാനും ധാരാളം നേട്ടങ്ങളുണ്ട്. മുസ്‌ലിം സമൂഹത്തിലെ തലമുറകള്‍ക്ക് കൃത്യമായ ദീനി ബോധം പകര്‍ന്നു നല്‍കാന്‍ എല്ലാ കാലത്തും മതവിദ്യഭ്യാസ വ്യവസ്ഥക്ക് സാധിച്ചിട്ടുണ്ട്. ഭൗതികതയുടെ അതിപ്രസരത്തിനിടക്കും മറ്റ് വിദ്യാഭ്യാസങ്ങള്‍ക്കിടയിലും സമുദായത്തിന്റെ ഈയൊരു ബോധത്തെ നിലനിര്‍ത്തുന്നതില്‍ ഒരു പരിധിവരെ സമുദായം വിജയിച്ചിട്ടുണ്ട്. അതേസമയം മതവിദ്യഭ്യാസത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ ഇന്ന് വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അനിവാര്യമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ കഴിയും വേഗം നടന്നില്ലെങ്കില്‍ സമുദായം വലിയ പ്രതിസന്ധിയെയാകും നേരിടേണ്ടിവരിക.
പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സുപ്രധാനമായ മേഖല വലിയൊരു തലമുറയുടെതന്നെ മതപഠനത്തിന് അടിത്തറ പാകിയിരുന്ന മദ്രസാ വിദ്യാഭ്യാസമാണ്. മദ്രസകളുടെ സമയക്രമവും അധ്യയന രീതിയും പ്രവര്‍ത്തനവുമെല്ലാം കാലാനുസൃതവും പ്രായോഗികവുമായി മാറേണ്ടിയിരിക്കുന്നു. അതോടൊപ്പം പുതുതലമുറക്ക് മതവിദ്യാഭ്യാസം നല്‍കുകയെന്നത് രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് മനസ്സിലാക്കി മദ്രസയുടെ നടത്തിപ്പിന് വേണ്ടി തങ്ങളുടെ സമയം ക്രമീകരിക്കാന്‍ അവരും സന്നദ്ധരാകണം. ഉന്നത മതവിദ്യഭ്യാസമാണ് ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്ന മറ്റൊരു മേഖല. മതസംഘടനകളുടെ വിശാലമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ സമുദായത്തെയും സമൂഹത്തെയും മുന്നില്‍നിന്ന് നയിക്കാനോ കഴിവുള്ള പണ്ഡിതന്മാരെയും നേതാക്കളെയും വളര്‍ത്തിയെടുക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ല. ഈ മേഖലയില്‍ അനിവാര്യമായ ചില മാറ്റങ്ങളും പരിഷ്‌കരണങ്ങളും വേണമെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
ഉന്നത വിദ്യഭ്യാസ മേഖലയില്‍ സിലബസ് പരിഷ്‌കരണമാണ് സുപ്രധാനമായ ഒരു കാര്യം. ഇന്ന് ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം യൂണിവേഴ്‌സിറ്റി പരീക്ഷക്കുമുള്ള വിഷയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് മിക്ക സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. അത് വലിയൊരു പരിമിതിയാണ്. ഇസ്‌ലാമിക വിഷയങ്ങളിലെ അവഗാഹത്തിന് പ്രാധാന്യം നല്‍കാന്‍ ശ്രമിക്കുന്ന സിലബസുകളിലെ വലിയൊരു പ്രശ്‌നമാണ് ആവര്‍ത്തനമെന്നത്.
അനിവാര്യമായും മാറ്റങ്ങളുണ്ടാവേണ്ട മറ്റൊരു മേഖലയാണ് അധ്യാപനരീതി. പഠിപ്പിക്കുന്നതിന് ആധുനിക രീതികള്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം പഠിപ്പിക്കുന്ന ഇസ്‌ലാമിക വിഷയങ്ങളുടെ ജീവിത മാതൃകയായി അധ്യാപകര്‍ മാറണം. എല്ലാ ചീത്തഗുണങ്ങളും ഇല്ലാതാക്കുകയും (തഖ്‌ലിയ്യ) എല്ലാ നല്ല ഗുണങ്ങളും ഉണ്ടാക്കുകയും (ത്ഹലിയ്യ) ചെയ്യുകയെന്ന തര്‍ബിയ്യത്തിന്റെ ആദ്യപടി പ്രാഥമിക മതപഠത്തിലൂടെ തന്നെ അധ്യാപകര്‍ വഴി കൈമാറപ്പെടണം. വിദ്യാര്‍ത്ഥികളുടെ പഠനരീതിയും സമീപന രീതിയുമാണ് മാറ്റം ആവശ്യമായ മറ്റൊരു മേഖല. പാഠ്യവിഷയങ്ങളെ ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും സമീപിക്കാന്‍ അവര്‍ക്കാവണം. ബുദ്ധികൊണ്ടെന്നതിന്റെ ഉദ്ദേശ്യം കൃത്യമായ ചിന്തയും മനനവുമാണ്. എന്നാല്‍ ഹൃദയം കൊണ്ട് വിഷയങ്ങളെ സമീപിക്കുന്നത് ഈമാനിന്റെ ഭാഗമാണ്. അവിടെ വിജ്ഞാന സ്രോതസ്സിനോടുള്ള സ്‌നേഹവും വൈകാരിക ബന്ധവുമാണ് മുന്തിനില്‍ക്കുക. ഇത്തരത്തില്‍ പഠന മേഖല രൂപപ്പെട്ടാല്‍ മാത്രമേ ഫിഖ്ഹും (കര്‍മ്മ ശാസ്ത്രം) അഖ്‌ലാഖും (സ്വഭാവഗുണങ്ങള്‍) വേര്‍തിരിച്ച് മനസ്സിലാക്കാനും അതതിന്റെ സ്ഥാനത്ത് അവയെ യഥാവിധി ഉപയോഗപ്പെടുത്തുവാനും സാധിക്കുകയുള്ളൂ.
ഉന്നത മതപഠനത്തിന്റെ കാലയളവും പരിഷ്‌കരിക്കപ്പെടേണ്ടതാണ്. പാഠ്യപദ്ധതിയിലെ ആവര്‍ത്തനങ്ങള് കാരണവും മറ്റുമായി ഇന്ന് വളരെ ദൈര്‍ഘ്യമേറിയതാണ് ഉന്നത മതപഠനമെന്നത്. മത്സരത്തിന്റെയും വേഗതയുടെയും കാലത്ത് ഈ കാലതാമസത്തോട് പുതുതലമുറക്ക് താല്‍പര്യമുണ്ടാവുകയില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ കാലയളവിനുള്ളില്‍ ആവര്‍ത്തനങ്ങളില്ലാതെ പരമാവധി വിദ്യനേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കണം.