ആമുഖം
ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് ഇന്നോളം ലഭിച്ചിട്ടില്ലാത്തത്ര പുരാവസ്തുക്കളുടെ വലിയൊരു ശേഖരം കഴിഞ്ഞ ആറു സീസണുകളിലെ ഉത്ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതില്‍ വലിയൊരു പങ്കും സി.ഇ. എട്ടാംനൂറ്റാണ്ടിനു മുമ്പുള്ള ചരിത്രാരംഭകാലത്തു നിന്നുള്ളവയാണ്. ഈ കാലഘട്ടവുമായി ബന്ധപ്പെട്ട് ഇതുവരെ നാമമാത്രമായ പുരാവസ്തു തെളിവുകളെ ലഭിച്ചിരുന്നുള്ളൂ. ഇത് വലിയ ഒരളവില്‍ കേരളത്തിന്റെ ചരിത്രം തെളിവുകളുടെ അടിസ്ഥാനമില്ലാത്ത മിത്തുകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും സാഹചര്യമുണ്ടാക്കിയിരുന്നു. പട്ടണത്തുനിന്നും ലഭിക്കുന്ന പുരാവസ്തുക്കളില്‍ നല്ലൊരു പങ്ക് കേരളവും മെഡിറ്ററേനിയന്‍ ചെങ്കടല്‍- ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളുമായുള്ള സമുദ്രയാന ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്''. (P.10 The seventh season pattanam Excavation -2013. An international project in materialculture studies. Kerala council for Historical Research Tiruvana-nthapuram.2013)
കേരളവും അറേബ്യന്‍ തീരവുമായുള്ള ബന്ധം, അതിശക്തമായ വ്യാപാരബന്ധത്തില്‍ അധിഷ്ഠിതമായിരുന്നുവെന്നതിനും, ചുരുങ്ങിയത് ക്രിസ്തുവിനു മുമ്പ് മൂന്ന് നൂറ്റാണ്ടു മുതല്‍ക്കേയുള്ള തെളിവുകളാണ് പട്ടണം ഉത്ഖനനത്തില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്താബ്ദം 8-ാം നൂറ്റാണ്ടുവരേയ്ക്കും നീണ്ടുനില്‍ക്കുന്ന പ്രസ്തുത തെളിവുകളില്‍ പ്രധാനം, പശ്ചിമേഷ്യയില്‍ പലയിടങ്ങളിലായി നിര്‍മ്മിച്ച പാത്രങ്ങളുടെ അവശിഷ്ടങ്ങളാണ്. പശ്ചിമേഷ്യന്‍ കളിമണ്‍ പാത്ര വിദഗ്ദനായ (ഗവേഷണം, കാലനിര്‍ണ്ണയം) ഡോ: ഡെറെക് കെന്നെറ്റ് (ഡര്‍ഹം യൂണിവേഴ്‌സിറ്റി, യു.കെ), പട്ടണത്തുനിന്നും ലഭിച്ച അറേബ്യന്‍ ടോാര്‍പിഡോ ജാറുകളെക്കുറിച്ചും, പാര്‍ത്തിയന്‍, സസ്സാനിയന്‍ ബൗളുകളെക്കുറിച്ചും ഉള്ള പഠനത്തില്‍, അറേബ്യയുമായി കേരളത്തിനുണ്ടായിരുന്ന ശക്തമായ വ്യാപാരബന്ധത്തെ ഊന്നിപ്പറയുന്നുണ്ട്. ഇസ്‌ലാമിനുമുമ്പേയുള്ള രാജവംശങ്ങളായ പാര്‍ത്തിയന്‍, സസ്സാനിയന്‍ രാജാക്കന്മാരില്‍ ചിലരെങ്കിലും കേരളം സന്ദര്‍ശിച്ചിരിക്കുവാന്‍ സാധ്യതയുള്ളിടത്തോളം ശക്തമാണ് പട്ടണത്തുനിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്ന തെളിവുകള്‍.
ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത പട്ടണ ഉത്ഖനനം അറേബ്യന്‍ കേരള ബന്ധങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം കൊണ്ടുവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്ന് പര്യവേക്ഷണങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വാചാലമാവുന്നു. ഏതെല്ലാം പ്രദേശങ്ങളില്‍ വെച്ച് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു പ്രസ്തുത അറേബ്യന്‍ ജാറുകളെന്നും, അവയുടെ കാലഘട്ടങ്ങള്‍ ഏതായിരുന്നുവെന്നും ഇനിയും പ്രസിദ്ധം ചെയ്യാത്ത പഠന റിപ്പോര്‍ട്ടുകളാണ്. പദാര്‍ത്ഥ പഠനത്തിലൂടെയുള്ള വെളിച്ചം ഈ കാലഘട്ടങ്ങളെക്കുറിച്ച് ആയിക്കഴിഞ്ഞു, എങ്കിലും അവയുടെ വ്യാഖ്യാന, വിശകലന സംരഭങ്ങള്‍ ആയിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
ചേരമാന്‍ പെരുമാള്‍
കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനവുമായി ബന്ധപ്പെട്ടാണ് ചേരമാന്‍ പെരുമാളുകളുടെ നാമം കടന്നുവരുന്നത്. ചേരമാന്‍ പെരുമാള്‍ എന്നത് തമിഴ് നിഷ്പത്തിയുള്ള ഒരു നാമമായി കാണാം. തമിഴില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളിലെല്ലാം പെരുമാള്‍ എന്ന പദം രാജ്യഭാരം ഏറ്റവരെ സംബന്ധിച്ചാണ് ഉപയോഗിച്ചിട്ടുള്ളത്. പെരുമാള്‍ എന്നപദം രാജാവിനും ചക്രവര്‍ത്തിക്കും പകരം ഉപയോഗിച്ചിരുന്ന ഒരു കാലത്തെ, ആര്യാധിനിവേശത്തിനും ബ്രാഹ്മണാധിപത്യത്തിനും മുമ്പുള്ള ദ്രാവിഡ രാജവംശകാലമായി മനസ്സിലാക്കാനാകും. ദ്രാവിഡ രാജാവായ ചേരമാന്‍ പെരുമാള്‍ കേരളം ബ്രഹ്മസ്വവും ദേവസ്വവും ആകും മുമ്പേ രാജ്യഭാരം ഏറ്റ ആളാണെന്നുറപ്പിക്കുവാനുമാകും. കേരളത്തിലെ ഇസ്‌ലാമികാഗമനത്തെ സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള വാദങ്ങളെല്ലാം കാലഗണനയെ ആസ്പദമാക്കിയായിരുന്നു. ആ കാല ഗണനകളെല്ലാം അശ്രയിച്ചിരുന്നതാകട്ടെ ഊഹാപോഹങ്ങളെ മാത്രമായിരുന്നു താനും.
കേരള ചരിത്ര രചനയ്ക്കും, പഠനത്തിനും ഏറ്റവും അനിവാര്യമായ ഒന്നാണ് അറബിഭാഷ എന്ന് ഇന്നും മനസ്സിലാവാത്ത ചരിത്രകാരന്മാര്‍ എമ്പാടുമുണ്ട്. മറ്റുള്ളവര്‍ തര്‍ജ്ജുമചെയ്ത അറബി ലിഖിതങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങിയ ചരിത്രകാരന്മാര്‍ പിന്നീട് ഖേദിക്കുന്ന രംഗങ്ങള്‍ ധാരാളമുണ്ട്. 'ലഞ്ച്‌യാലൂസ്' എന്ന് അറബികള്‍ വിളിച്ചിരുന്ന ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മുസ്‌ലിംകളെ കണ്ടില്ല എന്ന് സുലൈമാന്‍ താജിര്‍ രേഖപ്പെടുത്തിയതിനെ (പച്ചക്കുതിര,പേജ്:34,2012,മെയ്) കേരളത്തില്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നില്ല എന്ന് തര്‍ജ്ജുമയുടെ തര്‍ജ്ജുമയില്‍ നിന്ന് മനസ്സിലാക്കി സിദ്ധാന്തങ്ങള്‍ ചമയ്ക്കുമ്പോള്‍ നേര്‍ക്കുനേര്‍ അറബി അറിയാമായിരുന്നുവെങ്കില്‍ അബദ്ധങ്ങളുടെ ഈ ഘോഷയാത്രകള്‍ നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍ നിന്നു ഒഴിവാക്കാമായിരുന്നു, എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് ഈ പ്രബന്ധത്തിലൂടെ ലക്ഷ്യംവെക്കുന്നത്. പുതു പഠനങ്ങള്‍ എന്നു പറഞ്ഞ് വന്ന പല സിദ്ധാന്തങ്ങളും, പഴയ പഠനങ്ങളുടെയത്ര ആധികാരികത പോലും അവകാശപ്പെടാന്‍ കഴിയാത്തതും, താത്പര്യങ്ങളുടെ സ്ഥാപനത്തിനായി ലഭ്യമായ ദുര്‍ബ്ബലമായ കച്ചിത്തുരുമ്പുകളിലേറിയുള്ള യാത്രകളായിരുന്നു എന്നുമാണ് ഈ പഠനങ്ങളിലൂടെ വെളിപ്പെടുന്നത്.
സുലൈമാന്‍ താജിറും
ലഞ്ച് യാലൂസും
ചേരമാന്‍ പെരുമാളെപ്പറ്റിയും ഇസ്‌ലാമിന്റെ ആഗമനത്തെപ്പറ്റിയും ഉള്ള പരാമര്‍ശങ്ങളില്‍ ലോഗന്‍ മുതല്‍ ഉദ്ധരിച്ചു പോരുന്ന ഒരു വിഷയമാണ് സുലൈമാന്‍ താജിറിന്റെ ''കേരളത്തില്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നില്ലെന്ന്'' മനസ്സിലാക്കപ്പെട്ട 'സില്‍സിലത്തുത്തവാരിഖി'ലെ പരാമര്‍ശം. ''ഇവരുടെ അഭിപ്രായത്തില്‍ കേരളത്തില്‍ ഇസ്‌ലാംമത പ്രചാരണം നടന്നത് എ.ഡി. 9-ാം നൂറ്റാണ്ട് അവസാന പകുതിക്ക് ശേഷമായിരിക്കണം എന്നാണ്. അതിനാധാരമായി ഇളംകുളം കുഞ്ഞന്‍ പിള്ള തുടങ്ങിയവര്‍ എടുത്തുകാട്ടുന്നത്, എ.ഡി. 851ല്‍ കേരളം സന്ദര്‍ശിച്ച സുലൈമാന്‍ എന്ന അറബി സഞ്ചാരിയുടേതായി വിശ്വസിച്ചുപോരുന്ന ഒരു പ്രഖ്യാപനത്തെയാണ്. അറബി സംസാരിക്കുന്നവരെയോ, ഇസ്‌ലാം മതം സ്വീകരിച്ചവരോ ആയ ചൈനക്കാരെയോ, ഇന്ത്യക്കാരെയോ താന്‍ കണ്ടില്ല, എന്നതാണ് ആ പ്രസ്താവന. സുലൈമാന്റെ പേരില്‍ പ്രസിദ്ധീകൃതമായ സില്‍സിലത്തുത്തവാരീഖ് എന്ന ഗ്രന്ഥത്തിലെ ഈ വാചകം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്. ഈ വാചകം മാത്രം കൈമുതലാക്കിക്കൊണ്ടാണ് മറ്റനേകം തെളിവുകളേയും, അടിയുറച്ച വിശ്വാസങ്ങളേയും, സാമാന്യ ബുദ്ധിയേയും മറികടന്നുകൊണ്ട് ഇസ്‌ലാംമത പ്രചാരണം നടന്നത് സുലൈമാന്റെ കാലത്തിന് ശേഷമായിരിക്കണമെന്ന് ഇവര്‍ വാദിക്കുന്നത്. സുലൈമാന്റേതെന്ന് പറയുന്ന ഈ ഗ്രന്ഥം കണ്ടവരോ അത് വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്നവരോ അല്ല ഈ എഴുത്തുകാരെല്ലാം തന്നെയെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും''. (Dr. c.k kareem, kerala muslim History, Statistics and Directory Ccharithram, publication, Edappally.1997)
ഡോ: സി.കെ. കെരീം ഉന്നയിക്കുന്ന വിഷയങ്ങള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. അറബി ഭാഷാപരിജ്ഞാനത്തിന്റെ അഭാവമാണ് ഇവിടെ വില്ലനാകുന്നത്. ഈ വിഷയത്തെക്കുറിച്ച് അടുത്തിടെ നടന്ന ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സില്‍ അവതരിക്കപ്പെട്ട ഒരു പ്രബന്ധത്തിലുള്ള പരമാര്‍ശം ഇവ്വിധമാണ്. ''സരന്‍ ദ്വീപില്‍നിന്ന് ചൈനയിലേക്കുള്ള യാത്രാമദ്ധ്യേ ലഞ്ച്‌യാലൂസ് എന്ന സ്ഥലത്തെക്കുറിച്ച് സുലൈമാന്‍ താജിര്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവിടെയാണ് വിവാദ പരാമര്‍ശമുള്ളത്. അവിടെയുള്ളവര്‍ക്ക് അറബികളുടെ ഭാഷ അറിയുകയില്ല. കച്ചവടക്കാരായ ആരുടെയും ഭാഷ അറിയുകയില്ല''. (Zainudheen mandalamkunu, P.330. Islamic Acadamic Conferance, proseedings. sio. calicut- 2012)
ഈ പരാമര്‍ശം ഫ്രഞ്ചിലേക്കും ഫ്രഞ്ചില്‍ നിന്ന് ഇംഗ്ലീഷിലേക്കും തര്‍ജ്ജുമയുടെ തര്‍ജ്ജുമയായി വന്നപ്പോള്‍ 'അറബി സംസാരിക്കുന്നവരോ മുസ്‌ലിംകളോ ആയ ആരെയും കണ്ടില്ല' എന്നായിമാറി. ഇനി പരാമര്‍ശവിധേയമായ 'ലഞ്ച്‌യാലൂസ്' ആകട്ടെ, അറബികള്‍ നിക്കോബാര്‍ ദ്വീപുസമൂഹങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന പദവും. നിക്കോബാര്‍ ദ്വീപുകളില്‍ മസ്‌ലിംകള്‍ ഉണ്ടായിരുന്നില്ലെന്ന പരാമര്‍ശം യാഥാര്‍ത്ഥ്യമാണ്. കാരണം, ബ്രീട്ടീഷുകാര്‍ 1857 മുതല്‍ സ്വാതന്ത്ര്യ സമരപ്പോരാളികളെ നാടുകടത്തിയ സ്ഥലമായിരുന്നു നിക്കോബാര്‍ ദ്വീപുകള്‍. അതിനുശേഷം മാത്രമാണ് അവിടെ മുസ്‌ലിംകള്‍ ഉണ്ടായത്. ഇന്ത്യ, ചൈന തുടങ്ങിയ പരാമര്‍ശങ്ങള്‍ ബ്രാക്കറ്റുകളുടെ കളികള്‍ മൂലം തെറ്റിദ്ധാരണകള്‍ പരത്തിയെന്നും പ്രബന്ധകാരന്‍ സമര്‍ത്ഥിക്കുന്നു.
നിക്കോബാര്‍ ദ്വീപ സമൂഹങ്ങളാണ് സുലൈമാന്‍ താജിറിന്റെ പരാമര്‍ശത്തിലുള്ളതെന്നും, അത് കേരളമോ, ഇന്ത്യയോ അല്ലെന്നും ഉള്ള യാഥാര്‍ത്ഥ്യങ്ങളെ പുറത്തുകൊണ്ടുവന്നതിനു ശേഷവും, അക്കാദമിക ലോകത്ത് അതെക്കുറിച്ച് മൗനം തുടരുകയാണ്. കേരള ചരിത്രത്തില്‍, ഇസ്‌ലാമിന്റെ ആഗമനത്തെക്കുറിച്ച മുഖ്യധാരയുടെ സങ്കല്‍പനങ്ങളെയും, തീരുമാനങ്ങളെയും അട്ടിമറിച്ച പ്രസ്തുത ലേഖനങ്ങളും, പ്രബന്ധങ്ങളും ഉയര്‍ത്തുന്ന ചിന്താവിപ്ലവങ്ങള്‍ ചെറുതല്ല.
മുസിരിസ്- പട്ടണ പര്യവേക്ഷണങ്ങള്‍ പൂര്‍ണ്ണമാകുന്നതോടെ അറേബ്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയും ചെയ്യും. അറബിഭാഷയുടെ സമൃദ്ധിയും ഉത്ഖനന പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ഊഹാതീതമായ അവശിഷ്ട പദാര്‍ത്ഥങ്ങളുടെ എണ്ണവും പുതിയ പഠനങ്ങള്‍ക്കും, പരമ്പരാഗത അറിവുകളെ ചോദ്യം ചെയ്യുന്നതിനും മതിയായ വിവരങ്ങള്‍ തരുന്നുണ്ട്.
കേരളോത്പത്തിയിലെ കെട്ടുകഥ
''കൊല്ലം ആദിശതകങ്ങളില്‍ കേരളം വാണിരുന്ന കുലശേഖരപ്പെരുമാക്കന്മാരെ കേരള ചക്രവര്‍ത്തി എന്ന അര്‍ത്ഥത്തില്‍ ചേരമാന്‍ പെരുമാള്‍ എന്നു പറഞ്ഞിരുന്നതാണ് കേരളോത്പത്തിക്കാരന്റെ കെട്ടുകഥക്കെല്ലാം അടിസ്ഥാനമെന്നു തോന്നുന്നു. ഏതായാലും 18-ാം ശതകത്തില്‍ എഴുതിയ കേരളോത്പത്തിയും, 20-ാം ശതകത്തില്‍ എഴുതിയ ഐതിഹ്യമാലയും മറ്റും ചരിത്രരേഖകളല്ല''. (P. 343 ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ തെരഞ്ഞെടുത്ത കൃതികള്‍)
ഇളംകുളം കുഞ്ഞന്‍പിള്ള മുതലുള്ള ചരിത്രകാരന്മാരെല്ലാം കെട്ടുകഥ എന്നു പറയുന്ന, ചേരമാന്‍ പെരുമാളുടെ മക്കത്തുപോയി ഇസ്‌ലാം സ്വീകരിച്ച സംഭവത്തെ, കെട്ടുകഥയല്ലെന്നും ഏത് ചരിത്ര സംഭവമായിരുന്നു എന്നും തിരുത്തുന്നത് അദ്ദേഹത്തിന്റെ ശിഷ്യന്‍ തന്നെയായ എം.ജി.എസ്. നാരായണനാണ്. ''ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ മക്കത്തുപോയി മതം മാറിയ പെരുമാളുടെ കഥ കെട്ടുകഥയല്ല ചരിത്രമാണ് എന്നു പറയാം''. (P.10. മാധ്യമം ആഴ്ചപ്പതിപ്പ് സെപ്തംബര്‍ -2013)
കേരളോത്പത്തിയിലെ പരാമര്‍ശങ്ങള്‍ക്കുമുമ്പേ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഈ പരാമര്‍ശങ്ങളുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ചേരമാന്‍ പെരുമാളുടെ സംഭവം ഉദ്ധരിച്ചിട്ടുള്ളത് കെട്ടുകഥയായല്ല. വേണ്ടത്ര തെളിവുകളില്ലാതെ തുഹ്ഫയില്‍ ഈ പരാമര്‍ശം വരില്ല എന്നതിന്, തുഹ്ഫത്തുല്‍ മുജാഹിദീനിലെ തന്നെ മൂന്നാം അദ്ധ്യായം സാക്ഷിനില്‍ക്കുന്നു. ''മലബാറിലെ ഹിന്ദുക്കളുടെ വിചിത്രാചാരങ്ങള്‍'' എന്ന പ്രസ്തുത അദ്ധ്യായമാണ് ഇന്നും പതിനാറാം നൂറ്റാണ്ടിലെ ഹിന്ദു ആചാര ക്രമങ്ങളെപ്പറ്റിയുള്ള ആധികാരികമായ അറിവിന്റെ ഉറവിടം. തുഹ്ഫത്തുല്‍ മുജാഹിദീനിലെയും, മറ്റ് അറബി ഗ്രന്ഥങ്ങിലെയും ചേരമാന്‍ പെരുമാള്‍ പരാമര്‍ശങ്ങള്‍ക്ക് ആധാരമായ ചരിത്രരേഖകള്‍ പഠനവിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. തുഹ്ഫയില്‍ തന്നെ സൈനുദ്ദീന്‍ മഖ്ദൂം പ്രകടിപ്പിച്ച ചില സംശയങ്ങള്‍ക്കു കാരണം, തുഹ്ഫത്തുല്‍ മുജാഹിദീന്റെ പരിഭാഷകനായ നെല്ലിക്കുത്ത് എ.പി. മുഹമ്മദലി മുസ്ല്യാര്‍ ആ ഭാഗങ്ങളില്‍ അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. ആ അടിക്കുറിപ്പുകള്‍ ഇങ്ങനെ വായിക്കാം.
19- ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനുശേഷം പോയത് ചേരമാന്‍ പെരുമാളാണ്. ചേരമാന്‍ പെരുമാളിനെയും ബാണപ്പള്ളി പെരുമാളിനെയും മാറിപ്പോകുന്നത് കൊണ്ടാണ് സംശയവും അഭിപ്രായ വ്യത്യാസവും ഉണ്ടാകുന്നത്.
20- രണ്ടാമത് പോയ പേരമാന്‍ പെരുമാളാണ് നബിയെ കാണാതെ മരണപ്പെട്ടത്.
21- ആദ്യം പോയ ബാണപ്പള്ളി പെരുമാളുടെ ഖബര്‍ ശഹര്‍മുഖല്ലയില്‍ ചേരമാന്‍ പെരുമാളുടെ ഖബര്‍ (അബ്ദുറഹ്മാന്‍ സാമിരി) ളുഫാറിനടുത്ത് സലാലയിലാണ്. ഹിജ്‌റ ഇരുനൂറിനു വഫാത്തായി എന്ന് നിശാന്‍ കല്ലില്‍ കൊത്തി വയ്ക്കപ്പെട്ടിട്ടുണ്ട്. ( P.45 തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിവ. നെല്ലിക്കുത്ത് A.P മുഹമ്മദലി മുസ്‌ല്യാര്‍)
ചരിത്രകാരന്മാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് തൃപ്തികരമായ മറുപടിയാണ് നെല്ലിക്കുത്ത് എ.പി. മുഹമ്മദാലി മുസ്ല്യാര്‍ നല്‍കുന്നത്. എന്നാല്‍ ഈ സംഭവം പരാമര്‍ശിക്കാത്ത സഞ്ചാരികളെയും ചരിത്രകാരന്മാരെയും തെളിവായി നിരത്തി അങ്ങനെയൊന്നില്ല എന്നു സ്ഥാപിക്കുന്നവര്‍ രണ്ടു സംഗതികള്‍ കാണാതെ പോകുന്നു. 1. ചേരമാന്‍ പെരുമാള്‍ സംഭവം ഉദ്ധരിച്ച സഞ്ചാരികളും ചരിത്രകാരന്മാരുമാണ്, അതുദ്ധരിക്കാത്തവരേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍.
2. ഏറെ സുവിദിതമായ സംഭവത്തെ ഇനിയും എടുത്തു പറഞ്ഞ് വായനക്കാരില്‍ വിരസത സൃഷ്ടിക്കേണ്ട എന്ന് ഈ ന്യൂനപക്ഷം ഗുണകാംക്ഷ പ്രദര്‍ശിപ്പിച്ചതും ആവാമല്ലോ?
ഇവ്വിഷയകമായ തര്‍ക്കങ്ങളുടെയും പ്രതിവാദങ്ങളുടെയും നിജസ്ഥിതി ചരിത്രകാരനായ ഡോ: സി. കെ. കരീം ഇങ്ങനെ വ്യക്തമാക്കുന്നു. ''ഇതു സംബന്ധമായി എഴുതിയവര്‍ക്കൊക്കെ പിണഞ്ഞ ആശയക്കുഴപ്പമാണ് ഈ മതപരിവര്‍ത്തനക്കാര്യത്തില്‍ ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുവാന്‍ ഇടയായിട്ടുള്ളത്. ബാണപ്പെരുമാള്‍ (പ്രവാചക സവിധത്തിലെത്തിയ ഇന്ത്യന്‍ രാജാവ്) ക്ക് ശേഷം അഞ്ചാമതോ ആറാമതോ പെരുമാളായി അവരോധിക്കപ്പെട്ടിരുന്ന മറ്റൊരു ചക്രവര്‍ത്തികൂടി ഇവിടെ നിന്ന് മതപരിവര്‍ത്തനം നടത്തിയ ശേഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനും അറേബ്യയിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായി പോയിരുന്നു. ഈ രണ്ടു പെരുമാക്കന്മാരുടെ മതപരിവര്‍ത്തനം ഒരാളുടേതായി കരുതിപ്പോരുന്നതുകൊണ്ടാണ് കാലഗണനയില്‍ ചരിത്രകാരന്മാര്‍ നൂറ്റാണ്ടുകളുടെ തന്നെ വ്യത്യാസം കാണിക്കുന്നത്. രിഹ്‌ലത്തുല്‍ മുലൂകിന്റെ കര്‍ത്താവായ ഉമര്‍ സുഹ്രവര്‍ദി എഴുതുന്നത് പ്രവാചകന്റെ കാലത്താണ് പെരുമാള്‍ ഇവിടെ നിന്ന് മക്കയിലെത്തിയതെന്നാണ്. ശൈഖ് സൈനുദ്ദീന്‍ വിചാരിക്കുന്നത്, 'ഹിജ്‌റ 200 കൊല്ലത്തിനു ശേഷമാണ് ആ സംഭവം ഉണ്ടായതെന്ന ധാരണയ്ക്കാണ് മുന്‍തൂക്കം' എന്നാണ്. എന്നാല്‍ പ്രസിദ്ധ ചരിത്രകാരനായ ഫെരിസ്ത എഴുതുന്നത് നബി തിരുമേനിയുടെ കാലത്താണ് രാജാവ് ഇസ്‌ലാം മതം വിശ്വസിച്ച് അറേബ്യയിലേക്ക് പോയതെന്നാണ്. അതുപോലെ മതം മാറി താജുദ്ദീനെന്ന പേരിനാല്‍ അറിയപ്പെട്ടിരുന്ന ബാണപ്പെരുമാള്‍ മൃതിയടഞ്ഞത് ശഹര്‍മുഖല്ലയിലാണ്. അവസാനത്തെ പെരുമാളുടെ ഖബര്‍ ഹളറമൗത്ത് തീരപ്രദേശത്തെ ളുഫാര്‍ എന്ന നഗരത്തിലാണെന്നും ശഹര്‍ മുഖല്ലയിലല്ലെന്നും ശൈഖ് സൈനുദ്ദീനും രേഖപ്പെടുത്തുന്നു.
ചുരുക്കത്തില്‍ ശഹര്‍ മുഖല്ലയില്‍ കാണുന്ന ഖബര്‍ മതപരിവര്‍ത്തനം ചെയ്ത ബാണപ്പെരുമാളിന്റെയും, ഒമാനിലെ സലാലയിലെ ളുഫാര്‍ എന്ന തീരപ്രദേശത്തുള്ള പള്ളിയും ശ്മശാന കുടീരവും അവസാനത്തെ പെരുമാളുടേതുമാണെന്ന വ്യത്യാസം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാതിരുന്നതു കൊണ്ടാണ് മുസ്‌ലിം ചരിത്രകാരന്മാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ഈ അബദ്ധം പിണഞ്ഞത് (P.107. Kerala Muslim History Statistics and Directory).
ഇവിടെ സൂചിപ്പിച്ച അവസാനത്തെ പെരുമാളുടെ യാത്രയായിരുന്നു സംഭവബഹുലവും, എല്ലായിടവും അറിയപ്പെട്ടതും.
ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ വിശകലനം.
''രാജ്യം പങ്കിട്ട പെരുമാളിനോട് ചേര്‍ത്ത് കൊല്ലവര്‍ഷത്തിന്റെ ഉത്പത്തി കല്‍പിക്കാറുള്ളത് 'ഉദയ മാര്‍ത്താണ്ഡന്‍ കഥ' പോലെ അബദ്ധമാണ്. കൊല്ലവര്‍ഷാരംഭത്തിലോ അതിനു മുമ്പോ കേരളത്തിലെ ഏതെങ്കിലും രാജാവ് ഇസ്‌ലാം മതം സ്വീകരിച്ചു എന്നു വരാവുന്നതേയുള്ളൂ. ക്രി. 851-ല്‍ കേരളം സന്ദര്‍ശിച്ച സുലൈമാന്‍ ചീനരോ നാട്ടുകാരോ ആയ ഒരൊറ്റ മുസ്‌ലിം പോലും ഇവിടെ അന്ന് ഉണ്ടായിരുന്നില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന് കാല്‍ നൂറ്റാണ്ടു മുമ്പ് കേരളം വാണിരുന്ന ചക്രവര്‍ത്തി ഇസ്‌ലാം മതം സ്വീകരിച്ച വൃത്താന്തം അദ്ദഹത്തിന്റെ അറിവില്‍ പെട്ടില്ലെന്നു വരരുതോ? അത് അത്ര സ്വാഭാവികമല്ലെന്നുള്ളതു ശരിതന്നെ. പക്ഷേ, അങ്ങനെ വന്നുകൂടെന്നില്ല.''
സുലൈമാന്‍ വന്നത് ഇവിടെയല്ല, നിക്കോബാര്‍ ദ്വീപകുളെപ്പറ്റിയായിരുന്നു ആ പരാമര്‍ശങ്ങള്‍ എന്നറിയുമ്പോള്‍ ഈ വിശകലനങ്ങള്‍ക്ക് എന്ത് പ്രസക്തിയുണ്ട്? ഇളംകുളം കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച് പറഞ്ഞ എല്ലാ സിദ്ധാന്തങ്ങളെയും ഈ 'നിക്കോബാര്‍ ദ്വീപുകള്‍' പൊളിച്ചുകളയുന്നു.
ക്രി. 851-ല്‍ സുലൈമാനു മുമ്പ് നാമമാത്ര മുസ്‌ലിംകള്‍ കേരളത്തിലുണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന് ഊഹിക്കുന്ന ഇളംകുളം പക്ഷേ, തരിസാപ്പള്ളി ശാസനത്തില്‍ ഒപ്പുവച്ച വര്‍ഷത്തെയും പതിനൊന്ന് മുസ്‌ലിം പ്രമാണിമാരെയും കുറിച്ച് നശ്ശബ്ദമാവുന്നു. നാമമാത്രമായിരുന്നു മുസ്‌ലിംകളെങ്കില്‍, പ്രബലരായ രാജാക്കന്മാര്‍ക്കും ശക്തമായ വാണിജ്യ ഉടമ്പടികള്‍ക്കും സാക്ഷിനില്‍ക്കുവാനും ഗൗരവതരമായ ശാസനങ്ങളില്‍ പേരുവരാനും മാത്രം അവര്‍ അര്‍ഹത നേടിയതെങ്ങനെ?
ക്രി. 848 ലെ തരിസാപ്പള്ളി ശാസനത്തില്‍ പേരുള്ള പതിനൊന്ന് മുസ്‌ലിം പ്രമുഖര്‍ ഇവരത്രെ.
1. മയ്മൂന്‍ ബ്‌നു ഇബ്രാഹീം
2. മുഹമ്മദ് ബ്‌നു മാനി
3. സ്വാലിഹ് ബ്‌നു അലി
4. ഉസ്മാന്‍ ബ്‌നു അല്‍ മര്‍സിബാന്‍
5. മുഹമ്മദ് ബ്‌നു യഹ്‌യ
6. അംറ് ബ്‌നു ഇബ്രാഹീം
7. ഇബ്രാഹീം ബ്‌നു അല്‍തായി
8. ബക്കര്‍ ബ്‌നു മര്‍സൂര്‍
9. അല്‍ കാസിം ബ്‌നു ഹമീദ്
10. മന്‍സൂര്‍ ബ്‌നു ഈസാ
11. ഇസ്മായീല്‍ ബ്‌നു യഅ്ഖൂബ്
ഡോ: സി.കെ കരീം, കൃത്യമായ ഒരു ചോദ്യശരം മുഖ്യധാരാ ചരിത്രകാരന്മാര്‍ക്കുനേരെ ഉന്നയിച്ചിട്ടും അതിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. ''ഇത് വിളിച്ചോതുന്നത്, ഈ കാലമായപ്പോഴേക്കും രാജകീയ ശാസനങ്ങളില്‍പോലും സാക്ഷി നിര്‍ത്തുവാന്‍ വേണ്ടുംവണ്ണം പ്രബലമായ ഒരു സമൂഹമായി മുസ്‌ലിംകള്‍ വളര്‍ന്നിരുന്നു എന്നാണ്. ഇത്രയും ശക്തമായ സമുദായമായി വികാസംകൊള്ളുവാന്‍ പറ്റണമെങ്കില്‍ ഇതിനെത്രയോ മുമ്പു മുതല്‍ക്ക്തന്നെ അവര്‍ ഇവിടെ ഉണ്ടായിരിക്കണം എന്നുള്ളതിന് തെളിവും, ഒമ്പതാം നൂറ്റാണ്ട് അവസാന പകുതിയിലാണ് ഇസ്‌ലാമിക അധിനിവേശം എന്ന വാദത്തിന്റെ പൊള്ളത്തരവും ഇത് സ്‌പഷ്ടമാക്കുന്നുണ്ട് ( P. 96 - Kerala muslim history statitics and Directory). തരിസാപ്പള്ളി ശാസനത്തില്‍ ഒപ്പു വച്ചിട്ടുള്ളത് അന്ന് സമൂഹത്തില്‍ പ്രബലരായ മുസ്‌ലിംകളാണെന്ന് ഒപ്പു പട്ടിക പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. എം.ആര്‍. രാഘവ വാര്യരും കേശവന്‍ വെളുത്താട്ടും എഡിറ്റു ചെയ്ത തരിസാപ്പള്ളിപ്പട്ടയം എന്ന ഗ്രന്ഥത്തില്‍ ഈ പേരുകളെപ്പറ്റിയുള്ള വിശകലനം കാണുക.
''അറബിയില്‍ പേരു പറഞ്ഞിട്ടുള്ള ഇവരെല്ലാം മുസ്‌ലിംകളാണെന്ന് വിചാരിക്കേണ്ടതില്ലെന്ന് ചെറെതി പറയുന്നു. അറബി സംസാരിച്ചിരുന്ന പല ക്രസ്ത്യാനികളുടെയും ജൂതരുടെയും പേരും ബിരുദങ്ങളും പലപ്പോഴും മുസ്‌ലിംകളുടേതില്‍നിന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. മുഹമ്മദ് എന്ന പേര് മുസ്‌ലിമിന്റെ തന്നെ. എന്നാല്‍ ഈസാ മകന്‍ മന്‍ഷൂര്‍ അറബി സംസാരിച്ചിരുന്ന ക്രസ്ത്യാനിയാവാം, യാക്കൂബ് മകന്‍ ഇസ്മാഈല്‍ അറബി സംസാരിച്ചിരുന്ന ജൂതനും (P. 119. തരിസാപ്പള്ളി പട്ടയം).
റോബര്‍ട്ടാ ഗിയുണ്ടയുടെ വായനയെ അടിസ്ഥാനമാക്കിയ ഈ പഠനത്തിനെത്രയോ മുമ്പേ കേരളത്തിലെ പ്രമുഖ അറബി ഭാഷാ പണ്ഡിതന്മാര്‍ ഈ കൂഫീ ലിപികള്‍ വായിച്ചിട്ടുണ്ട്. അതും ഗിയുണ്ടയുടെ വായനയും തമ്മില്‍ ഒരു വ്യത്യാസവും കാണുന്നുമില്ല. ചെറെതിയുടെ വിചാരം പങ്കുവയ്ക്കുന്നതാകട്ടെ, ക്രിസ്ത്യാനികള്‍ തങ്ങളുടെ ദൈവത്തിന്റെ പേര് മക്കള്‍ക്കിടാറില്ല എന്ന സാമാന്യ ജ്ഞാനത്തിന്റെ അഭാവമാണ്. അതിനെ തുടര്‍ന്ന നിരീക്ഷണങ്ങള്‍, മുസ്‌ലിംകള്‍ പ്രവാചകന്മാര്‍ക്കിടയില്‍ വിവേചനം കല്പിക്കാറില്ല എന്ന സാമാന്യ വിവരത്തിന്റെ അഭാവത്തെയും വിളംബരം ചെയ്യുന്നു.
'ഇബ്ന്‍' എന്ന അറബി പദത്തിന് മകന്‍ എന്നാണ് അര്‍ത്ഥം എന്ന വിവരത്തിന്റെ അഭാവമാണ് ആ പദം പറഞ്ഞ ശേഷം പറയുന്നതെന്തോ ബിരുദമാണെന്ന തെറ്റിദ്ധാരണയ്ക്കു നിദാനം.
മാടായിപ്പള്ളിയിലെ ലിഖിതം
സുലൈമാന്‍ താജിറിന്റെ പരാമര്‍ശം കഴിഞ്ഞാല്‍ പെരുമാള്‍ സംഭവം നിഷേധിക്കുന്നവര്‍ ഉയര്‍ത്തുന്ന വലിയ തെളിവ് മാടായിപ്പള്ളിയിലെ മരപ്പലകയിലെ ലിഖിതമാണ്.
''പരമകാരുണ്യവാനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍, അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സക്കാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്‍വഴിപ്രാപിച്ചവരായേക്കാം. അഞ്ചാം വര്‍ഷത്തില്‍ റബീഉല്‍ ആഖിര്‍ മാസത്തില്‍ വെള്ളിയാഴ്ച ദിവസം സ്ഥാപിതം.''
ആ പത്തു പള്ളികളുടെ കൂട്ടത്തിലുള്ള മറ്റൊരു പള്ളി മാടായിപ്പള്ളിയാണ്. അതേക്കുറിച്ചുള്ള ലിഖിതം ഹിജ്‌റ 518 ലുള്ളതാണ് എന്ന് വില്യം ലോഗന്‍ എഴുതുന്നു. അതായത് ക്രിസ്തു വര്‍ഷം 1124 ആണത്'' ( P. 9. മാധ്യമം ആഴ്ചപ്പതിപ്പ്. 2013 സെപ്തംബര്‍). ഹിജ്‌റ 518 എന്ന് ഈ ലിഖിതം വായിച്ച് ലോഗന്‍ എഴുതി എന്നാണ് എം.ജി.എസ് നാരായണന്റെ വാദം. ആരാണ് ലോഗന് ഇത് വായിച്ചുകൊടുത്തത് എന്നത് സംശയാസ്പദമാണ്. ഏതെങ്കിലും ഒരറബി മുന്‍ഷിക്ക് വായിക്കാന്‍ മാത്രം ലളിതമായ ഈ ലിഖിതം ഇവ്വിധം സങ്കീര്‍ണ്ണമാക്കേണ്ട ആവശ്യമെന്തുണ്ട്?
മാടായിപ്പാള്ളിയിലെ ശിലാലിഖിതത്തിന്റെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട 'രണ്ടാം ചേരമാന്‍ സാമ്രാജ്യ'സിദ്ധാന്തവും, 'തഞ്ചാവൂര്‍ ക്ഷേത്രലിഖിതത്തിലെ തേരമാന്‍ രാമവര്‍മ്മയ്ക്കുള്ള ആയുരാരോഗ്യ' സിദ്ധാന്തവുമെല്ലാം ഇവിടെ പ്രശ്‌നമാവുകയാണ് ചെയ്യുന്നത്.
ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തിറക്കിയ 'എ ടോപോഗ്രാഫിക്കല്‍ ലിസ്റ്റ് ഓഫ് അറബിക് പേര്‍ഷ്യന്‍ ആന്റ് ഉര്‍ദു ഇന്‍സ്‌ക്രിപ്ഷന്‍സ് ഓഫ് സൗത്തിന്ത്യ' എന്ന സിയാവുദ്ദീന്‍ എ. ദേശായിയുടെ ഗ്രന്ഥത്തില്‍ മാടായിപ്പള്ളിയിലെ മരത്തിലുള്ള ഈ പ്രവേശന ഭാഗത്തെ ലിഖിതത്തക്കുറിച്ച് പറയുന്നുണ്ട്. ഭാഷ അറബിയാണെന്നും മതപരമായ ഉള്ളടക്കമുണ്ടെന്നും പറയുന്ന ദേശായി പക്ഷേ, തിയ്യതി നഷ്ടപ്പെട്ടെന്നാണ് പറയുന്നത്. ഏതോ ഒരു പള്ളിയുടെ നിര്‍മ്മാണത്തെക്കുറിച്ച പരാമര്‍ശം എന്നും അദ്ദേഹം എഴുതിവെക്കുന്നുണ്ട് (seems to refer to the construction of a mosque).
ഹിജ്‌റ അഞ്ച് എന്നു വായിക്കാന്‍ അദ്ദേഹത്തിന്റെ യജമാനന്മാരും മേലാധികാരികളും പ്രവാചകന്‍ പ്രവാചകത്വം ലഭിച്ച് പതിമൂന്ന് വര്‍ഷത്തെ മക്കാ ജീവിതവും അഞ്ച് വര്‍ഷത്തെ മദീനാ ജീവിതവും സംഭവിച്ച ശേഷവും, 40 ദിവസത്തെ കടല്‍യാത്ര മാത്രമുള്ള കേരളവും ഇവിടുത്തെ മാടായി കോളനിയിലെ അറബികളും ഇതൊന്നുമറിഞ്ഞില്ല എന്നും അവര്‍ പള്ളികളൊന്നും പണിയരുതെന്നും വാദിക്കുന്നതല്ലേ ലജ്ജാവഹം? ഹി: 5 ലെ ആ പള്ളി ഹി: 21 ല്‍ മാലിക് ദീനാറും സംഘവും അറേബ്യയിലെ മാര്‍ബിള്‍ വെച്ച് പുനര്‍ നിര്‍മ്മിച്ചു നല്‍കി.
ശ്രീകണ്ഡാപുരത്തെ
ഖബര്‍ ലിഖിതങ്ങള്‍
അറബി അക്ഷരങ്ങള്‍ക്ക് പുള്ളിയും കുത്തും ഇടുന്നത് ഹജ്ജാജ്ബ്‌നു യൂസുഫിന്റെ കാലഘട്ടത്തിലാണ്. അമവീ കാലഘട്ടത്തിനു മുമ്പ് (ഹിജ്‌റ 89) തന്നെ ഇവിടെ അറബീ ലിഖിതങ്ങള്‍ ഉണ്ടായിരുന്നു എന്നതിനും അവര്‍ മുസ്‌ലിംകള്‍ ആയിരുന്നു എന്നതിനും ഖണ്ഡിതമായ തെളിവാണ്, പുള്ളിയും കുത്തുമില്ലാത്ത ശ്രീകണ്ഡാപുരത്തെ ഖബര്‍ ലിഖിതങ്ങള്‍. ആ ലിഖിതങ്ങളെ ഇവ്വിധം വായിക്കാം.
''പരമകാരുണികനും കരുണാമയനുമായ ദൈവനാമത്തില്‍. ഈ ഖബര്‍ അദിയ്യ് ബ്‌നു ഹാതിമിന്റേതാണ് (ദൈവത്തിന്റെ രക്ഷയും സമാധാനവും അദ്ദേഹത്തിനുമേലുണ്ടാവട്ടെ). എഴുപത്തി നാലാം വര്‍ഷം, റബീഉല്‍ ആഖര്‍, ശനിയാഴ്ച. അദ്ദേഹത്തോടുകൂടെ 'റ'(എന്ന പദം) 'അല്ലയോ ദയാനിധേ, നിന്റെ കാരുണ്യത്താല്‍ 'റ' എന്നതിന്റെ സൂചകം 200 എന്നാണ്. (200 പേരോടുകൂടെ) (അക്ഷരക്കണക്കുപ്രകാരം)
അദിയ്യ് ബ്‌നു ഹാതിം പ്രവാചകന്റെ അനുചരനും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമായിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ അദ്ദേഹം കണ്ണൂരിലെ ശ്രീകണ്ഡാപുരത്ത് വെച്ച് മരണപ്പെട്ടു എന്ന് ഈ ലിഖിതത്തിലൂടെ മനസ്സിലാകുന്നു. ''തൈ്വഅ് ഗോത്രക്കാരനായ അദിയ്യി ബ്‌നു ഹാതിം രാജാവും രാജാവിന്റെ പുത്രനുമായിരുന്നു.'' പ്രവാചകന്‍ അദിയ്യിനെ ഉപദേശിക്കുകയും പരലോകത്തെക്കുറിച്ചോര്‍മിപ്പിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു:''അല്ലാഹു നിങ്ങളെ കണ്ടുമുട്ടുന്ന ദിനം നിങ്ങള്‍ക്കും അവനുമിടയില്‍ ഒരു ദ്വിഭാഷിയുണ്ടായിരിക്കില്ല.'' അദിയ്യ് ബ്‌നു ഹാതിം പറഞ്ഞു. കൂടാരത്തില്‍ കയറിയ സ്ത്രീ സംരക്ഷകരില്ലാതെ ഹീറയില്‍നിന്ന് കഅ്ബയെ പ്രദക്ഷിണം ചെയ്തു പോകുന്നു. ഖുസ്‌റുവിന്റെ ഖജനാവ് ജയിച്ചടക്കിയവരില്‍ ഞാനുമുണ്ടായിരുന്നു. എന്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ അവന്‍ തന്നെ സത്യം, മൂന്നാമത്തെ കാര്യവും സംഭവിക്കും, കാരണം അത് പറഞ്ഞത് പ്രവാചകനാണ്'' ( P. 42. ജീവിതം ആസ്വദിക്കൂ. ഡോ: മുഹമ്മദ് അല്‍ അരീഫി)
പ്രവാചകനുമായി ബന്ധം പുലര്‍ത്തിയിരുന്ന ഗോത്രനേതാക്കന്മാരിലൊരാളും, പിന്നീട് ഇസ്‌ലാമാശ്ലേഷിച്ചയാളുമായിരുന്നു അദിയ്യ് ബ്‌നു ഹാതിം. മജൂസീ സ്വാധീനമുള്ള റുകൂസീ ക്രൈസ്തവ വിഭാഗത്തിലെ നേതാവും മുഖ്യനുമായിരുന്നു അദ്ദേഹം. പേര്‍ഷ്യയുമായി ബന്ധമുണ്ടായിരുന്ന ഹീറയുടെ സമീപപ്രദേശത്തെ രാജാക്കന്മാരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരുന്നു അദിയ്യ് ബ്‌നു ഹാതിം. കേരളത്തിലേക്കുള്ള വര്‍ത്തക പ്രമുഖരുടെയും പ്രബോധക സംഘങ്ങളുടെയും കൂട്ടത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നുവെന്നതിനും, പ്രവാചകാനുചരന്മാര്‍ പലരും ഇന്ത്യയില്‍ എത്തിയിരുന്നുവെന്നതിനുമുള്ള തെളിവുകളായി ഈ ഖബര്‍ ലിഖിതങ്ങള്‍ നിലകൊള്ളുന്നു.
തളങ്കരപ്പള്ളിയിലെ ലിഖിതം
''മാലിക് ബ്‌നു ദീനാറിനാല്‍ സ്ഥാപിതമായ പള്ളിയാണിത്. ഇസ്‌ലാം മത പ്രചാരണാര്‍ത്ഥവും പള്ളികള്‍ സ്ഥാപിക്കുവാനുമായി ഒരു സംഘം അറേബ്യയില്‍നിന്നും ഇന്ത്യയിലേക്കു വന്നു. ശറഫ്ബ്‌നു മാലിക്, മാതൃസഹോദരന്‍ മാലിക് ബ്‌നു ദീനാര്‍, സഹോദര പുത്രന്‍ മാലിക് ബ്‌നു ഹബീബ് തുടങ്ങിയവരാണവര്‍. കാഞ്ചര്‍കൂത്ത് എന്ന സ്ഥലത്ത് അവരെത്തുകയും ഹിജ്‌റ 22 റജബ് മാസം പതിമൂന്ന് തിങ്കളാഴ്ച്ച, ഒരു ജുമുഅ മസ്ജിദ് സ്ഥാപിക്കുകയും പുത്രന്‍ മാലിക് ബ്‌നു അഹ്മദ് ബ്‌നു മാലികിനെ ഖാദിയായി നിയമിക്കുകയും ചെയ്തു. പിന്നീട് ഹിജ്‌റ 1223 ല്‍ പ്രദേശത്തുകാരനായ ആളുകളുടെ സമ്പത്തിനാല്‍ പഴയ പള്ളി പുനര്‍ നിര്‍മ്മിച്ചു.''
കാസര്‍കോട്ടെ തളങ്കരയിലെ മാലിക് ദീനാര്‍ പള്ളിയുടെ ചുവരിലെ പ്രസ്തുത ലിഖിതം പ്രധാനപ്പെട്ട ഒരു രേഖയാണ്. 1223 പള്ളി പുതുക്കിപ്പണിയുമ്പോള്‍ പൂര്‍വ്വകാലത്തെ പള്ളിയിലുണ്ടായിരുന്ന ചെമ്പു തകിടിലെ രേഖകള്‍ പകര്‍ത്തിവയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. 200 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതായാലും ഇവ്വിഷയകമായി വിവാദങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ?
നാണയങ്ങളുടെ സാക്ഷ്യങ്ങള്‍
രാമകൃഷ്ണപിള്ളയുടെ കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച 'ചരിത്രത്തില്‍ ആര്‍ക്കൈവ്‌സിന്റെ സ്വാധീനത' എന്ന ഗ്രന്ഥത്തില്‍നിന്നും ഉദ്ധരിച്ചുകൊണ്ട് ഡോ: സി.കെ കരീം ഇവ്വിധം പറയുന്നു: ''അറയ്ക്കല്‍ രാജവംശം പുറത്തിറക്കിയിരുന്ന കണ്ട്കിട്ടിയ നാണയങ്ങളില്‍, ഹിജ്‌റ 31, 35, 161 എന്നീ വര്‍ഷങ്ങള്‍ കാണിക്കുന്നവയുമുണ്ട്.'' എന്നാല്‍ ഈ അക്കങ്ങളെ പ്രാഥമികമായി സ്വീകരിക്കരുതെന്ന വാദത്തെ ഡോ: സി.കെ കരീം ചോദ്യംചെയ്യുന്നുണ്ട്. ''എന്നാല്‍ മറ്റു കാര്യങ്ങളിലെന്നപോലെ ഈ നാണയത്തിന്റെ കാര്യത്തിലും വളരെ ബാലിശമായ ദുര്‍ വ്യാഖ്യാനങ്ങളുമായിട്ടാണ് നമ്മുടെ പാഠ പുസ്തക രചയിതാക്കള്‍ പോലും മുമ്പോട്ടു വന്നിട്ടുള്ളത്. അതില്‍ ഒരു മാന്യന്റെ അഭിപ്രായം, 'ആലി രാജാവിന്റെ നാണയങ്ങളില്‍ കാണുന്ന ഹിജ്‌റ 35 മുതലായ അക്കങ്ങള്‍ വെച്ചുകൊണ്ട് ആ നാണയങ്ങളുടെ കാലം ക്രിസ്തു വര്‍ഷം ഏഴോ, എട്ടോ നുറ്റാണ്ടാണ് എന്ന് പറയരുത്. നാണയങ്ങളില്‍ അടിച്ചിരിക്കുന്ന അക്കങ്ങളുടെ ചുരുങ്ങിയ രൂപം നോക്കി അവയെ ചരിത്രപരമായ തെളിവുകളായെടുത്ത് പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് ചരിത്രകാരന്‍ എടുത്തുചാടരുത്' എന്നാണ്.
എന്നാല്‍ കേരളപ്പഴമയെപ്പറ്റി എഴുതുവാന്‍ ഇതേ ആള്‍ തന്നെ കോതമംഗലത്തുനിന്നും ലഭിച്ച ഉമയ്യ ഖലീഫമാരുടെ ( 661 - 750) നാണയങ്ങളും തൃശൂര്‍ ജില്ലയിലെ എയ്യാല്‍നിന്നും ലഭിച്ച ബി.സി. 117 മുതല്‍ ഏ.ഡി. 123 വരെയുള്ള റോമന്‍ നാണയങ്ങളും വിലയിരുത്തുന്നത് അവയില്‍ കുത്തിയിട്ടുള്ള വര്‍ഷങ്ങള്‍ അതേപടി സ്വീകരിച്ചുകൊണ്ടുമാണ്. അപ്പോള്‍ അറയ്ക്കല്‍ നാണയങ്ങളെക്കുറിച്ചാകുമ്പോള്‍ അത് ചുരുക്കെഴുത്തും, മറ്റുള്ളവ ശരിക്കെഴുത്തുമായി മാറുകയാണ് ഈ പാഠപുസ്തക വിദ്വാന്റെ ദൃഷ്ടിയില്‍. തെളിവുകള്‍ നിരത്തി വാദിക്കാന്‍ മാത്രം ശക്തമോ നിലനില്‍ക്കുന്നതോ അല്ലല്ലോ ഇത്തരം വാദഗതികള്‍'' (P. 98, Kerala muslim History, Statistics and Directory).
നാണയങ്ങള്‍ ഓരോ കാലഘട്ടത്തിന്റെയും നാഡിമിടിപ്പുകളുടെ പ്രതീകങ്ങളാണ്; ജനതകളുടെ ജീവല്‍ പ്രശ്‌നങ്ങളിലൂടെ കടന്നുപോന്ന ചരിത്രസാക്ഷികള്‍. അറബി അക്ഷരങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ട പ്രസ്തുത നാണയങ്ങള്‍ അസ്വീകാര്യമാവുമ്പോള്‍ ചരിത്രം തന്നെയല്ലേ അസ്വീകാര്യമായിത്തീരുന്നത്.
രാജശേഖര ദേവരുടെ (800-844) വാഴപ്പള്ളി ചെപ്പേടില്‍ ഇവ്വിധം കാണാം. 'തിരുവാറ്റായ് ക്ഷേത്രത്തിലെ നിത്യബലി വിലക്കുന്നവര്‍ പെരുമാനടികള്‍ക്ക് നൂറു ദീനാരം പിഴ ഒടുക്കണം' -തിരുവാറ്റായ് മുട്ടാപ്പലി വിലക്കുവാര്‍ പെരുമാനടികട്കു നൂറു തീനാരന്തണ്ടപ്പടുവതു (P.4 കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍). 'തീനാരം' എന്ന പദത്തെ 'ദീനാരം' എന്നാണ് ഡോ: പുതുശ്ശേരി രാമചന്ദ്രന്‍ വായിക്കുന്നത്. ദീനാര്‍ എന്നത് അറേബ്യന്‍ നാണയമായതിനാല്‍ വാഴപ്പള്ളി ചെപ്പേടും നമുക്ക് അസ്വീകാര്യമാകുമോ?
പ്രവാചക സവിധത്തിലെത്തിയ രാജാവ്
പ്രവാചക കാലഘട്ടം എന്നത് ചരിത്രത്തിന്റെ പകല്‍വെളിച്ചമുള്ള സമയം തന്നെയാണ്. കേരളത്തിലും ഇന്ത്യയിലും ചരിത്രമൊന്നും രേഖപ്പെടുത്താന്‍ അറിയാതിരുന്നൊരു കാലത്ത്, ചരിത്രവും ഗ്രന്ഥങ്ങളും രചിച്ച് ലോകത്തിന് നാഗരികതയെ പഠിപ്പിച്ചു കൊടുത്ത പ്രവാചകന്റെ പിന്‍ഗാമികള്‍, കേരളത്തെക്കുറിച്ചുള്ളതൊന്നും എഴുതിച്ചില്ല എന്ന് വരുമോ? പ്രവാചകന്‍ ഒരു ദിനം പ്രഭാഷണത്തിനായി എഴുന്നേറ്റു നിന്നു. അല്ലാഹുവെ സ്തുതിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു: "നിശ്ചയം ഞാന്‍ നിങ്ങളില്‍ ചിലരെ അനറബീ രാജാക്കാന്മാരിലേക്ക് അയക്കുവാന്‍ ഉദ്ദേശിക്കുന്നു. മറിയമിന്റെ മകന്‍ ഈസയുടെ കാര്യത്തില്‍ ഇസ്രയേല്‍ മക്കള്‍ ഭിന്നിച്ചതു പോലെ എന്റെ മേല്‍ നിങ്ങള്‍ ഭിന്നിക്കാതിരിക്കുവിന്‍'' (ബുഖാരി).
നാല്പതു ദിവസം മാത്രം കടല്‍ യാത്രയുള്ള കേരളതീരവും അവിടുത്തെ രാജാക്കാന്മാരും പ്രവാചകന് അപരിചതരായിരുന്നുവോ? ''അബൂ സഈദില്‍ ഖുദ്‌രിയില്‍നിന്നും നിവേദനം: "ഒരു ഇന്ത്യന്‍ രാജാവ് പ്രവാചകന് ഒരു ഭരണി (ജാര്‍) നിറയെ ഇഞ്ചി സമ്മാനിച്ചു. ഓരോരോ കഷ്ണം പ്രവാചകന്‍ അനുചരന്മാര്‍ക്ക് വിതരണം ചെയ്തു. ഒരു കഷ്ണം എന്നെയും ഭക്ഷിപ്പിച്ചു'' (P. 150. അല്‍ മുസ്തദ്‌റക് അലസ്സ്വഹീഹൈന്‍).
പ്രവാചക കാലഘട്ടത്തില്‍ തന്നെ ചേരമാന്‍ പെരുമാള്‍ സംഭവം നടന്നിട്ടില്ലെങ്കില്‍, അതിന് യാതൊരു അടിസ്ഥാനവുമില്ലെങ്കില്‍, ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ സംഭവങ്ങള്‍ എങ്ങനെ പരാമര്‍ശിക്കപ്പെട്ടു എന്നത് ചിന്തനീയമാണ്. പ്രവാചകന്റെ വാക്കും പ്രവൃത്തിയും മൗനാനുവാദവുമാണല്ലോ ഹദീസ് ഗ്രന്ഥങ്ങളിലുള്ളത്. പ്രവാചകന്‍ ഒരു അനറബിയും ഇന്ത്യക്കാരനുമായ രാജാവുമായി സംസാരിക്കുകയും സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു എന്നത് എഴുതിവെക്കേണ്ട സംഭവമായി അവിടെയുള്ള പ്രവാചകാനുചരന്മാര്‍ക്ക് തോന്നിയെങ്കില്‍ അതില്‍ അത്ഭുതപ്പെടുവാനെന്തുണ്ട്?
അറബിയിലായിപ്പോയി പ്രസ്തുത ഗ്രന്ഥങ്ങള്‍ എന്ന ഒരൊറ്റ കാരണം കൊണ്ട് തിരസ്‌കരിക്കാനാവുമോ ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ? പ്രവാചക നടപടിക്രമങ്ങളുടെ ഈ പുരാരേഖകള്‍ക്ക് കൈയ്യൊപ്പുചാര്‍ത്തുന്ന നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കേരളീയനാണ് കേസരി എ. ബാല കൃഷ്ണപിള്ള.
''പെരുമാള്‍ മക്കത്തു ചെന്ന് നബിയെ കണ്ടപ്പോള്‍ നബിക്ക് 57 വയസ്സുണ്ടായിരുന്നു എന്ന് കേരളോല്‍പത്തി പറഞ്ഞിട്ടുള്ളതിനാല്‍ പെരുമാള്‍ മക്കത്തുപോയത് എ.ഡി 628 ലാണെന്ന് സിദ്ധിക്കുന്നു. സെഹര്‍ മുക്കല്‍ഹ എന്ന നാട്ടില്‍ പെരുമാള്‍ തിരിച്ചുവന്നു പള്ളിയും വീടും പണിയിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടാകായാല്‍ അദ്ദേഹം അവിടെ തിരിച്ചുവന്നത് എ.ഡി 634 ലായിരിക്കണം. പള്ളിയും വീടും പണികഴിപ്പിച്ച് അവിടെ കുറെനാള്‍ പാര്‍ത്തതിനു ശേഷമാണ് പെരുമാള്‍ മരിച്ചത്. സെഹര്‍ മുക്കല്‍ഹയില്‍ തിരിച്ചുവന്ന ശേഷം ഒരു മൂന്നു കൊല്ലം കൂടി പെരുമാള്‍ ജീവിച്ചിരുന്നു എന്നു വിചാരിക്കാം.അപ്പോള്‍ ഉദ്ദേശം എ.ഡി 637 നു സമീപിച്ച് പെരുമാള്‍ മരിച്ചു എന്നും അതിനടുത്ത കാലത്തു തന്നെ മാലിക് ഹബീബ് ദീനാറും കുടുംബവും കേരളത്തിലേക്കു പോന്നുവെന്നും സിദ്ധിക്കുന്നു'' (P. 40 . കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ Vol-1).
'അനറബീ രാജാക്കന്മാരിലേക്ക് നിങ്ങളില്‍ ചിലരെ ഞാന്‍ അയക്കുവാന്‍ ഉദ്ദേശിക്കുന്നു' എന്ന പ്രവാചക വൈഖരിയെ കേസരിയോളം ഉള്‍ക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്തയാളുകള്‍ മുസ്‌ലിംകളില്‍ പോലും ഉണ്ടാകുമോ എന്ന് സംശയമാണ്. ''കേരളോത്പത്തിയിലും തുഹ്ഫത്തുല്‍ മുജാഹിദീനിലും പ്രസ്താവിച്ചിട്ടുള്ള പ്രസ്തുത ഐതിഹ്യം വിശ്വാസയോഗ്യമാണെന്ന് കാണിക്കുന്ന മറ്റു തെളിവുകളിലേക്കു കടക്കാം. ഒന്നാമതായി പെരുമാള്‍ മക്കത്തുപോയതായി പറയുന്ന എ.ഡി.628 ഇസ്‌ലാം ചരിത്രത്തില്‍ പ്രാധാന്യമുള്ള ഒരാണ്ടാണ്. താന്‍ സ്ഥാപിച്ച മതത്തിന്റെ പ്രചാരണത്തിനായി നബി അന്നത്തെ പ്രധാന രാജക്കന്മാരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചത് ആ ആണ്ടിലും അതിനു സമീപിച്ചുമായിരുന്നു.
റോമാ ചക്രവര്‍ത്തിയായ ഹെരാക്ലിയസ്, പാരസിക ചക്രവര്‍ത്തിയായ ഖുസ്‌റു പര്‍വീസ്, ചീനത്തെ ടാങ് വംശജനായ ചക്രവര്‍ത്തി, അബിസീനിയായിലെ രാജാവ്, അറേബ്യയുടെ കിഴക്കന്‍ തീരത്തുള്ള ബന്ദു ഹനീഫ ഗോത്രത്തിന്റെ നായകന്‍, അവിടെയുള്ള ബഹ്‌റൈനിലെ ഭരണാധികാരി എന്നിവര്‍ക്കു തന്റെ പുതിയ മതം സ്വീകരിക്കുവാന്‍ ഉപദേശിക്കുന്ന കത്തുകളോടുകൂടി നബി തന്റെ ദൂതന്മാരെ ഈ ആണ്ടിലും അതിനു സമീപിച്ചും അയക്കുകയുണ്ടായി. ഇങ്ങനെ അന്നത്തെ ലോകത്തിലെ പ്രബലരായ ചക്രവര്‍ത്തികള്‍ക്കും തന്റെ നാട്ടുകാരായ അറബികള്‍ക്കും, കച്ചവടബന്ധങ്ങള്‍ ഉണ്ടായിരുന്ന രാജ്യത്തിലെ ഭരണാധികാരകള്‍ക്കും സന്ദേശങ്ങള്‍ അയച്ച നബി പണ്ടേതന്നെ തന്റെ നാട്ടുകാര്‍ക്ക് കച്ചവട ബന്ധമുണ്ടായിരുന്ന സിലോണിലേയും കേരളത്തിലേയും രാജാക്കന്മാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരിക്കുവാന്‍ ഇടയുണ്ട്. പോരെങ്കില്‍ അദ്ദേഹം ചീനത്തേക്ക് അയച്ച ദൂതന്മാര്‍ക്ക് കേരളവും സിലോണും കടന്നുപോകേണ്ടിയുമിരുന്നു. നബിയുടെ ശിഷ്യന്മാര്‍ കേരളത്തിലും സിലോണിലും പോയിരുന്നുവെന്ന് ശൈഖ് സൈനുദ്ദീന്‍ പറയുന്നുമുണ്ട്.
നബിയുടെ കാലമായ എ.ഡി 7-ാം ശതാബ്ദത്തിന്റെ പൂര്‍വാര്‍ദ്ധം തമിഴ് സംഘത്തിന്റെ പ്രാരംഭകാലമെന്ന് ചിലപ്പതികാരത്തിന്റെ കാലം നിര്‍ണയിച്ച ലേഖനത്തില്‍ ഈ ലേഖകന്‍ ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ? ചേര, ചോള, പാണ്ഡ്യ രാജ്യങ്ങളുമായി യവനര്‍ അതായത് ജോനകര്‍, അഥവാ അറബികള്‍ ധാരാളമായി കച്ചവടം നടത്തിവന്നിരുന്നു എന്നും ഈ യവനരില്‍ ചിലരെ ഈ രാജക്കാന്മാര്‍ തങ്ങളുടെ അകമ്പടിക്കാരായി നിയമിച്ചിരുന്നുവെന്നും തമിഴ് സംഘകാവ്യങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്.
മക്കത്തു പോയ പെരുമാളെന്ന് ഈ ലേഖനത്തില്‍ സ്ഥാപിക്കുവാന്‍ പോകുന്ന പല്‍യനൈച്ചന്‍ കെഴുകുട്ടുവന്‍ എന്ന ചേര രാജാവിന്റെ ജ്യേഷ്ഠനായ ഇമയവരമ്പന്‍ നെടും ചേരലാതന്‍ എന്ന രാജാവ് യവനരെ കടലില്‍ വച്ച് തോല്‍പിച്ച് അവരുടെ കപ്പലും അതിലുള്ള ധനവും പിടിച്ചടക്കി എന്നു സംഘകാവ്യമായ പതിറ്റുപ്പത്തില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. നബിക്കു കുറെ ശതാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ അറബികളും പാര്‍സികളും സിലോണില്‍ കുടിയേറിപ്പാര്‍ത്തിരുന്നു എന്നതിന് ലക്ഷ്യങ്ങളുണ്ട്. ഇങ്ങനെ തന്റെ നാട്ടുകാര്‍ക്ക് അടുത്ത ബന്ധമുള്ള സിലോണിലേക്കും കേരളത്തിലേക്കും തന്റെ മത സന്ദേശങ്ങളും കൊടുത്തു നബി അയച്ച ദൂതനായിരിക്കാം കേരളോല്‍പത്തിയില്‍ പറഞ്ഞിട്ടുള്ള അശുവിങ്കല്‍ ചതുരപുരത്തു വേദാഴിയാരും സൈനുദ്ദീന്‍ പ്രസ്താവിക്കുന്ന, തീര്‍ത്ഥയാത്രക്കാരുടെ തലവനായ ശൈഖും '' (P. 46. കേസരിയുടെ ചരിത്രഗവേഷണങ്ങള്‍).
കേസരിയുടെ സൂക്ഷ്മാല്‍ സൂക്ഷ്മമായ നിരീക്ഷണങ്ങളുടെ മികവ് ഇവിടെ വായിച്ചെടുക്കാനാകും. അറേബ്യയില്‍നിന്നും വന്ന വര്‍ത്തക സംഘത്തിലെ നേതാവിന്റെ പക്കല്‍ നബിയുടെ കത്ത് ഉണ്ടായിരുന്നു എന്ന നിരീക്ഷണം സാമ്പ്രദായികമായ എല്ലാ ചരിത്ര നിര്‍മ്മിതികളെയും പൊളിച്ചെഴുതുന്നു. കേസരിയുടെ നിരീക്ഷണങ്ങള്‍, പുതുസിദ്ധാന്തങ്ങളുടെ പ്രളയ കാലങ്ങളിലും ഒരു പോറലുമേല്‍ക്കാതെ കാലാതിവര്‍ത്തിയായി അവശേഷിക്കുന്നു.
കേസരിയുടെ തിരസ്‌കൃത നിരീക്ഷണങ്ങള്‍
കേസരി എ. ബാലകൃഷ്ണ പിള്ളയ്ക്കും അന്യമായിരുന്നില്ല പ്രവാചക കാലത്തുതന്നെയുള്ള കേരളത്തിലെ ഇസ്‌ലാമിന്റെ ആഗമനവും അതോടുള്ള എതിരഭിപ്രായങ്ങളും. കേസരിയുടെ നിരീക്ഷണത്തിലും സുലൈമാന്‍ താജിറിന്റെ അഭിപ്രായത്തെക്കുറിച്ച് 'സൂക്ഷ്മവിവരങ്ങള്‍ അറിയാതെ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം' എന്ന് വിമര്‍ശിക്കുന്നുണ്ട്. അത് സുലൈമാന്‍ താജിറിന്റെ പരിഭാഷകരും ചരിത്ര വിശാരദന്മാരും അദ്ദേഹത്തില്‍ ആരോപിച്ച ഒരു ആരോപണം മാത്രമായിരുന്നു എന്ന് തെളിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍ കേസരിയുടെ ക്രാന്തദര്‍ശിത്വമാണ് ഇവിടെ വെളിവാകുന്നത്.
''ഒരു ചേരമാന്‍ പെരുമാള്‍ എ.ഡി. 7-ാം ശതാബ്ദത്തില്‍ ഇസ്‌ലാംമതം സ്വീകരിച്ചു എന്ന് കേരളോല്‍പത്തി പ്രസ്താവിച്ചിട്ടുള്ളത് വിശ്വാസയോഗ്യമല്ലെന്ന് ചരിത്രകാരന്മാര്‍ വിചാരിച്ചു വരുന്നതിനു കാരണങ്ങള്‍ എ.ഡി. 9-ാം ശതാബ്ദത്തിനും 15-ാം ശതാബ്ദത്തിനും ഇടയ്ക്ക് കേരളം സന്ദര്‍ശിച്ചിരുന്ന വിദേശ സഞ്ചാരികള്‍ ആ ഐതിഹ്യത്തെപ്പറ്റി ഒന്നും പറയാതെയിരുന്നിട്ടുള്ളതും, എ.ഡി. 9-ാം ശതാബ്ദത്തില്‍ ജീവിച്ചിരുന്ന സുലൈമാന്‍ എന്ന അറബി സഞ്ചാരി ഭാരതത്തിലും ചീനത്തും ഒരു നാട്ടുകാരനും ഇസ്‌ലാം മതം അന്നു സ്വീകരിച്ചിരുന്നില്ല എന്നു പ്രസ്താവിച്ചതുമാകുന്നു. എന്നാല്‍ ഇന്നത്തെ ഗവേഷണങ്ങളുടെ ഫലമായി എ.ഡി. 7-ാം ശതാബ്ദത്തില്‍ ചീനത്തും സിലോണിലും നാട്ടുകാരായ മുസ്‌ലിംകള്‍ ഉണ്ടായിരുന്നു എന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അതിനാല്‍ ഈ രണ്ടു രാജ്യങ്ങളെയും പോലെ അറബികള്‍ക്കു കച്ചവട ബന്ധമുണ്ടായിരുന്ന കേരളത്തിലും പ്രത്യേകിച്ച് 7-ാം ശതാബ്ദത്തില്‍ മക്കത്തുപോയ ഒരു പെരുമാളുടെ ഐതിഹ്യമുള്ള കേരളത്തിലും, 7-ാം ശതാബ്ദത്തില്‍ നാട്ടുകാരായ മുസ്‌ലിംകള്‍ ഉണ്ടായിരുന്നു എന്ന് വിചാരിച്ചേ മതിയാകൂ. വിദേശ സഞ്ചാരികള്‍ ഇങ്ങനെ ഒരു ഐതിഹ്യത്തെ പ്രസ്താവിക്കാതെയിരുന്നതുകൊണ്ട് അങ്ങനെ ഒരൈതിഹ്യം ഉണ്ടായിരുന്നില്ലെന്ന് വരുന്നില്ലല്ലോ?സുലൈമാന്‍ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം സൂക്ഷ്മവിവരങ്ങള്‍ അറിയാതെ പുറപ്പെടുവിച്ചിട്ടുള്ള ഒന്നാണെന്നു വേണം വിചാരിക്കേണ്ടത്. എ.ഡി. 7 ഉം 8 ഉം ശതാബ്ദങ്ങളില്‍ അറബിക്കച്ചവടക്കാര്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും അവരെ കേരളീയര്‍ വളരെ ബഹുമാനിച്ചിരുന്നുവെന്നും പത്താം ശതാബ്ദത്തിലെ ഒരറബി സഞ്ചാരിയായ മാസൂദി പ്രസ്താവിച്ചത് ഇവിടെ സ്മരണീയമാണ്. ഈ അറബികള്‍ ചില കേരളീയരെയെങ്കിലും ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യിച്ചിരുന്നിരിക്കണം'' (P. 47. കേസരിയുടെ ചരിത്ര ഗവേഷണങ്ങള്‍ vol .1).
ചേരമാന്‍ പെരുമാള്‍ ആര്?
കേസരിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഏഴാം നൂറ്റാണ്ടിലെ ചരിത്ര സംഭവങ്ങളെ പകല്‍പോലെ വെളിച്ചത്തു കൊണ്ടുവരുന്നവയാണ്. അതുലന്റെ 'മൂഷക വംശ'ത്തിലെ പാലകന്‍ ഒന്നാമനാണ് ചേരമാന്‍ പെരുമാള്‍ എന്ന് കേസരി സമര്‍ത്ഥിക്കുന്നുണ്ട്. പതിറ്റുപ്പത്തിലെ പല്‍യനൈച്ചന്‍കെഴുകുട്ടുവനും, കേരള തുളുവൈതിഹ്യത്തിലെ ഭുതലപാണ്ഡ്യന്റെ മാതുലനും മുന്‍ഗാമിയുമായ ദേവപാണ്ഡ്യനും, മക്കത്തുപോയ ചേരമാന്‍ പെരുമാള്‍ക്ക് ഈ കൃതികളില്‍ പറഞ്ഞ പേരുകള്‍ ആണെന്ന് കേസരി എ. ബാലകൃഷ്ണപിള്ള കണ്ടെത്തുന്നു.
''ചിലപ്പതികാരത്തിലെയും പതിറ്റുപ്പത്തിലെയും ഈ ഭാഗങ്ങളില്‍നിന്ന് രാജ്യം പകുത്തുകൊടുത്തതിനു ശേഷം അറേബ്യയില്‍ പോയി ഇസ്‌ലാം മതം സ്വീകരിച്ച് മരണമടഞ്ഞതായി കേരളോല്‍പത്തിയും സൈനുദ്ദീനും പ്രസ്താവിച്ചിട്ടുള്ള പെരുമാള്‍ പല്‍യാനൈച്ചന്‍കെഴുക്കുട്ടുവന്‍ ആണെന്നു സ്പഷ്ടമാകുന്നുണ്ട്. എന്തെന്നാല്‍ ഇദ്ദേഹം തന്റെ രാജ്യം വീതിച്ചു കൊടുത്തു എന്നു പതിറ്റുപ്പത്തും, ഇദ്ദേഹത്തിന്റെ കാലത്തു കൊടുങ്ങല്ലൂരില്‍ വന്ന ബൗദ്ധരെ, അതായത് മുസ്‌ലിംകളെ ഇദ്ദേഹം സല്‍ക്കരിച്ച് ഹിന്ദുധര്‍മപ്രകാരമുള്ള യാഗങ്ങള്‍ക്കു പകരം മധുര പദാര്‍ത്ഥങ്ങള്‍ കൊണ്ട് യാഗം കഴിപ്പിച്ചെന്നും, ഇദ്ദേഹം യവനരുടെ നാട്ടില്‍, അതായത് ജോനകരുടെ, അഥവാ അറബികളുടെ നാട്ടില്‍ പോയി വാണ് അവിടെ വെച്ച് സ്വര്‍ഗ്ഗം പ്രാപിച്ചുവെന്ന് ചിലപ്പതികാരവും പറഞ്ഞിരിക്കുന്നു.
ചിലപ്പതികാരം രചിച്ചത്, എ.ഡി. 650 നും 700 നും ഇടയ്ക്കാണെന്ന് ഈ ലേഖകന്‍ ചൂണ്ടിക്കാണിച്ചിരുന്നത് ഓര്‍ക്കുമ്പോള്‍, അതിലെ ഈ പ്രസ്താവനകളുടെ അതിയായ പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. ഈ പെരുമാള്‍ അറേബ്യയിലേക്ക് പോയ എ.ഡി. 628 നു ശേഷം ഒരെഴുപതുവര്‍ഷം കഴിയുന്നതിനു മുമ്പ് രചിച്ചതാണ് ചിലപ്പതികാരം.
ചിലപ്പതികാര കര്‍ത്താവായ ഇളങ്കോവടികള്‍, അറേബ്യയിലേക്കു പോയ പെരുമാളായ പല്‍യാനൈച്ചന്‍ കെഴുകുട്ടവന്റെ മരുമകനും പിന്‍ഗാമിയുമായ കളങ്കായ് കണ്ണിനാര്‍ മുടിചേരലാതന്റെ മരുമകനാണെന്ന സംഗതിയും ഇവിടെ സ്മരണീയമാണ്.
അതിനാല്‍ കാലം കൊണ്ടും ബന്ധുത്വം കൊണ്ടും മക്കത്തുപോയ പെരുമാളിനു വളരെ അടുപ്പമുള്ള ഇളങ്കോവടികളുടെ വാക്കുകള്‍ വിശ്വാസയോഗ്യമാണെന്നതിനു യാതൊരു സംശയവുമില്ല. പല്‍യാനൈച്ചന്‍കെഴുകുട്ടുവന്‍ അറേബ്യയിലേക്കു പോയി അവിടെ വെച്ച് മരിച്ചതിനാല്‍, അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു എന്നും സിദ്ധാന്തിക്കുന്നു (P. 50. കേസരിയുടെ ചരിത്ര ഗവേഷണങ്ങള്‍).
മലയാളവും കേരളവും തമിഴ്‌പൈതൃകമുള്ളവയാണെന്ന് ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണോ ഈ വിസ്മൃതികള്‍ എന്ന് ആലോചിക്കാവുന്നതാണ്. കേസരിയുടെ നിരീക്ഷണങ്ങളെ ഖണ്ഡിക്കുവാനോ ചോദ്യം ചെയ്യുവാനോ ഒരു പ്രതിഭയും ഇന്നോളം മുതിര്‍ന്നിട്ടില്ല എന്നുകൂടി ചേര്‍ത്തുവായിക്കുമ്പോള്‍, ഇസ്‌ലാമിന്റെ ആഗമനത്തെ കുറിച്ചും ചേരമാന്‍ പെരുമാളെക്കുറിച്ചുമുള്ള ചരിത്രം മുസ്‌ലിംകള്‍ തങ്ങളുടെ 'ആധികാരികത' സമര്‍ത്ഥിക്കുവാന്‍ നടത്തുന്ന ശ്രമം മാത്രമാണെന്ന ആരോപണങ്ങള്‍ ദുര്‍ബലപ്പെട്ടുപോവുകയാണ് ചെയ്യുന്നത്. രണ്ടാം നൂറ്റാണ്ടിലാണ് ചിലപ്പതികാരം രചിച്ചതെന്ന തെറ്റിദ്ധാരണയെ മാറ്റി ചിലര്‍ക്ക് അതിന്റെ രചനയെ 9-ാം നൂറ്റാണ്ടില്‍ പ്രതിഷ്ഠിക്കേണ്ടി വന്നിരിക്കുന്നു. എന്നാല്‍ ഈ രണ്ട് തെറ്റിദ്ധാരണയും ഏച്ചുകെട്ടിയ പേച്ചുകളുമില്ലാതെ കേസരി യാഥാര്‍ത്ഥ്യങ്ങളെ അനാവരണം ചെയ്തിരിക്കുന്നു. അത് നമുക്കെങ്ങനെ മറച്ചുവെക്കാനാകും. ചിലപ്പതികാരം മുസ്‌ലിംകള്‍ മതപ്രബോധനത്തിനായി രചിച്ചതാണെന്ന ഒരു സിദ്ധാന്തം കൂടി ഇനി നാം കേള്‍ക്കേണ്ടിവരുമോ?
വാല്‍ക്കഷ്ണം: കേരളത്തില്‍ പുരാതന ലിഖിതങ്ങള്‍ക്ക് അനന്തമായ പഠന സാധ്യതകള്‍ ഉണ്ടെന്ന് ചരിത്രഗവേഷണങ്ങളിലൂടെ കേസരി പ്രഖ്യാപിച്ചു. പഠനങ്ങള്‍ ശുഷ്‌കമായിപ്പോയി എന്ന വിമര്‍ശനത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ''എന്റെ ഉണക്ക ശാസ്ത്രത്തിന്റെ ഉണങ്ങിയ തൊലിക്കു പുറകില്‍ കുറെയധികം പച്ചസാധനം വാസ്തവത്തിലുണ്ട്.''
1. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍, ഡോ: പുതുശ്ശേരി രാമചന്ദ്രന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം. 2007
2. അതുലന്റെ മൂഷക വംശം, മൂലവും പരിഭാഷയും. ഡോ: കെ.രാഘവന്‍ പിള്ള. കേരള സര്‍വ്വകലാശാല.തിരുവനന്തപുരം. 1983.
3. ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ തിരഞ്ഞെടുത്ത കൃതികള്‍. എഡി. എന്‍. സാം, അന്താരാഷ്ട്ര കേരള പഠന കേന്ദ്രം. കേരള സര്‍വകലാശാല, കാര്യവട്ടം. 2005.
4. അല്‍ മുസ്തദ്‌റക് അലസ്സ്വഹീഹൈന്‍. ഇമാം അല്‍ ഹാഫിസ് അബീ അബ്ദില്ലാ മുഹമ്മദ് ബ്‌നു അബ്ദുല്ല അല്‍ ഹാകിം അനൈസാബൂരി. vol 4 ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ. ബൈറൂത്ത്, ലബനാന്‍ 2002.
5. കേസരിയുടെ ചരിത്ര ഗവേഷണങ്ങള്‍. സമാഹരണം എം.എന്‍ വിജയന്‍. കേരള ഭാഷാഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരം 2010.
6. തുഹ്ഫത്തുല്‍ മുജാഹിദീന്‍. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍. പരിഭാഷ: എ.പി മുഹമ്മദലി മുസ്‌ല്യാര്‍. ജീനിയസ് ബുക്‌സ്. കോഴിക്കോട്. 2006.
7. ഒറിജിന്‍ ആന്റ് ഏര്‍ലി ഹിസ്റ്ററി ഓഫ് ദി മുസ്‌ലിംസ്. ഓഫ് കേരളം. 700 AD - 1600 AD ജെ.ബി.പി മോര്‍. അദര്‍ ബുക്‌സ്. കോഴിക്കോട്. 2011.
8. കള്‍ച്ചറല്‍ സിമ്പിയോസിസ് ഇന്‍ കേരള, എം.ജി.എസ്
നാരായണന്‍, കേരള ഹിസ്‌റ്റോറിക്കല്‍ സൊസൈറ്റി. തിരുവനന്തപുരം. 1972.
9. എ ടോപോഗ്രാഫിക്കല്‍ ലിസ്റ്റ് ഓഫ് അറബിക് പേര്‍ഷ്യന്‍ ആന്റ് ഉര്‍ദു ഇന്‍സ്‌ക്രിപ്ഷന്‍സ് ഓഫ് സൗത്തിന്ത്യ. സിയാവുദ്ദീന്‍. എ. ദേശായി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ന്യൂഡല്‍ഹി.
10. ദ ഹാര്‍ട്ട് ആന്റ് സോള്‍ ഓഫ് ഒബ്ജക്ട്‌സ്. ദ സെവന്‍ത് സീസണ്‍ പട്ടണം എക്‌സ്കവേഷന്‍ 2013. കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് .തിരുവനന്തപുരം. 2013
11. കേരളത്തിലെത്തിയ സ്വഹാബാക്കള്‍. വി.എ അഹ്മ്മദ് കബീര്‍. ക്രസന്റ് അക്കാദമി. തിരുവനന്തപുരം. 1994.
12. കേരള മുസ്‌ലിംകള്‍, ചെറുത്തുനില്‍പിന്റെ ചരിത്രം. പ്രൊഫ. കെ. എം ബഹാവുദ്ദീന്‍. ഐ. പി. എച്ച്. കോഴിക്കോട്. 2004.
13. കേരള മുസ്‌ലിം ചരിത്രം. പി. എ സെയ്തു മുഹമ്മദ്. അല്‍ഹുദാ ബുക്സ്റ്റാള്‍. കോഴിക്കോട്. 1996.
14. കേരള മുസ്‌ലിം ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഡയറക്ടറി. ഡോ: സി.കെ കരീം. ചരിത്രം പബ്ലിക്കേഷന്‍സ്. ഇടപ്പള്ളി. 1997.
15. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഅ്‌ലി അഖ്ബാറില്‍ ബുര്‍തുഗാലീന്‍. അശ്ശൈഖ് സൈനുദ്ദീന്‍ ബിന്‍ മുഹമ്മദ് അല്‍ ഗസ്സാലി അല്‍ ഫുന്നാനീ അല്‍ മലൈബാരി. അല്‍ഹുദാ. കോഴിക്കോട്. 1992
16. മാപ്പിള സമുദായം, ചരിത്രം സംസ്‌കാരം. ടി. മുഹമ്മദ്. ഐ.പി.എച്ച്, കോഴിക്കോട്. 2013.
17. തരിസാപ്പള്ളി പട്ടയം എം.ആര്‍ രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട് SPCS കോട്ടയം. 2013.