സാമൂതിരിയും മുസ്‌ലിംകളും

ഡോ. കെ.കെ. അബ്ദുല്‍ സത്താര്‍   (പ്രൊഫ. പി.എസ്.എം.ഒ. കോളെജ്‌)

പില്‍ക്കാല ചേരരാജ്യത്തിന്റെ (ക്രിസ്താബ്ദം 824-1124 ) ഭരണകാലം കേരള ചരിത്രത്തിലെ നിര്‍ണായക ഘട്ടമാണ്. ജാതി ഘടന, മരുമക്കത്തായം, ക്ഷേത്ര സംസ്‌കാരം, ബഹുസ്വരത, വിവിധ മതങ്ങളുടെ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്തം തുടങ്ങിയ കേരളീയ സംസ്‌കാരത്തിന്റെയും  സമൂഹത്തിന്റെയും തീര്‍ത്തും വ്യതിരിക്തമായ ഘടകങ്ങള്‍ രൂപപ്പെട്ടുവന്നത് ഇക്കാലത്താണ്.1 12-ാം നൂറ്റാണ്ടില്‍ ചേരരാജ്യത്തിന്റ തകര്‍ച്ചക്ക് ശേഷം ഉയര്‍ന്നുവന്ന നാടുവാഴി സ്വരൂപങ്ങളില്‍ പ്രമുഖമത്രെ. കോഴിക്കോട്ടെ സാമൂതിരിമാര്‍. സാമൂതിരി പഠനത്തിനുള്ള മുഖ്യ ഉപാദാനം കോഴിക്കോടന്‍ ഗ്രന്ഥവരി എന്ന സാമൂതിരി കോവിലകം രേഖകളാണ്. ലഭ്യമായതില്‍ ഏറ്റവും പഴയത് കൊല്ലവര്‍ഷം 713 (1538) ഒരു വാകതളി വിവരണമാണ്.2 ഗ്രന്ഥവരി രേഖകളിലെ ഭൂരിപക്ഷവും നാള്‍വഴി കണക്കുകള്‍, അടിയന്തിരങ്ങള്‍, ചടങ്ങുകള്‍, കുറ്റകൃത്യങ്ങളും വിചാരണയും, സ്ഥാനാരോഹണം, മാമാങ്കം, ആറാട്ട് തുടങ്ങിയ ആചാരങ്ങളെയും ആഘോഷങ്ങളെയും കുറിച്ചാണ്. 3 വിദേശ സഞ്ചാരികളുടെ കുറിപ്പുകളും, കോഴിക്കോട് കുറ്റിച്ചിറയിലെ മച്ചുന്തിപ്പള്ളി ലിഖിതവും, സാമൂതിരി ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പണ്ഡിതരുടെ കൃതികളുമാണ് മറ്റൊരു പ്രമാണ സാമഗ്രി. ആദ്യത്തെ സാമൂതിരിപ്പാടിനെ പറ്റി ലഭിച്ചിട്ടുള്ള ഒരേ ഒരു സമകാലിക പ്രമാണമാണ് കൊല്ലത്തെ രാമേശ്വരം ക്ഷേത്ര ശാസനം. 4 സാമൂതിരിയുടെ ഉയര്‍ച്ച പെരുമാള്‍ ഭരണത്തിന്റെ അവസാനത്തോടെയാണ് ആരംഭിച്ചത്. ഏറനാട് ഉടയവരായി, എളിയ നിലയിലുള്ള ഈ നാട്ടുരാജ്യത്തിന്റെ ഉയര്‍ച്ച സാധ്യമാക്കിയത് മലബാറിലെ ഹിന്ദു - മുസ്‌ലിം കൂട്ടായ്മയാണ്. സാമൂതിരിയുടെ നായര്‍പട മാപ്പിളമാരുടെ സഹായത്തോടെ കരയില്‍ പാലക്കാട് ചുരം വരെയും വടക്കോട്ട് കോലത്തിരിയുടെ അതിരായ കോരപ്പുഴ വരെയും തെക്കോട്ട് ചാവക്കാട് ഗുരുവായൂര്‍ പ്രദേശങ്ങള്‍ വരെയും എല്ലാ നാടുവാഴികളും അവര്‍ക്ക് വഴങ്ങി കപ്പം കൊടുക്കുന്ന സമ്പ്രദായം തുടങ്ങി. 5 12-ാം നൂറ്റാണ്ട് മുതല്‍ 18-ാം നൂറ്റാണ്ടിന്റെ (സി. 1124-1766) മധ്യകാലം വരെ അധികാരം വാണ സാമൂതിരിമാരുടെ സാമ്പത്തിക അടിത്തറ വിദേശികളുമായിട്ടുള്ള, പ്രത്യേകിച്ച് അറബികളുമായിട്ടുള്ള വ്യാപാര ബന്ധമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അക്കാലത്ത് സാമൂതിരി അറിയപ്പെട്ടത് ഒരു 'മൂറിസ് കിങ്ങ്' ആയിട്ടാണ്. വ്യാപാരം വളരാനും ശക്തിപ്പെടാനും ഏറ്റവും അനിവാര്യമായതാണ് സമാധാനം, സുരക്ഷിതത്വം, പരസ്പര വിശ്വാസം, സഹകരണം തുടങ്ങിയ ഘടകങ്ങള്‍. സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ അഭിപ്രായത്തില്‍ സാമൂതിരി 'ട്രേഡ് പ്രൊട്ടക്ടര്‍ മൊണാര്‍ക്' ആണ്.
അറബികളുമായുള്ള വ്യാപാര ബന്ധത്തിലൂടെയാണ് കോഴിക്കോട് വിശ്വപ്രസിദ്ധമാകുന്നത്. ''ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ വെച്ച് വളരെയധികം പ്രധാന്യം കോഴിക്കോടിനുണ്ടായിരുന്നു. കോഴിക്കോട് പട്ടണത്തിന്റെ സാമ്പത്തിക ഭദ്രതക്കും സാമൂതിരിപ്പാടന്‍മാരുടെ പ്രൗഢിക്കും പ്രതിഭക്കുമുള്ള കാരണം അറബികള്‍ മുഖാന്തരം അന്താരാഷ്ട്രതലത്തിലുള്ള കച്ചവടമായിരുന്നു. ഈ കച്ചവടത്തിന്റെ ഖ്യാതികൊണ്ടു മാത്രമാണ് പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്''. 6 പി.സി. മാനവിക്രമന്‍രാജ എഴുതുന്നു: ''കേരള ചക്രവര്‍ത്തി പദം സമ്പാദിക്കുവാന്‍ തുടങ്ങിയ സാമൂതിരിമാര്‍ അറബികളെ തങ്ങളുടെ പുതിയ നഗരമായ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. അവരെ പ്രോത്സാഹിപ്പിക്കുവാനായി സാമൂതിരി തന്റെ രാജ്യത്തിലെ സകലവിധ ഏറ്റുമതി ഇറക്കുമതി കച്ചവടം നടത്താനുള്ള പരിപൂര്‍ണ അവകാശവും മതാനുഷ്ഠാന സ്വാതന്ത്ര്യവും  ഇഷ്ടമുണ്ടെങ്കില്‍ നാട്ടുകാരെ മതത്തില്‍ ചേര്‍ക്കാനുള്ള അവകാശവും നാട്ടു സ്ത്രീകളെ വിവാഹം ചെയ്യാനുള്ള അനുവാദവും അവര്‍ക്ക് കല്‍പ്പിച്ചുകൊടുത്തു. കച്ചവടത്തില്‍ കൊടുങ്ങല്ലൂരും മറ്റും തീരെ അധ:പതിച്ചു. ഏഷ്യക്കും യൂറോപ്പിനുമിടയിലുള്ള വലിയ വ്യാപാരങ്ങളെല്ലാം അറബികളുടെ കൈയ്യിലാവുകയും കോഴിക്കോട് മാര്‍ഗമായി ഈ കച്ചവടങ്ങള്‍ നടപ്പാനിടവരികയും ചെയ്തു. അറബികള്‍ നിമിത്തം കോഴിക്കോടിന്റെയും അതിലെ രാജാവായ സാമൂതിരിയുടെയും പ്രശസ്തി ഇന്ത്യയില്‍ മാത്രമല്ല ചീന, പേര്‍ഷ്യ, ഈജിപ്ത്, യൂറോപ്പ് തുടങ്ങിയ വിദേശങ്ങളില്‍ പോലും വ്യാപിക്കാനും സംഗതിയായി''.7 കോഴിക്കോടുമായുള്ള വിദേശ വ്യാപാരവും കപ്പലോട്ടവും അറബികളുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഉള്‍നാടുകളിലെ വ്യാപാരവും ചില്ലറ കച്ചവടവും നടത്തുന്നതിന്നായി ഗുജറാത്തികള്‍, കൊങ്കിണികള്‍, ചെട്ടികള്‍, ക്രൈസ്തവര്‍, ജൂതര്‍ തുടങ്ങിയവരും കോഴിക്കോട് താമസിച്ചിരുന്നു. മത സ്വാതന്ത്ര്യം അവരും അനുഭവിച്ചിരുന്നു. ഓരോ മതക്കാരും അവരുടെ മത പ്രകാരം നടന്നുകൊള്ളണമെന്ന് സാമൂതിരിയുടെ തിട്ടൂരമുണ്ടായിരുന്നു.
കോഴിക്കോട്ടെ അറബിക്കച്ചവടത്തിന്റെ പോരിശ പോര്‍ച്ചുഗീസുകാരനായ ദുവര്‍ത്തെ ബര്‍ബോസ ഇങ്ങനെ അടയാളപ്പെടുത്തുന്നു: ''കോഴിക്കോട്ടെ മുഹമ്മദീയരായ അറബികള്‍ 1000- വും 12000 - ഉം ബാഹര്‍ ഭാരമുള്ള കപ്പലുകളുണ്ടാക്കി. ഇവയില്‍ ഏതു മഴക്കാലത്ത് പോലും ഏതു രാജ്യത്തേക്കും 10-15 കപ്പലുകള്‍ കച്ചവടാര്‍ത്ഥം സഞ്ചരിക്കുന്നു. ഇവയില്‍ ചില കപ്പലുകള്‍ ചെങ്കടല്‍, ഏഡന്‍, മെക്ക മുതലായ സ്ഥലങ്ങളിലേക്ക് പോകുന്നു; ഇവിടങ്ങളില്‍ ഇവര്‍ സാമാനം വിറ്റ് വളരെ ആദായമുണ്ടാക്കുന്നു; ചില സാമാനം ജൂഡോവിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നു. ജൂഡോവില്‍ നിന്ന് ചെറിയ കപ്പലുകള്‍ വഴി ടോറോവിലേക്കും, ടോറോവില്‍ നിന്നും കെയ്‌റോവിലേക്കും, അവിടെ നിന്നും അലക്‌സാണ്ട്രിയയിലേക്കും പിന്നെ വെനീസിലേക്കും ഒടുവില്‍ ഞങ്ങളുടെ നാടുകളിലേക്കും അവര്‍ പോയി വ്യാപാരം ചെയ്യുന്നു. അവര്‍ കൊണ്ടുവരുന്ന സാമാനങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ച കുരുമുളക്, ഇഞ്ചി, ഏലം, എലവങ്ങം, പുളി, കടുക്ക, നെല്ലിക്ക, താന്നിക്ക, രോജനം, കറ്റവാഴ സത്ത്, രേവല്‍ ചിന്തി, മീനമ്പര്‍, വിലപിടിച്ച എല്ലാതരം രത്‌നങ്ങള്‍, പവിഴ മുത്തുകള്‍, കസ്തൂരി, ധാരാളം പരുത്തിത്തുണികള്‍, ചീന പിഞ്ഞാണ പാത്രങ്ങള്‍ മുതലായവയാണ്. ചിലര്‍ ജൂഡോവില്‍ നിന്ന് ചെമ്പ്, രസം, ചായില്യം, മുത്ത്, കുങ്കുമം, നേരിയ തുണികള്‍, പനിനീര്‍, പേനക്കത്തികള്‍, പലനിറത്തിലുള്ള പട്ടുനാര്, സ്വര്‍ണം, വെള്ളി മുതലായവ വാങ്ങി കോഴിക്കോട്ടേക്ക് മടങ്ങിവന്ന് വില്‍ക്കുന്നു''. 8 സമുദ്ര വ്യാപാരത്തിലൂടെ അറബികളും സാമൂതിരിമാരും തദ്ദേശീയ മാപ്പിളമാരില്‍ ചിലരും സമ്പന്നരായി. വ്യാപാരികള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും കോഴിക്കോട്ടെ ഭരണാധികാരികള്‍ ഒരുക്കിക്കൊടുത്തിരുന്നു. 1442-ല്‍ കോഴിക്കോട് സന്ദര്‍ശിച്ച പേര്‍ഷ്യന്‍ രാജാവിന്റെ പ്രതിനിധി അബ്ദുറസാഖ് രേഖപ്പെടുത്തുന്നു; കോഴിക്കോട് നഗരം പുറത്ത് നിന്ന് വരുന്ന സമുദ്ര വ്യാപാരികള്‍ക്ക് ഏറ്റവും സുരക്ഷിതത്വവും നീതിയും ഉറപ്പ് വരുത്തിയിരുന്നു. കപ്പലില്‍ കൊണ്ടുവരുന്ന ചരക്കുകള്‍ തീരത്തിറക്കി സുരക്ഷിതമായി സൂക്ഷിക്കാനുള്ള പാണ്ടികശാലകളും, അവയ്ക്ക് കാവല്‍ക്കാരും, കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ടായിരുന്നു. ചരക്കുകള്‍ വിറ്റാല്‍ നാല്‍പതില്‍ ഒരു ഭാഗം ചുങ്കമായി നല്‍കണം. വിറ്റില്ലെങ്കില്‍ നല്‍കേണ്ടതുമില്ല. 9
    സാമൂതിരിമാരും കോഴിക്കോട്ടെ വിവിധ തുറകളിലുള്ള വണിക്കുകളും നടത്തിയ ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെയാണ് കോഴിക്കോട് സത്യത്തിന്റെ നഗരമായത്. വിദേശരാജ്യങ്ങളില്‍നിന്നുമെത്തുന്ന ചരക്കുകള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഭരണകൂടം പുലര്‍ത്തിയ കണിശത ഫ്രഞ്ച് സഞ്ചാരിയായ പിറാര്‍ദ് ദ ലവാല്‍ രേഖപ്പെടുത്തുന്നു: കടല്‍ തീരത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്‍മാര്‍ക്കായി മൂന്ന് കെട്ടിടങ്ങളുണ്ട്. അവയില്‍ ഒന്നില്‍ കപ്പലിറക്കിയ ചരക്കുകള്‍ സൂക്ഷിക്കും. മറ്റൊന്നില്‍ ഇറക്കിയ സാധനങ്ങളുടെ എണ്ണവും തൂക്കവും പരിശോധിച്ച് ആ വിവരം എഴുതി വെക്കും. മൂന്നാമത്തേത് കണക്ക് എടുത്ത ശേഷം കൊണ്ടുപോയി ഇടാനുള്ള പാണ്ടികശാലയാണ്. ഓരോ വാതിലിന്‍മേലും ഓരോ പാണ്ടികശാലയിലും സൂക്ഷിച്ചുവെച്ചിട്ടുള്ള സാധനങ്ങളുടെ പേരുവിവരം പതിക്കും. ഓരോ മുറിക്കും ഈരണ്ട് താക്കോലുകള്‍കൊണ്ട് പൂട്ടുണ്ടാവും. ഒരു താക്കോല്‍ രാജാവിന്റെ ഉദ്യോഗസ്ഥനും മറ്റൊന്ന് ചരക്കിന്റെ ഉടമസ്ഥനും കൈവശം വെക്കുന്നതിനാല്‍ ആര്‍ക്കും ഒറ്റക്ക് മുറി തുറക്കാന്‍ പറ്റില്ല.
വ്യാപാര താല്‍പര്യങ്ങളിലൂടെ വളര്‍ന്നുവന്ന സാമൂതിരി - മുസ്‌ലിം ബന്ധം എം.ജി.എസ്. നിരീക്ഷിച്ചപോലെ പരസ്പരാശ്രിത ബന്ധമായിരുന്നു.10 സാമൂതിരിരാജവംശവുമായി ഈടുറ്റ ബന്ധമുണ്ടായിരുന്നു മുസ്‌ലിംകള്‍ക്ക്. കൊട്ടാരത്തിലെ അനേകം ചടങ്ങുകള്‍ക്ക് മാപ്പിള മുഖ്യന്‍മാരുടെ സാന്നിധ്യം അനിവാര്യമായിരുന്നു. കോവിലകത്തെ ചടങ്ങുകളില്‍ പ്രഥമമായതാണ് സ്ഥാനാരോഹണ ചടങ്ങ്. സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപ്പെട്ട് 'താംബൂല സ്വീകരണം' എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. സ്ഥാനാരോഹണത്തോടനുബന്ധിച്ച് നിയുക്ത സാമൂതിരി കല്ലായി പുഴയുടെ സമീപത്ത് വരുന്നു. ഒരു കൂടാര വഞ്ചിയില്‍ കയറി എതിര്‍ കരയിലെത്തുന്നു. കോഴിക്കോട് പ്രദേശത്ത് എത്തിയാല്‍ ഉടന്‍ ഒരു മാപ്പിള സ്ത്രീ വേഷം ധരിച്ച പുരുഷനില്‍  നിന്ന് താംബൂലം സ്വീകരിക്കുന്നു. ഒരു മാപ്പിള സ്ത്രീയില്‍ നിന്ന് തന്നെയാണ് താംബൂലം സ്വീകരിക്കുന്നതെന്ന അഭിപ്രായവും ഉണ്ട്. ആദ്യകാലത്ത് സാമൂതിരി കല്ലായി പുഴയുടെ കിഴക്കെ തീരത്ത് വന്നാല്‍ അറക്കല്‍ ആലി രാജാവിന്റെ ബന്ധുക്കളായ തോപ്പില്‍ കുടുംബത്തിന് താംബൂലത്തോടുകൂടി തിരുമുല്‍ കാഴ്ച വെച്ചിട്ടാണത്രെ അക്കരെ കടന്നിരുന്നത്.11 താംബൂല സ്വീകരണത്തിന് ശേഷം സാമൂതിരി: ''നാം സാമൂതിരിസ്ഥാനം കയ്യേറ്റിയിരിക്കുന്നു. നമ്മുടെ അമ്മാമന്‍ തിരികെ വരുംവരെ നാം രാജ്യഭാരം വഹിക്കും'' എന്ന് പ്രതിജ്ഞയെടുക്കും. കല്ലായി പുഴയുടെ തീരത്തു നിന്ന് നഗരം ചുറ്റിയുള്ള കോവിലകത്തേക്കുള്ള എഴുന്നള്ളത്തില്‍ നായര്‍ മുഖ്യന്‍മാരോടൊപ്പം ഷാ ബന്തര്‍കോയയും കോഴിക്കോട്ടെ ഖാദിയും തിരുമുല്‍പ്പാടിനെ അനുഗമിക്കും. സ്ഥാനാരോഹണത്തോടനുബന്ധിച്ച് നടത്തുന്ന സദ്യയില്‍ നാനാ മതസ്ഥര്‍ പങ്കെടുക്കും. മാമാങ്കത്തിന് അഞ്ച് മുഖ്യന്‍മാരോടൊന്നിച്ചാണ് സാമൂതിരിപ്പാട് തിരുനാവായയിലേക്ക് എഴുന്നള്ളുന്നത്. മങ്ങാട്ടച്ഛന്‍, തിനേഞ്ചേരി എളയത്, ധര്‍മ്മോത്ത് പണിക്കര്‍, ഷാ ബന്തര്‍കോയ, പാറനമ്പി എന്നിവരാണവര്‍. വള്ളുവനാട് രാജക്കുമേല്‍ വിജയം വരിക്കാന്‍ സാമൂതിരിയെ സഹായിച്ചത് ഷാ ബന്തര്‍കോയയും നായര്‍ പടയുമാണ്. വള്ളുവനാട് ജയിച്ചടക്കുക എന്ന തന്ത്രം കോയയുടെ ബുദ്ധിയായിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് മാമാങ്കത്തിലെ പ്രധാന ചടങ്ങായ 'നിലപാടുതറ'യില്‍ തന്റെ വലതുവശം നില്‍ക്കാന്‍ ഷാ ബന്തര്‍കോയയെ നിയോഗിച്ചത്.12 തുറമുഖ മുഖ്യനായ കോയ ഒരു നായര്‍ മുഖ്യന് ലഭിച്ചിരുന്ന എല്ലാവിധ ബഹുമതികള്‍ക്കും അര്‍ഹനായിരുന്നു. കോഴിക്കോട് അങ്ങാടിയിലെ മാപ്പിളമാരുടെ മേല്‍ അദ്ദേഹത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. സാമൂതിരി ഈഴവ, കമ്മാള, മുക്കുവ വിഭാഗത്തില്‍പ്പെട്ട മുഖ്യന്‍മാര്‍ക്ക് മൂപ്പന്‍ സ്ഥാനമൊ മറ്റു സ്ഥാനമാനങ്ങളോ നല്‍കുമ്പോള്‍ അവരില്‍നിന്ന് പാരിതോഷികം സ്വീകരിക്കാനും കോയക്ക് അനുവാദമുണ്ടായിരുന്നു.13 മാമാങ്കമടക്കമുള്ള ചടങ്ങുകള്‍ക്ക് മാപ്പിള ചെണ്ടക്കാരും വാദ്യമേളക്കാരും അകമ്പടി സേവിച്ചിരുന്നു. ഉത്സവങ്ങളോടനുബന്ധിച്ചുള്ള വെടിക്കെട്ടും മാപ്പിളമാരാണ് നിര്‍വ്വഹിച്ചിരുന്നത്.
സാമൂതിരിയുടെ അനുമതിയോടെയായിരുന്നു കോഴിക്കോട്ടെ ഖാദിയെ നിശ്ചയിച്ചിരുന്നത്. കോഴിക്കോടന്‍ ഗ്രന്ഥവരി അനുസരിച്ച് കൊല്ലവര്‍ഷം 1016 (1841) ല്‍ കോഴിക്കോട് പള്ളിക്കല്‍ കാദിക്കും കോയക്കും തലെകെട്ടുകൊടുക്കെയില്‍... എന്ന് കാണുന്നു.14 സാമൂതിരി രാജാവായിരുന്നു ഖാദിക്ക് സ്ഥാനചിഹ്നം കൈമാറിയിരുന്നത് എന്ന് ഇത് കാണിക്കുന്നു. കൊട്ടാരത്തില്‍ പ്രത്യേക സ്ഥാനവും മുസ്‌ലിംകളുടെ കേസുകള്‍ തീരുമാനിക്കുന്നതില്‍ ഖാദിയുടെ ഉപദേശവും തേടിയിരുന്നു. കോഴിക്കോട് ഖാദിമാര്‍ക്ക് ശമ്പളം നല്‍കിയിരുന്നതും സാമൂതിരിമാരാണ്. അറബ് കച്ചവടക്കാരില്‍ നിന്ന് കോഴിക്കോടിന്റെ കീര്‍ത്തിയും സാമൂതിരിമാരുടെ മത സഹിഷ്ണുതയും കേട്ടറിഞ്ഞ് മതപ്രബോധനാര്‍ത്ഥം ഹളര്‍മൗത്തില്‍നിന്നും വന്ന സൂഫി പ്രമുഖരില്‍ ഒരാളത്രെ സയ്യിദ് ശൈഖ് ജിഫ്രി. അദ്ദേഹം 18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കോഴിക്കോട്ട് എത്തിയപ്പോള്‍, താമസ സ്ഥലവും തെങ്ങിന്‍തോപ്പുമെല്ലാം നല്‍കിയത് അന്നത്തെ സാമൂതിരിയാണ്.15
പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് സാമൂതിരി പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമുമായി ബന്ധപ്പെടുകയും ഇന്ത്യക്കകത്തും പുറത്തുമുള്ള മുസ്‌ലിം ഭരണാധികാരികളുടെ സഹകരണം തേടാന്‍ അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.16 സാമൂതിരിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം തുര്‍ക്കി സുല്‍ത്താനടക്കം പലര്‍ക്കും കത്തുകള്‍ എഴുതി. ഇന്ത്യക്ക് പുറത്തുള്ള മുസ്‌ലിം ഭരണാധികാരികളുടെ പിന്തുണ സാമൂതിരിക്ക് ലഭിക്കാനാണ് ശൈഖ് സൈനുദ്ദീന് ഒന്നാമന്‍ 'തഹ്‌രീള്' എന്ന അറബി കാവ്യവും, ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ 'തുഹ്ഫതുല്‍ മുജാഹിദീന്‍' എന്ന ചരിത്ര ഗ്രന്ഥവും, ഖാദി മുഹമ്മദ് 'ഫത്ഹുല്‍ മുബീന്‍' എന്ന ചാലിയം യുദ്ധ ചരിത്രവും രചിച്ചത്. 'ഫത്ഹുല്‍ മുബീന്‍' സമര്‍പ്പിച്ചിട്ടുള്ളത് സാമൂതിരിക്കാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ സാമൂതിരി-മുസ്‌ലിം രാജ്യ സഖ്യം രൂപപ്പെട്ട് വരുന്നതില്‍ ഇത്തരം രചനകള്‍ക്ക് പങ്കുണ്ട്. ഹിന്ദുമഹാസമുദ്രത്തെ അധിനിവേശ ശക്തികളില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്ര വ്യാപാരം ഉറപ്പ് വരുത്താനുള്ള ത്വരയാണിതിന്നുപിന്നില്‍. ഈ പണ്ഡിത-പോരാളികളുടെ ശ്രമഫലമായാണ് ലോകത്തിലെ പ്രധാന മുസ്‌ലിം ഭരണാധികാരികള്‍ സാമൂതിരിയുമായി പലപ്പോഴും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സഖ്യമുണ്ടാക്കിയത്. ഈജിപ്ത്, പേര്‍ഷ്യ മുതലായ രാജ്യങ്ങളും കോഴിക്കോടും നയതന്ത്ര പ്രതിനിധികളെ കൈമാറിയിരുന്നു. ശൈഖ് സൈനുദ്ദീനും മരക്കാരുമാരുമെല്ലാം സാമൂതിരിയുടെ ദൂതന്‍മാരായി മുസ്‌ലിം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തിലെ സുല്‍ത്താന്‍ ബഹദൂര്‍ ഷാ, ബീജാപൂര്‍ സുല്‍ത്താനായ ആദില്‍ ഷാ, അഹമ്മദ് നഗര്‍ ഭരണാധികാരിയായ നൈസാം ഷാ തുടങ്ങിയവര്‍ പലപ്പോഴും പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിയുമായി സഖ്യം ചെയ്തിരുന്നു. സാമൂതിരി ഈജിപ്തുകാരുടെ സഹായത്തോടുകൂടി പണം അടിച്ചിറക്കിയിരുന്നു. വീരരായന്‍പണം എന്നായിരുന്നു അത് അറിയപ്പെട്ടത്.17 1569 ലെ സാമൂതിരി-പോര്‍ച്ചുഗീസ് കരാര്‍ പരസ്പരം കൈമാറിയത് പൊന്നാനിയിലെ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനാണ്.
1571 ല്‍ ചാലിയത്തെ പോര്‍ച്ചുഗീസ് കോട്ടക്കെതിരെ സാമൂതിരിയുടെ നായര്‍ പടയും മരക്കാര്‍മാരുടെ നാവികപടയും സംയുക്തമായി നടത്തിയ പോരാട്ടമാണ് മലബാറില്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശക്തമായ പ്രഹരമേല്‍പ്പിച്ചത്. ഈ കോട്ട പൊളിച്ച മരങ്ങളും കല്ലുകളുമാണ് നേരത്തെ പോര്‍ച്ചുഗീസുകാര്‍ തകര്‍ത്ത കുറ്റിച്ചിറയിലെ മിസ്‌ക്കാല്‍ പള്ളി പുനരുദ്ധരിക്കാന്‍ സാമൂതിരി നല്‍കിയത്. കുറ്റിച്ചിറയിലെ മുച്ചുന്തിപ്പള്ളിയിലെ ശിലാലിഖിതം പ്രൊഫസര്‍ എം.ജി.എസ്. വായിച്ചെടുക്കുകയുണ്ടായി. പള്ളിക്ക് സാമൂതിരി നല്‍കിയ ഭൂദാനത്തെക്കുറിച്ചാണ് ലിഖിതം.18 ചാലിയം യുദ്ധത്തിലെ വിജയം കാരണം കോഴിക്കോട് മുതല്‍ തിരൂരങ്ങാടി വരെയുള്ള പ്രദേശങ്ങളില്‍ മുസ്‌ലിം പള്ളികള്‍ നിര്‍മ്മിക്കാന്‍ സാമൂതിരി സ്ഥലം അനുവദിക്കുകയുണ്ടായി.
1347 ല്‍ കോഴിക്കോട് സന്ദര്‍ശിച്ച റീഗ്‌നെല്ലി സാമൂതിരിയുടെ ഓണം ആഘോഷത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വിദേശികളായ വ്യാപാരികളടക്കം പങ്കെടുക്കുന്ന ആഘോഷങ്ങളില്‍ ഗംഭീര സദ്യവട്ടങ്ങളുണ്ടാകും. ജാതി-മത ഭേദമന്യേ പൗരപ്രമുഖര്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. വിനോദ മത്സരങ്ങളും കലാപ്രകടനങ്ങളുമുണ്ടായിരുന്നു. സാമൂതിരിയുടെ കൊട്ടാരത്തില്‍ നടന്നിരുന്ന ഇത്തരം ചടങ്ങുകളില്‍ കവികളും പണ്ഡിതരും കലാകാരന്‍മാരും പങ്കെടുത്തിരുന്നു. ഹൈന്ദവ ശാസ്ത്രികള്‍ക്കും പണ്ഡിതര്‍ക്കും കവികള്‍ക്കുമുള്ള സ്ഥാനം മുസ്‌ലിം പണ്ഡിതര്‍ക്കും കവികള്‍ക്കുമുണ്ടായിരുന്നു. ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുത്ത മോയിന്‍കുട്ടി വൈദ്യര്‍ കൊട്ടാര നര്‍ത്തകിയുടെ നൃത്തം കണ്ട് അതിനെകറിച്ച് 'നര്‍ത്തകിയോട്' എന്ന തലക്കെട്ടില്‍ ഒരു കവിത രചിച്ചിട്ടുണ്ട്. കൊണ്ടോട്ടി തങ്ങളുടെ ആസ്ഥാനമായ തക്കിയക്കല്‍ ഖുര്‍ആനിലെ ആയത്തുല്‍ ഖുര്‍സിയ്യ് കൊത്തിവെച്ച ഒരു കരിങ്കല്‍ ശിലയുണ്ട്. സാമൂതിരിയുടെ കൊട്ടാരത്തില്‍ നിന്ന് കിട്ടിയതാണിതെന്ന് തങ്ങള്‍ കുടുംബം പറയുന്നു. കൊട്ടാരത്തിലെ ഒരു കുട്ടിയുടെ മാറാരോഗം കൊണ്ടോട്ടി തങ്ങളുടെ വൈദ്യന്‍ സുഖപ്പെടുത്തിയെന്നതാണ് ശില നല്‍കാന്‍ ഹേതു.
    ഇങ്ങനെ സാമൂതിരിരാജവംശവുമായി മുസ്‌ലിംകളുടെ ഇടപാടുകളുടെ ഒരു പിടി ഓര്‍മ്മകള്‍ വരമൊഴിയായും വാമൊഴിയായും കണ്ടെത്താനാകും. സാമൂതിരിയും മുസ്‌ലിംകളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ പോര്‍ച്ചുഗീസ് അധിനിവേശത്തോടെയാണ്. ഒരു നൂറ്റാണ്ട് നീണ്ടുനിന്ന പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് മാപ്പിളമാരും സാമൂതിരിയും ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധങ്ങളാണ് നിലനിന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ ഏതാനും കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ. എം.ജി.എസ്. നിരീക്ഷിച്ചപോലെ, ''ഒരു പക്ഷേ, ഇസ്‌ലാം മത വിശ്വാസത്തേയും ക്രിസ്തുമത വിശ്വാസത്തെയും ഒരേപോലെ സഹാനുഭൂതിയോടെ വീക്ഷിച്ച് സ്വന്തം രാജ്യതാല്‍പര്യത്തിന്റെ വെളിച്ചത്തില്‍ തുലനം ചെയ്ത് അപ്പപ്പോള്‍ മെച്ചപ്പെട്ട കൂട്ടുകെട്ടുകളില്‍ മാക്‌വെല്ലിയന്‍ മനോഭാവത്തോടെ പങ്കുചേരുകയായിരുന്നു സാമൂതിരി. 19
സാമൂതിരിയുടെ നാവികപ്പടയുടെ തലവന്‍ കുഞ്ഞാലിമരക്കാരായിരുന്നു. കുഞ്ഞാലിമരക്കാര്‍ എന്ന ബിരുദ പേരുള്ള നാല് തലമുറക്കാര്‍ സാമൂതിരിയുടെ സാമന്തന്‍മാരായിരുന്നു. അവരാണ് കോഴിക്കോടിന്റെ പറങ്കികള്‍ക്കെതിരായ പോരാട്ടത്തെ മുന്നില്‍നിന്ന് നയിച്ചത്. കുഞ്ഞാലി ഒന്നാമന്‍ (കുട്ട്യാലി) ഗറില്ല യുദ്ധമുറകളില്‍ നിപുണനായിരുന്നു. ചാച്ചിമരക്കാര്‍ എന്ന കുഞ്ഞാലി രണ്ടാമന്‍ പറങ്കിപ്പടക്കെതിരെ ശ്രീലങ്കയിലേക്ക് പടനയിച്ചവനാണ്. ചാലിയംകോട്ട കോഴിക്കോടിന്റെ തലക്കുനേരെ ചൂണ്ടിയ ഒരു പീരങ്കിയാണെന്നാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍ നിരീക്ഷിച്ചത്. ആ ചാലിയം കോട്ട പിടിച്ചടക്കാന്‍ സാമൂതിരിയുടെ നാവികപ്പടയെ നയിച്ചത് പാട്ടുമരക്കാര്‍ എന്ന കുഞ്ഞാലി മൂന്നാമനാണ്. കോഴിക്കോട്ടെ സൂഫിവര്യനായ ശൈഖ് മാമുകോയയടക്കം അനേകം പണ്ഡിതര്‍ ഈ സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ചാലിയം യുദ്ധം ജയിച്ചതിനുള്ള പാരിതോഷികമായാണ് കുഞ്ഞാലി മരക്കാരെ പുതുപ്പണത്ത് കോട്ടകെട്ടാന്‍ സാമൂതിരി അനുവദിച്ചത്. 1572 ല്‍ രോഗബാധിതനായ കുഞ്ഞാലി മൂന്നാമന്‍ പുതുപ്പണം കോട്ട സന്ദര്‍ശിച്ച സാമൂതിരിയോട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കെ.പി. കേശവമേനോന്‍ ഇങ്ങനെ കുറിച്ചിടുന്നു: ''നമ്മുടെ വിജയത്തിന് കാരണം പടക്കോപ്പല്ല, ഐക്യമാണ്. ജാതിയും മതവും ശത്രുവിനെ നേരിടുന്നതിന് തടസ്സമായില്ല. ഈ യോജിപ്പ് വളര്‍ത്തണം. പടച്ചോന്‍ സഹായിക്കട്ടെ''.20 കുഞ്ഞാലിമാരുടെ സൈന്യത്തില്‍ എല്ലാ ജാതിക്കാരുമുണ്ടായിരുന്നെന്ന് വടക്കന്‍പാട്ടിലെ വരികള്‍ വ്യക്തമാക്കുന്നു:

'കോട്ടക്കലോമന കുഞ്ഞാലിക്ക്
നായരും തീയ്യരും ഒന്നുപോലെ'

    കുഞ്ഞാലി നാലാമന്‍ അസാധാരണ യുദ്ധവീരനും നാടിനൊപ്പം നാട്ടുകാരെയും സ്‌നേഹിച്ചവനും പ്രവര്‍ത്തന സീമകളെ ചെറിയ നാടിനപ്പുറത്ത് വിശാലമായൊരു ലോകത്തേക്ക് വികസിപ്പിച്ചവനുമാണ് 21. കുഞ്ഞാലി നാലാമന്റെ സംഘടനാവൈഭവം, സ്ഥൈര്യം, സ്വാഭിമാനം, ഉറച്ച മതവിശ്വാസം, കൊലമരത്തിലും കൂസലില്ലാത്ത ഭാവം എന്നിവ അങ്ങേയറ്റം ആദരവ് അര്‍ഹിക്കുന്നതാണ്. കുഞ്ഞാലിയെ കെണിയിലാക്കാന്‍ അന്നത്തെ സാമൂതിരിയും ആര്‍ച്ച് ബിഷപ്പും മറ്റ് ക്രൈസ്തവ പുരോഹിതന്‍മാരും പോര്‍ച്ചുഗീസ് പട്ടാള ഉദ്യേഗസ്ഥരും ഗോവയിലെ വൈസ്രോയിയും നടത്തിയ ഗൂഢാലോചനകളും ചര്‍ച്ചകളും ജസ്യൂട്ട് പാതിരിമാരുടെ കുറിപ്പുകളില്‍നിന്നും വ്യക്തമാണ്. സാമൂതിരിയുടെ നിലപാട് അംഗീകരിക്കാത്ത അനേകം നായര്‍ മുഖ്യന്‍മാരും കൊട്ടാരം ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. സാമൂതിരിയുടെ പ്രധാനമന്ത്രിയായ മങ്ങാട്ടച്ഛന്‍ അവരില്‍ പ്രമുഖനത്രെ. പുതുപ്പണംകോട്ട പോര്‍ച്ചുഗീസ്-സാമൂതിരി സംയുക്തപട കടലില്‍ നിന്നും കരയില്‍ നിന്നും ശക്തമായി ഉപരോധിച്ചപ്പോള്‍, കുഞ്ഞാലിക്ക് മുവ്വായിരം ചാക്ക് അരി കണ്ണൂരിലെ പ്രമാണി അടിയോടിയുടെ സഹായത്തോടെ എത്തിച്ചുകൊടുത്തത് ഉള്ളാളിലെ റാണിതിരുമല ദേവിയാണ്. മധുരയിലെ നായക്ക് കുഞ്ഞാലിക്ക് രാമേശ്വരത്ത് കോട്ടകെട്ടാന്‍ അനുവാദംകൊടുത്തു. ഈ വസ്തുതകളൊക്കെ കാണിക്കുന്നത് കുഞ്ഞാലിക്കെതിരെയുള്ള സൈനിക നീക്കത്തിന് ഒരു വലിയ വിഭാഗം എതിരായിരുന്നു എന്നതാണ്. 1600 മാര്‍ച്ച് 16 ന് കുഞ്ഞാലി നാലാമന്‍ സാമൂതിരിക്ക് കീഴടങ്ങി. കരാറനുസരിച്ച് സാമൂതിരി  അദ്ദേഹത്തെ പറങ്കികള്‍ക്ക് നല്‍കി. ഗോവയില്‍ ആ ധീര ദേശാഭിമാനിയെ തൂക്കിലേറ്റി. യഥാര്‍ത്ഥത്തില്‍ കോഴിക്കോട്ടെ സാമൂതിരിയുടെയും കോട്ടക്കല്‍ കുഞ്ഞാലിമരക്കാരുടെയും പ്രഭാവം ഹിന്ദൂ-മുസ്‌ലിം ഐക്യത്തില്‍ അധിഷ്ഠിതമായിരുന്നു. കുഞ്ഞാലിയുടെ വീരമൃത്യു കോഴിക്കോടിനെ വിദേശ ശക്തികളുടെ കളിപ്പാട്ടമായി മാറ്റി.
    എന്നാല്‍ സാമൂതിരി-മുസ്‌ലിം ബന്ധം പൊതുവെ പറയപ്പെടുന്നപോലെ കുഞ്ഞാലി നാലാമന്റെ പതനത്തോടു കൂടി അവസാനിക്കുന്നില്ല. കോഴിക്കോട്ടെ സാമുദായിക ബന്ധത്തെ അത് ബാധിച്ചില്ല. സാമൂതിരിക്ക് തന്നെ തന്റെ ചെയ്തിയില്‍ വിഷമം ഉണ്ടായി. അദ്ദേഹത്തിന്റെ പ്രജകള്‍ അത് ഉള്‍കൊണ്ടു. കോഴിക്കോടന്‍ ഗ്രന്ഥവരി അനുസരിച്ച് 18-ാം നൂറ്റാണ്ടിലും മരക്കാര്‍ കുടുംബത്തിന് സാമൂതിരി മരക്കാര്‍ പട്ടം നല്‍കിയതായി കാണാം. ഹൈദര്‍ അലിയുടെയും ടിപ്പുവിന്റെയും പടയോട്ടകാലത്ത് മണത്തല ഹൈദ്രോസ്‌കുട്ടി മൂപ്പരെ തന്റെ പക്ഷത്താക്കാന്‍ ടിപ്പു ശ്രമിച്ചു. വിജയിച്ചില്ല. ഹൈദ്രോസ്‌കുട്ടി മൂപ്പര്‍ സാമൂതിരിയുടെ പക്ഷത്ത് ഉറച്ച്‌നിന്ന് ടിപ്പുവിനെതിരെ പടവെട്ടി വീരമൃത്യുവരിച്ചു. കൊല്ലവര്‍ഷം 963 മകരം 15 ന് വെള്ളിയാഴ്ചയായിരുന്നു ഈ സംഭവം. സാമൂതിരിക്ക് കീഴിലുള്ള ഗുരുവായൂര്‍ അമ്പലത്തിന്റെ ട്രസ്റ്റിയായും ഹൈദ്രോസ്‌കുട്ടി മൂപ്പര്‍ പ്രവര്‍ത്തിച്ചിരുന്നു. 22. കോഴിക്കോട് നഗരം ഇന്നും മതസഹിഷ്ണുതക്കും മതേതര ഐക്യത്തിനും കേളികേട്ട നാടാണ്. സാമൂതിരി മുസ്‌ലിം ബന്ധത്തിന്റെ ബാക്കിപത്രമാണ് കോഴിക്കോടിന്റെ മതേതര പാരമ്പര്യം.

കുറിപ്പുകള്‍
1. M.G.S. Narayanan, Perumals of Kerala, Thrissur, 2013, p. 16
2. എന്‍.എം. നമ്പൂതിരി, സാമൂതിരി ചരിത്രത്തിലെ കാണാപുറങ്ങള്‍, വള്ളത്തോള്‍ വിദ്യാ പീഠം, പു.8
3. ഡോ. വി. ഹരിദാസ്, സാമൂതിരി പെരുമ, തൃശൂര്‍ 2012 പു.26
4. എം.ജി.എസ്, കോഴിക്കോട് ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍, കോഴിക്കോട് 2011 പു. 21
5. അതേ പുസ്തകം, പു. 38
6. പി.കെ.എസ്. രാജ, 'അനുഗ്രഹ പത്രം' , എന്‍.എം. നമ്പൂതിരി, മലബാര്‍ പഠനങ്ങള്‍ സാമൂതിരിനാട്, തിരുവനന്തപുരം, 2008, പു. VII
7. പി.സി. മാനവിക്രമന്‍ രാജ, 'സാമൂതിരിപ്പാടും മുഹമ്മദീയരും' , മാപ്പിള റിവ്യൂ, 1942, പു. 16
8. അതേ ലേഖനം, ഭാഗം 3
9. R.H. Major, India in the 14th Century, p. 14
10. വിശദ വിവരത്തിന് M.G.S, Cultural Symbiosis in Kerala,  കാണുക.
11. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമിന്റെ അപ്രകാശിത കുറിപ്പുകളില്‍നിന്ന്
12. M.G.S. Narayanan, Calicut The City of Truth Revisited, University of Calicut, 2006, p. 155
13. K.V. Krishna Ayyar, The Zamorins of Calicut, 1938, pp. 99-100.
14. ഗ്രന്ഥവരി ബുക്ക് നമ്പര്‍ 37.
15. പരപ്പില്‍ മമ്മദ്‌കോയ, കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം, രണ്ടാം പതിപ്പ്, കോഴിക്കോട് 2012, പു. 104.

16. സി. ഗോപാലന്‍ നായര്‍, മലയാളത്തിലെ മാപ്പിളമാര്‍, മംഗലാപുരം, 1917, പു. 43.

17. കോഴിക്കോടന്‍ ഗ്രന്ഥവരി ബുക്ക് നമ്പര്‍ 53.

18. See Appendix V in M.G.S, Cultural Symbiosis in Kerala

19. എം.ജി.എസ്, കോഴിക്കോട് ചരിത്രത്തില്‍ നിന്ന്....., പു. 65.

20. കെ.പി. കേശവമേനോന്‍, ദാനഭൂമി, പു. 213.

21. എം.ജി.എസ്, കോഴിക്കോട് ചരിത്രത്തില്‍ നിന്ന്...... പു. 79.

22. വിശദ വിവരങ്ങള്‍ക്ക് കാണുക - ചേറ്റുവായി അബ്ദുല്‍ ഖാദിര്‍, മണത്തല ധീരര്‍ അഥവാ ഹൈദ്രോസ്‌കുട്ടി മൂപ്പര്‍, പരപ്പനങ്ങാടി, 1959.
author image
AUTHOR: ഡോ. കെ.കെ. അബ്ദുല്‍ സത്താര്‍
   (പ്രൊഫ. പി.എസ്.എം.ഒ. കോളെജ്‌)