ലബ്ബാ കുടുംബം : പ്രബോധന രംഗത്തെ സ്വാധീനം

മുഹമ്മദ് അന്‍സില്‍   (അസ്ഹറുല്‍ ഉലൂം, ആലുവ)

സ്‌ലാമിക സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ പ്രാതിനിത്യം വഹിച്ച ഒട്ടനവധി കുടുംബങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്നു. അവയിലധികവും ഇന്ന് വിസ്മരിക്കപ്പെട്ടിരിക്കുന്നു. തെക്കന്‍ കേരളത്തിലെ ഇസ്‌ലാമിക പ്രചരണ മേഖലയില്‍ ധാരാളം സംഭാവനകള്‍ അര്‍പ്പിച്ചതും ഇന്ന് നിലനില്‍ക്കുന്നതുമായ ഒരു പണ്ഡിത കുടുംബമാണ് ലബ്ബ. തെക്കന്‍ കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന ഈരാറ്റുപേട്ടയില്‍ ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം എത്തിയ ലബ്ബമാര്‍ അവരുടെ കച്ചവട മാര്‍ഗങ്ങള്‍ വിപുലീകരിക്കുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക പ്രബോധനവും നടത്തിപ്പോന്നു. അതുവഴി കച്ചവടത്തിനായി എത്തിച്ചേര്‍ന്ന സ്ഥലങ്ങളിലെല്ലാം അവരുടെ പരിശ്രമഫലമായി ഇസ്‌ലാം പ്രചാരം നേടുകയും ചെയ്തു. ദക്ഷിണ കേരളത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ലബ്ബമാരെ പരിചയപ്പെടുത്തുവാനാണ് ഈ പ്രബന്ധം ലക്ഷ്യം വെക്കുന്നത്. പ്രബന്ധത്തിന്റെ ഒന്നാം ഭാഗത്തില്‍ ലബ്ബ കുടുംബത്തിന്റെ ആഗമന ചരിത്രമാണ് പ്രതിപാദിക്കുന്നത്. രണ്ടാം ഭാഗത്തില്‍ പരിചയപ്പെടുത്തുന്നത് ലബ്ബകളുടെ പ്രബോധനത്തെക്കുറിച്ചും അതിലൂടെ ഈരാറ്റുപേട്ടയിലുണ്ടായ വികസനത്തെ പറ്റിയുമാണ്. മൂന്നും നാലും ഭാഗങ്ങളില്‍ പ്രവാചക പരമ്പരയിലേക്കുള്ള ഇവരുടെ ബന്ധവും വിവിധ നാടുകളിലെ ഇവരുടെ വ്യാപനത്തെക്കുറിച്ചും പറയുന്നു.

ആഗമനവും ചരിത്രവും
ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കൊടുങ്ങല്ലൂരില്‍ നിന്നും മാലിക്ബ്‌നു ദീനാറിന്റെ സംഘത്തില്‍ ഒരു വിഭാഗം മാലികിബ്‌നു ഹബീബിന്റെ നേതൃത്വത്തില്‍ തെക്കന്‍ കേരളത്തിലേക്കു വരികയും, തെക്കന്‍ കൊല്ലം കേന്ദ്രീകരിച്ച് പ്രബോധനം നടത്തുകയും ചെയ്തു. അങ്ങനെ മീനച്ചിലാറിന്റെ സംഗമഭൂമിയായ ഈരാറ്റുപേട്ടയിലും ഇവര്‍ എത്തിച്ചേര്‍ന്നു. അന്ന് ഈരാറ്റുപേട്ട വാണിജ്യ വ്യാപാര രംഗത്ത് പ്രശസ്തമായതിനാല്‍ കോട്ടയം, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ നിന്ന് കച്ചവടസംഘങ്ങള്‍ ധാരാളമായി എത്തുകയും പ്രബോധനത്തിലാകൃഷ്ടരായി അവര്‍ ഇസ്‌ലാമിലേക്ക് വരുകയും ചെയ്തു. ശൈഖ് സഈദ് ബാവ(റ) ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിന്നും കടല്‍ മാര്‍ഗത്തിലൂടെ കൊച്ചി വഴി ഹിജ്‌റ 721 ലാണ് ഈരാറ്റുപേട്ടയില്‍ എത്തുന്നത്. ദീനി പണ്ഡിതനും വാഗ്മിയും സല്‍സ്വഭാവിയുമായിരുന്ന ഇദ്ദേഹം, ഈരാറ്റുപേട്ടയില്‍ ഇസ്‌ലാമിക പ്രബോധനാര്‍ത്ഥം സ്ഥിരതാമസമാക്കുകയും ചെയ്തു. ശൈഖ് ബാവയുടെ പിതാവ് ഹസ്‌റത് അലി ജന്മ നാടായ മക്കയില്‍ നിന്നും പ്രബോധനാര്‍ത്ഥമാണ് ലക്ഷദ്വീപിലെ ആന്ത്രോത്തിലെത്തിയത്. അബൂബക്കര്‍ (റ)ന്റെ പരമ്പരയില്‍ പെട്ട ഹസ്‌റത് ഉബൈദുല്ലാ(റ) യിലൂടെ ആന്ത്രോത്ത്, കവരത്തി തുടങ്ങിയ ദ്വീപുകളില്‍ ഇസ്‌ലാം സുസ്ഥാപിതമായ വാര്‍ത്തയറിഞ്ഞ് ധാരാളം സൂഫികളും സാദാത്തുകളും ഇവിടെയെത്തിരുന്നു. ഇതുതന്നെയാണ് ശൈഖ് അലിയുടെ കടന്നുവരവിനും കാരണമായത്. ഇദ്ദേഹം ജനങ്ങള്‍ക്ക് ആത്മീയ വിജ്ഞാനം പകര്‍ന്നുനല്‍കുന്നതില്‍ വ്യാപൃതനായിരുന്നു. ഇതിന്റെ ഫലമായി ശൈഖ് അലി ജനങ്ങളുടെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഹിജ്‌റ 700 റബീഉല്‍ അവ്വല്‍ 12 ന് സഈദ് ബാവ ആന്ത്രോത്തില്‍ ജനിച്ചു. ഇദ്ദേഹം മാതാപിതാക്കളില്‍ നിന്നും പ്രാരംഭ വിജ്ഞാനം നേടുകയും ആരാധനാ മുറകള്‍ കൈകൊള്ളുകയും ചെയ്തിരുന്നു. ദീനീ വിദ്യഭ്യാസത്തില്‍ ആകൃഷ്ടനായി ബാവ മക്കയിലേക്ക് പുറപ്പെടുകയും അവിടെയുള്ള പ്രഗല്‍ഭ പണ്ഡിതന്മാരില്‍ നിന്നും ഖുര്‍ആന്‍, ഹദീസ്, കര്‍മ്മ ശാസ്ത്രം എന്നീ ഇസ്‌ലാമിക വിജ്ഞാന ശാഖകളില്‍ അവഗാഹം നേടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പാണ്ഡിത്യം അറിഞ്ഞ ധാരാളം ആളുകള്‍ പില്‍ക്കാലത്ത് ശിഷ്യത്വം സ്വീകരിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കിയ ശൈഖ് സഈദ് ബാവ ഹിജ്‌റ 721 ല്‍ ഈരാറ്റുപേട്ടയില്‍ എത്തിയത് ദീനീ വിദ്യഭ്യാസത്തിന്റെ പ്രചരണത്തിനായിരുന്നു. ഇദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍ ധാരാളം ദീനീ പണ്ഡിതന്മാര്‍ വളര്‍ന്നുവന്നിട്ടുണ്ട്. ഇവര്‍ ലബ്ബ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ദീനീ കാര്യങ്ങളില്‍ ഇവര്‍ക്കുള്ള അവഗാഹം പരിഗണിച്ച് ജനങ്ങള്‍ വലിയ ആദരവ് നല്‍കുകയും അവരെ ലബ്ബൈക്ക് എന്ന് അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ലബ്ബ എന്ന് അവര്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

പ്രബോധനവും
ഈരാറ്റുപേട്ടയുടെ വികാസവും

അഗാധ പണ്ഡിതനും സൂഫീവര്യനുമായ ശൈഖ് സഈദ് ബാവ ഹിജ്‌റ 721 ക്രിസ്ത്വബ്ദം 1322 ല്‍ ഈരാറ്റുപേട്ടയില്‍ എത്തിയതിന് പിന്നില്‍ പ്രധാനമായും ഉണ്ടായിരുന്ന ലക്ഷ്യം ദീനീ അധ്യാപനങ്ങളിലൂടെ ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു. ഇദ്ദേഹത്തിന്റെ ആഗമന വേളയില്‍ മറ്റു മതസ്ഥര്‍ക്കിടയില്‍ ജീര്‍ണ്ണിച്ച അനാചാരങ്ങളും ജാതീയതയും നിലനിന്നിരുന്നു. ഹൈന്ദവര്‍ക്കിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തിയതിന്റെ ഫലമായി ചെട്ടിമാര് എന്നൊരു ഹൈന്ദവ വിഭാഗം ബഹുദൈവത്വത്തിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നുവരികയും ഇവരുടെ ചെട്ടിയമ്പലം അതുവഴി നമസ്‌കാര പള്ളിയാവുകയും ചെയ്തു. പിന്നീടത് നൈനാര്‍ പള്ളി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന് ദീനിലുണ്ടായിരുന്ന അവഗാഹവും ജനസമ്പര്‍ക്കവും പരിഗണിച്ച് നൈനാര്‍ പള്ളിയുടെ ഖാളിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഖാളിയായി നിയമിതനായതിന് ശേഷം അദ്ദേഹം കൊച്ചിയിലെ ഇടപ്പള്ളിയില്‍ നിന്ന് മലയോര മേഖലയായ ഈരാറ്റുപേട്ടയിലേക്ക് കച്ചവടാവശ്യാര്‍ത്ഥം കുടിയേറിപ്പാര്‍ത്ത മേത്തര്‍ കുടുംബത്തിലെ ഹലീമാ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഭൗതിക നേട്ടങ്ങള്‍ക്കായി നെട്ടോട്ടമോടുകയോ അതിനായി പരിശ്രമിക്കുകയോ ഇദ്ദേഹം ചെയ്തിട്ടില്ല. മറിച്ച് ദീനീ സേവനവും പള്ളി പരിപാലനവുമായി നൈനാര്‍ പള്ളിയുടെ പരിസരത്തുതന്നെ ഒരു കുടില്‍ വെച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി. തന്റെ ഈ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തന്നെ ഒരു തരത്തിലുള്ള വേതനവും ആരില്‍ നിന്നും അദ്ദേഹം കൈപറ്റിയിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാലശേഷവും ഏകദേശം 600 വര്‍ഷത്തോളം ഖാളിസ്ഥാനം അലങ്കരിച്ചിരുന്ന സന്താനപരമ്പരയില്‍പെട്ട ലബ്ബാ കുടുംബാംഗങ്ങളും വേതനരഹിത സേവനങ്ങള്‍തന്നെയാണ് നിര്‍വഹിച്ചത്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് ആത്മീയവും ധാര്‍മ്മികവുമായ അധ്യാപനങ്ങള്‍ നല്‍കുക വഴി അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതിന് നേതൃത്വം നല്‍കുന്നതിലും ഈ ലബ്ബാ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമായ പങ്കുണ്ട്.
സഈദ് ബാവ തന്റെ അവസാനകാലത്ത് പുത്രന്മാരോട് ദീനില്‍ അവഗാഹം നേടാനും ഇസ്‌ലാമിക പ്രബോധനരംഗത്ത് കര്‍മ്മ നിരതരാകാനും വസ്വിയ്യത് നല്‍കിയിരുന്നു. ഈ വസ്വിയ്യത്തിനെ നടപ്പിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനും ലബ്ബകള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിരവധി പ്രബോധകരും ആയിരക്കണക്കിന് മതപണ്ഡിതന്മാരും ഈ കുടുംബ പരമ്പരയില്‍ ജനിക്കുകയും ഈരാട്ടുപേട്ടയിലും പരിസരപ്രദേശങ്ങളിലും ആത്മീയ അധ്യാപകരായും ഇമാമുമാരായും സേവനം അനുഷ്ഠിക്കുകയും ചെയ്തു.
ലബ്ബമാരുടെ പെരുമാറ്റവും മതസൗഹാര്‍ദവും മറ്റു മതസ്ഥര്‍ക്കിടയില്‍ വളരെ വലിയ സ്വാധീനമുണ്ടാക്കി. ലബ്ബമാര്‍ ഖുര്‍ആന്‍ സദസുകളും ദീനീ ഉല്‍ബോധനങ്ങളും നല്‍കി മറ്റു മതസ്ഥരെ ഇസ്‌ലാമിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇതുവഴി ഹൈന്ദവ പ്രഭുക്കളും ചെട്ടിമാരും ഇസ്‌ലാമിലേക്ക് കടന്നുവരികയുണ്ടായി.
ദീനീ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനായി ലബ്ബകള്‍ പ്രാഥമിക തലത്തില്‍ മദ്‌റസകളും ഉന്നത പഠനത്തിനായി പള്ളി ദര്‍സുകളും സ്ഥാപിച്ചു. ഇവയില്‍ മന്‍ബഉല്‍ ഹൈറാത്ത്, നൂറുല്‍ ഇസ്‌ലാം എന്നീ ദര്‍സുകള്‍ ഏറെ പ്രശസ്തമാണ്. മലബാറില്‍ പൊന്നാനി ദീനി വിദ്യാഭ്യാസത്തിന്റെ ഉറവിടമായി പരിണമിച്ച പോലെ തിരുവിതാംകൂറില്‍ ഈരാറ്റുപേട്ടയും വളര്‍ന്നു. ഇതിനു കാരണമായത് ലബ്ബ കുടുംബം സ്ഥാപിച്ച പള്ളിദര്‍സുകളും മദ്‌റസകളും തന്നെയാണ്. പൊന്നാനിയിലെ സയ്യിദുമാര്‍ എന്നറിയപ്പെടുന്ന പണ്ഡിതന്മാര്‍ ലബ്ബമാരുടെ ദീനീ വിദ്യാഭ്യാസത്തിലെ നിപുണത മനസ്സിലാക്കി വിജ്ഞാനങ്ങള്‍ പരസ്പം കൈമാറുന്നതിന് ഈരാറ്റുപേട്ടയിലെത്തിച്ചേരുകയും സഹവസിക്കുകയും ചെയ്തു. ഇവര്‍ കച്ചവടാവശ്യാര്‍ത്ഥം പല പ്രദേശങ്ങിലേക്കും യാത്ര ചെയ്യുകയും ചെന്നിടത്തെല്ലാം ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമെന്നോണം ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായ പേട്ട തെക്കന്‍ കേരളത്തിലെ മക്ക എന്നറിയപ്പെടുന്നിടത്തോളം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി മാറുകയുണ്ടായി. മാത്രമല്ല, ഇവരുടെ കച്ചവടരംഗം പുരോഗതി പ്രാപിച്ചതിന്റെ ഫലമായി ഈരാറ്റുപേട്ട തെക്കന്‍ കേരളത്തിലെ പ്രധാന കച്ചവട കേന്ദ്രമായി രൂപം കൊള്ളുകയും ചെയ്തു. ദീനി പ്രബോധനരംഗത്തിലെന്ന പോലെ പൊതു സേവന രംഗത്തും ലബ്ബമാര്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഈരാറ്റുപേട്ടയിലെ മതമൈത്രിയുടെ ഗേഹമായ നൈനാര്‍ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത് ലബ്ബകളാണ്. ഇവര്‍ ഇസ്‌ലാമിന്റെ സാമൂഹിക സംസ്‌കൃതിയെ ചിട്ടപ്പെടുത്തുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഹാജിയാരുപ്പ എന്ന ഹാജി ജലാലുദ്ദീന്‍ ലബ്ബ, ആലിം ലബ്ബ (തലപ്പള്ളില്‍), പേരകത്ത്‌ശ്ശേരിയില്‍ മുഹ്‌യുദ്ദീന്‍ കുട്ടി ലബ്ബ എന്നീ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ദര്‍സുകള്‍ സ്ഥാപിച്ചു. കുരുവാനാല്‍ അബ്ദുല്‍ ഖാദര്‍ കുഞ്ഞ് ലബ്ബ, പീടിയേക്കല്‍ സൈദുമുഹമ്മദ് ലബ്ബ, തലപ്പള്ളിയില്‍ അബ്ദുല്‍ ഖാദര്‍ ലബ്ബ, ഇബ്രാഹീം ലബ്ബ എന്നീ പണ്ഡിതന്മാര്‍ നൈനാര്‍ പള്ളിയില്‍ ജുമുഅ നടപ്പിലാക്കുന്നതിനു നേതൃത്വം നല്‍കി. ലബ്ബയെ കൂടാതെ കച്ചവടാവശ്യാര്‍ത്ഥം കുടിയേറിപ്പാര്‍ത്ത ആലുംമൂട് കുടുംബവും ഖാന്‍ കുടുംബവും ഇന്നിവിടെ നിലനില്‍ക്കുന്നുണ്ട്.

പ്രവാചക പിതൃപരമ്പരയുമായുള്ള  ബന്ധം
ശൈഖ് സഈദിന്റെ കുടുംബ പരമ്പര പ്രവാചകന്‍ മുഹമ്മദ്(സ) യുടെ പിതൃപരമ്പരിയിലെ പതിനാലാമനായ കിനാന(റ) യുമായി ചേരുന്നുണ്ട്. കിനാനയുടെ പുത്രനായ അസദിന്റെ പരമ്പരയില്‍ സ്വഹാബിയായിരുന്ന ഉഖാശത്തുബ്‌നു മിഹ്‌സന്‍(റ) ഉള്‍പ്പെടുന്നുണ്ട്. ഇദ്ദേഹം ബദര്‍, ഉഹ്ദ് തുടങ്ങിയ യുദ്ധങ്ങളിലെ മുന്നണിപ്പോരാളി എന്നതിലുപരി നബി(സ)യില്‍ നിന്നും നേരിട്ട് ഹദീസ് റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയുമാണ്. നബി(സ) ഇദ്ദേഹത്തിന് ദാനമായി നല്‍കിയ ഔന്ന എന്ന വാളിന് പ്രസ്താവ്യമായ ചരിത്രമുണ്ട്. കിനാനയുടെ രണ്ടാമത്തെ പുത്രനായ ഫിഹിറിന്റെ പരമ്പരയിലാണ് പ്രവാചകന്‍ ചേരുന്നത്. ഫിഹിറിന് ഖുറൈശ് എന്ന മറ്റൊരു പേരു കൂടിയുണ്ടുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് പില്‍ക്കാലത്ത് ഖുറൈശികള്‍ എന്നറിയപ്പെടുന്നത്. ആയതിനാല്‍ ഖുറൈശി ഗോത്രക്കാരനായ മുഹമ്മദ് നബി(സ) യുടെ പരമ്പരയില്‍ ലബ്ബകള്‍ ഉള്‍പ്പെടുന്നുണ്ട്.

സന്താന പരമ്പര
ശൈഖ് സഈദ് ബാവയുടെ സന്താന പരമ്പരയിലെ പിന്‍തലമുറക്കാര്‍ കാഞ്ഞിരപ്പള്ളിയിലും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇടുക്കി ജില്ലയിലെ തൊടുപുഴയിലും ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍, മാന്നാര്‍ എന്നിവിടങ്ങളിലും കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കൂടരണിയിലും മലപ്പുറം ജില്ലയിലെ കോക്കൂര്‍, കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍, എറണാകുളം ജില്ലയിലെ ആലുവ കാഞ്ഞിരമറ്റം എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ പന്തളം, കടക്കാട് എന്നിവിടങ്ങളിലും പാലക്കാട് കൊല്ലം എന്നിവടങ്ങളിലെ ചില പ്രദേശങ്ങളിലും കൂടിയേറിപ്പാര്‍ത്തിട്ടുണ്ട്.
ലബ്ബാ കുടുംബാംഗങ്ങളായ ചിലര്‍ ഉന്നത പഠനത്തിനായി തമിഴ്‌നാട്ടിലെ പഴയ തഞ്ചാവൂരില്‍ (ഇന്നത്തെ തിരുമുല്ലവാസല്‍) എത്തുകയും അവിടത്തെ പണ്ഡിതന്മാരായിരുന്ന ദണ്ഡുകളില്‍ നിന്നും വിദ്യ അഭ്യസിക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ തിരുമുല്ലവാസലില്‍ പ്രഭാഷണ പരമ്പരകളിലൂടെ ദീനീ രംഗത്ത് സേവനം ചെയ്തിട്ടുണ്ട്. കച്ചവടത്തിനായി സിംഗപ്പൂരിലെത്തിയ സാതു ലബ്ബയുടെ പിന്‍ഗാമികള്‍ സിംഗപ്പൂരിലും ശൈഖ്ബാവയുടെ വസ്വിയ്യത്ത് നടപ്പിലാക്കാനെത്തിയ അബ്ദുസ്സമദ് ലബ്ബയുടെ കുടുംബാംഗങ്ങള്‍ ത്രിച്ച്‌നാപ്പള്ളി, മായാപുരം എന്നിവിടങ്ങളിലും വസിക്കുന്നുണ്ട്. നാഗൂര്‍, സിലോണ്‍, കായല്‍പ്പട്ടണം എന്നിവിടങ്ങളിലെത്തിയ ലബ്ബകള്‍ ജനങ്ങളില്‍ നിന്ന് അംഗീകാരം നേടുകയും മത-സാമൂഹ്യ രംഗങ്ങളില്‍ സ്ഥാനമാനങ്ങള്‍ വഹിച്ച് ആദരിക്കപ്പെടുകയും ചെയ്തു.

author image
AUTHOR: മുഹമ്മദ് അന്‍സില്‍
   (അസ്ഹറുല്‍ ഉലൂം, ആലുവ)