ചേരമാന്‍ പള്ളി: പൈതൃകവും സംസ്‌കാരവും

ഇഹ്തിശാം ബിന്‍ ഇബ്‌റാഹീം   (അസ്ഹറുല്‍ ഉലൂം, ആലുവ)

കേരള ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നടന്നിട്ടുളള മതപരിവര്‍ത്തനങ്ങളില്‍ ഏറ്റവും  പ്രശസ്തമാണ് ഇന്ത്യയിലെ ആദ്യത്തെ പളളിയായ ചേരമാന്‍ പളളിയുടെ സ്ഥാപകന്‍ ചേരമാന്‍ പെരുമാളിന്റേത്. കേവലം ഒരു കത്തിലൂടെ കേരളത്തിലെ ആദ്യത്തെ പളളിയുടെ സ്ഥാപകനായി മാറിയ ചേരമാന്‍ പെരുമാള്‍ (താജുദ്ദീന്‍)  കേരളത്തില്‍ നിന്നുളള ആദ്യത്തെ മുസ്‌ലിമായിട്ടാണ് അറിയപ്പെടുന്നത്.
 ചേരമാന്‍ പെരുമാളിനെക്കുറിച്ചും ചേരമാന്‍ പളളിയെക്കുറിച്ചും ചരിത്രത്തില്‍ ഒരുപാട് അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ സാധിക്കും. ക്രി. 627 -ല്‍ ഒരു ശിവക്ഷേത്രം പളളിയായി ഉപയോഗിക്കാന്‍ വിട്ടുകൊടുത്തു എന്നതാണ് ഒരഭിപ്രായം. കേരള വ്യാസന്‍ എന്നറിയപ്പെടുന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ അഭിപ്രായം പഴയ ഒരു ബുദ്ധവിഹാരം പളളിയായി വിട്ടുകൊടുത്തു എന്നതാണെങ്കിലും ഭൂരിഭാഗം പണ്ഡിതരുടെയും അഭിപ്രായം പുതിയൊരു ആരാധനാലയം നിര്‍മിച്ചു എന്നതാണ്. നിര്‍മാതാക്കളായ തച്ചന്മാര്‍ ക്ഷേത്രനിര്‍മാണ മാതൃകയോട് മുസ്‌ലീം ആരാധനാലയസമ്പ്രദായത്തിന്റെ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പള്ളിയുടെ നിര്‍മിതി നടത്തിയത്. അകംപളളി, മിഹ്‌റാബ്, മിമ്പര്‍ എന്നിവ മാലിക് ദീനാറിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടിച്ചേര്‍ത്തതുമാകാം.
ഈ ചരിത്രം വസ്തുനിഷ്ഠമാണെങ്കില്‍ ഈ പളളിയുടെ ചുറ്റു ഭാഗത്തുളള ആളുകളാണ് കേരളത്തിലെ ആദ്യ മുസ്‌ലിംകള്‍ എന്നും മനസ്സിലാക്കണം. ഇവിടെതന്നെ ആകാം ഇസ്ലാമിന്റെ ആദ്യ സാംസ്‌കാരിക മതകീയപരിവര്‍ത്തനമുണ്ടായതും. മുസ്‌ലിംകള്‍ക്ക് അന്നുണ്ടായിരുന്ന പാരമ്പര്യ ഹൈന്ദവ വിശ്വാസികള്‍ക്കിടയിലായിരുന്നു പ്രബോധനം നടത്തേണ്ടിയിരുന്നത്. അതിന്റെ വ്യക്തമായ അടയാളമാണ് കൊടുങ്ങല്ലൂരിന്റെ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ക്കുളള രണ്ടാം സ്ഥാനം. ചേരമാന്‍ പളളി കേരള ഭൂമികയില്‍ സാസ്‌കാരികവും പ്രബോധനപരവുമായ വിപ്ലവം സാധിച്ചിട്ടുണ്ട്.              

ചേരമാന്‍ പെരുമാള്‍
ചേരമാന്‍ പളളിയെക്കുറിച്ചെഴുതുമ്പോള്‍ അതിന്റെ സ്ഥാപകനായ ചേരമാന്‍ പെരുമാളിനെ വിസ്മരിക്കല്‍ ഉചിതമല്ല. വ്യത്യസ്തമായ ഒരു വിശ്വാസത്തെ ആത്മാവിലാവാഹിക്കന്‍ സിംഹാസനം ഉപേക്ഷിച്ച രാജാവിന്റെ ഐതിഹാസിക ചിത്രം ചരിത്രത്തിലെ മഹനീയവും അപൂര്‍വവുമായ കാഴ്ചയാണ്. കേരളത്തിലെ മഹോദയപുരം (കൊടുങ്ങല്ലൂര്‍) ഭരിച്ച ചേര സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയാണ് ചേരമാന്‍ പെരുമാള്‍. അദ്ദേഹത്തിന്റെ ഭരണത്തെയും, ഇസ്‌ലാം സ്വീകരണത്തെയും കുറിച്ച് വ്യത്യസ്തങ്ങളായ ചരിത്രങ്ങളാണ് പ്രചാരത്തിലുള്ളത്. ചരിത്രവും ഐതിഹ്യങ്ങളും കൂടിക്കലര്‍ന്നതാണവ.
18-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട കേരളോല്‍പ്പത്തി, 20ാം ശതകത്തില്‍ എഴുതപ്പെട്ട ഐതിഹ്യമാല, തമിഴില്‍ പ്രശസ്തമായ പെരിയപുരാണം, 16ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട, ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍, മുഹമ്മദ് സുഹറവര്‍ദിയുടെ രിഹ്‌ലത്തുല്‍ മുലൂക്ക് തുടങ്ങിയ കൃതികളിലെല്ലാം ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ശേഷണത്തിന്റെ ചരിത്രം വിവരിച്ചിട്ടുണ്ട്. പ്രവാചകനെ സന്ദര്‍ശിക്കാന്‍ മക്കയിലേക്കു പോയ അദ്ദേഹം മടങ്ങിവരും വഴി അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ദുഫാറില്‍ വെച്ചോ, ശഹര്‍ മുഖല്ലയില്‍ വെച്ചോ മരണത്തിനു കീഴടങ്ങി. മരണത്തിനു മുമ്പ് മലബാറിലെ പ്രാദേശിക ഭരണാധികാരികള്‍ക്കായി മാതൃഭാഷയില്‍ ചില കുറിമാനങ്ങള്‍ എഴുതി വിശ്വസ്തരായ തന്റെ സുഹൃത്തുക്കളെ അദ്ദേഹം ഏല്‍പിച്ചിരുന്നു. പിന്നീട് മാലിക് ബിന്‍ ദീനാറും കൂട്ടാളികളും കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്ന് ഈ കുറിമാനങ്ങള്‍ പ്രാദേശിക പ്രമുഖര്‍ക്ക് നല്‍കി.  അതിലെ നിര്‍ദ്ദേശ പ്രകാരം വിവിധ സ്ഥലങ്ങളില്‍ പളളികള്‍ പണിയാനുളള സമ്മതം ഭരണാധികാരികളില്‍ നിന്നും അവര്‍ക്കു ലഭിച്ചു. അങ്ങനെ ഇന്ത്യയിലെ മുസ്‌ലിംപളളി കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കപ്പെടുകയും മാലിക് ബ്‌നു ദീനാര്‍ അതിലെ പ്രഥമ ഖാദിയായി അവരോധിതനാവുകയും ചെയ്തു. ഈ പളളി, കൊടുങ്ങല്ലൂരില്‍ ആദ്യ മുസ്‌ലിംപള്ളിയുണ്ടാക്കാന്‍ കാരണക്കാരനായ ചേരമാന്‍ പെരുമാളിന്റെ പേരില്‍ തന്നെ അറിയപ്പെട്ടു. കൊടുങ്ങല്ലൂരില്‍ മാത്രമല്ല കേരളത്തിലെ മറ്റു പ്രദേശങ്ങളിലും പള്ളികളുണ്ടാക്കിയത് ചേരമാന്‍ പെരുമാളിന്റെ നിര്‍ദ്ദേശ പ്രകാരമാണ്.

എ ഡി 52ല്‍ സെന്റ് തോമസ് വന്നിറങ്ങിയ സ്ഥലം പളളിയില്‍ നിന്ന് 5 കി.മി അകലെ സ്ഥിതിച്ചെയ്യുന്നു. പ്രസിദ്ധമായ ഭഗവതി ക്ഷേത്രം രണ്ടു കിലോമീറ്റര്‍ അകലെയും മഹാദേവക്ഷേത്രവും ചേരരാജാക്കന്മാരുടെ പഴയ കൊട്ടാരവും പളളിയില്‍ നിന്ന് 250 മീറ്റര്‍ അകലെയുമായാണ് നിലകൊളളുന്നത്.

ചേരമാന്‍ പളളിയുടെ ചരിത്രം
ചേരമാന്‍ പെരുമാള്‍ തന്റെ മരണം അടുത്തതിനെത്തുടര്‍ന്ന് താന്‍ മക്കയിലേക്ക് പോകുന്നതിനുമുമ്പ് ഭരണഭാരമേല്‍പ്പിച്ചവര്‍ക്ക് എഴുതിയ കത്തില്‍ 'ആ കത്തുമായി വരുന്നവരെ സ്വീകരിക്കാനും അവരെ നല്ല രീതിയില്‍ ഉപചരിക്കുവാനും' ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പളളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ പളളിയിലെ ആദ്യത്തെ ഖാദിയും മാലിക് ബിന്‍ ദീനാര്‍ തെന്നയായിരുന്നു. പിന്നീട് മകനായ ഹബീബ് ഇബ്‌നു മാലിക്കിനെ സ്ഥാനമേല്‍പ്പിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്ത് അദ്ദേഹം പളളികള്‍ സ്ഥാപിക്കുകയുണ്ടായി. പിന്നീട് അദ്ദേഹം അറേബ്യയിലേക്ക് മടങ്ങിപോവുകയും അവിടെ മരണമടയുകയും ചെയ്തു. ഇപ്പോള്‍ ചേരമാന്‍ പള്ളിയുടെ അകത്തളത്തില്‍ രണ്ട് ഖബറുകള്‍ കാണാം. അത് ഹബീബ് ഇബ്‌നു മാലികിന്റെയും ഭാര്യ ഖുമരിയ്യയുടെതുമാണെന്ന് പറയപ്പെടുന്നു. 11ാം നൂറ്റാണ്ടില്‍ ആ പളളി പുനരുദ്ധരിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്തു. 1341ലെ വെളളപ്പൊക്കത്തിനു ശേഷമാണ് പുനരുദ്ധാരണം നടന്നത്. ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മറ്റൊരു പുനര്‍നിര്‍മ്മാണം നടന്നത്. 1974 -ല്‍ പളളിയുടെ മുന്‍വശം ഉടച്ചുവാര്‍ത്തു. എന്നാല്‍ പളളിയുടെ പവിത്രസ്ഥാനമെന്നറിയപ്പെടുന്ന സ്ഥലങ്ങള്‍ ഈ പുനരുദ്ധാരണത്തിനിടയിലും മാറ്റം വരുത്താതെ സൂക്ഷിച്ചുവരുന്നു. 1994 ല്‍ മറ്റൊരു വിപുലീകരണവും 2001 ല്‍ പഴയ പളളിയുടെ മാതൃകയില്‍ പുനര്‍നിര്‍മാണം നടത്തുകയും ചെയ്തു. പള്ളിക്കുള്ളില്‍ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന വിളക്കും മലയാളത്തില്‍ കൊത്തിവെച്ച മാര്‍ബിളുകളും കാണാം.  

പളളി മഹല്ല്
6983 അംഗങ്ങള്‍ അടങ്ങിയ 1574 കുടുംബങ്ങള്‍ മഹല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പളളിയുടെ നിയമാവലിയനുസരിച്ച് പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ മാത്രമടങ്ങിയ രണ്ട് വര്‍ഷത്തേക്ക് മാത്രം തെരെഞ്ഞടുക്കപ്പെടുന്ന മഹല്ല് കമ്മിറ്റിയിലാണ് പളളി കാര്യങ്ങളുടെ പരിപൂര്‍ണ്ണനിയന്ത്രണം. പളളിയുടെ അധികാരപരിധിയില്‍ താമസിക്കുന്ന മൊത്തം ജനങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളും മഹല്ലിനുണ്ട്. അതുകൂടാതെ ചേരമാന്‍ മന്‍സില്‍ ഓര്‍ഫനേജ് എന്നപേരിലറിയപ്പെടുന്ന ഒരു ഓര്‍ഫനേജുമുണ്ട്. 2005 ല്‍ രാഷ്ട്രപതി ഡോ. എ.പി. ജെ അബ്ദുല്‍ കലാമിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഒരു മ്യൂസിയവും ഉണ്ടായി. കൂടാതെ വിദ്യഭ്യാസസ്ഥാപനങ്ങളും മദ്രസകളും ചെറിയ തൈക്കാവുകളും ചേരമാന്‍ പള്ളിക്ക് കീഴിലുണ്ട്.

മതം, സൗഹാര്‍ദം, ചേരമാന്‍പളളി
സെമിറ്റിക് മതങ്ങളുടെ ഇന്ത്യയിലേക്കുളള ആഗമനം കൊടുങ്ങല്ലൂരിലൂടെ ആയിരുന്നുവെന്ന് ചരിത്രത്തില്‍ നിന്നു മനസ്സിലാക്കാം. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ ജീവിച്ചിരുന്നു. അത് കൂടാതെ ഹൈന്ദവമതവും സജീവമാണ്.
ഹ്യൂഗാന്‍സറുടെ വാക്കുകളില്‍ പറഞ്ഞാല്‍, 'ഇന്ന് വെയിലുറങ്ങിക്കിടക്കുന്ന ഈ ഗ്രാമപ്രദേശത്താണ് ഇന്ത്യയിലെ ആദ്യത്തെ യഹൂദന്മാരുടെ കുടിയേറ്റം ആരംഭിച്ചത്. പിന്നീട് അവര്‍ വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മട്ടാഞ്ചേരിയിലേക്ക് മാറിപ്പോയത്'. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ അഭിപ്രായത്തില്‍ ചേരമാന്‍ പളളി ഒരു ബുദ്ധവിഹാരം ആയിരുന്നു എന്നാണ്.
കൊടുങ്ങല്ലൂരിന്റെ പടിഞ്ഞാറു ഭാഗത്ത് അഴിമുഖത്തിനടുത്തായി അഴീക്കോട്, റോമന്‍ മാതൃകയില്‍ ഉണ്ടാക്കിയ മാര്‍ത്തോമ ക്രിസ്ത്യന്‍ ദേവാലയം നിലകൊളളുന്നു. ഈ സ്ഥലത്താണ് സെന്റ്‌തോമസ് ആദ്യം കപ്പലിറങ്ങിയതും ക്രിസ്തുമതാനുയായികള്‍ക്ക്‌വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ചാപ്പല്‍ നിര്‍മ്മിച്ചതും. ഇന്ന് ഈ പ്രദേശം മാര്‍ത്തോമ നഗര്‍ എന്നപേരിലറിയപ്പെടുന്നു.  ഇവിടെ ഇപ്പോഴുളള പ്രാധാന ക്ഷേത്രത്തിലെ പ്രതിഷ്ഠ കാളിയുടേതാണ്. ഈ അമ്പലത്തിലെ ഭരണി ഉത്സവത്തിനോടനുബന്ധിച്ച് ഈ അടുത്ത കാലം വരെ കോഴിവെട്ടും തെറിപ്പാട്ടും പ്രധാന ആരാധനയായിരുന്നു.
ഇത്തരത്തില്‍ മതങ്ങളുടെ ഒരു സംഗമമാണ് കൊടുങ്ങല്ലൂര്‍ പ്രദേശത്തുളളത്. മതകിയ ആചാരങ്ങള്‍ക്ക് പൊതുവെ പരസ്പര സഹകരണം കാണാന്‍ സാധിക്കും. റമളാന്‍ നാളുകളില്‍ ഇതര മതസ്ഥര്‍ക്ക് ഇഫ്താര്‍ വിരുന്നുകള്‍ ഒരുക്കുന്നതിനും ഈ പളളി സാക്ഷ്യംവഹിക്കുന്നുണ്ട്. വിജയദശമി നാളില്‍ പളളിയില്‍വെച്ച് വിദ്യാരംഭം കുറിക്കാന്‍ മുസ്ലിം മതേതര സമുദായക്കാര്‍ തയ്യാറാകുന്നത്, ചേരമാന്‍ പളളിയിലെ അസാധാരണവും അതുല്യവുമായ മതമൈത്രിയുടെ പ്രതീകമാകുന്നു.

Reference

- തുഹ്ഫത്തുല്‍ മുജാഹിദീന്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം
- കേരള മുസ്‌ലിംകള്‍ പോരാട്ടത്തിന്റെ ചരിത്രം. പ്രൊഫ. കെ.എം ബഹാവുദ്ദീന്‍. (ഐ.പി.എച്ച്)
- കേരളാ മുസ്‌ലിം ചരിത്രം, പി.എ. സൈദ് മുഹമ്മദ്, (അല്‍ഹുദാ ബുക്‌സ്റ്റാള്‍)
- ഇന്ത്യാ ചരിത്രത്തിലെ മുസ്‌ലിം സാന്നിധ്യം ഡോ. ഹുസൈന്‍ രണ്ടത്താണി,
- ഇസ്‌ലാം പ്രബോധനവും പ്രചാരവും, സര്‍ തോമസ് ആര്‍ണോള്‍ഡ്
- ചേരമാന്‍ മാലിക് മന്‍സില്‍ ഓര്‍ഫനേജ് സുവര്‍ണജൂബിലി സ്മരണിക 2003
- ഇസ്‌ലാമിക വിജ്ഞാനകോശം വാള്യം 11 (ഐ.പി.എച്ച്)
- ചേരമാന്‍ ജുമാമസ്ജിദ് ബുക്‌ലെറ്റ്.

author image
AUTHOR: ഇഹ്തിശാം ബിന്‍ ഇബ്‌റാഹീം
   (അസ്ഹറുല്‍ ഉലൂം, ആലുവ)