ഇസ്സുദ്ദീന്‍ മൗലവിയും ആലിയാ കോളേജും

വി.പി. ശക്കീര്‍    (ആലിയാ കോളെജ്, കാസര്‍ക്കോട്‌)

വി.കെ. ഇസ്സുദ്ദീന്‍ മൗലവി എന്നു കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. നവ കേരളത്തിന്റെ മുസ്ലിം ചരിത്രത്തെ ഈ വിധമാക്കിത്തീര്‍ത്തതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. സംഭവ ബഹുലമായ ആ ജീവിതയാത്രയിലെ നാഴികക്കല്ലുകളാണ് മദ്രസാ ആലിയയുടെ ചരിത്രം. ആലിയയുടെ പിതാവും മാതാവും അദ്ദേഹമായിരുന്നു. ആലിയ നാളിതുവരെ നിറവേറ്റിപ്പോന്ന ദൗത്യനിര്‍വഹണപ്രവര്‍ത്തനം അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങളില്‍ ചേര്‍ത്തുവായിക്കേണ്ടതാണ്.
'ഇവിടെനിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം നിങ്ങള്‍ എന്ത് ചെയ്യും.?' ഉമറാബാദ് ദാറുസ്സലാം അറബിക്കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന ഓരോ വിദ്യാര്‍ത്ഥിയും ഈയൊരു വിഷയത്തില്‍ ഉപന്യസിക്കേണ്ടിയിരുന്നു. അന്ന് വിദ്യാര്‍ത്ഥിയായിരുന്ന വി.കെ.എം. ഇസ്സുദ്ദീന്‍ മൗലവി കുറേ ചിന്തിച്ചുറച്ച ശേഷം ഇങ്ങനെ എഴുതി: 'ഉമറാബാദ് ദാറുസ്സലാമിന്റെ മാതൃകയില്‍ ഒരുന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കാന്‍ ശ്രമിക്കും. ആ സ്ഥാപനത്തില്‍ ഭൗതികവും മതപരവുമായ വിജ്ഞാനങ്ങള്‍ പരസ്പരം കൈകോര്‍ത്തുപിടിക്കും. അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യംവെച്ചുകൊണ്ട് ദീനിന് സേവനം ചെയ്യാന്‍ സന്നദ്ധതയുള്ള ധീരമുജാഹിദുകളെ ആ സ്ഥാപനത്തില്‍വെച്ച് പരിശീലിപ്പിച്ച് പുറത്തുവിടും. ദീനിനെ സംബന്ധിച്ച ആഗാധ ജ്ഞാനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും അവര്‍ക്ക് ലഭിച്ചിരിക്കും. അങ്ങനെ സമുദായോദ്ധാരണ പ്രക്രിയക്കു നാന്ദികുറിക്കുന്നതിന് വേണ്ടി സര്‍വ പരിശ്രമങ്ങളും ഞാന്‍ നടത്തുന്നതാണ്' തുടര്‍ന്നുള്ള മൗലവി സാഹിബിന്റെ ജീവിതയാത്ര ഈ ലക്ഷ്യം നേടുന്നതിന് വേണ്ടിയുള്ള ഭഗീരഥ യത്‌നമായിരുന്നു.

തീര്‍ഥയാത്ര
മൗലവി സാഹിബ് തന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടി 1930-ല്‍ തലശ്ശേരിയിലേക്ക് പുറപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മലബാറിലെ ഭേദപ്പെട്ട ഒരു പ്രദേശമായിരുന്നു തലശ്ശേരി. മുസ്‌ലിംകളുടെ ശോച്യാവസ്ഥ വിവരിച്ചുകൊണ്ടും അത് ദൂരീകരിക്കാന്‍ ഒരുന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടും ഒരാഴ്ച നീണ്ടുനിന്ന ഒരു പ്രസംഗ പരമ്പര തലശ്ശേരി പിലാക്കുല്‍ പള്ളിയില്‍ മൗലവി നടത്തുകയുണ്ടായി. അവിടത്തെ പൗരമുഖ്യന്മാര്‍ ഈ ആശയം അംഗീകരിക്കുകയും ആവശ്യമായ നടപടികള്‍ ആരംഭിക്കാമെന്ന് സമ്മതിക്കുകയും ചെയ്തുവെങ്കിലും പിന്നീട് യാതൊരു പ്രതികരണവുമുണ്ടായില്ല.
മൗലവി സാഹിബ് തന്റെകൂടെയുണ്ടായിരുന്ന ഏഴു വിദ്യാര്‍ത്ഥികളെയും കൊണ്ട് വടക്കോട്ട് നീങ്ങി. തീവണ്ടി നില്‍ക്കുന്ന ഓരോ സ്‌റ്റേഷനിലും ഇറങ്ങി നാട്ടുകാരെ കണ്ട് തന്റെ ഉദ്ദേശ്യം വ്യക്തമാക്കി. തനിക്ക് ശമ്പളം തരേണ്ടതില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കും തനിക്കും ഒരു വര്‍ഷത്തെ താമസത്തിനുള്ള സൗകര്യം ഉണ്ടാക്കിത്തന്നാല്‍ ഒരുന്നത വിജ്ഞാന കേന്ദ്രം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്താമെന്നും ബോധിപ്പിച്ചു. സംഗതി തത്വത്തില്‍ എല്ലാ നാട്ടുകാരും അംഗീകരിച്ചുവെങ്കിലും പ്രായോഗികമായ പല പ്രതിബന്ധങ്ങളുമാണ് അവര്‍ക്ക് ബോധിപ്പിക്കാനുണ്ടായിരുന്നത്. ചിലേടത്ത് നാട്ടിലുള്ള കക്ഷി വഴക്കാണ് തടസ്സമെങ്കില്‍ മറ്റു ചില സ്ഥലത്ത് അത്തരം ഒരു സ്ഥാപനത്തെ താങ്ങിനിര്‍ത്താനുള്ള കഴിവുകേടായിരുന്നു പ്രതിബന്ധം.
അവസാനം കോട്ടിക്കുളത്തെത്തിയ മൗലവി സാഹിബ് വഴിക്കേ പള്ളിയില്‍ താമസമാക്കി. സ്ഥലത്തെ പ്രധാന ഖാളിയും പ്രമുഖ പണ്ഡിതനുമായി കെ.എന്‍. മമ്മൂഞ്ഞി മൗലവിയെ കണ്ടു. അദ്ദേഹം ഇസ്സുദ്ദീന്‍ മൗലവിയുടെ ആവശ്യം അംഗീകരിച്ചു. ഖാദി സാഹിബിന്റെ ഒത്താശപ്രകാരം പ്രഥമ കാല്‍വെപ്പെന്ന നിലയില്‍ വഴിക്കേ പള്ളിയില്‍ ദര്‍സാരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് മുഹമ്മദ് ശറൂല്‍ സാഹിബ്, സേട്ടു കുഞ്ഞഹമ്മദ് സാഹിബ്, കൈക്കോട്ടു കടവില്‍ മുഹമ്മദ് കുഞ്ഞിഹാജി, അറബി ശംനാട് സാഹിബ് എന്നിവരുമായി ചര്‍ച്ച നടത്തുകയും തന്റെ ലക്ഷ്യത്തിന് പിന്തുണ നേടുകയും ചെയ്തു. നിലവിലുള്ള ദര്‍സ് അടുത്ത റമദാന് ശേഷം കോളേജാക്കി ഉയര്‍ത്താമെന്ന് അവര്‍ സമ്മതിച്ചു. പക്ഷേ റമദാന്‍ കഴിഞ്ഞ് മൗലവി സാഹിബ് തിരിച്ചുവന്നപ്പോള്‍ വളരെ വിചിത്രമായ അനുഭവമാണുണ്ടായത്. തന്റെ സ്ഥാനത്ത് മറ്റൊരു മൗലവി ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന രംഗമാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. തുടര്‍ന്ന് മൗലവി ഉദുമയിലേക്ക് നീങ്ങുകയും നാട്ടുകാരുടെ സഹകരണത്തോടെ പടിഞ്ഞാറെ പള്ളിയില്‍ ദര്‍സ് ആരംഭിക്കുകയും ചെയ്തു. ഉദുമയിലെ താമസത്തിനിടയിലുള്ള അന്വേഷണങ്ങളില്‍ നിന്ന് അവിടെ തന്റെ ആശയം പ്രായോഗികമാവുകയില്ലെന്ന് ബോധ്യമായി. പിന്നീട് തെക്കോട്ട് നീങ്ങിയ മൗലവി സാഹിബ് കണ്ണൂര്‍ ജുമുഅത്ത് പള്ളിയുടെ മുമ്പില്‍ ഒരു മതപ്രസംഗ പരമ്പര നടത്തി. പ്രസ്തുത പ്രസംഗങ്ങളില്‍ മുസ്‌ലിംകള്‍ ഒരേ സമയം മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും കരസ്ഥമാക്കേണ്ടതിന്റെ ആവശ്യകത, മൗലവി സാഹിബ് സമര്‍ത്ഥിച്ചു. ഉന്നത വിദ്യാഭ്യാസ കേന്ദ്രം എന്ന ആശയം അറക്കല്‍ സുല്‍ത്താന്‍ അലിരാജയുടെ മുമ്പില്‍ വയ്ക്കുന്നതിനായി മൗലവി സാഹിബിന്റെ നേതൃത്വത്തില്‍ പന്ത്രണ്ടു പേരടങ്ങുന്ന ഒരു നിവേദകസംഘം തെരഞ്ഞെടുത്തപ്പെട്ടു. സുല്‍ത്താന്‍ അനുകൂലമായ മറുപടി നല്‍കുകയും പ്രാരംഭ നടപടി എന്ന നിലയില്‍ ദര്‍സ് ആരംഭിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ സുല്‍ത്താന്‍കൂടി സന്നിഹിതരായിരുന്ന ഒരു സദസ്സില്‍ വെച്ച് ദര്‍സുല്‍ഘാടനം ചെയ്യപ്പെട്ടു. എന്നാല്‍ പിന്നീട് ഏതോ തല്‍പര കക്ഷികള്‍ തെറ്റിദ്ധരിപ്പിച്ചത്‌ കൊണ്ടായിരിക്കണം ഉന്നത വിദ്യാലയം എന്ന ആശയം അറക്കല്‍ രാജാവ് വേണ്ടെന്നുവച്ചു. തുടര്‍ന്ന് മൗലവി മറ്റു ചില വാതിലുകള്‍ മുട്ടിനോക്കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.


തെക്കന്‍ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ
വ്യക്തിപരമായ ശ്രമങ്ങള്‍ക്കൊണ്ട് ഫലമില്ലെന്ന് മനസ്സിലാക്കിയ മൗലവി സംഘടിതമായ ഒരു പരിശ്രമത്തിന് പ്ലാനിട്ടു. അങ്ങനെ സപ്തംബര്‍ 6-ന് ഉദുമ കണ്ണിക്കുളങ്ങര ജുമുഅത്ത് പള്ളിയില്‍ കെ.എച്ച്. മുഹമ്മദ് കുഞ്ഞി മൗലവി (മുദരിസ്, മഞ്ചേശ്വരം) അധ്യക്ഷതയില്‍ തെക്കന്‍ കര്‍ണ്ണാടക ജില്ലയിലെ മതപണ്ഡിതന്മാരുടെ ഒരു യോഗം ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ വെച്ച് സൗത്ത് കാനറ ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ഇസ്സുദ്ദീന്‍ മൗലവി പ്രസിഡന്റായുള്ള ഭരണസമിതിയില്‍ കെ.എച്ച് മുഹമ്മദ് കുഞ്ഞി, എ.കെ നസഫി, കെ.പി. ഹസ്സന്‍കുട്ടി, പി. മുഹമ്മദ് ത്വാഈ ഉമരി, എം.കെ കുഞ്ഞിമാഹിന്‍കുട്ടി, സി. മുഹമ്മദ് കുഞ്ഞി എന്നീ മൗലവിമാര്‍ ഭാരവാഹികളായിരുന്നു.
ഈ സംഘടനയുടെ പ്രധാന ലക്ഷ്യം മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്ന കക്ഷിത്തം അവസാനിപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുക, ദീനീ വിജ്ഞാനം പ്രചരിപ്പിക്കുക, ഉന്നതമായ ഒരു വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുക എന്നിവയായിരുന്നു. സംഘടനയുടെ രണ്ടാമത്തെ പ്രവര്‍ത്തക സമിതി ചെംനാട് ജുമുഅത്ത് പള്ളിയില്‍ ചേരുകയും പ്രസ്തുത പള്ളിയില്‍ ദര്‍സ് ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1940 നവംബറില്‍ നാട്ടുകാരുടെ സഹകരണത്തോടെ ഇസ്സുദ്ദീന്‍ മൗലവി മുദര്‍രിസായി ദര്‍സാരംഭിച്ചു. കോളേജ് സ്ഥാപിക്കാന്‍ വേണ്ടി പിന്നീട് നടത്തിയ ശ്രമങ്ങളെല്ലാം ചെംനാട് കേന്ദ്രീകരിച്ചായിരുന്നു. നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണം ഇക്കാര്യത്തില്‍ ലഭ്യമായി. മാഹിന്‍ ശംനാട്, പുതിയ പുര മുഹമ്മദ്, എട്ടും പളപ്പില്‍ അഹമ്മദ്, എ.പി. അബ്ബാസ് കുട്ടി, സി.എച്ച് അഹമ്മദ് ഹാജി, സി.എം അഹമ്മദ്, സി.എല്‍ മുഹമ്മദ് എന്നിവരുടെ പേരുകള്‍ ഇവിടെ പ്രത്യേകം സ്മരിച്ചുകൊള്ളട്ടെ.
 
മദ്‌റസ ആലിയഃ
ജംഇയ്യത്തുല്‍ ഉലമായുടെ ഒന്നാം വാര്‍ഷിക സമ്മേളനം 1941 സപ്തംബറില്‍ അറക്കല്‍ സുല്‍ത്താന്‍ അലിരാജാ ബഹദൂറിന്റെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് തായലങ്ങലാടി ഖിദ്ര്‍ ജുമുഅത്ത് പള്ളിയില്‍ ചേര്‍ന്നു. കെ.എം മൗലവി സാഹിബ്, കെ.എം സീതി സാഹിബ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ അതില്‍ പങ്കെടുത്തിരുന്നു. പ്രസ്തുത സമ്മേളനത്തില്‍ മദ്‌റസ ആലിയ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രമേയം ഇസ്സുദ്ദീന്‍ മൗലവി അവതരിപ്പിക്കുകയും സമ്മേളനം അതംഗീകരിക്കുകയും ചെയ്തു. 1942-ല്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മൗലവിയുടെ അധ്യക്ഷതയില്‍ ഉള്ളാളം ജുമുഅത്ത് പള്ളിക്ക് മുമ്പില്‍ ചേര്‍ന്ന ജംഇയ്യത്തിന്റെ രണ്ടാം വാര്‍ഷിക യോഗം നിര്‍ദിഷ്ട മദ്‌റസ ആലിയായുടെ സ്ഥാനം ഉള്ളാളത്ത് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഉള്ളാളക്കാരുമായി തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ നിന്ന് മദ്‌റസ ആലിയ അവിടെ സ്ഥാപിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് മദ്‌റസ ആലിയയായുടെ സ്ഥാപനം ഉള്ളാളത്ത് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഉള്ളാളക്കാരുമായി തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍നിന്ന് മദ്‌റസ ആലിയ ചെംനാട് തന്നെ തുടങ്ങാമെന്ന് പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പള്ളിയില്‍ നടന്നുവരുന്ന ദര്‍സ് കോളേജാക്കി ഉയര്‍ത്താന്‍ ചെംനാട് ജമാഅത്ത് നിര്‍ദേശം ഉന്നയിച്ചു. അങ്ങനെ, 1943 മെയ് മാസത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖീഹ് തങ്ങള്‍ 'അല്‍മദ്‌റസത്തുല്‍ ആലിയാ അറബിക്കോളേജ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

പരവനടുക്കം ദാറുല്‍ ഇസ്‌ലാം
1945 വരെ ചെംനാട് ജുമുഅത്ത് പള്ളിയില്‍ വെച്ചാണ് ക്ലാസുകള്‍ നടത്തിയിരുന്നത്. പരവനടുക്കത്ത് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം വഖ്ഫ് ചെയ്തതും അഞ്ഞൂറില്‍പരം ഉറുപ്പിക സംഭാവന നല്‍കിയതും ചെംനാട് ജമാഅത്ത് തന്നെയായിരുന്നു. പരവനടുക്കം ദാറുല്‍ ഇസ്‌ലാമില്‍ പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം 1945-ല്‍ ഖാന്‍ ബഹ്ദൂര്‍ മഹ്മൂദ് ശംനാട് നിര്‍വഹിച്ചു. ഈ സമയത്ത് രണ്ട് അധ്യാപകരും ഇരുപത്തഞ്ച് വിദ്യാര്‍ഥികളുമാണുണ്ടായിരുന്നത്. അടുത്തവര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണം അറുപതായും അധ്യാപകരുടെ സംഖ്യ ആറായും ഉയര്‍ന്നു.
കെട്ടിടത്തിന്റെ പണി തുടങ്ങിയതോടെ ധനശേഖരണാര്‍ത്ഥം തെക്കോട്ടും വടക്കോട്ടും ഓരോ സംഘം യാത്ര പുറപ്പെട്ടു. ഈ രണ്ടു സംഘങ്ങളില്‍ ഇസ്സുദ്ദീന്‍ മൗലവിക്ക് പുറമെ ടി. മുഹമ്മദ് (കൊടിഞ്ഞി),  നാസിറുദ്ദീന്‍ മൊയ്തു (അത്തോളി), മൂസാഭായി (പാലക്കാട്), എ.മുഹമ്മദ് മൗലവി (കല്ലിക്കോട്), ഈസാ അഹമ്മദ് (അഴീക്കോട്) എന്നിവരാണ് ഉണ്ടായിരുന്നത്. കുടാതെ ധനശേഖരാണാര്‍ത്ഥം സിലോണും ഗ്രന്ഥശേഖരാണര്‍ത്ഥം ബോംബെ, കല്‍ക്കത്ത എന്നീ നഗരങ്ങളും ഇസ്സുദ്ദീന്‍ മൗലവി സന്ദര്‍ശിക്കുകയുണ്ടായി.

സിലബസ്
സമുദായത്തിന്റെ ശോച്യാവസ്ഥയായിരുന്നു കോളേജ് സ്ഥാപനത്തിന് പ്രധാനമായും പ്രേരിപ്പിച്ചത്. മതത്തെ സംബന്ധിച്ച പരിജ്ഞാനമോ മതനിഷ്ഠയോ ഇല്ലാത്ത അഭ്യസ്തവിദ്യര്‍ ഒരു ഭാഗത്ത്. ലോകത്തെ സംബന്ധിച്ച യാതൊരു പരിജ്ഞാനവുമില്ലാത്ത മതപണ്ഡിതന്മാര്‍ മറുഭാഗത്ത്. ഇവര്‍ക്ക് മധ്യേ അജ്ഞതയുടെ അന്ധകാരത്തില്‍പെട്ട് വഴിയറിയാതെ നട്ടം തിരിയുന്ന സമാന്യ ജനങ്ങള്‍. ദീനിനെ സംബന്ധിച്ച അഗാധജ്ഞാനവും ഭൗതികവിദ്യാഭ്യാസവും ഒരേ സമയം ലഭിച്ചിട്ടുള്ള ത്യാഗസന്നദ്ധതയുള്ള വ്യക്തികള്‍ക്കു മാത്രമേ ഈ ദയനീയാവസ്ഥയില്‍ സമുദായത്തെ രക്ഷിക്കാന്‍ കഴിയൂ. ഈ ആവശ്യം മുമ്പില്‍വെച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റെ സിലബസ്സിന് രൂപംനല്‍കിയത്.
സമഗ്രമായ പ്രസ്തുത പാഠ്യപദ്ധതിയില്‍ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, അവയുടെ ഉസ്വൂല്‍, അറബി സാഹിത്യം, ചരിത്രം, പ്രകൃതിശാസ്ത്രം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, ഗണിത ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, തത്വശാസ്ത്രം, തസ്വവ്വുഫ്, മനഃശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, വൈദ്യശാസ്ത്രം, മതങ്ങള്‍ തമ്മിലുള്ള താരതമ്യപഠനം, ഇസ് ലാമിക വിരുദ്ധമായ ആശയങ്ങളുടെ ഖണ്ഡനം, ഗ്രന്ഥ രചന എന്നീ വിഷയങ്ങളും ഇംഗ്ലീഷ്, ഉറുദു, ഹിന്ദി എന്നീ ഭാഷകള്‍ ഉള്‍പ്പെടുത്തിയിരുന്നു. 1945-ല്‍ കറാച്ചിയിലെ ബലൂച്ച് ലിത്തോ പ്രസില്‍ കോളേജിന്റെ ബ്ലോക്കോടുകൂടി ഉര്‍ദുവില്‍ അച്ചടിച്ച പ്രസ്തുത സിലബസ്സ്, മസ്ഹറുല്‍ ഉലൂം അറബിക്കോളേജ് (കറാച്ചി) പ്രിന്‍സിപ്പല്‍ മൗലാനാ സ്വാദിഖും വൈസ് പ്രിന്‍സിപ്പള്‍ മൗലാനാ ഫസ്ല്‍ അഹമ്മദും സൂക്ഷ്മമായി പരിശോധിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

പതിനൊന്നു വര്‍ഷത്തെ കോഴ്‌സാണ് സിലബസ്സില്‍ വിഭാവന ചെയ്തിരുന്നത്. എന്നാല്‍ പിന്നീട്, പ്രായോഗികമായ വൈഷമ്യങ്ങള്‍ കാരണം അത് എട്ടുവര്‍ഷമാക്കി ചുരുക്കേണ്ടിവന്നു. ഇതിനുവേണ്ടി സിലബസ്സില്‍ അടിസ്ഥാനപരമല്ലാത്ത ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഭേദഗതി ചെയ്ത രൂപത്തിലുള്ള സിലബസ്സ് 1948-ല്‍ കീഴൂര്‍ ഖാദി സി. മുഹമ്മദ് കുഞ്ഞി മൗലവിയുടെ അധ്യക്ഷതയില്‍ ചെംനാട് വൈ.എം.എം.ഏ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അംഗീകരിക്കപ്പെട്ടു.
1947 വരെ ആലിയയുടെ ഭരണ ചുമതല നിര്‍വഹിച്ചിരുന്നത് ജംഇയ്യത്തുല്‍ ഉലമ ആയിരുന്നു. 47-ഭരണം ഒരു സ്വതന്ത്ര സമിതിക്ക് കൈമാറി. പി.സി.എച്ച് കുഞ്ഞിക്കലന്തര്‍ (പ്രസിഡന്റ്), പി. മുഹമ്മദ് ഹാജി, അഹമദ് ശംനാട് (വൈസ് പ്രസിഡന്റുമാര്‍), എ.കെ. ശറൂല്‍ (ജനറല്‍ സെക്രട്ടറി), സി.പി. മാഹിന്‍ (ജോയന്റ് സെക്രട്ടറി), പി. സില്‍ക്കുഞ്ഞി (ജോ. സെക്രട്ടറി, കജാഞ്ചി) എന്നിവര്‍ ഭാരവാഹികളായുള്ള കമ്മിറ്റിയില്‍ മത സാമുദായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇരുപത്തൊന്ന് പ്രഗല്‍ഭ വ്യക്തികളുണ്ടായിരുന്നു. 1958-ല്‍ ഈ കമ്മിറ്റി രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ആലിയയുടെ ചരിത്രത്തില്‍ പ്രശസ്തരായ ഒട്ടേറെ വ്യക്തികളുടെ പേരുകള്‍ രേഖപ്പെട്ടുകിടക്കുന്നു. ഇസ്സുദ്ദീന്‍ മൗലവിയോടൊപ്പം രേഖപ്പെടുത്തേണ്ട ഒരു നാമമുദ്ര പി. മുഹമ്മദ് ത്വാഈ മൗലവിയുടേത്. ല്‍ പുതിയ ഭരണ സമിതി ഭരണമേറ്റെടുത്തത് മുതല്‍ ഇദ്ദേഹമായിരുന്നു പ്രിന്‍സിപ്പല്‍. കെ.വി. അബൂബക്കര്‍ മൗലവിയാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.
ഈ സ്ഥാപനത്തില്‍ അധ്യാപകരായി സേവനമനുഷ്ഠിച്ച പ്രശസ്ത വ്യക്തികളുടെ പട്ടികയില്‍ സി. അബൂബക്കര്‍ മൗലവി, മുഹമ്മദ് ശീറാസി മൗലവി, ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍, കെ.സി. അബ്ദുല്ല മൗലവി, കെ.എം അഹ്മദ് മുസ്‌ല്യാര്‍, മുഹമ്മദ് അബ്ദുസ്സ്വലാഹ് മൗലവി, കുനായില്‍ മുഹമ്മദ് മൗലവി, ടി. മുഹമ്മദ് മുഹമ്മദ് മൗലവി, കെ. മൊയ്തു മൗലവി, വി. അബ്ദുല്ല മൗലവി, സഅ്ദുദ്ദീന്‍ മൗലവി, പി.വി. മൊയ്തീന്‍കുട്ടി മൗലവി, എം.ടി അബ്ദുറഹ്മാന്‍ മൗലവി തുടങ്ങിയ പേരുകള്‍ കാണാം.(ആലിയാ കോളേജ് സുവനീറില്‍ കോളേജ് സ്ഥാപകരിലൊരാളായ എ.കെ. ശറൂല്‍ സാഹിബ് എഴുതിയ ലേഖനം)

author image
AUTHOR: വി.പി. ശക്കീര്‍
   (ആലിയാ കോളെജ്, കാസര്‍ക്കോട്‌)