ആധുനിക വിദ്യാഭ്യാസവും കേരള മുസ്‌ലിംകളും

മുഹമ്മദ് റഷാദ് ടി   (അലീഗഡ് യൂണിവേഴ്‌സിറ്റി)

1909-ല്‍ മലബാര്‍ കലക്ടര്‍ കോഴിക്കോട് ഹജൂരാഫീസില്‍ ഭരണം നടത്തുന്ന കാലം. ഫയലുകള്‍ പരിശോധിക്കുന്നതിനിടയില്‍ പേഴ്‌സനല്‍ ഓഫീസിലെ തന്റെ ക്ലര്‍ക്കിനെ വിളിച്ച് ഫ്രാന്‍സിസ് ഇങ്ങനെ പറഞ്ഞു.''മാപ്പിളമാര്‍ക്ക് ഇംഗ്ലീഷിലെഴുതാന്‍ കഴിയില്ലെങ്കില്‍ മലയാളത്തില്‍ എഴുതാന്‍ പറയൂ. മലയാളം അറിയുന്ന ബ്രിട്ടീഷ് കലക്ടര്‍മാരുണ്ട്'' പോര്‍ട്ടിലെ കയറ്റുമതി സംബന്ധിച്ച് കോഴിക്കോട്ടങ്ങാടിയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഹരജിയിലെ അപാകതയും അവ്യക്തതയും വായിച്ചപ്പോഴാണ് കലക്ടര്‍ ഇപ്രകാരം പ്രതികരിച്ചത്.
    ഇംഗ്ലീഷ് അറിയാത്തതിലുള്ള മാനഹാനി ഗുമസ്തനെ വല്ലാതെ അലട്ടി. കലക്ടര്‍ ഫ്രാന്‍സിസിന്റെ പരമാര്‍ശമാകട്ടെ ദു:ഖിപ്പിക്കുകയും ചെയ്തു. അയാള്‍ സംഭവങ്ങള്‍ മുതലാളിയെ ധരിപ്പിച്ചു. തന്റെ സ്ഥാപനത്തിനും ക്ലാര്‍ക്കിനുമുണ്ടായ മാനഹാനിയില്‍ മുതലാളിക്കും വിഷമം തോന്നി. മേലില്‍ അത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു പോംവഴിക്ക് വേണ്ടി അയാള്‍ കൂടുതല്‍ ആലോചിക്കാന്‍ നിര്‍ബന്ധിതനായി. ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ പ്രമുഖനായ ഭാരവാഹികളിലൊരാളായിരുന്ന മാളിയേക്കല്‍ കുഞ്ഞുമുഹമ്മദായിരുന്നു ആ വ്യാപാരി. സഭയുടെ ഒരു യോഗത്തില്‍ ഈ സംഭവം അദ്ദേഹം ഗൗരവത്തില്‍ അവതരിപ്പിച്ചു. സാധാരണക്കാരായ മുസ്‌ലിംകള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസമില്ലാത്തതിനാല്‍ പല സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും അന്യരെ ആശ്രയിക്കേണ്ടി വരുന്ന ഗതിക്കേട് സഭയുടെ സജീവ ചര്‍ച്ചക്ക് വിധേയമായി. ആധുനിക വിദ്യാഭ്യാസം നേടാനുപകരിക്കുന്ന ഒരു സ്ഥാപനം മുസ്‌ലിംകളുടേതായിട്ട് വേണമെന്ന ചിന്ത അവിടം ജന്മം പൂണ്ടു. ഇന്‍തിശാറുല്‍ ഇസ്‌ലാമിന്റെ കീഴില്‍ ആംഗ്ലോ അറബിക് ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍ പിറവിയുടെ ചരിത്രപശ്ചാത്തലം ഇതായിരുന്നു.
    1914 ല്‍, ഒന്നാം ലോകമഹായുധം കൊടുംപിരികൊള്ളുന്ന സന്ദര്‍ഭം ലോകത്തെന്തു നടക്കുന്നുവെന്നോ, തുര്‍ക്കി ഖലീഫക്കും ഇസ്‌ലാമിക ഭരണകൂടത്തിനും യുദ്ധത്തില്‍ എന്തുസംഭവിച്ചുവെന്നോ അറിയാനുള്ള മാര്‍ഗങ്ങളൊന്നും സാധാരണക്കാരായ മുസ്‌ലിംകള്‍ക്കുണ്ടായിരുന്നില്ല. ഇംഗ്ലീഷ് പത്രത്തില്‍ വരുന്ന അന്താരാഷ്ട്ര വാര്‍ത്തകളൊന്നും അവര്‍ക്ക് പ്രാപ്യമായിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഖിലാഫത്ത് സമരവുമായി മുസ്‌ലിംകള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ തിരിഞ്ഞ കാലഘട്ടമായിരുന്നു അത്. എല്ലാ നിലയിലും അവര്‍ ഇംഗ്ലീഷുകാരുടെ ശത്രുക്കളാകുന്നു. ബഹിഷ്‌കരണത്തിനും നിസ്സഹകരണത്തിലും മാത്രം അതൊതുങ്ങിനിന്നില്ല. അവരുടെ പ്രതിഷേധം വെള്ളക്കാരന്റെ വിദ്യാഭ്യാസ രീതികള്‍ക്ക് എതിരെയും തിരിഞ്ഞു. ഈ വിദ്യാഭ്യാസ ബഹിഷ്‌കരണം പല ഉന്നതമേഖലയിലും മുസ്‌ലിംകള്‍ എത്തിച്ചേരുന്നതിന് വിഘാതവുമായി. സ്വാഭാവികമായും ഭൗതിക വിദ്യാഭ്യാസരംഗങ്ങള്‍ തീര്‍ത്തും ദരിദ്രരായിത്തീര്‍ന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം അനിസ്‌ലാമികമാണെന്ന മതപുരോഹിതന്‍മാരുടെ വിധിയെഴുത്തും ഉപദേശങ്ങളും ഇതിന് ആക്കം കൂട്ടി. തല്‍ഫലമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചില്ലെന്ന് മാത്രമല്ല മലയാളം പോലും വേണ്ടത്ര പഠിക്കാനവര്‍ ശ്രമിച്ചില്ല.
 
അലിഗര്‍ പ്രസ്ഥാനത്തിന്റെ പങ്ക്
    ഇന്ത്യയിലെ പല ഭാഗങ്ങളിലും മുസ്‌ലിംകള്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ആയിരുന്നു. കേരള മുസ്‌ലിംകള്‍ അനുഭവിച്ച എല്ലാ പ്രശ്‌നങ്ങളും ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിച്ചു. ഇന്ത്യയിലെ മുസ്‌ലിം വൈജ്ഞാനിക പിന്നോക്കാവസ്ഥ മനസ്സിലാക്കിയ വിദ്യാഭ്യാസ വിജഷനുായ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ രൂപീകരിച്ചതാണ് അലിഗര്‍ പ്രസ്ഥാനം. ഇതിന്റെ സ്വാധീനം കേരളത്തിന്റെ ആധുനിക വിദ്യാഭ്യസ പാതയില്‍ വെളിച്ചമേകുകയുണ്ടായി.    അലിഗര്‍ മുസ്‌ലിം സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ മുസ്‌ലിം നേതാക്കള്‍ മലബാറിലെ ഏറ്റവും വലിയ മുസ്‌ലിം പട്ടണമായ കോഴിക്കോട്ടും സഹായങ്ങള്‍ക്കായി വരുകയുണ്ടായി. വിചിത്രമെന്നു പറയട്ടെ ആധുനിക വിദ്യാഭ്യാസത്തിനായി ഒരു കൊച്ചുപള്ളിക്കൂടം പോലും ഇല്ലാതിരുന്ന ചിന്ത തെല്ലും അലോസരപ്പെടുത്താതെ തന്നെ അന്യനാട്ടിലുണ്ടാവാന്‍ പോവുന്ന ഒരു മുസ്‌ലിം സര്‍വകലാശാലക്ക് വേണ്ടി കോഴിക്കോട്ടെ മുസ്‌ലിംകള്‍ താല്പര്യവും ഔദാര്യവും കാണിച്ചു.
    അലിഗര്‍ മുസ്‌ലിം സര്‍വകലാശാലക്ക് വേണ്ടി ജൂബിലിഹാളില്‍ വിളിച്ചുകൂട്ടിയ ആലോചനായോഗം മറ്റൊരു നിലക്ക് ഭൗതിക വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കേരള മുസ്‌ലിംകളുടെ ആലോചനായോഗം കൂടിയായിരുന്നു. അന്നവിടെ കൂടിയ പ്രമാണിമാരും, സഭാ പ്രവര്‍ത്തകരും മറ്റുള്ളവരുടെ സംരഭങ്ങള്‍ക്ക് സഹായം നല്‍കുന്നതോടൊപ്പം തങ്ങളുടെ വിദ്യാഭ്യാസപരമായ അധ:സ്ഥിതിയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയുമുണ്ടായി.

ഇന്‍തിശാറുല്‍ ഇസ്‌ലാം കമ്മിറ്റി
1893-ല്‍ ജൂണ്‍ 18-ാം തിയ്യതി ചേര്‍ന്ന ഹിമായത്തുല്‍ ഇസ്‌ലാം സഭയുടെ തീരുമാനപ്രകാരം സഭാപള്ളിയില്‍ ഒരു മദ്‌റസ ആരംഭിച്ചു. അതിന്റെ നടത്തിപ്പിനായി 'ഇന്‍തിശാറുല്‍ ഇസ്‌ലാം' എന്ന പേരില്‍ കമ്മിറ്റിയും രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ കീഴില്‍ വിപുലമായി ആരംഭിച്ചതാണ് 1912-ല്‍ 'ഹിമായത്തുല്‍ ഇസ്‌ലാം സ്‌കൂള്‍' കേരളത്തില്‍ ആദ്യം രൂപം കൊണ്ട മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനമാണിത്. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നല്‍കുക എന്നതായിരുന്നു ലക്ഷ്യം.
    ഖാന്‍ ബഹദൂര്‍ മുത്തുകോയ തങ്ങള്‍, മാളിയക്കല്‍ കുഞ്ഞമ്മദാക്ക, മൂച്ചിന്റകത്ത് അസ്സന്‍ കോയ ഹാജി, പി.എ.കുഞ്ഞിമൂസ തുടങ്ങിയവരായിരുന്നു ഇതിന്റെ സ്ഥാപകര്‍ അവരോടൊപ്പം ഏതാനും വ്യാപാരികളും വിഹിതമെടുത്താണ് നടത്തിപ്പിനുള്ള മൂലധനം കണ്ടെത്തിയത്. കൊപ്ര ബസാറിലും, സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുന്‍ കയ്യെടുത്ത ധാനാഢ്യരിലൊരാളാണ് മാളിയക്കല്‍ കുഞ്ഞമ്മദാക്ക. നാലുമുറി പാണ്ടികശാല സ്‌കൂള്‍ നടത്തിപ്പിനു നല്‍കിയത് ഇദ്ദേഹമാണ്. 1923-ല്‍ കൊളമ്പ് ഇമ്പിച്ചി ഹാജി നല്‍കിയ പതിനായിരം രൂപ പ്രാരംഭഘട്ടത്തിലെ പറയത്തക്ക സംഭാവനയായിരുന്നു. കോര്‍ട്ട് റോഡില്‍  ഇപ്പോഴത്തെ കോടതി കെട്ടിടങ്ങളുടെ മുന്‍വശത്ത് കാതിക്കോയാ ഹാജി പള്ളിക്കു സമീപം പഴയ മാളിക ക്കെട്ടിടത്തിലാണ് വിദ്യാലയത്തിന്റെ തുടക്കം. 'ഹിമായത്തുല്‍ ഇസ്‌ലാം ആംഗ്ലോ അറബിക് സ്‌കൂള്‍' എന്നായിരുന്നു ആദ്യത്തെ പേര്. ഹിമായത്തുല്‍ ഇസ്‌ലാം സഭയായിരുന്നു തുടക്കത്തില്‍ വിദ്യാലയ ഭരണം നിയന്ത്രിച്ചിരുന്നത്. മാനേജര്‍ കെ.എം കാദിരിക്കോയയുടെ പരിശ്രമത്തില്‍ 1922-ല്‍ ഇത് ഒരു ഹൈസ്‌കൂളായി ഉയര്‍ത്തിയെങ്കിലും  സ്ഥലവും കെട്ടിടവും പൂര്‍ത്തിയാക്കാനായില്ലെന്നതിനാല്‍ 1930-ല്‍ ഹൈസ്‌കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ പിന്‍വലിച്ചു. 1946-വരെ വിദ്യാലയം കോര്‍ട്ട് റോഡിലെ മാളികക്കെട്ടിടത്തിലായിരുന്നു. 1947-ല്‍ പട്ടുതെരുവില്‍ ഇന്ന് കാണുന്ന സ്ഥലം വാങ്ങുകയും 60,000 രൂപ ചിലവില്‍ ഒരു സ്ഥിരം കെട്ടിടം പണിയുകയും ചെയ്തു. 1961-ല്‍ വീണ്ടും ഹൈസ്‌കൂള്‍ അംഗീകാരവും ലഭിച്ചു.
   
അന്‍സാറുല്‍ ഇസ്‌ലാം ബി തഅ്‌ലീമില്‍ അനാം
    മുസ്‌ലിംകളുടെ സാമൂഹ്യജീവിതത്തിലെ നാഴികക്കല്ലാണ് 1918-ല്‍ സ്ഥാപിതമായ അന്‍സാറുല്‍ ഇസ്‌ലാം ബി തഅ്‌ലീമില്‍ അനാം (മുഹമ്മദന്‍ എജുക്കേഷണല്‍ അസോസിയേഷന്‍). ചെമ്പയില്‍ മമ്മദാക്ക എന്ന പുരോഗമനവാദി കല്ലായി പുഴയുടെ പരിസരത്ത് നടത്തി വന്നിരുന്ന പഴയ രീതിയിലുള്ള ഓത്തുപള്ളിയുടെ വാര്‍ഷികാഘോഷത്തില്‍ പട്ടണത്തിലെ പ്രമുഖരായ മുസ്‌ലിം പ്രമാണിമാരെല്ലാം പങ്കെടുത്തിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന കാമാക്കന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടെയും വലിയകത്ത് അലി ബറാഖിയുടെയും ശ്രമഫലമായാണ് 'മദ്‌റസത്തുല്‍ മുഹമ്മദിയയുടെ പിറവി ഉണ്ടായത്. കുഞ്ഞഹമ്മദ് കോയ ഹാജിയുടെ, കടപ്പുറത്തെ പാണ്ടികശാലയില്‍ വെച്ച് അദ്ദേഹവും അലി ബറാമിയും, കൊയ്പ്പകത്തൊടി മുഹമ്മദ് കുട്ടി ഹാജി അധികാരിയും മദ്‌റസ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുകയും ഒരു ലക്ഷം രൂപ മൂലധനം വകയിരുത്തുകയും ചെയ്തു.  
1916 ആഗസ്റ്റ് 18 ല്‍ 'അന്‍സാറുല്‍ ഇസ്‌ലാം ബി തഅ്‌ലീമില്‍ അനാം' എന്ന പേരില്‍ കമ്മിറ്റി രജിസ്റ്റര്‍ചെയ്തു. ഈ കമ്മിറ്റിയുടെ കീഴിലാണ് മദ്‌റസത്തുല്‍ മുഹമ്മദീയ സ്‌കൂള്‍ സ്ഥാപിച്ചത്. 1918-ല്‍ ആഗസ്റ്റ് 10 തിയ്യതി, മദ്രാസ് ഗവര്‍ണറായ പെറ്റ്‌ലാന്റ് പ്രഭുവിന് മുഹമ്മദന്‍ എജുക്കേഷനല്‍ അസോസിയേഷന്റെ ഭാഗമായി പണിയുന്ന മദ്‌റസയുടെ പുതിയ കെട്ടിടത്തില്‍വെച്ച് ഒരു സ്വീകരണം നല്‍കുകയും കോഴിക്കോട്ടെ മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനു സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്ന ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു. ഫ്രാന്‍സിസ്‌ റോഡില്‍ കോഴിക്കോട്ടെ പഴക്കം ചെന്ന തറവാടായ ഇടിമാനം വീടിന് പടിഞ്ഞാറ് ശാദുലിപ്പള്ളിയുടെ മുന്‍വശത്തെ പറമ്പാണ് മദ്‌റസ കെട്ടിടത്തിനുള്ള സ്ഥലമായി തെരഞ്ഞെടുത്തത്. മാസങ്ങള്‍ക്കുള്ളില്‍ പണിപൂര്‍ത്തിയായി. അന്നത്തെ മദിരാശി ഹൈക്കോടതി ജഡ്ജി സര്‍ അബ്ദുറഹീം സ്വര്‍ണത്താക്കോല്‍ കൊണ്ട് തുറന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ജസ്റ്റിസ് അബ്ദുറഹീം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മുസ്‌ലിംകളെ ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സദസ്സില്‍ നിന്ന് മുപ്പതിനായിരം രൂപ പിരിഞ്ഞുകിട്ടി.
9 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരുമായി ആരംഭിച്ച സ്‌കൂള്‍ 10 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ 17 അദ്ധ്യാപകരും 430 വിദ്യാര്‍ത്ഥികളുമായി വളര്‍ന്നു. സ്‌കൂള്‍ ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഹോസ്റ്റല്‍ പണിയുന്നതിനുമായുള്ള സാമ്പത്തിക സഹായത്തിന് 1923-ല്‍ ഹൈദരാബാദ് നൈസാമിനെ സമീപിച്ചു. നൈസാം അനുവദിച്ച 1 ലക്ഷം രൂപ കോഴിക്കോട്ടെ മുസ്‌ലിംകളുടെ ഭാഗപോരില്‍ മദ്‌റസത്തുല്‍ മുഹമ്മദിയക്ക് നഷ്ടമാവുകയാണുണ്ടായത്.
സാമ്പ്രിക്കന്‍ മാളിയേക്കല്‍ മൊയ്തീന്‍ കോയ, മേലേക്കണ്ടി മൊയ്തു, മൊയ്തീന്‍ വീട്ടില്‍ മമ്മദ് ഹാജി, കെ.പി.മൂസ ബറാകി തുടങ്ങിയവര്‍ സാമ്പത്തികമായി മദ്‌റസയെ സഹായിച്ചു.  മലബാറിലെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാലയമായിരുന്ന മദ്‌റസത്തുല്‍ മുഹമ്മദീയയില്‍ ഏറനാട്, വള്ളുവനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മലയോര പ്രദേശങ്ങളായ മുക്കം, കാരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ധാരാളം കുട്ടികള്‍ പഠിച്ചിരുന്നു.

തമ്മിയ്യത്തുല്‍ ഇസ്‌ലാം അസോസിയേഷന്‍
1923-ല്‍ ചാലിയത്ത് സ്ഥാപിതമായ 'മദ്‌റസത്തുല്‍ ഇഹ്‌യ'യാണ് ഇന്ന് അറിയപ്പെടുന്ന 'ഇമ്പിച്ചി സ്‌കൂള്‍'. മദ്‌റസത്തുല്‍ ഇഹ്‌യാ ഒരു ഓലപ്പുരയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നല്ലൊരു കെട്ടിടം പണിയാന്‍ മുന്നോട്ട്‌വന്നത് ഹാജി എം.എ കാദര്‍ സാഹിബായിരുന്നു. വിദ്യാഭ്യാസ പ്രേമികളും ഉല്‍പതിഷ്ണുക്കളുമായ കെ.കോയ മൊയ്തീന്‍കുട്ടി, എന്‍.പി.ബീരാന്‍ കുട്ടി മൂപ്പന്‍, പി.ബി.ഐ ബാവ, എം.സി.മൂസക്കോയ, വി.കെ.കുഞ്ഞിക്കോയ, എ.പി.കുഞ്ഞുമുഹമ്മദ്, പറുങ്ങാടന്‍ കുഞ്ഞഹമ്മദ്, കെ.കെ.ബീരാന്‍, എം.സി.അബ്ദുല്ലക്കുട്ടി മാസ്റ്റര്‍ എന്നിവരായിരുന്നു ഖാദര്‍ സാഹിബിന്റെ സഹപ്രവര്‍ത്തകര്‍. സിലോണിലെ വ്യവസായിയായ ഇമ്പിച്ചിഹാജിയാണ് കെട്ടിട നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കിയത്. സ്ഥലം സംഭാവന ചെയ്തത് കാദര്‍ സാഹിബായിരുന്നു. സ്‌കൂളിന്റെ നടത്തിപ്പിന് ഇമ്പിച്ചി ഹാജിയില്‍ നിന്ന് 32000 രൂപ വഖ്ഫായും ലഭിച്ചു.
1927-ല്‍ 'മദ്‌റസത്തുല്‍ ഇഹ്‌യാ'യുടെ മദ്‌റസത്തുല്‍ മനാര്‍ എലിമെന്ററി സ്‌കൂള്‍ എന്നാക്കി മാറ്റി. അന്നത്തെ മലബാര്‍ കലക്ടര്‍ എച്ച്.ആര്‍ പെയ്റ്റ് ഐ.പി.എസ് മനാര്‍ എലിമെന്ററി സ്‌കൂള്‍ സ്വര്‍ണത്താക്കോല്‍ കൊണ്ട് തുറന്ന് ഉദ്ഘാടനം ചെയ്തത്. മനാറിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോഴിക്കോട്ടെ പൗരപ്രമുഖരായ കെ. കുഞ്ഞഹമ്മദ് കോയ എം.എല്‍.പി, സി.എ കുഞ്ഞിമൂസ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു. 'തമ്മിയ്യത്തുല്‍ ഇസ്‌ലാം സംഘം' എന്ന പേരില്‍ ഒരു അത് രെജിസസ്റ്റര്‍ ചെയ്തു. തെക്കേ മലബാറിലെ രജിസ്ട്രര്‍ ചെയ്ത ആദ്യ വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. പി.ബി. ഇമ്പിച്ചി ഹാജി, എം.എ കാദര്‍ സാഹിബ് ആജീവനാന്ത പ്രസിഡന്റായും തിരഞ്ഞെടുത്തു. 1931-ല്‍ കാദര്‍ സാഹിബിന്റെ നിര്യാണത്തെതുടര്‍ന്ന് ഖാന്‍ സാഹിബ് കെ. കുഞ്ഞഹമ്മദ് കോയ പ്രസിഡന്റായി. 1932-ല്‍ മദ്‌റസത്തുല്‍ മനാര്‍ ഹയര്‍ എലിമെന്ററി സ്‌കൂളായി. 1933-ല്‍ ഒന്നാമത്തെ ഹയര്‍ എലിമെന്ററി സര്‍ട്ടിഫിക്കറ്റ് ബാച്ച് പുറത്തിറങ്ങി. 1947-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 'അല്‍മനാര്‍ മുസ്‌ലിം ഹൈസ്‌കൂള്‍' എന്ന് നാമകരണം ചെയ്തു. ഹൈസ്‌കൂളായി ഉയര്‍ത്തുന്നതില്‍ പ്രയതിനിച്ചത് കെ.എം.സീതിസാഹിബായിരുന്നു. 1950-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷക്കിരുന്നു. 1944 -ഖാന്‍ സാഹിബിന്റെ നിര്യാണത്തെതുടര്‍ന്ന് പി.ബി.ഐ ബാവ സാഹിബ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. ഹൈസ്‌കൂളിന്റെ പേര് പിന്നീട് 'ഇമ്പിച്ചി ഹൈസ്‌കൂള്‍' എന്നാക്കി മാറ്റി. 1970-ല്‍ മാതൃ സംഘടനയായ തമ്മിയത്തുല്‍ ഇസ്‌ലാം അസോ. ഭരണസൗകര്യാര്‍ത്ഥം വിഭജിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് ചുമതല തമ്മിയ്യത്തുല്‍ ഇസ്‌ലാം അസോസിയേഷനും സ്‌കൂള്‍ സ്വത്തുക്കളുടെ ചുമതല തന്‍മിയ്യത്തുല്‍ ഇസ്‌ലാം എജുക്കേഷണല്‍ സൊസൈറ്റിക്കുമായി. ദീര്‍ഘകാലം ഹെഡ്മാസ്റ്റര്‍ ആയി സേവനമനുഷ്ഠിച്ച കെ. ഇമ്പിച്ചിബാവ സാഹിബ് 1978-ല്‍ അദ്ധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനായി. 1973-ല്‍ ഈ സ്ഥാപനം രജതജൂബിലി ആഘോഷിച്ചു.

കേരള മുസ്‌ലിം ഐക്യസംഘം
    മുസ്‌ലിംകള്‍ക്കിടയില്‍ സാമൂഹികവും മതപരവും വിദ്യാഭ്യാസപരവുമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് കേരള മുസ്‌ലിം ഐക്യസംഘമായിരുന്നു. ഇതിന്റെ ഒന്നാമത്തെ സമ്മേളനം 1923-ല്‍ ഏറിയാടില്‍ വെച്ച് നടന്നു. ഈ സമ്മേളനത്തില്‍ സവ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തു. ഈ സമ്മേളനം മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിന്റെ ഭാഗമായി ആലുവയില്‍ ഒരു അറബി കോളേജ് ആരംഭിക്കുകയും ചെയ്തു.  മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പ്രസിദ്ധീകരണങ്ങളും മുസ്‌ലിം ഐക്യം പുറത്തിറക്കി. 12-ാം വാര്‍ഷികസമ്മേളനത്തില്‍ വെച്ച് രൂപം നല്കിയ ''കേരള മുസ്‌ലിം മജ്‌ലിസ്'' മുസ്‌ലിംകളുടെ ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടത്തി.
    ഉയര്‍ന്ന ജാതിയില്‍ പെട്ടവരും സമ്പന്നരുമായ ആളുകള്‍ക്ക് മാത്രം വിദ്യ അഭ്യസിക്കുവാന്‍ അവസരം ലഭിച്ചിരുന്ന കാലമായിരുന്നു €അത്. എല്ലാവര്‍ക്കും വിദ്യയഭ്യസിക്കാനുള്ള അവസരം ലഭിക്കുവാന്‍ ഈ സംഘം ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ രാജാവ് റവന്യൂ ഓഫീസറുടെ കീഴില്‍ സ്‌കൂള്‍ സ്ഥാപിക്കാനുള്ള ഉത്തരവിറക്കി. മുസ്‌ലിംകളുടെ ആധുനിക വിദ്യാഭ്യാസ പുരോഗതിക്ക് പ്രധാന സഭാവനകള്‍ നല്‍കിയ മറ്റു രണ്ടു സംഘങ്ങളാണ് 1911-ല്‍ രൂപം കൊണ്ട ''മലബാര്‍ മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി'', ''തിരുവിതാംകൂര്‍ മഹാജന സഭ'' എന്നിവ. ഇതിന്റെ കീഴില്‍ ഗവണ്‍മെന്റ് പിന്തുണയോടു കൂടി നിരവധി സ്‌കൂളുകള്‍ ഉണ്ടായി. മദ്‌റസത്തുല്‍ മുഹമ്മദീയ പരപ്പില്‍, സി.എം.എസ്.കോട്ടയം, ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂള്‍ പറവൂര്‍ എന്നിവ ചില ഉദാഹരണങ്ങള്‍.

സയ്യിദ് സനാഉല്ലാഹ് മക്തിതങ്ങള്‍
    കേരള മുസ്‌ലിം സമുദായോദ്ധാരകന്‍മാരില്‍ അഗ്രേസരനായിരുന്നു ഇദ്ദേഹം. 1847-ല്‍ വെളിയംകോട് ജനിച്ചു. മലയാളം, അറബി ഭാഷകള്‍ക്കുപുറമെ ഉറുദു, ഇംഗ്ലീഷ്, ഫാരിസി, തമിഴ് തുടങ്ങിയ ഭാഷകളില്‍ പരിജ്ഞാനം നേടി. എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്നു ഇദ്ദേഹം. 1882 -ല്‍ ഗവ. ഉദ്യോഗം രാജിവെച്ച് അര്‍പ്പണ ബോധത്തോടെ സാമുദായിക നവോത്ഥാന രംഗത്തിറങ്ങി. നല്ലൊരു എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു അദ്ദേഹം.         ഇംഗ്ലീഷും മാതൃഭാഷയും അഭ്യസിക്കാന്‍ സമുദായത്തെ അദ്ദേഹം പ്രേരിപ്പിച്ചു. ''മുസ്‌ലിംകളും വിദ്യാഭ്യാസവും''എന്ന ഒരു വിശിഷ്ട ഗ്രന്ഥം തന്നെ അദ്ദേഹം എഴുതി. 'മക്തിമനക്ലേശ'ത്തില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ''ഇംഗ്ലീഷ് ഭാഷ നരക ഭാഷയും സ്വന്തം ഭാഷയായ മലയാളം ഹിന്ദുശാസ്ത്രഭാഷയും ആകയാല്‍ അതുകള്‍ രണ്ടും പഠിക്കുന്നതില്‍ മതവിരോധമുണ്ടെന്ന് ധരിപ്പിച്ചതും വടക്കുമൂല്‍ തെക്കവസാനം വരെയുള്ള ഇസ്‌ലാം ജനം യോജിച്ചുകാലം കഴിച്ചിരുന്നു. ഈ അപകടാഭിപ്രായത്തില്‍ നിന്ന് ജനങ്ങളെ വീണ്ടെടുക്കുന്നതിന് വേണ്ടിവന്ന പ്രയാസം സ്വല്‍പമല്ല. ഇന്നും വിരോധിക്കുന്ന വിഘട ബുദ്ധികള്‍ കിടപ്പുണ്ട്. ദൈവകടാക്ഷം കൊണ്ട് ഇംഗ്ലീഷ് ഭാഷാഭ്യാസം വടക്ക് ആരംഭിച്ചു. ഉയര്‍ന്ന പരീക്ഷകള്‍ ജയിച്ചവരെ ഇസ്‌ലാമിക സമൂഹത്തില്‍ കാണാറായി. അവര്‍ ആക്ഷേപിപ്പെടുന്നുമുണ്ട്. ഏതായാലും ഇതാ തെക്കെ അറ്റത്തും ഉത്സാഹികളെ കാണുന്നു. ലക്ഷണം ശുഭം തന്നെ''
    അറബി-മലയാള ലിപി പരിഷ്‌കരണ രംഗത്തും അദ്ദേഹം നിരവധി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. മലയാള ഭാഷ പഠിക്കാതെ അറബി മലയാളം കൃതികള്‍ എഴുതുന്ന മുസ്‌ലിയാന്‍മാരെ തങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. 1912-ല്‍ ഈ മഹാനായ പരിഷ്‌കര്‍ത്താവ് കൊച്ചിയില്‍ വെച്ച് മരണപ്പെട്ടു.

കേരള സര്‍സയ്യിദ്
    കേരളത്തിനും മാത്രമല്ല, ഇന്ത്യക്കു തന്നെയും എന്നെന്നും അഭിമാനം കൊള്ളാവുന്ന ഒരു മഹാപണ്ഡിതനായിരുന്നു മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.  അന്നുവരെ നിലവിലുണ്ടായിരുന്ന മുസ്‌ലിം വിദ്യാഭ്യാസസ്രമ്പദായം അദ്ദേഹം ഉടച്ചുവാര്‍ത്തു. മതംപഠിക്കാന്‍ അറബിഗ്രന്ഥങ്ങള്‍ വായിച്ചുപഠിക്കുകയായിരുന്നു അതുവരെയുള്ള പതിവ്. അത് തികച്ചും അശാസ്ത്രീയമാണെന്ന് അദ്ദേഹം ഉണര്‍ത്തി. അറബിഭാഷ പഠിക്കുന്നത് സാധാരണ ഭാഷാപഠനത്തിന്റെ രൂപത്തിലായിരിക്കണം. അങ്ങനെ അത് സാമാന്യം പഠിച്ചു കഴിഞ്ഞാല്‍ മതവിഷയങ്ങള്‍ അറബിയിലൂടെ പഠിപ്പിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. മലയാളഭാഷ നന്നായി പഠിക്കാത്തതുമൂലം അറബിവാക്കുകള്‍ക്ക് ശരിയായ അര്‍ത്ഥം പറയാന്‍ മുമ്പുള്ളവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അറബി പദങ്ങള്‍ക്ക് മാനക മലയാളത്തില്‍ അര്‍ത്ഥം പഠിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പണ്ഡിതന്‍മാരെ ഉദ്‌ബോധിപ്പിച്ചു. മതപരിജ്ഞാനം മലയാള ഭാഷയിലൂടെ നല്‍കേണ്ടതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മലയാള അക്ഷരങ്ങളുടെ ശബ്ദം തികച്ചും പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി അറബി മലയാള അക്ഷരങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ത്ത് മത വിദ്യാലയങ്ങളില്‍ ബോര്‍ഡ്, ചോക്ക്, ബെഞ്ച്, മേശയെല്ലാം സംഘടിപ്പിച്ച് സാധാരണ വിദ്യാലയങ്ങളുടെ രൂപത്തില്‍ തന്നെ അവ നടത്തേണ്ടതാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, ന്യായശാസ്ത്രം, തര്‍ക്കശാസ്ത്രം മുതലായവയെല്ലാം നൂതന രീതിയില്‍ സ്വന്തം വിദ്യാര്‍ത്ഥികളെ മതവിദ്യാഭ്യാസത്തോടൊപ്പം അദ്ദേഹം പഠിപ്പിച്ചു. മതഭക്തനും സമുദായ സ്‌നേഹിയുമായിരുന്നു കൊയപ്പത്തൊടി മമ്മദ്കുട്ടി അധികാരിയെ ഈ നടപടികള്‍ അങ്ങേയറ്റം ആകര്‍ഷിച്ചു കേരളത്തില്‍ ഏറ്റവും കൂടുതല്‍ വഖ്ഫ് സ്വത്തുക്കളുള്ള വാഴക്കാട് ദാറുല്‍ ഉലൂമിലേക്ക് മൗലാനയെ അദ്ദേഹം ക്ഷണിച്ചു. സമര്‍ത്ഥന്മാരായ വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തെ അണിനിരത്തിക്കൊണ്ട് തന്റെ ഉന്നത ആദര്‍ശങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ ചാലിലകത്ത് ശ്രമിച്ചു. വാഴക്കാട്ടെ വഖ്ഫ്‌സ്വത്ത് ഇസ്‌ലാമിക പഠനങ്ങള്‍ക്കു വേണ്ടി വഖ്ഫ് ചെയ്തതാണെന്നും ഈ നടത്തുന്നത് ദര്‍സ് അല്ലെന്നും അതുകൊണ്ട് ഈ വഖ്ഫ്‌സ്വത്ത് ഇതിനുവേണ്ടി വിനിയോഗിക്കാന്‍ പാടില്ലെന്നും ചിലര്‍ ഫത്‌വ വാങ്ങി അധികാരിക്കു നല്‍കി. ആ സന്ദര്‍ഭത്തില്‍, മതഭക്തനും ഉദാരശീലനുമായിരുന്ന കാലടി മൊയ്തീന്‍കുട്ടി സാഹിബ് പുതിയൊരു സ്ഥാപനം തുടങ്ങുവാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. സ്ഥാപനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ 1918-ല്‍ മണ്ണാര്‍ക്കാട് വെച്ച് ആ മഹാപുരുഷന്‍ അന്തരിച്ചു. അറബി ഭാഷയും മതവിഷയങ്ങളും ആധുനിനികരീതിയില്‍ പഠിക്കുവാന്‍ മാതൃകയായ പല പുസ്തകങ്ങളും അദ്ദേഹം തയ്യാര്‍ ചെയ്ത് നടപ്പില്‍ വരുത്തിയിട്ടുണ്ട്.

വക്കം അബ്ദുല്‍ഖാദര്‍ മൗലവി
    മുസ്‌ലിം സമൂഹത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥപരിഹരിക്കാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്. 1873-ല്‍ ഡിസംബര്‍ 28-ന് തിരുവനന്തപുരം ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഉറുദു, സംസ്‌കൃതം, അറബി എന്നീ ഭാഷകള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ  വിദ്യാഭ്യാസാവസ്ഥ 'മുസ്‌ലിം' എന്ന പ്രസിദ്ധീകരണത്തിലൂടെ അദ്ദേഹം ബോധ്യപ്പെടുത്തി. മുസ്‌ലിം വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ച് ചില നിബന്ധനകളോടെ അദ്ദേഹം ഗവണ്‍മെന്റിനു മുന്നില്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാന്‍ അദ്ദേഹം രക്ഷിതാക്കളെ പ്രേരിപ്പിച്ചു. മൗലവിയുടെ പ്രവര്‍ത്തനഫലമായി ഗവണ്‍മെന്റ് കൊല്ലത്തും കാര്‍ത്തികപള്ളിയിലും കരുനാഗപ്പള്ളിയിലും സ്‌കൂളുകള്‍ സ്ഥാപിച്ചു. 1915-ല്‍ 'ലജ്‌നത്തുല്‍ മുഹമ്മദീയ അസോസിയേഷന്‍' എന്നൊരു സംഘടന അദ്ദേഹം സ്ഥാപിച്ചു. മുസ്‌ലിംകളെ ആധുനിക വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. മൗലവിയുടെ പ്രവര്‍ത്തനഫലമായി 'തിരുവിതാംകൂര്‍ മുസ്‌ലിം മഹാജനസഭ' എന്ന പേരിലും ഒരു സംഘടന രൂപീകരിക്കപ്പെട്ടു.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്
    കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അദ്യകാലത്ത് ധാരാളം സേവനം ചെയ്ത മഹാന്‍ കൂടിയാണ് മുഹമ്മദ് അബ്ദുര്‍റഹിമാന്‍ സാഹിബ്. താന്‍ ഉയരുന്നതിനനുസരിച്ച് തന്റെ സമുദായവും ഉണരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി സ്വദേശമായ കൊടുങ്ങല്ലൂരിലെ  പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ടു. മുസ്‌ലിംകള്‍ ആധുനിക വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി ഇതിന്റെ ഫലമായി 'കൊച്ചിന്‍ മുസ്‌ലിം സൊസൈറ്റി' എന്ന ഒരു സംഘടന രൂപീകൃതമായി. കൊച്ചിന്‍ മുസ്‌ലിം സൊസൈറ്റിയുടെ പ്രതിനിധി എന്നനിലയില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അന്നത്തെ കൊച്ചിന്‍ സ്റ്റേറ്റിന്റെ ദിവാനെ കണ്ട് ഒരു നിവേദനം സമര്‍പ്പിച്ചു. എല്ലാ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ക്കും മാസംതോറും സാമ്പത്തിക സഹായവും മിടുക്കന്മാരായ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കാന്‍ ദിവാന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ സ്‌കൂളില്‍ അറബി മുന്‍ഷിമാരെ നിയമിക്കണമെന്ന ആവശ്യവും അനുവദിക്കപ്പെട്ടു. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് അബ്ദുറഹ്മാന്‍ സാഹിബിന്റെ ആദ്യത്തെ സംഭാവനയാണിത്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ വിദ്യാലങ്ങളില്‍ ചേര്‍ക്കുകയും സാമ്പത്തികശേഷിയുള്ള ആളുകളുടെ വീട്ടില്‍ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്ന ആശയവും അദ്ദേഹം നടപ്പിലാക്കി.

സി.എന്‍.അഹ്മ്മദ് മൗലവി
കേരള മുസ്‌ലിംകളുടെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക നവോത്ഥാന രംഗത്തെ മഹാവ്യക്തിത്വമായിരുന്നു സി.എന്‍ അഹ്മ്മദ് മൗലവി.1905-ല്‍ മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് ജനനം. വെല്ലൂരിലെയും മദ്രാസ്‌യൂനിവേഴ്‌സിറ്റിയിലെയും ഉപരിപഠനത്തിനുശേഷം കേരളത്തിലെത്തിയ മൗലവി മലപ്പുറം ട്രൈയിനിംഗ് കേളേജില്‍ റിലീജിയന്‍സ് ഇന്‍സ്‌പെക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഈ ജോലി അദ്ദേഹത്തിന്റെ നവോത്ഥാന ശ്രമങ്ങള്‍ക്ക് വലിയ സഹായകമായിത്തീര്‍ന്നു. കേരളത്തിലും ലക്ഷദ്വീപിലുമുള്ള അധ്യാപക വിദ്യാര്‍ത്ഥികളെല്ലാം ഇവിടെ വെച്ചായിരുന്നു പരിശീലനം നേടിയത്. സി. എന്‍ ന്റെ സ്വതന്ത്രചിന്തകള്‍ മലബാര്‍ മുസ്‌ലിംകളില്‍ പരിവര്‍ത്തനത്തിന്റെ വിത്തുപാകി. 1936-ല്‍ കേരള മുസ്‌ലിംകള്‍ക്കായുള്ള ഒന്നാമത്തെ ഹൈസ്‌കൂള്‍ മലപ്പുറത്ത് ആരംഭിച്ചപ്പോള്‍ സി.എന്‍ അവിടെ അധ്യാപകനായി. കമ്മ്യൂണിസ്റ്റ് സിദ്ധാന്തം വളരെ വ്യാപകമായിരുന്ന കാലത്ത് മാര്‍കിസ്റ്റ്  സൈദ്ധാന്തികരെ വൈജ്ഞാനികമായി നേരിട്ട കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പണ്ഡിതന്‍ സി.എന്‍.അഹ്മ്മദ് മൗലവി ആയിരുന്നു. 1964-ല്‍ സി.എന്‍.മുന്‍കയ്യെടുത്ത് ''ഈസ്റ്റ് ഏറനാടന്‍ എജുക്കേഷന്‍ സൊസൈറ്റി'' രൂപീകരിച്ചു. കിഴക്കന്‍ ഏറനാട്ടില്‍ ഒരു കേളേജ് സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പാലക്കാടിനും മമ്പാടിനും ഇടക്കുള്ള പ്രമുഖരായി ചര്‍ച്ച നടത്തിയെങ്കിലും ആരും അനുകൂലമായി പ്രതികരിക്കുകയുണ്ടായില്ല. എന്നാല്‍ മമ്പാട് അധികാരി 'അത്തന്‍ മോയിന്‍ സാഹിബ്' 30 ഏക്കര്‍ നല്‍കാമെന്ന് ഏറ്റു. അതിന്റെ ഫലമായി 1965-ല്‍ 'മമ്പാട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്' സ്ഥാപിതമായി. 1969-ല്‍ ഇതിന്റെ നടത്തിപ്പ് എം.ഇ.എസി നെ ഏല്‍പ്പിക്കുകയാണുണ്ടായത്.
    1993-ഏപ്രില്‍ 27 ന് കോഴിക്കോട് വെച്ച് അദ്ദേഹം നിര്യാതനായി. 

മൗലാനാ അബുസ്വബാഹ്
പ്രസിദ്ധ മതപണ്ഡിതനായിരുന്ന മൗലാനാ അബുസ്വബാഹ് അഹ്മ്മദ് അലി അനന്യ സാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അലിഗഢ് സര്‍വ്വകലാശാലയെപറ്റി പറയുമ്പോള്‍ സര്‍ സയ്യിദ് അഹ്മ്മദ് ഖാനെ അനുസ്മരിക്കപ്പെടുന്നതുപോലെ കേരളത്തിലെ അലിഗഢ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫറോക്ക് കോളേജിനോട് ചേര്‍ത്ത് മൗലാനാ അബുസ്വബാഹിന്റെ നാമവും വാഴ്ത്തപ്പെടുന്നു.
     1906 ചാവക്കാട് ജനിച്ചു. മദ്രാസ് ജമാലിയ കോളേജിലെ പഠനത്തിനുശേഷം 'അല്‍ അസ്ഹര്‍' സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തു. ഈജിപ്തില്‍ തന്നെ ജോലിചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെങ്കിലും മൗലാനാ മുഹമ്മദലി ഇന്ത്യയില്‍ വന്ന് സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തെ ഉപദേശിച്ചു. കേരളമുസ്‌ലിംകളുടെ അടിയന്തര ആവശ്യം ഉന്നതവിദ്യാഭ്യമാണെന്ന് മനസ്സിലാക്കി അറബിയും ഇസ്‌ലാമിക വിഷയങ്ങളും പഠിച്ചവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന ഒരു കോഴ്‌സ് ഏര്‍പ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് 1942 ജനുവരി 5 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത ആനക്കയത്ത് റൗളത്തുല്‍ ഉലും അറബി കേളോജ് സ്ഥാപിച്ചത്. അത് പിന്നീട് കോഴിക്കോട്ടെ ഫറോക്കിലേക്ക് മാറ്റുകയും ഫറൂഖ് കേളേജ് ആയി പ്രസിദ്ധമാവുകയും ചെയ്തു.
    1971-ല്‍ സെപ്തം 10 തിയ്യതി അബുസ്വബാഹ് മൗലവി അന്തരിച്ചു.

തങ്ങള്‍ കുഞ്ഞു മുസ്‌ല്യാര്‍
1897- ജനിച്ച തങ്ങള്‍ കുഞ്ഞു മുസ്‌ല്യാര്‍  വളര്‍ന്നതും പഠനം നടത്തിയതും ശ്രീലങ്കയില്‍ ആയിരുന്നു. തന്റെ സമ്പത്ത് മുഴുവന്‍ അദ്ദേഹം നാടിന് വേണ്ടി നീക്കിവെച്ചു. 26 ഫാക്ടറികള്‍ സ്ഥാപിച്ച് 25000 ജനങ്ങള്‍ക്ക് ജോലി നല്‍കുകയും അവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസ വിചക്ഷകനായ അദ്ദേഹം സര്‍ സയ്യിദ് അഹ്മ്മദ് ഖാന്റെ കാഴ്ചപ്പാട് സ്വീകരിച്ച് മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് ടി.കെ.എം എന്ന പേരില്‍ 1956-ല്‍ ഒരു ട്രസ്റ്റ് സ്ഥാപിച്ചു. 1958-ല്‍ ആ ട്രസ്റ്റിന്റെ കീഴില്‍ ടി.കെ.എം എന്‍ജിനീയറിംഗ് കോളേജ് നിലവില്‍ വന്നു. 'തിരുവിതാകൂര്‍ മുസ്‌ലിം മജ്‌ലിസ്' എന്ന പേരില്‍ ഒരു സന്നദ്ധ സംഘത്തിന് അദ്ദേഹം തുടക്കംകുറിച്ചു. 1966 ഫെബ്രു 12 ന് മരണപ്പെട്ട തങ്ങള്‍ കുഞ്ഞു മുസ്‌ലിയാരുടെ പേരില്‍ സ്റ്റാമ്പ് അടിച്ചിറക്കി ഇന്ത്യ ഗവണ്‍മെന്റ് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 

    കേരളത്തില്‍ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ക്ക് അവര്‍ അറിയാതെ തന്നെ വര്‍ഷങ്ങളോളം സ്‌കോളര്‍ഷിപ്പ് നല്‍കി ആധുനിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കിയ ബാഫഖി തങ്ങള്‍ ആധുനിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച മറ്റൊരു വ്യക്തിത്വമായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്ത് മത വിദ്യാഭ്യാസരംഗത്ത് ഹോസ്റ്റല്‍ സംവിധാനത്തോടെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യം നല്‍കിയത് കെ.സി.അബ്ദുല്ല മൗലവിയാണ്. ഈ ആവശ്യാര്‍ത്ഥം 1960-ല്‍ ചേന്ദമംഗല്ലൂരില്‍  അദ്ദേഹം 'ബനാത്ത്' എന്ന സ്ഥാപനം സ്ഥാപിച്ചു. അദ്ദേഹവും കേരള മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ പുരോഗതിയില്‍ പ്രധാന പങ്ക് വഹിക്കുകയുണ്ടായി.

മുസ്‌ലിം സ്ത്രീകളും ആധുനിക വിദ്യാഭ്യാസവും
1927 ലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാറ്റമുണ്ടാവുന്നത്. കോഴിക്കോട് സ്ഥിരതാമസമാക്കിയ പുളിക്കല്‍ സ്വദേശിയായ മുത്ത്ബീ എന്ന ബീത്താത്തയാണ് പിന്നോക്ക പ്രദേശത്തെ സ്വന്തം സഹോദരിമാരില്‍ അറിവിന്റെ ദീപനാളം തെളിയിക്കാന്‍ മുന്‍കയ്യെടുത്ത മഹിളാരത്‌നം. 1928-ല്‍ തങ്ങള്‍സ് റോഡിലെ മുന്‍സിപ്പല്‍ സ്‌കൂളില്‍ ആരംഭിച്ച ഈ സേവനം പിന്നീട് 1938-ല്‍ സ്‌കൂള്‍ ഇടിയങ്ങരയിലേക്ക് മാറ്റിയപ്പോഴും പ്രതിഫലം ഇച്ഛിക്കാതെ അവര്‍ തന്റെ മുഴുവന്‍ സമയവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിച്ചു. ഇടിയങ്ങരയിലെ 'പരപ്പില്‍ ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍', ''ബീവിന്റ സ്‌കൂള്‍'' എന്ന പേരില്‍ ഈ പ്രാഥമിക വിദ്യാലയം ഇന്നും അറിയപ്പെടുന്നു.

കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂള്‍
    1956-ല്‍ കുറ്റിച്ചിറയില്‍ ഒരു സാംസ്‌കാരിക വേദിയില്‍ പങ്കെടുത്ത കോഴിക്കോട്ടെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്‍പരനുമായ പി.പി.ഹസന്‍കോയ പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ സ്ഥാപിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരികയാണെങ്കില്‍ 5000 രൂപ സംഭാവന നല്‍കാമെന്ന് പ്രഖ്യാപിച്ചു. സാമൂഹിക പരിഷ്‌കര്‍ത്താവായ സി.പി.കുഞ്ഞഹമ്മദ് ആ വെല്ലുവിളി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. 'മുസ്‌ലിം ഗേള്‍സ് സ്‌കൂള്‍' എന്ന ആശയത്തിന് പ്രായോഗികനിര്‍ദ്ദേശം സി.പി.കുഞ്ഞഹമ്മദിന് നല്‍കിയത് സാമൂഹ്യപരിഷ്‌കര്‍ത്താവും എഴുത്തുകാരനും സുഹൃത്തും ആയിരുന്ന വി.അബ്ദുല്ല സാഹിബായിരുന്നു. 1956-ല്‍ 'സോഷ്യല്‍ സര്‍വീസ് അസോസിയേഷന്‍' എന്ന സംഘടനക്ക് സി.പി.കുഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ടിരുന്നു. സ്ത്രീകള്‍ക്ക് കൈത്തൊഴില്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന തുന്നല്‍ ക്ലാസ് ആരംഭിച്ചത്. താമസിയാതെ  മുതിര്‍ന്നവര്‍ക്ക് കൈത്തൊഴില്‍ പഠനവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ആരംഭിച്ചു. പൗരപ്രമുഖരും വിദ്യാഭ്യാസ തല്‍പരരും അടങ്ങുന്ന 'കോഴിക്കോട് എജുക്കേഷണല്‍ സൊസൈറ്റി' എന്ന കമ്മിറ്റി ഉണ്ടാക്കി. തലശ്ശേരിക്കാരനായ കുഞ്ഞിമായിന്‍ ഹാജിയുടെ സഹായത്തോടെ സ്‌കൂള്‍ കെട്ടിടം സ്ഥാപിതമായി. 1960 ഗേള്‍സ് സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ കാലിക്കറ്റ് എജുക്കേഷണല്‍ സൊസൈറ്റി തീരുമാനിച്ചു. 1962-ല്‍ ഗേള്‍സ് സ്‌കൂളിന് അംഗീകാരം ലഭിച്ചു.

റൗദത്തുല്‍ ഉലൂമും
ഫാറൂഖ് കോളേജും

മലബാറില്‍ മുസ്‌ലിംകളുടെ മതവിദ്യാഭ്യാസത്തിന് ഉന്നത കേന്ദ്രം വാഴക്കാട്ടെ ദാറുല്‍ ഉലൂം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഉന്നത മതപഠനത്തിനായി കേരളത്തിന് പുറത്ത് മദിരാശിയും, ഹൈദരാബാദും മാത്രമായിരുന്നു അന്ന് ആശ്രയം. ദയൂബന്ദ്, വെല്ലൂര്‍ ബാഖിയാത്ത്, മെറാബാദ്, ജമാലിയ്യ തുടങ്ങിയ ഉന്നത മതപഠന കേന്ദ്രങ്ങളില്‍ വളരെ ക്ലേശിച്ചാണ് പഠനം നടത്തിയിരുന്നത്. ഇതിനൊരു പരിഹാരം എന്ന നിലയില്‍ ഒരാശയം മലബാറില്‍ നാമ്പെടുത്തത് 1942 ലാണ്. ഈജിപ്തിലെ 'അല്‍ അസ്ഹര്‍' സര്‍വകലാശാലയില്‍ നിന്ന്  ഉന്നത ബിരുദം നേടി മലബാറിലെത്തിയ മൗലാന സ്വബാഹ് അഹ്മ്മദ് അലിയാണ് ഇതിന്റെ പ്രേരകശക്തി.
    1946-ജനുവരി 5 ന് അബു സ്വബാഹിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം  'റൗളത്തുല്‍ ഉലൂമിന്' കീഴില്‍ റൗളത്തുല്‍ ഉലൂം അസോസിയേഷന് രൂപം നല്‍കാന്‍ തീരുമാനിച്ചു. 1947-ല്‍ മെയ് 17-ന് റൗളത്തുല്‍ ഉലൂം അറബി കേളേജിനൊപ്പം ഒരു ആര്‍ട്‌സ് കോളേജിനുള്ള അപേക്ഷയും സമര്‍പ്പിച്ചു. 1948-ല്‍ പണിപൂര്‍ത്തിയായ കെട്ടിടത്തില്‍ അറബി കോളേജ് സ്ഥാപിച്ചു, 1948 ജൂണ്‍ 12 'റൗളത്തുല്‍ ഉലൂം' ഒന്നാം ഗ്രേഡ് കോളേജ് എന്ന പേരില്‍ അനുവദിച്ച ആര്‍ട്‌സ് കോളേജ് 31 കുട്ടികളും 5 അദ്ധ്യാപകരുമായി ഫറുഖ് കോളേജ് എന്ന പേരില്‍ തല്‍ക്കാലം 'റൗളത്ത്' കെട്ടിടത്തില്‍ 1949- ഏപ്രില്‍ 24 ന് പ്രവര്‍ത്തിച്ചു തുടങ്ങി.  1957-ല്‍ ഫറോക്ക് കോളേജ് കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലും 1968-ല്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കീഴിലുമായി. നിലവില്‍ 20 ഫാകല്‍റ്റികളിലായി 7000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ട്രെയിനിംഗ് കോളേജ്, വിദ്യാഭ്യാസ സെന്റര്‍, റസിഡന്റല്‍ സ്‌കൂള്‍ എന്നിവയും ഫറൂഖ് സ്ഥാപനങ്ങളുടെ ഭാഗമാണ്.

എം.ഇ.എസ്
1964-ല്‍ പി.കെ.അബ്ദുള്‍ ഗഫൂര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സംഘടനയാണ് എം.ഇ.എസ്. മുസ്‌ലിം സമൂഹത്തെ വിദ്യാഭ്യാസപുരോഗതിയിലേക്ക് നയിക്കുക എന്നായിരുന്നു ഇതിന്റെ ലക്ഷ്യം. 1969-മണ്ണാര്‍ക്കാട് കോളേജ് സ്ഥാപിച്ചു. അതിനുശേഷം പൊന്നാനി, കൊടുങ്ങല്ലൂര്‍, മമ്പാട്, വളാഞ്ചേരി എന്നിവിടങ്ങളില്‍ എം ഇ എസ് കോളേജുകള്‍ സ്ഥാപിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും തമിഴ്‌നാട്, കര്‍ണാടക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഇതിന് സ്ഥാപനങ്ങളുണ്ട്.

Reference

1. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം - പി.പി. മമ്മദ് കോയ പരപ്പില്‍. ഫോക്കസ് പബ്ലിക്കേഷന്‍. കോഴിക്കോട്
2. നവോത്ഥാന ചിന്തകള്‍ - അലി ഇസ്സത്ത് ബെഗോവിച്ച്. ഐ. പി എച്ച് കോഴിക്കോട്.
3. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - സി.എന്‍.അഹ്മ്മദ് മൗലവി, കെ. കെ. അബ്ദുള്‍ കരീം. ആസാദ് ബുക് സ്റ്റാള്‍ കോഴിക്കോട്.
4. സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ (ജീവചരിത്രം. അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം.
5. കേരളമുസ്‌ലിംകള്‍. പ്രബോധനം സ്‌പെഷല്‍ പതിപ്പ് (1998)
6. Minority Education in India Issues of Access, Equity and Ind - Abdul Waheed(Serials Publication New Delhi)
7. Educational Enpowerment of Kerala Muslims & Socio historical Prespective. Prof. U.Mohammed other book publication)
8. History of Muslims Educational Instruction in Kerala during 20th Century - Nazeer(Phd. Thesis, Kerala University, TVM)

author image
AUTHOR: മുഹമ്മദ് റഷാദ് ടി
   (അലീഗഡ് യൂണിവേഴ്‌സിറ്റി)