കോഴിക്കോട് മിസ്‌കാല്‍ പള്ളിയും പോര്‍ത്തുഗീസ് പതനവും

ഹസന്‍ വാടിയില്‍  

രിത്രസ്മൃതികള്‍ സ്പന്ദിയ്ക്കുന്ന കോഴിക്കോടിന്റെ സാമൂഹ്യ സാംസ്‌കാരിക വിളഭൂമിയായ തെക്കേപ്പുറത്തിന്റെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കുറ്റിച്ചിറയിലെ പ്രസിദ്ധവും പഴക്കമുള്ളതുമായ ഒരു മുസ്‌ലിം ദേവാലയമാണ് ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള മിസ്‌കാല്‍ മസ്ജിദ്.
ദക്ഷിണേന്ത്യയുടെ പശ്ചിമ തീരത്ത് സ്ഥിതി ചെയ്യുന്ന കോഴിക്കോട് 'കാലിക്കറ്റ്' 'കാലിക്കൂത്ത്' എന്നീ സംജ്ഞകളില്‍ ലോകമെമ്പാടും അറിയപ്പെടുന്നു.
വടക്ക് കണ്ണൂരും തെക്ക് മലപ്പുറവും കിഴക്ക് വയനാടും പടിഞ്ഞാറ് അറബിക്കടലുമാണ് ഇതിന്റെ അതിരുകള്‍
ഭൂപടത്തില്‍ വടക്ക് 11.5 അക്ഷാംശ രേഖയിലും കിഴക്ക് 75.40 രേഖാംശ രേഖയിലും ആണ് കോഴിക്കോടിന്റെ കിടപ്പ്. പ്രകൃതിദത്തവും വിശാലവുമായ കടല്‍തീരമുള്ള ഒരു ചരിത്ര നഗരം. പാരമ്പര്യാധിഷ്ഠിത പശ്ചാത്തലം കൊണ്ടും വ്യാപാര വ്യാപ്തികൊണ്ടും പ്രസിദ്ധമായ പ്രദേശം. കടന്നുപോയ നാളുകളില്‍ പ്രബലരായ സാമൂതിരിമാരുടെ ആസ്ഥാനം.
വിദേശ വ്യാപാരികളേയും സഞ്ചാരികളേയും മാടിവിളിച്ച ഈ തുറമുഖത്തു നിന്ന് കുറ്റിച്ചിറയിലേക്ക് പ്രവേശിക്കാം. പ്രാചീന ചരിത്രവും, മധ്യകാല സംഭവങ്ങളും, വര്‍ത്തമാന കാലാനുഭവങ്ങലും സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക പ്രദേശമാണിത്. സങ്കീര്‍ണ്ണമായ സാംസ്‌കാരിക സാഹചര്യങ്ങളുടെയും സന്തുലിതമല്ലാത്ത സാമൂഹ്യ സംവിധാനങ്ങളുടെയും ഭൂമിക. കോയമാരുടെ കൂട്ടായ്മ, തറവാടുകളുടെ തനിമ, കൂട്ടുകുടുംബങ്ങളുടെ കോലാഹലങ്ങള്‍, സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ സ്വരപ്പൊരുത്തം ഇതെല്ലാം ഇവിടെ സമ്മേളിക്കുന്നു.
മധ്യകാല ശതകങ്ങളില്‍ കോഴിക്കോടിന്റെ അത്യപൂര്‍വമായ വളര്‍ച്ചക്ക് വളംവെക്കുകയും വേരുറപ്പുനല്‍കുകയും ചെയ്ത് ഏറനാട്ടിലെ നായന്മാരും കോഴിക്കോട്ടെ മാപ്പിളമാരും തമ്മിലുള്ള സുദൃഢ സൗഹൃദമായിരുന്നുവെന്നാണ് ചരിത്ര സൂചനകള്‍ വ്യക്തമാക്കുന്നത്.
പഴയ കോഴിക്കോടിന്റെ അതിഥി സല്‍ക്കാരമനസ്സ് അന്ന് ഈ നഗരത്തിന് മറ്റു നഗരങ്ങളേക്കാള്‍ അധികം ഐശ്വര്യവും അഭിവൃദ്ധിയും നേടിക്കൊടുത്തിരുന്നു.
ക്രിസ്തുവര്‍ഷം പന്ത്രണ്ടാം ശതകം മുതല്‍ കോഴിക്കോടിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും സുപ്രധാന പങ്കുവഹിച്ചത് അറബികളുടെയും അവരുടെ അനുയായികളായ മാപ്പിളമാരുടെയും പരിശ്രമങ്ങളാണ്. ഇിതിനനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് ദീര്‍ഘ ദൃഷ്ടിയുള്ള സാമൂതിരിമാരുടെ രാഷ്ട്രീയ നേതൃത്വവും നായര്‍ പടയാളികളുടെ പാരമ്പര്യവുമായിരുന്നു. ക്രിസ്തുവര്‍ഷം ഏതാണ്ട് 1120 നടുത്ത് കൊടുങ്ങല്ലൂരില്‍ നിന്നുളള തിരിച്ചുവരവില്‍, അവസാനത്തെ പെരുമാളിനൊപ്പം ഏതാനും അറബികള്‍ ഈ തീരത്തണയുകയുണ്ടായി. അങ്ങനെയാണത്രെ കോഴിക്കോടിന്റെ ഉത്ഭവത്തിന് കാരണമായിത്തീര്‍ന്നത്. പെരുമാളിന്റെ അന്നത്തെ ഭൂദാനം ഒരു തുറമുഖത്തിന്റെയും പിറകെ ഒരു നാടിന്റെയും പിറവിക്ക് വഴിതെളിയിച്ചു.
കോഴിക്കോടിന്റെ പേരും പെരുമയും സാമൂതിരിമാരുടെ മഹാമനസ്‌കതയും വിദേശികളെയും വിശിഷ്യാ അറബി വ്യാപാരികളെയും ഇവിടേക്കാകര്‍ഷിക്കുകയുണ്ടായി.
പതിനാലാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശയില്‍ കോഴിക്കോടുമായി കച്ചവട ബന്ധം സ്ഥാപിച്ചിരുന്ന നഹൂദാ മിസ്‌കാല്‍ കപ്പലുടമയും ധനാഢ്യനും അറബി വ്യാപാര പ്രമുഖനുമായിരുന്നു. നാലു നിലകളോടുകൂടിയ ഒരു പള്ളി അദ്ദേഹം കുറ്റിച്ചിറയില്‍ പണികഴിപ്പിച്ചു. 'നഹൂദാ' എന്ന പേര്‍ഷ്യന്‍ പദത്തിന് കപ്പലോട്ടക്കാരന്‍ എന്നാണത്രെ അര്‍ത്ഥം. അങ്ങനെ പള്ളിക്ക് മസ്ജിദുല്‍ മിസ്‌കാല്‍ എന്നു പേരും സിദ്ധിച്ചു.
മിസ്‌കാല്‍ പള്ളി ഒരു ചരിത്രസംഭവവും കാലത്തിന്റെ സാക്ഷിയുമാണ്. ഇന്‍ഡോ-സാരസന്‍ ശില്‍പശൈലിക്കോ മുഗള നിര്‍മ്മാണ രീതിക്കോ കീഴ്‌പെടാത്ത വാസ്തുശില്‍പ കലാരീതിയിലാണ് ഈ ദേവാലയത്തിന്റെ നിര്‍മ്മാണം. കല്ലിനേക്കാള്‍ അധികം മരമുപയോഗിച്ചുള്ള ഒരു സവിശേഷ സമ്പ്രദായത്തിലുള്ള ഉയര്‍ന്ന കെട്ടിടം.
ഓരോ നിലകളേയും താങ്ങി നിര്‍ത്തുന്നത് വണ്ണം കൂടിയ ബീമുകളും തൂണുകളും ആണ്. തട്ടുകള്‍ മരപ്പലകകള്‍ നിരത്തിയവയുമാണ്. കെട്ടിടത്തി്‌ന്റെ മുകളില്‍ ചെന്നുചേരുന്ന കഴുക്കോല്‍ക്കൂട്ടങ്ങല്‍ കോര്‍ത്ത മേല്‍ക്കൂരയും ചുറ്റുമുള്ള മരത്താഴികളും കേരളീയ വാസ്തുശൈലിയുടെ മികവുറ്റ കാഴ്ചകളാണ്.

മരത്തൂണുകളിലും, മേല്‍ത്തട്ടിലുമുള്ള കൊത്തുപണികള്‍ ആകര്‍ഷണീയമാണ്. പഴയ ഇറ്റാലിയന്‍ ടൈല്‍സ് പാകിയ പുറംപള്ളിയും മനോഹരമത്രെ. പള്ളിയുടെ മുകള്‍തട്ടുകളിലെ ശില്‍പകലാ വൈഭവം ഏവരിലും അത്ഭുതമുണര്‍ത്താന്‍ പോന്നവയാണ്.
ഇപ്പോള്‍ എണ്‍പത്തിമൂന്നോളം സെന്റ് ഭൂമിയുടെ ഏതാണ്ട് നടുവിലുമാണ് പള്ളിയുടെ കിടപ്പ്. അകം പള്ളിയുടെ നീളവും വീതിയും അമ്പതടി തുല്യമായാണ്. നാലുഭാഗത്തുമായി 18 വാതിലുകള്‍ ഉണ്ട്. പുറം പള്ളിയുടെ രണ്ടുഭാഗങ്ങളില്‍ എട്ടുവാതിലുകളുമുണ്ട്. പതിനെട്ടുമീറ്ററാണ് കെട്ടിടത്തിന്റെ ഉയരം.
പള്ളിയുടെ പ്രസംഗപീഠത്തിന് (മിമ്പര്‍) അഞ്ചുപടികളുണ്ട്, പടികളെയും പീഠത്തെയും ആവരണം ചെയ്യുന്ന മുകള്‍ത്തട്ട് കടഞ്ഞെടുത്ത ആറുതൂണുകള്‍ കൊണ്ട് താങ്ങി നിര്‍ത്തിയിരിക്കുന്നു. 'മിമ്പറി'ന്റെ പിന്നില്‍ അറബി ഭാഷയില്‍ ലിഖിതങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. പീഠത്തിന്റെ നിര്‍മ്മാണത്തെയും പുനഃക്രമീകരണത്തെയും അതുമായി ബന്ധപ്പെട്ടവരുടെയും പേരുകളും അതില്‍ ഉള്‍പ്പെടുന്നതായി മനസ്സിലാക്കാം.
പള്ളി നില്‍ക്കുന്ന ചേരിക്കുഴിപറമ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പള്ളി നിര്‍മ്മാണത്തിന് വേണ്ടി കുഴിനികത്തുവാന്‍ തൊട്ടടുത്ത സ്ഥലത്തുനിന്ന് മണ്ണു കുഴിച്ചെടുത്തിരുന്നുവെന്നും അങ്ങനെയുണ്ടായ വന്‍ കുഴി വളരെക്കാലത്തിന് ശേഷം ഏതോ മഹാശയന്‍ പടവുകള്‍ കെട്ടി ചിറയാക്കിത്തീര്‍ത്തുവെന്നും അതാണ് 'കുറ്റിച്ചിറ' യെന്നും പറയപ്പെടുന്നു.
ഇപ്പോള്‍ പള്ളിയിലേക്ക് പ്രവേശിക്കാനുള്ള മൂന്നുഗേറ്റുകളും നില്‍ക്കുന്ന സ്ഥാനങ്ങളില്‍ പണ്ട് മാളികയോടുകകൂടിയ പടിപ്പുരകള്‍ ഉണ്ടായിരുന്നുവത്രെ. അതില്‍ വിദേശികള്‍ താമസിച്ച് തൊപ്പി തുന്നുകയും പുകയില വലിക്കുന്ന ഹുക്ക ഉണ്ടാക്കുകയും ചെയ്തിരുന്നതായും കഥകളുണ്ട്. രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അതെല്ലാം പൊളിച്ചുമാറ്റുകയുണ്ടായി.

പോര്‍ച്ചുഗീസ് ആക്രമണങ്ങള്‍
1497 ജൂലായ് മാസത്തില്‍ മൂന്ന് കപ്പലുകളുടെ അകമ്പടിയോടെ വാസ്‌കോഡഗാമയുടെ നേതൃത്വത്തില്‍ 'സാവോ ഗേബ്രിയേല്‍' എന്ന കപ്പലില്‍ ഒരു സംഘം പോര്‍ച്ചുഗീസ് ഭടന്‍മാര്‍ പുറപ്പെട്ടു. 1498 മെയ് മാസാവസാന വാരം കോഴിക്കോടിന് സമീപം പന്തലായനി വ്യാപാര കേന്ദ്രമായിരുന്നു. സാമൂതിരി സമ്മതിച്ചതിനനുസരിച്ച് പന്തലായനിയില്‍ ഇറങ്ങി. പിന്നീട് ഗാമയുടെ കപ്പല്‍ കാപ്പാട് നങ്കൂരമിട്ട് രാജാവിന്റെ സമ്മതത്തിന് കാത്തിരുന്നു. മെയ് ഇരുപത്തെട്ടിന് രാജാനുമതിയോടെ അവിടെയിറങ്ങി. കബ്രാളിന്റെ നേതൃത്വത്തില്‍ 1500 സപ്തംബര്‍ 23 ന് കോഴിക്കോട്ടെത്തി. അതോടെ കോഴിക്കോട്ടെ വ്യാപാര രംഗം സംഘര്‍ഷ മേഖലയായി.
വിദേശ കച്ചവടക്കാരായ അറബികളും പോര്‍ച്ചുഗീസുകാരും തമ്മില്‍ വാശിയായി. കോഴിക്കോട്ടെ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി കബ്രാളിന്‍െറ കച്ചവടശ്രമങ്ങളെ തടഞ്ഞു.
കോഴിക്കോട്ടെ വിദേശ വ്യാപാരം അറബികളുടെയും സ്വദേശികളായ മുസ്‌ലിംകളുടെയും കുത്തകയാവുന്ന കാലത്തോളം യൂറോപ്പില്‍ അധിപരാകാന്‍ തങ്ങള്‍ക്കു കഴിയില്ലെന്ന് പോര്‍ച്ചുഗീസ് മേധാവിക്ക് ബോധ്യമായി. പക്ഷെ, മുസ്‌ലിംകളെ ഒതുക്കി കോഴിക്കോട്ടെ വ്യാപാരാധിപത്യം കൈക്കലാക്കാനുള്ള മോഹം അവര്‍ ഉപേക്ഷിച്ചതുമില്ല.
ഗാമക്കും കബ്രാളിനും ശേഷം പോര്‍ച്ചുഗല്‍ രാജാവിന്റെ പ്രതിനിധിയായി കരുത്തനായ അല്‍ബുക്കര്‍ക്ക് 1505 നവംബര്‍ കോഴിക്കട്ടെത്തി. യോജിപ്പോടെ മുന്നോട്ടുപോകാനുള്ള ഉപദേശം സാമൂതിരിയില്‍ നിന്നുണ്ടായി. മുസ്‌ലിംകളെ കയ്യൊഴിച്ചാല്‍ ഒരുമിച്ചുപോകാമെന്നായിരുന്നു അല്‍ബുക്കര്‍ക്കിന്റെ മറുപടി. എന്നാല്‍ തന്റെ പൂര്‍വികര്‍ സ്‌നേഹപൂര്‍വം വര്‍ത്തിച്ചിരുന്ന മുസ്‌ലിംകളെ വിട്ടുനില്‍ക്കാന്‍ സാമൂതിരി തയ്യാറായില്ല.
സൈനിക ശക്തിയുമായി വന്ന അല്‍ബുക്കര്‍ക്കിന് സാമൂതിരിയും മുസ്‌ലിംകളും കീഴ്‌പ്പെടുകയില്ലെന്ന് ബോധ്യമായി.
1510-ജനുവരി മൂന്നാം തിയ്യതി ഹിജ്‌റ 915 റമസാന്‍ മാസം ഇരുപത്തിരണ്ടാം തിയ്യതി പോര്‍ച്ചുഗീസ് ഭടന്‍മാര്‍ പത്തേമാരിയില്‍ കല്ലായി അഴിമുഖം വഴി കോഴിക്കോട് നഗരം അക്രമിക്കുകയും വളരെയേറെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
നഹൂദ മിസ്‌കാല്‍ നിര്‍മ്മിച്ച കുറ്റിച്ചിറയിലെ മിസ്‌കാല്‍ മസ്ജിദ് അവര്‍ തീവെച്ചു. ആക്രമണ ഫലമായി വെള്ളിയാഴ്ച ഖുതുബ നടത്താന്‍ ഖാസി ഉപയോഗിക്കുന്ന മിമ്പര്‍-പ്രസംഗവേദി- കത്തി ചാമ്പലായി. പള്ളിയുടെ പലഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിനും പുറമെ സാമൂതിരിയുടെ കോവിലകവും അവര്‍ കൊള്ള ചെയ്തു. മുസ്‌ലിംകളും നായര്‍ പടയാളികളും ആക്രമികളെ നേരിട്ടു. അല്‍ ബുക്കര്‍ക്കും ഒട്ടേറെ പോര്‍ച്ചുഗീസ് ഭടന്മാരും പരിക്കുകളോടെ പുറം കടലില്‍ നിര്‍ത്തിയിട്ട കപ്പലിലേക്ക് തുഴഞ്ഞ് രക്ഷപ്പെട്ടു. മിസ്‌കാല്‍ പള്ളിയുടെ മുന്‍വശത്തെ കടപ്പുറത്ത് നടന്ന പോരാട്ടത്തില്‍ അഞ്ഞൂറോളം മുസ്‌ലിം നായര്‍ പടയാളികല്‍ പോര്‍ച്ചുഗീസ് പട്ടാളത്തെ എതിര്‍ത്ത് പള്ളിയെ രക്ഷിച്ചു. സംഘട്ടനത്തില്‍ ഒട്ടനവധി പേര്‍ ഇരുഭാഗത്തും പരിക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്തുവെന്നാണ് 'മലബാര്‍ ഗസറ്റിയര്‍' നല്‍കുന്ന വിവരം.
വ്യാപാര നേട്ടങ്ങളും സാമ്പത്തികാവഭിവൃദ്ധിയും പ്രശസ്തിയും മോഹിച്ചിരുന്ന സാമൂതിരി രാജാവ് 1513 ല്‍ വീണ്ടും പോര്‍ച്ചുഗീസുകാരുമായി സന്ധിയിലേര്‍പ്പെടുകയുണ്ടായി. വ്യാപാരം നടത്താനും കോഴിക്കോട് കടപ്പുറത്ത് കോട്ട കെട്ടാനും അവര്‍ക്കദ്ദേഹം അനുമതി നല്‍കി. ഇന്ത്യയിലെ ഒന്നാമത്തെ പോര്‍ച്ചുഗീസുകോട്ട അങ്ങനെ യാഥാര്‍ത്ഥ്യമായി. ഇന്നത്തെ ബീച്ച് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നുവത്രെ കോട്ട. ചതുരാകൃതിയില്‍ ഗോപുരങ്ങളോടുകൂടിയ കോട്ടക്കുള്ളില്‍ വീതിയേറിയ നീണ്ട കനാലുണ്ടായിരുന്നു. ഈ കനാലിലൂടെയായിരുന്നു കോട്ടയില്‍ നിന്നും കടലിലേക്ക് ചരക്കുകള്‍ കടത്തിയിരുന്നത്.
കരാര്‍ പ്രകാരമുള്ള കച്ചവടവും ആധിപത്യവും സ്ഥാപിക്കാനുള്ള ബന്ധപ്പാടിന്റെ ഭാഗമായി പോരച്ചുഗീസുകാര്‍ പല അക്രമണങ്ങളും അഴിച്ചുവിട്ടു. സാമൂതിരിയുമായി ഇണങ്ങിയും പിണങ്ങിയും അവര്‍ കാര്യം നേടാന്‍ അടവുനയം ആവിഷ്‌കരിച്ചു പോന്നിരുന്നു. അങ്ങനെ അവര്‍ ചാലിയത്ത് ഒരു കോട്ട കെട്ടാന്‍ സമ്മതം നേടി. ഇതാപത്തായിത്തീരുമെന്ന് സാമൂതിരിയെ മുസ്‌ലിംകള്‍ ഉണര്‍ത്തിയിരുന്നുവെങ്കിലും അദ്ദേഹമത് കാര്യമായെടുത്തില്ല.
ചാലിയം കോട്ട കെട്ടിയതോടെ കച്ചവടം മാത്രമല്ല, സൈനികശക്തിയും അവര്‍ സുസജ്ജമാക്കി. അതോടെ സാമൂതിരിയെ കീഴ്‌പ്പെടുത്തി നാടുകീഴടക്കാനുള്ള തന്ത്രങ്ങളും അവരാവിഷ്‌കരിച്ചുതുടങ്ങി.
ജന്മനാടിനെ വൈദേശികാധിപത്യം വിഴുങ്ങാന്‍ വാപിളര്‍ന്നു നില്‍ക്കുന്ന കാഴ്ച സാമൂതിരിയെ അലട്ടാന്‍ തുടങ്ങി. മുസ്‌ലിംകളുടെ ഉപദേശം മാനിക്കാന്‍ അദ്ദേഹം സന്നദ്ധനായി. പറങ്കികളെ പറഞ്ഞുവിടാനുള്ള വഴികള്‍ സാമൂതിരിയും മുസ്‌ലിംകളും കൂട്ടായി ആലോചിച്ചുകൊണ്ടിരുന്നു.
കോഴിക്കോട് കുറ്റിച്ചിറയിലെ ജുമുഅത്ത് പള്ളിയില്‍ മുസ്‌ലിംകള്‍ ഒത്തുകൂടി. പറങ്കികള്‍ക്കെതിരെ പടയൊരുക്കത്തിന് തീരുമാനമെടുത്തു. മുസ്‌ലിം പണ്ഡിതന്മാരും നേതൃമാന്യന്‍മാരും ഈ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. അന്നത്തെ കോഴിക്കോട് ഖാസി അബ്ദുല്‍ അസീസും, ഷാബന്തര്‍ ഉമര്‍ അന്താബിയും, പൊന്നാനിയിലെ അബ്ദുല്‍ അസീസ് അല്‍ മഖ്ദൂമും, സൂഫിവര്യനായ ശൈഖ് മാമുക്കോയയും, ഖമാമീല്‍ കുടുംബനാഥന്‍ സീതി അഹമ്മദ് അല്‍ഖുമാമിയും, കുഞ്ഞാലിമരക്കാരും, സാമൂതിരി രാജാവും ഉള്‍പ്പെടുന്ന ഒരു സംഘം ഈ കൂടിയാലോചനയില്‍ സജ്ജീവമായി പങ്കെടുത്തിരുന്നു.
മുസ്‌ലിംകളുടെ സമസ്ത സഹകരണവും പിന്തുണയും സാമൂതിരിക്ക് നല്‍കാനും ഐക്യദാര്‍ഢ്യത്തോടെ മതവിവേചനമില്ലാതെ നാടിന്റെ രക്ഷക്കായി പടപൊരുതാനും അവിടെവെച്ച് കുട്ടായ തീരുമാനമുണ്ടായി.
എ.ഡി. 1570(ഹിജ്‌റ 977 സഫര്‍ 24 ന് ചാലിയം കോട്ട ഉപരോധിച്ചുകൊണ്ട് പോര്‍ച്ചുഗീസ് കുടിയേറ്റത്തിനെതിരെ പോരാട്ടം തുടങ്ങി. ഒരാണ്ടോളം നീണ്ടുനിന്ന ശക്തമായ ഉപരോധത്തിന് ശേഷം പോര്‍ച്ചുഗീസ് ആസ്ഥാനമായിരുന്ന ചാലിയം കോട്ട, മുസ്‌ലിംകളും നായര്‍പടയും തോളുരുമ്മി പടവെട്ടി പിടിച്ചെടുത്തു. ഈ പോരാട്ടത്തില്‍ ഇരുവശവും ആള്‍ നഷ്ടവും വസ്തുനാശവും  നേരിടേണ്ടി വന്നിട്ടുണ്ട്.
പുരാതനമായ ചാലിയം പള്ളിയും കേടുപാടുകള്‍ സംഭവിച്ച് മറ്റുകളും ഖബര്‍സ്ഥാനും, കോഴിക്കോട്ട് പോര്‍ച്ചുഗീസ് ആക്രമണത്തിനിരയായ മിസ്‌കാല്‍ മസ്ജിദും പുനരുദ്ധാരണം നടത്തുന്നതിന്, കോട്ട പൊളിച്ച കല്ലും മരവും സംഭാവന നല്‍കി സാമൂതിരി സഹായിക്കുകയുണ്ടായി.
ചാലിയം കോട്ട പിടിച്ചടക്കിയ സംഭവത്തിന്റെ കാവ്യാത്മക വ്യാഖ്യാനമാണ് ഖാസി മുഹമ്മദ് രചിച്ച വിഖ്യാതമായ 'ഫതഹുല്‍ മുബീന്‍'(പ്രത്യക്ഷ ജയം) എന്ന ഗ്രന്ഥം.
ചാലിയം പരാജയം ഇന്ത്യയില്‍ പറങ്കികള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു. എട്ടുപതിറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ അവരെ കീഴ്‌പെടുത്തിയത് കോഴിക്കോട്ടെ ധീരരായ മുസ്‌ലിം സാമൂതിരിയുടെ നായര്‍ പടയാളികളും നയിച്ച യുദ്ധം ആയിരുന്നു എന്ന് വ്യക്തമാവും. അതോടെ അവരുടെ പോക്കുവരവും വ്യപാര ഇടപാടുകളും ഇവിടെ മന്ദഗതിയിലായി.
സാമൂതിരി ഭരണകാലത്ത് അടുപ്പമുള്ള ബന്ധുക്കളായി വിശ്വാസപൂര്‍വ്വം സഹകരിച്ചിരുന്നത് മാപ്പിള കച്ചവടക്കാരായിരുന്നു. പോര്‍ച്ചുഗീസ് നുഴഞ്ഞുകയറ്റം ഉണ്ടായപ്പോഴും മാപ്പിളമാരുടെ സഹകരണവും സൗഹൃദവും തളരാതിരിക്കാന്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് സാമൂതിരി ശ്രദ്ധാപൂര്‍വം പരിഗണന നല്‍കിപ്പോന്നിരുന്നു.
വൈദേശികാക്രമണത്തിന്റെ ക്രൂരതകളോട് സൈദ്ധാന്തിക തലത്തിലും പ്രയോഗതലത്തിലും പ്രതികരിക്കാന്‍ ജനങ്ങളെ സജ്ജീകരിക്കുക എന്ന ദൗത്യം സാക്ഷാത്കരിക്കപ്പെട്ടു എന്നതിന് കോഴിക്കോട്ടെയും ചാലിയത്തെയും പോരാട്ടങ്ങള്‍ ചരിത്രസാക്ഷ്യങ്ങളാണ്.

Reference

1. കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം
2. കേരള മുസ്‌ലിംകള്‍
3. കേരളം 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍
4. മുസ്‌ലിംകളും കേരള സംസ്‌കാരവും
5. കേരള മുസ്‌ലിം ചരിത്രം
6. Mappila Muslims of Kerala
7. Cultural symbiosis in Kerala
8. Kuttichira- A medieval Muslim Settlment of Kerala
9. തുഹ്ഫത്തുല്‍ മുജാഹിദീന്‍