സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലെ മരക്കാര്‍ സാന്നിധ്യം

അജ്മല്‍ കൊടിയത്തൂര്‍   (അസി.പ്രൊഫ. എം.എ.എം.ഒ. കോളെജ്, മുക്കം)

തിനാറാം നൂറ്റാണ്ടില്‍ മലബാറിന് പോര്‍ചുഗീസുമായി ഉണ്ടായിരുന്ന ബന്ധങ്ങളുടെ ചരിത്രം യഥാര്‍ത്ഥത്തില്‍ സ്വന്തം നാടിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിക്കുകയും പടപൊരുതുകയും രക്തസാക്ഷികളാവുകയും ചെയ്ത ധീരദേശാഭിമാനികളായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ ചരിത്രമാണ്.”
- ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. കെ.എം. മാത്യു (മലബാര്‍ പൈതൃകവും പ്രതാപവും, മാതൃഭൂമി ബുക്‌സ്, 2011 പേജ് 152)
കേരളത്തിലെ പോര്‍ചുഗീസ് അധിനിവേശത്തിനെതിരെ കോഴിക്കോട് സാമൂതിരിയുടെ പിന്തുണയില്‍ നൂറ്റാണ്ടുകാലം ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയ നാവിക പടത്തലവന്‍മാരായിരുന്നു മരക്കാന്‍മാര്‍. പതിനാറാം നൂറ്റാണ്ടില്‍ ലോകം കണ്ട എറ്റവും ശക്തമായ പോര്‍ചുഗീസ് നാവിക ശക്തിയോട്  തനത് നാവിക തന്ത്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് മരക്കാന്മാര്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് സൈനികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിരവധി മാനങ്ങള്‍ ഉണ്ട്. പ്രഥമ പാശ്ചാത്യ അധിനിവേശ ശക്തിയായിരുന്ന പോര്‍ചുഗീസ് സംഘങ്ങളെ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് തുരത്തിയോടിക്കുക എന്ന കുഞ്ഞാലിമാരുടെ ദൗത്യം ലക്ഷ്യം കണ്ടിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
കുഞ്ഞാലി മരക്കാര്‍മാരായി അറിയപ്പെടുന്നവര്‍ നിരവധി ഉണ്ടെങ്കിലും അതില്‍ നാലു പേരാണ് ഏറെ പ്രസിദ്ധരായവര്‍. കുഞ്ഞാലി ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍, നാലാമന്‍ എന്നീ പേരുകളില്‍ അറിയുന്ന കുട്ട്യാലി മരക്കാര്‍, കുട്ടി പോക്കര്‍, പട്ടു മരക്കാര്‍, മുഹമ്മദലി മരക്കാര്‍ എന്നിവര്‍.1 1500 ല്‍ പോര്‍ചുഗീസ് നാവികന്‍ കബ്രാളിന്റെ  ആക്രമണം മുതല്‍ 1600 ല്‍ കുഞ്ഞാലി നാലാമനെ സാമൂതിരി രാജാവ് പോര്‍ചുഗീസുകാര്‍ക്ക് പിടിച്ചേല്‍പ്പിക്കും വരെയുള്ള നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ മലബാരില്‍ നൂറുകണക്കിന് പോരാളി നേതാക്കള്‍ ഉയര്‍ന്നു വരികയും പതിനായിരങ്ങള്‍ രക്തസാക്ഷികളാവുകയും ചെയ്തു. ആ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ നാവിക നേതൃത്വമായിരുന്നു മരക്കാന്മാരുടേത്. അഥവാ മലബാറിലെ ആദ്യകാല സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ നാലു മരക്കാര്‍മാരിലേക്ക് ചുരുക്കാവതല്ല എന്നര്‍ത്ഥം.
മരക്കാര്‍ കുടുംബത്തിന്റെയും ആ പേരിന്റെയും ഉല്‍പ്പത്തിയെക്കുറിച്ച് ഭിന്നങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.  ജലയാനങ്ങളില്‍ വന്നവര്‍ എന്ന അര്‍ത്ഥത്തില്‍ മര്‍ക്കബ’എന്ന അറബി വാക്കില്‍ നിന്നോ അല്ലെങ്കില്‍ കപ്പല്‍ എന്ന അര്‍ത്ഥം വരുന്ന മരക്കലം’എന്ന തമിഴ് സംജ്ഞയില്‍ നിന്നോ ആയിരിക്കാം മരക്കാര്‍ എന്ന വാക്ക് ഉല്‍പ്പാദിതമായതെന്നാണ്  പൊതുവേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വേദ പുസ്തകമുള്ളവരെ മാര്‍ക്കക്കാര്‍’എന്നു വിളിച്ചിരുന്നതുകൊണ്ട് ആ വാക്ക് ലോപിച്ചായിരിക്കാം മരക്കാര്‍ ഉണ്ടായത് എന്ന് വില്യം ലോഗന്‍ നിരീക്ഷിക്കുന്നുണ്ട്. കുഞ്ഞാലി എന്നത് സാമൂതിരി തന്റെ നാവികപ്പടയുടെ നേതൃത്വത്തിന് കല്‍പ്പിച്ചുകൊടുത്ത സ്ഥാനപ്പേരോ ബഹുമതിയോ ആണെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. കുഞ്ഞാലി എന്ന വാക്കിനര്‍ത്ഥം വിശ്വസ്തന്‍, പ്രിയങ്കരന്‍ എന്നെല്ലാമാണ്.2  ഇസ്ലാമിക ചരിത്രത്തിലെ ധീരതയുടെ  പേരായി ഗണിക്കപ്പെടുന്ന പ്രവാചക അനുചരന്‍ അലി  യുടെ പേരു ചേര്‍ത്തുകൊണ്ട് ധീരന്‍ എന്ന അര്‍ത്ഥത്തില്‍ കുഞ്ഞാലി എന്നു വിളിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാവതല്ല.
ടുണീഷ്യയില്‍ നിന്ന് ആദ്യകാലത്ത് പന്തലായനി കൊല്ലത്ത് താമസമാക്കിയ അറബി കുടുംബ പരമ്പരയില്‍പെട്ട മരക്കാന്‍മാര്‍ പോര്‍ചുഗീസ് ആക്രണത്തെ തുടര്‍ന്ന് 1524 ല്‍ തിക്കോടിയിലേക്കും പിന്നീട് കോട്ടക്കലേക്കും ആസ്ഥാനം മാറുകയായിരുന്നു എന്നതാണ് പ്രബലമായ മറ്റൊരു വാദം.3 കൊച്ചിയിലെ വാണിജ്യ രംഗത്തെ  ശക്തിസാന്നിധ്യമായിരുന്ന ഇസ്മയില്‍, മുഹമ്മദ് തുടങ്ങിയവരുടെ പിന്‍മുറക്കാരായ ഇവര്‍ പോര്‍ചുഗീസ് ആക്രമണത്തെ തുടര്‍ന്ന്  പൊന്നാനിയിലേക്കും പിന്നീട് കോഴിക്കോട് കോട്ടക്കലേക്കും താമസം മാറുകയായിരുന്നു എന്ന വാദവും നിലനില്‍ക്കുന്നു.4 എന്നാല്‍ മരക്കാര്‍മാരുടെ മൂലകുടുംബം പൊന്നാനിയിലായിരുന്നു എന്നും പിന്നീട് താനൂര്‍ ഭാഗങ്ങളിലായി നീങ്ങുകയും പില്‍ക്കാലത്ത് പോര്‍ച്ചുഗീസ് ആക്രമണങ്ങളെ തുടര്‍ന്ന്  അകലാപ്പുഴക്ക് സമീപത്തേക്ക് താമസം മാറുകയായിരുന്നു എന്നും കെ.വി. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.5 മരക്കാര്‍മാര്‍ നാവിക വൈദഗ്ദ്ധ്യമുള്ള കച്ചവടക്കാരായിരുന്നു എന്നും പോര്‍ചുഗീസ് ആക്രമണത്തെ തുടര്‍ന്നാണ് കോട്ടക്കല്‍ എത്തുന്നത് എന്നും ബഹുഭൂരിപക്ഷം പേരും സമ്മതിക്കുന്നു. കോഴിക്കോട് എത്തിയ മരക്കാന്മാരുടെ നാവിക വൈഭവത്തില്‍  പ്രചോദിതനായ  സാമൂതിരി നേതാവായ മുഹമ്മദ് അലി മരക്കാരെ കുഞ്ഞാലി’എന്ന സ്ഥാനപ്പേരും പ്രത്യേക തലപ്പാവ് ധരിക്കാനുള്ള അവകാശവും  നാവിക നേതൃത്വവും നല്‍കി ആദരിക്കുകയായിരുന്നു. പോര്‍ചുഗീസുകാരില്‍ നിന്നും ശക്തമായ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് മരക്കാര്‍മാരുടെ ആഗമനം ഉണ്ടാകുന്നത്. സാമൂതിരിയുടെ സര്‍വ്വ പിന്തുണയോടും കൂടെ കുട്ട്യാലി മരക്കാര്‍, വലിയ ഹസന്‍, പച്ചി മരക്കാര്‍ എന്നീ പ്രമാണിമാരെ ചേര്‍ത്ത് മുഹമ്മദ് അലി മരക്കാര്‍ ഒരു നാവികസേന രൂപീകരിച്ചു.6
 അതേയവസരത്തില്‍ കുഞ്ഞാലിമാര്‍ മലബാറുകാരായിരുന്നില്ലെന്നും  തമിഴ്‌നാട്ടിലെ ചോഴമണ്ഡലത്തുനിന്ന് കച്ചവടത്തിനായി എത്തിയ വര്‍ത്തക വംശപരമ്പരയാണെന്നും നിരീക്ഷണമുണ്ട്. ഇവര്‍ 1524 വരെ പോര്‍ചുഗീസുകാരു മായി കച്ചവടം നടത്തുകയും  യുദ്ധങ്ങളില്‍  അവരെ സഹായിക്കുകയും ചെയ്തിരുന്നു എന്നും പിന്നീട്  പോര്‍ചുഗീസുകര്‍ അവരെ ഒഴിവാക്കി കച്ചവടം നടത്തുകയും ഇതിനെ തുടര്‍ന്നുണ്ടായ വാണിജ്യ സാമ്പത്തിക തര്‍ക്കങ്ങള്‍ അവരെ പോര്‍ചുഗീസ് വിരുദ്ധരാക്കുകയായിരുന്നു എന്നും ജോണ്‍ ഓച്ചന്‍തുരുത്ത് നിരീക്ഷിക്കുകയുണ്ടായി. തീര്‍ത്തും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി പോരാടിയ മരക്കാര്‍മാരെ പില്‍ക്കാലത്ത് കള്‍ട്ട് ഫിഗറാ’ക്കി യെത്തപ്പെടുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുസ്ലിംകള്‍ക്ക് സാമൂതിരിയുമായുണ്ടായിരുന്ന ദൃഢബന്ധത്തെയും പാരസ്പര്യത്തോടെയുള്ള സമര നൈരന്തര്യത്തേയും സൂചിപ്പിക്കുന്ന അനേകം ഉപദാനങ്ങളെ തമസ്‌കരിച്ച് ഏകപക്ഷീയമായ പോര്‍ചുഗീസ് രേഖകളെ  അടിസ്ഥാനമാക്കി  നിര്‍മ്മിക്കപ്പെട്ട ഈ നിരീക്ഷണം  ചരിത്രലോകം തീര്‍ത്തും തിരസ്‌കരിച്ചതാണ്.8 പോര്‍ചുഗീസ് ആഗമനക്കാലത്ത് പ്രധാന കച്ചവടക്കാരില്‍ ഒന്നായിരുന്നു മരക്കാര്‍മാര്‍. ഇസ്മായില്‍ മരക്കാര്‍ കൊച്ചിയിലെ പ്രധാന വ്യവസായിയായിരുന്നു.അന്ന് എല്ലാവരുമായും കച്ചവടത്തിലുമേര്‍പ്പെട്ടിരുന്നു.10 തുടര്‍ച്ചയായ ചതിയും വഞ്ചനയും മതനിന്ദയും അധീശത്വ താല്‍പ്പര്യങ്ങളും കാരണം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞാലിമാര്‍ പോര്‍ചുഗീസ് വിരുദ്ധരായിക്കഴിഞ്ഞിരുന്നു.11

മരക്കാര്‍മാര്‍ ഒരു നൂറ്റാണ്ടുകാലം തലമുറകളായി കൈമാറി നടത്തിയ  നിരന്തരമായ പോരാട്ടത്തിന്റെ അടിസ്ഥാനം കേവലം വാണിജ്യ താല്‍പ്പര്യങ്ങളെ മുന്‍നിത്തിയുള്ള ‘കശപിശയായിരുന്നു എന്ന അനുമാനം അവര്‍ നടത്തിയ ധീരമായ സാമ്രാജ്യത്വ വിരുദ്ധ ചെറുത്തു നില്‍പ്പിന്റെ ധൈഷണിക അടിത്തറയെ  നിന്ദിക്കുന്നതും പരിഹസിക്കുന്നതും ആണ്. മാത്രമല്ല, മലബാറില്‍  ഉയര്‍ന്നുവന്ന സാമ്രാജ്യത്വ വിരുദ്ധ ഫത്‌വകളും പുസ്തകങ്ങളും ചര്‍ച്ചകളും  (തഹ്‌രീള്, ഫത്ഹുല്‍ മുബീന്‍, തുഹ്ഫതുല്‍ മുജാഹിദീന്‍... etc) ആ കാലത്തെ മുസ്ലിം സമുദായത്തെ പൊതുവിലും, നേതൃത്വത്തെയും യുവാക്കളെയും പ്രത്യേകിച്ചും സ്വാധീനിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളുടെ  ധൈഷണിക അടിത്തറയായി മാറുകയും ചെയ്യുന്നുണ്ട്. സാമ്രാജ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരാധനയായി കണക്കാക്കണമെന്നും അതിന് നേതൃത്വം നല്‍കുന്ന സാമൂതിരിക്കായി  പ്രാര്‍ത്ഥിക്കണമെന്നും ഫത്ഹുല്‍ മുബീനില്‍ ഖാദി മുഹമ്മദ് ആവശ്യപ്പെടുന്നുണ്ട്. അനുഷ്ഠാനപരവും രാഷട്രീയവും  സാമ്പത്തികവുമായ വിവിധ ഘടകങ്ങള്‍ ഉള്‍ച്ചേരുന്ന  ഒരു പരിസരത്തില്‍ നിന്നുമാണ്  സാമൂതിരിമാര്‍ക്ക് കീഴിലായി കുഞ്ഞാലി മരക്കാര്‍മാരുടെ നാവിക നേതൃത്വത്തിലേക്കുള്ള കടന്നു വരവ് നടക്കുന്നത്.12  നാല് തലമുറകളായി ഒരു നൂറ്റാണ്ടുകാലം നാവിക നേതാക്കളിലൂടെയും വിദ്ഗ്ദ്ധരുടെയും ഇടമുറിയാത്ത തുടര്‍ച്ച ഒരു കുടുംബത്തില്‍ നിന്നും ഉയര്‍ന്നു വരുന്നതും അതിന് ശക്തമായ ബഹുജന പിന്തുണ ലഭിക്കുന്നതും. വെറും കച്ചവട തര്‍ക്കത്തിന്റെ പേരില്‍ ഉയര്‍ന്നുവന്ന ശത്രുതയാണെന്ന് വരുത്തുന്നത് പോര്‍ചുഗീസുകാര്‍ മലബാറില്‍ നടത്തിയ നിഷ്ഠൂരമായ അതിക്രമത്തെയും കൊള്ളയേയും മറച്ചുപിടിക്കാനേ സഹായിക്കുകയുള്ളു.
1498 മെയ് 20 ഞായര്‍ വൈകുന്നേരമായിരുന്നു വാസ്‌കോഡഗാമയും സംഘവും കേരളക്കരയില്‍ എത്തിയത്. അതിഥികളെ സഹര്‍ഷം സ്വീകരിച്ച സാമൂതിരിയോട് ഗാമയുടെ പ്രഥമാവശ്യങ്ങളില്‍ ഒന്ന് നൂറ്റാണ്ടുകളായി സൗഹാര്‍ദ്ദപൂര്‍വ്വം വ്യാപാര ബന്ധം തുടരുന്ന മൂറുകളുമായുള്ള (അറബ് മുസ്ലിംകള്‍) സര്‍വ്വ ബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ട് വ്യാപാരക്കുത്തക തങ്ങള്‍ക്ക് നല്‍കണം എന്നുള്ളതായിരുന്നു. ആഗസ്ത് മാസത്തോടെ കോഴിക്കോട് വിട്ട് കണ്ണൂരിലെ കോലത്തിരിയെ സന്ദര്‍ശിക്കുകയും 1498 നവംബര്‍ 20 ന് ഗാമ പോര്‍ചുഗലിലേക്ക് തിരിക്കുകയും ചെയ്തു. അറുപത് മടങ്ങ് ലാഭവുമായി ലിസ്ബണിലെത്തിയ ഗാമക്ക് വന്‍ സ്വീകരണം ലഭിച്ചു. വര്‍ദ്ധിച്ച ലാഭ സാധ്യത മനസ്സിലാക്കിയ ഡോം മാന്വല്‍ രാജാവ് പെഡ്രോ അള്‍വരിസ് കബ്രാളിന്റെ നേതൃത്വത്തില്‍ 1200 പടയാളികളുമായാണ് അടുത്ത സംഘത്തെ അയച്ചത്. തന്റെ ആദ്യയാത്രയില്‍ തന്നെ മലബാറിന്റെ ശക്തിദൗര്‍ബല്യങ്ങള്‍  ഗാമ മനസ്സിലാക്കിയിരുന്നു എന്നതിന്റെ തെളിവാണ് ഈ സൈനികനീക്കം. സാമൂതിരിയേയും മുസ്ലിം കച്ചവടക്കാരെയും തകര്‍ക്കാതെ തങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് കണ്ടറിഞ്ഞ കാബ്രാള്‍  സാമൂതിരിയുടെ ശത്രുവായിരുന്ന കൊച്ചി രാജാവുമായി വ്യാപാര സൈനിക സഖ്യത്തിലേര്‍പ്പെട്ടു. 1502 ല്‍ വലിയൊരു സൈന്യവുമായിട്ടായിരുന്നു ഗാമയുടെ രണ്ടാം വരവ്.
1502 ഒക്‌ടോബറില്‍ ഗാമ കണ്ണൂരിലെത്തി. തുടര്‍ന്നു സാമൂതിരിയെ സന്ദര്‍ശിച്ച് മുസ്ലിം കച്ചവടക്കാരെ തിരസ്‌കരിക്കണമെന്ന ആവശ്യം ഉന്നയിച്ചു. അന്യായമായ ആവശ്യം നിരസിച്ചതിന്റെ പേരില്‍ കോഴിക്കോട് തുറമുഖം ആക്രമിക്കുകയും നിരവധി പേരെ കൊന്നുതള്ളുകയും ചെയ്തു. തുടര്‍ന്ന് കൊച്ചിയിലെത്തിയ ഗാമ രാജാവുമായി സഖ്യത്തിലേര്‍പ്പെടുകയും സൈനികത്താവളവും പാണ്ടികശാലയുമടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഈ ഒരു പശ്ചാത്തലത്തിലായിരുന്നു പരമ്പരാഗത കച്ചവടക്കാരും  നാവിക വിദ്ഗ്ദരുമായിരുന്ന മരക്കാര്‍മാരുടെ കോഴിക്കോട്ടേക്കുള്ള രാഷ്ട്രീയ - സൈനിക രംഗ പ്രവേശം. ഇത് സാമൂതിരിക്ക് സൈനികവും ഭരണപരവുമായ  ശക്തി നല്‍കി എന്നതില്‍ തര്‍ക്കമില്ല.
പോര്‍ചുഗീസുകാര്‍ കേരളത്തിലെത്തിയ ആദ്യനാളുകളില്‍ തന്നെ അറബി വ്യാപാരികളെ ഉന്മൂലനം ചെയ്തുകൊണ്ട് അറബിക്കടലിന്റെ വാണിജ്യ കുത്തക കൈക്കലാക്കാനുള്ള കുടില ശ്രമങ്ങള്‍ ആരംഭിക്കുകയുണ്ടായി. ജസ്യൂട്ട് പാതിരിമാരുടെ ശക്തമായ പിന്തുണയോടെയാണ് ഗാമയും സംഘവും ഇന്ത്യയിലെത്തുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട കുരിശുയുദ്ധം ഉല്‍പ്പാദിപ്പിച്ച കടുത്ത ഇസ്ലാം - മുസ്ലിം വിരോധത്തില്‍ ഊന്നിയതായിരുന്നു പോര്‍ചുഗീസ് മതനയം. അതിനാല്‍ തന്നെ വ്യാപാര കുത്തക കൈവശപ്പെടുത്തുന്നതോടൊപ്പം മൂറുകളെ ഉന്‍മൂലനം ചെയ്യുക അവരുടെ പ്രധാന ലക്ഷ്യം തന്നെയായിരുന്നു. പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ  ഇതിനാവശ്യമായ തിട്ടൂരങ്ങള്‍ രാജ - മത നേതൃത്വത്തില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചിരുന്നു.
പോര്‍ചുഗീസുകാര്‍ പിന്തുടര്‍ന്ന പരമത വിദ്വേഷം  മുസ്ലിംകളില്‍ മാത്രം ഒതുങ്ങി നിന്നതായിരുന്നില്ല. അന്ധവിശ്വാസികളും സംസ്‌കാര ശൂന്യരുമായി ഗണിച്ച് ഹിന്ദുക്കളെ പ്രസ്റ്റോസ്” (ഹീനര്‍) ആയാണ് അവര്‍ കരുതിയത്.13 പോര്‍ചുഗീസ് അധീനതയിലായിരുന്ന ഗോവയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ പാസ്സാക്കിയ നിയമത്തിലെ മുപ്പത്തി അഞ്ചാം ഡിക്രിയില്‍ മുസ്ലീങ്ങളുടെ വേദപുസ്തകങ്ങള്‍ കത്തിക്കുവാനും മുപ്പതാം ഡിക്രി പ്രകാരം  മറ്റു മതസ്ഥരുടെ ‘കള്ളമതം’ ആചരിക്കുന്നതിനായി ആഴ്ചയില്‍ നല്‍കുന്ന അവധി നിരോധിക്കുവാനും ആവശ്യപ്പെട്ടു14 തദ്ദേശീയരായ ക്രസ്ത്യാനികളോടുള്ള നയവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അസഹിഷ്ണുതയോടെയുള്ള പോര്‍ചുഗീസ് മതനയം  വിദ്വേഷപരവും ആക്രമണോല്‍സുകവും ആയിരുന്നു. ഇതാണ് പില്‍ക്കാലത്ത് കൂനന്‍ കുരിശ് പ്രതിജ്ഞയിലേക്ക് പോലും (1653) നയിച്ചത്. പരമതങ്ങളോടെല്ലാം പോര്‍ചുഗീസ് സമീപനം അമാന്യമായിരുന്നെങ്കിലും മുസ്ലീങ്ങളോടും ഇസ്ലാമിനോടും കടുത്ത ശത്രുതയിലൂന്നിയ നിഷ്‌കാസന വാഞ്‍ജ തന്നെയായിരന്നു അവര്‍ വെച്ചുപുലര്‍ത്തിയത്. കുരിശുയുദ്ധത്തിലേറ്റ ദയനീയമായ തോല്‍വിയുടെ നീറുന്ന ഒര്‍മകളും പ്രതികാരദാഹവും കാലങ്ങളായുള്ള മുസ്ലീം വാണിജ്യ മുന്നേറ്റത്തോടുള്ള തുള്ളുന്ന അസൂയയും അന്ധമായ മതഭ്രാന്തും ചേര്‍ന്ന് രൂപപ്പെടുത്തിയ ഇസ്ലാം വിദ്വേഷം മലബാറിന്റെ മണ്ണില്‍ കാലുകുത്തിയ നാള്‍ മുതല്‍ പറങ്കികള്‍ പ്രകടമാക്കിയിരുന്നു.  ഡി. മാനുവല്‍ കച്ചവടത്തില്‍ മുസ്ലിംകളെ പരമാവധി ഒഴിവാക്കുവാനും തദ്ദേശീയരായ ക്രിസ്ത്യാനികള്‍ക്കും ശേഷം ഹിന്ദുക്കള്‍ക്കും മുന്‍ഗണന നല്‍കാനും ആവശ്യപ്പെടുകയുണ്ടായി15.  

മുസ്ലീങ്ങളുടെ ഹജ്ജ് കപ്പലുകള്‍ നിരന്തരമായി കൊള്ളയടിച്ചതും കുഞ്ഞുകുട്ടികളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടുന്ന തീര്‍ത്ഥാടക സംഘങ്ങളെ  കൂട്ടക്കൊല ചെയ്തതും പോര്‍ചുഗീസ് പൗരോഹിത്യത്തിന്റെ  തീരുമാനം തന്നെയായിരുന്നു. 1502 ല്‍ വാസ്‌കോ ഡ ഗാമ തന്നെയാണ്  ഈ ക്രൂരകൃത്യങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  തന്റെ രണ്ടാം യാത്രയില്‍ അമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ നാനൂറ് തീര്‍ത്ഥാടകരെ കൊന്ന് കപ്പല്‍ പൂര്‍ണ്ണമായും കൊള്ളയടിച്ച ശേഷം കത്തിച്ചു കളയുകയായിരുന്നു16. ഹജ്ജ് കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഏതാണ്ട് 1697 വരെ തുടര്‍ന്നുകൊണ്ടിരുന്നു. അതേയവസരത്തില്‍ തന്നെ  ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.  പോര്‍ചുഗീസ് സംഘങ്ങള്‍ പരമത വിഭാഗങ്ങളോടും സമൂഹങ്ങളോടും  കാണിച്ച ക്രൂരതകള്‍  ഇതുപോലൊരു ലേഖന പരിമിതിക്കുള്ളില്‍ വിവരിക്കുക അസാധ്യമാണ്.
പോര്‍ചുഗീസുകാര്‍ അറബിക്കടലിലെ  വാണിജ്യക്കുത്തക കൈവശമാക്കാന്‍ ശ്രമിച്ചത് കച്ചവട സഹജമായ തന്ത്രങ്ങള്‍ പ്രകാരമായിരുന്നില്ല.  ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് പകരമായി നല്‍കാന്‍  ഒരുവാണിജ്യ വസ്തുവും അവരുടെ പക്കല്‍ ഇല്ലായിരുന്നു.ആര്‍ത്തി കുലച്ച ലാഭക്കൊതിയായിരുന്നു അവരുടെ കടച്ചവടത്തെ നയിച്ചത്. അതിനാല്‍ തന്നെ ചതിയും വഞ്ചനയും കൊള്ളയും ആക്രമണങ്ങളും വഴിയായിരുന്നു വ്യാപാര കുത്തക നേടിയെടുത്തത്. ആദ്യ വരവില്‍ തന്നെ അറുപത് ഇരട്ടി ലാഭവുമായാണ് ഗാമ നാട്ടില്‍ തിരിച്ചെത്തിയത്. ആയിരത്തി അഞ്ഞൂറില്‍ കോഴിക്കോട്ടു നിന്ന് അറബികള്‍ ഒരു കിലോ കുരുമുളക് ഏഴു പണത്തിന് (0. 38 ക്രുസഡോസ്) വാങ്ങിയപ്പോള്‍  കൊച്ചി രാജാവില്‍ സമ്മര്‍ദ്ദം ചെലുത്തി ഉണ്ടാക്കിയ കരാര്‍ പ്രകാരം പോര്‍ചുഗീസുകാര്‍ ഒരു പണം പോലും (0. 05 ക്രുസഡോസ്) നല്‍കേണ്ടി വന്നില്ല. അതേ സമയം ലിസ്ബണില്‍ 22 ക്രുസഡോസും ഏതന്‍സില്‍ 100 ക്രുസഡോസും ഒരു കിലോ കുരുമുളകിന് വിലയുണ്ടായിരുന്നു എന്നതില്‍ നിന്ന് വേണം  പോര്‍ചുഗീസ് കൊള്ളക്കാരുടെ  ലാഭക്കൊതി മനസ്സിലാക്കാന്‍. 1503 ലെ കരാര്‍ വിലയനുസരിച്ച് 1585 ല്‍ പോലും കുരുമുളക് നല്‍കണമെന്ന് കൊച്ചി രാജാവിനോട് ഇവര്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയുണ്ടായി.18
ഗുജറാത്ത് മുതല്‍ സിലോണ്‍ (ശ്രീലങ്ക) വരെയുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ നാവിക സന്നാഹം രൂപീകരിച്ച് പോര്‍ചുഗീസുകാര്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ മരക്കാര്‍മാര്‍ക്ക് കഴിഞ്ഞു. സിലോണ്‍ രാജാവിന്റെ ഇളയ സഹോദരന്‍  മൈഥുനെയുമായി കൂടിച്ചേര്‍ന്ന്  ശക്തമായ യുദ്ധങ്ങള്‍ സംഘടിപ്പിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. എന്നാല്‍ അവസാന ഘട്ടത്തില്‍  മൈഥുനെ കാലുമാറുകയും  പോര്‍ചുഗീസ് തലവന്‍ ഫെറീറയുടെ നേതൃത്വത്തിലുള്ള സൈന്യം മരക്കാര്‍ സംഘത്തിന് കനത്ത ആഘാതമേല്‍പ്പിക്കുകയും ചെയ്തു.
മുഹമ്മദ് അലി മരക്കാരുടെ മരണശേഷം  സൈന്യത്തിലെ പ്രധാനിയായിരുന്ന കുട്ട്യാലി മരക്കാരെ 1507 ല്‍ സാമൂതിരി നാവികസേനയുടെ തലവനായ നിശ്ചയിച്ചു. ശക്തമായ നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹമാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍. മുന്‍ഗാമികളുടെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട കുഞ്ഞാലി വന്‍ നാവിക വ്യൂഹങ്ങള്‍ ഉള്ള പോര്‍ചുഗീസുകാരോട് നേരിട്ട് ഏറ്റുമുട്ടുന്നത് തന്ത്രത്തില്‍ ഒഴിവാക്കി. എന്നിട്ടു പറവകള്‍’ എന്നു പേരിട്ടതും മുപ്പതു മുതല്‍ നാല്പത് വരെ ആളുകള്‍ തുഴയുന്നതുമായ നൂറുകണക്കിന് വള്ളങ്ങള്‍ പണിത് സമുദ്രത്തില്‍ ഒരു പുതു ഗറില്ലാ സമരമുറ സന്നാഹപ്പെടുത്തി. ശക്തമായ കാറ്റിനെ അടിസ്ഥാനമാക്കി നീങ്ങിയിരുന്ന വമ്പന്‍ പോര്‍ചുഗീസ് കപ്പലുകളെ  അതിവേഗം, അപ്രതീക്ഷിതമായി ആക്രമിച്ച് പ്രഹരമേല്‍പ്പിക്കുക എന്നതായിരുന്നു യുദ്ധതന്ത്രം. കുഞ്ഞാലിയുടെ ഈ ആക്രമണം മൂലം  പോര്‍ചുഗീസ് കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ നങ്കൂരമുറപ്പിക്കാന്‍ പ്രയാസമായി. വന്‍ നാവിക സന്നാഹം സദാസമയം  കൂടെ കരുതേണ്ടിവന്നു. നിരവധി കപ്പലുകള്‍ ആക്രമിക്കപ്പെടുകയും മാപ്പിളമാരാല്‍ പിടിക്കപ്പെടുകയും ചെയ്തു. ആത്യന്തികമായി കുഞ്ഞാലി മരക്കാരുടെ കീഴിലുള്ള  ഈ ആക്രമണങ്ങള്‍ പോര്‍ചുഗീസ് വ്യാപാരത്തെ സാരമായി ബാധിക്കുകയും  മന്ദീഭവിപ്പിക്കുകയും ചെയ്തു. അല്‍ ബുക്കര്‍ക്കിനെപ്പോലുള്ള  വൈസ്രോയിമാര്‍ രാജാക്കന്‍മാര്‍ക്കയച്ച കത്തുകളില്‍ ഈ പ്രതിസന്ധികള്‍ പ്രതിപാദിച്ചിട്ടുണ്ട്.19
അറബിക്കടലില്‍ തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പല്‍ പോലും സഞ്ചരിക്കാന്‍ പാടില്ലെന്ന ഒരു അലിഖിത നിയമം ക്രമേണ പോര്‍ചുഗീസുകാര്‍ ഉണ്ടാക്കിയെടുത്തു. പറങ്കികളെ വെല്ലുവിളിച്ചുകൊണ്ട് ഉല്പ്പന്നങ്ങള്‍ കയറ്റി അയക്കാന്‍ കുഞ്ഞാലി ഒന്നാമന്‍ ശ്രമം ആരംഭിച്ചു. 1523 ല്‍ കോഴിക്കോട്ടു നിന്ന് കുരുമുളക് കയറ്റിയ എട്ട് വലിയ കപ്പലുകള്‍ നാല്പ്പത് ഓടങ്ങളിലായി  ശക്തമായ നാവിക അകമ്പടിയോടെ ചെങ്കടല്‍ തീരത്ത് വിജയകരമായി അദ്ദേഹം എത്തിച്ചു. അതേ സമയം തന്നെ കുഞ്ഞാലിയുടെ ഇളയ സഹോദരന്‍ ചിന്ന ക്കുട്ടിയലി  ഗോവന്‍ കടല്‍തീരം കേന്ദ്രീകരിച്ചും നാവിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. കുഞ്ഞാലിയുടെ കോഴിക്കോട്ടെ സൈനിക നീക്കങ്ങള്‍ തടയാനായി  വാസ്‌കോ ഡ ഗാമ മാര്‍ട്ടിന്‍ അല്‍ഫോണ്‍സാ ഡിസൂസയെ നിയമിച്ചു. ഈ കാലയളവില്‍ ഇരു വിഭാഗവും തമ്മില്‍ നിരവധി ഏറ്റുമുട്ടലുകള്‍ നടക്കുകയുണ്ടായി. ഈ യുദ്ധങ്ങളിലെല്ലാം സര്‍വ്വായുധ സജ്ജരായ പോര്‍ചുഗീസുമായി നേരിട്ട് ഏറ്റുമുട്ടുന്നതില്‍ നിന്ന് പരമാവധി ഒഴിഞ്ഞുമാറി പറവകള്‍’എന്ന ചെറു പോരുവള്ളങ്ങള്‍ ഉപയോഗിച്ചുള്ള കടന്നാക്രമണത്തിന്റെ തന്ത്രമായിരുന്നു കുട്ട്യാലിയും സംഘവും പ്രയോഗിച്ചിരുന്നത്. ഇത് പല സന്ദര്‍ഭങ്ങളിലും  പറങ്കികള്‍ക്ക് കടുത്ത നഷ്ടങ്ങള്‍ സമ്മാനിച്ചു. കണ്ണൂരില്‍ വലിയ ഹസനും  കോഴിക്കോട്ട് പട്ടു മരക്കാറും  ഗോവന്‍ തീരത്ത് ചിന്നക്കുട്ടിയലിയും നാവിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കണ്ണൂരിലെ ആലി രാജാവിന്റെ ബന്ധു കൂടിയായിരുന്ന വലിയഹസന്‍ പോര്‍ചുഗീസുകാര്‍ക്ക് നിരന്തരം പ്രകോപനം തീര്‍ത്തു. വാസ്‌കോ ഡ ഗാമ നേരിട്ട് കണ്ണൂരില്‍ വന്ന് ആലി രാജാവിനോട് നിര്‍ബന്ധപൂര്‍വ്വം വലിയ ഹസനെ വിട്ടുതരാന്‍ ആവശ്യപ്പെട്ടു. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ടയില്‍ തടവിലാക്കിയ വലിയഹസനെ ഏതാനും നാളുകള്‍ക്കുള്ളില്‍ പോര്‍ചുഗീസ് നേതാവ് ഹെന്‍ഡ്രി ഡി മെനസിസ് തൂക്കിക്കൊന്നു. ഇത് മാപ്പിളമാരുടെ പോര്‍ചുഗീസ് സാമ്രാജ്യത്വ വിരുദ്ധ വികാരത്തെ ആളിക്കത്തിച്ചു. പുതിയതായി സ്ഥാനമേറ്റ സാമൂതിരിപ്പാട്  പോര്‍ചുഗീസുകാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. കൊച്ചി - പൊന്നാനി - കോഴിക്കോട് - കണ്ണൂര്‍ തീരങ്ങളിലായി അഞ്ചുമാസം നീണ്ടു നിന്ന കടുത്ത പോരാട്ടത്തില്‍ വിജയം ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍  മാറി മറിഞ്ഞു. 1526 ഒക്‌ടോബറില്‍ കോഴിക്കോട്ടെ പറങ്കിക്കോട്ട സംരക്ഷിക്കാനായി നേരിട്ടെത്തിയ മെനസിസിനേയും സംഘത്തേയും കുഞ്ഞാലിയും സംഘവും ശക്തമായി നേരിടുകയും തിരിച്ചോടിക്കുകയും ചെയ്തു. ഈ യുദ്ധത്തിലേറ്റ പരിക്ക് കാരണം മെനസിസ് കൊല്ലപ്പെട്ടു.
കുഞ്ഞാലിയുടെ ഗറില്ലാ യുദ്ധതന്ത്രത്തോട് ഏറ്റുമുട്ടുന്നതിലെ  പ്രയാസം തിരിച്ചറിഞ്ഞ പറങ്കിസൈന്യം നേരിട്ടുള്ള തുറന്നയുദ്ധത്തിനായി നിര്‍ബന്ധിതരാക്കുക എന്ന തന്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. ഇത് കുഞ്ഞാലിയുടെ സൈന്യത്തിന് നഷ്ടങ്ങള്‍ സമ്മാനിച്ചു. എങ്കിലും കുഞ്ഞാലിയുടെ നിരന്തരമായ ആക്രമണങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ കൊച്ചി - ഗോവ ബന്ധങ്ങളെ  തടസ്സപ്പെടുത്തുകയും  കോഴിക്കോട്ടെ കോട്ട ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. പറങ്കികളുടെ അധീശത്വ മോഹങ്ങള്‍ക്കുമേല്‍ തുടക്കത്തില്‍ തന്നെ ഒരു വിലങ്ങുതടിയാവാന്‍ കുഞ്ഞാലിക്ക് സാധിച്ചു. ഇതവരുടെ പില്‍ക്കാലത്തെ പ്രയാണത്തെ സാരമായി ബാധിക്കുകയും ചെയ്തു. തന്ത്രപ്രധാനവും ബലമേറിയതും ആയിരുന്നിട്ടുകൂടി 1525 ല്‍ കോഴിക്കോട്ടെ പോര്‍ചുഗീസ് കോട്ട അവര്‍ക്ക് പൂര്‍ണ്ണമായൂം ഉപേക്ഷിക്കേണ്ടിവന്നു. കല്ലായിപ്പുഴയുടെ തീരത്തായി നിര്‍മ്മിച്ചിരുന്ന ഈ കോട്ട  ശക്തവും കൊച്ചി കോട്ടയുടെ സമാന മാതൃകയില്‍ ഉള്ളതും ആയിരുന്നു.20
കുഞ്ഞാലി മരക്കാര്‍ ഒന്നാമന്റെ മരണശേഷം 1531 ല്‍ അദ്ദേഹത്തിന്റെ  പുത്രന്‍ കുട്ടിപോക്കരെ കുഞ്ഞാലി രണ്ടാമന്‍ എന്ന പേരില്‍  നാവിക സേനാനായകനായി സാമൂതിരി നിയമിച്ചു. നാല്‍പ്പതു കൊല്ലം അദ്ദേഹം നായകസ്ഥാനത്ത് തുടരുകയും പോര്‍ച്ചുഗീസുകാര്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തു. എന്നാല്‍ സാമന്തന്‍മാര്‍ വഴിയും മറ്റു പല മാര്‍ഗ്ഗങ്ങളിലൂടെയുമായി സാമൂതിരിക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം രൂപപ്പെടുത്താന്‍ ആ കാലത്ത് പോര്‍ചുഗീസുകാര്‍ക്ക് കഴിഞ്ഞു. 1531 ല്‍ ഗുജറാത്തിലേക്കു പോയ സാമൂതിരിയുടെ ഏതാനും കപ്പലുകള്‍ അവര്‍ പിടിച്ചെടുക്കുകും ആലി ഇബ്രാഹിം മരക്കാരേയും കുട്ടി ഇബ്രാഹീമിനേയും തടങ്കലിലാക്കുകയും ചെയ്തു. തുടര്‍ച്ചയായ യുദ്ധങ്ങള്‍മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സാമൂതിരി പോര്‍ച്ചുഗീസുമായി സന്ധിയിലാവാന്‍ നിര്‍ബന്ധിതനായി. തദടിസ്ഥാനത്തില്‍ 1532 ല്‍ പോര്‍ചുഗീസുകാര്‍  ചാലിയത്ത് ഒരു പുതിയ കോട്ട പണിതു.  അറബി കച്ചവടത്തിന്റേയും സാമൂതിരിയുടെ നാവിക മുന്നേറ്റത്തിന്റേയും കേന്ദ്രമായ ചാലിയത്ത് ഉയര്‍ന്ന ഈ കോട്ട  പോര്‍ചുഗീസുകാര്‍ക്ക് ഏറെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.
അതേയവസരം ഗറില്ലാ സമരമുറയിലൂടെ  കുഞ്ഞാലി രണ്ടാമന്റെ നേതൃത്വത്തില്‍  1530 - 1537 കാലത്ത് കോറമാണ്ഡല്‍ - സിലോണ്‍ മേഖലയില്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.  1537 ല്‍ സാമൂതിരി സൈന്യം കൊടുങ്ങല്ലൂരിലേക്ക് നീങ്ങുകയും പോര്‍ച്ചുഗീസുകാരെ തുരത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് കൊച്ചിയില്‍ വച്ച് ശക്തമായ തിരിച്ചടി നേരിടേണ്ടിവന്നു. ഈ കാലത്ത് പോര്‍ച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് സാമൂതിരി പല വിദേശ രാജ്യങ്ങളുമായി സഹായത്തിന് ശ്രമിക്കുകയും തുര്‍ക്കിയില്‍ നിന്ന് ഒരു നാവികപ്പട 1538 ജൂണില്‍ കോഴിക്കോട് ലക്ഷ്യമാക്കി പുറപ്പെടുക പോലുമുണ്ടായി. എന്നാല്‍ ഈ സാമൂതിരിപ്പാടിന്റെ മരണത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുപോയി. തുടര്‍ന്നുവന്ന സാമൂതിരി പറങ്കികളുമായി 1540 ജനുവരിയില്‍ പൊന്നാനിയില്‍ വച്ച് കരാറില്‍ ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം പറങ്കികള്‍ക്ക് കോഴിക്കോടിലെ കുരുമുളക് വ്യാപാര കുത്തകയും അറബിക്കടല്‍ വഴിയുള്ള വ്യാപാരത്തിനുള്ള പ്രത്യേക അനുമതിയും ഉള്‍പ്പെടെ നിരവധി അവകാശങ്ങള്‍ ലഭിച്ചു. സാമൂതിരിയുടെ രാജാവകാശങ്ങള്‍ പരിമിതപ്പെട്ടു. സന്ധിയിലെ ഭവിഷ്യത്തുകള്‍ മുന്നില്‍ കണ്ട കുഞ്ഞാലിയും സംഘവും തുടക്കം മുതല്‍ തന്നെ ഈ കരാറിനെ എതിര്‍ക്കുകയുണ്ടായി.
എന്നാല്‍ ഈ കരാറിന് അധികം കാലം നിലനില്‍പ്പുണ്ടായില്ല. പതിവുപോലെ ഉടമ്പടി വ്യവസ്ഥകളില്‍ പലതും പറങ്കികള്‍ പാലിച്ചില്ല. കൊച്ചിയും വടക്കുംകൂറും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ സാമൂതിരിയും പറങ്കികളും രണ്ടു ചേരികളിലായി മാറിയതോടെ കരാര്‍ പൂര്‍ണ്ണായി തകരുകയും തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. ഉണര്‍ന്നു പ്രവര്‍ത്തിച്ച കുഞ്ഞാലിയുടെ സൈന്യം പോര്‍ചുഗീസുകാര്‍ക്കു നേരെ കനത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ശക്തമായ പറങ്കിസേനയെ നിരവധി തവണ തോല്‍പ്പിക്കാന്‍ ഇവര്‍ക്കായി. ഈ ഘട്ടത്തില്‍ കുഞ്ഞാലിയുടെ സൈന്യം കാണിച്ച ധീരമായ പ്രവര്‍ത്തനങ്ങള്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ തുഹ്ഫത്തുല്‍ മുജാഹിദീനില്‍  പ്രതിപാദിക്കുന്നുണ്ട്. കുഞ്ഞാലി രണ്ടാമന്റെ നിരന്തരമായ ഗറില്ലാ സമരത്തില്‍ വന്‍ നഷ്ടം നേരിട്ട പറങ്കികള്‍ സിവിലിയന്‍മാരെ ആക്രമിച്ചു. വ്യാപാരശാലകള്‍ കൊള്ളയടിച്ചും വീടുകള്‍ തകര്‍ത്തും പള്ളികള്‍ തീവെച്ചും പകരം വീട്ടി.  അതേയവസരം കുഞ്ഞാലിയും സംഘവും വടക്കേ മലബാറിലെ പറങ്കി കേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ട് ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഡോം ഹെന്റിക്കിന്റേയും മെനസിസിന്റേയും നേതൃത്വത്തിലുള്ള സൈന്യത്തെ  1569 ല്‍ കുഞ്ഞാലി പരാജയപ്പെടുത്തുകയുണ്ടായി.
1570 ല്‍ പോര്‍ചുഗീസുകാരെ അറബിക്കടലില്‍ നിന്നു തന്നെ പുറംതള്ളുന്നതിനുള്ള ഒരു സംയുക്തസഖ്യം  രൂപം കൊള്ളുകയുണ്ടായി.  പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഉരുവപ്പെട്ട പ്രാദേശിക ഐക്യമുന്നണിയുടെ ആദ്യകാല മാതൃകയായിരുന്നു ഇത്. അഹമദ് നഗറിലെ നിസാം ഷാ, ആഷിന്‍ രാജാവ് ബീജാപൂരിലെ ആദിന്‍ ഷാ, സാമൂതിരി തുടങ്ങിയവര്‍ അടങ്ങിയതായിരുന്നു ഈ സംഘം.  ഒരേ സമയം പറങ്കി കേന്ദ്രങ്ങളെ കടന്നാക്രമിക്കുക എന്നതായിരുന്നു തന്ത്രം. നിസാം ഷായെ സഹായിക്കാനായി കുഞ്ഞാലിയും സംഘവും ചൗളില്‍ എത്തുകയും ഇരുപത് ദിവസം അവിടെ താമസിക്കുകയും ചെയ്തു. പറങ്കികള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കിയെങ്കിലും അവസാനം പ്രത്യാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കണ്ണൂര്‍ തീരത്തെത്തി മെനസിസിന്റെ സൈന്യവുമായി ഏറ്റുമുട്ടി. മാപ്പിളപ്പടയുടെ രണ്ട് കപ്പലുകള്‍ മാത്രം അവശേഷിച്ച ഈ യുദ്ധത്തില്‍ കുഞ്ഞാലി രണ്ടാമന്‍ രക്തസാക്ഷ്യം വരിച്ചു.
തുടര്‍ന്ന് കോഴിക്കോട്ടെ പോര്‍ചുഗീസ് ശക്തിദുര്‍ഗ്ഗമായിരുന്ന ചാലിയം കോട്ട പിടിച്ചെടുക്കാന്‍ 1971 ല്‍ നേതൃത്വം നല്‍കിയ  പട്ടു മരക്കാര്‍, കുഞ്ഞാലി മരക്കാര്‍ മൂന്നാമന്‍ എന്ന പേരില്‍ അവരോധിതനായി. ചാലിയം കോട്ടയുടെ തകര്‍ച്ച യഥാര്‍ത്ഥത്തില്‍  കേരളത്തിലെ പോര്‍ചുഗീസ് ശക്തിയുടെ തന്നെ തകര്‍ച്ചയുടെ തുടക്കമായിരുന്നു. കരവഴിയും കടല്‍ വഴിയുമായുള്ള ആസൂത്രിത ആക്രമണത്തിലൂടെ ചാലിയം കോട്ട കുഞ്ഞാലി പൊളിച്ചടുക്കി. ഇത് കേവലമായ ഒരു യുദ്ധവിജയം മാത്രമായിരുന്നില്ല മറിച്ച് ഹിന്ദു മുസ്ലിം ഐക്യത്തിലൂടെ രൂപപ്പെട്ടുവന്ന  സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തിന്റെ സുന്ദര മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു. കോഴിക്കോട് മിസ്‌ക്കാല്‍ പള്ളിയില്‍ വച്ച് സാമൂതിരിയും നായര്‍ പട നേതാക്കളും കുഞ്ഞാലി മരക്കാരും ഒരുമിച്ച് ആസൂത്രണം ചെയ്ത് നടത്തിയ ചാലിയം യുദ്ധത്തിന്റെ വിവരണം ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന്‍ എന്ന അറബി യുദ്ധകാവ്യത്തില്‍ വിശദമാക്കുന്നുണ്ട്.21
സാമൂതിരി രാജാവിന്റെ നിര്‍ദ്ദേശാനുസരണം കുഞ്ഞാലി മൂന്നാമന്‍ വടകരക്കടുത്ത് പുതുപ്പണത്ത് ‘മരക്കാര്‍ കോട്ട’ സ്ഥാപിക്കുകയുണ്ടായി.  ഇവിടമാണ് പില്‍ക്കാലത്ത് കോട്ടക്കല്‍ എന്ന പേരില്‍ അറിയപ്പെട്ടത്.22 ഈ കോട്ട പറങ്കികളെ ഏറെ പരിഭ്രാന്തരാക്കി. സാമൂതിരിയുടെ കൂടി സഹായമുണ്ടെങ്കില്‍ മാത്രമേ കുഞ്ഞാലിമാരെ തളക്കാന്‍ കഴിയുകയുള്ളു എന്നവര്‍ മനസ്സിലാക്കി. നിരന്തരമായ യുദ്ധങ്ങള്‍ മൂലം തളര്‍ന്ന സാമൂതിരിയെ നിര്‍ബന്ധിതനാക്കി അവര്‍ പൊന്നാനിയില്‍ ഒരു  കോട്ട കെട്ടാനുള്ള അനുവാദം വാങ്ങിയെടുത്തു.  ഇത് മലബാറിന് കനത്ത ഭീഷണിയാകുമെന്ന് കുഞ്ഞാലി മൂന്നാമന്‍ സാമൂതിരി രാജാവിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടു. ഈ സംഭവം സാമൂതിരി - കുഞ്ഞാലി മരക്കാര്‍ ബന്ധത്തിന് വിള്ളല്‍ വീഴ്ത്തി. പോര്‍ചുഗീസുകാരെ സംബന്ധിച്ച് ഇത് ഒരു വെടിക്ക് രണ്ട് പക്ഷിയായി. സാമൂതിരിയുടെ സഹായം നഷ്ടമായതോടെ  കുഞ്ഞാലി സ്വയം ശക്തിപ്പെടാന്‍  ശ്രമം ആരംഭിക്കുകയും  കോട്ടയുടെ പ്രതിരോധ സംവിധാനങ്ങള്‍ ബലപ്പെടുത്തുകയും ചെയ്തു.
കുഞ്ഞാലി മൂന്നാമന്‍ തന്റെ സൈന്യത്തെ പുനര്‍ക്രമീകരിച്ചു. യൂറോപ്യന്‍ മാതൃകയില്‍ കപ്പലുകള്‍ നിര്‍മ്മിച്ചു. യുദ്ധോപകരണങ്ങളും വെടിമരുന്നും സ്വന്തമായി  ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. ചൈനയില്‍ നിന്നും വരികയായിരുന്ന ഒരു പോര്‍ചുഗീസ് കപ്പല്‍ പിടിച്ചെടുത്തു. പ്രമുഖ നാവികരായിരുന്ന പൗലെ ഡലിമ, ഡന്‍മസ്, ലൂയി ഡെമല്ലോ തുടങ്ങി നിരവധി പേരെ യുദ്ധം ചെയ്ത് തോല്‍പ്പിച്ചു. കുഞ്ഞാലിയുടെ യഥാര്‍ത്ഥ ശക്തി തിരിച്ചറിഞ്ഞ അവര്‍ സാമൂതിരിയുമായുള്ള ബന്ധം  മെച്ചപ്പെടുത്തുകയും കുഞ്ഞാലിയുടെ സാമൂതിരിയില്‍ നിന്നും പരമാവധി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. 1588 ഓടെ കോഴിക്കോടിനെ തങ്ങളുടെ പ്രധാന കച്ചവട കേന്ദ്രമാക്കുകയും 1591 ല്‍ പ്രത്യേക അവകാശങ്ങളോടുകൂടിയുള്ള ഒരു ചര്‍ച്ച് കോഴിക്കോട് നിര്‍മ്മിക്കാനുള്ള അനുമതി സാമൂതിരിയില്‍ നിന്നും നേടിയെടുക്കുകയും ചെയ്തു. എങ്കിലും ഗോവ മുതല്‍ സിലോണ്‍ വരെയുള്ള പോര്‍ച്ചുഗീസ് ആധിപത്യത്തെ അശക്തമാക്കാന്‍ പട്ടു മരക്കാര്‍ക്ക് സാധിച്ചു. 1571 ലെ ചാലിയം കോട്ടയുടെ തകര്‍ച്ച സാമൂതിരി - കുഞ്ഞാലി  ഐക്യമാണ് തങ്ങളുടെ ഏറ്റവും വലിയ പ്രതിബന്ധം എന്ന പോര്‍ചുഗീസ് ധാരണയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അത് തകര്‍ക്കുന്നതിനുള്ള കുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.  അടിച്ചമര്‍ത്തുംതോറും തിരിച്ചടിക്കുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന കുഞ്ഞാലിമാരുടെ ആത്മീയതയിലൂന്നിയ സൈനിക ബലത്തെ  കുതന്ത്രത്തിലൂടെയല്ലാതെ നശിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ചെറിയ പിഴവുകളെ പെരുപ്പിച്ച് കാണിച്ചും കള്ളക്കഥകള്‍ പ്രചരിപ്പിച്ചും സാമൂതിരി - കുഞ്ഞാലി ബന്ധത്തിനും  മലബാറിലെ ഹിന്ദു - മുസ്ലിം  ഐക്യത്തിനും വിള്ളല്‍ വരുത്താനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുകയുണ്ടായി. ഈ പദ്ധതി പതിയെ പതിയെ ലക്ഷ്യം കണ്ടു.
1595 ല്‍ കുഞ്ഞാലി മരക്കാര്‍ മൂന്നാമന്റെ മരണശേഷം മുഹമ്മദലി മരക്കാര്‍ കുഞ്ഞാലി നാലാമനായി പുതുപ്പണം കോട്ടയില്‍ സ്ഥാനമേറ്റു. 1586 മുതല്‍ തകര്‍ന്നുകൊണ്ടിരുന്ന സാമൂതിരിയുമായുള്ള ബന്ധം ഈ കാലത്ത് കൂടുതല്‍ ദുര്‍ബലമായി. അപകടം മുന്‍കൂട്ടി കണ്ട കുഞ്ഞാലി തന്റെ കോട്ട കടല്‍ - കര മാര്‍ഗ്ഗങ്ങളിലെല്ലാം ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരു കൂട്ടരും തമ്മിലുള്ള അകല്‍ച്ച പരമാവധി വളര്‍ത്താന്‍ പോര്‍ചുഗീസുകാര്‍ പരമാവധി ശ്രമിച്ചു. കുടില തന്ത്രജ്ഞനായ അല്‍വാറോഡ അബ്രാച്ചേ സാമൂതിരിയെ സന്ദര്‍ശിക്കുകയും ഐക്യപ്പെടലിനായി ഒരു കരാറിലെത്തുകയും ചെയ്തു. സാമൂതിരിയുടേയും പോര്‍ചുഗീസുകാരുടേയും സംയുക്ത സൈന്യം  1599 മാര്‍ച്ച് അഞ്ചിന് പുതുപ്പണം കോട്ട ആക്രമിച്ചു. പറങ്കികളിലെ അതി പ്രശസ്തരടങ്ങുന്ന ഒരു വന്‍ നാവികസേനയെത്തന്നെ അവര്‍ അണിനിരത്തി. അറുനൂറ് പോര്‍ചുഗീസുകാരും അഞ്ഞൂറ്  നായര്‍ പടയാളികളും അണിനിരന്ന ഈ പുറപ്പാടിനെ എന്നാല്‍ കുഞ്ഞാലിയുടെ ധീര സേനാനികള്‍ ശക്തമായ തിരിച്ചടിയിലൂടെ പിടിച്ചുനിര്‍ത്തി.
സര്‍വ്വ സന്നാഹങ്ങളും ഒരുക്കി നടത്തിയ യുദ്ധത്തിലെ പരാജയം  പറങ്കികളെ നിരാശരും അപമാനിതരുമാക്കി. മാതൃരാജ്യത്തു നിന്നും കടുത്ത വിമര്‍ശനം നേതൃത്വത്തിന് ഏല്‍ക്കേണ്ടി വന്നു. ഫുര്‍താദോവിന്റെ കീഴില്‍ അതിശക്തമായ ഒരു സൈന്യം കുഞ്ഞാലിക്കെതിരെ തയ്യാറാക്കപ്പെട്ടു. ഫുര്‍ത്താദോ സാമൂതിരിയെ സന്ദര്‍ശിക്കുകയും കരയില്‍ നിന്നും കടലില്‍ നിന്നും സംയുക്തമായുള്ള ഒരു അതിശക്തമായ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയും ചെയ്തു.
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതത്തിലെ വികാരനിര്‍ഭരമായ അന്ത്യസന്ദര്‍ഭം വിശദമാക്കാന്‍  ഈ പ്രബന്ധം അപര്യാപ്തമാണ്. മാതൃരാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച് സാമ്രാജ്യത്വ ഭീകരതക്കെതിരെ പോരാടിയ ഒരു നീണ്ട തലമുറയിലെ ജീവിക്കുന്ന രക്തസാക്ഷികളായിരുന്നു കുഞ്ഞാലി നാലാമനും സംഘവും. തന്റെ മുന്‍ഗാമികള്‍  ഉയിരു നല്‍കി പരിപാലിച്ച സചിവോത്തമന്റെ പിന്‍ഗാമി തനിക്കെതിരെ ശത്രുപാളയത്തില്‍ നിലയുറപ്പിച്ചത് തീര്‍ച്ചയായും അവര്‍ക്ക് ഏറ്റവും വലിയ ആഘാതമായിരിക്കാം. ശത്രുപാളയം ശക്തമാകുമ്പോള്‍ കുഞ്ഞാലി പുറംലോകത്തുനിന്നും സുഹൃത്തുക്കളില്‍ നിന്നും പ്രതീക്ഷിച്ച സഹായമൊന്നും ലഭിക്കാതെ ദിനേന കോട്ടയില്‍ ഒറ്റപ്പെട്ടു. കോട്ടയുടെ നാലു ഭാഗവും ശത്രു സൈന്യം വളഞ്ഞതോടെ തന്റെ കൂടെയുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ഓര്‍ത്ത് തന്റെ രാജാവിനു സമക്ഷം കീഴടങ്ങാമെന്നും ജീവന് രക്ഷ നല്‍കണമെന്നും കുഞ്ഞാലി അറിയിച്ചു. എന്നാല്‍ പറങ്കി സൈനികത്തലവന്‍ ഫുര്‍ത്താദോ കുഞ്ഞാലിയെ അവരെ ഏല്‍പ്പിക്കണമെന്ന്  സാമൂതിരിയോട് ആവശ്യപ്പെട്ടു. തന്റെയും അനുയായികളുടെയും ജീവനും സ്വത്തിനും ഉറപ്പ് നല്‍കികൊണ്ടുള്ള എഴുത്ത് അടിസ്ഥാനമാക്കി  വാള് താഴ്ത്തിപ്പിടിച്ചുകൊണ്ട്  കുഞ്ഞാലി ചിന്ന കുട്ട്യാലിയുമൊത്ത് 1600 മാര്‍ച്ച് 16 ന് സാമൂതിരിക്കു മുന്നില്‍ കീഴടങ്ങാനായി എത്തി. ഉടനടി ഫുര്‍ത്താദോവിന്റെ സൈന്യം അവരെ ബലമായി പിടിച്ച് വിലങ്ങു വെച്ചു. സ്തബ്ദരായ നായര്‍ പടയാളികള്‍ ഈ വഞ്ചനക്കെതിരെ പ്രതിഷേധിച്ചെങ്കിലും സാമൂതിരി ഇടപെട്ട് അവരെ അടക്കിനിര്‍ത്തി. കോട്ട കൊള്ളയടിച്ച് നിലംപരിശാക്കിയ പോര്‍ചുഗീസുകാര്‍ കുഞ്ഞാലിയെ ഗോവയിലേക്ക് കൊണ്ടുപോയി ജനക്കൂട്ടത്തിന് മുമ്പാകെ തലയറുത്തു കൊന്നു. തങ്ങളുടെ സൈ്വര്യവിഹാരത്തിന് ഇത്രയും നാള്‍ വഴിമുടക്കി നിന്ന ആ ധീരനോടുള്ള പക അവര്‍ക്ക് അതിലും തീര്‍ന്നില്ല. ഛേദിക്കപ്പെട്ട തല ഉപ്പിലിട്ട് കണ്ണൂരിലേക്ക് കൊടുത്തയക്കുകയും കൈകാലുകള്‍ പരസ്യമായി തെരുവോരങ്ങളില്‍ തൂക്കിയിടുകയും ചെയ്തു.23
കുഞ്ഞാലി നാലാമന്റെ അന്ത്യം ഒരു വ്യക്തിയുടെ അന്ത്യമായിരുന്നില്ല. പറങ്കി സാമ്രാജ്യത്വ കൊള്ളക്കെതിരെ  മലബാര്‍ ഉയര്‍ത്തിയ ധീരമായ ചെറുത്തുനില്‍പ്പിന്റെ അന്ത്യം കൂടിയായിരുന്നു. കുഞ്ഞാലിമാരുടെ ചരിത്രം മറ്റു കോളനി വിരുദ്ധ സമരങ്ങളില്‍ നിന്നും  വ്യത്യസ്തമാക്കുന്നത് പ്രധാനമായും അതിന്റെ തുടര്‍ച്ചയുടെ  സൗന്ദര്യമാണ്. ഒരു നൂറ്റാണ്ടു കാലം ലോകത്തിലെ ഏറ്റവും ശക്തമായ  ഒരു സൈന്യത്തിനു മുന്നില്‍ ആത്മബലം ചോരാതെ വ്യത്യസ്ത വ്യക്തികളിലൂടെ തലമുറകളായി പോരാട്ടം കൈമാറ്റം ചെയ്യപ്പെടുക എന്നത് ചരിത്രത്തില്‍ അത്യപൂര്‍വ്വം തന്നെയാണ്. പ്രസിദ്ധ ചരിത്രകാരന്‍ കെ.എം. പണിക്കര്‍ എഴുതുന്നു. പോര്‍ചുഗീസുകാര്‍ക്കെതിരായ നൂറു കൊല്ലത്തെ യുദ്ധത്തില്‍ മരക്കാര്‍ കുടുംബം കഴിവുറ്റ ഒരു കൂട്ടം നാവികപ്പട നായകന്‍മാരെ നല്‍കുകയുണ്ടായി. അസാദ്ധമായ ആത്മധൈര്യം, എന്തിനും മുന്നിട്ടിറങ്ങാനുള്ള സന്നദ്ധത, കപ്പലോടിക്കാനുള്ള വൈദഗ്ദ്ധ്യം, ഏറ്റെടുത്ത കാര്യങ്ങള്‍  പൂര്‍ണ്ണതയിലെത്തിക്കാനുള്ള ദൃഢ പ്രയത്‌നം എന്നീ കാര്യങ്ങളിലെല്ലാം തന്നെ ലോക ചരിത്രത്തില്‍ തന്നെയുള്ള മഹാന്‍മാരായ സൈനിക നേതാക്കള്‍ക്ക് തുല്യരായിരുന്നു അവര്‍.24
കുഞ്ഞാലിമാരുടെ ചരിത്രം നിരവധി പഠന ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇവയില്‍ സത്യവും മിഥ്യയും കലര്‍ന്നവയാണ്. തങ്ങളുടെ ഇന്ത്യന്‍ അധിനിവേശ താല്‍പര്യങ്ങളുടെ മുന്നിലെ പ്രതിരോധ കോട്ടയായി മാറിയ കുഞ്ഞാലിമാരെ തകര്‍ക്കാന്‍ പോര്‍ചുഗീസുകാര്‍ ആ കാലത്ത് പ്രചരിപ്പിച്ച പല അസത്യങ്ങളും പില്‍ക്കാല രചനകളില്‍ ആധികാരിക രേഖകളായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സാമൂതിരിയുടെ അധികാരത്തിനു മേല്‍ കോട്ടക്കല്‍ കേന്ദ്രീകരിച്ച് ഒരു സ്വതന്ത്ര ഭരണം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു നാലാം കുഞ്ഞാലി എന്നും  കോട്ടക്ക് തൊട്ടടുത്തായി താമസിച്ചിരുന്ന ഒരു നായര്‍ തറവാട്ടിലെ സ്ത്രീയെ അപമാനിച്ചതാണ് സാമൂതിരിയെ പ്രകോപിതനാക്കിയത് എന്നുമുള്ള പരാമര്‍ശങ്ങള്‍.25 യഥാര്‍ത്ഥത്തില്‍ കോട്ടയുടെ അടുത്തോ കോട്ടക്കല്‍ ഗ്രാമത്തില്‍ തന്നെയോ അന്നോ പില്‍ക്കാലത്തോ ഒരു നായര്‍ തറവാട് ഉണ്ടായിരുന്നില്ലത്രെ. മരുമക്കത്തായ സമ്പ്രദായത്തില്‍ വംശം നിലനിര്‍ത്താന്‍ അയല്‍ പ്രദേശത്തെ ഒരു നായര്‍ തറവാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടിയെ അവരുടെ അനുമതിയോടെ ദത്തെടുത്തതുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ തെറ്റായി  വ്യാഖ്യാനിക്കപ്പെട്ടതാണതെന്ന് പില്‍കാല പഠനങ്ങള്‍ അവകാശപ്പെടുന്നു.26മാത്രമല്ല, കോട്ടക്കലോമന കുഞ്ഞാലിക്ക് നായരും തിയ്യരുമൊന്നുപോലെ’എന്ന കടത്തനാടന്‍ ഞാറുപാട്ടിന്റെ പൊരുള്‍ കുഞ്ഞാലിമാര്‍ ഉയര്‍ത്തിപ്പിടിച്ച ജാതിമതഭേദമെന്യേയുള്ള സൗഹാര്‍ദ്ദത്തിന്റെ ജനകീയമുഖം വ്യക്തമാക്കുന്നു.

കുഞ്ഞാലി മരക്കാര്‍മാരുടെ ജീവിതത്തേയും യജ്ഞങ്ങളേയും അധികരിച്ച് അനവധി പഠനങ്ങള്‍ ലഭ്യമെങ്കിലും അവര്‍ വളര്‍ത്തിയെടുത്ത നാവിക സാങ്കേതിക വിദ്യകളെക്കുറിച്ചോ നാവിക തന്ത്രങ്ങളെക്കുറിച്ചോ വിശദവും സൂക്ഷ്മവുമായ പഠനങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്.  തനത് പോര്‍ചുഗീസ് രേഖകളാണ് അതിനായുള്ള സുപ്രധാന ഉപദാനം. കാരണം കോഴിക്കോട് ചരിത്രത്തിന്റെ സുപ്രധാനമായ ഉപദാനമായ സാമൂതിരി കൊട്ടാരം ഗ്രന്ഥവരികളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഇല്ല. രാഷ്ട്രീയത്തേക്കാള്‍ ഇത്തരം രേഖകളില്‍ വിശ്വാസ - ആചാരപരമായ പരാമര്‍ശങ്ങള്‍ക്കാണ് പ്രാമുഖ്യം. യുദ്ധവും കലഹവും സാധാരണമായ ആ കാലത്ത് അത്തരം കാര്യങ്ങള്‍ക്ക് വലിയ പ്രാമുഖ്യം കൊടുക്കാതെ മാപ്പിളമാര്‍ക്ക് വിട്ടുകൊടുക്കുകയും  അമ്പല കാര്യങ്ങളില്‍ വ്യാപൃതരാകുകയുമായിരുന്നു നേതൃത്വം. മൈസൂര്‍ സൈന്യം പടിക്കലെത്തിയപ്പോള്‍ തൃപ്രയാര്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനെ നിയമിക്കുന്ന ചര്‍ച്ചയിലായിരുന്നത്രെ തമ്പുരാക്കന്‍മാര്‍!27 അതേയവസരത്തില്‍ സമകാലിക ലോകത്തെ ശക്തരായ നിരവധി രാജ്യങ്ങളുമായി  മരക്കാര്‍മാര്‍ സൈനിക സഹായ ബന്ധങ്ങളിലേര്‍പ്പെട്ടതായി ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. മറഞ്ഞു കിടക്കുന്ന ചരിത്ര ഉപദാനങ്ങളെ ശാസ്ത്രീയവും വിമര്‍ശനാത്മകവുമായി പുനര്‍വായന നടത്തി പ്രാദേശിക നാവിക - തനത് സാങ്കേതിക വിദ്യകളുമായി താരതമ്യപ്പെടുത്തിയുള്ള ഒരു സൂക്ഷ്മ ഗവേഷണം താല്‍പ്പര്യപ്പെടുന്ന ഒരു മേഖലയാണ്. പതിനാറാം നുറ്റാണ്ടില്‍ മലബാര്‍ വളര്‍ത്തിയെടുത്ത ചെറു പോരു നാവിക വ്യൂഹങ്ങളെ  ഉള്‍പ്പെടുത്തിയുള്ള‘'Hit and Run’ എന്ന പേരില്‍ പ്രസിദ്ധമായ ഗറില്ലാ ആക്രമണ ശൈലിയെക്കുറിച്ചും അതിനായി വികസിതമായ നാവിക സങ്കേതങ്ങളെക്കുറിച്ചുമുള്ള പഠനം ഇനിയും നടക്കേണ്ടതായിട്ടുണ്ട്. വന്‍ നാവിക കപ്പലുകളെ നേരിട്ട്  കടന്നാക്രമിക്കുക എന്ന  സാമ്പ്രദായിക രീതിക്കു പകരം അല്‍പ്പം അകലെ നിന്നുകൊണ്ട് വട്ടം ചുറ്റി വലിയ കപ്പലുകള്‍ക്ക് പരമാവധി നാശം വരുത്തി ബലഹീനമാക്കുകയും തുടര്‍ന്ന് അപ്രതീക്ഷിതമായി കൂട്ടം ചേര്‍ന്ന് കടന്നാക്രമിക്കുകയും ചെയ്യുകയായിരുന്നു ഈ രീതിയുടെ പ്രത്യേകത എന്ന് പ്രൊഫ. എം.ജി.എസ് നാരായണന്‍ നിരീക്ഷിക്കുന്നു.28
ഇന്ത്യന്‍ നാവിക ചരിത്രത്തിലെ സുപ്രധാന ഏടാണ് മലബാറിലെ മരക്കാര്‍ കലാപം. അവര്‍ വളര്‍ത്തിയെടുത്ത നാവിക പാരമ്പര്യം തിരിച്ചറിഞ്ഞ് ഇന്ത്യന്‍ നേവി കുഞ്ഞാലി മരക്കാര്‍ നാലാമന്റെ നാനൂറാം ചരമ വാര്‍ഷികം ആചരിക്കുകയുണ്ടായി. 2000 ഡിസംബറില്‍ ഒരു പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി. ചാലിയത്തെ പറങ്കിക്കോട്ട കീഴ്‌പ്പെടുത്താന്‍ കുഞ്ഞാലി മരക്കാരുടെ സൈന്യം പ്രയോഗിച്ച ഉപരോധ തന്ത്രം 1971 ല്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ നാവികസേന പ്രയോഗിച്ചതായി ക്യാപ്റ്റന്‍ എ. എച്ച് മിറ്റനിസ് കുറിച്ചിരിക്കുന്നു. ചെറു നൗകകള്‍ക്കു ചുറ്റും പഞ്ഞിയും മറ്റു കനംകുറഞ്ഞ വസ്തുക്കളും കെട്ടിവെച്ച് ഭദ്രമാക്കി വ്യത്യസ്തവും നവീനവുമായ പ്രതിരോധ സംവിധാനങ്ങള്‍  നാവിക മേഖലയില്‍ അവര്‍ പരീക്ഷിക്കുകയുണ്ടായി.29 ഈ ധീരദേശാഭിമാനികളുടെ ഓര്‍മ്മക്കായി മുംബൈയ്ക്കടുത്ത് കൊലാബായിലെ നാവിക ബാരക്കിന് ഐ.എന്‍.എസ്. കുഞ്ഞാലി’എന്ന് നാമകരണം ചെയ്യുകയുണ്ടായി.
മരക്കാര്‍മാര്‍ അറബിക്കടല്‍ തീരത്ത് പതിനാറാം നൂറ്റാണ്ടില്‍ നടത്തിയ ചെറുത്തുനില്‍പ്പ് കേവലം സൈനിക പ്രവര്‍ത്തനം മാത്രമായിരുന്നില്ല. മലബാറിന്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വികാസത്തിലെല്ലാം അനുരണനങ്ങള്‍ സൃഷ്ടിച്ച ബഹുമുഖതല സ്പര്‍ശിയായ  ഇടപെടലുകളായിരുന്നു. കേരളം ഗോവ പോലെ പോര്‍ചുഗീസ് കോളനി ആവാതെ നിലനിന്നു എന്നതാണ് അതില്‍ ഏറ്റവും സുപ്രധാനം.

 അടിക്കുറിപ്പുകള്‍
1. ഇസ്ലാമിക വിജ്ഞാനകോശം Vol. 8 P. 144
2. സൈനുദ്ദീന്‍ മന്ദലാംകുന്ന്, കേരള മുസ്ലിം ചരിത്രം, നിര്‍മിത സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും, കാപ്പിറ്റല്‍ ബുക്‌സ്,  Calicut, 2012, P. 50
3 മുഹമ്മദ്‌കോയ പരപ്പില്‍, കോഴിക്കോട്ടെ മുസ്ലീംകളുടെ ചരിത്രം ഡോ. പി.ബി. സലിം, എന്‍.പി. ഹാഫീസ് മുഹമ്മദ്, എം.സി. വസിഷ്ഠ് (എഡി.), മലബാര്‍ പൈതൃകവും പ്രതാപവും, മാതൃഭൂമി, 2011, ജ 153
4 കൂടുതല്‍ വായനക്ക് : O. K. Nambiar, The Kunjalis; Admirals of Calicut, Ask Publishers, Bombay,  Plus MC, Portugese Cochin and the maratime trade of India; 1500 - 1663, Un published Phd thesis, Dept. of History, Pondichery University, 1998
5 K.V. Krishna Iyyer - The Zamorins of Calicut, University of Calicut, 1999 (1938)
6.  ടി. മുഹമ്മദ്, മാപ്പിള സമുദായം : ചരിത്രം, സംസ്‌കാരം  IPH, 2013, P. 70
7. ഡോ. ജോണ്‍ ഓച്ചന്തുരുത്ത്, കലാകൗമുദി, ലക്കം 1547, 2005 May 1
8. കൂടുതല്‍ വായനക്ക് : സൈനുദ്ദീന്‍ മന്ദലാംകുന്ന്,  OP cit.
9. ടി. മുഹമ്മദ്, OP cit.  P. 70
10. Pious MC, OP cit
11. അധിക വായനക്ക് പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍, കേരള മുസ്‌ലിംകള്‍, ചെറുത്തുനില്‍പ്പിന്റെ ചരിത്രം IPH P. 1995
12. കൂടുതല്‍ വായനക്ക്  കെ.ടി. ഹുസൈന്‍, കേരള മുസ്‌ലിംകള്‍ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രം IPH, 2008
13. M.N Pearson, Costal Western India, Concept Publishing Company, 1981  P. 19
14. M.N Pearson 1989 ല്‍ കൊച്ചിയില്‍ വച്ചു നടന്ന പോര്‍ച്ചുഗീസ് ചരിത്ര സെമിനാറില്‍  അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന് പ്രൊഫ. കെ.എം. ബഹുവുദ്ദീന്‍, OP cit.  P. 76
15. Pius MC, OP cit.  P.244
16. M.G.S Narayanan, Calicut : The City of Truth Revisited, University of Calicut, 2006, P 211
17. O. K. Nambiar, The Kunjalis; Admirals of Calicut, Ask Publishers, Bombay, PP 97  98
18. K.S Mathew : Portugeese Trade with  India in the 16th Century, P 185  188
19. ഇസ്‌ലാമിക വിജ്ഞാനകോശം Vol. 8 P. 145
20. The Book of Durant Barbosa, London, 1921 Vol II, PP 86  87,  ഡോ. പി.ബി. സലീമും സംഘവും എഴുതിയ മലബാര്‍ പൈതൃകവും പ്രതാപവും (മാതൃഭൂമി ബുക്‌സ്) എന്ന ഗ്രന്ഥത്തില്‍ കെ.എ. മാത്യു എടുത്ത് ഉദ്ധരിച്ചത്.
21. കൂടുതല്‍ വായനക്ക് ഖാദി മുഹമ്മദിന്റെ ഫത്ഹുല്‍ മുബീന്‍, ഡോ. മങ്കട അബ്ദുല്‍ അസീസ് (വിവ) അല്‍ഹുദ ബുക്‌സ്, കോഴിക്കോട്
22. എസ്. വി. മുഹമ്മദ്, ചരിത്രത്തിലെ മരക്കാര്‍ സാന്നിധ്യം, വചനം ബുക്‌സ്, കോഴിക്കോട്, 2008 ജജ. 184  189
23. ഇസ്‌ലാമിക വിജ്ഞാനകോശം Vol. 8 
24. K.M Panicker, Malabar and the Portugese, Voice of India, NewDelhi, 1977, P. 18
25. O.K Nambiar, OP. cit
26. എസ്.വി. മുഹമ്മദ്  OP. cit
27 എം.ജി.എസ് നാരായണനുമായി 15. 10. 2013 ന് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്, എസ്.വി. മുഹമ്മദ്  OP. cit അവതാരികയിലും ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്.
28. Ibid
29. എസ്.വി. മുഹമ്മദ്  OP. cit P 20
author image
AUTHOR: അജ്മല്‍ കൊടിയത്തൂര്‍
   (അസി.പ്രൊഫ. എം.എ.എം.ഒ. കോളെജ്, മുക്കം)